കുരുതിമലയിലേക്കുള്ള വഴി മലമ്പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്നൊരു കയറ്റമാണ്. മലയുടെ കിഴുക്കാംതൂക്കായ അങ്ങേതലക്കല്‍ കമ്പിവേലി നട്ടത് സര്‍ക്കാർ വക പണിക്കാരാണേലും ആ വഴിയുണ്ടാക്കിയതില്‍ അവന്മാര്‍ക്ക് പങ്കൊന്നുമില്ലെന്നാണ് മഹര്‍ഷി പറയുന്നത്.

ചെല്ലയുടെ തവളയിട്ട് വാറ്റിയ പറങ്കിനീര്, കന്നാസുകളില്‍ നിറച്ച് ഞെരമ്പ് തുടിക്കുന്ന കൈകളില്‍ തൂക്കി മലയിറങ്ങിയ ആണൊരുത്തന്‍മാരുടെ കാലടികളില്‍ തെളിഞ്ഞ വഴിയാണത്. ഇന്നൊരു ജീപ്പിന് കഷ്ടി നെരങ്ങിക്കയറി ഇറങ്ങിപ്പോകാനുള്ള വീതിയായിട്ടുണ്ടതിന്. ചെമ്മണ്ണ് പാറുന്ന പാതക്കുമുകളില്‍ കഴിഞ്ഞ കര്‍ക്കിടകം പാകിവിട്ട കൂര്‍ത്ത കല്ലുകള്‍ ഞെളിഞ്ഞു നില്‍പ്പുണ്ട്. ഇരുട്ടത്ത് വെള്ളാരം കല്ലുകളെടുത്ത് കാണാം. അതിലൊന്നില്‍ ചവിട്ടി കാലില്‍ നിന്നും തെന്നിയ ഹവായ് ചെരുപ്പ് തിരിച്ചിടുമ്പോഴാണ് മഹര്‍ഷി ചീരാപ്പിയോട് ആദ്യത്തെ കഥ പറഞ്ഞു തുടങ്ങുന്നത്.

ചെല്ലേടെ കഥ

‘‘കൈയ്യിലുണ്ടാര്‍ന്നതൊക്കെ അദ്രമാന്‍ ഹാജിക്ക് തൂക്കി വിറ്റിട്ടും ബ്ലേഡുകാരുടെ കത്തി കഴുത്തില് തന്നേര്‍ന്നു. ഗതീം വിധീം മുട്ടിയപ്പോഴാണ് ഞാന്‍ മല കയറണത്. അവളന്ന് വാറ്റ് തുടങ്ങിയിട്ടേയുള്ളു. മുരുക്കുമ്പാറയില്‍ പുതിയ എക്‌സൈസ് ആപ്പീസറാണ്. ശിവരാമകൃഷ്ണ അയ്യര്‍. ചോര തെളച്ച് നിക്കണ പ്രായാണ് മൂപ്പര്‍ക്ക്. പക്ഷേ ആ തെളപ്പ് തീര്‍ക്കാനുള്ള വലുപ്പം അവള്‍ടെ അരക്കെട്ടിനിണ്ടായിരുന്നു. അതോണ്ട് അവള്‌ടെ വാഷിന്റെ തെളപ്പ് നിറുത്തിക്കാന്‍ മല കയറിയെത്തിയ ഒരു കാക്കിക്കും പറ്റീല്യാ.’’

കുരുതിമലയുടെ ഉച്ചിയില്‍ തോണിയാകൃതിയിലൊരു കുഴിയാണ്. അതിലേതു മേടത്തിലും വറ്റാത്ത വെള്ളമുണ്ടാകും.ആ കുഴിയുടെ കരക്കാണ് ചെല്ലയുടെ വാറ്റ് ഭരണികള്‍ കത്തുന്നത്. ചുണ്ടില്‍ കൊളുത്തിയ തെറപ്പു ബീഡിയുമായ് ഭരണികള്‍ക്ക് കാവല്‍ നില്‍ക്കുന്ന ചെല്ലക്കുപിറകില്‍ ചെന്ന് മഹര്‍ഷി തൊണ്ടുയുരച്ചു മുരണ്ടു; 'പണിയെന്തെങ്കിലും?'

ചെല്ല മഹര്‍ഷിയെ അടിമുടിയൊന്ന് നോക്കി. കാവിമുണ്ടും വിരിഞ്ഞ നെഞ്ചിനെ മറച്ച് പിടിക്കുന്ന മുഷിഞ്ഞൊരു ഷര്‍ട്ടുമാണ് വേഷം. കണ്ണുകളില്‍ ആസക്തികളുടെ ചുവന്ന നിഴലുകളുണ്ട്.
'നെന്റെ പേരന്താ?'
‘പരമേശ്വരന്‍, മഹര്‍ഷീന്ന് വിളിക്കും.'

അന്നുതൊട്ട് ഞാന്‍ അവൾടെ കൂടെയുണ്ട്. തൊടക്കത്തില് വാറ്റ് കടത്തി അടിവാരത്തിലും പുത്തനങ്ങാടിയിലും ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചു. പിന്നെ വാഷിന്റെ കൂട്ടും തെളപ്പിന്റെ കണക്കും പഠിച്ചപ്പോള്‍ വാറ്റാനും അവളെന്നെ ഏല്‍പ്പിച്ചു. ഒരു മകരത്തില് അന്തിക്കൂട്ടിന് വിളിച്ച് പുല്‍പ്പായേല് കെടത്തി.

ചെല്ലയുടെ വാറ്റിന് കൂര്‍ത്ത കമ്പിപ്പാരയയേക്കാള്‍ മൂര്‍ച്ചയുള്ള മണമായിരുന്നു. അത് പൊളിച്ചു കയറാത്ത മതിലുകളൊന്നും അടിവാരത്തിലോ പുത്തനങ്ങാടിയിലോ ഉണ്ടായിരുന്നില്ല. വാറ്റിന്റെ ഗന്ധം ദേശബോധങ്ങള്‍ ലംഘിച്ചു പടര്‍ന്നു കയറിയ കാലത്തും, ചെല്ലയുടെ അരക്കെട്ടിന്റെയും കുരുതിമലയിലെ വെയിലില്‍ വിയര്‍ത്ത കക്ഷത്തിന്റെയും നാറ്റമാസ്വദിക്കാന്‍ മല കയറി വരുന്ന ആണുങ്ങളെ അവള്‍ പരിഗണിച്ചു. ചെല്ലക്ക് അതൊരു ആഘോഷമായിരുന്നു. ചിലപ്പോള്‍ കുരുതിമലയിലെ വറ്റാത്ത തോണിക്കുഴിയില്‍, ഇടക്ക് കത്തുന്ന വാഷിന്റെ ഓരം പറ്റി, ഇടക്ക് അടുപ്പ് കാറ്റേറ്റ് കുതിര്‍ന്ന പാറപ്പുറത്ത് നട്ടുച്ചക്ക്, ചെല്ലക്ക് തോന്നുമ്പോഴൊക്കെ അവളുടെ ഉടല്‍ ആനന്ദത്തിന്റെ സകല അതിരുകളും കീറിമുറിച്ചു.അവള്‍ക്ക് തോന്നാത്ത നേരത്ത് മല കയറി വന്ന ഏത് കൊമ്പനെയും തിരിച്ചയച്ചു.

പറ്റില്ലെന്ന് ഒരിക്കെ പറഞ്ഞുകഴിഞ്ഞും പതുങ്ങിയും കെഞ്ചിയും വാശികാണിച്ചും നില്‍ക്കുന്നവനെ ചെല്ല അടുത്തു വിളിച്ചിരുത്തും. വലത്തെ അരക്കെട്ടില്‍ മടക്കിവെച്ച പഴയ പ്ലാസ്റ്റിക് കവറെടുക്കും. അതില്‍ നിന്നും ഒരു വെറ്റിലയെടുത്തു കവറിലെ ഡപ്പയില്‍ വിരലിട്ട് രണ്ട് തവണ ഇലയിലേക്ക് ചുണ്ണാമ്പു തേക്കും. ഇടത്തെ അരക്കെട്ടില്‍ നിന്നും നീളം കുറഞ്ഞ പിച്ചാത്തിയെടുത്ത് ചൊവര് ചെത്തി ഒരു കോന്ത് അടക്ക പുകലഞെട്ട് ചേര്‍ത്ത് ചുണ്ണാമ്പ് തേച്ച് വെച്ച വെറ്റിലക്കൊപ്പം വായിലേക്കിട്ട് ചവക്കും.

മുറുക്കാന്റെ ആദ്യത്തെ നീര് ചെല്ലയുടെ വായില്‍ കിനിഞ്ഞിറങ്ങുമ്പോഴേക്കും അടുത്തിരിക്കുന്നവന്റെ കൈ അവളുടെ തുടയുടെ മാംസളതയില്‍ നുള്ളി തുടങ്ങിയിട്ടുണ്ടാവും. ചെല്ല ആ നീര് നിലത്ത് തുപ്പും.രണ്ടാമത്തെ നീര് വെറി മൂത്ത് നില്‍ക്കുന്നവന്റെ മുഖത്തായിരിക്കും. ചെല്ലയുടെ തുടയിടുക്കില്‍ നിന്നും കൈ വലിച്ച് കുതറിയോടുന്ന പകുതിയെണ്ണം അവളെ പുലയാട്ട് പറഞ്ഞു മലയിറങ്ങും. ബാക്കി പകുതി പുലയാട്ടു പറയുമ്പോഴും അവളുടെ ചുവന്ന തുപ്പലിന്റെ ഗന്ധം നാക്ക് നീട്ടി മുഖത്തുനിന്നും നക്കിയെടുത്തിട്ടാണ് മലയിറങ്ങുന്നത്.

'ഈ മല കേറ്റം കൊണ്ട് വല്ല കാര്യോണ്ടോന്ന് ഒറപ്പൊന്നൂല്യ... നെന്റെ ഭാഗ്യം പോലിരിക്കും... അവള്‍ക്ക് തോന്നുമ്പഴേ അവളാരേം അടുപ്പിക്കൂ... അവളുടെ ഈ തണ്ഡ്ത്തരം പിടിക്കാതെയായപ്പഴാ ഞാന്‍ മലയെറങ്ങണത്, വസോപ്പോളാണെന്നാ ചെറുമി പൊലയാടിച്ചീടെ വിചാരം'
മഹര്‍ഷി നടപ്പിനിടയിലെ മൂന്നാമത്തെ പുകക്ക് തിരി കൊളുത്തി.

വസോപ്പോളാരാണെന്ന് ചീരാപ്പിക്കറിയില്ലായിരുന്നു. മഹര്‍ഷിയുടെ അടുത്തെത്തും വരെ അയാള്‍ പറഞ്ഞ ചെറുമിയെക്കുറിച്ചും അവനറിയില്ലായിരുന്നു.

