ചിത്രീകരണം: ദേവപ്രകാശ്‌

നാളെ രണ്ടാം ശനി.

മഗ്ദലീന രണ്ടാം ശനികളെ ഭയപ്പെടുന്നു.
ശനിയാഴ്ച അവൾക്ക് വീട്ടിൽ പോകണം.
വീട്ടിൽ പോയാൽ അവളുടെ അമ്മ റാഹേലിന്റെ ഒപ്പം രണ്ടു ദിവസം കഴിയണം.

മഗ്ദലീനയെ റാഹേൽ മൂന്നു കാരണങ്ങൾക്കൊണ്ട് വെറുത്തിരുന്നു.
ഒന്ന്, ജനിച്ചപ്പോൾ മുതലുള്ള അവളുടെ ഇടതുകാലിന്റെ മുടന്ത്. രണ്ടു കറുപ്പു നിറം. മൂന്ന്​ ചതുര മുഖം. (റാഹേലിന്റെ അമ്മായിമ്മക്ക് ചതുരമുഖമായിരുന്നു.ആ മുഖാകൃതി തന്നെയാണ് മഗ്ദലീനയ്ക്കും ലഭിച്ചതെന്നു റാഹേൽ വിശ്വസിക്കുന്നു.)

വികലാംഗ സംഭരണത്തിൽ എൽ.ഡി ക്ലാർക്കായി ജോലി ലഭിക്കുമ്പോൾ അമ്മച്ചിയുടെ വെറുപ്പ് അൽപ്പം കുറയുമെന്ന് മഗ്ദലീന പ്രതീക്ഷിച്ചുവെങ്കിലും കാര്യമായ മാറ്റം ഒന്നുമുണ്ടായില്ല. മഗ്ദലീനയുടെ ഇളയ അനിയത്തി ബെനീറ്റയുടെ കല്യാണം നടന്നപ്പോഴാണ് റാഹേൽ മൂത്ത മകളെ നോക്കി ശരിക്കും ഒന്ന് ചിരിച്ചതുതന്നെ. മഗ്ദലീനക്ക്​ കല്യാണം ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. അധികം ആലോചിക്കാൻ റാഹേൽ സമ്മതിച്ചില്ല. എന്നാൽ ബെനീറ്റയുടെ കല്യാണം വൈകുന്നതിൽ റാഹേലിന് വലിയ ആധിയായിരുന്നു.

മണി അഞ്ചരയായപ്പോൾ മഗ്ദലീന തന്റെ മുന്നിലിരുന്ന ഫയൽ ഒരു ചുവന്ന നാടകൊണ്ട് ഭദ്രമായി കെട്ടി. വളരെ സൂക്ഷ്മതയോടെ സമയമെടുത്താണ് അവൾ ആ പ്രവർത്തി ചെയ്തത്. ഫയൽ ക്ലോസ് ചെയ്യുന്നത് അവൾക്ക് ഇഷ്ടമല്ല. ഫയൽ ക്ലോസ് ചെയ്താൽ ഓഫിസിൽ വെറുതെയിരിക്കേണ്ടി വരും.

കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ ഓഫിസിലാണ് അവൾ ജോലി ചെയ്യുന്നത്. പലതരം മരങ്ങളുടെ കണക്കുകളാണ് അവളുടെ മുന്നിൽ വരുന്ന ഫയലുകളിൽ നിറയെ. വെറുതെയിരുന്നാൽ ശിരസ്സിനുള്ളിലെ ചിന്തകളുടെ കാട് ഉണരുകയായി. എത്തും പിടിയുമില്ലാത്ത ആ കാട്ടിലൂടെ നടക്കുന്നതിനേക്കാൾ അവൾ ഇഷ്ടപ്പെടുന്നത് ഓഫിസിലെ കടലാസ് വനം തന്നെയാണ്.

ഫയൽ അടച്ചുവച്ചതിനുശേഷം അവൾ മെല്ലെ എഴുന്നേറ്റു.
ഇനി ഇരുന്നാൽ ശരിയാകില്ല. പ്യൂൺ ഭാസ്‌ക്കരൻ ഇപ്പോൾ ഓഫിസ് അടയ്ക്കാൻ വരും. അവളെക്കണ്ടാൽ പിന്നെ അയാൾക്ക് ഒരു തരം കളിയാക്കൽ പതിവുണ്ട്. ചിലപ്പോൾ കാശ് കടം ചോദിക്കും. ഒറ്റത്തടിയായ മഗ്ദലീനയ്ക്ക് എന്തിനാ കാശെന്ന് ആക്കിയ ചിരിയോടെ ചോദിക്കും.

അവൾ മുടന്തുള്ള കാലു വലിച്ചു വച്ച്​ ലിഫ്റ്റിനരികിലേക്ക് നടന്നു. ലിഫ്റ്റിൽ മുടന്തുള്ള കാലുമായി വലിഞ്ഞു ചെല്ലുന്നതും ആളുകൾ താൻ വരാൻ വേണ്ടി കാത്തു നിൽക്കുന്നതും അവൾക്ക് ഇഷ്ടമല്ല.

ഭാഗ്യം, ഇന്ന് ലിഫ്റ്റിൽ ആരുമില്ല. തനിച്ച്​ ലിഫ്റ്റിൽ സഞ്ചരിക്കുന്നത് മഗ്ദലീന ഇഷ്ടപ്പെടുന്നു. കാൽ ചലിപ്പിക്കാതെ ഉയരുകയും താഴുകയും ചെയ്യുന്ന ആ നിമിഷം താൻ വൈകല്യമില്ലാത്ത മറ്റുള്ളവരെപ്പോലെയാണ് എന്നവൾ വിചാരിക്കുന്നു.

ടൗണിൽനിന്ന് അൽപ്പം അകലെയുള്ള വിമൻസ് ഹോസ്റ്റലിലാണ് മഗ്ദലീന താമസിക്കുന്നത്. ഓഫിസിൽനിന്ന് ഇറങ്ങിയാൽ അവൾ റോഡിന്റെ ഓരം ചേർന്ന്​നഗരത്തിലെ കുരിശുപള്ളിയിലേക്ക് പോകും. ആളുകൾ അധികമില്ലാത്ത സ്ഥലങ്ങളാണ് മഗ്ദലീനയ്ക്ക് ഇഷ്ടം. പള്ളിയിൽ ചെന്നാൽ അവൾ പ്രാർത്ഥിക്കുകയും മറ്റുമില്ല. പണ്ട് അവൾ തന്റെ കല്യാണം നടക്കാൻ പ്രാർത്ഥിച്ചു. എന്നാൽ അത് നടന്നില്ല. അതിനുശേഷം അവൾ ബെനീറ്റയുടെ കല്യാണം നടക്കാൻ തീവ്രമായി പ്രാർത്ഥിച്ചു. അത് നടന്നതിനുശേഷം അവൾക്ക് മറ്റാഗ്രഹങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തന്റെ വൈകല്യം മാറ്റിത്തരാൻ അവൾ ഒരിക്കലും പ്രാർത്ഥിച്ചില്ല. അത്തരം ആഗ്രഹങ്ങൾ കർത്താവിനുപോലും ബുദ്ധിമുട്ടാകും എന്നവൾക്ക് തോന്നിയിരുന്നു . ആരെയും ബുദ്ധിമുട്ടിക്കുന്നത് അവൾക്കിഷ്ടമല്ല.

മഗ്ദലീനയ്ക്ക് നാല്പതു കഴിഞ്ഞു.
ഇപ്പോൾ അവൾക്ക് ആഗ്രഹങ്ങളോ ആവലാതികളോ ഇല്ല.

പള്ളിയിൽ കയറിയാൽ അവൾ ചുരിദാറിന്റെ ഷാൾ കൊണ്ട് തല മൂടും. ലിഫ്റ്റിൽ തനിച്ചു നിൽക്കുന്നതുപോലെ പള്ളിയിൽ ശിരസ്സു മൂടി ഇരിക്കുന്നതും മഗ്ദലീന ഇഷ്ടപ്പെടുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തടിബഞ്ചിൽ ഏറെ നേരം നിശ്ശബ്ദത ആസ്വദിച്ചുകൊണ്ടിരിക്കുക ഒരു ഭാഗ്യം തന്നെയാണ്.

ചുവന്ന കാർപ്പെറ്റ് വിരിച്ച പള്ളിയകം. മദ്ബഹയുടെ ഇരു തൂണിലും കർത്താവിനു കാവലായി അരോഗദൃഢഗാത്രൻമാരായ രണ്ടു മാലാഖമാർ. കർത്താവ് മാലാഖമാരിൽ ആരെയും വൈകല്യമുള്ളവരായി സൃഷ്ടിച്ചിട്ടില്ല. ഒരു കാൽ വയ്യാത്തതോ തളർന്നുകിടക്കുന്നതോ ആയ മാലാഖമാരുണ്ടാവുമോ?
അതുപോലെ മാലാഖമാരിൽ സ്ത്രീകൾ ഇല്ല. പള്ളിയിൽ കയറുമ്പോൾ ഇത്തരം വിചിത്രമായ ചിന്തകൾ മഗ്ദലീനയെ ബുദ്ധിമുട്ടിക്കും. അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലെന്ന് അവൾ സ്വയം വിലക്കും.

ഒരു പൂച്ച കരയുന്ന ശബ്ദം കേട്ടു. പള്ളിയുടെ ചരൽ വിരിച്ച മുറ്റത്തുകൂടെ വെളുത്ത നിറമുള്ള ഒരു പൂച്ച ഓടിപ്പോകുന്നത്​ മഗ്ദലീന ഞെട്ടലോടെ കണ്ടു. അതൊരു ചക്കിപ്പൂച്ചയായിരിക്കുമോ?

മഗ്ദലീനയുടെ ഉള്ളിൽ കുറ്റബോധമിരമ്പി.

മഗ്ദലീന പ്ലസ് ടുവിന് പഠിക്കുമ്പോൾ വീട്ടിൽ ഒരു ചക്കിപ്പൂച്ചയുണ്ടായിരുന്നു. വെളുപ്പിൽ തവിട്ടു വരകളുള്ള പൂച്ച. അത് പെറ്റു. രണ്ടു കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു, അവശേഷിച്ചത് ഒരു കണ്ടൻപൂച്ചയായിരുന്നു.

‘‘നമുക്കീ കണ്ടൻ പൂച്ചയെ വളർത്തിയാൽ മതി. ചക്കി ഇനിയും പെറും. പിന്നെ പെര മുഴുവൻ പൂച്ചയായിരിക്കും’’, റാഹേൽ പറഞ്ഞു.
‘‘അപ്പൊ ചക്കി?'', മഗ്ദലീന അമ്മച്ചിയെ നോക്കി.
‘‘നീ സ്‌കൂളിലോട്ട് പോകുമ്പോൾ കളഞ്ഞാൽ മതി.''
‘‘അത് വേണോ അമ്മച്ചി ?'' മഗ്ദലീനപ്രതിഷേധിച്ചു.
‘‘വേണം. ഒള്ള പാഴിനെയെല്ലാം തീറ്റി പോറ്റി പെര വൃത്തികേടാക്കാൻ എനിക്ക് വയ്യ’’, റാഹേൽ പറഞ്ഞു.

അത് കേട്ടപ്പോൾ മഗ്ദലീനയുടെ വാ അടഞ്ഞു.
അപ്പറഞ്ഞത് തന്നെയും കൂട്ടി കുത്തി പറഞ്ഞതാണ് എന്ന് അവൾക്കറിയാമായിരുന്നു.

റാഹേലും ബെനീറ്റയും കൂടി ഒരു വെളുത്ത ഷിമ്മിക്കൂട്ടിൽ പൂച്ചയെപിടിച്ചു. അത് കൂട്ടിൽ കിടന്ന്​ കുതറാനും കരയാനും തുടങ്ങി. മഗ്ദലീനയുടെ ചങ്ക് തകർന്നെങ്കിലും അവൾക്ക് അമ്മച്ചിയെ ഭയമായിരുന്നു.

‘‘അടുത്ത പറമ്പിലൊന്നും കൊണ്ട് വിടരുത്. അത് പിന്നെയും കേറി വരും’’, അവൾ പൂച്ചയുമായി പോകാൻ തുടങ്ങിയപ്പോൾ റാഹേൽ മുന്നറിയിപ്പ് നൽകി.

വീട്ടിൽനിന്ന്​ ഒന്നൊന്നര കിലോമീറ്റർ അകലെയാണ് ബസ് സ്റ്റോപ്പ്. റബർത്തോട്ടങ്ങൾക്കിടയിലൂടെയുള്ള ഇടവഴിയിലൂടെ മഗ്ദലീന പൂച്ചയുമായി നടന്നു. കൂട്ടിൽ കിടന്നു കരഞ്ഞ്​ ബഹളം വച്ചെങ്കിലും കുറച്ചു കഴിഞ്ഞു അത് നിശ്ശബ്ദമായി.

ആദ്യമായി കാലിലെ മുടന്തിനെ കുറിച്ച് അവൾക്ക് സ്വയം വെറുപ്പ് തോന്നി. അതില്ലായിരുന്നെങ്കിൽ ഒരൽപം വേഗം നടക്കാമായിരുന്നു.

കൂട്ടിൽനിന്ന് ശബ്ദം കേൾക്കാതായായപ്പോൾ അവൾ മെല്ലെ കൂട് ഒന്ന് നിവർത്തി നോക്കി. ഇനി പൂച്ചയെങ്ങാനും ചത്തോ? പൂച്ച ചത്തിട്ടില്ലായിരുന്നു. അത് മെല്ലെ തലയുയർത്തി മഗ്ദലീനയെ ദയനീയമായി നോക്കി. കരയാനുള്ള ശക്തി അതിനപ്പോഴേക്കും നഷ്ടമായിരുന്നു.

ബസ് സ്റ്റോപ്പിൽ നിന്ന് അല്പം മാറി ഒരു കോളനിയുണ്ട്. അതിനരുകിൽ എവിടെയെങ്കിലും പൂച്ചയെ ഉപേക്ഷിക്കാനാണ് അമ്മച്ചി പറഞ്ഞത്. ഏതെങ്കിലും വീട്ടിൽ കേറി അത് എങ്ങിനെയെങ്കിലും കഴിഞ്ഞോളുമത്രേ.

കോളനിയുടെ അടുത്തെത്തിയപ്പോൾ മഗ്ദലീന നിന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ അവൾ കൂട് വഴിയരികിൽ വച്ചു. പിന്നെ വേഗം നടന്നു. കുറച്ചു മുൻപോട്ടു നടന്ന്​ അവൾ തിരിഞ്ഞുനോക്കി. പൂച്ച കൂടിൽനിന്ന് വെളിയിലിറങ്ങി അപരിചിതമായ സ്ഥലം കണ്ടു ഭയന്ന്​ ചുറ്റും നോക്കുന്നു. അതിദയനീയമായ കരച്ചിൽ. പൂച്ച തന്റെ പിന്നാലെയെത്തുമോയെന്നു മഗ്ദലീന ഭയന്നു.

അവൾ തിരിഞ്ഞു നോക്കാതെ കാലുകൾ ഏന്തിവലിച്ച്​ സ്റ്റോപ്പിലേക്ക് നീങ്ങി.
അന്ന് സ്‌കൂൾ കഴിഞ്ഞ്​ തിരികെ വരുമ്പോൾ വഴിയരുകിൽ പൂച്ച ചത്തു കിടക്കുന്നത് അവൾ കണ്ടു. കോളനിക്കാരാരോ തല്ലികൊന്നതാണ്.
അന്നുമുതൽ മഗ്ദലീന പൂച്ചകളെ ഭയപ്പെട്ടു. തന്റെ ദൗർഭാഗ്യങ്ങൾക്കുപിന്നിൽ ആ പൂച്ചയുടെ ദയനീയമായ കരച്ചിലുണ്ടെന്ന്​ അവൾ വിശ്വസിക്കാൻ തുടങ്ങി.

പിന്നെ അധികം നേരം പള്ളിയിലിരിക്കാൻ മഗ്ദലീനയ്ക്ക് തോന്നിയില്ല. അവൾ മുട്ടുകുത്തി നിന്ന് നെറ്റിയിൽ കുരിശുവരച്ചു. കണ്ണുകൾ ഒരു നിമിഷം അടച്ചു. ഇനിയും എത്രയോ വർഷങ്ങളുടെ ഏകാന്തതയാണ് തന്റെ മുന്നിലുള്ളതെന്നു അവൾ മനക്കണക്ക് കൂട്ടി. പിന്നെ ദീർഘമായി നിശ്വസിച്ചു. ആ ദീർഘനിശ്വാസം ഒരു പ്രാർത്ഥനയായിരുന്നു. അവൾക്കും കർത്താവിനും മാത്രം മനസ്സിലാകുന്ന ഒരു പ്രാർത്ഥന.

പള്ളിയിൽനിന്നിറങ്ങിയതിനുശേഷം ഒരു ചായ കുടിക്കണം എന്നവൾ വിചാരിച്ചതാണ്. എന്നാൽ ഇപ്പോൾ അതിനുള്ള ഒരു മൂഡില്ല.മനസ്സ് ആകെ മൂടിക്കെട്ടിയിരിക്കുന്നു. മഗ്ദലീന ബസ് സ്റ്റോപ്പിലേക്ക് നടന്നു. അൽപ്പനേരം കാത്തുനിന്നശേഷം അവൾക്ക് വിമൻസ്‌ ഹോസ്റ്റൽ റൂട്ടിൽ പോകുന്ന ഒരു ബസ് കിട്ടി.

ബസിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. വികലാംഗർക്ക് വേണ്ടി സംവരണം ചെയ്ത സീറ്റിൽ ഒരു തടിച്ച സ്ത്രീയിരിപ്പുണ്ടായിരുന്നു. മൊബൈലിൽ തോണ്ടികൊണ്ടിരിക്കുന്ന ആ തടിച്ച സ്ത്രീക്ക് റാഹേലിന്റെ വിദൂരച്ഛായ തോന്നിച്ചു. അവരുമായി തർക്കിച്ചാൽ വേണമെങ്കിൽ തനിക്ക് അവിടെയിരിക്കാം. എങ്കിലും മഗ്ദലീന അത് വേണ്ടെന്നു വച്ചു. ആളുകളുടെ കറുത്ത മുഖം കാണുന്നതിലും ഭേദം നിൽക്കുന്നതാണ്.

പെട്ടെന്നാണ് ബസിന്റെ മുന്നിൽനിന്ന് ഒരു ബഹളം കേട്ടത്.
‘‘ഈ സ്ത്രീ എന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചു..'' ഒരു പെൺകുട്ടിയുടെ ശബ്ദം ഉയർന്നു കേട്ടു. മഗ്ദലീന എത്തിവലിഞ്ഞ്​ സംഭവം എന്താണെന്നറിയാൻ നോക്കി. ജീൻസും ഷർട്ടും അണിഞ്ഞ ഒരു കോളേജ് വിദ്യാർത്ഥിനി ഒരു സ്ത്രീയെ വട്ടം പിടിച്ചു ബഹളം വയ്ക്കുന്നു.

ബസ് നിന്നു.

കോളേജ് പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ പോക്കറ്റടിക്കാരിയുടെ കയ്യിൽ നിന്ന് അവളുടെ പഴ്‌സ് ബലമായി പിടിച്ചുവാങ്ങി. വെളുപ്പിൽ നീലപ്പൂക്കളുള്ള ഒരു വോയിൽ സാരിയും മഞ്ഞ ബ്ലൗസുമാണ് അവർ ധരിച്ചിരിക്കുന്നത്. എണ്ണപുരളാത്ത മുടി.ആളുകളുടെ ചീത്തവിളി കേട്ടിട്ടും അവർ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിൽക്കുകയാണ്. പെട്ടെന്ന് വികലാംഗരുടെ സീറ്റിലിരുന്ന തടിച്ച സ്ത്രീ ചാടിയെഴുന്നേറ്റ്​ ബഹളം നടക്കുന്നതിന്റെ നടുവിലേക്ക് പാഞ്ഞുചെന്നു.അവർ പോക്കറ്റടിക്കാരിയുടെ കഴുത്തിനു പിടിച്ച്​ ഒരു സീറ്റിന്റെ അരികിലേക്ക് മാറ്റിനിർത്തി. പിന്നെ കൈ നിവർത്തി അവരുടെ ചെകിടത്തു ആഞ്ഞടിച്ചു. മഗ്ദലീന കിടുങ്ങിപ്പോയി. പോക്കറ്റടിക്കാരിയുടെ ചെവിയിൽ നിന്ന് പൊന്നീച്ച പറന്നു കാണും.
‘‘നീയൊക്കെ ഒരു പെണ്ണാണോടി, മോട്ടിക്കാൻ നടക്കുന്നു.''
തടിച്ച സ്ത്രീ മുരണ്ടു. അവർ വീണ്ടും അടിക്കാൻ ഓങ്ങിയപ്പോൾ ആരെക്കെയോ ചേർന്ന് തടഞ്ഞു.
‘‘ഇവളെ ഞാൻ കുറച്ചു മുന്നേ നോട്ടു ചെയ്തതാ, എന്റെ ബാഗിൽനിന്ന് പഴ്‌സ് എടുക്കാൻ നോക്കിയാരുന്നു.'' തടിച്ചി പറഞ്ഞു. ജനം തടിച്ചിയെ ബഹുമാനത്തോടെ നോക്കി. എങ്കിലും മഗ്ദലീനയ്ക്ക് അവർ പറഞ്ഞത് നുണയായി തോന്നി.
‘‘വണ്ടി സ്റ്റേഷനിലോട്ടു വിടാം'', ആരോ അഭിപ്രായപ്പെട്ടു.
‘‘അത് വേണോ?'' കണ്ടക്ടർ സംശയിച്ചു.
‘‘അതൊന്നും വേണ്ട, വെറുതെ ബാക്കിയുള്ളവരുടെയും കൂടി സമയം കളയാൻ'', തടിച്ചി അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു വാതിൽക്കലേക്ക് കൊണ്ടുവന്നു. അവരും മറ്റുള്ള സ്ത്രീകളും കൂടി ആ യുവതിയെ ബസിൽനിന്ന്​ തള്ളിയിറക്കി വിട്ടു.

തൊട്ടടുത്ത വളവിലാണ് മഗ്ദലീനയുടെ സ്റ്റോപ്പ്. എന്നാൽ അവിടെ ഇറങ്ങുന്നതിനെക്കാൾ ലാഭം ഇപ്പോൾത്തന്നെ ഇറങ്ങുന്നതാണ്. കുറച്ചു നടപ്പ് ഒഴിവാക്കാം. പോക്കറ്റടിക്കാരിയെ ഇറക്കിവിട്ടതിനു പിന്നാലെ ഒന്നുരണ്ട് യാത്രക്കാർ കൂടി ബസിൽ നിന്നിറങ്ങുന്നത് മഗ്ദലീന കണ്ടിരുന്നു. അവർക്കൊപ്പം അവളും ബസിൽ നിന്നിറങ്ങി.

മഗ്ദലീന ഇറങ്ങിയപ്പോഴേക്കും പോക്കറ്റടിക്കാരി മുൻപോട്ടു നടന്നു കഴിഞ്ഞിരുന്നു. അതിവേഗത്തിലായിരുന്നു അവരുടെ നടപ്പ്.
നടക്കുന്നതിനിടയിൽ മഗ്ദലീന ബസിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. അവൾക്ക് പോക്കറ്റടിക്കാരിയോടു സഹതാപവും അവരെ തല്ലിയ തടിച്ച സ്ത്രീയോട് വെറുപ്പും തോന്നി. എന്തായാലും ആ പോക്കറ്റടിക്കാരിയുടെ ധൈര്യം സമ്മതിക്കണം.

കുറച്ചുദൂരം നടന്നപ്പോൾ വഴിയരുകിലെ കലുങ്കിൽ ആ സ്ത്രീ ഇരിക്കുന്നത് മഗ്ദലീന കണ്ടു. അവൾക്ക് ആ കലുങ്കിന്റെ അരികിലൂടെയുള്ള പോക്കറ്റ് റോഡിലൂടെയാണ് വിമൻസ് ഹോസ്റ്റലിലേയ്ക്ക് പോകേണ്ടത്. കലുങ്ക് അടുക്കുംതോറും മഗ്ദലീനയുടെ നെഞ്ച് മിടിച്ചു.

മഗ്ദലീന കലുങ്കിന്റെ അടുത്തെത്തിയിട്ടും ആ സ്ത്രീ അറിഞ്ഞമട്ടില്ല.
അവർ കൈകൾക്കുള്ളിൽ ശിരസ്സ് താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി അവിടവിടെ നരച്ചു തുടങ്ങിയിട്ടുണ്ട്. മെലിഞ്ഞ ശരീരപ്രകൃതം. തനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ ഈ സ്ത്രീയെപോലെയായിരുന്നെനെ എന്ന് മഗ്ദലീന ചിന്തിച്ചു. എങ്കിലും ഉടൻതന്നെ ആ ചിന്ത അവൾ മനസ്സിൽ നിന്ന്​ മായിച്ചു. ആ സ്ത്രീ തന്നെ കാണുന്നതിനു മുൻപ് എത്രയും വേഗം ആ കലുങ്ക് കടന്നുപോവുക എന്നത് മാത്രമായിരുന്നു മഗ്ദലീനയുടെ മനസ്സിൽ. അവൾ പരമാവധി വേഗത്തിൽ കാലുകൾ ഏന്തിവലിച്ചു നടന്നു.
ഭാഗ്യം.കലുങ്ക് കഴിഞ്ഞു. ആ സ്ത്രീ തന്നെ കണ്ടില്ല, അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
പെട്ടെന്നാണ് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
‘ശ്ശ്...'
മഗ്ദലീന തിരിഞ്ഞുനോക്കി.
ആ സ്ത്രീ തന്നെ കയ്യാട്ടി വിളിക്കുന്നു.
അവൾ ഒരു ആന്തലോടെ അവരുടെയരികിലേക്ക് ചെന്നു.
‘‘കൊച്ചെ, വെള്ളമുണ്ടോ കുടിക്കാൻ?'' അവർ ചോദിച്ചു.

മഗ്ദലീന ബാഗിൽനിന്ന്​ വാട്ടർ ബോട്ടിലെടുത്തു.
ഭാഗ്യം, കുറച്ചു വെള്ളം ബാക്കിയുണ്ട്. അവർ ബോട്ടിൽ തിടുക്കത്തിൽ വാങ്ങി മടമടാ കുടിച്ചു.
‘‘ബാക്കി വയ്ക്കണ്ട'', അവർ വെള്ളം ബാക്കിവയ്ക്കാൻ തുടങ്ങിയപ്പോൾ മഗ്ദലീന പറഞ്ഞു. അവർ നന്ദിപൂർവ്വം മഗ്ദലീനയെ നോക്കിയതിനുശേഷം ബോട്ടിലിൽ അവശേഷിച്ച വെള്ളം കുടിച്ചുതീർത്തു.

‘‘എന്നെ കൊച്ച്​ ബസിൽ വച്ച് കണ്ടാരുന്നല്ലേ?'' വെള്ളക്കുപ്പി തിരികെ നൽകുന്നതിനിടയിൽ അവർ ചോദിച്ചു.
മഗ്ദലീന തലയാട്ടി, പിന്നെ ഒരു തെറ്റ് ചെയ്ത മട്ടിൽ മുഖം കുനിച്ചു.
‘‘ഇങ്ങനെയൊക്കെ ആയിപ്പോയി...'' ആ സ്ത്രീ വിഷാദം പൂണ്ട ചിരി ചിരിച്ചു.
‘‘ചേച്ചിടെ വീടെവിടാ..?'' അവൾ ചോദിച്ചു.
‘‘കൊച്ചി, മോള് ജോലിക്കാരിയാ അല്യോ ?'' അവർ ചോദിച്ചു.
‘‘ഉവ്വ്, ഇവിടെ ടൗണിൽ തന്നെ...'' അവൾ പറഞ്ഞു.
അവർ അവളെ ആദരവോടെ നോക്കി.
‘‘നല്ല കാര്യം മോളെ. നീ മിടുക്കിയാ.'' അവർ പറഞ്ഞു.
‘‘ചേച്ചി എന്തെങ്കിലും കഴിച്ചാരുന്നോ?'' മഗ്ദലീന മടിച്ചുമടിച്ചു ചോദിച്ചു.
അവർ ഒന്ന് ചിരിച്ചു.
‘‘ഇന്നൊന്നും തടഞ്ഞില്ല കൊച്ചേ, ആകെ കിട്ടിയത് ആ പെണ്ണുമ്പിള്ളയുടെ കയ്യിന്നുള്ള തല്ലാ...'' അവർ മുഖമൊന്നു തടവി ഒരു തമാശ പറയുന്ന മട്ടിൽ പറഞ്ഞു.

മഗ്ദലീന പഴ്‌സ് തുറന്നു. അഞ്ഞൂറിന്റെ ഒരു ഒറ്റനോട്ടും ചില്ലറയും കിടപ്പുണ്ട്. അവൾ നോട്ടെടുത്ത് അവർക്ക് നേരെ നീട്ടി. അവർ ആദ്യം കൈനീട്ടിയെങ്കിലും പിന്നെ പിൻവലിച്ചു.
‘‘വേണ്ട കൊച്ചേ. സാരമില്ല. ചെല ദെവസി ഇങ്ങനെയാ..''
‘‘ചേച്ചിടെ വീട്ടിൽ ആരൊക്കെയുണ്ട്..?'' മഗ്ദലീന ചോദിച്ചു.
‘‘ഒരു മോൻ മാത്രം, അഞ്ചു വയസ്സ് കഴിഞ്ഞതെയുള്ളൂ’'
‘‘ചേച്ചി പോരുമ്പോ കുട്ടി?'' മഗ്ദലീന ചോദിച്ചു.
‘‘ടൗണിൽ ഒരു ബേക്കറിയുണ്ട്. അവിടെ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മാമ്മ ജോലി ചെയ്യുന്നുണ്ട്. ഞാനില്ലാത്തപ്പൊ അവരുടെ അടുത്ത് നിക്കും...'', അവർ ഒന്ന് നിർത്തിയശേഷം അവളുടെ കാലിലേയ്ക്ക് നോക്കി.
‘‘അവന്​... എന്റെ കൊച്ചിന് കണ്ണുകാണാൻ മേലാത്തതാണ് '', അവർ പറഞ്ഞു.
മഗ്ദലീന അത് കേട്ട്​ ഒന്നമ്പരന്നു.

‘‘ജനിച്ചപ്പോ മുതൽ?'', അവൾ ചോദിച്ചു.

‘‘അതെ, എന്റെ ദുഷ്ടതക്ക് ദൈവം എന്റെ മോനെ ശിക്ഷിച്ചതാ’', അവർ ഒരു വിളറിയ ചിരി ചിരിച്ചു.
‘‘അങ്ങിനെ ഒന്നുമില്ല ചേച്ചി'', മഗ്ദലീന പറഞ്ഞു.

‘‘സംസാരിച്ച്​ നേരം പോയി കൊച്ചെ, ഇവിടെ അടുത്തല്ലേ റെയിൽവേ സ്റ്റേഷൻ?'' അവർ കലുങ്കിൽനിന്നെഴുന്നേറ്റു മഗ്ദലീനയോട് ചോദിച്ചു.
‘‘അതെ ചേച്ചി, ഇവിടുന്നു അരകിലോമീറ്റർ നടന്നാൽ മതി, ദാ ആ കാണുന്നതാ ട്രാക്ക്'', മഗ്ദലീന അൽപ്പം അകലെ അക്കേഷ്യമരങ്ങൾക്കപ്പുറം നീണ്ടു കിടക്കുന്ന റെയിൽട്രാക്ക് ചൂണ്ടിക്കാണിച്ചു.

‘‘എന്നാ ഞാൻ പോട്ടെ, അവിടുന്ന് എറണാകുളം പാസഞ്ചർ കിട്ടുവാരിക്കും.'' അവർ പറഞ്ഞു. പിന്നെ നടന്നു തുടങ്ങി.
‘ചേച്ചി’, മഗ്ദലീന വിളിച്ചു.
അവർ തിരിഞ്ഞു നോക്കി.
അവൾ മടിച്ചു മടിച്ചു കാശ് വീണ്ടും നീട്ടി.
‘‘മോന് വല്ലതും...'', അവൾ പറഞ്ഞു.
‘‘നീ നല്ലതാ കൊച്ചെ. ഇത്രയും നേരം വർത്താനം പറഞ്ഞിട്ടും എന്നോട് വല്ല ജോലിയും ചെയ്തു ജീവിക്കാൻ മേലാരുന്നോ എന്നുപദേശിച്ചില്ലല്ലോ, അതുതന്നെ വലിയ കാര്യം.''

അവർ അക്കേഷ്യമരങ്ങൾക്കിടയിലൂടെ നടന്നു മറയുന്നത് മഗ്ദലീന നോക്കി നിന്നു.

ഹോസ്റ്റലിലേയ്ക്ക് നടക്കുന്നതിനിടെ മഗ്ദലീനയുടെ മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെ വെപ്രാളപ്പെട്ടു. ആദ്യമായാണ് ഒരു പോക്കറ്റടിക്കാരിയുമായി സംസാരിക്കുന്നത്. മാത്രമല്ല അവർക്ക് കാശുകൊടുത്തു സഹായിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതൊക്കെ അവളുടെ സ്ഥിരമായുള്ള ഉൾവലിഞ്ഞ സ്വഭാവപ്രകൃതത്തിൽ നിന്ന്​ വളരെ വ്യത്യസ്തമായിരുന്നു. താൻ ചെയ്തത് ശരിയോ അല്ലയോ എന്ന് അവളുടെ മനസ്സിന്റെ ഒരു ഭാഗം ചോദിച്ചു. എന്നാൽ തനിക്കിങ്ങനെ മറ്റുള്ളവരുരോട് സങ്കോചമില്ലാതെ തുറന്നിടപെടാൻ കഴിയും എന്ന അറിവ് അവളെ സന്തോഷിപ്പിച്ചു. അപരിചിതയായ ആ സ്ത്രീയോട് മഗ്ദലീനക്ക് തോന്നിയ അലിവിന്റെ കാരണമെന്താണ്? അറിയില്ല.

അന്നുരാത്രി ഹോസ്റ്റൽ മെസ്സിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മഗ്ദലീന ആ വാർത്ത അറിഞ്ഞത്. വിമൻസ് ഹോസ്റ്റലിന്റെ അടുത്തുള്ള റെയിൽവെ പാളത്തിൽ ഒരു സ്ത്രീ ട്രെയിൻ തട്ടി മരിച്ചിരിക്കുന്നു. സംഭവസ്ഥലത്ത് പോയ കോളേജ് വിദ്യാർത്ഥിനികൾ തമ്മിലുള്ള സംഭാഷണം അവൾ കേട്ടു.

‘‘ആരാന്ന് അറിയത്തില്ല. മുഖം ചിതറിപ്പോയി. കണ്ടുനില്ക്കാൻ വയ്യാരുന്നു.''

ടി.വിയിൽ ഫ്ലാഷ്​ ന്യൂസ്‌ കാണിക്കുന്നുണ്ടായിരുന്നു. അജ്ഞാതയായ സ്ത്രീ ധരിച്ച നീലനിറമുള്ള ഒരു വോയിൽ സാരിയുടെയും, മഞ്ഞ നിറമുള്ള ബ്ലൗസിന്റെയും അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്ന് ലഭിച്ചു.

ആ സ്ത്രീ അക്കേഷ്യമരങ്ങൾക്കിടയിലൂടെ നടന്നു പോകുന്ന കാഴ്ച വീണ്ടും വീണ്ടും അവളുടെ കൺമുൻപിൽ തെളിഞ്ഞു.

അവർ മനപ്പൂർവം ട്രെയിനിനു മുൻപിൽ ചാടിയതാണോ? അതോ അറിയാതെ...

അന്നുരാത്രി മഗ്ദലീനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ട്രെയിനിൽ ചാടി മരിച്ച സ്ത്രീയല്ലായിരുന്നു അവളുടെ മനസ്സിൽ. കൊച്ചിയിലെ ഏതോ ബേക്കറിയിൽ അമ്മ വരാൻ കാത്തിരിക്കുന്ന അന്ധനായ കുട്ടിയായിരുന്നു അവളുടെ മനസ്സിൽ. കുട്ടിയും അമ്മാമ്മയും മരണവിവരം അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്.

പൊലീസ് ആ കുട്ടിയെ കണ്ടെത്തുമോ? അതിനുള്ള സാധ്യത വിരളമാണ്.
ഇങ്ങനെയുള്ള കേസുകളിൽ അജ്ഞാതശവം എന്ന ലേബലിട്ടു ഏതെങ്കിലും പൊതുശ്​മശാനത്തിൽ ശവശരീരം മറവു ചെയ്യുകയാണ് പതിവ് എന്ന് അവൾ കേട്ടിരുന്നു.

അവർ ഏതോ ബേക്കറിയിൽ കുട്ടിയെ നിർത്തിയിട്ടാണ് വന്നതെന്ന വിവരം അറിയാവുന്നത് മിക്കവാറും തനിക്കുമാത്രമായിരിക്കും എന്ന് മഗ്ദലീനക്ക് തോന്നി. ആ തോന്നലിൽ മഗ്ദലീന എരിപൊരി കൊണ്ടു.

ഏറെനേരം ഉറക്കം വരാതെ കിടന്നതിനുശേഷം വെളുപ്പാൻകാലത്ത് മഗ്ദലീന മയങ്ങി. ഉറക്കത്തിൽ അവൾ ആ അന്ധനായ കുട്ടിയെ സ്വപ്നം കണ്ടു.

അമ്മ മരിച്ചതറിയാതെ കേക്കുകളുടെയും ക്രീം ബണ്ണുകളുടെയും ഇടയിലിരിക്കുന്ന ഒരു കൊച്ചുകുട്ടി. അവന് ആ പലഹാരങ്ങൾ കാണാൻ കഴിയില്ല. അതിന്റെ ഗന്ധം മാത്രമേ അവനു അറിയാവൂ. അവന്റെ അമ്മയെ അവൻ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല. അമ്മയുടെ ഗന്ധം മാത്രമെ അവനു അറിയുകയുള്ളൂ. ചുറ്റും കുന്നുകൂട്ടിയിട്ടിരിക്കുന്ന കേക്കുകളുടെ ഇടയിൽ അമ്മയെ പരതുന്ന ഒരു കുഞ്ഞു കൈ...

പിറ്റേന്ന് കാലത്ത് ഹൃദയഭാരത്തോടെ മഗ്ദലീന ഉണർന്നു.
ഇന്ന് വീട്ടിൽ പോകേണ്ട ദിവസമാണ്.എന്നാൽ ആ കാര്യത്തെക്കുറിച്ച് അവൾ ചിന്തിച്ചതേയില്ല.

കുളിച്ചു റെഡിയായി അവൾ ബസ്സ്‌റ്റോപ്പിലേക്ക് നടന്നു. സ്റ്റോപ്പിൽ എത്തിയതും വൈറ്റില ബോർഡ് വച്ച ഒരു കെ.എസ്.ആർ.ടി.സി ബസ് വന്നു. ആ ബസ് തനിക്കുവേണ്ടി മാത്രമാണ് വരുന്നതെന്ന് അവൾക്ക് തോന്നി.

ബസിലിരിക്കുമ്പോൾ താൻ എന്തിനാണ് കൊച്ചിയിലേക്ക് പോകുന്നതെന്ന് അവൾക്ക് ഒരു രൂപവുമുണ്ടായില്ല. സ്ഥിരം ചിട്ടകൾ വിട്ട്​ മറ്റൊന്നും ചെയ്തു ശീലമില്ലാത്ത മഗ്ദലീനയ്ക്ക് ഉദ്വേഗം തോന്നി. അവൾ വെളിയിലേക്ക് നോക്കി ചിന്തകളെ മെരുക്കാൻ ശ്രമിച്ചു.

നിശ്ശബ്ദമായിരിക്കൂ, അവൾ മനസ്സിനോട് ആജ്ഞാപിച്ചു.

പുലർച്ചെ മുതൽ നിലയ്ക്കാത്ത മഴ ബസ്സിനെ പിന്തുടർന്നു.
മഗ്ദലീനയ്ക്ക് ഉറക്കം വന്നു. അകലെ പാടശേഖരങ്ങൾക്ക് നടുവിൽ മഴയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ഒരു ഒറ്റമരം മിന്നായം പോലെ അവളെ കടന്നു പോയി. ആ കാഴ്ച മനസ്സിൽ അടച്ചുവച്ച് മഗ്ദലീന ഉറങ്ങാൻ തുടങ്ങി.
കണ്ടക്ടർ വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്. അവൾ ആദ്യം കണ്ടത് റോഡരികിലെ ഒരു ബേക്കറിയാണ്. താനെന്തിനാണ് ഈ നഗരത്തിൽ വന്നതെന്ന് അവൾ ആ നിമിഷം മനസ്സിലാക്കി.

‘‘ഇല്ല, ഇവിടെ ബോർമ ഇല്ല.'' കടക്കാരൻ പറഞ്ഞു.
‘‘അടുത്ത ബേക്കറി എവിടെയാ?''അവൾ ചോദിച്ചു.
‘‘കുറച്ചൂടെ പോണം.''
‘‘അവിടെ ബോർമ്മയുണ്ടോ?''കടക്കാരൻ അവളെ തുറിച്ചു നോക്കി.

അവൾ കാലുകൾ വലിച്ചുവച്ചു നടന്നു. കേക്ക് കൂനയ്ക്കിടയിൽ തനിച്ചിരിക്കുന്ന ബാലന് വേണ്ടിയാണ്​ താൻ നടക്കുന്നത്. അവൾ സ്വയം പറഞ്ഞു, താൻ മടുക്കരുത്. എത്രനടന്നാലും താൻ മടുക്കരുത്.

ഉച്ചവരെ അവൾ നഗരത്തിലെ പല ബേക്കറികളിലും കയറിയിറങ്ങി. ആ കുട്ടിയെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. അവൾ തളർന്നു. ഒരു ബേക്കറിയിൽനിന്ന് നാരങ്ങാവെള്ളവും ബണ്ണും കഴിക്കുന്നതിനിടയിലാണ് അവളുടെ ഫോൺ ബെല്ലടിച്ചത്.
‘‘നീ എവിടെ പോയി കിടക്കുവാ?'' അപ്പുറത്തുനിന്ന് അമ്മയുടെ ദേഷ്യത്തിലുള്ള സ്വരം.
‘‘ഞാനീ ആഴ്ച വരുന്നില്ല'', അവൾ മെല്ലെ പറഞ്ഞു.
‘‘എന്ത്? വരുന്നില്ലെന്നോ! നീ പിന്നെ അവിടെ ഒറ്റയ്ക്ക് എന്തെടുക്കുവാ?', റാഹേലിന്റെ സ്വരത്തിൽ അമ്പരപ്പും ക്ഷോഭവും കലർന്നു.
‘‘എന്റെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടരുത്'', നാൽപ്പത്തിയൊന്ന് വർഷങ്ങളിൽ ആദ്യമായി മഗ്ദലീന അമ്മയോട് തിരിച്ചു പറഞ്ഞു.
അപ്പുറത്ത് ഫോൺ നിശ്ശബ്ദമായി.

‘‘അല്ല, നീ എന്താ ഇങ്ങനെ'', റാഹേലിന്റെ സ്വരം താഴ്ന്നു.
‘‘ഇനി ഇങ്ങനെയാണ്'' അത് പറഞ്ഞ്​ മഗ്ദലീന ഫോൺ കട്ട് ചെയ്തു.

അവൾ ഒരു പഫ്‌സും കൂടി ഓർഡർ ചെയ്തു.
അവൾക്ക് ഒരു ഭാരം ഇറക്കി വച്ചതുപോലെ തോന്നി. അമ്മയുടെ വെറുപ്പിനു മുന്നിൽ സ്‌നേഹം പിടിച്ചുപറ്റാൻ വേണ്ടി ആടിയ അടിമവേഷം അഴിച്ചുവച്ചതിലുള്ള ആശ്വാസം വലുതായിരുന്നു. ഇത് താൻ വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നു.
ഒറ്റ ദിവസം കൊണ്ട് തനിക്കെന്താണ് സംഭവിക്കുന്നത്? പൊലീസ് സ്റ്റേഷനിൽ പോയി ആ സ്ത്രീയെ കണ്ട കാര്യം പറഞ്ഞാൽ പോരെ? അതുപോലെ അമ്മയെ പിണക്കിയത് ശരിയായോ? മഗ്ദലീനയുടെ ബുദ്ധി അവളോട് ചോദിച്ചു.

എന്നാൽ മഗ്ദലീന ആ ചോദ്യങ്ങൾ അവഗണിച്ചു. അവൾ അവളുടെ മനസ്സിന്റെ താളത്തിന് തന്റെ മുടന്തുകാൽ വിട്ടുകൊടുത്തു. അത് അവളെ വഹിച്ചുകൊണ്ട് വീണ്ടും ബേക്കറികളിൽ കയറിയിറങ്ങി. വൈകുന്നേരമായപ്പോഴേക്കും മഗ്ദലീന തളർന്നു. തനിക്ക് ആ കുട്ടിയെ കണ്ടുപിടിക്കാൻ കഴിയില്ല എന്നവൾക്ക് തോന്നി.
അൽപ്പനേരത്തേക്ക് ശമിച്ചു നിന്ന മഴ വീണ്ടും ചാറിത്തുടങ്ങി.

തിരിച്ചു പോകുക, മറ്റു മാർഗ്ഗമില്ല.

മഗ്ദലീന തൊട്ടടുത്ത ബസ്​ സ്​റ്റോപ്പിലേക്കു നടന്നു. മുഖത്ത് ചാലിട്ടൊഴുകിയ വിയർപ്പും മഴവെള്ളവും തൂവാലകൊണ്ട് തുടച്ച്​ മഗ്ദലീന ഒരു നിമിഷം കണ്ണടച്ചു. തന്റെ ഉള്ളിൽ എന്താണെന്ന് അവൾ തിരഞ്ഞു. അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്. ഇത്രയും നേരം കാലിലെ മുടന്തിന്റെ കാര്യം അവൾ മറന്നിരുന്നു. അതല്ലെങ്കിൽ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും സങ്കടത്തിന്റെ ഒരു പൊട്ടായി കാലിലെ മുടന്ത് മനസ്സിന്റെ ഒരു കോണിലുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ മാഞ്ഞിരിക്കുന്നു.

എന്തിനാണ് താൻ ആ കുട്ടിയെ തിരയുന്നതെന്ന് അവൾക്കപ്പോഴും മനസ്സിലായില്ല. എങ്കിലും ഒരു കാര്യം അവൾക്ക് ഉറപ്പായിരുന്നു. താൻ ആ കുട്ടിയെ കണ്ടെത്തും. ഇന്നല്ലെങ്കിൽ നാളെ.

മഴയുടെ ശക്തി കൂടി. അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്.

ബസ് സ്റ്റോപ്പിനെതിരെയുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു കുട്ടിയും പ്രായമുള്ള ഒരു സ്ത്രീയും പുറത്തുവരുന്നു.
കണ്ണു കാണാൻ കഴിയാത്ത കുട്ടിയുടെ കയ്യിൽ ഒരു സ്റ്റിക്കും ഉണ്ട്.
കുട്ടിയെ ബസ് സ്റ്റോപ്പിലിരുത്തിയിട്ട് അവർ റോഡു മുറിച്ചു കടന്നു, അൽപമകലെയുള്ള എ.ടി.എമ്മിലേക്ക് നടക്കുന്നു.

ഇനി ഇതാണോ താൻ തിരയുന്ന കുട്ടി? ഒരാന്തലോടെ മഗ്ദലീന ആലോചിച്ചു.
പക്ഷേ ആ സ്ത്രീയെ കണ്ടിട്ട് സമ്പന്നയാണെന്ന് തോന്നി. ബോർമ്മയിൽ ജോലി ചെയ്യുന്നവരുടെ മട്ടും ഭാവവുമല്ല.

കറുത്ത കണ്ണട ധരിച്ച കുട്ടി തന്നെ നോക്കുന്നതുപോലെ അവൾക്കുതോന്നി.

ചാറ്റൽമഴ പുകമഞ്ഞു പോലെ നഗരത്തിനെ പൊതിയാൻ തുടങ്ങി.

ദൂരെ നിന്ന് ഒരു വെളുത്ത പൊട്ടുപോലെ ഒരു പൂച്ച റോഡിന്റെ ഓരം ചേർന്ന് മെല്ലെ നടന്നുവരുന്നത് മഗ്ദലീന നെഞ്ചിടിപ്പോടെ കണ്ടു. പൂച്ച ബസ് സ്റ്റോപ്പിന്റെ മുൻപിലെത്തി മഗ്ദലീനയെ ഒന്ന് നോക്കി. പിന്നെ, റോഡു മുറിച്ച്​ അപ്പുറത്തേക്ക് ഓടി. ആ നിമിഷം തന്നെ മറുവശത്തുനിന്ന് ഒരു ജീപ്പ് പാഞ്ഞുവന്നു. എ.ടി.എമ്മിൽ നിന്ന് വൃദ്ധ ഇറങ്ങി റോഡിന്റെ ഓരത്തെത്തി.

റോഡിനു കുറുകെ പാഞ്ഞ പൂച്ചയെ തട്ടാതിരിക്കാൻ വെട്ടിച്ച ജീപ്പ് ആ വൃദ്ധയെ ഇടിച്ചു തെറിപ്പിപ്പിച്ചു.

എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. മുൻകൂട്ടി തയ്യാറാക്കപ്പെട്ട ഒരു പദ്ധതി പോലെ.

വല്ലാത്തൊരു ശാന്തത മഗ്ദലീനയുടെ മനസ്സിൽ നിറഞ്ഞു.
അവൾ മെല്ലെ എഴുന്നേറ്റ് വൃദ്ധയെയും കാത്തിരിക്കുന്ന കണ്ണ് കാണാൻ കഴിയാത്ത കുട്ടിയുടെ അരികിലേക്കുനടന്നു. ▮


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments