എത്ര ദൂരം നടന്നു എന്നറിയില്ല.
ഒരു ലക്ഷ്യവും ഇല്ലാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
നിതാന്ത ശൂന്യത..
ഊണും ഉറക്കവും ഇല്ലാതെയായിട്ട് നാളേറെയായി. ഇരിക്കാനോ നിൽക്കാനോ ഉറങ്ങാനോ പറ്റുന്നില്ല. ജീവിതത്തിന്റെ ആധാരം ഊർന്നുപോയതുപോലെ. മൂലാധാരശ്രദ്ധയിൽ ഇന്ന് പിഴവുകൾ മാത്രം. ശ്രദ്ധാപൂർവ്വമുള്ള, സർവം മറന്നുള്ള, ശ്വാസ നിശ്വാസമായിരുന്നു കുണ്ഡലിനിയെ ഉണർത്തിയിരുന്നത്…
ഇപ്പോൾ ശ്വാസം ക്രമം തെറ്റുന്നു...
അറിയാതെ പുറപ്പെടുന്ന നിശ്വാസം.
ഇപ്പോഴും ഈ ലോകത്ത് രാവും പകലും മാറിമാറി സംഭവിക്കുന്നുണ്ട്. അവ കൂട്ടിമുട്ടുന്ന വേളകളിൽ ഇളം വെയിലും നിലാവും ഇണ ചേരുന്നുണ്ട്, രണ്ട് സർപ്പങ്ങൾ മുഖത്തോടു മുഖം നോക്കി കെട്ടിവരിഞ്ഞ് രതിപ്പെടുന്നപോലെ …
എന്നിലെ സ്വാധിഷ്ഠാനത്തിൽ സർഗാത്മകമായി പലതും സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം ഒരു മൊട്ടിൽ നിന്നും പൂ വിരിയുന്നതുപോലെയായിരുന്നു. ഒരു വിത്തിൽ നിന്ന് മരം വളരുന്ന പോലെയായിരുന്നു.
മനോഹരങ്ങളായ ആ കൂമ്പിയ കണ്ണുകൾ തുറന്നെന്നെ നോക്കുമ്പോൾ... ദൈവമേ.. ദൃഢമുദ്രിതമായ ചുണ്ടുകളോടെ, അവൾ എന്നെ നോട്ടത്താൽ കൊളുത്തിവലിക്കുമ്പോൾ.. ആഹ്ലാദത്തിന്റെ പരകോടിയിൽ ഞാൻ സ്വയം വിസ്മൃതനായി പോകും.
പ്രകൃതിയിൽ എല്ലാത്തിനും കൂട്ടുണ്ട്. ഒരു പകുതിക്ക് മറുപകുതിയുണ്ട്.. കൂട്ടു നഷ്ടപ്പെട്ട ഇണക്കിളിയുടെ ദുരിതം പ്രപഞ്ചഹൃദയമറിഞ്ഞ് കണ്ണീർ വാർത്തിട്ടുണ്ട്. ആകെക്കൂടിയുള്ളത് ഒരു ജന്മമെങ്കിൽ, ആ ജന്മത്തിലേക്ക് ഒരു ഇണ വേണം, ഒരിക്കലും പിരിയേണ്ടി വരാത്ത ഒരു ഇണ! പരസ്പരപൂരകം.
സ്വത്തുണ്ട്, സമ്പത്തുണ്ട്, അധികാരമുണ്ട്, പ്രശസ്തിയുണ്ട്. ലോകത്തില്ലാത്തതായി തനിക്ക് ഒന്നുമില്ല. എന്തുവേണമെങ്കിലും ഒന്ന് ആജ്ഞാപിച്ചാൽ മുന്നിലെത്തും..
എന്നിട്ടോ ശൂന്യത മാത്രം മുന്നിൽ…
എന്തെല്ലാം വെട്ടിപ്പിടിച്ചു, അതൊക്കെ അവസാനം എന്തായി തീർന്നു?സ്വത്വത്തിന്റെ പകുതി നഷ്ടപ്പെട്ട തനിക്ക് മറ്റെന്തുണ്ടായിട്ട് എന്തുകാര്യം?
വഴി കൃത്യമായതോ, തെറ്റി മാറി നടന്നതോ എന്ന് അറിയില്ല, ഇപ്പോൾ നദിയുടെ തീരത്താണ് ഞാൻ. ഗാംഭീര്യത്തോടെ ഒഴുകുന്ന നദി.. നിറവ്.
ജലാപാരത.
വരണ്ട ഹൃദയങ്ങൾക്കും ഭൂമിക്കും മേലെ ആന്തൽ പിടിച്ച് ഒഴുകുന്ന നദി. ചോരപ്പുഴകളെ കഴുകിക്കളഞ്ഞൊഴുകുന്നു.
കാലവും ഇങ്ങനെത്തന്നെയാണല്ലോ ഒഴുകുന്നത്. അതിലെ ഒരു പൊങ്ങുതടിയായി ഒഴുകുന്ന ജീവിതം മാത്രമല്ലേ മനുഷ്യർക്കുമുള്ളൂ?
ഭൂമിയുടെ ഹൃദയത്തിനുള്ളിൽനിന്ന് ജീവന്റെ തുടിപ്പായി പൊട്ടിപ്പുറപ്പെടുന്ന നദി. ഭൂമിയുടെ കരുത്തായ കടലിൽ ചെന്ന് ചേരുന്ന നദി.
ഭൂമി തനിക്ക് ആരാണ്? അറിയാതെ വിളിച്ചുപോകുന്നു. അമ്മേ... എന്നോട് ക്ഷമിക്കണേ. ഞാനൊരു പാപിയാണ്. എന്നോടുതന്നെ ക്ഷമിക്കാൻ പറ്റാത്തത്ര വലിയ പാപി..
എങ്കിലും അവസാന അഭയം, അമ്മേ നിങ്ങൾ മാത്രമാണ്… എന്റെ തെറ്റുകൾ പൊറുക്കണേ.
കരയിൽ നിന്ന് നദിയെ നോക്കുന്നതും, ജലത്തിലിറങ്ങി നദിയെ അനുഭവിക്കുന്നതും, വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. മുഴുവനായും വ്യത്യസ്തം.
കരയിൽനിന്ന് നോക്കുമ്പോൾ നദീജലശ്ചായയിൽ ഞാനുണ്ട്.
വെള്ളത്തിനടിയിൽ മുങ്ങിപ്പൊങ്ങുന്ന എന്റെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് ശക്തിയില്ല. ദൈവമേ, എനിക്ക് എന്നെ മാത്രമേ അറിയാൻ പറ്റുന്നുള്ളല്ലോ, മറ്റാരും തന്നെ ഈ ലോകത്ത് അത് അറിയാനില്ലല്ലോ, എന്റെ നിഴൽ പോലും.
ഇടതുകാൽവിരലുകളിലൊന്നുമാത്രം പതിയെ ഒന്ന് നദിയിൽ തൊട്ടു … ചുട്ടുപൊള്ളി നിന്ന ശരീരത്തിലേക്ക് മിന്നൽപ്പിണർ പോലെ തണുപ്പ് പിളർന്നു കയറിപ്പോയി ആകാശത്തെ തൊട്ടു.
ഒന്നു വിറച്ചു. ഭൂമിയും മരവിച്ചുവിറച്ചു. മനസ് ഉറഞ്ഞു.
ഒന്നുമറിഞ്ഞുകൊണ്ട് ചെയ്തതല്ലല്ലോ. മറ്റാരോ എഴുതിവെച്ച നാടകം കളിക്കാൻ വിധിക്കപ്പെട്ട ഒരു കഥാപാത്രത്തെ പോലെയായിരുന്നല്ലോ താൻ.
ആ കഥാപാത്രത്തിന്റെ ശക്തി കൊണ്ട് ജീവൻ വെച്ച് ഞാൻ മനുഷ്യനാവുകയും അതിലപ്പുറം വളരുകയും ചെയ്തു എന്ന് മറ്റുള്ളവർ പറയുന്നു. എന്റെ വിധി.
ഇപ്പോൾ എന്റെ പാദം മുഴുവൻ നദിയിൽ മുങ്ങിയിരിക്കുന്നു.
തണുപ്പ് കുറച്ചുകൂടി കുറഞ്ഞതുപോലെ.
കാട്ടിൽ കൂടിയും നാട്ടിൽ കൂടിയും ഒരുപാട് നടന്നുനടന്ന് തേഞ്ഞ പാദങ്ങളാണ്. പാദം കഴയ്ക്കുമ്പോൾ എന്റെ കാൽവിരലുകൾ പതിയെ തടവി തന്ന മനോഹരങ്ങളായ കൈവിരലുകളെ, എന്റെ സ്നേഹത്തെ ഞാൻ ഓർത്തു പോകുന്നു.
ഹാ! ഞാൻ പകരം കൊടുത്തത് എന്താണ്? നെഞ്ച് പിളരുന്ന വേദന.. താൻ എയ്ത അമ്പിന്റെ തുമ്പിൽ ചോരയോലിപ്പിച്ചു പിടഞ്ഞുപിടഞ്ഞവൾ തേങ്ങി, ഏങ്ങി, "ഏതു ലോകസംഹിതകൾ ആണ്, എന്റെ ആത്മാവായി പരിണമിച്ചുപോയ മനുഷ്യാ... നിങ്ങളെക്കൊണ്ട് ഈ ക്രൂരതകൾ ചെയ്യിക്കുന്നത്?"
ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിന്റെ ജീവൻ വേടന്റെ അമ്പേറ്റ് പിടഞ്ഞു.
ഇന്ന് വാദിയും പ്രതിയും ഒന്നാകുന്നതുപോലെ. ഇണക്കിളികളിൽ ഒന്നും, വേടനും, സ്വയം ഒന്നായി തീർന്നല്ലോ! ലോകം എത്ര വിചിത്രം.
മുന്നോട്ടുള്ള നടത്തം നിർത്താനാകുന്നില്ല. എന്തോ തേടിയുള്ള ഒരു യാത്രയാണ്. എന്താണ് അന്വേഷിക്കുന്നത് എന്നുപോലും അറിയില്ല. ഇപ്പോൾ ജലം അരയൊപ്പമായി. ശരീരത്തിന്റെ പകുതി ജലത്തിനടിയിൽ.
എല്ലാത്തിനും ഒരു സമനില അനുഭവപ്പെടുന്നു. മണിപൂരം!
ജീവിതത്തിനും മരണത്തിനും നടുവിൽ. സ്നേഹത്തിനും നിരാസത്തിനും ഇടയിൽ. കർമത്തിനും മോക്ഷത്തിനും ഇടയിൽ.
കയ്യിൽ ഒന്നുമില്ലാതെ മനസ്സിൽ ഒന്നുമില്ലാതെ ജീവശ്ചവം പോലെ ഇതാ… ഇവൻ നിൽക്കുന്നു.
എന്നിട്ടും എന്നെ വിഹ്വലമാക്കുന്ന ഒരു ഭൂമികയിൽ ഞാൻ എത്തപ്പെടുന്നു.
"ഞാനോ തെറ്റുകാരി?" എന്ന് വിരൽചൂണ്ടി ചോദിക്കുന്ന ഉറച്ച പെൺസ്വരം എന്റെ കാതിൽ വന്നു വീഴുന്നു.
ഏതു രാജ്യത്തിന്റെ നന്മക്കുവേണ്ടിയാണ് ആ സ്വരം ഞാൻ കേട്ടിട്ടും കേൾക്കാതെ പോയത്?
ഏത് സർവജ്ഞപീഠം കയറാനാണ് നിരപരാധികളായ പലരെയും കൊന്നുകളയെണ്ടി വന്നത്?
ഏതു ന്യായം ഭൂമിയിൽ പുനഃസ്ഥാപിക്കാനാണ് സ്ത്രീ ശരീരത്തെ വികൃതമാക്കേണ്ടിവന്നത്?
ഏത് തത്വസംഹിത ബലപ്പെടുത്താനാണ് വിജ്ഞാനം ആഗ്രഹിച്ച സാധുവിന്റെ ജീവനെടുത്തത്?
ആരാണ് എന്നെക്കൊണ്ട് ഈ നാടകമൊക്കെ കളിപ്പിച്ചത്?
എന്നെ ഇത്രയേറെ സമ്മർദ്ദത്തിലാക്കുവാൻ ഞാൻ എന്തു തെറ്റ് ചെയ്തു?
ഇപ്പോൾ ഹൃദയം മുട്ടിത്തട്ടിവിളിച്ച് നിൽക്കുന്ന നദീജലം, അനാഹതം, സ്നേഹം, പ്രേമം, വികാരം, പ്രണയോജ്വലം.
ഹൃദയം വെള്ളത്തിൽ കുതിരുമ്പോൾ പ്രണയാർദ്ര മാകുന്ന ലോകം. മനസ്സിൽ പ്രേമം മാത്രമേയുള്ളൂ… ജീവിതത്തിൽ അലിഞ്ഞുചേർന്ന ഒരേയൊരു പെണ്ണിനോട് തോന്നിയ കലശലായ പ്രേമം. മരിച്ചഴുകി തീർന്നാലും തീരാത്ത അത്ര പ്രേമം.
അതാണ് ഞാൻ പറഞ്ഞത്. എത്ര പാപിയാണ് ഞാൻ. ഈ നദിയോളം, നദിചേരുന്ന കടലോളം സ്നേഹം മനസ്സിൽ കരുതിയിട്ടും, എന്റെ പെണ്ണിനാൽ മാത്രമല്ല, പ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങളുടെയും കണ്ണിലെ ദുഷ്ടനായി തീരാൻ എന്നെക്കൊണ്ട് ഈ തെറ്റുകൾ ചെയ്യിച്ചത് ആരാണ്? ഞാൻ ആഗ്രഹിച്ച ജീവിതം ഇതൊന്നുമായിരുന്നില്ലല്ലോ!
നദി കഴുത്തിനോടൊപ്പമായി.
വിശുദ്ധി എന്താണെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. ഞാൻ നിൽക്കുന്നത് മരണവാതിലിനു മുന്നിലാണ്… അത് കടന്നുവേണം അപരലോകത്തേക്ക് എത്താൻ. വാതിലിൽ മുട്ടിവിളിക്കാൻ ഒരു ഭയമുണ്ട്. മുട്ടിയാൽ ഉടൻ അത് തുറക്കപ്പെടും. പിന്നെ ഒരു തിരിച്ചുവരവില്ല. ഞാൻ തലയുയർത്തി ആകാശത്തേക്ക് ഒന്ന് നോക്കി. അണ്ഡകടാഹങ്ങൾ നിയതിയുടെ തീരുമാനം പോലെ. എല്ലാം അവസാനിക്കുകയാണ്. ഒരേയൊരു ആഗ്രഹം അവളെ ഒന്നുകൂടി കാണണം എന്നതാണ്. കാലിൽ വീണു മാപ്പിരക്കണം. നടക്കാത്ത സ്വപ്നം.
എന്തുകൊണ്ട് ഞാൻ ഒരു സാധാരണ മനുഷ്യനായി ജനിച്ചില്ല? എങ്കിൽ എന്റെ ഇരട്ട കുഞ്ഞുങ്ങളോടൊപ്പം, എന്റെ പെണ്ണിനോടൊപ്പം ഞാൻ സുഖമായി സന്തോഷമായി ജീവിക്കുമായിരുന്നല്ലോ. അവളെ കുറ്റം പറഞ്ഞു വരുന്നവരെ അടിച്ചോടിക്കുമായിരുന്നല്ലോ.
ആണിനില്ലാത്ത എന്ത് ഭാരമാണ് പെണ്ണ് ചുമക്കേണ്ടത്?
ഇപ്പോൾ എനിക്ക് കണ്ണ് കാണാൻ നിവൃത്തിയില്ല. വെള്ളം കണ്ണു മൂടിയിരിക്കുന്നു. സർവ ആജ്ഞകളും കൊടുത്തിരുന്ന, എന്നെ സർവ്വ വീര്യത്തോടെ നിലനിർത്തിയിരുന്ന എന്റെ പുരികത്തിനുനടുവിലെ നെറ്റിയിൽ, ജലം ഊക്കോടെ വന്ന് തള്ളുന്നു. ഒരു സർപ്പം എന്റെ ശരീരം ചുറ്റി നെറ്റിയിൽ ആഞ്ഞുകൊത്തുന്നതുപോലെ.
നേടാൻ വന്നതല്ല കീഴടക്കാൻ വന്നതല്ല, തരാൻ, കീഴടങ്ങാൻ വന്നതാണെന്ന് ഞാൻ എന്നോട് മല്ലിടാൻ വന്ന നദിയോടു പറഞ്ഞു. നദി പെട്ടെന്ന് അതിശാന്തമായി. പക്ഷെ അതിശക്തമായി വെള്ളം തലയ്ക്കു മുകളിലേക്ക് പാഞ്ഞെത്തിക്കഴിഞ്ഞു. നദിയെ അനുഭവിക്കുകയല്ല നദിയായി മാറുകയാണ് ഞാൻ.
കടലെത്തി. ആജ്ഞയിൽ നിന്ന് സഹസ്രാരത്തിലേക്ക് ആഞ്ഞടിച്ച ഒരു തിരയിൽ സകലതിനും നിലതെറ്റി. ആയിരമായിരം താമരകൾ എന്റെ ബുദ്ധിയിലൂടെ, ഓർമ്മയിലൂടെ, കർമങ്ങളിലൂടെ ഒഴുകിയണയുകയും തിരികെയൊഴുകിപ്പോവുകയും ചെയ്യുന്നു. നദിയിൽ തെളിച്ചുവിടുന്ന പതിനായിരം ചിരാതുകളിലെ ദീപം പോലെ ഓർമകൾ മങ്ങിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്നു.
കാണാൻ… കേൾക്കാൻ… ഒന്നും സാധ്യമല്ല. അതിതീവ്രമായതെന്തോ അൽപനേരം അനുഭവിക്കാൻ മാത്രം സാധ്യമാകുന്നു…
പ്രപഞ്ചത്തിന്റെ താളം എന്റെ ഹൃദയ താളമായി മാറുന്നു …
അപ്പോളതാ എന്നെ അമ്പരപ്പിച്ച് ഭൂമിക്കടിയിൽ നിന്ന് മൃദുലമായ വിരലുകളുള്ള ഒരു കൈ നീണ്ടു വരുന്നു.. താമരവള്ളിപോലെ മൃദുവായ ആ കൈകൾ, ലോകത്തിനുമുന്നിൽ, പ്രണയത്തിനു മുന്നിൽ, മുഴുവനായും തോറ്റുപോയ എന്നെ തൊട്ടുതൊട്ടുനിന്നു. എന്റെ ഏറ്റവും അവസാന നിമിഷത്തിൽ എന്നോട് ആ വിരലുകളുടെ ഉടമ പറഞ്ഞു, 'ഭൂമിയിൽ ജീവിക്കാൻ ശരീരം വേണം. ഇനി നമുക്ക് ശരീരമില്ലാതെ ജീവിക്കാം.'
പുത്രകാമേഷ്ടി യാഗത്തിലൂടെ ജനിച്ചാലും, ലോകം വെല്ലുന്ന ചക്രവർത്തിയായാലും, ഒരാളുടെ അവസാനനിമിഷത്തിൽ സ്നേഹത്തിനുമാത്രമേ കൊതിക്കൂ.
ഞാൻ അവളുടെ കൈകളിലേക്ക് നോക്കി. അതൊരു താമരത്തണ്ടാണ്. മുഖം വെയിൽ തട്ടിത്തിളങ്ങുന്ന ജലമാണ്.
അപ്പോൾ എനിക്ക് എന്റെ ശരീരത്തിലേക്ക് നോക്കാതിരിക്കാനായില്ല. അവിടെ പ്രപഞ്ചം ജീവന്റെ ജലമായി അവതാരം എടുത്തിരിക്കുന്നു. സഹസ്രാരവും കടന്ന് മുകളിലേക്കൊരു കുതിപ്പിന് ഞാൻ തയാറെടുത്തു. കുണ്ഡലിനീ സർപ്പം നട്ടെല്ലിന്റെ അടിയിലെ കുടത്തിൽ നിന്ന് പുറത്തേക്കിഴഞ്ഞെത്തി ശരീരത്തെ മുറുകെമുറുകെ ചുറ്റിവരിഞ്ഞ് തലയ്ക്കുമുകളിൽ പത്തിവിടർത്തി നിന്നാടി.
പ്രളയം കഴിഞ്ഞു.
ഞാനും അവളും മീനായി. വെള്ളത്തിൽ കളിച്ചു.
എന്നിട്ടും കഴിഞ്ഞ യുഗത്തിലെ, ജന്മത്തിലെ, അപാരസുന്ദരനിശ്ശബ്ദലഹരിയായി ഒരു വേദന എന്നെ കാർന്നുതിന്നുകൊണ്ടിരുന്നു. ആ വേദന പിളർന്നാണ് പ്രണയികൾ ജീവിക്കുന്നതെന്ന് ഓർമിപ്പിച്ചുകൊണ്ട് സരയൂനദി ഒഴുകിക്കൊണ്ടേയിരുന്നു.
തലയ്ക്കുമുകളിൽ പാഞ്ഞൊഴുകുന്ന സരയൂ നദി സൗരയൂഥത്തിൽ നിറഞ്ഞുകവിഞ്ഞൊഴുകി. നദീതീരത്ത് കുട്ടികളും സ്ത്രീപുരുഷന്മാരുമുണ്ട്. വീടുകളും ക്ഷേത്രങ്ങളും കാണാം.
കുറ്റബോധം കൊണ്ട് നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകൾ പോലെ സരയു കര കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. എത്രയെത്ര ദുഃഖങ്ങളെ കഴുകിക്കളയണം. കാഞ്ചനസീതമാരുടെ കഥകൾ കേൾക്കണം.
ദേവീ… എന്റെ അടി തൊട്ട് മുടി വരെയും, ഹൃദയം തൊട്ട് ബുദ്ധി വരെയും, കുണ്ഡലിനി പോലെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ജീവിതം നീ മാത്രമായിരുന്നു, എന്നെന്നും, സത്യം…