വെളിപാട്
മഞ്ഞച്ചിറകുകളുള്ള പൂമ്പാറ്റകൾ ലോഞ്ചിയറയിലെ വീടുകൾ പൊതിഞ്ഞു. ദൂരെ ജിപ്സികളുടെ ഘോഷയാത്ര വരുന്ന ശബ്ദം കേൾക്കാം.
തലയിൽ വേരുകളുള്ള മരങ്ങൾ നടക്കാൻ തുടങ്ങി. മനുഷ്യരില്ലാത്ത ലോഞ്ചിയറയുടെ തെരുവുകളിൽ മനുഷ്യരില്ലാത്ത ശബ്ദങ്ങൾ മാത്രം. മരങ്ങൾ നിരയായി നീങ്ങി മൈതാനത്തിന്റെ ഒത്തനടുക്കെത്തി. പള്ളിമണി മരണം മുഴക്കി.
ലാസറാശാൻ സ്വപ്നത്തിൽനിന്ന് ഉണർവിലേക്ക് ഉറക്കെച്ചാടി.
പരവശനായ ആശാൻ ചുമരിൽ തൂക്കിയ തന്റെ കെട്ടിയോൾ ഫിലോമിനയുടെ ഫോട്ടോയിലേക്കു മിഴിച്ചു .
ഫിലോമിനച്ചേടത്തിയുടെ മരിപ്പാണ് എല്ലാത്തിനും തുടക്കം.
ഒറ്റക്കായി പണ്ടാരടങ്ങി ആശാൻ വിഷാദം മൂത്ത് തന്റെ പള്ളിനാടകസംഘം പിരിച്ചുവിട്ടു.
മക്കളില്ലാത്ത വിഷമം തീർത്തത് ഗീവർഗീസ് നാമധാരിയായ നാടൻ പട്ടിയായിരുന്നു. ആശാന് വിഷാദത്തിന്റെ കനം കൂടിയപ്പോ അങ്ങേരതിനെ ദൂരെ എവിടെയോ തുറന്നുവിട്ട് സ്വാതന്ത്ര്യം കൊടുത്തു. തനിക്ക് കിട്ടിയ സ്വാതന്ത്ര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ഒറ്റപ്പെട്ടുപോയ ഗീവർഗീസിനെ കായലിലെ ചീങ്കണ്ണി തിന്നു.
അങ്ങനെ ലോകത്ത് തീർത്തും ഒറ്റക്കായിരുന്നു ലാസർ. ഏകാന്തതയുടെ അഴികൾ ആശാനെ മറ്റു വിനോദങ്ങളിലേക്കും വഴിതെറ്റിച്ചു. അതിൽ ആശാനെ ഏറ്റവും സ്വാധീനിച്ചത് സാഹിത്യ പുസ്തകങ്ങളുടെ വായനയായിരുന്നു. ഈ കമ്പം തലയ്ക്കുപിടിച്ചാണ് പുള്ളി ടൗണിൽ പോയി തന്റെ കുഞ്ഞുസമ്പാദ്യത്തിന്റെ പകുതിയിലധികവുമുപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയത്. വായനയുടെ വെള്ളിടി വെട്ടിയ ഒരു പെരുന്നാ രാവിലാണ് ആശാൻ മാർക്കേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിക്കുന്നത്. പുസ്തകത്തിന്റെ അവസാന പേജെത്തിയപ്പോൾ ലോഞ്ചിയറയുടെ മാനത്തു പൂത്ത നക്ഷത്രങ്ങൾ ഇപ്പോൾ പെയ്തുവീഴുമെന്ന് ലാസറിനു തോന്നി. പുസ്തകത്തിൽനിന്നുദിച്ച വെളിച്ചംകൊണ്ട് ആശാൻ കണ്ണുകളടച്ചു, കരഞ്ഞു.
അന്നുമുതൽ ലാസറിന്റെ തലയിൽ തളംകെട്ടി നിന്നിരുന്ന മാർക്കേസിന്റെ മാന്ത്രികത ലോഞ്ചിയറയുടെ കായലും കരയും അറിഞ്ഞതേയില്ല.
പള്ളിയും പട്ടക്കാരും
മൂന്നു ദിക്കുകളും കായലാൽ ചുറ്റപ്പെട്ട പ്രദേശമാണ് ലോഞ്ചിയറ. ഒരു പള്ളിയും അതിനെച്ചാരി ജീവിച്ചും ചത്തും ചമയുന്ന കുറച്ചു മനുഷ്യരും. ലോഞ്ചിയറയുടെ വടക്കുഭാഗത്ത് മുള്ളിത്തെറിച്ചപോലെ മാറിക്കിടക്കുന്ന കുഞ്ഞൻ കണ്ടൽതിട്ടയാണ് കാപ്പിരിത്തുരുത്ത്. പൊതുവേ പള്ളിയേയും പട്ടക്കാരേയും അനുസരിക്കാതെ ജീവിക്കുന്ന സാമൂഹികവിരുദ്ധർ താമസിക്കുന്ന, മരിക്കുന്ന ഇടമാണ് കാപ്പിരിത്തുരുത്ത്. ഇങ്ങനെയൊക്കെ ആണേലും നിലാവെട്ടമില്ലാത്ത രാത്രിയിൽ മടിയിലെ ചൊരുക്ക് മാറ്റാൻ ലോഞ്ചിയറയിലെ ആൺപിറന്നോമ്മാര് തോണി പായിക്ക കാപ്പിരിത്തുരുത്തിലെ മറിയേന്റെ കാലിന്റെ ഇടയിലേക്കാ.
പള്ളിവാക്ക് ഒടുക്കത്തെ വേദമാക്കിയ ലോഞ്ചിയറ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമല്ലാതെ ഒന്നിലും വിശ്വസിച്ചില്ല. കടുത്ത വിശ്വാസികളായിരുന്നെങ്കിലും മുടങ്ങിക്കിടന്ന പള്ളിപ്പെരുന്നാള് ഏറ്റെടുത്തുനടത്താൻ ഒരു മുതലാളിയും ചങ്കുറപ്പ് കാട്ടിയില്ല. പക്ഷേ ലോഞ്ചിയറയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ നാട്ടുപ്രമാണി പ്രിൻസ് ഒരുമ്പെട്ടത് പിതാവും പുത്രനും പരിശുദ്ധാത്മാവും കണ്ടില്ലെന്ന് നടിച്ചിരിപ്പായിരുന്നു.
ഞായറാഴ്ചത്തെ കുർബാന കഴിഞ്ഞാൽ പിന്നെ ലോറൻസച്ഛന് തിങ്കളാഴ്ച എന്നത് മുഴുവനായും വിശ്രമത്തിന്റെ ദിവസമാണ്. ലോകം മുഴുവൻ ഓടുമ്പോഴും അച്ഛൻ തന്റെ ചാരുകസേരയിൽ ഒരു മലപോലെ കിടന്നുറങ്ങും. പള്ളിയിലെ ഈച്ചകൾപോലും തലേന്നാളത്തെ കുർബാനയുടെ മടുപ്പിൽ തൂങ്ങിക്കിടക്കുന്ന നേരത്താണ് ലോഞ്ചിയറയുടെ സകല ചലനങ്ങളും തന്റെ കയ്യിലാണെന്ന് വിശ്വസിക്കുന്ന പ്രിൻസ്, പുരാതനമായ ആ കൊച്ചു പള്ളിമേടയിലേക്കു കയറിവന്നത്.
പുറത്താരെയും കാണാതെ പ്രിൻസ് വാതിലിൽ മെല്ലെ മുട്ടി;
"അച്ഛോ... ലോറൻസച്ഛോയി..."
