കായലിനെ കുത്തിയെടുക്കാൻ പോന്ന നിലയിലായിരുന്നു രവീന്ദ്രന്റെ നിൽപ്പ്.
കൂർത്ത കമ്പി യുടെ ഒറ്റക്കണ്ണിൽ കരിമീനെയാണ് തെരഞ്ഞത്. തണ്ണീർമുക്കത്തെ ഉന്നംപിഴക്കാത്ത കുത്തുകാരന് ഇന്ന് ആ മീനില്ല. അയാൾക്കും മീനുകൾക്കും മാത്രം കേൾക്കാവുന്ന ഈണത്തിൽ ചൂളം കുത്തി. പള്ളത്തി മാത്രം ചെവി വട്ടം പിടിക്കുന്നത് കാണാം. കുത്തിഎടുക്കാവുന്ന വരാലോ കരിമീനോ കമ്പി തുമ്പിൽ എത്താൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.
മുട്ടയിടുന്ന തടത്തിനടുത്തുനിന്ന് കരിമീനെ കുത്തിയെടുക്കാൻ ചെറിയ മടി രവീന്ദ്രനുണ്ട്. കുടുംബമായി കഴിയുന്ന മീനായതുകൊണ്ടാണ് ചെറിയ വല്ലായ്ക. രണ്ടു മാസം മുമ്പ് നടന്ന സംഭവമാണ് ഈ മനംമാറ്റത്തിന് കാരണം. കുഞ്ഞുങ്ങളുമായി പെൺകരിമീൻ തടത്തിനു തൊട്ടടുത്തു നിൽക്കുമ്പോൾ കുറച്ചു മാറിയാണ് ആണിന്റെ ജാഗ്രത. ചെകിളയും പീലിയുമൊക്കെ വിടർത്തി വെള്ളത്തിലെ കൊമ്പനെപോലെ നിന്നപ്പോഴാണ് രവീന്ദ്രന്റെ കമ്പി പാഞ്ഞത്.
നെറ്റിക്കും ചെകിളയ്ക്കും ഇടയിൽ ഉന്നം പിടിച്ചു തൊടുത്തതാണ്. വെട്ടിമാറിയെങ്കിലും കമ്പി കയറിയിട്ടുണ്ട്. വെള്ളത്തിലെ പിടയ്ക്കലും ഓളം വെട്ടലും കമ്പിയിലെ ബലവും കാണുമ്പോൾ അറിയാം കൊള്ളേണ്ടടുത്ത് തന്നെ കൊണ്ടിട്ടുണ്ട്. കുറച്ചു നേരം കമ്പി മണ്ണിൽ പൂഴ്ത്തി. ശാന്തമായപ്പോൾ പതുക്കെ പൊക്കിയെടുത്തപ്പോഴാണ് ഒറ്റ പിടച്ചിലിന് അവൻ വീണ്ടും വെള്ളത്തിലേക്ക് ചാടിയത്. അഴുകിയ പൂവരശിൻ കമ്പുകൾക്കിടയിലേക്ക് വേഗം ഊളിയിട്ടു. പെണ്ണ് പേടിച്ചെങ്കിലും തടത്തിൽ നിന്നും മാറാതെയാണ് നിൽപ്പ്.
മുട്ട വിരിഞ്ഞു ഉമിക്കരി പോലുള്ള കരിമീൻ കുഞ്ഞുങ്ങളെ പതുക്കെ വളർത്തിയെടുക്കാതെ ഈ അച്ഛനും അമ്മയും തടം വിട്ട് പോകില്ല. കമ്പിയിൽ നിന്നും ഒരുത്തൻ ഊർന്നിറങ്ങി പോകുന്നതും അടുത്തിടെ സംഭവിച്ചിട്ടില്ല. അമ്മയെ കുത്താതെ രവീന്ദ്രൻ അന്ന് മടങ്ങി. പിറ്റേ ആഴ്ച എത്തിയപ്പോഴാണ് ഞെട്ടിയത്. കുത്ത് കൊണ്ട് പള്ള പഴുത്തെങ്കിലും ഭാര്യയ്ക്കും മക്കൾക്കും അടുത്തുള്ള കാവൽ അവൻ തുടരുന്നു. പഴയ നെറ്റിപ്പട്ടമോ ആകർഷണമോ ഇല്ല എങ്കിലും അവളെ മറ്റു മീനുകളുടെ നോട്ടത്തിൽ നിന്നു പോലും തടുത്താണ് മുറിവേറ്റവന്റെ നിൽപ്പ്.
