കുഞ്ഞമ്മചരിതം

അലീന

ചാത്തൻതറയിൽ കുഞ്ഞമ്മ എന്ന് പേരുള്ളൊരു അമ്മച്ചി ഉണ്ടായിരുന്നു. ഭർത്താവ് മരിച്ചും മകൾ ഒളിച്ചോടിയും മകനും മരുമകളും പണ്ടേ പിണങ്ങിയും പോയിരുന്നതുകൊണ്ട് ഒറ്റക്ക് താമസിച്ചിരുന്ന കുഞ്ഞമ്മയുടെ ഒരേയൊരു വിനോദം കാലുവേദനയുടെ കുഴമ്പ് തീരുന്ന മുറയ്ക്ക് വെച്ചൂച്ചിറ ഗവൺമെന്റ് ആശുപത്രിയിൽ പോയി മേടിക്കുന്നത് ആയിരുന്നു.

തൊഴിലുറപ്പുഗ്രൂപ്പിലെ ഏറ്റവും ഉഴപ്പി ആയിരുന്നു കുഞ്ഞമ്മ അമ്മച്ചി. പഞ്ചായത്തുകാര് എട്ടാം വാർഡിൽ നാല് ഗ്രൂപ്പാണ് തിരിച്ചിരുന്നത്. പക്ഷേ തൊഴിലുറപ്പുകാരികൾ അതിനെ നാലിന്റെ പല ഗുണിതങ്ങളാക്കി. ലില്ലി ആലീസിനോട് മിണ്ടത്തില്ല. ആലീസ് ശാന്തമ്മയോട് മിണ്ടത്തില്ല. അതുകൊണ്ട് ലില്ലി ശാന്തമ്മയോട് മിണ്ടും. സഹികെട്ട് തൊഴിലുറപ്പ് മേറ്റായ ഷീന പറഞ്ഞു ഓരോരുത്തരും ആരോടൊക്കെയാണ് മിണ്ടുന്നേ എന്ന് ഒരു പേപ്പറിൽ എഴുതി കൊടുക്കാൻ. അങ്ങനെ എല്ലാവരും അവരവരുടെ സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും പേര് അതാതു കോളങ്ങളിൽ എഴുതി. ഷീന നാലു മിണ്ടുന്ന പെണ്ണുങ്ങളെ വെച്ച് ഓരോ മേസ്തിരിമാർക്ക് മൈക്കാടായി അയച്ചു.

പറഞ്ഞു വന്നത്, കുഞ്ഞമ്മ ആയിരുന്നു ഏറ്റവും ഉഴപ്പിയായ മൈക്കാട്. അവരുടെ കൊച്ചു ശരീരവും ചുക്കിച്ചുളിഞ്ഞ തൊലിയും നീരുവന്നു വീങ്ങിയ കയ്യും കാലും കണ്ടാൽ ആർക്കും പാവം തോന്നും. അതുകൊണ്ട് അവര് ആടിയനങ്ങി സിമന്റു ചട്ടി എടുത്താലും ഇരുന്നും കെടന്നും ഒക്കെ ചാന്തു കുഴച്ചാലും ആരും ഒന്നും പറയത്തില്ല. മിനി ഫിലിപ്പോസ് വല്ലോം ആണ് അങ്ങനെ കാണിച്ചിരുന്നതെങ്കിൽ ‘നിനക്ക് ഫിലിപ്പോസിന്റെ കൂടെ കെടക്കാൻ മാത്രേ ഉൽസാഹം ഒള്ളു, അല്ല്യോടീ' എന്ന് ചോദിച്ച് പെണ്ണുങ്ങൾ കലിപ്പായേനെ. ഉച്ചയ്ക്ക് തങ്ങളുടെ കറികളെല്ലാം പെണ്ണുങ്ങൾ അലിവോടെ കുഞ്ഞമ്മയുമായി പങ്കുവെച്ചു.

‘ഇന്നാ തള്ളേ. വന്ന് തിന്നേച്ച് പോ.'
കുഞ്ഞമ്മ അപ്പോഴെല്ലാം ഒളിച്ചോടിപ്പോയ മോള് മേഴ്‌സിയുടെ കാര്യം പറഞ്ഞു. ആറുമാസത്തെ നേഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞതായിരുന്നു കുഞ്ഞമ്മയുടെ മോള്. ബോംബെയിൽ ഹോം നേഴ്‌സിന്റെ ജോലിക്കെന്നു പറഞ്ഞാണ് മേഴ്‌സിയെ ഒരാള് കൊണ്ടുപോയത്. അവിടെ ചെന്നപ്പോഴാണ് സംഗതി പെൺവാണിഭം ആണെന്ന് മേഴ്‌സിക്ക് മനസിലാകുന്നത്.
‘എന്റെ മോൾക്ക് ഭയങ്കര ബുദ്ധി ആയോണ്ട് അവള് രായ്ക്കുരാമാനം സ്ഥലം വിട്ടു'.
അരിനെല്ലിക്ക അച്ചാറു വടിച്ചെടുത്ത് കുഞ്ഞമ്മ പറയും. പെണ്ണുങ്ങൾ ആകാംക്ഷയോടെ കേട്ടിരിക്കും. ടിവിയിൽ മാത്രം കണ്ടിട്ടുള്ള ബോംബെ അവർക്കൊരു പേടിസ്വപ്നമായി. ഒരു മലയാളി എഞ്ചിനിയർ ആണ് മേഴ്‌സിയെ രക്ഷിച്ചത്. അയാള് ബോംബെന്ന് കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് എടുത്തു. വഴിച്ചെലവിനുള്ള കാശും കൊടുത്തു. മേഴ്‌സി നാട്ടിൽ വന്നിട്ട് മൂന്നാം ദിവസം അയല്വക്കത്തെ സിന്ധു കുഞ്ഞിനെ ഉറക്കുന്നതിനിടെ കുഞ്ഞമ്മയുടെ പറമ്പിലേക്ക് എത്തിനോക്കി. വാതിൽപ്പടിയിൽ ഇരുന്ന് മുടി ചീകുവായിരുന്നു മേഴ്‌സി. നൈറ്റിക്കുള്ളിലൂടെ ഷഡ്ഡി തെളിഞ്ഞുകാണുന്നു, അടിപ്പാവാട ഇട്ടിട്ടില്ലെന്ന് വ്യക്തം.

‘ആഹാ തൊമ്മിച്ചായന്റെ കയ്യിലെന്നാ, പട്ടിക്കുഞ്ഞോ?'
ഒക്കത്ത് കുഞ്ഞിനേം വച്ചു നിന്ന സിന്ധുവിനെ നോക്കി മേഴ്‌സി തെളിഞ്ഞു ചിരിച്ചു.
‘വളത്തുവാണേൽ വല്ല ആനയേം വളത്തണം. പാലെങ്കിലും കിട്ടും. ഇതിപ്പോ ഈ പട്ടിക്കൊക്കെ തീറ്റി കൊടുത്തിട്ട് എന്നാത്തിനാ?'
സിന്ധു ഒരു നിമിഷം കണ്ണുമിഴിച്ചു. എന്നിട്ട് വീടിനുള്ളിൽ, അമ്മായിയമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നിട്ടു പറഞ്ഞു.
‘ആ മേഴ്‌സിക്കൊച്ചിന്റെ രണ്ടുമൂന്നു പിരി ലൂസായി'.
ചാത്തൻതറക്കാര് മുഴുവനും ആ കഥ കേട്ടു. കുറേ വർഷം കഴിഞ്ഞ് റോഡുപണിക്കു വന്ന ഒരു തമിഴ് നാട്ടുകാരന്റെ കൂടെ മേഴ്‌സി ഒളിച്ചോടിപ്പോയി. ആ തമിഴൻ അവളെ നന്നായി നോക്കുന്നുണ്ടെന്നും അവർക്ക് രണ്ടോ മൂന്നോ മക്കൾ ഉണ്ടെന്നും ക്രിസ്മസിനും ഈസ്റ്ററിനും കുഞ്ഞമ്മ സേലത്ത് പോയി അവരെ കാണാറുണ്ടെന്നും പെണ്ണുങ്ങൾക്ക് അറിയാം. പക്ഷേ കഥയുടെ ആ ക്ലൈമാക്‌സിനെ പറ്റി കുഞ്ഞമ്മ എപ്പോഴും പരിപൂർണ്ണ നിശബ്ദയായിരുന്നു.
ഒന്നിടവിട്ട ശനിയാഴ്ചകളിൽ കുഞ്ഞമ്മ ആശുപത്രിയിൽ പോയി കുഴമ്പ് വാങ്ങിച്ചു. വെച്ചൂച്ചിറക്ക് വല്ലപ്പോഴുമൊക്കെയേ ബസുള്ളു. രാവിലെ ഒമ്പതേകാലിന് ഒരു കെ.എസ്.ആർ.ടി.സി ഉണ്ട്. ഒമ്പതേകാൽ എന്നു പറഞ്ഞാലും ഒമ്പതു മണി മുതൽ ഒമ്പതരവരെ ഏതു സമയത്തും അത് വരാം. പഞ്ചായത്തിൽ പോകുന്നവരും ബാങ്കിൽ പോകുന്നവരുംആശുപത്രിയിൽ പോകുന്നവരും സ്‌കൂളിലും കോളേജിലും പോകുന്നവരുമായി ഒരു ജനക്കൂട്ടം തന്നെ കവലയിൽ ബസ് കാത്തു നിൽപ്പുണ്ടാവും. അവർക്കിടയിലൂടെ കഞ്ഞിപ്പശമുക്കിയ ചട്ടയിലും നേര്യതിലും ചുളിവുപറ്റാതിരിക്കാൻ കഷ്ടപ്പെട്ട് കുഞ്ഞമ്മ തിക്കിത്തിരക്കും. മരുന്നുവാങ്ങി വെച്ചൂച്ചിറ ബസ് സ്റ്റാൻഡിലെ ഒരു പെട്ടിക്കടയിൽ നിന്ന് ഒരു നാരങ്ങാസോഡയും കുടിച്ച് അതേ ബസിൽ തന്നെ കുഞ്ഞമ്മ തിരിച്ചുവരും.
അങ്ങനെ ഇരിക്കുമ്പോഴാണ് വെച്ചൂച്ചിറ ഗവൺമെന്റ് ആശുപത്രിയിൽ പുതിയൊരു ഡോക്ടർ വരുന്നത്. സുന്ദരനും സൽസ്വഭാവിയും അവിവാഹിതനുമായ തിരുവനന്തപുരംകാരൻ ഡോക്ടർ പ്രശാന്ത് വളരെ പെട്ടെന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി.

‘അമ്മയുടെ പേരെന്താ?'
ഡോക്ടർ ചോദിച്ചു. കുഞ്ഞമ്മ കണ്ണുമിഴിച്ചു. ഇത്രേം കൊല്ലത്തിനിടെ ആദ്യമായിട്ടാണ് ഒരു ഡോക്ടർ കുഞ്ഞമ്മയോട് പേര് ചോദിക്കുന്നത്.
‘ചീട്ടിലെഴുതീട്ടൊണ്ടല്ലോ. വായിക്കാൻ മേലേ?' കുഞ്ഞമ്മ ചോദിച്ചു. ഡോക്ടർ ഒരു കള്ളച്ചിരി ചിരിച്ചു.

‘എന്നാലും അമ്മ പറ'.

കുഞ്ഞമ്മ പേര് പറഞ്ഞു. മരുന്നു കുറിച്ചതിനു ശേഷം ചീട്ട് കൊടുത്തപ്പോൾ ഡോക്ടർ കുഞ്ഞമ്മയുടെ സിമന്റുചട്ടി ചുമന്ന് തഴമ്പിച്ച കയ്യിൽ ചെറുതായൊന്നു തൊട്ടു. ഞെട്ടി നോക്കിയ കുഞ്ഞമ്മയെ നോക്കി കണ്ണിറുക്കി.
അന്നത്തെ ദിവസം നാരങ്ങാസോഡ കുടിക്കാൻ അവർ നിന്നില്ല. വീട്ടിൽ വന്ന് ചോറുണ്ട് കയറുകട്ടിലിൽ കേറി കിടന്നിട്ടും നെഞ്ച് വല്ലാതെ പെടക്കുന്നു. ഹാർട്ട് അറ്റാക്ക് വരുന്ന പോലെ. വയറ്റിലൊക്കെ അപ്പൂപ്പൻതാടി പറക്കുന്നു. ആകെ മൊത്തം ഒരു ഞെളിപിരി. ഡോക്ടറുടെ മുഖം മനസീന്ന് പോകുന്നില്ല. എന്തിനാണ് അയാൾ അങ്ങനെ ചെയ്തത്? കുഞ്ഞമ്മ മീൻചട്ടിയോടും അരകല്ലിനോടുമൊക്കെ ചോദിച്ചു. അവർക്കും മറുപടി ഉണ്ടായിരുന്നില്ല. അടുത്ത ശനിയാഴ്ചയാവാൻ കുഞ്ഞമ്മ കാത്തിരുന്നു.
‘അമ്മക്കെന്നോട് ദേഷ്യാണോ?'
ഡോക്ടർ ചോദിച്ചു. കുഞ്ഞമ്മ ഒന്നും പറഞ്ഞില്ല. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു ചോദ്യവും തലയിൽ വന്നില്ല.
‘അമ്മയുടെ വീട് എവിടെയാ? വീട്ടിൽ ആരൊക്കെയുണ്ട്? എന്തെങ്കിലും ഒന്ന് പറയൂ.. പ്ലീസ്... എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ...'
ഡോക്ടർ കെഞ്ചി. അയാളുടെ കൈകൾ മേശമേൽ പരതി. കുഞ്ഞമ്മ കൈകെട്ടി ഇരുന്നതേയുള്ളു. അവസാനം അയാൾ പുറത്തേക്കു നോക്കി പറഞ്ഞു.
‘നെക്സ്റ്റ്!'.
കുഞ്ഞമ്മ പതുക്കെ എണീറ്റു, തിരിഞ്ഞു നോക്കാനുള്ള എല്ലാ ജൈവ വാസനകളെയും അടക്കിപ്പിടിച്ച്. ഡോക്ടർ താൻ പോകുന്നതുവരെ വഴിയിലേക്ക് നോക്കുന്നുണ്ടാവും എന്നവർക്ക് ഉറപ്പായിരുന്നു.
കുഴമ്പ് തീരുന്ന അടുത്തതിന്റെ അടുത്ത ശനിയാഴ്ച വരെ കുഞ്ഞമ്മ പണിസൈറ്റുകളിൽ നിശബ്ദയായിരുന്നു. ‘എഈ തള്ളയ്ക്കിത് എന്നാ പറ്റി' എന്ന് പെണ്ണുങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞെങ്കിലും ആരും ഒന്നും ചോദിച്ചില്ല. കുഞ്ഞമ്മയുടെ നടപ്പും എടുപ്പും പണ്ടത്തേതിലും പതുക്കെയായി. ‘പാവം, വയസായി മരിക്കാറായല്ലോ' എന്നു വിചാരിച്ച് ആരും ഒരു തെറി പോലും പറഞ്ഞില്ല.

രണ്ടാഴ്ച കഴിഞ്ഞതോടെ കുഞ്ഞമ്മ ആകെ പൂത്തു തളിർത്ത് അടിമുടി മാറി. എപ്പോഴും ചിരിയും കളിയും സന്തോഷവും. കണ്ണെഴുതി പൊട്ടൊക്കെ തൊട്ട്, മാലയും വളയുമിട്ട് മുടിയിൽ തുളസിക്കതിരും ചൂടി പണിസൈറ്റിൽ വന്ന അവരെ നോക്കി പെണ്ണുങ്ങൾ കളിയാക്കി ചിരിച്ചു. കുഞ്ഞമ്മയാവട്ടെ അതൊന്നും കേട്ടതേയില്ല. ചാന്തുകൂട്ടൽ പഴയതുപോലെ തന്നെ പതുക്കെയായിരുന്നെങ്കിലും പെണ്ണുങ്ങൾ കണക്കിന് ശകാരിക്കാൻ തുടങ്ങി. കുഞ്ഞമ്മ അതും കേട്ടില്ല.
‘ആ ഡോക്ടർടെ വീട്ടിൽ വെപ്പിനു കേറിയേന്റെ എളക്കം ആണ് ഇതൊക്കെ. കയ്യില് ഇഷ്ടം പോലെ കാശ് വരുന്നേന്റെ അഹങ്കാരം'. മിനി ഫിലിപ്പോസ് കാർക്കിച്ചു തുപ്പുന്നേന്റെ ഇടയിലൂടെ പറഞ്ഞു.
‘ഞാൻ ഇവിടുന്ന് പോയാല് എന്നെ മറക്കുമോ?'
കുഞ്ഞമ്മയുടെ മടിയിൽ കിടന്ന് ഡോക്ടർ ചോദിച്ചു.
‘എങ്ങനെ മറക്കാൻ..'
കുഞ്ഞമ്മ സത്യം പറഞ്ഞു.
നാട്ടുകാർ അവരെ കളിയാക്കിക്കൊണ്ടേയിരുന്നു.

ബേബിക്കുട്ടിയുടെ തുണിക്കടയിൽ നിന്ന് കുഞ്ഞമ്മ ചുരിദാർ വാങ്ങിയെന്നും കഥകൾ പരന്നു. പക്ഷേ അവരെ ചുരിദാറിട്ട് ആരും കണ്ടില്ല. പണിസൈറ്റിൽ അവരുടെ മുല്ലപ്പൂവിന്റെയോ മറ്റേതോ പേരറിയാത്ത പൂവിന്റെയോ വാസന കൊണ്ട് മേസ്തിരിമാർക്ക് അരിശം വന്നു. കുഞ്ഞമ്മയുടെ മുപ്പതു വർഷം മുമ്പത്തെ പ്രേതം അവരെ തന്നെ ബാധിച്ചതു പോലെ. രാവിലെകളിലും വൈകുന്നേരങ്ങളിലും ഉടലുതുറന്ന് അവരാ പ്രേതത്തെ പുറത്തെടുത്തു. കാച്ചെണ്ണ തേപ്പിച്ച്, സിന്ദൂരം തൊടുവിച്ച് അതിനെ സുന്ദരിയാക്കി. കുഞ്ഞമ്മ അടുക്കളയിലും മുറ്റത്തും നിന്ന് മൂളിപ്പാട്ടു പാടുകയും ഒറ്റക്ക് ചിരിക്കുകയും ചെയ്യുന്നതു കണ്ട് അയല്വക്കത്തെ സിന്ധുവിന്റെ കൗമാരത്തിലേക്ക് കടക്കുന്ന പെൺകൊച്ച് അന്തം വിട്ടു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോൾ മേഴ്‌സി കവലയിൽ ബസിറങ്ങുന്നത് ആളുകൾ കണ്ടു. കുഞ്ഞമ്മയുടെ വീട്ടിൽ ഉറക്കെ കരയുന്ന, ചട്ടിയും കലവും താഴെ വീണ് പൊട്ടുന്ന, അലൂമിനിയം പാത്രങ്ങൾ ഭിത്തിയിൽ ഇടിച്ച് ചളുങ്ങുന്ന, പ്രാകുന്ന ശബ്ദമൊക്കെ കേട്ടു. എന്താണ് സംഭവം എന്ന് ആർക്കും മനസിലായില്ല, ചോദിച്ചു വന്നവരോടൊക്കെ സിന്ധുവും കൈമലർത്തി. മേഴ്‌സി ഏതു ബസിനാണ് എപ്പോഴാണ് പോയത് എന്നും ആരും കണ്ടില്ല. ‘എനിക്കൊന്നും അറിയത്തില്ലേ.. ഞാനൊന്നും കണ്ടതുമില്ല, കേട്ടതുമില്ല' എന്ന് സിന്ധു പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. ഓണം അടുത്തതുകൊണ്ട് ഡോക്ടറും നാട്ടിൽ പോയി. കുഞ്ഞമ്മയുടെ വീട് അനക്കങ്ങളൊന്നുമില്ലാതെ അടങ്ങിക്കിടന്നു. അവരും പണിക്ക് പോകാൻ പുറത്തേക്കിറങ്ങിയില്ല.
ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഡോക്ടർ തിരിച്ചെത്തിയത്. സംഭവിച്ചതെല്ലാം അയാളോട് പറഞ്ഞു കരയാൻ കുഞ്ഞമ്മ ആദ്യം കണ്ട ഓട്ടോ പിടിച്ച് അങ്ങു ചെന്നു.
‘അമ്മ ഇനി മുതൽ വരണമെന്നില്ല'. മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.
കുഞ്ഞമ്മ വിളർത്തു നിന്നു. ഏതാണ്ട് അവരുടെ അത്രയും പ്രായം ഉള്ള ഒരു സ്ത്രീ ആഴ്ചകൾ അടഞ്ഞു കിടന്നതുകൊണ്ട് പൊടിപിടിച്ച മുക്കും മൂലയുമൊക്കെ കഷ്ടപ്പെട്ട് അടിച്ചു വാരുന്നു.

‘ഇതെന്റെ നാട്ടുകാരിയാണ്. ഇവരാണ് എന്നെ ചെറുപ്പത്തിൽ നോക്കിയിരുന്നത്. നാട്ടീന്ന് പോന്നപ്പോ പെങ്ങളാണ് എന്റെ കൂടെ പറഞ്ഞയച്ചത്. എനിക്ക് വേറെ നിവൃത്തിയില്ല'. ഡോക്ടർ കരയുന്നതു പോലെ പറഞ്ഞു.
മേഴ്‌സിയെ പ്രസവിച്ചതിന്റെ പതിനേഴാം ദിവസം തെങ്ങിൽ നിന്ന് വീണ് അങ്ങേര് മരിച്ചെന്ന വാർത്ത കേട്ട് കട്ടിലേന്ന് എഴുന്നേറ്റപ്പോ ചങ്കിലേക്ക് ഇറങ്ങി വന്നപോലത്തെ ഒരു ഭാരം. തിരിച്ചു നടക്കുന്നതിന്റെടക്ക് വീഴാതിരിക്കാൻ കുഞ്ഞമ്മക്ക് ഒന്നുരണ്ട് സ്ഥലത്ത് ഇരിക്കേണ്ടി വന്നു.

‘അവരാകെ സങ്കടപ്പെട്ടാ പോയേ.. കൊറച്ച് പൈസ കൊടുക്കാര്ന്ന്'.
ഡോക്ടറുടെ പുതിയ ജോലിക്കാരി പറഞ്ഞു.
‘എന്തിന്?' ഡോക്ടർ നിസ്സംഗതയോടെ ചോദിച്ചു.
‘ഞാനാ നിങ്ങളെ കൊച്ചിലെ നോക്കിയേന്നും നിങ്ങടെ പെങ്ങളാ എന്നെ പറഞ്ഞുവിട്ടേന്നും എന്തിനാ കള്ളം പറഞ്ഞേ? എനിക്ക് നിങ്ങടെ വീട്ടുകാരെ ഒരാളെപ്പോലും അറിഞ്ഞൂടല്ലോ'. പെട്ടന്നോർത്തെടുത്ത മാതിരി അവർ ചോദിച്ചു.
‘ഇങ്ങടുത്തു വന്നാൽ പറയാം.' ഡോക്ടർ പഴയ കള്ളച്ചിരിയോടെ കൈ രണ്ടും വിടർത്തി. ആ വൃദ്ധ പേടിയോടെ പുറകോട്ടു മാറി.
‘എന്തിനാ പേടിക്കുന്നേ... ഒന്നടുത്തുവാ... ഞാനല്ലേ പറയുന്നേ... പ്ലീസ്...'
അയാൾ കെഞ്ചി.


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments