ചിത്രീകരണം: ദേവപ്രകാശ്

ലെക്റ്റർ

വൈകുന്നേരത്തെ മീറ്റിംഗിന് മാനേജിംഗ് എഡിറ്റർ വരുന്നുവെന്ന് കേട്ടപ്പോൾത്തന്നെ എന്റെ കീഴിലുള്ള മൂന്ന് സബ് എഡിറ്റർമാരും ഭയന്നു. ഒരു വമ്പൻ മീഡിയ കമ്പനിയുടെ കീഴിലാണ് ഞങ്ങളുടെ മാസിക പ്രവർത്തിക്കുന്നത്. കമ്പനിയുടെ എം.ഡി തന്നെയാണ് ഞങ്ങളുടെ മാനേജിംഗ് എഡിറ്ററെങ്കിലും മാസികയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ചീഫ് എഡിറ്ററായ ഞാനാണ്.
""ജോലി പോകുമോ? റഫീക്ക് ശബ്ദം താഴ്ത്തി ചോദിച്ചു.
""പോസിറ്റിവായി ചിന്തിക്കൂ..''രമ്യ അവനെ വഴക്ക് പറഞ്ഞു.
""സാറിനു പേടിക്കണ്ട. സാർ ചീഫ് അല്ലെ..'' മനോജ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
""എനിക്ക് പേടിയൊന്നുമില്ല.'' ഞാൻ പറഞ്ഞു.
അങ്ങിനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു. അത് ജോലി പോകുമെന്ന് പേടിച്ചിട്ടായിരുന്നില്ല.
ഏറെ നാളായി ഒരു കവിത അച്ചടി മഷി പുരണ്ടു കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഭാര്യ എഴുതിയ ഒരു കവിതയാണ്.
പക്ഷേ ഇത് വരെയും അത് പ്രസിദ്ധീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. സ്വന്തം മാസികയിൽ പബ്ലിഷ് ചെയ്യാൻ ഒരു മടി. മറ്റൊരു മാസികയിൽ പ്രസിദ്ധികരിക്കാമെന്നു റഫീക്ക് പറഞ്ഞതാണ്. പക്ഷേ വേണ്ടെന്നു വച്ചു.
ജോലി പോയാൽ ആ കവിത ഒരിക്കലും പ്രസിദ്ധികരിക്കാൻ കഴിയാതെ വന്നാലോ... അതായിരുന്നു എന്റെ പേടി, മാത്രമല്ല മാസികയുടെ നിലനിൽപ്പ് തന്നെ ഇപ്പോൾ അപകടത്തിലാണ്. സാമ്പത്തികലാഭം കണ്ടിട്ട് വർഷങ്ങളാകുന്നു. കമ്പനിയുടെ അഭിമാനമായ സംരംഭമായതുകൊണ്ട് മാത്രമാണ് പൂട്ടാതെ പിടിച്ചു നിൽക്കുന്നത്. ചില കൃഷിക്കാർ പാരമ്പര്യം കൈവിട്ടുപോകാതിരിക്കാൻ നെൽക്കൃഷി നടത്തുന്നതുപോലെ..

മഴ തളം കെട്ടിയ പാർക്കിംഗ് ഗ്രൗണ്ടിൽ എം. ഡിയുടെ ബെൻസ് ഒഴുകിവന്നു നിൽക്കുന്നത് ഞങ്ങൾ കണ്ടു.
""എല്ലാർക്കും സുഖമല്ലേ ?'' പരിപ്പുവട തിന്നുന്നതിനിടയിൽ എം.ഡി അന്വേഷിച്ചു.
""ഉവ്വ് സർ.'' ഞാൻ എല്ലാവർക്കും വേണ്ടി മറുപടി പറഞ്ഞു.
""ഞാൻ ഒരു സന്തോഷ വാർത്തയുമായാണ് വരുന്നത്.''എം.ഡി പറഞ്ഞതുടങ്ങി.
""നമ്മുടെ കമ്പനിയുടെ കീഴിലുള്ള റിസർച്ച് വിഭാഗം ഒരു പുതിയ മെഷീൻ കണ്ടുപിടിച്ചിരിക്കുന്നു. മെഷീൻ നിങ്ങളുടെ പണി എളുപ്പമാക്കും.''
എം.ഡിയുടെ ഒപ്പം വന്ന നാലഞ്ചു ജീവനക്കാർ ഒരു യന്ത്രം രമ്യയുടെ ക്യുബിക്കിളിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിക്കുന്നത് ഞങ്ങൾ കണ്ടു.അവർ ഓഫീസിന്റെ വിവിധ കോണുകളിൽ വയർലെസ് സെൻസറുകൾ ഘടിപ്പിക്കുന്നുണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു മെഷീൻ ഞങ്ങൾ അതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു വാഷിംഗ് മെഷീന്റെ വലിപ്പം. ഫുട്‌ബോളിന്റെ വലിപ്പമുള്ള ഗോളാകൃതിയുള്ള ശിരസ്സ്. നെറ്റിയിൽ മെഷീന്റെ പേർ എഴുതിയിരുന്നു.
"ലെക്റ്റർ.'
""ലെക്റ്റർ നമ്മുടെ കമ്പനിയുടെ പൈലറ്റ് പ്രോജക്റ്റ് ആണ്. സാഹിത്യകാരൻമാരുടെ കഥകളും കവിതകളുംകൊണ്ട് നിങ്ങളുടെ മെയിൽ ബോക്‌സ് നിറഞ്ഞിരിക്കുകയാണല്ലോ. ഈ മെഷീൻ അവയെല്ലാം വായിക്കും. ഏറ്റവും മികച്ചവ തിരഞ്ഞെടുക്കും. ഇത് കൂടാതെയും ഒരുപാട് പണികൾ ആ മെഷീൻ ചെയ്യും. ഇവിടുത്തെ പ്രവർത്തനം നോക്കിയിട്ട് വേണം മെഷീൻ മോഡിഫൈ ചെയ്യാൻ'' എം.ഡി വിശദീകരിച്ചു.
എന്റെ സബ് എഡിറ്റർമാരുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.എന്തായാലും ജോലി പോയില്ലല്ലോ.

എനിക്ക് ആശ്വാസത്തിനൊപ്പം സന്തോഷവും തോന്നി. ദിവസവും നൂറു കണക്കിന് മെയിലുകളാണ് വരുന്നത്. കഥകളും കവിതകളും. തപാൽ വഴി രചനകൾ അയക്കുന്ന ബുദ്ധിമുട്ടില്ലാത്തതിനാൽ അക്ഷരം അറിയാവുന്ന എല്ലാവരും സാഹിത്യം എഴുതി അയക്കുകയാണ്. ലോട്ടറിയെടുപ്പ് പോലെ, കിട്ടിയാൽ കിട്ടി. എഴുതുന്നവരുടെയെല്ലാം വിചാരം തങ്ങൾ എഴുതുന്നത് നൊബേൽ പ്രൈസ് കിട്ടാൻ യോഗ്യതയുള്ള രചനകൾ ആണെന്നാണ്. ഇതിൽനിന്ന് നല്ല രചനകൾ കണ്ടെത്തുക എന്നതാണ് ബുദ്ധിമുട്ട്..

""സർ ലെക്റ്റർ വേറെ എന്തൊക്കെ ചെയ്യും..'' രമ്യ ചോദിച്ചു.
""ഒരുപാട് ഫംക്ഷൻസ് ഉണ്ട്. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ റിസർച്ച് വിഭാഗത്തിലെ ഈ പ്രോജക്ടിന്റെ ഹെഡ് ബാഹുലേയൻ ഇവിടെ വരും. നിങ്ങൾക്ക് എല്ലാം പറഞ്ഞുതരും.'' എം.ഡി പറഞ്ഞു.
എം.ഡി പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ പുതിയ മെഷീന്റെ ചുറ്റിനും കൂടി. ലെക്ടറിന്റെ ബേസിക്ക് ഓപ്പറെഷൻസ് എം.ഡിയുടെ ഒപ്പം വന്ന എഞ്ചിനീയർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
""നമുക്ക് ലെക്റ്ററിനെ ഒന്ന് ടെസ്റ്റ് ചെയ്താലോ..'' റഫീക്ക് പറഞ്ഞു.
""എങ്ങിനെ ?'' ഞാൻ ചോദിച്ചു.
""ഓണപ്പതിപ്പിനു വന്ന രചനകൾ മെഷീന് ഫീഡ് ചെയ്യാം. ഔട്ട്പുട്ട് എങ്ങിനെ ഉണ്ടാകുമെന്ന് അറിയാമല്ലോ.''
ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ വന്ന നൂറ്റി എഴുപത്തിനാല് കഥകൾ ഞങ്ങൾ മെഷീന് ഫീഡ് ചെയ്തു.
""നമ്മൾ എത്ര കഥകളാണ് ഓണപ്പതിപ്പിൽ പബ്ലിഷ് ചെയ്തത് ?'' റഫീക്ക് ചോദിച്ചു.
""പത്ത് .''
റഫീക്ക് മെഷീന്റെ കീ പാഡിൽ പത്ത് എന്ന് അമർത്തി.
""2 hours.' മെഷീന്റെ ഡിസ്‌പ്ലേയിൽ തെളിഞ്ഞു വന്നു.
""അതെന്താ ?'' രമ്യ ചോദിച്ചു.
""ഇത്രയും കഥകൾ വായിച്ചു മികച്ചവ തിരഞ്ഞെടുക്കാനെടുക്കുന്ന സമയം.''റഫീക്ക് പറഞ്ഞു.
""നമ്മൾ മൂന്നു മാസമെടുത്തു.'' മനോജ് അത്ഭുതത്തോടെ പറഞ്ഞു.
ലെക്റ്റർ വായന തുടങ്ങി. അതിന്റെ ഗോളാകൃതിയുള്ള ശിരസ്സ് ഒരു മൂളക്കത്തോടെ തിരിയാൻ തുടങ്ങി.

ഞങ്ങൾ എല്ലാവരും ജോലിയിലേക്ക് മടങ്ങിയെങ്കിലും ശ്രദ്ധ ആ മെഷീനിലായിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞതും അലാറം മുഴങ്ങി.
""കഴിഞ്ഞു!ചെക്കിംഗ് കഴിഞ്ഞു!'' രമ്യ ആവേശത്തോടെ മെഷീന് അരികിൽ ഓടിയെത്തി.
ഏറ്റവും മികച്ച പത്ത് കഥകളുടെ പേരുകൾ ഡിസ്‌പ്ലേയിൽ തെളിഞ്ഞു. രമ്യ ഓണപ്പതിപ്പ് കൊണ്ടുവന്നു.
""ഹോ പത്തിൽ ഒൻപതും നമ്മൾ പ്രസിദ്ധികരിച്ച കഥകൾ തന്നെയാണ് മെഷീനും തിരഞ്ഞെടുത്തിരിക്കുന്നത്. ഒരെണ്ണം മാത്രം മാറിപ്പോയി!'' രമ്യ പറഞ്ഞപ്പോൾ ഞങ്ങൾ വാ പൊളിച്ചു.
""എന്തായാലും ഒരെണ്ണം തെറ്റിയില്ലെ. അപ്പൊ നമ്മൾ തന്നെയാണ് മിടുക്കർ!'' മനോജ് പറഞ്ഞു.
""അല്ല ലെക്റ്റർ തന്നെയാണ് ശരി.'' റഫീക്ക് ലിസ്റ്റ് നോക്കിയിട്ട് പറഞ്ഞു.
""പ്രസിദ്ധ കഥാകാരൻ കമലാക്ഷൻ സാറിന്റെ ""നൂറ്റിപ്പത്ത് ''എന്ന കഥയാണ് നമ്മൾ പ്രസിദ്ധികരിച്ചത്. ആ കഥ മെഷീൻ ഡിലീറ്റ് ചെയ്തു.''
""ഓ ഞാനോർക്കുന്നു. ആ കഥ നമ്മൾ ആദ്യം ഒഴിവാക്കിയതാണ്. അത് കമലാക്ഷൻ സാർ തന്റെ നൂറ്റിപ്പത്താം പിറന്നാളിന് എഴുതിയ കഥയാണ്. എല്ലാ ഓണപ്പതിപ്പിലും ഇടുന്നത് പോലെ കൂടുതൽ പ്രാധാന്യത്തോടെ ഇപ്രാവശ്യവും ഇടണം എ.ഡി വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രം സാർ ഇട്ടതാണ്'' റഫീക്ക് എന്നെ നോക്കി പറഞ്ഞു. അവന്റെ സ്വരത്തിലെ പുഛം ഞാൻ കേട്ടില്ലെന്ന് നടിച്ചു.
""അപ്പോൾ ലെക്റ്റർ അടിപൊളിയാണല്ലോ.'' ഞാൻ പറഞ്ഞു. എല്ലാവരും ഒരേ സ്വരത്തിൽ അത് അംഗീകരിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് കമ്പനി ഹെഡ് ക്വാർട്ടെഴ്‌സിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ വന്നു. നല്ല തടിയുണ്ട്. കുടവയറും. വന്നയുടനെ അയാൾ യന്ത്രത്തിന്റെ അരികിൽ പോയി എന്തൊക്കെയോ ചെയ്തു. ഒരു കൊച്ചുകുട്ടിയെ ഓമനിക്കുന്നതുപോലെ യന്ത്രത്തിന്റെ ഗോളാകൃതിയുള്ള ശിരസ്സിൽ തലോടി.
