വൃശ്ചിക മാസത്തിലെ തണുത്ത പ്രഭാതത്തിൽ നിലാവിന്റെ നീലിമയിൽ കണിച്ചി പേറ്റു നോവറിഞ്ഞു. മുറിയോല ചൂട്ട് കത്തിച്ച് ചേക്കൻ ഇട വരമ്പിലൂടെ നങ്ങേട്ടിയുടെ ചെറ്റക്കുടിലിലേക്ക് പാഞ്ഞു. ചാണകം തളിച്ച നിലത്ത് പായ വിരിച്ച് കുളിര് തടുത്തു. ചിമ്മിണികൂടിൽ മണ്ണെണ്ണ പോർന്ന് മഞ്ഞവെളിച്ചത്തിൽ അയാൾ തന്റെ ചോരയെ കണ്ടു.പാതി വിരിഞ്ഞ കണ്ണുകളിൽ ഒരുകാലം കാത്തിരിക്കുന്നത് ചേക്കൻ നോക്കിയിരുന്നു.
"നിങ്ങളെ മോനേം നിങ്ങളെ പോലെ ആക്കറ്, ഓന പഠിപ്പിക്കണം എന്നാലേ ഇന്നാട്ടില് വെലയിണ്ടാവൂ", കണ്ണ് തുറന്ന കണിച്ചി വയറമർത്തി പിടിച്ച് നടുവ് താങ്ങി പറഞ്ഞു.
കോലത്തിന് മുന്നിൽ തൊഴുതു കുമ്പിടുന്ന തമ്പ്രാക്കാര് വഴി നടക്കണ കണ്ടാൽ ഞാങ്ങള് മാറി ദൂരെയൊളിക്കണം. ദൈവത്തെ തൊഴുത് മനുഷ്യരെ മാറ്റിനിർത്തുന്നു. മേലേരിയിൽ വീണ് പൊള്ളാത്ത മനസ്സ് ഉടയാടയും കടന്ന് കത്തും.
"ഞങ്ങളൊന്നും തോറ്റുപോയോരല്ലല്ലോ തോപ്പിക്ക്‌ന്നതല്ലേ..?
തോറ്റ ദൈവം മനുഷ്യർക്ക് കാവലാകുന്നു.
"മേല് കറുത്തതും ഓടി വിയർത്തതും ഞാങ്ങളെ കുറ്റോല്ലല്ലോ?"
കർക്കിടകം കരിമേഘങ്ങൾ നിറയ്ക്കുമ്പോൾ പത്തായത്തില് ഒരു പറ നെല്ല്ണ്ടാവൂല.ചക്കക്കുരു ചുട്ടെടുത്തു വയറ് നിറയ്ക്കുമ്പോ ഉള്ള് പിന്നെയും പിടയും കത്തിയെരിയുന്ന മേലെരിയുടെ ചൂട് പിന്നെയും വന്ന് തൊടും.
ചേക്കൻ അവന്റെ മകനെ മണിയനെന്ന് വിളിച്ചു. ഇടവപ്പാതിയിൽ ഇടമുറിയാതെ പെയ്ത പേമാരി കൂര തകർത്തെറിഞ്ഞു. കുത്തിയൊലിച്ച മലവെള്ളം കളം നിറഞ്ഞു. ചോർന്ന് ചോർന്ന് അകം കടലായി മാറി. കണ്ണ് തിരുമ്മിക്കരഞ്ഞ് കാട്ട് ചെക്കിപ്പൂ നിറം കണ്ണിലൊളിച്ചു. ചുഴി കടന്ന് തുലാപത്തിന്റെ സൂര്യശോഭയിൽ ചേക്കൻ വെള്ളോട്ട് ചിലങ്കയണിഞ്ഞു. കത്തിയെരിഞ്ഞ കരിന്തിരി മാറ്റി എണ്ണ പോർന്ന് ഇരുട്ടകറ്റി. വയറിലും മാറിലും അരിപൊടിച്ചു തേച്ച് ചായം പകർന്നു. കുരുത്തോലകൾ അടുക്കിയടുക്കി ഉടയാടയണിഞ്ഞു.