ഉറക്കം കെടുത്തിയ പിശാച് ഏതവനാണെന്ന പ്രാക്ക് കടിച്ചുപിടിച്ച് അച്ഛൻ എഴുന്നേറ്റുവന്നു വാതിൽ തുറന്നു. ഉറക്കം ഒഴിഞ്ഞുപോകാത്ത അച്ഛനെക്കണ്ട് പ്രിൻസ് ചോദിച്ചു,
‘‘എന്നാ ലോറൻസച്ഛോ ഒറങ്ങണേർന്നാ? നല്ലാളാ... ലോകം മുഴോൻ ഓടമ്പഴാ അച്ചൻ ഇവടെ ഈ ചാരുകസേരേല് കെടന്ന് ധ്യാനിക്കണത്’’.
"എന്താടാ പ്രിൻസേ... മൻഷ്യനൊന്ന് റെസ്റ്റ് എട്ക്കമ്പഴാണാടാ കൊണവതികാരം പറേണെ’’.
കൂടുതലൊന്നും പറയാതെ പ്രിൻസ് അകത്തേക്ക് കയറിയിരുന്നു.
അച്ഛോ... നമുക്ക് നമ്മടെ പള്ളിപ്പെരുന്നാൾ അങ്ങട്ട് നടത്തിയാലാ ഈ ലോഞ്ചിയറക്കാര് ഞെട്ടട്ടെ...
അച്ചൻ കണ്ണൊന്നു തുറന്നു.
"എന്താടാ പ്രിൻസേ ഈ വെയിലത്ത്? വെളിവട്ടം പറയുന്നാ... ന്തോ കാര്യായി നീ ഉദ്ദേശിക്കണണ്ടല്ലാ.."
"അച്ചോ പത്തുവർഷായി ഇവിടെ ഒരു പെരുന്നാൾ നടന്നിട്ട്...
മുടങ്ങി കെടക്കണ ഈ പരിപാടി നമുക്കൊന്ന് പൊക്കിയെടുത്താലാ?
അങ്ങനാവുമ്പൊ നാട്ടാർക്ക് ചിരിക്കണ പുണ്യാളനേം കാണാ... അച്ചന് പള്ളിക്ക് പണോം കിട്ടും. എനിക്കാണെങ്കി നാട്ടിലൊരു ഇമേജ് ണ്ടാക്കേം ചെയ്യാ... വരണ എലക്ഷനീ നമ്മടെ പാർട്ടിക്ക് മുന്നണിയിലൊരു സീറ്റും കിട്ടും ... അതിന്റെ തെളക്കം കണ്ട് ഏതവനേലും വായില് വെള്ളം എറക്കണേന് മുന്നേ സീറ്റിന്റെ ആണി എനിക്കന്നെ അടിച്ചൊറപ്പിക്കണം’’.
പ്രിൻസ് കസേരയുടെ കയ്യിലൊന്ന് ആഞ്ഞടിച്ചു.
കേട്ടതു മുഴുവൻ വിഴുങ്ങാതെ അച്ഛൻ പ്രിൻസിനോടു ചോദിച്ചു;
‘‘നീയെന്താണ് പറയണത്... കാര്യം എല്ലാരും ഒടുക്കത്തെ വിശ്വാസികൾ ആണേലും... പള്ളീടെ ഒരു കാര്യത്തിനും ഒരുത്തനും നയാപൈസ ചെലവാക്കേലെന്ന് നെനക്ക് അറയണതല്ലേ പ്രിൻസേ’’.
"എല്ലാം നടക്കാൻ എന്റേലൊരു കിടിലൻ ഐഡിയ ഒണ്ട് അച്ചാ’’, പ്രിൻസ് കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി.
രഹസ്യങ്ങളുടെ കല്ലറയായി പള്ളിച്ചുവരുകൾ രൂപാന്തരം പ്രാപിച്ചു. കർത്താവും പുണ്യാളനും കണ്ണുകൾ അടച്ചു. ചെവികൾ പൊത്തി. പിറ്റേന്നത്തെ ഞായറാഴ്ച കുർബാനയിലേക്കു പള്ളിവാതിലുകൾ തുറന്നു.

കാപ്പിരിത്തുരുത്ത്
കന്യക മറിയയും കറുത്ത മത്തായിയും അട്ടിപ്പിരി പൈലിയും കൊപ്ര ചാക്കോയും അതുപോലെ പത്തഞ്ഞൂറോളം മനുഷ്യരും ജീവിച്ചു ചാവുന്ന സർവ്വസ്വതന്ത്ര റിപ്പബ്ലിക്കാണ് കാപ്പിരിത്തുരുത്ത്. പണ്ടെങ്ങാണ്ട് കാപ്പിരികളായ അടിമകളുടെ ജയിൽ ഉണ്ടായിരുന്നതിനാലാണ് ഈ പേര് വന്നതെന്ന് തുരുത്ത് നിവാസികൾ പറയുമ്പോൾ, തുരുത്തിലെ സകലരും കറുത്തു കാപ്പിരികളുടെ കണക്ക് ഇരിക്കുന്നതിനാലാണ് ആ പേര് വന്നതെന്ന് ലോഞ്ചിയറക്കാർ പറയുന്നു. എന്തുതന്നെയായാലും മാർക്കംകൂടി പാർത്തവരായതിനാൽ കാപ്പിരിത്തുരുത്തുകാർക്ക് സ്വന്തമായി മറ്റൊരു പള്ളിയാണുള്ളത്. പക്ഷേ നിലാവെട്ടമുള്ള ചില രാത്രികളിൽ മത്തായി വീഞ്ഞുപോലെ സവിശേഷമായി വിളമ്പാറുള്ള വാറ്റ് മോന്താൻ വരുന്ന തുരുത്ത് നിവാസികളെ മാത്രമാണ് ആ പള്ളിപ്പറമ്പ് സ്വീകരിച്ചിരുത്താറുള്ളത്. വാറ്റ് തലക്കു പിടിക്കുമ്പോൾ ഉറക്കെ പാടാൻ അവർക്ക് അവരുടേത് മാത്രമായ ഒരു പാട്ടുണ്ട്. പണ്ടെങ്ങാണ്ട് ലോഞ്ചിയറയിൽ പടർന്നുപിടിച്ച മറവിരോഗത്തിൽ പൂർവ്വരൂപം നഷ്ട്ടപ്പെട്ടുപോയ ആ പാട്ടിനെ, വരിതെറ്റിച്ച് അവരുടെ രീതിക്ക് പാടാറുണ്ടായിരുന്നു.
ലോഞ്ചിയറക്കാർ ഒന്നിനെക്കുറിച്ചും കൂടുതൽ ആലോചിക്കുന്നവരായിരുന്നില്ല. അവിടുത്തെ ആണുങ്ങടെ കഴപ്പ് തീർക്കാൻ മറിയയും, ചൊരുക്ക് പിടിപ്പിക്കാൻ മത്തായിയുടെ വാറ്റും നാവടക്കാൻ പൈലി വറ്റിച്ച പള്ളത്തിയും കണ്ടൽമുട്ടിയും ഉള്ളടത്തോളം കാലം ലോഞ്ചിയറക്കാരുടെ രാവുകൾ സമ്പന്നമാണ്. പ്രതിഫലമായി ചുരുട്ടി ബ്ലൗസിനിടയിലും പോക്കറ്റിലും തിരുകിക്കൊടുക്കുന്ന അഞ്ചോ പത്തോ രൂപയാണ് കാപ്പിരിത്തുരുത്തിന്റെ പ്രധാന സാമ്പത്തികശ്രോതസ്സ്. ചുരുക്കിപ്പറഞ്ഞാ മറിയമാരുടെ മേനിയും തുരുത്തിനു ചുറ്റുമുള്ള കായലുമാണ് കാപ്പിരിത്തുരുത്തിന്റെ വരവ് വഴി. ലോഞ്ചിയറയിലെ ആമ്പെറൊന്നാമ്മാര് തലയിലെ കനമിറക്കാൻ നക്ഷത്രങ്ങൾ നീന്തുന്ന കായലും തുഴഞ്ഞ് കാപ്പിരിത്തുരുത്തിലേക്കു വരുന്ന കാഴ്ച്ച ശരിക്കും കാണേണ്ടതുതന്നെയാണ്. അങ്ങനെയൊരു രാത്രിയിലാണ് ലാസറാശാൻ മറിയയുടെ ചെറ്റയും ലക്ഷ്യംവച്ച് ഓളംതല്ലിയത്. പക്ഷേ ആ പോക്ക് അവളുടെ കാലിന്റെ ഇടയിലേക്കായിരുന്നില്ല. കാപ്പിരിത്തുരുത്തിന്റെ അനാദിയായ വേരുകളിലേക്കായിരുന്നു. പ്രിൻസും ലോറൻസച്ഛനും ചേർന്നു നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ വെള്ളിക്കാശ് നുണയാതെ ആശാൻ തുഴവെട്ടിക്കൊണ്ടിരുന്നു.
അപ്പോക്രിഫ
പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ആമേൻ.
എന്റെ പ്രിയപ്പെട്ട ലോഞ്ചിയറയിലെ വിശ്വാസികളേ... ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഈ ബലിപീഠത്തിൽ തൊട്ടാണ്. ഇന്നലെ ഈ പള്ളിമേടയിൽ കിടന്നുറങ്ങുമ്പോൾ പാതിരാത്രിക്ക് നെഞ്ച് തകർക്കുന്ന ഒരു ദർശനം കർത്താവ് എനിക്കു തന്നു.
ഞാൻ കാണുകയാണ്...
നമ്മുടെ ഈ ലോഞ്ചിയറയിലെ കായലുകൾ മൊത്തം ചോരക്കലക്കമായി മാറിയിരിക്കുന്നു. കായലിന്റെ അടിത്തട്ടിലെ ആ പഴയ അഗാധത്തിൽനിന്ന് കറുത്ത ഇരുട്ടുപോലെ ചില രൂപങ്ങൾ—കടൽ പിശാചുക്കൾ—പൊങ്ങിവരുന്നു! വർഷങ്ങളായി നമ്മൾ ഈ പള്ളീലെ പെരുന്നാൾ മുടക്കിയിട്ടിരിക്കുവല്ലേ, ആ ശാപം കാരണം കായലിലെ കാവൽ മാലാഖമാർ പടിയിറങ്ങിപ്പോയി മക്കളേ...

കണ്ടാലറയക്കുന്ന വ്യാളികൾ നിറഞ്ഞ നമ്മുടെ കായൽ! ചാളയും അയലയും കൊഴുവയുമെല്ലാം ചത്തുപൊങ്ങി കരയിൽ അടിയുന്നു. ലോഞ്ചിയറയിൽ ഒരൊറ്റ വള്ളത്തിലും മീനില്ല. പട്ടിണിയാണ് മക്കളേ കടും പട്ടിണി!
ഞാൻ പേടിച്ചുവിറച്ച് 'കർത്താവേ...' എന്ന് നിലവിളിച്ചു. അപ്പൊ ഇതാ, മുകളിൽ ഒരു വലിയ വെളിച്ചം! നമ്മുടെ പള്ളീലെ കുരിശുരൂപം പോലെ കർത്താവ് പ്രത്യക്ഷപ്പെട്ടു. കർത്താവ് എന്നോട് പറഞ്ഞു: " ലോഞ്ചിയറയെ രക്ഷിക്കാൻ ഒരേയൊരു വഴിയേ ഉള്ളൂ.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെരുന്നാൾ ഈ വർഷം അതിന്റെ സകല പ്രതാപങ്ങളോടെയും നീ നടത്തണം. പുണ്യാളനെ പ്രീതിപ്പെടുത്തിയാൽ വരാനിരിക്കുന്ന ആപത്തുകൾ മായും.
എന്നിട്ട് കർത്താവ് എന്റെ നേരെ കൈനീട്ടി. അവിടുത്തെ കയ്യിൽ ഒരു പഴയ ഇരുമ്പുതാക്കോൽ ഉണ്ടായിരുന്നു! പണ്ട് കർത്താവ് പത്രോസ് ശ്ലീഹായ്ക്ക് കൊടുത്ത, സഭയുടെ സകല അധികാരങ്ങളുമുള്ള 'സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ!' കർത്താവ് അത് എന്റെ കയ്യിലേക്കു തന്നിട്ട് പറഞ്ഞു: 'ഇത് ലോഞ്ചിയറയുടെ രക്ഷയ്ക്കുള്ള താക്കോലാണ്. പെരുന്നാൾ നടത്തുമ്പോൾ പൂട്ടിപ്പോയ ഭാഗ്യത്തിന്റെ വാതിലുകൾ ഇതാ നിനക്കു തുറക്കപ്പെടും’.
അച്ചൻ പെട്ടെന്ന് പ്രസംഗപീഠത്തിൽ നിന്ന് ഒരടി മുന്നോട്ടുവച്ച്, തന്റെ വലതുകൈ മുകളിലേക്കുയർത്തുന്നു. ആ കയ്യിൽ ഒരു പഴയ, തുരുമ്പിച്ച വലിയ ഇരുമ്പുതാക്കോൽ തിളങ്ങുന്നുണ്ടായിരുന്നു.
‘കർത്താവേ’
‘കർത്താവിന് സ്തുതി’.
പ്രാർത്ഥനകളുടെ ഇരമ്പം പള്ളി നിറഞ്ഞു.
മറിയയുടെ സുവിശേഷം
ലാസറാശാനും കാപ്പിരിത്തുരുത്തിലെ എണ്ണിയാൽ തീരുന്ന ഒരു സംഘവും മത്തായിയുടെ വാറ്റുശാലയിൽ ഒത്തുചേർന്നു. മറിയയുടെ ആഹ്വാനം കണക്കിലെടുത്താണ് അത്രയെങ്കിലും മനുഷ്യർ അവിടെയെത്തിയത്.
"പ്രിയപ്പെട്ട കാപ്പിരിത്തുരുത്ത് നിവാസികളേ’’
മറിയ ഔപചാരികത നടിച്ചു.
‘‘നീയെന്താണ്ടീ മറിയേ ചെലയ്ക്കണത്"
അട്ടിപ്പിരി മറിയയെ താറ്റി.
"എടാ മൈക്കണാപ്പാ എന്റെ വായീന്ന് കേക്കണ്ടങ്കി മിണ്ടാതിരി’’, മറിയ അലറി.
"നമ്മടെ കരേലുള്ളോര് ഇങ്ങനെ ചത്ത് ജീവിക്കാൻ തൊടങ്ങീട്ട് എത്ര കാലായി? കാപ്പിരിത്തുരുത്ത്ന്ന് പറഞ്ഞാ മറ്റവമ്മാര്ക്കെല്ലാം ചതുപ്പ്ന്ന് മാത്രല്ലെ അർത്ഥവൊള്ളു... ഇങ്ങനെ പുഴുത്ത് മടുത്തില്ലേ! മാത്തായീ, നെന്റ വാറ്റും എന്റ മൊലേം ചാക്കോന്റ മീന്തലേം തിന്നാനല്ലേ അവമ്മാര് ഇങ്ങാട്ടേക്ക് കെട്ടിയെടുക്കത്തുള്ളൂ..."
‘‘നീയെന്താണ് മറിയെ പറഞ്ഞ് വരണത്?’’.
മൗനം വെടിഞ്ഞ് ലാസറാശാൻ മുന്നോട്ടുവന്നു;
‘‘നിങ്ങൾക്കെന്നെ അറിയാലാ ഞാൻ ലാസറ്, നാടകക്കാരനാണ്. ലോഞ്ചിയറയിലെ മൊടങ്ങിയ പെരുന്നാള് അവമ്മാര് വീണ്ടും നടത്താൻ തീരുമാനിച്ചേക്കണാണ്. നടപ്പുപ്രകാരം പള്ളിനാടകം ചെയ്യണത് ഞാനാണ്’’.
ചാക്കോ ഇതിനിടയിൽ അതിഥികളെ സ്വീകരിക്കാൻ എല്ലാവർക്കും ചെറു ഗ്ലാസുകളിൽ വാറ്റ് വിളമ്പി തുടങ്ങിയിരുന്നു.
‘‘വർഷങ്ങക്കുമുന്നേ ഞാൻ മറിയയെ നടിയായി എന്റെ പള്ളിനാടകത്തേല് തട്ടേ കേറ്റിയാർന്ന്. പഷെ അന്നെനിക്ക് ഒരുപാട് ആക്ഷേപങ്ങൾ കേക്കേണ്ടിവന്നാർന്ന്. കാപ്പിരിത്തുരുത്തിലെ ഒരു പെണ്ണിനെ നായികയാക്കിയതി കേട്ട പഴിക്കൊന്നും എനിക്ക് ഉത്തരം കൊട്ക്കാൻ കഴിഞ്ഞില്ലാർന്ന്. പക്ഷേ ദേ ഇപ്പ ഞാനൊരു പുതിയേ മനുഷ്യനാണ്. ഗബ്രിയൽ ഗാർഷിയ മാർക്കേസ്... എന്റെ പ്രിപ്പെട്ട ഗാബൊ, എന്റെ കണ്ണുകൾ അങ്ങോര് തുറപ്പിച്ചിരിക്കേണ്. പള്ളിക്ക് വേണ്ടി... നിങ്ങക്ക് വേണ്ടി ഞാൻ ചെയ്യാൻ പോണ നാടകമാണ് 'മക്കാന്ദൊ തുരുത്തിലെ പുണ്യാളന്മാർ.' നിങ്ങളാണ് ആ പുണ്യാളമ്മാര്... നിങ്ങളെന്റൊപ്പം നിക്കൂലെ?"
വാറ്റ് തലയ്ക്കുപിടിച്ചു തുടങ്ങിയ മറിയ രോഷത്തിൽ അലറി, ‘നിക്കും’.
കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും മറിയ പറഞ്ഞാൽ മറുത്തൊന്നും മിണ്ടാത്ത കറുത്തമത്തായിയും അട്ടിപ്പിരി പൈലിയും കൊപ്ര ചാക്കോയും ആവേശത്തിൽ അലറി; ‘ഞങ്ങ മിന്നിക്കും’.
ആ ചെറിയ മനുഷ്യർക്ക് മറിയയുടെ വാക്കിനെ തടുക്കാൻ കഴിയാതിരിക്കുന്നതിനുപിന്നിൽ കാപ്പിരിത്തുരുത്തിലെ കണ്ടൽക്കാടുകൾക്കു മാത്രമറിയുന്നൊരു രഹസ്യമുണ്ട്.
മക്കാന്ദൊതുരുത്തിലെ പുണ്യാളൻ
പെരുന്നാൾ ഉറപ്പിച്ചതിനുശേഷം ലോറൻസച്ഛനും പ്രിൻസും കൂട്ടാളികളും നേരെ ചെന്നുകണ്ടത് ലാസറാശാനെയാണ്. കാരണം ലോഞ്ചിയറയുടെ പെരുന്നാൾ അറിയപ്പെട്ടിരുന്നത് ലാസറാശാന്റെ പള്ളിനാടകത്താലാണ്. കൂടാതെ ഏറ്റവും കൂടുതൽ മനുഷ്യർ ഒത്തുചേരുകയും അതുവഴി ഏറ്റവും കൂടുതൽ സ്പോൺസർമാരെ കിട്ടുകയും ചെയ്യുന്ന പരിപാടിയാണ് നാടകം.
കാര്യം പറയാൻ അവർ ആശാന്റെ വീട്ടിൽ വരുമ്പോൾ അങ്ങേര് ഗഹനമായ വായനയിലായിരുന്നു. അച്ഛനേയും കൂട്ടരേയും കണ്ടതും അശാൻ അവരെ പെട്ടന്നുതന്നെ അകത്തേക്കു വിളിച്ചിരുത്തി.
ആശാന്റെ അനിവാര്യതയെ പറഞ്ഞുമനസ്സിലാക്കി അച്ഛനും പ്രിൻസും കാര്യങ്ങൾ പറഞ്ഞുറപ്പിച്ച് പെട്ടന്നുതന്നെ അവിടുന്നിറങ്ങി. പക്ഷേ ആശാന്റെ ഉള്ളിൽ ആ നിമിഷംമുതൽ ആയിരം ചിന്തകളുടെ പവിഴപ്പുറ്റുകൾ തിളങ്ങുവാൻ തുടങ്ങി. ഇനിയൊരു നാടകം ചെയ്യുകയാണെങ്കിൽ അത് മാർക്കേസ് രചിച്ച ഏകാന്തതയുടെ നൂറുവർഷങ്ങളിലെ മക്കാന്ദൊയെക്കുറിച്ചായിരിക്കണം. മനുഷ്യനേയും മണ്ണിനേയുംകുറിച്ച് സംസാരിക്കാൻ മറ്റൊരു വഴിയില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽതന്നെ നേരം ഇരുട്ടി വെളുക്കുംമുൻപ് ആശാൻ തന്റെ പുതിയ നാടകം എഴുതിക്കഴിഞ്ഞു, ‘മക്കാന്ദൊതുരുത്തിലെ പുണ്യാളൻ’.
മറവിരോഗം പടർന്നുഴറുന്ന ഒരു നാടിനെ തന്റെ കയ്യിലുള്ള മാന്ത്രിക വിദ്യയാൽ രക്ഷപ്പെടുത്തുന്ന മെൽക്കിയാദിസ് എന്ന പുണ്യാളനെ കേന്ദ്ര കഥാപാത്രമാക്കിയാണ് അദ്ദേഹം നാടകം ചിട്ടപ്പെടുത്തിയത്. നാടക രചനക്കുശേഷം ലാസറാശാൻ തന്റെ കഥാപാത്രങ്ങളെത്തപ്പി ലോഞ്ചിയറയുടെ തെരുവുകളിലേക്കിറങ്ങി.

ഹൊസെ അർക്കാദിയോ ബുയന്തിയയേയും ഉർസുലയേയും കേണലിനേയും അമരാതയേയും അദ്ദേഹം വീടായവീടുകളിലെല്ലാം അന്വേഷിച്ചു. പലരും തയ്യാറായിരുന്നു. ചിലർ തയ്യാറായിരുന്നതുമില്ല. തയ്യാറായവരിലൊന്നും ആശാൻ മക്കാന്ദൊയിലെ മനുഷ്യരെ കണ്ടില്ല. താൻ ഏതു നാടകമാണ് ചെയ്യാൻ പോകുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ആശാൻ മനAപൂർവം എടുത്തൊരു മുൻകരുതലായിരുന്നു അത്.
രണ്ടു രാവും രണ്ടു പകലും ലോഞ്ചിയറയിൽ നിർത്താതെ മഴപെയ്തു. തീർത്തും ആശയക്കുഴപ്പത്തിലായ ആശാൻ വീട്ടിലെ ഭിത്തിയിൽ തൂക്കിയ കെട്ട്യോൾ ഫിലോമിനയുടെ ഫോട്ടോയിലേക്കു നോക്കി സഹായത്തിനായി കേണപേക്ഷിച്ചു.
പെട്ടന്ന് മഴ നിലച്ചു.
ലോഞ്ചിയറയിൽ സൂര്യനുദിച്ചു.
വെളിച്ചത്താൽ ഫിലോമിനച്ചേടത്തിയുടെ ചില്ലിട്ട ഫോട്ടോയിൽ മറുവശത്തെ ഭിത്തിയിലുള്ള കന്യാമറിയത്തിന്റെ പ്രതിബിംബം തെളിഞ്ഞുവന്നു. കണ്ണെടുക്കാതെ ഫിലോമിനച്ചേടത്തിയോട് സംസാരിച്ചിരുന്ന ലാസറാശാന്റെ കണ്ണുകളിലും ആ രൂപം പ്രതിഫലിച്ചു. മറിയ ! കന്യക മറിയ ! പണ്ടൊരു നാടകത്തിൽ മറിയയെ അഭിനിയിപ്പിച്ചകാര്യം അദ്ദേഹം മറന്നുപോയിരുന്നു. അസാധ്യ പ്രകടനം നടത്തിയ അവളെ അന്ന് നാടകത്തിൽനിന്ന് ഒഴിവാക്കാൻ പള്ളിതന്നെയാണ് പറഞ്ഞത്. ആശാൻ പകൽ മുഴുവൻ ആ നിൽപ്പുനിന്നു. തന്റെ ഉർസുല അവൾ തന്നെ. വരുംവരായ്കകളാലോചിച്ച് ഫിലോമിനച്ചേടത്തിയുടെ വായിലിരിക്കുന്നതു കേൾക്കാതിരിക്കാൻ ആ രാത്രിതന്നെ ആശാൻ തന്റെ തോണിയുമെടുത്ത് കാപ്പിരിത്തുരുത്തിലേക്കു തുഴഞ്ഞു.
വീഞ്ഞ്
നാടകപരിശീലനം അതിതീവ്രമായി മുന്നോട്ടുപോയി.
ബുയന്തിയയും ഉർസുലയും കേണലും ഹൊസെ അർക്കാദിയോയും മെൽക്കിയാദിസ്സും അരങ്ങിൽ തെളിഞ്ഞു തുടങ്ങി. മറിയയായിരുന്നു എല്ലാവരുടെയും അവസാന വാക്ക്. അവൾ ആശാന്റെ അരികിലിരുന്ന് എല്ലാവരെയും നിയന്ത്രിച്ചു. ആ നാടകക്യാമ്പ് ശരിക്കും ഒരുകൂട്ടം മനുഷ്യരെ ജീവൻ നിലനിർത്താൻ പ്രേരിപ്പിക്കുകയായിരുന്നു. തുരുത്തിലെ ജീവികളും മനുഷ്യരാണെന്ന് തെളിയിക്കാൻ ഈ നാടകംകൊണ്ട് അവർക്കു സാധിക്കുമെന്ന് എല്ലാവരും അറിഞ്ഞുതുടങ്ങി. ലാസറാശാന്റെ ജീവിതത്തിലും പല മാറ്റങ്ങളുണ്ടാവാൻ തുടങ്ങി. സാഹിത്യം മാത്രമല്ല മഹത്തരം, ഓരോ മനുഷ്യനും ഒരു ലോകം തന്നെയാണെന്ന് ആശാന് തോന്നിത്തുടങ്ങി.
മറിയയും കൂട്ടരും താൻ വിചാരിച്ചതുപോലെയല്ല. അവരുടെ ഉളള് ഈ കായലുപോലെ തെളിയാതെ പലതിനെയും ഒളിപ്പിക്കുന്നുണ്ടെന്ന് ലാസറിനു ബോധ്യമായി. ആ സത്യം ആശാനെ തൊട്ടൊരു ദിവസമുണ്ടായിരുന്നു. നാടകപരിശീലനം കഴിഞ്ഞ് മറിയയും സംഘവും ആശാനെ പൂട്ടിക്കിടക്കുന്ന പള്ളിയിലേക്കു
കൊണ്ടുപോയി. കായലിനോടുചേർന്ന് കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട പള്ളി. ആ കെട്ടിടം ഒരു ക്രിസ്ത്യൻ പള്ളിയുടെ തനിരൂപം പേറിയിരുന്നില്ല. അതിന്റെ മുൻപിൽ കാടുപിടിച്ച ഒരു കല്ലിൽ അവ്യക്തമായി ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു,
*‘‘ആഴമായി കുഴികൾ മാന്തി ഏഴകളെ അതിലാക്കി
നെറുകയിൽ നെയ്യൊഴിച്ചു കുഴിയിലായി നിറുത്തിയവർ
നെറുകയിൽ നെയ്യുറുമ്പങ്ങരിച്ചിറങ്ങി
പ്രാണനുള്ള മനുഷ്യരെ
പ്രാണികൾ തിന്നൊടുക്കുമ്പോൾ’’.
ബാക്കി വ്യക്തമല്ല. സംഘം ആശാനെ പള്ളിയുടെ പുറകുവശത്തേക്കു കൊണ്ടുപോയി.
ഇതിവരുടെ സ്ഥിരം സെറ്റപ്പാണെന്ന് ആ പരിസരം കണ്ടപ്പോൾ ആശാന് മനസ്സിലായി. മരങ്ങൾ ചേർത്തുവച്ച് നിർമ്മിച്ച ഇരിപ്പിടത്തിൽ ഇരിക്കാൻ അവർ ആശാനോട് ആവശ്യപ്പെട്ടു. പെട്ടന്ന് മത്തായി വളരെ അപൂർവ്വമായി മാത്രം എടുക്കാറുള്ള തന്റെ സ്പെഷ്യൽ വാറ്റുമായി അവിടെ പ്രത്യക്ഷപ്പെട്ടു. മുന്തിരിച്ചാറിന്റെ നിറമുള്ള ആ മദ്യത്തിന്റെ കൂട്ട് മത്തായിക്കല്ലാതെ ലോകത്താർക്കും അറിയില്ല. മത്തായിയുടെ ഈ വാറ്റ് ലോകത്ത് കന്യക മറിയയും അട്ടിപ്പിരി പൈലിയും കൊപ്ര ചാക്കോയുമല്ലാതെ മറ്റാരും നുണഞ്ഞിട്ടുമില്ല. ആദ്യമായി ആ നിധി അവർ ഒരു അഞ്ചാമനു മുൻപിൽ നീട്ടി. ആശാൻ അത് ഏറെ ബഹുമാനത്തോടുകൂടി സ്വീകരിച്ച് സേവിച്ചു. ആശാന്റെ കണ്ണുകൾ നിറഞ്ഞു. കുപ്പി പകുതി ആവുമ്പോഴേക്കും ആശാന് ഒരുപാട് വെളിപാടുകളുണ്ടായി. അതിൽ പ്രധാനം വെള്ളം വീഞ്ഞാക്കിയ കർത്താവിനെക്കാൾ മഹാൻ ഈ വീഞ്ഞുണ്ടാക്കിയ കറുത്ത മത്തായിയാണെന്നുള്ളതാണ്.
പകുതിചന്ദ്രൻ ആകാശത്തുദിച്ചു. മദ്യം തീരുന്നതിനനുസരിച്ച് മത്തായിയുടേയും മറിയയുടേയും പൈലിയുടേയും ചാക്കോയുടേയും കണ്ണുകൾ കൂടുതൽ ശക്തിയിൽ തിളങ്ങുന്നതായി ആശാന് തോന്നി.
" ആശാനേ നിങ്ങക്കൊരു കാര്യറിയോ?", മറിയ എഴുന്നേറ്റുനിന്ന് ചോദിച്ചു.

കള്ളുകുടിച്ച് അല്പം വീർത്ത വയറും തുടുത്ത പള്ളിമുന പോലത്തെ മുലകളും നീണ്ടമൂക്കും കണ്ടൽക്കാടുകളെപ്പോലെ വന്യമായി ചിതറിക്കിടക്കുന്ന മുടിയുമുള്ള മറിയ അരയിൽ കൈകുത്തിനിൽക്കുന്ന ആ നിമിഷം മാത്രമാണ് അവളെ ആശാൻ ശ്രദ്ധിച്ചത്.
അവളുടെ സൗന്ദര്യത്തിൽ ആശാൻ ശരിക്കും നിശ്ശബ്ദനായിപ്പോയി.
അവൾ തുടർന്നു;
‘‘ഈ പള്ളീല് കർത്താവും പുണ്യാളനൊന്നുല്ല ട്ടാ...
കാർന്നോമ്മാര് പാടിനടന്ന കൊർച്ച് പാട്ടോള് മാത്രേ ഞങ്ങക്കൊള്ളു,
അതന്നെ ഈ തുര്ത്തിലെ ല്ലാരും മറന്ന് തൊടങ്ങി.. മത്തായിച്ചന്റെ ഈ മാജിക്ക് മോന്തുമ്പൊ മാത്രം ഞങ്ങളത് ഞങ്ങടെ രീതിക്ക് പാടാറുണ്ട്’’.
‘ന്നാ മറിയേ നീ പാട്’, ആശാൻ പറഞ്ഞു.
മറിയ ഉറക്കെ ചിരിക്കാൻ തുടങ്ങി. അവൾ ഒരു മരക്കുറ്റിക്കുമേൽ കയറിനിന്നു. അപ്പോഴേക്കും മത്തായിയും പൈലിയും ചാക്കോയും ഒരു പ്രാർത്ഥനക്കൊരുങ്ങുംപോലെ നിശ്ശബ്ദമായി. ചീവിടുകൾ കരച്ചിൽ നിർത്തി. സവിശേഷമായ എന്തോ നടക്കാൻ പോവുന്നതായി ആശാന് തോന്നി. തുരുത്തും അതിനു തയ്യാറെടുക്കുംപോലെ.
മറിയ മെല്ലെ തന്റെ മേൽവസ്ത്രമഴിക്കാൻ തുടങ്ങി. ആ കാഴ്ച്ച കണ്ട് ആശാന്റെ തൊണ്ട വറ്റി. കൂടെയുള്ള മറ്റു മൂന്ന് പുരുഷൻമാരും അനങ്ങാതെ അവൾക്കുമുൻപിൽ മുട്ടുകുത്തിനിന്നു. മറിയ അവളുടെ ബ്ലൗസൂരി. പാവാട മെല്ലെ നിലത്തേക്കിട്ടു. അടിവസ്ത്രമില്ലാതെ അവളുടെ ശരീരം ചെറിയ വെട്ടത്തിൽ തിളങ്ങുവാൻ തുടങ്ങി. ആശാന് കരച്ചിൽ വന്നു. ജീവിതത്തിലൊരിക്കലും ഇത്രയും സൗന്ദര്യമുള്ള കാഴ്ച അയാൾ കണ്ടിട്ടില്ല. താൻ ഭൂമിയിൽനിന്നുയരുന്നതായി ലാസറിനു തോന്നി. മറിയ ഭൂമിയിലേക്കിറങ്ങി. മെല്ലെ നടന്ന് കായലിലേക്കു ചാടി. ആശാന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ആശാൻ അക്ഷരാർത്ഥത്തിൽ നിശ്ചലനായത് അടുത്ത നിമിഷത്തിലാണ്.
അനുസരണയുള്ള കുട്ടികളെപ്പോലെ മറ്റു മൂന്ന് പുരുഷൻമാരും അവരുടെ വസത്രങ്ങളിഴിച്ചു.
വരിയായി ചെന്നു കായലിലേക്കു ചാടി. മറിയ തന്റെ കാലുകൾ വിടർത്തി കായലിൽ മലർന്നുകിടന്നു. ആശാന്റെ മുന്നിൽ മറിയ മറ്റൊരു തുരുത്തായി
രൂപാന്തരപ്പെട്ടു. കായലിനു മുകളിലായി തുരുത്തിലെ പള്ളിഗോപുരംപോലെ മറിയയുടെ മുലകൾ തലയുയർത്തി നിൽക്കുന്നുണ്ട്. വലതു വശത്തുനിന്ന് മത്തായി നീന്തി ഒരു പള്ളി വാതിലിലെത്തി. ഇടതുവശത്തുനിന്ന് ചാക്കോയും നീന്തി മറിയയുടെ ഇടതുനെഞ്ചിലെ പള്ളി വാതിലിലെത്തി. പൈലി കായൽപരപ്പിലൂടെ മുട്ടിലിഴയുന്നതുപോലെ നീന്തി മറിയയെന്ന വലിയ തുരുത്തിന്റെ കാലുകൾക്കിടയിൽ തുറന്നുവച്ച കവാടത്തിലേക്കു നീന്തിപ്പോയി. അവർ മൂന്നുപേരും ആ തുരുത്തിലേക്കു കയറി, കുഞ്ഞുങ്ങളെപ്പോലെ കിടന്നു. ആശാൻ അനങ്ങാതെ കരയിൽനിന്നു. കായലിൽ ശവങ്ങൾ പൊന്തിയതുപോലെ നാല് ശരീരങ്ങൾ പറന്നു നടക്കുന്നു. പകുതി അടഞ്ഞ കണ്ണുകളുമായി മറിയ ആശാനെ നോക്കി ഉറക്കെപ്പറഞ്ഞു
‘‘കര കാണാതെ കടലിൽപ്പെട്ട് വലഞ്ഞവർക്ക് തുരുത്തുകളെന്നും ഒരു പ്രതീക്ഷയുടെ കരയാണ് ആശാനെ’’.
ആശാന്റെ കണ്ണുകളിൽ ആ തുരുത്ത് ഒളിപ്പിച്ചുവച്ച സത്യത്തിന്റെ വെളിച്ചം പ്രതിഫലിച്ചു. ചുറ്റിലുമുള്ള കണ്ടൽക്കാടുകളിൽനിന്ന് മിന്നാമിനുങ്ങുകൾ തിളങ്ങുവാൻ തുടങ്ങി. ഒരേസമയം ഒരേപോലെ മിന്നുന്നതിനാൽ തുരുത്ത് ശ്വസിക്കുന്നത് പോലെ ആശാന് തോന്നി.
ഉന്മാദത്തിന്റെ ഉയരത്തിൽ മറിയ ഉറക്കെ പാടാൻ തുടങ്ങി
‘‘പൈലിക്കൊരു പള്ളി...
മത്തായിക്കൊരു പള്ളി....
ചാക്കോച്ചന് മറ്റൊരു പള്ളി…’’
അവൾ ഉക്കെ ഉറക്കെ പാടി.
ലാസറാശാന് ആ പച്ച വെട്ടത്തിൽ വലിയൊരു സത്യം കത്തി.
മക്കാന്ദൊ തന്നെയാണ് കാപ്പിരിത്തുരുത്ത് അല്ലെങ്കിൽ കാപ്പിരിത്തുരുത്ത് തന്നെയാണ് മക്കാന്ദൊ ! ഉള്ളിൽ കത്തിയ സത്യവും പേറി ആശാൻ ആ പറമ്പിലെ പള്ളിയുടെ മുൻപിലെത്തി. അവിടെ കല്ലുകളിൽ കൊത്തിവച്ച വരികൾക്കൊടുവിൽ ചളിപിടിച്ച സ്ഥലം ആശാൻ കൈകൊണ്ട് മാന്തി. അവിടെയൊരു പേര് തെളിഞ്ഞു വന്നു. കാപ്പിരിത്തുരുത്തിലെ പുണ്യാളന്റെ വരികൾ മറ്റൊരു രൂപത്തിൽ അപ്പോഴും മറിയ ഉറക്കെപ്പാടുന്നത് ആശാൻ കേട്ടു.
കലാപം
പള്ളിയുടെ ചട്ടങ്ങൾക്കു വിപരീതമായി ലാസറാശാൻ കാപ്പിരിത്തുരുത്തിലേക്കുപോയി അവിടുത്തെ ആളുകളെവച്ച് നാടകം ചെയ്യുന്നത് ലോഞ്ചിയറയിലെ പ്രമാണിമാർ അറിഞ്ഞു. നാട്ടുനടപ്പുകൾ കാറ്റിൽപ്പറത്തി ലാസറാശാൻ നടത്തുന്ന ഈ നട്ടപ്രാന്തിന് പള്ളിയും ലോറൻസച്ഛനും ഉത്തരവാദികളല്ലായെന്ന് പള്ളിസ്പീകറിലൂടെ അച്ഛൻ അനൗൺസ് ചെയ്തു. പള്ളി മീറ്റിംഗ് കൂടി തീരുമാനമെടുത്തത് പ്രകാരം ലോറൻസച്ഛനും പിന്നെക്കുറച്ച് നാട്ടുപ്രമാണിമാരും ബോട്ടെടുത്ത് കാപ്പിരിത്തുരുത്തിലേക്കു പോയി.
ഇട്ടാവട്ടത്തിലുള്ള കാപ്പിരിത്തുരുത്തിന്റെ ഒരു ഓരത്ത് പരിശീലനം ചെയ്യുന്ന നാടകസംഘം ബോട്ടിൽ വരുന്ന പള്ളിക്കാർക്കു മുൻപിൽ തെളിഞ്ഞു.
ബോട്ട് കരയ്ക്കടുപ്പിച്ച് തുരുത്തിൽ കാൽകുത്താതെ ബോട്ടിലിരുന്നുകൊണ്ട് പ്രിൻസ് അലറി;
‘‘എന്ത് തന്തയില്ലായിത്തരാ ലാസറെ നീയി കാണിക്കണെ’’.
നാടകസംഘം നിശ്ചലമായി.
‘‘പ്രിൻസേ ഞാൻ പറയാ’’, അച്ഛൻ മുന്നിലേക്കു വന്നു. ബോട്ടൊന്ന് ഉലഞ്ഞു.
"ലാസറെ നീയീ ചെയ്യണത് കർത്താവിന് നിരക്കാത്ത പ്രവൃത്തിയാണ്. പള്ളിപ്പെരുന്നാളിന് ഇങ്ങനൊരു നാടകം, അതും ഇവരേം വച്ച് കളിക്കാൻ പള്ളി സമ്മതിക്കത്തില്ലാന്ന് നിനക്കറയണതല്ലേ. പാപികളുടെ കൂട്ടമാണ് ലാസറെ ഇത്. അവസാനമായി നിനക്കൊരു അവസരക്കൂടെത്തരാ . അങ്ങനെയാണെങ്കി നീ ഇപ്പത്തന്നെ ഞങ്ങടെ കൂടെ ലോഞ്ചിയറക്ക് വരണം’’.
എല്ലാം ക്ഷമയോടെ കേട്ടുനിന്ന ആശാൻ തീർത്തും തൊണ്ട ഇടറാതെ പറഞ്ഞു;
‘‘ഇവര് മനുഷ്യരാണ് അച്ഛോ... നമ്മളാണ് പാപികള്... അല്ലെങ്കി, ദൈവമുണ്ടെങ്കി അച്ഛനെക്കൊണ്ട് ഇവരെ പാപികളെന്ന് വിളിപ്പിച്ച ദൈവമാണ് പാപി’’.
‘‘എടാ പന്നി വേണ്ടാതീനം പറയണാ’’, പ്രിൻസ് മുന്നോട്ടുചാടി.
‘‘വേണ്ട പ്രിൻസേ... നമക്ക് ലാസറിന് ഈ രാത്രി വരെ സമയം കൊടുക്കാ. ലാസറേ നാളെ വെളുക്കുമ്പാ കുമ്പസാര കൂട്ടിനപ്പുറത്ത് നീയില്ലെങ്കി അതിന്റെ ബാക്കിവൻത് നെനക്കും നിന്റെ കൂടെയുള്ള ഒന്നിനും താങ്ങാൻ പറ്റീന്ന് വരൂല്ല", ഇത്രയും പറഞ്ഞ് പള്ളിസംഘം ലോഞ്ചിയറയിലേക്കു തിരികെപ്പോയി.
ഒന്നും സംഭവിക്കാത്തതുപോലെ നാടകസംഘം പരിശീലനം തുടർന്നു. സൂര്യൻ മറഞ്ഞ് നേരം ഇരുട്ടിയപ്പോൾ പതിവുപോലെ ലോഞ്ചിറയിൽനിന്ന് തോണികൾ മറിയമാരെ തേടി കാപ്പിരിത്തുരുത്ത് ലക്ഷ്യമാക്കി വന്നുതുടങ്ങി. പക്ഷേ അന്ന് രാത്രി ഒരുത്തനും തന്റെ കഴപ്പ് നിറഞ്ഞ തോണി കരയിലേക്കടുപ്പിക്കാൻ സാധിച്ചില്ല. അതിന് ശ്രമിക്കുന്നവർക്കെല്ലാം തലപൊട്ടുന്ന കല്ലുമഴയേൽക്കേണ്ടിവന്നു. അപമാനം സഹിക്കവയ്യാതെ തോണികൾ ലോഞ്ചിയറയിലേക്കു പറന്നു. പിറ്റേന്ന് ലോഞ്ചിയറയിലെ സൂര്യൻ കലാപത്തിന്റെ വെളിച്ചം വിതറി. പള്ളിയും പട്ടക്കാരും തെരുവുകളിലിറങ്ങി. കാപ്പിരിത്തുരുത്ത് കത്തിച്ചാമ്പലാക്കാൻവരെ ചിലർ ആഹ്വാനം നടത്തി. പക്ഷേ ലോറൻസച്ഛൻ അവരെയെല്ലാം പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിച്ചു. അക്രമത്തിനുപകരം കർത്താവ് വിധിക്കുന്ന ശിക്ഷ നമുക്ക് അവർക്കു നൽകാം എന്നായിരുന്നു അച്ഛന്റെ ആശ്വാസവാക്ക്.
പക്ഷേ യഥാർത്തത്തിൽ കാപ്പിരിത്തുരുത്തിനെ ഇല്ലാതാക്കുന്ന വിധി തന്നെയായിരുന്നു കർത്താവ് ലോറൻസച്ഛനിലൂടെ വിധിച്ചത്. ലോഞ്ചിയറയെ മുഴുവൻ സാക്ഷിയാക്കി അച്ഛൻ പറഞ്ഞു തുടങ്ങി;
"എന്റെ പ്രിയപ്പെട്ട ലോഞ്ചിയറക്കാരായ മക്കളേ... വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തിൽ കർത്താവ് പറയുന്നുണ്ട്; 'കായ്ക്കാത്ത മരങ്ങളെല്ലാം വെട്ടി തീയിലിടുക.' നമുക്കൊക്കെ ഇത്രേംകാലം അപമാനമായിരുന്ന ആ ചളിക്കുണ്ടുണ്ടല്ലോ... അവന്മാര്ടെ ആ കാപ്പിരിത്തുരുത്ത്.. അതൊരു കായ്ക്കാത്ത മരമാണ്. ശാപത്തിന്റെ വിത്താണ്! സഭയുടെ വിശുദ്ധ പാരമ്പര്യത്തിനും പുണ്യാളന്റെ തിരുനാളിനും എതിരെ അവിടെയൊരു സാത്താൻകൂട്ടം തലപൊക്കിയിരിക്കുന്നു. ലാസറും അവന്റെ ആളുകളുംചേർന്ന് ലോഞ്ചിയറയുടെ ആത്മാവിലാണ് തൊട്ടിരിക്കുന്നത്. അതുകൊണ്ട് സഭയുടെ പരമാധികാരത്തോടെ ഞാൻ ഇന്ന് ഒരു വിധിന്യായം പ്രഖ്യാപിക്കുകയാണ്. ഇന്നുമുതൽ... ആ തുരുത്തുമായുള്ള ലോഞ്ചിയറയുടെ സകല ബന്ധങ്ങളും നമ്മൾ വെട്ടിമാറ്റുന്നു. നോഹയുടെ പെട്ടകത്തിൽനിന്ന് പുറത്താക്കപ്പെട്ട കാക്കയെപ്പോലെ അവർ ഇനി അലയും. ലോഞ്ചിയറയിലെ ഒരു കടയും ഇനി അവർക്കായി തുറക്കില്ല. പള്ളിവക റേഷൻ കടകളിൽനിന്ന് അവർക്ക് ഒരിറ്റ് ധാന്യംപോലും കൊടുക്കരുത്. നമ്മുടെ കിണറുകളിൽ നിന്നുള്ള തെളിഞ്ഞ കുടിവെള്ളമോ, കരയിൽനിന്ന് അങ്ങോട്ട് പോകുന്ന വെളിച്ചത്തിന്റെ വഞ്ചികളോ ആ തുരുത്തിലേക്ക് ഇനി നീളില്ല. എല്ലാം... എല്ലാം ഇന്നത്തോടെ തീർന്നിരിക്കുന്നു.

ഈ കായലിൽ വള്ളമിറക്കിയോ അല്ലാതെയോ മീൻ പിടിക്കാനുള്ള ഒരവകാശവും ഇനി ആ കാപാലികർക്കില്ല! പള്ളികാവൽക്കാർ ഇന്നുമുതൽ കായലിൽ കാവലുണ്ടാകും. നിയമം ലംഘിച്ച് ഏതെങ്കിലും ഒരു കാപ്പിരിവള്ളം ഈ കായലിലെ വെള്ളത്തിൽ തൊട്ടാൽ, അവനെ അവിടെവച്ചുതന്നെ പിടികൂടി ഈ ലോഞ്ചിയറയുടെ മണ്ണിൽവച്ച് വിചാരണ ചെയ്യും.
മക്കളേ... കർത്താവ് കായലിനു മുകളിലൂടെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കിയതുപോലെ, ലോഞ്ചിയറയുടെ സമാധാനത്തിനുവേണ്ടി ആ തുരുത്തിനെ ഞാൻ ഈ ഭൂമിയിൽനിന്നുതന്നെ അദൃശ്യമാക്കുകയാണ്.
ഇന്നുമുതൽ... കാപ്പിരിത്തുരുത്ത് എന്നൊരു നാട് നമ്മുടെ ഓർമ്മകളിൽപോലുമില്ല. ഇനി ആരെങ്കിലും ആ തുരുത്തിൽനിന്ന് നമ്മുടെ കരയിലേക്കു വന്നാൽ... അവരെ മനുഷ്യരായി കൂട്ടരുത്. അവർ വെറും ചത്ത ആത്മാക്കളാണ്... ഓർത്തുവച്ചോ മക്കളേ... പ്രേതങ്ങൾക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല. പ്രേതങ്ങൾ എന്നുവച്ചാൽ... അവര് ചാവേണ്ടവന്മാരാണ്! ചത്തുതന്നെ തീരേണ്ടവന്മാരാണ്.
ദൈവകോപം ലോഞ്ചിയറയെ ബാധിക്കാതിരിക്കട്ടെ. ആമേൻ’’.
അച്ഛന്റെ കവലപ്രസംഗം ഇടിമുഴക്കം പോലെ കാപ്പിരിത്തുരുത്തിലെ ചെവികളിൽ മുഴങ്ങി.
നാടകം
നേരമിരുട്ടിയപ്പോൾ നാടകം കളിക്കാൻ തയ്യാറായി വേഷമണിഞ്ഞ് ആശാനും സംഘവും വള്ളവുമെടുത്ത് ലോഞ്ചിയറയിലേക്കു തുഴഞ്ഞു. മാർക്കേസും ബുവേന്‍ഡിയ കുടുംബവും തോണിയിൽ പോകുന്നതുകണ്ട് പള്ളി ഗുണ്ടകൾക്ക് അവരെ മനസ്സിലായില്ല. അവിടെങ്ങും കണ്ടുപരിചയമില്ലാത്ത വേഷവും മട്ടും കണ്ട് അവർ വാ പൊളിച്ചുനിന്നു. സംഘം ലോഞ്ചിയറയിൽ കാലുകുത്തി. അവർ നിരയായി ലോഞ്ചിയറയുടെ പള്ളിമുറ്റത്തെ തെരുവുവിളക്കുകൾക്കുതാഴെ അണിനിരന്നു. ആളനക്കം കേട്ട് അച്ഛൻ മേടയിൽനിന്നിറങ്ങി വന്നു. ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും അച്ഛന് കാര്യം മനസ്സിലായി.
‘‘എടാ ലാസറെ പള്ളിമുറ്റത്ത് തോന്നിവാസം കാണിച്ചാ ഈ നാട്ടുകാര് നിന്നെ വെറുതെ വെയ്ക്കത്തില്ല കേട്ടാ’’.
നാടകസംഘം ഒരക്ഷരവും മിണ്ടിയില്ല.
"ന്താടാ നിന്റെയൊക്കെ ഉദ്ദേശം?’’, അയാൾ വീണ്ടും അലറി.
ഒന്നും ശ്രദ്ധിക്കാത്തമട്ടിൽ മത്തായിയും പൈലിയും ചാക്കോയും പള്ളിമുറ്റത്തേക്ക് അവരുടെ തോണി ചുമന്നുകൊണ്ടുവച്ചു. സംഘം അതിനു മുകളിൽ കയറിനിന്നു. ആശാൻ അവരെ നയിച്ചു.
‘നമുക്ക് തുടങ്ങാം…’.
സ്വബോധം വീണ്ടെടുത്ത് അച്ഛൻ പള്ളിയിൽ അപായമണി മുഴക്കി. നിമിഷങ്ങൾക്കകം ലോഞ്ചിയറയിലെ പ്രമാണിമാരും പ്രിൻസും പള്ളി മുറ്റത്തെത്തി.
കാണികളെത്തിയതുകണ്ട് മറിയ പ്രഖ്യാപിച്ചു,
‘‘ലോഞ്ചിയറ നിവാസികൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്ന നാടകം... കാപ്പിരിത്തുരുത്തിലെ പുണ്യാളൻ’’.
" എടീ കൂത്തച്ചി നീ അത്രക്കായാ? എല്ലാത്തിനേം ഇവിടെയിട്ട് കത്തിക്കടാ’’, പ്രിൻസിന്റെ ആഹ്വാനം തീരുംമുൻപ് കയ്യിലുള്ള ചൂട്ടും പന്തവുംവച്ച് ലോഞ്ചിയറക്കാർ ആ കുഞ്ഞു തോണിക്കു തീകൊളുത്തി.
തീയുടെ ചൂടിൽ മറിയ ഉറക്കെപ്പാടാൻ തുടങ്ങി;
‘‘അപ്പനില്ലേ തിന്താരാ,
ഞങ്ങൾക്കമ്മയില്ലേ തിന്താരാ’’*
സംഘം അതേറ്റുപാടി. പാട്ട് തീരുംമുൻപ് ആ തോണിയൊരു വാൽനക്ഷത്രം പോലെ എരിഞ്ഞുതുടങ്ങി. അതുകണ്ട് പ്രിൻസും സംഘവും ആർത്തു. നാട്ടുകാർ അടുത്തുള്ള വീടുകളിലേക്കോടി കിട്ടാവുന്ന മണ്ണെണ്ണവച്ച് തീ ആളിപ്പടർത്തി. മറിയയുടെ തീമൂടിയ ശരീരം അപ്പോഴും നൃത്തം ചെയ്തുകൊണ്ടേയിരുന്നു. എരിഞ്ഞു താഴെവീഴുംവരെ മത്തായിയും പൈലിയും മാർക്കോയും തോണിയിൽനിന്ന് ഇറങ്ങിയില്ല. എല്ലാത്തിനും ഒടുവിൽ തീവിഴുങ്ങന്നതുവരെ ലാസറാശാനും പാടിക്കൊണ്ടിരുന്നു.
നിമിഷനേരംകൊണ്ട് തോണിയും സംഘവും പൂർണമായി എരിഞ്ഞടങ്ങി.
ഭൂമിയെ വിഴുങ്ങുന്ന നിശ്ശബ്ദത.
അതിനെ ഭേദിച്ച് ദൂരെനിന്നും ജിപ്സികളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. അച്ഛനും നാട്ടുപ്രമാണികളും അവിടേക്കുനോക്കി. തലയിൽ വേരുകളുള്ള മരങ്ങൾ ആടിയുലഞ്ഞു. കാപ്പിരിത്തുരുത്തിന്റെ കായലും ആകാശവും ലോഞ്ചിയറയിലേക്ക് ഇരമ്പിവരുന്നു. പള്ളി മണി മരണം മുഴക്കി. എല്ലുതുളയുന്ന പ്രളയം ആഞ്ഞടിച്ചു
അതേസമയം കാപ്പിരിത്തുരുത്തിൽ മഞ്ഞപ്പൂക്കൾ അന്ത്യമില്ലാതെ പെയ്തുതുടങ്ങി.
▮
(* പൊയ്കയിൽ അപ്പച്ചന്റെ വരികൾ).
