സാംബശിവൻ !!

നിങ്ങളുടെ കഥയ്ക്കോ കഥാപ്രസംഗത്തിനോ എളുപ്പത്തിലങ്ങനെ പറഞ്ഞൊഴിയാനാവാത്ത ഇതിവൃത്തമുള്ളതാണ് ജീവിതം. എന്റെ മാത്രമല്ല എനിക്ക് മാതാപിതാക്കളായ മീശ ശാന്തക്കും പേന് അനിലനും ഏതാണ്ടങ്ങനെയാണ്. ഈ പേരുകൾ കേട്ടപ്പോൾ സാമ്പശിവനെഴുതിയ പ്രസിദ്ധ നോവലായ "ദഫേദാർ' നിങ്ങൾക്ക് ഓർമ്മ വന്നില്ലേ..? അതിലെ മീശയും പേനും ശിവനും ഞങ്ങളാണ്. നോവലൊരു സിനിമയായി, അതിന് സർക്കാരിന്റെ അവാർഡും കിട്ടി. എന്നിട്ടും നാലഞ്ചുകൊല്ലം കഴിഞ്ഞാണ് ഞങ്ങളതൊക്കെ അറിയുന്നത്. "സാമ്പശിവൻ' എന്ന പേരിനെക്കുറിച്ചാണെങ്കിൽ അതിലെ "ശിവൻ' എന്റെ ഒറ്റമൂട് അമ്മാവനായിരുന്നു, നെയ്യാറ്റിൻകര മേൽകോടതിയിലെ ദഫേദാർ. മറ്റവൻ "സാമ്പൻ', അക്കാലത്ത് കൂട്ടപ്പു പനച്ചിമൂട് അമ്പൂരി കള്ളിക്കാട് അങ്ങനെയുളള ദേശങ്ങളെയെല്ലാം വിറപ്പിച്ചിരുന്ന മഹാകേഡി.

ഇപ്പോൾ സാമ്പന്റെ കൈവശമുള്ള ഓഹരി ചോദിച്ചുവാങ്ങാൻ പുറപ്പെടുകയാണ് കുടുംബത്തിലെ ഏക ആൺ‌തരിയായ ഞാൻ. ഇങ്ങനെ കേൾക്കുമ്പോൾ ഞാനേതോ വില്ലാളി വീരനാണ് വീരമണികണ്ഠനാണ് എന്ന ചിന്തയൊന്നും നിങ്ങൾക്ക് വേണ്ട. ദഫേദാർ വായിച്ച ഭൂരിഭാഗത്തിനും ഞങ്ങടെ ചരിത്രമറിയാം. അതിൽ എന്റെ കഥ അത്രയൊന്നും പറഞ്ഞിട്ടില്ല. കാരണം ശിവൻമാമൻ ഈ സാമ്പന്റെ കൂടെ "ജീവിക്കാൻ' തുടങ്ങിയപ്പോൾ ഞാൻ മായം യു.പി. സ്‌കൂളിൽ നാലിലോ മൂന്നിലോ ആയിരുന്നു. കോടതിയിലേക്ക് സാമ്പന്റെ സൈക്കിളിന്റെ മുന്നിലിരുന്ന് അന്ന് ദഫേദാർ പോകുമ്പോൾ എന്നെ നോക്കി ചിരിച്ചിട്ടുണ്ട്. ചിലപ്പോൾ പുളിമുട്ടായി വാങ്ങാൻ പൈസയും തന്നിട്ടുണ്ട്.

സൈക്കിളിന്റെ മുന്നിൽ മീശയില്ലാത്ത, കറുത്ത് കുറുകിയ ദഫേദാറിന്റെ ഇരുപ്പും, ചെവിയോട് ചേർന്ന് കിന്നരിച്ച് മീശകൊമ്പൻ സാമ്പന്റെ കുറുകലും ചിരിയും. അവരുടെ ആ സവാരിയിൽ എനിക്കുപോലും‌ അയ്യടാന്ന് തോന്നിയിട്ടുണ്ട്. അല്ല നാട്ടിലെ സകലർക്കും അതുകണ്ടിട്ട് ചിരിവന്നിട്ടുണ്ട്. പക്ഷേ എല്ലാവനും അപകടപ്പെട്ട ആ ചിരിയങ്ങ് തുപ്പിക്കളയും. ഇല്ലെങ്കിൽ സാമ്പൻ രക്തവും ചേർത്ത് തുപ്പിക്കും..

ഒരിക്കൽ നെയ്യാർ സ്റ്റേഷനിൽ ഒറ്റാൽ ജയൻ എന്നൊരു എസ്. ഐ. പുതിയതായിട്ട് വന്നു. ബസ് കാത്തുനിക്കണ ദഫേദാറിന്റെ വട്ടക്കുറിയും കുണുങ്ങി നടപ്പും കണ്ട് ഒറ്റാലിന് കൃമികടി. ദഫേദാറിന്റെ മുണ്ടിന് കുത്തിപ്പിടിച്ച് "നെനക്ക് എന്തരപ്പി ഏർപ്പാട്' എന്നൊരു ചോദ്യം. ദഫേദാർ പെരുവിരലിൽ നിന്നുപോയി. നാട്ടുകാർ സകലരും ചിരിയോട് ചിരി. കരഞ്ഞ് നിലവിളിച്ച് ദഫേദാറിന്റെ ഓട്ടം. പിന്നല്ലേ കാര്യത്തിന്റെ കിടപ്പ് മാറിയത്. പന്തയിലെ ചന്ത ദിവസം ജീപ്പിന്റെ മുന്നിലിരുന്ന് മുറുക്കിയ ഒറ്റാലിനെ സാമ്പൻ കാലുവാരി മയിൽക്കുറ്റിയില് ഒറ്റയടി. പന്തയിലെ ജനം ശ്വാസംമുട്ടി നിന്നുപോയി. എന്നിട്ടോ ഒറ്റക്കേസില്ല, ആരും സാക്ഷിയില്ല, നെയ്യാറില് കൊറേക്കാലം എസ്. ഐയുമില്ല.

കേഡിയൊക്കെ ആണേലും സാമ്പൻ ജാതിയിൽ ഞങ്ങളെക്കാൾ ഇത്തിരി മുകളിലാണ്, അന്ന് അങ്ങനെയും ചില പ്രശ്നങ്ങളുണ്ട്. സത്യത്തിൽ രണ്ടാണുങ്ങളിങ്ങനെ ഒന്നിച്ച് ജീവിക്കുന്നതിലല്ല, മറ്റേ ജാതിയിലാണ് പേനിനും മീശയ്ക്കും ചൊരുക്ക്.

എന്റെ പ്രശ്നം അതൊന്നുമല്ല, മീശയുടെ താലിമാലയും നല്ലൊരു തുകയും അടിച്ചോണ്ട് ബോംബെയിലേക്ക് തീവണ്ടി പിടിച്ച ഞാൻ സിനിമയിലും ജീവിതത്തിലും ഒരു കുന്തവുമായില്ല. എനിക്ക് അമരീഷ് പുരിയുടെ കണ്ണും അമിതാഭ് ബച്ചന്റെ ഉയരവും. നാട്ടിൽ നാലാള് കൂടുമ്പോൾ എന്നെയങ്ങ്‌ അത്ഭുതത്തോടെ നോക്കും, ചിലരൊക്കെ "സിനിമയിൽ ചെന്ന് കേറിക്കൂടെന്നൊക്കെ' അങ്ങ്‌ പ്രോത്സാഹിപ്പിക്കും. അതുംകേട്ട് ബാന്ദ്രയിൽ തീവണ്ടിയിറങ്ങി ഒറ്റമണിക്കൂറിൽ അങ്ങ്‌ വടക്കോട്ടൊക്കെ പൊക്കവും പൂച്ചകണ്ണും വലിയ കാര്യമല്ലെന്നും ശരിക്ക് ബോധ്യപ്പെട്ടു. ഈ നാട്ടിലെ കുള്ളന്മാരുടെ വാക്കും കേട്ടിറങ്ങിപുറപ്പെട്ട എന്നെ പറഞ്ഞാൽ മതിയല്ലോ..

ഇപ്പോഴിതാ ഈ പുറപ്പാട്. അതിന് വേറെ ചില കാരണങ്ങളുണ്ട്. നാടുവിട്ടപ്പോഴും പട്ടിയെപ്പോലെ മടങ്ങി വന്നപ്പോഴും മീശ ഒന്നും പറഞ്ഞില്ല. പേനിന് എന്റെ വീട്ടിൽ വോയിസുമില്ലല്ലോ. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും ഇവിടെ ക്ലച്ചുപിടിച്ചാൽ മതിയെന്നായി. അപ്പോഴാണ്‌ മീശ ഈ നോവലും തന്നിട്ട് വായിക്കാൻ പറയുന്നത്. ഈ ദേശകാർ വായിച്ചും, സിനിമകണ്ടും സമയം കളയാനില്ലാത്തതുകൊണ്ട് സംഭവങ്ങൾ ആരും അറിഞ്ഞില്ലെന്ന് വേണം പറയാൻ. ഉള്ളത് മുഴുവൻ ചാവും മുൻപ് എന്റെ പേരിലാക്കാൻ കാട്ടാക്കടയിലൊരു വക്കീലിനെ കാണാൻ ചെന്ന മീശയ്ക്ക് കിട്ടിയ സമ്മാനമാണ് ഈ നോവൽ. പക്ഷേ വായിച്ച് തീർന്നതും എനിക്കും സാമ്പന്റെ കഴുത്തിന് കുത്തിപ്പിടിക്കാൻ തോന്നി. അല്ലെങ്കിലും നോവലെന്ന പേരിൽ ഞങ്ങളുടെ കുടുംബചരിത്രം വിളമ്പി, സിനിമയാക്കി ഈ നാട് മുഴുവൻ കാണിക്കുക എന്നൊക്കെപ്പറഞ്ഞാൽ..

ശാന്തയ്ക്ക് അന്നേ നല്ല മീശയുണ്ട്. നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞുമായി "മീശേന്ന്' വിളിക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷേ അനിലനെ നാട്ടുകാർ "പേനെന്ന്' വിളിക്കാൻ തുടങ്ങിയ കാലം മുതലാണ് ആ മീശയും താടിയും ഇങ്ങനെ നാലാള് കാണേ നീണ്ടുനീണ്ട് വളരാൻ തുടങ്ങിയത്. അല്ലെങ്കിലൊരു ഒരു ചെറിയ കുറ്റി പൊങ്ങിവരുമ്പോൾ ബ്ലേഡ്‌ വളച്ച് പിടിച്ച് വടിച്ചുകളയുന്നത് ഞാനെത്ര കണ്ടിരിക്കുന്നു. അതിന്റെ കഥയൊക്കെ "ദഫേദാറിൽ' തുറന്നുപിടിച്ച്‌ എഴുതിയിട്ടുണ്ട്, അതാണ് ഞങ്ങളെ സംബന്ധിച്ച് അഭിമാനപ്രശ്നം..

അതുമാത്രമല്ല ഈ പോക്കിന്റെ പിന്നിൽ ഇത്തിരി സാമ്പത്തികവശം കൂടെയുണ്ട്. തറവാട് വീതം വച്ചത് രണ്ടായിട്ടാണ്, അതിന്റെ നല്ല പങ്ക് ശാന്തയ്ക്ക് അന്നേ കിട്ടി. പെണ്ണും പെടക്കോഴിയുമില്ലാത്ത ശിവൻ മാമന് കിട്ടിയതും ശാന്ത ചുളുവിലക്ക് വാങ്ങി. കിട്ടിയ കാശും ജോലി ചെയ്തുണ്ടാക്കിയതും ചേർത്ത് മാമൻ കൂട്ടപ്പൂ ഭാഗത്ത് കുറച്ച് ഭൂമിയും അതിന്റെ ഒത്തനടുക്ക് ഒരു വീടും വാങ്ങിയിട്ടു. "ദഫേദാറിൽ' പറയുന്നത് സത്യമാണെങ്കിൽ ഇതിന്റെ ഏക അവകാശി ഞാനാണ്. അതുമാത്രമല്ല നോവലിന്റെ അവസാനത്തെ അധ്യായം നോക്ക്.. "അവൻ വരും' എന്നല്ലേ പേരിട്ടിരിക്കുന്നത്? അല്ലാതെ എന്തേലും എഴുതിയത് കണ്ടോ..? അവനെന്നു പറഞ്ഞാൽ ഞാനല്ലാതെ വേറെ ആരാണ്?

അമിതാഭ് ബച്ചന്റെ പൊക്കമല്ലാതെ ഈ തടിയിൽ വേറെ ഒരു കുന്തവുമില്ലെന്ന് മീശ സമ്മതിക്കണ്ടെ. "നെന്റെ മാമന്റെ ഓഹരി നോരാകാലത്ത് ചെന്ന് ചോയിരെടാ പയ്ലേന്നും' പറഞ്ഞിട്ട് ആ തള്ള ഉമ്മറത്തെ കസേരയിൽ മീശയും തടവിത്തടവി ഒറ്റയിരുപ്പാണ്...

പണ്ടിതുപോലെ പേനിനേം പിരികേറ്റി വിട്ടിട്ട് എന്തായി.?.

"ഒറ്റമൂടളിയനെ ആണാപ്പെറന്ന ഒരുത്തൻ പിടിച്ചടക്കിവച്ചത് ചോദിക്കാൻ പാങ്ങില്ലെങ്കിൽ ഈ നെയ്യാറ്റില് ചാടി ചാവിനെടാ..'

മീശേടെ വാക്കും കേട്ട പേന്, ഞങ്ങളെ വെള്ള മഹീന്ദ്ര ജീപ്പില് പന്തയിലെ നാലഞ്ച് എരപ്പാളി പൈലുകളേം കയറ്റി സാമ്പന്റെ മുന്നിൽ ചെന്ന് പോരുവിളിച്ചു. അന്ന് സാമ്പന്റെ ഇടികൊണ്ട ഒരുത്തൻ ഇപ്പഴും ചൊമച്ച്കൊരച്ച് നടക്കുന്നുണ്ട്. അതില് തൊത്തി മണിയൻ കൊറേവർഷം ഒറ്റക്കിടപ്പുകിടന്ന് ഈ അടുത്തിടെയാണ് ചത്തത്. അവന്റെ പെണ്ണ് എല്ലാ ഞായറും വീട്ടിന്റെ മുന്നിൽ വന്ന് മീശയെ പള്ളുവിളിക്കും. ഇന്നലെയും അവള് വിളിച്ചു. പക്ഷെ വിളിക്കൊന്നും പഴയ ഉഷാറില്ലാ. ഒരു റൗണ്ട് കഴിഞ്ഞപ്പത്തന്നെ അവര് ചുമച്ച് പോയി.. മീശ സ്ഥിരമായി മതിലിന്റെ പുറകിൽ വയ്ക്കണ നൂറോ അമ്പതോ രൂപയും ഇത്തിരി പലചരക്കുമെടുത്ത് കണ്ണും തുടച്ച് അവരങ്ങ്‌ പോകും..

തൊത്തി മണിയനും കൂട്ടുസെറ്റിനും ഇതാണ് കിട്ടിയതെങ്കിൽ അവരെയും കൊണ്ടുചെന്ന പേനിന്റെ കാര്യം പറയണോ..? ചെമ്പ് പിടിയുള്ള കത്തിയും നീട്ടിപ്പിടിച്ച് നിന്ന നില്പിന് ചെവിപൊത്തി കിട്ടിയ അടി. കക്ഷി വീട് വരെ എഴഞ്ഞാണ് വന്നത്. എണീറ്റ് നിൽക്കാന്നായപ്പോൾ നാണക്കേടിന് നാട് വിട്ടു. എന്നിട്ട് നാലഞ്ച് മാസം കഴിഞ്ഞ് ഇതേപോലെ കയറി വന്നു. അന്നൊക്കെ അച്ഛന്റെ നടപ്പ് കണ്ടിട്ട് "പേനെന്നു' വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ അന്നത്തെ അതേ കത്തിയും തേച്ചുമിനുക്കി എന്റെ മുന്നിൽ വച്ചിട്ട് മാറിയിരിക്കുന്ന ഇയാളെ എനിക്ക് ശരിക്കു മനസിലാകുന്നില്ല.

എന്തായാലും ആ വീട്ടുവളപ്പിലെങ്കിലും ചെന്നെത്തിനോക്കാതെ എനിക്കിവിടെ കയറിവരാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇനി നോവലിൽ പറയുന്ന രീതിക്ക് അതെല്ലാം എനിക്കെഴുതിത്തരാൻ കാത്തിരിക്കുന്നതാണെങ്കിലോ..? ശിവൻ മാമന്റെ മരണത്തിനുപോലും ഈ വീട്ടീന്ന് ആരും ചെന്നിട്ടില്ല. നാട്ടീന്നും ആരും കൂടിയില്ലെന്നും, ഗേറ്റും പൂട്ടിയിട്ട് സാമ്പൻ ചിതയുണ്ടാക്കിയെന്നും വലിയ വായിൽ കരഞ്ഞെന്നുമൊക്കെയാണ് നോവലിലുള്ളത്. ഞാനാണെങ്കിൽ അക്കാലത്ത് ബാന്ദ്രയിലെ ഒരു ടയറ് കമ്പനിയിൽ അടിമപ്പണിയിലും.

കാലം കൂട്ടിനോക്കിയാൽ സാമ്പനിപ്പം ഒരെഴുപതിനടുത്ത് മൂപ്പ് കാണും. എനിക്ക് അതിന്റെ പാതിയും അഞ്ചുംകൂടെ ചേർക്കാം. എന്നുംപറഞ്ഞ് നേരെ കേറിയങ്ങ് ചെല്ലാൻ പറ്റോ.? മൂപ്പിലാൻ മർമ്മാണിയാണ്. തൊത്തി മണിയന്റെ ഇളിക്കൂട് നോക്കിയാണ് ആ കുത്ത്. അന്നത്തെ മുടികളായ സകല വൈദ്യന്മാരും കൈയൊഴിഞ്ഞതല്ലേ.? തൊത്തിയെ വിട് നമ്മളെ പേനിന്റെ കാര്യം നിരൂവിച്ച് നോക്ക്. ഇപ്പഴും ആ ചെവിയിൽ ഒരു മൂളക്കം മാത്രം. ആ തടികൊണ്ട് ഒന്നിനും ഒക്കൂലാന്ന് മീശ പഴിക്കണതിന് കാരണം ഞാൻ തന്നെ വിസ്തരിച്ച് തരണോ..? ഇനി കേട്ടേ തീരുന്നെങ്കിൽ പുസ്തകത്തിൽ കാര്യങ്ങള് എഴുതിയത് മാത്രമല്ല ആർട്ടിസ്റ്റ് മദനൻ സാറ് നല്ല നെറത്തില് വരച്ചും വച്ചിട്ടുണ്ട്. മീശ ഒരു രാത്രിയിൽ പേനിനെ കട്ടിലീന്ന് ചവിട്ടിയിട്ടതും പേന് ഇറയത്ത് കിടപ്പ്‌ തുടങ്ങിയതും അവരെങ്ങനെ അറിഞ്ഞായിരിക്കും..?എന്തായാലും ഈ പോക്കും കഴിഞ്ഞ് എനിക്കുയിരുണ്ടെങ്കിൽ ഒരു കേസ്, പുസ്തകം അടിച്ചവന്റെയും സിനിമ പിടിച്ചവന്റെയും തലയിൽ കേറ്റിക്കൊടുക്കും ഉറപ്പ്. ഒന്നുമില്ലേലും സ്വന്തം തള്ളയെപ്പറ്റിയല്ലേ ഇതൊക്കെ.

ഇപ്പഴത്തെ കാലത്താണെങ്കിൽ രണ്ടാണുങ്ങൾ ഒരുമിച്ച് ജീവിക്കണത് വലിയ സംഭവോന്നുമല്ല. നമ്മള് കേൾക്കണതല്ലേ ആണുങ്ങള് തമ്മില് കെട്ടിയെന്നും പെറ്റെന്നും. പക്ഷെ അന്നൊന്നും അങ്ങനെ അല്ലല്ലോ. ഓരോന്നിനും ഓരോ നാട്ടുനടപ്പില്ലേ..? അതും നാടിനെ വിറപ്പിച്ച ഒരു കേഡിയും, കോടതിയിൽ കുന്തം വിഴുങ്ങി നിൽക്കണ ദഫേദാറും. നോവലിൽ പറയണ രീതിക്കാണെങ്കിൽ സംഗതി നടന്നത് വേറെ വഴിക്കാണ്..

സാമ്പൻ അന്ന് കാട്ടാക്കട തങ്ക‌ച്ചൻ മുതലാളിയുടെ വലംകൈ. കേഡിയാണെന്നൊക്കെ ഒരൊഴുക്കിന് ഞാൻ തട്ടിവിട്ടതാണെങ്കിലും നാട്ടുകാരുടെ പള്ള് പാട്ടിൽപ്പോലും സാമ്പനൊരു പെണ്ണിന്റെ ചന്തിക്ക് തൊട്ടതായിട്ടോ, വീട് കേറിച്ചാടിയതായിട്ടോ, കൊച്ചുങ്ങളുണ്ടാക്കിയതോ കേട്ടിട്ടില്ല. നാട്ടിലുള്ള സകലതിനും അങ്ങേരോട് അറ്റ ആരാധന. എന്നിട്ടാ, അവളുകളെ ഒന്നു തിരിഞ്ഞ് നോക്കിയെങ്കിലെന്തര്.."അന്നൊക്കെ ഉത്തരംകോട്ട് ഉത്സവത്തിന് പെണ്ണുങ്ങള് ആനേ കാണാനല്ല വരണത്" നോവലില് ഇങ്ങനെ എഴുതിയത് ദഫേദാറ് ആയിരിക്കും. പക്ഷേ ഒള്ളതാണ് കേട്ടാ, ഉത്സവത്തിന് അങ്ങേര് നെളിഞ്ഞ് നിക്കണത് ഞാനും കൊച്ചിലേ കണ്ടിട്ടൊണ്ട്..

അത്പോട്ട്, അന്ന് ഷാപ്പായ ഷാപ്പും കൂപ്പായകൂപ്പും ഈ തങ്ക‌ച്ചന് സ്വന്തം. സർക്കാരിന്റെ ലേലത്തിന് ഒറ്റ ഒരെണ്ണം വരൂല. അഥവാ വന്നാൽ തങ്കച്ചനെ കേറ്റി ഒരുത്തനും വിളിക്കൂല. അരുവിക്കര ദാസനെന്നൊരു കണ്ട്രാക്ക് ഒരിക്കെ വിളിച്ചു. പന്ത ഷാപ്പും പിടിച്ചു. തങ്കച്ചൻ ദാസനെ ഒന്ന് നോക്കി, അതേ കണ്ണോണ്ട് സാമ്പനെയും നോക്കി. അതീപ്പിന്നെ ദാസന്റെ പൊടിപോലും കണ്ടിട്ടില്ല. നെയ്യാറ്റിലെ ഏതോ കോണില് ദാസന്റെ എല്ലും മുള്ളും കാണും, ആർക്കറിയാം. അതാണ് സാമ്പനും തങ്കച്ചൻ മൊതലാളിയും തമ്മിലൊള്ള ഇരിപ്പുവശം.

മൈലക്കരയിലെ ഒരു കൂപ്പിന്റെ ലേലവും കഴിഞ്ഞു വന്നവഴിക്കാണ് കള്ളിക്കാട് ചന്തയിൽ കീരയും വിറ്റോണ്ടിരുന്ന സുമതിയെ തങ്കച്ചൻ കാണണത്. പരിസരത്ത് ഒറ്റ മനുഷ്യനോ മാൻജാതിയോ ഇല്ല. സാമ്പന്റോടെ "ജീപ്പ് ചവിട്ടെടാന്ന്' തങ്കച്ചൻ കൈ കാണിച്ചു. സുമതി എണീറ്റ് നിന്ന് "രണ്ട് കെട്ട് ചീര തരട്ടാ അണ്ണാന്ന്' ചോദിച്ചു. തങ്കച്ചന്റെ നോട്ടത്തിന് അവള് ഓരോ ചീരക്കെട്ടിന് മുലരണ്ടും മറച്ചുപിടിച്ചു. തങ്കച്ചൻ ചാടിയിറങ്ങി സുമതിയെ പൂണ്ടടക്കം ഒറ്റപ്പിടുത്തം. അവളെ കോരിയെടുത്ത് ജീപ്പിലിട്ടിട്ട് "വണ്ടിയെട് മൈത്താണ്ടിന്ന് ഒറ്റ അലർച്ച..' സാമ്പന് അനക്കമില്ല. ജീപ്പിന്നെറങ്ങി ഒറ്റനില്പ്. തങ്കച്ചൻ വന്ന് ചെവിട്ടില് കുത്തിയിട്ടും സാമ്പൻ മിണ്ടാതെ നിന്നു. ഓടാൻ നോക്കിയ സുമതിയെ തങ്കച്ചൻ പാറക്കല്ലിന് എറിഞ്ഞിട്ടു. സുമതിയുടെ മോളിൽ കേറിക്കിടന്ന തങ്കച്ചനെക്കണ്ട് സാമ്പന്റെ കോളങ്ങ്‌ മാറി. പിന്നെയല്ലേ രസം നേരം വെളുത്തപ്പം ആളുകൾ കാണണത് എന്തര്..? തുണിയും നൂലുമില്ലാതെ ഒലട്ടി മരത്തിൽ കെട്ടിയിട്ടിരിക്കുന്ന തങ്കച്ചൻ മുതലാളിയെ..

കൂപ്പ് ലേലംകൊണ്ട പൈസയും മോട്ടിച്ച് കടന്നെന്ന കേസ്സിൽ നെയ്യാറ്റിൻകര കോടതിയിൽ സാമ്പന്റെ പേരില് കേസ് നടക്കണ കാലത്താണ് ഇവര് തമ്മിൽ കാണണത്. പ്രതിക്കൂട്ടിലെ സാമ്പന്റെ നേർക്ക് ദഫേദാർ ചിരിച്ചെന്നും, സുമതി വന്ന് സാക്ഷി പറഞ്ഞിട്ടും, മയിസ്രെട്ട് അന്നത്തെ കോടതി പിരിയുന്നത് വരെ സാമ്പനെ വരാന്തയിൽ നിർത്തിയെന്നും, അത് നോക്കാൻ ദഫേദാറിനെ ഏല്പിച്ചെന്നും, ആ നിൽപ്പിൽ അവര് തമ്മിലങ്ങ് പ്രേമിച്ചെന്നും. സത്യാമായിട്ടും എനിക്കതൊന്നും വിശദീകരിക്കാൻ പറ്റണില്ല. നിങ്ങള് തന്നെ ആ നോവല് വാങ്ങി വായിച്ചെടുക്കാൻ നോക്ക്.

അതും കഴിഞ്ഞാണ് പേന് മീശയുടെ വാക്കും കേട്ട് ചെന്നുകേറിക്കൊടുത്തത്. സത്യത്തിൽ സാമ്പൻ ഒതുങ്ങി കഴിഞ്ഞതാണ്. ഇല്ലെങ്കിൽ കേസ് കഴിഞ്ഞിറങ്ങി വന്ന കാലത്ത് തങ്കച്ചനെ ബാക്കി വയ്ക്കോ..? വർമ്മസ്ഥലത്ത് ഉഷ്ണപ്പുണ്ണു പിടിച്ച് നരകിച്ചല്ലേ അങ്ങേര് ചത്തത്. പെണ്ണുങ്ങളെ ശാപം. ചൊറിഞ്ഞുചൊറിഞ്ഞ് കരയണത് വഴിയേപോണവർക്ക് കേൾക്കാമായിരുന്നു. സഹികെട്ട മക്കള് അങ്ങേരേ ഉയിരോടെ കുഴിച്ചിട്ടെന്നും പറയുന്നുണ്ട്. അതെല്ലാം നല്ല ഭംഗിയായിട്ട് അതില് വരച്ചിട്ടിട്ടുണ്ട്. അടിയും കഴിഞ്ഞ് മിറ്റത്തൂടെ ഇഴഞ്ഞ് പോണ പേനിന്റെ അരയിൽ പിച്ചാത്തി തിരുകിക്കൊടുക്കണ സാമ്പന്റെ ചിത്രം കണ്ടിട്ട് എനിക്ക് പോലും ചിരി വന്ന്.

ദൈവപ്പുര മുക്കില് ഒരു കാറു വിളിക്കാന്നുള്ള ചിന്തയിൽ ഞാൻ നിൽക്കുമ്പോൾ പന്ത വഴി പോകുന്ന കൂട്ടപ്പു ബസ് വന്നു. ഒരു തുണി സഞ്ചിയിൽ ആകെ നോവലിന്റെ ഒരു പതിപ്പും, പേൻ തന്ന കത്തിയും. സീറ്റിലിരുന്നത് മുതൽ ആകെയൊരു വിറയൽ. നാലഞ്ച് സീറ്റിന്റെ മുന്നിൽ ഇരിക്കുന്ന സുമതിയുടെ ചിരി. നരച്ച തലയിൽ ഒരു കെട്ട് മുല്ലപ്പൂവ്. പന്തയിലെ ചന്ത ഇപ്പോൾ ഫുട്‌ബോൾ മൈതാനം. അവിടെ നിറയെ പിള്ളേരുണ്ട്. എന്നാലും പണ്ടത്തെപ്പോലെ അടിക്കാനും പിടിക്കാനും ഒന്നിനേം കിട്ടൂല. അതിനുള്ള കരളുറപ്പ് ഇപ്പഴത്തെ പിള്ളേർക്ക് കാണാനും വഴിയില്ല. വഴിവക്കിൽ നിന്നൊരു പഴയ ചുമ. എന്റെ വിറ പിന്നെയും കൂടി. അന്ന്‌, പേനിന് കൂട്ടുപോയവന്റെ ചുമയുടെ അരികിൽ കഷായത്തിന്റെ വലിയ കുപ്പി..

കൂട്ടപ്പു എത്തുന്തോറും എന്റെ ചങ്കിടിപ്പ് കൂടി. ബസിറങ്ങുന്നതിന്റെ നേരെ എതിരിൽ തങ്കം ബാർ. തങ്കച്ചൻ മുതലാളിയുടെ മക്കളാണ് അതിന്റെ നടത്തിപ്പ്. സുമതി അങ്ങോട്ട് കയറിപ്പോകുന്നത് കണ്ട എനിക്ക് കൗതുകം തോന്നി. ഞാനും കൗണ്ടറിന്റെ മുന്നിൽ ചെന്നിരുന്നു. കിട്ടിയത് രണ്ട് ലാർജ്ജ്, ഉള്ളിലാക്കിയപ്പോൾ ഒരുഷാറ് തോന്നി. സുമതി ചൂലും കോരിയുമായി കുടിയന്മാർ കക്കിയതും തുപ്പിയതും കോരുന്നു. ഇരുണ്ട വെളിച്ചത്തിൽ ചുവരിലിരുന്ന് തങ്കച്ചൻ മുതലാളിയുടെ പകയൻ ചിരി.

ദഫേദാറിൽ പറയുന്നതനുസരിച്ചാണെങ്കിൽ കൂട്ടപ്പു കവലയിൽ നിന്നും താഴേക്ക് കാണുന്ന വഴി തമിഴ്നാടിന്റെ ഭാഗമാണ്. അതിലൂടെ നൂറുമീറ്റർ പോയാൽ "സാമ്പാശിവം'എന്ന പേരിൽ ആ വീടും പറമ്പും. ഞാൻ സഞ്ചിയിലെ ചെമ്പുപിടിയിൽ തൊട്ടു..

ദൂരെ നിന്ന് ആ പറമ്പ് കാണാം. കരച്ചില് പോലെ ഹാർമോണിയത്തിന്റെ പാട്ട്. അയ്യോ ഞാനത് പറയാൻ വിട്ടുപോയി, ഈ സാമ്പനും ശിവനും ചേർന്ന് ഉൽസവങ്ങളിൽ കഥാപ്രസംഗത്തിനും പോക്കുണ്ട്, ഇവിടല്ല തമിഴ്നാട്ടിലേക്ക്. ഒന്നോർത്ത് നോക്കീൻ, നാടിനെ കിടുക്കിയവൻ ആളുകളെ ചിരിപ്പിക്കാനും കഥ പറയാനും കൂട്ട് നിക്കണ്. ഇതൊക്കെ ഏതെങ്കിലും കഥയിൽ പറയാൻ പറ്റോ..?

ശിവൻ മാമനായാലും ഞാനായാലും ഇത്തിരി കലയുടെ ഏനക്കേട് ഉള്ളതാണ്. അതിന്റെ ബാക്കി കരച്ചിലായിരിക്കും ഇപ്പോൾ കേൾക്കണത്..

വലിയ ഗേറ്റ് തുറന്നു കിടക്കുന്നു. നിറയെ പൂക്കളും മരങ്ങളും. ഗേറ്റിലും ചുവപ്പ് പൂവ് പടർന്നു കിടക്കുന്നു. മണൽ വിരിച്ചിട്ട മുറ്റത്തിന്റെ വലത് കോണിൽ ദ്രവിച്ചു തീരാറായ ആ ജീപ്പ്. പേനും പന്തയിലെ പിള്ളേരും പണ്ട് അതിലാണ് വന്നത്. എനിക്ക് പേനിന്റെ ഇഴഞ്ഞുപോക്ക് ഓർമ വന്നു. നോവലിലെ ആ അധ്യായത്തിന്റെ പേര് ഈ ജീപ്പിന്റെ നമ്പരാണ്. കെ.ആർ.യു 7564. അതും നോക്കി നിന്നപ്പോൾ, മണലിൽ ഇഴഞ്ഞു നീങ്ങുന്ന പേനും, ആകാശം നോക്കിക്കിടക്കുന്ന തൊത്തി മണിയനും, വലിയ ഒരു ചുമയും കഷായക്കുപ്പിയും പിന്നേയും ഉള്ളിൽ വന്നു. വെറുതെ വന്നെന്നെല്ല ആ ആർട്ടിസ്റ്റ് മദനൻ വരച്ചുവച്ചത് പതിഞ്ഞുപോയെന്ന് പറയണതാണ് സത്യം.

മുറ്റത്തു നിന്നാൽ ചുമരിലെ മാലയിട്ട വലിയ ചിത്രം കാണാം. വരപ്പിച്ചതാണ്. താഴെയായി ദഫേദാർ ശിവൻ, ജനനം-മരണം തീയതികൾ എഴുതിയിരിക്കുന്നു. നിറഞ്ഞു കത്തുന്ന ഒരു വിളക്ക്..

"വാ, കേറി വാ, വന്നിരി പിള്ളേ..' ചാരുകസേരയിൽ കിടക്കുന്ന സാമ്പന്റ ക്ഷണം. സഞ്ചിക്കുള്ളിലെ കത്തിയിൽ ഞാൻ തൊട്ടു. വിറയലോടെ മുന്നോട്ട് നീങ്ങി നിന്നു. ചെമ്പ് പിടിയിൽ അമർത്തിപ്പിടിച്ചു. നോവൽ ബാക്കിയുള്ള സഞ്ചി വലിച്ചെറിഞ്ഞ് സാമ്പന്റെ നേർക്ക് അലറാൻ ശ്രമിച്ചു.

"മര്യായിക്ക് ഞങ്ങളെ ഓഹരിയെങ്കിലും തന്നാലേയൊക്കൂ..' ഭീഷണിയും അപേക്ഷയും കരച്ചിലും കലർന്ന വാക്കുകൾക്ക് നേരെ സാമ്പന്റെ മുഖത്ത് ചിരി..

"ഇത് പേനിന്റെ പിച്ചാത്തിയല്ലേ, നെനക്കൊന്നും ഇത്തരീമായിട്ടും നേരം വെളുത്തില്ലല്ലേ..?" ഞാൻ സാമ്പന്റെ നേർക്ക് പതുക്കെ നീങ്ങി. കത്തിയുടെ മുനയിൽ നിന്നും എന്റെ വിറയൽ ഇറ്റുവീഴുന്നു..

"ഇരിയെടാ പയ്ലേ..' നിലത്തേക്ക് ചമ്രം പിണഞ്ഞ് വീഴാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. സാമ്പൻ വേഗത്തിൽ അകത്തേക്ക് പോയി. പേനിനെപ്പോലെ ഇഴഞ്ഞെങ്കിലും വീട്ടിലെത്താൻ കഴിയുമോ..? ഇരുന്നിടത്ത് നിന്നനങ്ങാൻ പറ്റുന്നില്ല. പേൻ തന്നയച്ച കത്തിയെവിടെ.? കിട്ടി. ഒരു തൂണിന്റെ മറവിൽ "ദഫേദാർ' തുറന്നു കിടക്കുന്നു, അരികിൽ ആ തുണി സഞ്ചി. പെട്ടെന്ന് എന്റെ മുഖത്തേക്ക് തെറിച്ചുവീണ ഒരു ആധാരക്കെട്ട്. ഞാൻ ഞെട്ടിത്തരിച്ചു. തലകുനിച്ച് അകത്തേക്ക് നടക്കുന്ന സാമ്പൻ..

വീടിനുള്ളിൽ നിന്നും ഹാർമോണിയത്തിന്റെ കരച്ചിലുയരുന്നു. ഞാൻ പതുക്കെ അകത്തേക്ക്‌ ചെന്നു. കിടപ്പുമുറിയുടെ നടുവിൽ വലിയ ഒരു കട്ടിലിലിരുന്ന് പാടുന്ന സാമ്പൻ. പൂക്കളുടെ മണം.

ചുവരിലെ ചിത്രങ്ങളിൽ ഏതോ വേദികളിൽ കഥാപ്രസംഗത്തിന്റെ അവതരണം. എല്ലാത്തിനും മുന്നിൽ വട്ടപ്പൊട്ടിട്ട ദഫേദാർ. ആ ഹാർമോണിയം. പിന്നണിയിൽ സാമ്പൻ..

കട്ടിലിനോട് ചേർന്ന മേശയിലിരിക്കുന്ന വലിയ കളർ ചിത്രത്തിൽ, മണവാളന്റെ വേഷത്തിൽ ഇരിക്കുന്ന സാമ്പൻ. പിന്നിൽ ചേർന്നുനിൽക്കുന്ന ദഫേദാർ. രണ്ടാൾക്കും കഴുത്തിൽ വലിയ ചുവന്ന പൂമാല. അരികിലായി അടുക്കി വച്ചിരിക്കുന്ന ദഫേദാറിന്റെ കുറച്ചു കോപ്പികൾ. അതിന്റെ ചുറ്റും വിതറിയ പൂക്കൾ, നിറഞ്ഞുകത്തുന്ന വിളക്ക്..

എന്നെക്കണ്ടിട്ട് പാട്ട് പെട്ടെന്ന് നിലച്ചു. സാമ്പൻ കട്ടിലിൽ മുട്ടുകുത്തി എന്റെ നേർക്ക് നിന്നു. ആ കണ്ണുകൾ ചുവന്നുകലങ്ങി. മീശ വിറച്ചു. ഞാൻ കത്തിയിൽ മുറുക്കിപ്പിടിച്ചു. പുറത്തേക്കുള്ള വാതിലിലേക്ക് നോക്കി.

"എല്ലാം കൊണ്ട് തിന്നോളീൻ, ഈയൊരു കട്ടിലെങ്കിലും എനിക്ക് മിച്ചമിട്ടാതി..' കരച്ചിലിന്റെ ശ്രുതിയിട്ട സാമ്പന്റെ പറച്ചിൽ.

കട്ടിലിൽ വീണുകിടക്കുന്ന സാമ്പന്റെ ഏങ്ങിയേങ്ങിയുള്ള കരച്ചിലും, ഹാർമോണിയത്തിലെ കെട്ടിപ്പിടിത്തവും, അതിന്റെ താളത്തിൽ കട്ടിലിന്റെ ഇളക്കവും. എനിക്കതെല്ലാം കണ്ടിട്ട് ചിരിക്കണോ കരയണോന്നറിയാതായി. എത്രയും വേഗത്തിൽ പുറത്തിറങ്ങി, അവിടെ ചിതറിക്കിടക്കുന്ന ആധാരങ്ങളുമെടുത്ത് വീടുപിടിക്കണമെന്നേ തോന്നിയുള്ളൂ.

ചെമ്പുപിടിയിട്ട ആ കത്തി വീണുപോയിരുന്നു. അല്പം നിമിഷങ്ങൾ അതിനെ തിരഞ്ഞുനോക്കി.

തൂണിന്റെ പിന്നിലെ തുണി സഞ്ചിയെടുക്കാൻ തോന്നിയില്ല. തുറന്നു കിടന്ന "ദഫേദാർ' കാലിൽ തട്ടിത്തെറിച്ചു. ഓട്ടത്തിനിടയിൽ ഗേറ്റിൽ പടർന്നിരുന്ന ചുവന്ന പൂവിട്ട വള്ളി ഉടുപ്പിൽ അള്ളിപ്പിടിച്ചു. എന്നിട്ടും ആ ഹാർമോണിയത്തിന്റെ കരച്ചിൽ വഴിനീളെ കേൾക്കാമായിരുന്നു.!!▮


കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകൻ. പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments