‘‘നിനക്കു പേടിയുണ്ടോ?"
റാഫി ജോസഫിനോട് ചോദിച്ചു.
"പേടിയാണോന്ന് അറിയില്ല, ഉള്ളിൽ ഒരു ആന്തലുണ്ട്’’, ജോസഫ് പറഞ്ഞു.

ജോസഫ് പറഞ്ഞത് ശരിയാണ്, എനിക്കുമുണ്ട് എന്താണെന്ന് തിരിച്ചറിയാനാവാത്ത ഒരു ആന്തൽ. ഒരു കിരുകിരുപ്പ്. വയറിൽ, കയ്യിൽ, അണപ്പലിൽ, പെരുവിരലിൽ, ശ്വസത്തിൽ, എല്ലായിടത്തുമുണ്ട്. ഞാൻ പുഴയിലേക്ക് നോക്കിയിരുന്നു. അത് പതിവിലേറെ ശാന്തമായിട്ടായിരുന്നു ഒഴുകികൊണ്ടിരുന്നത്. നിലാവ് പുഴയിലെ ഓളത്തിൽ ഊഞ്ഞാലാടിയും മേഘങ്ങൾക്കിടയിൽ ഒളിച്ചും വെപ്രാളപ്പെട്ടു. നിലാവിന്റെ വയറ്റിലുമുണ്ടോ ആ കിരുകിരുപ്പ്? ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് പുഴവക്കിൽ നിന്നൊരു നീർനായ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. അവനുമുണ്ടോ ആ കിരുകിരുപ്പ്? കണ്ടൽ കാടുകൾക്കിടയിൽ കലപിലകൂട്ടാറുള്ള കിളികൾ ഉറക്കം നടിച്ചു നിശ്ശബ്ദരായിരുന്നു. ഒരുപക്ഷെ അവർക്കും?

ഒരു റബർ കൊട്ടയിൽ സിമന്റും മണലും മിക്സ് ചെയ്ത്, കാനിൽ ആവശ്യത്തിന് വെള്ളവും ബാഗിൽ പണിസാധനങ്ങളുമായി, കിഷോറും ദേബ്‌ദാസും വന്നു. സാധനങ്ങളെല്ലാം ആംബുലൻസിൽ കയറ്റിയ ശേഷം റാഫി ഒരിക്കൽ കൂടെ പ്ലാൻ വിശദീകരിച്ചു.

ഞാനും കിഷോറും ആംബുലൻസിന്റെ പുറകിൽ കയറുന്നു. കൃത്യം 12 മണിക്ക് ആംബുലൻസ് സെമിത്തേരിയിലേക് പോകുന്നു. ദേബ്‌ദാസ് ഞങ്ങൾക്ക് പുറകിലായി ബൈക്കിൽ വരുന്നു. ഇവിടെ നിന്ന് ഇരുപത് മിനിറ്റ് വേണം സെമിത്തേരിയിലെക്ക്. സെമിത്തേരിയുടെ വടക്കു വശത്താണ് പള്ളി വക വാഴത്തോപ്പ്. അവിടേക്കു ആംബുലൻസ് റിവേഴ്‌സ് വെച്ച് പാർക്ക് ചെയ്യും. ആംബുലൻസിനു മുകളിൽ കയറിയാൽ നേരെ സെമിത്തേരി മതിലിൽ കയറാം. തൊട്ടു താഴെയാണ് അസ്ഥിക്കുഴി. അതിൽ വീഴാതെ ഒരു അഞ്ചടി നടന്നാൽ സെമിത്തേരിയിലേക് ഇറങ്ങാം. ഒരു കൊല്ലം മുൻപ് പുതുക്കി പണിഞ്ഞതാണ് സെമിത്തേരി. ശവപ്പെട്ടികൾ തള്ളി കയറ്റി വെക്കാവുന്ന നാല് തട്ടുകൾ. മൂന്നാമത്തെ തട്ടിൽ നാലാമതായി കുഴി നമ്പർ മുപ്പത്തി നാലിലാണ് അപ്പനെ വെച്ചിരിക്കുന്നത്. കിഷോർ നേരെ ചെന്ന് ഇഷ്ടിക ഇളക്കണം. ഈ സമയം ദേബ്‌ദാസ് സിമന്റ് കുഴച്ചു റെഡി ആയി നിക്കണം. പത്തു മിനുട്ടിനുള്ളിൽ ബോഡി പെട്ടിയോടെ എടുത്തു വന്ന വഴിക്ക് തന്നെ ഇറക്കി ആംബുലൻസിലേക് വെക്കണം. ഉടൻ തന്നെ ഞാനും ജോസഫും അപ്പനെയും കൊണ്ട് മടങ്ങും. ദേബ്‌ദാസും കിഷോറും കുഴി പഴേ പോലെ ഇഷ്ടിക വെച്ച് സിമന്റിട്ട് അടച്ച ശേഷം ബൈക്കിൽ മടങ്ങണം. എല്ലാത്തിനും കൂടെ ഒരു മണിക്കൂർ സമയം മാത്രം.

റാഫിയുടെ പ്ലാൻ പോലെ എല്ലാം നടക്കുമെന്ന് എനിക്കുറപ്പായിരുന്നു. അപ്പന് മാത്രമല്ല, ഞങ്ങൾക്കെല്ലാവർക്കും അവനെ വിശ്വാസമായിരുന്നു. ഇന്നലെ രാത്രി മുഴുവൻ സെമിത്തേരിയിലും വാഴത്തോപ്പിലും ഒളിച്ചിരുന്ന് വികാരിയച്ചനും സെക്യൂരിറ്റിയും പള്ളിക്ക് കിഴക്ക് റോഡിന്റെ എതിർഭാഗത്തു താമസിക്കുന്ന സിസിലി ചേച്ചിയും ഭർത്താവും അടക്കം എല്ലാവരും ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും അവൻ നോട്ട് ചെയ്തുവെച്ചിരുന്നു. കടലാസിൽ റൂട്ട് വരച്ചു ജോസഫ് ആംബുലൻസ് ഓടിക്കേണ്ട സ്പീഡു വരെ എഴുതി കണക്കു കൂട്ടി തന്നിട്ടുണ്ട്. ഇല്ല അത് തെറ്റില്ല. തോണിക്കടവിൽ തിരിച്ചെത്തിയാൽ ബാക്കി എല്ലാം റാഫി നോക്കും. ആ പുഴയും തോണിയും അവനും മൂന്നല്ല, ഒന്നായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും പോലെ.

ശുപത്രിയിൽ അപ്പന്റെ തൊട്ടപ്പുറത്തെ കിടന്ന ഹാജിയാരുടെ കൊച്ചുമകൾ സൈനുവും നേഴ്സ് രേഷ്മയും കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്നത് നോക്കി വെള്ളമിറക്കി ഇരിക്കുന്നതിനിടയിലാണ് അപ്പൻ എന്റെ കൈക്കു കയറി പിടിച്ചത്. തണുത്ത കൈകൾ. തിരിഞ്ഞു നോക്കിയപ്പോൾ അപ്പനെന്തോ പറയാൻ ആയുകയാണെന്നു എനിക്ക് മനസ്സിലായി. തലയണ വെച്ച് അപ്പനെ ഒന്ന് ചാരിയിരുത്തി ഞാൻ ചെവി അപ്പന്റെ മുഖത്തോട് ചേർത്ത് പിടിച്ചു.

‘‘എടാ എനിക്ക് പോകാറായി. ഇവരൊക്കെ എന്നെ കൊണ്ട് പോകാൻ വന്നതാണ്."

ഞാൻ അപ്പന്റെ നോട്ടം ചെല്ലുന്ന മൂലയിലേക്കു നോക്കി. അവിടെ ആരെയും കണ്ടില്ല.

‘‘നീ നോക്കിയിട്ടു കാര്യമില്ല, എനിക്കേ കാണൂ’’, അപ്പൻ പറഞ്ഞു.

‘‘എനിക്ക് ഒരു ആഗ്രഹം പറയാനുണ്ട്. നിന്നെക്കൊണ്ട് പറ്റുമോ എന്നറീല്ല, എന്നാലും നീ ഒന്ന് ശ്രമിച്ചു നോക്ക്".

ഒന്ന് നിർത്തിയശേഷം അപ്പൻ തുടർന്നു.

‘‘എടാ, അതായത് എനിക്ക് പെട്ടിയിൽ കയറി ആ പള്ളി സെമിത്തേരിയിൽ പോയി ചുമ്മാ കിടക്കാൻ ഇഷ്ടമല്ല. അത് എനിക്ക് പറ്റിയ സ്ഥലമല്ല. ചുറ്റിലും ശവങ്ങൾ മാത്രമേ കാണു, പിന്നെ എന്നും അച്ചന്മാരുടെ മോന്ത കാണണം, കുർബാന കേൾക്കണം, അപ്പുറത്തും ഇപ്പുറത്തും നടക്കുന്ന ഒപ്പീസ് കൂടണം. എല്ലാത്തിലും ഉപരി ജീവനുള്ള കൊറേ ശവങ്ങളുടെ കരച്ചിൽ കാണണം."

നിർത്തിനിർത്തി പതിഞ്ഞ ശബ്ദത്തിൽ അപ്പൻ തുടർന്നു. അപ്പന്റെ വായുടെ രണ്ട് ഭാഗത്തും കഫകുമിളകൾ വന്നു പൊട്ടുന്നത് ഞാൻ കണ്ടു.

‘‘ഇതെല്ലാം കൂടെ ഓർക്കുമ്പോ എനിക്ക് ചാവാൻ തന്നെ തോന്നുന്നില്ല. പക്ഷെ ചാവാതിരിക്കാനൊട്ടു പറ്റുകയുമില്ല. അതോണ്ട് നീ ഞാൻ പറയണ പോലെ ചെയ്യണം."

‘‘എന്താ മെഡിക്കൽ കോളേജിൽ കൊടുക്കണോ"? - ഞാൻ ചോദിച്ചു.

‘‘അതിന് നിന്റേം എന്റേം ബന്ധുക്കൾ സമ്മതിക്കില്ല, അവർക്ക് കൊല്ലാകൊല്ലം വന്നു മോങ്ങാൻ ഉള്ളതല്ലേ?"

‘‘പിന്നെ എന്താ അപ്പന്റെ ആഗ്രഹം? പറ കേൾക്കട്ടെ"- ഞാൻ പകുതി തമാശയായി പറഞ്ഞു.

‘‘നീയെന്നെ കടലിൽ ഒഴുക്കണം. ഇത് തമാശയല്ല, കാര്യമായിട്ട് പറയുന്നതാണ്. ഇതാണ് എന്റെ അന്ത്യാഭിലാഷം".

ഞാൻ അവിശ്വസനീയതയോടെ അപ്പനെ നോക്കി. അപ്പന്റെ കണ്ണുകളിൽ വെള്ളപ്പാട നിറഞ്ഞിരിക്കുന്നു. ഞനൊന്നു ഞെട്ടിയോ അതോ എനിക്ക് ചിരിയാണോ വന്നത്? അറിയില്ല.

‘‘നടക്കുന്ന കാര്യം വല്ലതും പറയന്റെ പൗലോസ് മേസ്തിരി".

ഞാൻ ചിരി വരുത്തികൊണ്ട് പറഞ്ഞു. സ്നേഹം കൂടുമ്പോൾ അപ്പനെ ഞാൻ പേര് കൂട്ടി വിളിക്കാറുണ്ട്. അപ്പൻ കണ്ണുകൾ അടച്ചു. പിന്നെ കുറെ നേരത്തേക് ഒന്നും മിണ്ടിയില്ല. പക്ഷെ കൈയ്യിലെ പിടിവിട്ടില്ല.

അൽപ്പസമയത്തിനുശേഷം കണ്ണുതുറന്ന് പറഞ്ഞു;

‘‘നിനക്ക് ഒറ്റക്കു പറ്റില്ലെന്ന് എനിക്കറിയാം. നീ റാഫിയോടും റോബിനോടും പറ. അവർക്കു ചിലപ്പോ നിന്നെ സഹായിക്കാൻ പറ്റിയേക്കും’’.

അപ്പൻ വീണ്ടും കണ്ണടച്ചു. മണിക്കൂറുകൾ കടന്നു പോകെ പൾസ് താഴുന്നതും ശ്വാസം താഴ്ന്നു വരുന്നതും ഞാൻ കണ്ടു. അമ്മയും സോഫിയും റാഫിയും ചുറ്റിലും നിന്നു. ഡോക്ടർമാരും നഴ്‌സുമാരും പരമാവധി ശ്രമിച്ചെങ്കിലും അപ്പൻ പോയി. അന്ന് വെള്ളിയാഴ്ച്ച്ചയായിരുന്നു. സൂര്യൻ ഉദിക്കാൻ മടിച്ചു നിന്നു. നിലാവ് മറയാൻ മടിച്ചു നിന്നു. അമ്മ സോഫിയുടെ കൈയിലേക് ചാരി കിടന്നു കരഞ്ഞു. എനിക്കു കരച്ചിൽ വന്നു, പക്ഷെ കരഞ്ഞില്ല. ഭൂമിയുടെ കറക്കം നിന്നതു പോലെ തോന്നി. എന്നെ താങ്ങിയിരുന്ന കൈകൾ റാഫിയുടേതാണെന്നു മാത്രം എനിക്ക് മനസ്സിലായി. അവനും കരഞ്ഞില്ല.

വികാരിയച്ഛനെയോ കപ്യാരെയോ പള്ളിവാതിൽക്കൽ ഇരുന്നുറങ്ങുകയായിരുന്ന സെക്യൂരിറ്റി ജോസേട്ടനെയോ ശല്യം ചെയ്യാതെ അപ്പനെ പെട്ടിയോടെ എടുത്തുകൊണ്ട് ഞങ്ങൾ മടങ്ങി. അപ്പന്റെ ഇടത്തും വലത്തും കിടന്നിരുന്ന തോമസ് ചേട്ടനും മറിയാമ്മ ടീച്ചറും അപ്പൻ പോകുന്നത് അറിഞ്ഞില്ല. സിസിലി ചേച്ചിയുടെ ബെഡ്റൂമിലെ സീറോ വാട്ട് ബൾബ് പോലും ഞങ്ങളെ കണ്ടില്ല.

ആംബുലൻസിലിരിക്കുമ്പോൾ ആ കിരുകിരുപ്പ് എന്നെ വിട്ടുപോയി. ആരും കാണതെ കാര്യം നടന്നതിലുള്ള സമാധാനം ആയിരുന്നില്ല, അപ്പന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പറ്റിയതിലുള്ള സംതൃപ്‌തി. ആ സെമിത്തേരി അപ്പന് പറ്റിയ സ്ഥലം ആയിരുന്നില്ല. അറിയുന്നവരും അറിയാത്തവരുമായി കൊറേ മനുഷ്യർ അവിടെ ഉണ്ടായിരുന്നു. പക്ഷെ അവർക്കാർക്കും എന്റെ അപ്പനെ അറിയില്ല. അപ്പന് അവരെയും. ക്രിസ്തുമസ് രാത്രിയിൽ പുൽക്കൂട് കാണാൻവേണ്ടിയല്ലാതെ ഒരിക്കൽ പോലും പള്ളിയിൽ പോകാത്ത അപ്പനെ എല്ലാ ദിവസവും നിർബന്ധിച്ചു കുർബാന കൂട്ടുന്നത് പാപമാണ്, വെറുത്തവരെ അങ്ങേയറ്റം വെറുത്തും സ്നേഹിച്ചവരെ സ്നേഹം കൊണ്ട് പൊതിഞ്ഞും ജീവിച്ച അപ്പൻ യാതൊരു പരിചയവുമില്ലാത്ത കൊറേ മനുഷ്യരുടെ നടുവിൽ അനുഭവിച്ചേക്കാൻ ഇടയുള്ള ഏകാന്തത എന്നെ വീർപ്പുമുട്ടിച്ചു. അത്രയും നേരം ഇല്ലാതിരുന്ന ഒരു ആത്മവിശ്വാസം എന്റെ മനസ്സിനെ തഴുകി.

തിരികെ തോണിക്കടവിൽ എത്തി റാഫിയും ഞാനും ജോസഫും കൂടെ അപ്പനെ എടുത്ത് തോണിയിലേക്കു വെച്ചു. ആംബുലൻസ് തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിന്റെ സൈഡിൽ പാർക്ക് ചെയ്തിട്ട് ജോസഫ് വന്നു. പതിനഞ്ചു മിനിറ്റ് കാത്തിരുന്നപ്പോളേക്കും കിഷോറും ദേബ്‌ദാസും ബൈക്കിൽ എത്തി. എല്ലാവരും കയറിയ ശേഷം റാഫി തോണി തുഴയാൻ തുടങ്ങി. കരയിൽ നിന്ന് ഒട്ടൊന്നു അകന്ന ശേഷം എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.

കണ്ടൽ കാടുകൾ അകലേക്ക് മറഞ്ഞു, നീർനായകൾ മുക്രയിടുന്ന ശബ്ദം കേൾക്കാതെയായി. മഞ്ഞു പെയ്യുന്ന രാവിൽ, ഇളം നീല നിറമുള്ള നിലാവിൽ, വെള്ള റോസപൂക്കൾ പതിപ്പിച്ച ബ്രൗൺ നിറമുള്ള ശവപ്പെട്ടി പുഴയുടെ നെഞ്ചിലൂടെ ഒഴുകി നീങ്ങി. ശവപ്പെട്ടിയേക്കാൾ കനം തൂങ്ങുന്ന മനസ്സുമായി അഞ്ചു മനുഷ്യർ പെട്ടിയോടൊപ്പം ഒഴുകി നീങ്ങി. അകലെ തെങ്ങിൻ തലപ്പുകൾക്കു മുകളിൽ തലയുയർത്തി നിന്ന പള്ളികുരിശിൽ തൂങ്ങി കിടന്ന ക്രിസ്തുമസ് നക്ഷത്രം മാത്രം ഞങ്ങളുടെ യാത്ര കണ്ടു.

കിഷോറും ദേബ്‌ദാസും അപ്പന്റെ കൂടെ പണിക്കു വന്നിരുന്ന രണ്ടു ബംഗാളികൾ ആണ്. ദേബ്‌ദാസ് നെ ദേവദാസ് എന്നും കിഷോർ നെ കിഷോർ കുമാർ എന്നുമാണ് അപ്പൻ വിളിച്ചിരുന്നത്. അപ്പനാണ് അവരെ പണി പഠിപ്പിച്ചത്. പത്തു കൊല്ലം മുന്നേ അപ്പന് പ്രോസ്റ്റേറ്റ് വീക്കം വന്നു. അന്ന് ഓപ്പറേഷൻ കഴിഞ്ഞതിൽ പിന്നെ അപ്പൻ കല്പണിക്കു പോകാറില്ല. പോകാൻ ഞങ്ങൾ സമ്മതിക്കാറില്ല എന്നതാണ് സത്യം. കിഷോറും ദേബ്‌ദാസും മറ്റു മേസ്തിരിമാരുടെ കൂടെ പണിക്കു പോകും. പക്ഷെ അപ്പന്റെ ആവശ്യങ്ങൾ ഒന്നും തന്നെ ഞങ്ങൾ മുടക്കിയില്ല. പണിയുള്ള കാലത്തും ഇല്ലാത്തപ്പോളും വൈകീട്ടുള്ള ഞങ്ങളുടെ സംഗമങ്ങൾക്കു മാറ്റമില്ലായിരുന്നു. ഓഫീസ് പൂട്ടി ഇറങ്ങി ഞാനാണ് അവസാനം എത്തുക. അപ്പോളേക്കും അവർ ഒരു റൗണ്ട് കഴിഞ്ഞിരിക്കും. ഞാൻ കൂടെ കയറിയ ശേഷം റാഫി തോണി പടിഞ്ഞാറോട്ടു വെച്ച് പിടിക്കും.

പേര് കിഷോർ കുമാർ എന്നായിരുന്നെങ്കിലും അയാൾ പാടിയില്ല പക്ഷെ കിഷോർ കുമാർ നും മുഹമ്മദ് റഫിക്കും മന്നാഡേക്കും വേണ്ടി ദേവദാസ് പാടി. പഴയതും പുതിയതുമായ ഹിന്ദി പാട്ടുകൾ എവിടേയും നോക്കാതെ, വരികൾ തെറ്റാതെ ഓർത്തു പാടി. വില്ലു പോലെ വളഞ്ഞ ചുണ്ടും കട്ടി പുരികവും വിഷാദമൂകമായ മുഖവും അവനു ദിലീപ് കുമാറിന്റെ മുഖച്ഛായ നൽകി.

ഞങ്ങൾ പല തരം മദ്യങ്ങൾ മാറി മാറി കുടിക്കാറുണ്ടെങ്കിലും അപ്പൻ എന്നും ജവാൻ മാത്രം കഴിച്ചു. എന്നും ഒരേ അളവ്. ജവാൻ വാങ്ങാൻ ഉള്ള ചുമതല റാഫിക്ക് ആയിരുന്നു. അപ്പന് ഒരാഴ്ചയ്ക്കുള്ള ജവാൻ റാഫി എപ്പോളും സ്റ്റോക്ക് വെച്ചു. ചില ദിവസങ്ങളിൽ, ജവാൻ അസ്ഥിക്ക് പിടിക്കുമ്പോൾ, ഞങ്ങൾ ഗംഗയിലൂടെ ഒഴുകുന്ന ഏതോ കെട്ടുവഞ്ചിയിൽ ആണെന്നും മഴവിൽ പാലം ഹൗറ ബ്രിഡ്ജ് ആണെന്നും അപ്പൻ ദേബ്‌ദാസ് നോട് പറയും. അവന്റെ കണ്ണുകൾ ഓർമകളിലേക് ഊളിയിടും. പിന്നെ നിറഞ്ഞൊഴുകും. അവൻ നാട്ടിലെ തന്റെ പാർവതിയെ ഓർക്കുകയാണെന്നു പറഞ്ഞു അപ്പൻ കളിയാക്കും. പിന്നെ കെട്ടിപ്പിടിച്ചു തോളിൽ ചാരിയിരുത്തും. അപ്പനെ ചാരിയിരിക്കുമ്പോൾ അവന്റെ ദുഃഖങ്ങൾ ദൂരെയെവിടേക്കോ മറയും.

ങ്ങൾ നിശ്ശബ്ദരായിരുന്നു. ആദ്യമായിട്ടായിരിക്കും ആ തോണി നിശ്ശബ്ദത എന്തെന്ന് അറിയുന്നത്. പുഴയും ഒഴുക്ക് നിലച്ചു മരവിച്ച പോലെ കിടന്നു. തോണി മഴവിൽ പാലത്തിന്റെ അടുത്തു ഏതായാപ്പോൾ റാഫി സ്പീഡ് കുറച്ചു. ഞാൻ ദേബ്‌ദാസിനെ നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. കണ്ണീരല്ല, ഓർമ്മകൾ. നിറഞ്ഞു തുളുമ്പി ഒഴുകുന്ന ഓർമ്മകൾ. കിഷോറിന്റെ ചുമലിൽ ചാരി ഇരുന്നിരുന്ന അയാൾ മുഖമുയർത്തി എന്നെയൊന്നു നോക്കി. പിന്നെ ഇടറുന്ന സ്വരത്തിൽ പാടി.

‘‘യെ ദോസ്തി ഹം നഹി തോടെങ്കെ
തോടെങ്കെ ദം മഗർ
തേരെ സാത്ത് നാ ചോടെങ്കെ....’’

അപ്പന്റെ പ്രിയപ്പെട്ട പാട്ട്!
ഈ പാട്ട് ഇങ്ങനെയും പാടാനാവുമോ? ദുഖത്തിന്റെ താളത്തിൽ...? എനിക്കറിയില്ല. എത്ര കേട്ടാലും മതിവരാതെ ചിരിച്ചു കൊണ്ട്, കൂടെ പാടിക്കൊണ്ട്, അപ്പൻ വീണ്ടും വീണ്ടും കേൾക്കുന്ന പാട്ട്. ഏതു പാട്ടിന്റെയും അവസാനത്തിൽ ദുഃഖമുണ്ട്.

മഴവിൽ പാലത്തിനപ്പുറം, പുഴയുടെ അറ്റത്തു സ്രാങ്ക് റോബിനും രവിയണ്ണനും ബോട്ടുമായി ഞങ്ങളെ കാത്തു നിന്നു.

വർ മൂന്നു പേരായിരുന്നു ആന്റണി, മൈക്കിൾ, പൗലോസ്. മലബാറിലേക് പോരുമ്പോൾ കാടും മാലയും കൈയേറി ജീവിക്കാൻ പുതിയ വഴികൾ കണ്ടെത്താമെന്ന പ്രതീക്ഷയാണ് മൂന്നു പേർക്കും ഉണ്ടായിരുന്നത്. പക്ഷെ ജീവിതത്തിൽ ആദ്യമായി കടൽ കണ്ട മൂന്ന് പേരെയും കടൽ തിരിച്ചു വിട്ടില്ല. ഉപ്പുകാറ്റും മീൻമണവും അവരുടെ സിരകളിൽ നിറഞ്ഞു. കരയിലും വെള്ളത്തിലും അവർ ഒരു പോലെ മേഞ്ഞു നടന്നു. പല ബോട്ടുകളിൽ പണിക്കു പോയി, പയറ്റി തെളിഞ്ഞ മീൻ പിടുത്തക്കാരായി. ഒന്നിച്ചു യാത്രകൾ പോയി, പല നാടുകൾ കണ്ടു. ഒന്നുച്ചുണ്ടു, ഒന്നുച്ചുറങ്ങി.

ആന്റണി ആദ്യം പെണ്ണ് കെട്ടി, ഇന്ദിര ഗാന്ധിയെപ്പോലെ നീണ്ട മൂക്കുള്ള ഫിലോമിനാമ്മയെ. ഒരു വർഷത്തിന് ശേഷം അവർക്ക് ജോസഫ് ജനിച്ചു. ഞങ്ങളിൽ മൂത്തത് അവനാണ്. അപ്പൻ അവനെ യുധിഷ്ഠിരൻ എന്നാണ് വിളിച്ചിരുന്നത്. ഫിലോമിനമ്മയുടെ നീണ്ട മൂക്ക് എടുത്ത് അവനും സ്വന്തമാക്കിയിരുന്നു. ജോസഫിന്റെ ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ സന്തോഷത്തിൽ കൂട്ടുക്കാർ മൂന്ന് പേരും കൂടെ ഒന്ന് കറങ്ങാൻ പോയി. കന്യാകുമാരിയിൽ. മൂന്നു കടലുകൾ സംഗമിക്കുന്ന മനോഹര തീർത്തു നീന്തി തിമിർത്തു കളിക്കുന്നതിനിടയിൽ ആന്റണിയെ കടൽ വലിച്ചെടുത്തു. ഒരു വലിയ തിര വന്നത് മാത്രമേ അപ്പന് എന്നും ഓർമ്മയുണ്ടായിരുന്നുള്ളു. തിരയൊടുങ്ങിയപ്പോൾ ആന്റണിയെ കണ്ടില്ല. തിരികെ വരുമെന്ന പ്രതീക്ഷയിൽ അവർ കാത്തിരുന്നെങ്കിലും കടൽ അയാളെ തിരികെ കൊടുത്തില്ല. ഫിലോമിനമ്മയുടെയും ജോസഫിന്റെയും മുന്നിലേക്ക് അവർ വെറും കയ്യോടെ വന്നു.

വർഷങ്ങൾക്കു ശേഷമൊരു മഴക്കാലത്തു, മുന്നറിയിപ്പുകൾ തകിടം മറിച്ചെത്തിയ ഒരു കാറ്റ് അപ്പന്റെയും മൈക്കിളേട്ടന്റെയും ബോട്ടിനെ എടുത്തെറിഞ്ഞു. അപ്പനൊഴികെ ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചുപേരും കടലിന്റെ അടിത്തട്ടിൽ എവിടേക്കോ നീന്തിപ്പോയി. മൂന്നാം നാൾ കടലിൽ ഒഴുകി നീങ്ങിയിരുന്നു ഒരു പലകത്തുണ്ടിൽ ആരോ കെട്ടിവെച്ച നിലയിൽ ബോധമില്ലാതെ കിടന്ന അപ്പനെ നേവിയുടെ ബോട്ട് കണ്ടെത്തി കരയിൽ എത്തിച്ചു.

മൈക്കിളേട്ടന്റെ ഭാര്യ റോസാവല്യമ്മച്ചി അന്ന് മുതൽ രാപകലില്ലാതെ കടലിലേക്കു നോക്കി വർത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. കൊറേ നാൾ കഴിഞ്ഞപ്പോൾ വല്യമ്മച്ചിയെ അവരുടെ ആങ്ങള വന്നു വീട്ടിലേക്കു കൊണ്ട് പോയി. കൂടെ പോയ റോബിൻ പത്താം ദിവസം മടങ്ങി വന്നു. അപ്പൻ അവനെയും നെഞ്ചിൽ ചേർത്തുപിടിച്ചു.

ശുപത്രിയിലെ എഴുത്തുകുത്തുകൾ തീർത്തു അപ്പനെ ഞങ്ങൾ വീട്ടിലേക്കു കൊണ്ടുവന്നു. സൂര്യൻ ഉദിച്ചു വരുന്നേയുണ്ടായിരുന്നുള്ളു. അലമുറയിട്ടു കരയുന്ന ബന്ധുക്കൾക്ക് നടുവിൽ അപ്പൻ കിടന്നു, കുളിച്ച്, വെള്ള ഷർട്ടും മുണ്ടും കറുത്ത ഷൂവുമായി, അന്ന് വരെയില്ലാതിരുന്ന സൗന്ദര്യത്തോടെ അപ്പൻ കിടന്നു. അപ്പന് ചുറ്റുമിരുന്ന് അകന്ന ബന്ധുക്കൾ കരഞ്ഞു. നാശം പിടിച്ച കരച്ചിൽ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു. പകൽ മുഴുവൻ ബ്ലൂടൂത്ത് സ്പീക്കർ ഒപ്പീസു ചൊല്ലികൊണ്ടിരുന്നു. വന്നവരും പോയവരുമായ സകലരും അപ്പന്റെ ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിക്കുന്നതായി ഭാവിച്ചു. അവരിൽ പലരുടെയും പ്രാർത്ഥനകൾ അപ്പൻ കാണരുതേ കേൾക്കരുതേ എന്ന് ഞാനും പ്രാർത്ഥിച്ചു. വികാരിയച്ചൻ വന്നു. അപ്പനെക്കുറിച്ചു എന്തൊക്കെയോ പറഞ്ഞു. പിന്നെ വൈകീട്ടു നാല് മണിയോടെ പള്ളി സെമിത്തേരിയിൽ അപ്പനെ അടക്കി. ശേഷം എല്ലാവരും ചായയും ബിസ്ക്കറ്റും കഴിച്ചു, കുർബാന കൂടി തിരികെ പോന്നു.

വീട്ടിലെത്തിയിട്ടും എനിക്കെന്തോ മനസ്സമാധാനം കിട്ടിയില്ല, ഉള്ളിൽ നിന്നും എന്തോ തികട്ടി വന്നു കൊണ്ടിരുന്നു. അന്ത്യ ചുംബനം കൊടുക്കാൻ നേരം അപ്പന്റെ കണ്ണിലേക്കു ഞാൻ നോക്കിയില്ല. അപ്പൻ അവസാനമായി ആവശ്യപ്പെട്ട കാര്യം നടത്തി കൊടുക്കാൻ കഴിയാത്തതിലുള്ള കുറ്റബോധം എന്നെ തളർത്തിയിരുന്നു. രാത്രിയായി. കഞ്ഞി കുടിച്ചു കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. കണ്ണടച്ചപ്പോളെല്ലാം അപ്പന്റെ ശാന്തമായ മുഖം കണ്മുന്നിൽ തെളിഞ്ഞു. ഞാൻ ആകെ വിയർത്തു. ഡിസംബറിന്റെ തണുപ്പിനും എന്റെ ഉഷ്ണം ശമിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റു വീടിനു പുറത്തിറങ്ങി. മൂലയിൽ ഒരു ചുവന്ന കസേരയിൽ ചാരി മറ്റൊരു കസേരയിലേക്ക് കാലു കയറ്റി വെച്ച് റാഫി ഉറങ്ങുന്നു. പണ്ടും അവൻ വീടിന്റെ അകത്തു കയറാറില്ല. അമ്മക്കും സോഫിക്കും അവനെ ഇഷ്ടമായിരുന്നില്ല. അവൻ കയറാത്ത വീടിന്റെ അകത്തേക്കു അപ്പനും വിരളമായേ കയറാറുള്ളൂ. വരാന്തയിൽ പായ വിരിച്ചാണ് അപ്പൻ ഉറങ്ങാറ്. ഉണ്ണുന്നതും അവിടെ ഇരുന്നു തന്നെ.

ഞാൻ റാഫിയെ തട്ടി വിളിച്ചു പറമ്പിലേക് കൊണ്ട് പോയി. ആശുപത്രിയിൽ വെച്ച് നടന്ന കാര്യം പറഞ്ഞു. എല്ലാം കേട്ടുകൊണ്ട് റാഫി നിശ്ശബ്ദനായിരുന്നു.

‘‘മേസ്തിരി കളി പറയില്ല. കടലെന്നാൽ അങ്ങേർക്കു ജീവനായിരുന്നു. പക്ഷെ നമ്മൾ എന്ത് ചെയ്യും? നിനക്കിതു നേരത്തെ പറയാമായിരുന്നില്ലേ? പറഞ്ഞാലും കാര്യമില്ല, നിന്റെ അമ്മയെയും ബാക്കി ബന്ധുക്കളെയും എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും?".

ചോദ്യങ്ങളും ഉത്തരവും റാഫി തന്നെ പറഞ്ഞു.

കൊറേ നേരത്തെ നിശ്ശബ്ദതക്കു ശേഷം റാഫി പറഞ്ഞു.

‘‘വഴിയുണ്ടാക്കാം, മേസ്തിരിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാം. റോബിനും രവിയണ്ണനും ബോട്ടിൽ കാണും. ഞാൻ അവരെ ഒന്ന് കാണട്ടെ. നീ പോയി കിടന്നുറങ്ങ്." അവൻ തോണിക്കടവിലേക്കു നടന്നു. അപ്പൻ പറഞ്ഞത് ശരിയാണ്. റാഫിക് അസാധ്യമായി ഒന്നുമില്ല.

റാഫി ഒരു നിഗൂഢതയായിരുന്നു. അവൻ എവിടെ നിന്ന് വന്നു എന്ന് ആർക്കും അറിയില്ല. ഓർമ്മ വെച്ച നാൾ മുതൽ അവൻ വീട്ടിലുണ്ട്, പുഴയിലുണ്ട്, ഇടതും വലതുംമുള്ള മാലാഖമാരെ പോലെ അപ്പന്റെ നിഴൽപറ്റി എല്ലായിടത്തുമുണ്ട്. കരിമീൻ പിടിക്കാൻ രാത്രി തോണി തുഴയുന്നതിനിടയിൽ കണ്ടലുകൾക്കിടയിൽ കുരുങ്ങി കിടന്ന ഒരു പെട്ടിയിൽ നിന്നാണ് റാഫിയെ കിട്ടിയത് എന്നാണ് അപ്പൻ പറഞ്ഞിരുന്നത്. പെട്ടി തുറക്കുമ്പോൾ അവനു കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നത്രെ. എന്നെ പ്രസവിക്കാൻ നേരത്തു കാശില്ലാത്തതിനാൽ അവന്റെ കവചകുണ്ഡലങ്ങൾ ഊരി വിറ്റു എന്നതാണ് അപ്പന്റെ അടുത്ത കഥ. പണ്ട് ഈ കഥകൾ കഴിയുമ്പോൾ അപ്പനോട് ഞാൻ സംശയങ്ങൾ ചോദിക്കുമായിരുന്നു. ഉത്തരം അടുത്ത കള്ളകഥയാണെന്ന് അറിഞ്ഞിട്ടും അപ്പൻ അത് പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും ഞാൻ ചോദിച്ചു. എല്ലാ കഥകൾക്കുമവസാനം റാഫിയുടെ ചിരി കേട്ടു.

ണ്ടു കൂട്ടുകാരുടെയും മരണ ശേഷം അപ്പൻ കടലിൽ മീൻ പിടിക്കാൻ പോയില്ല. ജോലി കല്പണിയിലേക്ക് മാറ്റി. വീട് അമ്മയുടെ അപ്പൻ വാങ്ങി കൊടുത്ത പറമ്പിലേക് മാറി. ഒന്ന് മാത്രം മാറാതെ നിന്നു, അപ്പന്റെ കടലിനോടുള്ള പ്രണയം!

വൈകുന്നേരങ്ങളിലെ ഞങ്ങളുടെ തോണി യാത്ര കടൽത്തീരത്താണ് അവസാനിക്കാറ്. റോബിനും രവിയണ്ണനും പണി കഴിഞ് അവിടെ എത്തിയിട്ടുണ്ടാകും. പിന്നെ പാട്ടുകളുടെയും കഥകളുടെയും സമയമാണ്. അന്തമില്ലാത്ത കഥകൾ. രവിയണ്ണന്റെ കടലിലെയും കരയിലെയും സാഹസങ്ങൾ, ആന്റണിയെയും മൈക്കിളിനെയും പറ്റിയുള്ള അപ്പന്റെ ഓർമ്മകൾ, റോബിന്റെ പഴയ ഭാര്യയുടെ പുതിയ പ്രണയങ്ങൾ, ജോസഫിന്റെ ആംബുലൻസ് കഥകൾ, കിഷോറിന്റെയും ദേബ്‌ദാസിന്റെയും നാട്ടിലെ കഥകൾ, അവർ പാടുന്ന പാട്ടുകൾ, അപ്പൻ കണ്ടിട്ടുള്ള സിനിമകളിലെ, വായിച്ചിട്ടുള്ള പുസ്തകങ്ങളിലെ കഥകൾ, എന്നിങ്ങനെ പഞ്ഞമില്ലാതെ വിശേഷങ്ങൾ ഒഴുകി വന്നു. ഞങ്ങൾ വിശേഷങ്ങളുടെയും മദ്യത്തിന്റെയും പുതിയ കുപ്പികൾ ഓരോന്നായി തുറക്കുമ്പോളേക്കും അപ്പൻ തന്റെ പതിവ് കോട്ട തീർത്തു ഒറ്റക് കടലിലേക്ക് നടക്കും. പതഞ്ഞു പറക്കുന്ന തിരമാലകളുടെ അറ്റം കാലിൽ വന്നു തൊട്ടു മടങ്ങുന്ന അത്രയും അടുത്ത് പോയിരിക്കും. പിന്നെ കടലിനോട് സംസാരിക്കും. അവർക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ.

രാത്രിയിൽ തോണിയിറങ്ങി അപ്പന്റെ കൈ പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഉപ്പുവെള്ളം വറ്റിയ ഉണങ്ങിയ കൈകകൾ എന്റെ കയ്യിൽ ഒട്ടും.

ബോട്ട് മഴവിൽ പാലം കടന്നു. ദൂരെ നിർത്തിയിട്ടിരിക്കുന്ന "സെന്റ് മേരീസ്" ബോട്ട് ഞങ്ങൾ കണ്ടു. റാഫി ബോട്ടിനോട് ചേർന്ന് തോണി നിർത്തി. രവിയണ്ണൻ ഇട്ടു തന്ന വലയിലേക് ഞങ്ങൾ അപ്പനെ പെട്ടിയോടെ എടുത്ത് കിടത്തി. റോബിനും രവിയണ്ണനും ചേർന്ന് അപ്പനെ വലിച്ചു കയറ്റി. പിന്നാലെ ഞങ്ങളും കയറി. തോണി തൊട്ടടുത്ത പറമ്പിലെ തെങ്ങിനോട് ചേർത്ത് കെട്ടിയ ശേഷം റാഫിയും കയറി. റോബിൻ ബോട്ട് സ്റ്റാർട്ട് ചെയ്തു. കരയിലെ വെളിച്ചങ്ങളെ പുറകിലാക്കികൊണ്ട് ബോട്ട് കടലിലേക്ക് കുതിച്ചു. ഞങ്ങൾക്ക് മുന്നേ പോയ മീൻപിടുത്ത ബോട്ടുകളുടെ വെളിച്ചം അകലെയും അടുത്തുമായി മാറി മാറി വന്നു. തൊണ്ടയിൽ നിന്ന് ഏതോ ആഴത്തിലേക് ഒരു കനം തൂങ്ങി കിടന്നു. ഞങ്ങൾ ഏഴുപേരും പരസ്പരം സംസാരിച്ചില്ല. ഞാൻ അപ്പനെ നോക്കികൊണ്ടിരുന്നു. മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രം ഓർമ്മ വന്നു. "സെന്റ് മേരീസ്" നീറ്റിൽ ഇറക്കിയ ദിവസം സന്തോഷത്താൽ പൊട്ടി കരഞ്ഞുകൊണ്ട് അപ്പൻ ഇതേ പോലെ നീണ്ടു നിവർന്നൊരു കിടപ്പു കിടന്നു. സ്വന്തമായൊരു ബോട്ട് എന്ന മൈക്കിളിന്റെ സ്വപ്നം മകൻ റോബിൻ യാഥാർഥ്യമാക്കിയത്തിന്റെ സന്തോഷത്തിൽ.

ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ബോട്ട് ഓഫ് ആയിരുന്നു. എല്ലാവരും അപ്പന് ചുറ്റും ഇരിക്കുന്നു. കര എത്ര ദൂരെയാണെന്നോ ഞങ്ങൾ എത്ര നേരം ബോട്ട് ഓടിച്ചെന്നോ ഞാൻ ചോദിച്ചില്ല. കണ്ണെത്തുന്ന ദൂരത്തെവിടെയും മറ്റു ബോട്ടുകൾ ഇല്ലായിരുന്നു. കിഴക്ക് ചെറിയൊരു ചുവപ്പു നിറം വീണിരുന്നു. കടൽ ശാന്തമായി അപ്പനെ സ്വീകരിക്കാൻ ഒരുങ്ങി നിന്നു.

‘‘അപ്പനെ നമുക് ഇവിടെ അടക്കാം"- റോബിൻ പറഞ്ഞു.

ഞങ്ങൾ എഴുന്നേറ്റു. റോബിൻ പറഞ്ഞതിനപ്പുറത്തേക്ക് ചിന്തിക്കാനൊന്നുമില്ല. ജോസഫ് കൊളുത്തുകൾ ഇളക്കി പെട്ടി തുറന്നു. അപ്പന്റെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. അപ്പൻ പുഞ്ചിരിക്കുന്നുണ്ടോ? ഉണ്ട്, ഒരു കള്ളച്ചിരി കാണുന്നുണ്ട്. സന്തോഷത്തിന്റെ, സംതൃപ്‌തിയുടെ ചിരി. പുരികത്തിലെ നീളം കൂടിയ ഒറ്റരോമം കാറ്റിൽ ഇളകി.

ഞങ്ങൾ അപ്പനെ കടൽ കാണിച്ചു. അപ്പന് ജീവൻ തിരികെ വന്നതുപോലെ എനിക്ക് തോന്നി. മൂന്നാം ദിനവും ചൂടാറാതെ നിന്ന അപ്പന്റെ ശരീരത്തെ ഉപ്പുകാറ്റ് തണുപ്പിച്ചു. കൊന്തയും കുരിശും ചേർത്ത് പിടിച്ച വിരലുകളിൽ ഞാൻ എന്റെ വിരലുകൾ കോർത്തു, ഉറക്കെ ഉറക്കെ കരഞ്ഞു. എന്നോടൊപ്പം എല്ലാവരും കരഞ്ഞു. ഞാൻ അപ്പന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്റെ കൈകൾ അപ്പന്റെ കയ്യിൽ ഒട്ടി.

ഞങ്ങൾ ഓരോരുത്തരായി അപ്പന് അന്ത്യ ചുംബനം നൽകി. റാഫി ജവാൻ പൊട്ടിച്ചു തുണിയിൽ മുക്കി അപ്പന്റെ ചുണ്ടു നനച്ചു. എല്ലാവരും അതും തന്നെ ചെയ്തു. അപ്പൻ അത് നുണഞ്ഞിറക്കി. റാഫിയും റോബിനും ചേർന്ന് അപ്പനെ ബോട്ടിന്റെ അമരത്തേക്കു കയറ്റി വെച്ചു. ഞാൻ കടലിലേക്കു നോക്കി. അപ്പനെ കൊണ്ടുപോകാൻ ആരെങ്കിലും വന്നിട്ടുണ്ടോ? അപ്പന്റെ പ്രിയപ്പെട്ട കൂട്ടുകാർ? തിരിഞ്ഞു നോക്കിയപ്പോൾ ജോസഫും റോബിനും കടലിലേക്കു നോക്കി നിൽക്കുന്നു. അവരും അവരുടെ അപ്പന്മാരെ തിരയുകയാണോ?

റാഫി ചെന്ന് പെട്ടി മൂടി കൊളുത്തിട്ടു. ഞങ്ങൾ ഏഴു പേരും ചേർന്ന് അപ്പനെ വലയിൽ കെട്ടി കടലിലേക്കിറാക്കി. കടൽ ആർത്തിയോടെ അപ്പനെ ഏറ്റുവാങ്ങി. കുറച്ചു നേരം ഞങ്ങളെ നോക്കി കിടന്ന ശേഷം ഒരു കൊമ്പൻ സ്രാവിനെപ്പോലെ അപ്പൻ കടലിന്റെ അടിത്തട്ടിലേക്ക് കുതിച്ചു.

Comments