അരുണ്‍ ബാബു ആന്റോ

‘കൊറിയക്കൊണ്ടായത് നിൻറമ്മ മാത്രവല്ലല്ലാ. വേറേവില്ലേ ഒരഞ്ചട്ടെണ്ണം പലടുത്തായിട്ട്’, വെയിറ്റർ മേശപ്പുറത്തു കൊണ്ടുവെച്ച മസാലയിൽ പൊതിഞ്ഞ വറുത്ത കപ്പലണ്ടിയിലേക്കും നേരത്തെ ഓർഡർ ചെയ്ത കോണിയാക്കിന്റെ പെഗ്ഗിലേക്കും ഉടഞ്ഞ നാരങ്ങാത്തൊണ്ട് ഞെരുക്കിയൊഴിച്ച് പൊന്നുക്കുട്ടൻ പറഞ്ഞു. ബൊണാൻസാ ബാറിൽ അയാൾക്കൊപ്പം വന്നു കേറിയതു മുതൽ സേവി മൌനിയായ കേൾവിക്കാരൻ മാത്രമാണ്. നാട്ടുകാർ മുഴുവനറിഞ്ഞതുപോലെ പൊന്നുക്കുട്ടനും എന്തെങ്കിലുമൊക്കെ തിരിഞ്ഞു കിട്ടിക്കാണുമെന്ന് അവൻ ഊഹിച്ചു.

‘അപ്പ പറഞ്ഞുവന്നത്, വാ പൊളുത്തി നിക്കാതെ മാമമ്മാരുടേം ചിറ്റമ്മമാരുടെയുമൊക്കെ വീട്ടി ചെന്ന് അമ്മേവായിട്ട് നിരന്തരം ചോദിക്കണം. ആരെങ്കിലുവൊരാള് സഹായിക്കാതിരിക്കത്തില്ലല്ലാ.’

‘ആരും സഹായിക്കില്ല. ഞാൻ ചോദിക്കത്തുമില്ല’, സേവി മൊഴിഞ്ഞു.

കൊറിയ ജോസപ്പിന്റെ ഇളയമകൾ ജോലിക്കുനിൽക്കുന്ന വൃദ്ധസദനത്തിൽ നിന്ന് പൊന്നുംപണ്ടോം മോഷ്ടിച്ചെന്ന് മിച്ചമുള്ള കൂടപ്പിറപ്പുകളുടെ ചെവിയിലൊക്കെ എപ്പോഴേ എത്തിയിട്ടുണ്ടാവും. ഇനി ഏതു മുഖവും വെച്ച് അങ്ങോട്ട് ചെല്ലാനാണ്.

‘വിരോണി ചേച്ചീടെ വീട്ടുകാര് പോലീസ് കേസാക്കുവെന്നല്ലേ പറഞ്ഞിരിക്കണത്. അവര് ആക്കട്ട്. എന്നിട്ട് നിൻറ കണ്ണുംമുന്നീ കൂടി ഗ്രേസിയേം വെലങ്ങുവെച്ച് കൊണ്ടുപോട്ട്. അപ്പ പഠിക്കും കുഞ്ഞിൻറയീ കുത്തിക്കഴപ്പിന്റെ പാഠം.’

അവസാനത്തെ കവിളും ചവച്ചുകുടിച്ച് ചിറിതടവി പൊന്നുക്കുട്ടൻ പുറകിലേക്ക് മലർന്നു. അപ്പാപ്പൻ കൊറിയ ജോസപ്പിന് സേവീടെ അമ്മ ഗ്രേസി ഉൾപ്പടെ പതിനൊന്നു മക്കളാണ്. പട്ടാളത്തിലായിരുന്ന കാലത്ത് ജോസപ്പ് പണി കഴിപ്പിച്ച തറവാട് വീട് അയാളുടെ കാലശേഷം ഭാഗം വെച്ചപ്പോൾ ചെറുതെങ്കിലും ഒരു പങ്ക് കൂടുതലോഹരി ലഭിച്ചത് ഇളയമകൾ ഗ്രേസിക്കാണ്. അതിന്റെ കണ്ണുകടിയിൽ മാമൻമാരിൽ ചിലരും വെല്ല്യമ്മമാരിൽ മുക്കാലും (അന്ന് ജനിച്ചിട്ടു കൂടിയില്ലാത്ത) മകനായ സേവിയെ കണ്ടാൽക്കൂടി ഇന്നും പുറം തിരിച്ചു കളയും. എന്നാൽ പങ്കുകിട്ടിയ പണം മരിച്ചുപോയ അപ്പന്റെ ചിട്ടിക്കടം തീർക്കാൻ തികഞ്ഞിട്ടില്ലെന്ന് സേവി പറഞ്ഞാൽ ആര് വിശ്വസിക്കാനാണ്.

‘അല്ല ഇതിപ്പോ വിരോണി ചേച്ചി പറഞ്ഞതല്ലേ മഠംകാര് വിശ്വസിച്ചിരിക്കണത്. മഠംകാര് പറയണതല്ലേ അവർക്കട മക്കള് വിശ്വസിക്കത്തൊള്ള്. അതുകൊണ്ട് നീ ഒള്ളതുപറ ഗ്രേസി തന്നെയല്ലേ ഊരിയെടുത്തത്?’

‘അല്ല അവര് ഊരിക്കൊടുത്തതാ. അമ്മച്ചി മോട്ടിക്കേല.’

ഉള്ളിലൊള്ള വിഴുപ്പും കുത്തുവർത്താനവും പറഞ്ഞു തീർത്തു കഴിയുമ്പോൾ നിശ്ചിത പ്രശ്നത്തിന് പൊന്നുക്കുട്ടനൊരു ഉപാധിയും കണ്ടുപിടിക്കുമെന്ന പ്രതീക്ഷ കൈവിടാതെ സേവി പല്ലിറുമിയിരുന്നു.

‘ഇതിനിപ്പോ എന്നാ ചെയ്യാൻ പറ്റും?’

‘പണ്ടമെടുത്ത് കൊടുക്കുക എന്നല്ലാതെ നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയൊന്നുവില്ല. പിന്ന ചെയ്യാൻ പറ്റണത് കൊറച്ചുകൂടി അവധി നീട്ടിക്കിട്ടുവോ എന്നതാണ്. അതു നമുക്കു നോക്കാം. അല്ല നീയിതുവരെ അടിച്ചില്ലല്ലാ.’

‘എനിക്കുവേണ്ട പൊന്നൂട്ടൻ ചേട്ടാ. ഇപ്പ എറങ്ങുകേല.’

അയാൾ മുൻപിലേക്ക് നീക്കി വെച്ച മദ്യത്തിന്റെ ഗ്ലാസ്സിലേക്ക് സേവി അറിയാതെ നോക്കിപ്പോയി. നുരഞ്ഞു പൊട്ടിപ്പരന്ന കുമിളകളിൽ ലഹരി സ്ഫുരിക്കുന്നു.

‘ആരെ കാണിക്കാനാണ്. അങ്ങ് എടുത്തടി ചെറുക്കാ. അവന്റൊരു കൊണ.’

മറിച്ചാലോചിക്കാൻ പിന്നെ നിന്നില്ല. ചില്ലു ഗ്ലാസ് വലിച്ചിറുമ്പി ഒരു വലിയ പിടി മസാല കപ്പലണ്ടിയും വായിലാക്കി സേവി ദീർഘെ ശ്വസിച്ചു.

മഠംകാര് നടത്തുന്ന ഫാത്തിമമാതാ ഓൾഡേജ് ഹോമിൽ കഴിഞ്ഞ ഏഴു വർഷമായി ഗ്രേസി കുശിനിപ്പണി ചെയ്യുന്നു. ഭർത്താവിന്റെ പെടുമരണം വരുത്തിവെച്ച ഭാരത്തെ പ്രതി അവർ സ്വയം തിരഞ്ഞെടുത്ത വഴിയാണത്. പെലകാലെ പണികൾ തീർത്ത് സേവി എണീക്കുന്നതിനും വളരെ മുൻപേ ഗ്രേസി വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ടാവും. പള്ളിമുറ്റവും കൈതപ്പാടവും കറങ്ങി പൊഴിയും കവച്ചുവെച്ച് പതിനഞ്ചിരുപത് മിനുറ്റോളം നീളുന്ന നടത്തത്തിനിടയിൽ ആ മനസ്സിൽ വന്നു പോകാത്ത വ്യാകുലതകളില്ല. എന്നാൽ ഓൾഡേജ് ഹോമിന്റെ പടിക്കലെത്തിക്കഴിഞ്ഞാൽ സ്വിച്ചിട്ട മാതിരി അത്തരം ചിന്തകളുടെ ആയുസ്സവർ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടാവും.

അടപ്പുപാതകത്തിനരികെ തലേന്ന് മടക്കിവെച്ചിരുന്ന നീളൻ കൈക്കലത്തുണി പഴഞ്ഞു പിഞ്ചിയ നൈറ്റിക്കു കുറുകെ ചുറ്റി കറിക്കയിലും മുറുക്കെപ്പിടിച്ച് കുശിനിയിലേക്ക് കയറിക്കഴിഞ്ഞാൽ ഗ്രേസി പിന്നെ ഗ്രേസിയല്ല. അടുക്കളയിലെ മെയിൻ കുക്കിനൊരു സഹായത്തിന് മദർ സുപ്പീരിയറമ്മ നേരിട്ടു പോയി കൊണ്ടുവന്ന നാലഞ്ചു ആസാമി പെൺകുട്ടികളുടെയും പുറംപണിക്കു നിൽക്കുന്ന രമേശ് ഭായിയുടെയും താൽക്കാലിക അധികാരം അവിടം മുതൽ ഗ്രേസിയിലേക്ക് കൈമാറും. കടക്കാരും ദാരിദ്ര്യവും പുഴുക്കു മുട്ടിച്ചിരുന്ന ജീവിതത്തിൽ നിന്ന് ശുഷ്കിച്ച സമയത്തേക്ക് ഒരു വേഷമെടുത്തണിഞ്ഞ് രക്ഷപ്പെടാൻ സാധിച്ചിരുന്ന ഏക അവസരം അവർ ആവോളം ആസ്വദിച്ചു.

‘ഗ്രേസിച്ചേച്ചീ ചോറ് കാലായി’,
‘ഗ്രേസിച്ചേച്ചീ കറിക്കരിയട്ടെ?’,
‘ഗ്രേസിച്ചേച്ചീ കപ്പ പൊളിക്കട്ടെ?’,
‘തറ തൊടക്കട്ടെ?’,
‘മുട്ടി കീറട്ടേ?’
പണിക്കു നിൽക്കുന്ന പെണ്ണുങ്ങൾ പുറകെ നടന്ന് ചോദിക്കുമ്പോൾ ഗ്രേസിയൊന്നു പവറിൽ പൊങ്ങിനിവരും.

‘ഗ്രേസി ചേച്ചീ ഒരു മൊട്ട കൂടി’,
‘ഗ്രേസി ചേച്ചി ഇച്ചി ചാറ് ഒഴിച്ചു തരുവോ?’,
‘ഇത്തിരി കരിങ്ങാലി വെള്ളം’,
‘ഇത്തിരി സോപ്പ് കാരം, ഒരു പുഴുങ്ങിയ പഴം....’
പ്രാതൽസമയം കോളേജ് ഹോസ്റ്റലിലെ കുട്ടികളും മെസ്സിൽ ഗ്രേസിയെ തേടിയെത്തി പല സ്വരത്തിൽ കൊഞ്ചും.

‘ഗ്രേസി ചേച്ചി മപ്പാസ് കലക്കി. എരിവും പിടുത്തോം കറകറക്ട്.’

ഉച്ചക്കുണ്ണാൻ വരുന്ന മേനങ്കാട്ടച്ചന്റെ ഊഴമാണ് പിന്നെ. എൺപത് കഴിഞ്ഞ കെഴവൻ പാതിരി തന്നെ ചേച്ചിയെന്ന് വിളിച്ചഭിസംബോധന ചെയ്യുന്നതിലെ കുനഷ്ടിനെക്കുറിച്ചൊക്കെ ഗ്രേസി അതോടെ മറന്നിട്ടുണ്ടാവും.

‘ഇന്നലത്തെ ഭക്ഷണം മേടയിലെല്ലാവർക്കും ശരിക്കും ഇഷ്ടപ്പെട്ടാരുന്നേ. പറവൂരുന്ന് നൊവേനക്ക് വന്നൊരച്ചൻ ചോദിച്ച്, ആ ചേച്ചിയെ ഞങ്ങക്കൊന്നു വിട്ടു താ മദറേ, ഞങ്ങളും ഇത്തിരി നല്ലത് കഴിക്കട്ടെന്ന്’, ഞാൻ പറഞ്ഞ്.
‘ഇത് നല്ല കൂത്ത്, ഈ സ്ഥാപനം ഓ‌ടണ തന്നെ ആ ബലത്തിലാന്ന്’, ഒട്ടും കുറയ്ക്കാതെ മദറും പറയും.

വൃദ്ധസദനത്തിലെ അന്തേവാസികൾക്കാവട്ടെ ഗ്രേസി മകൾ തന്നെയായിരുന്നു. കിടക്കയിലിട്ട് മലമൂത്രവിസർജ്ജനം നടത്തുന്ന ഉയിരില്ലാത്ത വയോധികരെ തൊടപ്പിക്കാനും, കട്ടില് കഴുകാനും, അവരെ കുർബാന കൂടിപ്പിക്കാനുമൊക്കെ ഹോംനേഴ്സായ ജാനറ്റിനൊപ്പം ഗ്രേസിയും ഒന്നാം പന്തിയിൽ കാണും. കുശിനിപ്പണി തീർത്ത് സമയം ഒത്തുവരുന്ന മുറയ്ക്ക് അവർ ഓൾഡേജ് ബ്ലോക്കിലേക്ക് പാഞ്ഞെത്തും. ഇട്ടിട്ടുപോയ മക്കളുടേം മരിമക്കളുടേം കുറ്റങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ മുഷിപ്പില്ലാതെ അതു കേൾക്കാനും, ഒടുവിൽ തന്റെ അന്തമില്ലാത്ത പരാധീനകളെ ചൊല്ലിയും അവർക്കൊപ്പം ഒന്നു പതം തല്ലിക്കരയാനും ഗ്രേസിയും ത്വരപ്പെട്ടിരുന്നു.

‘മകളേ കൊറിയ പോയിട്ടെത്ര കൊല്ലവായി?’, കണ്ണുകാണാത്ത വിരോണിച്ചേടത്തി ഇടയ്ക്ക് ചോദിക്കും.

‘വരുന്ന ഡിസംബറില് മുപ്പതു കഴിയും ചേടത്തി.’

കൊറിയാപ്പാപ്പനെ സേവി നേരിട്ടു കണ്ടിട്ടില്ല. അമ്മയും വല്യമ്മച്ചിമാരുമൊക്കെ പറഞ്ഞു തന്ന അറിവിൽ ആറര ഏഴടി ഉയരത്തിൽ ദൃഢഗാത്രനായ ഒരു കൂറ്റൻ ഫിഗർ അവന്റെ മനസ്സിലുണ്ടായിരുന്നു. അപ്പാപ്പന്റെ ഇരുപതാമത്തെ ആണ്ടിൽ ദ്രവിച്ചു തുടങ്ങിയ ഒരു പഴയ ഫോട്ടോ ഡെവലപ്പ് ചെയ്ത് മൂത്ത മാമൻ പള്ളിയോഡിറ്റോറിയത്തിൽ തൂക്കിയപ്പോഴാണ് കാലങ്ങളായി ഉള്ളിൽക്കിടന്നിരുന്ന കൊറിയയുടെ രൂപത്തിന് സേവിക്കൊരു മുഖം കിട്ടുന്നത്. മുല്ലപ്പൂവിലും സാംബ്രാണിപ്പുകയിലും മൂടി നീളൻ തീൻമേശയുടെ അരികിലിരുന്ന ഫോട്ടോയ്ക്കു മുൻപിലേക്ക് ഓഡിറ്റോറിയത്തിലെ തിരക്കൊഴിഞ്ഞപ്പോൾ അവൻ ചെന്നു നിന്നതോർമ്മയിലുണ്ട്.

‘വി’ ആകൃതിയിൽ ഇരുവശങ്ങളിലേക്കും കയറിയ നെറ്റി, അല്പം ചളുങ്ങി നീണ്ട കുഞ്ഞൻ കണ്ണുകൾ, അറുപതുകൾ പിന്നിട്ട ചർമ്മമാണെങ്കിലും ഒരു പൊടിരോമം മുളച്ച അവശേഷിപ്പുകൾ പോലും കണ്ടെത്താൻ കഴിയാത്ത കവിൾത്തടവും വിരിഞ്ഞു പരന്ന മാറിടവും. പ്രത്യക്ഷത്തിൽ കൌതുകം തോന്നിക്കുന്ന എന്നാൽ നാളിതുവരെ കുടുംബത്തിലും നർബോന പരിസരത്തും കണ്ടു പരിചയിച്ചിട്ടില്ലാത്ത മുഖം.

‘കൊറിയൻ യുദ്ധകാലത്ത് ഇ​ന്ത്യേന്നുപോയ പട്ടാള ട്രൂപ്പിലെ പ്രധാനിയായിരുന്ന് നിൻറപ്പാപ്പൻ’, ഗ്രേസി ചെറുതിലെ അഭിമാനത്തോടെ പറഞ്ഞുകൊടുക്കും.

‘യുദ്ധം കഴിഞ്ഞ് വന്ന് കൊരട്ടീന്ന് അമ്മച്ചിക്കൊപ്പം ഇങ്ങോട്ടേക്ക് താമസം മാറുമ്പ മൂത്തമാമൻ ജനിച്ചിട്ടേയൊള്ള്. പട്ടാളത്തീന്ന് അന്നു വലിയ പെൻഷനൊന്നും കിട്ടുകേല. അതുകൊണ്ടു നർബോനയിൽ വന്ന പാടേ തന്നെ അപ്പച്ചൻ വള്ളത്തെ പോയി കേറി. അന്ന് ലേനം വള്ളവാര്ന്ന് ഇവിടുത്തെ മെയിൻ വള്ളം. ഞായറാഴ്ചേം അവര് വള്ളവെറക്കും. ചെല ദെവസങ്ങളില് പകല് കറിക്കൊന്നും കാണുകേല. അപ്പച്ചൻ പണീ൦ കഴിഞ്ഞ് വരാൻ പാതിരാത്രിയാകും. വെശന്നു വലഞ്ഞ് ഞങ്ങൾ മക്കള് പതിനൊന്നെണ്ണോ൦ ഒറക്കം പിടിക്കുമ്പ അമ്മച്ചി മാത്രം അടുപ്പത്ത് അരീവിട്ട് അപ്പച്ചൻ കറിക്കെന്തേലും കൊണ്ടുവരണതും കാത്ത് വെളീലും നോക്കിയിരിക്കും. രാത്രിയിലെപ്പഴോ വന്നു കേറണ അപ്പച്ചൻ കൊണ്ടു വരണ മീനിന്റെ തോലുരിക്കാനും കറിക്കരിയാനുമൊക്കെ അമ്മച്ചി വിളിച്ചെണീപ്പിക്കണത് എളയതായ എന്നെയാണ്. ഒറക്കപ്പിച്ചിലാണെങ്കിലും ഞാനെണീറ്റ് പരാതിയൊന്നും പറയാതെ ചെയ്യും. അതുകൊണ്ടൊക്കെ തന്നെ മറ്റൊള്ളവരെക്കാളും അപ്പച്ചന് ഒരു പൊടിക്ക് ഇഷ്ടം എന്നോടായിരുന്ന് കൂടുതൽ. അടുപ്പത്ത് മീൻകറി തെള പറ്റി കഴിയുമ്പ മക്കളെ എല്ലാവരെയും കുത്തിപൊക്കി ആദ്യത്തെ ചോറുരുള മീഞ്ചാറിൽ മുക്കി അപ്പച്ചൻ തന്നെ വായി വെച്ചു കൊടുക്കും. എന്നിട്ട് വയറ് നെറപ്പിച്ചേ പിന്നെ ഒറക്കത്തൊള്ള്.’

‘കൊറിയേ യുദ്ധത്തിനു പോയ കൊണ്ടാണാ അപ്പാപ്പന്...?’, കുഞ്ഞു സേവി മുഴുവിപ്പിക്കാതെ ചോദിക്കും.

‘പണിക്കു പോകാത്ത ദിവസങ്ങളില് രാവിലെ തന്നെ നീളൻ ജുബ്ബയും എടുത്തിട്ട് ഒരുങ്ങി അപ്പച്ചൻ പള്ളിമുറ്റത്തുള്ള ചുള്ളിക്കക്കടയിലേക്ക് പോകും. പത്രം വായനേം ചായകുടീം അതിനെടേലൊള്ള എല്ലാരും കൂടിയൊള്ള വെടിവട്ടവുമൊക്കെ തീരുമ്പോ ഒരു പത്തിരുപതു വട്ടമെങ്കിലും കൊറിയേലങ്ങനെയായിരുന്ന്, കൊറിയേലിങ്ങനെയായിരുന്നെന്നൊക്കെ അപ്പച്ചൻ പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയാണ് കൊറിയ ജോസപ്പെന്ന പേര് വീണതെന്നാണ് പറഞ്ഞു കേട്ടിട്ടൊള്ളത്. കൂടുതലൊന്നും എനിക്കറിയാമ്മേല.’

ഗ്രേസി മുഖം കൊടുക്കാതെ പറഞ്ഞവസാനിപ്പിക്കുമ്പോൾ സേവി സംശയത്തോടെ നോക്കും. കഥകൾ പലരൂപേണ കാലങ്ങളായി കേട്ടുമാറിയിരുന്നെങ്കിലും സേവിക്ക് അപ്പാപ്പൻ എന്തുകൊണ്ടോ എന്നുമൊരു മിസ്റ്ററിയായിരുന്നു.

കൈതത്തിൽ വാർക്കപ്പണിക്ക് നിൽക്കുമ്പോഴാണ് പെട്ടെന്ന് മഠത്തിലേക്ക് വരണമെന്ന ആഞ്ജാസ്വരത്തിൽ മദറിന്റെ ഫോൺകോളെത്തുന്നത്. അമ്മയ്ക്കെന്തെങ്കിലും വയ്യാഴിക പറ്റിക്കാണുമെന്ന ആധിയിൽ പാഞ്ഞെത്തുമ്പോൾ ഗ്രേസിച്ചേച്ചിയുടെ ഒരേയൊരു ആൺതരിയെന്ന ലേബലിൽ എന്നും നിറഞ്ഞ സ്നേഹത്തോടെ മാത്രം തന്നെ സ്വീകരിച്ചിരുന്ന ഫാത്തിമാമാതാ ഓൾഡേജ് ഹോമിന്റെ മട്ടും ഭാവവും മാറിയിരുന്നത് സേവിക്ക് ഒറ്റനോട്ടത്തിൽ കിട്ടിക്കഴിഞ്ഞിരുന്നു. മുഖത്തെ ചിരി മാഞ്ഞ് ഗ്രേസിക്കരികെ മദറും മേനങ്കാട്ടച്ചനും തുറിച്ചു നിന്നിരുന്നു. അവർക്കും പുറകിലായി കണ്ണുകാണാത്ത വിരോണിച്ചേടത്തിയുടെ സ്ലോവാനിയായിലുള്ള മകളുടെ ഭർത്താവ് നെടുമങ്ങാട്ടുകാരൻ അനീഷിനെയും കാണപ്പെട്ടു. അനീഷിനെ സേവിക്കറിയാം. കഴിഞ്ഞ കൊല്ലം അയാളുടെ വീട്ടിലെ പട്ടിക്കൂട് പണിതതും പുറത്തെ കക്കൂസിന് വരാന്ത വാർത്തതും സേവിയാണ്. പണി തീർന്ന രാത്രി ഭാര്യ കൊടുത്തയച്ച ഫോറിൻ മദ്യത്തിൽ നിന്നൊരു മൂന്ന് പെഗ്ഗ് അയാൾ സേവിയെക്കൊണ്ട് നിർബന്ധിപ്പിച്ച് അന്ന് കഴിപ്പിച്ചിട്ടാണ് തിരികെ വിട്ടത്. പരിചയം പുതുക്കുന്നെന്ന ലാഘവത്തിൽ സേവി അയാളെ നോക്കി ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.

‘എന്തുപറ്റി മദറേ?’

ചോദ്യത്തിനു മറുപടിയെന്നോണം അനീഷിന്റെ കൈപ്പത്തി സേവിയുടെ കവിളുകളിൽ രണ്ടു തവണ ശക്തിയിൽ തുടരെ പതിഞ്ഞു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഗ്രേസിയൊഴികെ ചുറ്റി നിന്ന മറ്റാരും അതിനു തടസ്സം നിന്നതുമില്ല. നിറഞ്ഞ കണ്ണുകളും കവിൾത്തടവും പൊത്തി എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകപ്പു വിട്ടുമാറാതെ നിന്നപ്പോൾ അയാൾ വീണ്ടും മുഷ്ടി ചുരുട്ടി സേവിയുടെ അടുത്തേക്ക് വന്നു.

‘ഈ കൂത്തിച്ചിക്കിട്ട് തല്ലാൻ പറ്റത്തില്ല. അതുകൊണ്ടു തന്നെയാടാ നിനക്കിട്ടൊരെണ്ണം അറഞ്ചു തന്നത്.’

അന്ധയായ വിരോണി ചേടത്തിയുടെ വള ഊരിയെടുത്തെന്ന കുറ്റമാണ് ഗ്രേസിയിൽ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും അതിന്റെ ദേഷ്യത്തിലാണ് മകനായ തനിക്കിട്ടു തല്ലിയതെന്നും മനസ്സിലാക്കാൻ സേവിക്കു അല്പസമയം കൂടി വേണ്ടി വന്നു.

‘തള്ളേയോളികൾ രണ്ടും കൂടി മോട്ടിക്കാനെറങ്ങിയിരിക്കണ്. നാലു ദെവസം നെനക്ക് സമയം തരും. അതിനുള്ളീ ഇവളമുക്കിയ പണ്ടം ഇവിടെ തിരിച്ചു കിട്ടിയില്ലെങ്കി...’

എന്നത്തേയും പോലെ ചലനശേഷി നഷ്ടപ്പെട്ട് വിറങ്ങലിച്ചു വീർത്ത ഹൃദയവും പേറി സേവി അന്നും അമ്മയുടെ മറയിൽ നിന്നു.

വർഷങ്ങളായി തന്നെ പുകഴ്ത്തിയിരുന്ന മുഖങ്ങളിൽ അറപ്പ് നിറയുന്നതു താങ്ങാനാവാതെ വിതുമ്പിക്കൊണ്ട് വെളിയിലേക്കു നടക്കുമ്പോൾ ഗ്രേസി നിർവികാരനായി ഒപ്പം ചലിക്കുന്ന മകന്റെ നിഴലിലേക്കും നോക്കി.

‘എടാ സേവീ, നിൻറപ്പാപ്പനെങ്ങനാ കൊറിയ ജോസപ്പെന്ന പേര് വന്നതെന്നറിയാവോ?’

ബോണാൻസാ ബാറിൽ തിരക്കൊഴിഞ്ഞപ്പോൾ കുഴഞ്ഞ ശബ്ദത്തിൽ പൊന്നുക്കുട്ടൻ പറഞ്ഞു.

‘അത് കൊറിയേ യുദ്ധത്തിനു പോയിട്ടെന്നാണ നീ കരുതണത്. അങ്ങേര് ഒരു മറ്റടത്തേക്കും പോയട്ടില്ല. അതിനൊള്ള ധൈര്യോം ആ പാവപ്പെട്ടവനില്ലാര്ന്ന്.’

സേവി ഒരു ഗ്ലാസ്സ് മദ്യം കൂടി ധൃതിയിൽ ഒഴിച്ച് കുടിച്ച് ലാസ്യത്തിലിരുന്നു.

‘അയാള് നിന്നപ്പോലൊരുത്തനാരുന്നടാ. വായീട്ട് കുത്തിയാ പോലും മിണ്ടാത്ത ഒരു അല്പപ്രാണി. നീ അയാളെ നേരിട്ട് കണ്ടിട്ടൊണ്ടാ? പോട്ട, അയാക്കടെ ഫോട്ടോ കണ്ടിട്ടൊണ്ടാവുമല്ലാ. അതില് അയാക്കടെ കണ്ണും മൂക്കുവൊക്കെ നീ നോക്കിയിട്ടൊണ്ടാ? നമ്മട പോലത്തെയാണാ അത്? ഒരുമാതിരി ചൈനക്കാരുടെ കൂട്ട്. പരന്ന കണ്ണും ചിറീം....’

സേവിയുടെ ശ്വാസത്തിനു പൊടുന്നനെ തണുപ്പ് വർധിച്ചു. കണ്ണുകളിൽ ഇരുട്ട് പരന്നപ്പോൾ മുൻപിലേക്ക് നീണ്ട മദ്യഗ്ലാസ്സ് വീണ്ടും ചൂണ്ടിലേക്ക് അമർന്നു.

‘നിൻറമ്മക്കും അയാക്കടെ ചിരിയാണ് കിട്ടിയിരിക്കണത്. കണ്ടിട്ടില്ലേ?’

വിടർന്നു ചിരിക്കുമ്പോൾ കണ്ണുകൾ ചളുങ്ങി അമ്മയ്ക്കും ഒരു ചൈനക്കാരന്റെ രൂപസാദൃശ്യമുണ്ടെന്ന് സേവിക്കു പെട്ടെന്ന് തോന്നി. തുടർന്ന് മൂത്ത മാമൻമാരുടെയും വല്ല്യമ്മമാരുടെയും ചെറിയ കണ്ണുകളും നീണ്ടു പരന്ന ചിറിത്തടങ്ങളും അവന്റെ മുൻപിലേക്ക് ഒന്നൊന്നായി വന്നു നിറഞ്ഞു. കാലിയായ മദ്യക്കുപ്പിയുടെ മിനുസപ്പിലേക്ക് മുഖം പ്രതിഫലിപ്പിച്ച് ചിരിക്കുമ്പോൾ തന്റെ കണ്ണുകളും ചുരുങ്ങുന്നുണ്ടോ എന്ന് സേവി സൂക്ഷ്മതയോടെ നോക്കി.

Comments