യമ

മകൻ

അപ്പോൾ അതുവരെ, മുറിയുടെ കോണിൽ ശാന്തനായി ഇരുന്നിരുന്ന ആ വലിയ മൃഗം ഇളകി. അത് വാലാട്ടിയപ്പോൾ മുറിയിലെ പലതും തെറിച്ചു വീണു. ഒന്ന് തുമിച്ചപ്പോൾ മുറിയിലുണ്ടായിരുന്ന രണ്ടുപേരുടെയും അവസാന ശ്വാസം വെപ്രാളപ്പെട്ട് പുറത്തേക്കോടി…

യമ

പൂമുഖത്തെ വാതിൽ തുറന്നതും തണുത്ത ഇരുട്ടിൽ നിന്ന് ഈറൻ വൃദ്ധന്റെ മുഖത്തേക്കു പാറിവീണു. തണുത്തൊരു ദുപ്പട്ടയുടെ തണൽ കൊണ്ടെന്നപോലെ അയാൾ ആഞ്ഞു നിശ്വസിച്ചു. തലേന്ന് വൈകിട്ട് ഭാര്യ കത്തിച്ച കരിപിടിച്ച തൂക്കുവിളക്ക്, ആ കാറ്റത്തും മുനിഞ്ഞു കത്തുന്നു, തുമ്മുന്നു. രണ്ടു വൃദ്ധരോടൊപ്പം കഴിഞ്ഞത് കാരണം അതിനും ഉറക്കം പോയിക്കാണും എന്ന് വൃദ്ധൻ ചിരിച്ചു. ടി.വിക്കും ഉറക്കമില്ല. ചെറിയ ശബ്ദത്തിൽ മലയാളം വാർത്താചാനൽ ചത്തവരുടെയും ചാവാൻ കിടക്കുന്നവരുടെയും കണക്കുകൾ പറഞ്ഞുകൊണ്ടിരിക്കുന്നു. പാതി ചത്ത പോലെ രത്നമ്മ വായുംതുറന്ന് ടി.വിയുടെ ഡിസ്കോ വെട്ടത്തിൽ കിടക്കുന്നതോർത്ത് വൃദ്ധൻ വീണ്ടും ചിരിച്ചു.

"എത്തറ പറഞ്ഞാലും കേക്കൂല്ല. കെടങ്ങു നെറയെ എണ്ണകമിഴ്‌ത്തി തിരിയിട്ടു കത്തിക്കരുതെന്ന് ഒരു നൂറുതവണ പറഞ്ഞുകാണും’’, എന്നത്തേയുംപോലെ അയാൾ ആവർത്തിച്ചു.

പുറത്തെ ഇരുട്ടും തിമിരത്തിന്റെ മറയും കാരണം അങ്ങേര് കാൽവിരലൂന്നിപ്പതിപ്പിച്ച് മുന്നോട്ടു നടന്നു. കാർപോർച്ചിൽ മഴ കയറിയെങ്കിൽ ഇന്നും പത്രം ഉണക്കാൻ ഇടേണ്ടിവരും. കാറിന്റെ മോളിലാണ് വീണതെങ്കിൽ തുമ്മിച്ചാവുകേം ചെയ്യും.

ആ കാർ അങ്ങനെ പൊടിപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി, കുറഞ്ഞത് ഒരു ഇരുപത് വർഷമെങ്കിലും. ഒരു പഴയ ഓഫീസ് സുഹൃത്തിന്റെ ശവമടക്കിനുപോയി തിരികെവരുമ്പോ സൈക്കിളിൽ പോയൊരുത്തനെ തട്ടിയിട്ടശേഷം വണ്ടിയെടുത്തിട്ടില്ല. സുഹൃത്തുക്കളുടെ മരണങ്ങൾ നടക്കുമ്പോൾ, ആരുംതന്നെ അനുശോചിക്കാൻ സാധ്യതയില്ലാത്ത തന്റെയും ഭാര്യയുടെയും മരണങ്ങളെക്കുറിച്ച് അയാളോർക്കും. അങ്ങനെ ഒട്ടുമുക്കാലുമുള്ള തന്റെയും ഭാര്യയുടെയും സുഹൃത്തുക്കൾ മരിച്ചതായി അറിഞ്ഞു. ഇപ്പോൾ കുറെ വർഷങ്ങളായി ആരുടെയും മരണവാർത്ത പോലും രണ്ടുപേരെയും തേടി വരാറില്ല. ഒരുപക്ഷെ ആൾക്കാരുടെ ഓർമകളിൽ തങ്ങളും മരണപ്പെട്ടവരുടെ കൂട്ടത്തിൽ പെട്ടുപോയിക്കാണുമായിരിക്കും. കുറഞ്ഞപക്ഷം ഇപ്പോഴുള്ള ആളെക്കൊല്ലി പകർച്ചപ്പനിയെങ്കിലും പിടിച്ച് ചത്തുകാണും എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. ചുറ്റുപാടുമുള്ള പല വീടുകളിലും ഇപ്പോൾ ആളില്ല. തങ്ങളെപ്പോലെ ഒറ്റപ്പെട്ട വൃദ്ധദമ്പതികളെ മക്കൾ പലരും കൂട്ടിക്കൊണ്ടുപോയതുകാരണം വീടുകൾ അടഞ്ഞു കിടക്കുകയാണ്. അറുപതുകളിലും എഴുപതുകളിലും സർക്കാർജോലിക്കാരായിരുന്ന കുറേപ്പേർ സ്ഥലം വാങ്ങി വീടുവച്ച കോളനിയാണ്. ഇടവഴിയിലൂടെ ഇറങ്ങിനടന്നാൽ ആണവപ്രസരണം മൂലം ആൾക്കാർ ഉപേക്ഷിച്ചു പോയ നഗരം പോലെ മിക്കയിടവും കാടുകയറിക്കിടക്കുന്നു.

ദാ… ഇപ്പൊക്കുറെയായി വീടിനു മുന്നിലെ ഇടവഴിയിൽക്കൂടി നടക്കുന്നവരെ പോലും കാണാനില്ല. ഇനി ഈ നാട്ടിൽ തങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളോ എന്ന് ദമ്പതികൾ ടി.വിക്കു മുന്നിലിരുന്ന് അത്ഭുതപ്പെടാറുണ്ട്. ഇവിടെയിരുന്ന് മറ്റേതോ ഗ്രഹത്തിലെ ജന്തുക്കളുടെ വാർത്തകൾ കാണുമ്പോലെ. പെൻഷൻ പണം അക്കൗണ്ടിൽ നിന്ന് വലിക്കാനും റേഷൻ വാങ്ങാനും മാത്രമാണ് അയാൾ വീടുവിട്ടിറങ്ങുന്നത്.

ഭാര്യ എത്രയോ വർഷങ്ങളായി വീട്ടിൽ തന്നെ കിടന്നു തിരിയുകയാണെന്ന് പെട്ടെന്നയാളുടെ ഉള്ളിൽ തെളിഞ്ഞു. വീടിനെതിരെയുള്ള അമ്പലത്തിൽ പോയിവരൽ മാത്രമാണ് അവളുടെ പുറംലോകം കാണൽ. ചിലപ്പോൾ തോന്നും, വീട്ടിലെ മറ്റൊരു മുറിയാണ് ആ അമ്പലമെന്ന്. പത്തുപതിനഞ്ചടി നടന്ന് മറ്റൊരു മുറിയിലേക്കെന്ന പോലെ അവൾ കോവിലിൽ കയറി തിരികെ വരും. തന്റെ യുക്തിവാദമൊന്നും ഒരുകാലത്തും അവളുടെ അടുത്ത് ചെലവായിട്ടില്ല. വാക്‌സിനെടുക്കുന്നതു വരെക്കെങ്കിലും, അതുവരെ ജീവിച്ചിരിക്കുമെങ്കിൽ, പുറത്തേക്കിറങ്ങേണ്ട എന്നാണ് തല്ക്കാലം തീരുമാനം. കോവിഡ് പിടിച്ചാൽ ക്വാറന്റൈൻ സെന്ററുകളിൽ ബന്ധുക്കളെപ്പോലും കാണിക്കാതെ ഒറ്റപ്പെടുത്തിക്കളയും എന്ന അറിവാണ് ദമ്പതികളെ മുഴുവനായും വീടിനുള്ളിൽ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

"ആ പഷ്ട്ട്... നിങ്ങള് ഞാനില്ലെങ്കിൽ നിങ്ങടെ ബനിയനെടുത്ത് കോണാം ഉടുക്കും’’, രത്നമ്മയ്ക്ക് മറവിയും സ്ഥലകാല വിഭ്രമവും തന്നോളമില്ലായെന്ന് വൃദ്ധനറിയാം. ഒറ്റക്കിരുന്നു പിറുപിനാന്ന് ഏതാണ്ടൊക്കെ പറയുമെന്നെയുള്ളൂ. കുറേവർഷം മുന്നേ അവൾ ആ പരിപാടി തുടങ്ങിയപ്പോൾ തനിക്കറിയാത്ത പലതും അവൾക്കുള്ളിലുണ്ടെന്ന് അയാൾക്ക് മനസിലായി. താനറിയാത്ത മനുഷ്യരെയും സ്ഥലങ്ങളെയും സന്ദര്‍ഭങ്ങളെയും ഒക്കെക്കുറിച്ച് തുമാർ എന്ന് പറയുന്ന ഒരുത്തനോട് കലപിലാന്നു പറഞ്ഞുകൊണ്ടിരിക്കും. ആരാ ഈ തുമാർ എന്ന് ചോദിച്ചാ തന്റെ കാമുകൻ ആണെന്ന് പറഞ്ഞുകളയും.

"ഗോവിഡ് പിടിച്ച് ചത്താ, ചത്ത ആൾക്കല്ലേ പ്രശനം ഒള്ളൂ.. കുഴിച്ചിടുന്നവർ പ്രേതത്തെ പിടിച്ചാ അത് പിടിച്ചു കടിക്ക്വൊ?"

"എനിക്കറിഞ്ഞൂടാ... വായൂൽക്കൂട ഒക്കെ അല്ലെ അത് പകരണത്. അതോണ്ടായിരിക്കും."

"അതിന് ചത്ത ആൾ എവിട ശോസം വിടാൻ?" രത്നമ്മ ചോദ്യഭാവത്തിൽ നോക്കിയപ്പോ വളഞ്ഞ ചുണ്ടുകളുടെ അഗ്രഭാഗത്ത് ഈള ഊറിനിന്നു.

അവൾ ചോദിക്കുന്ന പലതിനും അയാൾക്ക് ഉത്തരമറിയില്ല.

ഓരോ തരം രോഗങ്ങളേ! ക്വാറന്റൈൻ സെന്ററിലോ ആശുപത്രിയിലോ ചത്തുകഴിഞ്ഞാൽ പനിപ്പകർച്ച പേടിച്ച് ചിലപ്പോൾ ബന്ധുക്കളെപ്പോലും ദേഹം കാണിക്കില്ലത്രേ. കെട്ടിമൂടിയ പല ശവങ്ങളും ആളുമാറി ദഹിപ്പിച്ചത് കാരണം ചിലർ മരിച്ചോ, അതോ ഏതെങ്കിലും ക്വാറന്റൈൻ സെന്ററിലാണോ എന്നുകൂടി പിടുത്തമില്ല.

തങ്ങളിൽ അവശേഷിക്കുന്നയാൾക്ക് മറ്റെയാളെ ഒരു നോക്ക് കാണാൻ പറ്റണം. അല്ലെങ്കിൽ ഒരുമിച്ച് ചാകണം. അങ്ങനെയാണ് ആ വൃദ്ധദമ്പതികൾ തീരുമാനിച്ചത്. കൂട്ടമരണങ്ങൾ നടക്കുമ്പോൾ വൃദ്ധർ ഒരധികപ്പറ്റായതുകാരണം അവരുടെ മരണങ്ങൾ വെറും ഒരു അനിവാര്യതയായി ഗണിച്ചുകളയും. അതുകൊണ്ട് ആവിയായിപ്പോകുന്നെങ്കിൽ ഇവിടെ ഈ വീട്ടിൽ തന്നെ കിടന്നുകൊണ്ടുവേണം. വീട്ടിലെ ഒരു ചെടി വാടിവീഴുന്നതിന്റെയെങ്കിലും സൗന്ദര്യം അതിനുണ്ടാകുമല്ലോ.

അങ്ങനെ..., സ്ഥിരമായി പാലുകൊണ്ടുവരുന്നയാളെ നിർത്തിച്ചു. ഗേറ്റിൽ തൂക്കിയ പ്ലാസ്റ്റിക് കവറിൽ നിന്ന് പാലെടുത്തില്ലെങ്കിൽ കോവിഡ് പിടിച്ച് കിടക്കുകയാണെന്ന് മനസിലായാലോ. പത്രക്കാരനും കേബിളുകാരനും ആറുമാസത്തെ പണം അഡ്വാൻസായി കൊടുത്തു. പത്രം സ്ഥിരമായി വന്നുവീഴുന്നുണ്ട്. അതുകൊണ്ട് അയാൾ ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നു. അതോ ഇനി മറ്റാരെങ്കിലും മരിച്ചയാളുടെ ജോലി ഏറ്റെടുത്തതാകുമോ ആവൊ? ഇപ്പോൾ രോഗം പകരാതിരിക്കാനല്ല ആൾക്കാരെ അടുപ്പിക്കാതെ ജീവിക്കുന്നത്; മറിച്ച് രോഗം പിടിപെട്ടാൽ ആരും അറിയാതിരിക്കാനാണ്. അറിഞ്ഞാൽ ഭാര്യയെയും തന്നെയും പല സ്ഥലത്തായി കൊണ്ട് പാർപ്പിച്ചാലോ? അവളെങ്ങാനും മരിച്ചാൽ അവസാനമായി ഒന്ന് കൈപിടിക്കാതിരിക്കുന്നതെങ്ങനെ?

വൃദ്ധൻ കീഴോട്ട് ഒന്നുകൂടി കുനിഞ്ഞു പതിയെ നടന്നു. കാൽവിരലുകളിൽ എണ്ണയുടെ മെഴുക്ക് തട്ടിയതും അയാൾ നിന്നു.

"എത്തറ പറഞ്ഞിട്ടും കാര്യമില്ല. എന്നാ… വെളക്ക് അണച്ചിട്ട് കെടക്ക്വൊ, അതൂം ഇല്ല. വയസാം കാലത്ത് ചറുക്കി വീണ് തലേം അടിച്ച് കെടന്നാ ആര് നോക്കാൻ?"
തങ്ങൾക്ക് പിറക്കാതെപോയ കുഞ്ഞുങ്ങളെ പഴിക്കാൻ അയാളുടെ മനസ് വീണ്ടും ഒരുക്കം കൂട്ടുന്നതിനിടയിൽ അയാളുടെ കാൽ എന്തിലോ മുട്ടി. തലേന്നുച്ചയ്ക്ക് പാളിനോക്കിയ വെയിലിൽ ഉണക്കാനിട്ട കയർമെത്ത, ചുരുട്ടി വിളക്കിനു കീഴെകൊണ്ട് വച്ചിരിക്കുകയാണോ എന്ന് അങ്ങേര് അദ്‌ഭുതപ്പെട്ടു.

"എവളെക്കൊണ്ട് തോറ്റ്. വല്ലടത്തും മൂടിടിച്ചു കിടന്നാ ആര് നോക്കും. വയ്യാത്ത കാലും കൊണ്ട് ഒറ്റയ്ക്ക് മെത്ത വലിച്ചോണ്ട് വച്ചിരിക്ക്ന്ന്."
അതിലെ മൂത്രം മണം പോയോ എന്നു നോക്കാൻ അയാൾ കുനിഞ്ഞു. ഈയിടെ രാത്രി കിടക്കുമ്പോൾ അവൾക്ക് അറിയാതെ മൂത്രം പോകുന്നു. നിലത്ത് എണ്ണ ഒഴുകിപ്പരന്ന പാടിന്റെ വലുപ്പം നോക്കാനായി അങ്ങേർ ഇടതുകാല് കൊണ്ട് നിലം തപ്പിനോക്കി. അത് മെത്തയല്ല, മറ്റെന്തോ, വൃദ്ധൻ കാലുകൊണ്ട് അതിനെ വീണ്ടും കിണ്ടി. ആരോ കമിഴ്ന്നു കിടക്കുന്നു. പ്രാർത്ഥിക്കും പോലെ. വൃദ്ധൻ നിലത്ത് കിടക്കുന്നയാളുടെ തലയിൽ തൊട്ടു. അനക്കമില്ല. ചുരുണ്ടമുടി വിരലുകളിൽ കുടുങ്ങി.

"മോനെ.. മോനെന്താ ഇവിടെ കിടക്കുന്നത്? തണുക്കും’’, നിശ്ശബ്ദതയിൽ ഇടവഴിയിലൂടെ എന്നത്തേയും പോലെ ഒരു ബൈക്ക് പാഞ്ഞു. ശബ്ദം ഒരു കാതിൽ കയറി മറ്റേതിൽ കൂടി ഇറങ്ങിപ്പോയി. ഈ സമയത്ത് കോവിലിലെ മണി അടിക്കേണ്ടതല്ലേ? ഓ.. അതിനാരാ അവിടെ ഇപ്പൊ മണിയടിക്കാൻ. അതുംഅടച്ചിട്ടിരിക്കുവല്ലേ. തന്ത്രിയടക്കം, ദൈവമൊഴിച്ച് ബാക്കിയെല്ലാവരും, അവിടെ കിടപ്പിലായില്ലേ.

‘മോനേ…’, വൃദ്ധൻ ഒന്നുകൂടി കമിഴ്ന്നു കിടന്നയാളെ കുലുക്കിനോക്കി.

‘രത്നമ്മേ...’, അങ്ങേർ വീടിനുള്ളിലെ ഇരുട്ടിലേക്ക് നീട്ടിവിളിച്ചു. അങ്ങനെ തിരിഞ്ഞു നോക്കിയപ്പോൾ ആദ്യമായി വീട് ഒരുപാട് ഇരുട്ടിലാണെന്ന് അയാൾക്ക്‌ തോന്നി. നട്ടുച്ചകളിലും തണുപ്പും ഇരുട്ടും ഈ വീട്ടിൽ കനത്തുനിൽക്കുന്നുണ്ടോ? മുൻപെപ്പോഴാണ് വീട് നിറയെ വെട്ടം നിറഞ്ഞിരുന്നത്? ഇന്നുച്ചയ്ക്ക് എന്തായാലും ഒന്ന് ശ്രദ്ധിക്കണം. വീട് വയ്ക്കുമ്പോൾ രത്നമ്മയുടെ നിർദ്ദേശപ്രകാരം എല്ലായിടത്തും ജനലുകളിൽ സുതാര്യമായ ഗ്ലാസുകളാണ് ഇട്ടത്. പിന്നീടെപ്പഴാണ് അവൾ കനത്ത തുണികർട്ടനുകൾ പിടിപ്പിച്ച് വീടിനുൾവശം മുഴുവൻ ഇരുട്ടാക്കിയത്.

‘മോനേ…’ അങ്ങേര് കാലുകൊണ്ട് താഴേക്കിടക്കുന്നയാളെ തോണ്ടുന്നതിനിടെ ഒരു വശത്തേക്ക് തെന്നിനിന്നുപോയി.

വൃദ്ധൻ തിരികെ വീടിനുള്ളിലേക്ക് നടന്നു. അകത്ത് കിടപ്പുമുറിയിൽ വായും തുറന്ന് ടി.വിവെട്ടത്തിൽ രത്നമ്മ. വൃദ്ധൻ അരികെപ്പോയി വീണ്ടും വിളിച്ചു. ഒരനക്കവുമില്ല. അവൾ മരിച്ചോ? അയാൾക്ക്‌ വെപ്രാളമായി. അയാൾ അവരെകുലുക്കിയപ്പോൾ വായവട്ടത്തിലെ ഇരുട്ടും നോക്കിയിരുന്ന ഒരീച്ച ദൂരേക്ക് പാറി.

"രാവിലെ ഇതെന്തോന്ന്? ഇത്തിപ്പൂരം കൂടി കഴിഞ്ഞ് കട്ടൻ ഇടാം’’, അവരുടെ ശബ്ദം വായ്ക്കുള്ളിൽതന്നെകിടന്നു പൊടിഞ്ഞു.

"മോൻ വന്നിരിക്കണെടീ... എണീര്"

"ഓ... പൂരായോം കൊണ്ടെറങ്ങീരിക്കണ്. കൊറേ വര്ഷമായിട്ട് എന്നെയിട്ട് പറ്റിക്കണതല്ലേ? ഇതിപ്പം ആരിൽ ഉണ്ടാക്കിയ പിള്ളേണ്?"

"നീ വാടീ... ശരിക്കും വന്നിട്ടൊണ്ട്. നമ്മുടെ മോൻ."

വൃദ്ധൻ ധിറുതിയിൽ തിരികെ നടന്ന് വരാന്തയിലെത്തി. ഒന്ന് വീടിനകം കയറി പുറത്തിറങ്ങിയപ്പോൾതന്നെ ലോകം മാറിപ്പോയി. സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു. താഴേക്കിടന്നയാൾ മുന്നത്തെക്കാളും കറുത്ത് വെളിച്ചത്തിൽ കിടക്കുന്നു. എണ്ണമയമുള്ള ചുരുണ്ടമുടി പുറകിൽ കെട്ടിവച്ചിരിക്കുന്നു. അയാളുടെ കാലിലുണ്ടായിരുന്ന ഒരു ചെരുപ്പ് തെറിച്ച് മുറ്റത്തു കിടക്കുന്നു.

രത്നമ്മയും കൂനിക്കൂടി പുറത്തേക്കിറങ്ങി. എലുന്ന ഇടുപ്പിൽ കയ്യൂന്നി അവർ വൃദ്ധനോടു ചേർന്ന് താഴേക്ക് നോക്കിനിന്നു.
"അയ്യോ എണ്ണേല് കാലുചറുക്കി വീണാ... നിങ്ങള് ആ ചെറുക്കനെ പിടിച്ചെഴീക്ക്"

വൃദ്ധൻ കുനിഞ്ഞ് അയാളെ തൊടുന്നതിനു മുന്നേ തന്നെ രത്നമ്മ അയാളുടെ കൈവലിച്ചു പൊന്തിച്ചു. അവർ വേച്ച് താഴെക്കിരുന്നു പോയി. കുറേനേരത്തെ പ്രയത്നത്തിന് ശേഷം രണ്ടുപേരും ചേർന്ന് അയാളെ മലർത്തിയിട്ടു. കൈയിൽ പിടിച്ചുവലിച്ച് വീടിനകത്തെ ഹാളിലേക്ക് അയാളെ എത്തിച്ചു.

കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള ആരോഗ്യം രണ്ടു​പേർക്കമില്ലെന്ന് തമ്മിൽ സംസാരിക്കാതെ തന്നെ ഇരുവർക്കും മനസിലായി. രത്നമ്മ കിടപ്പുമുറിയിലേക്ക് പോയി ഒരു ജമുക്കാളം എടുത്തുകൊണ്ട് വന്ന് പഴക്കംചെന്ന കുഷനുകൾ ദ്രവിച്ച സെറ്റിക്ക് വശത്തായി വിരിച്ചിട്ടു.

വൃദ്ധൻ താഴെ ഒരുവശത്തിരുന്ന് കിടക്കുന്നയാളുടെ നെറ്റിയിലെ ചുരുണ്ടമുടികൾ മാടിയൊതുക്കിക്കൊണ്ടിരുന്നു.
"മോന് ചായയെടുക്കെടീ..."
"നിങ്ങടെ മോനല്ലേ... പോയിയെടുക്ക്.." രത്നമ്മ തറയിലിരുന്നു.
"ആഹാ.. എന്ന് മുതലാണ് എന്റെ മാത്രം മോൻ ആയത്? നീയല്ലേ അവനെ പ്രസവിച്ചത്?"

വൃദ്ധ തറയിൽകിടന്നിരുന്ന ചെറുപ്പക്കാരനെ നോക്കി. തനിക്കൊരു മോനുണ്ടായിരുന്നെങ്കിൽ ഇവനെക്കാൾ ഒരു പതിനഞ്ചു വയസ്സെങ്കിലും കൂടുതൽ കാണും. എന്തെങ്കിലും കശപിശ അവരും ഭർത്താവും തമ്മിൽ ഉണ്ടാവുമ്പോൾ മക്കൾ ജനിക്കാത്ത കുറ്റം രണ്ടുപേരും മത്സരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാർത്തും. ആരുടെ കുറ്റം കൊണ്ടാണ് കുട്ടിയുണ്ടാവാത്തത് എന്നറിയാൻ അവർ ഒരിക്കലും ഡോക്ടറെ കണ്ടില്ല. ആരുടെ പ്രശ്നമാണെന്ന് അവർക്ക് രണ്ടുപേർക്കും അറിയാണ്ടായിരുന്നു. മിക്കവാറും വൃദ്ധനാണു പ്രശ്നം എന്ന് രണ്ടുപേർക്കും ഒരൂഹമുണ്ടായിരുന്നു. എന്നാലും തന്റേതായി പലയിടത്തും കുട്ടികളുള്ളതായി അയാൾ ചില കലപിലകൾക്കിടയിൽ വിളിച്ചുപറയുന്നത് കേൾക്കുമ്പോൾ വൃദ്ധ ഗൂഢമായി ചിരിക്കും; "എന്നാ ഒരെണ്ണത്തിനോട് ഇങ്ങോട്ട് വരാൻ പറ. ഞാൻ മച്ചിയാണെന്ന് ആളുകൾ പറയുന്നത് ഞാനങ്ങു സഹിക്കും. ഒന്നൂല്ലെങ്കിലും വീട്ടിനൊരനക്കം വയ്ക്കുമല്ലോ.’’
അപ്പോൾ അയാൾ ടീപ്പോയിൽ സ്ഥാനം തെറ്റിക്കിടക്കുന്ന വാരികകളിലേക്കു ഒരു കുതിപ്പ് നടത്തും.

വൃദ്ധ ജമുക്കാളത്തിൽ മലർന്നുകിടക്കുന്ന ചെറുപ്പക്കാരന്റെ കാലുകളിൽ കൈകൊണ്ട് തടവി. ചൂടുണ്ട്. പനിയാണോ? അവർ സംശയത്തോടെ വൃദ്ധനെ നോക്കി. വൃദ്ധനും അയാളുടെ കാല് തൊട്ടുനോക്കി. പൊള്ളുന്നു. വൃദ്ധന്റെ മുഖം വാടി കുനിയുന്നതു കണ്ട രത്നമ്മ ചാടിയെഴുന്നേറ്റു.

"പനിയാണെങ്കിൽ തന്നെ എന്തര്... രണ്ടു ദിവസം കഴിയുമ്പോ പൊയ്ക്കോളും."

"പനിയൊണ്ടാ ..." വൃദ്ധൻ ചെറുപ്പക്കരന്റെ നെറ്റിയിൽ വീണ്ടും കയ്യമർത്തി. അത് ചുട്ടു പൊള്ളുന്നു. അയാൾക്ക്‌ മരണം മണത്തു. യാഥാർഥ്യത്തെ കുഴിച്ചിടാനെന്നോണം അയാൾ ധിറുതിയിൽ എണീറ്റ് പോയി പുതപ്പെടുത്തുകൊണ്ടു വന്ന് ചെറുപ്പക്കാരനെ പുതച്ചു.

"അതുതന്നെ... പനിയാണെങ്കിലെന്താ? രണ്ടു ദിവസം കഴിയുമ്പോ കുറയാനെ ഉള്ളൂ. മോൻ സമാധാനമായി ഒറങ്ങ്’’, രത്നമ്മ പറഞ്ഞത് വൃദ്ധൻ തനിക്കുവേണ്ടിക്കൂടി ഒന്ന് ആവർത്തിച്ചു. ചെറുപ്പക്കാരൻ ഞരങ്ങി.

"പനി എറങ്ങീട്ടൊണ്ട്. ദേഹം വേദന കാണും. പാവം. ഇന്നലെ രാത്രി കക്കൂസിൽ കൊണ്ടുപോയപ്പോ കാല് വലിച്ച് വച്ചാണ് നടന്നത്. എന്നക്കാലും അവനു വയസായെന്നു തോന്നി’’, വൃദ്ധൻ ചുമച്ചു.
രണ്ടുപേരും കുറേനേരം താഴെ കിടക്കുന്ന ചെറുപ്പക്കാരനെ നിർന്നിമേഷം നോക്കി നിന്നു.

ചെറുപ്പക്കാരൻ ഉറങ്ങുന്നതിനിടെ ചുമച്ചു. ചെറുപ്പക്കാരന് ആവിപിടിക്കാൻ വച്ച പാത്രമെടുത്ത് നടന്ന് രണ്ടുപേരും ടി.വി വെട്ടത്തിൽ മിന്നുന്ന അകത്തെ മുറിയിലെത്തി.

"ഇതിപ്പോ എത്ര തവണയായി? ഒരു മോൻ സ്നേഹം" രത്നമ്മ 'റ' വട്ടത്തിൽ കിറി കോട്ടി വൃദ്ധനെ നോക്കി.

"ഞാൻ പോകുമ്പോ നിന്നെ ക്ഷണിച്ചാ? നീ വാലുപോലെ എന്തരിന് കൂടെ വരണത്? നാളെ ആവുമ്പൊ അവനു പനി ഒക്കെ കുറയും. നോക്കിക്കോ... റസ്റ്റ് എടുത്താ മതി."

"ആവി പിടിക്കാൻ ചെറുക്കന് ഇപ്പഴും ഇഷ്ടമല്ല. പണ്ട് ചെറുപ്പത്തിൽ എന്നെ എത്ര കഷ്ടപ്പെടുത്തിയതാണ്. വലുതായാലെങ്കിലും ഒരു ഇരുത്തം വരണ്ടേ?"
രത്നമ്മ ആവിപ്പാത്രത്തിലെ ആറിത്തുടങ്ങിയ പനിക്കൂർക്കവെള്ളം മുറിയിലെ വാഷ്ബേസിനിൽ ഒഴിച്ചു. വെന്ത ഇലകൾ ബേസിനിലെ കുഴികളിൽ അടിഞ്ഞ് വെള്ളം സിങ്കിൽ തന്നെ കെട്ടിനിന്നു. അതുകാണാതെ അവർ തിരികെ നടന്ന് ഭർത്താവിന്റെ അടുത്തെത്തി ഇരുന്നു. എന്തിനെന്നില്ലാതെ അവർ അയാളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അവരുടെ എല്ലുകൾ ശരീരത്തിൽ തട്ടി അയാൾക്ക്‌ വേദനിച്ചു. കുറെ നാളായി അങ്ങനെ ചെയ്യാത്തതുകൊണ്ടോ എന്തോ ആ നിലയിൽ രത്നമ്മയ്ക്കുതന്നെ ശരീരം വേദനിച്ചു. ഒന്ന് കെട്ടിപ്പിടിക്കാൻ പോലും വയ്യാത്ത നിലയിൽ ആയിരിക്കുന്നു. അതോ ഇനി തനിക്കും പനി പിടിച്ചോ? രത്നമ്മ നേരിയ തോതിൽ വിറച്ചു.

വൃദ്ധൻ അവരെ തന്നിൽ നിന്ന് അടർത്തിമാറ്റി നെറ്റിയിൽ കൈ വച്ചുനോക്കി; "പനിയൊണ്ടാ നിനക്ക്."
ഭയത്തിൽ അയാളുടെ തൊണ്ട വേദനിച്ചു. അതോ ശരിക്കും തൊണ്ട വേദനയോ? അയാൾ സ്വന്തം നെറ്റിത്തടത്തിലും കൈ വച്ചു.

പുറത്ത് പനിപിടിച്ചയാൾ വീണ്ടും ചുമച്ചു. രത്നമ്മ ചാടിയെഴുന്നേറ്റപ്പോൾ ചുള്ളിക്കൈകൾ വായുവിലേക്ക് തെറിച്ചു.

"ഞാൻ കഞ്ഞിയെടുക്കട്ടാ? ഇതിപ്പോ സമയത്രയായി? മോന് വെശക്കും."
അയാൾ ചോദിച്ചതിനെ പാടെ അവഗണിച്ച് കാലുകൾ വലിച്ചുവച്ച് രത്നമ്മ അടുക്കളയിലേക്കു പോയി.

വൃദ്ധൻ സമയം നോക്കുന്നതിനു പകരം പൊടിമൂടിയ പഴയകർട്ടൻ നീക്കി മുറിയിലെ ജനാല തുറന്നു. കുറേക്കാലത്തിനു ശേഷം ആ ജനാല വെളിച്ചത്തിനു ചതുരം വരച്ചു. ജനാലച്ചതുരത്തിൽ ആവി പോലെ പൊടിപടലം. വൃദ്ധൻ ആർത്തു ചുമച്ചു. നട്ടുച്ചവെട്ടം കാറ്റിനൊപ്പം മുറിയിലേക്ക് കയറി. പലതിനും അകത്തേക്കുള്ള മാർഗം ഇപ്പോഴാണ് തെളിഞ്ഞത്. മരണത്തിനു പോലും.

വൃദ്ധൻ മുറി ആകപ്പാടെ ഒന്നുനോക്കി. മുറിക്കു വേറെ നിറം. അകത്തെ ഇടുക്കുകൾക്കുള്ളിൽ സ്വപ്‌നങ്ങൾ ചത്ത് കിടക്കുന്നു. ആഗ്രഹങ്ങളുടെ ഫോസിലുകൾ ശാന്തമായി ഉറങ്ങുന്നു.

മുറിയിലെ വസ്തുക്കളിൽ പലതിലും തട്ടി ഓർമകൾ കണ്ണുകളെ വേദനിപ്പിച്ചു തുടങ്ങിയപ്പോഴാണ് അയാൾ ശരിക്കും അത് ശ്രദ്ധിച്ചത്. കഴുത്തിലെ മണി കിലുക്കാതെ ശാന്തനായി ഒരു മുഴുമുഴുത്ത കാള മുറിയുടെ ഒരു കോണിൽ നിൽക്കുന്നു. കറുത്തൊരു നിലാവ് എന്നാണ് അയാൾക്കു തോന്നിയത്. ഉറപ്പിക്കാനായി വൃദ്ധൻ കണ്ണുകൾ ഒന്നുകൂടി കൂർപ്പിച്ചു. ഇത്രയും വലിയ ഈ ജീവി എന്തുകൊണ്ട് ഇത്ര നേരം തന്റെ കണ്ണിൽ പെട്ടില്ല? രത്നമ്മ കണ്ടിരുന്നോ? ഇതിപ്പോ ഏതു വഴി കയറി? എന്തിനു കയറി എന്ന് ആലോചിക്കാൻ അയാൾ ആഗ്രഹിച്ചില്ല. മുറിയിൽ ഇപ്പോൾ ഏറ്റവും ജീവനുള്ളത് അതിനുമാത്രമാണ്. അതുകൊണ്ട് ഓടിക്കുന്നതിൽ യുക്തിപരമായും അർത്ഥമില്ല. യുക്തി. അയാൾ ചിരിച്ചപ്പോൾ കണ്ണിൽ വെള്ളമൂറി. ശാന്തനായ ആ മൃഗത്തിന്റെ മുഖത്തേക്കു ഒരുനിമിഷം നോക്കി അയാൾ കുനിഞ്ഞു നിന്നു.

"മോനെന്തര് ചെയുന്നാ എന്തോ, പോയി നോക്കീറ്റ് വരാം’’, അയാൾ വേഗത്തിൽ നടക്കാൻ ഭാവിക്കുന്നതു പോലെ അനങ്ങി.
സന്ധികൾക്കു മുറുക്കം.
അഭൗമമായ ഒരു മണി കിലുങ്ങി.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്നെന്ന പോലെ അത് മരിക്കാതെ കനപ്പെട്ടു വായുവിൽ തിങ്ങി.
മൃഗം കഴുത്തു മെല്ലെ തിരിച്ച് തന്നെ നോക്കുന്നത് വൃദ്ധൻ കുനിഞ്ഞ നടത്തിനിടെ അനുഭവിച്ചു. അതിന്റെ ശ്വാസം കഴുത്തിൽ തഴുകുന്നു. അത് കാലുകൾ മെല്ലെ മടക്കി താഴെ അമർന്നിരുന്നത് തിരിഞ്ഞു നോക്കാതെ തന്നെ വൃദ്ധൻ കണ്ടു.

"വലിയപറമ്പിൽ നീലകണ്ഠൻ മകൻ വാമദേവൻ എഴുതുന്ന സമ്മതപത്രം.., ഇനിയെന്തോന്നാ എഴുതേണ്ടത്? മോന്റെ പേര് എന്തരെന്നെഴുതും?"

‘കണ്ണൻ’ രത്നമ്മ ചിരിച്ചപ്പോൾ കണ്ണുകളിൽ നിന്നും പനി പുറത്തേക്കൊഴുകി.

"എന്തരെങ്കിലും പേര് പേരെഴുതിയാ പോരാ" വൃദ്ധൻ എഴുതുന്നത് നിർത്തി പേപ്പർ ടീപ്പോയിൽ വച്ചു.

"നമ്മള മോന് നമ്മളിടുന്ന പേരല്ലേ എഴുതാൻ? കണ്ണൻ എന്നെഴുതിയാ മതി..." രത്നമ്മക്ക് ദേഷ്യം വന്നു.

"…. എന്ന ഞങ്ങളുടെ മകൻ കണ്ണന് എഴുതുന്ന ഇഷ്ടദാനം. പേര് ഇഷ്ടം പോലെ അവൻ എഴുതട്ടെ..." വൃദ്ധൻ തിരുത്തി.

രത്നമ്മ മുഷിഞ്ഞ വിരിപ്പിനു മുകളിൽ ചാഞ്ഞ് എലുന്ന കാലുകൾ മടക്കി. കണ്ണുകൾ തുറക്കണം എന്തൊക്കെയോ പറയണം എന്നുണ്ടായിട്ട് രത്നമ്മ രണ്ടുമൂന്നു തവണ കൈകൾ അന്തരീക്ഷത്തിൽ തെറിപ്പിച്ചു. ഭൂമിയുടെ ഗുരുത്വം പെട്ടെന്ന് കൂടിയപോലെ കൈകൾ കട്ടിലിൽ രണ്ടുമൂന്നു തവണ പടക്കോ എന്ന് വീണ് ശബ്ദമുണ്ടാക്കി. വൃദ്ധൻ അതു കണ്ട് തെല്ലു നേരം അനങ്ങാതെയിരുന്നു.

"രത്നമ്മേ... എന്റെ രത്നമേ ..." അയാൾ പുഞ്ചിരിച്ചു. വൃദ്ധ ഒരിക്കൽ കൂടി കൈകൾ വായുവിലാട്ടാൻ തുനിഞ്ഞു. എന്നാൽ വിരലുകളിൽ ആ അനക്കം ചുരുണ്ടുകിടന്നു. വൃദ്ധൻ ഇടതുകൈ കൊണ്ട് അവരുടെ വിരലുകളിൽ അമർത്തിപ്പിടിച്ചു. അയാളുടെ വലതുകൈ പിന്നെയും കുറേനേരം പേപ്പറിൽ വെട്ടിയും തിരുത്തിയും ഇരുന്നു. ആ മുറിയിലെ സമയം ജനൽച്ചതുരവും നോക്കി നിലത്ത് പതിഞ്ഞു കിടന്നു; പെരുമ്പാമ്പ് കണക്കെ.

എഴുത്ത് നിർത്തിയ വൃദ്ധൻ പുറത്തുനിന്ന് വിശുദ്ധമായ രാത്രി അകത്തേക്ക് കടന്നുവരുന്നത് കണ്ട് ശാന്തനായി പുഞ്ചിരിച്ചു. ആ പഴയ ഈച്ച വീണ്ടും രത്നമ്മയുടെ വാവട്ടത്തിൽ ഇടം പിടിച്ചിരിക്കുന്നു. അതിനെ ഓടിക്കാനായി വൃദ്ധൻ കയ്യിലെ കടലാസ് വീശിയതും മറിഞ്ഞ് രത്നമ്മയുടെ പുറത്തേക്കു ചാഞ്ഞുവീണു.

