കോട്ടത്തറയിലെ കൃഷ്ണത്തണ്ടാൻ ഇന്ന് പുലർച്ചെ മരിച്ചുപോയി. പ്രായം നൂറിന് മേലെയുണ്ടായിരുന്നു. 'പുല്ലുവഴിത്തറ'യെന്ന കുടുംബപ്പേര് സ്ഥാനിയായതോടെയാണ് കോട്ടത്തറയായത്. പത്തുപതിനാറു വയസ്സുള്ള സമയത്ത് 'വാഴ്ച്ച'ക്കാരുടെ പടയെ സഹായിച്ചതിനായിരുന്നു സ്ഥാനം കിട്ടിയത്. വടക്കുനിന്ന് പേയിളകി വന്ന ലഹളക്കാരുടെ ഉള്ളിൽ കേറി കുറേപ്പേരെ വാരിമുനയിൽ കോർത്തും, ലഹളയുടെ തലവന്റെ കുടൽമാല കുന്തപ്പിടിയിൽ ചുറ്റിയും വാഴ്ചക്കാരെ അദ്ദേഹം ഇഷ്ടപ്പെടുത്തിയിരുന്നു. വാഴ്ചക്കാർ കളക്ടർ സായിപ്പിനോട് പറഞ്ഞ് പത്തൊമ്പത് പേർക്ക് സ്ഥാനം കൊടുത്തു. അക്കൂട്ടത്തിൽ ജീവിച്ചിരുന്ന ഒരേ ഒരാളായിരുന്നു കൃഷ്ണത്തണ്ടാൻ. സ്വജാതിക്കാരുടെ 'ആജായ്മ' സ്ഥാനവും പണിക്കസ്ഥാനവും രണ്ട് കൈക്കും വീരചങ്ങലയും തോടിക്കടുക്കനും പൊന്നെഴുത്താണിയും നെടിയ കുടയും സ്ഥാനവടിയും തീവെട്ടിപ്പന്തക്കുഴയും തറവാടിന് മുമ്പിലുണ്ടായിരുന്ന വയലും തെങ്ങിൻതോപ്പുമെല്ലാം തണ്ടാന് അങ്ങനെ ലഭിച്ചതായിരുന്നു.

കുറേക്കാലമായി കിടന്ന കിടപ്പും ഓർമ്മക്കുറവുമായിരുന്നു. വീർത്തുകെട്ടിയ വയറിൽ നിന്ന് വായു മുഴുവൻ ഒഴിഞ്ഞുപോയതു കൊണ്ടാവും വലിയൊരു കുഴി പോലെ വായ തുറന്നു തന്നെയിരുന്നു. ശവത്തിന്റെ തലയ്ക്കൽ കത്തിച്ചുവച്ച വിളക്കുതിരി തീരാറാവുമ്പോൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. താടിയെല്ലിൽ നിന്ന് തലയിലേക്ക് ചേർത്തുകെട്ടിയ ശീലത്തുണി അനുസരണയില്ലാത്ത വായയുടെ തുറവിയോ കെട്ടിന്റെ മുറുക്കമില്ലായ്മയോ കാരണം ഇടയ്ക്കിടെ അയഞ്ഞു. നടന്നിരുന്ന കാലത്ത് ഭൂമി ചവിട്ടിമെതിച്ച രണ്ട് കാലുകളുടെയും തള്ളവിരലുകളെ മറ്റൊരു ശീലകൊണ്ട് ചേർത്തുകെട്ടിയിരുന്നു. എപ്പോഴും മറ്റുവിരലുകളെ പരിഹസിച്ചിരുന്ന തള്ളവിരലുകൾ അഹന്തയോടെ തന്നെ ഉരുമ്മിയിരുന്നു.

ശവം ദഹിപ്പിക്കണമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തണ്ടാന്റെ പേരമകനും അതേ പേരുകാരനുമായ തഹസിൽദാർ കൃഷ്ണകുമാർ അപ്പൂപ്പന്റെ പഴയൊരാഗ്രഹം എടുത്തിട്ടു. അയാളത് തന്ത പറഞ്ഞ് കേട്ടിട്ടുള്ളതാണ്. മരണം നാട് മുഴുക്കെ, വീട് വീടാന്തരം നടന്ന് പറയണം. മരിച്ചതിന്റന്ന് സൂര്യാസ്തമയത്തിന് മുമ്പ് കോട്ടത്തറയാവുന്നതിന് മുമ്പുള്ള പുല്ലുവഴിത്തറ വീടിന്റെ തെക്കേ മുറ്റത്ത് കുഴിച്ചിടണം. ഭാഗത്തിൽ അതിപ്പോൾ തഹസിൽദാരുടെ കയ്യിൽ തന്നെയാണ്. അപ്പൂപ്പന്റെ പഴയകാല കഥകൾ ഏറെ കേട്ടിരുന്നതിനാലും ദുരാത്മാക്കളെ പേടിയുള്ളത് കൊണ്ടും തഹസിൽദാരുടെ കെട്ടിയവൾ ചെറിയ വിസമ്മതം പ്രകടിപ്പിച്ചു. കെട്ടിയവന്റെ മൂക്ക് വിടരുന്നതും അതിൽനിന്ന് രോമം ഇറങ്ങി വരുന്നതും ചെവിയിലെ പൂട വിറയ്ക്കുന്നതും കണ്ട് അവരുടനെത്തന്നെ അത് നിർത്തുകയാണുണ്ടായത്.

ചരമമറിയിക്കാൻ പറ്റിയ ആൾ ആരാവണം എന്ന് എല്ലാവരും ആലോചിച്ചു കൊണ്ടിരുന്നു. തഹസിൽദാരുടെ ശിപായി നാണുവാണ് താമിയുടെ പേര് പറഞ്ഞത്. വെയിലുവീഴുമ്പോഴേയ്ക്കും അഞ്ചലോട്ടക്കാരനെപ്പോലെ ഓടി നാട് മുഴുവൻ നടന്ന് അവൻ മരണമറിയിച്ചു കൊള്ളും. മരിച്ചയാളിന്റെ സ്ഥാനവും നിലയുമനുസരിച്ച് കരഞ്ഞും കരയാതെയുമാണ് അവൻ മരിച്ചറിയിപ്പ് നടത്തുക. തലയും നെഞ്ചും കുനിച്ച് കണ്ണു രണ്ടും താഴെയിട്ട് വേണം തണ്ടാന്റെ മരണവാർത്തയറിയിക്കാനെന്ന് ശിപായി നാണു അവനെ പ്രത്യേകം ചട്ടംകെട്ടി. കോട്ടത്തറ വീടിന് മുമ്പാകെ നിന്ന് കൃഷ്ണത്തണ്ടാന്റെ മക്കളോടും പേരമക്കളോടും ബന്ധുമിത്രാദികളോടും താമി ആദ്യമായി മുളചീന്തും പോലെ മരിച്ചറിയിപ്പ് കരഞ്ഞുപറഞ്ഞു. ശേഷം നാട്ടുകാരെ അറിയിക്കാനായി കരിവണ്ടിയുടെ വേഗത്തിൽ ഓടിപ്പോയി.

മരണവീട്ടിലേക്ക് നാട്ടുകാർ ഒഴുകിവരുന്ന മുറയ്ക്ക് കുഴിയെടുക്കാനുള്ള ആളെത്തേടി ശിപായി നാണു ചെന്നു. കടപ്പുറത്തു നിന്നുവന്ന പല്ലനും കുടുംബവുമാണ് ആ നാട്ടിൽ കുഴിവെട്ടാറുണ്ടായിരുന്നത്. വഴിക്കുവഴിയായി ഇപ്പോൾ പല്ലന്റെ മകന്റെ മകൻ 'കോരുള'യാണ് ശവക്കുഴിയെടുക്കുന്നവൻ. തോട്ടിൻകരയിൽ നാലു മടലോല കുത്തിച്ചാരി വെച്ചതു പോലുള്ള ചാളയിൽ നിന്ന് കോരുള പുറത്തുവന്നു. അവന്റെ പിറകേ 'ഉടുക്കാക്കുണ്ടി'യുമായി ഒരു ചെറുക്കനും. തീട്ടത്തോട്ടിൽ നിന്ന് തലച്ചോറു പറിയുന്ന ദുർഗന്ധം വന്നതിനാൽ ശിപായി നാണു മൂക്കുപൊത്തിക്കൊണ്ടുതന്നെ കുഴിവെട്ടുന്ന കാര്യം കോരുളയോട് പറഞ്ഞു. കുളിച്ച് ഭസ്മം പൂശിയിട്ടു വേണം കുഴിവെട്ടാനെന്നും ഓർമ്മിപ്പിച്ചു. പോകാൻ നേരം കോരുളയുടെ ചെക്കന്റെ മൂക്കിൽ നിന്ന് ഒരു പുഴു പിടച്ചുതല്ലി അടർന്നു വീഴുന്നത് കണ്ട് മനം മറിഞ്ഞ നാണു തൊണ്ടയിൽ നിന്ന് വായിലേക്കെത്തിയ ചുടുനീര് അലറുന്നതുപോലെ ശബ്ദമുണ്ടാക്കി തോട്ടിലേക്ക് പാറ്റിത്തുപ്പി.

മരിച്ചറിയിപ്പിനു പോയ താമി ഓടുന്ന വഴിയിലുടനീളം കാറ്റിനോടും കല്ലിനോടും പുല്ലിനോടും തണ്ടാന്റെ ചാവ് വിളിച്ചു പറഞ്ഞു. ഈഴവരോടും മുക്കുവരോടും മാപ്പിളയോടും പെലയനോടും മേത്തനോടും ഈർച്ചത്തച്ചനോടും കൊള്ളിവെട്ടിയോടും എട്ടിലപ്പരിഷയോടും പൂഴിയാശാരിയോടും പറഞ്ഞു. മൂശാരിയോടും കൊല്ലനോടും പറഞ്ഞു. നായരോട് 'കുപ്പാടി'ന് നൂറ്റമ്പതടി ദൂരെ നിന്നും നമ്പൂരിയോട് പടിക്ക് പുറത്തുനിന്നും വിളിച്ചുപറഞ്ഞു. മനുഷ്യമ്മാരല്ലാത്തതിനോടൊക്കെ മരണം പറയുമ്പോൾ ഒരു 'ചന്തോയ'മുണ്ടെന്ന് താമിക്ക് തോന്നി. വയൽക്കരെ നിന്ന് ഒരു പോത്തിനോട് തണ്ടാന്റെ ചാവ് പറഞ്ഞ് താമി കുറെ ചിരിച്ചു. ഓട്ടത്തിന്റെ വേവ് മാറാൻ വയൽക്കരെത്തന്നെ നിന്നിരുന്ന ചെന്തെങ്ങീന്നൊരെളനീര് പൊട്ടിച്ച് കല്ലിൽ ചതച്ച് കടിച്ചുകീറി. ചെറ്റവാരി കയറിട്ടു മുറുക്കാൻ അരയിലെപ്പോഴും കൊണ്ടുനടക്കാറുള്ള 'ദൂശി'യെടുത്ത് കരിക്കിന്റെ കണ്ണ് പൊട്ടിച്ച് വായിലോട്ട് കമ ഴ്ത്തി. തിരിച്ചുപോരുന്ന വഴിക്ക് ആരും കാണില്ലെന്നുറപ്പു വരുത്തി ഒരു കുളത്തിലിറങ്ങി മുങ്ങി. വായിൽ വെള്ളമെടുത്ത് സൂര്യന്റെ നേർക്ക് തുപ്പി. ഒന്ന് നീന്തിത്തുടിച്ചു. മുങ്ങാങ്കുഴിയിട്ടു. വെള്ളത്തിന്റെ അടിയിൽ വച്ച് ഒരു കറുപ്പൻ വരാല് താമിയുടെ കക്ഷത്തിലൂടെ ഉരുമ്മി ചളിയിലേക്ക് തന്നെ നൂണ്ടുപോയി.

പുല്ലുവഴിത്തറയുടെ തെക്കേമുറ്റത്ത് മൺവെട്ടിയും കോരിയുമായി കോരുള വന്നു. അവൻ കുളിച്ച് ഭസ്മം പൂശിയിരുന്നു. കഷ്ടി മുട്ടോളമെത്തുന്ന കരിമ്പനും ചളിയും നിറം കളഞ്ഞ തോർത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ച് നോക്കിയാൽ രക്തക്കറ കാണാമായിരുന്നു. തെക്കുഭാഗം കണ്ട് ചെത്തി വൃത്തിയാക്കി മണ്ണിൽ കുഴിക്കുള്ള സ്ഥലം നീളത്തിലാറും വീതിയിൽ മൂന്നുമളന്ന് ചാണകവെള്ളവും തളിച്ച ശേഷം അളന്ന കോൽ തെക്കോട്ട് ദർശനമായിത്തന്നെ കുത്തി മണ്ണിലാദ്യത്തെ കൊത്തുകൊത്തി. മൺവെട്ടി* വായുവിലുയർത്തി കൊത്തുമ്പോഴൊക്കെ അവന്റെ കാലിന്റെ കുതിഞെരമ്പ് മുതൽ ദേഹത്തെ ചെറുഞരമ്പുകൾ വരെ എഴുന്നുനിന്നു. വാരിയെല്ലുകൾ വശങ്ങളിലേയ്ക്ക് തള്ളി. നെഞ്ചിൻകൂട് വീർത്ത് കിതപ്പിനൊപ്പം ചൂളമടിക്കുന്നതുപോലുള്ള ശബ്ദവും മൂക്കിൽനിന്ന് പുറത്തുവന്നു.

