ശ്രീകാന്ത് ശിവദാസൻ

ഖാലിദിന്റെ കാറ്റ്

രാൾ ബാത്ത് ടബ്ബിൽ മരിച്ചുകിടക്കുന്ന ദൃശ്യത്തെ കുറിച്ച് ആലോചിട്ടുണ്ടോ? ശവപ്പെട്ടി പോലെ, ഗർഭാശയം പോലെ വളരെ സ്വകാര്യമായ ഒന്നാണ് ബാത്ത് ടബ്ബ്. മരണത്തെ ദൃശ്യവൽകരിക്കുന്ന ഒന്ന്.

ചോരവാർന്ന് ബാത്ത് ടബ്ബിൽനിന്ന് പുറത്തേക്ക് നീളുന്ന കൈകൾ മരണത്തിന്റെ ഏറ്റവും സ്റ്റൈലിഷ് ദൃശ്യമാണ്. ബാത്ത് ടബ്ബുള്ള വീടുകളുണ്ടാവും. പക്ഷേ ദിയക്ക് ബാത്ത് ടബ്ബുള്ള വീടുകളിൽ കഴിയുന്ന ആളുകളുമായി സമ്പർക്കം കുറവാണ്. ബാത്ത് ടബ്ബ് ഒരു ഹോട്ടൽ നിർമിതിയാണ്. അരണ്ട വെളിച്ചത്തിൽ നീണ്ടുകിടക്കുന്ന ഇടനാഴികൾ, തിരിവുകൾ, ലിഫ്റ്റ് ഡോറുകളുടെ പഴയ സക്‌സോഫോൺ സംഗീതം. റൂം ഫ്രഷ്നർ ഗന്ധമുള്ള മുറികൾ.

ബാത്ത് ടബ്ബിന്റെ അടുത്ത് നിഹാലിന്റെ പ്രിയപ്പെട്ട കത്തി കിടക്കുന്നു. അടുക്കളയിൽ നിന്നും കറിപ്പാത്രത്തിൽ നിന്നും ഇറങ്ങിവരുന്ന കത്തികൾക്ക് ഒരു വ്യക്തിത്വം കിട്ടുന്നത് ഒരു കൊലപാതകമോ ആത്മഹത്യയോ നടക്കുമ്പോഴാണ് എന്നാണ് നിഹാലിന്റെ പക്ഷം, അല്ലെങ്കിൽ കയർ മുറിക്കാനോ, വാഴ വെട്ടാനൊക്കെയേ അതു ഉപകരിക്കൂ. നിഹാലിന്റെ ബ്ലാക്ക് ഹൗക്കിന്റെ നൈറ്റ് എഡ്ജ് അഥവാ രാത്രിയുടെ അറ്റം എന്നു പേരുള്ള കത്തി പക്ഷേ അടുക്കളയിൽ കേറാറില്ല. നിഹാൽ മരിച്ച സമയത്തെ കുറിച്ച് ദിയ അപ്പോൾ ചിന്തിച്ചു. പുലർച്ചെ 5 മണിക്ക് ദൽഹിയിൽ ആസാൻ മുഴുങ്ങും. അതാണ് രാത്രിയുടെ അറ്റം എന്ന് തന്നോടൊപ്പം കിടക്കുമ്പോൾ അവൻ പറഞ്ഞിട്ടുണ്ട്. അതിന് മുന്നേ അവൻ മരിച്ചിരുന്നിരിക്കും.

പുരാതനതയെ ഓർമ്മപ്പെടുത്തുന്ന വാസ്തുവിദ്യ നിറഞ്ഞുനിൽക്കുന്ന ആ ഹോട്ടൽ മുറിയിൽ നിന്ന് ദിയ ഇറങ്ങാൻ തിരിഞ്ഞു. റിഗോർ മോർട്ടിസ് വരുന്നതിനു മുന്നേ അവനെ ചുംബിക്കണോ എന്ന് ആലോചിച്ചു. വേണ്ടെന്ന് കരുതി മുന്നോട്ടു നടന്നു.

മഞ്ഞ കർട്ടൻ ഉള്ള മുറിയിൽ നിന്നാണ് ദിയയെ അവൻ കാണുന്നത്. അവന് അന്ന് ബിന്ദു മാലിനിയുടെ ഒരു ഈണം മനസിൽ വന്നു എന്ന് പറഞ്ഞിരുന്നു. അവനു ഓരോ ഇടത്തിനും ഓരോ പാട്ടുണ്ട്. അവിടത്തെ ആ മുറിക്ക് അവനിട്ടത് ഒരു തമിഴ് ഗാനത്തിന്റെ ഈണമായിരുന്നു

ദൽഹിയെന്നാൽ അവന് ഖവാലികളുടെ ഓർമ്മകളാണ്. കൂടെ അതിന്റെ പശ്ചാത്തല സംഗീതത്തിൽ വെളുത്ത മാർബിൾ തറയും മഞ്ഞയും പച്ചയും നിറമുള്ള തോരണങ്ങളും പനീർമണമുള്ള ദർഗകളും മനസിൽ വരും. നിഹാലിന്റെ മനസു നിറയെ മീസാൻ കല്ലുകളും ഇടുങ്ങിയ ഗല്ലികളും ടെറസിന്റെ മുകളിൽനിന്ന് കാണുന്ന വീടുകളുടെ മുകൾനിലകളും ഒക്കെയുള്ള കുറെ ആർക്കിടെക്ക്ച്ചറുകളാണ്. അവിടേക്ക് നോക്കുമ്പോൾ ഒരു 'പിയു ബൊലേ' അവന്റെ മനസിൽ ഓടും. പാട്ടുകളും സംഗീതവും നിഹാൽ തേടിപ്പിടിക്കുന്ന ഒന്നാണ്. ആർക്കിടെക്ക്ച്ചറാണ് ദിയയുടെ കൗതുകം.

"Architecture is frozen music, ദിയ. അതാണ് നമ്മൾ തമ്മിലുള്ള ബന്ധം’’, വൂൾഫ്‌ഗാങ് വോൺ ഗോത്തേയെ ഉദ്ധരിച്ചുകൊണ്ട് ഒരിക്കൽ അവൻ പറഞ്ഞു.

പഹർഗഞ്ചിലെ ആ ഹോട്ടൽ മുറിയിൽനിന്ന് ദിയ പുറത്തേക്കിറങ്ങി. നവംബർ മാസത്തെ കോട പരന്നു തുടങ്ങിയിരുന്നു. രാത്രിയുടെ കറുപ്പ് നീങ്ങി നീല പടർന്നിരിക്കുന്നു.

ഇത് നിഹാലിന് ഏറ്റവും ഇഷ്ടമുള്ള സമയങ്ങളിൽ ഒന്നാണ്. ഉറക്കത്തിനും ഉണർവിനും ഇടക്കുള്ള സമയം. രാത്രിയുടേയും പകലിൻ്റേയും ഇടക്കുള്ള സമയം. നിഹാൽ ഒരിക്കൽ പറഞ്ഞൊരു കഥയോർമ്മ വന്നു.

‘‘ദൽഹിയിലെ യമുനാഘട്ടിൽ സീഗള്ളുകളെ കാണാൻ നിഹാലും അവന്റെ സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് പോയി. യൂബറിൽ അവിടെ ചെന്ന് ഇറങ്ങുമ്പോൾ നദിയുടെ മുകൾപരപ്പിൽ നിന്ന് കോട വിട്ടു പോയിട്ടില്ല. കൂടെയുള്ളവർ നദിയുടെ അടുത്തേക്ക് നടന്നപ്പോൾ നിഹാൽ പെട്ടെന്ന് നിന്നു. അവിടെ ഗുസ്തി പരിശീലിക്കുന്ന അഖാറകളുടെ ഇടക്ക് പച്ച പെയിൻ്റടിച്ച മതിലിന്റെ തൊട്ടപ്പുറത്ത് ഒരു വാട്ടർ പമ്പ് ഉണ്ട്. അതിന്റെ കീഴെ കമ്പിളി പുതച്ച് ഒരു മനുഷ്യൻ തന്റെ നായക്ക് കൈ കുമ്പിളിൽ വെള്ളം കോരിക്കൊടുക്കുന്നു. അവൻ പതിയെ ചെന്ന് അവരുടെ ഒരു ഫോട്ടോ എടുത്തു. സൂര്യന്റെ വെളിച്ചം അവരുടെ തലക്ക് പിന്നിൽ അടിക്കുന്നുണ്ട്. നായയുടെ രോമങ്ങൾ സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. അവന്റെ ദേഹത്ത് വീണ വെള്ളത്തുള്ളികൾ കൂടി ആവുമ്പോൾ അതിനു അഭൗമമായൊരു ഭംഗിയുണ്ട്.

അയാൾ അവനെ നോക്കി. അപ്പോഴാണ് നിഹാൽ അവരെ ശരിക്കും ശ്രദ്ധിച്ചത്. നായയുടെയും അയാളുടേയും ഇടതു കണ്ണിനുമേലെ ഒരു മുറിപ്പാടുണ്ട്, പുരികം രണ്ടായി വെട്ടേറ്റതുപോലെ. നായക്ക് സൗമ്യമായൊരു ഭാവമില്ല. ഹിമാചൽ പ്രദേശിൽ കാണുന്ന ടിബറ്റൻ മാസ്റ്റിഫ് വിഭാഗത്തിന്റെ മറ്റൊരു ബ്രീഡായ 'ഗഡ്ഡി കുത്താ' എന്ന ബ്രീഡിൽ പെടുന്ന നായയാണ് അത്. അവർ പതിയെ നടന്ന് നിഹാലിന്റെ അടുത്തെത്തി.

"ഇസ്‌കോ കഹാ സെ മിലാ? ഹിമച്ചൽ സേ ലായ ക്യാ?’’, നിഹാൽ ചോദിച്ചു.

അയാൾ നിഹാലിനെ നോക്കി കുറച്ചുനേരം നിന്നു.
"വോ തോ ലമ്പി കഹാനി ഹേ. സിഗരറ്റ് ഹേ ആപ്‌ക്കെ പാസ്?" നിഹാൽ ഒരു സിഗററ്റ് അയാൾക്ക് കൊടുത്തു. അയാൾ അതു കത്തിച്ച് യമുനയിലേക്ക് നോക്കി നിന്നു. അവിടെ ആളുകൾ കൂട്ടമായി പക്ഷികൾ പാറുന്നത് നോക്കിനിൽക്കുന്നു. ഫോട്ടോഗ്രാഫർമാർ വിവിധ ആംഗിളുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നു. തന്റെ രണ്ടു സുഹൃത്തുക്കൾ ഒരു ബോട്ടെടുത്ത് നദിയുടെ നടുക്കിലേക്ക് പോയിരിക്കുന്നു.

"ഹിമാചലിലെ ജമാല ഗ്രാമത്തിലാണ് എന്റെ വീട്. ഞാൻ ജോലി ചെയ്യുന്നത് ഇവിടത്തെ ഒരു തിവാരിയുടെ വീട്ടിലാണ്. ഒരിക്കൽ കൊഞ്ചിക്കാനും കളിപ്പിക്കാനും ഒരു നായയെ വേണം എന്നും പറഞ്ഞ് തിവാരിയുടെ മകൻ വാശിയും കരച്ചിലുമായി. തിവാരി പല ബ്രീഡുകളിലുള്ള നായകളെ കൊണ്ട് വന്നു കൊടുത്തു നോക്കിയെങ്കിലും അതിനെയൊന്നും ജൂനിയർ തിവാരിക്ക് ഇഷ്ടമായില്ല. ആ സമയത്താണ് അവർ കുടുംബസമേതം ബഞ്ചാരിനടുത്തുള്ള ജിബിക്ക് ടൂർ പോയത്. അവിടെ അടുത്തായിരുന്നു എന്റെ വീട്. അവരെ ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു.

അവർ വരുമ്പോൾ ഞങ്ങളുടെ കുടുംബത്തിലെ പട്ടി പെറ്റ് കിടക്കുകയായിരുന്നു. പട്ടികുഞ്ഞുങ്ങളിൽ ഏറ്റവും തടിയുള്ള നായയെ തിവാരിയുടെ മകന് ഇഷ്ടമായി. അതിനെ അവർ ദൽഹിക്ക് കൊണ്ടു വന്നു. അവന് ഞങ്ങളിട്ട പേര് ഖാലിദ് എന്നായിരുന്നു. തിവാരി പക്ഷേ അവന്റെ പേര് മാറ്റി റൂഡി എന്നിട്ടു. ഖാലിദും തിവാരിയുടെ മകനും വളർന്നു. ഖാലിദ് അവരുടെ വളർത്തുനായ ആയി വളർന്നെങ്കിലും എപ്പോഴും എന്നോടൊരു അടുപ്പം കൂടുതലുണ്ടായിരുന്നു. എന്റെ മണം കിട്ടുമ്പോൾ അവന് വീടോർമ്മ വരുന്നതുകൊണ്ടാവും. തിവാരിയുടെ വീടിന് പുറത്തുള്ള തിണ്ണയിലായിരുന്നു ഞാൻ കിടക്കാറുള്ളത്. രാത്രി ഖാലിദിനെ അഴിച്ചു വിട്ടാൽ ഒന്ന് ചുറ്റിക്കറങ്ങി അവൻ പതിയെ എന്റെയടുത്ത് വന്നു കിടക്കും. അവന് ഭക്ഷണം കൊടുക്കുന്നതും ഞാനായിരുന്നു. അവനെ ഖാലിദ് എന്ന് തന്നെ ഞാൻ വിളിച്ചു. പൊതുവെ നായകൾ കാണിക്കുന്ന അമിതാവേശമോ അമിത സ്‌നേഹമോ ആരോടും കാണിക്കാതെ ഖാലിദ് ആ പ്രദേശത്തെ ഏറ്റവും വലിയ നായയായി വളർന്നു.

അന്നൊരു ബുധനാഴ്ചയായിരുന്നു. ഞാൻ തിവാരിയുടെ വീട്ടിലേക്ക് വരുമ്പോൾ പിൻവശത്ത് നിന്ന് എന്തോ ഒച്ച കേട്ട് അങ്ങോട്ട് ഓടി ചെന്ന് നോക്കി. നോക്കുമ്പോൾ തിവാരിയുടെ സ്റ്റഡുള്ള ബൂട്ട് വെച്ച് അയാളുടെ ഭാര്യ ഖാലിദിനെ തല്ലുകയാണ്. ആ സ്ത്രീ അവന്റെ മുഖത്തേക്ക് മാറി മാറി അടിക്കുന്നുണ്ട്. ഒരു അടി കൊണ്ട് മുഖം വെട്ടിച്ചപ്പോൾ അടി ഖാലിദിന്റെ കണ്ണിന് മുകളിൽ കൊണ്ടു. അവന്റെ പുരികത്തിൽ വെട്ടേറ്റ് ചോര തെറിച്ചു.

എന്നിട്ടും പക്ഷേ ഖാലിദ് മുരണ്ടില്ല.

ഇതു കണ്ട ഞാൻ പൊടുന്നനെ അവരെ തടഞ്ഞ് കാര്യം എന്താന്നെന്ന് ചോദിച്ചു, ‘എന്റെ ഒരു ലക്ഷം രൂപയുടെ ഫോൺ ആണ് അവന്റെ പല്ല് തട്ടി നാശമായത്. ഇനി അവൻ ഫോൺ കണ്ടാൽ ആ ഭാഗത്തോട്ടു നോക്കരുത്’, അവർ ദേഷ്യത്തിൽ മുരണ്ടു കൊണ്ടു പറഞ്ഞു.

‘ബാബിജീ ഇനി അവനെ തല്ലരുത്’ എന്നു പറഞ്ഞ് തടയുന്ന നേരത്ത് ഞാനറിയാതെ അവരുടെ കൈയിൽ കേറി പിടിച്ചു. അതു കണ്ടാണ് തിവാരി അങ്ങോട്ട് വരുന്നത്. കീഴ് ജാതിക്കാരനായ ഞാൻ അവരുടെ ഭാര്യയെ തൊട്ടതിന് അവിടെ ഇരുന്ന ഗോൾഫ് വടി എടുത്തു അയാൾ എന്റെ നെറ്റിക്ക് അടിച്ചു. എന്റെ കണ്ണിലേക്ക് ചോര തെറിച്ചു. കണ്ണ് കലങ്ങി ഞാൻ പുറകോട്ട് മറിഞ്ഞു. അപ്പോഴാണ് ഖാലിദ് എഴുന്നേൽക്കുന്നത്. അവൻ പതിയെ തല കുടഞ്ഞു. ക്രുദ്ധനായൊരു സന്ന്യാസി തല കുടയുന്നതുപോലെ. അവൻ പതിയെ മുരണ്ടു തുടങ്ങി. ചെന്നി വിറച്ചു തുടങ്ങി. അണപ്പല്ലുകൾ വെളിയിൽ കാണിച്ചു അവന്റെ തല മുന്നിലേക്കാഞ്ഞു. അവൻ ചീറി.

കാര്യം എന്താണ് എന്ന് മനസിലാവുന്നതിന് മുന്നേ കിച്ചൻ സ്‌ലാബിലേക്ക് ചാടി കയറി അവിടെ നിന്ന് പൊടുന്നനെ തിവാരിയുടെ കഴുത്ത് ലക്ഷ്യമിട്ട് അവൻ പാഞ്ഞു. തിവാരിയുടെ ഭാഗ്യത്തിന്, അയാളുടെ കൈ മുന്നോട്ടു വെച്ചു, കൈയിൽ ഖാലിദിന്റെ പല്ലുകൾ ആഴ്ന്നു. തിവാരിയുടെ ഭാര്യ ഞെട്ടിത്തരിച്ച് അവിടെയിരിക്കുന്ന പഴയ വാഷിങ് മെഷീനിലേക്ക് ചാഞ്ഞ് അനങ്ങാതെ നിന്നു.

കണ്ണിലെ ചോര തുടച്ചു കളഞ്ഞു ഞാൻ ചാടി എണീറ്റു. അവന്റെ കഴുത്തിന് ചുറ്റും പിടിച്ചു. അവന്റെ വായ എന്റെ കൈ കൊണ്ട് തുറപ്പിച്ചു പിടി വിടുവിച്ചു. കുറച്ചു നേരം കൂടി തിവാരിയെ നോക്കി അവൻ ചീറി. പിന്നെ അയാളുടെ ഭാര്യയെ നോക്കി. ചുണ്ടിലെ ചോര നാക്ക് കൊണ്ട് വടിച്ചെടുത്ത് അവൻ പതിയെ ഉള്ളിലേക്ക് നടന്നു. ഞാൻ ഖാലിദ് പോയ വഴിയെ നടന്നു. തിവാരിയും ഭാര്യയും എന്റെ പിന്നാലെ വന്നു. ഖാലിദ് തിവാരിയുടെ വീടിന്റെ ഹാളിൽ ചെന്നുനിന്നു. അവൻ അവിടെയുള്ള ഒരു ദിവാൻ കട്ടിലിൽ കേറി കിടന്നു. അവന്റെ നോട്ടത്തിൽ ഒരു അധികാരഭാവമുണ്ടായിരുന്നു. പൂച്ചകളിൽ മാത്രം കണ്ടുവരുന്ന തരത്തിലുള്ള കൂസലില്ലായ്മ.

അവൻ സ്വന്തം കൈ കൊണ്ട് ഒന്നുരണ്ട് വട്ടം മുറിഞ്ഞ് ചോരയൊഴുകുന്ന കണ്ണ് തുടച്ചു. തിവാരി പതിയെ ഫോൺ എടുക്കാൻ തിരിഞ്ഞപ്പോൾ അവൻ മുരണ്ടു. തിവാരി ഞെട്ടിത്തരിച്ച് നിന്നുപോയി.

സമയം കടന്നുപോയി.
അവന്റെ ഇരിപ്പ് കണ്ടപ്പോൾ വിശക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഞാൻ ഡോഗ് ഫുഡ് എടുത്തു വെച്ചിരിക്കുന്ന കബേർഡ് തുറന്നു അതൊരു പ്ലേറ്റിലേക്ക് മാറ്റി. അവനിരിക്കുന്ന ദിവാൻ കട്ടിലിന് താഴെ വെച്ച് കൊടുത്തു. അവൻ അനങ്ങാതെ എന്നെ തന്നെ നോക്കി നിന്നു. ഞാൻ ആ പ്ലേറ്റ് എടുത്തു കട്ടിലിന് മുകളിൽ വെച്ച് കൊടുത്തു. അവൻ പതുക്കെ അതു കഴിച്ചു. എന്നിട്ട് ചാടി ഇറങ്ങി അവിടെ ഇരിക്കുന്ന അക്വാറിയത്തിൽ തലയിട്ടു വെള്ളം കുടിച്ച് സ്വയം ഒന്ന് തല കുടഞ്ഞു, തിവാരിയെ നോക്കി പുറത്തേക്ക് നടന്നു. ഞാൻ അവനോടൊപ്പം പുറത്തോട്ടു നടന്നു.

എന്റെ റൂമിനടുത്തെത്തിയപ്പോൾ അവൻ നിന്നു. ഞാൻ പതിയെ ഉള്ളിലേക്ക് കടന്നു, എന്റെ ബാഗ് പാക്ക് ചെയ്തു പുറത്തേക്കിറങ്ങി. ഞാനപ്പോൾ ഇവൻ ഉദ്ദേശിക്കുന്നതെല്ലാം എനിക്ക് എങ്ങനെയാണ് മനസിലാവുന്നതെന്ന് ആലോചിക്കുകയായിരുന്നു. ഖാലിദ് പക്ഷേ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ വീടിന്റെ പുറത്തോട്ട് പോയി. പുറത്തെത്തിയപ്പോൾ ഞാൻ അവന്റെ ഒപ്പം ഇരുന്നു. ചോര വീണ നെറ്റി അവൻ തന്റെ ഇടം കൈകൊണ്ട് ഒന്ന് തുടച്ചു.

ഞാൻ അവന്റെ നെഞ്ചിൽ പതിയെ തട്ടി മുന്നോട്ട് നടന്നു. മജ്നു ക ട്ടില്ലയിൽ താമസിക്കുന്ന ഒരു സുഹൃത്തിന്റെ വീടായിരുന്നു എന്റെ ലക്ഷ്യം. അവന് അവിടെ റമ്യൂണും മോമോസും ചൗമീനും വിൽക്കുന്ന ഒരു കടയുണ്ട്. അവിടെ അവന്റെ ഒപ്പം ജോലിക്ക് നിൽക്കാം എന്ന് കരുതി. ആ ഗല്ലിക്കളിൽ ആരും ഖാലിദിനെ ഉപദ്രവിക്കും എന്നും തോന്നുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെ കൂടി. ഖാലിദിനും ആ പരിസരം ഇഷ്ടമായി എന്ന് തോന്നുന്നു. ബുദ്ധ മന്ദിരങ്ങളും വെളിച്ചം വീഴാൻ പ്രയാസമുള്ള ഗല്ലികളും ഉള്ള അവിടെ ഉച്ച നേരത്ത് പോലും തണുപ്പുണ്ടായിരുന്നു. വഴികളുടെ ഓരത്ത് അവൻ കുറെ സമയം ചുമ്മാ കിടക്കുമായിരുന്നു. അവന്റെ മുറിപാട് ഉണങ്ങി തുടങ്ങിയിരിക്കുന്നു. പക്ഷേ പിന്നീട് അവനെ ഞാനൊരിക്കലും ചിരിച്ച് കണ്ടിട്ടില്ല.

ഞങ്ങൾ മജ്‌നു കട്ടില്ലയിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞുള്ള ഒരു രണ്ടാം ബുധനാഴ്ച ദിവസം ഞാനൊരു ഒരു ചായ സുട്ട ബ്രേക്കിലായിരുന്നു. അപ്പോൾ ഖാലിദ് അസാധാരണമാം വിധം കുരക്കാൻ തുടങ്ങി. അവൻ പെട്ടെന്ന് തല കുലുക്കി, ക്രുദ്ധനായയൊരു സന്ന്യാസി തല കുലുക്കുന്നതു പോലെ. എന്നിട്ട് പുറത്തേക്കിറങ്ങി നടന്നു. ഞാൻ ചായ ഗ്ലാസ് അവിടെ വെച്ച് അവന്റെ പിന്നാലെ നടന്നു. നവംബർ മാസത്തിന്റെ അവസാന നാളുകൾ ആയതുകൊണ്ട് ചൂട് കുറവായിരുന്നു. കുറച്ച് മുന്നോട്ട് നടന്നപ്പോൾ അവന്റെ ലക്ഷ്യം തിവാരിയുടെ വീടാണെന്ന് എനിക്ക് പിടികിട്ടി.

ഹൗസ് ഖാസിലാണ് തിവാരിയുടെ വീട്. അവിടേക്ക് നടക്കണമെങ്കിൽ നാലു മണിക്കൂർ നടക്കണം. നാലു മണിക്കൂർ ഒരു മാന്ത്രിക വലയത്തിൽ പെട്ടത് പോലെ ഖാലിദിനെ പിന്തുടർന്ന് ഞാൻ നടന്നു. ഡിയർ പാർക്കിന്റെ മുന്നിലെത്തിയപ്പോഴാണ് അവൻ നിന്നത്. അതിനുള്ളിലൂടെ നടന്നു എതിർവശത്ത് ഇറങ്ങിയാൽ തിവാരിയുടെ വീടെത്തും. ഡിയർ പാർക്കിലേക്ക് കയറിയത് മുതൽ ഖാലിദിന് അസാമാന്യമായ വന്യത തോന്നി. മരങ്ങൾക്കിടയിലെ വഴിയിൽ അവനൊന്ന് നിന്നു, കാറ്റ് രോമങ്ങളിൽ ചുഴികൾ ഉണ്ടാക്കി പാറി പോയി. അവൻ കണ്ണടച്ച് മുകളിലോട്ട് നോക്കി കുറച്ചുനേരം നിന്നു.

എനിക്ക് വീടോർമ്മ വന്നു. മല മുകളിൽ കയറ്റം കയറി ക്ഷീണിക്കുമ്പോൾ, മലയുടെ അറ്റത്ത് ചെന്ന് ദൂരേക്ക് നോക്കി നിൽക്കും. കൂടെയുള്ള നായയും ഒപ്പം തന്നെ വന്നു നിൽക്കും. ഞങ്ങൾ പഹാടികളുടെ കൂടെ എല്ലായിപ്പോഴും നായ ഉണ്ടാവും. മുഖത്തേക്ക് കാറ്റടിക്കുമ്പോൾ രണ്ടു പേരും കണ്ണടച്ച് മുഖം ആകാശത്തോട്ട് പിടിച്ചു നിൽക്കും. "ഓം മണി പദ്മേ ഹും" എന്നു മനസിൽ പ്രാർത്ഥിക്കുന്ന പോലെ, മനസ് ശാന്തമാവും. മഴ പെയ്തിട്ടുണ്ടെങ്കിൽ മലയിൽ മുഴുവൻ ഹാഷിശിന്റെ മണം പരക്കും. നിങ്ങൾക്കത് ലഹരിയുടെ മണമായിരിക്കും. ഞങ്ങൾക്കത് ഞങ്ങളുടെ മലയുടെ മണമാണ്. ഹമാരാ പഹാട് കാ ഖുശ്ബു.

നന്നേ ചെറുപ്പത്തിൽ വീടുവിട്ട് പോന്നിട്ടും അവന്റെ ജനിതകത്തിൽ ഒരു പർവതവും, അവിടത്തെ കാറ്റും കോടയും ഉണ്ടെന്ന് എനിക്ക് മനസിലായി. ഖാലിദ് തിരിഞ്ഞ് നോക്കി. എനിക്ക് വീടോർമ്മ വരുന്നില്ലേ എന്ന് ചോദിക്കുന്നത് പോലെ തോന്നി. എന്നിട്ട് മുന്നോട്ട് നടന്നു.

ഞങ്ങൾ തിവാരിയുടെ വീടെത്തി.

അതിന്റെ ഗേറ്റിനു മുന്നിൽ ഞാനൊന്നു അറച്ച് നിന്നു.ഖാലിദ് പക്ഷേ മുന്നോട്ടു നടന്ന് നേരേ ഹാളിലേക്ക് കേറി. തിവാരി അവിടെ ഒരു കസേരയിൽ ഇരുന്നു ഫോണിൽ സംസാരിക്കുകയായിരുന്നു. ഖാലിദിന്റെ വരവ് കണ്ടപ്പോൾ അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പിന്നാലെ എന്നെ കണ്ടപ്പോൾ അയാള് ക്ഷുഭിതനായി. ‘അബ്ബേ, തൂ ഇദർ ക്യൂം ആയ’ എന്ന് തുടങ്ങി ചീത്ത വിളിച്ച് എന്റെ നേർക്ക് തല്ലാൻ ഓങ്ങി വന്നതും ഖാലിദ് അണപല്ല് കാട്ടി ചീറി. അതു കണ്ടപ്പോൾ അയാൾ നിന്നു. അയാളുടെ കൈയിൽ ഇപ്പോഴും അവന്റെ അണപ്പല്ലിന്റെ പാടുണ്ട്. അതിൽ രക്തം കല്ലച്ചു കിടക്കുന്നുണ്ട്. അയാൾക്ക് അവിടെ തൊടാതെ തന്നെ ആ മുറിവ് എവിടെയുണ്ടെന്ന് ഓർമ്മ വന്നു. അയാളുടെ മുഖം കണ്ടപ്പോൾ ഞെരമ്പുകളിൽ പേടി തുടങ്ങിയത് ആ മുറിവിൽ നിന്നാണെന്ന് തോന്നി. ബഹളം കേട്ട് ഓടി വന്ന അയാളുടെ ഭാര്യയൂം മകനും ഒരു നിമിഷം നിന്നു. മകൻ റൂഡീ എന്ന് വിളിച്ചു ഖാലിദിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഖാലിദ് അവനെ തൊടാൻ അനുവദിച്ചു. തിവാരിയുടെ മകനെ തട്ടി മാറ്റാതെ തന്നെ മുന്നോട്ടു നടന്നു. ദിവാൻ കട്ടിലേക്ക് ചാടി കയറി മുൻകാലുകൾ ഊന്നി നിന്നു കുറച്ച് നേരം ചുറ്റും നോക്കി. കുറച്ച് നേരം കിതച്ചു. പിന്നെ അവിടെ ഇരുന്നു എല്ലാവരെയും മാറി മാറി നോക്കാൻ തുടങ്ങി. ഞാൻ കുറച്ച് നേരം അവിടെ തന്നെ നിന്നു. പിന്നെ പതിയെ അടുക്കള ഭാഗത്തേക്ക് ചെന്നു. മുൻകൂട്ടി വാങ്ങി വെച്ചിരുന്ന ‘ഡോഗ് ഫുഡ്‌’ അവിടെ തന്നെ ഉണ്ട്. ഞാനത് അവന്റെ പാത്രത്തിലാക്കി. തിവാരി അതൊന്നും എടുത്തു കളഞ്ഞിട്ടില്ല. ഞാൻ ഭക്ഷണമെടുത്ത് ദിവാൻ കട്ടിലിൽ വെച്ച് കൊടുത്തു. അവൻ ചെവി ഒരു വശത്തേക്ക് മടക്കി എന്തോ ശ്രദ്ധിക്കുന്നത് പോലെ ജാഗരൂകനായി നിന്നു. പിന്നെ സാവകാശം കഴിച്ചു തുടങ്ങി. ആ നേരമത്രയും എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിവാരി പകച്ചു നിൽക്കുകയായിരുന്നു.

അയാളെ ഒന്നും ചെയ്യാതിരിക്കണമെന്നും റൂഡി ഇനി ഇങ്ങോട്ടു വരാതിരിക്കണമെന്നും എന്നാൽ 20 ലക്ഷം രൂപ വരെ തരാമെന്നും പറഞ്ഞു. "ബീസ് ലാക്ക് ദൂങ്ങി. ബസ് ചോട് ദോ മേരെ കോ" അയാൾ എന്നോട് കെഞ്ചി. ഞാൻ കുറെ നേരം അയാളെ നോക്കി. ഇത്രയും കാലം യജമാനനായി കണ്ട ആളാണോ എന്റെ മുന്നിൽ നിന്ന് യാചിക്കുന്നത് എന്നോർത്ത് ഞാൻ അതിശയിച്ചു പോയി.

ഭക്ഷണം കഴിച്ച് ഖാലിദ് എഴുന്നേറ്റു. ഒന്ന് വിരിഞ്ഞമർന്നു. പതുക്കെ താഴോട്ട് ചാടി പുറത്തേക്ക് നടന്നു.

ഞാൻ തിവാരിയോട് പറഞ്ഞു, ‘ആപ്‌കാ ബീസ് ലാഖ് മുജേ നഹി ചാഹിയെ. പക്ഷേ നായകൾ മൂത്രം ഒഴിച്ചു തന്റെ അതിർത്തി രേഖപ്പെടുത്തില്ലേ? ഖാലിദ് അതിർത്തി രേഖപ്പെടുത്തുന്നത് ആ ദിവാൻ കട്ടിലിൽ ഇരുന്നു കൊണ്ടാണ് എന്നോർത്താൽ മതി’.

ഖാലിദ് അവിടെ നിന്നിറങ്ങി നടന്നു. പോവാൻ നേരം ഞാൻ അയാളോട് മന്ത്രിക്കുന്ന പോലെ പറഞ്ഞു, ‘അഗ്‌ലെ മഹീനെ ആയേഗാ. ഖയാൽ രഖ്‌നാ’.

അയാളുടെ ശരീരത്തിന്റെ ഭൂമികയിൽ പേടിയുടെ നേർരേഖകൾ തെളിഞ്ഞുതുടങ്ങി. കഴുത്തിലേക്ക് പായുന്ന നീല ഞെരമ്പുകൾ അയാൾ ഉമിനീർ ഇറക്കുമ്പോൾ കൂടുതൽ നീലിച്ചു തുടങ്ങിയത് കാണാമായിരുന്നു.

അന്നു മുതൽ എല്ലാ മാസവും രണ്ടാം ബുധനാഴ്ച തിവാരിയുടെ വീട്ടിലേക്ക് പോയി വരുന്നത് ഖാലിദ് ഒരു പതിവാക്കി’’.

അയാൾ പറഞ്ഞവസാനിപ്പിച്ചു.

നിഹാൽ ഫോണിൽ ഡേറ്റ് ഒന്നു കൂടി നോക്കി. ശനിയാഴ്ച. അയാൾക്ക് വീണ്ടുമൊരു സിഗററ്റ് നിഹാൽ കൊടുത്തിരുന്നു. അവന്റെ സുഹൃത്തുകൾ ബോട്ടിൽ ചുറ്റി മടങ്ങി എത്തി. "നമുക്ക് പോയാലോ" എന്ന് നിഹാലിനോട് ചോദിച്ചു. നിഹാൽ രണ്ടാളുടേയും മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി. ഖാലിദിനെ നോക്കിയപ്പോൾ അവൻ മുഖം ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. കാറ്റ് അവന്റെ രോമങ്ങളിൽ ശാന്തമായി ഒഴുകുന്നുണ്ട്. ജനിതകത്തിൽ പർവ്വതം ഉള്ളവന്റെ ശാന്തത. പക്ഷേ മുഖത്ത് ചിരിയില്ല. നിഹാലിനു അവനെ നോക്കിയപ്പോൾ എന്നിയോ മൊരിക്കൺ ന്റെ 'Death rides on a horse' എന്ന കമ്പോസിഷൻ ഓർമ്മ വന്നു. മരണം കുതിരമേൽ വരുന്നു.

ദിയ അപ്പോഴേക്കും നടന്നു മെട്രോ സ്റ്റേഷന്റെ അടുത്തെത്തിയിരുന്നു. മെട്രോയുടെ പ്ലാറ്റ്‌ഫോമിൽ കയറിനിൽക്കുമ്പോൾ എങ്ങോട്ടാണ് പോവേണ്ടതെന്ന് അവൾക്ക് ധാരണയില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് പോവാൻ അവൾക്കു തോന്നിയില്ല. കണ്മുന്നിൽ ഒരു മെട്രോ ട്രെയിൻ തുറന്നടഞ്ഞു. അതിനുള്ളിൽ മുകളിലെ കൈ വരിയിൽ പിടിച്ചു തൂൺ ചാരി നിഹാൽ അവിടെ നിൽക്കുന്നുണ്ടെന്ന് തോന്നി. ദിയക്ക് പെട്ടെന്ന് വിഷമം വന്നു. ആങ്‌സൈറ്റി അറ്റാക്കിന്റെ തുടക്കമെന്നോണം കൈകളിൽ ഒരു പെരുപ്പ്, മൊത്തത്തിൽ ഒരു വെപ്രാളം. ഐഐടിയിൽ അവളുടെ ഒരു സുഹൃത്തുണ്ട്. അങ്ങോട്ട് പോവാം എന്ന് കരുതി അവനെ ഫോൺ വിളിച്ച് അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നു കേറുമ്പോഴേക്കും ദിയ നോവറിഞ്ഞു തുടങ്ങിയിരുന്നു. സുഹൃത്തിന്റെ അപ്പാർട്ട്മെൻ്റിലെ ബീൻ ബാഗിലേക്ക് അവൾ ഇരുന്നപ്പോൾ അവളുടെ അടുത്തേക്ക് വന്നിരുന്ന് സുഹൃത്ത് അഹാൻ എന്തു പറ്റി എന്ന് ചോദിച്ചു. നിഹാൽ മരിച്ചെന്ന് അവൾ പറഞ്ഞൊപ്പിച്ചു. വല്ലാതെ അണച്ചുകൊണ്ടായിരുന്നു അവളത് പറഞ്ഞത്. പറയുമ്പോൾ ദിയ നിഹാലിന്റെ മണം ഓർത്തെടുക്കാൻ ശ്രമിച്ചു. ദിയക്ക് ആ ഹോട്ടൽ മുറിയിലേക്ക് തിരിച്ചുപോയി അവനെ ഒരിക്കൽ കൂടി മണക്കണം എന്നു തോന്നി. ജീവനുള്ള അവന്റെ മണം അവൾക്കറിയാം, അതിനു ശേഷമുള്ള അവന്റെ മണം അവൾക്ക് ഓർക്കാൻ പറ്റുന്നില്ലായിരുന്നു. ആദ്യമായിട്ടാണ് അവൾക്കൊരു മണം ഓർത്തെടുക്കാൻ പറ്റാതെയാവുന്നത്

അഹാൻ നിഹാലിന് എന്തു പറ്റി എന്ന് ചോദിച്ചില്ല. അവളുടെ കൈ പിടിച്ചു അവിടെ അടുത്ത് തന്നെ ഇരുന്നു. ബീൻ ബാഗിൽ തല ചായ്ച്ചു ദിയ കണ്ണടച്ച് കിടന്നു. നിഹാലിനെ ഓർമ്മ വരുമ്പോഴൊക്കെ അവളുടെ ചിന്തകളെ എതിർ ദിശയിലേക്ക് പായിച്ചു. അവൾക്ക് ആ നേരം നിഹാലിനെ ഓർക്കണം എന്നുണ്ടായിരുന്നില്ല. ബോംബെ ജയശ്രീയുടെ 'ചക്കരമുത്തേ' എന്ന താരാട്ട് ഓർമ്മ വന്നു. അതിന്റെ ഈണത്തിൽ അവളുറങ്ങി. ഉറക്കതിനിടയിൽ അഹാൻ ആരെയോ ഫോണിൽ വിളിക്കുന്നത് അവ്യക്തമായി കേട്ടു.

ആ ഉറക്കത്തിൽ നിന്നും ദിയ എഴുന്നേൽക്കുന്നത് വൈകീട്ട് സമയം 5 മണിക്കാണ്.

"ഇന്ന് ഇവിടെ നിന്നോ. വെറുതെ എന്തിനാ അവിടെ പോയി ഒറ്റക്കിരിക്കണേ" അഹാൻ നിർബന്ധിച്ചു.
"വേണ്ട, പോണം’’, ദിയ എഴുന്നേറ്റു.
"താഴെ വരെ ഞാനും വരാം".

അവളുടെ ഹൈനെക്ക് ബൂട്ടിന്റെ ലേസ് മുഴുവനായി കെട്ടി അവൾ ഒന്ന് കുറച്ച് നേരം അതിലേക്ക് നോക്കി നിന്നു. പിന്നെ നിഹാൽ കെട്ടി തരാറുള്ള പോലെ ഒരു വട്ടം കൂടെ ലേസ് എടുത്തു കെട്ടി. യൂബർ ബുക്ക് ചെയ്തു കാത്തിരുന്നു. യൂബർ അടുത്ത് എത്താറായപ്പോൾ അവൾ ഇറങ്ങി ഗല്ലിയിലേക്ക് നിന്നു. അഹാനും കൂടെ ഇറങ്ങി വന്നു. നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. തണുപ്പ് കൊണ്ട് അവൾക്ക് രോമാഞ്ചം വന്നു. അഹാൻ അവളെ കെട്ടിപിടിച്ചു യാത്രയാക്കി. യൂബറിൽ "ആ രേ സഖി" എന്ന പാട്ട് പ്ലേ ചെയ്യുന്നുണ്ടായിരുന്നു.

ദിയ മുറിയിലേക്ക് കയറിയപ്പോൾ അവിടെ പരിചയമില്ലാത്ത ഒരു മണം പരന്നിരുന്നു. ആ മുറിയിൽ അപ്പോൾ താഴെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടിൻ്റഡ് ഗ്ലാസിൽ പൊടിയടിച്ച് മങ്ങിയ ജാനലയിൽ നിന്ന് വെളിച്ചത്തിന്റെ ഒരു കീറു താഴെ നിലത്ത് വീണു കിടക്കുന്നുണ്ട്. ജനാലയുടെ അരികിലായി ഒരു ചുവന്ന സോഫയുണ്ട്. അവിടെ സ്ട്രീറ്റ് ലൈറ്റിന്റെ പശ്ചാത്തലത്തിൽ സിൽഹൗട്ടിൽ (silhouette) രണ്ടു ചെവികൾ പൊങ്ങി നിൽക്കുന്നു. ട്യൂബ് ലൈറ്റിന്റെ മടുപ്പിക്കുന്ന വെള്ളവെളിച്ചം ഇഷ്ടമല്ലാത്തത് കൊണ്ട് മുറിയിൽ ഒരു ചുവന്ന ബൾബുണ്ട്. മുറിയിലേക്ക് കയറിവരുമ്പോൾ ആദ്യം ഇടുന്നതും ആ ബൾബായിരിക്കും. ശീലത്തിന്റെ ആവർത്തനതയിൽ ദിയ ആദ്യം ഇട്ടതും ആ ചുവന്ന ബൾബാണ്.

അപ്പുറത്തെ അപ്പാർട്ട്മെൻ്റിൽ നിന്നും സീദേ മൗത്ത് എന്ന കമ്പോസറുടെ "രാത്ത് കി റാണി" എന്ന പാട്ടിന്റെ ആദ്യത്തെ 25 സെക്കൻ്റ് അവൾ കേട്ടു. അതൊരു ലൂപ്പിൽ അവളുടെ തലയിൽ ഓടി കൊണ്ടിരുന്നു.

തന്റെ തൊട്ടുമുന്നിൽ ചുവന്ന സോഫയിൽ കൂറ്റനായ ഒരു നായ ഇരിക്കുന്നു. ആദ്യം അവൾ ഇതെങ്ങനെ അകത്തു കയറി എന്നാണ് ആലോചിച്ചത്. ജനലുകൾ ഒന്നും തുറന്നിട്ടിട്ടില്ലെന്ന് രണ്ടു വട്ടം ഉറപ്പ് വരുത്തിയാണ് അവൾ ഇറങ്ങിയത്.

പിന്നെയാണ് ആ നായയുടെ കണ്ണിലേക്ക് അവൾ നോക്കിയത്. സൂക്ഷ്മമായി നോക്കുമ്പോൾ ദിയ തല ചെരിക്കാറുണ്ട്. അവളുടെ കണ്ണുകൾ ചെറുതാവും. നായയുടെ ഇടംകണ്ണിന് മീതെ ഒരു മുറിപാടുണ്ട്. ദൂരെ നിന്നും കേട്ട പാട്ടുകൾ നിന്നു. ആ മുറിയിൽ വല്ലാത്ത നിശ്ശബ്ദത. പെരുങ്കാലിൽ നിന്നും സന്ധികളിലൂടെ ഒരു മെട്രോ പാഞ്ഞുപോയി. ഭയം നെഞ്ചിൽ ഒരു കെട്ടിടം പണിതുതുടങ്ങി.

കുറച്ചുനേരം ദിയ അനങ്ങാതെ നിന്നു. എന്നാലും കുറെ ദൂരം ഓടിയതുപോലെ അവൾ കിതച്ചു. പിന്നെ പതിയെ ഒന്ന് അനങ്ങി നോക്കി. അവളുടെ പാദസരത്തിന്റെയും ജിമ്മിക്കിയുടേയും മാത്രം ശബ്ദം കേട്ടു. അവൾ അനങ്ങിയാലും അവൻ ഒന്നും ചെയ്യില്ലെന്ന് ദിയക്ക് മനസിലായി. ദിയ "ഖാലിദ്" എന്ന് ഈണത്തിൽ നീട്ടി വിളിച്ചു. ഖാലിദ് ഒന്ന് കോട്ടുവായിട്ടു. അവന്റെ ഇടം കൈ കൊണ്ട് കണ്ണ് തുടച്ച് കിതച്ചു കൊണ്ടിരുന്നു.

കുറച്ചുനേരം കൂടി അങ്ങനെ കടന്നുപോയി. സമയം രാത്രി 10 മണി കഴിഞ്ഞു കാണും. 11 മണിയോടടുത്താൽ ദൽഹി നഗരം ശാന്തമായി വണ്ടികളുടെ ഉറക്കപ്പിച്ച് മാത്രം ബാക്കിയാവും.

ഖാലിദിന് വിശക്കുന്നുണ്ടാവും എന്നു ദിയക്ക് തോന്നി. അവൾ ഇൻസ്റ്റമാർട്ടിൽ കുറച്ച് ഡോഗ് ഫുഡ് ഓർഡർ ചെയ്തു കാത്തിരുന്നു. അവൾക്കൊരു പാട്ട് വെച്ചാൽ കൊള്ളാം എന്ന് തോന്നി. സ്പോട്ടിഫൈ ഞെക്കിയപ്പോൾ വന്നതു ആർ.ഡി ബർമന്റെ "പ്യാർ ഹമേ കിസി മോഡ് പേ ലേ ആയ" എന്ന പാട്ടാണ്‌. നിഹാലിന്റെ പ്ലേലിസ്റ്റ് ആണത്. അതൊരു പ്രണയഗാനമാണെങ്കിലും ഭീതിതമായ എന്തോ ഒന്ന് പാട്ടിലുണ്ടെന്ന് അവൻ പറയാറുണ്ട്. ഇംഗ്ലീഷിൽ പറഞ്ഞാൽ ഒരു ഈറിനെസ്സ്. അവൾ പാട്ട് വെച്ച് പതിയെ എഴുന്നേറ്റു. കൈകൾ പിന്നിൽ കെട്ടി പതിയെ താളത്തിൽ പിന്നോട്ട് നടന്നു. കാൽ ഒന്ന് വട്ടം കറക്കിയെടുത്തു സ്വയം ഒന്ന് ചുറ്റി. തിരിഞ്ഞുലഞ്ഞാടി കിച്ചനിലേക്ക് നടന്നു. അടുക്കളയിൽ ഒരു മങ്ങിയ വെള്ളവെളിച്ചമുണ്ട്. ട്യൂബ് ലൈറ്റിന്റെ കൊല്ലുന്ന വെളുപ്പല്ല, വല്ലാതെ മഞ്ഞയും അല്ല. അതിനിടക്കൊരു വെളിച്ചം. വെളിച്ചം കൊണ്ട് അടരുകൾ ഉണ്ടാക്കാൻ അവൾക്കിഷ്ടമായിരുന്നു. ഓരോ മുറിക്കും, മുറിയുടെ ആവശ്യത്തിനും സ്വഭാവത്തിനും അനുസരിച്ചാണ് അവൾ വെളിച്ചം നൽകുന്നത്.

കിച്ചനിലെത്തി പതുക്കെ ഖാലിദിനെ നോക്കി. അവൻ കിതച്ചുകൊണ്ട് സോഫയിൽ തന്നെ ഇരിക്കുന്നുണ്ട്. ഇടക്ക് അവൻ ഒന്ന് തല കുലുക്കി. "ക്രുദ്ധനായൊരു സന്ന്യാസി തല കുലുക്കുന്നതു പോലെ" അവൾ മനസിൽ പറഞ്ഞു. അവനോടുള്ള പേടി മാറി തുടങ്ങിയിരുന്നു. അവൾക്ക് ഒരു ഫ്രഞ്ച് ടോസ്റ്റ് ഉണ്ടാക്കി കഴിക്കാൻ തോന്നി. പാലിൽ മുട്ട പൊട്ടിച്ചൊഴിച്ചു ബ്രെഡ് എടുത്തു പാലിൽ മുക്കി പഞ്ചസാര ഇട്ടു കുതിർത്ത് വെച്ചു. ദിയ ഓരോന്നും എടുക്കുന്നത് ആ പാട്ടിന്റെ താളത്തിലായിരുന്നു. അവളുടെ ലോങ് സ്കർട്ട് കാലിന്റെ താളത്തിനുസരിച്ചു വിരിഞ്ഞു കറങ്ങി. ആ പാട്ടിന്റെ മൂന്നാമത്തെ മിനുട്ടിൽ കോളിംഗ് ബെൽ അടിച്ചു. പാട്ട് നിർത്തി ഡോർ തുറന്നു അവൾ ഡോഗ് ഫുഡ് മേടിച്ചു. പതിയെ നടന്നു കിച്ചനിലേക്കു പോയി.

എന്നും ചെയ്യുന്ന ഒരു കാര്യം ചെയ്യുന്ന പോലെ സംശയങ്ങൾ ഒന്നുമില്ലാതെ അവളൊരു പ്ലേറ്റ് എടുത്തു അതിലേക്ക് ഖാലിദിനുള്ള ഭക്ഷണം മാറ്റി. ആദ്യം അവന്റെ സോഫയുടെ മുന്നിലെ നിലത്ത് വെച്ച് കൊടുത്തു. അവൻ അതിലേക്ക് തല നീട്ടി ഒന്ന് മണത്ത് നോക്കി അവളുടെ മുഖത്തോട്ട് നോക്കി. അവൾക്ക് കാര്യം പിടി കിട്ടി. ടീപോയ് സോഫയുടെ അരികിലേക്ക് നീട്ടി വെച്ച് അതിൽ പ്ലേറ്റ് വെച്ച് കൊടുത്തു. അവൻ അതു തിന്നാൻ തുടങ്ങി. അവൾ പതുക്കെ കുതിർത്ത് വെച്ച ബ്രെഡ് ഓരോന്നായി ചുട്ടെടുത്തു. മറ്റൊരു പ്ലേറ്റിലേക്ക് അതു മാറ്റി സോഫയുടെ എതിരെയുള്ള ഒരു കസേരയിൽ വന്നിരുന്നു. അവനെ തല ചെരിച്ചു കൗതുകത്തോടെ നോക്കി കഴിക്കാൻ തുടങ്ങി.

അവളുടെ കണ്ണുകൾ ചെറുതായി. ഖാലിദ് പ്ലേറ്റിലുള്ളത് കഴിച്ചു തീർത്തു ഒന്ന് ചുറ്റും നോക്കി, സോഫയുടെ കൈപിടിയിൽ കടിക്കാനായി വായ തുറന്നു അടുത്തേക്ക് ചെന്നു.
"ഏ, അപ്പി", ദിയ ശാസനയോടെ അവനെ തടഞ്ഞു. ഖാലിദ് ഒന്ന് നിന്ന്, തിരിഞ്ഞ് ദിയയെ നോക്കി. അവന്റെ കണ്ണുകളിൽ വെട്ടം ചിന്നി. ചെവികൾ എഴുന്നേറ്റ് നിന്നു. ശീലത്തിന്റെ പുറത്താണ് ദിയ അങ്ങനെ പറഞ്ഞതെങ്കിലും അടിവയറ്റിൽ അവൾ പേടി അറിഞ്ഞ് തുടങ്ങി. കിടക്കയിൽ ഒരു പൂച്ച നടക്കുന്നത് പോലെ പേടി പതിയെ തലച്ചോറിലേക്ക് നടന്നുകയറി.

അവൾക്ക് ബോധക്ഷയം വന്നു. കാഴ്ച മങ്ങി. ഒരു പിരിയൻ ഗോവണിയിലൂടെ വേഗത്തിൽ ഇറങ്ങുന്നതുപോലെ തല കറങ്ങി. ഉറക്കത്തിന്റെയും ഉണർവിന്റെയും ഇടക്കുള്ള കാഴ്ചയിൽ ഖാലിദ് തല ഉയർത്തിപ്പിടിച്ച് കണ്ണടച്ച് ഇരിക്കുന്നുണ്ട്. ജനാലയിലൂടെ മുറിയിലേക്ക് അടിച്ചുകയറുന്ന കാറ്റ് അവന്റെ രോമങ്ങളിൽ ചെന്നി പാറി. മലമുകളിലെ പുല്ലുകളിൽ കാറ്റ് തെന്നിപാറുന്ന പോലെ. മുറിയാക്കെ ചരസിന്റെ ഗന്ധം നിറഞ്ഞു.

ദിയക്ക് ഗർഭാശയങ്ങൾ ഓർമ്മ വന്നു. ശവപ്പെട്ടികളും, ചുരുണ്ടുകൂടാൻ കഴിയുന്ന ബാത്ത് ടബ്ബുകളും.


Summary: Khalidinte Kattu, Malayalam Short Story written by Sreekanth Sivadasan and published in Truecopy Webzine packet 279.


ശ്രീകാന്ത് ശിവദാസൻ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, സിനിമറ്റോഗ്രാഫർ. നൻ പകൽ നേരത്ത് മയക്കം, ചാവേർ, വടക്കൻ, വാഴ 1, ഗുരുവായൂർ അമ്പലനടയിൽ, മരണമാസ്സ്, വൃഷഭ എന്നീ സിനിമകളിൽ വർക്ക് ചെയ്തു. ഇപ്പോൾ കരിക്ക് ടീമിന്റെ പുതിയ സിനിമയിൽ ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ.

Comments