വിവാഹം കഴിഞ്ഞ കാലത്ത് അവർ ഒരുപാട് സംസാരിച്ചിരുന്നു.
ഒന്നിച്ചുള്ള സമയം മുഴുവൻ രണ്ടുപേരും വാതോരാതെ വർത്തമാനം പറയും. ഒന്നിച്ചല്ലാത്ത സമയത്ത് സംഭവിച്ചതും ചിന്തിച്ചതുമെല്ലാം പരസ്പരം പങ്കുവെക്കാനായി ഓർത്തുവെയ്ക്കും.
‘‘ഇത്രയേറെ പറയാൻ എന്താണുള്ളത്?'' വീട്ടുകാരും കൂട്ടുകാരും ചോദിച്ചു.
കുട്ടികളെ വളർത്തുന്ന കാലത്ത് അവരുടെ സംസാരം കുട്ടികളെക്കൂടി ഉൾപ്പെടുത്തി വികസിച്ചു. കുട്ടികളുടെ സൗകര്യാർത്ഥം അയാൾ അവളെ ‘അമ്മേ' എന്നും അവൾ അയാളെ ‘അച്ഛാ' എന്നും വിളിച്ചു.
അവരുടെ എല്ലാ അന്യോന്യങ്ങളും കുട്ടികളിലൂടെ പൂർത്തിയായി.
‘അമ്മ പാലുകൊടുക്ക്, അച്ഛൻ കുളിപ്പിക്കാം.'
‘അമ്മ സ്‌കൂളിൽ കൊണ്ടുപോകാം, അച്ഛൻ കൊണ്ടുവരണം.'
‘അച്ഛൻ കണക്ക് പഠിപ്പിക്കാം. അമ്മ സയൻസ് പഠിപ്പിക്കും.'
കുട്ടികൾ വലുതായി വീടുവിട്ട് പോയപ്പോൾ തങ്ങൾക്കിടയിൽ മൗനം പരന്നിരിക്കുന്നതായി അവർ അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു.
കുട്ടികൾ ഇല്ലാത്ത വാചകങ്ങൾ താങ്ങുനഷ്ടപ്പെട്ട വള്ളികളെപ്പോലെ എളുപ്പത്തിൽ പൊട്ടിവീണു. ഒടുക്കം പരിഹാരം കണ്ടുപിടിച്ചത് അയാളാണ്. ഫോണിൽ വന്ന തമാശകൾ പങ്കുവെച്ച് അവർ ഉറക്കച്ചിരിക്കാൻ തുടങ്ങി: ദാമ്പത്യഫലിതങ്ങൾ, കിടപ്പറഫലിതങ്ങൾ, സിനിമാഫലിതങ്ങൾ.
എന്നാൽ, പെട്ടെന്ന് ആവിയായിപ്പോകുന്ന സുഗന്ധതൈലമാണ് ചിരിയെന്ന് അവർ വൈകാതെ മനസ്സിലാക്കി. കുറെക്കൂടി ഈടുള്ള വിഷയങ്ങൾക്കായി കാത്തിരിക്കുന്ന കാലത്താണ് അവൾക്ക് ആരോ അയച്ച ഒരു സംഭവകഥ കിട്ടിയത്. വീടുമാറുമ്പോൾ ഉപേക്ഷിച്ചുപോയ മനുഷ്യരെ തേടി ആയിരക്കണക്കിന് മൈൽ സഞ്ചരിച്ച നായയുടെ കഥ വായിച്ച് അയാൾ അവളുടെ മുമ്പിലിരുന്ന് വിതുമ്പിക്കരഞ്ഞു. അയാളെ കെട്ടിപ്പിടിച്ച് അവളും കരഞ്ഞു. വൈകാതെ കണ്ണീർക്കഥകളുടെ കൈമാറ്റക്കാരായിമാറി അവർ. മകളെ ‘മാഡം' എന്ന് വിളിക്കുന്ന ഓർമ നഷ്ടപ്പെട്ട അമ്മയുടെ കഥ, അധ്യാപകന് കൊടുത്ത വാക്ക് നിറവേറ്റാനായി എഴുപതാമത്തെ വയസ്സിൽ ബിരുദം നേടിയ വിദ്യാർത്ഥിനിയുടെ കഥ, അവസാനശ്വാസത്തിലും കൊട്ടുവടിയുടെ താളത്തിൽ കൈ ചലിപ്പിച്ച മരപ്പണിക്കാരന്റെ കഥ: ഇന്റർനെറ്റിന്റെ വിദൂരകോണുകളിൽനിന്ന് കണ്ടെടുത്ത തിളങ്ങുന്ന കറുത്ത കഥകൾ പങ്കുവെച്ച് അവർ തേങ്ങിക്കരഞ്ഞു.
നാല്പത്തെട്ടാമത്തെ പിറന്നാളിന് രണ്ടാഴ്ച മുമ്പാണ് അയാൾക്ക് പാൻക്രിയാസിൽ കാൻസർ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും തിരിച്ചും അവസാനമില്ലാതെ സഞ്ചരിക്കുന്നതിനിടയിൽ അയാൾക്ക് ആവശ്യങ്ങളും ആവലാതികളുമല്ലാതെ ഒന്നും പറയാനില്ലാതായി. അവൾ പറയുന്നത് കേൾക്കുന്നുണ്ടോ എന്ന് മനസ്സിലാകാത്തവിധം ആ കണ്ണുകൾ ശൂന്യമായി.
അയാളുടെ എട്ടാമത്തെ കീമോ തെറാപ്പിയുടെ ദിവസം അവൾ ആശുപത്രിയിലെ കോഫി ഷോപ്പിൽ ഇരിക്കുകയായിരുന്നു. കറക്കാത്ത പശുവിന്റെ അകിടുകൾപോലെ കഥകൾ നിറഞ്ഞ് വിങ്ങുന്ന രണ്ട് ഫോണുകൾ അവൾ കൈയിൽ പിടിച്ചിരുന്നു. അപ്പോൾ, കാപ്പി കുടിച്ചുകൊണ്ട് തനിക്കെതിരെയുള്ള മേശയ്ക്കൽ ഇരിക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
‘എക്‌സ്‌ക്യൂസ് മീ,' അടുത്തുചെന്ന് അവൾ ചോദിച്ചു, ‘എന്താണ് നിങ്ങൾ കരയുന്നത്?'
‘ഒന്നുമില്ല,' അയാൾ പുഞ്ചിരിച്ചു.
ആ കണ്ണുകൾ ദയയുള്ളവയായിരുന്നു.
‘ഫോണിൽ വന്ന ഒരു കഥ വായിച്ച് സങ്കടപ്പെട്ടതാണ്. കഴിഞ്ഞമാസം മരിച്ച എന്റെ ഭാര്യ അയച്ചതാണ്.'
‘ഞാൻ ഒരു കഥ പറയട്ടേ?' അവൾ കസേരവലിച്ച് അവിടെ ഇരുന്നു... ‘ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു.'
ദ ഗ്രേറ്റ് ഇന്ത്യൻ തമാശ
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും നല്ല ഫലിതത്തിനുള്ള അഖിലേന്ത്യാ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ സമ്മാനം നേടിയ ഫലിതമാണിത്. ജനുവരി 26ന് ചെങ്കോട്ടയിൽവെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പുരസ്‌കാര സമർപ്പണം നടത്തും. അന്ന് എല്ലാ പത്രങ്ങളിലും ഈ ഫലിതം അച്ചടിച്ചുവരും. ടെലിവിഷൻ ചാനലുകളിൽ പ്രസിദ്ധ നടീനടന്മാർ ഇത് അവതരിപ്പിക്കും. രാജ്യമൊട്ടാകെ ഉയരുന്ന ചിരിക്ക് നാനൂറ്റിഇരുപത് അണുബോംബുകൾ ഒന്നിച്ച് പൊട്ടുന്നതിന് തുല്യമായ ശബ്ദം ഉണ്ടായിരിക്കും. സാധാരണക്കാരെപ്പോലെ നിങ്ങൾക്ക് ആ ദിവസംവരെ കാത്തിരിക്കേണ്ടിവരാതിരിക്കാൻവേണ്ടി ഞാൻ ഇത് നേരത്തേ അയച്ചുതരികയാണ്, നിങ്ങൾ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആയതുകൊണ്ട് മാത്രം.
ഈ ഫലിതത്തിൽ ഒരു അമേരിക്കക്കാരനും ഒരു ജർമനിക്കാരനും ഒരു ഇന്ത്യക്കാരനുമാണ് ഉള്ളത്. കുറച്ചുനാൾ മുമ്പുവരെ ഒരു റഷ്യക്കാരൻ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അയാളെ കാണാതായി. ആ ഒഴിവിലാണ് ജർമനിക്കാരൻ നിയമിക്കപ്പെട്ടത്.
അമേരിക്കക്കാരനും ജർമനിക്കാരനും ഇന്ത്യക്കാരനുംകൂടി കാറിൽ പോകുകയാണ്. അപ്പോൾ വഴിയരികിൽ ഒരു കാർ മറിഞ്ഞുകിടക്കുന്നത് കണ്ടു.
അമേരിക്കക്കാരൻ പറഞ്ഞു: ‘‘അമിതവേഗതയിൽ ഓടിച്ചതുകൊണ്ട് പറ്റിയ അപകടമാണ് എന്ന് തോന്നുന്നു.''
ജർമനിക്കാരൻ പറഞ്ഞു: ‘‘ടയർ കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ട്.''
അപ്പോൾ ഇന്ത്യക്കാരൻ പറഞ്ഞു: ‘‘എന്റെ അയൽക്കാരന്റെ മരുമകളുടെ സഹപ്രവർത്തകന്റെ അമ്മാവന് ഇതേപോലെ ഒരു അപകടം ഉണ്ടായതാണ്. രാഹുകാലത്തിൽ കാർ വാങ്ങിയതുകൊണ്ടാണ് അത് സംഭവിച്ചത്.''
ഈ ഫലിതത്തിന് സമ്മാനം കൊടുത്ത വിധികർത്താക്കൾ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ നാലുകോടി ഇരുപതുലക്ഷം പേർ ഇത് വായിക്കുകയോ കേൾക്കുകയോ ചെയ്തുകഴിഞ്ഞു. മധ്യപ്രദേശിലെ ജബൽപുരിലുള്ള ഇരട്ടസഹോദരിമാർ വാട്‌സാപ്പിൽ ഇത് വായിച്ച് ചിരിച്ചതിനെത്തുടർന്ന് ഹൃദയാഘാതമുണ്ടായി അത്യാസന്നനിലയിൽ ആശുപത്രിയിൽ കഴിയുകയാണ്.
അമേരിക്കക്കാരനും ജർമനിക്കാരനും ഇന്ത്യക്കാരനുംകൂടി വഴിയിൽ ഒരിടത്ത് ഭക്ഷണം കഴിക്കാൻ കയറി. അല്പം അകലെയായി സുന്ദരിയായ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു.
അമേരിക്കക്കാരൻ പറഞ്ഞു: ‘‘അവൾ ഒന്ന് ഇങ്ങോട്ട് നോക്കിയിരുന്നെങ്കിൽ ചെന്ന് സംസാരിക്കാമായിരുന്നു.''
ജർമനിക്കാരൻ പറഞ്ഞു: ‘‘സന്ധ്യാസമയം ആയിരുന്നെങ്കിൽ നൃത്തം ചെയ്യാൻ ക്ഷണിക്കാമായിരുന്നു.''
അപ്പോൾ, ഇന്ത്യക്കാരൻ പറഞ്ഞു: ‘‘ഒന്ന് കറൻറ് പോയിരുന്നെങ്കിൽ പിടിച്ച് ബലാത്സംഗം ചെയ്യാമായിരുന്നു.''
ഇത് വായിക്കുന്ന നിങ്ങളുടെ മുഖം എനിക്ക് കാണാൻ കഴിയുന്നുണ്ട്.
ഇവിടംവരെ വായിച്ചുകഴിയുമ്പോഴേക്ക് ചിരിച്ചുചിരിച്ച് ഒരു പരുവമായിട്ടുണ്ടാകും എന്ന് അറിയാം. എന്നാലും ദയവായി തുടർന്ന് വായിക്കുക. ഇല്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും എന്ന് പറയുമ്പോൾ വിശ്വസിക്കണം.
നമ്മുടെ മൂന്ന് കഥാപാത്രങ്ങളുംകൂടി പിന്നെയും പോകുമ്പോൾ വഴിയിൽ പെട്രോൾ അടിക്കാനായി നിർത്തി.
അമേരിക്കക്കാരൻ പറഞ്ഞു: ‘‘പെട്രോളിന് വില കൂടിയിട്ടുണ്ട്. സൗദി അറേബ്യയെ പിടിച്ച് വിരട്ടാനുള്ള സമയം ആയെന്ന് തോന്നുന്നു.''
അതുകേട്ട ജർമനിക്കാരൻ പറഞ്ഞു: ‘‘മാലിന്യങ്ങൾ സംസ്‌കരിച്ച് പെട്രോളിയം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണം.''
അപ്പോൾ ഇന്ത്യക്കാരൻ പറഞ്ഞു: ‘‘ഇതെല്ലാം ജനാധിപത്യത്തിന്റെ കുഴപ്പമാണ്. പട്ടാളഭരണം വന്നാലേ പെട്രോളിന്റെ വിലകുറയൂ.''
ക്ഷമ നശിച്ച മറ്റ് രണ്ടുപേരും ഇന്ത്യക്കാരനോട് ചോദിച്ചു: ‘‘നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ മണ്ടത്തരം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്?’’
‘‘എന്ത് ചെയ്യാനാണ് സാറൻമാരേ,’’ ഇന്ത്യക്കാരൻ പറഞ്ഞു, ‘‘ഈ ഫലിതം എഴുതിയത് ഞാനായിപ്പോയില്ലേ?'’
മഹത്തായ ഈ ഫലിതം വായിച്ച് മതിയാകുംവരെ ചിരിച്ചില്ലേ? ഇനി, എല്ലാ സുഹൃത്തുക്കൾക്കും മറക്കാതെ ഫോർവേഡ് ചെയ്യുക.
ദൈവങ്ങൾ ചിരിക്കുന്നത്
സഹസ്രലക്ഷം സൗരയൂഥങ്ങൾക്കപ്പുറം, ആകാശഗംഗയുടെ കരയിലൂടെ വളഞ്ഞ് പായുന്ന സമയരഥ്യകൾ കാരുണ്യത്തോടെ പരസ്പരം ഛേദിക്കുന്ന വഴിക്കവലയിൽ, ‘പ്രവേശനം ദൈവങ്ങൾക്ക് മാത്രം' എന്നെഴുതിയ മതിൽക്കെട്ടിനുള്ളിലെ ഓറഞ്ച് ചായംതേച്ച ക്ലബ്ബ് കെട്ടിടത്തിൽ, മൂന്ന് ദൈവങ്ങൾ ചീട്ടുകളി അവസാനിപ്പിക്കുകയായിരുന്നു.
‘‘രസമായിരുന്നു,'' മേശപ്പുറത്ത് ചിതറിക്കിടന്ന ചീട്ടുകളും പണവും അടുക്കി എടുക്കുമ്പോൾ ചെറുപ്പക്കാരനായ ദൈവം പറഞ്ഞു.
‘‘നിനക്ക് അത് പറയാം,'' രണ്ടാമത്തെ ദൈവം ചിരിച്ചില്ല, ‘‘കാശെല്ലാം നിനക്കല്ലേ കിട്ടിയത്.''
‘‘അതെ,'' മൂന്നാമത്തെ ദൈവം പറഞ്ഞു, ‘‘നല്ല കൈ കിട്ടിയില്ല.''
നാല് കൈയുള്ള ദൈവം അങ്ങനെ പറഞ്ഞതുകേട്ട് മറ്റ് രണ്ടുപേരും കുലുങ്ങിച്ചിരിച്ചു. അവർ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലായപ്പോൾ മൂന്നാമത്തെ ദൈവവും ചിരിയിൽ പങ്കുചേർന്നു.
‘‘അത് കൊള്ളാം,'' നാല് കൈപ്പത്തികളും നിവർത്തിനോക്കി ദൈവം പറഞ്ഞു. ‘‘കുറെനാൾകൂടി കേട്ട നല്ലൊരു തമാശ.''
‘‘ഞാൻ എഴുതിയിട്ടുള്ളതുപോലെ...'' രണ്ടാം ദൈവം പറഞ്ഞു, ‘‘തമാശയില്ലാത്ത ജീവിതം എന്തിന് കൊള്ളാം?''
‘‘അത് പറഞ്ഞപ്പോൾ...’’, ഒന്നാമത്തെ ദൈവം പറഞ്ഞു, ‘‘നമ്മൾ പണ്ടൊക്കെ കളിച്ചിരുന്ന കളി ഓർമയില്ലേ? ഓരോരുത്തരും അന്നത്തെ ദിവസം ഏറ്റവും അധികം ചിരിച്ചത് എന്തിനായിരുന്നു എന്ന് പറയണം. ഏറ്റവും നല്ല തമാശയ്ക്ക് ഒരു സമ്മാനം.''
‘‘ശരിയാണ്, നല്ലൊരു കളിയായിരുന്നു.'' മൂന്നാം ദൈവം തലയാട്ടി.
‘‘കാശ് വെച്ചുള്ള കളിയാണെങ്കിൽ ഞാനില്ല,'' രണ്ടാം ദൈവം നീണ്ട താടി തടവി. ‘‘ഇന്ന് ആകെ പൊട്ടി ഇരിക്കുകയാണ്.''
‘‘നിങ്ങളും നിങ്ങളുടെ പിശുക്കും,'' ഒന്നാം ദൈവം കീശയിലുള്ള പണം മുഴുവൻ വാരിയെടുത്ത് മേശപ്പുറത്ത് ഇട്ടു. ‘‘ഈ കാശ് മുഴുവൻ ജയിക്കുന്നയാൾക്ക്. തോറ്റാൽ നിങ്ങൾ ഒന്നും തരണ്ട, പോരേ?''
‘‘വാശി വേണ്ട, രസം പോകും.'' മൂന്നാം ദൈവം പറഞ്ഞു. ‘‘ഞാൻ ആദ്യം പറയാം. ഇന്ന് ഗയ എന്ന സ്ഥലത്ത് ഒരുത്തൻ സ്ത്രീധനവിരുദ്ധപ്രതിജ്ഞയ്ക്ക് പോയപ്പോൾ ഞാൻ കുറേ ചിരിച്ചു.''
‘‘ഉം?'' മറ്റ് രണ്ട് ദൈവങ്ങളും ചോദിച്ചു.
‘‘സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ച് പത്ത് വർഷം കഴിയുമ്പോൾ ഇവൻ ഭാര്യയെ കൂട്ടിക്കൊടുത്ത് ജീവിക്കാൻ പോകുകയാണ്. തെരുവിന്റെ ഇരുണ്ട മൂലയ്ക്ക് നിന്ന് ‘സാർ, മധുബാലയുടെ പുതിയ പടം റിലീസായിട്ടുണ്ട്, ടിക്കറ്റ് വേണോ?' എന്ന അടയാളവാക്യം പറഞ്ഞ് കസ്റ്റമേഴ്‌സിനെ വലവീശുന്നത് ആലോചിച്ച് ഞാൻ ചിരിച്ച ചിരിക്ക് കണക്കില്ല.''
എല്ലാ ദൈവങ്ങളും ചിരിച്ചു.
രണ്ടാം ദൈവം പറഞ്ഞു: ‘‘റോം എന്ന സ്ഥലത്തുനിന്ന് ഒരുത്തൻ ദൈവവേലയ്ക്കുവേണ്ടി സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോകാൻ തീരുമാനിച്ചതിനാണ് ഞാൻ ഇന്ന് ചിരിച്ചത്. സ്വവർഗഭോഗികളെക്കൊണ്ട് നിറഞ്ഞ ആ നഗരം ഇന്നേക്ക് മൂന്നാം വർഷം ഞാൻ ഭൂകമ്പം കൊണ്ട് തവിടുപൊടിയാക്കാൻ പോകുന്നു. ശരീരം മുഴുവൻ തളർന്ന കിടപ്പിലാണ് നമ്മുടെ പുണ്യവാൻ അവിടുന്ന് മടങ്ങാൻ പോകുന്നത്.’’
ദൈവങ്ങളുടെ ചിരി ഏറെനേരം നീണ്ടുനിന്നു.
‘‘ഇനി ഞാൻ പറയാം.'' മൂന്നാം ദൈവം ചിരി അടക്കാൻ പറ്റാതെ കുറെനേരം പാടുപെട്ടു. ‘‘ഇന്ന്, ബാഗ്ദാദ് എന്ന സ്ഥലത്ത് ഒരു സ്ത്രീ കുട്ടിയെ ഉറക്കാൻ കിടത്തുമ്പോൾ പറഞ്ഞതാണ്. ‘ഉറങ്ങി എഴുന്നേറ്റിട്ട് നമ്മൾ പുതിയ ഉടുപ്പിട്ട്, അത്തർ പൂശി, ഉദ്യാനത്തിൽ കളിക്കാൻ പോകും.'''
ദൈവം പിന്നെയും കുറേ ചിരിച്ചു. ‘‘ആ കുട്ടി ഇനി ഉണരില്ല. പുതിയ ഉടുപ്പിട്ട്, അത്തർ പൂശി, അത് പോകാൻ പോകുന്നത് ശവപ്പറമ്പിലേക്കാണ്.''
എല്ലാ ദൈവങ്ങളും ഉറക്കെയുറക്കെ ചിരിച്ചു.
ചിരിച്ച് വയർ വേദനിച്ചപ്പോൾ വയർ അമർത്തിപ്പിടിച്ചും കമിഴ്ന്നുകിടന്നും മേശപ്പുറത്ത് തലയടിച്ചും ചിരിച്ചു. അവരുടെ ചിരിയുടെ അലമാലകൾ ക്ലബ്ബിന്റെ മതിൽക്കെട്ടിനുപുറത്തേക്ക് വ്യാപിച്ചു. നക്ഷത്രവ്യൂഹങ്ങളുടെ തെരുവുവിളക്കുകളും തമോഗർത്തങ്ങളുടെ പൊട്ടക്കുഴികളും താണ്ടി, ഇനിയും നാമരൂപങ്ങൾ നേടിയിട്ടില്ലാത്ത ദ്രവ്യം പ്രത്യാശയോടെ ഉരുവംകൊണ്ടുകൊണ്ടിരിക്കുന്ന പ്രപഞ്ചാതിർത്തികൾ കടന്ന്, അനന്തവും അപാരവുമായ ശൂന്യതയിലൂടെ, അത് ഒഴുകിപ്പോയി.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.