കുറച്ചുസമയം കൊണ്ടുതന്നെ കോരുള കൊത്തിക്കേറി കുഴി അരയോളമായി. അപ്പോഴേക്കും മരിച്ചറിയിപ്പു കഴിഞ്ഞ് പുല്ലുവേലിത്തറയിലേക്ക് താമിയും എത്തിച്ചേർന്നു. അരയോളം കുഴിയിൽ നിൽക്കുന്ന കോരുളയോട് താമി ചിരിച്ചു. കോരുള ചിരിച്ചില്ല. തകരപ്പാത്രത്തിൽ ഇലകൊണ്ട് മൂടിവെച്ചിരുന്ന വെള്ളമെടുത്ത് താമി കോരുളയ്ക്ക് കൊടുത്തു. താമി വെള്ളപ്പാത്രത്തിൽ തൊട്ടത് കോരുളയ്ക്ക് പിടിച്ചില്ല. എങ്കിലും വെള്ളം കുടിച്ചു. കുഴിയിൽ നിന്ന് കേറി തൊട്ടടുത്തുള്ള മാന്തണലിലിരുന്ന് കിതപ്പോടെ അവൻ താമിയെ നോക്കി. താമി അളവുകോലെടുത്തപ്പോൾ കോരുള ഒന്നുമുരണ്ടു. എങ്കിലും ശ്രദ്ധിക്കാതെ താമി കുഴിയുടെ കണക്ക് ഒന്നുകൂടി അളന്ന് തിട്ടപ്പെടുത്തി. വക്കത്ത് കൈകുത്തി കുഴിയിലേക്കിറങ്ങി ഒരു തളം മണ്ണ് കൂടി തലഭാഗത്ത് കേറ്റിവെട്ടി. മാന്തണലിലിരുന്ന കോരുളയുടെ ശരീരത്തിൽ വെറുതെ ഒരനക്കമുണ്ടായി. മൺവെട്ടി അവന്റെ കയ്യിലാണല്ലോയെന്ന അനക്കമായിരുന്നു അത്. താനളന്ന കണക്ക് അവൻ തെറ്റിച്ചല്ലോയെന്ന അനക്കം കൂടിയായിരുന്നു അത്. ഒന്നും ശ്രദ്ധിക്കാതെ താമി മണ്ണിലാഞ്ഞ് കൊത്തിക്കൊണ്ടിരുന്നു. ഓരോ കൊത്തും കോരുളയുടെ നെഞ്ചിൽ തട്ടിക്കൊണ്ടുമിരുന്നു. അരയിൽ നിന്ന് നെഞ്ചോളമെത്താനായപ്പോൾ കുഴിയിൽ നിന്ന് നേരിയതായി വെള്ളം കിനിയാൻ തുടങ്ങി. വെള്ളം കണ്ടപ്പോൾ താമി നിവർന്ന് കോരുളയെ നോക്കി. കുഴികുത്തി പെട്ടെന്നുതന്നെ നിനക്ക് ആവത് കെട്ടല്ലോയെന്നുള്ള പരിഹാസച്ചിരിയോടെ കോരുള താമിയെയും നോക്കി. തത്കാലം കുഴിക്ക് മേലോട്ട് കയറാൻ താമി കോരുളയുടെ നേരെ കൈനീട്ടി. അവനത് കാണാത്തത് പോലെയിരുന്നപ്പോൾ താമി പൊത്തിപ്പിടിച്ച് കേറി. കിതപ്പോടെ അവൻ തകരപ്പാത്രത്തിലിരിക്കുന്ന വെള്ളത്തിന് നേർക്ക് നടന്നപ്പോഴേക്കും കോരുള പാത്രം പൊത്തിപ്പിടിച്ച് വായിലേക്ക് കമഴ്ത്തി. ബാക്കിയുണ്ടായിരുന്ന വെള്ളം തലവഴിക്കുമൊഴിച്ച് പാത്രം കമിഴ്ത്തി, വെള്ളമെടുത്തു കൊണ്ടുവരാൻ വയൽക്കരെ നിന്നിരുന്ന കുളത്തിന്റെ നേർക്ക് താമിയോട് കൈചൂണ്ടി.

