കാർഗിൽ യുദ്ധത്തിന്റെ വാർത്തകളറിയാൻ നാട്ടുകാർ കൂനമ്മാവിൽ പീലിപ്പോസിന്റെ വീട്ടിലേക്ക് നടന്നു. തെക്കുനിന്ന് വന്ന് അന്നാട്ടിൽ താമസമാക്കിയ പീലിപ്പോസ് എന്ന അപ്പച്ചൻ ചേട്ടന്റെ വീട്ടിൽ മാത്രമേ ടീവിയുള്ളൂ. അവിടെ തമിഴ് പടം വീസീയാറിലിട്ട് കാണാൻ കൂടിയ കുട്ടികൾ തങ്ങളുടെ രസച്ചരട് മുറിയാൻ കാരണക്കാരായ പാകിസ്ഥാനെ പ്രാകികൊണ്ട് എഴുന്നേറ്റ് പോയി. യുദ്ധത്തിന്റെയും മരണമടഞ്ഞ മലയാളി ജവാന്മാരുടേയും വിവരങ്ങൾ ദൂരദർശനിലെ രാധാകൃഷ്ണന്റെ വിഷാദഗംഭീരമായ സ്വരത്തിൽ ലഭ്യമാകുന്നതനുസരിച്ച് ആളുകളുടെ സംസാരം ചൂട് പിടിച്ചു.
കാരണങ്ങളെ പറ്റിയും പരിഹാരങ്ങളെ പറ്റിയുമുള്ള ആ തർക്കങ്ങളിൽ നിന്നും ഒരാൾ നീങ്ങി നിന്നു. ഒരു യുദ്ധം കൊണ്ടുപോലും ഹരം പിടിക്കാത്ത തന്റെ മനസ്സിനേയും താങ്ങി, ആരുടേയും ശ്രദ്ധയിൽപ്പെടാതെ അയാൾ വീട്ടിലേക്ക് നടന്നു. ഉമ്മറത്തിണ്ണയിൽ ചുമരും ചാരിയിരുന്ന് തന്റെ അറുപത് വർഷങ്ങളുടെ തിരനോട്ടം നടത്തി. പിന്നെ അയാൾ എഴുന്നേറ്റ് ചായ്പ്പിലേക്ക് നടന്നു. ഭാര്യ സിസിലി കനാൽപ്പള്ളയിൽ അലക്കാൻ പോകുന്ന പതിനൊന്ന് മണി സമയം. ചായ്പ്പിലെത്തി, വാഴക്കടിക്കാൻ വെച്ചിരുന്ന ഫ്യൂരിടാൻ കുറച്ചെടുത്ത് മടിക്കെട്ടിൽ നിന്നെടുത്ത അരക്കുപ്പിയിലേക്ക് പകർന്നു.
▮
നാലാം ക്ലാസ് പഠിപ്പിന് ശേഷം പത്ത് വയസ്സിൽ തുടങ്ങിയ കൂലിപ്പണി. ആറടി ഉയരത്തിലേക്കും അതിനൊത്ത വിരിവിലേക്കും ‘തനിക്ക് താൻ’ പോലെ വളർന്ന തോട്ടാപ്പിള്ളി ജോസിനെ നാട്ടുകാർക്കൊക്കെ ഭയം കലർന്ന ബഹുമാനമായിരുന്നു. ബോധ്യമുള്ളതേ ചെയ്യൂ; അടിച്ച് നിൽക്കേണ്ടിടത്ത് അങ്ങനെ. അക്കാര്യത്തിൽ പള്ളിയേയും പാർട്ടിയേയും കൂസാത്ത, സ്വന്തം കെട്ടിനും രണ്ട് പിള്ളേരുടെ മാമ്മോദീസക്കുമല്ലാതെ പള്ളീക്കേറാത്ത ജോസേട്ടൻ. പറമ്പിൽ അയാളെ പണിക്ക് വിളിച്ചാൽ മേൽനോട്ടം ആവശ്യമില്ല; വെടിപ്പായി ചെയ്തിരിക്കും.
ഉള്ള കുറച്ച് വിദ്യാഭ്യാസവും അതിൽക്കുറവ് സാമ്പത്തികശേഷിയും വെച്ചയാൾ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങളെല്ലാം ചെയ്തു. ചെറുപ്പം മുതലേ മനസ്സിന്റെ മൂലയിലൊരു തണുപ്പായി ഇഴഞ്ഞ് നടക്കുന്ന ഭാരപ്പെട്ടതെന്തോ ഉണ്ടായിരുന്നു അയാളിൽ; എന്നാൽ അതിന് തലപ്പൊക്കാൻ കഴിയാത്ത വിധം പങ്കപ്പാടുകളും. മകളുടെ കല്യാണം നടത്തി, മകന് സർക്കാറിൽ ഗുമസ്ഥപ്പണിയും ആയ ശേഷം മൂന്നാല് കൊല്ലമായി അയാൾക്കിപ്പോൾ കടങ്ങളും കടമകളുമൊഴിഞ്ഞു. ഈ രാത്രികളിൽ തന്റെ തന്നെ ഭാരവുമായി പേരറിയാത്ത ആ ഗർത്തത്തിൽ വീഴാതിരിക്കാൻ അയാൾ ഉണർവിന്റെ ഇടുപ്പുകളിൽ പിടിച്ച് തൂങ്ങി നിന്നു. ഉമ്മറത്തിരുന്ന് നേരം വെളുപ്പിച്ചു. അപ്പുറം കിടക്കുന്ന സിസിലിച്ചേച്ചിയത് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ മനസ്സിലാകായ്കയിലേക്ക് ചേർത്ത് വെച്ചു.

അടിയും തൊഴിയും പട്ടിണിയും ഇല്ലാതിരിക്കണേ എന്ന് മാത്രമാണ് കല്യാണത്തിന്റെയന്ന് അൾത്താരക്ക് മുൻപിലായി സിസിലി പ്രാർത്ഥിച്ചത്. ഒരു പെണ്ണിന് ജീവിതത്തിൽ ഉണ്ടാകാവുന്ന ദുഃഖങ്ങൾ ഇതൊക്കെയാണെന്നാണ് അവൾ കരുതിയിരുന്നത്. കല്യാണാലോചന കൊണ്ടുവന്ന നാട്ടുകാരി പറഞ്ഞതും നെറിവും പ്രാപ്തിയുമുള്ള ചെക്കനാണെന്നാണ്; ചെക്കന്റെ അമ്മ അവന്റെ കുഞ്ഞിലേ മരിച്ചത് കൊണ്ട് അമ്മായിയമ്മപ്പോര് ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. അതെല്ലാം അങ്ങനെ തന്നെ. കെട്ടിയതിൽ പിന്നെ സിസിലി പട്ടിണി കിടന്നിട്ടില്ലെന്ന് മാത്രമല്ല, പഞ്ഞവും പതവും ഇല്ലാതെയാണ് ഉണ്ടിട്ടുള്ളത്. ഇന്നേ വരെ ജോസ് സിസിലിയോട് നെറിവുകേടും കാണിച്ചിട്ടില്ല. പിന്നെ, സ്നേഹരാഹിത്യത്തെ പറ്റിയുള്ള തന്റെ പരാതി, തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള ആഡംബരമാണെന്ന് പരിഹസിക്കപ്പെടും എന്നുറപ്പുള്ളതിനാൽ സിസിലി അത് വ്യാകുലമാതാവിനോട് മാത്രം പറഞ്ഞു. മാതാവിനത് മനസിലാകും; അവരുടെ ജോസപ്പും കടമകൾ നിറവേറ്റുക മാത്രമല്ലേ ചെയ്തിട്ടുണ്ടാവുക? വീട് നടത്തിപ്പിനേയും മക്കളേയും പറ്റിയല്ലാത്ത സംസാരങ്ങളില്ലാതെ ജോസിന്റെയും സിസിലിയുടേയും ഇടയിലുള്ള നടവഴി കാട് പിടിച്ചു. നാട്ടുകാരുടെ കണ്ണിൽ എണ്ണംപറഞ്ഞ കെട്ടിയവനും രണ്ട് മിടുക്കർ പിള്ളേരുമുള്ള സിസിലിയുടെ സാരിത്തുമ്പ് കുർബ്ബാനയുടെ വാഴ്ത്ത് സമയത്ത് നനഞ്ഞു; വ്യഥ ഭക്തിയായി രൂപാന്തരം പ്രാപിച്ചു.
ആയാൾക്കങ്ങനെയേ സ്നേഹിക്കാൻ അറിയുമായിരുന്നുള്ളൂ എന്നാണോ? അതോ ഒരു നീതിമാന്റെ നെറിവുകൾക്കപ്പുറം ആ മനുഷ്യന് തന്നോടൊന്നും തോന്നിയിട്ടില്ലേ? ആദ്യത്തേതാകണേ ഉത്തരമെന്ന് എപ്പോഴും ആശിച്ചപ്പോഴും രണ്ടാമത്തെ സാധ്യതയെ ഭയന്നാണ് സിസിലി ഇക്കാലമത്രയും ജീവിച്ചത്. ജോസ് പണി കേറി വരുമ്പോൾ വെട്ടുവഴിയിൽ നിന്നേ മക്കളെ സ്നേഹത്തോടെ നീട്ടി വിളിക്കുമ്പോഴും അജാനുബാഹുവായ അയാളുടെ ദേഹത്തിൽ ജിനിയും ജോബിയും കളികളും വർത്തമാനങ്ങളുമായി ചേർന്നിരിക്കുമ്പോഴും സിസിലിയുടെ ഉള്ള് കലങ്ങി.
ഇന്ന് അലക്കിക്കേറി വന്ന തന്നോട്, “സിസില്യേ, ഞാൻ കുരുടാനടിച്ചു. നീയ്യ് അറീക്കേണ്ടോരൊക്കെ അറീച്ചേക്ക്” എന്ന് പറഞ്ഞ അതേ നിസ്സംഗതയോടൊത്താണ് താൻ ഇത്രയും കാലം ജീവിച്ചത് എന്നവർ ഓർത്തു. വിഷം കഴിച്ച വിവരം അയാൾ പറഞ്ഞപ്പോൾ ഭയമോ ദുഃഖമോ അല്ല, പൊടുന്നനെ ആളിക്കത്തിയ പകയും, ശേഷം എരിയുന്ന നിരാശയുമാണ് സിസിലിക്ക് തോന്നിയത്. അവർ തറയിലോട്ട് ഇരുന്ന് പോയി. എന്നെങ്കിലും തങ്ങൾക്കിടയിൽ കാര്യങ്ങൾ നേരെയാവുമെന്ന പ്രതീക്ഷ ഇതോടെ ഒടുങ്ങുകയാണല്ലോ. ഒരു വേള പോലും ജോസ് കളി പറയുകയാണെന്ന് സിസിലി വിചാരിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തില്ല; അങ്ങനെയൊരു പതിവ് അവർക്കിടയിലില്ല. അല്പനേരത്തിന് ശേഷം, ഇനി ശരിയുത്തരത്തെ പേടിക്കാതെ ജീവിക്കമല്ലോ എന്നോർത്തപ്പോൾ സിസിലിയുടെ മനസ്സ് കനം കുറയുകയും കാഴ്ച മങ്ങുംവിധം നിറഞ്ഞ കണ്ണീരിനടിയിൽ ഒരു ആശ്വാസം തിളങ്ങുകയും ചെയ്തു. വിവരമറിയിക്കാൻ സിസിലി അയൽപ്പക്കത്തേക്ക് പതുക്കെ നടന്നു.
▮
വിശേഷമായിട്ടൊന്നും നടക്കാറില്ലാത്ത ആ നാട്ടുമ്പുറത്തെ മറ്റൊരു ഉറക്കംത്തൂങ്ങി പകലിനെ പൊടുന്നനേ കുലുക്കിയുണർത്തി കരക്കമ്പി പാഞ്ഞു: “തോട്ടാപ്പീള്ളീടെ ജോസേട്ടൻ കുരുടാനടിച്ചേ”

കണ്ടംക്രിക്കറ്റിന് ഔട്ട്പെറുക്കിയായി നില്ക്കുമ്പോഴാണ് സെബാൻ വിവരമറിഞ്ഞത്. മറ്റ് കുട്ടികൾ പട്ടബാറ്റും പത്തുരൂപ പന്തും പുല്ലിലും പൊത്തിലും ഒളിപ്പിക്കാൻ പോയപ്പോൾ സമയം കളയാതെ, ഹെർകുലീസ് സൈക്കിൾ ഇടങ്കാലിട്ട് ചവുട്ടി സെബാൻ ജോസേട്ടന്റെ വീട്ടിൽ കിതച്ചെത്തി. സ്കൂളില്ലാത്ത ദിവസമായിരുന്നതിനാൽ മറ്റ് കുട്ടികളും അവിടെ കാഴ്ച്ച കാണാൻ കൂടിയിട്ടുണ്ട്. തന്റെ മുറ്റത്ത് ഓടിക്കൂടിയ നാട്ടുകാരെ നിറചിരിയോടെ സ്വീകരിച്ച് ജോസേട്ടൻ ഉമ്മറത്തെ ചാരുക്കസേരയിൽ മൂന്നോട്ടാഞ്ഞ് അമർന്നിരുന്നു. സെബാനെ കണ്ടയുടനെ ജോസേട്ടന്റെ മുഖം വിടർന്നു: “ആ... സെബികുട്ടാ”. ആ വലിയ ആൾക്കൂട്ടത്തിന്റെയിടയിൽ തനിക്ക് കൈവന്ന ജനശ്രദ്ധ ആ പതിന്നാല് വയസ്സുകാരന് ജാള്യമുണ്ടാക്കി. ബലഹീനമായ തന്റെ മെലിഞ്ഞ കൈകൾ പതുക്കെയുയർത്തി അവൻ സലാം മടക്കി. എന്നിട്ട് മാട്ടത്തിന്റെ അടുത്ത് മറ്റ് കുട്ടികൾ നിൽക്കുന്നിടത്തേക്ക് മാറിയൊതുങ്ങി നിന്ന് അമ്പരപ്പോടെ ചുറ്റും നിരീക്ഷിച്ചു.
സിസിലിച്ചേച്ചി മരവിച്ചിരിപ്പാണ്. കെട്ടിച്ചിടത്ത് നിന്ന് ജീനിച്ചേച്ചിയേയും, അല്പം ദൂരെയുള്ള ജോലിസ്ഥലത്ത് നിന്ന് ജോബിചേട്ടനേയും കൊണ്ടുവരാൻ നാട്ടുകാർ ജീപ്പുമായി പോയിട്ടുണ്ട്. തന്റെ മരിപ്പ് കാണാൻ ക്ഷണിച്ചെത്തിയ നാട്ടുകാരോട് കുശലം പറഞ്ഞുകൊണ്ടുള്ള ജോസേട്ടന്റെ ഇരിപ്പ് തുടർന്നു. ഒത്തുകൂടിയവരെല്ലാം ജോസേട്ടനെ അനുനയിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമമാണ്. വാർഡ് മെമ്പർ മാലതി ടീച്ചർ ഓടിപ്പിടഞ്ഞെത്തി. പഞ്ചായത്ത് തലത്തിൽ വനിതാസംവരണം നടപ്പിൽ വരുത്തിയ തവണയായിരുന്നു അവർ മത്സരിച്ചത്. സ്വതേ പെണ്ണുങ്ങളെ പറ്റി വലിയ മതിപ്പില്ല ജോസേട്ടന്. മാലതി ടീച്ചർക്ക് വേണ്ടി വോട്ട് പിടിക്കാൻ പാർട്ടി പറഞ്ഞിട്ടും ജോസേട്ടൻ കൂട്ടാക്കിയില്ല. ഗൌരിയമ്മയും ചോത്തിപെണ്ണല്ലേയന്ന് അന്ന് കൂടെയുള്ളവർ ചോദിച്ചപ്പോൾ എള്ള് ഉണങ്ങുന്നത് കണ്ട് ആട്ടിൻകാട്ടം ഉണങ്ങണോ എന്നയാൾ മറുചോദ്യം ചോദിച്ചു. ആശുപത്രിയിൽ പോകാൻ മെമ്പർ ആവുന്നത്ര പറഞ്ഞിട്ടും ജോസേട്ടൻ കൈകൂപ്പി തല കുനിച്ച് കാണിച്ചതല്ലാതെ അനങ്ങിയില്ല. മെമ്പർ കരച്ചിലിന്റെ വക്കിലെത്തി: “ഞാൻ പറയണത് ജോസേട്ടൻ ഒന്ന് കേട്ടേ..”
“ഞാൻ പറയണത് മെമ്പർ അങ്ങോട്ടൊന്ന് കേട്ടേ.. നിങ്ങക്ക് പറ്റൂങ്കീ ഈ വെട്ടുവഴിയൊന്ന് ടാറിടീക്കണം. അല്ല, ആവൂങ്കീ മതീട്ടാ”.
ഇതികർത്തവ്യതാമൂഢയായി തന്റെ ഇറയത്ത് തളർന്നിരിക്കുന്ന മെമ്പറെ നോക്കി ജോസേട്ടൻ രസിച്ചങ്ങ് ചിരിച്ചു. കുറേ നാളായി അയാൾക്കങ്ങനെ ചിരിക്കാൻ കഴിഞ്ഞിട്ട്.
മെമ്പർ കൂടെയുള്ളവരോട് ചോദിച്ചു: “സ്റ്റേഷൻലിക്ക് വിളിച്ചില്ലേ”
“ഉവ്വാന്നേ.. എന്തോരം നേരായിന്നറിയോ. പോലീസ് ആർടെ അമ്മേനെ കെട്ടിക്കാൻ പോയേണാവോ”
തങ്ങളുടെ കാര്യപ്രാപ്തിയില്ലായ്മ കരക്കാരുടെ മുന്നിൽ ഒരു കാഴ്ചയാവുന്നു എന്ന് തോന്നിയ മെമ്പറും പാർട്ടിക്കാരും മാറിനിന്ന് കൂടിയാലോചിച്ചു; നേരിട്ട് സ്റ്റേഷനിലേക്ക് പോവാൻ ആളുകളേയും ബൈക്കും സംഘടിപ്പിച്ചു.
സെബാന്റെ അപ്പുറം നിന്ന റേഷൻകടക്കാരൻ തൊമ്മിചേട്ടൻ ഇടക്കെപ്പോഴോ അടക്കം പറഞ്ഞു: “ഇയ്യാള് വെർതെ ആളെ വടിയാക്കാന്നാ എനിക്ക് തോന്നണേ... അല്ലാണ്ട് ആരെങ്കിലും ആളെ കൂട്ടി പെരുന്നാളാക്കി ആൽമഹത്യ ചീയ്യോ.”
“അതന്യാ ഞാനും കണക്ക്കൂട്ട്യേ.. ഇതിപ്പോ അരമുക്കാ മണിക്കൂറായില്ലേ. വെഷടിച്ചാ ആളോള് ഇങ്ങനെ പയറ് പോലെ നിക്കോ?”
“ഏയ്, ഇതുള്ളതാ. ചായ്പ്പീന്ന് കുരുടാന്റെ പൊട്ടിച്ച കുപ്പി കിട്ടി.”
“ഇയ്യാള് അത് ചെയ്യും, ഇയ്യാളാ സൈസാ. പളളീം പട്ടക്കാരനും കൂദാശേം ഒന്നൂല്ലല്ലോ. പിശാശ് കേറാൻ ഒര് മിനിറ്റ് മതി.”
“ആള് എടക്കെടക്ക് ഒറ്റക്ക് പോയി ആ കശുമാവുന്തോട്ടത്തീ കുത്തിരിക്കണ കാണുമ്പോ ഞാൻ പറയാറില്ലേ.. പുള്ളിക്ക് എന്തോ പ്രശ്നണ്ട്. കൊറേ കാലായിട്ടിണ്ട്.”
“ഒര് കൊഴപ്പോല്ല്യാത്ത നല്ലോരു കുടുമ്മാണ്.. ഈ മൻഷ്യന് എന്തൂട്ടിന്റെ കേടാണാവോ.”
“ഇനി, ജോസേട്ടൻ ശെരിക്കും വെഷം അടിച്ചിട്ടുണ്ടെങ്കി തന്നെ ടൈം എടുക്കും. തനിക്ക്ത്താൻ പോന്ന തടിയല്ലേ.”
“ആ ജോബി ഒന്ന് വന്നിരുന്നെങ്കീ... സിസില്യേച്ചി ഇതെങ്ങനെ കണ്ടോണ്ട് സയിച്ച് നിക്കണ് തമ്പുരാനേ!”
വിശകലനങ്ങൾ നീണ്ടപ്പോൾ സെബാന്റെ നെഞ്ച് കലങ്ങി. അവന്റെ കൂട്ടുകാർ ഈ കാഴ്ചയും കണ്ട്, അപ്പുറത്തെ പറമ്പിൽ ചാമ്പക്കാ പറച്ച് ഉപ്പും മുളകുപൊടിയും കൂട്ടി തിന്നുകൊണ്ടിരിക്കുകയാണ്. ജോസേട്ടന് എന്തെങ്കിലും പറ്റിയാൽ അവർക്ക് ഒന്നുമില്ല; നഷ്ടം സിസിലിചേച്ചിക്കും ജിനിച്ചേച്ചിക്കും ജോബിചേട്ടനും പിന്നെ തനിക്കുമാണെന്ന് അവനറിയാം.

ഇടയ്ക്ക്, നാട്ടുകാരുടെ അമ്മായി എന്ന് സ്വയം ഭാവിക്കുന്ന എൽസിച്ചേച്ചി ഒരു കുഴിയൻ പിഞ്ഞാണത്തിൽ ഉപ്പും പുളിയും പിഴിഞ്ഞ് കൊണ്ടുവന്ന് അധികാരത്തോടെ ജോസേട്ടനോട് ഉത്തരവിറക്കി: “എടാ.. ജോസേ.. ഇതങ്ങട് കണ്ണുംപ്പൂട്ടി കുടിച്ചേ.. ശർദ്ദിച്ചങ്ങട് പോട്ടെ.” ജോസേട്ടന്റെ ഒറ്റ കൈവീശലിൽ പാത്രം തെറിച്ച് വെട്ടുവഴിയിലെത്തി. ചേച്ചി അടവുമാറ്റി: “നിയ്യിത് കുടിക്കണില്ലെങ്കീ നിയ്യാ കുടിച്ച സാനം ഞങ്ങക്കും താ. ഞങ്ങക്കും ചാവണം, ഹല്ല പിന്നെ!”
ജോസേട്ടൻ കുലുങ്ങിയില്ല: “അവിടെ ചായ്പ്പിൽ ബാക്കി കണ്ടമാനം ഇണ്ട്. പോയി കേറ്റ്’’.
എൽസിച്ചേച്ചി മൂക്കത്ത് കഷ്ടം വെച്ച് പിന്മാറി.
ഭർത്താവിന്റെ വീട്ടിൽ നിന്നും ജിനി വന്ന് കേറിയതേ “അപ്പനിതെന്തൂട്ട് പ്രാന്താ കാണിക്കണേ” എന്ന് കരഞ്ഞുകൊണ്ടായിരുന്നു. ജോസേട്ടൻ എഴുന്നേറ്റ് മകളെ കെട്ടിപ്പിടിച്ചു: “നീയിങ്ങനൊര് കരഞ്ഞോ പിഴിഞ്ഞോ ആയാലോ ന്റെ ജിന്യേ. അപ്പൻ സന്തോഷായിട്ടാ പോണേ. നീ അമ്മേരെ കൂടെ സ്ട്രോങ്ങായിട്ട് നിക്ക്” എന്ന് പറഞ്ഞതും ജിനി തല കറങ്ങി താഴെ വീണു. എല്ലാവരും കൂടെ ജിനിയെ മുറ്റത്ത് ബെഞ്ചിൽ കിടത്തി വീശാൻപാള വെച്ച് വീശികൊടുത്തു.
അധികം വൈകാതെ പോലീസും ആംബുലൻസും മെമ്പറും കൂടെയെത്തി. എസ്. ഐ. ആക്രോശിച്ചുകൊണ്ടാണ് കേറി വന്നത് (അന്ന് പൊലീസത്ര ജനമൈത്രി ആയിട്ടില്ല): “എന്തോന്നാടോ താൻ കാണിക്കുന്നേ? ഓരോ വേഷംകെട്ടുകൾ! ഞങ്ങക്ക് അവിടെ ഒരു പണിയും ഇല്ലാണ്ടിരിക്കുവല്ല. ഇനി എടുത്ത്തൂക്കി ആശൂപത്രീ കൊണ്ട്പോണോ ?”
“അതിമ്മിണി പുളിക്കും സാറേ. ഞാൻ അവസാനിപ്പിക്കാൻ വേണ്ടി എർങ്ങിയതാ. എന്റെ തടി നിങ്ങക്ക് ഒരിഞ്ച് നീക്കാൻ സാധിക്കില്യ.”
കോൺസ്റ്റബിൾമാർ നിന്ന് പരുങ്ങിയപ്പോൾ എസ്ഐയുടെ ദേഷ്യം നാട്ടുകാരോടായി: “നിങ്ങളൊക്കെ എന്നാ നാട്ടുകാരാന്നാ പറയുന്നേ. എല്ലാരും കൂടെ ഇയാളെ പിടിച്ച് വണ്ടീ കേറ്റുന്നുണ്ടോ”
“പറയാനല്ലേ പറ്റൂ സാറേ, മുതുക്കനല്ലേ. ഇമ്മള് പിടിച്ചാ വട്ടെത്തൂലാ.”
“ഇയാൾടെ മക്കളൊക്കെ എവിടെ”
“കെട്ടിച്ച് വിട്ട മൂത്ത മോളാണ് ആ കെടക്കണേ. ഭാര്യ അങ്ങാപ്രത്ത് തളർന്നിരിക്കണുണ്ട് . താഴെയുള്ള മോൻ ജോലിസലത്താണ്. കൊണ്ടോരാൻ ആള് പോയിണ്ട്.”
പൊലീസിനെ കണ്ടിട്ടും കുലുങ്ങാത്ത തന്റെ ജോസേട്ടനെ സെബാൻ കണ്ണ് നിറയെ കുടിച്ചു. വിറക് വെട്ടാനും തടമെടുക്കാനും സെബാന്റെ വീട്ടിൽ ജോസേട്ടൻ പണിക്ക് വരുന്ന ദിവസങ്ങളിൽ ഒര് തൂവലെടുക്കുന്ന ലാഘവത്തോടെ കുഞ്ഞ്സെബാനെ ആ കൈകളിൽ തൂക്കിയാട്ടി കളിപ്പിച്ചിട്ടുണ്ട്. കിളിരവും വിരിവുമൊത്ത ജോസേട്ടനെ, പള്ളിവരാന്തയിലെ തൂണുകൾ പോലെയുള്ള അയാളുടെ കാലുകളെ സെബാൻ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. നല്ല ഒന്നാംക്ലാസ്സ് തടി; തടിക്കൊത്ത അടി. മുട്ടാപ്പോക്ക് കാണിക്കുന്നവരെ ജോസേട്ടൻ തല്ലി പാല് കക്കിക്കുന്നത് സെബാൻ മൂന്നാല് വട്ടം കണ്ടിട്ടുണ്ട്. നാട്ടിലെ ചെത്ത് പയ്യന്മാരുടെ കൂട്ടത്തിലുള്ളതായിരുന്നു റെജി. സെബാനേക്കാളും പത്തോളം വയസ്സ് മൂപ്പ്. വിളറി മെലിഞ്ഞ് വിര പോലെയിരിക്കുന്ന സെബാൻ റെജിയുടെ സ്ഥിരം ഇരയായിരുന്നു. പേടിക്കുമ്പോൾ സെബാന് വിക്ക് വരും. ഓർക്കാപ്പുറത്ത് സെബാനെ പേടിപ്പിക്കുന്നതിലും മെരട്ടുന്നതിലും റെജി നിഗൂഢമായൊരു ആനന്ദം കണ്ടെത്തി. ഒരിക്കലിങ്ങനെ കരഞ്ഞ് വിറച്ച് വീട്ടിലെത്തിയ സെബാനു വേണ്ടി ന്യായം ചോദിക്കാൻ പോയ അമ്മാമ്മയെ റെജി അവഗണിച്ചു: “നിങ്ങളാ ചെക്കനെ ഒര് കൊഞ്ചിവാവയാക്കാണ്ട് വല്യമ്മേ. പേടിയെ പേടിപ്പിച്ചന്നെ മാറ്റണം’’.
പറമ്പിൽ പണിക്ക് വന്ന ജോസേട്ടനോട് അമ്മാമ്മ ഇക്കാര്യം സൂചിപ്പിച്ചു. അന്ന് തന്റെ പാങ്ങില്ലായ്മയിൽ കണ്ണ് തുളുമ്പി മുഖം കൂമ്പി നിന്ന ആറ് വയസ്സുകാരൻ സെബാനെ കവിളിൽ തട്ടി ജോസേട്ടൻ ആശ്വസിപ്പിച്ചു: “സെബിക്കുട്ടൻ ഉഷാറായിട്ടിരിക്ക്. ഇമ്മക്കാ റെജീനെ ഒരീസം ഇര്ട്ടത്ത് ചോറ് കൊട്ത്ത് വെളിച്ചത്ത് കെടത്താ’’.
ഒരു ദിവസം കൂട്ടുകാരോടൊപ്പം തോട്ടിൽ മുങ്ങാംകുഴിയിട്ട് കളിച്ചുകൊണ്ടിരുന്ന സെബാന്റെ തോർത്ത്മുണ്ട് അപ്പുറത്ത് മുതിർന്ന കുട്ടികളുടെ കടവിൽ നിന്നും നീന്തി വന്ന റെജി വെള്ളത്തിനടിയിൽ വെച്ച് ഊരിയെടുത്തു. എന്നിട്ട് മുഴുവങ്കാളയായി വീട്ടിലേക്ക് ഓടാൻ കൽപ്പിച്ചു. അപ്പുറത്ത് സ്ത്രീകളും പെൺപിള്ളേരും കുളിക്കുന്നുണ്ട്. സെബാൻ വെള്ളത്തിൽ മുങ്ങി നിന്ന് വിറക്കാൻ തുടങ്ങി. അവന്റെ കൂട്ടുകാരെല്ലാം പകച്ച് നിൽക്കുകയാണ്. റെജി തുടർന്നു: “എന്ത്യേടാ, നാണക്കേടാണെങ്കി നീ എന്റേന്ന് തോർത്ത് തട്ടിപറച്ച് എട്ത്തോ...”
കണ്ണ് കലങ്ങിയിരുന്നത് കൊണ്ട് ജോസേട്ടൻ എവിടെ നിന്നാണ് വന്നതെന്ന് സെബാൻ കണ്ടില്ല. റെജിയുടെ ചെവിക്കല്ല് മൂളിച്ചുകൊണ്ടുള്ള ഒരടിയായിരുന്നു പിന്നെ. റെജി അലക്ക് കല്ലിൽ ഇരുന്നുപ്പോയി. മണ്ണ് പുരണ്ട തോർത്ത് പൊക്കിയെടുത്ത് വെള്ളത്തിൽ ഊരിപ്പിഴിഞ്ഞ്, ജോസേട്ടൻ തോട്ടിൽ നിന്ന സെബാന്റെ തല തുവർത്തികൊടുത്തു. എന്നിട്ട് മുണ്ടുടുപ്പിച്ചു. തന്റെ സദുദ്ദേശ്യം വിശദീകരിച്ച് തെറ്റും മാപ്പും പറഞ്ഞ റെജിയെ ജോസേട്ടൻ താക്കീത് ചെയ്തു: “എന്റെ ഒരു കൈയ്ക്ക് ഇല്ല്യ നീ. മാലാഖക്കുഞ്ഞുങ്ങളെ ഇനി നീ തൊട്ടൂന്ന് ഞാൻ അറിഞ്ഞാ, നിന്റെ പള്ള ചവ്ട്ടിപ്പൊട്ടിച്ച് പണ്ടം ഞാൻ പൊറത്തെടുക്കും, പന്നീ”
അതിൽ പിന്നെ റെജി സെബാനെ കണ്ടതായി ഭാവിക്കാറില്ല. അന്ന് വരെ അമ്മാമ്മയും അമ്മയും മാത്രമുണ്ടായിരുന്ന സെബാന്റെ മനസ്സിൽ ഒരപ്പന്റെ സ്ഥാനത്ത് ജോസേട്ടൻ കയറിയിരുന്നു. അങ്ങനെയിങ്ങനെയൊന്നും ജോസേട്ടൻ മരിക്കുമെന്ന് സെബാൻ വിശ്വസിക്കുന്നില്ല.
▮
ഇടവകവികാരി ഇഗ്നേഷ്യസച്ചനും കൈക്കാരന്മാരും മൂന്നാല് കന്യാസ്ത്രീകളും ഒരു ജീപ്പിൽ വന്നിറങ്ങി. കന്യാസ്ത്രീകൾ സിസിലിയേയും ജിനിയെയും അകത്തേക്ക് കൂട്ടികൊണ്ടുപ്പോയി മുട്ടുകുത്തി കൈവിരിച്ച് പ്രാർത്ഥന തുടങ്ങി. അച്ചന് ളോഹയുടെ താഴ്ഭാഗത്തെ കുടുക്കുകൾ മുഴുവൻ ഇടാൻ സമയം കിട്ടിയിട്ടില്ല. ആ വൃദ്ധവൈദികൻ സമവായത്തിൽ ജോസേട്ടനെ പിടിക്കാൻ നോക്കി: “ടാ ജോസേ, പരിഹാരല്യാത്ത പ്രശ്നങ്ങളില്ല. ഇമ്മക്ക് രണ്ടാൾക്കും കൂടെ ആ ആശൂത്രി വരെ പോയിട്ട് വരാ. ബാക്കി അവ്ടുന്ന് നോക്കാ. നീ വന്നേ.”
“പരിഹാരണ്ടാക്കാനായിട്ട് ഇനി പ്രശ്നങ്ങളൊന്നുല്ല്യാത്തോണ്ടാ അച്ചാ ഞാൻ എല്ലാം അവസാനിപ്പിച്ചേ. ഒന്നും ചെയ്യാനില്ല്യാണ്ട് എന്തൂട്ടിനാ ജീവിക്കണേ’’.
സിസ്റ്റർ വിനീത ഒരു പരമ്പരാഗത ഭീഷണി മുഴക്കി: “നെന്റെ ആൽമാവ് എത്ര കാലം ശുദ്ധീകരണസ്ഥലത്ത് കെടക്കണ്ടി വരും ജോസേ, ആലോയിച്ചേ’’.
“അത് ഞാൻ കെടന്നോളാ സിസ്റ്റേ, ഇമ്മക്കിപ്പോ സൊർഗത്തീ പോവാൻ തെരക്കൊന്നുല്ല്യ’’.
“നീ നിന്റെ കുടുമ്മത്തെ ഓർത്തോ ജോസേ?”
“അവർക്കൊക്കെ നല്ലൊരു ജീവിതം ഇണ്ടാക്കി കൊടുത്തിട്ടല്ലേച്ചോ ഞാൻ പോണേ. ഇതാവുമ്പോ എനിക്ക് അറിയാലോ.. എപ്പോഴാ എങ്ങനാ എന്നൊക്കെ. എല്ലാരോടും യാത്ര പറഞ്ഞിട്ട് പൂവാലോ. ഇനി ജോബിമോനും കൂടെ എത്ത്യാ മതി’’.
പിന്നെ ഒന്ന് നിറുത്തി, തെല്ലൊരു അഭിമാനം കലർന്ന സ്വരത്തിൽ പറഞ്ഞു: “അവൻ വീട്ടിലുള്ളപ്പോ എനിക്കിത് ചെയ്യാമ്പറ്റില്ല’’.
സെബാന്റെ കണ്ണ് നിറഞ്ഞു. ശരിയാണ്. ജോബിച്ചേട്ടനുണ്ടെങ്കിൽ ജോസേട്ടനെ പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റും, സ്നേഹം കൊണ്ടും കരുത്ത് കൊണ്ടും. തനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ. വിക്ക് പേടിച്ച് ജോസേട്ടാ എന്ന് വിളിക്കാൻ പോലും ബലം തോന്നുന്നില്ല.
അച്ചനും പോലീസുകാരും പാർട്ടിക്കാരും അല്പം മാറി നിന്ന് നിസ്സഹായതയുടെ ത്രികോണം വരച്ച് കൂടിയാലോചന തുടർന്നു. ജോസേട്ടൻ വിളിച്ച് പറഞ്ഞു:” അച്ചൻ ഇവിടം വരെ വന്ന സിതിക്ക് എനിക്ക് ഒപ്രുശുമ തന്നേരെ.. അതോ ഇനി തെമ്മാടികുഴീ കെടക്കേണ്ടോന് ഒപ്രുശുമ കൊടുക്കില്ലേ?”
ആ പാവം വൈദികൻ തളർന്നു. പിന്നെ കുറച്ചിട ചിന്തിച്ച് അന്ത്യകൂദാശ പ്രാർത്ഥന ചൊല്ലിത്തുടങ്ങി. ആൾക്കൂട്ടത്തിന്റെ കരച്ചിൽ ഉച്ചസ്ഥായിയിലായി. പ്രാർത്ഥനക്കിടയിൽ പല തവണ തൊണ്ടയിടറി ഇഗ്നേഷ്യസച്ചൻ നിശബ്ദനായി. ഒടുക്കം ജോസേട്ടന്റെ കണ്ണിലും കാതിലും ചുണ്ടിലും കൈകാലുകളിലും വെള്ളം തളിച്ച് അച്ചൻ മന്ത്രിച്ചു, “തമ്പുരാൻ ഈ മകന്റെ പാപങ്ങൾ പൊറുക്കട്ടെ”
ജോസേട്ടൻ ഒരറ്റത്ത് നിന്ന് തുടങ്ങി അവിടെ കൂടി നിന്ന എല്ലാവർക്കും സ്തുതി കൊടുത്ത് യാത്ര ചോദിക്കാൻ തുടങ്ങി. ഇടയ്ക്ക് “ജോബിയെ കൊണ്ടോരാൻ ഏത് മന്തനാ പോയേണേ” എന്നാകുലപ്പെട്ടു. കൂപ്പിയ കൈകളുമായി നാട്ടുകാരെല്ലാം ജോസേട്ടനോട് ആശുപത്രിയിൽ പോവാൻ അപേക്ഷിച്ചു. അവരെ സ്നേഹപൂർവ്വം അവഗണിച്ച്, സെബാന്റെ അടുക്കൽ എത്തിയപ്പോൾ അവനെ വട്ടം ചേർത്ത് പിടിച്ച് ആ കൂപ്പിയ കൈകളിൽ ജോസേട്ടൻ ഉമ്മ വെച്ചു: “ഉഷാറായിട്ട് വലുതാവണട്ടാ മിടുക്കാ, ജോസേട്ടൻ പൂവ്വാ.” സെബാന് വിക്കും വിങ്ങലും ഒന്നിച്ചുവന്നു.

അല്പം കഴിഞ്ഞയുടനെ ജോസേട്ടൻ വിയർക്കാൻ തുടങ്ങി. ഇടയ്ക്കിടെ മുറ്റത്തോട്ട് തുപ്പുന്നുണ്ട്. “ജോബി എത്തണ്ട നേരായല്ലോ, സിസില്യേ” എന്ന് പറഞ്ഞതും അയാൾ സംസാരം കുഴഞ്ഞ് കസേരയിൽ നിന്ന് വീണു. ചുറ്റിലും കൂട്ടനിലവിളി ഉയർന്നു. ഒടുക്കം അയാൾ തുപ്പിയത് ചോരയായിരുന്നു. അപ്രതീക്ഷിതമായി, എസ്. ഐ. യോട് “സാറേ എന്നെ ആശൂത്രീ കൊണ്ടോ” എന്നയാൾ കരഞ്ഞതും “എല്ലാരും കൂടെ പൊക്കെറാ..!” എന്നാരോ അലറി. അപ്പോഴേക്കും ജോസേട്ടന്റെ മുഖം വലിഞ്ഞ് മുറുകി, കണ്ണ് പതറി ഭീഭത്സമായിരുന്നു. “ജോബീ... അപ്പന് മരിക്കണ്ടറാ... എന്റീശോയേ” എന്ന് നിലവിളിച്ച അയാളെ മൂന്നാല് പേർ എടുത്ത് ആംബുലൻസിൽ കയറ്റി. അപ്പോഴേക്കും അയാളുടെ ചുണ്ട് കോടി, വായിൽ നിന്ന് പത വരാൻ തുടങ്ങിയിരുന്നു. ആശുപത്രിയെത്തിയപ്പോഴേക്കും മകനെ കാണാനാകാതെ ജോസേട്ടൻ മരിച്ചു.
അന്നാണ് സെബാനാദ്യമായി അപസ്മാരം വരുന്നത്.
▮
രാത്രിയായപ്പോൾ സെബാന്റെ പനിക്കുന്ന നെറ്റിത്തടത്തിൽ അമ്മാമ്മ ഹന്നാൻ വെള്ളം വെച്ച് കുരിശ് വരച്ച്, മൂന്ന് വട്ടം “യൂദൻമാരുടെ രാജാവായ നസ്രത്ത്കാരൻ യേശുവേ” ചൊല്ലി. രണ്ടാം തവണ പിതൃനഷ്ടം വന്ന ആ കുട്ടിയുടെ ചെവിയിൽ അമ്മാമ്മ പതുക്കെ പറഞ്ഞു: “മരണത്തിന്റെ വക്കിലെത്തുമ്പോ ഏത് തന്റേടിയും ഒന്ന് പകയ്ക്കും. ചെല മുഖങ്ങൾ മനസീ തെളിയും. ജീവിക്കണംന്ന് ഏറ്റോം ആഗ്രഹം തോന്നണത് അപ്പഴാ. തിരിച്ചോടണംന്ന് തോന്നും. ജോസിന് തിരിച്ചോടാനുള്ള സമയം കഴിഞ്ഞ് പോയി. ഈശോ മറിയം ഔസേപ്പേ...! നെഗളം പാപം, എളിമ പുണ്യം. ജോസ് ജീവൻ വെച്ച് നെഗളിച്ചു. ന്റെ മോൻ നിന്റെ ജോസേട്ടനെ കണ്ട് പഠിക്കരുത്ട്ടാ.”
സെബാൻ ഒന്നുകൊണ്ടും ജോസേട്ടനെ പോലെ ആയില്ല. പക്ഷേ വര്ഷങ്ങൾക്കിപ്പുറം സ്നേഹത്തിന്റെ അളവ് വാക്കുകളിൽ തീർപ്പാക്കേണ്ടി വന്നപ്പോൾ സെബാൻ തന്റെ ബലഹീനമായ കൈകളാൽ ഇങ്ങനെയെഴുതി:
“മരണം മുഖാമുഖം കണ്ടവൻ ജീവിതത്തെ എത്ര സ്നേഹിക്കുന്നുവോ, അത്രത്തോളം’’.