കല്ലടിക്കോട്ട്ന്ന് പഠിച്ചൂതിയ മുടിങ്കോല്

ള്ളിറങ്ങാതെ കള്ളുംകുടം തിരുപ്പിടിച്ചിരുന്ന വരത്തന്റെ മുമ്പിലേക്ക് ഇഞ്ചി ചതച്ചത് ഒന്നര സ്പൂണിട്ടിളക്കി ഒരു കുടം ‘ഇഞ്ചിക്കള്ളെ’ന്ന് ഷാപ്പ് കാരന്റെ വകയിൽ നിരങ്ങിവന്നു.

‘എവടന്നാ’ എന്നൊരു ചോദ്യവും സ്റ്റീൽ പാത്രത്തിൽ പുകയുന്ന തൊട്ടുകൂട്ടാനൊപ്പം മേമ്പൊടി ചേർന്നു. ‘പാലക്കാട് പോയി വരാണ്’, വരത്തൻ ഇഞ്ചിക്കള്ള് നൊട്ടി.
‘ഹാ അതാണ് ... പാലക്കാട്ടെ ചൂടില് വെറും വയറ് ആവി കേറി വീർക്കും ... ഇഞ്ചിക്കള്ള് രണ്ട് മുട്ക്ക് ചെന്നാ ശര്യാവും’
ഉള്ളെരിച്ച് പായുന്ന കള്ളിന് കൂട്ടൊരു ബോട്ടി കഷണത്തെ അയച്ച് വരത്തൻ ഷാപ്പ് മൊത്തം കണ്ണോടിച്ചു.

മീനത്തിലെ ഉച്ചതിരിഞ്ഞ പുഴുകലിലും ഷാപ്പില് ആള് വേറെ കേറീട്ടില്ല.
‘പണ്ടൊക്കെ ആൾക്കാര് ഉച്ചെരിഞ്ഞ് പണി മാറ്റി പോവുമ്പോ ബടെ വന്ന് രണ്ട് എറക്ക് കുടിച്ച് വർത്താനോം പറഞ്ഞ് എട്ടെട്ടര ആവമ്പോ വീട്ട് കേറും’, ഷാപ്പ്കാരന്റെ പഴമ്പുരാണം ഒരു അരി മുറുക്ക് പാത്രം തുറന്ന് വരത്തന് നീട്ടി.

‘എന്റെ മുത്തച്ഛൻ തൊട്ട് നടത്ത്ണ ഷാപ്പാണ്.... അന്നത്തൊക്കെ കാര്യാണ് പറയണത് ... ഇന്നൊക്കേറ്റിനും കളറ് മതി, കള്ളിനത്ര കേടില്ല.’
‘ഇന്നൊക്കെ കള്ള് വിശ്വസിച്ചൂടല്ലോ?’ വരത്തന്റെ വായിൽ മുറുക്ക് പൊട്ടി.
‘നെങ്ങള് പേടിക്കാണ്ട് മോന്തിക്കോ ...’, നല്ല കളള് തന്നെ എന്ന് ഷാപ്പ്കാരൻ, ഒഴിഞ്ഞുകിടക്കുന്ന വയറിന്റെ സൗകര്യത്തിൽ അധികം തട്ടിത്തടയാതെയും കുടുങ്ങിക്കിടക്കാതെയും കള്ള് വരത്തന്റെ തലയിൽ കയറി ഇരിപ്പായി.

മെയിൻ റോഡിൽ നിന്ന് അൽപം മാറി വലിയൊരു തെങ്ങിൻവളപ്പിൽ ‘കള്ള്’ എന്നൊരു ബോർഡിൽ മാത്രം തന്റെ സാന്നിദ്ധ്യം പുറംലോകത്ത് നിന്നും ഒതുക്കി ധ്യാനിച്ചിരിക്കുന്ന ഷാപ്പിനെ തലയിലിരുന്ന കള്ള് വരത്തന് കൂടുതൽ പരിചയപ്പെടുത്തി.

കള്ളിപ്പോ സുഖമായി ഇറങ്ങുന്നുണ്ട്. രണ്ട് മുട്ട പുഴുങ്ങിയത് മേലാസകലം ഉപ്പും കുരുമുളകും പൂശി വരത്തന്റെ മുന്നിലെ പ്ലേറ്റിൽ നഗ്നനൃത്തം നടത്തി. ഇതിനിടയിൽ ഷാപ്പ് കാരൻ പറയുന്ന പഴമ്പുരാണങ്ങൾ തലയിൽ കൂടിയ കള്ള് പറയുന്ന പായാരങ്ങളിൽ വരത്തൻ കേട്ടില്ല, എങ്കിലും തലയാട്ടുന്നുണ്ട്.

‘ഏതടാ അവടൊരു തലയോട്ടി...’ എന്ന് പറച്ചില് നിർത്തി വരത്തനിരിക്കുന്ന ബെഞ്ചിന്റെ പിറകിൽ നോക്കി ഉറക്കെ ഷാപ്പ്കാരൻ ഒന്ന് തമാശിച്ചതും, പായാരം നിർത്തി തലയിൽ നിന്നും കള്ളെങ്ങോട്ടോ ഇറങ്ങിപ്പോയതും ഒന്നിച്ചായിരുന്നു. പുളിച്ചൊരു തെറിയുടെ അകമ്പടിയോടെ തലയോട്ടിരൂപം ജനാലക്കടുത്തുനിന്ന് മാറി ഷാപ്പിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

‘ആരടാ നായേ തലയോട്ടി?’ എന്നയാളുടെ വീശിച്ചാടലിൽ ഷാപ്പിലെ ഒരു ബെഞ്ചും മേശയും പരസ്പരം തഴുകി, മേശമേലിരുന്ന കള്ള് കുപ്പികൾ ചില്ലക്ഷരങ്ങളിൽ കരഞ്ഞു.
‘ടാ ... പൊന്നാ, കുപ്പി പൊട്ടിച്ചാ നെന്റെ തോല് ഞാനുരിയും’ എന്ന് ഷാപ്പ് കാരൻ കാശ്‍വലിപ്പിന്റെ അടിയിൽ നിന്ന് ഒരു വടി വലിച്ചെടുത്തു.
‘ദ് , ഞാൻ ചുറ്റിത്തറ്റ മുടിങ്കോലല്ലേടാ’ എന്നും പറഞ്ഞ് പൊന്നൻ അത് പിടിച്ചുവാങ്ങി.
‘ആ, അല്ലാണ്ടാരാ, ഇപ്പൊക്കെ കോല് ചുറ്റാൻ ... പക്ഷെ ഇതിന്റെ ചുറ്റ് ശെര്യായിട്ടില്ല പൊന്നാ,’ ഷാപ്പ് കാരൻ കോപ്പയിൽ പകരുന്ന കള്ളിന്റെ തുളുമ്പലിന് ശ്രുതി ചേർത്തു.
നീട്ടിയ കോപ്പ വേണ്ടെന്നവഗണിച്ച് പൊന്നൻ മുടി ങ്കോല് പരിശോധിച്ചു.
‘ചുറ്റ് ഞാൻ ശരിയാക്കി തരാ... ഇയ്യൊരു 200 എട്ത്താ’ അധികാരത്തോടെ പൊന്നൻ കൈനീട്ടി.
‘കൊളപ്പുള്ളീ പോയിട്ടണക്ക് കളറടിക്കാനല്ലേ? പൈസ തന്നാ അന്റെ മൂത്തത് വന്ന്ട്ട് എന്റെ നെഞ്ഞത്ത് കേറും’
‘മൂത്തോനൊന്നും പറയില്ല, പറഞ്ഞാ തന്നെ ചെറ്യോനേ പറയൂ, ഓൻ ഈ സൈസാണ്’, പൊന്നൻ തന്റെ കൈത്തണ്ടക്ക് ഇരട്ടി വണ്ണം ചുറ്റി കാണിച്ചു.
‘അല്ല പൊന്നാ, അന്റെ മൊതലാളിച്ചി വന്നില്ലേ? അവടെ പോയാ ചോദിക്കാണ്ടന്നെ കിട്ടൂലോ’ ഷാപ്പ് കാരൻ ഒരു ഉരുളി നിറച്ച് കറി ചൂടാക്കാൻ അടുപ്പത്ത് വച്ചു.
‘ഈ പൊന്നൻ പറമ്പ് പണി ചെയ്യണ വീട്ടിലെ കാരണോരടെ മോളാ, വിദേശത്താ’ എന്ന് കഥയറിയാതെ ഇരിക്കുന്ന വരത്തന് മൊതലാളിച്ചിയെ പരിചയപ്പെടുത്താനും ഷാപ്പ് കാരൻ മറന്നില്ല.
‘ഞാൻ പോയില്ല, ചെറ്യോന് ഇഷ്ടല്ല’ പൊന്നൻ തല മാന്തി.
‘അത് ശരി, ഞാനും കരുതി, ഇയ്യ് പുത്തനൊക്കെ ഇട്ട് ... ഓരിന്റൊപ്പരം എങ്ങട്ടോ പോവാണ് ന്ന്’.
‘ഏയ്, അതെല്ലാ കൊല്ലോം പതി വാർന്നു. ഇനി ഇക്കൊല്ലം വേണ്ട ചെക്കന്റെ വായലിരിക്കണത് കേക്കണ്ടല്ലോ’
പൊന്നന്റെ ചുണ്ടിലൊരു ബീഡിയെരിഞ്ഞു.

‘ഞാനൊരു മരിപ്പ് കഴിഞ്ഞ് വരാണ്’, പൊന്നൻ പുത്തനുടുപ്പിന്റെ കഥ പറഞ്ഞു.
താനറിയാത്ത മരിപ്പോന്ന് ഷാപ്പ് കാരന്റെ മുഖത്തൊരു ചോദ്യ ചിഹ്നം. പൊന്നൻ ബീഡി ഒന്നാഞ്ഞ് വലിച്ചുകൊണ്ട് വരത്തനുനേരെ തിരിഞ്ഞു.

‘ഇങ്ങള് ഈ ഷാപ്പ് ഇരിക്കണ പറമ്പിന്റെ അപ്രത്തും ഇപ്രത്തും വീട് കണ്ടില്ലേ, വല്യേ തറവാട്ടാരാ. അതിലെ കെഴക്കോറത്തെ വീട്ടിലെ കാരണോരടെ ഏട്ടൻ, ഇന്നലേർന്നു’.
വരത്തൻ വിശദമാക്കിതന്നതിന് നന്ദിയെന്ന് തലയാട്ടി, വായിലിരുന്ന കള്ള് മുഖം വക്രിച്ചിറക്കി.
‘ഏത്? നമ്മടെ, മേജറടെ ഏട്ടനോ?’ ഷാപ്പ് കാരൻ അടുപ്പിലൊരു വിറക് തള്ളി, അടുപ്പൊന്നാളി.
‘ആ, അതന്നെ’ ഉരുളിയിലെന്തെന്ന് പൊന്നൻ എത്തിനോക്കി.
‘അവടന്ന് ഒന്നും തടഞ്ഞില്ലേ?’ ഷാപ്പ് കാരൻ ഒരു പോത്തിൻ കഷണം ചട്ടുകം കൊണ്ടെടുത്തൂതി പൊന്നന്റെ കൈയ്യിലേക്കിട്ടു.
‘ഏയ്, പണ്ട് മ്മടെ കാർന്നോര് പോയപ്പോ ഓലൊരു വരവ് വന്നു. പൊറത്ത് ന്ന് ഒന്നെത്ത്യോക്കി. ഞാനും അത് മാതിരി എത്തി നോക്കി പോന്നു.’ പൊന്നൻ കൈ പിന്നിൽ കെട്ടി നിർവികാരതയോടെയുള്ള നോട്ടം അഭിനയിച്ചു. എന്നിട്ട് ചുണ്ടിലെ കെട്ട ബീഡിയുടെ അളവൊന്നു നോക്കി അത് ഒരു ഏറ് കൊടുത്ത് അടുത്ത ബീഡി കൊളുത്തി.
‘അല്ലേലും മേജറിന് എന്നെ കണ്ടാ ഒരു ബേജാറാ’
‘ഒന്ന് പോടാ പൊന്നാ, അന്നെ കണ്ടാ ബേജാറോ? സാറ് ഇരിക്കണോണ്ടാ അല്ലെങ്കി പച്ച തെറി ഞാൻ പറഞ്ഞേനെ’
ഷാപ്പ് കാരൻ വരത്തനെ ഒന്ന് നോക്കി.
‘അതൊന്നും സാരമില്ലെ’ന്നൊരു ചിരി വരത്തനും പാസ്സാക്കി.
‘എന്നാ കേട്ടോ മൈത്താണ്ടി;’ എന്ന് പൊന്നൻ ഒന്നുണർന്നു.
‘ദാ ആ വീടിന്റെ കൂടിയിരിക്കലിന്’ പൊന്നൻ കിഴക്കോട്ട് ചൂണ്ടി.
‘മേജറ് വെച്ച വീടാ... അന്നീ വീട് ഇങ്ങനല്ലാട്ടോ...’
ഒരു ബീഡിപ്പുകക്കുള്ള ഇടവേളയെടുത്ത് പൊന്നൻ തുടർന്നു; ‘മൂപ്പര് പട്ടാളത്ത് ന്ന് നേരെ ഒരു വരവ് വന്നു. പോക്ക് പടീന്ന് പത്തിരിപ്പാല വരെ വിറച്ചു. വന്നതോ യൂണിഫോമിലും. തോങ്ങണം ഒക്കെ തൂക്കിയ യൂണിഫോം. പിന്നെ പെട്ടി നേറ യേ മിലിട്ടറി സാധനം’
ഷാപ്പിനപ്പുറത്തെ ബസ് സ്റ്റോപ്പിൽ ഒരു പ്രൈവറ്റ് ബസ് ഹോണ് ചീറി ബ്രേക്കിട്ടു. ‘ഓൻന്റപ്പന്റൊരു ഹോണ്’ എന്നിങ്ങനെ പൊന്നന്റെ കഥാകഥനം മുറിഞ്ഞ് അവിടെങ്ങും തെറി ചിതറി.
‘വിട് പൊന്നാ, ഇയ്യ് വെറ്തേ സമയം കളയാണ്ട് പറ’, ഷാപ്പ് കാരൻ ഒരു അര കൂടി എന്നാങ്ങ്യത്തോടെ വരത്തന്റെ കുടം നിറച്ചു.
‘ന്നാ കേക്കണോ അണക്ക്, ഗംഭീര പരിപാടി ആയിരുന്നു. അങ്ങനൊരു കുടിരിക്കല് ആദ്യായിട്ടാവും ഓങ്ങല്ലൂര്’ പൊന്നന്റെ ബീഡി ആവേശത്തോടെ എരിഞ്ഞു.
‘വെളമ്പലും വിഴുങ്ങലും ഒക്കെ പന്തലില്, വീശലും സൊറച്ചിലും ഒക്കെ വടക്കോറത്ത്.’

കഥയുടെ ബാക്കി പറയാൻ പൊന്നൻ ബെഞ്ചിന്റേയും മറ്റും ശല്യമില്ലാത്ത ഒരു വേദിയിലേക്ക് മാറി, അഭിനയിച്ച് കാണിച്ചാലേ അതിന്റെ ആഴം കിട്ടൂ.
‘വെളമ്പലിന്റെ എടക്ക്, രണ്ടെണ്ണം അടിക്കാൻ ഞാൻ മെല്ലെ വടക്കോറത്തിക്ക് വലിഞ്ഞു. അവടെ ഒരു ഗ്ലാസ്സ് നെറച്ച്, ‘ന്നാ , പൊന്നാന്ന്’ മേജറ് തിണ്ണേടെ മോളില് വച്ചു. ഞാനത്ട്ത്ത് ഒറ്റ വലി’. പൊന്നൻ  ബീഡിയുടെ ആത്മാവിനെ ഊറ്റിയെടുത്ത് നിലത്തെറിഞ്ഞ് ചവിട്ടി.
ബാക്കി കേൾക്കാൻ ഒച്ചയനക്കമുണ്ടാക്കാതെ ഷാപ്പ് കാരനും വരത്തനും.
‘ഞാനിങ്ങനെ കുടിച്ച സാധനം നെഞ്ച്ന്ന് വയറ്റിലെത്തണത് അറിഞ്ഞ് നിക്കുമ്പോ പൊറത്ത് ഒരടി! വേർത്ത് നിക്കല്ലേ? അടി വീണത് പൊള്ളണപോലെ... ഞാനങ്ങട് പൊളഞ്ഞ് പോയി...’ പറച്ചിലിനിടയിൽ പൊന്നൻ പുളഞ്ഞു.
‘ഇയ്യ് തിരിച്ചടിച്ചോ?’ ഷാപ്പ്കാരന്റെ ആകാംഷ. നിക്കെന്ന് പൊന്നൻ ആഗ്യം കാട്ടി.
‘തിരിഞ്ഞ് നോക്കുമ്പോ, ആളേതാ എന്തിനടിച്ചതാ ഒന്നും തിരിയണില്ല!’. അടുത്ത ബീഡി തെളിഞ്ഞു.
‘എന്താടാ... പൊന്നനെ തല്ലീത്, എന്നും പറഞ്ഞോണ്ട് മേജറ് തിണ്ണ ചാടി ഒരു വരവ് വന്നു.’
‘ഈ... ഇവൻ തൊട്ടതും മോന്തീതും ന്റെ ഗ്ലാസ്സാണ്’ എന്ന് തല്ലിയോൻ.
‘വേണോങ്കീ മോന്തിപ്പോടാ നായിടെ മോനേ...’ന്ന് മേജറ്.
‘രണ്ടെണ്ണം വിട്ട പവറില് തല്ലിയോൻ, മേജറിനെ ചവിട്ടാൻ കാല് പൊക്കി, പൊക്ക്യേ കാല് തട്ത്ത് ചെള്ള കുറ്റി നോക്കി മേജറ് ഓനെ ഒറ്റ പൊട്ടിക്കല്’
‘ഓൻ വീണത് കഴ്ത്തും തല്ലി ദഹണ്ണത്തിന് കൊണ്ടന്ന വാർപ്പ്മ്മിക്ക്... അതോടെ ഓൻ തീർന്നു... മേജറ് കൊന്നു’
പൊന്നന്റെ വാക്കുകളിൽ അന്നത്തെ അമ്പരപ്പ് ഇന്നും പുതുമയോടെ.
‘ആ വൂന്റെ പൊന്നാ... അന്റെ തള്ള്ക്കേട്ട് കള്ളിറങ്ങാണ്ട് സാറിരിക്കണത്’
നൈമിഷികമായ നിശ്ശബ്ദത മുറിഞ്ഞത് ഷാപ്പ് കാരന്റെ നാവിൻ തുമ്പിലാണ്.
‘തള്ളല്ലാ ട്ടോ സാറെ... മൂപ്പര്ടെ ഏതോ കുടുംബാണ്; തല്ലും ചാവും ഞാനേ കണ്ട്ള്ളൂ...’
ഷാപ്പ്കാരന്റെ അസ്ഥാനത്തുള്ള അരസികൻ തമാശ വല്ലതും വരുന്നോന്ന് അറിയാൻ പൊന്നൻ ഒന്ന് നിർത്തി.

ഷാപ്പ് നിശ്ശബ്ദം.
ഒരു ബീഡി കൂടി ആത്മാവ് വറ്റി നിലത്ത് വീണണഞ്ഞു.
വരത്തൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് തോണ്ടി.
‘പൊന്നോ, നെന്റെ മരിപ്പിന് ഇബരൊക്കെ വരോ?’ തന്റെ ഷാപ്പിനെ കളങ്കപ്പെടുത്തുന്ന നിശബദത ഷാപ്പ്കാരൻ ആട്ടിപ്പായിച്ചു.
‘ഒരു പുന്നാര പുണ്യനും വരണ്ട. പത്ത് ഇര്പത്തയ്യായിരം രൂപേണ് നായേ ഒരു മരിപ്പ് നടത്താൻ. ന്റെ ചെക്കന്മാർക്ക് തലവേന ആവര്ത്. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോളിം’ എന്ന് പൊന്നൻ വിരല് ചൂണ്ടി.
‘സാറേ, അതിന്ള്ളതൊക്കെ ഇബന്റെ മൊതലാളിച്ചിടെ അട്ത്ത്ണ്ട്. അണക്കൊരു എക്കൌണ്ട് ഒക്കെ ണ്ടല്ലോ പൊന്നാ’ എന്നായി ഷാപ്പ് കാരൻ.
‘അതിന്റെ കാർഡും പേപ്പറും ഒക്കെ അവര്ടേലാണ്ട്ടോ സാറേ’ താനത്ര സമ്പന്നനാവുന്നത് പൊന്നനൊരു നാണക്കേട് പോലെ.
തിളച്ച് മറിഞ്ഞ പോത്തിറച്ചി ഷാപ്പിലും പരിസരത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.
‘അതില്ള്ളത് അണക്ക് കിട്ടോ? പൊന്നാ? നീയ് വല്ല ബിനാമിം ആവും’ എന്നേഷണി കൂട്ടി. ഷാപ്പ് കാരൻ അടുപ്പിൽ തള്ളിയ കൊള്ളികളിൽ പച്ച വിടാത്തത് പുക കാറി.
പൊന്നൻ മറുപടിയൊന്നും പറഞ്ഞില്ല.
‘ചേട്ടാ, ഒരു പ്ലേറ്റ് ബീഫെ’ന്ന് വരത്തൻ.
കൂടെ ഒരു ചെറുത് കൂടി വരത്തന്റെ മുന്നിലേക്ക് തള്ളി, ഷാപ്പ് കാരൻ.
പോത്തിറച്ചിയുടെ എരുവിനെ നല്ല തെങ്ങുനീര് പതപ്പിച്ച് മയക്കി. വരത്തന്റെ തൊണ്ട വയറിന്റെ വീർപ്പ് മുട്ടല് കണ്ട് ഓരിയിട്ടു.
‘ഔന്റെ സാറേ, ഈ പണ്ടാരതീയ്യന്റെ പൊടിക്കള്ള് മോന്തി കരള് വാടണ്ട’, ഏമ്പക്കം കേട്ട് പൊന്നൻ സ്നേഹപൂർവ്വം ശാസിച്ചു.
‘നെന്റെ നാവരിഞ് ഞാൻ കറി വക്കും പൊന്നാ’, ഷാപ്പ്കാരന് തന്റെ കള്ളിനെ പറഞ്ഞത് പിടിച്ചില്ല.
‘നരി നാവ് തിന്ന് ചത്ത അന്റെ കൂട്ടർക്ക്പ്പോ ന്റെ നാവ് അമൃതാവും’, പൊന്നൻ വരത്തനെ നോക്കി കണ്ണിറുക്കി.
‘പൊയ്ക്കാ പൊന്നാ, മതി ചുറ്റീത്’ എന്ന് ഷാപ്പ്കാരൻ പൊന്നന്റെ കയ്യിൽ നിന്നും മുടിങ്കോല് വാങ്ങി.
‘ചുറ്റേ ശര്യാവാത്തുള്ളൂ, അത് വല്ലാണ്ടട്ത്ത് ജ്ജ് കളിക്കണ്ട, ഞാനൂതി കാച്ചീതാ’ പൊന്നൻന്റെ ശബ്ദത്തിൽ തമാശ ഒരു തരി പോലും ഇല്ലായിരുന്നു.
‘ഓ പിന്നേ’ ഷാപ്പ് കാരൻ ഒന്ന് പുച്ഛിച്ചു. എങ്കിലും മെല്ലെ മുടിങ്കോല് താഴെ വച്ചു.
‘ഊതിക്കാച്ചീതോ?’ വരത്തന്റെ മനസ്സിൽ തിങ്ങിക്കൂടിയ പല സംശയങ്ങളിൽ ഒന്ന്, സഹികെട്ട് പുറത്ത് ചാടി.
‘ഇതെന്താന്ന് മനസ്സിലായോ ഇങ്ങക്ക്?’ പൊന്നൻ മുടിങ്കോല് കയ്യിലെടുത്തു.
‘മുടിങ്കോല് ... പോത്തിനെ തല്ലാൻ’ വരത്തൻ  പതിയെ പറഞ്ഞു.
‘ആ, എന്നാ പണ്ട് പോത്തിന് കിട്ടണേക്കാളും അടി, മൻഷൻമാര് വാങ്ങിണ്ട്. എന്റഛന് കിട്ടീണ്ട് അച്ഛാഛനും മുത്തഛനും കിട്ടീണ്ട്. പൊന്നന് കിട്ടീല. എന്താ കാരണം ന്നറിയോ ങ്ങക്ക്?’
ഇല്ലെന്ന് വരത്തന്റെ തലയാട്ടൽ.
‘കല്ലടിക്കോട്ടെ പഠിപ്പ്’, പൊന്നൻ ഒരു രഹസ്യം പറയും പോലെ പതിഞ്ഞ് ഊന്നിപ്പറഞ്ഞു.
‘പണ്ടത്തെ ഒക്കെ വല്യേ ഡിഗ്ര്യാ. കല്ലടിക്കോട്ട് പോയി നിന്ന് പഠിക്കും. അടീം തടേം മരുന്നും മന്ത്രോം ഒക്കെ വെള്ളം പോലെ പഠിപ്പിക്കും’ എന്ന് ഷാപ്പ് കാരൻ വരത്തന്റെ വിട്ട് പോയ കള്ളികൾ പൂരിപ്പിച്ചു.
‘ഈ നിക്കണ പൊന്നാരൻ ണ്ടല്ലോ, ബന്റെ മുത്തഛൻ ഭയങ്കര പ്രമാണ്യാർന്നു. കാതില് കടക്കനും തലേല് കുടുമേം വച്ച തീയ്യ പ്രമാണി.’ പൊന്നൻ ഷാപ്പ് കാരനെ ചൂണ്ടി.
‘ഒരീസം മൂപ്പര് ദാഹിച്ചപ്പോ ഒരു തെങ്ങ്മ്മേക്കേറി ചെത്ത് കൊടം എട്ത്ത് കുടിച്ചു. മൂപ്പർക്ക് ആ കള്ളും പറമ്പും ഇഷ്ടായി, അവടൊരു ഷാപ്പങ്ങട് തൊടങ്ങി, ആ ഷാപ്പിലാണ് ഇങ്ങള് ഇരിക്കണത്’ പൊന്നൻ പറഞ്ഞത് ശരിയെന്ന് തലയാട്ടുന്നതിനിടക്ക് ഷാപ്പ്കാരൻ പറഞ്ഞു.
‘മൂപ്പര് കല്ലടിക്കോട്ട് പോയി പഠിപ്പൊക്കെ കഴിഞ്ഞ് വന്നപ്പോ, ഓരിന്റെ ഒപ്പരം കളിച്ച് നടന്ന ന്റെ മുത്തഛനും അച്ഛാഛനും ഒക്കെ തല്ല് വാങ്ങാണ്’ പൊന്നൻ പറഞ്ഞു.
‘അന്നൊക്കെ അവനാൻ കെട്ടണ മുടിങ്കോലായിട്ട് അവനോന് തന്നെ അടി, അതൊരു ഫാഷനാർന്നു’ വികൃതമായതിനെ തമാശ കലർത്തി ശരിയാക്കാൻ ഷാപ്പ്കാരൻ വെറുതേ ശ്രമം നടത്തി.
‘മുടിങ്കോല് ഇണ്ടാക്കാന്ള്ള പാടറിയോ നിങ്ങക്ക്?’
പൊന്നന്റെ ചോദ്യത്തിന്, ഇല്ലെന്ന് തലയാട്ടി, വരത്തൻ.
‘കാഞ്ഞിരത്തിന്റെ കൊമ്പ് വേണം, വെറും മുടിങ്കോല് ചുറ്റാൻ ഏതേലും കാഞ്ഞിരം മതി, പക്ഷെ ഊതിക്കാച്ചാൻ, അത് പോരാ’
പൊന്നന്റെ ആ വാക്കുകളിലേക്ക് വരത്തൻ വഴുതിവീണു.

കയ്യിലിരുന്ന മുടി ങ്കോല് ചുറ്റ് മെല്ലെ ശരിയ്യാക്കുന്നതിനോടൊപ്പം പൊന്നൻ അതുണ്ടാക്കുന്ന രീതി വിവരണം തുടങ്ങി.
‘മണ്ണ് മാത്രം തൊട്ട് പാറ തൊടാതെ വേരിറങ്ങിയ കാഞ്ഞിരത്തിന്റെ നടുതണ്ട്ന്ന് പൊട്ടി വന്ന കൊമ്പിന്റെ കടക്കല് പുത്യേ ഉളി വച്ച് കൊത്തിയെട്ക്കണം. എന്നിട്ട് നല്ല വെയിലത്തൊണക്കി, പേരാലിന്റെ വള്ളി; അല്ലെങ്കി കാശക്കൊമ്പ് നന്നായി ഒണക്കിച്ചതച്ച് പാമ്പ് ചുറ്റും പോലെ പെണച്ച് ചുറ്റി വെറും കോലിനെ മുടിങ്കോലാക്കും, ഊതിയാ ഊത്ത് നിക്കണ മുടിങ്കോല്’

പറഞ്ഞുനിർത്തലും പൊന്നന്റെ മുടിങ്കോലചുറ്റ് കഴിയലും ഒന്നിച്ചായിരുന്നു.
‘അങ്ങനൊരു കാഞ്ഞിരംകിട്ടാനും ഊത്ത് ശര്യാവാനും കൊറച്ച് കാലട്ത്തു, അതിനെടേല് കൊറേ... അടീം കിട്ടി.’
‘നോക്കട്ടെ പൊന്നാ’ ന്ന് ഷാപ്പ്കാരൻ മുടിങ്കോല് വാങ്ങാൻ വന്നു.
പൊന്നൻ അത് കൊടുത്തില്ല. എന്നിട്ട് വരത്തനെ നോക്കി പറഞ്ഞു; ‘മൂന്ന് രീതീല് ഊത്ത്ണ്ട്, ഒന്ന് ഊത്യേ കോലോണ്ട് എത്രടിച്ചാലും വേദനിക്കാത്തത്, അടിക്കാനോങ്ങ്യ കോല് കയ്യന്ന് തെറിച്ച് പോണത്, പിന്നെ കഠിന പ്രയോഗാണ്, അടിക്കാനോങ്ങണ മൊതലിന് തന്നെ തിരിച്ചടി.’
വരത്തൻ വാപിളർന്നങ്ങിനിരുന്നു.
‘ന്റെ പൊന്നോ, ഈ പഠിപ്പും പത്രാസും ള്ള സാറല്ലെ അന്റെ പുളിക്കഥ കേട്ട് വിശ്വസിക്കണത്’ എന്ന് ഷാപ്പ്കാരൻ മുടിങ്കോല് പിടിച്ച് വാങ്ങാൻ ഒരു ശ്രമം കൂടി വെറുതേ നടത്തി.
അത് കേട്ട് വരത്തനൊന്ന് വീർത്തു. പൊന്നനൊന്ന് ചിരിച്ചു.
എന്നിട്ട് മുടിങ്കോല് നെഞ്ചിന് ചേർത്ത് ഒന്ന് കണ്ണടച്ചു.
‘കീീീ...’ എന്നാരേയോ തെറിവിളിക്കും പോലെ ഷാപ്പിന് മുമ്പിലൊരു കാറ് വന്ന് നിന്ന് ഹോണടിച്ചു.
പൊന്നന്റെ ജപവും, ഉള്ളിയരിയുന്ന ഷാപ്പുകാരന്റെ വിരലും മുറിഞ്ഞു. വരത്തൻ കള്ളും പോത്തും തരിപ്പിൽ കയറി കൊക്കിക്കുരച്ചു.
‘അന്റെ മൊതലാളിച്ചിയാണ് പൊന്നാ...’ ഷാപ്പ് കാരൻ വിരലിലെ ചോര രുചിച്ചു.
പരിഭ്രമത്തോടെ പൊന്നൻ ചാടിയെണീറ്റു.
‘അന്റെ ഇരുന്നൂറ് ഇനി വേണ്ടടാ’ ന്ന് പൊന്നൻ മുറുക്കാൻ പാത്രം തുറന്ന്, മേശപ്പുറത്ത് ഇരുന്ന പഴയ പുസ്തകത്തിൽ നിന്നും ഒരേട് കീറി, കുമ്പിളുണ്ടാക്കി മുറുക്ക് നിറച്ചു.
‘പൊന്നാ അന്റെ ആദർശം എവടെ?’ എന്ന ഷാപ്പ് കാരന്റെ ചോദ്യത്തിന് പൊന്നൻ മറുപടി പറഞ്ഞില്ല.
‘കോല് തന്ന്ട്ട് പോടാ പൊന്നാ’ എന്ന ഷാപ്പ്ക്കാരന്റെ ശാസനക്ക്, പൊന്നൻ ഷാപ്പിന്റെ വാതിൽക്കൽ ഒന്ന് നിന്നു.
വരത്തനെ നോക്കി ഒന്ന് ചിരിച്ച്, മുടിങ്കോലിൽ ഒന്നൂതി, വരത്തന് നേരെ എറിഞ്ഞ് കൊടുത്തു; പൊന്നൻ അപ്രത്യക്ഷനായി.
പൊന്നൻ എറിഞ്ഞ മുടിങ്കോല് നിലത്ത് വീണില്ല, നിലം തൊടാതെ, മേൽക്കൂര തൊടാതെ, ആ മുടിങ്കോൽ പതിയെ വായുവിൽ വരത്തന് നേരെ ഒഴുകി. അതിലെ പിണച്ചുച്ചുറ്റ്കൾ പാമ്പിഴയുന്ന പോലെനീങ്ങിക്കൊണ്ടിരുന്നു.

‘സാറേ...’ എന്ന ഷാപ്പുകാരന്റെ വിളിയിലാണ് വരത്തൻ ഉണർന്നത്. മുടിങ്കോല് അയാളുടെ മേശമേൽ ഇരിക്കുന്നു. പുറത്ത് സന്ധ്യ മയങ്ങി തുടങ്ങി. ഷാപ്പിന് പുറത്തെ മഞ്ഞളിച്ച ബൾബിൽ മാറാല വിരിപ്പ് തീർത്തു.

കൈ കഴുകി വന്ന് കാശ് കൊടുമ്പോൾ ‘കൈ തുടക്കാനെന്ന്’ ഷാപ്പ് കാരൻ അവിടിരുന്ന പഴയ പുസ്തകത്തിൽ നിന്നും ഒരേട്കീറിക്കൊടുത്തു.

‘നീ വെട്ടിയ വഴിയിലോരുത്തൻ
കാല്കുത്തിയശുദ്ധി വരുത്താൻ
ഇടയാകാതെങ്ങള് കാപ്പോം –
ഇനി നീ പോ ചങ്ങാതി
പെരുവഴിയേ പോകും ഞങ്ങൾ
പുതു വഴി വഴിപാടിന് മാത്രം’

എന്നൊരു കവിത ആ പേജുകളിൽ പടർന്ന മഷിയിൽ ഒലിച്ചു. തലയിലപ്പോൾ തരിപ്പായി കയറിയ കള്ളിന്റേയും കറിയുടേയും എരിവ് ആ കവിത പൊന്നന്റെ ശൈലിയിൽ, ശബ്ദത്തിൽ, വരത്തന് ചൊല്ലിക്കൊടുത്തു.

Comments