കായലിനടുത്ത ടൂട്ടോറിയലിലെ കുട്ടികൾ വെള്ളത്തിലിടുന്ന എച്ചിലിനായി പള്ളത്തിയുടേയും കൂരിയുടെയും കോലാന്റേയും കൂട്ടത്തിൽ കരിമീനില്ല.
തെങ്ങിന്റെ പൊങ്ങിയ പൊറ്റ കസേര പോലെ തോന്നിച്ചു. അവിടെ രവീന്ദ്രൻ ഇരുന്നു. ആ തെങ്ങിൽ നിറയെ തേങ്ങയുണ്ടായിരുന്ന കാലത്താണ് ഓമനയെ രവീന്ദ്രൻ പ്രേമിച്ചത്. ആദ്യം അതുവഴി കടന്നുപോകുന്നയാൾ മച്ചിങ്ങയിൽ ഒരു ഈർക്കിലി കുത്തിവയ്ക്കണം എന്നതായിരുന്നു അവർക്കിടയിലെ ധാരണ. ആള് കടന്നുപോയോ എന്നറിയാനുള്ള അടയാളം. കുത്തി നിന്നു വാലിളക്കുന്ന ഈർക്കിൽ അവർക്ക് സ്നേഹത്തിന്റെ കുത്തബ്മിനാറായി ഉയർന്നു നിന്നു. ഒൻപതാം ക്ലാസിൽ പുംബീജത്തിന്റെ പടം കണ്ടപ്പോൾ ഓമനയുടെ മനസിൽ ആദ്യം ഓടിവന്നത് മച്ചിങ്ങയിൽ കുത്തി നിർത്തിയ ഈർക്കിലായിരുന്നു. പതഞ്ഞുയർന്ന ചിരിയെ ചുണ്ടിന്റെ ഉള്ള് കടിച്ചും മൂക്ക് വിടർത്തിയും അവൾ ഒതുക്കി. മീൻപിടുത്തക്കാരുടെ വീട്ടിലേക്ക് പെണ്ണ് കൊടുക്കില്ലെന്ന് ഓമനയുടെ അച്ഛൻ ഉറച്ചു നിന്നതോടെ വീട്ടുകാർ സമ്മതിച്ച വിവാഹം മതിയെന്ന വാശിയിൽ ഇരുവരും തീരുമാനിച്ചു. തെങ്ങുചെത്തിനേക്കാൾ നല്ല പണിയാണ് മീൻപിടുത്തമെന്ന് രവീന്ദ്രന്റെ ചിറ്റപ്പൻ പുഷ്ക്കരൻ ഓർമിപ്പിച്ചു. സൈക്കിളിനു കാറ്റടിക്കുമ്പോൾ പമ്പ് അമർത്തികൊണ്ടാണ് പറഞ്ഞത്. ഓമനയുടെ വല്യച്ഛനിൽ നിന്നും പലിശയ്ക്ക് കാശ് വാങ്ങിയവരോ അല്ലെങ്കിൽ വാങ്ങേണ്ടവരോ ആണ് ചുറ്റുമുണ്ടായിരുന്നത്. കേട്ടതായി പോലും ഭാവിച്ചില്ല. ഇരുവീട്ടുകാരും 14 വർഷത്തിനുശേഷം വഴങ്ങി. എല്ലാ വഴക്കിന്റെയും കാലാവധി പരമാവധി 14 കൊല്ലമാണല്ലോ.
ഓമനയുടെ ഇരുപത്തിഎട്ടാമത്തെ പിറന്നാളിനാണ് വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചത്. വീട്ടിൽ മുറയ്ക്ക് നടന്ന ആലോചനകളിൽ നിന്നും വരാലിനെ പോലെ രവീന്ദ്രൻ അതുവരെ വഴുതി മാറികൊണ്ടേയിരുന്നു. മനുഷ്യവംശമുണ്ടായ കാലം മുതൽക്കെയുള്ള തൊഴിലിനെ ചേർത്തുപിടിച്ചു. പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞതോടെ ഒറ്റയ്ക്കായ രവീന്ദ്രന്റെ വീട്ടിൽ ഓമനയെത്തി. അത് വരെ ഒറ്റക്കുതാമസിച്ചിരുന്ന അയാൾക്ക് വീട് പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സിമിന്റ് തേക്കാത്ത ഭിത്തിയും പാളി പിടിപ്പിക്കാത്തതിനാൽ മെടഞ്ഞോല കുത്തിവച്ചു മറച്ച ജനലുമൊന്നും ഒരു കുറവായി ഓമനയ്ക്ക് തോന്നിയതേയില്ല. സാരി മുറിച്ചു ഉള്ളിൽ കർട്ടൻ വിരിച്ചതോടെ മുറിയ്ക്ക് നിറമായി. കർട്ടൻ സാരിയിലെ പച്ച തത്തകൾ ഇരുവരുടെയും രാവുകൾക്ക് കാവലായി. ഇടയ്ക്കിടയ്ക്ക് കായലിൽ നിന്നും എത്തുന്ന കിഴക്കൻ കാറ്റ് രണ്ടു പേരെയും തഴുകി കടന്നു പോയി.
വിവാഹം കഴിഞ്ഞ് രണ്ടു മാസമായി. മുറ്റമടിക്കുമ്പോഴാണ് കാൽപാടുകൾ ഓമന കാണുന്നത്. നടന്നെത്തിയവ രണ്ട് കാലും കുത്തി നിൽക്കുന്നത് ജനലിന്റെ ചുവട്ടിലാണ്.
ആരോ രാത്രി ജനലിന്റെ പിന്നിലുണ്ടായിരുന്നെന്നു അവൾ പറഞ്ഞതിനെ പറ്റിയാണ് തോട്ട് വക്കത്തി രുന്നപ്പോൾ രവീന്ദ്രൻ ആലോചിച്ചത്. കരിമീൻ കിട്ടാത്ത വിഷമം ആ കാൽപാടുകളിൽ പുതഞ്ഞു.
മൂട് ഉയർന്ന തെങ്ങിൻ ചുവട്ടിൽ ഇരുന്നപ്പോൾ ടൂട്ടോറിയലിൽ സതീശൻ സാറിന്റെ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി. ഡിഗ്രിക്ക് ഇംഗ്ലീഷ് പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പിടിച്ചതോടെ കോളേജിൽ നിന്നും പുറത്തായ ആളാണ് സതീശൻ. നാണക്കേട് മറികടന്നത് ഇംഗ്ലീഷ് കവിതകൾ പച്ചവെള്ളം പോലെ പഠിച്ചും പഠിപ്പിച്ചുമാണ്. ഇംഗ്ളീഷിൽ കവിത എഴുതി തുടങ്ങിയെങ്കിലും തന്നെ വേണ്ടാത്ത ഡിഗ്രിയെ തനിക്കും വേണ്ടെന്നു സതീശൻ തീരുമാനിച്ചു.
പഠിപ്പിക്കുന്നത് സാൽമൺ മത്സ്യങ്ങളെക്കുറിച്ചാണ്. രവീന്ദ്രൻ ചെവി കൂർപ്പിച്ചു. ജനിച്ചു വീണ നദിയിൽ നിന്നും കടലിൽ പോയി ജീവിച്ചു ഒടുവിൽ ജീവിത ചക്രം പൂർത്തിയാക്കാൻ നദിയിൽ തിരിച്ചെത്തുന്ന സാൽമൺ. കടലിലെ ഉപ്പിൽ നിന്നും നദിയിലേക്ക് കയറുന്നതോടെ പിന്നീട് അവയൊന്നും കഴിക്കില്ല. മുട്ടയിടാൻ ഒരിടം തേടിയുള്ള യാത്ര കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ദൂരം ദിവസങ്ങളെടുത്ത് സഞ്ചരിക്കുമെന്ന് സതീശൻ വിശദമാക്കുന്നു. പിറവിയുടെ മണം പിടിച്ചു ഒഴുക്കിനെതിരെയാണ് നീന്തുക. ചെറു വെള്ളചാട്ടങ്ങൾ മറികടക്കാൻ പൊങ്ങി ചാടിയാകും പോക്ക് എന്ന് പറഞ്ഞപ്പോൾ മരംകേറി മീനെയാണ് രവീന്ദ്രന് ഓർമ വന്നത്. പുതുമഴയിൽ ഒഴുക്കിനെതിരെയാണ് ചെമ്പല്ലി നീന്തുക. പണ്ട് എവിടെയോ ജനിച്ചു വീണ നദി തേടിയായിരിക്കും ഇവയുടേയും പാച്ചിൽ. തെങ്ങിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളത്തെ ലക്ഷ്യമിട്ട് മുകളിലേക്ക് കയറുന്ന മീനാണിത്. കുത്തി പിടിച്ചാണ് കയറുന്നതോടെയാണ് മരംകേറി എന്ന പേര് വീണത്. ചെതുമ്പലിനു പോലും കത്തിയുടെ ബലമാണ് .നാല് മുള്ളുകൾ കൊണ്ട് അള്ളിപ്പിടിച്ചാണ് മരംകയറ്റം.
ചെമ്പല്ലിയേയും സാൽമണെയും സതീശനെയും വിട്ട് കരിമീനിലേക്ക് രവീന്ദ്രന്റെ നോട്ടമെത്തി.
ചൂളം വിളിച്ചപ്പോൾ എത്തിയ തടിച്ച കരിമീനെ നോക്കി രവീന്ദ്രൻ കമ്പി കൈയിലെടുത്തു. നിലത്തിട്ട് ചവിട്ടി കഴിഞ്ഞപ്പോൾ ആദ്യം ഓടിയെങ്കിലും വീണ്ടും അതേ സ്ഥാനത്ത് എത്തി. ആൺ കരിമീനാണ്. രവീന്ദ്രന്റേയും അവന്റെയും കണ്ണുകൾ ഉടക്കി. തിരുനെറ്റിക്കും ചെകിളയ്ക്കും ഇടയിൽ ഉന്നം പിടിച്ചു. വൺ, ടു, ത്രീ… കമ്പി പാഞ്ഞു. കോർത്തെടുത്ത കരിമീനെ ചട്ടിയിലിട്ടു. മുറിക്കുള്ളിൽ കട്ടിലിനോട് ചേർത്ത് കമ്പി വച്ചു. സന്ധ്യയ്‌ക്ക് മുറ്റമടിച്ചപ്പോൾ ജനലിനോട് ചേർന്ന് തൂത്തു വാരാൻ ഓമനയോടു പറഞ്ഞിരുന്നു. ജനലിന്റെ പിന്നിലെ രണ്ട് കണ്ണുകളെയാണ് രാത്രിയിലും രവീന്ദ്രൻ തെരഞ്ഞത്. പലമുഖങ്ങൾ സംശയത്തോടെ കടന്നുപോയി.
ഓമനയെ പുണരുമ്പോഴും ഒരു കണ്ണ് ജനലിലായിരിന്നു. പിറ്റേന്ന് നേരം പുലർന്നപ്പോൾ പല്ല് തേക്കാനായി മാവിൻ ചുവട്ടിൽ പോയപ്പോഴാണ് റബർ ചെരുപ്പിന്റെ അടയാളം ജനലിൻ ചുവട്ടിൽ അവസാനിക്കുന്നത് കണ്ടത്. ഏഴ് ഇഞ്ചിന്റെ ചെരുപ്പാണ് ചൊരി മണലിൽ പതിഞ്ഞിരിക്കുന്നത്. ജനൽ വരെ എത്തിയിരിക്കുന്ന കാല്പാദങ്ങൾ തമ്മിൽ അകലം കുറവാണ്.പൊക്കം കുറഞ്ഞ ഒരാളാണ് എത്തിയിരിക്കുന്നത് എന്ന് ഓമന ഊഹിച്ചു.
പിന്നെയൊരു നാല് ദിവസം കട്ടിലിന്റെ രണ്ടു വശം ചേർന്നാണ് ഇരുവരും കിടന്നത്. അഞ്ചാം ദിവസം പടം പൊഴിച്ച ഓമന അയാളുടെ നെഞ്ചിൻറെ ചൂടിൽ അറിയാതെ ഉറങ്ങിയ പിറ്റേന്ന് റബർ ചെരുപ്പിന്റെ അടയാളം.
ചായകുടിക്കാൻ വിജയന്റെ പീടികയിലെത്തിയ രവീന്ദ്രന്റെ നോട്ടം എല്ലാവരുടെയും കാലുകളിലേക്കായി. പിന്നാലെ പോയി റബർ ചെരുപ്പിട്ടവരുടെ പാദമുദ്രകൾ ഒത്തുനോക്കി. ഒന്നും ഒത്തുവന്നില്ല. മുഖത്ത് നോക്കുന്നതിനു പകരം കാലിൽ നോക്കുന്ന അയാളെ പുതിയൊരാളെ പോലെ പലരും നോക്കി.
എട്ടു ബാറ്ററിയുടെ നീളൻ ടോർച്ചു വാങ്ങി ഇടയ്ക്കിടെ രാത്രി ജനലിൽ അടിച്ചു നോക്കി. രവീന്ദ്രന് ഉറക്കം നഷ്ടമായി. ഉറക്കത്തോടൊപ്പം പലതും. ഉറക്കത്തിൽ കെട്ടിപിടിക്കുന്ന ഓമനയുടെ കൈകളെ അവളെറിയാതെ പതുക്കെ അഴിച്ചുവച്ചു.
കട്ടിലിന്റെ പടിയിലേക്ക് തലയിണ എടുത്തു വച്ചു ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരം പോലെ അയാളിരുന്നു. ജനലിലേക്ക് നോക്കി നോക്കി എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റ് ജനലിന്റെ അടുത്ത് പോയി. പിറ്റേ ദിവസം പാദമുദ്രകളില്ല. കാൽപാദങ്ങളുടെ ഭാഗത്ത് രണ്ടു തേക്കിൻ ഇലകൾ. ഇല ചെരുപ്പാക്കിയായിരുന്നു ഇന്നലെ അയാളുടെ കാഴ്ച. ചൂല് കൊണ്ട് വരഞ്ഞിട്ട പറമ്പിൽ കാലുകൾ പതിയാതെ നീണ്ട തേക്കിൻ ഇലകൾ ഓരോന്നായി എടുത്തുവച്ചാണ് ആ കാഴ്ചക്കാരൻ എത്തിയത്. ഇലയുടെ ഞരമ്പുകൾ പോലും മണ്ണിൽ പതിഞ്ഞു.
അന്ന് രവീന്ദ്രൻ മീൻകുത്താൻ പോയില്ല. രാത്രിയാകാൻ കാത്തിരുന്നു. ഓമന തൊഴിലുറപ്പിന് പോയി വന്നു. പറമ്പ് വൃത്തിയാക്കിയും പിന്നിലെ തോടിനോട് ചേർന്ന കുറ്റിച്ചെടികൾ വെട്ടിമാറ്റിയും തീയിട്ടും രവീന്ദ്രന് വീട്ടിൽ പിടിപ്പത് പണിയായിരുന്നു. കിളികൾ കൂടണഞ്ഞു. പാത്രങ്ങൾ കഴുകി കമഴ്ത്തി, ദോശ മാവ് പൊങ്ങാനായി പാത്രത്തിൽ അടച്ചുവച്ച് ഓമന എത്തി. കാറ്റ് കൊള്ളാന്നെന്നു പറഞ്ഞു രവീന്ദ്രൻ പുറത്തിറങ്ങി. മടങ്ങിവന്നപ്പോൾ വീട്ടിൽ കയറുന്നതിനു മുമ്പ് ജനലിന്റെ പിന്നിൽ നോക്കി. ആരുമില്ല. കട്ടിലിൽ ഉറങ്ങുന്ന ഓമനയെ ഉണർത്താതെ ആ ഇരുട്ടിൽ അയാളും പങ്കാളിയായി. രവീന്ദ്രന്റെ ഗന്ധമറിഞ്ഞ ഓമന പുണർന്നു ചേർന്നു കിടന്നു. അവളുടെ കൈകൾ അയാളിൽ പരതി തുടങ്ങിയപ്പോൾ എവിടെയോ ഒരു ചൂളംവിളി പോലെ. ജനലിന്റെ പിന്നിലെ രണ്ട് കണ്ണുകൾ രവീന്ദ്രന്റെ മുന്നിൽ പതുക്കെ തെളിഞ്ഞു. ഒരു കൈകൊണ്ടു ഓമനയെ ചേർത്തുപിടിച്ചു. മറുകൈ കൊണ്ട് അടുത്തിരുന്ന കുത്ത് കമ്പി കൈയിലെടുത്തു. കണ്ണിനു മുകളിൽ നെറ്റി, അതിനടുത്ത് ചെകിളപൂക്കൾ.... വൺ, ടു, ത്രീ...