ഇഷ്ടക്കുറവ് കാണിച്ചുകൊണ്ടാണെങ്കിലും താമി കുളത്തിൽ പോയി പാത്രം മുക്കിക്കൊണ്ടുവന്നു. പക്ഷേ, അവൻ കോരുളയുടെ മൺവെട്ടിപ്പിടി പോരെന്ന് പറഞ്ഞുകളഞ്ഞു. പത്തലുവെട്ടി മൺവെട്ടിയ്ക്ക് പിടിയിട്ട് മണ്ണിൽ കൊത്തിയാൽ മണ്ണ് മുറിയില്ല. ഒറ്റക്കൊത്തിന് ഓരോ മണ്ണട്ടിയും തലകുമ്പിട്ട് നിന്ന് തരണം. മാത്രമല്ല, അതിന്റെ പൂളും* പോര. പച്ചിരുമ്പ് ഒട്ടും പോര. ചില കൊല്ലമ്മാരുടെ പണി കള്ളമാണ്. നന്നായിട്ട് തീയിൽ വേവാതെ തന്നെ അവർ ഇരുമ്പ് അടിച്ചുപരത്തും. കൂടിയ പണത്തിന് വിക്കുകേം ചെയ്യും. അങ്ങനെയുള്ള മൺവെട്ടി കൊണ്ട് വെട്ടിയാൽ കാലി പുല്ല് കടിച്ചത് പോലെ മണ്ണ് കുഴിയാതെ ചവചവാന്നിരിക്കും. ഇതൊക്കെ പറയുന്നതിനിടയ്ക്ക് തന്നെ താമി തന്റെ കാക്ക കാരണവന്മാർ കടപ്പുറത്തുനിന്ന് വന്നവരായിരുന്നില്ലെന്ന് പറഞ്ഞുകളഞ്ഞു. ഓരോരുത്തർക്കും ഓരോ പണിയുണ്ടെന്നും താമി പറഞ്ഞു. കടലിൽ പോകുന്നവരെങ്ങനെയാണ് കുഴിവെട്ടിയാൽ ശരിയാവുക. അതും തണ്ടാനുള്ള ശവക്കുഴി.

കോരുള അതിന് പകരംവീട്ടിയത് മുറുക്കാൻപൊതി തുറന്നുകൊണ്ടായിരുന്നു. മടിയിലെപ്പോഴും തൂക്കിയിടാറുള്ള മുഷിഞ്ഞ ശീലയ്ക്കകത്തുനിന്ന് കോരുള വെറ്റയെടുത്തു. മടക്കിവെച്ചിരുന്നതാണെങ്കിലും ലേശം വെള്ളം കുടഞ്ഞപ്പോൾ വെറ്റ ഉഷാറായി. കറമ്പല് ചുരണ്ടി കഷ്ണിച്ച അടയ്ക്കയും വെളുവെളുക്കെയിരിക്കുന്ന ചുണ്ണാമ്പും നല്ല കല്ലൻ പൊകയിലേം കണ്ട് താമിക്ക് മേലണ്ണാക്ക് വരെ തരിച്ചു. ഒരൽപം പൊകേലക്കണ്ടമെങ്കിലും കിട്ടാൻ അവന് കൊതിയുണ്ടായിരുന്നു. കോരുളയ്ക്കത് മനസ്സിലാവുകയും ചെയ്തു. അവൻ മനഃപൂർവ്വം താമിയുടെ കണ്ണുകളെ കണ്ടില്ലെന്നുവെച്ച് കുഴിയിലേക്കിറങ്ങി മൺവെട്ടിയെടുത്തു. 'എനത്തീത്താന്നോർക്ക് 'പൊകലേം ചുണ്ണാമ്പും കൊടുക്കാറില്ലെന്ന് അവൻ താമിയോട് പറഞ്ഞുകളഞ്ഞു. നേരത്തെ കണ്ടുവെച്ച കല്ലെടുത്ത് ഇളകിയ പൂളിൽ കൊട്ടിയുറപ്പിച്ചു. ഒരു ധൈര്യത്തിന് പിടിയുടെ തുഞ്ചത്തും കൊട്ടി. മുറുക്കാൻ രസിച്ച് ചവച്ചുകൊണ്ട് അവൻ കിളയ്ക്കാൻ തുടങ്ങി. ചവച്ച് പതംവരുത്തി ഇടയ്ക്ക് കുഴിയിൽ തുപ്പി. മണ്ണിളകിയതെല്ലാം കോരിയിലെടുത്ത് കുഴിയ്ക്ക് പുറത്തിട്ടു. ഇടയ്‌ക്കൊന്ന് തലപൊക്കിയപ്പോൾ താമിയെ കാണാനില്ലായിരുന്നു.

താമി നേരെ പോയത് പൊഴക്കരെയുള്ള കിട്ടന്റെ ഷാപ്പിലേക്കായിരുന്നു. കൃഷ്ണത്തണ്ടാന്റെ ചാവിന് വന്നവകയിൽ ചില 'എടച്ചേരി' നായമ്മാരും 'ചെമ്പുകൊട്ടി'നായമ്മാരും അകത്തിരുന്ന് കള്ളുകുടിക്കുന്നു. അവനത് കണ്ടത് കൊണ്ടുതന്നെ അകത്തേക്ക് പോയില്ല. കിട്ടൻ അവനുള്ള കള്ള് ഒരു കുടത്തിൽ പുറത്തേയ്ക്ക് കൊടുത്തു. കോരുളയുടെ ചുണ്ണാമ്പ് മണം അവന്റെ മൂക്കിലേയ്ക്കടിച്ചു കേറിക്കൊണ്ടിരുന്നു. ഇടയ്ക്ക് കിഴങ്ങ് പുഴുക്കോ മറ്റോ കിട്ടൻ പുറത്തേക്ക് കൊടുത്തത് താമി കഴിച്ചില്ല.

അവൻ ചത്തുപോയ അപ്പൂപ്പനെ ഓർക്കുകയായിരുന്നു. വരമ്പത്ത് പെണ്ണുങ്ങളെയും ആണുങ്ങളെയും നിന്നുതിരിയാൻ വിടാതെ പണിയെടുപ്പിച്ചിരുന്ന അപ്പൂപ്പൻ. അയാളൊരു 'കൂടനാ'യിരുന്നു. 'പാതിരാനടപ്പിന്' അവകാശം കിട്ടിയ കൂടൻ* നടപ്പു കഴിഞ്ഞ് വന്നാൽ 'കുളിച്ച്' ശുദ്ധം മാറാതെ ചാളയിൽ കയറാത്ത അപ്പൂപ്പൻ. താലികെട്ട് കല്യാണത്തിനും സ്ഥാനാവകാശത്തിനും മരണകാര്യത്തിനും തിരണ്ട്കുളിക്കുമെല്ലാം അപ്പൂപ്പന് 'പുത്തൻ' കിട്ടിയിരുന്നെന്ന് അവനോർത്തു. അപ്പൂപ്പന്റെ നടപ്പുകഥകളോർത്ത് താമിയുടെ അരക്കെട്ടിൽനിന്ന് എന്തൊക്കെയോ തികട്ടിവന്നു. അവൻ പെട്ടെന്നുണ്ടായ ഉണർച്ചയിൽ കുടത്തിലെ കള്ള് മുഴുക്കെ ഒറ്റയടിക്ക് കുടിച്ച് തീർക്കുകയും ചെയ്തു.

കുഴിവെട്ടിത്തീർത്ത് കോരുളയും അവന്റെയൊരു പഴയ കാരണവരെ ഓർക്കുകയായിരുന്നു. വെട്ടിവെട്ടിച്ചെന്നപ്പോൾ മൺവെട്ടിയിൽ തടഞ്ഞ മാവിന്റെ വേരിൽ നിന്നാണ് അവന്റെ പഴംകാരണവർ കണ്ടുണ്ണിയമ്മാൻ പുറത്തുവന്നത്. മൂപ്പതു തേങ്ങ കട്ട കുറ്റത്തിന് കഴുവേറ്റിയതായിരുന്നു കണ്ടുണ്ണിയമ്മാവനെ. പിൻതുളയിലൂടെ ഇരുമ്പ് പാര കേറ്റി കുടലു പൊട്ടാതെ, കരള് പൊട്ടാതെ, ചങ്കും മിടിപ്പും പൊട്ടാതെ, പാരയുടെ മുന തോള് തുളച്ച് കൊണ്ടുവന്നു. തൊട്ട് കുഴിച്ചിട്ട മരക്കുറ്റിയിൽ പുറത്തുവന്ന പാരയുടെ മുന ചേർത്തുകെട്ടി. ഒരു പൊക്കപ്പലകയിൽ കാലുതൊടീച്ച് നിർത്തി. ദേഹത്ത് ഈച്ചവന്നിരുന്നാൽ പോലും അലറിപ്പോകുന്ന വേദനയിൽ കോരുളയുടെ കാർന്നോൻ അകം പിളർന്ന് മരക്കുറ്റിയോട് ചേർന്ന് മൂന്ന് ദിവസം നിന്നു. മഴ പെയ്ത മൂന്നാമത്തെ രാത്രിയാണ് കണ്ടുണ്ണിയമ്മാൻ മരിച്ചതെന്ന് കോരുള കേട്ടിട്ടുണ്ട്. അതിന്റെ ദെണ്ണത്തിൽ കോരുളയുടെ ബന്ധുക്കാരെല്ലാം കടപ്പുറം കേറിയതാണ്. തന്റെ കുടുംബക്കാരെക്കുറിച്ചോർത്ത നിമിഷം കോരുളയ്ക്ക് കൃഷ്ണത്തണ്ടാന്റെ ശവക്കുഴിയിൽ മൂത്രമൊഴിക്കണമെന്ന് തോന്നി. മൂത്രമൊഴിച്ച തൃപ്തിയിലും കണ്ടുണ്ണിയമ്മാന്റെ വേദനയിലും ഉരുണ്ടുമറിഞ്ഞതു കൊണ്ട് കുഴിയുടെ മുകളിൽ കയറിയപ്പോഴേക്കും കോരുളയുടെ മൂലക്കുരു പൊട്ടിയൊലിച്ചിരുന്നു.

പറഞ്ഞുവെച്ചിരുന്നതു പോലെ അസ്തമനത്തിന് മുമ്പുതന്നെ പൂജാദികർമ്മങ്ങൾക്ക് ശേഷം അമിട്ടും ആചാരവെടിയും കുരവയുമായി തണ്ടാൻ കുഴിയിലേക്കെടുക്കപ്പെട്ടു. കുളിപ്പിച്ച് കോടിയുടുപ്പിച്ചതോടെ പഴയവീരം മുഖത്തുവന്നുവെന്ന് എല്ലാവരും പറഞ്ഞു. പ്രാർത്ഥനയും പതംപറച്ചിലുമായി വേണ്ടപ്പെട്ടവരും ബന്ധുക്കളുമെല്ലാം കൂടിനിന്നു. അമ്പലത്തിലെ പ്രധാന തന്ത്രിയാണ് കർമ്മങ്ങൾക്കെല്ലാം മുമ്പിൽ നിന്നത്. കൈക്കാരായി രണ്ടുപേർ വേറെയും. വായിലരിയും പാദത്തിൽ പൂവും വെച്ചു. ചന്ദനപ്പെട്ടിയിൽ തണ്ടാനൊപ്പം പണ്ട് വാഴ്ചക്കാരു കൊടുത്തതെല്ലാം ചേർത്തുവെച്ചു. സ്ഥാനവടി കൈക്കുള്ളിൽത്തന്നെ തിരുകിവെച്ചു. കിടപ്പാകുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം ആ വടി ഭൂമിയിൽ കുത്തി നടന്നുപോയിരുന്നത് പലരുമോർത്തു. അത്യുച്ചത്തിലുള്ള പ്രാർത്ഥനകൾക്കിടയിൽ പെട്ടി കുഴിയിലേക്കിറക്കി. പെട്ടിയുടെ മുകളിലേയ്ക്ക് ഓരോ കോരി മണ്ണിടുമ്പോഴും കോരുള ദൂരെനിന്നിരുന്ന താമിയെ നോക്കിക്കൊണ്ടിരുന്നു. കുഴി ഞാൻതന്നെ മൂടുമെന്ന നോട്ടമായിരുന്നു അത്. നെഞ്ചിലേക്ക് വായിലേക്ക് കണ്ണിലേക്കെന്ന വണ്ണം കോരുള മണ്ണ് കോരിയിട്ടു. ഓരോ കോരിയിലും താമിയെ നോക്കി. കുഴി മുഴുവനും മൂടി തലഭാഗത്ത് മുഖംചെത്തിയ കരിക്ക് വെച്ച് നിവർന്നുനിന്ന് പരിഹാസത്തോടെ ഒന്നുകൂടി താമിയെ നോക്കി.

പക്ഷേ, പിറ്റേന്നും അതിന്റെ പിറ്റേന്നും നാലാളു കൂടുന്നിടത്തും ചന്തയിലുമെല്ലാം തണ്ടാന് കുഴി വെട്ടിയത് താനാണെന്ന് താമി പറഞ്ഞുനടന്നു. വെട്ടുന്നതിനിടയ്ക്ക് മൺവെട്ടിയുടെ പൂള് ഊരിപ്പോയെന്നും പത്തല് കൊണ്ടിട്ട പൂള് മാറ്റി മരംകൊത്തി പോലും തൊടാത്തത്ര കാമ്പുള്ള കവുങ്ങിൻപൂള് ചേർത്തുറപ്പിച്ചെന്നും വായ രാകി മൂർച്ച കൂട്ടിയെന്നും പറഞ്ഞുണ്ടാക്കി. ചന്ദനപ്പെട്ടി കുഴിയിലേക്കിറങ്ങിയപ്പോൾ അത് നിരപ്പിലായിരുന്നില്ലെന്നും, ഏണേ കോണേ എന്നായിരുന്നെന്നും രണ്ടുമൂന്നാളുകൾ ഒരുമിച്ച് കുഴിയിലേക്കിറങ്ങി മണ്ണ് ചവിട്ടി പതം വരുത്തിയിട്ടാണ് പെട്ടി സമത്തിൽവെച്ചതെന്നും പറഞ്ഞു. ചന്തയുടെ ഇരുവശത്തുംനിന്ന് ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി. പലപ്പോഴും താമി അരയിലെ ദൂശിയിൽ തിരുപ്പിടിച്ചു. കോരുളയുടെ പാത്രത്തിൽ നിന്ന് കുടിക്കാൻ പറ്റാത്ത വെള്ളവും ചവയ്ക്കാൻ പറ്റാത്ത ചുണ്ണാമ്പും കട്ടൻ പൊകയിലയും അയാളെ അരിശപ്പെടുത്തിക്കൊണ്ടേയിരുന്നു. പലരാത്രികളിലും വയൽവരമ്പിൽ ഇരുവരും നേർക്കുനേരെ വന്നു. കടവാതിലുകളെപ്പോലെ ഉരുമ്മി രണ്ട് ദിക്കിലേക്ക് പോയി. ചന്തയിൽ വെച്ച് കുഴിവെട്ടി കിട്ടിയ രണ്ടണ കോരുള താമിയുടെ നേർക്ക് വലിച്ചെറിഞ്ഞു.

രണ്ട് മാസത്തിന് ശേഷം താമി നടവഴിയിൽ ചത്ത് മലച്ച് കിടന്നു. അവന്റെ തലപിളർന്നിരുന്നു. അരികിൽ കൃഷ്ണത്തണ്ടാനൊപ്പം കുഴിച്ചുമൂടിയ സ്ഥാനവടി കിടപ്പുണ്ടായിരുന്നു. വരമ്പിലൂടെ ഒലിച്ചുപടർന്ന ചോരയിൽ ചവിട്ടി ആൾക്കൂട്ടം നിന്നു. ശവം കാണാൻവന്ന ആൾക്കൂട്ടത്തിനിടയിൽ നിന്ന് കോരുളയുടെ ചെക്കൻ ചോര പുരണ്ടുകിടന്ന സ്ഥാനവടിക്ക് നേരെ കൈ ചൂണ്ടി.

മൺവെട്ടി- മണ്ണ് കിളക്കാനുപയോഗിക്കുന്ന പണിയായുധം

പൂള് - കിളക്കാനുപയോഗിക്കുന്ന ഭാഗം ഉറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്

കൂടൻ- പുലയരിൽ തന്നെ സ്ഥാനി. നമ്പൂതിരിപ്പുലയനെന്ന് പി കെ ബാലകൃഷ്ണൻ

പി.എസ് റഫീഖിന്റെ മറ്റു ലേഖനങ്ങൾ

സിദ്ധാർത്ഥന്റെ പട്ടികൾ

സച്ചിദാനന്ദന് ഒരു വിയോജനക്കുറിപ്പ്

അനിലേട്ടാ നിങ്ങളോട് എനിക്കും അമർഷമുണ്ട്


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments