ഡോ. ശ്യാം സോർബ

ർക്കാർ ആശുപത്രിയിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസമായി. ഇനി മൂന്ന് ദിവസത്തേക്ക് മാത്രമേ നിനക്ക് ഈ മുറി കിട്ടുകയുള്ളൂ എന്നാണ് മൂത്ത മദ്യലഹരിയിൽ ഇന്നലെ ആ കിളവൻ വന്ന് പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറയാതെ കേട്ടു നിന്നു.

ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നിയാൽ അയാൾക്ക് സംസാരിക്കാൻ ഞാനടക്കമുള്ള കുറച്ചു പേര് മാത്രമേ ഇവിടെയുള്ളൂ. ഇടക്കൊക്കെ എനിക്ക് അയാളോട് തിരിച്ചു മിണ്ടാൻ തോന്നും. നര കയറിയ അയാളുടെ താടിയിലും മുടിയിലും സ്നേഹത്തോടെ തടവാൻ തോന്നും. മരിച്ചുകഴിഞ്ഞവർക്ക് ഇതിനൊന്നും കഴിയില്ല എന്ന് അന്നേരം ഈ തണുത്ത മുറിയിൽ വന്ന് എന്നെ ആരോ ഓർമ്മിപ്പിക്കും. അപ്പോൾ മാത്രം ഞാൻ ജീവനോടെ ഇല്ലല്ലോ എന്നൊരു സങ്കടം എന്നെ പൊതിയും.

ഇവിടെ വന്നശേഷം നാല് ദിവസമായി ഞാനെന്റെ പേര് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. വില പേശി കൊണ്ടുപോകുന്നവരുടെ ഇഷ്ടത്തിനൊത്ത് അവർ വിളിക്കുന്ന പേരല്ല, എന്റെ യഥാർത്ഥ പേര്, അതെന്തായിരുന്നു എന്ന് ഞാൻ കുറേയധികം ചിന്തിച്ചു. ഓർമ്മ വന്നില്ല. ഓർമയിൽ പക്ഷേ മറ്റു കുറേ പേരുകൾ വന്നു. പുരുഷസുഖത്തിനായി കൂടെ കൂട്ടുന്ന സ്ത്രീകൾ ഇഷ്ടാനുസരണം വിളിച്ചിരുന്ന പേരുകൾ. അതൊരുപക്ഷെ അവരുടെ കാമുകന്റെ പേരായിരുന്നിരിക്കാം, അല്ലെങ്കിൽ ഭർത്താവിന്റെ, അല്ലെങ്കിൽ അവർക്ക് ആരാധന തോന്നിയ മറ്റു പുരുഷന്മാരുടെ. അങ്ങനെ കുറെയധികം പേരുകൾ...

ഇന്നലെ രാത്രിയിൽ മറ്റൊരു പേര് എന്റെ മനസ്സിലേക്ക് വന്നു. പുരുഷവേശ്യ. ഇംഗ്ലീഷിൽ മെയിൽ എസ്‌കോർട്ട്, ഗിഗോളോ എന്നൊക്കെ ഇമ്പമുള്ള വാക്കുകളിൽ അടയാളപ്പെടുത്താവുന്ന പുരുഷവേശ്യ. ജീവനോടെയുണ്ടെങ്കിൽ ഞാനീ പേര് ഉറക്കെ സമൂഹത്തോട് വിളിച്ചു പറയുമായിരുന്നു. പുരുഷന്മാർക്ക് ഈ തൊഴിലോ എന്ന് സമൂഹം എനിക്ക് നേരെ തീ തുപ്പുമായിരുന്നു.

ആ കിളവനോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനെന്റെ ജീവിതം അയാളോട് പറയുമായിരുന്നു. ഈ തൊഴിൽ ഞാൻ സ്വന്തം ഇഷ്ടത്തിന് സ്വീകരിച്ചതാണ് എന്ന് പറയുമായിരുന്നു. അപ്പോൾ അയാൾ മൂക്കത്ത് വിരൽ വയ്ക്കും. അതുകണ്ട് എനിക്ക് പൊട്ടിച്ചിരിക്കണം, എന്നിട്ടുറക്കെ എനിക്ക് പറയാനുള്ളതൊക്കെ പറയണം.

രണ്ട്

ഞാൻ പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉച്ചക്ക് ഭക്ഷണം കഴിച്ച് പാത്രം കഴുകാൻ പൈപ്പിന്റെ അടുത്തേക്ക് പോകും. ആ സമയത്ത് വല്യ ക്ലാസ്സുകളിലെ ചേച്ചിമാര് എന്നോട് മിണ്ടാൻ വരും, എന്റെ കണ്ണുകളിലേക്ക് നോക്കും. അവർക്ക് എപ്പഴും എന്റെ കണ്ണുകളോട് വല്ലാത്ത ഇഷ്ടമായിരുന്നു. ഇന്ന് വന്നവരുടെ കൂടെ നാളെ വേറെ ചേച്ചിമാരുണ്ടാകും. അങ്ങനെ ഓരോ ദിവസവും എണ്ണം കൂടി കൂടി എനിക്ക് ചുറ്റും ഉച്ചസമയങ്ങളിൽ നിറയെ ചേച്ചിമാരുണ്ടാകും. എന്നെ കാണുമ്പോഴൊക്കെ അവര് പറയും, ‘എടാ ചെക്കാ, നിന്റെ കണ്ണുകൾ എന്തൊരു ഭംഗിയാണ്. കാണുമ്പോ കൊതിയാവും’ ന്ന്.

ശരിയായിരുന്നു, എനിക്കും എന്റെ കണ്ണുകളെ ഒരുപാട് ഇഷ്ടമായിരുന്നു. പെൺകുട്ടികളുടെ കണ്ണ് പോലെ, നിറച്ചും പീലികളായി, നല്ല കറുത്ത ഭംഗിയുള്ള കണ്ണുകൾ. ഇടക്ക് ആരും കാണാതെ അമ്മയുടെ കണ്മഷി കൊണ്ട് കണ്ണെഴുതും, കണ്ണാടിയിൽ നോക്കി എന്റെ കണ്ണുകൾ മതിയാവോളം ആസ്വദിക്കും.

അന്നേരം അമ്മയുടെ ഒരു ചോദ്യമുണ്ട്, "എന്താ ചെക്കാ നിനക്ക്, എപ്പഴുമിങ്ങനെ കണ്ണാടീടെ മുന്നിൽ നിന്നെ തന്നെ നോക്കിയിരുന്നോളും, നിനക്കെന്താ’’.

അല്ല എനിക്കെന്താ ഇപ്പൊ, എന്റെ കണ്ണുകൾ കണ്ണാടിയില്ലാതെ ഞാൻ എങ്ങനെ കാണാനാ. എന്റെ കണ്ണ് കാണാൻ എനിക്ക് ചുറ്റും പെൺകുട്ടികളിങ്ങനെ കൂടുന്നത് എവിടെയൊക്കെയോ എനിക്ക് ഇഷ്ടമായി തുടങ്ങി. എനിക്കുചുറ്റും പെൺകുട്ടികള് കൂട്ടം കൂടുന്നതുകണ്ട് അസൂയ മൂത്ത് എന്നോട് ഗർവ്വിച്ചു നടക്കുന്ന കൂട്ടുകാരും, അവരോടുള്ള അടുപ്പം കൊണ്ട് പ്രേമലേഖനങ്ങൾ അവരുടെ കയ്യിലേക്ക് കൊടുക്കാൻ എന്നെ ഏൽപ്പിക്കുന്ന വല്യ ക്ലാസ്സിലെ ചേട്ടന്മാരും.
ഇന്നതൊക്കെ ഓർക്കുമ്പോ…

മൂന്ന്

കരിയർ, വിവാഹം, പണം , എന്നിങ്ങനെ ഒരു സ്വപ്നവും എന്നെ ഇന്നോളം മുന്നോട്ട് നയിച്ചിട്ടില്ല. പക്ഷെ ഏതോ ഒരു സമയം മുതൽ മനുഷ്യ ശരീരത്തോടുള്ള വല്ലാത്തൊരു അഭിനിവേശം, ആ ശരീരത്തിന് പ്രദാനം ചെയ്യാൻ പറ്റുന്ന സ്നേഹമൊക്കെ എന്നെ ഒരുപാട് ചേർത്തുനിർത്തിയിട്ടുണ്ട്. ചെറുപ്പം തൊട്ട് കാണുന്ന സിനിമകളിലും, വായിക്കുന്ന പുസ്തകങ്ങളിലും, നാട്ടിൽ കേൾക്കുന്ന പരദൂഷണകഥകളിലുമൊക്കെ പെണ്ണുങ്ങളായിരുന്നു വേശ്യകൾ. ആര് വാതിലിൽ മുട്ടിയാലും തുറന്നു കൊടുക്കുന്ന മീന ചേച്ചി, ആണുങ്ങളെ കണ്ണും കയ്യും കാട്ടി വലയിലാക്കുന്ന ലീലാവതി ചേച്ചി, ഓരോ ദിവസവും വില കൂടിയ കാറുകളിൽ ആൾക്കാർ വന്നു കൂട്ടിക്കൊണ്ടുപോകുന്ന മറിയേടത്തി...
അങ്ങനെ വീട്ടിലും നാട്ടിലും കേൾക്കുന്ന കുറേയധികം പെണ്ണുങ്ങൾ. ഇതൊക്കെ സത്യമാണോ ആരുടെയെങ്കിലും ഭാവനയായിരുന്നോ എന്ന് എനിക്ക് ഇന്നും തീർച്ചയില്ല. എല്ലാവരും ഇത് ഏറ്റു പറഞ്ഞിരുന്നു. അതെനിക്ക് തീർച്ചയാണ്.

മനുഷ്യരോടുള്ള എന്റെ ആകർഷണവും ലൈംഗികാനുഭവങ്ങളോടുള്ള എന്റെ വിശപ്പും ഒരുകാലത്തും വീട്ടിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒരു മുഖംമൂടിയിൽ മനസ്സിനെ ഒളിപ്പിച്ച് കുടുംബത്തിലെ താല്പര്യങ്ങളെ അതേപടി അംഗീകരിച്ചുകൊണ്ട് ജീവിക്കേണ്ട അവസ്ഥയ്ക്കപ്പുറം വേദന മറ്റൊന്നിനുമില്ല. എന്റെ ലൈംഗികതയെ ചൊല്ലി ലജ്ജിക്കേണ്ടതില്ല എന്നത് മാത്രമായിരുന്നു എന്റെ ആകെയുള്ള ആത്മവിശ്വാസത്തിന്റെ കൈമുതൽ. കഴിയുന്നത്ര വേഗത്തിൽ മറ്റൊരു നാട്ടിലേക്ക് പറിച്ചുനടപ്പെടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. എപ്പഴോ അങ്ങനൊരു സാഹചര്യം ഒത്തുവന്നു.

നാല്

ആദ്യമായി സെക്സ് ചെയ്യുന്നത് 19- മത്തെ വയസ്സിലാണ്. കോളേജിലെ രണ്ടാം വർഷം. അന്നെനിക്കൊരു കാമുകിയുണ്ടായിരുന്നു. ബോയ്ക്കട്ട് ചെയ്ത മുടിയും വലിയ കണ്ണുകളും ഒക്കെയായി ഒരു സുന്ദരി. അവൾക്കൊപ്പമുള്ള ഒരു യാത്രയിലായിരുന്നു ജീവിതത്തിലാദ്യമായി സെക്സ് ഏറ്റവും മനോഹരമായി അനുഭവിക്കുന്നത്, അതും ആദ്യമായി.

അന്ന് അവളുടെ വയറിൽ തലവെച്ചു കിടക്കുന്ന നേരത്ത് എന്റെ മുടിയിൽ വിരലുകൾ ഓടിച്ചുകൊണ്ട് അവള് ആദ്യമായി പറഞ്ഞു, "എടാ, എന്തൊരു ഭംഗിയായിട്ടാണ് നീ എന്നെ ട്രീറ്റ് ചെയ്തത്, എന്ത് മനോഹരമായിട്ടാണ് നീ എന്നെ പരിഗണിച്ചത്..."

പക്ഷെ എന്തോ ആ ബന്ധം അത്രയൊന്നും നീണ്ടു പോയിരുന്നില്ല. പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാ സ്ത്രീകളും ഇതേ കാര്യങ്ങൾ പലയാവർത്തി എന്നോട് പറഞ്ഞിരുന്നു. എവിടെയൊക്കെയോ ഞാൻ അത് ആസ്വദിച്ചു തുടങ്ങിയിരുന്നു. പിന്നീടെപ്പോഴോ പങ്കാളിയോടൊപ്പം മാത്രമുള്ള ലൈംഗികസുഖം എന്ന ചിന്തയിൽ പോലും മാറ്റം വന്നുതുടങ്ങിയിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒന്നായി പരിണമിച്ചുകൊണ്ടേയിരുന്നു. പിന്നീട് കാഴ്ചയും കാഴ്ചപ്പാടുകളും മാറി, എനിക്ക് ലൈംഗികത കേവലം ഒരു ശാരീരിക പ്രവർത്തി മാത്രമല്ലാതെയായി, ഒരു ആവിഷ്കാര രൂപമായി മാറി. പുതിയ മനുഷ്യരെ കാണാനും, അവരുടെ മണം ആസ്വദിക്കാനും, ഒപ്പമുള്ള മനുഷ്യനെ ഏറ്റവും ആഴത്തിൽ അറിയാനുമുള്ള കല. അതെനിക്ക് രാഷ്ട്രീയമായിരുന്നു, കലാപമായിരുന്നു.

സ്ത്രീകളുടേത് മാത്രമാണ് വേശ്യാവൃത്തി എന്ന തോന്നലിൽ കെട്ടിപ്പടുത്ത കഥകളുടെ കെട്ടിനെ ചാമ്പലാക്കി ആൺ 'വേശ്യ'കളെ പറ്റിയുള്ള അന്വേഷണമായിരുന്നു പിന്നീട്. നിർഭാഗ്യം കൊണ്ടോ ആൾക്കൂട്ടത്തെ ഭയന്നാണോ എന്നറിയില്ല, അങ്ങനെയുള്ള ഒരാൾ പോലും എന്റെ മുന്നിലേക്ക് വന്നില്ല. എന്നിട്ടും ഞാൻ തേടിക്കൊണ്ടേയിരുന്നു. നിരന്തരമുള്ള അന്വേഷണം. അതിനിടയിലുള്ള എന്റെ ലൈംഗിക ആസക്തികളൊക്കെയും ഞാൻ സ്വയം അടക്കി.

കാലങ്ങൾക്കൊടുവിൽ എന്റെ അന്വേഷണത്തിന് ഫലം കണ്ടെത്തി. അങ്ങനെയുള്ള ഒന്നിൽക്കൂടുതൽ പേരെ ഞാൻ നേരിട്ട് കണ്ടു. അവരിലൊരാളായി ചേരാനും അവരെ വിശ്വസിപ്പിക്കാനും അധികം സമയം വേണ്ടിവന്നില്ല. എന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ അവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നിരിക്കണം.

ഒടുവിൽ എന്റെ ആദ്യത്തെ കസ്റ്റമർ, അങ്ങനെ വിളിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്റെ സേവനം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു സ്ത്രീ എനിക്കരികിലെത്തി. ആ രാത്രിയിലാണ് ഞാൻ ജീവിതത്തിൽ ഏറ്റവും മനോഹരമായി കരഞ്ഞത്. ഞങ്ങൾ പരസ്പരം പേര് ചോദിച്ചില്ല. ഒന്നും ചോദിച്ചില്ല. അതായിരുന്നു തുടക്കം. പിന്നങ്ങോട്ട് കുറേയധികം സ്ത്രീകൾ... ന്യായവിധി കൂടാതെ അവരെ മനസ്സിലാക്കുന്ന ഒരാളായി അവരൊക്കെ എന്നെ കാണുന്നു എന്നെനിക്ക് മനസ്സിലായി. അവരുടെ കഥകൾ, ഭയം, ലോകത്തിൻ്റെ കാപട്യത്തോടുള്ള നിരാശ... ഇതൊക്കെയും ഞാൻ കേട്ടു. അവരിലൊരാളായി ഞാനും മാറി. ഇഷ്ടപ്പെട്ട തൊഴിൽ ഏറ്റവും ആനന്ദത്തോടെ സമാധാനത്തോടെ ഞാൻ ചെയ്തു കൊണ്ടേയിരുന്നു.

കാലക്രമേണ എന്റെ തിരഞ്ഞെടുപ്പ് സാമൂഹിക മാനദണ്ഡങ്ങൾക്കെതിരായ പ്രസ്താവനയായി മാറി. എന്നെ സംബന്ധിച്ചിടത്തോളം, ഇത് സന്തോഷവും സാമ്പത്തിക സ്വാതന്ത്ര്യവും ഏറ്റവും പ്രധാനമായി സ്വാതന്ത്ര്യവും കൊണ്ടുവന്ന നിയമാനുസൃതമായ ഒരു തൊഴിലായിരുന്നു. ലൈംഗികത്തൊഴിലാളികളെ അപകീർത്തിപ്പെടുത്തുകയും വിവാഹത്തിൻ്റെ പരിധിക്ക് പുറത്ത് ആനന്ദം തേടുന്നവരെ പൈശാചികവത്കരിക്കുകയും ചെയ്ത ഒരു സമൂഹത്തിൽ, എന്റെ അസ്തിത്വം തന്നെ നിലവിലുള്ള അവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു.

എന്റെ ജീവിതം എന്റേത് മാത്രമായിരുന്നു. എന്റെ നിബന്ധനകൾക്ക് വിധേയമായി ഞാൻ ജീവിച്ചു.

ഇതുവരെയുള്ള യാത്ര എളുപ്പമല്ലായിരുന്നു. ഞാൻ പലരോടും ഉറക്കെ വിളിച്ചു പറഞ്ഞു, ഇതും മാന്യമായ തൊഴിലാണെന്ന്. സ്വന്തം ശരീരത്തിന്റെ ഇഷ്ടങ്ങൾ അറിഞ്ഞു ജീവിക്കൂ എന്ന്. അങ്ങനെ ജീവിക്കുന്ന എന്നെ കാണൂ എന്ന്.

എന്റെ ശരീരത്തിന്റെ ഇഷ്ടത്തിന് ജീവിച്ച്, ഒരുപാട് മനുഷ്യർക്ക് ആനന്ദവും സമാധാനവും നൽകി തീർത്തും സംതൃപ്തനായാണ് ഞാനിവിടെ കിടക്കുന്നത്.

അജ്ഞാതപ്രേതം എന്ന് നേരത്തെ ആരോ പറയുന്നത് കേട്ടു. ഞാൻ അതായിരുന്നില്ല. അനുരൂപതയിൽ മുഴുകിയ ഒരു സമൂഹത്തിൽ, ഞാൻ ധിക്കാരത്തിൻ്റെ വിളക്കായിരുന്നു. മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് തെരുവുകളിൽ തെളിഞ്ഞ വിളക്ക്. മൂന്ന് ദിവസം കഴിഞ്ഞ് ഏതോ മണ്ണിൽ അടക്കുന്നതിന് മുൻപ് ഒരു വട്ടമെങ്കിലും അഭിമാനത്തോടെ, സന്തോഷത്തോടെ എനിക്കാ പേര് നിങ്ങളോട് ഉറക്കെ വിളിച്ചു പറയണം;
‘പുരുഷ വേശ്യ’ അഥവാ ‘കഗെമ’.

Comments