തോറ്റവന്റെ തോറ്റം തുടങ്ങി
"...തിരി തിരി തിരി തിരി തിരി തിരി പുലയാ
വഴി തിരി തിരി തിരി കള്ളപ്പുലയാ..."
തെക്കോട്ട് തിരിഞ്ഞ് തൊഴുതു വണങ്ങി മോപ്പാളയെടുത്തണിഞ്ഞു പൊട്ടൻ വാൽക്കണ്ണാടി നോക്കി.
"ഞാനാണ് ദൈവം’’, വെളിച്ചപ്പെട്ടു.

ചെമ്പകക്കൊമ്പും പുളിമരവും നിലത്തിറങ്ങിയ മഞ്ഞ് കണങ്ങൾ ദഹിപ്പിച്ചുകൊണ്ടിരുന്നു. മേലേരിയുടെ തിളക്കത്തിൽ പല്ല് കടിച്ചവർ നേരെ നിന്നു. ദൂരെ മാറി നിന്ന മണിയൻ ആശ്ചര്യപ്പെട്ടു.
തൊഴുതു വണങ്ങുന്നു, കുമ്പിടുന്നു,
അച്ഛനെയോ ദൈവത്തെയോ?
കോലക്കാരൻ ദൈവമാകുന്നുവെങ്കിൽ കോലമഴിയുമ്പോൾ അയിത്തം മുളപൊട്ടുന്നതെങ്ങനെ?
കണ്ണടക്കാതെ നോക്കി നിന്നവൻ കണ്ണ് നിറയെ തന്റെ സൃഷ്ടാവിനെ കണ്ടു ദൈവത്തെ കണ്ടു.
പത്ത് വയസ്സെത്തിയപ്പോൾ മണിയൻ അരങ്ങേറ്റ് കോലം കെട്ടി. തുടിയുടെ താളത്തിൽ തലപ്പാവും തിരുമുടിയും അണിഞ്ഞവൻ പൂപ്പാട്ടിലാടി. അരങ്ങേറ്റ് കഴിഞ്ഞവൻ അരപ്പുലയനായി. നിദ്രയിൽ ഒന്നൂറേ നാല്പത് ദൈവങ്ങളും തീണ്ടലകറ്റി മണിയന് കാവലിരുന്നു. ചിലമ്പൊലിയിലും ചെണ്ടത്താളത്തിലും അവന്റെ കൗമാരം ഉറഞ്ഞു.
മഷിത്തണ്ടെടുത്ത് മായിച്ച് മണിയൻ പതിയെ പറഞ്ഞു, "പച്ച തവളേ വെള്ളം പോ".
തെളിഞ്ഞ കറുപ്പിൽ അച്ഛനെന്നും അമ്മയെന്നും എഴുതി ചേക്കന് നേരെ നീട്ടി. കണ്ണ് നീരണപൊട്ടിയൊഴുകി, ചേക്കൻ മണിയനെ ചേർത്ത് പിടിച്ച് ഇങ്ങനെ പറഞ്ഞു, "കുലമേതെന്ന് ചോദിക്കാതെ ന്റെ കുഞ്ഞ് മുൻനിരയിൽ തന്നെയിരിക്കുന്ന കാലം ദൂരെയൊന്നല്ല’’.
ദൈവങ്ങൾ മന്ത്രിച്ചു…
"ഗുണം വരുത്തും പൈതങ്ങളെ ആയുസ്സും ആരോഗ്യവും നീട്ടി നൽകും".
തെക്കുംകര കണ്ടത്തിൽ നിന്ന് ചൂത് പിഴുത് കണിച്ചി മാച്ചിയുണ്ടാക്കി. ദൈവങ്ങൾ ഇരിക്കുന്നിടം അവൾ അടിച്ച് വാരി. അന്ന് രാത്രി മണിയൻ ഒരാഗ്രഹം പറഞ്ഞു; "വാവിന് അവത്ത് കൊടുക്കുമ്പോ ചോറുണ്ണാൻ ഇലയിടുമ്പോൾ നിരക്കനേ കൂട്ടാൻ ഒന്നൂല്ലേങ്കിലും രുചിയ്ക്ക് എന്തെങ്കിലും പാങ്ങില്ലത് വേണം’’.
ചേക്കൻ സമ്മതിച്ചു.
കോഴിക്കറിയും ഇലത്തോരനും വെച്ചുണ്ടാക്കാമെന്ന് കണക്ക് കൂട്ടി.
നിലവസ്തമിച്ച രാത്രിയിൽ ചേക്കൻ ചൂട്ടേന്തി പടിഞ്ഞാറേ കുന്നിറങ്ങി.തോണിയിറക്കി പാടിപ്പുഴയും കടന്ന് കടവിൽ ഇറങ്ങി. ഒറ്റമുണ്ട് മുറുക്കി കാട് കയറി. ഇല്ലിക്കമ്പുകളും ഒറ്റയാൾ വലുപ്പത്തിലുള്ള ചെടികളും വകഞ്ഞു വകഞ്ഞു നിഗൂഢമായ ഒരന്തരീക്ഷത്തിൽ ചേക്കൻ തനിച്ചായി. പിന്നാലെയോടി പിടിച്ച കാട്ടുകോഴിയുമായി ഉറവയുടെ ഒരറ്റത്ത് കുറുക്കോട്ടിയില വിരിച്ചു. അരയിൽ നിന്ന് കത്തിയെടുത്തരിഞ്ഞ കോഴി പൊതിഞ്ഞു. വവ്വാൽ ചിറകടിയും പീരാംകുടുക്കയും ശബ്ദമുണ്ടാക്കി.
പെട്ടെന്ന് ദുഃസ്വപ്നത്തിലെന്ന പോലെ ഒരു വെടിയൊച്ച കേട്ട് ചേക്കൻ ഞെട്ടിത്തരിച്ചു.
"ന്റെ ദൈവങ്ങളേ…’’, ചേക്കൻ വാവിട്ട് അലറി.
തീപന്തങ്ങളേറിയ മൂവർ സംഘം അവനെ വളഞ്ഞു.
"നെന്റെ തെയ്യം കളി ഇന്നോടെ തീർന്ന് പൊലയാ", അതിലൊരാള് അലറി.
"കണ്ട നായ്ക്കളും നക്കികളും പൊലമ്പ്ന്ന കേട്ടിറ്റ് നീയെന്ത്ന്നാന്ന് ഓറ പറഞ്ഞിന്?"
"എത്ര ചോര വറ്റിയാലും അടിയാളർക്ക് ഇന്നാട്ടില് ഒരു കൂലി പറഞ്ഞിറ്റിണ്ട് അത്രേ കിട്ടൂല്ലൂ... "
"നിങ്ങക്ക് വറ്റും വെള്ളം മോന്താൻ ഇല്ലത് മാത്രം. നേർക്ക് നിന്ന് തറുതല പറയാൻ നീയ് ആയിറ്റില്ല ചേക്കാ".
ഗോപാലൻ നായരുടെ നിലത്ത് കൃഷിയിറക്കി നെന്മണി കൊണ്ട് ഇല്ലം നിറച്ച വേലായുധനും കുഞ്ഞിക്കേളുവിനും പകരം കിട്ടിയത് ആട്ടും തുപ്പും ആരവയറ് നിറയ്ക്കാനുള്ള കൂലിയും.

കോലം കഴിഞ്ഞ് മടങ്ങും വഴി ചേക്കൻ കുഞ്ഞിക്കേളുവിനോട് കാര്യം തിരക്കി.
"ചിരിക്കാൻ പറഞ്ഞതോന്നും കേട്ട് ചിരിക്കാണ്ട് നീയെന്ത്‌ന്ന്റ മുഖം വീർപ്പിക്ക്‌ന്ന്..?"
"വർഷം പതിമൂന്നായി ഞാൻ ഓർക്ക് വേണ്ടി ചോര നീരാക്കി പണിയെട്ക്ക്ന്ന്. എന്നിറ്റും ന്റെ ചെറ്റ ഇപ്പളും പഴേ പോലെ തന്നെയാന്ന്. ഞാനും ഓളും മാത്രല്ലല്ല പട്ടിണിക്ക് ഇപ്പൊ ന്റെ മോനൂല്ലേ ചേക്കാ.. "
"എല്ലുന്തി ഓന കാണാൻ കയ്യ്ന്നില്ലടാ", കേളു പിടഞ്ഞു.
പിറ്റേന്ന് രാവിലെ വേലായുധനും കുഞ്ഞിക്കേളുവിനുമൊപ്പം ചേക്കനും കൂടെ നടന്നു. ഗോപാലൻ നായരുടെ പടിപ്പുരയ്ക്ക് ഇരുവശവും സ്ഥാനമുറപ്പിച്ചു. അമ്പലത്തിൽ നിന്ന് തൊഴുത് മടങ്ങും വഴി നായരുടെ വഴി തടഞ്ഞു. വാല്യക്കാരുമായി വാക്കേറ്റമുണ്ടായി.
"എല്ലുമുറിഞ്ഞെടുക്കുന്ന പണിക്കാന്ന് നായരേ നിങ്ങള് മെനയൊള്ള കൂലി കൊടുക്കാത്തത്’’, ചേക്കൻ ഒച്ചയിട്ടു.
അത് കേട്ട് നായരൊന്ന് പതറി. നേർക്ക് നിന്ന് എതിര് പറയാൻ അന്നാട്ടിൽ ഒരാളും ഇന്നേവരെ തുനിഞ്ഞിറ്റില്ല. മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണിക്കാതെ അയാൾ മറുപടി പറഞ്ഞു.

അടുത്ത വിളവെടുപ്പിന് ആൾക്ക് ഇരട്ടി കൂലിയും നെല്ലും നൽകാമെന്ന് വാക്കാൽ കരാറായി. ഭൂതകാലത്തെ ഓർത്തെടുത്ത് നെടുവീർപ്പിടും നേരം ചേക്കന്റെ നെഞ്ചിലൊരു കത്തി തറഞ്ഞുകയറി. ചോര വാർന്ന് നിലം ചുവന്നു. ദൈവങ്ങൾ നോക്കി നിൽക്കെ അയാൾ പിടഞ്ഞു. മരണം മണത്തു.
പുലരാൻ നേരമായിട്ടും ചേക്കനെ കാണാത്തത്തിൽ കണിച്ചിയുടെ നെഞ്ചിലൊരു കനം കൂടി. അയാളുടെ ഉയിരിലെ അവസാന നാളെന്ന് അറിയാതെ മരണത്തിലേക്ക് നടന്ന രാത്രി പുലർന്നു. നാട്ടിലെങ്ങും മരണമറിഞ്ഞു. കണിച്ചിയും മണിയനും നെലോളിച്ച് തളർന്നു. സൂര്യൻ പടിഞ്ഞാറേ കുന്നിറങ്ങിയ സന്ധ്യയിൽ മണിയൻ ചിത കൊളുത്തി തീവെട്ടത്തിൽ നിന്നൊരു ഒച്ച കാതിൽ ഒളിച്ചു.
"കുളിരണ് കുളിരണ്, കുളിര് മാറണില്ലല്ലോ…"
