മാട്ടറയ്ക്കുള്ള അവസാനത്തെ ബസ് നെല്ലിക്കാംപൊയിലിൽ എത്തുന്നത് സന്ധ്യയ്ക്ക് ആറേപത്തിനാണ്. ഒത്തിരി ആളുകളില്ലെങ്കിലും വള്ളത്തിൽനിന്ന് പുറത്തേക്കിടുന്ന മീൻ പിടയുന്ന പോലെയാണ് പലരും. ഇരുന്നിടത്ത് ഇരുപ്പുറയ്ക്കില്ല. ബസ് സ്റ്റാൻഡിനടുത്ത പട്ടഷാപ്പിൽ നിന്ന് നൂറ്റി അമ്പത് പട്ടയിൽ കളറ് കോള ചേർത്തടിച്ച് പിന്നെ ഒരു പുഴുങ്ങിയ മൊട്ട കൂടി വാങ്ങിച്ച് വിഴുങ്ങിയിട്ട് ബസ് വന്നോ എന്ന് ഓടിച്ചെന്ന് നോക്കും. സമയമായില്ലെന്ന് മുറുക്കാൻ കടക്കാരൻ ശ്രീധരേട്ടന്റെ വാത്സല്യവചനം കേട്ട് അടുത്ത നൂറ്റമ്പതിന് തല വച്ച് കൊടുത്ത് പിന്നേം മൊട്ടവാങ്ങി വിഴുങ്ങി വിങ്ങി വന്ന് സുവർണ്ണ ബസിലോട്ട് ഒരു കയറ്റമല്ല, ആരൊക്കെയോ വലയിൽ വലിച്ച് കയറ്റിയ മീനിനെ തോണിയിലേക്ക് തള്ളി മറിച്ചിടും പോലൊരു തിക്കാ.
ബുദ്ധി കൂടുതലുണ്ടെന്ന് കരുതുന്ന രണ്ടുമൂന്നുപേർ ചെറിയ കുപ്പിയിൽ പിന്നത്തേക്ക് മോന്താനുള്ള പട്ട വാങ്ങി അരയിൽ തിരുകിയിട്ടുണ്ടാവും. ഒരിക്കൽ ബസ്സൊരു സഡൻ ബ്രേക്കിട്ടപ്പം മുന്നോട്ടാഞ്ഞ് ചെന്ന് കമ്പിയിൽ മൂക്കിടിച്ച് വീണ മോളോത്തുംകുന്നിലെ ഏപ്പ് ചേട്ടന് മൂക്കിനൊന്നും പറ്റിയില്ലല്ലോന്ന് പറഞ്ഞ് പിടിച്ചെണീപ്പിച്ച ഉമ്മച്ചൻചേട്ടൻ ചോര കണ്ടിട്ടാണോന്നറിയില്ല എന്റീശോയേന്നും പറഞ്ഞ് പുറകോട്ടൊരുമലച്ചിലായിരുന്നു. ഈശോ വിളി കേട്ടതുകൊണ്ടോ മറ്റോ ബസ്സ് വീണ്ടും സഡൻ ബ്രേക്കിട്ടു. ഏപ്പ് ചേട്ടന്റെ കവക്കിടയിൽ തെങ്ങിന് പാത്തിവച്ച പോലെ ചോര. ഏളീലെ കുപ്പി പൊട്ടി കുത്തിക്കേറിയത് പുറത്ത് പറയാൻ പറ്റാത്ത സ്ഥലത്തായി പോയല്ലോ എന്ന് വണ്ടിയിലുള്ളവർ. നെല്ലിക്കാംപൊയിലിൽ ഇറങ്ങേണ്ട ഏപ്പ് ചേട്ടൻ പള്ളാരത്തെത്തിയപ്പോഴേക്കും പരിഛേദന കർമ്മം നിർവഹിച്ചവനെ പോലെയായി. ഇരിട്ടിക്ക് പോകുന്ന ജീപ്പ് തടഞ്ഞ് ബസ് ഡ്രൈവർ പി.കെ ഈശോ ഏപ്പ് ചേട്ടനെ ഡോക്ടർ തങ്കത്തിന്റെ ആശുപത്രിയിലേക്കയച്ചു. ഒപ്പം ഈശോയെ വിളിച്ച ഉമ്മച്ചൻ ചേട്ടനെ എപ്പ് ചേട്ടന് കൂട്ടായും വിട്ടു.
സുവർണ്ണ ബസ് ഏതാണ്ട് മുക്കാൽ മണിക്കൂർ ലേറ്റായതിന്റെ മിരുമിരുപ്പിൽ കുട്ടിച്ചേട്ടൻ നെല്ലിക്കാംപൊയിൽ പള്ളിമേടയ്ക്ക് മുമ്പിൽനിന്ന് അരക്കെട്ട് സാധു ബീഡി വലിച്ചുകയറ്റി പുറത്ത് വിട്ടു. വണക്കമാസം കാലം കൂടലിന് പടക്കം വാങ്ങുന്നത് മാട്ടറയിലെ മുക്കൊള്ളിക്കാരുടെ വീട്ടിൽ നിന്നാണ്. കുട്ടിച്ചേട്ടനുള്ള പടക്കം എല്ലാ കൊല്ലവും മാതാവിന്റെ തിരുനാളിന്റെ തലേന്ന് മുക്കൊളളിക്കാർ എടുത്തു വച്ചേക്കും. സുവർണ്ണ ബസ് കിട്ടിയില്ലെങ്കിൽ ഈ വർഷം കയ്യിലിട്ട് വട്ടം കറക്കി പൊട്ടിക്കാൻ കുട്ടിച്ചേട്ടന് മാലപടക്കം കിട്ടില്ല. ഈയൊരു തിരിച്ചറിവ് ഏറിയേറി വന്നപ്പോ അവസാനത്തെ ബീഡി തുറന്ന് അതിലെ ചുക്കാൻ മാറ്റി കയ്യിലെ കഞ്ചാവുപൊതി തുറന്ന് കുരു പെറുക്കിമാറ്റി നന്നായി ഞെരടി പരുവമാക്കി ലേശം ചുക്കാനും കൂടി അനുപാതം ചേർത്ത് ബീഡി തെറുത്ത് കെട്ടാൻ നോക്കുമ്പോ തുപ്പലുകൂട്ടി നാക്കിൽ ഒട്ടിച്ചു വച്ച ബീഡിയുടെ ചൊമന്ന നൂല് കാണാനില്ല. ബസ് കാണാത്ത ഒരു മാതിരി വെപ്രാളത്തിൽ വിഴുങ്ങി പോയതാവാം. ആരോടെന്നില്ലാതെ ആത്മഗതമെന്നോണം തെറി പോലത്തെ എന്തോ നാല് പറഞ്ഞ് കൈലിമുണ്ടിലെ ഒരു കറുത്ത നൂല് വലിച്ചെടുത്ത് കെട്ടിക്കോണ്ട് നിൽക്കുമ്പോ സുവർണ്ണബസ് ആളിറങ്ങാനില്ലാത്തതു കൊണ്ട് നെല്ലിക്കാം പൊയിൽ പള്ളിപ്പടിയിൽ നിർത്താതങ്ങ് പോയി. കുട്ടിച്ചേട്ടൻ നിന്ന നിൽപ്പിൽ തുണിയില്ലാത്ത പോലായി. ഈശോയെ മാത്രമല്ല സർവമാന പുണ്യാളന്മാരെയും കാല് മടക്കി തൊഴിച്ച് കുട്ടിച്ചേട്ടൻ പള്ളി സെമിത്തേരിയിലേക്ക് നടന്നു.

സെമിത്തേരിയുടെ ഇരുമ്പ് ഗേറ്റ് വറീതിന്റെ കശാപ്പിനു കൊണ്ടുവന്ന പോത്ത് അമറും പോലെ തുറക്കപ്പെട്ടു. വലതുകാൽ വച്ച് കയറിയ കുട്ടിച്ചേട്ടന്റെ ചുമലിലേക്ക് ഇരുട്ടത്ത് നിന്നൊരു കൈ നീണ്ടു വന്നു. 'ഏതാത്മാവായാലും കുട്ടിക്ക് പുല്ലാ, ഒന്ന് പോടാ ഉവ്വേ' എന്നും പറഞ്ഞ് കാൽമുട്ടുകൾ കുഴിമാടത്തിൽ കുത്തി സാഷ്ടാംഗം പ്രണമിക്കും പോലെ തോളിൽ വീണ കൈ പിടിച്ചൊരു മറിമറിച്ചു. പൈലിയുടെ പ്ലാവിലെ മൂത്തവരിക്കച്ചക്ക വീഴും പോലൊരു ഒച്ചയിൽ കുട്ടിച്ചേട്ടന് മുന്നിലേക്ക് വീണവനെ തീപ്പെട്ടി കമ്പ് ഉരച്ച വെട്ടത്തിൽ നോക്കിയ കുട്ടി ഒട്ടും ഞെട്ടിയില്ല. കുഴിവെട്ടുകാരൻ വർക്കിയതാ കുഴിയിൽ വയ്ക്കാൻ പോകുന്ന ശവത്തെ പോലെ മലർന്നു കിടക്കുന്നു. 'എഴീരെ ഡാ മോനേ വർക്കീ' ന്നും പറഞ്ഞ് കൊച്ചു കുഞ്ഞിനെയെന്നവണ്ണം കുട്ടിച്ചേട്ടൻ കൈ കൊടുത്തെഴുന്നേൽപിച്ചു. 'ഷാപ്പിൽ പോയി വയറു നിറച്ചും കുടിച്ചോ, കാശ് കൊടുക്കേണ്ട, എന്റെ പറ്റിൽ എഴുതിയാ മതി', വർക്കിക്ക് കുട്ടിച്ചേട്ടന്റെ വക സ്‌നേഹം പകർന്നു. കുട്ടിച്ചേട്ടന് ഷാപ്പിലെ പറ്റുതീർക്കണമെങ്കിൽ പെണ്ണുമ്പിള്ള ഇത്തടീച്ചർക്ക് ശമ്പളം കിട്ടണമല്ലോ എന്ന് വ്യാകുലപ്പെട്ട വർക്കി ഷാപ്പുപേക്ഷിച്ച് വീട്ടുവഴി പിടിച്ചു.
നെല്ലിക്കാംപൊയിൽ ഇടവകയിൽ പരിഷ്‌കാരികളും പൂത്ത പണക്കാരും കുറവായതിനാൽ സെമിത്തേരിക്കും ആർഭാടം കുറവായിരുന്നു. ഒന്നോ രണ്ടോ കല്ലറ മാത്രം. ബാക്കിയെല്ലാം വെറും പന്ന കുഴിമാടങ്ങൾ. ഇലഞ്ഞിക്കൽ ഫ്രാൻസീസ് സാറിന്റെ കല്ലറ ഒരൊന്നൊന്നര മൊതലാ. നെറയെ മാർബിള് വിരിച്ച് തലയ്ക്കലൊരു സിമന്റ് കുരിശും വച്ച് അതങ്ങ് വിരിഞ്ഞ് കിടപ്പാ, ഏതു നട്ടപ്പാതിരായ്ക്കും സമാധാനം കിട്ടാൻ കുട്ടിച്ചേട്ടൻ വന്നിരുന്ന് കഞ്ചാവ് പുകയ്ക്കുന്നത് ഫ്രാൻസിസ് സാറിന്റെ നെഞ്ചത്ത് കയറിയിരുന്നാണ്. പിന്നെയുള്ള രണ്ടാമത്തെ കല്ലറയ്ക്ക് വൃത്തീം വെടിപ്പും പോരാ. ഭൂപണയ ബാങ്കീന്ന് ലോണ് കിട്ടാതെ പാതി മാത്രം പണിഞ്ഞ് ബാക്കിയായ വീട് പോലെ ഒട്ടും മെനയില്ല. തന്നെയുമല്ല പണ്ടെങ്ങാണ്ടോ കപ്പ വാട്ടും കഴിഞ്ഞ്, വല്ലം നിറച്ച് വാട്ടു കപ്പയുമായി പോയവർ സെമിത്തേരിയിൽ തീ കത്തുന്ന കണ്ട് നോക്കിയപ്പോ ഈ കല്ലറ പൊട്ടിപ്പിളർന്ന് ഒരു മുട്ടൻ തീഗോളം ആകാശം മുട്ടെ ഉയർന്നത്രേ. ഇത് കണ്ട തുണ്ടത്തിൽ മറിയക്കുട്ടി വെട്ടിയിട്ട വാഴ കണക്കെ വീണെന്ന് മാത്രമല്ല പിന്നെ നാളിതുവരെ എണീറ്റിട്ടുമില്ല.ഇടവക പൊതുയോഗം കൂടി ചെകുത്താൻ പിടുത്തക്കാരൻ പോലീസച്ചനെ കൊണ്ടുവന്നു.പോലീസച്ചൻ പണ്ട് പോലീസിലായിരുന്നു. കാക്കി ട്രൗസറും കൂർമ്പൻ തൊപ്പിയും പിടിയ്ക്കാണ്ടായപ്പോ ലാത്തിയടിയിൽ മാനസാന്തരപ്പെട്ട് ദൈവവിളി കിട്ടി അച്ചൻ പട്ടത്തിന് പോയതാണ്. പോലീസച്ചൻ എന്ത് ചെയ്താലും അച്ചട്ടാണെന്നാണ് രൂപത സംസാരം. കാര്യമെന്തായാലും പോലീസച്ചൻ വന്ന് കല്ലറ വെഞ്ചരിച്ച് കൊല്ലൻ പണിക്കരെക്കൊണ്ട് പ്രത്യേകം പണിയിച്ചെടുത്ത ഇരുമ്പ് ചങ്ങലകൊണ്ട് ദുരാത്മാവിനെ ബന്ധിച്ച് പൂട്ടിട്ടു. ചങ്ങലയിപ്പഴും കല്ലറയ്ക്കു പുറത്ത് നീണ്ടു കാണാം. ചില രാത്രികളിൽ ചങ്ങല കിടന്ന് കിലുകിലാ കിലുങ്ങുന്ന ഒച്ച കേൾക്കാമെന്ന് നാട്ടുകാർ സാക്ഷ്യം പറയുന്നുമുണ്ട്.
കുട്ടിച്ചേട്ടൻ ഇനി ഫ്രാൻസിസ് സാറിന്റെ കല്ലറയ്ക്ക് മുകളിലോട്ടൊന്ന് മലർന്നുവീഴും. വീഴും മുമ്പ് സ്വന്തം സമാധാനത്തിനായി ഒറ്റവരി സ്വന്തം പാട്ടൊന്ന് പാടും. 'അമ്മായിയമ്മയെ കല്ലുമ്മേൽ വച്ചിട്ട് മറ്റൊരു കല്ലും കൊണ്ടീ ശോ...', അമ്മായിയമ്മയോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല കെട്ടോ. കുട്ടിച്ചേട്ടന്റെ സ്വന്തം പാട്ടു കേട്ടാൽ പിന്നെ പാട്ടും വരിയുമൊക്കെ കേട്ടവന്റ ആത്മാവിൽ റബർ പാൽ ഒട്ടും പോലൊരൊട്ടലാ. പിന്നെ ഏതൊരു ഒട്ടുപാൽ പറിക്കാരൻ വന്നാലും വേർപെടുത്താനും പറ്റില്ല. പാട്ടുകേട്ട് വരി കൊള്ളാം കുട്ടിച്ചേട്ടാ എന്നെങ്ങാനും ആരേലും പറഞ്ഞാലോ.. 'വരിയെടുത്ത പട്ടിയെപ്പോലെ വാലാട്ടേണ്ട കോപ്പേ... ' എന്നൊരു മറുപടിയാ കുട്ടിച്ചേട്ടന്റ വായീന്ന് വരിക. കല്ലറയിലേക്ക് മലർന്ന് വീഴും മുമ്പെ വീട്ടിലെ മൺഭിത്തിയിലെ ഇരുമ്പാണിയിൽ തൂക്കിയിടും പോലെ ഷർട്ടഴിച്ച് കയ്യില്ലാത്ത ബനിയനുമഴിച്ച് രണ്ടും കൂടി സിമന്റ് കുരിശിന്മേലേക്ക് പെസഹക്കാലത്ത് പള്ളിയിലെ സർവമാന രൂപങ്ങളും തവിട്ടു തുണിയിട്ട് മൂടും പോലെ അങ്ങ് തൂക്കിയിടും. വിയർപ്പു കലകളുള്ള വെള്ള ബനിയൻ വെള്ളയേത് തവിട്ടേതെന്നറിയാത്തപോലെ നിന്ന് കാറ്റിലാടും.

മാർബിൾ കല്ലറയിൽ മലർന്ന് കിടന്ന് മാനം നോക്കിയപ്പോ വിശുദ്ധ കുർബാനയ്ക്ക് കിട്ടുന്ന ഓസ്തി പോലെ കടം വാങ്ങിയ പ്രകാശവുമായി പാവം ചന്ദ്രൻ ആകാശത്ത് നിന്ന് കുട്ടിച്ചേട്ടന്റ മുഖത്തേക്ക് ടോർച്ചടിച്ചു. കുഴിമാടം തോണ്ടി ശവം തിന്നാൻ വരുന്ന കുറുക്കന്മാരോ ഊം.. ഊം...എന്നു മൂളുന്ന പേടിപ്പെടുത്തും നത്തോ ഒന്നും കുട്ടിയുടെ ഏകാന്തസ്വപ്നങ്ങളെ വിഴുങ്ങിയതേയില്ല. ഒരിക്കലും വഴങ്ങാത്തൊരു ആഹാരശൃംഖല പരസ്പര ബഹുമാനത്തോടെ സെമിത്തേരിയിൽ അന്യോന്യം ഈശോ മിശിഹായ്ക്ക് സ്തുതി പറഞ്ഞു.
കുട്ടി കല്ലറയിൽ കിടന്ന് തന്റെ മക്കളിൽ ഇളയവനും ആറ് പെങ്ങന്മാർക്ക് ഏക അനിയനുമായ സ്വന്തം സൽപുത്രനേക്കുറിച്ച് വ്യാകുലപ്പെട്ടു. കണ്ണുകൊണ്ട് കണ്ട് കാതുകൊണ്ട് കേട്ട് മനസുകൊണ്ട് ചിന്തിച്ച് വേണം മകനേ പ്രവർത്തി ചെയ്യാൻ എന്ന് മരപ്പലകയിൽ പാറക്കല്ല് പൊടിച്ച പൊടിയിട്ട് വാക്കത്തിക്ക് മൂർച്ച കൂട്ടികൊണ്ട് കുട്ടി എന്ന അപ്പൻ മകന് വേദോപദേശം കൊടുത്തു. മകനാവട്ടെ അപ്പൻ കടലാസുപൊതിയിൽ നിന്ന് വാരിക്കളഞ്ഞ കുരു കിളിർത്തു വന്ന കഞ്ചാവ് ചെടി നോക്കി കൗതുകം കൊണ്ടു. ആറ് പെൺമക്കൾക്ക് ശേഷം വന്ന പുണ്യാൻ ചെക്കനായതുകൊണ്ട് അപ്പന് ഇനി മക്കൾ മതി എന്ന ഉറച്ച തീരുമാനത്തോടെ കുട്ടിച്ചേട്ടൻ തന്റെ ഏക പുത്രനെ മതിമോൻ എന്ന് വിളിച്ചു. പെൺമക്കൾക്കാവട്ടെ മതിമോൻ വിളിയിൽ പരിഷ്‌കാരം പോരാഞ്ഞ് നേരാങ്ങളക്കൊച്ചിനെ റോളി ധിമിൽ എന്ന് നാമകരണം ചെയ്തു
വഴിനീളെ കുരിശിന്റെ വഴി ചൊല്ലി ഒന്നാം സ്ഥലം,,, മൂന്നാം സ്ഥലം മുട്ടിന്മേൽ വീണ് വെറോനിക്കയുടെ തൂവാല പോലൊന്ന് കയ്യിൽ തിരുപ്പിടിപ്പിച്ച് കുരിശേറ്റാൻ കൊണ്ടുപോകുന്ന തമ്പുരാൻ കർത്താവിനെ തേടിനടക്കുന്ന അറബിയിൽ നിന്ന് യാത്ര തുടങ്ങിയ അറബിച്ചേടത്തി മണ്ണാപ്പറമ്പ് കവലയിൽ എത്തുമ്പോ കവലയിലുള്ളവരെ വെറുതെ ഒന്ന് തുണി പൊക്കിക്കാണിക്കും. അറബി ചേട്ടത്തിയുടെ തുണി പൊക്കിയ കാഴ്ച്ച കാണാൻ പളളി കൈക്കാരന്മാർ വരെ അറബിച്ചേടത്തിയുടെ കുരിശിന്റെ വഴിയിൽ ഒളിച്ചും പാത്തും പങ്കു കൊള്ളും. കൈ നിറയെ കുപ്പിവളകളും അര നിറയെ മിനിമം അഞ്ചാറു മുണ്ടെങ്കിലും ഉടുത്തു വരുന്ന അറബിച്ചേടത്തിയുടെ ഉടുമുണ്ടേത് എന്ന് പടച്ചതമ്പുരാൻ നോക്കിയിട്ട് പോലും തിരിച്ചറിയാൻ പറ്റിയിട്ടില്ല എന്നതാണ് നാട്ടുവർത്തമാനം.. അറബിച്ചേടത്തിയാവട്ടെ കുട്ടിയുടെ ഇളയവനെ മതിമോൻ എന്നോ റോളി ധിമിൽ എന്നോ വെറുംവായ്ക്ക് പോലും വിളിയ്ക്കാറില്ല. കുട്ടിയുടെ കെട്ടിയോള് ഇത്ത എട്ടാം മാസത്തിലാണ് ഇവനെ പെറ്റതെന്നും അവൻ ഇനി മുതൽ എട്ടിക്കുട്ടൻ എന്ന് വിളിക്കപ്പെടും എന്നുമാണ് അറബിച്ചേടത്തി പള്ളിപ്പടിയിലെ കന്യാമറിയത്തിന്റെ രൂപക്കൂടിന് മുമ്പിൽ വന്ന് തുണി പൊക്കിക്കാണിച്ചോണ്ട് അരുളിച്ചെയ്തത്.

സുവർണ്ണ ബസ് പള്ളിപ്പടിയിൽ നിർത്താതെ പോയതും അറബിച്ചേടത്തി പള്ളിമുറ്റത്ത് പതിനാലാം സ്ഥലം ചൊല്ലി കുമ്പിട്ടതും ഒരേ സമയം.
റാക്കു കുടിക്കാതെയും കഞ്ചാവ് വലിക്കാതെയും സെമിത്തേരിയിൽ വന്നിരിക്കാനാണ് കുട്ടിക്ക് ഇഷ്ടം. അന്നേരമാ കുട്ടിക്ക് ദൈവവിളി വരിക. പെരുന്നാളിന് ഗീവർഗീസ് പുണ്യാളന്റെ രൂപത്തിന് ചുറ്റും മാലബൾബ് കത്തും പോലെ മനസിൽ മുഴുവൻ ബൾബ് കത്തും. ചെന്തീ പോലൊരു മാലാഖയെന്ന റബേക്കയെ കാത്ത് പാതിരാ മുഴുവൻ കല്ലറയ്ക്കു മേൽ കിടക്കും.
റബേക്ക സ്വപ്നമാണോ, ഒള്ളതാണോ, അതോ കിറുക്കാണോ എന്ന് കുട്ടിക്ക് നാളിതുവരെ വെളിവ് കിട്ടിയിട്ടില്ല.
അന്ന്, എല്ലാം വെറുതെയെന്ന് വല്ലാതെ തോന്നിയ ഒരു നട്ടപ്പാതിരയ്ക്ക് കുട്ടി പതിവുപോലെ ഇറങ്ങിനടന്നു. പള്ളിപ്പറമ്പിലെത്തിയതും കപ്പലുമാവിൻ തോട്ടം പൊടുന്നനെ പൂത്തു. കപ്പ്‌ലാങ്ങ പഴുത്ത മണം സെമിത്തേരി വരെ കാറ്റ് പ്രദക്ഷിണമായി കൊണ്ടെത്തിച്ചു. കപ്പ്ലാങ്ങ മണം കല്ലറയിൽ മലർന്നുകിടക്കുന്ന കുട്ടിയുടെ തലച്ചോറിലേക്ക് പടർന്നു. പിന്നെ ഒപ്പീസിലെ കാഹള നാദം പോലെ കുട്ടിയിൽ ഒരു പുതു ജീവനുയിർക്കപ്പെട്ടു. കപ്പ്‌ലാങ്ങ മണത്തോടൊപ്പം റബേക്ക കാല് നിലം മുട്ടിക്കാതെ കുട്ടിയുടെ അരിക് പറ്റിയിരുന്നു.. പിന്നെ പരമമായ പ്രഭയുടെ നാട്ടിലെത്തിയപോലെ കുട്ടിയപ്പോൾ പിടഞ്ഞെണീറ്റ് റബേക്ക കൊണ്ടുവന്ന മഞ്ഞ കപ്പ്‌ലാങ്ങ പഴം ആർത്തിയോടെ കടിച്ചീമ്പിത്തിന്നു. വിരലുകൾക്കിടയിലുടെ തിരുരക്തം പോലെ ഒലിച്ചിറങ്ങിയ കശുമാങ്ങാചാറ് റബേക്ക രുചിത്തർക്കത്തോടെ നക്കിയെടുത്തു. സെമിത്തേരിയാകെ സ്നേഹത്തിന്റെ പ്രകാശം പരന്നു. അവിടം ഹല്ലേലുയ, ഹല്ലേലൂയ വിളിയാൽ മുഖരിതമായി. ഉരുകിത്തീർന്ന മെഴുകുതിരികൾ നിവർന്ന് നിന്ന് കത്തി. കെട്ടടങ്ങിപ്പോയ സാമ്പ്രാണിത്തിരികൾ ഒന്നാളിക്കത്തിക്കെട്ട് ചന്ദനത്തിരി മണത്താൽ സെമിത്തേരിയ്‌ക്കൊരു മേൽക്കൂര പണിതു. നത്തും മൂങ്ങയും കുറുക്കനും മത്സരിച്ച് തങ്ങളുടെ മികച്ച പാട്ടുകളെറിഞ്ഞ് അവിടെ ഓടി നടന്നു. ചിതറിത്തെറിച്ചുണങ്ങിപ്പോയ പൂക്കളാൽ ശവക്കോട്ട പൂത്ത് മലർന്നു. തിരുസഭയുടെ കൽപനകളേതുമില്ലാത്തൊരു സെമിത്തേരിത്തിരുനാൾ.