""ഇവൻ എങ്ങിനെയുണ്ട് ?'' അയാൾ എന്നോട് ചോദിച്ചു.
""കുഴപ്പമില്ല.''
""സൂപ്പറല്ലേ..എന്റെ മോനെക്കാൾ എനിക്ക് അടുപ്പം ഇവനോടാ.''യന്ത്രത്തിനെ വാത്സല്യപൂർവ്വം നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
""താങ്കളാണോ ബാഹുലേയൻ? എം.ഡി പറഞ്ഞിരുന്നു.''
""അവൻ വരും.പക്ഷെ ഞാൻ ബാഹുലേയനല്ല.'' പോക്കറ്റിൽ നിന്ന് മുറുക്കാൻ എടുത്തു ചവച്ചു കൊണ്ട് ആഗതൻ പറഞ്ഞു.
""സാറിന്റെ പേര് ?' ഞാൻ തിരക്കി.
""ഒന്ന് ഊഹിക്കാൻ പറ്റുമോന്നു നോക്ക്.'' തടിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
""പേരൂഹിക്കാനൊക്കെ ...'' ഞാൻ സംശയത്തോടെ പറഞ്ഞു.
""ലെക്റ്ററിന്റെ പ്രോജക്റ്റിന്റെ തുടക്കം മുതൽ ഞാനുണ്ടായിരുന്നു. മദ്രാസ് ഐ.ഐ.റ്റിയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പി.എച്ച്.ഡി എടുത്ത ശേഷം ഞാനൊരുപാട് കമ്പനികളിൽ വർക്ക് ചെയ്തിരുന്നു. എങ്കിലും എന്റെ ഏറ്റവും ഇഷ്ടമുള്ള പ്രോജക്റ്റ് ഇവനാണ്. ലെക്റ്റർ. ഇന്റലിജന്റ് ഗസ്സിംഗ് അതാണ് ഒരു നല്ല മെഷീന്റെ പ്രത്യേകത. മനുഷ്യർക്കും അത് കഴിയും. പ്ലീസ് ട്രൈ..''
ഞാൻ അയാളെ ആകെ മൊത്തം നോക്കി.
""രവീന്ദ്രൻ ?''
""അല്ല.''
""രഘു ?''
""അല്ല.''
""സോറി.എനിക്ക് ഗസ്സിംഗ് പവർ കുറവാണ്.'' ഞാൻ തോൽവി സമ്മതിച്ചു.
""എന്റെ പേര് ജോബ്...നിങ്ങളുടെ വൈഫിന്റെ പേര് രാ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് അല്ലെ ?'' അയാൾ ചോദിച്ചു.
""ഉവ്വ്.രാഗി..താങ്കൾക്ക് എങ്ങിനെ മനസ്സിലായി ?'' ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
""ഞാൻ പറഞ്ഞല്ലോ..കുറെയൊക്കെ നമുക്ക് ഊഹിക്കാൻ കഴിയും. നമ്മുടെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ചിന്ത നമ്മുടെ പ്രവർത്തികളെയും സ്വാധിനിക്കും. നമ്മുടെ തലച്ചോർ അതുമായി ബന്ധപ്പെട്ട കാഴ്ചകളായിരിക്കും നമ്മെ കാണിക്കാൻ താത്പര്യപ്പെടുക.'' ജോബ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ട്രാഫിക് ബ്ലോക്കിൽ കാത്തുകിടന്നപ്പോൾ അത് വരെ ശ്രദ്ധിക്കാതിരുന്ന ഒരു കടയുടെ പരസ്യം കണ്ടത് ഓർമ്മ വന്നു.
രാഗി ടെക്‌സ്‌റ്റൈൽസ്.
""ലെക്റ്റർ സാമ്പത്തികമായി കമ്പനിക്ക് ലാഭം നൽകുന്നുവെന്ന് തെളിയിക്കണം.എങ്കിലേ ഇനിയും ഫണ്ടിംഗ് അനുവദിക്കൂ..'' ജോബ് തന്റെ വരവിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.
മാസികയുടെ പ്രവർത്തനങ്ങൾ ജോബ് എന്നോട് ചോദിച്ചു മനസ്സിലാക്കി.
സാഹിത്യകൃതികൾ തിരഞ്ഞെടുക്കുന്നതും എഴുത്തുകാരുമായി ബന്ധപെടുന്നതും രമ്യയാണ്. രാഷ്ട്രീയ ലേഖനങ്ങളും ലേ ഔട്ടും റഫീക്കിന്റെ ചുമതലയാണ്. മാർക്കറ്റിംഗും സർക്കുലേഷനും മനോജിന്റെയും. പ്രസ്സിന്റെയും വെബ്‌സൈറ്റിന്റെയും കാര്യങ്ങൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. മൂന്നു സബ് എഡിറ്റർമാരും മിടുക്കരാണ്. അവർ ചെറുപ്പക്കാരും ജോലി നന്നായി ആസ്വദിച്ചു ചെയ്യുന്ന കൂട്ടത്തിലുമാണ്. നല്ല ടീം വർക്കായതുകൊണ്ട് ആർക്കും അധികം വർക്ക് ലോഡ് ഇല്ല. റഫീക്കും രമ്യയും നന്നായി വായിക്കുകയും എഴുതുകയും ചെയ്യും. ഞങ്ങളുടെ ടീമിന് ആകെയുള്ള ഒരു ബുദ്ധിമുട്ട് മാസികയുടെ വിൽപ്പനയാണ്. മനോജ് നന്നായി വർക്ക് ചെയ്യുന്നുണ്ട്. പക്ഷേ ഓരോ മാസവും വിൽപ്പന കുറയുന്നതല്ലാതെ കൂടുന്നില്ല.
""ഞാൻ നിങ്ങളുടെ സബ് എഡിറ്റർമാരെയും നിങ്ങളെയും ട്രെയിൻ ചെയ്യാൻ വന്നതാണ്. നിങ്ങളുടെ മാഗസിൻ ലെക്റ്റർ കുറച്ചു കൂടി എഫിഷ്യന്റാക്കും .'' ജോബ് പറഞ്ഞു.
""രാഷ്ട്രീയ ലേഖനങ്ങളാണ് ഒരു പ്രശ്‌നം. ആ മേഖലയിൽ-''ഇതിനിടയിൽ എന്റെ ക്യാബിനിലേക്ക് വന്ന റഫീക്ക് ജോബിനോട് പറയാൻ തുടങ്ങി.
""നിങ്ങൾ ഒന്നുംകൊണ്ടും പേടിക്കണ്ട.ആർട്ടിക്കിൾ തിരഞ്ഞെടുക്കാൻ മാത്രമല്ല . എഴുതാനും ലെക്റ്ററിനും കഴിയും.''