കാഞ്ഞിരക്കടവിലേക്കിറങ്ങുന്ന തെക്കേ പടവിനോട് ചേര്‍ന്നുള്ള മരുതില്‍ നിലത്തോട് ചേര്‍ന്ന് വലിയൊരു പൊത്തുണ്ടെന്ന് അവനറിയാം. ഗര്‍ഭസ്ഥ ശിശുവിനെ പോലെ ചുരുണ്ടുകൂടിയിരുന്നാല്‍ രണ്ട് പേര്‍ക്ക് അതിനകത്ത് ഇണചേരാം. ആ പൊത്തിലേക്ക് കുട്ടാട്ട് വീട്ടിലെ രാഘമേനോന്റെ ചെറിയോള്‍ ജയ വരുമെന്ന് ചീരാപ്പി പ്രതീക്ഷിച്ചിരുന്നില്ല. വന്നാലും അവന്റെ കിളിര്‍ത്തു തുടങ്ങുന്ന മിശകളിലേക്ക് അവള്‍ ചുണ്ട് ചേര്‍ക്കുമെന്നോ അവളുടെ കുട്ടിക്കൂറ മണക്കുന്ന കഴുത്തിലേക്കവന്റെ മൂക്കിനെ വലിച്ചുചേര്‍ക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.

അവള്‍ നനഞ്ഞ ചുണ്ടുകൊണ്ട് ചേര്‍ത്തടച്ച അവന്റെ കണ്ണുകള്‍ തുറക്കും മുമ്പെ, പ്രതീക്ഷിക്കാതെ തന്നെ പിടലിയിലേക്കൊരടി വന്നു വീണു. അടഞ്ഞ കണ്ണിലൊരു തീക്കൊള്ളി മിന്നി. പിന്നാലെ കടവിന്റെ പടവിലെ പൂപ്പലുകളെ തുടയിറച്ചിയില്‍ ചേര്‍ത്ത് വലിച്ചുകൊണ്ട് ആരൊക്കയോ അവനെ മുകളിലേക്ക് കയറ്റി. അക്കരെ നിന്നെന്നോണം അവ്യക്തമായി കേട്ടൊരു അലര്‍ച്ച അവനോര്‍മ്മയുണ്ട്.
'അത്ര മൂത്ത് നിക്കുവാര്‍ന്നേ നെന്റെ തള്ളേ കേറി പിടിക്കാര്‍ന്നില്ല്യേ തന്തയില്ലാ ചെറമാ'

ഉഷത്തള്ള നാട് വിടാനായിരുന്നു കല്‍പ്പിച്ചത്.
'നെനക്കിനീ ഇന്നാട്ടില് ഒരു പെണ്ണൂല്ല... മണ്ണൂല്ല… എങ്ങ്ടാച്ചാ ഓടിരക്ഷപ്പെട്ടാളേ'

മണ്ണിലും പെണ്ണിലുമുള്ള അവകാശനിഷേധം ആണിനെ പൊള്ളിക്കും. മഹര്‍ഷിയുടെ അടിവാരത്തെ പുരയിലേക്ക് മലക്കലെ ചോലേടെ കരപറ്റി ഓടുമ്പോള്‍ ചീരാപ്പിയുടെ കാല് പൊള്ളുന്നുണ്ടായിരുന്നു. മഹര്‍ഷിയെ പറ്റി കേട്ടറിവാണുള്ളത്. ഏതോ വലിയ നായര്‍ തറവാട്ടിലെ ഏറ്റവും ചെറിയ സന്തതിയായിരുന്നു. വളര്‍ത്തുദോശം കാരണം മുരടിച്ചു. അടിച്ചു പുറത്താക്കി പിണ്ഡം വെച്ചു. ഇന്ന് അടിവാരത്തിലും പുത്തനങ്ങാടിയിലും ഒരു പിടി മണ്ണിനും പെണ്ണുങ്ങടെ ചൂരിനും കാശ് പറഞ്ഞ് കച്ചോടം ഉറപ്പിക്കണമെങ്കില്‍ ഇടനിലയില്‍ മഹര്‍ഷിയുണ്ടാകണം. ആവശ്യക്കാര്‍ക്ക് ഏതുനേരം കെട്ടനേരത്തും മണ്ണാണെങ്കിലും പെണ്ണാണെങ്കിലും ഏത് പാതാളത്തില്‍ നിന്നും പൊക്കിയെടുത്തൊപ്പിച്ച് കൊടുക്കാന്‍ മഹര്‍ഷിക്ക് പ്രത്യേക മിടുക്കാണ്.

ഒരു മൊട്ടപ്പാറപ്പുറത്താണ് മഹര്‍ഷിയുടെ കൂര. പടികള്‍ കയറിവരുമ്പോള്‍ ഓലമേഞ്ഞ ഉമ്മറവും ചുണ്ണാമ്പുതേച്ച ചുമരിന്റെ വെളിച്ചവും ഇരുട്ടിനെ മുറിച്ചു തെളിഞ്ഞു വരുന്നത് ചീരാപ്പി കണ്ടു. വടക്കുപുറത്തെ പൂവരശിന്റെ ചോട്ടിലിട്ട മരബെഞ്ചിലിരിക്കുന്ന മഹര്‍ഷി, അരിമ്പാറകളും മുറിപ്പാടുകളും തിണര്‍പ്പുകളും കൊത്തിവെക്കപ്പെട്ട തന്റെ വീതിയുള്ള മുതുകിലേക്ക്, ഈച്ചയാര്‍ക്കുന്ന പശുവിന്റെ വാലു കണക്ക് നീണ്ട കൈകള്‍ വീശി മലങ്കൊതുകുകളെയാട്ടി.

നിഷേധിക്കപ്പെട്ട മണ്ണുവാങ്ങാന്‍ എന്ന് കൂടുമെന്നറിയില്ല,പോകും മുമ്പ് ഈ മണ്ണിന്റെ ചൂര് മുറ്റിയ ഒരു പെണ്ണിനെ അറിയണം. മഹര്‍ഷിയോട് ഒന്നും വിട്ട് പറഞ്ഞില്ല. അന്തിക്കൂട്ടിന് ഒരു പെണ്ണ് വേണമെന്ന് മാത്രം പറഞ്ഞു. മണ്ണെണ്ണ വിളക്കിന്റെ എണ്ണമയമുള്ള വെളിച്ചത്തില്‍ മഹര്‍ഷി ഇരുട്ടില്‍ നില്‍ക്കുന്ന ചീരാപ്പിയെ അടിമുടി അളന്നു. 'മോളിലും താഴേം കിളിര്‍ത്ത് തൊടങ്ങീട്ടില്ല്യാ.... ആദ്യത്തെ വെടിക്കുള്ള മരുന്നാണോടാ നെറച്ച് നിക്കണത്?'
ചീരാപ്പി ഒന്നും മിണ്ടാതെ മൂക്കിന് താഴെയൊന്ന് തടവി.
'നെന്റെ കയ്യില്‍ എന്തുലുവ എടുക്കാനുണ്ട്?
അയാള്‍ പുരികം വളച്ചു.
അവന്‍ കാവി മുണ്ടിന്റെ കോന്തലയില്‍ നിന്നും ചുളിഞ്ഞൊരു ഇരുപതിന്റെ നോട്ടും നാലഞ്ച് കെട്ട് തെറപ്പ് ബീഡിയും എടുത്തു മരബെഞ്ചില്‍ വെച്ചു.

മഹര്‍ഷി നിര്‍വ്വികാരനായി മെല്ലെ അതിലൊരു ബീഡിക്കെട്ടെടുത്ത് മൂക്കിനോട് ചേര്‍ത്ത് മണത്തു. പിന്നെ ഒരു കുറ്റിക്ക് തിരി കൊളുത്തി.
' ജ്യോതിമാന്‍... കൂടെ ഇരുപത് കൊണവേം'
ചീരാപ്പി ഒന്നും മിണ്ടാതെ നിന്നു.
'ഈ കിടുതാപുണ്ണാക്കും കൊണ്ടാണോ നീ പൂശാന്‍ എറങ്ങിയേക്കുന്നേ... ഒടഞ്ഞ് വാടിയ ഒരെണ്ണത്തിനെ കൂടി ഇതിന് കിട്ടാന്‍ പാടാ...
പോയി ഇതുപോലത്തെ ഒരു നാലഞ്ചെണ്ണമെങ്കിലും ഒപ്പിച്ച് പിന്നൊരിക്കെ വാ… നെയ്മുറ്റിയ നല്ലൊരുത്തിയെ തന്നെ നമുക്കൊപ്പിക്കാം.'

മഹര്‍ഷി ചീരാപ്പിയുടെ വലത്തെ കൈ പിടിച്ച്​ നോട്ട് തിരികെ പിടിപ്പിച്ചു. അവന്റെ കൈ വെള്ളയില്‍ അയാള്‍ തള്ള വിരലുകൊണ്ട് പരതി.
'നല്ല തണപ്പുണ്ട്… പോയി തത്ക്കാല ശമനത്തിന് ഈ കൈ വെച്ചൊന്ന് പൊട്ടിച്ച് കെടന്നൊറങ്ങ്...'
'ഇന്ന് കിട്ടീലേല്‍ എനിക്കിനി വേണ്ട മഹര്‍ഷി... നാളെ നേരം വെളുക്കുമ്പോ ഞാനീ നാട് വിട്ട് കാണും'
അവന്റെ ഒച്ചക്കും താളത്തിനും അതു വരെയില്ലാത്തൊരൊറപ്പുണ്ടായിരുന്നു. അതു കണ്ട് തന്നെയാകണം മഹര്‍ഷി അവന്റെ മുഖത്തിന് നേരെ തിമിരക്കണ്ണ് കൂര്‍പ്പിച്ചത്.

മഹര്‍ഷിയുടെ പരു രുത്ത കൈ പത്തി ഫണം താഴ്ത്തി വന്ന് ചീരാപ്പിയുടെ വലത്തെ ചെവിയില്‍ തട്ടി നിന്നു. ചീരാപ്പിയുടെ ചെവിയുടെ പുറം പാളി ഉള്ളിലേക്ക് രണ്ട് മടക്കധികം മടങ്ങിയാണിരിക്കുന്നത്. മഹര്‍ഷിയുടെ നഖങ്ങള്‍ ആ മടക്കില്‍ തിരിപ്പിടിച്ചു.
'നെനക്ക് പറ്റിയ ഒരാളുണ്ട്... കുരുതിമലേലുള്ള ഒരു ചെറുമിയാ....ഇത്തിരി മെനക്കടാണ്… എന്നാലും നമുക്കൊരു കളി കളിച്ചു നോക്കാം..വാ'
മഹര്‍ഷി കള്ളി മുണ്ടൊന്ന് കയറ്റിക്കുത്തി.

വസോപ്പോള്‍ടെ കഥ

'ഞങ്ങടെ തറവാട്ടീന്ന് അവസാനായിട്ട് സംബന്ധ പൊടവ വാങ്ങിയ സ്ത്രീയായിരുന്നു വസോപ്പോള്. ശരിക്കും അവരെന്റെ ഓപ്പോളൊന്നുമല്ല, വല്യമ്മയാണ്. കുഞ്ഞമ്മാവന്‍ ഓപ്പോളെന്ന് പറഞ്ഞു കേട്ട് കേട്ടാ ഞാനും അങ്ങനെ പറഞ്ഞ് ശീലിക്കണത്.

എല്ലാം കൊണ്ടും ഒത്തൊരു സ്ത്രീയായിരുന്നു അവര്. പറഞ്ഞുണ്ടാക്കിച്ചത് പോലെത്തെ അവര്‌ടെ മൊലേടേം ചന്തീടേം വടിവിലും വളവിലും മൂക്കുംകുത്തി വീഴാന്‍ വെള്ളോം ഒലിപ്പിച്ച് നടക്കാത്തവരായിട്ട് ഒരൊറ്റ ആമ്പറന്ന അപ്ഫനും ഉണ്ടായിരുന്നില്ല അക്കാലത്ത് ചേറാമ്പൊറത്ത്, ഓപ്പോള് പക്ഷേ അങ്ങനെ എല്ലാവരേം ഒന്നും അടുപ്പിച്ചില്ല, പ്രൗഢീം പണോം തറവാടിത്തോം നോക്കി കൊള്ളാവുന്ന ഇല്ലത്തീന്ന് മാത്രം പുടവ വാങ്ങി, പുടവ തന്നവന് എന്തൊക്കെ കേമത്തരം ഉണ്ടെങ്കിലും പായേല് കാണിക്കേണ്ട വിരുതറിയില്ലെങ്കില്‍ പിറ്റേന്നക്ക് പിറ്റേന്ന് പായ പുറത്ത് വച്ച് പുടവമടക്കി ഓപ്പോള് ബന്ധം അവസാനിപ്പിക്കും. ഒരൊറ്റ ധനു മാസത്തില്‍ മാത്രം പതിനാറ് സംബന്ധക്കാരെ ഓപ്പോള് ഇറക്കിവിട്ടുണ്ടെന്ന് വരെ പറഞ്ഞു കേട്ട കഥകളുണ്ട്.

അത് മഹര്‍ഷി ആ രാത്രി പറഞ്ഞ രണ്ടാമത്തെ കഥയായിരുന്നു. കഥ മുറിച്ച് കൊണ്ട് അയാള്‍ മണ്‍പാതയില്‍ നിന്നും ചേരകളിണചേരുന്ന പുളിമരത്തിന്റെ ഓരം ചേര്‍ന്ന് വലത്തോട്ട് ഒറ്റയടിക്കാട്ടുപാതയിലേക്ക് തിരിഞ്ഞു. മഹര്‍ഷിക്ക് മാത്രമറിയുന്ന ചെല്ലയിലേക്കുള്ള എഴുപ്പവഴിയാണത്.

സര്‍പ്പശാഖകളുടെ തലയെടുപ്പുമായി നില്‍ക്കുന്ന തേക്കും ഈട്ടിയും കാട്ടുചന്ദനങ്ങളും, മുഴുത്ത പാമ്പുകളും കൊഴുത്ത കാട്ടുപന്നികളും പതിയിരിക്കുന്ന കാട്ട് പൊന്തകളും പങ്കിട്ടെടുത്ത് ആ വഴിയെ പിടിച്ച്, തിരിച്ചും വളച്ചും കാടിനെയൊരു രാവണന്‍കോട്ടയാക്കിയിട്ടുണ്ട്.

ഇളംപിറയുടെ നേര്‍ത്ത വെട്ടത്തെ പോലും കടത്തിവിടാതെ കാട്ടുമരങ്ങളുടെ കൂറ്റനിലകള്‍ കാവല്‍ നില്‍ക്കുന്ന കാടിരുട്ടിന്റെ മുഴുപ്പിനെ മുറിച്ചു കൊണ്ട് മുന്നിലും പിന്നിലുമായി രണ്ട് തെറപ്പ് ബീഡികള്‍ വളഞ്ഞും പുളഞ്ഞും മുന്നോട്ട് നീങ്ങി. കൂമനും കാലന്‍ കോഴിയും മണ്ണട്ടകളും കാറിപ്പെയ്യുന്ന ആ കാട്ടുവഴിയില്‍ മഹര്‍ഷിക്കറിയാത്ത നൂലാമാലകളൊന്നുമില്ലായിരുന്നു. അതായിരുന്നു ചീരാപ്പിയുടെയും ധൈര്യം.

മഹര്‍ഷി പെട്ടെന്ന് വഴിയില്‍ കുന്തിച്ചിരുന്നു. മുണ്ട് മാടി മുക്കുന്ന ഒച്ച ചീരാപ്പി കേട്ടു. മഹര്‍ഷി തൂറുകയാണ്. നാറ്റമടിച്ചപ്പോള്‍ ചീരാപ്പി മൂക്കത്ത് കൈവച്ചു.
'നെനക്ക് തൂറാന്‍ മുട്ടുന്നുണ്ടോ?'
ചീരാപ്പി മിണ്ടിയില്ല.
'ഉണ്ടോടാ'
'ഏയ്'
'പൂശുമ്പോ തൂറാന്‍ മുട്ടിയാ ശരിയാവില്ല കെട്ടോ… ഇപ്പോ തൂറിക്കാ...'

ഇരുട്ടിനെ വകഞ്ഞൊരൊച്ച അപ്പോഴും ചീരാപ്പിയാല്‍നിന്നുണ്ടായില്ല.
'വാ ഇവിടെ വന്നിരിക്ക് ,കാട്ടില് നാണം പാടില്ല'
മഹര്‍ഷി തന്റെ വശത്തെ കരിയിലത്തിരകളില്‍ രണ്ട് കൊട്ടുകൊട്ടി.
'വേണ്ട, കൊഴപ്പില്ല'
'വന്നിരിക്കടാ ഇവിടെ'

അത് പറയുമ്പോള്‍ മഹര്‍ഷിയുടെ തൊണ്ടക്കുഴിയില്‍ നിന്നും ഒരു കാട്ടുപോത്തിന്റെ മുരള്‍ച്ച ആദ്യമായി കയറ് പൊട്ടിക്കുന്നത് ചീരാപ്പിയറിഞ്ഞു.അവനയാളുടെ അടുത്തേക്കണഞ്ഞ് മുണ്ട് മാടിയിരുന്നു.

ദയാരഹിതമായ ഭോഗാസക്തികളാല്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന കാട്ടുമൃഗങ്ങളെ മറച്ചുപിടിക്കുന്ന വന്യമായ ഇരുട്ടിലേക്ക് നോക്കി സമാന്തരരേഖയില്‍ രണ്ടുടലുകള്‍ കുന്തിച്ചിരുന്നു.
പാടവള്ളി പൂത്ത മണമാണ് ചുറ്റം.
മുന്നിലെ പൊന്തക്കാട്ടിലൊരിളക്കം. വേച്ചു തീര്‍ന്നൊരു നിലവിളി കേട്ട് ചീരാപ്പി പാതിയൊന്ന് പൊന്തി. മഹര്‍ഷി അതുവരെ അരയിലൊളിപ്പിച്ച ടോര്‍ച്ചെടുത്ത് വെളിച്ചം നീട്ടി.

ഒരു ചെമ്പോത്തിന്റെ പിറയെ മുഴുത്തൊരു മലമ്പാമ്പ് വിഴുങ്ങുന്നതാണ്. രണ്ടാമത്തെ കുഞ്ഞിനേയും അതിന്റെ ഉള്ളാഴങ്ങളിലേക്ക് ക്ഷണിക്കാന്‍ പാമ്പിഴഞ്ഞു തുടങ്ങിയത് കണ്ട് ചീരാപ്പി മുന്നോട്ടാഞ്ഞു.
'നീയിതെങ്ങോട്ടാ'
മഹര്‍ഷി തടഞ്ഞു.
'ഇത് കാടാണ്... ഇവിടെ നാട്ടിലെ നിയമങ്ങളില്ല, ആര്‍ക്കും ആരെ വേണമെങ്കിലും കൊല്ലാം... തിന്നാം…ഈ എനിക്ക് തന്നെ വേണമെങ്കി നിന്നെയിപ്പോ കൊല്ലാം!'

മഹര്‍ഷിയത് പറഞ്ഞ്​ ചീരാപ്പിയുടെ പിടിലിയില്‍ മയത്തിലൊന്നുഴിഞ്ഞു. പിന്നെ പാതി കോടിയൊരു ചിരി ചിരിച്ചു. ചിരി വിടരുന്നതിനൊപ്പം അയാളുടെ മുഖത്ത് പരന്ന ഇരുട്ടിലാണ് ചീരാപ്പിയുടെ കണ്ണ് ചെന്ന് തറച്ചത്.

കാട്ടുവഴിയിറങ്ങി വരണ്ടൊരു തോടുമുറിച്ചു കടന്നാല്‍ തോണിയമ്പാറയുടെ ഉച്ചിയിലേക്കുയരുന്ന കല്‍പ്പടവ് തെളിയും. പാറ കൊത്തിയുണ്ടാക്കിയതാണ്. അതിനു താഴെയെത്തിയപ്പോള്‍ മഹര്‍ഷി നിന്നു.
‘ഇനി നീ കേറിയാ മതി, ഞാന്‍ കൂടെണ്ടെന്നവളറിയണ്ട, ഒരു മയത്തില്‍ കാര്യം അവതരിപ്പിക്കണം,നെനക്ക് ഭാഗ്യമുണ്ടെങ്കി സംഗതി നടക്കും'
ചീരാപ്പി തലയാട്ടി.
മഹര്‍ഷി തന്റെ മുഷിഞ്ഞ ബനിയന്‍ പാതി മാടിക്കയറ്റി മുണ്ടിന്റെ അരക്കെട്ട് താഴോട്ട് വലിച്ചു ചിരാപ്പിയുടെ അടുത്തേക്കണഞ്ഞു നിന്നു.
'നീയിത് കണ്ടോ'

മഹര്‍ഷിയുടെ കയറ്റിക്കുത്തിയ കള്ളിമുണ്ട് അതുവരെയൊളിപ്പിച്ചുവച്ച വടുക്കള്‍ അയാളുടെ അടിവയറ്റില്‍ നിന്നും, ചത്ത മനുഷ്യന്റെ കണ്ണില്‍ നിന്നും നാലാം പക്കം പുളഞ്ഞു പൊന്തുന്ന പുഴുക്കളെ പോലെ പൊന്തി വരുന്നത് അരണ്ട നിലാവെളിച്ചത്തില്‍ അവന്‍ കണ്ടു.
'പറ്റില്ലെന്നവള് പറഞ്ഞാ പിന്നെ അവിടെ ഒരു നിമിഷം പോലും നിന്ന് പോയേക്കരുത്. ഇറങ്ങിക്കോളണം.'

പിന്നിലെ പടവുകള്‍ ആകാശത്തിലേക്ക് പടര്‍ന്നു കയറുന്നതായും പടവുകളുടെ വീതി ഉരുകിയലിയുന്നതായും അവന് തോന്നി.

താഴ്ന്നുപോകുന്ന പടവുകള്‍ക്കൊപ്പം പനമ്പട്ട മേഞ്ഞ മേല്‍ക്കൂരയുള്ള ചെല്ലയുടെ മണ്‍വീട് പൊന്തി വന്നു. ചാണകം മെഴുകിയ ഉമ്മറത്തിണ്ടില്‍ വശത്തൊരു ചിമ്മിണി വിളക്കിനെ കൂട്ടിനിരുത്തി ചീരാപ്പിയെ പ്രതീക്ഷിച്ചിരിക്കുമ്പോലെ ചെല്ലയിരുപ്പുണ്ടായിരുന്നു.

ഒരു കള്ളി ഷര്‍ട്ടും പുള്ളി ലുങ്കിയുമാണ് വേഷം.

ചിമ്മിണിയുടെ മണ്ണെണ്ണ മണമുള്ള മഞ്ഞവെളിച്ചത്തില്‍ അവളുടെ എണ്ണക്കറുപ്പ് മിനുങ്ങി. മുന്നിലേക്കിട്ട മുടി പാതിമറച്ച മുപ്പതിലെത്തിയ ചെല്ലയുടെ മുലയുടെ മുഴുപ്പും മണ്‍തിണ്ടിലമര്‍ന്ന ചന്തിയുടെ പരപ്പും ചീരാപ്പിയെ വന്ന കാലില്‍ പിടിച്ചു നിര്‍ത്തി.

'ആരാടാ അത്?', ചെല്ല മണ്ണെണ്ണ വിളക്കുയര്‍ത്തി.
ചീരാപ്പിയുടെ വരണ്ട തൊണ്ടവാതില്‍ തുറന്നു ഒച്ചയൊന്നും പൊന്തിയില്ല.
'പറങ്കി നീര് ഞാന്‍ നേരിട്ട് കൊടുക്കാറില്ലെന്നറിയില്ലേ?'
'ഞാനതിന് വന്നതല്ല'
മടിച്ചും വേച്ചും അവന്റെ തൊണ്ടയില്‍ നിന്നൊരു വാക്ക് തെറിച്ചു പോയി.
'പിന്നെയോ'
ഉള്ളിലെ തിളപ്പിനെ തുറക്കാന്‍ അപ്പോഴും ചീരാപ്പി വാക്ക് കിട്ടാതെ പതറി.
'പിന്നെ നിനക്കെന്താടാ എന്നയാണോ വേണ്ടത്?'

തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവന്റെ അടിവയറ്റിലേക്കൊരു പഴുത്ത തീക്കൊള്ളിയായത് തുളഞ്ഞുകയറി.
കാലനങ്ങുന്നില്ല.
ചെല്ലയവനെ ഉമ്മറത്തിണ്ടത്ത് പിടിച്ചിരുത്തി. അരക്കെട്ടിലെ കവറില്‍ നിന്നും വെറ്റിലെയെടുത്ത് മുറുക്കാന്‍ തുടങ്ങി.
'ഒന്ന് മുറുക്കുന്നോടാ?’
മുറുക്കാനുറവകളെ ചിറകെട്ടി നിര്‍ത്തി ചെല്ല ചുണ്ട് കോട്ടി.
ചീരാപ്പി വേണ്ടെന്നു തലയാട്ടുക മാത്രം ചെയ്തു.
'എന്താടാ ഒരു പരവശം?' വാകചൊകപ്പ് ചൊകന്ന ചെല്ലയുടെ ചുണ്ടിലൊരു കള്ളച്ചിരി പൂത്തു.ചീരാപ്പി മറുപടിയൊന്നും പറഞ്ഞില്ല.

കുതറിമാറുന്ന കാട്ടുപാമ്പിന്റെ വന്യമായ വേഗത്തില്‍ചെല്ല മുറുക്കാന്‍ കടലിന്റെ ചൊകന്ന തിര കെട്ടിനിര്‍ത്തിയ തന്റെ ചുണ്ടുകളെ ചെല്ലാപ്പിയുടെ ചുണ്ടുകളുടെ ബീഡിക്കറുപ്പിലേക്ക് ചേര്‍ത്തു. വിറ പൊട്ടിത്തുടങ്ങിയ ചീരാപ്പിയുടെ ഉടലിനെ ഉടുമുണ്ടില്‍പിടിച്ചു അകത്തെ പുല്‍പ്പായിലേക്ക് വെലിച്ചിട്ടു. ഉടലുറകള്‍ പൊളിച്ച് ചീരാപ്പിയുടെ ഇരുമ്പുരുകുന്ന വാട മണത്ത് ചെല്ലയവന്റെ ദേഹം മൊത്തം പാഞ്ഞുകയറി.
കള്ളിക്കുപ്പായത്തിന്റെ നൂല്‍ബന്ധനങ്ങളെ തെറിച്ചു പൊന്തിയ മുലഞെട്ടുകള്‍ തള്ളിത്തുടങ്ങിയപ്പോള്‍ ചെല്ല തോളെല്ലില്ലില്‍ നിന്നും കുപ്പായത്തെ അഴിച്ചുവിട്ടു.
മുലയില്‍ മുളച്ച കാരമുള്ളിനെ കടിച്ചു പറിക്കാന്‍ കൊടുത്തതാവണം ചെല്ല. മടിയില്‍ കിടന്നതിന്റെ നെല്ലിക്കാച്ചവര്‍പ്പിനെ കുഞ്ഞിനെ പോലെയുറിഞ്ചിക്കുടിക്കുന്ന ചീരാപ്പിയെ കണ്ട് ഉള്ളിലൊരു തള്ളയുടെ ഉറവകള്‍ പൊട്ടിയത് പോലെ അവളവന്റെ ചളിപിടിച്ച മുടിക്കോലുകളില്‍ വിരലോടിച്ചു. പിന്നെ തന്റെ കക്ഷത്തൊളിപ്പിച്ച ആനന്ദദ്രവ്യങ്ങളുടെ ഗന്ധവനങ്ങളിലേക്കുള്ള രഹസ്യത്താക്കോല്‍ അവന് കാട്ടിക്കൊടുത്തു.

പടുമരത്തിന്റെ ഇണചേരുന്ന ശാഖകളാണ് ചെല്ലയുടെ കക്ഷത്തെ നീളന്‍ രോമങ്ങള്‍. ചെല്ലയുടെ വിയര്‍പ്പും ചീരാപ്പിയുടെ നാക്കിന്റെ നനവും ചേര്‍ന്നപ്പോള്‍ അവക്ക് പുഴങ്ങിയ പൊന്നി നെല്ലിന്റെ മണമായി. പിന്നെയും പിന്നെയും രോമഭൂഖണ്ഡത്തിന്റെ അറ്റവും മൂലയും കുതിര്‍ത്തു കുഴിച്ചപ്പോള്‍ നാരകം പൂത്ത മണം പൊന്തി.പിന്നെയതൊരു നാരകക്കാടായി.

നാരകക്കാട്ടില്‍ നിന്നും അവന്റെ മൂക്ക്, മുടിയരിച്ചിറങ്ങുന്ന ചെമ്പരത്തിക്കാച്ചെണ്ണയും പറങ്കിവാറ്റിന്റെ വാടയുള്ള വിയര്‍പ്പും ചേരുന്ന ചെല്ലയുടെ പിരടിയിലെ അഴിമുഖത്തേക്കൊഴുകിയെത്തി. മൊട്ടക്കുന്നിലെ ഒറ്റത്തടി വൃക്ഷങ്ങളെ പോലെ രോമങ്ങളെഴുന്നേറ്റു നില്‍ക്കുന്ന അവളുടെ വശങ്ങളിലെ മാംസമടക്കുകളില്‍ പൊങ്ങിയും താണും അവന്റെ ചുണ്ടുകള്‍ പര്യവേഷണം നടത്തി. മൂന്നാമത്തെ മാംസമടക്കിലെ ചെമ്പിച്ച കാക്കാപുള്ളിയിലുമ്മവെച്ചപ്പോള്‍ ചെല്ലയവന് തന്റെ പൊക്കിളിന്റെ ഭൂഗര്‍ഭയറകളിലൊളിപ്പിച്ച നിധി കുംഭങ്ങളിലേക്കുള്ള വഴി തുറന്നു കൊടുത്തു. പൊക്കിള്‍ചുഴികളില്‍ വട്ടം കറങ്ങി വഴിമറന്നു വീണു പോയ ചീരാപ്പിക്കുമുകളില്‍ അവളിരുന്നു. സുരതം കഴിഞ്ഞു തളര്‍ന്നുറങ്ങിയ അവന്റെ മെല്ലിച്ചയുടലാകെ മുറുക്കാന്‍ ചുവപ്പിന്റെ കല പൊന്തിയിരുന്നു.

കാടുകറങ്ങിയിറങ്ങി.
മഹര്‍ഷിയുടെ ഉമ്മറത്ത് അപ്പോഴേക്കും വെളുപ്പ് വന്നിറങ്ങിയിരുന്നു. മഹര്‍ഷിയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയാള്‍ തന്റെ കൂരയുടെ ഉമ്മറക്കഴുക്കോലില്‍ തൂക്കിയിരുന്ന ചുളിഞ്ഞ ചാരായക്കുപ്പി ചീരാപ്പിക്ക് നീട്ടി. അവന്‍ മടി കാണിച്ചില്ല. ആദ്യ കവിളില്‍ തന്നെ അന്നോളം കുടിച്ച വിഷത്തിനൊന്നുമില്ലാത്ത തരം കൊഴുത്ത കനപ്പ്. ചങ്കുരുക്കുന്ന പാതാളപ്പശ.

അതേസമയം ആസക്തിയുടെ നൂല്‍വിലങ്ങ് പൊട്ടിക്കുന്ന സൂചിക്കൂര്‍പ്പും. ചീരാപ്പി പിന്നെയും പിന്നെയും മോന്തി.

'ഇതെവിടുന്നാ? ഇതിലെന്താ ചേര്‍ത്തിട്ടുള്ളത്?ചീരാപ്പി ചെനപിടിച്ചൊരു ഭ്രാന്തി പശുവായി നിന്നു തുള്ളി.
അതാസ്വക്കുന്ന മട്ടില്‍ മഹര്‍ഷി സാവധാനം ചിരിച്ചു.

'അതിലെന്തൊക്കെയാ ചേര്‍ത്തിട്ടുള്ളതെന്ന് ചോദിച്ചാ എല്ലാം അങ്ങ് വിട്ട് പറയാന്‍ പറ്റോവോടാ... എന്നാലും പറയുവാണേല്‍ തിന്നാന്‍ പാടില്ലാന്നും കുടിക്കാന്‍ പാടില്ലാന്നും പറഞ്ഞ് മനുഷ്യരെ പറ്റിച്ച പലതും കടന്നു തെളച്ചുണ്ടായ പറങ്കി വെള്ളാണ് നീയിപ്പൊ കുടിച്ചത്'

ചീരാപ്പീയുടെ മുഖത്ത് ആകാംക്ഷ.

'അണ്ടിക്കത്രക്കൊറപ്പുള്ളവന്‍മാര് പോലും അങ്ങനങ്ങ് കേറിചെല്ലാന്‍ മടിക്കണ, വെളിച്ചം പോലും നേരെ ചെല്ലാത്ത പെരും ഗുഹകളുണ്ട് ഈ കുരുതിമലയുടെ കെഴക്കെയതിരില്, അതൊക്കെ എളക്കിമറിച്ച് പിടിച്ച മലമ്പാമ്പിന്റെ കൊഴുത്ത നെയ്യ് തൊട്ട്, താഴത്ത് ചീമത്തണ്ടും കമ്പിപ്പാരേം വരെ കേറി മണക്കുളം ചോലേടെ കരക്ക് ചത്ത് മലച്ച് കെടക്കണ തോട്ടത്തിലെ തമിഴത്തി പണിക്കാര്‌ടെ ചൂടെറങ്ങാത്ത തൊടയെറച്ചി വരെ അതിലിണ്ട്.’

ചീരാപ്പിക്ക് തന്റെ കുടലിടുക്കില്‍ കിടന്നൊരു തമിഴത്തി പിടയുന്നതായി തോന്നി. അവളൊന്ന് തികയിട്ടപ്പോള്‍ നാറുന്നൊരു പത അവന്റെ കടവായ വഴി പുറത്തേക്ക് തെറിച്ചു. തളര്‍ന്നിരുന്നുപോയ അവനെ മഹര്‍ഷി ക്രൂരമായി നോക്കി.

'തിന്നാമ്പാടില്ലെന്ന് പറയണത് തിന്നണത് രണ്ട് കൂട്ടരാ, ഒന്നാമത്തെ കൂട്ടര്‍ക്ക് പാടില്ലാത്തതാണ് തിന്ന് പോയതെന്ന് അറിഞ്ഞാലേ പൊറുതിമുട്ടുള്ളൂ, അറിഞ്ഞില്ലേ മിണ്ടാതെ തിന്ന് പോയി തൂറിയൊറങ്ങും, നിന്നെ പോലെത്ത പേടിത്തുറികളാണവര്...
പിന്നെയുള്ളത് ആണുങ്ങളാ... കരളൊറപ്പും അണ്ടിയൊറപ്പൂള്ള ആണുങ്ങള്.. പാടില്ലാത്തതാണെന്നറിഞ്ഞാലാണ് അവര്‌ടെ നാക്കിനും ചുണ്ടിനും വാശി… പിന്നേം പിന്നേം തിന്ന് മുടിക്കാന്‍ മുട്ടി നിക്കണ രസം കേറിയ പൂതങ്ങളാകും പിന്നെയവര്… അരുതാത്ത അടുത്ത തീറ്റക്ക് കൊതി മൂത്ത പൂതങ്ങള്.’
മഹര്‍ഷി പറഞ്ഞുനിര്‍ത്തി.

'ഇനിയുണ്ടോ മഹര്‍ഷി തമിഴത്തികള്‌ടെ തൊടയെറച്ചി വാറ്റിയ നിങ്ങടെ കാടി വെള്ളം?'
ചീരാപ്പിയുടെ തളര്‍ന്ന കണ്ണുകളില്‍ തിരയിളക്കം.
ചീരാപ്പി രസം പിടിച്ചൊരു പൂതമായി മാറുന്നത് നോക്കി മഹര്‍ഷി മേല്‍മീശയിലേക്ക് നാക്ക് നീട്ടി.
'മുടുക്കന്‍…രസവേലയറിയാന്‍ മാത്രം മുടുക്കന്‍'രസവേലയെന്തെന്നു ചീരാപ്പിക്കറിയില്ല.

'ചേറാമ്പൊറത്ത് ഏറ്റോം കൂടുതല്‍ മണ്ണ് കൈയിലുണ്ടാര്‍ന്ന ഇല്ലായിരുന്നു പുതുമന ഇല്ലം'
മഹര്‍ഷി പുതിയൊരു കഥ പറഞ്ഞു തുടങ്ങി.

യശോദേടെ കഥ

'അവിടുത്തെ ഏറ്റോം എളേ അപ്ഫനായിരുന്നു കുട്ടന്‍ നമ്പൂരി. എല്ലാം അപ്ഫന്‍മാരേം പോലെ കുട്ടന്‍ നമ്പൂരിടേം ഇല്ലത്തെ പെഴപ്പ് കഷ്ടായിരുന്നു. അതിനെടക്ക് ഒരു എടവപ്പാതി മൂന്നും കൂടിയ നേരത്ത് അഹത്തുള്ളോളേം കുട്ടന്‍ നമ്പൂര്യേം കളപ്പുരേല് ഒരുമിച്ച് കണ്ടോടെ മൂപ്പര് മൂസ്സ് നമ്പൂര്യാര്‌ടെ കണ്ണിലെ കരടായി. അപ്ഫന്‍ നമ്പൂര്യെ മൂസ്സ് തരം കിട്ടുമ്പൊക്കെ ദ്രോഹിച്ചു.

ആട്ടും തുപ്പും കുത്തുവാക്കും കേട്ട് മടുത്ത കുട്ടന്‍ നമ്പൂരിക്ക് ഒരേ ഒരു ആശ്വാസം കെഴക്കൊമ്പറം തറവാട്ടിലെ യശോദ ആയിട്ട്ള്ള സംബന്ധായിരുന്നു. കെടക്കപ്പായേല് യശോദ ഒരു തീക്കൊള്ളിയാരുന്നു, എത്ര കെടുത്ത്യാലും കെടാത്ത തീക്കൊള്ളി. തലക്കുത്തി മറിഞ്ഞിട്ടും യശോദേനെ അടക്കിയൊറക്കാന്‍ കുട്ടന്‍ നമ്പൂര്യക്കൊണ്ട് പറ്റീല്യ. ചൂട്ടും കത്തിച്ച് മോന്തിക്ക് പഴങ്കൊളങ്കാര്‌ടെ വരമ്പത്തൂടെ അയമ്മേടെടുത്തേക്ക് നടക്കുമ്പോ, അയമ്മേടെ അരക്കെട്ടിനെ പിടിച്ചുകെട്ടാന്‍ നമ്പൂരി പുതിയ എന്തേലും വഴി കണ്ടു പിടിക്കും... പക്ഷേ ഏഹേ... അവിടെ ഒന്നും ഏശൂല... അയമ്മ പിന്നേം പിന്നേം ആക്രാന്തം മൂത്ത് കുട്ടന്‍ നമ്പൂരിയേ നോക്കൂം.

അന്ന് കുരുതിമലേല് അജ്മീറിന്ന് വന്നൊരു ദിവ്യനുണ്ടായിരുന്നത്രേ. ഒടുക്കം മൂപ്പരാണ് യശോദേനെ പിടിച്ച് കെട്ടാനുള്ള വേല കുട്ടന്‍ നമ്പൂരിക്ക് പറഞ്ഞു കൊടക്കണത്. രസവേല.

കെടക്കപ്പായേല് കുതറിയോടണ യശോദെനെ ഒരു കുതിരയാക്കി മാറ്റും. കുട്ടന്‍ നമ്പൂരിയൊരു കുതിരക്കാരനാകും. കെട്ടിയിട്ടും കടിഞ്ഞാണ്‍ വലിച്ചും ചാട്ടക്കടിച്ചും അയമ്മേ അടക്കി നിര്‍ത്തും. അങ്ങനെ പെണ്ണിനെ പല തരം മൃഗങ്ങളാക്കി കടിച്ചും അടിച്ചും തൊഴിച്ചും രസം കേറി കേറി മത്ത് പിടിക്കണൊരു പ്രാന്തന്‍ വേല.
പതിനെട്ട് തരം മൃഗങ്ങടെ വേലകളുണ്ട്. കുതിര, പാമ്പ്, പട്ടി, അങ്ങനെ പലതരം.
ഓരോന്നിലും ഓരോ തരം മൊറകുളുണ്ട്.

തല്ലുന്നതിനും കൊത്തുന്നതിനും ഒരു താളണ്ട്. അടിക്കേം കടിക്കേം ഉരുക്കേം ചെയ്യേണ്ട സ്ഥലങ്ങളുണ്ട്, മണിബന്ധത്തിലെ പിണഞെരമ്പ്, കാതിന്റെ കീഴ്ചച്ചുഴി, ഇട്‌പ്പെല്ലീന്ന് ചന്തീലോട്ടിറങ്ങുന്ന ഗോവണിവഴികള്‍...
അങ്ങനെ പലത്.
രസവേലടെ കണക്ക് പെഴക്കാന്‍ പാടില്ല.പെഴച്ചാ മരണം വരെ സംഭവിക്കും.

പെഴക്കാതെ ചെയ്താ ചെയ്യണ ആണിനേക്കാള്‍ ഹരം കേറണത് പെണ്ണിനാകും...
സുഖോം വേദനേം കെട്ടി മറിയണ വല്ലാത്തൊരു ഹരം. യശോദ ഹരം കേറിക്കേറി തളര്‍ന്നു വീഴണത് കണ്ടാര്‍ന്നു പിന്നയങ്ങോട്ട് കുട്ടന്‍ നമ്പൂരി ഒറങ്ങ്യാര്‍ന്നത്. ഇല്ലത്ത് വെറും പട്ടിയായിരുന്ന കുട്ടന്‍ നമ്പൂരിക്കങ്ങനെ യശോദേനെ പട്ടീം പൂച്ചേം കഴുതേം ഒക്കെ ആക്കാന്‍ പറ്റി, അതിന്റൊക്കെ യജമാനനും ആകാന്‍ പറ്റി... അതാര്‍ന്നത്രേ രസവേലേല് നമ്പൂരിക്കുണ്ടാര്‍ന്ന ഏറ്റോം വല്യ രസം'

മഹര്‍ഷിയുടെ കഥ തോര്‍ന്നു. അതില്‍ നനഞ്ഞതു പോലെ ചീരാപ്പി കുതിര്‍ന്നിരുന്നു.
'നെനക്ക് രസവേലയൊന്ന് പയറ്റി നോക്കീട്ട് നാട് വിട്ടാ മതീന്ന് തോന്നുന്നോടാ?'
മഹര്‍ഷി വട്ടക്കണ്ണു വിടര്‍ത്തി ചീരാപ്പിയെ നോക്കിയൊരു കള്ള ചിരി ചിരിച്ചു.

രസവേലക്കും ചെല്ലയിലേക്ക് തന്നെയാണ് മഹര്‍ഷി വഴിവെട്ടിയത്. അതേ കാട്ടുവഴി. ഇത്തവണ പക്ഷേ കാടും വഴിയും ചിലന്തി വലപോലെ പിന്നെയും കെട്ടുപിണഞ്ഞു പോയിട്ടുണ്ട്. പിണഞ്ഞ വഴികള്‍ ചീരാപ്പിയുടെ കണ്ണുകളെ ചുഴിയിരുട്ടിലിട്ട് കറക്കി.
'നെന്റെ കഥയെന്താടാ?'
നടപ്പിന്റെ കിതപ്പിനൊപ്പം മഹര്‍ഷിയൊരു ചോദ്യം പൊട്ടിച്ചു.
'നീയെന്തിനാ നാട് വിടണത്?'
'കഥയിലൊക്കെന്തിരിക്കുന്നു മഹര്‍ഷി'
കുളമൈനലിന്റെ വഴുവഴുപ്പോടെ ചീരാപ്പി വഴുതിമാറാന്‍ ശ്രമിച്ചു.

'കഥയിലെന്തിരിക്കുന്നെന്നോ! ഞാന്‍ പറഞ്ഞൊരു കഥ കേട്ടിട്ടല്ലേടാ നീയിപ്പൊ സാമാനോം കൊലപ്പിച്ച് എറങ്ങ്യേ... കഥയല്ലെടാ എല്ലാം… കഥയില്ലെങ്കി ഈ നീയും ഞാനുമൊക്കെ ഉണ്ടോ?
കഥയില്ലെങ്കി ഈ കുരുതി മല ഇന്ന് കാണുമ്പോലേണോ...?'
മഹര്‍ഷിയൊന്ന് നിര്‍ത്തി.

'കുരതി മലേടെ കെഴക്ക് കാടരുടെ ഊര് കണ്ടില്ലേ നീ..പണ്ട് അവറ്റങ്ങള് അവിടെ മാത്രായിരുന്നില്ല...ഈ മലമൊത്തം അങ്ങനെ പെരുകി കെടപ്പാരുന്നു'
അടുത്ത കഥക്ക് തിരി കൊളുത്തി മഹര്‍ഷി ചുണ്ടത്ത് തെറപ്പ് കൊള്ളി തിരുകി.

