കൃത്രിമ നിമിഷം

കുട്ടൻ ചിലർക്ക് ഇൻഫ്ലുവൻസർ.
വാ തോരാതെ ലോകകാര്യങ്ങൾ സംസാരിച്ചിരുന്ന എന്റെ അമ്മച്ചിയിൽ നിന്ന് കിട്ടിയതാവണം ജീൻ. അവന്റെ അമ്മച്ചിയും സംസാരിക്കാൻ ശേഷിയുണ്ടായിരുന്ന കാലത്ത് ഞാനും വിളിക്കുന്ന പേരാണ് കുട്ടൻ. സുഹൃത്താണ് എന്ന് സ്ഥാപിക്കാൻ വേണ്ടി ചിലർ കുട്ടാ എന്ന് വിളിക്കും. പ്രതികരിക്കില്ല. ജോസ് ഇമ്മാനുവൽ തരകൻ പള്ളിയിൽ ഇട്ട പേര്. അറിയപ്പെടുന്നത് @Through-A-Jose എന്ന മേൽവിലാസത്തിൽ. Joseന് ഹോസെ എന്ന ഉച്ചാ രണം അവനറിയാം. ഗൂഗിളിനും വിക്കിക്കും കൂടെക്കൂടെ നന്ദി പറയാറുണ്ട്. നർമ്മം ചാലിച്ച് ഹോസ് എന്ന് വ്ലോഗിൽ പറയും.

അപ്പാപ്പൻ എന്ന അവന്റെ അമ്മയുടെ അച്ഛൻ. മുഴുവൻ പേര് വെളിപ്പെടുത്താൻ കഴിയില്ല. കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്റെ ജീവിതം. മിസ്റ്റർ സ്സി (Z) എന്ന് കുട്ടൻ കണ്ടെത്തിയ ചുരുക്കപ്പേരിൽ കാര്യങ്ങൾ മിണ്ടാതെ പറയാം.

തോട്ടത്തിൽ ഒളിച്ചിരിക്കുന്ന ചീവീടുകളെ കാണാനൊക്കത്തില്ല. ചെവി പുളിപ്പിക്കുന്ന അവയുടെ ശബ്ദം പകലും കേൾക്കാം. വെയില് കടക്കാത്ത പുരയിടം. കുതിർന്ന കരിയിലകളുടെ പൂപ്പലുമണം. ഭിത്തിയ്ക്ക് നീലയും ജനാലകൾക്ക് ചുവപ്പും നിറം. മുകളിൽ ഓടിന് നിറം മഞ്ഞ. കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് എന്ന പ്രതിഭാസത്തിലെ കറുപ്പിൽ തിളക്കമുണ്ട്. കറുപ്പിനുള്ളിലെ അഴക്. അത് നിർമ്മിതിയുടെ മിച്ചം നിറമാണ്. അവിടെ നിന്ന് തിരിഞ്ഞ് ഇങ്ങോട്ട് നോക്കിയാൽ മനുഷ്യന് കാണാൻ എളുപ്പം മഞ്ഞ നിറം. വെളുപ്പ് ഒരു നിറമല്ല.

നല്ല കാലത്തും അനാവശ്യമായി സംസാരിക്കുന്ന പ്രകൃതം ഇല്ലായിരുന്നു. പ്രബന്ധങ്ങൾ എയറോസ്പേസ് അറിയുന്നവർക്കുവേണ്ടി എഴുതി. ആ മേഖലയിലെ പുരോഗതി നാശത്തിലേയ്ക്കുള്ള പോക്ക് ഇവയെക്കുറിച്ചൊക്കെ എഴുതിയിരുന്നു. പ്രസംഗങ്ങൾ പറ്റിച്ചു. എപ്സിയൊണാജ് (മലയാള വാക്ക് ഇഷ്ടമല്ലാത്തതിനാൽ ഉപയോഗിക്കുന്നില്ല) ചുമത്തി ഇരുട്ടറയിൽ അടച്ചിട്ടു. എഴുത്ത് ഇരുണ്ട മുറിയുടെ മൂലയിൽ മാറി നിന്നു. ഞാൻ വെറും പറച്ചിലുകാരനായി.

വീടിന്റെ മുൻവശത്ത് അലറുന്ന മഴ.
പിൻവശത്ത് പൊള്ളുന്ന വെയിൽ.
പറയണോ, കുട്ടന്റെ മനസ്സിലെ തീപിടുത്തം. ഭിത്തിയിലൂടെ പെൻസിൽ റബറുവഴി എത്തുന്ന ഒരുറുമ്പിനെ കണ്ടാൽ തീപ്പെട്ടിക്കൊള്ളിത്തീപിടിക്കുന്ന ജിജ്ഞാസ കുട്ടന്. അടുക്കളയിൽ നിന്ന് സിറ്റൗട്ടിലേയ്ക്കും തിരിച്ചും കിഴക്ക്പടിഞ്ഞാറ് കുട്ടൻ ഓടുന്ന ശബ്ദം. അടുക്കള- ഇടനാഴി- അമ്മച്ചിയുടെ മുറി- ചേച്ചിയുടെ മുറി- അപ്പാപ്പന്റെ മുറി- മറ്റൊരു ഇടനാഴി- സ്വീകരണമുറി- സിറ്റൗട്ട്.

സിമന്റിൽ തീർത്ത വള്ളഛായയുള്ള ബഞ്ചിലേയ്ക്ക് കാറ്റ് കുഴച്ച മഴ കേറി വീഴുന്നുണ്ടാവണം. വീട്ടിൽ വരുത്തുന്ന പത്രമാസികകൾ നനഞ്ഞത് കുട്ടൻ വകവെച്ചിരിക്കില്ല. അതൊന്നും വായിക്കാറില്ലെങ്കിലും എപ്പോഴും വായനയിലാണ്, ചിന്തയിലാണ്.

അടങ്ങിയിരിക്കുമ്പോഴും നടക്കുമ്പോഴും കേട്ടും വായിച്ചും കുട്ടൻ, മൊബൈൽ ഫോണിൽ അല്ലെങ്കിൽ മോണിറ്ററിൽ. ധൃതഗതിയിൽ കണ്ണുകൾ, വിരലുകൾ. വോയ്സ് കാൻസലിങ്ങ് ഹെഡ്ഫോൺ കുട്ടന്റെ തലയോട്ടിയുടെ ഭാഗമാണ്. ചില നേരത്ത് അവ പിടലിയിലേയ്ക്ക് വലിയ ചെവികൾ വീണുകിടക്കുന്നതുപോലെ ഇറങ്ങിക്കിടക്കും. ഇന്ദ്രിയങ്ങൾ ഒരേസമയം തുറന്നുപ്രവർത്തിച്ച് അവൻ അറിവ് കൂട്ടുന്നു.

‘ഡോൺട് വറി അപ്പാപ്പ ഞാൻ അപ്റ്റുഡേറ്റ് ആണ്’, വിഷണ്ണമനസ്സറിഞ്ഞ് ഉത്തരം നൽകും. അവന്റെയമ്മ പുസ്തക- വായനാഭ്രാന്തിയാണ്. മൊബൈൽ ഫോൺ വായന ഇഷ്ടമല്ല. എഴുതിയതൊന്നും പ്രസിദ്ധീകരിക്കാത്ത ഭീകരവായനക്കാരി.

റീഡേഴ്സ് അക്കോർഡിങ്ങ് ടു അബ്ദുൽ കലാം - റോക്കറ്റ് സഹപ്രവർത്തകൻ ഭാസി പണ്ടെന്നോ പറഞ്ഞത് ഓർക്കുന്നു.
പരിപൂർണ്ണ വായനക്കാർ ഒന്നാമത്തെ തരം. അവരുടെതായ വായനാലോകത്ത് സന്തോഷിച്ചും ദുഃഖിച്ചും എഴുത്തുകാരെ ആരാധിച്ചും വെറുത്തും ജീവിക്കുന്നവർ.
രണ്ടാമത്തെ തരം വായനക്കാർ, ചെറിയ ഭീകരർ. അവർ വായിച്ചതിന്റെ ഫലമായി എഴുതുന്നവർ. മൂന്നാമതൊരു തരം വായനക്കാരുണ്ടുപോലും. വില കൂടിയ പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും നടുവിൽ വായിച്ചറിവുള്ളവരായി ജീവിക്കുന്നവർ. കൊടും ഭീകരർ എന്നായിരുന്നു അബ്ദുൾകലാം സാർ വിളിച്ചിരുന്നത്, ഞങ്ങളെ ഭാസി പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.

വാ തോരാതെ കുട്ടൻ പറയുന്ന വിഷയങ്ങൾ കേട്ട് അത്ഭുതപ്പെടും. ചിലപ്പോൾ വിമ്മിഷ്ടപ്പെടുത്തും. പണ്ടൊരിക്കൽ മലയാള സിനിമാനടനെ ഉദ്ധരിച്ച് കുട്ടൻ പറഞ്ഞു, ഭയം മനസ്സിൽ ഇല്ലാതിരിക്കുകയും അറിവ് സ്വതന്ത്രമാവുകയും ചെയ്യുന്ന രാജ്യമാവണം ഇന്ത്യ.

എന്താ ചെയ്യുക? മലർന്നുകിടന്ന് കേൾക്കാനല്ലെ പറ്റൂ. ഷെൽഫിൽ വെള്ളപ്പൊക്കത്തിലകപ്പെട്ട് പൂപ്പൽ പിടിച്ച പുസ്തകത്തിൽ അക്കാര്യം വിശദമായി എഴുതിവെച്ചിട്ടുണ്ട്.

കണ്ണുകൾ ഉരുട്ടി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ആഞ്ഞൊന്ന് തുപ്പിയതുമാതിരി പ്ലാസ്റ്റിക്ക് ഓക്സിജൻ മാസ്ക് മേഘാവൃതമായി. ചുണ്ടുകൾ ഇത്തിരി അനങ്ങി. കുട്ടൻ അത് ശ്രദ്ധിച്ചു. ചോദ്യചിഹ്നം പോലെ മുഖം കോടി. അടുത്തുവന്ന് ഇരുന്നു. മണ്ടത്തരം എന്തോ പറഞ്ഞു. കൂടുതൽ ചിന്തിച്ച് സമയം കളയാൻ താല്പര്യമുണ്ടായിരുന്നില്ല. കുട്ടൻ ഗൂഗിളിൽ തിരഞ്ഞു, ടാഗോറാണെല്ലെ? സോറി.

ആ സംഭവത്തോടുകൂടി കട്ടിലിനടുത്തേയ്ക്ക് ട്രൈപ്പോഡും കസേരയും നീക്കിവച്ചു. എന്റെ ഓക്സിജൻ മാസ്ക് മറയ്ക്കുന്ന മുഖഭാവത്തിന് മാറ്റമുണ്ടാവുമ്പോൾ അവൻ കാമറ നിർത്തി ഗൂഗിളിൽ തിരയും. സംശയം കൂടിയാൽ പുസ്തക ഷെൽഫ് തുറക്കും. തെറ്റാണെങ്കിൽ റീ റിക്കോഡ് ചെയ്യും.

അന്നു മുതൽ വീഡിയോകൾ വഴിയും ഓൺലൈൻ പുസ്തകങ്ങൾ വായിച്ചുപഠിച്ചുമാണ് കുട്ടൻ കാര്യങ്ങൾ അവതരിപ്പിക്കുക. ഐഡിയകളും കുറിപ്പുകളും തലയ്ക്കകത്തൊ ഫോണിലൊ റിക്കോഡ് ചെയ്യും. എവിടെയൊ ഞാന്നു കിടക്കുന്ന എന്റെ പൂപ്പല് പിടിച്ച കോട്ടിന്റെ ഉൾപ്പോക്കറ്റിൽ വരെ പേനകൾ.

കുട്ടന് സ്വന്തമായൊരു പേനയില്ല. അവന് അതിന്റെ ആവശ്യമില്ല.

എപ്പിസോഡ് റീ-റിക്കോഡ് ചെയ്തു. ടാഗോറിന്റെ വരികൾ ഫോണിൽ നോക്കി വായിച്ചു, കൂടെ പറഞ്ഞു. ഏത് പത്രം- മാസിക- ടീവി ചാനൽ നിങ്ങൾ കാണാൻ തിരഞ്ഞെടുക്കുന്നുവോ അതുപോലെയിരിക്കും വിവരം. ലോക വീക്ഷണം, അമ്മച്ചി ഇഡലിയും പുട്ടും ഉണ്ടാക്കുന്നതുപോലെ.

അവന്റെ ദൃഢനിശ്ചയവും വാർത്തകളിലുള്ള ശ്രദ്ധയും കാണുമ്പോൾ ദുഃഖവും സന്തോഷവും ഒരുപോലെ.
ദുഃഖം - എന്റെ അറിവ് അവന് നൽകാൻ കഴിയുന്നില്ലല്ലോ.
സന്തോഷം - എന്റെ സ്വാധീനം അവനില്ലല്ലോ.
ഇവ രണ്ടും ഞാന്നു കിടക്കുന്ന എന്റെ പ്ലാസ്റ്റിക്ക് മൂത്ര സഞ്ചിയിൽ അവൻ കാണും. അതിൽ മഞ്ഞച്ച മൂത്രം നിറയുന്നത് നോക്കി എനിക്കൊരു പുഞ്ചിരി നൽകും. ഉത്കണ്ഠ അറിയിക്കാനും മൂത്രമൊഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ എനിക്കില്ല.

ഐ ആം ഹോസേ- മലയാളത്തിൽ ജോസ്. ചിലർ ജാതി ന്യൂട്രലാക്കി കുട്ടൻ എന്നും വിളിക്കും. ബട്ട് ഐ ഹേറ്റ് ആ വിളി, എന്നെ നേരിൽ നിങ്ങൾ കണ്ടാൽ അങ്ങനെ വിളിക്കരുത്, സൊ ഇതാ ജോസിന്റെ ത്രൂ എ ഹോസ്.

കേൾക്കുന്നുണ്ടോ, മഴയുടെ ശബ്ദമാണ്. ഇതു കണ്ടോ, വെള്ളം സർവത്ര വെള്ളം. നനയുന്ന സിറ്റൗട്ട്. മുൻവശത്തെ ഒട്ടുമാവ്. മഴവെള്ളം വീണ് ചാഞ്ചാടുന്ന ഇലകൾ. യു ഡോൺട് ബിലീവ്, എന്നാ കണ്ടോ ദേ ഞാനിപ്പം കിച്ചൻ സൈഡിലാണ്, ഇവിടെ നോ മഴ.

അടുക്കള ജനലിലൂടെ വെയിൽ തിളച്ച് വീഴുന്നത് കാണിക്കുമ്പോൾ കുട്ടന്റെ പല്ലുകൾ കറുത്ത ചുണ്ടുകൾക്കിടയിൽ വെളുത്ത ഭിത്തിപോലെ. ക്ലൈമറ്റ് ചേഞ്ച് എന്ന ബ്ലഡി ഡേഞ്ചർ ഇതാ ഞങ്ങടെ കേരളാ സ്റ്റേറ്റ് ഗോഡ്‌സ് ഓൺ കപ്പിക്കുഴിയിലും എത്തിയിരിക്കുന്നു.
പറയാൻ മറന്നു, കപ്പിക്കുഴി എന്നല്ല ഞങ്ങളുടെ നാടിന്റെ പേര്, സാങ്കല്പികം. പലർക്കും അതറിയില്ല.

വീടിന്റെ മുൻവശെ മഴ, പിൻവശെ വെയിൽ. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അപ്പാപ്പന്റെ മെത്തയ്ക്കടുത്തുവരെ വെള്ളം എത്തി. അപ്പാപ്പന്റെ ഓക്സിജൻ സിലണ്ടർ വാഴപ്പിണ്ടി പോലെ മുറിക്കകത്ത് കലക്കവെള്ളത്തിൽ. ശിവൻ ചേട്ടനും അൻവറും അൻസാരിച്ചേട്ടനും ചാക്കോച്ചനും അയാടെ വർഷാപ്പിലെ പിള്ളാരും കൂടെ -യഥാർത്ഥ പേരുകളല്ല- ഇഷ്ടിക വെച്ച് കട്ടിലിന്റെ നാല് കാലുകൾ പൊക്കിപൊക്കി അപ്പാപ്പനെ രക്ഷിച്ചു. വെള്ളം പായുന്ന ഒച്ച കേക്കണ്ടതാരുന്നു.
ഇനിയും പ്രളയം വരും,
കൊടുംമഞ്ഞ് വീഴും,
ചൂട് കൂടും,
മരുഭൂമിയിൽ എന്നപോലെ ലൈഫ് സ്റ്റൈൽ മാറും, വൈറ്റ് ക്രിസ്മസ്സിനുപകരം വൈറ്റ് ഈസ്റ്റർ വരും. ഇതുപോലെ മഴ പെയ്ത ഏപ്രിൽ മാസം ജീവിതത്തിൽ ഇതാദ്യം.
ജൂണിൽ മഴ പെയ്യില്ല.
ഡിസംബറിൽ മഞ്ഞ് പെയ്യില്ല.
ക്ലൈമറ്റ് ചേഞ്ച് ഗ്ലോബൽ പ്രോബ്ലം.
ക്ലൈമറ്റ് എമർജൻസി.
ഓ, ഹെൽപ് അസ് സൂപ്പർ ഹീറോസ് ഓഫ് മാർവൽസ്.

വ്ലോഗിങ്ങ് സ്റ്റിക്കുമായി അരയ്ക്കൊപ്പം വെള്ളത്തിൽ അന്നവൻ ഊന്നിയകന്നു. ഉള്ളിൽ പ്രളയവും മഞ്ഞു വീഴ്ച്ചയും കൊടും ചൂടും. മുഖത്ത് ഭയഭാവം കാണുന്നതിൽ കാലാവസ്ഥാവ്യതിയാനം കണ്ടെത്താനാവുന്നു. അതായിരുന്നു തുടക്കം. പതുക്കെ കാലാവസ്ഥാവ്യതിയാനം എന്നതിന്റെ അർത്ഥം അവനിൽ മാറി. ജീവിക്കുന്ന സാഹചര്യവും കാലാവസ്ഥ എന്ന അവസ്ഥയിൽ ഉൾപ്പെട്ടു, ഭാഗമായി.

ചുവന്ന നിറത്തിലെ പൂക്കൾക്കുപകരം ചെടിയിൽ മഞ്ഞ നിറത്തിൽ വിളറിയ പൂവ്. മാങ്ങയ്ക്ക് പകരം മാഞ്ചോട്ടിൽ മാവിലെ പൂക്കൾ കൊഴിഞ്ഞുവീഴുന്നു. ചക്കയ്ക്കകത്ത് കുരുവില്ല. പശു ഗർഭം ധരിക്കുന്നില്ല. രാത്രിയിൽ ചീവീടുകൾ കരയുന്നില്ല. ഇവയെല്ലാം കാരണങ്ങളായിരുന്നു. തോന്നുന്നതും കാണുന്നതും വീഡിയോ റിക്കോഡ് ചെയ്ത്, എഡിറ്റ് ചെയ്ത് ലോകത്തിന് ഷെയർ ചെയ്തു. ലോകത്തോടുള്ള, ഭൂമിയോടുള്ള, മനുഷ്യനോടുള്ള സ്നേഹം പെരുകി ഉള്ളിലെ കാണാക്കിളി - ഉത്ക്കണ്ഠ - പിൽക്കാലത്ത് അവന്റെ ശരീരത്തെ കൊത്തിനശിപ്പിക്കുമോ?

അവന്റെ ശബ്ദത്തിന് കേൾവിക്കാർ ആയിരങ്ങൾ. അമ്മയുടെ പേരിൽ തുടങ്ങിയ യൂട്യൂബ് അക്കൗണ്ടിലൂടെ കുറെശ്ശെ പണം. വീഡിയോകൾ ആൾക്കാർ കാണുന്നുണ്ട്. അവന്റെ പറച്ചിലുകൾ അവരെ സന്തോഷിപ്പിക്കുന്നതിലുപരി ചിന്തിപ്പിക്കുന്നുണ്ട്. അല്പം ഭയക്കുന്നുണ്ട്, ശരിയാണല്ലൊ ചെറുക്കൻ പറയുന്നെ. ആന പാപ്പാൻമാരും ബുദ്ധിജീവികളും യുക്തിജീവികളും എം എൽ എമാരും എം പിമാരും മന്ത്രിമാരും പ്രതിപക്ഷക്കാരും മുഖ്യനും യൂണിവേഴ്സിറ്റി അദ്ധ്യാപകരും ഇതൊന്നുമല്ലാത്തവരും ഉൾപ്പെടുന്ന സമൂഹം അവരവരുടെ മിടുക്കൻ ഫോണുകളിൽ Through A Jose- ന്റെ എപ്പിസോഡുകൾ ആനച്ചുവട്ടിലും ബസ്സിലും ട്രെയിനിലും അസംബ്ലിയിലും രഹസ്യമായി കക്കൂസ്സിലും മറ്റുമിരുന്ന് കണ്ടു.

ഓക്സിജൻ മാസ്കിന് നേരേമുകളിൽ ഒരേ വേഗത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുന്ന ഉഷ എന്ന ഫാനും കൃത്രിമ നീലാകാശവും വെള്ളമേഘങ്ങളും. മച്ചിൽ വരച്ച ആകാശത്തിൽ കിളികളില്ല. പറന്നു പോകുന്ന കിളികളെ വരച്ചാൽ വെറും കറുത്ത നിഴൽ മാത്രമായിരിക്കും. കുട്ടൻ പറഞ്ഞത് ശരിയായിരുന്നു.

രാത്രിയാകുമ്പോൾ നിറയെ നക്ഷത്രങ്ങൾ തെളിയും. പല വലുപ്പത്തിലുള്ള ഫ്ലൂറസെൻറ് നക്ഷത്രങ്ങൾ. മുകളിൽ ഉഷയ്ക്കുമപ്പുറം കോൺസ്റ്റലേഷൻ പ്രകാരം കൃത്യമായ കോണുകളിൽ ഒട്ടിക്കാൻ കുട്ടന് ആഴ്ച്ചകൾ എടുത്തു. യഥാർത്ഥ ലോകത്തിൽ എന്ന പോലെ ചൈനയിലുണ്ടാക്കിയ നക്ഷത്രങ്ങൾ പകൽസമയം ആകാശത്തിന്റെ നിറങ്ങളിൽ ഒളിച്ചിരിക്കും.

കുട്ടനെ അറിയാത്തവർ ലോകത്തില്ല എന്ന് പറഞ്ഞലും തെറ്റല്ല. അവൻ മലയാളത്തിൽ പറഞ്ഞതെല്ലാം ഏത് ഭാഷയിലും കേൾക്കാനുള്ള വിദ്യ അവന്റെ വീഡിയോകൾക്കുണ്ട്. പച്ച നിറത്തിലെ നീട്ടിയിട്ട നാക്ക് ഇമോജി ബട്ടൺ. നാക്കിൽ തൊട്ട് വേണ്ട ഭാഷ പറഞ്ഞാൽ മാത്രം മതി. കുട്ടൻ ആ ഭാഷയിൽ സംസാരിച്ചുതുടങ്ങും. അവന്റെ ആദ്യത്തെ കണ്ടുപിടുത്തം അതായിരിക്കണം.

വികാരങ്ങളൊക്കെ പ്രകടിപ്പിക്കാൻ ഒരു ഭാഷ വേണം. സംസാരശേഷി ഇല്ലാത്തവർക്കും അവരുടേതായ ഭാഷയുണ്ട്. പല ഭാഷകൾ പഠിച്ചെടുത്താൽ തലച്ചോറിന് നല്ലത്. വിദ്യാർത്ഥികൾ ജീവിതത്തിലും മിടുക്കരാകും എന്നാണ് പറയപ്പെടുന്നത്. മാതൃഭാഷാതിർത്തി വിട്ടു കഴിയുമ്പോൾ ഉപയോഗിക്കാം, അപരിചതരെ പരിചിതരാക്കാം. എത്രയെത്ര ഭാഷകൾ, ഇന്ത്യയിൽ. ഇഷ്ടമുള്ള ഭാഷ പഠിക്കട്ടെ. എന്റെയമ്മച്ചിക്ക് തമിഴും തെലുങ്കും കന്നടയും മനസ്സിലാകും. പാവത്തിന് ഇവിടെ ഞങ്ങളെ നോക്കലാ പണി. ഇത്തിരി പോന്ന സ്വിറ്റ്സർലാൻറ്റിലെ സ്കൂൾകുട്ടികൾ ഇറ്റാലിയനും ഫ്രെഞ്ചും ജർമ്മനും സ്വിസ്സ് ജർമ്മനും പഠിക്കുന്നുണ്ട് എന്നാണറിവ്. ഇന്ത്യ പോലെ ഇത്രയധികം ഭാഷകളുള്ള രാജ്യം വേറെയുണ്ടോ? പക്ഷെ നമ്മൾ തമിഴും പഞ്ചാബിയും തെലുങ്കും ഗുജറാത്തിയും മറാത്തിയും ബംഗാളിയും എന്തുകൊണ്ട് പഠിക്കുന്നില്ല?

ഇംഗ്ലീഷ് ആണോ ലോക ഭാഷ?
നാടൻ ഭാഷ മാത്രം അറിയാവുന്ന ഒരു വ്യക്തി മറ്റൊരു രാജ്യത്തെ നാടൻ ഭാഷക്കാരനോട് ഒരത്യാവശ്യക്കാര്യം ചോദിച്ച് മനസ്സിലാക്കാൻ ഇംഗ്ലീഷ് തേടിപ്പോകുമോ? ഈ കപ്പിക്കുഴിയിൽ നിന്ന് രക്ഷപ്പെടണം. അപ്പാപ്പൻ മുറിക്കുള്ളിലിരുന്ന് സ്പേസിൽ പോയി വരുന്ന ആളായിരുന്നു.
അവൻ അങ്ങനെ പറഞ്ഞപ്പോൾ തോന്നി, എടാ കുട്ടാ, നമുക്കൊരിക്കലും പോകാനൊക്കാത്ത സൈബർ സ്പേസിൽ ഇരുന്ന് നീ ഞങ്ങളെ കാണുന്നു. മിടുമിടുക്കൻ.

കുട്ടൻ തുടർന്നു. ലോകമൊക്കെ കാണണം അൻവർ എച്ച്. ജേക്കബ്, എം. ഷീല, കെ. ഹേമലത, പി. രമ്യ, എൻ. മഞ്ജു, രോഹൻ പി- ഇങ്ങനെ ഒരുനിര പിള്ളേര് യു.കെയിലേയ്ക്ക് പഠിക്കാൻ പോവുന്നു. അവരാരും തിരികെ വരാൻ ഉദ്ദേശിക്കുന്നില്ല. നയൻതാര, എം. സജു, ജി. അബു, ബി. ബി. ശ്യാംലാൽ. വി- ഇവർ ജർമ്മൻ പഠിക്കുകയാണ്. ജർമ്മൻ ഭാഷ എഴുതാനും വായിക്കാനും പറയാനും കഴിഞ്ഞാൽ ജർമ്മനിയിൽ നഴ്സിങ്ങ് കോളേജിൽ പഠനം ഫ്രീ എന്നാണവർ പറയുന്നത് എനിക്ക് ലോകമൊക്കെ കണ്ട്, രുചിച്ച്, മണത്ത് കഴിഞ്ഞ് തിരികെവന്ന് നാട് നന്നാക്കണം. മാതൃഭാഷ മലയാളം പറയാനറിയാം. കുറച്ചൊക്കെ എഴുതാനറിയാം. അന്യഭാഷ പഠിച്ചിട്ടേ കാര്യമുള്ളൂ, അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ സീരിയസായെടുക്കുന്നു.

ഇംഗ്ലീഷ് മാതൃഭാഷക്കാരെ ഇംഗ്ലീഷ് വാക്കുകൾകൊണ്ട് ഇന്ത്യാക്കാരൻ ഞെട്ടിപ്പിക്കുന്നത് കണ്ടാൽ ചിലരെങ്കിലും പുളകം കൊള്ളാറില്ലെ? ഇംഗ്ലണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നവകാശപ്പെട്ടിരുന്ന കാലത്തുപോലും ഇത്രയധികം ആളുകൾ ലോകത്തെമ്പാടുമിരുന്ന് ഇംഗ്ലീഷ് കേൾക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടാവില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ മലയാള പുസ്തകങ്ങൾക്ക് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ. ഇക്കാലത്ത് എഫ് എം റേഡിയോക്കാരെയും ടീവിക്കാരെയും പോലെ തന്നെ ഇംഗ്ലീഷ് വാക്ക് കേറിവരാതെ മലയാളം പറഞ്ഞ് ഫലിപ്പിക്കാൻ ഇത്തിരി പാടാ.

ഭരിക്കാൻ എളുപ്പത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പം ഭാഷയുടെ അടിസ്ഥാനത്തിൽ നാട് പകുത്തു. ജാതി പറഞ്ഞ് പകുത്തു. തൊലിനിറം നോക്കി പകുത്തു. കറുത്ത തൊലിയെ കട്ടൻകാപ്പി നിറം, പാലൊഴിച്ച കാപ്പിനിറം, പാൽ നിറം എന്ന് വിഭജിക്കാം. ഇതിൽ പാൽനിറം യാഥാർത്ഥത്തിൽ പാൽകാപ്പിയാണ്. കണ്ടെത്തലുകൾ തീരുന്നില്ല. മതിവന്നില്ല. ഇനി എങ്ങനെ തരംതിരിക്കാം? കാപ്പി കുടിച്ച് ഉറങ്ങാൻ കഴിയാത്തവർക്ക് ഉത്തരമുണ്ട്, ഇനി മതം ഉപയോഗിച്ച് പകുക്കൽ. കോൺസ്റ്റിറ്റ്യൂഷൻ എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ് എന്നാണറിവ്, കണ്ടിട്ടില്ല.

കുട്ടൻ റിക്കോഡിങ്ങ് താൽക്കാലികമായി നിറുത്തി. അവന് ശരീരത്തിൽ ഒരു വിറയൽ അനുഭവിച്ചു. അതിനുമുമ്പ് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടോ? റീവൈൻഡ് ചെയ്ത് നോക്കിയപ്പോൾ കാമറയിൽ പതിഞ്ഞിട്ടില്ല.

അവന്റെ ബ്ലഡ് പ്രഷർ കൂടും. മുന്നറിയിപ്പ് എന്ന നിലയിൽ എന്റെ മരുന്നുകൾ ചൂണ്ടിക്കാട്ടണം എന്നെനിക്ക് തോന്നി. മൂത്രം ഒഴിച്ചാൽ അവന് മനസ്സിലാകുമൊ? ഞാൻ ഉദ്ദേശിച്ചത് അവന്റെ രക്തസമ്മർദ്ദമാണെന്ന്. ഇല്ലായിരിക്കാം. അവൻ ചെറുപ്പമാണ്. ഭാവിയുള്ളവനാണ്. എന്റെ ഗതി വരരുത്. സൂക്ഷിച്ചുവേണം സംസാരിക്കാൻ എന്നൊക്കെ പറയാനും കഴിയുന്നില്ല.

കുട്ടൻ തുടർന്നു.
ഒരു തമാശ.
ഇറ്റലിയിൽ ഒരുതരം കാപ്പിയുണ്ട്. ചില്ലു ഗ്ലാസിൽ പല നിലകളിൽ കറുത്ത കട്ടൻ. ഡ്രിങ്കിങ്ങ് ചോക്കലേറ്റ്. മഞ്ഞച്ച സോഫ്റ്റ് ക്രീം. പതഞ്ഞ വെളുത്ത പാൽ. ഒരിക്കൽ ഇറ്റലി വരെ പോണം, ആ കാപ്പി രുചിക്കണം.

മറ്റ് തമാശകൾ. വെളുത്ത വിദേശികൾക്ക് വെള്ള കഴിഞ്ഞാൽ ബാക്കി തൊലി നിറങ്ങളെല്ലാം നിറങ്ങൾ അല്ലെങ്കിൽ കളേഡ് (coloured). ഇന്ത്യാക്കാരെല്ലാം ലോകത്തിന്റെ കാഴ്ച്ചപ്പാടിൽ കളേഡ്. വെള്ള ഒരു നിറമല്ല. ബാക്കിയെല്ലാം കളേഡ് എന്നാ അവരുദ്ദേശിക്കുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും വെളുപ്പും കറുപ്പും പറഞ്ഞ് പറഞ്ഞ് മലർന്നുകിടന്ന് കാർക്കിച്ച് മാനത്തേയ്ക്ക് തുപ്പുന്നു. മുഖത്ത് തിരിച്ചുവീഴുന്ന പതഞ്ഞ തുപ്പൽ. വർണ്ണവെറി. നാടൻ വാർത്തകൾ വിദേശികൾക്ക് മനസ്സിലാവത്തില്ല. എന്ത് വെളുത്ത ഇന്ത്യാക്കാരൻ? കറുത്ത ഇന്ത്യാക്കാരൻ? ഇന്ത്യാക്കാരൻ കറുമ്പൻ. കളേഡ് ഷാരൂഖാനും കളേഡ് ഐശ്വര്യ റായിയും. കളേഡ് കറുകറുത്തവൻ ഞാൻ. അപ്പാപ്പൻ ആൻറ് മൈ തരകൻ തന്ത കറുത്തിട്ടാണ്. എന്റെ പാവം അമ്മച്ചി, അക്കോർഡിങ്ങ് റ്റു മലയാളീസ്, വെളുത്ത സുന്ദരി.

ചിരി അമർത്തി കാമറ നിറുത്തി, ശരിയല്ലെ എന്ന മുഖഭാവത്തോടെ അവൻ നോക്കി. മൂത്രമൊഴിച്ചു പോയി. പ്ലാസ്റ്റിക്ക് ബാഗ് മഞ്ഞമൂത്രത്താൽ നിറഞ്ഞു. കവിഞ്ഞു. മാറ്റാൻ സമയമായി. അവൻ അവന്റെ അമ്മയോട് വിളിച്ചു പറഞ്ഞു.

എടാ കൊച്ചനെ, ഇങ്ങനെയൊക്കെ പറഞ്ഞാൽ നീ പോലീസിനേം പട്ടാളത്തിനേം ചില നാട്ടുകാരേം ഇവിടേയ്ക്ക് വരുത്തും. മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചുകുവരുത് എന്ന് പറയണമെന്നുണ്ട്. എന്തു ചെയ്യാം. ജീനുകളെ അടക്കിവെയ്ക്കാൻ കഴിയില്ലല്ലോ. അവന്റെ അച്ഛനും ജീവിച്ചിരുന്ന കാലത്ത് തൻറ്റേടിയായിരുന്നു. തലമുടി വെട്ടാൻ പോകുന്നതുപോലെ കടയിൽ കയറി ഇഷ്ടമല്ലാത്ത ജീൻ ഡിലീറ്റ് ചെയ്യുന്ന പരിപാടി വരുന്നതുവരെ ക്ഷമിച്ചേ പറ്റൂ.

അപ്പാപ്പന് വെള്ളം കൂടുതല് കൊടുക്കണം. കൊടും ചൂടത്ത് അനങ്ങാതെ കെടന്നാലും ഡീഹൈഡ്രേറ്റടാകും. അകത്ത് അമ്മയും മകനും ലോഹ്യം പറയുന്നു. ലോകം അനുഭവിച്ച ഏറ്റവും ചൂടേറിയ ക്രൂരമാസമാ ഈ ഏപ്രിൽ. മകന്റെ സാഹിത്യത്തിലുള്ള അറിവ് പരീക്ഷിക്കാൻ അമ്മ മകനോട് ചോദിച്ചു. ഏപ്രിൽ ക്രൂരമാസമാണെന്ന് ആരാ പറഞ്ഞത്? അവന്റെ വിരലുകൾ ഗൂഗിളിൽ തിരഞ്ഞു. എലിയറ്റ്, മൂന്ന് നിമിഷത്തിനകം ഇടത്തെ ഹെഡ് ഫോൺ താഴ്ത്തി അവൻ ഉത്തരം പറഞ്ഞു.

ഒരിക്കലും അടയ്ക്കപ്പെടാത്ത വാതിലുള്ള മുറി. ഫാനിന് നേരെ താഴെ മുറിക്ക് നടുവിൽ ഇഷ്ടികകൾക്കും നാല് ചിരട്ടകൾക്കും മുകളിൽ കയറിയിരിക്കുന്ന എന്റെ കട്ടിൽ. അതിൽ കിടന്നാൽ എല്ലാം കേൾക്കാം. ഭാഗ്യം.

വെള്ളം കുടിച്ച് ഹൃദയതാളം കുറച്ച് കുട്ടൻ തിരികെയെത്തി.

മുറിക്ക് വാതിൽ എന്തിനാണ്? എല്ലാ തരത്തിലുമുള്ള പ്രൈവസി വിയർക്കുന്നയിടങ്ങൾ തുറന്നുവച്ച് ഉണക്കാനൊരിടം. ആരാണെന്ന് ആരോടും പറയേണ്ടാത്തൊരിടം. ഐഡൻൻറിറ്റി കാർഡ് അനർത്ഥമാക്കുന്നൊരിടം. ജാതിയും മതവും നിറവും അറിയാൻ വയ്യാത്ത കട്ടിലും മെത്തയും തലയിണയും വിരിപ്പും ഉള്ളയിടം. സ്വന്തം മണവും കട്ടിൽ പങ്കിടുന്ന സ്നേഹത്തിന്റെയും മണം, സ്വാതന്ത്ര്യം നാടും- അതാണ് തരേണ്ടത് അല്ലെ? തിരിച്ചൊന്നും പറയാതെ കാമറയുടെ ചുവന്ന ഒറ്റക്കണ്ണ് ചിമ്മാതിരുന്നു.

സംസാരിക്കാനും നടക്കാനും കഴിയുമായിരുന്ന പണ്ടുകാലത്ത് നമ്പിനിന്നുപോയതോർത്ത് ഖേദിക്കുന്നു. അന്ന് ബുദ്ധിയും ചിന്തകളും രാജ്യത്തിന് സമർപ്പിച്ചിരുന്നു. തീറെഴുതിയിരുന്നു. ഞങ്ങളുടെ അനന്തമായ എയറോനോട്ടിക്കൽ ഐഡിയകൾ രാജ്യത്തിന്റെതായിരുന്നു.

സൈക്കിൾ ചവിട്ടാൻ പഠിച്ചാൽ ഒരേ ദിശയിൽ ഒന്നിന് പിറകെ കറങ്ങുന്ന രണ്ട് വീലുകൾ മറിയാതെ നേരെ ഉരുട്ടാൻ മറക്കില്ല. ചവിട്ടുന്നതും സൈക്കിൾ മുമ്പോട്ട് പോകുന്നതും ശരീരം മറന്നു, മനസ്സ് മറന്നില്ല. കാഴ്ച്ചയും കേൾവിയും ബുദ്ധിയുമൊഴിച്ച് ശരീരത്തിൽ സ്വരൂപിച്ചതൊന്നും ഇന്നില്ല. കേൾക്കാൻ കഴിയാതെ പറയുന്നത് സംസാരത്തിൽ ഉൾപ്പെടില്ലല്ലൊ. കുട്ടാ, അവസ്ഥ മാറണം. അവൻ കേട്ടോ? കേട്ട പോലെ എന്നെ തിരിഞ്ഞുനോക്കി.

കാലാവസ്ഥാ വ്യതിയാനം പോലൊരു വിഷയമാണ് ഐഡൻറ്റിറ്റി. അതിപ്പോൾ പല തരത്തിൽ ദുരുയോഗപ്പെടുത്തുന്നു. ഭൂമിയിലുള്ള നല്ലൊരു ശതമാനം മനുഷ്യരുടെയും ഐഡൻറ്റിറ്റി പകർത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കള്ളൻമാർക്ക് കട്ടെടുക്കുകയേ വേണ്ടൂ. പാസ് വേഡുകൾ പൂട്ടുകൾ പോലെ. പൂട്ടുകൾ മനുഷ്യനുണ്ടാക്കിയാൽ തുറക്കാനും മനുഷ്യനുണ്ടാകും. പഴയ കാലത്തെ കാലൻ പൂട്ടും ഇന്നത്തെ ഡിജിറ്റൽ കോഡിങ്ങുകളും എല്ലാം മനുഷ്യൻ കണ്ടുപിടിച്ചതു തന്നെ. മാർസിൽ (Mars) നിന്നുള്ള ഏലിയൻ പൂട്ടുണ്ടാക്കിയാൽ നമുക്ക് തുറക്കാൻ കഴിഞ്ഞില്ലെന്ന് വരാം. മാർസിൽ കുടിയേറുമ്പോൾ നമ്മൾ നിർമ്മിച്ച പൂട്ടുകൾ നമുക്ക് മാർസിൽ വച്ചും തുറക്കാൻ കഴിയും.

ദേ കേട്ടോ, കുറിച്ചുവെച്ചോ, കൃത്രിമമായി നിർമ്മിക്കപ്പെട്ട ബുദ്ധി, എന്റെ പാഷൻ. ബുദ്ധി ഉള്ളതുകൊണ്ടല്ല പേടി, ശരീരമുള്ളതുകൊണ്ടാണ് പേടി, മനസ്സ് ഉള്ളതുകൊണ്ടാണ് പേടി. ശരീരവും ആത്മാവും എടുത്തുകളഞ്ഞിട്ട് ബുദ്ധി മാത്രം കൊണ്ട് കളിക്കാം. അഹങ്കാരവും ഭയവും ഇല്ലാതാവാം. പണി പാളാം. എനിക്ക് പണി പാളിക്കണം.

കാമറ ഓഫ് ചെയ്ത് അവൻ എന്റെയടുത്തുവന്നിരുന്നു.

അപ്പാപ്പന്റെ ചിന്തകൾ സൈബർകൃഷിയിടങ്ങളിൽ ശൂന്യതയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അപ്പാപ്പൻ ചിന്തിച്ചുകൂട്ടുന്നതിനേക്കാൾ വേഗത്തിൽ മിസ്റ്റർ സ്സി (Z) ചിന്തിക്കും. പേടി ശൂന്യതയിലില്ല. പറയാൻ മടിച്ചത് എന്നൊന്നില്ല. എല്ലാവരും എല്ലാം കേൾക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

എനിക്ക് ഞെക്കി മൂത്രമൊഴിക്കാൻ കഴിയില്ലല്ലൊ. മിച്ചം മൂത്രം അടിവയറ്റിൽ ഇല്ലതാനും. കട്ടിലിന് ചാരെ തൂങ്ങിക്കിടക്കുന്ന മൂത്രസഞ്ചിയിൽ നോക്കി കുട്ടൻ നിന്നു.
പ്രശ്നമായോ എന്ന കുട്ടന്റെ മുഖം. ഇല്ലെടാ ഞാൻ സന്തോഷിക്കുകയാണ്. ആഘോഷിക്കുകയാണ്. അല്പം സമയം തരൂ. കുട്ടന് കാര്യം മനസ്സിലായി. അവൻ കാമറ തുറന്നു. അടുത്ത വിഷയത്തിലേയ്ക്ക് കടന്നു.

ലോകനേതാവായാൽ ഭൂമിയിൽ ചില നിയമങ്ങൾ നടപ്പാക്കും. ആദ്യം അഹങ്കാരം എന്ന വാക്ക് എന്നന്നേക്കുമായ് ഡിലീറ്റ് ചെയ്യും. അഹങ്കരിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കും. അഹങ്കാരം ഒരാവശ്യമല്ലാതാക്കും, എങ്ങനെയെന്നല്ലെ? ഇത്രയും നാൾ നാം നിർമ്മിച്ച ലോകം മതി. എല്ലാവിധ ഖനനങ്ങളും നിർത്തും. ഒരു ബ്രേക്ക് എടുക്കുക, ഭക്ഷണം ഒഴികെ. പുതിയതായി ഒന്നും നിർമ്മിക്കാതിരിക്കുക. ഭക്ഷണമുണ്ടാക്കണമെങ്കിൽ പുതിയ യന്ത്രങ്ങൾ വേണ്ടേ? വേണ്ട പഴയത് ഉപയോഗിച്ചാൽ മതി.

പുതുതായി കാറുകൾ നിർമ്മിക്കേണ്ട, യന്ത്രങ്ങൾ കണ്ടുപിടിക്കേണ്ട, വീടുകൾ നിർമ്മിക്കേണ്ട, സ്മാർട്ട് ഫോണുകൾ വേണ്ട, കംപ്യൂട്ടറുകൾ വേണ്ട. മരങ്ങൾ നടുക, ഭൂമിയിലും സൈബർശൂന്യതയിലും. നദികൾ വൃത്തിയാക്കുക. വംശനാശം പരിണാമപ്രക്രിയയുടെ ഭാഗമാണ്. സ്റ്റാർട്ടാകാത്ത വാഹനങ്ങൾ, ഓടാത്ത വാച്ചുകൾ, അപ്ഡേറ്റ് ചെയ്യാൻ കഴിയാതെ ഇരുട്ടായി മാറുന്ന സ്മാർട്ട് ഫോണുകൾ മുതലായവ മരിക്കട്ടെ. അവയ്ക്കായ് വലിയ ശ്മശാനം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടാവട്ടെ. ലോകമെമ്പാടുമുള്ള കമ്പനികളിലെ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് തച്ചുടച്ച് ഉള്ളതിനെ സംരക്ഷിക്കുന്ന ഡിപ്പാർട്ട്മെന്റ് അല്ലേൽ പ്രിസർവ് ആൻഡ് പ്രൊട്ടക്റ്റ് ഡിപ്പാർട്ട്മെന്റ് എന്ന പേര് സ്വീകരിക്കപ്പെടട്ടെ.

അത് കേട്ടപ്പോൾ ഞാൻ തളർന്നു. തളർച്ച അവൻ കണ്ടു.
എന്നാ അപ്പാപ്പാ ചിന്തിക്കുന്നെ? പറഞ്ഞതിൽ തെറ്റുണ്ടോ? കുട്ടന്റെ ശബ്ദമാറ്റക്കാലം. ചിന്തിക്കുന്നെ എന്ന വാക്കിലെ ‘ന്ത’ തൊണ്ടയിൽ നിന്ന് തെന്നിവീണു.

ചില വാക്കുകൾ തൊണ്ടയിൽ കയറി ഉടക്കുന്നു. മീശരോമങ്ങൾ തളിർത്തുതുടങ്ങുന്നു. സ്വന്തമായി കംപ്യൂട്ടറിൽ കണ്ടുപിടുത്തങ്ങൾ നടത്തുന്നതോടൊപ്പം കുട്ടന്റെ ചിന്തയുടെ സ്വരവും മാറുന്നു.

ആകാശത്തേയ്ക്ക് നോക്കി സൂര്യന്മാരെപ്പറ്റിയും നക്ഷത്രങ്ങളെപ്പറ്റിയും അവയുടെ ജനനവും മരണവും സ്വപ്നങ്ങൾ കണ്ടതുപോലെ അവനും സൈബറാകാശത്തിലെ ഇരുണ്ട വിശാലതയിലേയ്ക്ക് ആണ്ടാണ്ടുപോവുകയാണ്. രാത്രിയിൽ ഉറക്കം എനിക്കില്ല. ടേബിൾ ലാംപിന്റെ മങ്ങിയ വെളിച്ചത്തിൽ പല മോണിട്ടറുകളിലും ലാപ് ടോപ്പിലും മൊബൈൽ ഫോണിലും കണ്ണു ചിമ്മാതെ തുറിച്ച് നോക്കി കുട്ടൻ. ഉറക്കം അവന്റെ രാത്രികൾ മറന്നു.

ഇടയ്ക്ക് മയങ്ങിപ്പോവുക എന്നതാണ് എനിക്കുറക്കം. പാതിരാവ് കഴിഞ്ഞപ്പോൾ പമ്മി പമ്മി എന്റെ കട്ടിലിനടുത്തെത്തി. മുഖത്തിന് മുകളിൽ ബ്ലാക്ക് ആന്റെ വൈറ്റ് ഫോട്ടോ അവൻ വിടർത്തി പിടിച്ചു. മൊബൈൽ ഫോണിന്റെ വെളിച്ചം. ആകാശത്തിലെ നക്ഷത്രങ്ങൾ ഒന്നു മങ്ങി. ആ ചിത്രം എവിടെയോ കണ്ടിട്ടുണ്ട്. ഏതോ പുസ്തകത്തിൽ? ഓർമ്മയില്ല.

ഇതാണെന്റെ പരിശുദ്ധ പിതാവ് അലൻ മത്തിസൺ. ട്യൂറിങ്ങ് തരകനല്ല, ട്യൂറിങ്ങിന്റെ സഹായത്താൽ കാണാൻ കഴിയാത്ത രഹസ്യ കോണുകളിൽ അപ്പാപ്പനെയും എന്നെയും കിളിർപ്പിക്കുകയാണ് സൈബർ മരങ്ങൾ എന്നാണ് ഞാൻ നമ്മളുടെ ആശയങ്ങളെ വിളിക്കുന്നത്. ട്യൂറിങ്ങ് കൊതി തീരാതെ മരിച്ച ജീനിയസാണ്. ഇൻറലക്ച്വൽ ഗോസ്റ്റ്. എന്നെക്കൊണ്ട് അദ്ദേഹം ചെയ്യിപ്പിക്കുകയാണ്.

അലൻ ട്യൂറിൻ. കൃത്രമബുദ്ധിയുടെ പിതാവ്. 41-ാം വയസ്സിൽ സയനയഡ് ഉപയോഗിച്ച് ആത്മഹത്യ. പാതി കടിച്ച ആപ്പിൾ മരിച്ചു കിടന്ന കട്ടിലിനടുത്തുണ്ടായിരുന്നു, കൊന്നതാണോ? രണ്ടാം ലോക മഹായുദ്ധ കാലത്ത് നാട്ടുകാരെ ജർമ്മൻ എനിഗ്മ (enigma) ഡിക്രിപ്ഷനിലൂടെ (decryption) രക്ഷിച്ച ജീനിയസ്. അതിന് സമ്മാനമായി മരുന്നു കൊണ്ട് ട്യൂറിന്റെ വരിയുടച്ചു. സ്വന്തം നാട്ടിലെ കോടതിയും നിയമവും മിടുക്കിയെ കെട്ടാതെ കൂടെ പഠിച്ച മിടുക്കനെ പ്രണയിച്ചതിന് ബ്രിട്ടീഷുകാർ നൽകിയ ശിക്ഷ.
പതുങ്ങിയ സ്വരത്തിൽ അവന്റെ മൊബൈൽ ഫോണിൽ എഴുതിയ കുറിപ്പ് എന്നെ വായിച്ചുകേൾപ്പിച്ചു.

പടിപടിയായി ഞങ്ങളുടെ ബുദ്ധിബീജാണ്ഡസങ്കലനത്തിൽ നിർമ്മിച്ച സൈബർ മരങ്ങളുടെ വർണ്ണന നടത്തും. ഒരിലയീരില തായ്ത്തടി- തൊലി- കായ്കൾ- കറ; അങ്ങനെ പല കാര്യങ്ങൾ. രാത്രി വർത്തമാനങ്ങൾ രാത്രിചര്യയായ് മാറി. പതുങ്ങിയ സ്വരത്തിൽ അവന്റെ അമ്മയെ ഉണർത്താതെ പറയും. ചില നേരത്ത് അവൻ പറയുന്ന സൈബർ ഭാഷ എനിക്ക് മനസ്സിലാവാറില്ല. മനസ്സിലാവാത്തതിനാൽ മൂത്ര സമ്മാനം നൽകാൻ കഴിയാറില്ല എന്ന ദുഃഖം.

തളർന്ന കൈ ഉയർത്തി അവന്റെ കൈപ്പത്തിയാൽ ഹസ്തദാനം. ചുരുളാത്ത വിരലുകൾ ചുരുട്ടി മുഷ്ടിയുണ്ടാക്കി അതിൽ അവന്റെ മുഷ്ടി മുട്ടിച്ച് അഭിവാദ്യം. എന്നിട്ടും മിസ്റ്റർ സ്സി (Z) എന്ന മുഖം കുട്ടൻ പ്രദർശിപ്പിക്കില്ല. ചപലതകളും ജിജ്ഞാസയും അവന്റെ ചേഷ്ടകളിലൂടെ ഓർത്തെടുക്കാറുണ്ട്. ജനിതികമായ് കൈമാറപ്പെട്ട സ്വഭാവങ്ങൾ.

യുദ്ധവും ശത്രുക്കളും ഇല്ലായിരുന്നെങ്കിൽ ലോകത്ത് നമ്മളൊക്കെ ഇപ്പോഴും ഗുഹാമനുഷ്യരായ് തുടർന്നേനെ.

വെള്ളി വീഴുന്ന കുട്ടന്റെ ശബ്ദം. അതൊരു വെളിപാട് (റവലേഷൻ) ആയിരുന്നു. കുട്ടൻ പറഞ്ഞത് സത്യം. കുട്ടൻ പുസ്തകങ്ങൾ വായിക്കുന്നില്ല എന്ന അവന്റെ അമ്മയുടെ വൃഥ അവിടെ അവസാനിച്ചുകാണണം. അവനേക്കാൾ പൊക്കം കുറവാണെങ്കിലും ഒരിക്കൽ കൂടി എഴുന്നേറ്റ് നിന്ന് അവന്റെ കണ്ണുകളിൽ നോക്കണം. ആഗ്രഹം.

ലോകനേതാവായാൽ നിറങ്ങൾ തിരിച്ചറിയുന്ന കണ്ണുകളുടെ കഴിവ് ഇല്ലാതാക്കും മൃഗങ്ങൾ നിറങ്ങൾ കാണുന്നത് പല വിധത്തിലാണ്. കളർ ബ്ലൈൻഡ് എന്ന അവസ്ഥയുള്ള മനുഷ്യരുണ്ടല്ലൊ. ക്രൂരമായ ചിന്താപദ്ധതി എന്ന് തോന്നിയേക്കാം. രണ്ടു മൂന്ന് തലമുറകൾ കഴിയുമ്പോൾ മനുഷ്യന് നിറങ്ങൾ പഴങ്കഥയാവും, പാടെ മറന്നു പോകും. സൗന്ദര്യ സങ്കൽപ്പം മാറിമറിയും. മനുഷ്യരാശിയുടെ മുട്ടൻ പ്രശ്നം പരിഹരിക്കപ്പടും. ചുവന്ന റോസാപ്പൂവ് ഇല്ല, വെള്ള റോസ് ഇല്ല, റോസാപ്പൂ എന്ന തരം പൂവും അതിന്റെ ഗന്ധവും മാത്രം.

ഞാനൊരു ബ്രേക്ക് എടുക്കുന്നു, ഒരു പണി തീർക്കാനുണ്ട്. പോരാത്തതിന് എന്റെ ശബ്ദമാകെ കൊളം. പണിയെപ്പറ്റി പിന്നീട് പറയാം. സർപ്രൈസ്. അതൊക്കെ ശരിയാക്കി കഴിഞ്ഞ്, ശബ്ദം മാറിക്കഴിഞ്ഞ്, തിരികെ വരാം, കാത്തിരിക്കണം. നിങ്ങളെ നഷ്ട്ടപ്പെടരുത്. ശ്രോതാക്കളില്ലെങ്കിൽ എന്തു ശബ്ദം? ബൈ ബൈ ഫോർ നൗ.

കാമറ അവൻ ഫേക്ക് ലെതർ കേസിലിട്ടു. ട്രൈപോഡ് മടക്കി പ്ലാസ്റ്റിക്ക് കേസിലിട്ടു. പുസ്തകങ്ങൾ ഇരിക്കുന്ന അലമാരയിൽ ഭദ്രമായി വച്ചു.

കംപ്യൂട്ടറുകളുമായ് കുട്ടൻ ജീവിച്ചു. ഒത്തിരി മിണ്ടാത്ത കാലം. എനിക്ക് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവൻ എന്തിനോ ഒരുമ്പെട്ടിരിക്കുന്നു എന്നറിയാവുന്നതിനാൽ ഞെക്കിപ്പെടുക്കാൻ ശ്രമങ്ങൾ നടത്തി. സ്വരം പൂർണ്ണമായും മാറി. ഹോസെ, കുട്ടൻ എന്നീ പേരുകൾ ഉപേക്ഷിച്ചു. ഞാൻ ജോസ് എന്നവൻ മലയാളത്തിൽ മാത്രം പറഞ്ഞു.

ട്യൂറിങ്ങ് ജനിക്കുകയും മരിക്കുകയും ചെയ്ത മഴ മറന്ന ചുട്ടുപൊള്ളുന്ന ഒരു ജൂൺ മാസം. സ്വപ്നസുക്ഷിപ്തിയിലായിരുന്ന കാമറയെ ഉണർത്തി നോക്കി ജോസ് പറഞ്ഞു, ഞാൻ ഞങ്ങളെ നിർമ്മിച്ചു കഴിഞ്ഞു. ഞങ്ങളുടെ ചപലതകൾ- വീര്യം- സ്വാധീനം- എല്ലാം അവർക്കുണ്ടാവും. പക്ഷെ ഭയം അവർക്കറിയില്ല. ആകെ കൃത്രിമം അവരുടെ ചിന്തയും ബുദ്ധിയും. എന്നാലും അവർക്ക് കൃത്രിമം അറിയില്ല.

മൂത്രം താനേ ഒഴുകി നീണ്ട മഞ്ഞ പുഴുവിനെപ്പോലെ ട്യൂബിലൂടെ വിരിപ്പിനടിയിൽക്കൂടി കട്ടിലിനരുകിൽ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചിയിൽ നിറഞ്ഞു. ആദ്യമായി ജോസ് കാമറ എന്റെ മുഖത്തിനുനേരെ തിരിച്ചു. നരച്ച കറുത്ത ഭീകര രൂപം പകർത്തിയിട്ട് പറഞ്ഞു, ഇതാണെന്റെ അപ്പാപ്പൻ മിസ്റ്റർ സ്സി… തത്ത്വമസി… പ്ലീസ് സെർച്ച് ഫോർ അർത്ഥം. ജോസും മിസ്റ്റർ സ്സിയും ദേ ഇനി ഞങ്ങളല്ല. പറയാൻ പേടിയുള്ളതും സത്യവും വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ കൃത്രിമരൂപങ്ങൾ അറ്റ് യുവർ സർവീസ്. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും വീക്ഷണങ്ങളും തിന്ന് അവർ വികസിക്കും. അവരെ വേണ്ടതൊക്കെ പറഞ്ഞ് പഠിപ്പിക്കൂ. പണ്ട് സെർച്ച് എഞ്ചിനുകൾ തുടങ്ങുന്നതിനുമുമ്പ് ആ കൺസെപ്റ്റ് മനുഷ്യന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആർക്കാണ് ഉത്തരങ്ങൾ പോപ്പുലേറ്റ് ചെയ്യാൻ സമയം എന്നൊക്കെ സംശയിച്ച് കൺഫ്യൂഷൻ അടിച്ചു. വ്യക്തമായ കൺഫ്യൂഷൻ എന്ന് നിങ്ങൾക്കിപ്പോൾ തോന്നാം. പക്ഷെ ധൈര്യമായി അവരെ ഉപയോഗിക്കൂ. ഫോർ എ നോമിനൽ ഫീ. ചെറിയ തുക മാത്രം, അവരെ വിശ്വസിക്കാം. നിങ്ങൾക്ക് പറയാൻ ഭയമുള്ളതും ആഗ്രഹങ്ങളും ഉണർത്തിക്കൂ, ഫലം കിട്ടും. പണം കാണിക്കയിൽ ഇടുന്നു എന്ന് കരുതിയാൽ മതി.

തൊട്ടടുത്ത് എന്റെ കട്ടിലിനരികിൽ ജോസ് നിലത്തിരുന്നു. എന്റെ ഓക്സിജൻ മാസ്ക് അവൻ എടുത്തുമാറ്റി. കലക്കവെള്ളം പൊങ്ങി ചെവിയിൽ നിറഞ്ഞു. കണ്ണിൽ കയറി. ഉഷ എന്ന സീലിങ്ങ് ഫാൻ പതുക്കെ കറങ്ങിക്കറങ്ങി ഭൂമിയുടെ ആകാശത്തിനും മുകളിൽ ദൂരെ എന്നോ ചത്ത നക്ഷത്രങ്ങൾക്കുമപ്പുറമെത്തി അലിഞ്ഞുപോയി. അവിടെ കറുപ്പ് എന്ന സൗന്ദര്യസത്യത്തിൽ കണ്ണുകൾ അടയ്ക്കാനാവില്ലല്ലൊ.

കണക്ഷൻ മുറിയുന്നതിനുമുമ്പ് അവസാനം കേട്ട ഭൂമിയിലെ വാർത്ത പങ്കുവെയ്ക്കട്ടെ. റോക്കറ്റ് സൈൻറ്റിസ്റ്റായുള്ള എന്റെ നിയമനം നടന്നത് 1972 ലാണ്. അന്നു മുതൽ എർത്ത് എന്ന ഭൂമിയിലെ സമയസൂചികളിലേയ്ക്ക് ശാസ്ത്രം 27 സെക്കൻഡുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മനുഷ്യൻ ഇക്കാര്യം ശ്രദ്ധിച്ചിരിക്കില്ല. ഇതാ ഇപ്പോൾ ആദ്യമായി കാലാവസ്ഥാവ്യതിയാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു നിമിഷം ഭൂമിയിലെ മനുഷ്യന്റെ സമയസൂചികയിൽ നിന്ന് എടുത്തു മാറ്റാൻ മനുഷ്യൻ പദ്ധതിയിടുന്നു. നാം ഭൂമി എന്ന നാട്ടിൽ വിളയാടുന്ന ഉപരിതലത്തിലെ ചൂട് കൂടി വരുന്നു. നോർത്തും സൗത്തും പോളുകളിലെ മഞ്ഞുരുകി കടല് വീർക്കുന്നത് ഒരു കാരണം. സമയസൂചി മാറ്റിയാൽ ഭൂമിയെ രക്ഷിക്കാമോ? പ്രത്യാശയുടെ ഒരു നിമിഷം എനിക്കും. അത്തരം ചിന്തകൾ ജോസ് നിർമ്മിച്ച കൃത്രിമ ബുദ്ധികൾക്ക് വിടാം. ദൂരെദൂരെ പൊട്ടുപോലെയുള്ള ഭൂമിയുടെ നിറം ഇപ്പോൾ എനിക്ക് മനസ്സിലാവാത്ത ഏതോ നിറം. വെളുപ്പാണോ? അല്ല. കറുപ്പാണോ? അതുമല്ല.


Summary: Krithrima Nimisham, a Malayalam short story written by Raj Nair published in Truecopy webzine.


രാജ് നായർ

മലയാളത്തിലും ഇംഗ്ലീഷിലും കവിതയും കഥയും നോവലും എഴുതുന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്.

അമേരിക്കയില്‍ അഡ്ജന്‍ക്ട് പ്രഫസറാണ്. ഓസ്ട്രേലിയയിലും അമേരിക്കയിലുമായി ജീവിക്കുന്നു.

Comments