കടൽക്കരയിലെ പെണ്ണ്

നോക്കുമ്പോൾ അവൾ ഇലപ്പടർപ്പുകൾക്കിടയിലായി കുന്തിച്ചിരിക്കുകയാണ്. അയാൾ അപ്പോൾ അപ്രതീക്ഷിതമായി ഓഫായിപ്പോയ തന്റെ ഹോണ്ട ആക്ടീവയെ ഒന്ന് ഉണർത്തുവാനെന്നപോലെ അതിന്റെ സെൽഫ് മോഡിൽ പതിയെ വിരലമർത്തി. ഇടയ്ക്കെപ്പോഴോ അയാളുടെ പാളിനോട്ടത്തെ നേരിട്ടു എന്നപോലെ, അവൾ തലകുനിക്കുകയും നാരോ ഫ്രെയ്മുള്ള അവളുടെ കണ്ണട, ചൂണ്ടുവിരലുകൊണ്ടു മൂക്കിലേക്കു ചേർത്തുവച്ച് ഒന്നു നിവർന്നിരുന്നു. അയാൾ വീണ്ടും അതിനെ ഉണർത്തുവാൻ കിക്കർ സ്റ്റാന്റിലും മറ്റും വൃഥാ ഒരു ശ്രമംകൂടി നടത്തിനോക്കി.

അവൾ ആ ഇരിപ്പ് കുറച്ചുസമയം അങ്ങനെ ഇരുന്നതുപോലെ തോന്നി. ഒടുക്കം സഹികെട്ട് അയാൾ തന്റെ വണ്ടി റോഡിന്റെ അരികിലേക്കു ചേർത്തുവചച്ചു പ്രതീക്ഷയോടെ ചുറ്റും നോക്കി. അപ്പോഴേയ്ക്കും അവൾ ഇലപ്പടർപ്പുകളെ വകഞ്ഞുമാറ്റി പതിയെ എഴുന്നേറ്റ്, ജീൻസ് വലിച്ചുകയറ്റി ടോപ്പിന്റെ ചുളിവുകൾ നേരെയാക്കി മുകളിലേക്ക് കയറിവന്നു. എന്നാൽ ആ കാഴ്ച്ചകൾ ഒന്നുംതന്നെ താൻ കണ്ടില്ല എന്നും, അപ്രതീക്ഷിതമായി ഈ വഴിയരുകിൽ വണ്ടി നിർത്തേണ്ടിവന്നുപോയതാണ് എന്ന ഭാവത്തിൽ അതേ നോട്ടത്തിൽ, അയാളും അവിടെത്തന്നെ നിന്നു.

എന്നാൽ മുഖത്ത്, ഒട്ടുംതന്നെ ജാള്യതയില്ലാതെ അവൾ അയാളെ നോക്കിചിരിച്ചു.

“നാട് എത്ര വികസിച്ചിട്ടെന്താ...? ഒരു അത്യാവശ്യകാര്യത്തിന്...”, അവൾ പുച്ഛത്തോടെ തലവെട്ടിച്ചു. അത് ശരിവച്ചിട്ടെന്നപോലെ അയാളും ചിരിച്ചു.
“റെയിൽവേ സ്റ്റേഷനിലേക്ക് ഇനിയും ഒരുപാടു ദൂരം പോകുവാനുണ്ടോ...?” അവൾ ആകാംക്ഷയോടെ ചോദിച്ചു.
“കുറച്ചു ദൂരം നടപ്പുണ്ട്. ശരിക്കും നിങ്ങൾ അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്”, അയാൾ വീണ്ടും തന്റെ വണ്ടിയിലേക്ക് ചേർന്നുനിന്നു.
“ശരിയാണ്, പക്ഷെ, എനിക്ക് ഇവിടെയിറങ്ങേണ്ടിയിരുന്നത് വളരെ അത്യാവശ്യമാണ്... ഇല്ലായിരുന്നെങ്കിൽ...”, അവളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയിട്ടെന്നപോലെ അയാൾ ഒന്നു ചിരിച്ചു.

ഇനി എന്തുചെയ്യും എന്ന മട്ടിൽ അവൾ ചുറ്റും നോക്കി. എന്നാൽ അയാൾ അതു ശ്രദ്ധിക്കാതെ വണ്ടിയിൽ വച്ചിരുന്ന തന്റെ ‘വെങ്കായസഞ്ചി’ ശ്രദ്ധയോടെ പുറത്തേക്കെടുത്തു. അതിൽ നിന്നും പുറത്തേക്ക് തലനീട്ടിയ പെട്രോൾ നിറച്ചകുപ്പിയിലേക്ക് അവൾ സംശയത്തോടെ നോക്കി.
‘ശരിക്കും ഇത് ഒഴിച്ചാൽ വണ്ടി സ്റ്റാർട്ടാകില്ലേ?’
‘സ്റ്റാർട്ടാവും. പക്ഷെ, ഇത് അതിന്റെയല്ല... ഇടയ്ക്കൊക്കെ ഇതിന് ഇങ്ങനെ സംഭവിക്കാറുണ്ട്’ ചിരിച്ചുകൊണ്ട് അയാൾ വണ്ടിയുടെ പിൻസീറ്റിലെ പൊടി തട്ടിമാറ്റി. അവൾ ഒരു ഭാവഭേദവുമില്ലാതെ സ്വന്തം വാച്ചിലേക്കും പിന്നെ, ദൂരേയ്ക്കും നോക്കിനിന്നു.
‘ഇനിയിപ്പോ നിങ്ങൾ സ്റ്റേഷനിലേക്ക് പോകുവാന്നു വച്ചാൽ തന്നെ, അതൊരു ഒറ്റപ്പെട്ട സ്റ്റേഷനാണ്. എല്ലാ വണ്ടികളും അവിടെ നിർത്തണമെന്നില്ല.’
‘ഏയ് അങ്ങനല്ല. മൂന്നുമണിക്ക് ഒരു ട്രെയ്ൻ അവിടെ നിർത്തുന്നുണ്ട്. അത് പതിനൊന്നോടെ എന്റെ നാട്ടിലെത്തിയേക്കും’, അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുകയും ഒരു പുഞ്ചിരി മെല്ലെ വിടരുകയും ചെയ്തു.

‘മൂന്നു മണിയാകാൻ ഇനിയും ഒരുപാടു സമയമുണ്ട്’, അതു കേട്ടതും അവളുടെ ആ പുഞ്ചിരി പതിയെ കെട്ടടങ്ങുകയാണ്. അവൾ വീണ്ടും തന്റെ കണ്ണട മൂക്കിലേക്കു ചേർത്തുവച്ചു. താഴെ കടൽക്കരയിൽ വോളിബോൾ ഗ്രൗണ്ടിൽ മൂന്നുനാലുപേർ ഇരിപ്പുണ്ട്. അവൾ ഒരു നിശ്വാസത്തോടെ ഗ്രൗണ്ടിലേക്കും തിരിഞ്ഞ് അയാളെയും നോക്കി. എന്തോ ആലോചിച്ചതുപോലെ അവൾ അല്പനേരം നിശ്ശബ്ദയായി. പിന്നെ അയാളോടായി ചോദിച്ചു: ‘ഇത്തിരിനേരം എന്റെ കൂടെ... അവിടെ ഇരിക്കാൻ താങ്കൾക്ക് സമയമുണ്ടാകുമോ...?’
അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. അയാൾ ആദ്യം ഒന്ന് അമ്പരന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ, അതും ഒരു പെൺകുട്ടി അയാളെ കടൽക്കരയിലേക്കു ക്ഷണിക്കുന്നത്. തൊട്ടരുകിലായിരുന്നിട്ടും കടൽ അയാളെ ഒരിക്കലും മോഹിപ്പിച്ചിട്ടേയില്ല. വല്ലപ്പോഴുമുള്ള അയാളുടെ സായാഹ്നസവാരികളിൽ ഒരു പാളിനോട്ടം അവിടേയ്ക്കു വീണെങ്കിലായി...

‘ശരിക്കും എനിക്ക് അതിരാവിലെ തന്നെ കൺവൻഷൻ സെന്ററിൽ എത്തേണ്ടതുണ്ടായിരുന്നു’, അതും പറഞ്ഞ് അയാൾ വാച്ചിലേക്കു നോക്കി.

‘ഇനിയിപ്പോ മെക്കാനിക്ക് വരുമ്പോഴേക്കും വീണ്ടും താമസിക്കും’, വണ്ടി ഒന്നൊതുക്കിവച്ച്, അവളെ നോക്കി ഒന്നു ചിരിച്ച്, അയാൾ സഞ്ചിയും എടുത്തു താഴേയ്ക്കിറങ്ങി. പിന്നാലെ അവളും...

‘ഈ കടൽക്കരയ്ക്ക് ഒരുപാടു കഥകൾ പറയുവാനുണ്ട്’ അയാളുടെ, സ്വന്തംനാടിനെക്കുറിച്ചുള്ള ആധികാരികസാഹിത്യം കേട്ടിട്ടായിരിക്കണം അവൾ ചിരിച്ചു. കാറ്റാടിമരങ്ങൾക്കിടയിലെ ചെറിയ നീർച്ചാൽ ചാടിക്കടന്ന് അവർ കടൽക്കരയിലേക്കു നടന്നു. ചുണ്ടിൽ പറ്റിപ്പിടിച്ച ഉപ്പുതരികളെ നാവുകൊണ്ടു രുച്ചിച്ച് അവൾ തൊട്ടടുത്ത തിട്ടയിലേക്കിരുന്നു. ഒപ്പം അയാളും.

കൈകൾ കൂട്ടിത്തിരുമ്മി കടൽപ്പരപ്പിന്റെ വിശാലതയിലേക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ അമ്പരപ്പോടെ നോക്കി. അല്പംമാറി വോളീബോൾ കോർട്ടിൽ, കളിക്കാർ വട്ടംകൂടിത്തുടങ്ങി. പിൻവാങ്ങിയ തിരയ്ക്കു പിന്നാലെ തെറിച്ചുതെറിച്ച് ഓടിപ്പോകുന്ന ആ കൊച്ചുകുട്ടിയേയും അതിന്റെ അമ്മയേയും അവൾ കൗതുകത്തോടെ നോക്കി.

ചിത്രീകരണം: രാജേഷ് ചിറപ്പാട്
ചിത്രീകരണം: രാജേഷ് ചിറപ്പാട്

‘എനിക്ക് ഇങ്ങനെ കടൽക്കരയിലിരിക്കുന്നത് വലിയ ഇഷ്ടമാണ്. ഞാനും ബിയാട്രിസും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കടൽക്കരയിൽ ഇരിക്കാറുണ്ട്’ വെയിലേറ്റുണരുന്ന ഒരു റോസാപ്പൂവു പോലെ അവൾ പൂത്തുലയുന്നതും നോക്കി അയാൾ ഇരുന്നു.

‘ശരിക്കും നിങ്ങളും സന്തോഷിക്കുന്നുണ്ടല്ലോ?’ തുളുമ്പുന്ന മുഖത്തോടെ അവൾ അയാളെ നോക്കി.

ശരിയാണ് താനും ഒരുപാടു സന്തോഷിക്കുന്നുണ്ട്. ഒരു പക്ഷെ, ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ച ദിവസം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. തന്റെ ഹൃദയത്തുടിപ്പിനുപോലും പ്രത്യേകതാളം വച്ചതായി അയാൾക്കു തോന്നി. എന്നാൽ, അതു മുഖത്തുകാണിക്കാതെ ഒരു പുഞ്ചിരിയോടെ അയാൾ അവളെത്തന്നെ നോക്കി. അവൾ അപ്പോൾ ഇരുകൈകളാലും മുഖം താങ്ങി കാലുകൾ അലസമായി ആട്ടികൊണ്ടു ദൂരേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു.

ഞങ്ങളെ ഒന്നു നോക്കിച്ചിരിച്ചിട്ടു തെറിച്ചുവീണ വോളിബോളും എടുത്ത് ഒരു പയ്യൻ ദൂരേയ്ക്ക് ഓടിപ്പോയി. അവൾ ആ ഇരിപ്പ് അങ്ങനെതന്നെ ഇരുന്നു. അവളുടെ നിറഞ്ഞുതുളുമ്പിയ മുഖത്തേക്ക് ആകാംഷയോടെ നോക്കി അയാളും...

അപ്പോഴാണ് അവളെ അയാൾ ആകെയൊന്നു ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇത്രയും ഉന്മേഷത്തോടെ ദൂരെ നാട്ടിൽ, അതും ഒരു അപരിചിതനോടൊപ്പം ഒരു പെൺകുട്ടിക്ക് കടൽക്കരയിൽ ഇങ്ങനെ ഇരിക്കുവാൻ സാധിക്കുന്നതിൽ അയാൾക്ക് അത്ഭുതം തോന്നി. അയാളുടെ ഊഹങ്ങൾക്കുപോലും അവളുടെ പ്രായം പിടിതരാതെ, തന്നെ നോക്കി ചിരിക്കുന്നതുകണ്ട് അയാളും ചിരിച്ചുപോയി.

തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയിട്ടെന്ന പോലെ അവൾ ഒരു ചോദ്യമുനയോടെ അയാളെ ഒന്നു നോക്കി. പെട്ടന്നു ചൂളിപ്പോയ അയാൾ, മുഖം വെട്ടിച്ച് എന്തുപറയണം എന്നുവിചാരിച്ചു കുഴങ്ങി. അയാൾ പരുങ്ങുന്നതുകണ്ട്, മുഖം പൊത്തി അവൾ പിന്നെയും പൊട്ടിപൊട്ടി ചിരിച്ചു, ‘അതല്ല, ഇത്രയും ദൂരം. അതും ഒറ്റയ്ക്ക്...?’ അവൾ ആ ചിരി നിർത്താതെ തന്നെ അയാളെ നോക്കി.

‘അതിനിപ്പോ ആരാ ഒറ്റയ്ക്ക്... ഇപ്പോൾ നിങ്ങളുണ്ടല്ലോ എന്റെ കൂടെ...’ അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. ചോദിക്കേണ്ടിയിരുന്നില്ല എന്ന തോന്നലിൽ അയാൾ മുഖം കുനിച്ചു.

ആർത്തലച്ചുവന്ന ഒരു തിര തിട്ടയിൽ തല്ലി അമർന്നതും വല്ലാത്ത ശബ്ദത്തോടെ അവൾ വായ പൊളിച്ച്, അയാളുടെ തുട പിച്ചിപ്പറിച്ചിട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ കയ്യടിച്ചു.

പെട്ടെന്ന് അവൾ തന്റെ അവിവേകം മനസ്സിലാക്കുകയും ഒരു ക്ഷമാപണത്തോടെ അയാളെ നോക്കുകയും ചെയ്തു. എന്നാൽ അപ്പോൾ അയാൾക്ക് അവളുടെ നിഷ്കളങ്കമായ മുഖത്ത് വെറുതെ അങ്ങനെ നോക്കുവാനാണു തോന്നിയത്. ആ ചിരികണ്ടതും പൊട്ടിവിരിയുന്ന ഒരു പൂത്തിരിപോലെ അവൾ വീണ്ടും കൈകൾ കൊട്ടി.

‘ഈ സമയം ബിയാട്രിസായിരുന്നെങ്കിൽ ഉറപ്പായും ഞാൻ കെട്ടിപ്പിടിക്കുമായിരുന്നു’, അവൾ സന്തോഷത്താൽ കൈകൾ കൂട്ടിതിരുമ്മി. ഒരു നിശ്വാസത്തോടെ പുഞ്ചിരിച്ചുകൊണ്ട് അയാൾ അവളുടെ ചുമലിൽ തലോടി.

അയാൾ അപ്പോൾ സ്വന്തം വാച്ചിലേക്ക് അക്ഷമയോടെ നോക്കി പതിയെ മുറുമുറുത്തു. തന്റെ ‘വെങ്കായസഞ്ചിയെ’ അല്പംകൂടി തന്നിലേക്കു ചേർത്തുവച്ച് ഒന്നു നിശ്വസിച്ചു.

‘അയ്യോ! ഞാൻ പറഞ്ഞില്ലല്ലോ... ഞാനിവിടെ യൂണിവേഴ്സിറ്റിയിൽ ഒരു ടെക്സ്റ്റ് വാങ്ങാനായിട്ട്... ഇടയിക്കിടയ്ക്ക് ഇങ്ങനെ ഞാൻ യാത്ര ചെയ്യാറുണ്ട്. അതും ഒറ്റയ്ക്ക്...’ അവൾ ഹാൻഡ് ബാഗ് തുറന്ന് അയാളുടെ അടുത്തേക്ക് നീക്കിവച്ചു. വോളീബോൾ കോർട്ടിൽ കളിമുറുകുന്നതും നോക്കി അവൾ കൈയ്യടിച്ചു. ബാഗിൽ കുറച്ച് ഏറെ തടിച്ച പുസ്തകങ്ങൾ. ആ പുസ്തകങ്ങൾക്കിടയിൽ നിന്നും മനോഹരമായ പുറംചട്ടയുള്ള ചെറിയ ഒരു പുസ്തകം അയാൾ പുറത്തേക്കെടുത്തു.
‘സുജാത ജാതിക്ക തക്കാളി’, അയാൾ ആകാംക്ഷയോടെ ആ പുറംചട്ടയിൽ തലോടി.

‘ഇയാൾ കവിതയും വായിക്കാറുണ്ടോ?’ മനോഹരങ്ങളായ വരികൾക്കിടയിലൂടെ അയാൾ കുറച്ചുനേരം പരതിയതുപോലെ തോന്നി.

‘ങ്ഹൂം...ഇടയ്ക്ക് ഞാൻ ഇങ്ങനെ എന്തേലും കുറിക്കാറുമുണ്ട്. കവിതകളെ എനിക്ക് വലിയ ഇഷ്ടമാണ്. ഇതെന്റെ ആദ്യപുസ്തകമാണ്.’ അവൾ വീണ്ടും കടൽപ്പരപ്പിലേക്കു തിരിഞ്ഞു. പുറംചട്ടയിൽ ‘കാലിഗ്രാഫ്’ ചെയ്ത ആ വടിവൊത്ത പേരിലേക്ക് അയാൾ തലചരിച്ചു നോക്കി.

‘സുജാത എന്നാണോ പേര്?’
അതേ എന്നർത്ഥത്തിൽ അവൾ ചിരിച്ചു.
‘ഹോ! ശരിക്കും തന്നെപ്പോലെ ഒരു പെൺകുട്ടിക്ക് ഈ പേര് വളരെ യോജിച്ചതാണ്, ‘സുജാത’.
ആ പേരിലെ കൗതുകം നുകർന്ന് അയാൾ ആ പുറംചട്ടയിൽ ഒന്നൂടെ തലോടി.
‘‘ഇതെന്റെ അപ്പച്ചിയുടെ പേരായിരുന്നു. അവർ വളരെ സുന്ദരിയായിരുന്നു. എന്നെപ്പോലെ തന്നെ ഇങ്ങനെ കാതിൽ ‘റിംഗ്’ കമ്മലുകളൊക്കെയിട്ട്’’. അവൾ അതും പറഞ്ഞ് കാതിലെ സ്വർണ്ണവളയങ്ങളെ ചൂണ്ടുവിരൽകൊണ്ട് ഇളക്കിക്കാണിച്ചു.
‘ശ്ശോ! ഞാൻ നിങ്ങളുടെ പേരു ചോദിക്കുവാൻ മറന്നു’, അതോർത്ത് അവളുടെ ചിരിമായുന്നതുപോലെ തോന്നി. അയാൾ അതുകേട്ടു പതിവു ചിരിയോടെ ദൂരേയ്ക്ക് നോക്കി. വോളീബോൾ കോർട്ടിൽ കളിക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. അവൾ മറുപടി പ്രതീക്ഷിച്ച് അയാളെ തന്നെ ഉറ്റുനോക്കി. അയാളപ്പോൾ ചുണ്ടുകൾക്കിടയിൽ ഒരു ചിരി അമർത്തിപ്പിടിച്ച് കൗതുകത്തോടെ അവളെ നോക്കി.
‘സോളമൻ’- ആ പേരുകേട്ടതും അവൾ അറിയാതെ വായ തുറന്നുപോയി.

‘ഹോ, ബിയാട്രിസിന് ഏറ്റവും ഇഷ്ടമുള്ള പേര്. അല്ലല്ല എനിക്കും അതേപോലെ തന്നെ. അവൾ പറയുന്നത് ലോകത്ത് ഏറ്റവും റൊമാന്റിക്കായ പേര് സോളമനാണെന്നാണ്’, അവൾ ഒരു അത്ഭുതവസ്തു കാണുന്നതുപോലെ അയാളെ അങ്ങനെ നോക്കിയിരുന്നു. അയാൾ അപ്പോൾ പഴയതുപോലെ അവളെ നോക്കുകമാത്രം ചെയ്തു. അവൾ ചുറ്റും ഒന്നു നോക്കിയിട്ട് അയാൾക്കരുകിലേക്ക് ഒന്നൂടെ ചേർന്നിരുന്നു, ‘നിങ്ങൾക്കറിയുമോ, ശരിക്കും ബിയാട്രിസ്സ് കർത്താവിന്റെ മണവാട്ടിയല്ല’, അവൾ ചെറിയ ഭയപ്പാടോടെ ചുറ്റും ഒന്നു നോക്കി.
‘ഞങ്ങൾ ഇങ്ങനെ കടൽക്കരയിൽ ഇരിക്കുമ്പോൾ...’ അവൾ ഇടയ്ക്കൊന്ന് നിർത്തി.
‘സത്യത്തിൽ ഞങ്ങൾ മൂന്നുപേരും കൂടിയാണ് കടൽക്കരയിലേക്ക് പോകാറ്’, എന്തോ അപരാധം പറഞ്ഞതുപോലെ പെട്ടന്ന് അവൾ മിണ്ടാതെയായി. എന്തോ ഓർത്തതു പോലെ വീണ്ടും അവളുടെ കണ്ണുകൾ തെളിഞ്ഞു.

‘ഒരിക്കൽ അവൾ ആ മണവാട്ടിക്കുപ്പായം കടൽത്തിരയിൽ ഉപേക്ഷിക്കുമെന്നാണു സോളമൻ പറയുന്നത്. അതയാൾക്ക് ഏതാണ്ട് ഉറപ്പാണ്’, ഒരു നിശ്വാസത്തോടെ തിരിഞ്ഞ് അവൾ ദൂരെ ആ കടൽപ്പരപ്പിലേക്ക് കണ്ണുനട്ടു.
അവളുടെ നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഉറ്റുനോക്കി അയാൾ കൗതുകത്തോടെ ഇരുന്നു. ഉച്ചവെയിലിൽ കത്തിയാളുന്ന മണൽത്തിട്ടയിൽ നിന്നും കാണികൾ പതിയെ ഒഴിയുകയായി. വോളീബോൾ കോർട്ടിലെ ആരവങ്ങളും പതിയെ നേർത്തുവന്നു.

‘ഈ പ്രണയം വല്ലാത്തൊരു സംഭവമാണല്ലേ? ഒരിക്കലും നേടാൻ പറ്റിയില്ലേൽ ആൾക്കാരെന്തിനാ ഇങ്ങനെ പ്രണയിച്ചു നടക്കുന്നത്’, അയാളുടെ മുഖത്തു നോക്കാതെ അവൾ അതും പറഞ്ഞ് പതിയെ കാലുകൾ അലസമായി ആട്ടിക്കൊണ്ടിരുന്നു. അയാൾ പതിവുപോലെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

അയാളുടെ മനസ്സ് അപ്പോൾ കൺവൻഷൻ സെന്ററിലായിരുന്നുരിക്കണം. വേദിയിൽ, തൊണ്ട കീറുന്ന ശബ്ദത്തിൽ ദൈവവചനങ്ങൾ വിളിച്ചുപറയുന്ന പ്രഭാഷകൻ. ആ വിശാലമായ ഹാളിൽ ഉന്മാദികളെപ്പോലെ ഉറഞ്ഞുതുള്ളി, തഴെ ചുവന്ന പരവതാനിയിലേക്ക് തലതല്ലി വീഴുന്ന പെൺകൊടികൾ. ചുറ്റും ഉന്മാദരുടെ സ്തുതിഗീതങ്ങൾ. അയാൾ പല്ലുഞെരിച്ചുകൊണ്ടു തന്റെ ‘വെങ്കായസഞ്ചി’ ഒന്നൂടെ അടുത്തേക്കു ചേർത്തുവച്ചു.

‘ശരിക്കും നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?’ അപ്രതീക്ഷിതമായ അവളുടെ ചോദ്യത്തിൽ അയാൾ ആദ്യം ഒന്നു പകച്ചുപോയി. പിന്നെ പതിവുപോലെ വെറുതെ ചിരിച്ചു. ഒരു മറുപടി പ്രതീക്ഷിക്കുമ്പോലെ അവൾ അയാളെത്തന്നെ നോക്കി. ആ നിഷ്കളങ്കമായ ചോദ്യങ്ങൾ ആസ്വദിച്ച് അയാൾ വീണ്ടും ചിരിക്കുകയും ‘ഇല്ല’ എന്ന് തലയാട്ടുകയും ചെയ്തു. ഒരു അത്ഭുതകാര്യം കേട്ടതുപോലെ അവളുടെ കണ്ണുകൾ പതിവിലേറേ വിടർന്നു.

‘അപ്പോൾ നിങ്ങൾ ഒരിക്കലും പ്രണയിച്ചിട്ടില്ല?’ അപ്പോഴും അയാൾ ചിരിച്ചുകൊണ്ടുതന്നെ ‘ഇല്ല’ എന്നു തലയാട്ടി. അതുകേട്ട് ഒരു ദീർഘനിശ്വാസത്തോടെ അവൾ തലകുനിച്ചു.

‘ഞാൻ പ്രണയിച്ചിട്ടുണ്ട്, ഒരിക്കൽ ഒരുവട്ടം’,
അതു കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു. തന്റെ മനസ്സുതുറക്കലിന്റെ നിസ്സാരതയിൽ അയാൾ ചിരിക്കുന്നതുകണ്ട് അവൾ ദേഷ്യത്തോടെ മുഖംകോട്ടി.

‘ഒരുവട്ടം മാത്രമായിട്ട് ഒരാൾക്ക് പ്രണയിക്കാൻ പറ്റുമോ?’ അതും പറഞ്ഞ് അയാൾ പിന്നെയും ചിരിച്ചു. അയാളുടെ ആ മനോഹരമായ ചിരിയിൽ പതിയെ ലയിച്ച് അവളും ചിരിച്ചു.

‘ചിലപ്പോൾ അത് പ്രണയമായിരുന്നിരിക്കില്ല’, അവൾ വീണ്ടും കാലുകളാട്ടിക്കൊണ്ടു ദൂരേയ്ക്കു നോക്കി. വോളീബോൾ കോർട്ടിൽ കളി അവസാനിച്ചതുപോലെ കുട്ടികൾ അവിടവിടായി കൂട്ടം കൂടി. ഇനി ഒന്നും തന്നെ പറയുവാനില്ലാത്തതുപോലെ അവർ രണ്ടുപേരും ദൂരേയ്ക്കു നോക്കി ഒരു നിമിഷം മിണ്ടാതെ ഇരുന്നു. അയാൾ ഇടയ്ക്കിടയ്ക്ക് അക്ഷമയോടെ വാച്ചിലേക്കു നോക്കുന്നുണ്ട്. ആ നിശബ്ദതയിലേക്ക് ഒരു നിശ്വാസമുതിർത്ത് അവൾ അയാളെ നോക്കി, നിസ്സംഗതയോടെ അയാളും.

‘നിങ്ങൾ എന്നും ഇങ്ങനെ കൺവൻഷൻ സെന്ററിലേക്ക് പോകുവാറുണ്ടോ?’ അതുകേട്ട് അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

‘ഏയ് എന്നും ഇല്ല... ഇതിപ്പോൾ നാളുകൾക്കു ശേഷമാണ്. ഒരുപക്ഷെ, അവസാനത്തേതും’, അതും പറഞ്ഞ് അയാൾ തന്റെ ‘വെങ്കായസഞ്ചിയിൽ’ മുറുകെപ്പിടിച്ചു. അവൾ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്കും ആ സഞ്ചിയിലേക്കും മാറിമാറി നോക്കി. അയാളുടെ മുഖത്തേക്കു പടർന്നിറങ്ങുന്ന വന്യമായ പുഞ്ചിരിയിലേക്ക് അവൾ അതിശയത്തോടെ നോക്കി.

ആ കുട്ടിയും അമ്മയും ദൂരെ, തണൽപറ്റി പാർക്കുചെയ്തിരുന്ന അവരുടെ വാഹനത്തിനടുത്തേക്ക് പതിയെ നടന്നു തുടങ്ങി. കളി അവസാനിപ്പിച്ച് പയ്യന്മാർ തല്ലിമരത്തിനു ചുറ്റുമായി വട്ടംകൂടി.

‘ഇനി ഇപ്പോ... നമ്മൾ എന്നാ കാണുക.?’ ആ ശബ്ദം കേട്ടതും, ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയിൽ വിടർന്നു നിൽക്കുന്ന ആ കണ്ണുകളിലേക്ക്. അയാൾ തലതിരിച്ചു.

‘കാണും. നമ്മൾ ഇനിയും കാണും’.
‘ശരിക്കും.?’ അത് വിശ്വസിക്കുവാനാകാത്തതുപോലെ അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

വീണ്ടും ആ നിശ്ശബ്ദത.

‘ഒരു പക്ഷെ, നിന്നെ ഇന്നു കണ്ടില്ലായിരുന്നുവെങ്കിൽ, എനിക്ക് ഇനി ഒരിക്കൽപ്പോലും ഈ കടൽക്കരയിൽ, ഇരിക്കുവാൻ സാധിക്കില്ലായിരുന്നു’, അരുതാത്തതു കേട്ടതുപോലെ അവൾ അയാളുടെ മുഖത്തേക്കു തുറിച്ചു നോക്കി.
‘അതെന്താ? താങ്കൾ മരിക്കുവാൻ പോവുകയായിരുന്നോ?’
അതുകേട്ട് അയാൾ ചിരിച്ചുപോയി.
‘ഒരിക്കലുമില്ല, മരണം ഭീരുക്കളുടെ ആയുധമല്ലേ? കേട്ടിട്ടില്ലേ അത്?
‘ങ്ഹൂം, ബിയാട്രിസ് പറയാറുണ്ട്... എന്റെ അച്ഛനും...അദ്ദേഹവും എറ്റവും വലിയ ഭീരുവായിരുന്നു’.

എന്തോ ഓർത്ത് അവളുടെ കണ്ണുകൾ ഉരുണ്ടുകൂടി. അവൾ തന്റെ കണ്ണട ചുരിദാറിന്റെ ഷാളുകൊണ്ടു പതിയെ തുടച്ചു.
‘ശരിക്കും ഇനിയൊരിക്കൽ, നിങ്ങൾ വരുമോ എന്നെ കാണാൻ, എന്റെ നാട്ടിലേക്ക്?’
‘തീർച്ചയായും’, അതുകേട്ടതും അവൾ ഒരു വിതുമ്പലോടെ അയാളുടെ കൈകൾ മുറുകെ അമർത്തി.
‘തീർച്ചയായും നിങ്ങൾ വരണം, കേട്ടിട്ടില്ലേ? നെൽപ്പാടങ്ങളുടെ നാടിനെപ്പറ്റി. തീവണ്ടി വിജനമായ ആ നെൽപ്പാടങ്ങളെ മുറിച്ചു പതിയെ മുന്നോട്ടു പോകുമ്പോൾ നിങ്ങൾ വലത്തോട്ട് ഒന്നു തിരിഞ്ഞുനോക്കണം. ശരിക്കും നിങ്ങൾക്ക് എന്റെ വീട് കാണാം. നിങ്ങൾ നോക്കില്ലേ അപ്പോൾ?’

അവൾ ആകാംക്ഷയോടെ അയാളെ ഉറ്റുനോക്കി.

‘ഞാനപ്പോൾ അവിടെനിന്നു കൈ ഉയർത്തി വീശും. നിങ്ങളും തിരിച്ചു വീശില്ലേ... പറയൂ കൈവീശില്ലേ?’ അയാൾ അപ്പോൾ അവളുടെ നെറുകയിൽ തലോടി. നിഷ്കളങ്കമായ ആ മുഖത്തേക്കുനോക്കി. അയാൾ അവളെ ചേർത്തുപിടിച്ചു.

‘ഹോ, എനിക്കു സങ്കടം വരുന്നു’, ഉരുണ്ടുകൂടിയ കൺതടങ്ങളെ കർചീഫുകൊണ്ട് ഒപ്പിയിട്ട് അവൾ പതിയെ എഴുന്നേറ്റു. അവളുടെ കവിതാപുസ്തകവും മുറുകെപിടിച്ച് അയാൾ അനങ്ങാതെ അങ്ങനെ നിന്നു. ഒന്നു തിരിഞ്ഞു നോക്കി വിതുമ്പലോടെ തന്റെ ഹാൻഡ്ബാഗും എടുത്ത് അവൾ ധൃതിയിൽ നടന്നുതുടങ്ങി. എന്തോ കടിച്ചമർത്തുന്നതുപോലെ അയാൾ തന്റെ കൈകൾ കൂട്ടിതിരുമ്മി.
‘പോകണം, തീർച്ചയായും പോകണം’, അയാൾ മനസ്സിൽ അതു പലവട്ടം ഉരുവിട്ടു.

‘സുജാത, ജാതിക്കാ, തക്കാളി’
അവളുടെ കവിതാപുസ്തകത്തിൽ അയാൾ പതിയെ തലോടി. അവൾ അപ്പോൾ ദൂരെ പ്രധാന റോഡിലേക്ക് കയറികഴിഞ്ഞിരുന്നു. അയാളെ ഒന്നു തിരിഞ്ഞു നോക്കിയിട്ട്, അവൾ വാഹനങ്ങളുടെ മറവിലേക്ക്...

ഒരു ദീർഘനിശ്വാസത്തോടെ അയാൾ തന്റെ ‘വെങ്കായസഞ്ചി’ കയ്യിലെടുത്തു. കടൽക്കരയിൽ അപ്പോൾ ആളുകൾ ഒഴിഞ്ഞിരുന്നു. അയാൾ തന്റെ സഞ്ചിക്കുള്ളിലേക്കു നോക്കി. സഞ്ചിയിലെ ‘ടൈം മീറ്ററിലെ’ ചുവന്ന എൽ. ഇ.ഡി സ്ക്രീൻ പൂജ്യത്തിലേക്ക് അടുക്കുന്നുണ്ടായിരുന്നു. അതിലെ ‘ടിക്ക് ടിക്ക്’ ശബ്ദത്തിനു ഹൃദയത്തുടിപ്പുകളേക്കാൾ വേഗതയുണ്ടെന്ന് അയാൾക്കു തോന്നി. അയാളുടെ മനസ്സിലേക്ക് തൊണ്ട കീറുന്ന പ്രഭാഷകരും ചുവന്ന പരവതാനിയും ഉന്മാദനൃത്തങ്ങളും...

ഒരു നിശ്വാസത്തോടെ, സഞ്ചി ഒന്നു ചുറ്റിപ്പിടിച്ചിട്ട് ദൂരെ കടൽതിരയെ ലക്ഷ്യമാക്കി ഒരേറുകൊടുത്തു. അതു മൺതിട്ടയിലേക്ക് വീണതും, ഒരുഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മനസ്സു ശ്യൂന്യമായതുപോലെ...
അതുനോക്കി അയാൾ ഒന്നു ചിരിച്ചിട്ട്, പ്രധാന റോഡിലേക്ക് നടന്നു കയറി. അപ്പോൾ ആ കൺവൻഷൻ സെന്ററിലെ വെള്ളവാൻ പ്രാർത്ഥനാഗീതങ്ങളുടെ അകമ്പടിയോടെ അയാളെ കടന്നുപോയി.


പി.എസ്. ഷിബു തിരുവിഴ

കഥാകൃത്ത്, തിരക്കഥാകൃത്ത്. ‘മൂന്നാമത്തെ ജാരൻ‘ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥകളെഴുതിയിട്ടുണ്ട്.

Comments