ചിത്രീകരണം: ദേവപ്രകാശ്

നഖമില്ലായ്മ അഥവാ മുലയില്ലായ്മ

ഒന്ന്

മാസങ്ങളുടെ ഇടവേളകൾക്കുശേഷമുള്ള ഒരു സ്‌നേഹസംഗമത്തിനുശേഷം തെരേസ്സ ടീച്ചർ മലർന്നുകിടക്കുന്ന തൊമ്മിച്ചന്റെ മുകളിൽ നിന്ന്​സ്വാതന്ത്രത്തിനുമുൻപ് പണികഴിപ്പിച്ച, അവസാനത്തെ അത്താഴനിമിഷങ്ങൾ മുഴുവനായി കൊത്തിവച്ച, വീട്ടികൊണ്ടുണ്ടാക്കിയ കട്ടിലിലേക്ക് ഒരു സ്ലൈഡറിൽ നിന്നെന്നപോലെ ഊർന്നിറങ്ങി. തൊമ്മിച്ചന്റെ തലയിലൊരു കിഴുക്കു കൊടുത്തു.
‘‘വിക്രമാദിത്യനും വേതാളവുമായി ജീവിച്ചു മടുത്തെനിക്ക്. നിങ്ങളെ വർഷങ്ങളായി താങ്ങുന്നത് പോട്ടെ, റിട്ടയർമെന്റ്കാലത്ത് ആകെക്കൂടെ തലയിൽ കയറിയ ആശയായിരുന്നു; ഈയൊരു നശിച്ച സാധനം കാരണം ഞാൻ പള്ളിപ്പറമ്പിലേക്ക് പോകുന്നതിന് മുൻപേ ആഗ്രഹങ്ങളൊക്കെ ചത്തടിയും''.
‘‘ടീച്ചർ ഒന്നു പതുക്കെ പറയൂ...''
‘‘അയ്യാ നാലു കൊച്ചുങ്ങളെ വിരിയിച്ചെടുക്കുന്ന നേരത്ത് ഈ നാണമൊന്നും കണ്ടില്ലല്ലോ? ഇനിയിപ്പോ വല്ലവരും കേട്ടുപോയാൽത്തന്നെ എനിക്കൊരു ചേനയുമില്ല. എന്നോട് ചോദിച്ചാൽ എല്ലാം ഞാനങ്ങ് വിളിച്ചുപറയും. മരിക്കുന്നതിനുമുൻപ് നെഞ്ചിലെ കനം എറിഞ്ഞുടച്ചേ മൂക്കിൽ പഞ്ഞിവെക്കാൻ സമ്മതിക്കത്തുള്ളൂ.’’

വെള്ളത്തിൽ മുക്കിയ പഞ്ഞിക്കെട്ടുപോലെ ടീച്ചറുടെ വാക്കുകൾ ഭാരിച്ചു.
തൊമ്മിച്ചന്റെ വലത്തേ കൈയിലെ വിരലുകൾ തന്റെ മുടിയില്ലായ്മയാൽ സമൃദ്ധമായ കിള്ളിത്തലയിൽ എന്തിനോവേണ്ടി പരതിക്കൊണ്ടിരുന്നു. ആ വിരലുകളെ തെരേസ്സ ടീച്ചർ അവിടുന്ന് പറിച്ചെടുത്ത് തന്റെ ആകെയുള്ള ഇടത്തെ മുലയിൽ കൊണ്ടുവന്നു പിടിപ്പിച്ചു വാടിയ മുരിങ്ങയിലകൾ പോലെ തൂങ്ങിനില്ക്കുന്ന ഒരൊറ്റമുല
‘‘ഇതിലൊന്ന് ഞെക്കിയെ. ശകലം കല്ലിപ്പുണ്ടോന്നൊരു സംശയം. രാധിക ഡോക്ടർ അന്നേ പറഞ്ഞതാ ഒന്നുമാത്രം മുറിച്ചുമാറ്റിയാൽ പോരാന്ന്.''
തൊമ്മിച്ചന്റെ തല വലത്തുഭാഗത്തേക്ക് ഒരു റോബോട്ടിനെപ്പോലെ പതുക്കെ ചെരിഞ്ഞു, ടീച്ചറുടെ ഇടത്തെ മുലയിൽ പിടിച്ചൊന്നമർത്തി.
‘‘കല്ലിപ്പൊന്നും ഇല്ല''
തൊമ്മിച്ചന്റെ കൈ അവിടുന്ന് പതുക്കെ ടീച്ചറുടെ വലത്തേ മുലയുണ്ടായിരുന്ന ഭാഗത്തേക്ക് സഞ്ചരിച്ചു. നിളാനദിയുടെ വേനൽക്കാലയാത്രപോലെ നേർത്തൊരു വരയായി അവശേഷിച്ച പാടിലൂടെ വിരലുകൾ ഒഴുകിനടന്നു.
‘‘അല്ലെങ്കിലും തനിക്കെങ്ങനെ മനസിലാവാനാ? ചത്ത് സ്വർഗത്തിലെത്തിയാൽ ചോദിക്കൂല്ലേ വന്നത് ആശയെല്ലാം തീർത്തിട്ടാണോന്ന്?’’
‘‘അന്നേരം നീ എന്നാ പറയും?’’, തൊമ്മിച്ചൻ ചോദിച്ചു.
‘‘സത്യം, എന്റെ ശരീരം പോലെ നന്ഗ്‌നമായ സത്യം!'’, ടീച്ചർ ഒരു പൂച്ചയെപ്പോലെ ചീറ്റി.

റിട്ടയറായതിന്റെ പിറ്റേന്ന് മുതൽ ടീച്ചറുടെ തലയിൽ ഒരാഗ്രഹം ഉദിച്ചു. അത് അവിടെക്കിടന്ന് പന്തലിച്ചു. മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളും തായ്ലൻഡിലെ പട്ടായയിൽ പോയി രണ്ടാഴ്ച കറങ്ങിയടിച്ചു നടന്ന ഫോട്ടോസ് വാട്‌സ്ആപ്പിൽ കൊച്ചുമകൻ അയച്ചുതന്നതുമുതൽ മുളച്ചുപൊന്തിയതാണ് ഈ ആശ.

‘‘അവിടുത്തെ രാത്രിജീവിതത്തിനിടയിലൂടെ കെട്ടിയോന്റെ കയ്യും പിടിച്ചു നടക്കണം, കടൽത്തീരങ്ങളിൽ അർധനഗ്നയായി മലർന്നുകിടന്നു ഒറ്റമുലയും തൂക്കിയിട്ടു സൂര്യനെ കായണം, പാമ്പിനെ മുക്കിവെച്ച വൈൻ കഴിക്കണം, പിന്നെ കുറച്ചു പാറ്റയെയും പഴുതാരയെയും പല്ലിയെയുമെല്ലാം വറുത്തു തിന്നുകയും വേണം!'’

‘‘ഞാനെന്തുവേണമെന്നാ നീ പറയുന്നേ. അത് ചെയ്‌തേക്കാം. പത്തു നാൽപതു വർഷമായി കൂടെ കൂട്ടിയവനാ. എന്നാലും നീ പറ. നീ പറഞ്ഞാൽ എനിക്ക് ചെയ്യാതെ തരമില്ല.’’

തന്റെ ഇടത്തെ കൈയിലെ നഖങ്ങളെ തൊമ്മിച്ചൻ പതുക്കെ തലോടി. പുരുഷനിലേക്കലിയാൻ വെമ്പിനിൽകുന്ന കാമുകിയെപ്പോലെ അതങ്ങു വളഞ്ഞു പുളഞ്ഞു കിടക്കുകയായിരുന്നു.
‘‘മുറിച്ചുകളയണം''

പ്രസ്താവന പുറപ്പെടുവിച്ച ടീച്ചറും അത് ശ്രവിച്ച തