ഈണത്തിൽ കുർബാന ചൊല്ലുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്. എന്നും രാവിലെ കുർബാന ഉണ്ടാകുമെന്ന് കിടക്കുന്നതിനു മുൻപേ അച്ചൻ പറഞ്ഞിരുന്നു. പക്ഷെ ഈ കാടിന്റെ നടുവിലെ സ്വച്ഛശാന്തമായ വീട്ടിലെ തണുപ്പത്ത് ചീവീടുകളുടെ ഒച്ചയും മർമ്മരങ്ങളും കേട്ടുകിടന്നാൽ ആരും നന്നായി ഉറങ്ങിപ്പോകും.
പുറത്ത് പല മാതിരിയുള്ള പുലർകാല കിളിയൊച്ചകളും അതിനോട് തീരെ ചേരാത്ത അച്ചന്റെ ഉച്ചത്തിലുള്ള ശബ്‍ദവും. എഴുന്നേറ്റ് മുഖം കഴുകി. കാട്ടരുവിയിലെ വെള്ളം പോലെ ഓജസ്സുള്ള വെള്ളം. മുഖത്തൊഴിച്ചപ്പോൾ തന്നെ ശരീരവും മനസ്സും ഉണർന്നു. ജനൽ തുറന്നിരുന്നത് കൊണ്ട് തണുപ്പ് ഒരു അവകാശത്തോടെ അകത്തേക്ക് കടന്നുവരുന്നു.
‘ഈ പ്രദേശത്ത് ഒരു കള്ളന്റെ ശല്യമുണ്ട്, സൂക്ഷിക്കണം’, രാത്രി ജനൽ അടച്ചുകൊണ്ട് അച്ചൻ മുന്നറിയിപ്പ് തന്നതാണ്. രാത്രിയിലെപ്പോഴോ എഴുന്നേറ്റ് ജനൽ തുറന്നിട്ടു. അടച്ചിട്ടമുറിയിൽ കിടന്നാൽ തനിക്ക് ഉറക്കം വരില്ല.
മുൻവശത്തെ ഇത്തിരിക്കുഞ്ഞൻ സ്വീകരണമുറിയുടെ ഒരു വശത്ത് ഒരുക്കിയിരിക്കുന്ന ഒരു ചെറിയ അൾത്താര. അതിനെ മറച്ചുകൊണ്ട് ഒരു കർട്ടൻ. അത്രയേ ഉള്ളൂ അച്ചന്റെ ചാപ്പൽ. കുർബാന നടത്തുന്ന സമയത്ത് ആ കർട്ടൻ നീക്കിയിടും. അതൊരു ഒറ്റയാൾ കുർബാനയാണ്. കത്തനാരും വിശ്വാസിയുമായി അച്ചൻ മാത്രമേയുള്ളൂ. മുൻവശത്തേക്ക് ചെല്ലുമ്പോഴേക്കും കുർബാന ഒട്ടൊക്കെ കഴിഞ്ഞിരുന്നു. എങ്കിലും അച്ചടക്കമുള്ള ഒരു വിശ്വാസിയെപ്പോലെ കുർബാന കൂടാൻ നിന്നു. കുർബാന കഴിഞ്ഞ് അച്ചൻ പറഞ്ഞു, ‘അടുക്കളയിൽ കാപ്പിയിട്ടുവച്ചിട്ടുണ്ട്, ആറിക്കാണും. ഒന്ന് ചൂടാക്കിയാൽ മതി.’
കാപ്പി കുടിച്ചു, പ്രഭാതക്രത്യങ്ങൾ കഴിഞ്ഞു, നല്ല തണുത്ത വെള്ളത്തിൽ കുളിച്ചുവന്നപ്പോഴേക്കും അച്ചൻ ളോഹയൊക്കെ ഊരിവച്ച് ജുബ്ബയും കാവി മുണ്ടും ഉടുത്ത് ഒരുങ്ങിയിരുന്നു. ‘മലയിലേക്ക് ഞാനും വരുന്നുണ്ട്’, അച്ചൻ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങി തെല്ലുദൂരം നടന്നാൽ വനം വകുപ്പിന്റെ റോഡിലെത്താം. ഇത് കാടിന്റ നടുവിൽ ഉള്ള ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയാണ്. നാലഞ്ചു വീടുകളേ ഇവിടെ ഉള്ളൂ. ബാക്കിയെല്ലാം വനം വകുപ്പിന്റെ സ്ഥലങ്ങളാണ്.
‘നാളെ പൗർണമിയായതുകൊണ്ട് നല്ല തിരക്കായിരിക്കും’, ഏതോ കാലത്ത് ടാർ ചെയ്ത വനം വകുപ്പിന്റെ റോഡിലൂടെ നടക്കുമ്പോൾ അച്ചൻ പറഞ്ഞു.
റോഡ് തീരെ മോശമായിട്ടില്ല. ഇതുവഴി അങ്ങനെ വണ്ടികളും വരാറുണ്ടാവില്ലല്ലോ. അവിടെ താമസിക്കുന്നവരെല്ലാവരും ആത്മീയതയുടെ പാത തിരഞ്ഞെടുത്തവരാണ്. ഒന്നുകിൽ രമണ മഹർഷിയെ ഗുരുവായി കാണുന്നവർ. അല്ലെങ്കിൽ മലയുടെ ശക്തി തിരിച്ചറിഞ്ഞുവന്നവർ.
‘എപ്പോഴാണ് പ്രദക്ഷിണം വെക്കാൻ പോകുന്നത്?’ അച്ചൻ ചോദിച്ചു. അയാൾ ആ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം ഒന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുകയായിരുന്നു. ഒരു വശത്തു വനമാണ്. മറുവശത്ത് കുത്തനെയുള്ള കയറ്റമാണ്. നല്ല ഉയരമാണ് ആ വശത്ത് മാടിന്. അതിന്റെ മുകളിനാണ് ‘ഏരി’ എന്ന് തമിഴർ പറയുന്ന തടാകം. നിറയെ മരങ്ങളും ആ ചെരുവിൽ വളർന്നു നിൽക്കുന്നുണ്ട്. മുകളിലേക്ക് കയറാൻ കുത്തുകല്ല് പോലെ വെട്ടിയ നടപ്പാതക്ക് ഒരു നാലുനില വീടിന്റെ ഉയരമുണ്ട്.
‘നാളെ രാവിലെ പോകാം എന്നാണ് വിചാരിക്കുന്നത്.’
‘അതിരാവിലെ പോണം. വെയിലുദിച്ചാൽ നടക്കാൻ പ്രയാസമാകും’, അച്ചൻ പറഞ്ഞു.
ഇന്നലെ ഇരുട്ടുവീണു തുടങ്ങുന്ന നേരത്താണ് അച്ചന്റെ വീട്ടിൽ റഷീദ് തന്നെ കൊണ്ടുചെന്നാക്കിയത്. നഗരത്തിൽ നിന്നും പുറപ്പെടുന്നതിനു രണ്ടു ദിവസം മുൻപേ റഷീദിനോട് ഒരു മുറി ബുക്ക് ചെയ്യാൻ വിളിച്ചു പറഞ്ഞതാണ്. പൗർണമിയാണ് എന്ന് റഷീദ് ഓർത്തില്ല. തനിക്കും അതിനെക്കുറിച്ച് പിടിയുണ്ടായിരുന്നില്ല. എട്ടുപത്ത് മാസങ്ങൾക്കുമുമ്പ് രമണാശ്രമത്തിൽ വരാൻ പ്ലാൻ ചെയ്ത്പ്പോൾ അന്നിവിടെ ചെലവുകുറഞ്ഞ ഒരു താമസസ്ഥലം കിട്ടുമോ എന്ന് ഒരു ഫേസ്ബുക്ക് ഫ്രണ്ടിന് മെസേജ് അയച്ചു ചോദിച്ചിരുന്നു. അയാൾ തന്ന കോണ്ടാക്റ്റ് ആണ് റഷീദ്. അന്ന് ആദ്യമായി വിളിച്ചപ്പോൾ തന്നെ റഷീദ് പറഞ്ഞതാണ് പൗർണമിക്ക് വന്നാൽ റൂം കിട്ടില്ലെന്ന്.
വനം വകുപ്പിന്റെ റോഡിലൂടെ കുറെ നടന്നപ്പോൾ വശങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നതുകണ്ടു. കുരങ്ങന്മാർ അടുത്ത് ജനവാസമുള്ള സ്ഥലത്തുനിന്ന് മോഷ്ടിച്ചുകൊണ്ടുവന്നിടുന്നതാണ്.
‘ഇവിടെ ഈ കുരങ്ങന്മാരുടെ ശല്യം കൂടുതലാണല്ലേ’
‘കുറച്ചു ശല്യമുണ്ട്. പക്ഷെ അതല്ല പ്രശ്നം. ഈ പ്രദേശത്ത് ഒരു കള്ളന്റെ ശല്യമുണ്ട്. അവൻ എപ്പോഴാ വരുന്നതെന്ന് അറിയില്ലല്ലോ. അതാണ് ഒരു വലിയ പ്രശ്നം’, അച്ചൻ പറഞ്ഞു. അതയാൾക്ക് കുറച്ചു കൗതുകമായി തോന്നി. ഈ സത്യാന്വേഷികളുടെ വീടുകളിൽ കയറിയിട്ട് ഒരു കള്ളന് എന്ത് കിട്ടാനാണ്?
കുറെ കൂടി നടന്നപ്പോൾ കാട്ടിലൂടെയുള്ള റോഡ് ഒരു അര മതിലിനുള്ളിലേക്ക് പ്രവേശിച്ചു. അവിടം മുതൽ പിന്നെ ഗ്രാമീണരുടെ വീടുകളാണ്. ഇന്നലെ റഷീദിനൊപ്പം വരുമ്പോൾ തന്നെ മതിലും ചുറ്റുപാടുകളും ശ്രദ്ധിച്ചിരുന്നു. വീടുകളിലൊന്നും വലിയ പണമുള്ളതായി തോന്നിയില്ല. നിറയെ പശുക്കളുള്ള തെരുവാണത്. അവിടെ റോഡ് ആകെ താറുമാറായി കിടക്കുകയാണ്. വെള്ളം വണ്ടിയിൽ നിന്ന് തൂവിയിട്ടാകണം, റോഡിൽ മണ്ണ് മുഴുവൻ നനഞ്ഞു കുഴഞ്ഞു കിടക്കുന്നു. ഇടയ്ക്കിടയ്ക്ക് അലുത്ത് ഒഴുകിക്കിടക്കുന്ന ചാണകവും.
‘നാട്ടിൽ രഞ്ജന്റെ വീട് എവിടെയാണെന്നാ പറഞ്ഞേ?’ ചാണകത്തിൽ ചവിട്ടാതെ കാല് വലിച്ചു വച്ച് നടക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു. അയാൾ സ്ഥലപ്പേര് പറഞ്ഞുകൊടുത്തു. അച്ചന്റെ നാടിന്റെ അടുത്തുള്ള ഒരു സ്ഥലത്താണ് അയാളുടെ വീടും.
മുന്നിലുള്ള റോഡ് ബ്ലോക്കായി കിടക്കുകയാണ്. പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിന്റെ ഒരു റോഡ് ക്ലോസ്ഡ് ബോർഡ് അവിടെ വച്ചിട്ടുണ്ട്. റോഡിൽ വലിയ ഒരു കുഴി കുഴിച്ചിരിക്കുന്നു. തെരുവിന്റെ കോണിലെ ചെറിയ കോവിലിനോട് ചേർന്നുള്ള ഇടവഴിയിലൂടെ നടന്ന് മറ്റൊരു വഴിയിലൂടെ മുകളിലേക്ക് കയറി. അടുത്തടുത്ത് നിറയെ വീടുകളുള്ള ഒരു വഴിയാണത്. വീതി കുറഞ്ഞ വഴി. നല്ല കയറ്റവും.
വാർദ്ധക്യത്തിലേക്ക് കടന്നെങ്കിലും അച്ചൻ തീരെ കിതക്കുന്നില്ലല്ലോ എന്ന് ശ്രദ്ധിച്ചു. സ്ഥിരം മലയിൽ പോകുന്നതുകൊണ്ടാകാം. കയറ്റമുള്ള വഴി അവസാനിക്കുന്ന വഴിയിലൂടെ വലത്തോട്ട് നടന്നപ്പോൾ വീണ്ടും വനം വകുപ്പിന്റെ റോഡിൽ എത്തി. അവിടെ നിന്ന് കുറച്ചു മുകളിലേക്ക് നടന്നപ്പോൾ മലയുടെ അടിവാരത്തുള്ള പ്രധാന റോഡിലെത്തി. അവിടെനിന്ന് വലത്തോട്ട് നടന്നാൽ രമണാശ്രമത്തിൽ എത്തും.
‘നമുക്ക് രമണാശ്രമത്തിൽ കയറി അതിലൂടെ മലയിലേക്ക് പോകാം’, അച്ചൻ പറഞ്ഞു.
അയാൾ തലകുലുക്കി അച്ചനൊപ്പം നടന്നു. രമണാശ്രമത്തിനുള്ളിൽ മുറ്റത്തെ ഒരു മരത്തിന് മുന്നൂറു വർഷത്തിലധികം പഴക്കമുണ്ടെത്രെ. രമണാശ്രമത്തിലെ ശാന്തതയിൽ അതിനെ കെട്ടിപ്പിടിച്ചു കണ്ണുകളടച്ചു രമണമഹർഷിയെ കാതോർത്തു. രമണമഹർഷിയെ നേരിട്ടുകണ്ട മരമാണ്. ഒരു സുഹൃത്തിനൊപ്പം ആദ്യമായി ഇവിടെ വന്നപ്പോൾ ആശ്രമത്തിലെ ബുക്ക് സ്റ്റാളിൽ നിന്ന് ‘ഞാൻ ആരാ?’ എന്ന പുസ്തകം എടുത്ത സുഹൃത്തിനോട്, ഇത് വായിച്ചിട്ട് നമുക്ക് എന്ത് കിട്ടാനാണ് എന്ന് ചോദിച്ചതോർത്തപ്പോൾ അയാൾക്ക് ചിരി വന്നു. അതിനുശേഷം എത്രയോ പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു.
സ്കന്ദാശ്രമത്തിലേക്കുള്ള പടവുകൾ കയറിയപ്പോൾ വനത്തിന്റെ ഒരു ഗന്ധം മൂക്കിൽ നിറഞ്ഞു. ആശ്രമത്തിന്റെ സംരക്ഷണയിൽ ആയതിനാലാവണം പടവുകൾ കരിയില പോലുമില്ലാതെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുകളിലേക്ക് കയറും തോറും കയറ്റം കൂടിക്കൂടി വന്നു. ആശ്രമപരിസരത്ത് ചെരുപ്പ് ഊരിയിട്ടിട്ടാണ് വന്നത്. അച്ചൻ ഒരു കൂസലുമില്ലാതെ പടവുകൾ കയറി പോവുകയാണ്. കൂടെ എത്താൻ തെല്ല് ബദ്ധപ്പെട്ടു.
കുറച്ചുകൂടി മുകളിലേക്ക് കയറിയപ്പോൾ കയറ്റത്തിന് കുറച്ചു കാഠിന്യം കുറഞ്ഞു. അവിടെ നാരങ്ങാവെള്ളവും മറ്റ് ശീതള പാനീയങ്ങളുമായി ഒരു ചെറുപ്പക്കാരി കച്ചവടത്തിനായി ഇരിപ്പുണ്ട്. ഇത്രയും സാധനങ്ങളുമായി എല്ലാ ദിവസവും ഈ മല കേറുകയും വൈകുന്നേരം ഇങ്ങോട്ടുള്ള പ്രവേശനം അവസാനിപ്പിക്കുന്നതിന് മുൻപ് ഈ സാധനങ്ങളുമായി മലയിറങ്ങുകയും ചെയ്യുന്നതിന്റെ ആയാസം ഓർത്തു. കയറ്റം ഒട്ടൊന്ന് കുറഞ്ഞ ആ സഥലത്തു ഒന്ന് രണ്ടു പേർ വശത്തുള്ള വലിയ കല്ലുകളിൽ ഇരുന്നു വിശ്രമിക്കുന്നുണ്ട്.
‘മലകയറുമ്പോൾ തുടക്കത്തിലേ നമ്മൾ ഇരിക്കരുത്’ അച്ചൻ പറഞ്ഞു. ‘തളർന്നു നിർത്താൻ തോന്നിയ ശേഷം വീണ്ടും നടക്കുന്ന അധികം മൈലുകൾ ആണ് ബോഡി ഫിറ്റ് ആക്കുന്നതെന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് എല്ലാ യാത്രയും’, അച്ചൻ വേഗത്തിൽ നടപ്പുത്തുടർന്നു.
‘അച്ചൻ നാട്ടിൽ പോകാറുണ്ടോ?’, വീണ്ടും കുത്തനെയുള്ള കയറ്റം കയറിത്തുടങ്ങിയപ്പോൾ അതിന്റെ കാഠിന്യം തെല്ല് കുറക്കാനെന്നവണ്ണം അയാൾ അച്ചനോട് ചോദിച്ചു.
‘പിന്നെ, പോകാറുണ്ട്’, തെല്ലുനേരം കഴിഞ്ഞ് എന്തോ ഓർത്തിട്ടെന്നവണ്ണം അച്ചൻ കൂട്ടിച്ചേർത്തു, ‘ഇപ്പോൾ പോയിട്ട് വർഷങ്ങളായി.’
‘നാട്ടിലിപ്പോൾ ആരൊക്കെയുണ്ട്?’ ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്നുതോന്നി.
അച്ചൻ അതിന് മറുപടി തന്നില്ല. ആ ചോദ്യം അച്ചനെ എന്തൊക്കയോ ഓർമകളിലേക്ക് കൊണ്ടുപോയി എന്നു തോന്നി. പിന്നീട് അച്ചൻ നിശ്ശബ്ദനായിരുന്നു.
മലയിലൂടെയുള്ള ആ കൽപ്പാത അനന്തമായ ഒരു കയറ്റമായി തോന്നിത്തുടങ്ങി. ഈ ജീവിതവും ഒരു അന്തമില്ലാത്ത കയറ്റമായിരിക്കുമോ?
ഏറെ ദൂരം മല കയറിയപ്പോൾ ഒരു പരന്ന പ്രദേശത്ത് എത്തി. അവിടെ മലയിൽനിന്ന് പുറത്തേക്ക് ഉന്തി നിൽക്കുന്ന പാറയിൽനിന്നുനോക്കിയാൽ തിരുവണ്ണാമല മൊത്തമായി കാണാം. താഴെ തമിഴ് വാസ്തുവിദ്യയിലെ ഒരു വിസ്മയം പോലെ അരുണാചലേശ്വര ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിലെ അഗ്നിയുടെ സ്ഥലമാണ്. അഗ്നിയെ കുറിച്ചാലോചിച്ചപ്പോൾ വയറു കത്തി.
‘നല്ല വിശപ്പ്’, ഉറക്കെ പറഞ്ഞുപോയി.
‘വഴിയുണ്ടാക്കാം’, അച്ചൻ പറഞ്ഞു.
‘വാ, നേരം കളയണ്ട’ അച്ചൻ വീണ്ടും കല്പാതയിലൂടെ നടന്നു തുടങ്ങി. ഭാഗ്യം! അതൊരു ഇറക്കമാണ്. ഒരു ചെറിയ ഇറക്കം കഴിഞ്ഞപ്പോൾ വീണ്ടും കുത്തനെ ഉള്ള കയറ്റം തുടങ്ങി. തന്റെ ജീവിതം പോലെ ഈ കയറ്റവും ഇറക്കവും തന്നെ വലയ്ക്കുകയാണോ?
ചെറുതെങ്കിലും വീണ്ടും കയറ്റവും ഇറക്കവും ആവർത്തിച്ചപ്പോൾ ആശ്രമം അടുത്തായിരിക്കും എന്ന് ഉള്ളിൽ നിന്നും ആരോ പറഞ്ഞു. എപ്പോഴൊക്കെ ഉള്ളിൽ നിന്ന് വരുന്ന ആ സ്വരം ശ്രദ്ധിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് ശരിയായിരുന്നിട്ടുണ്ട്. സ്കന്ദാശ്രമം അടുത്തായിരുന്നു.
ഒരു വലിയ പാറയോട് ഓരം ചേർന്ന് മലയുടെ ചെരുവിലെ ഹരിതാഭമായ ശാന്തതയിൽ സ്കന്ദാശ്രമം. രമണ മഹർഷി ഏഴു വർഷത്തോളം തപസ്സ് ചെയ്ത സ്ഥലമാണ്. അദ്ദേഹം സ്വന്തം അമ്മക്ക് ജ്ഞാനം കൊടുത്ത സ്ഥലവും. രമണ മഹർഷി തപസ്സ് ചെയ്ത ചെറിയ മുറിയിൽ കയറി ധ്യാനത്തിലിരിക്കാൻ ശ്രമിച്ചു. മനസ്സ് പമ്പരം പോലെ കറങ്ങുകയാണ്. കടിച്ചു പിടിച്ച് കുറച്ചു നേരം ഇരുന്നപ്പോൾ അത് ഊഞ്ഞാലാടിത്തുടങ്ങി. ഓർമ്മകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക്, വീണ്ടും ഓർമകളിലേക്ക്, കുറ്റപ്പെടുത്തലുകളും ആശങ്കകളുമായി മനസ്സ് ഊഞ്ഞാലാടിക്കൊണ്ടിരുന്നു. ധ്യാനത്തിനുള്ള ശ്രമം ഉപേക്ഷിച്ചു എഴുന്നേറ്റ് ആശ്രമ പരിസരം കണ്ട് നടന്നു. ആദ്യമായാണ് ഈ ആശ്രമത്തിൽ വരുന്നത്. ആശ്രമത്തിന്റെ കൽപ്പടവുകളിറങ്ങി താഴെയുള്ള വെള്ളച്ചാട്ടത്തിന്റെ അരികിൽ പോയി നിന്നു. വെള്ളച്ചാട്ടത്തിന്റെ ശബ്ദം മനസ്സിനെ കുറച്ചു ശാന്തമാക്കി. ‘ഇതും ഒരു ധ്യാനമാണ്’ രമണമഹർഷി മനസ്സിൽ പകർന്നുതരുന്നതായി തോന്നി.
‘വിശക്കുന്നില്ലേ?’ പിറകിൽ നിന്നുള്ള ചോദ്യം കേട്ട് ഞെട്ടിതിരിഞ്ഞു നോക്കി. അച്ചനാണ്.
അച്ചന്റെ കൂടെ മല ഇറങ്ങി തുടങ്ങിയപ്പോൾ കരുതിയത് കല്പാതയിലെ അച്ചനറിയാവുന്ന ഏതെങ്കിലും കച്ചവടക്കാരിയിൽ നിന്നായിരിക്കും ഭക്ഷണം കഴിക്കാൻ പോകുന്നത് എന്നാണ്. പക്ഷെ പെട്ടെന്ന് അച്ചൻ കാട്ടിലേക്കിറങ്ങി നടന്നപ്പോൾ തെല്ല് ആശ്ചര്യം തോന്നി. ഒന്നും മിണ്ടാതെ അച്ചനെ പിന്തുടർന്നു. വീണ്ടും മുകളിലേക്കാണ് അച്ചൻ കയറുന്നത്. അവിടെ ഒരു നടപ്പാതയൊന്നും കണ്ടില്ല. പല സ്ഥലത്തും നഗ്നമായ പാദങ്ങൾ മണ്ണിൽ ചവിട്ടുമ്പോൾ എന്തൊക്കയോ കാലിൽ ചെറുതായി കുത്തിക്കൊള്ളുന്നപോലെ തോന്നി.
ഏറെ മുകളിലേക്ക് കയറിയപ്പോൾ സ്കന്ദാശ്രമം മലഞ്ചെരുവിൽ, മലയുടെ മാറോട് ചേർത്ത് കിടക്കുന്ന ഒരു കുഞ്ഞായി കാണപ്പെട്ടു. വീണ്ടും മരങ്ങൾക്കിടയിലൂടെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ മലയുടെ മുകളിലേക്ക് കയറിയപ്പോൾ വിശപ്പ് ഇല്ലാതായി. അച്ചൻ മുന്നോട്ട് മാത്രം ശ്രദ്ധിച്ചു കയറ്റം കയറുകയാണ്.
ഏകദേശം മലയുടെ മുകളിലെത്താറായപ്പോൾ അച്ചൻ ചെരുവിലേക്കുള്ള ഒരു നടപ്പാതയിലൂടെ വശത്തേക്കിറങ്ങി. ഇത്രസമയവും കാണാതിരുന്ന ഒരു നടപ്പാത പെട്ടെന്ന് അവിടെ മാത്രം എങ്ങനെയുണ്ടായെന്ന് അത്ഭുതപ്പെട്ടു. വലിയ പടർപ്പുകൾക്കിടയിലിലൂടെയാണ് ആ പാത. ഇത്ര നേരവും കണ്ടിരുന്ന നരച്ച പച്ചപ്പിൽ നിന്നും തെളിമയുള്ള പച്ചയുടെ കടുത്തതും മഞ്ഞ നിറഞ്ഞതുമാർന്ന നിറപകർച്ചകളിലേക്ക് കാട് മാറുന്നത് ഇവിടെ കാണാം. അത് കടന്നെത്തുന്നത് തെളിമയുള്ള ഒരു പാറപ്രദേശത്തേക്കാണ്. കാട്ടുമരങ്ങളും നിറയെ കായ്കളും പഴങ്ങളും നിറഞ്ഞ കുറ്റിച്ചെടികളും ചുറ്റും നിൽക്കുന്ന തെളിഞ്ഞ പാറപ്പുറം.
‘ഈ പഴങ്ങൾ നല്ല സ്വാദുള്ളതാണ്’, ചുവപ്പിൽ നിന്നും മഞ്ഞയിലേക്ക് പടരുന്ന നിറമുള്ള കാട്ടുപഴങ്ങളിൽ ഒന്ന് പൊട്ടിച്ചെടുത്തു കൊണ്ട് അച്ചൻ പറഞ്ഞു. അപ്പോഴേക്കും വിശപ്പ് മുഴുവൻ പോയിരുന്നു. എങ്കിലും കൊള്ളാവുന്ന ഒരു പഴം പറിച്ചെടുത്തു കഴിച്ചു നോക്കി. പുളിപ്പും തെല്ലു ചവർപ്പും മധുരവും കൂടിക്കലർന്ന ഒരു രുചി. രുചിയേക്കാൾ ഇഷ്ടപ്പെട്ടത് ആ പഴത്തിന്റെ ഗന്ധമാണ്. വല്ലാത്ത വശ്യത ഉള്ള ഒരു മണം. വീണ്ടും ഒന്നുകൂടി പറിച്ചെടുത്ത് കൂടുതൽ ആസ്വദിച്ച് മെല്ലെ കഴിച്ചു. ഈ പഴം ഇഷ്ടപ്പെടാൻ മറ്റൊരു കാരണവും കൂടി തിരിച്ചറിഞ്ഞു. അത് അതിന്റെ ടെക്സ്റ്റ്ർ ആണ്. നാവിൽ അതൊരു സ്പർശനത്തിന്റെ നവ്യാനുഭവം കൂടി തരുന്നുണ്ട്.
അപ്പോഴേക്കും അച്ചൻ ഒരു പാറപ്പുറത്തു കയറിയിരുന്ന് ധ്യാനനിമഗ്നനായി. അടുത്തുള്ള പാറയിൽ കയറി ചമ്രം പടിഞ്ഞിരുന്നു. കാലുകൾ പാറപ്പുറത്ത് അമരുമ്പോൾ ഉള്ള വേദന! ആകാശത്തിന് അഭിമുഖമായാണ് ഇരുന്നത്. ഇപ്പോൾ മേഘങ്ങൾക്കൊപ്പമാണെന്നു തോന്നി. വെയിൽ മാഞ്ഞിരുന്നു. നന്നായി കാറ്റ് വീശുന്നുണ്ട്. താഴെ കളിവീടുകൾ ചേർത്തുവെച്ചുണ്ടാക്കിയ പോലെ ഒരു പട്ടണം. അത് എത്ര ചെറുതാണെന്ന് തോന്നി. അതിലെ ജീവിതങ്ങളും.
കണ്ണുകളടച്ച് ധ്യാനത്തിലിരുന്നു. ശ്വാസം നാസാരന്ധ്രങ്ങളിൽ തട്ടുന്നതിന്റെ ചൂടും തണുപ്പും അറിഞ്ഞു. അത് ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ എപ്പോഴോ ചുറ്റുപാടുമായുള്ള ബന്ധം മുറിഞ്ഞു. മനസ്സെങ്ങോ പോയി മറഞ്ഞു. താനും പ്രകൃതിയും രണ്ടാണെന്ന മിഥ്യ അലിഞ്ഞലിഞ്ഞു പോയി. നൈസർഗിക ഐക്യത്താൽ ബോധം മറഞ്ഞു.
കണ്ണുകൾ തുറന്നപ്പോൾ ഏറെ നേരം കഴിഞ്ഞിരുന്നു. മുന്നിലെ ആകാശത്ത് കണ്ടിരുന്ന വെൺമേഘങ്ങൾ കനം തൂങ്ങി കാളിമയാർന്നിരിക്കുന്നു. അച്ചൻ തന്നെ കൗതുകത്തോടെ നോക്കുന്നുണ്ട്.
‘മൂന്ന് മണിക്കൂറോളമായി. നന്നായി’ അച്ചൻ പറഞ്ഞു തീരുന്നതിനുമുൻപേ മഴ പെയ്തു തുടങ്ങി.
‘ഇങ്ങോട്ട് പോരെ, രഞ്ജൻ.’ കൂട്ടത്തിൽ അല്പം ഉയരമുള്ള ഒരു മരത്തിന്റെ താഴത്തെ വള്ളിപടർപ്പിന്റെ നടുവിലേക്ക് കയറിനിന്നുകൊണ്ട് അച്ചൻ വിളിച്ചു. ഓടി അകത്തുകയറിയപ്പോഴേക്ക് പുറത്തു മഴ കനത്തു. മരത്തിന്റെയും വള്ളി പടർപ്പിന്റെയും ഇലചാർത്തുകൾക്കിടയിലൂടെ തെറിച്ചു വരുന്ന ചെറിയ തുള്ളികൾ മാത്രമേ അവിടെ നിൽക്കുമ്പോൾ ദേഹം നനയ്ക്കുന്നുള്ളു.
വള്ളിപ്പടർപ്പിലെ നിശ്ശബ്ദത മഴയുടെ താളവുമായി ഇഴചേർന്നപ്പോൾ അച്ചൻ പറഞ്ഞു തുടങ്ങി: ‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സെമിനാരിയിൽ ചേർന്നതാണ്. അങ്ങ് വടക്കേ ഇന്ത്യയിൽ. അതിന് എത്രയോ മുൻപേ വീടുമായുള്ള ബന്ധം മാനസ്സികമായി മുറിഞ്ഞതാണ്’, അച്ചൻ ഒന്ന് നിർത്തി. ആ മുഖത്തേക്ക് ബാല്യത്തിലെ ഓർമകളൊക്കെയും ഇരച്ചെത്തി കാർമേഘമായി പടരുന്നത് കണ്ടു.
‘ഞാൻ അറിയാത്ത തെറ്റിനാണ് അമ്മ എന്നോട് അകന്നത്. അപ്പൻ എപ്പോഴും അകലത്ത് തന്നെ ആയിരുന്നു. ആൺകുട്ടികളോട് സ്നേഹം കാണിച്ചാൽ അവർ വഴി തെറ്റുമെന്നും തലയിൽ കയറുമെന്നും അന്നത്തെ ഒരു നാട്ടുവിശ്വാസം ആണല്ലോ.’
‘ഈ ബാല്യം നമ്മെ പിന്തുടരുന്ന പോലെ മറ്റെന്താണ് നമ്മെ പിന്തുടരാൻ ഉള്ളത്?’ അച്ചൻ പുറത്തെ മഴയിലേക്ക് നോക്കി. മഴ തിമിർത്തു പെയ്യുകയാണ്. ഇലപ്പടർപ്പുകളുടെ ഇടയിലൂടെ താഴേക്ക് വീഴുന്ന മഴത്തുള്ളികളുടെ എണ്ണം പെരുകിയിട്ടുണ്ട്.
‘ഏറെ നാൾ നീതിയും അനീതിയും ശരിയും തെറ്റുകളുമൊക്കെ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ആരോടും ദേഷ്യമില്ല. നമുക്ക് പറഞ്ഞിട്ടുള്ള ജീവിതം നമ്മളെകൊണ്ട് ജീവിപ്പിക്കാൻ വേണ്ടി നമ്മെ വഴി തിരിച്ചുവിടാൻ ഓരോ വേഷം കെട്ടേണ്ടിവരുന്ന പാവം മനുഷ്യർ’ അച്ചന്റെ കണ്ണുകളിൽ ആർദ്രത നിറഞ്ഞു. ആ മനസ്സിലെ സ്നേഹം മഴത്തുള്ളികൾ പോലെ ചിതറി തെറിച്ചു. കണ്ണുകൾ പൂട്ടി അച്ചന്റെ വാക്കുകൾ കേട്ടു. തന്റെയും മനസ്സിലെവിടെയൊക്കെയോ ആ വാക്കുകൾ ആഴത്തിൽ പതിയുന്നു.
മഴ ഒട്ടൊന്ന് കുറഞ്ഞപ്പോൾ രണ്ടുപേരും മലയിറങ്ങാൻ തുടങ്ങി. കല്ലുകൾ പാകിയ പാതയിൽ എത്തുന്നതുവരെ മലയിറക്കം പ്രയാസമായിരുന്നു.
അച്ചന്റെ വീട്ടിലേക്കുള്ള വഴി വെള്ളവും ചേറും നിറഞ്ഞു കൂടുതൽ ദുർഘടമായിരിക്കുന്നു. വനം വകുപ്പിന്റെ റോഡ് മുകളിലെ തടാകത്തിന്റെ അടുത്തെത്തിയപ്പോൾ സ്ഥിതി ആകെ മാറി. തടാകത്തിലെ വെള്ളം നിറഞ്ഞു തുളുമ്പി ചെരിവിൽ ഒരു ചെറിയ വെള്ളച്ചാട്ടമായി റോഡ് മുറിച്ചു ഒഴുകുകയാണ്. മുട്ടോളമുണ്ട് വെള്ളം. നല്ല ശക്തമായ ഒഴുക്കും. റോഡിലെ വെള്ളം താണ്ടി അച്ചന്റെ വീട്ടിലേക്കുള്ള പാതയിലെത്തിയപ്പോൾ വെള്ളം അരയോളമായി. പറമ്പുകൾ നിറഞ്ഞു കവിഞ്ഞു വെള്ളം ഒഴുകുകയാണ്. അച്ചന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. വാതിൽ തുറന്നപ്പോൾ മുട്ടോളം വെള്ളമുണ്ട്. അൾത്താരയുടെ മുകളിലെ വാർക്ക ചോർന്ന് അൾത്താരയാകെ നനഞ്ഞു കുതിർന്നിരുന്നു.
അകത്തെ മുറിയിലേക്ക് ചെന്ന് തന്റെ ബാഗ് തിരഞ്ഞു. ഭാഗ്യം. അത് ഒരു മേശയുടെ മുകളിലാണിരിക്കുന്നത്. മലയിലേക്ക് പോകുന്നതിന്റെ മുൻപ് മുടിചീകാൻ ചീപ്പ് എടുത്തിട്ട് ബാഗ് തറയിൽ വെക്കാൻ മറന്നതാണ്.
രാത്രി, മഴ കൂടാൻ സാധ്യത ഉള്ളതിനാൽ ഇപ്പോൾ തന്നെ മടങ്ങുന്നതാണ് നല്ലതെന്ന് തോന്നി. നേരം സന്ധ്യ ആകുന്നതേയുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും ബസുണ്ടാകും. അച്ചൻ അൾത്താരയുടെ അടുത്ത് ഒരു മേശമേൽ കയറിയിരിക്കുകയാണ്.
‘ഇറങ്ങുകയാണോ?’ അച്ചൻ ചോദിച്ചു.
‘അതെ.’ അയാൾ പറഞ്ഞു. ‘അച്ചൻ വരുന്നില്ലേ, ഇവിടെ എങ്ങനെയാണ് രാത്രി കഴിയുന്നത്?’
‘അത് സാരമില്ല. അടുക്കളയിൽ ഒരു മേശ കൂടിയുണ്ട് . ഞാൻ അതും ഇതും കൂട്ടിയിട്ട് ഇവിടെ കിടക്കും. മഴ പെയ്യുന്ന ദിവസങ്ങളിൽ കള്ളൻ ഇറങ്ങാറുണ്ടെന്നാണ് പറയുന്നത്.’ വെള്ളപ്പൊക്കത്തെക്കാൾ അച്ചൻ കള്ളനെ പേടിക്കുന്നുണ്ട്. അയാൾ അച്ചനോട് യാത്ര പറഞ്ഞിറങ്ങി.
▮
രാത്രി മഴ പെയ്‌തില്ല.
വെള്ളവും ഒട്ടൊക്കെ ഇറങ്ങിത്തുടങ്ങിയിരുന്നു. അച്ചന്റെയും അയൽക്കാരുടെയും വീടുകളിരിക്കുന്ന കരഭൂമിക്കപ്പുറം കുറച്ചു താഴ്ചയുള്ള പ്രദേശമാണ്. വെള്ളം അങ്ങോട്ട് ഒഴുകികൊണ്ടിരിക്കുന്നു. പൗർണമി ആയതിനാൽ പുറത്തു നല്ല വെളിച്ചമുണ്ട്. അച്ചൻ മേശമേൽ നിന്നിറങ്ങിയിരുന്നില്ല. അൾത്താരയിലെ ഭിത്തികളിൽ ഒലിച്ചിറങ്ങിയ വെള്ളപ്പാടുകളെ അച്ചൻ നോക്കിയിരുന്നു. ആ പാടുകൾ ധ്വനിപ്പിക്കുന്ന രേഖാചിത്രങ്ങളിൽ ക്രിസ്തുവും രമണയും സംഗമിക്കുന്നതായി അച്ചന് തോന്നി. സഭയുടെ കുർബാന പുസ്തകവും ബൈബിളും നനഞ്ഞു കുതിർന്നിരുന്നു. കൂടെ വച്ചിരുന്ന രമണയുടെ പുസ്തകങ്ങളും.
അച്ചൻ പുറത്തേക്ക് നോക്കി.
നിലാവ് പരന്നു കിടക്കുന്ന പറമ്പിൽ ഒരു ആളനക്കം പോലെ. ‘കള്ളനായിരിക്കും’ അച്ചൻ മനസ്സിൽ പറഞ്ഞു. അച്ചൻ മേശപ്പുറത്തു നിന്നിറങ്ങി. കിടപ്പുമുറിയുടെ മൂലയിൽ കട്ടിലിനോട് ചേർന്ന് ചാരിവച്ചിരിക്കുന്ന കാപ്പി വടിയെടുത്തു. കുടുംബസ്വത്ത് എന്ന് പറയാവുന്ന ഏക സാധനം അതാണ്. ഏറെ വർഷങ്ങക്കുമുമ്പ് നാട്ടിൽ പോയപ്പോൾ വീട്ടിലെ പറമ്പിൽ നിന്നും വെട്ടിക്കൊണ്ടുവന്നതാണ് അത്. കള്ളനെ അടിക്കാൻ. നനഞ്ഞു കുതിർന്ന തലയിണയുടെ അടിയിൽ സെർച്ച് ലൈറ്റ് പരതി. അത് ജർമനിയിൽ നിന്നുള്ള മടങ്ങിവരവിൽ കൂടെ കരുതിയതാണ്. ഏറെ വർഷങ്ങൾ ഇവിടെ ജീവിച്ചപ്പോൾ ഇരുട്ടിലൂടെയും തെളിച്ചത്തോടെ നടക്കാൻ പഠിച്ചു. അത് കൊണ്ട് സേർച്ച് ലൈറ്റ് ഉപയോഗിച്ചിരുന്നില്ല. അത് എടുത്തു സ്വിച്ചമർത്തിയപ്പോൾ കത്തുന്നില്ല. വെള്ളം അതിനുള്ളിലും കടന്ന് കേടുവരുത്തിയിരിക്കുന്നു.
അച്ചൻ നനഞ്ഞു ഒട്ടിയ മുണ്ടുമാറി അയയിൽ കിടന്ന പാന്റസും ഷർട്ടും ധരിച്ചു. കാപ്പിവടി കയ്യിൽ എടുത്തു. വീട് പൂട്ടിയില്ല. പുറത്തിറങ്ങി വീടിന് ചുറ്റും നടന്നു. നല്ല നിലാവുള്ളത് കൊണ്ട് ദൂരത്തിൽ കാണാം. ആ പറമ്പിലും പരിസരത്തും ആരെയും കണ്ടില്ല. അച്ചൻ ഫോറെസ്റ്റ് വഴിയിലേക്ക് നടന്നു. ഏരിയിൽ നിന്നും അപ്പോഴും ചെറുതായി വെള്ളം ഒഴുകുന്നുണ്ട്. അത് ചെരുവിലൂടെ ഒലിച്ചിറങ്ങി റോഡിൽ ഒരു ചെറിയ പാളിയായി ഒഴുകുന്നു. ഒറീസ്സയിലെ സ്കൂളിൽ കുട്ടികളെ ലീനിയർ ഫ്ലോയും ടർബുലന്റ് ഫ്ലോയും പണ്ട് പഠിപ്പിച്ചത് ഓർത്തു. എല്ലാം മറന്നു കിടക്കുകയായിരുന്നു. കൂമൻ കൂവുന്നുണ്ട്. അത് അപരിചിതരെ കണ്ടിട്ടാണെന്ന് പണ്ട് അമ്മ പറഞ്ഞിട്ടുള്ളത് ഓർമ വന്നു. കുട്ടികാലത്ത് രാത്രിയിൽ പറമ്പിൽ നിന്ന് കൂമൻ കൂകുമ്പോൾ അമ്മ പറയും. ‘മോനെ, നമ്മുടെ പറമ്പിൽ ആരോ കയറിയിട്ടുണ്ട്’ കള്ളന്റെ കാലൊച്ചകൾക്കായി ചെവി കൂർപ്പിച്ചിരിക്കും. നെഞ്ച് പടപട മിടിക്കും. അപ്പോൾ അപ്പുറത്തെ ചായ്പ്പിൽ അപ്പൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നുണ്ടാകും.
കൂമൻ കൂവുന്ന ദിക്കിലേക്കുനടന്നു. നടന്നെത്തിയത് വനം വകുപ്പിന്റെ മതിൽ കെട്ടിനപ്പുറത്തെ ഗ്രാമീണരുടെ കോളനിയിലാണ്. പശുതൊഴുത്തുകളിൽ നിന്നും ചാണകം ഒലിച്ചിറങ്ങി കുഴമണ്ണുമായി ചേർന്ന് നടത്തം ദുർഘടമാക്കിയിട്ടുണ്ട് ആ പ്രദേശത്ത്. വീടുകളിൽ എല്ലാവരും നല്ല ഉറക്കത്തിലാണ്. തിണ്ണയിൽ നിന്നും ഇറങ്ങിവന്ന ചില പട്ടികൾ അച്ചനെ മണത്ത് വാലാട്ടി തിരിച്ചുപോയി. ഏറെ വർഷങ്ങായി അവർ അച്ചനെ കാണുന്നതാണ്. കുറെ കൂടി മുന്നോട്ട് നടന്നപ്പോൾ റോഡിനോട് ചേർന്ന് തൊഴുത്തുള്ള ഒരു വീടിന്റെ മുന്നിലെ മരത്തിനിപ്പുറം ഒരു നിഴൽ അനക്കം. കുറെ കൂടി ജാഗ്രതയോടെ ശബ്ദം കേൾപ്പിക്കാതെ നടന്നു. കള്ളൻ മരത്തിനുമറവിൽ പതുങ്ങി നിൽക്കുകയാണ്. അടുത്തെത്തിയപ്പോൾ അവന്റെ കഴുത്തിൽ പിടിച്ചു. ആഫ്രിക്കയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അവിടുത്തെ ഗോത്രവർഗ്ഗക്കാർ പഠിപ്പിച്ചു തന്ന മർമ വിദ്യ കയ്യിലുണ്ട്. കള്ളൻ ഒരു ശബ്ദം പോലും പുറപ്പെടുവിക്കാനാവാതെ അനങ്ങാതെ പിടിയിലൊതുങ്ങി. അവൻ തലയിൽ ഒരു കെട്ടുകെട്ടി മുഖം മറച്ചിട്ടുണ്ട്. അവന്റെ കാലുകളിക്കിടയിൽ തന്റെ കാലുകൾ കടത്തി അച്ചൻ ഒരു പൂട്ട് കൂടിയിട്ടു. ഇനി അവന് ഓടാനാവില്ല. അച്ചന് ഒരാശ്വാസം തോന്നി.
അവന്റെ കഴുത്തിൽ നിന്നും കയ്യ് എടുത്തു അവന്റെ കൈകൾ പൂട്ടിപിടിച്ചു കൊണ്ട് അച്ചൻ പറഞ്ഞു, ‘ഞാനും നിന്റെ കൂടെ കക്കാൻ വരാം.’
അവൻ വിശ്വാസം തോന്നാതെ അച്ചനെ നോക്കി. ‘നിനക്ക് എന്താണ് കക്കേണ്ടത്?’
അവന് അത് നിശ്ചയമുണ്ടായിരുന്നില്ല. അവൻ തെല്ലുനേരം പകച്ചു നിന്നു, ‘ഞാൻ കക്കാനല്ല വീടുകളിൽ കയറുന്നത്.’ അവൻ പറഞ്ഞു.
‘പിന്നെ?’
‘അച്ഛനും അമ്മയും കുഞ്ഞിനെ ചേർത്ത് പിടിച്ചു ഉറങ്ങുന്നത് കാണാൻ’ അവൻ പറഞ്ഞു.
‘നീ വല്ലതും കഴിച്ചോ?’ അച്ചന്റെ കണ്ഠമിടറി. അച്ചന്റെ പൂട്ട് പിടുത്തങ്ങൾ അയഞ്ഞു.
‘ഈ ചോദ്യം ചെറുപ്പത്തിൽ ഞാൻ എന്റെ അച്ഛനിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതാണ്.’ അവൻ തേങ്ങി.
അച്ചൻ അവനെ ചേർത്ത് പിടിച്ചു. അവന്റെ ഉള്ളം നിറഞ്ഞു. അവൻ അച്ചനെ കെട്ടിപിടിച്ചു ചുംബിച്ചു. അച്ചന് കരച്ചിൽ വന്നു. ആദ്യമായാണ് ഒരാൾ തന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നത്.
‘നമ്മുക്ക് പോകാം’ അച്ചൻ പറഞ്ഞു.
‘ഞാൻ ആഫ്രിക്കയിലേക്ക് തിരിച്ചുപോകുകയാണ്. ഈ കുപ്പായങ്ങൾ ഒന്നുമില്ലാതെ’
അച്ചന് ആത്മാവിശ്വാസം കൈവന്നിരിക്കുന്നു.
‘ഞാൻ ജീവിതത്തിലേക്കും. എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണെനിക്കുണ്ട്.’ അയാൾ പറഞ്ഞു.
നഗരത്തിലേക്ക് കൈകൾ കോർത്ത്, നിറഞ്ഞ മനസ്സോടെ അവർ നടക്കുമ്പോൾ അച്ചൻ ചോദിച്ചു, ‘എന്താ നിന്റെ പേര്?’
‘രഞ്ജൻ’ അയാൾ പറഞ്ഞു.