ജോബ് പറഞ്ഞതുകേട്ട് ഞാനും റഫീക്കും അമ്പരന്നു.
""ലെക്റ്റർ എന്തും ചെയ്യും. എന്തും എഴുതും. കവിതയ്ക്ക് കവിത, ലേഖനത്തിന് ലേഖനം, നോവലിന് നോവൽ...''
""അതൊക്കെ സാർ ഒന്ന് കാണിച്ചു തരുമോ?'' റഫീക്കിന് ധൃതിയായി.
""അതിനു മെഷീനെ ട്രെയിൻ ചെയ്യണം.അത് ബാഹുലെയനാണ് ചെയ്യുന്നത്. എനിക്ക് പിറകെ അവൻ വരും. അവന്റെ വാർ അഴിപ്പാൻ പോലും ഞാൻ യോഗ്യനല്ല.''ജോബ് ഒരു ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
തുടർന്ന് അഞ്ചു ദിവസം രമ്യയുടെ ഒപ്പമായിരുന്നു ജോബിന്റെ വർക്ക്. അയാൾ ഒരു ദിവസം നേരത്തെ പോയപ്പോൾ രമ്യ എന്റെ ക്യാബിനിൽ വന്നു.
""എങ്ങിനെയുണ്ട് ലെക്റ്റർ ?'' ഞാൻ ചോദിച്ചു.
""ഒന്നും ചെയ്യണ്ട .മെഷീൻ ഒന്ന് ഓണാക്കി ,നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ പ്രോഗ്രാം ചെയ്തുകൊടുത്താൽ മതി. അത് തന്നെ എല്ലാം ചെയ്തുകൊള്ളും.''
""അത് ശരി.''
""അടുത്ത മാസത്തെ കണ്ടന്റു മാനേജ് ചെയ്യുന്നത് ലെക്റ്ററാണ്.എനിക്ക് സൂപ്പർവിഷൻ മാത്രം.'' രമ്യ പറഞ്ഞു.
""കുളമാകുമോ ?''ഞാൻ ആശങ്കപ്പെട്ടു.
""ഇല്ല സർ.''രമ്യക്ക് നല്ല ഉറപ്പായിരുന്നു.
പുതിയ മാസിക ഇറങ്ങാൻ ഒരു ആഴ്ച കൂടി മാത്രം. ഒരു ദിവസം ഞാൻ നോക്കുമ്പോ രമ്യ മാനോജിന്റെ ക്യാബിനിലിരിക്കുന്നത് കണ്ടു. സർക്കുലേഷൻ സംബന്ധിച്ച് ഉള്ള കണക്കുകൾ മനോജ് രമ്യയെ പഠിപ്പിക്കുകയാണ്.

""സർ,എനിക്ക് ഒന്ന് രണ്ട് ദിവസം ലീവ് വേണം.. വീട്ടിൽ ഒരു അത്യാവശ്യം.കുറച്ചു കാശ് കളക്ഷൻ ഉണ്ട്.ഏജൻസികളുമായി ഡീൽ ചെയ്യേണ്ട കാര്യങ്ങൾ രമ്യയെ പഠിപ്പിക്കുകയായിരുന്നു.''
""അല്ല, അപ്പോൾ ലിറ്ററെച്ചർ കണ്ടന്റ് ആര് നോക്കും. മാസിക പ്രസിൽ വിടാൻ ഇനി ഒരു ആഴ്ച കൂടിയേ ഉള്ളു.'' ഞാൻ പറഞ്ഞു.
""സർ അതോർത്തു ടെൻഷനടിക്കണ്ട.അതൊക്കെ ലെക്റ്റർ നോക്കും.''
ഞാൻ നോക്കുമ്പോൾ ലെക്റ്ററിന്റെ ശിരസ്സ് അതിവേഗത്തിൽ കറങ്ങുന്നത് കണ്ടു.
""എനിക്കിപ്പോൾ വലിയ പണിയൊന്നുമില്ല. എന്റെ പണി മുഴുവൻ ലെക്റ്റർ ചെയ്യും.'' രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ക്യാബിനിൽ ചെന്ന് മേശവലിപ്പ് തുറന്നു. മഞ്ഞ നിറമുള്ള കവറിൽ രാഗിയുടെ കവിതയിരുപ്പുണ്ട്. കവറിനുള്ളിൽ അവളുടെ ഒരു ഫോട്ടോയുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്‌പോർട്ട് സൈസ് ഫോട്ടോ, അവളുടെ പഴയ ഡിഗ്രി ഹോൾ ടിക്കറ്റിൽനിന്നും എടുത്ത ഫോട്ടോയാണ്. ഏറ്റവും ലേറ്റെസ്റ്റ് ഫോട്ടോ കൊടുത്താൽ മതിയെന്ന് അവൾ നിർബന്ധം പിടിച്ചതാണ്. പക്ഷേ പ്രണയിച്ച് നടന്ന കോളേജ് ദിനങ്ങളിലെ അവളുടെ മുഖം മതിയെന്ന് താൻ പറഞ്ഞു.
ഇപ്രാവശ്യത്തെ ലക്കത്തിൽ കൊടുത്താലോ.
""ഒരു ചെറിയ പ്രശ്‌നമുണ്ട്.'' റഫീക്കിന്റെ ശബ്ദം കേട്ടാണ് തലയുയർത്തിയത്.
രാഗിയുടെ കവിത തിരികെ വച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലെ അവളുടെ നോട്ടം മാത്രം തന്നെ പിന്തുടർന്നു.

""എന്താ ?'' ഞാൻ ചോദിച്ചു.
""ലംബോധരൻ സാറിന്റെ ലേഖനമാണ് ഇപ്രാവശ്യത്തെ പൊളിറ്റിക്കൽ ലേഖനമായി കൊടുക്കാൻ വച്ചിരിക്കുന്നത്.രാഷ്ട്രീയവും സ്ത്രീകളും എന്നതാണ് വിഷയം. ഭരണകക്ഷികളെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ചിട്ടുണ്ട്. എം.ഡിയുടെ ചേട്ടൻ മിനിസ്റ്റർ അല്ലെ..പണിയാകുമോ ?''
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് ലംബോധരൻ സാർ. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഞങ്ങൾ കൊടുക്കാറുണ്ട്.
""പണിയാകും.ചിലപ്പോൾ പണി പോകും.'' ഞാൻ പറഞ്ഞു.
""ഞാൻ ലംബോധരൻ സാറിനെ വിളിച്ചു. നമ്മുടെ ജോലിയെ ബാധിക്കുന്നത് പുള്ളിക്കും താല്പര്യമില്ല. പക്ഷേ അങ്ങേരു ഫാമിലി ടൂറിലാണ്. എന്നോട് വേണമെങ്കിൽ ആർട്ടിക്കിൾ തിരുത്തിക്കോളാൻ പറഞ്ഞു. ഭരണകക്ഷിയെ വിമർശിക്കുന്നത് മയപ്പെടുത്തുക, പക്ഷേ അത് ഉദ്ദേശിക്കുന്ന പോലെ എളുപ്പമല്ല. നമ്മൾ ബയാസ്ഡാണ് എന്ന് തോന്നിപ്പിക്കാതെ അത് തിരുത്തുക എളുപ്പമല്ല. അത് മാത്രമല്ല ലംബോധരൻ സാറിന്റെ ഒരു റൈറ്റിംഗ് സ്‌റ്റൈൽ വേറെയാണ്. അത് ഇമിറ്റെറ്റു ചെയ്യാൻ പറ്റില്ല.'' റഫീക്ക് പറഞ്ഞു.
""അതെല്ലാം പറ്റും.'' എന്റെ ക്യാബിൻ വാതിൽക്കൽ നിന്ന അപരിചിതനാണ് പറഞ്ഞത്.
ആറടിക്ക് മേലെ ഉയരം. മെലിഞ്ഞ ശരീരം, മുകളിലേക്ക് കോണാകൃതിയിൽ ഷേപ്പ് ചെയ്ത മുടി, ഊശാന്താടി.
ഏതോ അനിമേഷൻ സിനിമയിൽ നിന്ന് ഇറങ്ങി വന്ന പെൻസിൽ മനുഷ്യനെ പോലെയുണ്ട്.
""ഐ ആം ബാഹുലേയൻ. നിങ്ങൾ എന്നെ ബി എന്ന് വിളിച്ചാൽ മതി.''
""അതെന്താ ?''റഫീക്ക് ചോദിച്ചു.
""മിസ്റ്റർ റഫീക്ക് നിങ്ങൾക്ക് അറിയാമോ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏറ്റവും ദു:ഖിതനായ അക്ഷരം ബി യാണ്. എപ്പോഴും എ എന്ന ഒന്നാമന്റെ നിഴലിൽ നില്ക്കാൻ വിധിക്കപ്പെട്ടവൻ. രണ്ടാമതായി പോയതുകൊണ്ട് മാത്രം രണ്ടാം കിട കാര്യങ്ങൾ ലേബൽ ചെയ്യാൻ നാം ബി എന്ന അക്ഷരം ഉപയോഗിക്കുന്നു. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിക്ക് എ ഗ്രേഡ്. അല്പം മോശമാണെങ്കിൽ ബി ഗ്രേഡ്. ശരിയല്ലേ..''
""അതുകൊണ്ട് ?''
""അതുകൊണ്ട് നമ്മുടെ സോഷ്യൽ പ്രോഗ്രാമിങ്ങിന്റെ ഭാഗമായ ബി എന്ന അക്ഷരം മോശമാണ് എന്ന ചിന്ത മാറാനാണ് ഞാൻ ബി എന്ന് അറിയപ്പെടാൻ തീരുമാനിച്ചത്.'' ബാഹുലേയൻ വിശദീകരിച്ചു.
""ശരി ബി. ലെക്ടറിന്റെ കാര്യങ്ങൾക്ക് നിങ്ങൾ ഇവിടെ വരുമെന്ന് ജോബ് പറഞ്ഞിരുന്നു.അദ്ദേഹത്തിനെ കണ്ടിട്ട് കുറെ ദിവസമായി.'' ഞാൻ പറഞ്ഞു.
""അടുത്ത ലക്കം ഇറങ്ങിയതിനുശേഷമേ ഇനി അദേഹം വരൂ.. ഞാൻ ലെക്റ്ററിനെ അപ്‌ഗ്രേഡ് ചെയ്യാൻ വന്നതാണ്. അതിനുശേഷം നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നം നമുക്ക് പരിഹരിക്കാം.''
ഞങ്ങൾ ബി യുടെ ഒപ്പം ലെക്റ്ററിന്റെ അരികിലേക്ക് നടന്നു. ബിയെ കണ്ടപ്പോൾ ലെക്റ്റർ ആഹ്ലാദപൂർവ്വം ശിരസ്സ് ഇരുവശത്തെക്കുമാട്ടി.
""പക്ഷേ ഒരു പ്രശസ്ത എഴുത്തുകാരന്റെ ശൈലിയിൽ യന്ത്രത്തിന് എഴുതാനൊക്കെ പറ്റുമോ ?'' റഫീക്കിന് സംശയം തീരുന്നില്ല.
ബി അയാളുടെ പിങ്ക് നിറമുള്ള ബാഗ് തുറന്നു. ചുവന്ന നിറമുള്ള ഒരു ബ്രീഫ് കേസ്, മിക്കി മൗസിന്റെ ചിത്രമുള്ള ഒരു പ്ലാസ്റ്റിക്ക് പൗച്ച് ,ഒരു ഫ്ലാസ്‌ക്ക് എന്നിവ പുറത്തെടുത്തു.
""നിങ്ങൾ ഈ അടുത്തിടെ ഇറങ്ങിയ "നീല രാത്രിയിൽ നീ തനിയെ'എന്ന സിനിമ കണ്ടിരുന്നോ ?'' ബി ചോദിച്ചു.
""ഉവ്വ്..''റഫീക്ക് പറഞ്ഞു.
""പാട്ടുകൾ എങ്ങിനെയുണ്ടായിരുന്നു.''
""അടിപൊളി.എന്താ ?''
""അതിൽ മൂന്നു പാട്ടുകളെ ഉള്ളു. മൂന്നും എഴുതിയത് ലെക്റ്ററാണ്.'' ബ്രീഫ്‌കേസ് തുറന്നു വെള്ളിനിറമുള്ള ലാപ്‌ടോപിലേക്ക് കേബിളുകൾ കണക്റ്റ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.
""സിനിമാഗാനങ്ങളോ ?''ഞങ്ങൾ അമ്പരന്നു.
""അതെ. ഇപ്പോഴത്തെ നമ്പർ വൺ ഗാനരചയിതാവുമായി പടത്തിന്റെ നിർമ്മാതാവ് പ്രതിഫലക്കാര്യത്തിൽ ഇടഞ്ഞു. നമ്മുടെ ഒരു ഫ്രണ്ടാ ഈ പ്രൊഡ്യൂസർ. ഞങ്ങളിത് അറിഞ്ഞപ്പോൾ ആ പ്രോജക്റ്റ് പിടിച്ചു. ലെക്റ്ററിനെ ട്രെയിൻ ചെയ്യാനും അവന്റെ പവർ പരീക്ഷിക്കാനും ഒരു അവസരമായി ഞങ്ങൾ അതിനെ കണ്ടു.'' ബി തുടർന്നു.
""എന്നിട്ട് ?'' ഞാൻ ചോദിച്ചു.
""മൂന്നു പാട്ടുകൾ ലെക്റ്റർ പ്രോഗ്രാം ഉപയോഗിച്ചു എഴുതി. മൂന്നും ഹിറ്റായി.''
""ശരിയാണ്.എനിക്ക് അതിലെ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ്.'' റഫീക്ക് പറഞ്ഞു.
""ഒരു മനുഷ്യന്റെ ഫീലിംഗ്‌സ്, ഇമോഷൻസ്, വികാരങ്ങൾ ഒക്കെ എങ്ങിനെ ഒരു യന്ത്രത്തിന് സ്വായത്തമാക്കാൻ കഴിയും?'' എനിക്ക് അത്ഭുതമടക്കാൻ കഴിഞ്ഞില്ല.
""പത്തു പതിനഞ്ചു കൊല്ലം മുൻപ് രണ്ടു ഭൂഖണ്ഡങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം കണ്ടു സംസാരിക്കാൻ കഴിയും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ?. അതുപോലെയാണ് ഒരാളുടെ ഫീലിംഗ്‌സും ടാലന്റും വേറൊരാൾക്ക് സ്വായത്തമാക്കാൻ കഴിയില്ല എന്ന വിശ്വാസം. കണ്ടുപിടിത്തങ്ങൾ ഉണ്ടാവുന്നത് വരെയുള്ളൂ അത്തരം വിശ്വാസങ്ങളുടെ ആയുസ്സ്. പാട്ടെഴുത്ത് വെറും ചീള് കേസ്. മലയാളത്തിലെ പാട്ടെഴുത്തുകാരുടെ ലൈബ്രറി വളരെ ശുഷ്‌ക്കമാണ്.അത് വളരെ എളുപ്പം നിർമിക്കാം.''
""ലൈബ്രറി ?'' എനിക്ക് മനസ്സിലായില്ല.
""പാട്ടെഴുത്തുകാർ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകളുടെ കൂട്ടം. മലർ ,മധു, കിളി മകൾ, ലത, പുഴ, വെണ്ണിലാ, പ്രണയം, ജാലകം, കാർമുകിൽ, മേഘം, പൂക്കൾ, ജീവൻ, കനവ്, മൊഴി, നീ, ഞാൻ... ഇതൊരു സാമ്പിൾ. ഇത് കൊണ്ട് ഒരു നൂറു പാട്ടുണ്ടാക്കാം. ഒരു എഴുത്തുകാരന്റെ ലൈബ്രറിയും അയാൾ ഉപയോഗിക്കുന്ന വാക്കുകളുടെ ഫ്രീക്വൻസിയും ഉപയോഗിച്ച് ട്രെയിൻ ചെയ്താൽ ലെക്ടറിനു അയാളുടെ ശൈലിയുടെ എൺപത്തിനാല് ശതമാനം സ്വായത്തമാക്കാൻ കഴിയും.''
സംസാരിക്കുന്നതിനിടയിൽ അയാൾ ബാഗിൽ നിന്നെടുത്ത ഹാർഡ് ഡിസ്‌ക്കുകൾ, കേബിളുകൾ എന്നിവ ലെക്ടറുമായും ചുവന്ന ബ്രീഫ് കേസിലെ ലാപ്‌ടോപ്പുമായും ബന്ധിപ്പിച്ചു. മേശയിൽ ആ ഫ്ലാസ്ക് മാത്രമേ ഉപയോഗിക്കാനായി ബാക്കിയുണ്ടായിരുന്നുള്ളു.
""ഈ ഫ്ലാസ്ക് വേണ്ടേ ബാഹുലെയാ സോറി ബി ?''റഫീക്ക് ചോദിച്ചു.
""അത് ലെക്ടറിനല്ല എനിക്കാണ്. എനിക്ക് ഇടക്കിടക്ക് കാപ്പി കുടിച്ചു കൊണ്ടിരിക്കണം.'' ബി പറഞ്ഞത് കേട്ടു റഫീക്ക് എന്നെ ചമ്മലോടെ നോക്കി.
ഇപ്പോൾ ലെക്ടറിനെ കണ്ടാൽ ഇ.സി.ജി എടുക്കാനായി ശരീരം മുഴുവൻ ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഒരു രോഗിയെ പോലെ തോന്നും. ഞാൻ വീണ്ടും മഞ്ഞക്കവറിലെ രാഗിയുടെ കവിതയും അവളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടൊയിലെ ആകാംക്ഷ നിറഞ്ഞ നോട്ടവും ഓർമ്മിച്ചു. കാരണമില്ലാത്ത ഒരു ദു:ഖം മനസ്സിൽ നിറഞ്ഞു.

ബിയുടെ ലാപ്‌ടോപ്പിൽ നിന്ന് പുതിയ പ്രോഗ്രാമുകൾ ലെക്ടറിന്റെ നിർമ്മിത ബുദ്ധിയിലേക്ക് പകർത്തുന്നത് ഞങ്ങൾ നോക്കിനിന്നു.
ബി ഫ്ലാസ്കിൽ നിന്ന് ഇടയ്ക്കിടെ കാപ്പി എടുത്തു കുടിക്കും. പാർലെജിയുടെ ചെറിയ പാക്കറ്റ് ബിസ്‌ക്കറ്റ് ഒന്നോ രണ്ടോ എണ്ണം തിന്നും. ബാക്കി സമയം കണ്ണുകൾ കംപ്യൂട്ടർ സ്‌ക്രീനിൽ ഉറപ്പിച്ചു അയാൾ അതിവേഗത്തിൽ കീബോർഡിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ഞങ്ങളെ വീണ്ടും വിളിച്ചു.
""നിങ്ങളുടെ ലേഖനത്തിന്റെ പ്രശ്‌നം ആദ്യം പരിഹരിക്കാം.'' ബി പറഞ്ഞു.
അയാളുടെ മുൻപിലെ സ്‌ക്രീനിലെ സോഫറ്റ്വെയറിൽ പല ചതുരങ്ങളും പല നിറത്തിലുള്ള ബട്ടണുകളും ഉണ്ടായിരുന്നു.
ലേഖനം എഴുതേണ്ട വിഷയം ആദ്യം തിരഞ്ഞെടുക്കണം. സിനിമ, രാഷ്ട്രീയ വിമർശനം, ഫെമിനിസം, വിലകയറ്റം തുടങ്ങി അനേകം വിഷയങ്ങൾ. ഏതു എഴുത്തുകാരന്റെ രീതിയിലാണ് എഴുതേണ്ടത് എന്ന് സെലക്റ്റ് ചെയ്യാനും ഓപ്ഷനുണ്ട്.
""ഭരണപക്ഷത്തിനെയാണ് വിമർശിക്കേണ്ടതെങ്കിൽ ചുവന്ന ബട്ടൻ പ്രസ് ചെയ്യണം. എത്ര ശതമാനം വിമർശിക്കണം എന്നുള്ളതിനും ഓപ്ഷനുണ്ട്. രാഷ്ട്രീയ, സിനിമ, സാംസ്‌ക്കാരിക രംഗങ്ങളിലെ ഏറ്റവും ടോപ്പ് നൂറു വ്യക്തികളുടെ ബയോഡേറ്റ, അവർ മുൻപ് സ്വീകരിച്ച നിലപാടുകൾ, അവർ വിവാദത്തിൽപ്പെട്ട സംഭവങ്ങൾ തുടങ്ങിയവ ലെക്റ്ററിന് ഇപ്പോൾ അറിയാം. ലേഖനം എഴുതുമ്പോൾ അവ ഉദ്ധരിക്കുവാനും, അവർ ഘടകവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുവാനും ലെക്റ്ററിന് കഴിയും. മനുഷ്യൻ മറക്കും. പക്ഷേ മെഷീൻ മറക്കില്ല.'' ബി പറഞ്ഞു.
ഞങ്ങൾ ലംബോദരൻ മാഷിന്റെ ലേഖനം ലെക്റ്ററിന് ഫീഡ് ചെയ്തു. അഞ്ചു മിനിട്ടിനുള്ളിൽ ലേഖനം എഡിറ്റ് ചെയ്ത പ്രിന്റ് ഔട്ട് ഞങ്ങൾക്ക് ലഭിച്ചു.
""ലംബോദരൻ മാഷ് പോലും ഇത്ര ഭംഗിയായി എഴുതില്ല.'' റഫീക്ക് പറഞ്ഞു.
""ഇത് മതി.''ഞാൻ പറഞ്ഞു.
""ലെക്റ്റർ കഥയും കവിതയും എഴുതും. ഭംഗിയായി വരയ്ക്കും. നിങ്ങളുടെ സംസാരങ്ങളും ചിന്തകളും പോലും മനസ്സിലാക്കി അതിനനുസരിച്ചു കാര്യങ്ങൾ ക്രമീകരിക്കും.'' ബി പറഞ്ഞു.
രമ്യക്ക് പകരം ലെക്റ്റർ സാഹിത്യരചനകൾ മാനേജ് ചെയ്ത ആദ്യത്തെ മാസിക പുറത്തിറങ്ങി. വളരെ നല്ല പ്രതീകരണമായിരുന്നു വായനക്കാരിൽനിന്ന് ലഭിച്ചത്. തീർത്തും അറിയപെടാത്ത ചില എഴുത്തുകാരുടെ രചനകളായിരുന്നു കൂടുതലും വെളിച്ചം കണ്ടത്.
ഞങ്ങളുടെ മാസിക ഒരു പുതിയ തരംഗം സൃഷ്ടിക്കുന്നു എന്ന് ചില നിരൂപകർ എഴുതി. വായനയുടെ വിൽപ്പനയിലും ഒരൽപം പോസിറ്റിവായി മാറ്റമുണ്ടായി.
ഏറെ നാളുകൾക്ക് ശേഷം എനിക്ക് സന്തോഷം തോന്നി. മേശവലിപ്പിൽ നിന്ന് ഞാൻ രാഗിയുടെ കവിത വീണ്ടുമെടുത്തു. നീലയുടുപ്പിട്ട സ്‌കൂൾകുട്ടികൾ ഓടിയും ചാടിയും സ്‌കൂളിലേക്ക് പോകുന്നത് പോലെ നീലനിറമുള്ള മഷികൊണ്ട് കുനുകുനാ എഴുതിയ അക്ഷരങ്ങളിലേക്ക് നോക്കി കുറച്ചു നേരമിരുന്നു.
""ലെക്റ്റർ പൊളിച്ചു അല്ലെ സാർ ?'' രമ്യയുടെ ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തിയത്. അവൾ ഒരു കപ്പു കാപ്പി ടേബിളിൽ വച്ചു.
""ഇന്ന് സന്തോഷമുള്ള ദിവസമല്ലെ എല്ലാരെയും വിളിക്ക്.. പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്യാം.'' ഞാൻ പറഞ്ഞു.
""സാറിന്റെ ട്രീറ്റ്..''രമ്യ വിളിച്ചുകൂവിയോടി.
ഞങ്ങൾ ലെക്ടറിന്റെ ചുറ്റിനും കസേരകളിലിരുന്നു.
""ലെക്റ്ററിനെ നമുക്ക് പരമാവധി ഉപയോഗിക്കണം. മികച്ചതും വ്യത്യസ്തതവുമായ കണ്ടെന്റ് പബ്ലിഷ് ചെയ്യാൻ നമുക്കിനി എളുപ്പം സാധിക്കും.'' ഞാൻ പറഞ്ഞു. ""കണ്ടെന്റ് മാത്രം പോര ,മാർക്കറ്റിംഗിലും നമുക്ക് ലെക്റ്ററിന്റെ ഹെൽപ്പ് വേണം.'' മനോജ് പറഞ്ഞു.
""അതിനുള്ള കാര്യങ്ങൾ കൂടി ബാഹുലേയൻ ചെയ്തിട്ടുണ്ട്. ട്രെയിൻ ചെയ്യാനായി ജോബ് അടുത്ത ദിവസം വരുമെന്നാ പറഞ്ഞത്.''റഫീക്ക് പറഞ്ഞു.
ഞങ്ങൾ സംസാരിക്കുന്നതിനിടയിലും ലെക്റ്ററിന്റെ ഗോളാകൃതിയുള്ള ശിരസ്സ് കറങ്ങുന്നുണ്ടായിരുന്നു. അടുത്ത മാസികയുടെ കണ്ടെന്റ് തയ്യാറാക്കുന്ന ജോലിയാണ് അത് ചെയ്യുന്നത്.
""പ്രധാനപ്പെട്ട ഒരു മെയിൽ വന്നിട്ടുണ്ട്.'' പെട്ടെന്ന് ലെക്റ്റർ അനൗൺസ് ചെയ്തു.
റഫീക്ക് മെയിൽ ബോക്‌സ് തുറന്നു.അവൻ ഒന്ന് ഞെട്ടുന്നതും മുഖമിരുളുന്നതും ഞങ്ങൾ കണ്ടു.
""എന്ത് പറ്റി ?'' മനോജ് ചോദിച്ചു.
""നിങ്ങൾടെ ജോലി പോയി. രമ്യയ്ക്ക് മാർക്കറ്റിംഗും സർക്കുലേഷനും.'' റഫീക്ക് മെല്ലെ പറഞ്ഞു.
""സർ ഞാനിനിനി എവിടെ പോയി ജോലി തപ്പും. എന്റെ വൈഫ് ഗർഭിണിയാണ്.ഞാനവളോട് ഇതെങ്ങിനെ പറയും.?'' മനോജ് കരയുന്ന സ്വരത്തിൽ ചോദിച്ചു.
""അപ്പോൾ എന്റെ ജോലി ?'' രമ്യ ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു.
""അത് ലെക്റ്റർ ചെയ്യും. ലെക്റ്റർ എല്ലാം ചെയ്യും.'' ജോബ് പറഞ്ഞു.മനോജിനെ ടെർമിനെറ്റ് ചെയ്തതിന്റെ പിറ്റേന്ന് അയാൾ ഞങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ബാക്കി മോഡ്യൂളുകൾ പരിശീലിപ്പിക്കുവാൻ വന്നതായിരുന്നു.
""ഇയാൾക്ക് ആരാ ജോബ് എന്ന് പേരിട്ടത്? മറ്റുള്ളവരുടെ ജോബ് കളയുന്നവൻ എന്ന അർത്ഥത്തിൽ ഇട്ടതാവും അല്ലെ ' റഫീക്ക് എന്റെ ചെവിയിൽ മന്ത്രിച്ചു.
റഫീക്ക് പറഞ്ഞത് ശരിയായിരുന്നു.
പിറ്റേ മാസം രമ്യയുടെ ജോലി പോയി. അതിന്റെ പിറ്റേ മാസം റഫീക്കിന്റെയും.
പക്ഷേ ഇപ്പോൾ ഞങ്ങളുടെ മാസിക നമ്പർ വണ്ണാണ്. നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ലെക്റ്ററിന്റെ ഗോളാകൃതിയുള്ള ശിരസ്സ് മാസികയെ തിരിച്ചു.
""ഇതൊക്കെ ഒരു മാറ്റമായി കണ്ടാൽ മതി. നിങ്ങളും ആ മെഷീനും മാത്രം മതി ആ മാഗസിനോടിക്കാൻ. ലെക്റ്റർ മെഷീനുകൾ വിൽക്കാൻ നൂറു കോടിയുടെ ഓർഡർ വിവിധ കമ്പനികളിൽ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്.'' എം.ഡി ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു.
ഓരോ പ്രാവശ്യവും മാസിക ഇറങ്ങിയതിന്റെ പിറ്റേന്നാണ് എന്റെ സബ് എഡിറ്റർമാരുടെ ജോലി നഷ്ടപ്പെട്ടത്.
എന്റെ സബ് എഡിറ്റർമാരാരും ഇല്ലാതെ ഞാനും ആ യന്ത്രവും കൂടി ചെയ്ത മാസികയുടെ പുതിയ ലക്കം മാർക്കറ്റിലെത്തിയ ദിവസമാണിന്ന് .
നാളെ മിക്കവാറും എന്റെ ജോലി അവസാനിക്കും.
ഞാൻ മേശവലിപ്പിൽ നിന്ന് രാഗിയുടെ കവിത അടങ്ങിയ കവർ എടുത്തു.ദേഷ്യവും സങ്കടവും കുറ്റബോധവും ഒരു തുള്ളി കണ്ണ് നീരായി അതിൽ പതിച്ചു.
എന്റെ ക്യാബിനിലിരുന്നാൽ ലെക്റ്ററിന്റെ ഗോളാകൃതിയുള്ള ശിരസ്സ് തിരിയുന്നത് കാണാം.
ഞാൻ ഓഫിസിന്റെ പിറകിലെ പഴയ പ്രസ് റൂമിലേക്ക് നടന്നു.യന്ത്രങ്ങൾ മനുഷ്യരെ ജോലി ചെയ്യിപ്പിക്കുന്ന കാലത്തിനു മുൻപ് മനുഷ്യർ യന്ത്രങ്ങളെ ഉപയോഗിച്ച് അച്ചടി നടത്തിയ കാലത്തിലെ പഴഞ്ചൻ പ്രസ്. ഉപയോഗശൂന്യമായ യന്ത്രങ്ങൾക്കിടയിൽ നിന്നും ഞാനൊരു ഇരുമ്പ് വടിയെടുത്തു കൊണ്ടുവന്നു.
തിരിച്ചു ഓഫിസിലെത്തി ഞാൻ ലെക്റ്ററിന് മുൻപിലെത്തി. അതെന്നെ ശ്രദ്ധിക്കാതെ അടുത്ത മാസത്തെ മാസികയുടെ വർക്കുകൾ ചെയ്യുകയാണ്.
ഞാൻ വടി ഉപയോഗിച്ച് അതിന്റെ ശിരസ്സ് തല്ലിപ്പൊട്ടിച്ചു. പിന്നെ അതിനെ ചവിട്ടി മറിച്ചിട്ടു. എന്നിട്ട് ഞാൻ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു.
പൊടുന്നനെ തകർന്ന ഗോളാകൃതിയുള്ള ശിരസ്സിൽനിന്നും ഞാൻ രാഗിയുടെ ശബ്ദം കേട്ടു.
""ഞാൻ എങ്ങും പോയിട്ടില്ല...ഞാനുണ്ട് കൂടെ..'' രാഗിയുടെ നനുത്ത സ്വരം.
ഞാൻ ഞെട്ടിത്തരിച്ചിരിക്കെ എന്റെ തോളിലാരോ സ്പർശിച്ചു.
ബി.
""യന്ത്രത്തിനു നിങ്ങളുടെ ഉള്ളിലെ ചിന്തകൾ തിരിച്ചറിയാം.നിങ്ങളുടെ ഉള്ളിൽ രാഗി മാത്രമാണ്. നിങ്ങളുടെ ജോലി അവസാനിച്ചു. നിങ്ങൾക്ക് പുതിയ ഒരു ജോലി ഞാൻ തരാം.''
""എന്ത് ജോലി ?'' ഞാൻ ചോദിച്ചു.
""ചിത്രകാരൻമാർ മോഡലുകളെ ഉപയോഗിക്കുന്നത് പോലെ കുറ്റമറ്റ യന്ത്രങ്ങളെ നിർമ്മിക്കാൻ കമ്പനിക്ക് മനുഷ്യ മോഡലുകൾ വേണം. നിങ്ങളുടെ പഴയ സഹപ്രവർത്തകർ ഞങ്ങളുടെ ലാബിലെ മോഡലുകളാണ്. നിങ്ങൾ.. നിങ്ങൾക്ക് ഒരു മികച്ച മോഡലാവാൻ കഴിയും.''
ബി എന്നെ ആശ്വസിപ്പിച്ചു. ▮

ലെക്റ്റർ (ലാറ്റിൻ)-വായനക്കാരൻ.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments