ചഞ്ചു. എം.എൽ.

കാലാ ബംദർ

‘ഞാനിപ്പോളൊരു കഥ നിങ്ങളോട് പറയാൻ പോവുകയാണ്. നിങ്ങളത് നിങ്ങളുടെ കൂട്ടുകാരോടോ വീട്ടുകാരോടോ പറയുമെന്നും അവർ അവരുടെ വീട്ടുകാരോടോ കൂട്ടുകാരോടോ പറയുമെന്നും എനിക്കറിയാം. അങ്ങനെയങ്ങനെ നൂറായിരമായിരം പേരുടെ ശബ്ദത്തിലൂടെ, ചെവികളിലൂടെ ഈ കഥ ഈ രാജ്യത്തെ അവസാനത്തെ ആളിൽ എത്തിച്ചേർന്നെന്നു കരുതുക.ഒടുവിൽ അവസാനത്തെ ആളോട് ആ കഥയൊന്നു പറയുവാൻ ആവശ്യപ്പെട്ടാൽ, അയാൾ ആ നിമിഷം പറയുന്ന ആ കഥയ്ക്ക് ഞാനുത്തരവാദി ആയിരിക്കുകയില്ല."
-ബംദർ


  1. കഥയുടെ തുടക്കം

"ഈ വക സെന്റിമെന്റ്സ് ഒന്നും എന്റടുത്ത് ചെലവാകത്തില്ല സിനീ... നീ വേറെ ആളെ നോക്ക്’’.

അവളുടെ ഓഫീസിലെ ഫ്രണ്ട്‌സ് എല്ലാവരും ദൽഹി റെയ്‌സിനക്കുന്നുകൾക്കടുത്തെവിടെയോ കപ്പിൾസ് ടൂർ പോയെന്ന് പരിഭവം പറഞ്ഞപ്പോൾ സ്വാഭാവികമായും എന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അല്ലെങ്കിലും ഇത്തരം ടൂറുകളോടും പ്രകടനങ്ങളോടൊന്നും ഒരു കാലത്തും എനിക്ക് ഭ്രമം ഉണ്ടായിരുന്നില്ല. അവസാനത്തെ അടവായി കരച്ചിലിന്റെ വക്കിലെത്തി മുഖം കറുപ്പിച്ചപ്പോൾ ഞാനവളോട് ചോദിച്ചു:

"എന്റെ പൊന്നുമോളെ സിനീ, നിനക്കെന്താ വേണ്ടത്? നിനക്ക് എന്നെയുമറിയാം, എനിക്ക് നിന്നെയുമറിയാം. മറ്റുള്ളവർ ജീവിക്കുന്നത് പോലെ കാട്ടിക്കൂട്ടി ജീവിക്കാൻ നമുക്ക് പറ്റില്ലെന്നും അതിന് ശ്രമിക്കരുതെന്നും പരസ്പരം കണ്ടനാൾ മുതൽ നിന്നോട് ഞാൻ പറഞ്ഞതാണ്. നീയത് സമ്മതിച്ചതുമാണ്.പണ്ട് നീ ഇങ്ങനെ ആയിരുന്നില്ല സിനീ’’.

ലിവിങ് റൂമിലെ ടിവിയിൽ നിന്ന് മഞ്ചാടി വീഡിയോസിന്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. പൊന്നിയും കിച്ചുവും യൂട്യൂബിൽ മുഴുകിയിരിക്കുകയാണ്.

"മുട്ടോളം കേറിയല്ലോ ചോനനുറുമ്പ്...
തലയോളം കേറിയല്ലോ ചോനനുറുമ്പ്…
തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ല
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ല..”

അതിലൊരു കുരങ്ങച്ചന്റെ ശരീരം മുഴുവൻ ഉറുമ്പ് കേറുകയും ചൊറിച്ചിലും അസ്വസ്ഥതയും കാരണം ആ ജീവി കാട്ടിലൂടെ ആക്കം മാക്കം ഓടുകയുമാണ്. കുരങ്ങന്റെ വെപ്രാളം കണ്ട് മക്കൾ കൈയടിച്ചു ചിരിച്ചു.

സിനി എന്റെ കൈയിലും ചൂണ്ടുവിരലിന്റെ നഖത്തിലും മെല്ലെ തലോടിക്കൊണ്ട് സംസാരിച്ച് വീഴ്ത്താനുള്ള അവളുടെ സ്ഥിരം അടവ് പുറത്തെടുത്തു.

"ഇതങ്ങനല്ല വിനു, ഭയങ്കര രസാന്നാ... നമ്മുടെ കുറെ വിഷ്ലിസ്റ്റ് ഇല്ലേ, അതിലേക്ക് ഇതൂടി ഒന്ന് ആഡ് ചെയ്യൂ. 'പ്യാരാ മഹൽ'. ഒരിക്കൽ അവിടെ പോയാൽ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് പോകാൻ തോന്നുമെന്നാ സഞ്ജനയും അജയുമൊക്കെ പറയുന്നത്. അവിടേക്ക് ഓഫീസിലെ എല്ലാരും പോയി. ഈ സ്റ്റോറീസും ഫോട്ടോസും വീഡിയോസും നീയൊന്ന് നോക്കിക്കേ. നമ്മുടെയൊക്കെ തിരക്ക് പിടിച്ച ഈ ജീവിതത്തിൽ നിന്ന് രക്ഷ നേടി ഒരു തവണയെങ്കിലും പോകേണ്ട സ്ഥലമാണ്. എന്ത് ഭംഗിയാണെന്ന് നോക്കിക്കേ..."

അവൾ ഫോൺ എന്റെ നേർക്ക് നീട്ടി നിർബന്ധപൂർവ്വം ഫോട്ടോകളും വിഡിയോകളും കാണിക്കാൻ ശ്രമിച്ചു.

"വീണ്ടും വീണ്ടും പോകാൻ തോന്നുമെങ്കിൽ, ഒരിക്കലും അങ്ങോട്ട് പോകരുത്. നമുക്ക് ഇവിടെ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ സിനീ..."

ഞാൻ തമാശരൂപേണ അവളുടെ വായടയ്ക്കാൻ ശ്രമിച്ചു. എന്നിട്ട് മനഃപൂർവ്വം ഒഴിഞ്ഞു മാറി ടെറസ്സിലേക്ക് നടന്നു. പക്ഷെ അവൾ വിടുന്ന മട്ടില്ലായിരുന്നു. വീണ്ടും എന്റെ പിറകെ ടെറസ്സിലേക്ക് കയറിവന്നു.

"വിനു പ്ലീസ് ഡാ, നീയിതൊന്ന് നോക്ക് എന്നിട്ട് തീരുമാനിക്ക് പോണോ വേണ്ടയോ എന്ന്’’.

അവളുടെ നിർബന്ധത്തിനുവഴങ്ങി ഞാൻ ഫോണിലേക്ക് നോക്കി. കുറെ ഫോട്ടോസും വീഡിയോസും. ആ വീഡിയോകളിൽ കാമുകീകാമുകന്മാരും ഭാര്യഭർത്താക്കന്മാരുമെല്ലാം ചിരിയുടെ മുഖംമൂടി അണിഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു, ഫോട്ടോകൾ എടുക്കുന്നു,തമാശകൾ പറയുന്നു,ആസ്വദിക്കുന്നു. എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം. പക്ഷെ എനിക്കെന്തുകൊണ്ടോ അതൊരുതരം കറുത്ത മുഖംമൂടിയാണെന്ന് തോന്നി. യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി, ഓർമ്മകളെയും സത്യത്തെയും മറവിയിൽ കുഴിച്ചിടുന്നതിനായി മനുഷ്യർ നടത്തുന്ന പ്രകടനങ്ങൾ. അവരുടെ ആരുടേയും കൂടെ കുട്ടികളും പ്രായമായവരും ഇല്ലെന്ന വസ്തുത ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പ്യാരാ മഹലിലെ വലിയ ചുവന്ന ലൗ സിമ്പലിനരികെ വിരലുകൾ കോർത്തിരിക്കുന്ന കപ്പിൾസ്. അവർക്ക് പിറകിൽ ദൂരെ, രാജ്യതലസ്ഥാനത്തിന്റെ ഔദ്യോഗികമന്ദിരം ഒരു പൊട്ട് പോലെ കാണാം. ഞാൻ ഫോൺ ഓഫാക്കി അതേപടി സിനിയുടെ കൈയ്യിൽ ഏൽപ്പിച്ചു.

പെട്ടെന്ന് ഞങ്ങൾ നിന്ന ടെറസ്സിന്റെ കൈവരിയിലൂടെ ഒരു കറുത്ത നിഴൽ രൂപം അതിവേഗം ഓടി മായുന്നതായി എനിക്ക് തോന്നി. ഞാനൊന്നു വിറച്ചു.

"എടീ... നീയിപ്പോ എന്തേലും ഇതുവഴി ഓടിപ്പോകുന്നത് കണ്ടോ?" സംശയത്തോടെ ഞാനവളോട് ചോദിച്ചു.
സിനി പൊട്ടിച്ചിരിച്ചു.

"എന്ത് ഓടിപ്പോകുന്നത്? വിനുകുട്ടാ, നീയിന്നു പതിവിലും അധികം ഒരു പെഗ്ഗ് കൂടി കഴിച്ചിട്ടുണ്ട്. അതോണ്ട് അങ്ങനെ പലതും ഓടിയും ചാടിയുമൊക്കെ പോകുന്നതായി തോന്നും. എന്റെ മോനിങ്ങ് വന്നേ... തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ഒരു ഉല്ലാസയാത്രയൊക്കെ പോയില്ലെങ്കിൽ ഇങ്ങനെ കാണാത്ത പലതും കാണും. കേൾക്കാത്ത പലതും കേൾക്കും. അങ്ങനെയങ്ങനെ പലതും നിനക്ക് തോന്നും. അതുകൊണ്ട് ഇനിയൊന്നും പറയേണ്ട, ഞാനീ യാത്ര ഫിക്സ് ചെയ്തു. അടുത്ത മാസം ആദ്യം നമ്മൾ ദൽഹിയിലേക്ക് പോകുന്നു. അവിടെന്ന് പ്യാരാ മഹലിലേക്കും."

എന്നിട്ടവളെന്നെ ചേർത്തുപിടിച്ചു, ചുണ്ടിലൊരു കടി തന്നു. ഞാനവളുടെ അടിവയറ്റിൽ ഒരു നുള്ള് കൊടുത്ത് ഒഴിഞ്ഞുമാറി. അവൾ സിനിയാണ്. എന്തേലും വേണമെന്ന് ആഗ്രഹിച്ചാൽ അതു നേടിയെടുക്കുന്നത് വരെ എന്തെങ്കിലുമൊക്കെ ഇങ്ങനെ പറഞ്ഞു നിർബന്ധിച്ചുകൊണ്ടേയിരിക്കും.

ഒടുക്കം യാതൊരു വഴിയുമില്ലാതെ ഞാൻ സമ്മതം മൂളി. പിള്ളേരെ എന്റെ കുടുംബവീട്ടിലാക്കി, തൊട്ടടുത്ത മാസം ആദ്യം തന്നെ ലീവെടുത്ത് ഞങ്ങൾ യാത്ര തിരിച്ചു.

  1. ശുക്ലാജീ പറഞ്ഞ കഥ

2014 മെയ് 26-ന് ഞങ്ങൾ രാജ്യതലസ്ഥാനത്ത് ട്രെയിനിറങ്ങി. ലക്ഷ്യസ്ഥാനത്തേക്കുള്ള ടാക്സി പിടിച്ചു. ചാറ്റൽ മഴയുണ്ടായിരുന്നെങ്കിലും യാത്രയ്ക്കതൊരു ശല്യമായി തോന്നിയില്ല.ചൂടത്ത് വല്ലാത്തൊരു നൊസ്റ്റാൾജിയയും കുളിർമ്മയും എനിക്കനുഭവപ്പെട്ടു.

യാത്രയുടെ മുഴുവൻ പ്ലാനും കൈകാര്യം ചെയ്തത് സിനിയായിരുന്നു. കാര്യങ്ങൾ ഇത്രയും മികവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള കഴിവ് അവളിലല്ലാതെ വേറെ ആരിലും ഞാനിതുപോലെ കണ്ടിട്ടില്ല. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ വർഷാവസാന ഫെസ്റ്റുകളും ട്രിപ്പുകളുമെല്ലാം അധ്യാപകർ അവളെയാണ് ഏൽപ്പിച്ചിരുന്നത്. സംഘാടനത്തിലുള്ള അവളുടെ അതുല്യമായ കഴിവിലാണ് ഞാൻ ആദ്യമായി വീണുപോകുന്നത്, അങ്ങനെയാണ് ഞാൻ സിനിയിലേക്ക് ആകൃഷ്ടനാകുന്നതും. അന്നവൾ ഒരു കുറുക്കന്റെ സാമർത്ഥ്യത്തോടെ സ്കൂളിനെയും കോളേജിനെയും അവിടത്തെ അധ്യാപകരെയും വിദ്യാർത്ഥികളെയും നിയന്ത്രിച്ചിരുന്നു. ഇപ്പോൾ ചിലനേരം അവളുടെ കരച്ചിലും കൊഞ്ചിക്കുഴയലും കാണുമ്പോൾ ഇതെന്റെ പഴയ സിനി തന്നെയാണോ എന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്.

പക്ഷെ ഈ യാത്രയിൽ അവൾ എന്നെ വീണ്ടും ഞെട്ടിച്ചു. അത്രയ്ക്ക് സമർത്ഥമായാണ് അവളീ യാത്ര പ്ലാൻ ചെയ്തത്.

ദൽഹിയിലിറങ്ങി പ്യാരാ മഹലിലേക്ക് യാത്ര തിരിക്കുമ്പോൾ സിനി ക്ഷീണിച്ച് എന്റെ തോളിൽ കിടന്നുറങ്ങുകയായിരുന്നു. പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്ത് ഉച്ചസ്ഥായിയിൽ മുദ്രാവാക്യങ്ങൾ വിളിച്ചു വൈകിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസ്സിൽ എന്റെ തോളിലേക്ക് വീണ് ക്ഷീണിച്ച് ചാഞ്ഞുറങ്ങുന്ന കോമ്രേഡ് സിനിയെ ഞാൻ ഓർത്തുപോയി.

ടാക്സിഡ്രൈവർ രാജീവ് ശുക്ല എന്ന ഹിന്ദിക്കാരനും ഞാനും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെപ്പറ്റി വെറുതെ സംസാരിച്ചു തുടങ്ങി. ഇടയ്ക്കയാൾ എന്നോട് ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തെപ്പറ്റി ചോദിച്ചു.

ശരിക്കും ഈ യാത്രയ്ക്ക് അങ്ങനെയെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? ഞാനാലോചിച്ചു. ഇല്ല, വെറുതെ രസത്തിന് ഒരു യാത്ര, അത്രതന്നെ. ഞാൻ നാട്ടിലെ വിശേഷങ്ങളും ഞങ്ങളുടെ പ്രണയജീവിത കഥകളും അയാളോട് പങ്കുവെച്ചു. കാര്യങ്ങളെല്ലാം കേട്ടശേഷം, ശുക്ലാജി പെട്ടെന്ന് ഗൗരവക്കാരനായി. അയാൾ ഒരു ദീർഘശ്വാസമെടുത്ത് 2001-ന്റെ പകുതിയിൽ ദൽഹിയിൽ അരങ്ങേറിയ ഭീകരമായ ഒരു സംഭവകഥ വിശദീകരിക്കാൻ തുടങ്ങി.

"സാബ്, 2001 ഏപ്രിൽ- മെയ് മാസങ്ങളിൽ നമ്മളീ പൊയ്ക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ദൽഹിയുടെ പ്രാന്തപ്രദേശങ്ങളെ വിറകൊള്ളിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്. അന്ന് ദൽഹിയിൽ എല്ലാർക്കും പറയാനുണ്ടായിരുന്നത് ഒരേയൊരു കഥയായിരുന്നു.

'കാലാ ബംദർ’

അയാൾ തുടർന്നു: "ശരീരം നിറയെ കറുത്ത രോമമുള്ള, വിചിത്രമായ ചിറകുകളുള്ള, കൂർത്ത ഇരുമ്പ് നഖങ്ങളുള്ള, പകുതി മനുഷ്യനും പകുതി കുരങ്ങനുമായ ഒരു ജീവി തലസ്ഥാനത്തിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് ജനങ്ങളെ ആക്രമിക്കുകയും, ഭീതി പരത്തുകയും, ചിലരുടെ മരണങ്ങൾക്ക് വരെ കാരണമാവുകയും ചെയ്തു. അക്കാലത്ത് കൊടുംചൂടും നീണ്ട പവർകട്ടും ഉള്ള ദിവസങ്ങളായിരുന്നു. ആളുകൾ രാത്രി തണുപ്പിനായി ടെറസ്സുകളിലാണ് കിടന്നുറങ്ങിയിരുന്നത്. ഞങ്ങളുടെ അയൽക്കാരൻ സനൽ ഗോപാൽ അതുപോലെ ഒരു രാത്രി ടെറസ്സിൽ വിശ്രമിക്കുകയായിരുന്നു. അർദ്ധമയക്കത്തിൽ തന്നെയെന്തോ വന്ന് ആക്രമിക്കുന്നതായി അയാൾക്ക് തോന്നി. ഞെട്ടിയുണർന്നപ്പോൾ കാലിലും കൈയിലും ഉൾപ്പെടെ ശരീരമാസകലം അസ്സഹനീയമായ വേദന.നോക്കുമ്പോൾ മുറിപ്പാടുകളും ചതവുകളും. ഏതോ ഭീകരജീവി മാന്തി കീറിയത് പോലെ രക്തം പൊടിയുന്നുണ്ടായിരുന്നു. ബോധം വന്ന് ചുറ്റും നോക്കിയപ്പോൾ അയാൾ കണ്ടത് ഒരു നിഴൽരൂപം അതിവേഗം ഓടിമറയുന്നതാണ്. രാത്രിയും പവർക്കട്ടും ആയതിനാൽ അത് എന്താണെന്ന് വ്യക്തമായി കാണുവാനായില്ല. എങ്കിലും അയാൾക്ക് തോന്നിയത് അതു വളരെ വലിപ്പമുള്ള ഒരു കറുത്ത കുരങ്ങനെന്നാണ്’’.

ഈ സംഭവം അന്നാദ്യം അയാൾ തന്റെ കൂട്ടുകാരനായ നവീൻ ഹരിയോടാണ് പറഞ്ഞത്. നവീൻഹരി പ്യാരാ മഹലിനടുത്ത് ലോഡ്ജ് മുറികൾ വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയാണ്. അയാളുടെ ലോഡ്ജിലാണ് ഞങ്ങൾ രണ്ടു മൂന്ന് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഈ സൗകര്യങ്ങളെല്ലാം ഏർപ്പാടാക്കി തന്നതും ശുക്ലാജീയായിരുന്നു. സുഹൃത്തുക്കളാണെന്നും പ്രത്യേകം ഡിസ്‌കൗണ്ട് കൊടുക്കണമെന്നും നവീൻ ഹരിയോട് ഫോണിൽ പറഞ്ഞുറപ്പിച്ചിട്ടാണ് അയാൾ ഞങ്ങളെ ലോഡ്ജിനു മുന്നിലിറക്കി യാത്ര പറഞ്ഞുപോയത്.

യാത്രയുടെ ക്ഷീണം മാറ്റാൻ ഞങ്ങൾ രണ്ട് മൂന്ന് മണിക്കൂർ കിടന്നുറങ്ങി. ഫ്രഷ് ആയി ഞാൻ താഴെ നവീൻ ഹരിയുടെ ഓഫീസ് റൂമിലേക്ക് ചെന്നിരുന്നു. അയാൾ വളരെ ശാന്തമായാണ് സംസാരിക്കുന്നത്.തിരക്കുള്ളിടത്ത് ഇത്തരമൊരു ലോഡ്ജ് നടത്തിക്കൊണ്ട് പോകുന്നതിന്റെ യാതൊരുവിധ ടെൻഷനോ പതർച്ചയോ അയാളുടെ മുഖത്തുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനിടയിൽ,ശുക്ലാജി സൂചിപ്പിച്ച കുരങ്ങുകഥയെപ്പറ്റി ഞാൻ ഹരിയോട് ചോദിച്ചു.

അത്രയും നേരം സമാധാനത്തോടെയും സൗഹാർദ്ദത്തോടെയും സംസാരിച്ചിരുന്ന ഹരിയുടെ പെട്ടെന്നുള്ള ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു ഭയം ഉടലെടുക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.

  1. ഹരി പറഞ്ഞ കഥയ്ക്കുള്ളിലെ കഥകൾ

ഹരി തന്റെ തൊണ്ടയിടറികൊണ്ട് സംസാരിക്കാൻ തുടങ്ങി:

"വിനു സാബ്... അത് വെറുമൊരു കഥയല്ല. അക്കാലത്ത് ഇത്തരമൊരു കുരങ്ങ് രൂപത്തെ കണ്ട് ഭയന്ന്, വീടിനു മുകളിൽ നിന്നും താഴേക്ക് വീണു മരിച്ച ആസിയ എന്നൊരു സ്ത്രീയുണ്ടായിരുന്നു. അവരുടെ വീടിനപ്പുറത്തെ വാടകതാമസക്കാരായിരുന്നു ഞാനും എന്റെ കുടുംബവും. ആസിയയുടെ മരണാന്തരചടങ്ങുകൾക്ക് പോയപ്പോൾ അവളുടെ വൃദ്ധയായ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞ ചില കാര്യങ്ങളുണ്ട്. അതോർക്കുമ്പോൾ ഇപ്പോഴും എന്റെയുള്ളൊന്ന് പിടയും."

ഹരി ആ ഓർമ്മകളിലേക്ക് പോയി.

ആസിയയുടെ ഉമ്മ പറഞ്ഞു:
“മോനേ... ആ ജീവിക്ക് വലതു കൈയ്യിൽ ഉരുക്ക് നഖങ്ങളും ഇടം കൈയ്യിൽ പിച്ചള നഖങ്ങളുമുണ്ടായിരുന്നു.അവ മൂർച്ചയുള്ളതായിരുന്നു. ആ രൂപത്തിന് ആറോ ഏഴോ അടി ഉയരമുണ്ട്. കാലുകൾ കനമുള്ളതാണ്, രോമം നിറഞ്ഞതും. ആദ്യമൊക്കെ അവൻ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൻ വരുന്നതിനു മുന്നേ തന്റെ സാന്നിധ്യം അറിയിക്കും. ചിലപ്പോൾ ഭയാനകമായ ഒരു വിസിലോടെ,അല്ലെങ്കിൽ അലർച്ചയുള്ള ചൂളംവിളിക്കുന്ന കാറ്റിനൊപ്പം. ചിലപ്പോൾ അവന്റെ നിഴൽ ആദ്യം കാണുന്നു, ചിലപ്പോൾ അവന്റെ തിളങ്ങുന്ന കണ്ണുകൾ കാണുന്നു. പക്ഷേ ഓരോ തവണയും, ആക്രമണം നടത്തി മറ്റുള്ളവരുടെ കണ്ണിൽനിന്നും പിടിയിൽ നിന്നും ഒഴിഞ്ഞുമാറി അവൻ രക്ഷപ്പെടും. എങ്ങോട്ടേക്കൊ അപ്രത്യക്ഷമാകും. പിശാചിനെപ്പോലെ കാലാ ബംദർ എല്ലായിടത്തും ഉണ്ട്, പക്ഷേ എവിടേയും ഇല്ലതാനും”.

ഹരി തുടർന്നു:
‘‘കേൾക്കുമ്പോൾ കുട്ടികൾ കണ്ടു ഭയക്കുന്ന ഏതോ ഹൊറർ സിനിമയിലെ ഒരു രംഗമായി തോന്നാം. പക്ഷേ, ഇവിടെ ദൽഹിയിലെ നിഷാകാന്ത് കോളനിയിൽ അക്കാലത്ത് അതൊരു യഥാർത്ഥ്യമായിരുന്നു. വളരെ കാലത്തിനുശേഷം സമാധാനപൂർവ്വമായ ഉറക്കത്തിലേക്ക് എല്ലാവരും ആണ്ടു പോയ ദിവസങ്ങൾ.അതുവരെ നടന്ന കാര്യങ്ങൾ കോളനിനിവാസികൾ മറന്നുതുടങ്ങിയിരുന്നു’’.

അങ്ങനെയിരിക്കെ ഒരു ദിവസം ഓട്ടോറിക്ഷ ഡ്രൈവറായ ഹമീദ് അലി, കറുത്ത കുരങ്ങുമനുഷ്യനെക്കുറിച്ചുള്ള തന്റെ ആവേശകരമായ വിവരണം ഒരു വലിയ കവലയിൽ വെച്ച് നടത്തുകയായിരുന്നു. കൗതുകത്തോടെയും നിശ്ശബ്ദതയോടെയും ആ കഥ കേൾക്കാൻ ഇരുപതോളം പേർ അവിടെ കൂടി. അത്ഭുതത്തോടെയും ഭയത്തോടെയുമുള്ള അവരുടെ മുഖഭാവങ്ങൾ ആ കഥ പറച്ചിലിന് കൂടുതൽ ജീവൻ നൽകി.

അടുത്ത ആഴ്ചകളിൽ ദൽഹിയിലും അതിനുമപ്പുറത്തും ഇത്തരം രംഗങ്ങൾ ആവർത്തിച്ചു.ആളുകൾ പൊടിപ്പും തൊങ്ങലും ചേർത്ത് കഥകൾ പറഞ്ഞു പരത്തി.നിഗൂഢവും ദുഷ്ടനുമായ കാലാ ബംദറിന്റെ വിചിത്രമായ കഥ പൊതുജനശ്രദ്ധ പൂർണ്ണമായി പിടിച്ചുപറ്റി. രാജ്യത്തെ രാഷ്ട്രീയക്കാരും, സിനിമാതാരങ്ങളും, ബിസിനസുകാരും ചർച്ച ചെയ്ത വാർത്തകളിൽ അർദ്ധമനുഷ്യനായ ആ ജീവി മുന്നിലെത്തി.

ഇരുട്ടിലൂടെ ഒളിഞ്ഞുനോക്കി നിരപരാധികളെ ആക്രമിക്കുന്ന കാലാ ബംദർ! യാഥാർത്ഥ്യത്തിന് നിരക്കാത്തത് മുതൽ പരിഹാസ്യമായത് വരെയുള്ള കഥകൾ. കാലാബംദർ താഴ്ന്ന വരുമാനമുള്ള ചേരികളിലും സമ്പന്നരുടെ അത്താഴ മേശകളിലും രാത്രികളിൽ ആവർത്തിക്കപ്പെടുന്ന ഭയപ്പെടുത്തുന്ന കഥകളായി മാറി. ആദ്യമൊക്കെ ഇത് വെറും തമാശക്കാരുടെ പ്രവൃത്തികളാണെന്ന് കരുതിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. കറുത്ത ഭീകരതയുടെ ഫലമായി, ഒരു ഗർഭിണിയുൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

2001 മെയ് 14 ന്, നോയിഡയിലെ സെക്ടർ 58 ലെ റാവൺ കുമാർ ഒരു കുരങ്ങന്റെ ആക്രമണത്തിൽ വീട്ടിൽ തീ പടരുന്നത് കണ്ട് പേടിച്ച് മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണു മരിച്ചു.ഒരു ദിവസത്തിനുശേഷം മുല്ല കോളനിയിൽ, റാം കുമാറിന്റെ ഭാര്യയും ഗർഭിണിയുമായ സീതാലക്ഷ്മി തന്റെ വീട്ടിലെ രണ്ട് മുറികളിലൊന്നിൽ തീ കൊളുത്തി മരിച്ചതായി കാണപ്പെട്ടു.

ബാജി കോളനിയിൽ അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങുകയായിരുന്ന സുമൻ എന്നയാൾ കുരങ്ങ് മനുഷ്യന്റെ നിലവിളി കേട്ട് ടെറസിൽ നിന്ന് പടികൾ ഇറങ്ങി സുരക്ഷിതസ്ഥാനം തേടി ഓടി. പരിഭ്രാന്തിയിൽ തലകറങ്ങി വീണ അയാളെ കിഴക്കൻ ദൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, തലയ്ക്കേറ്റ കഠിനമായ പരിക്കു കാരണം അയാൾ മരണപ്പെട്ടു. ആ രാത്രിയിൽ സുമന്റെ വീടിന്നടുത്ത് മേൽക്കൂരയിൽ ഇരുന്ന വീട്ടുടമസ്ഥയായ കമലകുമാരി, ‘ഞങ്ങൾ എല്ലാവരും കാലാ ബംദറിന്റെ അലർച്ച കേട്ടു’ എന്ന് അശുഭസൂചനയോടെ സാക്ഷ്യം പറഞ്ഞു.

അൻസിയ ബാനുവും അവരുടെ റിക്ഷക്കാരനായ ഭർത്താവ് അസർ ഹിഷ്തിയാക്കും അവിടെ നിന്നും ഏതാനും ബ്ലോക്കുകൾ അകലെയാണ് താമസിക്കുന്നത്. അതേ രാത്രിയിൽ തന്നെ അജ്ഞാത ജീവിയെ കുറച്ചു നേരത്തെക്കെങ്കിലും പിടികൂടിയതായി അവർ അവകാശപ്പെട്ടു.കറുത്തിരുണ്ട ജീവിയെ കുടുക്കാൻ വേണ്ടി അവർ ഒരു ബെഡ്ഷീറ്റ് അതിന്റെ മേലേക്ക് എറിഞ്ഞു.

"പക്ഷേ അത് ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്നു.എന്തെങ്കിലും വ്യക്തമായി കാണാൻ കഴിയുന്നതിന് മുമ്പ് അത് 'ഹൂ ഹൂ ഹൂ' എന്ന് ഭീകരമായി അലറിക്കൊണ്ടു ഇരുട്ടിലേക്ക് ചാടിപ്പോയി," ബാനു പോലീസിനോട് കേസ്സിന് ആസ്പദമായ സംഭവം വിശദമായി പറഞ്ഞു.

കാലാ ബംദറിന്റേത് എന്നാരോപിക്കപ്പെട്ട നൂറിലധികം കേസുകളിൽ ഒന്ന് മാത്രമായിരുന്നു അത്. ആ രാത്രികളിൽ കിഴക്കൻ ദൽഹിയിലെ താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളിലും ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ്‌നഗർ ജില്ലകളിലും സമാനമായ സംഭവങ്ങൾ നടന്നിരുന്നു.അവിടെ രാത്രിയിലെ വരണ്ട കാലാവസ്ഥയിൽ നിന്നും നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കത്തിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ കൂട്ടത്തോടെ മേൽക്കൂരകളിൽ ഉറങ്ങുമായിരുന്നു.ആ സമയത്താണ് അവിടെയും അക്രമങ്ങൾ അധികവും ഉണ്ടായത്.കാലാബംദറിനെ കണ്ട് പേടിച്ച പലർക്കും സംസാരശേഷിയും ഓർമ്മയും നഷ്ടപ്പെട്ടു. പരിക്കു പറ്റിയവരുടെയും ദുർമരണങ്ങളുടെയും എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.

ഹരി പറഞ്ഞുനിർത്തി.

"ഞാനീ കഥകൾ എല്ലാം നാട്ടുകാരോട് പറഞ്ഞെങ്കിലും ആദ്യം ആരും അതത്ര ഗൗരവമായി എടുത്തില്ല സാബ്. പക്ഷേ, വേറൊരു ദിവസം രാത്രിയിൽ എന്റെ സ്വന്തം ടെറസ്സിൽ തുണി വിരിച്ചു കൊണ്ടിരുന്നപ്പോൾ എന്നെയും എന്തോ ഒന്ന് പിന്നിൽ നിന്നും ആക്രമിച്ചു. ഇരുട്ടിൽ എന്നെ തള്ളിയിട്ടതും കുരങ്ങിനെ പോലുള്ള ഒരു വലിയ രൂപമായിരുന്നെന്ന് എനിക്ക് ഉറപ്പാണ്’’.

കഥകളെല്ലാം കേട്ട് ലോഡ്ജിന്റെ കോണിപ്പടികൾ കയറി ചെല്ലുമ്പോൾ സിനി എന്റെ അരികിലേക്ക് വന്നു. ഹരി പറഞ്ഞ കഥകൾ പലതും അവളും ലോഡ്ജിലെ മറ്റ് താമസക്കാരുടെ വർത്തമാനങ്ങളിൽ നിന്ന് കേട്ടിട്ടുണ്ടായിരുന്നു. അവളുടെ മുഖത്തും നേരിയൊരു പരിഭ്രാന്തി പടർന്നിരുന്നു.

  1. നിയാസുദീൻ പറഞ്ഞ കഥ

പിറ്റേദിവസം രാവിലെ പ്യാരാ മഹലിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഞങ്ങൾ ലോഡ്ജിനു പുറത്തെ തെരുവുകളിലൂടെ നടന്നു. കച്ചവടക്കാരുടെ ഒച്ചപ്പാടുകളിൽ തെരുവ് ഉണർന്നിരുന്നു.അവരോട് സംസാരിച്ചു കൊണ്ടു സിനിയും ഞാനും മുന്നോട്ട് നീങ്ങി.

നീയാസുദ്ദീൻ പറഞ്ഞ കഥയും ഭീതിയുടെ വ്യാപ്തി നിറഞ്ഞതായിരുന്നു.

ലോഡ്ജിന് പുറത്ത് പച്ചക്കറി വിൽക്കുന്ന നിയാസുദ്ദീൻ എന്ന വൃദ്ധൻ തന്റെ ശരീരത്തിലെ വലിയൊരു പാട് കാണിച്ച് തന്നുകൊണ്ട് ആ കഥയ്ക്ക് മറ്റൊരു ഭാവം നൽകി.

നിയാസുദീൻ പറഞ്ഞു:

"ബാബുജീ, അന്ന് ഞാൻ എന്റെ കുടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഏതോ ഒരു കറുത്ത ജീവി വന്ന് എന്നെ ഭീകരമായി ആക്രമിച്ചു. മുറിവിന്റെ ആധിക്യം കാരണം പിന്നീടുള്ള ആഴ്ചകളിൽ എനിക്ക് ജോലിയ്ക്ക് പോകുവാൻ പോലും സാധിച്ചില്ല’’.

ഈ ആക്രമണത്തോടെ നാട്ടുകാർ സംഭവങ്ങൾ അതീവ ഗൗരവമായി എടുത്തു. ഇവയ്ക്ക് പിന്നിൽ എന്തോ വലിയ രഹസ്യങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചു. ഏതോ ഒരു നിഗൂഢജീവി ഈ പ്രദേശത്ത് ചുറ്റിതിരിഞ്ഞു നടക്കുന്നുണ്ട്. ക്രമേണ ഈ വിവരം കാട്ടുതീ പോലെ രാജ്യത്തുടനീളം എല്ലാവരിലേക്കും വ്യാപിച്ചു. ദൽഹിയിൽ മാത്രമല്ല അതിനെ ചുറ്റിപ്പറ്റിയുള്ള പലയിടങ്ങളിലും, കൂടാതെ ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തിലുള്ള ആക്രമണങ്ങളും വാർത്തകളും ദിനംപ്രതി പെരുകിപ്പെരുകി വന്നു.

ആക്രമണത്തിന് ഇരയായവർ പറഞ്ഞ കഥകൾക്കും സംഭവവിവരണങ്ങൾക്കും വിചിത്രമായ ഒരു ഐക്യമുണ്ടായിരുന്നു:

‘‘പവർക്കട്ടുള്ള ദിവസങ്ങളിൽ ഇരുട്ട് ആയതിനാൽ ഞങ്ങളൊന്നും നേരെ കണ്ടില്ല, അറിഞ്ഞില്ല.ആ സമയത്ത് വ്യക്തമായി മനസ്സിലാക്കാനോ ചിന്തിക്കാനോ കൂടി സാധിച്ചില്ല.എന്നാലേതോ ഭീകരജീവി വന്ന് ഞങ്ങളുടെ വേണ്ടപ്പെട്ടവരെയും അയൽക്കാരെയും സഹോദരരെയും കടിക്കുകയും മാന്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. മുറിവുകൾ ഉണ്ടായിട്ടുണ്ട്. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്‌. ഭൂരിഭാഗം ആളുകൾക്കും ആക്രമണത്തിന്റെ ആഘാതത്തിൽ സംസാരശേഷിയും ചിന്താശേഷിയും നഷ്ടപ്പെട്ടിരുന്നു. ജനങ്ങളുടെ സ്വസ്ഥജീവിതം പൂർണ്ണമായി ഇല്ലാതായി’’.

ജനങ്ങളെ ആക്രമിക്കുന്ന ഈ ജീവിയേതാണ്?

ചർച്ചകൾ കൊഴുത്തു. പകുതി മനുഷ്യനും പകുതി കുരങ്ങുമായിട്ടുള്ള ഭീകരജീവിക്ക് ജനങ്ങൾ 'കാലാ ബംദർ' എന്ന് പേരിട്ടു. ടിവിയിലും പത്രത്തിലും ന്യൂസുകളിൽ ഈ വാർത്ത നിറഞ്ഞപ്പോൾ ജനങ്ങൾ അത് പൂർണ്ണമായി വിശ്വസിച്ചു തുടങ്ങി.എപ്പോ എവിടെ വേണമെങ്കിലും അത് പ്രത്യക്ഷപ്പെടാം. ഭയം അനുദിനം എല്ലാവരിലും വർദ്ധിച്ചു. രാത്രി പവർക്കട്ടിന്റെ സമയത്ത് വീടിന് പുറത്തേക്ക് ഇറങ്ങുന്ന നേരത്താണ് ആക്രമണങ്ങൾ അധികവും നടന്നത്. പിന്നീട് പകൽ സമയങ്ങളിലും കാലാ ബംദറിനെ കണ്ടെന്നു അവകാശപ്പെടുന്നവരുണ്ടായി. പലരും ഞെട്ടിയുണർന്നപ്പോൾ കണ്ടത് കുരങ്ങിനെ പോലുള്ള ഒരു ജീവിയാണ്, കണ്ണടച്ചു തുറക്കും വേഗത്തിൽ അതു മാഞ്ഞുപോവുകയും ചെയ്തു.വീണ്ടും കഥകൾ പെരുകി.

പോലീസ് അന്വേഷണം ആരംഭിച്ചു. എത്രമണിക്കാണ് അക്രമം സംഭവിക്കുന്നതെന്നും ഇതിന്റെ പൊതുവായ രീതികൾ എന്താണെന്നും മനസ്സിലാക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ ആക്രമിക്കപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകൾ അല്ലാതെ മറ്റൊരു ശാസ്ത്രീയ തെളിവും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.ആളുകൾ കൊല്ലപ്പെടാൻ തുടങ്ങിയതോടെ ജനങ്ങൾ നിയമം കൈയിലെടുത്തു. ചെറിയൊരു നിഴലോ അനക്കമോ കണ്ടാലുടനെ 'കാലാ ബംദർ വരുന്നു' എന്ന് നിലവിളിച്ചോടിയ പലർക്കും വീണ് പരിക്കേറ്റു. ഗർഭിണിയായ സീതാലക്ഷ്മി എന്ന സ്ത്രീക്ക് ഇത്തരത്തിൽ ഓടുന്നതിനിടയിൽ വീണ് ഗുരുതരമായി പരിക്കേറ്റു.പിന്നീട് അവരെ അവരുടെ തന്നെ മുറിയിലിട്ട് കാലാബംദർ തീ കൊളുത്തി.

കണ്ടെന്നു പറഞ്ഞവർ അതിന്റെ രൂപം ഓരോ ദിവസവും കൂടുതൽ കൂടുതൽ ഭീകരമായി വിശദീകരിച്ചു കൊണ്ടിരുന്നു:

കറുത്ത വലിയ ശരീരം, ലോഹ ഹെൽമെറ്റ് ധരിച്ച തല.ചിലർക്ക് തിളക്കമുള്ള കണ്ണുകൾ, ചിലർക്ക് ചോര ചീറ്റുന്ന കണ്ണുകൾ, മറ്റു ചിലർക്ക് തീ തെറിപ്പിക്കുന്ന കണ്ണുകൾ.

കൂർത്ത ഇരുമ്പ് നഖങ്ങൾ,കെട്ടിടങ്ങൾക്ക് മുകളിലേക്ക് ചാടാൻ സഹായിക്കുന്ന സ്പ്രിംഗ് ഉള്ള ഷൂസുകൾ, കൈകളിൽ നിന്നും നേരിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി.

രാത്രി ഭയം കാരണം ജനങ്ങൾ വീടുകൾ അടച്ചുപൂട്ടി ഉള്ളിലിരുന്ന് ന്യൂസുകൾ കാണാൻ തുടങ്ങി. മുൻനിര ദേശീയ ചാനലുകൾ പോലും പ്രൈം ടൈമിൽ ഈ ന്യൂസ് കവർ ചെയ്തു. കാലാ ബംദറിന്റെ ആദ്യ ഫോട്ടോയോ വീഡിയോയോ കിട്ടാൻ മാധ്യമങ്ങൾ തമ്മിൽ മത്സരമായി. വീട്ടിലിരുന്നു കഥ പറയുകയോ കേൾക്കുകയോ ചെയ്യുന്ന നിങ്ങളുടെയോ എന്റെയോ അവസ്ഥ ആയിരുന്നില്ല നേരിട്ട് അനുഭവിച്ചവരുടേത്.

ആരാണീ കാലാബംദർ? അങ്ങനൊരു ജീവിയുണ്ടോ?

2001 ഏപ്രിൽ 1 മുതൽ മെയ്, ജൂൺ അവസാനം വരെ കാലാബംദർ ആക്രമിച്ചു എന്ന പേരിൽ ഇരുന്നൂറിൽപ്പരം വ്യാജ കോളുകളാണ് ദൽഹി പോലീസ് സ്റ്റേഷനിലെത്തിയത്. വാർത്താമാധ്യമങ്ങൾ എല്ലാം ഏറ്റെടുത്തതോടെ കാലാ ബംദറിന് വിമർശകരുണ്ടായി,ആരാധകരുമുണ്ടായി! ജീവനിലുള്ള കൊതിയും ഭയവും കാരണം പലരും യുക്തി മറന്ന് അതിനെ ദൈവത്തിന്റെ അവതാരമായി കണ്ട് ആരാധിക്കാൻ തുടങ്ങി.ഇത് നഗരത്തിലുടനീളം സൃഷ്ടിച്ച വലിയ ഭയം കാരണം താമസക്കാർ രാത്രിയിൽ ഉറങ്ങാതെ, വീടുകൾക്ക് കാവലിരിക്കാൻ തുടങ്ങി. വടികളും ആയുധങ്ങളുമായി ജനങ്ങൾ തെരുവിൽ ജാഗ്രത പാലിക്കുന്ന ജനക്കൂട്ടമായി മാറി.ട്രെയിനിലും ബസ്സുകളിലും കവലകളിലും ആളുകൾ പങ്കുവച്ച കഥകളും ചിന്തകളും തമാശകളും ഒടുവിൽ വലിയൊരു സാമൂഹിക ദുരന്തമായി മാറുകയായിരുന്നു.

'കണ്ട നീയവിടെ നിൽക്ക്, കേട്ട ഞാനാദ്യം പറയാം' എന്ന മട്ടിൽ കഥകൾ നാടുകൾതോറും പടർന്നു.

ഭയം പിന്നീട് മതപരമായ വിശ്വാസങ്ങളിലേക്ക് വഴിമാറി. ഈ വിപത്തിൽ നിന്നും രക്ഷനേടാൻ ആളുകൾ ഹനുമാൻ ചാലീസകൾ ഉറക്കെ ചൊല്ലാൻ തുടങ്ങി. തെരുവുകളിൽ യുവാക്കൾ ഒത്തുചേർന്ന് 'ബംദർ സേന'കൾ രൂപീകരിച്ചു. രാത്രികാലങ്ങളിൽ കാവലിരിക്കാനും സംശയമുള്ള അപരിചിതരെ തല്ലിച്ചതയ്ക്കാനും ഈ സേനകൾ മുന്നിട്ടിറങ്ങി. യുക്തി പൂർണ്ണമായി മരവിച്ച നാളുകളായിരുന്നു അത്.

  1. ഡോ: നബീന നദീം പറഞ്ഞ കഥ

പ്യാരാ മഹലിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ കണ്ടുമുട്ടിയ സൈക്യാട്രിസ്റ്റായ ഡോക്ടർ നബീന നദീം ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം 2001 ലെ ഭ്രാന്തമായ അവസ്ഥയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കൃത്യമായി വിശദീകരിച്ചു തന്നു:

“യഥാർത്ഥ ആഘാതത്തിന്റെയും ഭയത്തിന്റെയും ആക്രമണത്താൽ മനുഷ്യന്റെ ഭാവന വർദ്ധിച്ചതോടെയാണ് കാലാ ബംദറിനെക്കുറിച്ചുള്ള വിവരണങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങിയത്. എന്നാൽ മരണങ്ങൾ നടന്ന ദാരുണമായ കേസുകളിൽ പോലും ശക്തമായ തെളിവുകൾ കണ്ടെത്താൻ പ്രയാസമായിരുന്നു. സുമന്റെ മരണം നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ന്യൂ അശോക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാനവേന്ദ്ര സിംഗ് ആയിരുന്നു. അയാൾ വ്യക്തമാക്കിയത് ഇങ്ങനെയാണ്:

"സുമന്റെ ശരീരത്തിൽ നഖങ്ങളുടെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഭയം കാരണം ഓടുന്നതിനിടയിൽ വീണ് തലയ്ക്കേറ്റ പരിക്ക് കാരണമാണ് അയാൾ മരിച്ചത്."

പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗ്യാൻ സിംഗ് കൂട്ടിച്ചേർത്തു:

"ഇങ്ങനെ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട എല്ലാ ഇരകളെയും ഡോക്ടർമാർ പരിശോധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ചുമരുകളിലോ തറയിലോ തട്ടിയോ വീണോ ഉരഞ്ഞോ അവർക്ക് ചതവുകളും പോറലുകളും ഉണ്ടായിരുന്നു.പക്ഷേ മൃഗങ്ങളുടെ നഖപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല.കാലാ ബംദർ നാടകം മുഴുവൻ ഒരു തമാശയാണ്, അല്ലെങ്കിൽ ഒരു വലിയ കൂട്ട ഭ്രാന്താണ്”.

ഒരു വിസിൽ ശബ്ദമോ അലർച്ചയോ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് ചുറ്റിത്തിരിയുന്ന ചില സാമൂഹിക വിരുദ്ധരുടെ വികൃതികളാണ് ഇതിന് തുടക്കമിട്ടത് എന്നാണ് പ്രാദേശിക പോലീസും വിശ്വസിക്കുന്നത്.ആക്രമണത്തിന് ഇരയായ മറ്റുള്ളവർ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.എന്നാൽ സൂക്ഷ്മപരിശോധനയിൽ, അവരുടെ കഥകൾ വളരെ നേർത്ത നിലയിൽ പോലും യുക്തിരഹിതമായിരുന്നു.

ശുചീകരണ തൊഴിലാളിയായ നിമയ് ദാസിന്റെ ഭാര്യയും നോയിഡയിലെ സെക്ടർ 9 ലെ ചേരികളിൽ താമസിക്കുന്നവളുമായ രേഖ ദാസ് പറയുന്നത്, താൻ കാലാ ബംദറിനെ നേരിട്ട് കണ്ടെന്നാണ്.ഒരു ദിവസം പുലർച്ചെ, ആ ജീവി തന്റെ ചുമരിലെ ഒരു ചെറിയ ദ്വാരത്തിലൂടെ പറന്നുവന്നതായി അവൾ അവകാശപ്പെട്ടു:

"അതിന് ഒരു കുരങ്ങിന്റെ മുഖവും മനുഷ്യന്റെ ശബ്ദവുമുണ്ടായിരുന്നു. അത് എന്റെ നേരെ പറന്നുവന്നു’’.

തന്റെ നെറ്റിയിലും വിരലുകളിലും അത് കടിച്ചതായി ദാസ് പറഞ്ഞു.അതുപോലെ കുരങ്ങൻ അതിന്റെ നഖമുള്ള വിരലുകൾ ഒറ്റയടിക്ക് ഭർത്താവിന്റെ വായിലിട്ട് നാല് പല്ലുകൾ പറിച്ചെടുത്തുവെന്നും അവൾ അവകാശപ്പെടുകയുണ്ടായി. പിന്നീട് ആ നിഗൂഢജീവി പുക വിട്ടതുപോലെ നിശ്ശബ്ദമായി പുറത്തേക്ക് പറന്നുപോയത്രേ. എന്നാൽ ദാസ് ദമ്പതികളെ പരിശോധിച്ച ഡോ. എസ്.കെ. മൊണ്ടോൾ പറഞ്ഞത്, രേഖയുടെ വിരലുകളിലും നെറ്റിയിലും സാധാരണ എലിയോ പൂച്ചയോ കടിച്ച പാടുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്! ദാസിന്റെ നാല് പല്ലുകൾ പോയത് പണ്ടേയുള്ള പല്ല് ജീർണ്ണത കാരണവുമായിരുന്നു.”

എന്നിട്ട് ഡോക്ടർ നദീം ഇതിനെയെല്ലാം വൈദ്യശാസ്ത്രപരമായി വിശകലനം ചെയ്തു:

“മാസ് ഹിസ്റ്റീരിയ അഥവാ മാസ് സൈക്കോജെനിക് ഇൽനെസ്സ് ആണിത്. തിരിച്ചറിയാൻ കഴിയുന്ന ജൈവ കാരണങ്ങളോ രോഗകാരികളോ ഇല്ലാതെ ഒരു കൂട്ടം ആളുകളിലൂടെ പരിഭ്രാന്തി വേഗത്തിൽ പടരുന്ന അവസ്ഥയാണിത്. സമ്മർദ്ദവും ഉത്കണ്ഠയും മൂലമുണ്ടാകുന്ന ഇത് ബോധക്ഷയം, ഓക്കാനം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളിലൂടെ തമ്മിൽ കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ വഴി പടരുകയും ചെയ്യുന്നു.

ചരിത്രത്തിലെ 'ദി ഡാൻസിങ് പ്ലേഗ്' (The Dancing Plague), 'ടാൻസാനിയയിലെ ചിരി പനി' (Tanganyika laughter epidemic) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

പിന്നീട് കാലാ ബംദർ ഭയം കുട്ടികളെപ്പോലും ബാധിക്കാൻ തുടങ്ങി.കുട്ടികൾ ടിവിയിൽ കാണുന്ന കാർട്ടൂണുകളിലെ കുരങ്ങൻ കഥാപാത്രങ്ങളെപ്പോലും ഭയത്തോടെ മാത്രം നോക്കാൻ തുടങ്ങിയ അവസ്ഥയിലേക്ക് ഈ പരിഭ്രാന്തി വളരുന്നു.”

ഡോക്ടറുടെ ഭാഷയിൽ എനിക്ക് ഒരുകാലത്തു നഷ്ടമായ യുക്തിയുടെ വ്യാകരണം തിരയുന്നതിനിടയിൽ കാലം അതിവേഗം പിന്നോട്ട് ഓടുന്നതായി തോന്നി.

  1. റിവേഴ്സ് പരിണാമകഥ

“കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കായിരുന്നല്ലോ മാറ്റം. അതായത് ഡാർവിന്റെ പരിണാമസിദ്ധാന്തപ്രകാരം നമ്മൾ ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് മൃഗീയതയിൽ നിന്ന് യുക്തിയിലേക്കും വിവേചനശേഷിയുള്ള ആധുനിക മനുഷ്യനിലേക്കും പരിണമിച്ചു കയറി.കുരങ്ങിൽ നിന്ന് മനുഷ്യനായി മാറി. ബുദ്ധിയും യുക്തിയും വിവേചനശക്തിയുമുള്ള മനുഷ്യൻ. ബുദ്ധിയും ശാസ്ത്രബോധവും കൊണ്ടു നാം പ്രകൃതിയെ കീഴടക്കി.എന്നാൽ ഭയവും അന്ധമായ പരിഭ്രാന്തിയും ഉള്ളിലേക്ക് അരിച്ചുകയറുമ്പോൾ മനുഷ്യൻ തന്റെ നൂറ്റാണ്ടുകളുടെ സാംസ്കാരികനേട്ടങ്ങളെയും ചിന്താശേഷിയെയും നിമിഷനേരം കൊണ്ടു മറന്ന് വീണ്ടും മൃഗതുല്യമായി പെരുമാറുന്നു—അതാണ് റിവേഴ്സ് പരിണാമം.പരിണാമത്തിന്റെ ഈ വിപരീതസഞ്ചാരകഥ അതു വല്ലാത്തൊരു കഥയാണ്.”

മൊബൈൽ ഫോണിൽ ഭയത്തിന്റെ അൽഗൊരിതം സജസ്റ്റ് ചെയ്തു നീട്ടിയ യൂട്യൂബ് വീഡിയോ വെറുതെ എന്നോട് സംസാരിച്ചു.

“2001- ൽ ദൽഹിയെ വിറപ്പിച്ചത് കേവലം ഒരു അദൃശ്യകുരങ്ങനായിരുന്നില്ല. മറിച്ച് ആധുനിക മനുഷ്യന്റെയുള്ളിൽ സുഷുപ്തിയിലാണ്ടു കിടന്നിരുന്ന ആദിമ മൃഗമായിരുന്നു, മനുഷ്യന്റെ ഉള്ളിലെ ഭയം തന്നെയായിരുന്നു.

നാഗരികതയുടെ മേലാപ്പുകൾ അഴിഞ്ഞുവീഴുമ്പോൾ, ഇരുട്ടിനെ പേടിച്ചിരുന്ന ഗുഹാമനുഷ്യന്റെ അതേ ജനിതകഭയം നമ്മളിൽ ഉണരുകയായി.”

യുട്യൂബ് വിഡിയോയെ ഭയത്തിന്റെ കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു ഞാനും സിനിയും പ്യാരാ മഹലിൽ നിന്നുമിറങ്ങി തമാശകൾ പറഞ്ഞു കൈകൾ കോർത്ത് നടന്നു. ഞങ്ങളെപ്പോലുള്ള അനേകം മനുഷ്യർ അപ്പോഴും അവിടെ ചിരിയുടെയും ആത്മവിശ്വാസത്തിന്റെയും കപട മുഖംമൂടികളണിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം നോക്കി പ്യാരാമഹലിനെക്കുറിച്ച് വാചാലരായി.

ലോഡ്ജിന്റെ ടെറസ്സിലേക്ക് ഞങ്ങൾ തിരികെ നടക്കുമ്പോൾ ദൽഹിയുടെ ആകാശം കറുത്തിരുണ്ടിരുന്നു. വേനലിന്റെ കടുത്ത ചൂടിൽ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമായിരുന്നു,കാറ്റ് പോലും നിശ്ചലം.ദൂരെ നിഷാകാന്ത് കോളനിയിലെ ചേരികളിൽ നിന്നും ഉയരുന്ന തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ഓരിയിടൽ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വായുവിൽ പടർന്നു. അത് കേവലം ഒരു മൃഗത്തിന്റെ ശബ്ദമായിരുന്നില്ല, വരാൻ പോകുന്ന ഏതോ വിപത്തിന്റെ മുന്നറിയിപ്പ് പോലെ അന്തരീക്ഷത്തെ കൂടുതൽ ഭയാനകമാക്കി.

പെട്ടെന്ന്, ഒരു വലിയ ഇടിമിന്നലോടെ നഗരത്തിലെ വൈദ്യുതി മുഴുവൻ നിലച്ചു. ഒരു വൻനഗരം, അതിന്റെ എല്ലാ സാങ്കേതിക തിളക്കങ്ങളും നഷ്ടപ്പെട്ട് ഒറ്റ നിമിഷം കൊണ്ട് ആദിമമായ കൂരിരുട്ടിലേക്ക് ആണ്ടുപോയി. തൊട്ടടുത്ത കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ മൊബൈൽ ടോർച്ചുകളുടെയും മെഴുകുതിരികളുടെയും വെളിച്ചം പരിഭ്രാന്തിയോടെ മിന്നിമറയുന്നത് ഞാൻ കണ്ടു. വടികളും ഇരുമ്പുകമ്പികളുമായി കാവലിരിക്കുന്ന മനുഷ്യരുടെ നിഴലുകൾ കോൺക്രീറ്റ് ചുവരുകളിൽ ഭീമാകാരമായ കുരങ്ങുരൂപങ്ങളായി പതിഞ്ഞിരുന്നു. അവർ ശത്രുവിനെയല്ല, സ്വന്തം ഭയത്തെയാണ് ആയുധമണിഞ്ഞു കാത്തിരുന്നത്.

സിനി എന്റെ കൈകളിൽ കൂടുതൽ മുറുക്കിപ്പിടിച്ചു.അവളുടെ നഖങ്ങൾ എന്റെ കൈയ്യിലേയും ചൂണ്ടുവിരലിലെയും നേർത്ത ചർമ്മത്തിലേക്ക് പതിയെ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു,അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

"വിനു... ആ ചുവരിലേക്ക്... ആ മേൽക്കൂരയിലേക്ക് നോക്കിക്കേ..."

അവൾ വിറയ്ക്കുന്ന വിരൽ ചൂണ്ടിയ വശത്തേക്ക് ഞാൻ നോക്കി.

ഇരുട്ടിൽ, ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് അമാനുഷികമായ വേഗതയിൽ ചാടിപ്പോകുന്ന ഒരു കറുത്ത നിഴൽരൂപം! യുക്തിയുടെ എല്ലാ വാതിലുകളും അടച്ച് ഞാൻ ചിന്തിച്ചു—അത് വെറുമൊരു തെരുവ് പൂച്ചയായിരുന്നോ, അതോ കേട്ട കഥകളിൽ നിന്നും നമ്മുടെ ഉള്ളിലെ ഭയം നിർമ്മിച്ചെടുത്ത ഒരു കറുത്തരാക്ഷസ രൂപമായിരുന്നോ?

അന്ന് രാത്രി ആ മേൽക്കൂരയിൽ കണ്ടത് എന്താണെന്ന് ഉറപ്പിക്കാനാകാതെ, ഭയത്തിന്റെ ഒരു വിറയലോടെയാണ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.

  1. കഥയുടെ ഒടുക്കം

ഓർമ്മകൾ വീണ്ടും ഒരു വൃത്തം പൂർത്തിയാക്കുകയായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. 2014-ലെ ആ ദൽഹിയാത്രയ്ക്കുശേഷം ഞങ്ങളുടെ ജീവിതം വീണ്ടും പഴയതുപോലെ യാന്ത്രികമായ തിരക്കുകളിലേക്ക് മടങ്ങിയിരുന്നു.

ഓർമ്മകളുടെ ആഴങ്ങളിലേക്ക് കാലാ ബംദർ പതുക്കെ പിൻവാങ്ങി.

ഒടുവിൽ, മനുഷ്യരാശിയുടെ ചരിത്രത്തിൽ ലോകം മുഴുവൻ നിശ്ചലമായ ആ കറുത്ത വർഷം വന്നുചേർന്നു, 2020. പ്യാരാ മഹലിലേക്കുള്ള മറ്റൊരു യാത്രയ്ക്കിടയിൽ ദൽഹിയുടെ തെരുവുകളിലെവിടെയോ കുടുങ്ങികിടക്കുമ്പോഴാണ് ഒരു ചായക്കടയിലെ ടിവിയിൽ പെട്ടെന്ന് ആ ശബ്ദം മുഴങ്ങിയത്:

"മേരെ പ്യാരെ ദേശ് വാസിയോം... ആജ് രാത്ത് ബാരഹ് ബജേ സെ പൂരേ ദേശ് മേം സമ്പൂർണ് ലോക്ക് ഡൌൺ ഹോനേ ജാ രഹാ ഹേ..."

ടി.വിയിൽ നിന്നു പുറത്തുവന്ന ആ വാക്കുകൾ ഒരു മന്ത്രവാദം പോലെ ജനങ്ങളെ നിശ്ചലരാക്കി.

ആരാധകരാരോ കാലാബംദർ എന്ന് പേരിട്ട കറുത്ത മനുഷ്യക്കുരങ്ങിന്റെ പെയിന്റ് ചെയ്ത ഞങ്ങളുടെ ബസ്സ്, കാലത്തിനു പിന്നിലേക്ക്, പരിണാമസിദ്ധാന്തത്തിന്റെ വിപരീതദിശയിൽ യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു.

പെട്ടെന്ന്, ആ ചായക്കടയുടെ ഇരുണ്ട മൂലയിൽ നിന്നും ഒരു നിഴൽ രൂപം എന്റെ നേർക്ക് തിരിഞ്ഞു.ആ അപരിചിതന്റെ രൂപത്തിന് കാലാ ബംദറിന്റെ സാദൃശ്യമുള്ളതായി എനിക്ക് തോന്നി.അതിന്റെ കണ്ണുകളിൽ ഒരു വിചിത്രമായ തിളക്കമുണ്ടായിരുന്നു. അത് എന്നെ നോക്കി ക്രൂരമായി പല്ലിളിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു:

"കഥകൾ ഒക്കെ കേട്ടല്ലോ... ആ അവസാനത്തെ ആള് നീയാണെന്ന് മനസ്സിലായില്ലേ? ഇനിയിമ്മാതിരി കഥകൾ പറഞ്ഞോ കേട്ടോ നടന്നാൽ, ഒരിക്കലും കഥ പറയാനോ കേൾക്കാനോ കഴിയാത്തവിധം നിന്നെയൊക്കെ വെട്ടി നുറുക്കി ചരിത്രത്തിന്റെ ഇരുണ്ട പൊന്തക്കാട്ടിലേക്ക് വലിച്ചെറിയും’’.

Comments