കനൽച്ചിത്രങ്ങൾ

റങ്ങുകയാണ്...
അച്ഛൻ ഉറങ്ങുകയാണ്.

ചില്ലുപെട്ടിയിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ ചിലപ്പോൾ ചാലിട്ട് താഴേയ്‌ക്കൊഴുകുന്നുണ്ട്.
കൈകൊണ്ട് ചില്ലിനുമുകളിൽ മെല്ലെ തുടച്ചപ്പോൾ അച്ഛന്റെ മുഖം കണ്ടു. എപ്പോഴുമുള്ളപോലെ നിറഞ്ഞ ചിരിയുണ്ടവിടെ.
പക്ഷേ എന്താണാവോ, മുഖം കറുകറുത്തിരിയ്ക്കുന്നു.

''അച്ഛാ...'', കാതിൽ സ്വകാര്യം പറയുംപോലെ കുട്ടൻ വിളിച്ചു.
''ന്തിനാ ചിരിയ്ക്കണേ, അച്ഛൻ ന്നെ പറ്റിയ്ക്കാ?''
ചില്ലുപെട്ടിയിൽ വെച്ച കുട്ടന്റെ കൈ തണുത്തു.
''അച്ഛന് തണുക്കുന്ന്ണ്ടാവും.
അച്ഛന് ശ്വാസം മുട്ടുന്ന്ണ്ടാവും.''

കഥകളൊരുപാട് പറഞ്ഞുതന്നിട്ട്ണ്ട് അച്ഛൻ. പറഞ്ഞുപറഞ്ഞുപറഞ്ഞ് കുട്ടനെ കഥയുടെ ചിറകിലേറ്റും. വെറും നിലത്ത് ചില്ലുപെട്ടിയോട് ചേർന്ന് അവൻ കിടന്നു.
ആരൊക്കെയോ വരുന്നുണ്ട്, പോകുന്നുണ്ട്.
''ന്തിനാ ഈ പൊട്ടൻ ബടെങ്ങനെ കെടക്ക്ണ്?''
''അച്ഛന്റൊപ്പം കെടന്നൊറങ്ങ്വാന്നാവും വിചാരം.''
''താടീം തല്യൊക്ക്യായിട്ട് പോത്ത് പോലെ വളർന്നൂച്ചാലും ബുദ്ധീം ബോധോല്യാച്ചാ കഷ്ടാണേ...''
''ഇതിനെ ഒന്നകത്തയ്ക്ക് കൊണ്ടോവ്വോ ആരെങ്കിലും?''
ശബ്ദങ്ങളൊന്നും കുട്ടൻ കേട്ടില്ല.
അച്ഛന്റെ തോളിലിരുന്ന് നടുപ്പാടത്തെ തോട്ടുവരമ്പിലൂടെ കാളവേലയ്ക്ക് പോവുകയായിരുന്നൂ അവൻ. തച്ചുകുന്ന് കയറിയിറങ്ങി വേണം വിരുട്ടാണത്തെ വേലയ്ക്ക് പൂവ്വാൻ.

തലയിലാരോ തൊട്ടപ്പോൾ ചില്ലുപെട്ടിയ്ക്കരികിൽനിന്ന് ഞെട്ടിത്തിരിഞ്ഞു നോക്കീ കുട്ടൻ.
അമ്മയാണ്.
''കുട്ടാ വായോ... നീയിന്ന് മരുന്ന് കഴിച്ചില്യാലോ’’, അമ്മയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
കൺപോളകൾ വീങ്ങിയിരിയ്ക്കുന്നു.
''അമ്മെന്തിനേ കരഞ്ഞേ?''
അമ്മ അവന്റെ കൈ പിടിച്ചെഴുന്നേല്പിച്ചു. അകത്തെ മുറിയിലേയ്ക്ക് കൊണ്ടുപോയി മരുന്നുകൊടുത്തു.

അടുക്കളപ്പുരയുടെ വരാന്തയിൽ സരോജിന്യേടത്തി ഇരിയ്ക്കുന്നുണ്ട്. ''വെശക്ക്ണ്ട് ല്ലേ കുട്ടാ?'', കുട്ടൻ ഒന്നും പറഞ്ഞില്ല.
''അച്ഛനെ എട്ക്കാണ്ടെ ഇന്നാരും ഒന്നും കഴിയ്ക്കാൻ പാടില്യാ കുട്ട്യേ...''

പൊളിഞ്ഞ വേലികടന്ന് കാടുകെട്ടിക്കിടക്കുന്ന പറമ്പിലേയ്ക്കിറങ്ങീ കുട്ടൻ.
‘‘പകലുനേരത്തും കൂടി ആരും ഈ മനവളപ്പ്ക്കൂടെ നടക്കില്ല്യ. എപ്പഴും കാലൻകോഴി കരയണ കേക്കാം, പൂവ്വാ... പൂവ്വാന്ന്. എങ്ങട്ട് പൂവ്വാനാണാവോ ങ്ങനെ കൂക്കി വിളിയ്ക്കണ്?
കുട്ടനും കുട്ടന്റച്ഛനും അങ്ങനത്തെ ഒരു പേടീല്യ. പ്രേതോം പിശാചും ഒന്നൂല്യാന്ന് വേണുമാഷും പറഞ്ഞന്ന്ണ്ടല്ലോ.’’

മനപ്പറമ്പിൽ നിന്നിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ നാണിത്തള്ള വിളിച്ചു, ''കുട്ടൻ ന്തേങ്കിലും കഴിച്ച്വോ? കഞ്ഞി തെള വന്ന്‌ട്ടേള്ളൂ.''
നാണിത്തള്ള ഒരു പാത്രം നിറയെ കഞ്ഞിവെള്ളം അവന് കൊടുത്തു.
അവൻ ആർത്തിയോടെ അതു മുഴുവൻ കുടിച്ചു.
''പാവം... വയറ് കാഞ്ഞ്ട്ട് ണ്ടാവും. കാലത്തും ഒന്നും കഴിയ്ക്കാത്തതല്ലേ...''
നാണിത്തള്ളയുടെ ചാളയുടെ പിൻവശത്തൂടെ അവൻ കുണ്ടനിടവഴിയിലേയ്ക്കിറങ്ങി, പുഴയോരത്തേയ്ക്ക് നടന്നു.

പുഴയോരത്തെ പാമ്പിൻകാവിൽ കെട്ടുപിണഞ്ഞ വള്ളികൾക്കിടയിൽ കുട്ടൻ കിടന്നു. നട്ടുച്ച കത്തി നിക്കുമ്പഴും രാത്രിയിലെ പോലെ ചീവീടുകളുടെ ശബ്ദം ഉയർന്നു കേൾക്കാം. മയക്കം വരുന്നുണ്ട്.

കുട്ടനെ തോളിലിരുത്തി അച്ഛൻ കുന്നുകയറുകയാണ്.
അകലെ സൂര്യൻ അസ്തമിയ്ക്കുന്നു.
''വല്ലാതെ ദാഹിയ്ക്കുണൂലോ കുട്ടാ'', അച്ഛൻ കിതപ്പോടെ പറഞ്ഞു.
കാറ്റ് വീശിയടിച്ചു. പാമ്പിൻകാവിൽ വള്ളികൾക്കിടയിലെ ചപ്പിലകൾക്ക് മുകളിൽ അസ്വസ്ഥമായ ഉറക്കത്തിലേയ്ക്ക് കുട്ടൻ ആണ്ടുപോയി.

രാത്രി...
ചിതയ്ക്ക് തീ വെയ്ക്കുന്നത് ആരാണ്?
മൺകുടത്തിലെ തുളയിലൂടെ അവസാനത്തെ കുടിനീർ ആരാണിറ്റിയ്ക്കുന്നത്?
പുറംതിരിഞ്ഞ് നിന്ന് മൺകുടം ആരോ ചിതയിലേയ്ക്കിടുന്നുണ്ട്. ആരാണ്?
ആരാണ്?
അത് താൻ തന്നെയാണെന്ന് കുട്ടന് തോന്നി.
ചപ്പിലകൾ ചവിട്ടിഞെരിയ്ക്കുന്ന ശബ്ദം...
ചിലമ്പിന്റേയും അരമണിയുടേയും അടുത്തടുത്ത് വരുന്ന ഒച്ച...
കൺമിഴിയ്ക്കാൻ ശ്രമിച്ചപ്പോൾ മുഖത്തേയ്ക്ക് പടം വിടർത്തി ചീറ്റുന്ന സർപ്പം...

''അച്ഛാ...'', അലർച്ചയോടെ കുട്ടൻ ചാടിയെണീറ്റു.
ഒറ്റവീർപ്പിന് കുതിച്ചോടി വീട്ടിലെത്തിയപ്പോൾ ആളും ബഹളവും ഒഴിഞ്ഞിരിയ്ക്കുന്നു.
അച്ഛന്റെ ചില്ലുപെട്ടിയും കാണാനില്ല.

തെക്കേ തൊടിയിലേയ്ക്ക് നോക്കിയപ്പോൾ പൊട്ടിച്ചിതറി മിന്നിക്കത്തി വായുവിൽ ഇല്ലാതാകുന്ന തീപ്പൊരികൾ...
കുട്ടൻ കനൽക്കൂമ്പാരത്തിനടുത്തേയ്ക്ക് നടന്നു.
ചാരം മൂടി ഉള്ളിൽ നീറിനീറിക്കിടക്കുന്ന തീ.
തീക്കനലുകൾക്കുള്ളിൽ എന്തൊക്കെയോ പൊട്ടിത്തെറിയ്ക്കുന്ന ശബ്ദം, കത്തിയമരുന്ന ശബ്ദം.

അമ്മ വന്ന് തോളിൽ കൈവെച്ചപ്പോൾ കുട്ടൻ തിരിഞ്ഞുനോക്കി.
''എല്ലാരും നല്ല ഒറക്കായീ... നെനക്ക് വെശക്ക്ണില്യേ?''
കുട്ടന് സങ്കടം വന്നു.
''കൊറേരം മൂത്ത ആൺതരീനെ തെരഞ്ഞു നടന്നൂ എല്ലാരും. കൊള്ളി വെയ്ക്കാനും ഒരു യോഗോം ഭാഗ്യൊക്കെ വേണം കുട്ടാ.''
''അമ്മേ, അച്ഛൻ...'', കുട്ടൻ അച്ഛന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ, അച്ഛൻ മനസ്സിൽ തെളിയുന്നില്ല.
അച്ഛൻ കണ്ണുപൊത്തി കളിയ്ക്കുകയാണ്.
''അച്ഛനെ ഇനി കാണാൻ പറ്റില്യ കുട്ടാ. അച്ഛൻ, ദാ ഈ കനലുപോലെ കെടാതെ ണ്ടാവും, നമ്മടെ ഉളളില്.''
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

''അമ്മ എന്തിനാ വെഷമിയ്ക്കണേ? അച്ഛൻ തീയില് ഒളിച്ചിരിയ്ക്കാണ്. കാലത്ത് ചില്ലുപെട്ടീല്. ഇപ്പൊ കനലിന്റുള്ളില്, ഒളിച്ചു കളിക്ക്യാ’’, അവൻ കാണാതിരിയ്ക്കാൻ അമ്മ മുഖം തിരിച്ചു.

''അമ്മ കരയണ്ട. അമ്മയ്ക്ക് ഞാന്ണ്ട്. അച്ഛൻ വന്നാ മ്മക്ക് മിണ്ടണ്ട. മ്മക്കും ഒളിച്ചിരിയ്ക്കാം. അച്ഛൻ മ്മളെ തെരഞ്ഞ് നടന്നോട്ടെ. ന്റെ കുട്ടാന്ന് വിളിച്ച് തട്ടുമ്പൊറത്തും പറമ്പില്വൊക്കെ നടക്കട്ടെ’’, അമ്മ കുട്ടനെ ചേർത്തുപിടിച്ചു.
''അമ്മേ യ്ക്ക് വെശക്ക്ണൂ, ചോറ് വേണം.''

Comments