കഥയില്ലാത്തോനെന്ന് പിലാത്തോസിനെ കരക്കാരും നാട്ടുകാരും വിധിയെഴുതിയപ്പോഴും അവൻ തളരാതിരുന്നത് മനസ്സിൽ കടൽ പോലെ അറ്റമില്ലാത്തൊരു കഥ കൊണ്ടു നടക്കുന്നതുകൊണ്ടാണ്.
ബന്ധുക്കളാരും ഇല്ലാത്തതവന്റെ ഭാഗ്യം, അല്ലാരുന്നേൽ ഇതിലേറെ പള്ള് കേൾക്കേണ്ടി വന്നേനെ. മൂക്കറ്റം കുടിച്ചും മലക്കം മറിഞ്ഞും നടക്കുന്നവനെന്ത് കഥയെന്ന് നാട്ടാര് മൂക്കത്ത് വിരൽ വെച്ചു. പെറ്റിട്ട അന്ന് തള്ള ചത്തതാണ്. തള്ളെക്കൊല്ലിയെന്ന പേര് വാല് പോലെ കൂടെയുണ്ട്.
കടലിൽ മീൻ പിടിക്കാൻ പോണത് ദുഃഖങ്ങൾ ആരും അറിയാതിരിക്കാൻ വേണ്ടിയാണ്. ആളുകളുടെ മുന്നിൽ താന്തോന്നിയായിക്കോട്ടെ. അതൊരന്തസ്സാ... മനസ്സ് കഴുകി ശുദ്ധമാക്കാൻ കടൽ വെള്ളം മതിയെന്നവനും കരുതി. ദുഃഖങ്ങളെല്ലാം കഴുകിക്കളയാൻ കടലോളം വെള്ളം മതിയാവില്ലെടാ മോനേ... എന്ന് സാറത്തള്ള കലമ്പിപ്പറഞ്ഞിരുന്നത് പിലാത്തോസ് ഇടയ്ക്ക് ഓർത്തെടുക്കാറുണ്ട്. ഒറ്റത്തടിയായിട്ട് കഴിയുന്നോനെന്നാ ദുഃഖമാന്ന് കേക്കുന്നോര് പഴി പറയും. എങ്കിലും ചുണ്ടുപിളുത്തിക്കരഞ്ഞ കുഞ്ഞിന്റെ അണ്ണാക്കിൽ ഒരു തുള്ളി മുലപ്പാലു പോലും ചുരത്തി തരാത്ത തള്ളയുടെ മകനെന്ന മഹാഭാരത്താൽ അവന്റെ തല എപ്പോഴും താഴ്ന്ന് പോവാറുണ്ട്.
എന്നു തൊട്ടാണ് ഉൾക്കടലിൽ പോയി ഒരു വമ്പൻ സ്രാവിനെയും കൊണ്ട് വരണമെന്ന ഉൽക്കടമായ മോഹം അവനിലുദിച്ചതെന്നറിയാമ്മേല. തന്തയില്ലാത്തവനെന്ന് ലോകം മുഴുവൻ പറയുമെങ്കിലും അവനെ ജനിപ്പിച്ച ഒരു തന്തയുണ്ടാവുമല്ലോ. ചോദിക്കാനാവും മുന്നെ തള്ള ചത്തും പോയില്ലേ.ആരോരുമില്ലാത്തവന് ഉലകമേ തറവാട്. എന്തിനായിട്ടിങ്ങനെയൊരു ജന്മമെന്ന് നാഴികക്ക് നാല്പത് വട്ടം തന്നോട് തന്നെ ചോദിക്കാറുണ്ട്. ഭൂമിയിലേക്ക് തള്ളിവിട്ട് പൊയ്ക്കളഞ്ഞില്ലേ എന്ന് പരിഭവപ്പെടാറും ഉണ്ട്. ഇപ്പോ മുകളിലാകാശം താഴെ ഭൂമി. ഏതെങ്കിലുമൊരുത്തിയെ കൂടെ കെട്ടിക്കൂട്ടാമെന്ന് വെച്ചാൽ ഇങ്ങനെയൊരുത്തന്റെ കൂടെ പൊറുക്കാൻ പെണ്ണൊരുത്തി തയ്യാറാവണ്ടേ?
കാക്കയുണരും മുന്നെ പിലാത്തോസ് അരയിലൊരു കൈലിയും ചുറ്റി തോണി തുഴഞ്ഞ് കടലീപ്പോവും.പോക്കു കണ്ടാൽ ആരും പ്രാകിപ്പോകും. വല്ലാത്തൊരു കുരിപ്പെന്ന്. വൈകിട്ട് തിരിച്ച് വരുമ്പോൾ വല്ല ചാളയോ
നെത്തോലിയോ കാണും വലയില്. അതാർക്കെങ്കിലും കിട്ടുന്ന വിലയ്ക്ക് കൊടുത്ത് ഷാപ്പിൽ പോയി കള്ളും ബോട്ടിവരട്ടിയതും കഴിച്ച് പുരയിൽചെന്ന് കിടന്നുറങ്ങും. പുരയെന്നൊന്നും പറയാൻ പറ്റുകേല. ഓല ചായ്ച്ച് കെട്ടിയ ഒരു ചായ്പ്പ്. അത്രയേ ഉള്ളൂ. ഉള്ളിലൊരു ചാരം മൂടിയ അടുപ്പും ഒരു റാന്തൽ വിളക്കും നാല് കീറച്ചാക്കുകളും ഉണ്ട്. രണ്ടെണ്ണം കിടക്കാനും രണ്ടെണ്ണം പുതയ്ക്കാനും. അവറാച്ചന്റെ പലചരക്കു കടേന്ന് ഒന്നിന് ഒരു രൂപ വെച്ച് വാങ്ങിയതാണ്.ആരും വിചാരിക്കും ഇവന് സ്വന്തമായി തോണിയൊക്കെയുണ്ടോ എന്ന്. അത് ഒരു കഥയാണ്.
തുറയിലെ മുതലാളിയായിരുന്നു വാറ്റുകാരൻ ജോണീടപ്പൻ ലാസറ്. ലാസറിന്റെ പണിയാളക്കൂട്ടത്തിൽ പെട്ടതായിരുന്നു പിലാത്തോസിന്റെ ചത്തുപോയ തള്ള ഏലിയാമ്മ. ചേടത്തിക്ക് കെട്ട്യോനൊന്നും ഇല്ലെന്നും വടക്കുന്നു വന്ന ഒരു മാപ്പിള ചതിച്ചതാണെന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഒരു ചായിപ്പിലായിരുന്നു ഏലിയാമ്മയുടെ താമസം. അങ്ങനെയിങ്ങനെയൊന്നും പേരുദോഷം കേപ്പിക്കാത്തവളായിരുന്നു ഏലിയാമ്മ.. പിന്നെങ്ങനെയിതൊക്കെ സംഭവിച്ചു എന്നറിയാമ്മേല.
ഉറക്കം വരാത്ത ചില രാത്രികളിൽ ലാസർ ചുരുട്ടും കത്തിച്ച് പുറത്തിറങ്ങും. രാത്രിയിൽ ആകാശത്തിനും ഭൂമിയ്ക്കും എന്തൊരു ചന്തമാണെന്നറിയാമോ.... പകൽ മൂടി കെട്ടിവെച്ചതെല്ലാം രാത്രി പുറത്തെടുത്ത് ആസ്വദിക്കും. എല്ലാ സത്യങ്ങളും നുണകളെ നോക്കി കൊഞ്ഞനം കുത്തുന്നത് രാത്രിയിലാണ്.. ലാസർ തലയിൽ കെട്ടിയ തോർത്തെടുത്തൊന്ന് കുടഞ്ഞു. മുകളിലേക്ക് നോക്കി. മുല്ല പൂത്തതുപോലെ ആകാശം നിറയെ നക്ഷത്രങ്ങൾ.. തൊട്ടടുത്തുള്ള ഇലഞ്ഞിമരത്തിൽ നിന്ന് പരന്ന സുഗന്ധവും ചുരുട്ടിന്റെ വീര്യവും ലാസറിനെ സുഖാലസ്യത്തിലാക്കി. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു.
ഇരുട്ടിൽ ഒരു രൂപം കടൽക്കര ലക്ഷ്യമാക്കി നടക്കുന്നതയാൾ കണ്ടു. മാറിലെന്തോ കെട്ടിവെച്ചിരിക്കുന്നതായി തോന്നി.അതൊരു സ്ത്രീരൂപമാണല്ലോയെന്ന് അയാൾക്ക് ഉള്ളിലൊരാന്തൽ വന്നു.അവളെന്തു ഭാവിച്ചായിരിക്കും എന്ന് സന്ദേഹിച്ച് പുറകെ നടന്നു. പെട്ടെന്നവൾ കടലിലേക്ക് എടുത്തു ചാടി. ലാസർ അല്പമെന്ന് സംഭ്രമിച്ചു.ആലോചിച്ചു നിൽക്കാൻ സമയമില്ലെന്നോർത്തയാൾ കടലിലേക്ക് ചാടി.തിരമാലകൾക്കിടയിൽ മുങ്ങിയും പൊങ്ങിയും കിടക്കുന്ന ആ ഉടലിന്റെ തലമുടിയിൽ ഒരു തുഴക്കാരന്റെ വഴക്കത്തോടെ പിടിച്ച് വലിച്ച് ഒരു വിധം നീന്തികരയ്‌ക്കെത്തിച്ചു. മാറിൽ കെട്ടിവെച്ചത് ഒരു ചോരക്കുഞ്ഞിനെയാണെന്ന് കണ്ട ലാസർ തള്ളയെയും കുഞ്ഞിനെയും വേർപെടുത്തി. അത് എലിയാമ്മയാണെന്നയാൾ ഭയപ്പാടോടെ മനസ്സിലാക്കി. മണലിൽ കിടത്തിയപ്പോഴേക്കും അവൾ അവസാന ശ്വാസം വലിച്ചിരുന്നു. കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ട ലാസർ അതിനെ സാറത്തള്ളയുടെ കയ്യിലെത്തിച്ചു. സാറയാണ് പിന്നീടാ കുഞ്ഞിനെ വളർത്തിയതും പിലാത്തോസ് എന്ന പേരിട്ടതുമെല്ലാം. ചെറുക്കന് പ്രായപൂർത്തിയായപ്പോഴേക്കും സാറ അന്ത്യശ്വാസം വലിച്ചു. ലാസറിന് ജീവനുള്ള കാലത്തോളം അയാളുടെ വീട്ടിൽ എപ്പോ ചെന്നാലും പിലാത്തോസിന് അന്നത്തിന് മുട്ടില്ലായിരുന്നു. വടക്കേപ്പുറത്തെ തിണ്ണയിൽ അവനായി ഒരു ഇലയുണ്ടാവും.
ലാസറിന്റെ തോണിയിൽ ഉൾക്കടലിൽ ചെന്ന് മീൻ പിടിക്കാൻ പോയി തുടങ്ങിയത് അങ്ങനെയാണ്.അയാളുംചത്തേ പിന്നെ പിലാത്തോസ് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തവനായി.ആരോരുമില്ലാത്തവന് ഒരു മാതിരി വല്ലാത്ത ധൈര്യമാണ്.
ചീത്തപ്പേര് ഒഴിവാക്കാനായിട്ടായിരിക്കും ഏലിയാമ്മ കടലീച്ചാടി ജീവനൊടുക്കിയത്.
"എന്റെ ദൂതൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ നിങ്ങളുടെ ജീവൻ കാത്തു സൂക്ഷിക്കുന്നു'. എന്ന ബൈബിൾ വചനം അവളെ പ്രലോഭിപ്പിച്ചിരുന്നുവോ! അല്ലേലും എങ്ങനെയാണാ കുഞ്ഞ് മാത്രം തള്ളിയലയ്ക്കുന്ന തിരമാല കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത്!
സൈദ്ധാന്തികമായി ഒരു മനുഷ്യൻ എന്നും തനിച്ചല്ലേ!സ്വന്തം മനസ്സിലേക്ക് കേന്ദ്രീകരിച്ച് ചിന്തിക്കുമ്പോൾ ആത്മസാക്ഷാത്ക്കാരം അഥവാ ആത്മസംതൃപ്തിയല്ലേ ഒരു മനുഷ്യനെ നയിക്കുന്നത്. സ്വയം തൃപ്തിപ്പെടുത്തൽ യഥാർത്ഥത്തിൽ സ്വാർത്ഥതയല്ലേ. സ്വന്തം ആനന്ദത്തിന് വേണ്ടി മറ്റുള്ളവർ നമ്മുടെ കൂടെ നിൽക്കുക എന്നതാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ആനന്ദം ലഭിക്കാനുള്ള സാഹചര്യങ്ങൾ സ്വയം കണ്ടെത്തുന്നവനാണ് സമർത്ഥൻ അവനെ സമൂഹം നൊസ്സനെന്നോ ഒന്നിനും കൊള്ളാത്തവനെന്നോ ഒക്കെയാവും കുറ്റപ്പെടുത്തുന്നത്. പിലാത്തോസ് അങ്ങനൊരുത്തനായിരുന്നു എന്നതാണ് സത്യം. ഗുണദോഷിച്ച് വളർത്താൻ തള്ളയില്ലാത്തതാണോ കാരണം എന്നറിയാമ്മേല. ആഴക്കടലിലേക്ക് തുഴഞ്ഞ് തുഴഞ്ഞ് പോയി പാഞ്ഞടുക്കുന്ന തിരമാലകളിൽ പെട്ട് മുങ്ങിയും പൊങ്ങിയും ലക്ഷ്യമില്ലാതെയങ്ങനെ തോണിക്കയ്യിലിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഉന്മാദമായിരിക്കും അവന്.
നല്ല മഴക്കോളുണ്ട്. ആകാശം കറുത്തിരുണ്ടിരിക്കുന്നു. തിരമാലകൾക്ക് അന്ന് പതിവിലേറെ ഉയരക്കൂടുതലുണ്ട്. കടൽ തീരത്ത് ആരെയും കാണുന്നില്ല പിലാത്തോസ് അകാരണമായ ആഹ്ലാദം കൊണ്ട് വീർപ്പുമുട്ടി. അവൻ തോണി ഉന്തിതള്ളി കടലിലേക്കിറക്കി. കറുത്തിരുണ്ട മേഘങ്ങൾ ഇപ്പോൾ പെയ്യുമെന്ന രീതിയിൽ തൂങ്ങി നിൽക്കുകയാണ്. ചക്രവാളമേത് ആകാശമേത് എന്നൊന്നും തിരിച്ചറിയുന്നില്ല.എന്നും അന്തിയാവുമ്പോൾ കുരിശുപടിയിൽ മെഴുകുതിരി കത്തിച്ച് സാറത്തള്ള ഒടേതമ്പുരാനോട് മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നത് ചെക്കന് നല്ലത് വരുത്താനായിരുന്നു.
"എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും.അവർ പരുന്തിനെപ്പോലെ ചിറകടിച്ചുയരും.അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല.' പിലാത്തോസ് ദൈവത്തിന്റെ സന്തതിയാണെന്നവർ
കഠിനമായി വിശ്വസിച്ചു പോന്നിരുന്നു. ആ ഒരു ധൈര്യം അവനും ഉണ്ടായിരുന്നു എന്നതാണ് നേര്.
ഷർട്ടിന്റെ കൈകൾ ചുരുട്ടിവെച്ച് പാറിക്കിടക്കുന്ന ഇടതൂർന്ന മുടി ഒരു കൈ കൊണ്ട് വകഞ്ഞ് മാറ്റി ഒത്ത ഒരു യോദ്ധാവ് വാൾത്തലയിൽ പിടിമുറുക്കുന്ന ഒതുക്കത്തോടെ അവൻ തുഴ കയ്യിലെടുത്തു. ഒരു പുരുഷന്റെ ആദ്യ സ്പർശനം കൊണ്ടിട്ടെന്നത് പോലെ തിരമാലകൾ വിജ്യംഭിച്ചു. എവിടെ നിന്നോ സന്നിവേശിച്ച ഊർജ്ജം കൊണ്ടെന്നത് പോലെ ഉയർന്നു പൊങ്ങി... പിന്നെ നിലം തൊട്ടു. പിന്നെയും പൊങ്ങിയും താഴ്ന്നും വികാരത്തിന്റെ വേലിയേറ്റത്തിൽ ആറാടി. വൈദഗ്ധ്യമുള്ള തുഴക്കാരനെപ്പോലെ ആർത്തലച്ചു വരുന്ന പെണ്ണിനെ ഒതുക്കുന്ന കൈമെയ് വഴക്കത്തോടെ അവൻ ആഞ്ഞാഞ്ഞ് തുഴഞ്ഞു. തിരകൾ ഉച്ചസ്ഥായിയിലാവുകയാണ്. കാറ്റും കോളും പിലാത്തോസിന്റെ തുഴയും അവയെ ഉന്മാദാവസ്ഥയിലേക്ക് എടുത്തെറിഞ്ഞു.
ലഹരി കേറിയതുപോലെ അവൻ ശക്തിയായിതുഴഞ്ഞു. മുടിയിഴകളിലെ കെട്ടുകൾ വേർപെടുത്തുന്നത് പോലെ വലക്കണ്ണികൾ വേർപെടുത്തി വീശിയെറിഞ്ഞു. ഭാരമുള്ളതെന്തോ തടഞ്ഞതുപോലെ പിലാത്തോസിന് തോന്നി. ഏറെ പണിപ്പെട്ട് വല വലിച്ചു കയറ്റി തോണിയിലിട്ട് കരയിലേക്ക് തുഴഞ്ഞു. വല ഒന്നാകെ കരയിലേക്ക് വലിച്ചിട്ട് കണ്ണികൾ വേർപെടുത്തി. അതൊരു സ്ത്രീ ശരീരമാണല്ലോയെന്നറിഞ്ഞ പിലാത്തോസ് വല്ലാത്തൊരു ഭയപ്പാടോടെ കറുത്തിരുണ്ട് ഇപ്പോ പെയ്യും എന്ന മട്ടിലുള്ള ആകാശത്തോട്ട് കണ്ണുകൾ പായിച്ചു. എന്തിനെന്നറിയാതെ പിലാത്തോസിന്റെ തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ തിക്കിത്തിരക്കി വന്നു. പെറ്റിട്ട ഉടനെ ചുണ്ടുകൾ പിളർത്തി മുലക്കണ്ണ് തിരഞ്ഞ ഒരു കുഞ്ഞിന്റെ കരച്ചിലായിരുന്നു അത്. ഓരോ ആത്മഹത്യയും ഓരോ കഥയുടെ അവസാനമോ മറ്റൊരു കഥയുടെ തുടർച്ചയോ ആവാം. പായൽക്കെട്ടിൽ കുടുങ്ങിയ ശരീരം പോലെ പിലാത്തോസിന്റെ മനവും കെട്ടുകുരുങ്ങി .ആരോ എന്തോ എന്നൊന്നും അറിയില്ലെങ്കിലും അവൻ മണൽപരപ്പിൽ ആ ശവത്തിനരികെ യിരുന്ന് കുടൽമാലകൾ പോലും പുറത്ത് വരുന്നത് പോലെ പൊട്ടിക്കരഞ്ഞു. അത് ചക്രവാളം പോലും കിടുങ്ങുന്നൊരാർത്ത നാദമായി. നിസ്സഹായതയുടെയോ അപകർഷതാബോധത്തിന്റെയോ ഒക്കെ ഒരു സ്‌ഫോടനമായിരുന്നു ആ രോദനം. തളർച്ചയുടെയും ബോധമില്ലായ്മയുടെയും ഏതോ ഒരു കയത്തിൽ പിലാത്തോസിന്റെ ചുണ്ടുകൾ ആ ഉടലിന്റെ മുലക്കണ്ണുകൾ പരതാൻ തുടങ്ങി. മരത്തടിയോളം കനം വെക്കാൻ തുടങ്ങിയ ശരീരത്തിൽ എഴുന്നു നിൽക്കുന്ന മുലക്കണ്ണുകൾ അവൻ വായിലിട്ട് നുണഞ്ഞു.അമ്മയെന്ന പ്രപഞ്ച സത്യത്തിലെ അമൃത മാധുര്യം അബോധ മനസ്സിൽ അവനറിഞ്ഞു.ആ രണ്ടു മുലക്കണ്ണുകളും കറുത്ത ചുണ്ടുകളിലമർന്നു.
"പിടിയെടാ അവനെ' "ശവത്തെ പോലും വെറുതെ വിടാത്ത ആ തെണ്ടിയെ.'ഏതോ ഒരു തുരങ്കത്തിന്റെ മറുവശത്ത് നിന്നെന്നത് പോലെ അവനാ ആക്രോശം കേട്ടു. "എങ്ങനെ നന്നാവാനാ. തള്ളയെക്കൊല്ലിയല്ലേ! പെണ്ണിനോട് കാമം മാത്രം തോന്നുന്ന പരനാറി! അടിച്ച് കൊല്ലെടാ അവനെ.' ആൾകൂട്ടത്തിന്റെ വരവ് അവന്റെ ഇരുചെവികളിലും മുഴങ്ങി. പുറത്ത് തുരുതുരാ ഇടിയും അടിയും പതിച്ചിട്ടും പിലാത്തോസ് എഴുന്നേറ്റില്ല. കണ്ണീരിൽ നനഞ്ഞ മുഖം അതിതീവ്ര വേദനയോടെ ഇരുമുലകൾക്കുമിടയിൽ വച്ചവൻ വാവിട്ട് കരഞ്ഞു .ദ്രവിക്കാൻ തുടങ്ങിയ ശരീരഭാഗങ്ങളിലെ പുഴുക്കൾ അവന്റെ മുഖത്തും നെഞ്ചത്തും അരിച്ചരിച്ച് നടന്നു.
"മതിയെടാ... ചത്തു കാണും നിർത്ത്'.
ജനം പിരിഞ്ഞ് പോയി. എന്നോ ചത്തുപോയ തള്ളയേയും ജനിപ്പിച്ച തന്തയെയും ഓർത്ത് പിലാത്തോസ് ഉരുകിയൊലിച്ചു. ഉള്ളു മുഴുവൻ കലങ്ങിയ പിലാത്തോസിന്റെ അടിവയറ്റിൽ നിന്ന് എന്തോ ഉരുണ്ടു കേറി. കടവായിലൂടെ രക്തം ഒഴുകിയിറങ്ങി.അനന്തരം വിദൂരതയിൽ നിന്ന് കടൽ നെടുകെ പിളർന്നെന്നതു പോലെ കർത്താവ് അവന് പ്രത്യക്ഷനായി അരുളിചെയ്തു.
"എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്. നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും'. കലി തുള്ളിയ തിരമാലകളെ അടക്കി നിർത്താനെന്നവണ്ണം ആകാശം വലിയ തുള്ളികളായി കടലിൽ നിപതിക്കാനാരംഭിച്ചു..മണൽത്തരികളെ കുത്തിയൊഴുക്കി ജന്മാന്തര ബന്ധങ്ങൾക്ക് പാതയൊരുക്കാൻ ആരുടെയൊക്കെയോ നിയോഗം പോലെ പ്രകൃതിയും കൂടെ ചേർന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.