ചിത്രീകരണം: ദേവപ്രകാശ്

ജൂദോ മാൻഡ്രേക്

നുത്ത മഴയത്ത് വിശാലാക്ഷൻ്റെ കയ്യും പിടിച്ച് ജൂദോ മാൻഡ്രേക് വീട്ടിലേക്ക് കയറിവന്ന രാത്രി ആരുമാരും അത്താഴം കഴിച്ചില്ല. വീട്ടുജോലിക്കാരി സിസിലി പകർന്നുവച്ച പാൽക്കഞ്ഞിയിൽ ജൂദോ മേൽക്കുമേൽ വരച്ചിട്ട ഭൂപ്രദേശങ്ങളുടെ അതിരറിയാനാകാതെ എല്ലാവരും ഊൺമേശക്ക് ചുറ്റിലും പകച്ചിരുന്നു.

പാൽക്കഞ്ഞിയിൽ പെൻസിലായിയൊഴുകി നടന്ന ജൂദോയുടെ കുഞ്ഞുവിരലുകൾ ജഡ പിടിച്ച ചെമ്പൻ തലമുടിക്കുള്ളിലേക്ക് നുഴഞ്ഞു കയറിയപ്പോൾ ചലമറ്റിരിക്കുകയായിരുന്ന വിശാലാക്ഷൻ കനപ്പെട്ട് തുപ്പലിറക്കി. പിന്നെ നേരിയ വിറയലോടെ, തൻ്റെയെതിർവശത്തിരിക്കുന്ന പദ്മയെ പാളി നോക്കി. നീളൻ തലമുടി ചെവിക്കു പുറകിലേക്കൊതുക്കി അപരിചിതത്വം കുമിഞ്ഞ ചാരക്കണ്ണുകളാൽ ചുറ്റിലും പരതുന്ന ജൂദോ മാത്രമേ പദ്മയിൽ പതിയുന്നുള്ളൂ എന്നു തോന്നി.

ജൂദോക്കെതിർവശം പിളർന്ന വായോടെ അന്തംവിട്ടിരിക്കുന്ന സിസിലിയുടെ ഏക മകൻ സിജോയുടെ മൊബൈൽ ഫോൺ ഉറഞ്ഞുതുള്ളിക്കൊണ്ട് ഒച്ചവക്കും വരെ ആ വലിയ വീട്ടിൽ നിശ്ശബ്ദത തന്നെ പൊരുതി ജയിച്ചു.

‘‘ഇതൊന്നുമത്ര പന്തിയല്ലെൻ്റപ്പനേ... !’’ 
താടിക്ക് കയ്യും കൊടുത്ത് ചുമര് ചാരിനിന്ന് ജൂദോയെയടിമുടിനോക്കുകയായിരുന്ന സിസിലി തുടങ്ങിവച്ചു.
‘‘പണി കിട്ടാൻ ചാൻസുണ്ടോ വിശാലണ്ണാ..?’’
കാൾ അൻ്റൻഡ് ചെയ്ത് പുറത്തേക്കോടിയ സിജോ അതിനേക്കാൾ വേഗത്തിൽ തിരിച്ചുവന്ന് പതിഞ്ഞ ഒച്ചയിൽ ചോദിച്ചു.

വിശാലാക്ഷൻ്റെ അർത്ഥം വച്ചുള്ള തുറിച്ചുനോട്ടത്തിൽ അബദ്ധം മണത്ത സിജോ, തലചൊറിഞ്ഞുകൊണ്ട് ചൂളിയിരുന്നു.
അപ്പോഴേക്കും തലമുടിയിലൂടെയും കവിളുകളിലൂടെയും കഴുത്തിടുക്കിലൂടെയും ഡിസ്കോ കളിച്ചിറങ്ങിയ ജൂദോയുടെ കുഞ്ഞുവിരലുകൾ വീണ്ടും കഞ്ഞിപാത്രത്തിലേക്കെടുത്തു ചാടിയിരുന്നു.
‘ശ്ശെ, ഇനിയത് വേണ്ട കുട്ടാ...’ എന്നും പറഞ്ഞോണ്ട് പൊടുന്നനെയെഴുന്നേറ്റുചെന്ന് പദ്മ ജൂദോയുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അങ്കലാപ്പിലായ ജൂദോ പദ്മയുടെ മുഖത്തേക്കും അവരുടെ പിടിമുറുകിയ തൻ്റെ വലതുകൈത്തണ്ടയിലേക്കും മാറി മാറി നോക്കി. വിശാലാക്ഷനും സിജോയും ഇനിയെന്തെന്നറിയാതെ എഴുന്നേറ്റു. പദ്മയുടെ ആംഗ്യഭാഷക്കനുസൃതമായി സിസിലി ധൃതിയിൽ വന്ന് ജൂദോയുടെ കഞ്ഞിപ്പാത്രം തട്ടിയെടുത്തത്തോടെ രംഗം സംഘർഷോന്മുഖമായി. സ്വിച്ചിട്ട പോലെ ചെറുക്കനലറിക്കരഞ്ഞു. അടുക്കള ജനലിലൂടെ അകത്തേക്ക് ചാടിക്കയറിയ സിസിലിയുടെ വളർത്തു പൂച്ച നോനി, രംഗബോധമില്ലാതെ അത്താഴത്തിനായി ബഹളം വച്ചു. ജൂദോയും നോനിയും മത്സരിച്ചലറി. ഗാഢ നിദ്രയിലാണ്ട വീട് അസ്വാരസ്യത്തോടെ ഞെട്ടിയുണർന്നു.

വിശാലാക്ഷൻ കട്ടക്കലിപ്പിൽ സിജോയേയും, സിജോ ‘എന്തേലുമൊന്ന് ചെയ്യെന്ന്’ സിസിലിയേയും നോക്കി.
നോനി പൂച്ചയേം കൊണ്ട് അടുക്കളയിലേക്ക് പോയ സിസിലി ‘ഇതൊന്നും ശരിയാകേലെന്ന് ഞാനപ്പഴേ പറഞ്ഞതാ’ എന്ന് ശവത്തിൽ കുത്തി.

‘നമുക്ക് വയറു നെറച്ചും കഞ്ഞി കുടിക്കാം ട്ടോ, ആദ്യം കുളിച്ച് ഈ കുപ്പായമൊക്കെയൊന്ന് മാറണ്ടേ!’, പദ്മ ജൂദോയുടെ താടിക്കു പിടിച്ച് കൊഞ്ചിച്ചു.
അവൻ മെല്ലെ മെല്ലെ തോർന്നു.
ചാറ്റലവശേഷിച്ചു.
പദ്മ ജൂദോക്കു മുന്നിൽ മുട്ടുകുത്തിയിരുന്നു.

‘‘ഡോക്ടറ് കുനിയെരുതെന്ന് പറഞ്ഞിട്ടുള്ളതാ’’, വിശാലാക്ഷൻ്റ ഓർമിപ്പിക്കൽ പദ്മ അലസമായി തള്ളിക്കളഞ്ഞു.

‘‘ഈ മുടിയൊക്കെ വെട്ടി തേച്ചുരച്ച് കുളിച്ച് ചന്തക്കുപ്പായമിട്ട് നമ്മള് കുംഭ പൊട്ടും വരെ മാമുണ്ണും’’, പദ്മ പറയുന്നതൊന്നും തിരിയുന്നില്ലേലും ജൂദോയുടെ ചുണ്ടരികിൽ ചിരി പൂത്തു. ചാറ്റലടങ്ങി. കൺനനവമർത്തിത്തുടച്ച് അവൻ പദ്മയോട് ചേർന്നുനിന്നു.

സ്നേഹത്തിൻ്റെ ഭാഷ ആർക്കാണ് മനസ്സിലാക്കാത്തത്?

പദ്മ ജൂദോയേം കൊണ്ട് കുളിമുറിവശത്തേക്ക് പോയതും സിജോ വിശാലാക്ഷനെ തോണ്ടി.
‘ഇപ്പൊ എങ്ങനുണ്ട്?, കാര്യങ്ങളൊക്കെ സ്മൂത്തായില്ലേ...’
‘‘പ്ഫാ.. കള്ളപ്പന്നി, മിണ്ടരുത് നീ! നിൻ്റെ കൂട്ടം കേട്ടിട്ടാ ഊരും പേരും ഭാഷേം അറിയാത്തൊരു ചെക്കനെ ഞാനിങ്ങോട്ട് കൂട്ടികൊണ്ടു വന്നത്. ഒന്നും വേണ്ടായിരുന്നു.ഇതിപ്പൊ തലേലായപോലായി.’’
‘‘ഹെൻ്റെ വിശാലണ്ണാ... നിങ്ങള് ചുമ്മാ ടെൻഷനാകാതെ. പടം തുടങ്ങിയതല്ലേയുള്ളൂ. ക്ലൈമാക്സ് കളറാകുമെന്ന് എനിക്കുറപ്പാ...!’’

സിജോ വിശാലാക്ഷൻ്റെ തോളിൽ കയ്യിട്ട് ആശ്വസിപ്പിച്ചു. സിജോയുടെ കൈ തട്ടിമാറ്റി, പോക്കിറ്റിൽ നിന്നും കുറച്ച് പച്ച നോട്ടെടുത്തു നീട്ടികൊണ്ട് വിശാലാക്ഷൻ പറഞ്ഞു;
‘‘ഏതായാലും സംഗതി തുടങ്ങിവച്ചു. നീ വേഗം ടൗണീ പോയി ഇവന് പറ്റിയ ഒന്നു രണ്ടുടുപ്പും പല്ലുതേക്കാൻ ബ്രഷും കുറച്ച് കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി വാ.. അവളിപ്പൊയവനെ കുളിപ്പിച്ചോണ്ട് വരും.’’

പണം വാങ്ങി പോക്കറ്റിൽ തിരുകി ബൈക്കിൻ്റെ ചാവിയെടുത്ത് ചൂണ്ടുവിരലിലിട്ട് പമ്പരം കറക്കി ആവേശത്തോടെ സിജോ പുറത്തേക്ക് നടന്നു.
വിശാലമായ ഡൈനിംങ് ഹാളിൽ വിശാലാക്ഷൻ മാത്രമായി. ഗൂഢമായൊരേകാന്തത അയാളെ വന്നു പൊതിഞ്ഞു.

‘ജൂദോ മാൻഡ്രേക്’, അയാൾ വെറുതെ ആ പേരുച്ചരിച്ചു നോക്കി.

ജൂദോയെ ആദ്യമായി കണ്ട ദിവസം വിശാലാക്ഷനൊരിക്കലും മറക്കില്ല. പദ്മ ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജായത് അന്നായിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഓപ്പറേഷനായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായതായിരുന്നു പദ്മ. 

ഓപ്പറേഷൻ കഴിഞ്ഞതോടെ പദ്മയുടെ മനസ്സും ശരീരവും വല്ലാതെ ക്ഷീണിച്ചു.ഒരു കുഞ്ഞ് ‘അമ്മേ’യെന്നള്ളിപ്പിടിച്ചുകൊണ്ട് തൻ്റെയടുത്തുണ്ടാകുമെന്ന സ്വപ്നത്തിലേക്കുള്ള അവസാന നൂൽപ്പാലവും അറ്റുപോയതായി അവൾക്കു തോന്നി. കൊല്ലങ്ങൾക്ക് മുന്നേ ദൈവങ്ങളും അതിനും മുന്നേ മെഡിക്കൽ സയൻസും ആ ദമ്പതികളെ കൈയൊഴിഞ്ഞിരുന്നു.എന്നിട്ടും ഇടവിട്ട രാത്രികളിൽ വിശാലാക്ഷൻ്റെ വലതു കൈപത്തിയെടുത്ത് തൻ്റെ അടിവയറ്റിൽ ചേർത്തുവച്ച് പദ്മ ശബ്ദം താഴ്ത്തി ചോദിക്കും; ‘നോക്കൂ...ഒരു കുഞ്ഞിളകും പോലില്ലേ...?’
‘നേരം കുറെയായി. കെടന്നുറങ്ങാൻ നോക്ക്’, ക്രൂരമായ ലാഘവത്തോടെ വിശാലാക്ഷൻ പുറം തിരിഞ്ഞു കിടക്കും.

ഒരു ജീവൻ കിളിർക്കാനുള്ള ഒടുവിലത്തെ സാധ്യതയുമില്ലാതാക്കിക്കൊണ്ട് ഗർഭപാത്രത്തിലൊരു മാംസക്കഷണം വളർന്നു വികസിക്കുന്നുണ്ടെന്ന് പദ്മയറിയുന്നതേയില്ലായിരുന്നു, വിശാലാക്ഷനും.

ടാക്സി മുന്നോട്ടുനീങ്ങുമ്പോഴൊക്കെയും വിശാലാക്ഷൻ്റെ ചിന്ത പദ്മയെ ആശ്വസിപ്പിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റിയായിരുന്നു.
‘ശ്ശെ, എന്തൊരു മുടിഞ്ഞ മഴ’, ഡ്രൈവർ ഗോപി മഴയെ പ്രാകിയതിനോടൊപ്പം വണ്ടിയുടെ വേഗതയും കൂട്ടി. പൊടുന്നനെയൊരു കുഞ്ഞുതല വണ്ടിയുടെ മുന്നിൽ തെളിയുകയും ‘അയ്യോ…’ യെന്നലറിക്കൊണ്ട് ഗോപി സഡൺബ്രേക്കിൽ വിരലമർത്തുകയും ചെയ്തു.
വിശാലാക്ഷൻ നിശ്ചലനായി നെഞ്ചിൽ കൈവച്ചു. നൊടിയിടയിൽ ടാക്സിക്കുചുറ്റിലും കുടകൾ വിരിഞ്ഞു. ഗോപി ഡോറുതുറന്ന് ചാടിയിറങ്ങി.

കനത്ത മഴയാണ്.
പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന് വിശാലാക്ഷൻ രണ്ടുവട്ടമാലോചിച്ചു. കാറിനു മുന്നിലെ മഴവെള്ളപാച്ചിൽ വൈപ്പർ ദ്രുതഗതിയിൽ തുടച്ചുമാറ്റിക്കൊണ്ടിരുന്നു. കാറിനു മുന്നിൽ കുഞ്ഞുതലയെഴുന്നു വന്നു.
ഭാഗ്യം! ഒന്നും പറ്റിയില്ലെന്നു തോന്നുന്നു.

മഴയത്തേക്കിറങ്ങേണ്ടെന്നുറപ്പിച്ച് ഇരുന്നിടത്തു തന്നെയമർന്നു. പരിഭ്രമിച്ചു കൂടിയ നാട്ടുകാരെ ഗോപി എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നു. പറഞ്ഞുവിടുന്നു. ഗോപിയും കുഞ്ഞു തലയും മഴ മുഴുവൻ കൊണ്ടുനിൽപ്പായി. കണ്ടിട്ടതൊരു ചെറുക്കനാണ്. ആറോ ഏഴോ വയസ്സു കാണും. മുടിത്തുമ്പുവഴി മുഖത്തേക്കൊലിക്കുന്ന മഴവെള്ളം അവൻ രണ്ടു കൈകൾ കൊണ്ടും തുടക്കുന്നുണ്ട്. ചെറുക്കനെ ഗോപി ശകാരിക്കുകയാണെന്ന് തോന്നി. അവനുനേരെ ചൂണ്ടുവിരലുയർത്തി വലിയ വായിൽ എന്തൊക്കെയോ പറയുന്നു. വിശാലാക്ഷൻ ചെവി കൂർപ്പിച്ചു. ഒന്നും കേൾക്കാൻ കഴിയുന്നില്ല. ചെറുക്കൻ വല്ലാതെ പേടിച്ചിട്ടുണ്ടാകണം. വെപ്രാളപ്പെട്ട് നിലത്തുനിന്നെന്തോ പെറുക്കിയെടുത്ത്, ഗോപിയിൽ നിന്നും രക്ഷപ്പെടാനെന്നോണം ചെറുക്കൻ പെരുമഴയിലൂടോടിയൊളിച്ചു.

‘ഹൊ! ഇവറ്റകളെ കൊണ്ടുള്ള തൊന്തരവ്!’ നനഞ്ഞു കുതിർന്ന് വന്ന്, തിടുക്കപ്പെട്ട് ഡോറു തുറക്കുന്നതിനിടക്ക് ഗോപി ചൊടിച്ചു.
‘ഒന്നും പറ്റിയില്ലല്ലോ ല്ലേ?’
‘എന്തുപറ്റാൻ! ഏതോ ബംഗാളി ചെക്കനാണ്. പണ്ടാരം വണ്ടീടെ മുന്നിലും വന്ന് ചാടീട്ട്…’

പിൻസീറ്റിലെ ടർക്കി ഏന്തിവലിഞ്ഞെടുത്ത്, തലയും മുഖവും തുടക്കുമ്പോൾ ഗോപിയിൽ ഈർഷ്യയും മുഷിച്ചിലും ചിറകെട്ടിയിരുന്നു.
‘ചെക്കനൊന്നും പറ്റീല! എൻ്റെ നല്ല കാലം’, ഗോപി വണ്ടി സ്റ്റാർട്ട് ചെയ്തു.
‘‘ഈ ബംഗാളികളേം ബീഹാറികളേം തട്ടിമുട്ടി നാട്ടിലിറങ്ങാൻ പറ്റാണ്ടായി, ഒറ്റയെണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ലെന്നേ...! എല്ലാം കള്ളന്മാരാ’’, വണ്ടി പഴയ വേഗതയിലേക്ക് കുതിച്ചു.

‘‘ആഹ്, രണ്ടാഴ്ച്ച മുമ്പല്ലേ നമ്മളൊരുത്തിയെ പിടിച്ച് പോലീസിലേൽപ്പിച്ചത്. നിങ്ങക്കോർമ്മീല്ലേ? നമ്മുടെ വിഷ്ണുലോകം ക്ലബ്ബിന് മുന്നിൽ വച്ച് ...’’, ഗോപി ആവേശത്തോടെ വിശാലാക്ഷനെ നോക്കി.

‘‘പിന്നെ, ഓർമ്മയില്ലാതെ. ഹൊ, എന്തായിരുന്നു അവൾടെയൊരു പ്രകടനം! ഞാനല്ലേയന്ന് പോലീസിനെ വിളിച്ചു വരുത്തിയത്.’’

അന്നത്തെ സംഭവമോർത്തപ്പോൾ വിശാലാക്ഷന് അത്യധികം അഭിമാനം തോന്നി.

ഓഫീസിൽ നിന്നും തിരിച്ചുവന്നാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വിഷ്ണുലോകം’ സന്ദർശിക്കുന്നത് വിശാലാക്ഷൻ്റെ പതിവാണ്. കാരംസ് കളിക്കാം, പറ്റിയ കമ്പനിക്കാരുണ്ടെങ്കിൽ ഇരുട്ട് കനക്കും വരെ സൊറ പറഞ്ഞിരിക്കാം. 

വെളുത്തുതുടുത്ത കൈക്കുഞ്ഞിനേമെടുത്ത് സാരിത്തലപ്പുകൊണ്ട് തല മറച്ചൊരു പെണ്ണൊരുത്തിയെ ക്ലബ്ബു പരിസരത്തു വച്ചേ വിശാലാക്ഷൻ നോട്ടമിട്ടിരുന്നു. കണ്ടാലറിയാം ആ കുഞ്ഞവളുടേതല്ല. ഏതെങ്കിലും നല്ല കുടുംബത്തീന്ന് തട്ടികൊണ്ടു വന്നതാകും. കണ്ണുപൊട്ടിച്ച് കയ്യും കാലും തല്ലിയൊടിച്ചാൽ പിച്ചയിരുത്താമല്ലോ! പണിയെടുക്കാതെ തിന്ന് ജീവിക്കാം. ഇവറ്റകളൊക്കെക്കൂടി നാട് മുടിക്കും!

‘‘ഏതാടീ നീ... ഈ കൊച്ചിനെ എവിടുന്ന് കിട്ടിയതാ?’’ ഒരു ഞായറാഴ്ച ഉച്ചക്ക് ക്ലബ്ബിനെതിർവശത്തെ കനാൽ പാലത്തിനോരത്ത് വച്ച് വിശാലാക്ഷൻ പെണ്ണിനെ തടഞ്ഞു. പെണ്ണ് ഭയന്നു. കൈവിരല് കുടിച്ചുറങ്ങുകയായിരുന്ന ഓമനക്കുഞ്ഞിനെ മാറോടടുക്കി പിടിച്ച് അവൾ വിക്കി;

‘‘... ഭൂഖ് ലാഗലി ആഹേ സാർ’’ *

‘‘ഫ്ഫാ! മിണ്ടാതിരിയെടീ... മര്യാദക്ക് പറഞ്ഞോ, കുട്ടിയെ എവിടുന്ന് തട്ടിക്കൊണ്ടു വന്നതാ..?’’

വിശാലാക്ഷൻ്റെ ഒച്ച മിസൈലുപോലുയർന്നു. ശരവേഗത്തിൽ നാട്ടുകാർ കൂടി. എല്ലാവരും ചേർന്ന് പെണ്ണിനെ വിചാരണ ചെയ്തു. അവളാകെ വിളറി. അറിയാവുന്ന ഭാഷയിൽ ചുറ്റിലുമുള്ളവരോട് കേണു. കുഞ്ഞെഴുന്നേറ്റ് കരയാൻ തുടങ്ങിയിരുന്നു. കുഞ്ഞിനേക്കാൾ വലിയ ചുവന്ന കുപ്പായത്തിൽ കുഞ്ഞിനെ കൂടുതൽ പൊതിഞ്ഞു പിടിച്ച്, ആൾക്കൂട്ടത്തിനുള്ളിൽ നിന്ന്​ പുറത്തേക്കോടാനുള്ള വഴി പരതി പെണ്ണ് നിലവിളിച്ചു.

‘‘കൊച്ചിനെ കൊണ്ട് നീ പോകുന്നത് ഞങ്ങൾക്കൊന്ന് കാണണം.’’ 

എല്ലാവരുടേയും നോട്ടം കുഞ്ഞിലേക്കാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്ണ് പാമ്പിനെപ്പോൽ ചീറ്റി. അവളുടെ ഭാഷയിൽ ശത്രുക്കളെ തെറി വിളിച്ചു. അവസാന അടവെന്നോണം ആഞ്ഞു തുപ്പി.

‘‘ഛീ.. കഴുവേറി മോളേ... കുഞ്ഞിനെയിങ്ങോട്ട് താടീ...’’ 

കൂട്ടത്തിലൊരുത്തൻ കുഞ്ഞിനെ പിടിച്ചു വാങ്ങുമെന്നായപ്പോൾ വിശാലാക്ഷൻ സമുചിതമായിടപെട്ടു, ‘നമ്മള് കൈവച്ച് എടങ്ങേറാകണ്ട. പോലീസിനെ വിളിക്കാം.’

ബഹളമടങ്ങി. വിശാലാക്ഷൻ്റെ കണ്ണിൽ അനർഹമായ വിജയത്തിൻ്റെ ചുവപ്പ് തിളച്ചു.       

ആശുപത്രിയെത്തിയപ്പോൾ മഴ തോർന്നിരുന്നു. 'ഞാൻ പാർക്കിങ്ങിലുണ്ടാകും. നിങ്ങള് വിളിച്ചാൽ മതി' യെന്നും പറഞ്ഞ് ഗോപി വിശാലാക്ഷനെ ആശുപത്രി മുറ്റത്തിറക്കിവിട്ടു. നേർത്ത് നേർത്ത് ബലമില്ലാതായെങ്കിലും ഏതു നിമിഷവും ശക്തി വീണ്ടെടുക്കാവുന്ന പദ്മയുടെ വിതുമ്പലുകൾ കാതോർത്ത് അയാൾ ആശുപത്രിയുടെ പടികൾ കയറി.

ജൂദോയെ വിശാലാക്ഷൻ വീണ്ടും കാണുന്നത് അത്രയേറെ തിരക്കു പിടിച്ചൊരു ദിവസമാണ്. പദ്മ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായതോടെയാണ് സർവ്വതിനും ക്രമം തെറ്റിത്തുടങ്ങിയത്. അകം പണികൾ കൂടി സിസിലി അറിഞ്ഞുകണ്ട് ചെയ്യുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല. സാധനങ്ങൾ വച്ചിടത്ത് കാണുന്നില്ല,പത്രം പതിവുപോലെ ഊൺമേശയിലേക്കെത്തുന്നില്ല, ചായക്ക് കടുപ്പം പോര, ഉച്ചയ്ക്ക് ഓഫീസ് കാൻ്റീനിലെ ഓഞ്ഞ ഭക്ഷണം കഴിക്കേണ്ടിവരുന്നു. ഷർട്ടും പാൻ്റ്സും എല്ലാ ദിവസവും ഇസ്തിരിയിടേണ്ടി വരുന്നതും അവനവൻ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി വക്കേണ്ടിവരുന്നതും ഊൺമേശ തുടച്ചു വൃത്തിയാക്കേണ്ടി വരുന്നതുമെല്ലാം വിശാലാക്ഷന് വലിയ പ്രാരാബ്ദങ്ങളായനുഭവപ്പെടുന്നു. ഇടവിട്ട ദിവസങ്ങളിൽ മാത്രമേ കൃത്യസമയത്ത് ഓഫീസിലെത്താനാകുന്നുള്ളൂ. ബാക്കി ദിവസങ്ങളിലെല്ലാം ഓഫീസറുടെ മുന്നിൽ ചെന്ന് തലതാഴ്ത്തി നിൽക്കേണ്ടിവരുന്നു.

വൈകിയെത്തുമ്പോൾ കിട്ടാറുള്ള തിരക്കേറിയ ട്രാൻസ്പോർട്ട് ബസ് കാത്തുനിൽക്കവേയാണ്, റോഡ് ക്രോസ് ചെയ്യാനായി ബസ് സ്റ്റോപ്പിനെതിർവശത്ത് ആ ചെറുക്കൻ നിൽക്കുന്നത് കണ്ടത്. വിശാലാക്ഷൻ സൂക്ഷ്മമായി നോക്കി, അന്ന് കാറിന് മുന്നിൽ മിന്നിതെളിഞ്ഞ കുഞ്ഞുതല തന്നെയാണ്. കടുംകാപ്പി നിക്കറു മാത്രമേ ധരിച്ചിട്ടുള്ളൂ. നീളൻ മുടി കുറെക്കൂടി വളർന്ന് കണ്ണുകളെ മറച്ചിരിക്കുന്നു. വാഹനങ്ങൾ നിയന്ത്രണമില്ലാതെ പായുന്ന റോഡു മുറിച്ച് കടന്നവൻ വരുന്നത് കണ്ടപ്പോൾ വിശാലാക്ഷൻ്റെ ഉള്ളൊന്നാളി.

ചെറുക്കൻ വിശാലാക്ഷനുമുന്നിൽ വന്ന് കൈ നീട്ടി.

‘ഉം? എന്തു വേണം?’, അപരിചിതത്വമില്ലാതെ എന്നാൽ അവജ്ഞയോടെ അയാളാരാഞ്ഞു.

ചെറുക്കനൊന്നും മിണ്ടിയില്ല. മുടിയിഴകൾക്കിടയിലൂടെ പ്രത്യക്ഷപ്പെട്ട കിണറു കണക്കെയുള്ള അവൻ്റെ കണ്ണുകളിൽ ദയനീയത ഉറവുകെട്ടി.

പിൻവലിക്കാൻ കൂട്ടാക്കാതെ നീട്ടിപ്പിടിച്ച അവൻ്റെ കുഞ്ഞുകൈവെള്ളയിലേക്ക് പാളി നോക്കവേ, ബസ് ദൂരെ നിന്നും ആടിക്കുഴഞ്ഞ് വരുന്നത് വിശാലാക്ഷൻ്റെ ശ്രദ്ധയിൽ പെട്ടു. ടിക്കറ്റെടുക്കാൻ കയ്യിൽ കരുതിയ ഇരുപത് രൂപാ നോട്ട് മറ്റൊന്നുമോർക്കാതെ ചെറുക്കൻ്റെ കയ്യിൽ പിടിപ്പിച്ച് ധൃതിപ്പെട്ട് ബസിലേക്ക് ചാടിക്കയറി. യാദൃശ്ചികമായി കിട്ടിയ നിധി പോലെ ചെറുക്കൻ ചുവന്ന നോട്ട് തിരിച്ചും മറച്ചും നോക്കി. വേറിട്ട വിയർപ്പുമണങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറി നിൽക്കാനൊരിടം തിരയുന്ന വിശാലാക്ഷനേയും പേറി ബസപ്പോഴേക്കും അലസമായി മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നു.

അന്ന് മേലുദ്യോഗസ്ഥൻ്റെ പതിവു ശകാരവും പ്രതീക്ഷിച്ച് ഓഫീസ് മുറിയിലേക്ക് കയറിച്ചെന്ന വിശാലാക്ഷൻ അവിശ്വസനീയമാം വിധം കയ്യിൽ കിട്ടിയ പ്രമോഷൻ ലെറ്റർ അരിച്ചുകയറിയ ആഹ്ലാദത്തോടെ മൂന്നാം തവണയും വായിച്ചുറപ്പിച്ചു. സന്തോഷം കൊടുമ്പിരി കൊണ്ട് രണ്ട് തവണ പദ്മയെ വിളിച്ചുവെങ്കിലും ഫോണെടുക്കപ്പെട്ടില്ല. 

വല്ലാത്ത ഉത്സാഹത്തോടെ താഴേക്കുള്ള പടികളിറങ്ങി നീളൻ വരാന്തയിലൂടെ തൻ്റെ മുറിയിലേക്ക് നടക്കുമ്പോൾ വിശാലാക്ഷൻ കാരണങ്ങളില്ലാതെ ചാരകണ്ണുകളുള്ള ചെറുക്കനെയോർത്തു.

മൂന്നാം വട്ടം ജൂദോയെ കണ്ടപ്പോൾ വിശാലാക്ഷൻ വലിയ പരിചയത്തോടെ അടുത്തേക്ക് വിളിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തു വച്ചാണ് കണ്ടത്. അച്ഛൻ്റെ കാലശേഷം തർക്കവിഷയമായി മാറിയ അമ്പത് സെൻ്റ് ഭൂമിയുടെ കോടതി വിധി കേൾക്കാനായി പുറപ്പെട്ടതായിരുന്നു വിശാലാക്ഷൻ. സ്ഥലത്തിനു വേണ്ടി സ്വന്തം ചേട്ടച്ചാർക്കെതിരെ കേസ് നടത്താൻ തുടങ്ങിയിട്ട് കൊല്ലം മൂന്ന് പിന്നിട്ടിരുന്നു. അയാൾ മാടി വിളിച്ചതും ചെറുക്കൻ പ്രതീക്ഷ സ്ഫുരിക്കുന്ന കണ്ണുകളോടെ അടുത്തേക്ക് ചെന്നു.

‘നിൻ്റെ പേരെന്താടാ...?’
കറുപ്പിച്ച് കുട്ടപ്പനാക്കി നിർത്തിയ വിശാലാക്ഷൻ്റെ കട്ടി മീശയിലേക്കും ചുണ്ടിനു വിടവിലൂടെ പുറത്തു കാണുന്ന നിരതെറ്റിയ പല്ലുകളിലേക്കും ചെറുക്കൻ ആകാംഷയോടെ നോക്കി.
‘കുളിയും നനയുമൊന്നുമില്ലേ നിനക്ക്?’
അയാളുടെ ഒച്ചയ്ക്ക് ചൂട് പിടിച്ചപ്പോൾ ചെറുക്കൻ നേരിയതായി പരിഭ്രമിച്ചു.
‘മാ... ജൂദോ ...’
അവനൊച്ചപുറപ്പെടുവിച്ചു.
‘ഏഹ്? എന്തോന്നാ ...?’
‘.... ജൂ...ദോ …’, അവൻ വിറച്ച് വിറച്ച് ആവർത്തിച്ചു.
‘ജൂദോ? അതാണോ നിൻ്റെ പേര്?’
അവൻ്റെ കുഞ്ഞുമുഖത്ത് സാവധാനം നിരാശ കുമിയുകയാണെന്ന് വിശാലാക്ഷന് തോന്നി.ഇത്തവണ അമ്പതു രൂപയെടുത്ത് കൊടുത്തു.
‘ഇന്നാ ...പോയി വല്ലോം വാങ്ങിച്ച് തിന്നോ.’

അവൻ്റെ മുഖം എൽ ഇ ഡി ബൾബുപോലെ പ്രകാശിച്ചു. ചെറുക്കൻ ആവേശത്തോടെ പണം വാങ്ങിച്ചു. കിട്ടിയ കാശ് കീശയിൽ തിരുകി, വിശാലാക്ഷനെ നോക്കി കൊഴിഞ്ഞ പല്ലുകളുടെ സ്ഥാനത്തെ വിടവ് കാട്ടി നന്ദിയോടെ ചിരിച്ച് അവൻ വന്ന വഴി തിരിച്ചു നടന്നു. അവന്റെ ചുവന്ന കുപ്പായം തിരക്കിനിടയിലേക്ക് മറയും വരെ അയാളവനെ നോക്കിനിന്നു.

അവിചാരിതമായി കോടതിവിധി തനിക്കനുകൂലമാണെന്നറിഞ്ഞ വിശാലഷൻ കോടതി ബഞ്ചിന്മേൽ കിളി പോയ മട്ടിരുന്നു. അതിശയത്തിൻ്റേയും ആനന്ദത്തിൻ്റേയും തള്ളിക്കയറ്റം വിശാലാക്ഷനെ മുഖം പൊത്തി ചിരിപ്പിച്ചു. ചിരിക്കൊടുവിൽ വീണ്ടെടുത്ത സ്വബോധത്തോടെ കോടതിമുറ്റത്തേക്കിറങ്ങിയ വിശാലാക്ഷന് നാലാം തവണയും ജൂദോയെ കാണണമെന്ന ആന്തലുണ്ടായി.

തിരിച്ചുപോരുമ്പോൾ ബസ് സ്റ്റാൻഡ് പരിസരത്ത് മുഴുവൻ പരതിയെങ്കിലും ചെറുക്കനെ കണ്ടു കിട്ടിയില്ല. അവൻ റോഡ് മുറിച്ചു കടന്നു വന്ന ബസ്സ്റ്റോപ്പിലും വീടെത്തും വരെയുള്ള ഊടുവഴികളിലും വരെ നോക്കി. ഇല്ല. എങ്ങുമില്ല!

'ആരെന്നോ എന്തെന്നോയറിയാത്തൊരുത്തനെ താനെന്തിന് തിരയണ' മെന്ന് ഇടക്ക് തികട്ടിവന്നെങ്കിലും അവനെ കണ്ടില്ലല്ലോയെന്ന് മാത്രം ഉള്ള് പിന്നെയും വെറിപിടിച്ചു.

അലച്ചിലിനൊടുക്കം ക്ഷീണിതനായി മുറ്റത്തെ നിയോൺ വെട്ടത്തിൽ കുളിച്ച് വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ സിറ്റൗട്ടിൽ സിജോയിരിക്കുന്നത് കണ്ടു. സിജോയെ വിശാലാക്ഷന് വലിയ കാര്യമാണ്. നാട്ടിലെ 'വിശ്വസിക്കാൻ കൊള്ളാവുന്നവരുടെ' ചുരുക്കപ്പട്ടികയിൽ വിശാലാക്ഷൻ സിജോക്കും ഇടം കൊടുത്തിട്ടുണ്ട്. എഞ്ചിനീയറിങ്ങെന്നും പറഞ്ഞ് കാലങ്ങളായി ചുറ്റിത്തിരിഞ്ഞ് നടപ്പാണേലും പയ്യന് കര്യബോധമുണ്ട്. എന്ത് പണിയും വിശ്വസിച്ചേൽപ്പിക്കാം. ഇടം വലം നോക്കാതെ കിറുകൃത്യമായി ചെയ്യും. അപ്പച്ചൻ്റെ കാലശേഷം അമ്മച്ചി കഷ്ടപ്പെട്ടധ്വാനിച്ചാണ് പോറ്റുന്നതെന്ന ധാരണയുള്ളതോണ്ടാവാം, പഠിത്തവും ഒപ്പം അല്ലറ ചില്ലറ പാർട്ട് ടൈം പണികളുമൊക്കെയായി സിജോ പക്വത പുലർത്തിപോരുന്നു.ഫോണിൽ ഫിംഗർ ലോക്ക് വക്കാനും ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യാനും വിശാലാക്ഷനെ പഠിപ്പിച്ചത് സിജോയാണ്. യോഗാ ആപ്പ് വഴി മെഡിറ്റേഷൻ ചെയ്യാനും ക്യാരി ബാഗിൽ കാബേജ് കൃഷി തുടങ്ങാനും സിജോ വിശാലാക്ഷനെ സഹായിച്ചു. പ്രായത്താൽ തന്നെക്കാൾ പത്തിരുപത് വർഷം പുറകിലാണേലും പലതിലും സിജോയാണ് വിശാലാക്ഷൻ്റെ ഗുരു. 

സിജോയെ കണ്ടതും വിശാലാക്ഷൻ കോടതി വിധിയനുകൂലമായതിൻ്റെ സന്തോഷം പങ്കുവച്ചു. പിന്നെ ഫാനിന് ചുവട്ടിലേക്കൊരു കസേര വലിച്ചിട്ട് ചാരക്കണ്ണുള്ള ചെറുക്കൻ്റെ കഥ പറഞ്ഞു തുടങ്ങി.

‘‘എന്തോ... അവനെ കാണാൻ തുടങ്ങിയ മുതൽക്കാ ജീവിതത്തിനൊരു തെളിച്ചോം വെളിച്ചോമൊക്കെ വന്നതെന്ന തോന്നൽ…’’

കഥയൊടുക്കം നെടുനീളത്തിലൊരു ദീർഘനിശ്വാസവുമിട്ട് വിശാലാക്ഷൻ കൂട്ടിച്ചേർത്തു.

കാര്യങ്ങളെല്ലാം വിസ്തരിച്ച് കേട്ടതിനുശേഷം സിജോ, വളർച്ചയില്ലാത്ത ഊശാന്താടി തടവികൊണ്ട് തല പുകഞ്ഞ് ചിന്തിക്കുന്നതായി നടിച്ചു.

‘‘സംഭവം ഇവൻ വെറും ജൂദോയല്ല. മാൻഡ്രേക്കാണ്, ജൂദോ മാൻഡ്രേക്!’’

ഷർട്ടിൻ്റെ ബട്ടസുകളോരോന്നായി അഴിക്കുകയായിരുന്ന വിശാലാക്ഷൻ കൗതുകത്തോടെ കാതു കൂർപ്പിച്ച് നടുനിവർന്നിരുന്നു.

‘‘മാൻഡ്രേക് എന്ന് ഞാനുദ്ദേശിച്ചത് പോസിറ്റീവ് വൈബിലാണ്. ചെർക്കനെ കാണുന്ന അന്നെല്ലാം നിങ്ങക്ക് ലോട്ടറിയാണല്ലോ!’’

ചുണ്ടുചരിഞ്ഞ ചിരിയോടെ വിശാലാക്ഷൻ 'അതെ'യെന്ന് തലകുലുക്കി. സിജോ ഒന്നൂടെ ഇരുത്തി ചിന്തിച്ചു.

‘‘എന്നാ പിന്നെ... മനസ്സു വച്ചാല് നിങ്ങക്കെന്നും ലോട്ടറിയടിക്കൂലെ..?!’’
വിശാലാക്ഷൻ നെറ്റി ചുളിച്ചു.

"അതായത് വിശാലണ്ണാ... നിങ്ങക്ക് കുട്ടികളില്ല. ഉണ്ടാകാൻ പോകുന്നില്ലെന്ന റിയാലിറ്റി നിങ്ങളേതാണ്ട് ഉൾക്കൊണ്ടുകഴിഞ്ഞു .പദ്മേച്ചി മൊത്തത്തിൽ ഡിപ്രഷനടിച്ച് മുറിക്കകത്ത് ചടഞ്ഞുകൂടാനെന്താ കാരണം? അവർക്ക് താലോലിക്കാനും കൊഞ്ചിക്കാനും ഒരു കുഞ്ഞില്ലാത്തതു തന്നെ. ഒരു കൊച്ചിനെ ദത്തെടുക്കെന്നുപദേശിച്ചാൽ നിങ്ങൾതില് വല്യ താല്പര്യോമില്ല. അതിശയമെന്ന് പറയട്ടെ, രണ്ടു മൂന്ന് വട്ടം കണ്ടപ്പൊഴേ എന്തോ നിങ്ങക്കാ ചെറുക്കനെ വല്ലാണ്ടങ്ങ് ബോധിച്ചു. എന്നാ പിന്നെ അവനെയിങ്ങോട്ട് വിളിച്ചോണ്ട് വന്നൂടെ?"

സിജോയുടെ ചോദ്യം പൂർണമായുൾക്കൊള്ളാനാകാതെ വിശാലാക്ഷൻ അന്താളിച്ചിരുന്നു.

‘‘ആരോരുമില്ലാത്ത കൊച്ചിന് പുതിയൊരു ജീവിതം കൊടുക്കുകയാന്ന് കരുതിയാ മതി. നിലവിലെ നിങ്ങടെ ശോകാവസ്ഥയൊക്കെ മാറാൻ ഇതാണൊരൊറ്റമൂലി. അവനിങ്ങെത്തിയാൽ ചേച്ചിക്ക് ഭയങ്കര ആശ്വാസമായിരിക്കും. നിങ്ങക്കും! എടിപിടീന്ന് തീരുമാനമെടുക്കണ്ട. നന്നായാലോചിച്ച്, ഞാൻ പറയുന്നേല് വല്ല കാര്യോമുണ്ടെന്ന് തോന്നിയാൽ മാത്രം പറഞ്ഞപടി ചെയ്താൽ മതി.ബാക്കിയൊക്കെ വരും പോലെ നോക്കാം.’’

വീട്ടിലാദ്യം ജൂദോ കൂട്ടായത് നോനി പൂച്ചയുമായാണ്. അങ്ങനെ 'ജൂദോ'ക്കും 'മാ'ക്കുമപ്പുറം അവൻ 'മ്യാവൂ'യെന്നും 'നോനി'യെന്നും ഉച്ചരിക്കാൻ പഠിച്ചു.

നോനി 'മ്യാവൂ..' എന്ന് മുന്നിലും
ജൂദോ 'മ്യാവൂ... മ്യാവൂ..' എന്ന് പുറകിലും.

‘‘കുരുത്തം കെട്ടോറ്റങ്ങളെ’’ന്നാക്രോശിച്ചുകൊണ്ട് ഇടക്കിടെ സിസിലി പിന്നാലെയും. എപ്പോഴും ഓട്ടവും ചാട്ടവും ഗുസ്തിയും തന്നെ. നോനിക്കും ജൂദോക്കുമിടയിൽ ധ്രുതഗതിയിൽ പടർന്നുപിടിച്ച സൗഹൃദം വീട്ടിലെമ്പാടും പന്തലിച്ചു.സിസിലിയാകെ വലഞ്ഞു. പിന്നെ പിന്നെ സിസിലി ‘നോനി...’ യെന്ന് നീട്ടിവിളിച്ചാൽ പോലും വിളികേൾക്കാത്ത മട്ടിൽ നോനി പൂർണ്ണമായും ജൂദോയുടെ ചാരക്കണ്ണുകൾക്ക് വിധേയപ്പെട്ടു. 

മൊട്ടയടിച്ച് പുതിയ ബനിയനും ബർമൂഡയുമിട്ട് വീടിനു ചുറ്റും ഓളമുണ്ടാക്കിക്കൊണ്ടോടി നടക്കുന്ന ജൂദോയെ കാണുമ്പോൾ സിജോക്ക് പലപ്പൊഴും 'യോദ്ധാ' സിനിമയിലെ അപ്പുക്കുട്ടനെ ഓർമ വന്നു. ഗൂഗിൾ ട്രാൻസലേറ്ററുടെ സഹായത്തോടെ പല ഭാഷകളും പഴറ്റി നോക്കി അക്കോസേട്ടനാകാൻ ശ്രമിച്ചുവെങ്കിലും സിജോ ദയനീയമായി പരാജയപ്പെട്ടു.

മുറിയടച്ചിരിപ്പിൽനിന്ന്​ മോചിതയായി ജൂദോക്ക് പുറകെ പുറത്തേക്കിറങ്ങിച്ചെന്ന് പദ്മ ശുദ്ധ വായു ശ്വസിച്ചു. ഏതാനും നാളുകൾക്കകം തന്നെ പദ്മ ജൂദോയുടെ അമ്മയായി പരിണമിച്ചു. ഒറ്റക്കൊരു മുറിയിൽ നോനിക്കൊപ്പം ചുരുണ്ടുകൂടിയുറങ്ങുന്ന കുഞ്ഞു ജൂദോയെ വിളിച്ചെഴുന്നേൽപ്പിക്കുക, പല്ലു തേക്കൽ പരിശീലനം നൽകുക, കുളിപ്പിച്ച് കുട്ടപ്പനാക്കി പുതിയ ഉടുപ്പിടീക്കുക, ഭക്ഷണം കഴിപ്പിക്കുക, എല്ലാത്തിനുമിടക്ക് 'അമ്മ, അച്ഛ, മാമു, വെളളം ...' ഇത്യാദി വാക്കുകൾ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുക ...

ആദ്യമൊക്കെ ജൂദോ പദ്മയിൽ നിന്ന്​ മുഖം തിരിക്കുകയും അവരെ അനുസരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തുവെങ്കിലും പതിയെ പതിയെ പദ്മയുടെ ഊഷ്മളമായ സ്നേഹത്തിന് മുമ്പിൽ അവന് കീഴടങ്ങേണ്ടി വന്നു.

സ്നേഹത്തിനുമുമ്പിൽ ആരാണ് തോറ്റു പോകാത്തത്?.

വീട്ടകം ജൂദോക്കത്ര സുഖകരമല്ലായിരുന്നു. അവനെപ്പോഴും നോനിക്കൊപ്പം വീട്ട് മുറ്റത്ത് കവാത്ത് നടത്തി. പിന്നാമ്പുറത്തെ പറമ്പിലും ഉമ്മറത്തെ അരളിക്കൊമ്പിനു ചുവട്ടിലും അവൻ്റെ പകൽനേരങ്ങൾ നിക്ഷേപിക്കപ്പെട്ടു. നാട്ടുകാരുടെ കണ്ണേറ് തട്ടാതിരിക്കാൻ വിശാലാക്ഷനെന്നോ കെട്ടിപ്പടുത്ത വൻമതിൽ പരിധിക്കുള്ളിൽ ജൂദോ തൻ്റെ മായാലോകം മെനഞ്ഞെടുത്തു. കൊനഷ്ടും കുഞ്ഞായ്മയുമായി വല്ലപ്പോഴും വന്നുകേറുന്ന ബന്ധുക്കളോടെല്ലാം ജൂദോയെ ചൂണ്ടി 'ദത്തെടുപ്പു കഥ' വീശുമെങ്കിലും വിശാലാക്ഷൻ്റെ സംശയാസ്പദമായ കൂർത്ത നോട്ടങ്ങളെല്ലായ്പ്പോഴും ജൂദോക്കു പുറകെ പാഞ്ഞു.

സംശയങ്ങളുടേയും നിഗൂഢതകളുടേയും കായ്ഫലങ്ങൾ മൂത്ത് പഴുത്ത് അളിയുമെന്നാകുമ്പോൾ ടെറസ്സിനു മുകളിൽ പോയിരുന്ന് സിജോക്കൊപ്പം ചിയേഴ്സടിച്ച് വിശാലാക്ഷൻ സകലതിനേയും വലിച്ചു പറിച്ച് കളയും. എന്നിട്ടും സന്ദേഹമൊലിക്കുന്ന കായ്ഞെട്ടുകളെ സാക്ഷിനിർത്തി വിശാലാക്ഷൻ ആരായും; ‘അവസാനം എട്ടിൻ്റെ പണി കിട്ടുമോടാ.?’
‘‘നിങ്ങക്ക് പ്രാന്താണ് വിശാലണ്ണാ..., എൻ്റെയൈഡിയയാണേലും സംഭവം തേഞ്ഞ് പോകൂലാന്ന് എനിക്കൊറപ്പാ..! നിങ്ങളൊന്ന് ആലോയ്ച്ച് നോക്കിക്കേ... ഇപ്പൊഴല്ലേ വീടൊന്നു വൈബായത്?! ഇവിടെ വരാൻ തുടങ്ങിയതിന് ശേഷം ഞാനാദ്യായിട്ടാ പദ്മ ചേച്ചിയെ ഇത്രീം സന്തോഷത്തോടെ കാണണേ. മെല്ലെ മെല്ലെ അവൻ ഭാഷയൊക്കെ പഠിച്ച് എല്ലാതരത്തിലും നമ്മടെ ചെക്കനായി മാറിക്കോളും. നോക്കിക്കോ…’’

സിജോയിൽ നിന്നും ആത്മവിശ്വാസവും പ്രതീക്ഷയും സ്ഫുരിക്കും.

‘‘ഒടുക്കമാരേലും അവനെ തിരക്കി വന്നാലോ ...?’’
‘‘ഓ പിന്നേ! ആര് വരാനാ..?’’

എല്ലായ്പ്പോഴും ചോദ്യങ്ങളിൽ തുടങ്ങി ചോദ്യങ്ങളിലവസാനിക്കുന്ന സംഭാഷണങ്ങൾക്കിടയിലൂടെ ജൂദോ സിസിലിയുണ്ടാക്കിക്കൊടുത്ത ഉജാലവണ്ടിയോട്ടിക്കൊണ്ട് നടക്കും.

താനില്ലാത്ത വീട് ശരീരം പാതിതളർന്ന മനുഷ്യനേപ്പോലാകുമെന്നോർമ്മിപ്പിച്ചു കൊണ്ട് ജൂദോ വളർന്നു. അവൻ്റെ മൊട്ടത്തലയിൽ പുതിയ ചെമ്പൻമുടികൾ കിളിർത്തു , മോണവിടവുകളിൽ കീരി പല്ലുകൾ മുളച്ചു. വാക്കുകളില്ലാത്ത അവൻ്റെ ഭാഷ വീട്ടിലും പരിസരത്തും ജീവവായുയെന്നോണം നിറഞ്ഞുനിന്നു. 

ഇടവിട്ട നാളുകളിൽ ജൂദോയെപ്പിടിച്ചിരുത്തി കാച്ചിയ എണ്ണ നെറുകിലിട്ട് കൊടുക്കും നേരം പദ്മ കൊഞ്ചലോടെ ചോദിക്കും 

‘‘ചുന്ദരക്കുട്ടൻ്റെ അമ്മയെവ്ടെ? അമ്മയെ തൊട്ടു കാണിച്ചേ...’’
അല്പനേരം പദ്മയെത്തന്നെയുറ്റുനോക്കി, പിന്നെ വിദൂരതയിലേക്ക് ചൂണ്ടിയവൻ ചുണ്ടനക്കും, ‘മാ...’
'അവ്ടല്ല കുട്ടാ... ദാ ഇവ്ടെ'യെന്ന് എണ്ണമയുള്ള ജൂദോയെയണച്ചു പിടിച്ച് പദ്മ അരുമയോടെ തിരുത്തും. പദ്മയുടെ മാറിൽ ചാഞ്ഞു കിടന്ന് ദൂരെയെങ്ങോ നോക്കി അവൻ 'ജൂദോ....മാ...' യെന്ന് പൊട്ടിയൊലിക്കും.

ജൂദോയുടെ വളർച്ചക്കൊപ്പം വിശാലാക്ഷനും വളർന്നു. 'വിഷ്ണുലോക'ത്തിൻ്റെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു, ക്ഷേത്രകമ്മിറ്റിയിൽ കയറിപ്പറ്റി, കാലങ്ങളായി തന്നെ പിന്തുടർന്നിരുന്ന അർശസിൻ്റെ അലട്ടലിൽ നിന്നും പൂർണ്ണമായും വിമോചിതനായി, ഡ്രൈവിംങ് പഠിച്ചില്ലേലും ആശപോലൊരു ഇന്നോവ കാറ് വാങ്ങി സിജോയുടെ നിർദേശപ്രകാരം അതിന് 'മാൻഡ്രേക് ' എന്ന് പേരുമിട്ടു.

അങ്ങനെ ഏറെക്കുറെ എല്ലാ തരത്തിലും സംതൃപ്തനായി തുടരുന്ന വിശാലാക്ഷൻ്റെ പക്കലേക്ക് ഒരുനാൾ ഗോപി അവിചാരിതമായി മണ്ടി പാഞ്ഞു വന്നു. സിറ്റൗട്ടിലിരുന്ന് മീശ ഡൈ ചെയ്യുകയായിരുന്ന വിശാലാക്ഷൻ ഗോപിയുടെ തിരക്കുപിടിച്ചുള്ള വരവു കണ്ട് ഇരുന്നിടത്തുനിന്നെഴുന്നേറ്റു. 

‘‘നിങ്ങള് വിഷ്ണുലോകത്തുണ്ടാകുമെന്ന് കരുതി അവിടെ കേറി നോക്കി. ഫോൺ വിളിക്കുമ്പൊഴാണേൽ ഔട്ട് ഓഫ് കവറേജ്! പിന്നെ രണ്ടും കൽപ്പിച്ച് ഇങ്ങോട്ടേക്കിങ്ങ് പോന്നു’’, ഗോപി കിതച്ചു.

‘‘എന്താ സംഭവം? എന്തു പറ്റിയെടോ?’’, വിശാലാക്ഷനിൽ പരിഭ്രമം നിറഞ്ഞു.

കയ്യിലെ ഞായറാഴ്ച പത്രത്തിലെ ചരമപേജ് തുറന്ന്, ഏറ്റവും താഴെ പേജിനോരത്ത് കാണാവുന്ന ഫോട്ടോയിലേക്ക് ഗോപി കണ്ണെറിഞ്ഞു.
"ഈ മുഖം എവടേലും കണ്ടതായി ഓർക്കുന്നുണ്ടോ?"

വിശാലാക്ഷൻ ഗോപിയുടെ കയ്യിൽ നിന്ന്​ പത്രം വാങ്ങിച്ചു. 'അജ്ഞാത മൃതദേഹ' മെന്ന തലക്കെട്ടിനു താഴെ തെളിഞ്ഞ ചിത്രത്തിൽ അയാളല്പനേരമുടക്കി നിന്നു.
‘‘സംശയിക്കണ്ട. ലവള് തന്നെ. എനിക്ക് തോന്നണത് ആ കുഞ്ഞിൻ്റെ യഥാർത്ഥ ഉടമസ്ഥരാരേലും തിരഞ്ഞ് പിടിച്ച് വന്ന് പണി കഴിച്ചതാവുമെന്നാ. ഞാനിന്നലെ ആലപ്പുഴക്കൊരോട്ടം പോയി പുലർച്ചക്ക് തിരിച്ചു വരണ വഴി ചായകുടിക്കാനിറങ്ങിയപ്പൊ വാങ്ങിയ പത്രമാ. എറണാംകുളം എഡിഷനാ... നമ്മളെ പേടിച്ച് ഈ നാട്ടീന്നോടിയതാകും.’’

വിശാലാക്ഷൻ്റെ മനസ്സിൽ മാസങ്ങൾക്കിപ്പുറമുള്ളൊരു ഞായറാഴ്ച്ച ഫ്ലാഷ്ബാക്കായി മിന്നി മാഞ്ഞു. ഇല്ല, മറന്നിട്ടില്ല! അതേ രൂപം! കണ്ണ് തുറിച്ച്... വായല്പം തുറന്ന്.. നേരിയ മങ്ങലോടെ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ…

കയ്യിലിരുന്ന കുഞ്ഞിനുവേണ്ടി തന്നോടപേക്ഷിക്കുകയും ആക്രോശിക്കുകയും ഒടുവിൽ ഏങ്ങലടിച്ച് കീഴടങ്ങുകയും ചെയ്ത അതേ രൂപം! അവളുടെ ജീവനറ്റ മുഖത്തു നിന്ന് കണ്ണെടുത്ത് വിശാലാക്ഷൻ ആ ഓമനക്കുഞ്ഞിനെ ഓർത്തെടുക്കാൻ ശ്രമിച്ചു.
'ഓർമ്മയില്ലെന്ന് 'മനസ്സ് നിരുപാധികം പിൻവാങ്ങി.

ഴ മൂടിക്കെട്ടിയ ചൊവ്വാഴ്ച്ചയായിരുന്നു. ഉറക്കമെഴുന്നേൽക്കാൻ വൈകിയതിൽ ആരെയൊക്കയോ പഴിച്ച്, ട്രാൻസ്പോർട്ട് ബസെങ്കിലും കിട്ടിയാൽ മതിയായിരുന്നെന്നും പ്രാർത്ഥിച്ച്, വെപ്രാളപ്പെട്ട് കറുത്ത സോക്സ് കാലിലേക്ക് വലിച്ചു കയറ്റുമ്പോഴാണ് പദ്മ ഒച്ചയിട്ടോണ്ടോടി വരുന്നത്.

"നമ്മുടെ കുഞ്ഞിനെയെങ്ങും കാണുന്നില്ല വിശാലേട്ടാ..... "
കേട്ട മാത്രയിലൊന്ന് നടുങ്ങിയെങ്കിലും വിശാലാക്ഷൻ തല കുടഞ്ഞു.
‘‘നീ വെറ്തെ നേരം പോയ നേരത്ത് മനുഷ്യനെ എടങ്ങേറാക്കരുത്. ആ കാർപോർച്ചിലെങ്ങാനും പൂച്ചേടൊപ്പം പതുങ്ങി നിക്കണുണ്ടാവും ചെക്കൻ. പോയി നേരാവണ്ണം നോക്ക്.’’
"ഇല്ലന്നേ! വിളിച്ചെണീപ്പിക്കാൻ മുറീലേക്ക് പോയതാ ഞാൻ, അവിടെങ്ങും കാണാഞ്ഞപ്പൊ പോർച്ചിലോ പറമ്പിലോ ഉണ്ടാകുമെന്ന് കരുതി. എല്ലായിടത്തും തിരക്കി. പഴയ വെറക് പുരേലും പൊട്ടക്കിണറിൻ്റവിടേം... എങ്ങുമില്ല!. നിങ്ങളൊന്ന് വന്ന് നോക്കിക്കേ... "

പദ്മ നിലവിളിക്കാനൊരുങ്ങുകയാണെന്ന് തോന്നി.

വിശാലാക്ഷൻ ഒറ്റക്കാലിലെ സോക്സഴിക്കാൻ മെനക്കെടാതെ പദ്മക്ക് പുറകെ പാഞ്ഞു.

‘ജൂദോ ...’, അയാൾ നീട്ടിവിളിച്ചു.
‘കുട്ടാ... മോനേ ജൂദോ ...’
‘.....’
‘കുഞ്ഞേ, ജൂദോ...’, ഓരോ നിമിഷം കഴിയുന്തോറും പദ്മയുടെ വിളികൾ നേർത്ത് നേർത്തുവന്നു.
സിസിലിയേം കൊണ്ട് ബൈക്കിൽ വന്നിറങ്ങിയ സിജോയും ചൂടുപിടിച്ച തിരച്ചിലിൽ പങ്കു ചേർന്നു. വലിയ വീടിൻ്റെ മുക്കിലും മൂലയിലും വരെ തിരഞ്ഞ് തളർന്ന് സിസിലി തലക്ക് കയ്യും കൊടുത്ത് അടുക്കളമുറ്റത്ത് കുന്തിച്ചിരുന്നു.
"ഈശോ… എൻ്റെ നോനി കുഞ്ഞിനേം കാണാനില്ലായേ.... "

ജൂദോയും നോനിയും കണ്ടെടുക്കാനാകുന്നിടത്തൊന്നുമില്ലെന്ന വസ്തുത ഏവരേയും സ്തംഭിപ്പിച്ചു. പദ്മയെന്നിട്ടും തിരച്ചിലവസാനിപ്പിച്ചില്ല.

 ‘‘എവിടെയാ ഒളിച്ചിരിക്കണേ, അമ്മക്ക് ദേഷ്യം വരണുണ്ട് കേട്ടോ!’ എന്ന് കൊഞ്ചിക്കൊണ്ട്..., കരച്ചിൽ കുമിളകൾ പറന്നുപൊന്തി പൊട്ടിച്ചിതറാതിരിക്കാൻ പാടുപ്പെട്ടുകൊണ്ട്.... 

വിശാലാക്ഷൻ നിസ്സഹായതയോടെ സിജോയെ നോക്കി. 
"നമുക്ക് പോലീസിൽ പറഞ്ഞാലോ..?" അയാൾ മടിച്ചുമടിച്ച് ചോദിച്ചു.
"എന്ത് പറയും? ആരെ കാണുന്നില്ലെന്ന് പറയും? മണ്ടത്തരം പറയാതെ വിശാലണ്ണാ... "

ഒടുക്കം രണ്ടും കല്പിച്ച് സിജോയും വിശാലാക്ഷനും കൂടി വണ്ടിയെടുത്തിറങ്ങി. വിശാലാക്ഷൻ ചൂണ്ടിക്കാട്ടുന്ന പാതകളിലൂടെ സാവധാനത്തിൽ ജൂദോയെ മാത്രം ലക്ഷ്യം വച്ച് ബൈക്ക് നീങ്ങി. വെയിലുച്ചിയിൽ നിന്നു.പിന്നെ താണു. അടങ്ങി. ഒടുവിൽ കെട്ടു. ഇരുട്ട് കനത്തു. നിരാശയുടെ കൂറ്റൻ കയങ്ങളിലേക്ക് വണ്ടി തെറിച്ചു വീണു. ഉൾമുറിവുകളുമായി ഇരുവരും തിരിച്ചു പോന്നു.

അന്നുരാത്രി വിശാലാക്ഷൻ ജൂദോയെ സ്വപ്നം കണ്ടു. തൻ്റെയും പദ്മയുടെയും നടുക്ക് കിടന്ന് കൊച്ചു കുഞ്ഞിനേ പോലെ കൈകാലുകളിട്ടടിച്ച് പൊട്ടിച്ചിരിക്കുന്ന ജൂദോയെ!
ഞെട്ടിയുണർന്ന് അരികുവശത്ത് തപ്പി നോക്കിയപ്പോൾ ജൂദോയില്ല. പദ്മയുമില്ല. എഴുന്നേറ്റു ചെന്ന് ജൂദോയും നോനിയും പരസ്പരം കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന മുറിയിലെ ലൈറ്റിട്ടു. തെറ്റിയില്ല. ജൂദോ കിടന്നിരുന്നിടത്തേക്ക് ചുരുണ്ടുകൂടി ചെരിഞ്ഞു കിടന്ന് പദ്മ എങ്ങിയേങ്ങി കരയുന്നു!

നേരം വെളുത്തുതുടങ്ങിയതും വിശാലാക്ഷൻ വീടുവിട്ടിറങ്ങി. ജൂദോയില്ലാത്ത വീടിനെപ്പറ്റിയോർക്കാൻ വയ്യ, ജൂദോയില്ലാത്ത പദ്മയെപറ്റി... ജൂദോയില്ലാത്ത തന്നെ പറ്റിയും!

ചെമ്പൻ മുടിയും ചാരക്കണ്ണുകളുമുള്ള ചെറുക്കൻ തൻ്റെയടുത്തേക്കോടി വന്ന ഇടങ്ങളെയും അവിടെയവനെയും തേടി വിശാലാക്ഷൻ നടന്നു. ഓരോ ഊടുവഴികളിലുമന്വേഷിച്ചു. നിസ്സംഗമായി ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ എതിർവശത്തു നിന്ന് ജൂദോ റോഡ് മുറിച്ച് കടന്ന് വരുന്നതായനുഭവപ്പെട്ടു. 

ബസ് സ്റ്റാൻഡിലെ തിരക്കുകൾക്കിടയിലെല്ലാം ജൂദോയുടെ കുഞ്ഞു മുഖം പ്രത്യക്ഷപ്പെട്ടു. പിന്നെ പൊടുന്നനെയപ്രത്യക്ഷമായി. ഏതു നിമിഷവും പെയ്തൊഴിഞ്ഞേക്കാമെന്ന സൂചനയിൽ മാനം മൂടിക്കെട്ടിയിരുന്നു.

എല്ലാതരത്തിലും ദുർബലനായി, ക്ഷീണിതനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോരത്ത് ചുമരും ചാരിയിരുന്ന വിശാലാക്ഷനെ ഒരു കുഞ്ഞു കൈ വന്ന് തൊട്ടു. അയാൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. മുന്നിൽ ജൂദോ! വിശ്വസിക്കാനായില്ല. പദ്മയണിയിച്ച ചുവന്ന ബനിയനും ഇളം നീല നിക്കറുമിട്ട് , അലച്ചിലുകളുടെ അവശതയും പേറി കുഞ്ഞ് ജൂദോ!

വിശാലാക്ഷനൊരേസമയം പരിഭവത്തോടെയവനെ തല്ലിനോവിക്കാനും സ്നേഹത്തന്റെ കുത്തൊഴുക്കിൽ ഇറുക്കി കെട്ടിപ്പിടിക്കാനും തോന്നി.

‘എൻ്റെ കുഞ്ഞേ...!!!’, അയാളിൽ തളർച്ചകളുടെയറ്റത്തുനിന്നൊരൊച്ച പൊന്തി.

അപ്രതീക്ഷിതമായി ജൂദോ കരയാൻ തുടങ്ങി. അവൻ്റെ കാലുകൾക്കിടയിലൂടെ ഉരസി നടന്ന് ബഹളം വച്ച നോനി കരച്ചിലിനാക്കം കൂട്ടി. മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു.
‘എന്തുപറ്റിയെടാ... ’, വിശാലാക്ഷനവനെ ചേർത്തുനിർത്താനാഞ്ഞു.
വിശാലാക്ഷൻ്റെ കൈ തട്ടിമാറ്റി, നിക്കറിൻ്റെ കീശയിൽ കയ്യിട്ടൊരു തുണ്ടുകടലാസെടുത്ത് കരച്ചിലിൽ കോർത്തുകെട്ടി അവൻ വിശാലാക്ഷന് നീട്ടി.
അയാൾ കടലാസ് കഷ്ണം വാങ്ങി നോക്കി, ഒന്ന് പതറി.
രണ്ട് ദിവസം മുന്നേ ഗോപി വീട്ടിലുപേക്ഷിച്ച് പോയ അതേ പത്രക്കടലാസ്. ‘അജ്ഞാത മൃതശരീര’ത്തിനു താഴെ അതേ രൂപം!
‘മാ...’, ചെറുക്കൻ ചിത്രത്തിലേക്ക് കൈ ചൂണ്ടി ഉറക്കെ കരയാൻ തുടങ്ങി. നിന്ന നിൽപ്പിൽ ഷോക്കേറ്റതു പോലെ വിശാലാക്ഷന് തരിച്ചു. 

‘മാ... ജൂദോ ...’, രണ്ടാമത്തെ വാക്കുച്ചരിച്ചതും അവൻ്റെ കണ്ണുകൾ വിഷാദമുറവകെട്ടിയ ചാരക്കടലായി പരിണമിച്ചു. ദുര്‍ബലമായ അതിര്‍ത്തികള്‍ ഭേദിച്ച് സര്‍വ്വ ശക്തിയോടെ അത് പുറത്തേക്ക് കുതിച്ചു

എന്തുചെയ്യണമെന്നറിയാതെ അവനടുക്കലേക്ക് നീങ്ങിനിൽക്കാൻ തുനിയവേ, അയാളുടെ കയ്യിലെ കടലാസു കഷ്ണം തട്ടിപ്പറച്ച് അയാളെ പൂർവ്വാധികം ശക്തിയോടെ തള്ളിമാറ്റി ജൂദോ നോനിയേമെടുത്ത് പെരുമഴയിലേക്കിറങ്ങിയോടി.

മുഴുവൻ പ്രപഞ്ചത്താലും തോൽപ്പിക്കപ്പെട്ട മനുഷ്യനായി വിശാലാക്ഷനനക്കമറ്റ് നിന്നു.

(*വിശക്കുന്നു സാർ - മറാഠി ഭാഷ )


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments