ചഞ്ചു. എം.എൽ.

കോപ്രാട്ടി

ള്ളംകൊല്ലി ഗ്രാമം അടിവച്ചടിവച്ചു വികസനത്തിന്റെ പാതയിലാണ്.

ഉള്ളംകൊല്ലിക്കാർ അമ്മലയെ പെറ്റമ്മയെപ്പോലെയാണ് കാണുന്നത്. അമ്മല ടൂറിസം സ്പോട്ടായി അറിയപ്പെട്ടതിനുശേഷം നൂറു കണക്കിനാളുകളാണ് ഓരോ ദിവസവും ഉള്ളംകൊല്ലിയിലൂടെ അവിടേക്ക് ഒഴുകിയെത്തുന്നത്. ഞായറാഴ്ചകൾ പൊതുവെ അവധിയായതുകൊണ്ട് ഒരുപാട് ആളുകൾ അമ്മലയിലേക്ക് വരികയും ചെയ്യും. അതുകൊണ്ടാണ് 'ന്യൂ മലയാളി ടിവി' അവരുടെ പ്രാങ്ക് ഷോയായ 'പൊടി തവിട് പൊടി'യുടെ അമ്പതാമത് എപ്പിസോഡ് വരാൻ പോകുന്ന ഞായറാഴ്ച അമ്മലയിൽ തന്നെ ഷൂട്ട് ചെയ്യാമെന്നു തീരുമാനിച്ചത്. പരിപാടിയുടെ മെയിൻ ആർട്ടിസ്റ്റും കോ- ഓർഡിനേറ്ററുമായ തമ്പാൻ ചേട്ടനാണ് ഒരാഴ്ച മുന്നേ കാര്യങ്ങൾ വിശദീകരിച്ചത്. അമ്പതാം എപ്പിസോഡായതിനാൽ പരമാവധി എന്റർടൈൻ ആക്കണമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകണമെന്നും ഷോയുമായി ബന്ധപ്പെട്ടവർക്കെല്ലാം കാലേകൂട്ടി നിർദേശം നൽകി.

ഫസ്റ്റ് എപ്പിസോഡ് മുതൽ തൊട്ടുമുന്നത്തെ എപ്പിസോഡ് വരെ തമാശകൾ കോർത്തിണക്കിയ പ്രാങ്കുകളാണ് 'ന്യൂ മലയാളി' അവതരിപ്പിച്ചത്. ലാസ്റ്റ് എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതിനുതാഴെ വന്ന ഭൂരിഭാഗം കമന്റ്സും ഷോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഇത്രയും കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തെടുക്കുന്ന ഭാഗങ്ങൾ കോടൂര ആർട്ടിഫിഷ്യലും അഭിനയവുമാണെന്ന് പറയുന്നവന്മാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കണമെന്ന് ശ്യാമചേച്ചി പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.

എങ്ങനെയെങ്കിലും ഷോയുടെ റീച്ച് കൂട്ടാൻ പ്ലാനിട്ടിരിക്കുമ്പോഴാണ് സുഭാഷണ്ണൻ ഉഗ്രനൊരു കോളുമായി വന്നത്. അങ്ങേരുടെ അകന്ന ബന്ധത്തിലൊരുത്തൻ ഉള്ളംകൊല്ലിയിലുണ്ട്. കുട്ടൻ എന്ന് പേരുള്ള പൊട്ടൻ എന്നു പറഞ്ഞാണ് സുഭാഷണ്ണൻ പുള്ളിയുടെ ക്യാരക്ടർ സ്കെച്ചും വിശദവിവരങ്ങളും ഞങ്ങൾക്ക് തന്നത്.കുട്ടനെ അടിമുടി പഠിച്ചിട്ടാണ് സുഭാഷണ്ണന്റെ വരവെന്നു അങ്ങേരുടെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു.

"അവനെ തൂക്കിയാൽ ഉഗ്രനൊരു കണ്ടന്റിനുള്ള വകയുണ്ട്. എപ്പോഴും ഇമോഷണലി ആൾക്കാർക്ക് കണക്ട് ചെയ്യാൻ പറ്റിയാലേ ഷോയുടെ വ്യൂസ് കൂടുള്ളൂ. ആ സാധനം ഈ പൊട്ടന്റെ കൈയ്യിൽ ആവശ്യത്തിലുമധികമുണ്ട്. പിന്നെ ഇവനാണെൽ ആള് മൊത്തത്തിലൊരു ഇമോഷണൽ ജീവിയാണ്.കുറേനാൾ മെന്റൽ ട്രോമായിലൂടൊക്കെ കടന്നുപോയവനാണ്.ഇമോഷണൽ ബാലൻസ് തെറ്റിയാൽ എന്ത് ചെയ്യും ഏത് ചെയ്യുമെന്നൊന്നും പറയാൻ പറ്റില്ല.അവനെ സ്വാഭാവികമായി അങ്ങ് മേയാൻ വിട്ടാൽ മതി.അത് നമുക്കും നമ്മുടെ ഷോയ്ക്കും ഉറപ്പായും ഗുണം ചെയ്യും, വ്യൂസ് കേറും. ഇത് സുഭാഷിന്റെ വാക്കാണ്".

അല്ലെങ്കിലും എല്ലാർക്കും സുഭാഷണ്ണന്റെ വാക്കിൽ നൂറ്റൊന്നു ശതമാനം വിശ്വാസമാണ്.

ശ്യാമചേച്ചിയും ഏകദേശം ഇതേ അഭിപ്രായക്കാരിയാണ്. ഇമോഷണൽ അബ്സെർഡിസം ആൾക്കാർക്ക് ഒത്തിരി ഇഷ്ടമാണെന്നും ഇച്ചിരി ഡബിൾ മീനിങ്ങും മസാലയും കൂട്ടിച്ചേർത്തൊരു ഐറ്റം തയ്യാറാക്കാൻ പറഞ്ഞതും ഷോ പ്രൊഡ്യൂസർ കൂടിയായ ശ്യാമചേച്ചിയാണ്. ഉടനെ തന്നെ എല്ലാരും വട്ടം കൂടി ഉഗ്രനൊരു പരിപാടി സെറ്റ് ചെയ്തെടുത്തു. കുട്ടൻ രണ്ടു കാര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന സുഭാഷണ്ണന്റെ കമന്റ് പ്ലാനുകൾ വളരെ എളുപ്പമാക്കി.

അതിലൊന്ന് കഥ പറഞ്ഞു സുഭാഷണ്ണൻ വ്യക്തമാക്കി: "അമ്മയെയും സഹോദരിയെയും ഒമ്പതാം വയസ്സിൽ കുട്ടന് നഷ്ടമായി. അച്ഛന്റെ തനിക്കൊണം കാരണം അവർ രണ്ടാളും വിഷം കഴിച്ചു മരിച്ചതാണ്. കുട്ടന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഷോക്കായിരുന്നു അത്. പിന്നീട് ഒന്നൊന്നര വർഷം കുട്ടനെ നോക്കിയത് അവന്റെ രണ്ടാനമ്മ മാധവിയാണ്. കുട്ടൻ്റെ അച്ഛൻ്റെ മരണശേഷം അവർ ഒരു ബിസിനസ്സുകാരന്റെ കൂടെ ഒളിച്ചോടിപ്പോയി. അമ്മയുടെയും സഹോദരിയുടെയും ആത്മഹത്യ ഉണ്ടാക്കിയ ആഘാതം, എത്രയോ വർഷം അതിന്റെ ട്രോമയിലൂടെ കടന്നുപോയവനാണ് കുട്ടൻ. പിന്നീടങ്ങോട്ട് ഉള്ളംകൊല്ലിയിലും അമ്മലയിലുമായി തീർത്തും ഒറ്റപ്പെട്ടാണ് അവൻ വളർന്നത്. സ്ത്രീകളുടെ സാമീപ്യമില്ലാതെ വളർന്നതിനാൽ ചില നേരങ്ങളിൽ അവരുടെ സാന്നിധ്യം കുട്ടനെ അടക്കമില്ലാതെ ആശങ്കയിലാഴ്ത്തും. നിഗൂഢസംഭ്രമവും അന്തർമുഖത്വവും ചേർന്ന് സൃഷ്ടിക്കുന്ന അവസ്ഥാഭേദങ്ങളിൽ കുട്ടൻ നിരുപദ്രവകാരിയായ സൈക്കോ കൂടിയാണ്’’.

പ്രവചനാതീതനായ, വല്ലാത്തൊരു പ്രാന്തൻ മനുഷ്യനെന്നാണ് പരിചയമുള്ളവർ കുട്ടനെപ്പറ്റി പറയുക. ജീവിതത്തിന്റെ പരിഷ്കാരങ്ങളിൽ നിന്നൊക്കെ മാറി നിന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന കുട്ടനെ പലർക്കും ഇഷ്ടമല്ല. ഉളള കാര്യം ഉള്ളതുപോലെ തുറന്നുപറയുന്നതുകൊണ്ട് രാഷ്ട്രീയക്കാരുൾപ്പെടെ ആരും കുട്ടന്റെ വാചകവലയത്തിനടുത്തേക്ക് വരികയുമില്ല.

കുട്ടന്റെ കണ്ട്രോൾ പോകുന്ന മറ്റൊരു വിഷയം, ജവാൻ മദ്യമാണ്. അതു കിട്ടുമെന്നുറപ്പായാൽ, കിട്ടിയാൽ കുട്ടൻ കുട്ടനല്ലാതായി മാറും. നാഗവല്ലൻ പകർന്നാട്ടത്തിൽ ജീവിതാതിർത്തിയിൽ നിന്ന് ദൂരേക്ക് ഇമോഷണൽ ബോംബുകളുമായി കുട്ടൻ ഒറ്റയ്ക്ക് പുറപ്പെട്ടുപോകും. പിന്നെ സ്വബോധത്തിന്റെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താൻ ഇത്തിരി സമയമെടുക്കും. ഉള്ളിലെ ജവാൻ ആത്മാവ് വിട്ട് പുറത്തിറങ്ങിപ്പോകുന്നത് വരെ കുട്ടൻ എന്തുചെയ്യും ഏത് ചെയ്യുമെന്ന് ഒരു പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിക്കും ചിന്തിക്കാനോ പ്രവചിക്കാനോ കഴിയില്ല.

അമ്മാതിരി ഒരു ഐറ്റത്തിനെയാണ് ന്യൂ മലയാളി ടിവി സുഭാഷണ്ണൻ മുഖേന ചൂണ്ടയിട്ടു പിടിച്ചിരിക്കുന്നത്. ഉഗ്രനൊരു കോളാണെന്ന് ശ്യാമചേച്ചിയെ പറഞ്ഞു ബോധ്യപ്പെടുത്തി നല്ലൊരു തുക അങ്ങേരു കൈപ്പറ്റിയതും ആ വിശ്വാസത്തിന്റെ ബലത്തിലാണ്.

ഷോയുടെ ലൈവ് ടെലികാസ്റ്റിനു രണ്ട് ദിവസം മുന്നേ തന്നെ ഡ്രൈവർ സാബുവും മേക്കപ്പ്മാൻ സജീഷും കൂടി ബിവറേജിൽ ക്യൂ നിന്ന് മൂന്ന് കുപ്പി ജവാൻ വാങ്ങി ശേഖരിച്ചുവച്ചു. അതിലൊരു കുപ്പി ജവാൻ ശനിയാഴ്ചകൊണ്ട് തീർന്നെന്നു അന്ന് രാത്രി അവരുടെ റൂമിൽ നിന്നുയർന്നു കേട്ട പരുപരുത്ത സുഖമോ ദേവിയും വെള്ളിവീണ കളിവീടുറങ്ങിയല്ലോയും ഷോ മെംബേർസിന് ഡയറക്റ്റ് മെസ്സേജ് നൽകി. ബാക്കി രണ്ടെണ്ണം ഉണ്ടല്ലോയെന്നും കുട്ടനെ മൂവർണ്ണപ്പൊട്ടനാക്കാൻ അതു ധാരാളമാണെന്നും സുഭാഷണ്ണൻ അടിയുറച്ചു വിശ്വസിച്ചു. കാര്യം ഉഷാറാക്കിയാൽ ജവാനല്ല ജോണിവാക്കറെ വരെ രാത്രിയിലിറക്കി വാദ്യഘോഷം നടത്താമെന്ന് ശ്യാമചേച്ചി ഡബിൾമീനിങ് ഉറപ്പ് നൽകിയപ്പോൾ എല്ലാരും കൂടി ഉറഞ്ഞുതുള്ളി ചിരിച്ചു.

അങ്ങനെ ഞായറാഴ്ച വന്നെത്തി. ഷോ ടീം ചായ കുടിക്കാൻ ഇറങ്ങിയ പൊട്ടുമല ജംങ്ഷനിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഉള്ളംകൊല്ലി. അവിടെ നിന്ന് രണ്ടു കിലോമീറ്റർ കൂടി മുകളിലേക്ക്, ഉള്ളിലേക്ക് കേറിയാൽ അമ്മല ടൂറിസം സ്പോട്ടായി. വികസനം പൂർണ്ണമായി എത്തിയിട്ടില്ലാത്തതിനാൽ അമ്മലയിൽ പല ഭാഗങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ വേണ്ടവിധം സജ്ജമാക്കിയിട്ടില്ല. സാഹസികതയും വെല്ലുവിളിയും നിറഞ്ഞ പാതയിലൂടെ വേണം അമ്മലയുടെ കിഴക്ക് ഭാഗത്തേക്കെത്താൻ. പലരും യാത്രയിൽ ആ ഭാഗം ഒഴിവാക്കുന്നതിന്റെ കാരണവും അതാണ്‌.

ചായക്കടക്കാരൻ അപ്പുപ്പൻ കഴിഞ്ഞ കുറെ മാസങ്ങളായി കച്ചോടം പൊടിപൊടിക്കുന്നതിന്റെ തിമിർപ്പിലാണ്. അങ്ങേര് പറഞ്ഞതുവച്ചു നോക്കുമ്പോൾ പ്രോഗ്രാമിന് കളറാക്കാൻ പറ്റിയ ഓഡിയെൻസിനെ അമ്മലയിൽ നിന്നും ധാരാളം കിട്ടും. ആൾക്കൂട്ടം ഇമ്മാതിരി പരിപാടികളെ സമൂഹത്തിന്റെ കെട്ടനോട്ടങ്ങളുടെ കാർണിവലാക്കുമെന്ന തമ്പാൻ ചേട്ടന്റെ തിയറിയാണ് ശരിക്കും 'ന്യൂമലയാളി ചാനലി'ന്റെ ശക്തിയും ബുദ്ധിയും.

നാലഞ്ച് ക്യാമറകൾ പലയിടങ്ങളിലായി സെറ്റ് ചെയ്തു വച്ച്, പ്രേക്ഷകർക്ക് ലൈവായി സംഭവവികാസങ്ങൾ കാണാൻ പറ്റുന്ന രീതിയിലാണ് തമ്പാൻചേട്ടന്റെ ആസൂത്രണം. മുൻപ് കൂടുതൽ പ്രേക്ഷകപ്രീതിയും വ്യൂസും വാരിക്കൂട്ടിയ എപ്പിസോഡുകളിലെല്ലാം പുള്ളിയുടെ അഭിനയത്തിലും ആസൂത്രണത്തിലുമുള്ള സ്കോറിങ്ങ് എല്ലാവരും കണ്ടറിഞ്ഞതാണ്. കൂടാതെ പ്രൊഡ്യൂസർ ശ്യാമചേച്ചിയ്ക്ക് പൂർണ്ണമായും വിശ്വാസമുള്ള രണ്ടു ടീം മെമ്പേഴ്‌സ് തമ്പാൻ ചേട്ടനും സുഭാഷണ്ണനുമാണ്.

അങ്ങനെ ഒരു സ്‌പ്ലെണ്ടർ ബൈക്കിൽ കുട്ടനെ അവന്റെ കൂട്ടുകാരൻ അമ്മലയിലേക്കെത്തിച്ചു. ജവാൻ നല്ല രീതിയിൽ അകത്താക്കിയ ശേഷമാണ് കുട്ടൻ വന്നിരിക്കുന്നതെന്നു പുള്ളിയുടെ ശരീരഭാഷ്യത്തിൽ നിന്നുമറിയാം.

അതിനും മൂന്നാല് മണിക്കൂർ മുന്നേ ഷോ ടീം സ്ഥലത്തെത്തി വേണ്ട സജ്ജീകരണങ്ങൾ നടത്തിയിരുന്നു. ഒരു ജോലി വാഗ്ദാനം ചെയ്താണ് കുട്ടനെ അവിടെ എത്തിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ നടക്കാൻ പോകുന്നത് തമ്പാൻ ചേട്ടന്റെയും ശ്യാമചേച്ചിയുടെയും സുഭാഷണ്ണൻ്റെയും മസാലമുക്കിയ ഉഗ്രൻ പ്ലാനാണ്.ക്യാമറ ഓൺ ചെയ്തതോട് കൂടി ലൈവ് ടെലികാസ്റ്റ് തുടങ്ങി.

മുൻധാരണ പ്രകാരം ആർട്ടിസ്റ്റ് രമ്യ ഗജരാജവിരാജിതമന്ദഗതിയിൽ അഞ്ചാറു വട്ടം കുട്ടന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മിനുങ്ങിനടന്നു ശ്രദ്ധയാകർഷിച്ചു. ഒട്ടും പരിചിതമല്ലാത്ത ഈ ശ്രദ്ധക്ഷണിക്കലിൽ കുട്ടൻ ആദ്യമൊന്ന് പതറിയെങ്കിലും ഉള്ളിലെ ജവാൻ കുട്ടന് തോക്കെടുത്തു വെടിവയ്ക്കാൻ തക്ക ധൈര്യം നൽകി. കുറെ നേരം നടന്ന ശേഷം രമ്യ അല്പം ദൂരെ ഒഴിഞ്ഞുമാറിയ പൊളിഞ്ഞ കെട്ടിടത്തിനടുത്തേക്ക് നടന്നു. നടത്തത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കി കുട്ടൻ തന്റെ പിറകെയുണ്ടെന്നു ഉറപ്പുവരുത്തി. കഴിഞ്ഞ രണ്ടു എപ്പിസോഡുകളിൽ കാര്യങ്ങൾ നേരെ ചൊവ്വേ നടപ്പാക്കാത്തതിന്റെ പേരിൽ രമ്യയുടെ പെയ്മെന്റിൽ നിന്ന് പകുതി കാശ് ശ്യാമചേച്ചി പിടിച്ചു വച്ചിരുന്നു. അതോർമ്മ വന്നപ്പോൾ രമ്യ കണ്ണും ചുണ്ടും പുരികവും ഉൾപ്പെടെ ശരീരഭാഗങ്ങൾ എല്ലാം അനക്കി കുട്ടന്റെ ഇടനെഞ്ചിലേക്ക് ഒരു വെടി പൊട്ടിച്ചു. കുട്ടന്റെ ഇമോഷണൽ ബാലൻസ് എവിടെയൊക്കെയോ തെറ്റാൻ തുടങ്ങിയിരുന്നു. എങ്കിലും കാര്യമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അയാൾ അതിർത്തികൾ ഭേദിക്കാനൊരുക്കമായിരുന്നു. നടത്തതിന്റെ വേഗത കൂട്ടിയ രമ്യ കൈയ്യിൽ കരുതിയ കടലാസ് കവർ താഴേക്കിട്ടു. കുട്ടൻ അതു കണ്ടെന്നു ഉറപ്പാക്കി നേരെ വലത്തേക്കുള്ള ഊടുവഴിയിലൂടെ നടന്നു മാഞ്ഞു. ക്യാമറകളെല്ലാം പല ഭാഗത്തു നിന്നും കുട്ടന്റെ മുഖത്തെ വികാരങ്ങളെ ഒപ്പിയെടുക്കാൻ തയ്യാറായി നിന്നു. അടുത്തനിമിഷം എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും.

പതിയെ നടന്നുവന്ന കുട്ടൻ രമ്യ താഴേക്കിട്ട കവർ കുനിഞ്ഞെടുത്തു. അതിനകത്തുനിന്ന് പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തേക്കെടുത്തു. ഒരമ്മയും മകനും കുഞ്ഞു മകളും നിഷ്കളങ്കമായി ചിരിച്ചുനിൽക്കുന്ന ഫോട്ടോ വളരെ കഷ്ടപ്പെട്ടാണെങ്കിലും ക്യാമറാമാൻ സൂം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചു. ഒരു നിമിഷം ലൈവായി ഷോ കാണുന്നവരുടെ ഉള്ളിൽ നൂറായിരം ചോദ്യശരങ്ങൾ എയ്തെടുക്കാൻ തക്ക മികവ് ആ ക്യാമറാഷോട്ടിനുണ്ടായിരുന്നു. സുഭാഷണ്ണനും തമ്പാൻ ചേട്ടനും അവരുടെ ഞെരിപ്പൻ പ്ലാനിനെക്കുറിച്ചോർത്ത് അങ്ങോട്ടുമിങ്ങോട്ടും പുഞ്ചിരിച്ചു.

കുറെനേരം ഫോട്ടോയിലേയ്ക്ക് നോക്കിനിന്ന കുട്ടൻ്റെ കണ്ണുകൾ കണ്ണീരിൽ നിറഞ്ഞുതുളുമ്പി. പെട്ടെന്ന് സമയം നിശ്ചലമായതായി എല്ലാവർക്കും തോന്നി. കാണികളുടെയുള്ളിൽ ചിന്തകൾ ജനിക്കുന്നതിനുമുന്നേ കുട്ടൻ മുന്നോട്ടാഞ്ഞ് ഓടിത്തുടങ്ങി. അമ്മലയുടെ ഗർഭപാത്രത്തിൽനിന്ന് ചുരുങ്ങിയ ബോധവും സ്വപ്നവും വേദനയും അനുഭവപ്പെടാൻ മാത്രം കഴിവുള്ള ഗർഭസ്ഥശിശുവിനെപ്പോലെ കുട്ടനെന്ന പൊട്ടൻ താഴേക്ക് തെറിച്ചു. ഒരുപാട് തവണ അമ്മലയെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ചുംബിച്ചു ചുംബിച്ചു ചുവന്നുതുടുത്ത മാംസപിണ്ഡമായി കുട്ടൻ മലയുടെ കാലുകൾക്കിടയിലേക്ക് തെറിച്ചുവീണു.

ന്യൂ മലയാളി ടിവി ജനകീയപ്രോഗ്രാം പൊടി തവിട് പൊടിയുടെ അമ്പതാമത് എപ്പിസോഡ് അന്നേ ദിവസം രാത്രിയോടു കൂടി പത്ത് മില്യൺ വ്യൂസ് കടന്നു.

(*കോപ്രാട്ടി: ചിരിപ്പിക്കുന്നതിനുള്ള ഒരുമാതിരി കളി, Prank)


Summary: Kopratti malayalam short story by Chanju ML Published On Truecopy Webzine Packet 242.


ചഞ്ചു. എം.എൽ.

കഥാകൃത്ത്. കെ. എസ്. എഫ്. ഇയിൽ ജൂനിയർ അസിസ്റ്റന്റ്, കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷകൻ.

Comments