അപ്പോൾ അതുവരെ, മുറിയുടെ കോണിൽ ശാന്തനായി ഇരുന്നിരുന്ന ആ വലിയ മൃഗം ഇളകി. അത് വാലാട്ടിയപ്പോൾ മുറിയിലെ പലതും തെറിച്ചു വീണു. ഒന്ന് തുമിച്ചപ്പോൾ മുറിയിലുണ്ടായിരുന്ന രണ്ടുപേരുടെയും അവസാന ശ്വാസം വെപ്രാളപ്പെട്ട് പുറത്തേക്കോടി. മൃഗം നടന്ന് വരാന്തയിലെത്തി നിന്നു. ചെറുപ്പക്കാരൻ പായയിൽ എണീറ്റിരുന്ന് രത്നമ്മ കൊണ്ടുവച്ചുപോന്ന ഫ്ലാസ്കിൽ നിന്നും ഇളംചൂട് വെള്ളം കുടിക്കുന്നു. താൻ പിന്തുടർന്ന് വന്ന തന്റെ ഇര പൂർവാധികം ശക്തിയോടെ ജീവിക്കാൻ തയ്യാറെടുക്കുന്നത് കണ്ട് മൃഗം ദീർഘമായി ഒന്ന് നിശ്വസിച്ച് പുറത്തേക്കിറങ്ങി.

കണ്ട സ്വപ്നത്തിന്റെ ദൈർഘ്യമളക്കാനെന്നോണം അയാൾ കണ്ണ് തുറന്നു. സ്വപ്നത്തിൽ അയാൾ മൈലുകളോളം ഓടിയിരുന്നു. കിടന്ന കിടപ്പിൽ നിന്നെണീറ്റപ്പോൾ പിഞ്ഞിയ പായയുടെ പുല്ലുകൾ ഒന്നുരണ്ടെണ്ണം പുറത്തേക്കു തെറിച്ചു. വെള്ളംകുപ്പിയിൽ വെള്ളം നിറച്ചിട്ടില്ല. അയാൾ എണീറ്റുനിന്നു. പനി മാറിയിട്ടും ദേഹം വേദന വിട്ടുമാറിയിട്ടില്ല. അയാൾ മുണ്ട് അഴിച്ചുടുത്ത് കുപ്പിയും എടുത്ത് അകത്തേക്കുള്ള വാതിലിനു നേരെ നടന്നു. ഇതുവരെയും ആ വയസരുടെ പേര് പോലും അയാൾ ചോദിച്ചിട്ടില്ല. ആദ്യം വീടിനകത്തേക്ക് എത്തി നോക്കി. തന്നെ ആരും കാണരുതേ എന്ന പ്രാർഥനയോടെയാണ് എല്ലായ്‌പ്പോഴും അയാൾ വീടുകൾക്കുള്ളിൽ കയറിയിരുന്നത്. ഇന്നിപ്പോൾ ആരും വീട്ടിനുള്ളിൽ നിന്നും പുറത്തേക്കു വരാത്തതെന്ത് എന്ന തോന്നലും. അയാൾ ഒന്നുരണ്ടു തവണ ആർത്തു ചുമച്ചു, അകത്തുനിന്ന് ഒരനക്കവും ഇല്ല. താനൊന്നു മൂളിയാൽ ഓടിവരുന്ന വൃദ്ധയെ അയാൾ ഏതു നിമിഷവും പ്രതീക്ഷിച്ചു.

അയാൾ അകത്തേക്ക് നടന്നു.
രണ്ടുപേരും കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നത് ടി.വി പ്രവർത്തിച്ചുകൊണ്ടിരുന്ന മുറിയുടെ വാതിലിലൂടെ കണ്ടു. പിന്നെ നടന്ന് അടുക്കളയിലേക്കു കയറി. അവിടെ തിളപ്പിച്ച്‌ വച്ചിരുന്ന വെള്ളം തണുത്തിരിക്കുന്നു. തണുത്ത വെള്ളം കുടിച്ച് അയാൾ വീണ്ടും ചുമച്ചു. രണ്ടുപേരോടും ചെന്ന് നന്ദി പറഞ്ഞ് ഇറങ്ങണം എന്നയാൾ തീരുമാനിച്ചു. നടന്നുചെന്ന് ടി.വി വച്ച മുറിയിലേക്ക് കയറി. ടി.വിയിൽ എവിടെയൊക്കെയോ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. അയാൾ വൃദ്ധന്റെ തോളിൽ സ്പർശിച്ചു. അടുത്ത നിമിഷം കൈ പിൻവലിച്ച് നിലത്തിരുന്നു. വൃദ്ധയുടെ കണ്ണുകൾ അടഞ്ഞ് വായ തുറന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എത്രയോ വട്ടം അവർ തന്റെ അടുത്തിരുന്ന് അങ്ങനെ ഉറങ്ങിയത് അയാൾ ഓർത്തു. പാത്രത്തിൽ നിന്നും കഞ്ഞി മൊത്തിക്കുടിക്കുന്ന തന്നെ നോക്കി തലയാട്ടി ചിരിച്ചുചിരിച്ച് അങ്ങനെ ഒരു ഉറക്കത്തിലേക്ക് പലപ്പോഴും അവർ വഴുതിവീണു. അയാൾ വൃദ്ധയുടെ പാതിയടഞ്ഞ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണുനീർ ഒഴുകി. ഒരുനിലയ്ക്ക് അയാൾ വാവിടുകയും ചെയ്തു. അമ്മാ... അപ്പാ... എന്ന് നിലവിളിച്ച് അവരുടെ രണ്ടുപേരുടെയും പുറത്തേക്ക് ചാഞ്ഞു.

വൃദ്ധന്റെ കയ്യിലിരുന്ന കടലാസിന്റെ അറ്റം വൃദ്ധന്റെ വിറയലിനെ അനുസ്മരിപ്പിച്ച് നിലയ്ക്കാതെ അനങ്ങി. ഒരു ശ്രദ്ധപിടിച്ചെടുക്കൽ ശ്രമം പോലെ.

അരുമയോടെ അയാൾ വൃദ്ധന്റെ കയ്യിൽ മുറുക്കിപ്പിടിച്ചിരുന്ന കടലാസ് വലിച്ചെടുത്തു. തനിക്കാവും പോലെ അയാൾ അത് വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. ജനാലയിലൂടെ ആരോ എത്തി നോക്കിയെന്ന പ്രതീതിയിൽ അയാൾ ചാടി എണീൽക്കവേ അയാളുടെ മുഖത്തു നിന്നും കണ്ണീർ നിലത്തേക്ക് തെറിച്ചു.

അയാൾ എണീറ്റ് ടി.വി അണച്ച് ലൈറ്റിട്ടു. എല്ലാം തെളിഞ്ഞു. പുറത്തുനിന്ന് ചീവീടിന്റെ ശബ്ദം മഴ പോലെ കയറിവന്നു. അയാൾ ആ നിൽപ്പ് നിൽക്കുന്നതിനിടെ മഴയും പുറത്ത് തകർത്തു പെയ്യാൻ തുടങ്ങി. ഭാരമില്ലായ്മ കാരണം താൻ പറന്നുപൊങ്ങുമെന്ന് അയാൾ ഭയന്നു. ജീവിതത്തിൽ താൻ അനുഭവിച്ച സ്നേഹരാഹിത്യവും അവഗണനകളും മറ്റേതോ ജന്മത്തിലാണെന്ന തോന്നൽ അയാൾക്കുണ്ടായി. മറ്റൊരു ജീവിതം, തന്നെ അതിലേക്കു പിടിച്ചുവലിക്കുന്നതുകണ്ട് അയാൾ വികാരാധീനനായി. സമൂഹത്തിലെ അസംഖ്യം പീറ മനുഷ്യരിൽ ഒരെണ്ണം മാത്രമാണ് താൻ. പ്രത്യാശ എന്നൊന്നിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം ജീവിതം കൈവിട്ടു പോയിരുന്നു. പത്തോ പതിനൊന്നോ വയസിൽ മരിച്ചുപോയൊരു കുഞ്ഞിന്റെ അവശേഷിപ്പ് മാത്രമാണ് താൻ. ദുഃഖം കൊണ്ട് അയാൾ വേച്ചു. നടന്നിടത്തൊക്കെ വീഴും എന്ന് പേടിച്ച് അയാൾ ഭിത്തിയിൽ കയ്യൂന്നി നടന്നു.

വരാന്തയിലെത്തി ഇരുട്ടത്തേക്ക് നോക്കിനിൽക്കവേ അയാൾ ഓർത്തു, വിളക്കിൽ തിരി കത്തിക്കാൻ സമയമായി. വരാന്തയിലെ ഗ്രില്ലിന്റെ പടിയിൽ വച്ചിരുന്ന വിളക്കെണ്ണയെടുത്ത് അയാൾ വിളക്കിലേക്കു കമിഴ്ത്തി. വിളക്കിലെ കിടങ്ങു നിറഞ്ഞ് എണ്ണ അയാളുടെ കാലിൽ തുള്ളികളായി പെയ്തു. വിളക്ക് കത്തിക്കുമ്പോഴുള്ള വൃദ്ധന്റെയും രത്നമ്മയുടെയും കഴിഞ്ഞ ദിവസങ്ങളിലുള്ള സംഭാഷണങ്ങൾ അയാൾ ഓർത്തു. അതെല്ലാംതന്നെ അയാളറിയാത്ത, അവരുടെ മകനെപ്പറ്റിയായിരുന്നു.

വിളക്കിലാണ്ടുകിടന്നിരുന്ന പകുതി കത്തിയ തിരി മുകളിലേക്കടുത്ത് അയാൾ തീപ്പെട്ടി ഉരച്ചുകത്തിച്ചു. മഴച്ചാറ്റൽ കൊണ്ട തിരി തുമ്മി.

അന്ന് ആ വെളുപ്പാൻകാലത്ത് ഈ വിളക്ക്, അത് തൂക്കിയിരുന്ന ഇരുമ്പു ചങ്ങലയിൽ നിന്നു വേർപെട്ടു വന്നിരുന്നെങ്കിൽ, ഇന്ന് ഏതെങ്കിലും പാത്രക്കടയിലെ രാസമിനുക്കൽ കാത്തുകിടക്കുമായിരുന്നു. വൈകുന്നേരത്തെ കള്ളിനും ഭക്ഷണത്തിനും മാത്രം തികയുന്ന ഒരു മോഷണക്രിയയ്ക്കിടെ കാലുതെന്നിയതു മാത്രം അയാൾക്ക് ഓർമയുണ്ട്.

വിളക്കിലെ തിരി ഒരുപാടുപേരുടെ ശബ്ദത്തിൽ സന്തോഷത്തോടെ ചിരിച്ചു. അയാൾ കണ്ണുകൾ കൂപ്പി. ഒരുനിമിഷം കണ്ണടച്ച് നിന്ന് വീടിനകത്തേക്ക് തിരികെ കയറുമ്പോൾ അയാൾ ഒരു മകനായി പരിണമിച്ചിരുന്നു. ഒരു കുടയ്ക്കായി അയാൾ വീടിനകം പരതി. നന്നായി കെട്ടിയൊതുക്കിയ നിറം മങ്ങിയൊരു കറുത്ത കുട ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരുന്നു. അതും എടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അയാൾ കട്ടിലിലേക്കൊന്നുകൂടി നോക്കി. രണ്ടുപേർ ഗാഢമായി ഉറങ്ങുന്നു. ഒരുനിമിഷം അയാൾ അവരുടെ നിശ്വാസം കേൾക്കുക പോലുമുണ്ടായി.

കനത്ത മഴയിലേക്ക് കുടനിവർത്തി ഇറങ്ങിയതും കുട ഒരുവശം കൊണ്ട് ചരിഞ്ഞു. കമ്പികൾ രണ്ടെണ്ണം ഒടിഞ്ഞു തൂങ്ങി മഴവെള്ളം അയാളുടെ ചുമലിലേക്കൊഴുകി. അടുത്തനിമിഷം അയാൾ എന്തോ ഉൾപ്രേരണയാൽ കുട നിലത്തേക്കെറിഞ്ഞു. ജലം എന്ന അദ്‌ഭുതത്തെക്കുറിച്ച് ചിന്തിക്കാൻ മുകളിലേക്കാഞ്ഞു തുറന്ന കണ്ണുകളെ തുള്ളികൾ കുത്തിനോവിച്ചു. തന്റെ മാതാപിതാക്കളുടെ ചരമം അറിയിക്കാൻ കറുത്ത മഴയിലൂടെ നടന്നിറങ്ങിയ അയാൾ ആളനക്കമുള്ള വീടുകൾ തേടിയലഞ്ഞു. മഴ അയാളെ പൂർണമായും നനച്ച് ഉള്ളിലേക്ക് കയറാൻ തുടങ്ങിയ അവസരത്തിൽ മങ്ങിയ വെട്ടം പരന്നു കിടന്നിരുന്ന ഒരു വീട്ടിലേക്ക് അയാൾ കയറി. വൃദ്ധരായ രണ്ടുപേർ നനഞ്ഞ മഞ്ഞവെട്ടത്തിൽ കണ്ണിമയ്ക്കാതെ മഴയും നോക്കിയിരിക്കുന്നു.

അയാളെക്കണ്ടതും എല്ലുകൾ ഉരയുന്ന ശബ്ദത്തോടെ അവർ കിലുകിലെ എണീറ്റു. അയാൾക്കെന്തെങ്കിലും പറയാനാവുന്നതിനു മുന്നേ തന്നെ ആ അമ്മ കൈനീട്ടി, ‘മോനേ...’


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments