കാട്ടപ്പച്ചുഴിയിലെ
പെൺപ്രേതം

അപസ്മാരച്ചുഴലിയിലൂടെ കെട്ടിമറിഞ്ഞുവന്ന കാട്ടപ്പ വാസനയിൽ പേടിച്ച് മങ്കുഴിയ്ക്കടുത്തെ ഇടവഴിയിലൂടെ ഹാജി കുതറിയോടി. ഫിനോയിൽ മണം തളം കെട്ടിയ, ആശുപത്രി ടൈലിലേക്ക് 'പ്‌ടോ' എന്നു വീഴുമ്പോൾ ഹറാം പിറന്നോള് എന്ന് അയാൾ ഉറക്കെ നിലവിളിച്ചു. ശ്വാസംമുട്ടി പിടഞ്ഞിട്ടും പഠിച്ച മന്ത്രങ്ങൾ നുരയോടെ തുപ്പിയിട്ടും ആയിഷാബി കൊലവള്ളിയിൽ നിന്നും വിട്ടില്ല. അവളുടെ കൊച്ചരിപല്ലുകൾക്കിടയിലൂടെ സുലൈഖയുടെ ചിരി വിടർന്നുമിന്നി.

നിലാവിന്റെ വക്കിൽ പറ്റിപിടിച്ച് നിൽക്കുന്ന രാത്രിപോലെ റാന്തലിന്റെ വെളിച്ചത്തിൽ ആയിഷാബി നിന്നു. ഇരുട്ട് വാരിപൊത്തിയ പർദ്ദയ്ക്ക് രൂഷമായ കാട്ടപ്പയുടെ ഗന്ധമായിരുന്നു. മണം മൂക്കിന്റെ ഓട്ടയിലൂടെ പാഞ്ഞപ്പോൾ അബ്ദുഹാജിയുടെ തള്ളവിരലിൽ നിന്നും ഉച്ചിനെറുകിലേയ്ക്ക് എന്തോ ഒലിച്ചുകൂടി.

റസീനയോ, ഫാത്തിമയോ... മന്ത്രവാദരഹസ്യത്തിൽ തൊട്ടതും തൊടാത്തതുമായ പെണ്ണുങ്ങളുടെ വിയർപ്പിന്റെ പച്ചച്ചൂര് അവൾക്കില്ലായിരുന്നു. സുലൈഖയുടെ ഖബറിന്റെ മണമായിരുന്നു അവൾക്ക്. സുലൈഖയുടെ ഖബറ് നിറയെ കാട്ടപ്പ പൂത്ത് മണത്തു കിടന്നു. ചത്തുതൊലഞ്ഞവളുടെ ഉന്മത്തഗന്ധത്തിൽ ആയിഷാബി തന്റെ ശരീരത്തെ ആവാഹിച്ചിരുത്തി.

പൂത്തുലഞ്ഞ മൈലാഞ്ചി കണക്കെ ആയിഷാബി ചിരിച്ചു. വയസ്സറിയിച്ചതിന്റെ മുഴുപ്പും പ്രാന്തിന്റെ കുത്തൊഴുക്കുമായി നിൽക്കുന്ന അവളുടെ ഇളംമുഷ്ടിയിലേക്ക് താൻ വലിഞ്ഞുചുരുങ്ങുന്നതായി ഹാജിയ്ക്ക് തോന്നി. വാഴത്തണ്ട് കണക്ക് മിനുപ്പുള്ള തൊലിയിൽ നിന്നും പക്ഷേ തന്റെ വിരലുകൾ വഴുതിവീഴുന്നു. അവളുടെ സുറുമകണ്ണിലെ കൂർത്തദൃഷ്ടിയിൽ അയാളുടെ കാഴ്ച അറ്റുപോകുന്നു. ആയിഷാബിയുടെ കാട്ടപ്പ വാസനയുള്ള വിയർപ്പ് കടലിൽ ഹാജി കൈകാലിട്ടടിച്ചു. അയാൾക്ക് ശ്വാസംമുട്ടി.

'ഹൗ ബലാലിന്റെ കാട്ടപ്പ വാസന'

പണ്ട് കണ്ടത്തിലെ നേന്ത്രവാഴക്കന്നുകളെ ഇളക്കിമറിച്ചുകൊണ്ട് ഫാത്തിമയുടെ മൂരിക്കൂറ്റൻ വന്ന കണക്ക് കുതികുതിച്ച് മുക്രയിട്ടുകൊണ്ട് ഒരു വേദന പുരികത്തിൽ നിന്നും തല മുഴുവൻ വ്യാപിച്ചു.

'അള്ളാ...ചെന്നിക്കുത്ത് ... '

വലിയ തങ്ങൾക്കൊരു ജാറ മൂടിയപ്പോ കെട്ടിയിട്ട ചെന്നിക്കുത്ത് ഇന്ന് വീണ്ടും പിടിവിട്ട് കുതിക്കുന്നു…

തൊട്ടാൽ തെറിപ്പുള്ള പതിനഞ്ചാം വയസ്സിൽ ഫാത്തിമ, നട്ടപ്രാന്തിന്റെ നീറെറുമ്പും കൂട്ടത്തിനെ മണ്ടയിൽ എടുത്ത് വെച്ചു. കുടുമ്മത്ത് ജനിച്ച എല്ലാ പെണ്ണുങ്ങൾക്കും പ്രാന്ത് ഉണ്ടായിരുന്നു. ആ ദണ്ണം തീരാൻ വേറെ പെണ്ണുങ്ങളെ കൊണ്ട് വന്നു ആണുങ്ങൾ പൊര നിറച്ചു. വീട്ടിലെ മൂരിക്കൂറ്റനെ തന്റെ വട്ട് കണക്ക് അവൾ അഴിച്ചു വിട്ടു. അവളിൽ കെട്ട്പൊട്ടി ആടിയ സുലൈഖയെ കാട്ടപ്പയെ വെട്ടുന്ന പോലെ വെട്ടാൻ ഹാജിയെക്കാൾ പോന്നോര് ആ നാട്ടിൽ വേറെ ആരുമില്ല.

അൽപ്പം കനമുള്ള അടിവയർ താങ്ങിക്കൊണ്ട്, തണ്ടൊടിഞ്ഞ വെള്ളാമ്പൽ കണക്ക് പൊട്ടക്കെണറ്റിൽ ഫാത്തിമ ചത്തുമലച്ചു കിടക്കുമ്പോൾ കണങ്കാലിൽ ഹാജിയുടെ അടയാളത്തിൽ ഒരു നഖക്കോറൽ തെളിഞ്ഞുനിന്നു. ആരോ തൊട്ട്‌കെട്ട് പോയ ആ പെണ്ണും പരത്തിയത് കാട്ടപ്പ വാസന.

'ഓക്കും സുലൈഖ കൂടിയതാ...മ്മളെ ഹാജി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഓള് ഒയിഞ്ഞുപോയില്ല’.

ൺപതു കൊല്ലം മുൻപ്, പതിനാലാം രാവിന്റെ ദിവസം മങ്കുഴിയ്ക്കടുത്തെ അപ്പക്കാട്ടിൽ തുണിയില്ലാതെ ചത്തുകിടന്ന സുലൈഖയുടെ പ്രേതം പിന്നീട് ഓരോ പതിനാലാം രാവിലും ആണുങ്ങളെ പിടിയ്ക്കാൻ ചൂട്ടും കത്തിച്ചിറങ്ങും. മങ്കുഴിയുടെ മരണത്തിൽ മുങ്ങിനിവർന്ന സുലൈഖയെ ഓരോ മനുഷ്യനും അവന്റെ ഇഷ്ടത്തിനൊത്ത പ്രേതപെണ്ണാക്കി.

'മങ്കുഴിയുടെ അടുത്ത് ചൂട്ടും പിടിച്ച് ഓള് നിന്നീനി... അള്ളാ .. കാല് നെലത്ത് തൊടീല..എജ്ജാതി എകരം ... മുറുക്കിത്തുപ്പിക്കൊണ്ട് ഞമ്മളെ മാടിവിളിച്ചു’.

ഉസ്താദിന്റെ അതീന്ദ്രിയാനുഭവം മദ്രസകുട്ടികൾ സാകൂതം കേട്ടു. നാളെ തങ്ങൾക്കും ഇളയതുങ്ങളെ പറഞ്ഞുപേടിപ്പിക്കാൻ ഇത്തരമൊരു കഥ വേണമെന്ന ഉത്സാഹത്തോടെ.

അലവിക്കുട്ടിയ്ക്ക് അവൾ തേറ്റയുള്ള യക്ഷിയായി. അബ്ദുള്ള കണ്ട സുലൈഖയുടെ ഒക്കത്തൊരു കുട്ടിയുമുണ്ടായിരുന്നു. അങ്ങനെ പതിനാലാം രാവിന്റെ അന്ന് ആൺപിറന്നേൻമാരെ പേടിപ്പിക്കുന്ന ഒരുത്തിയായി, എൺപതിന്റെ പഴക്കമില്ലാത്ത ഒരു ചിരഞ്ജീവിയായി , കഥകളിൽ അവൾ ജീവിച്ചു.

സുലൈഖയ്ക്കുശേഷം, മങ്കുഴിയിലെ അപ്പക്കാട്ടില് ചത്തുകിടന്നത് കൊന്നോലത്തെ ഉസ്മാനാണ്. പൂതി തീർക്കാൻ സുലൈഖ കൊണ്ടോയ ഉസ്മാനെ കാട്ടപ്പ പടർപ്പ് പൊതിയുമ്പോൾ കഴുത്തിലെ മർമ്മസ്ഥാനത്ത് ചോര കിനിഞ്ഞ മുറിപ്പാട് ഉണ്ടായിരുന്നു. സുലൈഖയെ പ്രാകിക്കൊണ്ട് ഉസ്മാന്റെ മയ്യത്ത് കൊണ്ടുപോകുമ്പോൾ, കോഴിയുടെ കഴുത്ത് കൃത്യമായി കണ്ടിക്കാത്ത വെപ്പുകാരനെ ഹാജി തെറിപറയുകയായിരുന്നു. നിക്കാഹ് ബിരിയാണി മൂക്കറ്റം കേറ്റി ഹെഡ് കോൺസ്റ്റബിൾ ദയനന്ദൻ കണ്ണിറുക്കി ചിരിച്ചു.

ഉസ്മാന്റെ നെറ്റിയിൽ മീസാൻകല്ല് നാട്ടി, സുലൈഖയെ പ്രാകി ജനം പിരിഞ്ഞു. എല്ലാരും ഉസ്മാനെ മറന്നു. അമ്പലപ്രാവ് കൊക്ക് ഒരുമിച്ച് കുറുകുന്ന തറവാട് മച്ചിന്റെ താഴെയിരുന്നു ഹാജിയുടെ മകൾ റാഷി മാത്രം നിക്കാഹിന്റെ ചമയത്തിനിടെ ഉസ്മാനെ ഓർത്തു, വെറുതെ വെറുതെ ഓർത്തു…

തന്തയ്ക്ക് വിളിച്ചതിനു കെട്ട്യോള് മൈമൂന അന്ത്രൂന്റെ കരണത്ത് പൊട്ടിച്ച അന്നാണ്, സുലൈഖയ്ക്ക് കൊല്ലാനും പൂതി തീർക്കാനും അല്ല, തണ്ടും തടിയുമുള്ള ആണുങ്ങളുടെ കരണത്ത് മേടാനും കഴിയും എന്ന് ആ നാട്ടിലെ ആണുങ്ങൾക്ക് ബോധ്യം വന്നത്.

ചായക്കടയിൽ രാഷ്ട്രീയം പറയുന്ന നേരത്ത് രാവുണ്ണിയാണ് അന്ത്രുവിന്റെ വീങ്ങിയ കവിൾ കണ്ടത്.

'ന്താ പ്പന്റെ മോത്ത്'

'ഒന്നും പറയണ്ട... കാർന്നോരെ, മങ്കുഴിന്റെ അയക്കൂടെ പെരയ്ക്ക് പോയതാ. കരണത്ത് ഓള് ഒരറ്റ മേട്ടം. ഞമ്മക്ക് പിന്നെ ഒന്നും ഓർമല്യ.'

ആരും ഒന്നും പറഞ്ഞില്ല.

'കാട്ടപ്പ വാസന കിട്ടുന്ന് കാർന്നോരെ'
'അത് പെരും ജീരക വാസന ആണ്ട'
ഹാജി മറുപടി കൊടുത്തു.

രാത്രിയുടെ പാതിമയക്കത്തിൽ മൈമുനയുടെ തെറിച്ച ഇടുപ്പും, കോലൻ മുടിയും ഹാജിയിൽ ഒന്ന് തെളിഞ്ഞു. പക്ഷെ, വള ഇട്ട ഏതോ കൈ കരണത്ത് മേടുന്നത് കണ്ട് അയാൾ ഞെട്ടി എണീറ്റു.

സുലൈഖ പെണ്ണുങ്ങൾക്കിടയിൽ തിങ്ങിപ്പാർത്തു. പൊള്ളുന്ന പനിയോടെ, കാട്ടപ്പ മണത്തിൽ അവൾ തന്റെ സാന്നിധ്യം അറിയിച്ചു. പിച്ചും പേയും പറഞ്ഞ്, തളർന്ന ശരീരം തിളച്ചുമറിയുമ്പോൾ, ഉറപ്പാണ് ഉള്ളിലെവിടെയോ ഒരു കാട്ടപ്പക്കാട്ടിൽ സുലൈഖ ഒളിച്ചിട്ടുണ്ട് എന്ന്. എന്നാൽ നാട്ടിലെ ഒരു പെണ്ണിലും സുലൈഖയ്ക്ക് ഇരുപ്പുറച്ചില്ല. എല്ലാ പെണ്ണുങ്ങളേയും തൊട്ട്‌തൊട്ട് അവൾ വ്യാപരിച്ചു.

അടിപ്പാവാടയിൽ ചോരപ്പാട് കണ്ടാൽ, പെണ്ണുങ്ങൾ ഏഴുകുളിക്കുന്ന അന്ന് വീട്ടിലെ ആണുങ്ങൾ സുലൈഖയ്ക്ക് വേണ്ടി ഇളയമൂരിനെ അറക്കും. അല്ലെങ്കിൽ ശരീരത്തിന്റെ ആഴങ്ങളിലേക്ക് സുലൈഖ ഊളിയിടും.

പസ്മാരച്ചുഴലിയിലൂടെ കെട്ടിമറിഞ്ഞുവന്ന കാട്ടപ്പ വാസനയിൽ പേടിച്ച് മങ്കുഴിയ്ക്കടുത്തെ ഇടവഴിയിലൂടെ ഹാജി കുതറിയോടി. ഫിനോയിൽ മണം തളം കെട്ടിയ, ആശുപത്രി ടൈലിലേക്ക് 'പ്‌ടോ' എന്നു വീഴുമ്പോൾ ഹറാം പിറന്നോള് എന്ന് അയാൾ ഉറക്കെ നിലവിളിച്ചു. ശ്വാസംമുട്ടി പിടഞ്ഞിട്ടും പഠിച്ച മന്ത്രങ്ങൾ നുരയോടെ തുപ്പിയിട്ടും ആയിഷാബി കൊലവള്ളിയിൽ നിന്നും വിട്ടില്ല. അവളുടെ കൊച്ചരിപല്ലുകൾക്കിടയിലൂടെ സുലൈഖയുടെ ചിരി വിടർന്നുമിന്നി.

'എന്താ തന്തേ ഇങ്ങളെ പിരാന്ത് ഇനീം തീർന്നിലേ... മന്‌സനെ തൊന്തരവാക്കാൻ…’, മകൾ റാഷി പിറുപിറുത്തു.

'ഇനി ഇങ്ങളെ നൊസ്സ് കാട്ടാൻ ഒരു ടാകിടറും ബാക്കിയില്ല.' അവൾ കൂട്ടിച്ചേർത്തു.

ചെന്നിക്കുത്തിന്റെ മൂരിക്കൂറ്റൻ പുരികത്തിന്റെ അടിയിൽ നിന്നും ശരീരം കുലുക്കി എഴുന്നേറ്റു. ഹാജിയ്ക്ക് കരയാനും ചിരിക്കാനും തുണിയില്ലാതെ തുള്ളാനും തോന്നി.

'കണ്ട പെണ്ണുങ്ങളെ കുടീയ്ക്ക് ചുട്ടകോഴീനെ പറപ്പിക്കാൻ പോകുമ്പോ ആലോയ്ക്കണേയ്‌നീ...'മകൻ അഹമദ് ഒച്ചയിട്ടു.

കാട്ടപ്പയുടെ പച്ചവാടയിൽ ഹാജിയ്ക്ക് തലകറങ്ങി. തലച്ചോറ് നിറയെ കാട്ടപ്പയുടെ കുഞ്ഞു വെള്ളപ്പൂക്കൾ. എന്ത് ഓർത്താലും അപ്പോ കാട്ടപ്പ മൊട്ടിടും. വീട്ടിൽ തനിയ്ക്കായി ദുവാ ഇരക്കുന്ന ബീടര്‌ടെ നരച്ചമുടി നിറയെ കാട്ടപ്പ പൂത്തുനിക്കണ്...പെണ്ണുങ്ങക്കൊന്നും മുടിയില്ല. കാട്ടപ്പ നിറഞ്ഞ തലമാത്രം.

ഴുകുളിക്കുന്നതിന്റെ മൂന്നുദിവസം മുൻപ്, ഒരു നട്ടുച്ചയ്ക്ക് ആയിഷാബി മങ്കുഴിയ്ക്ക് അടുത്തുള്ള ഇടവഴിയിലേക്ക് വെറുതേ ഒന്നുപോയി. കാട്ടപ്പ ചെടികൾ അവളുടെ കനത്തമുടിയിഴകളിൽ വെറുതേ ഒന്നു തൊടുന്നത്, ഹാജിയുടെ കണ്ണുകൾ ഉഴിഞ്ഞെടുത്തു.

ആയിഷാ ബീ വിയർത്തുകുളിച്ചു. രക്തഉറവിന്റെ അറ്റത്ത് കൂർത്ത ഒരു വേദന വന്നു തുളച്ചു.

'ഇമ്മാ...'അവൾ ഉറക്കെ കരഞ്ഞുകൊണ്ട് തലകറങ്ങി വീണു.

പിറ്റേന്ന് ശരീരത്തിൽ സുലൈഖ നുരഞ്ഞുപൊന്തി. മുടിയിൽ, തീണ്ടാരിത്തുണിയിൽ കാട്ടപ്പ മണം പുരണ്ടു. ഏതോ അജ്ഞാത സ്ത്രീയുടെ സാമീപ്യം അവളിൽ വീടുകെട്ടി.

സുലൈഖയുടെ അതൃപ്തി അകറ്റാൻ ആയിഷയുടെ ഉപ്പ ഹാജിയെ ആളയച്ചുവരുത്തി.

പതിനാലാം രാവ്...
നിലാവിന്റെ ആയിരം വെള്ളക്കീറുകൾ ആയിഷാബിയുടെ വീട്ടുമുറ്റത്ത് വീണു.

ചരലിൽ ആ വെളിച്ചം ചവിട്ടി ഞെരിച്ച്, സുലൈഖയിൽ നിന്ന് ആയിഷാബിയെ കൊളുത്തിയെടുക്കാൻ അത്തറും പൂശി, ഒരു മണവാളൻ കണക്കെ ഹാജി എത്തി.

'ഓളെ മുറീല് ഇട്ട് പൂട്ടിക്കോളീ...ഞമ്മള് അങ്ങട്ട് ചെന്നാൽ അകത്ത് നിന്ന് പലേതരം ഒച്ചപ്പാടും കേൾക്കാം... പച്ചേങ്കില് തുറക്കണ്ട...'

പിറ്റേന്ന് ഏഴും കുളിച്ച് പത്തായപ്പുരയുടെ മച്ചിന്റെ കൊളുത്തിൽ, എഴുതിമുഴുവനാകാത്ത ചോദ്യചിഹ്നം പോലെ തൂങ്ങിക്കിടന്ന ആയിഷാബിയെ കണ്ട് ബാപ്പ പറഞ്ഞു

'പഹച്ചി സുലൈഖ ന്റെ മോളേയും കൊണ്ടോയല്ലോ...'

ബീടര് കൊടുത്തുവിട്ട ബിരിയാണിയിൽനിന്ന് ഹാജി കറുത്തുനീണ്ട മുടിയിഴ കണ്ടു. ഇറച്ചിക്കണ്ടത്തിന്റെ അടിയിൽ നിന്ന് മുടി വകഞ്ഞുമാറ്റുമ്പോൾ അതിന്റെ തുഞ്ചത്ത് പറ്റിപോന്ന ഒരു കറിവേപ്പിലതണ്ടെടുത്ത് നോക്കി.

'മോളേ… ഇദ് കാട്ടപ്പ തണ്ടാ...?'

'അധികം പ്രാന്ത് കാട്ട്യാ ഇങ്ങളെ ഞാൻ സുലൈഖയ്ക്ക് കൊടുക്കും.'

വലിയൊരു അലർച്ചയോടെ തിന്ന ബിരിയാണി മുഴുവൻ ഹാജി ഛർദ്ദിച്ചു. ആയിരം കാട്ടപ്പ തണ്ടുകൾ അയാളുടെ ശരീരത്തെ വലിഞ്ഞുമുറുക്കി. മങ്ങുന്ന കാഴ്ച്ചയിൽ അയാൾ കണ്ടു, കാട്ടപ്പ നിറഞ്ഞുകവിഞ്ഞ കുളത്തിൽ കണ്ടമാനം പെണ്ണുങ്ങൾ നീരാടുന്നു. കണ്ണ് നിറയെ കാട്ടപ്പ പൂമാത്രം. ഒരുത്തി അയാളുടെ മുഖത്തേയ്ക്ക് കാറിത്തുപ്പി. ഉമിനീര് നിറയെ കാട്ടപ്പ...

പെണ്ണുങ്ങളുടെ വിയർപ്പിന്റെ ചുഴിയിൽ ആരോ അയാളെ കാട്ടപ്പപൂവ്‌ കൊണ്ട് കെട്ടിതാഴ്ത്തി.

പോരാത്തതിന് അന്ന് പതിനാലാം രാവായിരുന്നല്ലോ...

Comments