ഓസ്റ്റിൻ

ലോഹവലയത്തിലെ ടാക്കീസുകാരി

ചുടുരക്തം പുരണ്ട മൂർച്ചയുള്ള കത്തി നിലത്തിട്ട് നടുവിരലടർന്ന കൈപ്പത്തിയും ഇറ്റിച്ചുകൊണ്ട് റാഹേല് സ്തബ്ധയായി വാതിൽ ചാരി നിന്ന സൂസന്റെ അടുത്ത് വന്നു ചെവിയിൽ മൂളി: ‘ഒരുപാട് നാളിനുശേഷം ഞാൻ എന്നോട് തന്നെ ഒത്തുതീർപ്പിലെത്തിയിരിക്കുന്നു കുഞ്ഞേ’.

‘When aunt is dead, her terrified hands will lie still ringed with ordeals she was mastered by’.
-Aunt Jennifer's Tigers; Adrienne Rich

സൂസൻ ടീച്ചർ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആകെ കുഴഞ്ഞ മട്ടായിരുന്നു. അവർ എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും റാഹേലമ്മയുടെ മനസ്സിനെ വഴിതിരിച്ചു വിടാൻ കഴിഞ്ഞില്ല.

ഷിഫ്റ്റ് കഴിഞ്ഞ് റൂമിൽ വന്ന് കുളിച്ചു കയറി, അടുക്കളയിൽ പുതിയ ടർക്കിഷ് രീതിയിലുള്ള പാചകപരീക്ഷണത്തിലേർപ്പെട്ട രവിയേട്ടനും 'ബോട്ടിം' വഴി സൂസനെ ആശ്വസിപ്പിക്കാനുള്ള ശ്രമം പാഴാക്കിയില്ല.

'ഇത്രയും നാള് കാണാതെ ഒക്കെ ഇരുന്നതിന്റെ ഒരു എക്സൈറ്റ്മെന്റ് ആകും. പിന്നെ, പ്രായമൊക്കെ മനസ്സിനെ ബാധിക്കുന്നുണ്ടെങ്കിലല്ലേ പ്രശ്‌നമുള്ളൂ? ഷീ ഈസ് മെന്റലി യങ്. നീ ബേജാറാകാതെ ചുമ്മാ പോയേച്ചുമൊക്കെ വായോ.'

എന്നാൽ, അത്തരം പാഴ് ജല്പനങ്ങളൊന്നും സൂസൻ ടീച്ചറിന്റെ അങ്കലാപ്പുകളെ ശാന്തമാക്കിയില്ല.

ഗീവറുഗീസ് പുണ്യാളന്റെ നാമത്തിലുള്ള നേർച്ച വിരുന്നും കഴിഞ്ഞ് നല്ലൊരു ന്യായറാഴ്ച ദിവസമായ അന്ന് ബസിൽ കയറുന്ന നേരം വരെ ആ ആധി അവരെ, പെരുന്നാളിന്റെ ജനാവലിക്കിടയിൽ കൈവിട്ടുപോകുന്ന കൊച്ചിന്റെ നിലവിളി പോലെ വിടാതെ പിന്തുടർന്നു.

'റാഹേലമ്മേ, ബസ് എടുത്താ പിന്നെ ഒരു തിരിച്ചു പോക്ക് കാണുകേല. ഒന്നൂടി കണ്ണടച്ച് ഇരുത്തി ഒന്ന് ആലോയിച്ചേ; ഈ പ്രായത്തില് ഇനി ഓരോന്ന് തേടി പിടിച്ചൊക്കെ പോണോ?'

കാലപ്പഴക്കം ചെന്ന മുരടനായ ആന വണ്ടി കറുത്ത പുകയും വിറച്ചാഞ്ഞു തുപ്പിക്കൊണ്ട് കുമ്പഴ സ്റ്റാന്റ് വിടും നേരം സൂസൻ ടീച്ചറ് കടുകുമണിയോളം പോന്ന പ്രത്യാശയോടെ ചോദിച്ചു.

'ആടി കൊച്ചേ, ഇപ്പൊ വല്ലതും ചെയ്താലായി. ഒടുക്കം പിന്നെ അന്ത്യകൂദാശ തരാൻ നേരം, ഇനി വെല്ല ആഗ്രഹവുമുണ്ടോ അമ്മച്ചിയേ? എന്ന് ചോയിക്കുമ്പം, അയ്യോ പൊത്തോ! എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതോണ്ട് നീ അവിടെങ്ങാനും സ്വസ്ഥമായിട്ട് ഇരിക്ക്. ബാക്കി ഞാൻ നോക്കിക്കോളാം.'

അല്പം മൂശേട്ടയോടെ തന്നെ റാഹേലമ്മ പറഞ്ഞു. സൂസൻ ടീച്ചറ് ഒന്നും മിണ്ടാതെ തല പെരുത്ത് സീറ്റിലേക്ക് കുമിഞ്ഞ് കൈയും കെട്ടിയിരുന്നു.

നട്ടുച്ചയോടടുത്തിരുന്ന വെയില് ആറ്റിൽ തുലാങ്ങൾ ചാർത്തി വെട്ടിത്തിളങ്ങി. അതിലേക്ക് തന്നെ നോക്കി ഇരുന്ന സൂസന്റെ കണ്ണ് മഞ്ഞളിച്ചപ്പോൾ അവൾ ദൃഷ്ടി പിൻവലിച്ച് റാഹേലമ്മേടെ ഇടത്തെ കൈത്തലമെടുത്ത് മടിയിൽ വെച്ച് മെതുവെ ഉഴിഞ്ഞു. വളരെ കാലം മുൻപ് അണിയിക്കപ്പെട്ട മോതിര വലയത്തിൽ ഇറുകിയ നടുവിരലമർന്ന് റാഹേലമ്മ ഇരുന്ന ഇരുപ്പിൽ ആരോരുമറിയാതൊന്ന് ഞെരിപിരി കൊള്ളുകയും ചെയ്തു.

മൂന്നു ദിവസം മുൻപായിരുന്നു റാഹേലമ്മയെ തേടി കുമിളിയിൽ നിന്ന് കോട മഞ്ഞിന്റെ തണുപ്പും കൈതച്ചക്കേടെ പുളിപ്പും മണവുമുള്ള ആ കത്ത് വന്നത്. സൂസൻ ടീച്ചറ് സ്‌കൂളി പോയിട്ട് വന്നപ്പഴും റാഹേലമ്മ കത്ത് വായിച്ചപ്പോഴുണ്ടായിരുന്ന അതേ തരിപ്പോടെ സോഫയിൽ കുത്തിയിരുപ്പുണ്ടായിരുന്നു.

'ഇതെന്നാ ഇരിപ്പാന്നേ? ചായയും കാപ്പിയുമൊന്നും വേണ്ടായോ?'
ഒന്നും മിണ്ടാതെ റാഹേലമ്മേടെ തിമിരം ചുറ്റിയ കൺകോണുകൾ എന്തോ ഓർത്തെടുക്കും പോലെ നിലത്ത് അങ്ങിങ്ങായി തത്തി കളിച്ചു. ലോഹ വലയത്തിൽ എരിഞ്ഞമർന്ന വിരലിൽ നിന്നും വിറയലാർന്ന കത്ത് സൂസൻ മേടിച്ചു നിവർത്തി: 'പ്രിയപ്പെട്ട റാഹേൽ കൊച്ചേ,
കുസുമമേ,
ദൈവനാമത്തിൽ ആദ്യം തന്നെ സ്തുതി നേരട്ടെ,
എന്റെ ഇവിടുത്തെ വേല ഫലസമാപ്തിയിൽ എത്തിയിരിക്കുന്ന കാര്യം നിന്നെ സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
കർത്താവേശുമിശിഹായാൽ എന്നിൽ ഭരമേല്പിച്ച തരിശ്ശിടം വെട്ടികിളച്ചു വെള്ളവും വളവുമേകി ഒരു പുന്തോട്ടമായി ഞാൻ മാറ്റിയിരിക്കുന്നു.
പൂക്കളും പഴങ്ങളുമുള്ള പൂന്തോട്ടം.
സുഗന്ധവും രുചികരവുമായ പൂന്തോട്ടം.
ഒടുക്കം, കൂലിക്കാരന് മുന്തിരിവള്ളിയോടെന്ന പോലെ ഒരടുപ്പം ഞാനിവിടെ അനുഭവിക്കുന്നു. ആയതിനാൽ, മടങ്ങി വരവ് എന്നൊന്ന് ഉണ്ടാകില്ല.
മിച്ചമുള്ള അസുലഭ നാളുകൾ ഒരുമിച്ചു ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തീരുമാനമെടുക്കാൻ നിനക്ക് ബുദ്ധിമുട്ടുണ്ടേൽ, നടുവിരലിലെ മോതിരത്തിൽ വിരലുകൾ ചുറ്റുക. മോതിരത്തെ വലയം ചെയ്യുന്ന മിടിപ്പിൽ നീ അറിയും, അതിൽ വെട്ടുന്ന പ്രണയത്തിന്റെ മിടിപ്പ്; അത് ന്റേതാണ്... നിന്റേതുമാണെന്ന്.

സ്‌നേഹാദരങ്ങളോടും,
ചുംബനങ്ങളോടും കൂടെ,
വറീദു മാപ്പിള..'

'ങാ, ഇത് ചിന്തിച്ചാണോ അമ്മച്ചി വെറുതെ തല പുണ്ണാക്കുന്നത്. തിരിച്ച് മറുപടി അയക്ക് അമ്മച്ചി വരാൻ സൗകര്യമില്ലെന്ന്’, മുഷ്ടിക്കിടയിൽ പാതി ചുരുട്ടിയ കടലാസ് അമ്മാനം ആട്ടിക്കൊണ്ട് സൂസൻ പറഞ്ഞു.

'അങ്ങനെ അല്ലെടി കൊച്ചെ. കാര്യമെന്നാ ഒക്കെ പറഞ്ഞാലും അച്ചായൻ വിളിച്ചാ ഞാൻ പോണം. അല്ലെങ്കി, ഇതിനൊന്നും ഒരർഥം ഇല്ലാതാകും’.

സൂസന്റെ അമ്പരപ്പ് ഗൗനിക്കാതെ റാഹേലമ്മ നടുവിന് യതം കൊടുത്ത് വിമ്മിട്ടപ്പെട്ട് എഴുന്നേറ്റുപോയെങ്കിലും അവർ അവ്യക്തമായി മൂളിയ പാട്ട് സൂസൻ വ്യക്തമായി കേട്ടു:

ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ
ഓമലേ... ആരോമലേ…
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി…

ചുണ്ടിൽ മൂളിയ പാട്ട് ഏത് സിനിമയിൽ നിന്നാണെന്നു ഓർമ്മയില്ലെങ്കിലും സിനിമാകമ്പം കഴുത്തിൽ പിടിച്ച് തൂക്കിയ ആ രാവ് റാഹേലിനു നല്ല തെളിമയോടെ ഓർത്തെടുക്കാൻ കഴിയുമായിരുന്നു.

ചന്ദ്രികച്ചാറു പൊഴിച്ച രാത്രിയുടെ ഏറ്റവും നിഗൂഢമായ യാമത്തിൽ തന്നെയാണ് അതും സംഭവിച്ചത്; തണ്ടാൻ പൈലി ഉപ്പൂറ്റിയിൽ സ്‌ളായിപ്പ് പിരുകി തെങ്ങ് കയറാൻ തുടങ്ങിയിരുന്നു. ക്ഷുദ്രജീവികൾ രാവിനെ ഭരിക്കാൻ മാളങ്ങളിൽ നിന്നും തല പുറത്തിട്ട് കണ്ണ് ചിമ്മി. അന്തി ചന്തേന്നും കുന്നിൻ മണ്ടേന്നും പുരുഷന്മാരും സ്ത്രീകളും കാളുന്ന വയറോടെ നിഴലുകൾ പോലും കൂട്ടില്ലാതെ കൂരകളിലേക്ക് വിവശരായി നടന്നു.

കപ്പിയാര് ശൗമേല് പള്ളി കമാനവും താഴിട്ടു പൂട്ടി തോർത്ത് മുണ്ട് വരഞ്ഞ ശിരസ്സോടെ വരമ്പിന്റെ തെക്കേ അതിരിൽ വസിക്കുന്ന ആശ്രിതയുടെ കൂരയിലേക്ക് ടോർച്ചിന്റെ കണ്ണ് പൊത്തി നിലാവെട്ടത്തെയും പ്രാകി നടന്നു.

സുഷുപ്തിയിലാണ്ട വറീദു മാപ്പിളയുടെ അരികിൽ നിന്നുമെണീറ്റ് നിലത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന പിള്ളേരെ ചവുട്ടാതെ തൂവൽസ്പർശത്തോടെ റാഹേൽ പറമ്പിലേക്കിറങ്ങുന്ന അര വാതിലും തുറന്ന് മിറ്റത്തേക്കിറങ്ങി.

മഞ്ഞിന്റെ പാളിയിലൂടെ നടന്ന് കൈത്തോടും ചാടി കടന്ന് പ്ലാവിനെ വലയം ചെയ്തിരുന്ന ചുടുകല്ല് കൊണ്ട് തീർത്ത ഒരാൾ പൊക്കത്തിലുള്ള മതിലിൽ റാഹേൽ കാതടുപ്പിച്ചു ചേർന്നു നിന്നു.

ഗൗളികളുടെ പേട്ടു വർത്താനവും തോട് തെളിഞ്ഞൊഴുകുന്ന ശബ്ദവും കിഴിച്ചാൽ ചുടുകട്ടയുടെ സുഷിരങ്ങളിലൂടെ ഊറി വരുന്ന ചെറു തണുപ്പിനൊപ്പം, റേഷൻ കടയുടെയും ചൈനാ മുക്കിന്റെയും ഒത്ത നടുക്കായി സ്ഥിതി ചെയ്തിരുന്ന രേവതി ടാക്കീസിൽ നിന്നും സെക്കൻഡ് ഷോയുടെ തരണികൾ അവളുടെ മുടിയിലും നെഞ്ചത്തും കവിളിലുമൊക്കെ മോഹനീയമായി വന്ന് ചുണ്ടോടിച്ചു.

കല്ലുപ്പിന്റെ മിനുസമുള്ള മണൽ വിതറുമ്പോൾ പൂമൊട്ട് പോലെ ചുരുങ്ങി വിടരുന്ന സുഭാസിനിയുടെ പുക്കിൾ ഞെട്ട് കണ്ട് തകരയ്ക്കൊപ്പം റാഹേലും കവിള് ചോപ്പിച്ചു. കുട്ട്യേടത്തിയെ നാരായണി മുടിക്കെട്ടിൽ വാരി വലിച്ചിഴച്ച് ചൂലും കൊണ്ട് വിറളി പിടിച്ച് തല്ലിയപ്പോൾ അവളുടെ കണ്ണീരേറ്റ് കൽ ഭിത്തി വരെ തലയിണ പോലെ കുതിർന്നു. ജയന്റെ ഓരോ ഇടിമുഴുക്കൻ സംഭാഷണത്തിനും ടാക്കീസിനൊപ്പം അവളും അനേകം രോമങ്ങൾ കോൾമയിർ കൊണ്ട് പൊഴിച്ചിട്ടു.

ഇപ്പോഴിതാ, സി, ഐ. ഡി. നസീറിന്റെ അവസാന രംഗത്തിൽ മാളിക അങ്കണത്തിൽ വെച്ച് പ്രേം നസീർകൊലയാളിയെ വെളിപ്പെടുത്തുന്ന മുൾമുനയിൽ കാതു കൂർപ്പിച്ചു നിന്നപ്പോഴായിരുന്നു ഘാതകന്റെ കഠാര വെട്ടോടെ വറീദിന്റെ ഒച്ച പിന്നിൽ നിന്നും അവളെ അടപടലം പിടി കൂടിയത്, 'നീ ഈ പാതിരാത്രിക്കിവിടെ എന്നാ ഒടുക്കുവാടി കൊച്ചേ?'

ഞെട്ടിവിറച്ചു റാഹേല് കൊഴ തെറ്റി വീണത് പുതുതായി തടമെടുത്ത വാഴ കുടുമയിലോട്ടാണ്. അതിൽ നിന്ന് അന്നേരം തന്നെ ഒരു കരിമ്പൂച്ച, 'എന്നു തീരുമെന്റെ കഷ്ടം ഇന്നീ മണ്ണിലെ?' എന്ന മട്ടിൽ ചപ്പിന്റെ ഇടയിൽ നിന്നും ചാടി വാലും ചുഴുറ്റി പരക്കം പാഞ്ഞു.

റാഹേലിനെ ബാധിച്ച സിനിമാകമ്പത്തിന്റെ പ്രഹേളിക പറഞ്ഞവസാനിച്ചതും അവൾ കരുതിയത് വറീദു മാപ്പിള രണ്ട് ആട്ടും തുപ്പിന്റെ അകമ്പടിയോടെ തനിക്കിട്ടു രണ്ട് കീച്ചു കീച്ചും എന്നതാണ്. ആ തീണ്ടലിൽ രണ്ട് തുള്ളി തുടയിടുക്കിൽ ചൂട് പടർത്തി എന്നതും സത്യം. എന്നാൽ, വറീദു മാപ്പിള വലിയ വായിൽ ഉറക്കെ ഉറക്കെ ചിരിച്ച് റാഹേലിനരികിലായി ചാരി ഇരുന്നു.

'ന്റെ റാഹേൽ കൊച്ചേ. നീ ഇത് എന്നോട് നേരത്തും കാലത്തും പറഞ്ഞിരുന്നേൽ സുഖമമായി ഇരുന്നു കേക്കാൻ പാകത്തിന് ഏറുമാടം പോലൊരു സംവിധാനം ഞാൻ തന്നെ ഉണ്ടാക്കി തരത്തില്ലായിരുന്നോ. ന്താണേലും പോയി കാണാൻ ഒക്കുകേല. അപ്പൊ, അതേലും മെനക്കങ്ങ് നടന്നേനെ’.

‘ഞാനപ്പൊ സിൽമ കേക്കുവേം കാന്നുവേം ചെയ്യുന്നേലൊന്നും നിങ്ങക്ക് കെറുവില്ല?’, ചന്ദ്രികച്ചാറിനൊപ്പം റാഹേലും സംശയിച്ചു.

‘ബൈബിളും കൊണ്ട് പ്രഘോഷണത്തിനു ഇറങ്ങിയേന് ശേഷം ഇന്നേ വരെ കുടുംബത്തിലെ ഒരു കാര്യത്തെ കുറിച്ചും എനിക്ക് തല പുണ്ണാക്കേണ്ടി വന്നിട്ടില്ല. എല്ലാം നീ തന്നെ കണ്ടറിഞ്ഞു ചെയ്തിട്ടുണ്ട്. ഞാൻ പിന്നെ എന്നാത്തിനാ വേണ്ടാത്ത ഓരോ കാര്യങ്ങളിലൊക്കെ ആകുലപ്പെടുന്നത്?'

സ്‌നേഹം മൂത്ത് റാഹേലന്നേരം വറീദു മാപ്പിളയുടെ കാതറ്റത്ത് ചുണ്ടമർത്തിയൊന്നു കടിച്ചു. അത് കണ്ട് പ്ലാവിൽ ഉറക്കം തൂങ്ങിയിരുന്ന കുറുങ്ങ്ണത്തികൾ കുറുങ്ങ്ണിക്കുകയും ചെയ്തു. വെട്ടം കീറും വരെ അയാൾ അവളുടെ മടിയിൽ സിനിമാ കഥകളും കേട്ടുകൊണ്ട് കിടന്നു.

പരസ്പര ധാരണയിലാണ് അവർ പിന്നെ ദിവസങ്ങൾ ചെലവാക്കിയത്. അന്തിനേരത്ത് മാപ്പിള താൻ സന്ദർശിച്ച രോഗികളുടെ വീട്ടു വിവരണങ്ങളും കൺവെൻഷനുകളെപ്പറ്റിയും വാചാലം ആകുമ്പോൾ റാഹേലാകട്ടെ താൻ കാതാലെ കേട്ട് ഉള്ളാലെ കണ്ട് ചിട്ടപ്പെടുത്തിയ സിൽമാ കഥകൾ അഭ്രപാളിയിലെന്നതു പോലെ വറീദീന് മുന്നിൽ പ്രദർശിപ്പിക്കും. അകാലത്തിൽ മരണമടഞ്ഞ നായികയെ ഓർത്ത് വിഷാദഗാനം പാടുന്ന നായകനൊപ്പം കണ്ണുനീർ തൂവുന്ന വറീദു മാപ്പിളയെ തന്റെ നെഞ്ചോടു ചേർത്ത് സമാശ്വസിപ്പിച്ച് അവർ ഉറക്കത്തിലേക്ക് ലയിക്കാറായിരുന്നു പതിവ്.

അങ്ങനിരിക്കെയാണ് മാതൃസമാജത്തിന്റെ പ്രാർഥനാ കൂട്ടായ്മയിൽ റാഹേലിന്റെ സിനിമാഭ്രമം ചർച്ചയായത്. പ്രാർഥന കഴിഞ്ഞ് ചായയും മുന്തിരിക്കൊത്തും കൊറിക്കുന്ന നേരം റാഹേല് 'ശരപഞ്ജരം' സിനിമയിൽ ജയന്റെ മൂരി ഉഴിയൽ വിവരണത്തിലായിരുന്നു:

'ന്റെ പൊന്നോ, ജയൻ ചേട്ടൻ മുട്ടനാ കുതിരേടെ നെടും പുറം ചേർത്ത് എണ്ണ തടവുന്നത് പാരപ്പറ്റേൽ നിന്നോണ്ട് ഷീലാമ്മ നോക്കുന്ന ആ നോട്ടമൊന്ന് കാണേണ്ടത് തന്നെയാ. എന്നാ ഒരു അലിവാ. കേട്ട് നിന്ന എനിക്ക് വരെ പ്രേമം തോന്നി പോയി’.

'ങാ, അതുകൊണ്ട് തന്നെയാ ഇമ്മാതിരി സിൽമകള് നിഷിദ്ധമാണെന്നു പറയുന്നത്’.

ചുറ്റും കൊരണ്ടിയിൽ കൂടിയിരുന്ന് ആവേശ ഭരിതരായിരുന്ന സകല സ്ത്രീകളും തിരിഞ്ഞ് പള്ളി സെക്രട്ടറി പീറ്ററച്ചായന്റെ ഭാര്യയെ നോക്കി.

'അതെന്നാ വാർത്താനാവാ ചേട്ടത്തിയെ. റാഹേലേച്ചി പറഞ്ഞത് നല്ല കഥയല്ലയോ?' തണ്ടാൻ പൈലിയുടെ ഭാര്യ അഭിപ്രായപ്പെട്ടു.

'നല്ലതൊക്കെയായിരിക്കും. പക്ഷേ, അതൊക്കെ പറയേണ്ടതങ്ങ് സിനിമാ കൊട്ടകേലും ചായ പീടിയേലുമൊക്കെയാ. പ്രാർഥിക്കാൻ കൂടുന്നിടത്ത് പെണ്ണുങ്ങള് കണ്ട മോഹകഥകളും പറഞ്ഞോണ്ടിരുന്നാലെ, അതിന്റെ ദോഷം കുടുംബത്തിനു തന്നെയാ’.

പീറ്ററച്ചായന്റെ ഭാര്യയുടെ വാദം കേട്ട് ശെരിവെച്ച സ്ത്രീകൾ നേരിയതിന്റെ അറ്റം തല വഴി മൂടിയിട്ട് കരുണകൊന്ത ഉരുവിടാൻ തുടങ്ങി. റാഹേല് പക്ഷേ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

'ഈശ്വരചിന്ത മനസ്സില് മതി ചേട്ടത്തിയേ. സദാ നന്മ നിരൂപിക്കുന്ന മനസ്സാ തമ്പുരാന് പ്രിയങ്കരം. എന്നും കരുതി സിൽമാ കണ്ടൂടെന്നുണ്ടോ? എന്നാ നല്ലൊരു ഇടവാ സിൽമാ കൊട്ടക. പള്ളി പോലെ ന്തോരം ജനം. ഞൊണ്ടിയും, ചെകിടനും, കഴുവേറിയും, മീൻപിടുത്തക്കാരനുമെല്ലാം ഒപ്പത്തിനൊപ്പമിരുന്ന് സിൽമ കാണുന്നു. കരയുന്നു, കയ്യടിക്കുന്നു, ഉച്ചത്തില് ചൂളമിടുന്നു. വേറെ എവിടെ കാണും ഇതെല്ലം? പോരാത്തേന് നാടോടിയായ ക്രിസ്തു നാടകശാലയിലിരുന്നു കളി കണ്ടിട്ടില്ലെന്ന് ന്താ ഇത്ര ഉറപ്പ്?’

റാഹേലിന്റെ ആ പ്രസ്താവന പീറ്ററച്ചായന്റെ ഭാര്യയുടെ തലയ്ക്കകത്ത് കനല് കോരിയിട്ടു. കാപ്പി വിരുന്നും കഴിഞ്ഞ് കവിളിൽ ഈളയോ മേത്ത് മണ്ണോ പറ്റാതെ സഹജീവികളെ ആലിംഗനം ചെയ്തിറങ്ങിയ പീറ്ററച്ചായന്റെ ഭാര്യ വെച്ച് പിടിച്ചത് റേഷൻ കടയിലേക്കാണ്. അവിടെ ചെന്നതും ക്രൂശിൽ തമ്പുരാനെ കണ്ട വെറോനിക്കായെ പോലെ അവരൊരു ചങ്കത്തടിപ്പും, ഒരു കാറലും നിവേദിച്ചു, 'വഴി പിഴച്ചു പോയേ, നമ്മടെ മാപ്പിളേടെ കെട്ട്യോള് വഴി പിഴച്ചു പോയേ'

റേഷൻ കടക്കാരന്റെ കൈയീന്ന് മണ്ണെണ്ണ ത്രാസും വരിയിൽ നിന്നവരുടെ കൈയീന്ന് സഞ്ചിയും തൊട്ടരികത്തെ ആൽമര തലപ്പിൽ ചേക്കേറിയ ഉപ്പനുകൾ കരഞ്ഞു വിളിച്ചോണ്ട് പരക്കം പാഞ്ഞ ഒരു സായാഹ്നമായിരുന്നു അത്.

റാഹേലിന്റെ പ്രബോധനങ്ങളെ തുടർന്ന്, ഞാറ്റു പെണ്ണുങ്ങൾ ‘അവളുടെ രാവുകളിലെ’ സീമയെ പോലെ നീളം കൂടിയ ഷമ്മീസ് മാത്രം ധരിച്ച് ഉച്ചത്തിൽ പാട്ടു പാടാൻ തുടങ്ങിയതൊക്കെ തലയെടുപ്പുള്ള കുടുംബത്തിലെ ആണുങ്ങളെ വല്ലാതെ വേവലാതിപ്പെടുത്തി.

സിനിമാ പ്രേരിരതരായ അവർ നാളികേരം തങ്കരം വെച്ചും, തയ്യൽ മെഷീനിൽ തുന്നി കിട്ടിയ കാശുമൊക്കെ കൊണ്ട് ‘സ്വയംവരം' സിനിമ കാണാൻ പോയതൊക്കെ നിനവെയ്ക്ക് സമാനമായ പാപത്തറയാക്കി ആ നാടിനെ മാറ്റി. കയർക്കാൻ ചെല്ലുന്ന നാഥന്മാരോട് പെണ്ണുങ്ങള് വാദങ്ങളും പ്രതിവാദങ്ങളും നിരത്തുന്നത് കേട്ടുനിൽക്കാൻ ത്രാണി ഇല്ലാത്തവർ മുടി വലിച്ചു പറിച്ച് മുണ്ടൻമലയിലേക്ക് നാണക്കേട് കൊണ്ട് പോയി രാപാർത്ത അവസരങ്ങൾ വരെ ഉണ്ടായി.
ഇതിനെല്ലാം അറുതി വരുത്താൻ കഴിയുന്ന ഒരേ ഒരാൾ വറീദ് മാപ്പിള ആയിരുന്നു. അയാളോട് ഖിന്നരായ അവർ കാര്യം കാര്യമായി പറയുമ്പോൾ അയാൾ അതെല്ലാം കേട്ടിട്ട് ചിരിച്ചു തള്ളാറായിരുന്നു പതിവ്.

‘അവളോട് ഒരു കാര്യം ചെയ്യരുതെന്ന് പറയുകേം അവളത് ചെയ്യാതെ ഇരിക്കുകയും ചെയ്താൽ നാളെ ഞാനും അതെ ശാസനയ്ക്ക് യോഗ്യനാണ്. നാളെ അവൾ എന്നോട് ഈ പ്രേഷിത പ്രവർത്തനം നിർത്താൻ പറഞ്ഞാൽ എന്നെ കൊണ്ടൊന്നും ആവുകേലാ അത് അനുസരിക്കാൻ’.

'ഓ, ന്റെ മാപ്പിളച്ചായോ, അത്ര കൂറിന്റെ ആവശ്യമൊന്നും ഇല്ല. കുടുംബമോടാൻ ഒരാള് പറയുന്നത് വേദവാക്യമായി എടുത്തോണ്ടാ മതി. തിരിച്ചങ്ങനെ ഇല്ലേലും ഇപ്പൊ വലിയ പ്രശ്‌നം ഒന്നുമില്ല.' രഹസ്യ വിവരം കൈമാറുന്ന ജാഗ്രത്തോടെ പറിങ്കി വാറ്റുന്ന ഇട്ടൂപ്പ് പിൻ കഴുത്തും ചൊറിഞ്ഞോണ്ട് പറഞ്ഞു.

‘തന്നെത്തന്നെ എന്നതുപോലെ ഭാര്യമാരെ സ്‌നേഹിക്കാനും, അവരോടു കൈപായിരിക്കരുതെന്നുമല്ലയോ ഇട്ടൂപ്പെ, തമ്പുരാൻ വരെ പറഞ്ഞിരിക്കുന്നത്’ എന്നും പറഞ്ഞോണ്ട് ഇട്ടൂപ്പിന്റെ തോളത്തിട്ട് രണ്ട് തട്ടും തട്ടീട്ട് വറീദു മാപ്പിള അയാളുടെ വഴിയേ പോകും.

ഇടവകവിശ്വാസികളുടെ സമ്മർദം സഹിക്കവയ്യാതെ വന്നപ്പോഴായിരുന്നു വലിയ കോരുതച്ചൻ മാപ്പിളച്ചായനെ മിഷൻ പ്രവർത്തനത്തിനായി കുമിളിയിലേക്ക് അയക്കാനുള് ധാരണ ഐകകണ്‌ഠ്യേന തീരുമാനിച്ചത്.

കുമിളിയിലേക്ക് പോകുന്നതിന്റെ മൂന്ന് ദിവസം മുന്നേ കോരുതച്ചൻ വറീദ് മാപ്പിളയെ മേടയിലേക്ക് വിളിപ്പിച്ചു.
‘നിനക്കെത്ര മക്കളായിരുന്നു വറീദേ?' ചേട്ടന്റെ മകൻ സൗത്ത് ആഫ്രിക്കയിൽ നിന്നും സമ്മാനിച്ച സെറാമിക്ക് വാസിൽ നിന്നും കപ്പുകളിലേക്ക് കാപ്പി പകർന്നുകൊണ്ട് അച്ചൻ ചോദിച്ചു.
‘മൂന്ന്. ന്താ അച്ചോ?'
‘നീയങ്ങ് പോയേനു ശേഷം അവരുടെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'
ഒന്നും മിണ്ടാതെ വറീദ് അർധോക്തിയിൽ അച്ചനെത്തന്നെ മിഴിച്ചിരുന്നു.
‘നീയങ്ങ് പോയി കഴിഞ്ഞാൽ അവർ കൊടിയ അനാഥത്വം അനുഭവിക്കും. സമൂഹത്തിൽ നിന്നും അവർ ഒറ്റപ്പെടും’.
അച്ചൻ പറഞ്ഞത് അയാൾക്ക് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല.
'നീ ഈ ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ?'
'ഏതാ അച്ചോ?'
'റാഹേലിനെ ഇങ്ങനെ തന്നിഷ്ടപ്രകാരം കയറൂരി വിട്ടിരിക്കുന്നത്. അതെന്ത് ഹാനികരമായ ഉദാഹരണമാണ് സമൂഹത്തിനു നേരെ തൊടുത്ത് വിടുന്നതെന്ന് തനിക്ക് വെല്ല നിശ്ചയവുമുണ്ടോ?'

‘ന്റെ പൊന്നച്ചോ, അവൾ പ്രാർഥിക്കുന്നുണ്ട്, ഉപവസിക്കുന്നുണ്ട്, പിള്ളേർക്ക് വേദപാഠം പറഞ്ഞു കൊടുക്കുന്നുണ്ട്, എളിയവരെ സഹായിക്കുന്നുമുണ്ട്. ഇതൊന്നുമല്ലാതെ അവൾക്കിഷ്ടമുള്ളത് ചെയ്യരുതെന്ന് ഞാൻ എങ്ങനെയാ അച്ചോ പറയുക? അതിനെന്നെ ആരും ഭരമേല്പിച്ചിട്ടില്ല’.

പാൽപ്പാട ഊതി കാപ്പി നുണഞ്ഞിരുന്ന അച്ചൻ കപ്പ് മേശമേൽ വെച്ചിട്ട് വറീദിനോട് കൊടും കൈ കുത്തി ചേർന്നിരുന്നു.
'നാടാകെ ഇളകിയിരിക്കുകയാണ്. കഴിഞ്ഞ കമ്മിറ്റി നിറയെ ഇതായിരുന്നു വർത്താനം. നീ റാഹേലിനെ പറഞ്ഞു മനസ്സിലാക്കണം. ആ പിള്ളേരെ ഓർത്തെങ്കിലും’.

തുലാം മഴ ചാറും മുന്നേ ഇറങ്ങാൻ നേരം അലമാര പാളി തുറന്ന് വെഞ്ചരിച്ച ബൈബിളും സിക്കമൂർ പൂക്കളുടെ സുഗന്ധമുള്ള കൊന്തയും കൊടുത്തുകൊണ്ട് കോരുതച്ചൻ വീണ്ടും വറീദിന്റെ കാതിൽ താക്കീതു നൽകി:
'എത്ര സ്വതന്ത്രമായി കാറ്റിൽ പാറിയാലും പട്ടത്തിന്റെ നിയന്ത്രണ നൂല് നമ്മടെ കൈവശമില്ലെങ്കിൽ അത് പതിക്കുക തന്നെ ചെയ്യും വറീദേ. അതിന്റെ പതനം വലുതുമായിരിക്കും’.

തുടർന്നുള്ള ദിവസങ്ങളിൽ മാപ്പിള വീട്ടിൽ അസ്വാരസ്യങ്ങൾ ചേക്കേറി. വറീദു മാപ്പിള പല രീതീലും, സ്ഥിതിഗതികളും ഭവിഷ്യത്തുകളും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും റാഹേലതൊന്നും ചെവിക്കൊണ്ടതേയില്ല.

ഇരുട്ടിവരുമ്പോൾ വീട്ടിൽ ഒച്ചപ്പാടും ബഹളവും ഏറി വന്നത് സ്വന്തം ഗൃഹാതിർത്തിയിലെ പട്ടിണി വിട്ട് അയൽവീട്ടിലേക്ക് കാത് കൂർപ്പിച്ചിരിക്കാൻ നല്ലവരായ നാട്ടുകാരെ പ്രേരിപ്പിച്ചു.

ഒട്ടുമിക്ക രാത്രികളിലും കൽഭിത്തിയുടെ ചുവട്ടിൽ തന്നെ സെക്കന്റ് ഷോയുടെ പ്രദർശനവും കഴിഞ്ഞ് ചാരിയിരുന്നു റാഹേൽ ഉറങ്ങുന്നത് മാപ്പിളയെ വല്ലാതെ വേദനിപ്പിച്ചു. മാണ്ടു കിടന്നുറങ്ങുന്ന നേരത്ത്, തീ കത്തുന്ന സിനിമാകൊട്ടകകൾക്ക് നടുവിൽ താനേകയായി നിന്ന് വെന്തുരുകുന്ന സ്വപ്നങ്ങൾ കണ്ട് റാഹേല് ഞെട്ടിവിറച്ച് എഴുന്നേൽക്കുന്നത് നിത്യസംഭവങ്ങളായി.

ലീജിയനിലെ മുതിർന്ന സ്ത്രീകൾ 'വിമോചന പ്രാർഥനകളും' ഉപദേശ സൂക്തങ്ങളുമായി വന്നപ്പോഴൊക്കെ റാഹേലവർക്ക് പുഞ്ചിരി തൂകി വെട്ടുകേക്കും പാൽക്കാപ്പിയുമേകി. കഴിച്ചിറക്കുന്ന വെട്ടു കേക്ക് അണ്ണാക്കിലെത്തുമ്പോൾ റാഹേൽ പറയും: 'ഞാൻ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ന്തേലും അനാസ്ഥ ഉണ്ടേൽ വന്നു പറ, നമുക്ക് പരിഹാരം ഉണ്ടാക്കാം. ഈ സമൂഹത്തിനും കുടുംബത്തിനുമപ്പുറത്ത് എനിക്കൊരു നിലനില്പുണ്ട്. അത് ഞാനും കർത്താവും കൂടി വേണ്ട പോലെ കൈകാര്യം ചെയ്‌തോളാം. തത്കാലം, നിങ്ങടെ ആരുടേയും സഹായം അതിനു വേണ്ടതാനും’.

പിറ്റേന്ന് പുറത്തുപോയി വന്ന വറീദു മാപ്പിള റാഹേലിനെ മുറിയിലേക്ക് നീട്ടി വിളിച്ചു. മീൻ തോല് ചീകുകയായിരുന്ന റാഹേല് കൈ കഴുകി മുണ്ടിന്റെ പുറത്ത് തേച്ച് വന്നതും അയാൾ സ്‌നേഹത്തോടെ ജുബ്ബായുടെ സൈഡ് കീശയിൽ നിന്നും വർണ്ണ കടലാസിൽ പൊതിഞ്ഞ ചെപ്പെടുത്ത് അതിൽ നിന്നും വെട്ടിത്തിളങ്ങുന്ന സ്വർണ്ണ കുരിശു പതിപ്പിച്ച മോതിരം അവളുടെ നടുവിരലിൽ അനുകമ്പയോടെ അണിയിക്കാനൊരുങ്ങി.

ആദ്യം റാഹേലിനു പന്തികേടൊന്നും തോന്നിയില്ലെങ്കിലും തീരെ ചെറുതായ മോതിരം വിരലിന്റെ ഒത്തനടുക്കുള്ള എല്ലിൽ ഇറുകിയപ്പോൾ അവൾ ഞെരുപിരികൊണ്ടു. കൈ പിൻവലിക്കും മുന്നേ മാപ്പിള വിരലൊന്നു ആഞ്ഞു കുടഞ്ഞ് ബലവത്തായി മോതിരം കശക്കിയിട്ടു. അകത്തും പുറത്തുമായി ന്തോ ഉടഞ്ഞതിന്റെ ആന്തലിൽ റാഹേല് നിലവിളിച്ചു. വേദനയും നീറ്റലും കൊണ്ട് അവൾ ഏങ്ങി ഏങ്ങി കരഞ്ഞു.

'റാഹേൽ കൊച്ചേ’, വറീദു മാപ്പിള റാഹേലിന്റെ ഞാന്നു കിടന്ന വിരൽ കൈവെള്ളയിൽവെച്ച് തലോടിക്കൊണ്ട് തുടർന്നു: 'ഈ കുടുംബത്തെ തണലേകുന്ന ബാബിലോൺ നഗരം പോലെയാണ് സകലരും കാണുന്നത്. അവരുടെ വിശ്വാസങ്ങൾ വികലമായിരിക്കാം. പക്ഷേ, അതിനു വിപരീതമായി ഒഴുകാൻ തത്കാലം നമുക്കിപ്പോൾ നിർവാഹമില്ല. അവരുടെ ആകപ്പാടെയുള്ള പ്രത്യാശ അതാണ്. അതിനു കോട്ടം തട്ടുന്ന സകല മുന്നേറ്റങ്ങളും നമ്മുടെ കുടുംബത്തെ ഒറ്റപ്പെടുത്തും. അത്തരം പ്രവണതകൾ തികട്ടി വരുമ്പോൾ ഈ വിങ്ങലിൽ നീ ഓർക്കണം ഉത്തമമായ നമ്മുടെ മാതൃകയെന്തെന്ന്’.

അവളുടെ നെറ്റിത്തടത്തിൽ ചുംബിക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വരണ്ടുണങ്ങിയിരുന്നു.

'എനിക്ക് വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടാണ് റാഹേൽ കൊച്ചേ. ഈ ചെയ്തതിന് തമ്പുരാൻ എന്നെ വിധിക്കാതിരിക്കട്ടെ’.

ഇത്രയും പറഞ്ഞ് മാപ്പിള തലേന്ന് രാത്രി അടുക്കി വച്ചിരുന്ന ട്രങ്ക്‌പെട്ടിയുമെടുത്ത് തിടുക്കപ്പെട്ട് പുറത്തേക്ക് പോയി.

വർ ബസിറങ്ങുമ്പോഴേക്കും ആകാശം ചോപ്പ് കമാനം വിരിച്ച് തുടങ്ങിയിരുന്നു. കവലയിൽ ചുണ്ണാമ്പും ബീഡിയും മറ്റും വിറ്റിരുന്ന ഒരു ചെറുക്കാനാണ് വിലാസം കാണിച്ചയുടൻ വഴികാട്ടിയായി ഒപ്പം കൂടിയത്. വറീദു മാപ്പിളയെ തിരക്കി വന്നതാണെന്ന് അറിഞ്ഞപാടെ അവന്റെ മുഖം പ്രസന്നമായി. വാറ്റും മോഷണവുമായി നടന്ന അവനെ പിടിച്ച് പീടികയിട്ടു കൊടുത്തത് വറീദു മാപ്പിളയാണത്രേ! അവൻ മാത്രമല്ല, ആ ദേശത്ത് ദുർവൃതിയിൽ നടന്ന എല്ലാറ്റിങ്ങളെയും തേടി പിടിച്ച് വറീദു മാപ്പിള സന്മാർഗം പഠിപ്പിച്ചു.

മുൾക്കിരീടം കണക്ക് കൈതക്കാട് പടർന്നു പന്തലിച്ച കുന്നിന്റെ പള്ള തുളച്ചുള്ള നടപ്പുയാത്ര ഏറെ ദുസ്സഹമായിരുന്നു.

മലയിടുക്കിന്റെ ഉദരത്തിലേക്ക് ചെമപ്പ് മറഞ്ഞ് ഇരുൾ പടരുന്നത് കണ്ട സൂസന് ആധിയായി. ചത്തവരുടെ മൂളക്കത്തിനൊപ്പം കോച്ചുന്ന പടിഞ്ഞാറൻ കാറ്റ് കൊണ്ട് വന്ന കുറുക്കന്റെ ഓരിയിടൽ അവരുടെ മനസ്സിനെ വല്ലായിമയിലേക്ക് ആഴ്ത്തി. റാഹേലിനെ എന്നാൽ ഇരുട്ടിന്റെ മാറാപ്പ് ബാധിച്ചതായിട്ടേ തോന്നിയില്ല.

വറീദു മാപ്പിളയുടെ പത്‌നി എന്ന നിലയിൽ റാഹേലിനു പള്ളിയിലും നാട്ടിലുമുള്ള സ്ഥാനമാനത്തെക്കുറിച്ച് സൂസൻ ടീച്ചർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കൺവെട്ടത്ത് റാഹേല് പെടുന്നപാടേ ആൾ നിറഞ്ഞ ബസ്സൊഴിയുന്നതും റേഷൻ കടയിലെ നീളൻ വരി, ചാവു കടല് കണക്ക് പിളർന്ന് വഴിയൊരുക്കുന്നതുമെല്ലാം കെട്ടി വന്ന നാൾ മുതൽ സൂസന്റെ സ്ഥിരക്കാഴ്ചകളിൽ ഉൾപ്പെടുന്നവയായിരുന്നു.

ഒരിക്കൽ ഒരു ക്രിസ്തുമസ് രാത്രി മഞ്ഞുപെയ്ത് മിന്നുന്ന ക്രിസ്തുമസ് ട്രീയിൽ മിന്നിത്തെളിയുന്ന ഫെയറി ലൈറ്റും കണ്ടുകൊണ്ട് റാഹേലിന്റെ അടുക്കൽ മൂടി പുതച്ച് കിടക്കുകയായിരുന്നു സൂസൻ. അംശവടി കണക്ക് റാഹേൽ പുതപ്പിന്റെ കീഴിൽ നിന്നും ചുളുവുകൾ നിറഞ്ഞ കൈയെടുത്ത് വെട്ടത്തിന്റെ പ്രതിധ്വനികളെ തൊട്ടുകൊണ്ട് ചോദിച്ചു: ‘സൂസൻ കൊച്ചേ. നിനക്കറിയോ, എനിക്കിവിടെയുള്ള ഈ പത്രാസിന്റെ ഗുട്ടൻസ്?'
‘അമ്മച്ചി വറീദു മാപ്പിളയുടെ ഭാര്യ ആയതുകൊണ്ട്’, കണ്ണ് തുറക്കാൻ മടിച്ചു മടിച്ച് സൂസൻ പറഞ്ഞു.
‘അത് മാത്രവല്ല. ഈ മോതിരം കണ്ടില്ലേ നീയ്. ഇതില് അപ്പാപ്പൻ ചെയ്ത സകല ചെയ്തികളും, അപ്പാപ്പനെയും കാണുന്നുണ്ട് ഇവിടുത്ത്കാര്. ഇതാണ് ഇപ്പൊ ന്റെ മേൽവിലാസം’.
‘റാഹേലമ്മയ്ക്ക് ഇഷ്ടമല്ലേൽ ആ മോതിരമങ്ങ് അറത്തു മാറ്റിയ പോരെ?'
റാഹേലിന്റെ വിറയ്ക്കുന്ന വിരലുകൾ ഇരുട്ടിൽ നൃത്തം വെക്കുന്നതും നോക്കി കിടന്നുകൊണ്ട് സൂസൻ അഭിപ്രായപ്പെട്ടു.
‘അത്തരം ഒത്തുതീർപ്പുകൾ എളുപ്പത്തിൽ എടുക്കാൻ ഒത്തിരുന്നേൽ നമ്മുടെയൊക്കെ ജീവിതം എന്ത് ലളിതമായേനെ’.

വിറയ്ക്കുന്ന വിരലുകൾ ഒടിഞ്ഞു വീഴുമെന്നു തോന്നി റാഹേലത് പറഞ്ഞപ്പോൾ.

സൂസൻ പുതപ്പിന്റെ അടീന്ന് വിരലെടുത്ത് റാഹേലിന്റെ എല്ലും തോലുമായ വിരലുകളിൽ കോർത്തു. രക്ഷകൻ പിറന്ന വാർത്ത അറിയിച്ചെത്തിയ വിവർണ്ണങ്ങൾ അവരുടെ കൈകളിൽ മുത്തം വെച്ച് മറഞ്ഞുകൊണ്ടിരുന്നു.

കുന്നിൻ മണ്ടേലെത്തിയതും ആ ചെർക്കനൊഴിച്ച് അവർ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

വളരെ ചെറിയ ഒരു പാർപ്പിട പ്രദേശമായിരുന്നു അവിടം. ചുടുകല്ലുകൊണ്ട് തീർത്ത ചിതറി കിടക്കുന്ന ചെറു കൂരകളുള്ള ഒരിടം. പശുക്കളും മറ്റും അവാസവ്യൂഹത്തിലേക്ക് കടന്നുകയറി വന്നവരെ തെല്ലു വകവെക്കാതെ കഴുത്തിൽ ഞാത്തിയിട്ടിരുന്ന മണിയും അലസമായി കിലുക്കി പതിരുകുലയും അയവറത്തുകൊണ്ട് നിന്നു.

‘ദാ, ആ കാണുന്നതാണ് വറീദപ്പന്റെ വീട്’,
കമാനം നിറയെ ചെറു മഞ്ഞ പൂക്കളുള്ള, ഉയർന്ന എടുപ്പും, പുകയൂതിക്കൊണ്ടിരുന്ന പുകക്കുഴലുമുള്ള ഒതുങ്ങിയ കുടിലിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചെർക്കാൻ പറഞ്ഞു.

‘അവിടാരുമില്ലേ? വാതിൽ തുറന്നു കിടക്കുന്നല്ലോ?’, സൂസൻ ടീച്ചർ അല്പം ശങ്കയോടെ ചോദിച്ചു.

‘ഓ, വറീദപ്പൻ അങ്ങനെയാ. വാതിലൊന്നും കൊട്ടിയടക്കാറില്ല, മനസ്സ് പോലെ തന്നെ. ആർക്ക് ഏത് നേരത്ത് വേണോ കയറി ചെല്ലാം വറീദപ്പന്റെ അടുത്തേക്ക്’, അല്പം ഹുങ്കോടെ തന്നെ അവൻ തുടർന്നു: ‘ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ ഇറങ്ങിയാല് താഴെ കവലേലോട്ട് ആളുകളെയും കൊണ്ട് പോകുന്ന അവസാന ജീപ്പ് കയറി പോകാം. ഇരുട്ടിയാ പിന്നെ നടന്നു പോകാൻ പാടാകും, അതാ...’

‘നിങ്ങളെന്നാ ഇവിടെ നിക്ക്. ഞാൻ പോയേച്ചും വരാം’, ഒത കൊടുക്കാനാഞ്ഞ സൂസനെ തടഞ്ഞുകൊണ്ട് റാഹേൽ പറഞ്ഞു. എന്നിട്ടവർ, തടി വരി പിടിച്ച് വേച്ചു കയറി ഉള്ളിൽ പ്രവേശിച്ച് വാതിൽ കൊട്ടിയടച്ചു.
ചെർക്കൻ മാറി നിന്നൊരു ബീഡിക്ക് ജീവനൂതിയപ്പോൾ സൂസൻ ദീർഘമായൊന്നു നെടുവീർപ്പിട്ടു.

കോലാഹാലങ്ങൾക്കും ഇരുട്ടിനുമെല്ലാം അറുതി വരുത്താൻ പോകുന്ന ഈ രാവിന് സാക്ഷ്യം വഹിക്കാൻ വീടിന്റെ ഉച്ചിയിൽ നക്ഷത്ര കുഞ്ഞുങ്ങൾക്കൊപ്പം തോണി നിലാവും വന്നണഞ്ഞിരുന്നതായി അവൾ കണ്ടു.

‘അമ്മച്ചി കുറെ നാളായോ വറീദപ്പനെ കണ്ടിട്ട്?' എരിഞ്ഞു തീർന്ന ബീഡിയെ ചവുട്ടി ഞെരിച്ചുകൊണ്ട് ചെർക്കൻ ചോദിച്ചു.

‘പിന്നെ, അതല്ലേ ഞങ്ങൾ വിളിച്ചപാടേ ഓടിപ്പിടിപ്പനെ ഇങ്ങ് പോന്നത്’.
പ്രത്യുത്തരമായി ചെർക്കൻ ന്തോ പറയാൻ തുനിഞ്ഞതും ഉള്ളിൽ നിന്നും ഒരു അലർച്ച ലാവ പൊട്ടിയൊഴുകി. ഞെട്ടിവിറച്ച പശുക്കൾ അപകടം മണത്ത് ഉറക്കെ മോങ്ങി കരഞ്ഞുകൊണ്ട് കാത് വിറപ്പിച്ച് വട്ടം കറങ്ങി.

ചെറുക്കനാണ് മുന്നേ പാഞ്ഞെത്തിയത്. ചിമ്മിനിയിൽ നിന്ന് ചിതറിയ മഞ്ഞ വെട്ടത്തിൽ വീട്ടകമാകെ കടും ചുവപ്പിൽ തളം കെട്ടി കിടന്നു. മുറിയുടെ ഒരു കോണിൽ കൈ വിരിച്ചു നിന്ന മാതാവിനെ സാക്ഷിയാക്കി നിന്ന കിഴവൻ ദീർഘമായ ആലിംഗനത്തിനുശേഷം നിറ കണ്ണുകളോടെ അവളുടെ കവിളിൽ അലിവോടെ സ്പർശിച്ചുകൊണ്ട്: ‘നിന്റെ സമാധാനം നീ കണ്ടെത്തിയിരിക്കുന്നു’ എന്ന് ഉരുവിട്ടു. കൊടും ചൂടിൽ കാറ്റൂതിയ സുഖത്തോടെ റാഹേലിന്റെ പിടിമുറുക്കത്തിൽ നിന്നും ചോരയിറ്റുന്ന കത്തിയപ്പോൾ നിലത്തേക്ക് ഉതിർന്നുവീണു.

അവർക്കിടയിൽ സന്ധിക്കു വന്ന തടി മേശമേൽ, ചെറുക്കനും, സൂസനും, വറീദപ്പനും നേരെ സ്വതന്ത്രയായി നെടുങ്ങനെ ചൂണ്ടി കിടക്കുകയാണ് റാഹേലിന്റെ നടുവിരൽ! അതിനരികിൽ, ലോഹ നിറത്തെ ലജ്ജയിലാഴ്ത്തി മഞ്ചാടിക്കുരുക്കളിറ്റുന്ന ഒരു സ്വർണ്ണ മോതിരവും!

ചുടുരക്തം പുരണ്ട മൂർച്ചയുള്ള കത്തി നിലത്തിട്ട് നടുവിരലടർന്ന കൈപ്പത്തിയും ഇറ്റിച്ചുകൊണ്ട് റാഹേല് സ്തബ്ധയായി വാതിൽ ചാരി നിന്ന സൂസന്റെ അടുത്ത് വന്നു ചെവിയിൽ മൂളി: ‘ഒരുപാട് നാളിനുശേഷം ഞാൻ എന്നോട് തന്നെ ഒത്തുതീർപ്പിലെത്തിയിരിക്കുന്നു കുഞ്ഞേ’.

നങ്ങേലീടെ അലർച്ചയോടെ ഹോൺ മുഴക്കി ചുരം കയറി വന്ന ജീപ്പിൽ കൈപ്പത്തിയും മുണ്ടിൽ മുറുക്കികെട്ടിക്കൊണ്ട് റാഹേൽ മുൻസീറ്റിൽ കയറിയിരുന്നു. വണ്ടിക്കാരന്റെ മുതുകിൽ ചാരി പറഞ്ഞത് തലയിൽ കൊടുമ്പിരി കൊണ്ട ഇരമ്പലിനിടയിലും സൂസൻ തെളിമയോടെ കേട്ടു.

‘മക്കളെ, കവലേലുള്ള ടാക്കീസിന് മുന്നിൽ അമ്മച്ചിയെ ഒന്ന് ഇറക്കിയേക്കണേ, മക്കളേ’.


ഓസ്റ്റിൻ

കഥാകൃത്ത്​. മാർ തിയോഫിലസ്​ ട്രെയിനിങ്​ കോ​ളേജിൽ രണ്ടാം വർഷ ബി.എഡ്​ വിദ്യാർഥി

Comments