കുരിതിമലേടെ കഥ

'പണ്ടാണ്… കൊറേ കൊറേ പണ്ട് ...
ന്റെ ചെറിയമ്മാമനോട് മൂപ്പര്‌ടെ വല്യമ്മ പറഞ്ഞ് കൊടുത്ത കഥയാ. നെടുങ്ങേതിരിപ്പാട് രാജാവിന്റെ കാലാണ്. രാജാവിന് പുത്യേ കൊട്ടാരം പണിയാന്‍ കൊറേ മരോം കല്ലും ഓല്യൊക്കെ വേണം. കുരുതിമലേന്നെടുക്കാന്നായി. അന്ന് കുതുതി മലക്ക് കുരുതി മലാന്ന്ള്ള പേരൊന്നും ആയിട്ടില്ല. നെടുങ്ങേതിരിപ്പാട്, കൊട്ടാരം പണിക്കാരേ വിളിച്ച് മരം വെട്ടാന്‍ വിട്ടു...
പക്ഷേ ഒരു തടസ്സം...
മലയില്‍ താമിസിച്ചാര്‍ന്ന കാടര് എന്തൊക്കെ ചെയ്തിട്ടും മരം മുറിക്കാന്‍ സമ്മതിക്ക്ണില്ല...
മരങ്ങളവര്‌ടെ ദൈവങ്ങളാണത്രേ. നെടുങ്ങേതിരിപ്പാട് പടനായന്മാരേ അങ്ങോട്ട് പറഞ്ഞു വിട്ടു. അവരാദ്യം മയത്തില്‍ പറഞ്ഞ് നോക്കി, നടക്കില്ലെന്നായപ്പോ ഭീഷണിപ്പെടുത്തി, പിന്നെ കൂട്ടത്തില്‍ കൊറച്ച് പേര്‌ടെ കയ്യിലുണ്ടാര്‍ന്ന പച്ചിരുമ്പിന്റെ വാളെടുത്തു വീശി.ഒന്നും ഏറ്റില്ല്യാ. കമ്പും കല്ലുമെടുത്ത് കാടന്മാര് ഒറച്ചെന്നെ നിന്നു. ഒടുക്കം നെടുങ്ങേതിരിപ്പാട് തന്നെ നേരിട്ട് ചെന്നു.കാടന്മാര് അപ്പഴും അനങ്ങീല്യാ. നെടുങ്ങേതിരിപ്പാട് പടകൂട്ടിയാലോന്നാലോയ്ച്ച് ഒരു വലിയ പനയാലിന്റെ ചോട്ടില് പോയിരുന്നു. അപ്പഴാണ് ആലിന്റെ കയ്യില് രണ്ട് ശവങ്ങള്‍ തൂങ്ങിയാടി നിക്കണത് മൂപ്പര് കാണണത്.എല്ലാം ഒത്ത ഒരു കാടത്തീം കൂടൊരു കാടനും.
കാര്യെന്താണെന്ന് നെടുങ്ങേതിരിപ്പാട് തെരക്കി. അതൊരു കുരിത്യാണ്. ചെല അമാവാസികളില്‍ ഏതോ കാട്ടുദൈവത്തിനെ പ്രീതിപ്പെടുത്താന്‍ കാടര് പ്രായം തെകഞ്ഞ ഒരു കാടത്ത്യേം അവള്‌ടെ ഒടപ്പെറന്ന ചെക്കനേം കഴുത്തുമുറിച്ച് കെട്ടി തൂക്കി കൂരുതി കൊടുക്കും. നായര്‍പ്പടേടെ തലവനായിരുന്ന ഒരു സ്വരൂപക്കാരന്‍ നായര് രാജാവിനോട് പറഞ്ഞു.

ഈ കാടത്തരം കേട്ടിട്ട് രാജാവിനങ്ങ്ട് ദേഷ്യം കേറി. കാടന്മാരെ കൊന്ന് മല പിടിക്കാന്‍ പടനായകന് ഉത്തരവ് കൊടുത്തു. അപ്പഴാണ് ഒരു ദിവ്യന്‍ അങ്ങോട്ട് വരണത്. ദിവ്യന്റെ കെട്ടും മട്ടും കണ്ടപ്പോ നെടുങ്ങേതിരിക്കൊരു സംശയം, വരണത് വില്വമംഗലം സ്വാമിയാരാണോന്ന്, സംശയിച്ചത് ശരിയാരുന്നു, സ്വാമിയാര് വടക്ക് നിന്നുള്ള വരവാണ്.നെടുങ്ങേതിരി കാര്യങ്ങള് പറഞ്ഞു.

പടയൊന്നും വേണ്ട, മേലില് തട്ടാതേം ചോര പൊടിയാതേം കാടന്മാരെ ഒഴിപ്പിക്കാന്‍ സൂത്രണ്ട്ന്നായി സ്വാമിയാര്. നായന്മാരോട് മരം വെട്ടി തുടങ്ങാന്‍ പറഞ്ഞു. വെട്ടി തുടങ്ങിയപ്പോ സ്വരൂപക്കാരന്‍ നായരൊരലര്‍ച്ച. വെട്ടുമ്പോ വെട്ടുമ്പോ ചോരേണ് വരണതത്രേ. നെടുങ്ങേതിരിപ്പാടും സ്വാമിയാരും അങ്ങോട്ട് വന്നു. സ്വാമിയാര് അവിടൊരു പൂജ തൊടങ്ങി. ആ മരത്തിന്റെ ചോട്ടില് സ്വയംഭൂവായ ബിംബണ്ടെന്നും അതിന് വെട്ട് കൊണ്ടിട്ടാണ് മരത്തീന്ന് ചോര വന്നതെന്നും സ്വാമിയാരങ്ങ് കഥയറക്കി. കാടന്മാര് കുരുതി കൊടുക്കുന്നത് അവിടെള്ള ശക്തിക്ക് നെരക്കാത്തതാണെന്നും കുരുതി നിര്‍ത്തേം കാട് തെളിച്ച് പ്രതിഷ്ഠ നടത്തേം മാത്രേ പരിഹാരുള്ളൂന്നും സ്വാമിയാര് തീര്‍ച്ച്യാക്കി.

സ്വാമിയാരുടെ പൂജേം വിദ്യകളും കണ്ട് അപ്പഴക്കും കാടന്മാര് അയഞ്ഞാരുന്നു. അങ്ങനെ കാടുതെളിച്ച് അവിടെ ഭഗവാനെ പ്രതിഷ്ഠിച്ചു. പോരാത്തതിന് കാടന്മാരെ മലേടെ കിഴക്കോട്ട് പറഞ്ഞു വിട്ട് ബാക്കിള്ള മണ്ണൊക്കെ ബ്രഹ്മസ്വായി വാങ്ങിക്കേം ചെയ്തു. അങ്ങനാണ് കുരുതി മലേല് വിഷ്ണൂന്റമ്പലം വരണതും മല മൊത്തം പെരുകിയ കാടന്മാര് ഒരു മൂലക്ക് മാത്രായി ചുരങ്ങണതും'

വളഞ്ഞും ചുറ്റിയും കഥ നടന്നു തീര്‍ത്തു മഹര്‍ഷിയൊന്നു നിന്നു.
'ഇക്കഥേലെത്ര നേരും നെറീണ്ടെന്നൊന്നും അറീല്ല്യ. പക്ഷേ കുരുതി മലേല് പിന്നേം പലപ്പഴായി കുരുതി നടന്നിട്ട്ണ്ട്. തുങ്ങി നിക്കണ കാടന്റേം കാടത്തീടേം ശവങ്ങള് പലരും കണ്ടിട്ടുണ്ടന്നാണ് പറയണത്'

കഥയുടെ കെട്ടുപിണഞ്ഞ ചുറ്റുവഴികളില്‍ കറങ്ങിയ ചീരാപ്പി രസവേലയിലേക്ക് കയറാന്‍ പണിപ്പെട്ടു. എങ്കിലും ചെല്ലയുടെ ഉടല്‍വളവുകള്‍ക്കഴിച്ചു കളയാന്‍ കഴിയാത്ത ചുരുളികളൊന്നും ഒരാണിന്റെ തലയിലുമുണ്ടായിരുന്നില്ല. ആ വളവുകളില്‍ ഉമ്മവെച്ച് മടുത്തിട്ടും ചെല്ലക്ക് കുലക്കമില്ലാത്തത് കണ്ട് അവനവളെ ഒരു നാല്‍ക്കാലിയാക്കി തിരിച്ചുനിര്‍ത്തി. ചെമ്പരത്തിക്കാച്ചണ്ണ കിനിയുന്ന മുടിയറ്റം പിറകോട്ട് വലിച്ചു അവളുടെ പിന്നിലൂടെ പടര്‍ന്നു കയറി. അപ്പോഴവന് ചെല്ലയൊരു കുതിരയാണെന്നും താനൊരു കുതിരക്കാരനാണെന്നും തോന്നി. ഓരോ തവണ അവളുടെ മുടിയറ്റം പിറകോട്ട് വലിച്ച് അവന്റെ കെട്ട് പൊട്ടിയ അരക്കെട്ട് മുന്നോട്ട് കുതിച്ചപ്പോഴും കുതിരയും കുതിരക്കാരനും ആനന്ദഭൂപടങ്ങളുടെ സകല അതിരുകളും ചാടിക്കടന്നു. കുതിരക്കാരന്റെ കൈ പരപ്പ് അവളുടെ ചന്തിമുഴുപ്പില്‍ വന്നടിച്ചു. പീന്നെയും പിന്നെയും അടിച്ചു.ഓരോ അടിയിലും അവളുടെ തൊണ്ട തുരന്നിറങ്ങിയ സീല്‍ക്കാരങ്ങളില്‍ കയറി അവരിരുവരും അന്നോളം കാണാത്ത ആനന്ദദേശങ്ങളിലേക്ക് നുഴഞ്ഞുകയറി.

അനുവാദം കിട്ടയപ്പോള്‍ ചെല്ലയുടെ മുലക്കല്ലുകളെ പൂട്ടിയിട്ട പിന്നിയ അടിവസ്ത്രം കൊണ്ട് അവനവളുടെ ചുഴലിക്കണ്ണുകളെ മൂടി. ചാണകം മെഴുകിയ നിലത്ത് ചുരുണ്ട് കിടന്നിരുന്ന ഉടുമുണ്ടെടുത്ത് അവളുടെ കൈകളെ മണിബന്ധത്തിലെ പിണഞെരമ്പുകള്‍ ചേര്‍ത്തുകെട്ടി.മുകളില്‍ മുളങ്കഴുക്കോലില്‍ ഒരു ചുടിക്കയര്‍ പിണഞ്ഞു ചുറ്റിക്കിടിപ്പുണ്ടായിരുന്നു. അതിലേക്കവന്റെ നീണ്ട വിരലുകള്‍ ചെന്നു തട്ടി.ചെല്ലയുടെ അരക്കെട്ടില്‍ നിന്നും മുകളിലേക്ക് പതിനാല് ത്രികോണങ്ങള്‍ സൃഷ്ടിച്ച് ആ കയറവളെ വരിഞ്ഞു മുറുക്കി. ഓരോ ത്രികോണത്തിലും ചീരാപ്പി, മഹര്‍ഷി പറഞ്ഞ ഓരോ മുറകള്‍ പരീക്ഷിച്ചു. നഖം കൊണ്ട് കോറിയും, പല്ലുകളുടെ സര്‍പ്പദംശനം കൊണ്ടും, മെഴുതിരിയുരിക്കിയൊഴിച്ചും, ഇടുപ്പെല്ലില്‍ നിന്നിറങ്ങുന്ന ഗോവണി വഴികളും വശങ്ങളിലെ മാംസമടക്കുകളും, അടിവയറിലെ രക്തച്ചുഴികളും പൊള്ളുന്ന മാംസതിട്ടുകളും അവനിളക്കി മറിച്ചു. വേദനയും സുഖവും ഇണചേരുന്ന അഴിമുഖത്ത് കിടന്നു ചെല്ല പുളഞ്ഞപ്പോള്‍ കുരുതിമല കുലുങ്ങി.

പിന്നെ ചെല്ലയുടെ ഊഴമായിരുന്നു.

നിലത്തു തളര്‍ന്നു മലച്ച ചീരാപ്പിക്കരികില്‍ മരബെഞ്ച് വലിച്ചിട്ട് അവളിരുന്നു. അവന്റെ നെഞ്ചിന്‍ കൂടിന് മുകളിലേക്ക് കരിങ്കൊലുസിട്ട ചെല്ലയുടെ വലങ്കാല്‍കൊഴുപ്പ് വന്നു പതിയെ ചവിട്ടി. ഇടങ്കാലവന്റെ മുഖത്തിന്റെ കയറ്റിറക്കങ്ങളെ തലോടി. ഇടങ്കാലിലെ മൈലാഞ്ചി ചൊകപ്പണിഞ്ഞ തള്ളവിരല്‍ ചിരാപ്പിയുടെ തുടിച്ച ചുണ്ടുകളെ തുരന്നു സുരതം ചെയ്തപ്പോള്‍ അവന്റെ ഉടല് തിളച്ചു പൊങ്ങി. അവളുടെ വെള്ളി മിഞ്ചി അവന്റെ നീണ്ട മൂക്കിനെ കോറി. വലങ്കാല്‍ കഴുത്തിലേക്കിറങ്ങിയപ്പോള്‍ ശ്വാസം മുട്ടുന്നതിന്റെ സുഖമവനറിഞ്ഞു. അവന്റെ മെല്ലിച്ചയുടലിന്റെ ചതുപ്പകളിലൊക്കെയും അവളുടെ തിണര്‍ത്ത കാല്‍വിരല്‍ കുഴിഞ്ഞു തറച്ചു. ഹരം പൂണ്ടു കിതച്ച ചിരാപ്പിയെ വാരിയെടുത്ത് ചെല്ല മടിയില്‍ കമിഴ്ത്തി കിടത്തി.ഒട്ടിയ ചന്തിയിലേക്കവളുടെ കൈകൊഴുപ്പ് വന്നടിച്ചു തുടങ്ങിയപ്പോള്‍ അന്നോളം നടന്ന വഴികളിലൊക്കെയും കൊണ്ട അടികളെല്ലാം മധുരിച്ചുവരുന്നതായി ചീരാപ്പിക്ക് തോന്നി.അവള്‍ അരക്കെട്ടില്‍ നിന്നും ചൂടിക്കെട്ടഴിച്ച് തന്റെ ചന്തിയിലേക്ക് താളത്തില്‍ തല്ലി തുടങ്ങുന്നതും കാത്ത് കൊതിയൊതുക്കാനാകാതെ അവന്‍ പുളഞ്ഞു.
രസവേല തളര്‍ത്തിയ കാലുകളടുക്കിവെച്ച് ചീരാപ്പി ചെല്ലയുടെ കൂരയില്‍ നിന്നും പടവിറങ്ങി.താഴെ കഥ കേള്‍ക്കാന്‍ മുട്ടി നില്‍ക്കുകയായിരുന്നു മഹര്‍ഷി. അവന്‍ പയറ്റിയ വേലകളോരോന്നും അയാള്‍ കൊതിയോടെ കേട്ടിരുന്നു. കഥ തീര്‍ന്നിട്ടും നേരം, വെളുക്കാന്‍ കൂട്ടാക്കിയില്ല. വെളുത്തിട്ട് കാടിറങ്ങാമെന്നായിരുന്നു മഹര്‍ഷിയുടെ പക്ഷം.
അയാളവനെ കൂട്ടി ചെല്ലയുടെ കൂരയിറങ്ങുന്ന പടവിലിരുന്നു. അരയിലെ കുപ്പിയിലെ പറങ്കി നീര് ചീരാപ്പിക്ക് നീട്ടി മഹര്‍ഷി അടുത്ത തെറപ്പ് ബീഡിക്ക് തിരി കൊളുത്തി.

'മണക്കുളം ചോലേടെ കരക്ക് ചത്ത് കെടക്കണ തമിഴത്ത്യോള്‌ടെ തൊടയെറച്ചി ഇതിലുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? ചോലേടെ കരക്ക് തമിഴത്ത്യോള്‌ടെ ശവമടിയണതും നോക്കി വാറ്റ് വിദ്വാന്‍മാര് കഴുകന്മാരെ പോലെ കാത്ത് നിന്ന് ഒപ്പിക്കണതാണത്, പക്ഷേ അവര് മാത്രല്ല,വേറൊരു കൂട്ടര് കൂടെ അവരേക്കാള്‍ ക്ഷമകെട്ട് കാത്ത് നില്‍പ്പുണ്ടാവും! ശവങ്ങളെ പൂശാന്‍ കാത്ത് കാത്ത് മനക്കോട്ട കെട്ടി മദം പൊട്ടി നിക്കണവന്മാര്, കൊല്ലാന്‍ കയ്യൊറപ്പില്ലാത്ത ,എന്നാ കൊന്നിട്ടോറ്റേനെ നക്കാന്‍ മുട്ടി നിക്കുന്നോര്'

ഏത് കൊടിയ വളവിരുട്ടിലേക്കാണ് മഹര്‍ഷി തന്നെയും കൂട്ടി തിരിയാന്‍ പോകുന്നത്?
പകച്ചിരുന്ന ചീരാപ്പിയെ നോക്കി അയാള്‍ തുടര്‍ന്നു.

'ചത്ത് ചൂടെറങ്ങിയ പെണ്ണുങ്ങടെ ഒടലിനൊരു പ്രത്യേക രസമാ, അവളുമാരുടെ മൊലേം ഉറഞ്ചി, വയറിമ്മലങ്ങനെ ഒട്ടി പിടിച്ച് കെടക്കുമ്പോ കിട്ടണ ഒരു കുളിരിണ്ട്... അതൊരു വല്ലാത്ത സുഖാ, വേറെ എവിടേം കിട്ടാത്ത സുഖം. കൊറച്ചൂടെ കഴിയുമ്പോ ശവത്തിന്റെ വെരലോള്‍ക്കും മുതുകിനുമൊക്കെ ഒരു ഊതചോപ്പ് കേറും. ആ ഊതചോപ്പിലൊക്കെ ഒന്ന് ചൂരടിച്ച് മുത്തി നോക്കണം, ജീവള്ള നൂറണ്ണത്തിനെ കേറി മേഞ്ഞാലും കിട്ടാത്ത ഒരു പെരുക്കലങ്ങ്ട് താഴത്തീന്ന് അടിച്ചു കേറും, ഒന്നൂടെ കഴിഞ്ഞ് ചത്തവളുടെ കല്ലിച്ച കഴുത്തും മൊലേം കടിച്ച് പറിക്കണം, എത്ര ആക്രാന്തം കേറി കടിച്ചങ്ങട് പറിച്ചെടുത്താലും അവള് വേണ്ടാന്ന് പറയൂലാ… ശവല്ലേ… എന്തും ചെയ്യാം... കടിക്കാം, പറിക്കാം, കുത്തി കൊടല് കീറാം, കുപ്പായിമിടീപ്പിക്കാം, തൊട്ടിലിലിരുത്തി ആട്ടാം...ഹ ഹ ഹ..എന്തു വേലത്തരോം ഒപ്പിക്കാം. അതിപ്പോ ജീവനുണ്ടാര്‍ന്നപ്പോ ഏത് കൊലകൊല്ലി ആയിരുന്നവളാണേലും ശരി. നമ്മടെ തലേ കേറി നെരങ്ങ്യവളാണേലും ശരി. ഇനീപ്പോ സാക്ഷാല്‍ ചെല്ല തന്നെ ആണേലും ശരി. നമ്മളെന്ത് ചെയ്താലും സമ്മതാ. മിണ്ടാണ്ട് അനങ്ങാണ്ട് അവടെ ചോട്ടില് കെടക്കും'
ചൂടിറങ്ങിയ ശവം പോലെ ചീരാപ്പി എല്ലാം കേട്ടിരിക്കുകയായിരുന്നു.

'നമുക്ക് ചെല്ലയെ ഒന്ന് ശവമാക്കി കെടത്തിയാലോടാ. നെനക്ക് ഊതച്ചോപ്പിന്റെ ചൂരറിയണ്ടേ...ഏഹ്'
മഹര്‍ഷിയുടെ കൈത്തഴമ്പിന്റെ ചൂട് ചീരാപ്പിയുടെ തോളെല്ലിലേക്കിറങ്ങി.

അയാള്‍ മരണത്തിന്റെ രാവണന്‍കോട്ട തുറക്കാന്‍ പോവുകയാണെന്ന ഉള്‍വിളി ചീരാപ്പിക്ക് നേരത്തെ കിട്ടിയിരുന്നു. എന്നിട്ടും അടിവയറ്റില്‍ പലകൊള്ളികള്‍ ചേര്‍ന്ന ചിതയനക്കം.
'വേണ്ട മഹര്‍ഷി... ഞാനീ കളിക്കില്ല'
അവനയാളുടെ കൈ തട്ടി മാറ്റി ചാടിയെണീറ്റു.
'നീ ആരേ പേടിച്ചാടാ ഓടുന്നേ, നെന്നെ തന്നെയോ'
ഇറങ്ങി നടക്കാനോങ്ങിയ ചീരാപ്പി കുരുക്കുവീണ കാട്ടുപന്നിയായി.
'ഇനി അവളോടുള്ള നെന്റെ കൊതി അടങ്ങ്യേതാണ് പ്രശ്‌നെങ്കി കൊതിയുണ്ടാക്കണ ഒരു സത്യം കൂടി ഞാന്‍ പറയാം... ചെല്ല നെന്റെ പെങ്ങളാണേന്ന സത്യം... നെന്റേം അവള്‍ടേം പിണ ഞെരുമ്പിലോടണ ചോര ഒന്നാന്നുള്ള പരമ രഹസ്യം'

ചീരാപ്പി കിതക്കാന്‍ തുടങ്ങിയിരുന്നു. അത് മഹര്‍ഷിയുടെ നിഗൂഢമായ ശബ്ദത്തിന്റെ ആരോഹണത്തോട് മത്സരിച്ചു.
'ഇനി നീ ഈ പടവ് കേറും... എനിക്കൊറപ്പാ'
കെട്ടഴിച്ചുവിട്ടാല്‍ ഏത് കൊടും കാട്ടിലേക്കും ഓടിക്കയറുന്നൊരു മൃഗം മാത്രമാണ് മനുഷ്യനെന്ന് മഹര്‍ഷിക്ക് അറിവുകാണണം.

'ചെന്ന് അവളുടെ തൂങ്ങി നിക്കണ മൊല ചൂരടിച്ച് നോക്ക്, നെനക്ക് ഇതുവരെ അവളെ അറിഞ്ഞപ്പോ കിട്ടാത്ത സുഖം ഇനി കിട്ടും. എല്ലാം തീര്‍ന്നിട്ട് തളര്‍ന്നു വീഴുമ്പോ അവള്‌ടെ കഴുത്തിലെ വിയര്‍പ്പിലൊരുമ്മ കൊടുത്തിട്ട് ആങ്ങള ചെക്കനാണ് നീയെന്ന് കൂടി പറയണം... ഞാന്‍ പറഞ്ഞു വിട്ടതാണെന്നും പറയണം... അവളുടെ മൊഖത്തപ്പൊ മൂര്‍ഖനെ കണ്ട കൊരങ്ങിനെ പോലെ പേടി കേറും... അപ്പൊ നീയവളുടെ കഴുത്ത് ഞെരുക്കണം... അവളനങ്ങില്ല... മുറുക്ക് വീഴും വരെ അവളനങ്ങില്ല..ഏനിക്കൊറപ്പാ...പിന്നെ പെടയും... കൊറേ പെടയും... പെടച്ചില് തീര്‍ന്നാ പിന്നെ അവള്‌ടെ ചൂടെറങ്ങണ എറച്ചി മൊത്തം നെനക്ക് നക്കീം മണത്തും തിന്നാം'

'നിങ്ങക്ക് അവരെ കൊല്ലണെങ്കി കൊന്നോ...
പക്ഷേ എത്ര നൊണ പറഞ്ഞാലും എന്നെ അതിന് കൂട്ട് കിട്ടൂല'

നെഞ്ചിന്‍ കൂടിന്റെ പടപടപ്പിനെ ഒരു വിധം അടക്കി ചീരാപ്പി പറഞ്ഞൊപ്പിച്ചു.
'നൊണയോ'
മഹര്‍ഷിയുടെ വരണ്ട ചുണ്ടത്തൊരു ചിരി ചാലുകീറി.
അയാളവന്റെ ചെവിയുടെ മടക്കിനെ പരുത്ത വിരലുകളുടെ ചൂട് ചേര്‍ത്തു ഞരടി.
'ഈ മടക്ക് കുരുതിമലേലും അടിവാരത്തും താഴത്തങ്ങാടീലുമൊക്കെയായിട്ട് കൊറച്ച് പേര്‍ക്കേ ഞാന്‍ കണ്ടിട്ടുള്ളു, ഒന്ന് നെനക്ക്, പിന്നെ നിന്റെ തള്ളക്ക്, പിന്നെ ചെല്ലക്ക്... വേറൊരാള്‍ക്ക് കൂടെ ഉണ്ടാര്‍ന്നു… ഒരു മാണിക്യന്, നിന്റെ തള്ള ഉഷേടെ എളേ അമ്മാമന്‍...
കൊറച്ച് മുമ്പാണ്, മാണിക്യന്‍ മധുരേലൊരു തീപ്പട്ടി കമ്പിനീല് പണിക്ക് പോയി, രണ്ട് കൊല്ലം കഴിഞ്ഞു തിരിച്ചുവരാന്‍. വന്നു കേറിയ മാണിക്യന്‍ ആദ്യം കണ്ടത് ചായ്പ്പില് കുമ്പിട്ട് ചാമയരി കഴുകണ നെന്റെ തള്ളേയാണ്. നെന്റെ തള്ളക്കപ്പോ പതിനേഴിന്റെ മൂപ്പെത്തി നിക്കായിരുന്നു. മാണിക്യന്റെ മനസ്സില് മൊത്തം നെന്റെ തള്ളേടേ വിരിഞ്ഞ ചന്തിയായിരുന്നു പിന്നങ്ങോട്ട്, അതില് മാണിക്യനൊരു നെറി കേടും തോന്നീലാ, അല്ലെങ്കിലും മനുഷ്യമ്മാരുടെ നേരിനും നെറികേടിനൊക്കെ എന്തൊറപ്പാള്ളത്?

മാണിക്യന്‍ പിന്നെ മധുരേലോട്ട് പോയില്ല. നാട്ടില് മൊത്തം മാമനെ കെട്ടണ മധുരേലെ പെണ്ണുങ്ങടെ കഥേം പറഞ്ഞ് ചൊറീം കുത്തി നടന്നു. അങ്ങനിരിക്കുമ്പഴാ ഉഷേടെ വയറ് വീര്‍ത്ത് വരണത് അവള്‌ടെ തള്ളേടെ കണ്ണിപ്പെടണത്. അമ്മാമന്‍ മാണിക്യനാണൊപ്പിച്ചിരിക്കണത്. നാട് മൊത്തം നാറി. ഒരൂസം പുലര്‍ച്ചക്ക് കാണണത് ഉണ്ണീം കുട്ടി മാപ്പിളടെ പ്ലാവിന്റെ കയ്യില് തൂങ്ങി നിക്കണ മാണിക്യനേണ്. ഉഷ വൈകാണ്ട് പെറ്റു. പെറ്റിട്ട കുട്ട്യേ ഒരു മഠത്തിലാക്കീട്ട് അടിവാരത്തീന്ന് പുത്തനങ്ങാടീലോട്ടോടി. മഠക്കാര് ആ കുട്ട്യേ ഓമനിച്ച് വിളിച്ച പേരാണ്... ചെല്ല'

തന്റെ ചെവിക്ക് ചുറ്റും കൊതുകകള്‍ വട്ടമിട്ടു മൂളുന്നുണ്ടെന്നും ചെവിയുടെ മടക്ക് കൊതുകുതിരി ഉരുകിയടരും പോലെ ഉരുകിയടരാന്‍ പോകുകയാണെന്നും ചീരാപ്പി ഭയന്നു.മഹര്‍ഷി ബാക്കി പറഞ്ഞു തീര്‍ക്കാന്‍ കാക്കാതെ, നിക്കപ്പൊറുതി കിട്ടാത്ത ദുരാത്മാവായി ചീരാപ്പി ചെല്ലയുടെ പടുവകളോരോന്നായി ഓടിക്കയറി.

'എങ്ങോട്ടാടാ പായണത്? പെങ്ങടെ കാല് പിടിച്ച് കരയാനോ അതോ, അതോ വാരിയെടുത്ത് പൂശാനോ. നെനക്കിവിടെ പൂശാനാ മോനേ പറ്റൂ'
മഹര്‍ഷിയുടെ അട്ടഹാസം ചീരാപ്പിക്കും മുന്നേ പടവുകള്‍ കയറി.

ചെല്ലയുടെ കൂര ഇരുട്ടിനെ പേടിച്ചതു പോലെ പമ്മിപ്പോയിരുന്നു. അകത്ത് കെടാത്ത ചിമ്മിണി വിളക്കിനെ കാവലിരുത്തി കാല്‍മുട്ടുകള്‍ മുന്നിലേക്കുന്നി ചെല്ല ചെരിഞ്ഞു കിടന്നുറങ്ങി പോയിട്ടുണ്ട്. ഇലയനങ്ങാത്ത കാലമായതു കൊണ്ടാകണം അവള്‍ വാതില്‍ പാതി തുറന്നിട്ടത്. ഇണചേരാന്‍ മടിച്ച ചെല്ലയുടെ കുപ്പായ കുടുക്കുകള്‍തീര്‍ത്ത വിടവിലൂടെ അവളുടെ വിയര്‍പ്പു തൂങ്ങുന്ന മുലകള്‍ ചീരാപ്പി പിന്നെയും കണ്ടു.
ഇത്തവണ അവള്‍ക്ക് നാല് മുലകളുണ്ട്.
രണ്ടെണ്ണം തന്റെ അതെ ചോരയോടുന്ന, ചത്തു മലച്ചു കല്ലിച്ചു വരുമ്പോള്‍ പ്രാന്തിളകിയ കൊരങ്ങിനെ പോലെ കടിച്ചു പറിക്കാനുളളവ, രണ്ടെണ്ണം കണ്ടു പോയതില്‍ ഖേദമുള്ള പെങ്ങളായ ചെല്ലയുടേതും.

അവന്‍ കണ്ണു വെട്ടിച്ചു. അവളുടെ ചുണ്ടുകള്‍ അപ്പോഴവന്റെ കണ്ണിലേക്കൊരു ചൂണ്ടക്കൊളുത്തെറിഞ്ഞു.
ചീരാപ്പി പൊള്ളുന്ന ഇരുമ്പ് തണ്ടായി ഉരുകിയൊലിക്കാന്‍ തുടങ്ങി.

രണ്ട് പടകള്‍ അപ്പോഴവന്റെ തലക്കകത്ത് പടകൂട്ടി പെരുമ്പറ മുഴക്കി.
ഒന്നാമത്തെ പട ചെല്ലയെ കൊന്ന് അവളുടെ ചുണ്ടു കടിച്ചു പറിക്കാന്‍ ആഹ്വാനം ചെയ്തു.
രണ്ടാമത്തെ പട അവളെ വിളിച്ചുണര്‍ത്തി അവളുടെ പിണഞെരമ്പിലോടുന്ന ചോരയും അവന്റെ ചോരയും ഒന്നാണോ എന്ന് ചോദിക്കാനും പെങ്ങളാകുന്ന പക്ഷം അവളുടെ കാലില്‍ വീണ് കരയാനും ആഹ്വാനം ചെയ്തു.
രണ്ട് പടകളും അവന്റെ തലക്കകത്ത് പച്ചിരുമ്പിന്റെ വാള് വീശി പച്ചിറച്ചി മുറിച്ചു തുടങ്ങിയപ്പോള്‍ അവന്റെ വാ പിളര്‍ന്ന് ഒരു കാട്ടുകുറക്കന്റെ നിലവിളി പുറത്തു ചാടി.

' മഹര്‍ഷി പറയണത് പോലെ നിങ്ങളെന്റെ പെങ്ങളാണോ? ഉഷതള്ളേണോ നിങ്ങടേം തള്ള?', ഞെട്ടിയുണര്‍ന്ന ചെല്ലക്ക് നേരെ അവന്റെ നാക്കില്‍ നിന്നും പറങ്കി വാടയുള്ള നുര പതഞ്ഞൊഴുകി.

ചെല്ലയുടെ മുഖം മൂര്‍ഖനെ കണ്ട കുരുങ്ങനാകുന്നതും തന്റെ തലക്കകത്ത് രണ്ട് പുതിയ പടകളൊരുങ്ങുന്നതും ഒരുമിച്ചറിഞ്ഞ ചീരാപ്പി പതിഞ്ഞൊരു കാല്‌പെരുമാറ്റം കേട്ടു തിരിഞ്ഞു. പിന്നില്‍ തോളത്തു ചാരി വെച്ച കമ്പിപ്പാരയുമായി ഭീമാകാരാനായി നില്‍ക്കുന്ന മഹര്‍ഷി.
രണ്ട് ഞൊടി നേരം. കുരുതി മലമുഴങ്ങിയ രണ്ട് കൈച്ചുഴലികള്‍.
പടയൊരുങ്ങുന്ന തല, മൂര്‍ഖനെ കണ്ടു മരവിച്ച തല, രണ്ടും ചെല്ലയും ചീരാപ്പിയും ഇണചേര്‍ന്നു മതിച്ച അതേ പുല്‍പ്പായിലേക്ക് ചേര്‍ന്നു.
പടവിറങ്ങി ആദ്യം കണ്ട ആലിന്റെ കയ്യില്‍ മഹര്‍ഷി ചൂടിറങ്ങുന്ന രണ്ടുടലുകളെയും തൂക്കിയാട്ടി.
കാട് പിടിച്ച സ്വാമിയാരുടെയും രാജാവിന്റെയും ചിരിയുമായി, അടിവയറ്റിലെ വടുക്കളരിച്ചിറങ്ങുന്ന അഭാവത്തില്‍ ചൊറിഞ്ഞ് മഹര്‍ഷി കാടിറങ്ങി.

അയാള്‍ക്കൊപ്പം കുരുതിമലയിലെ കാടരുടെ കുരുതിയുടെ പുതിയൊരു കഥയും കാടിറങ്ങി.

Comments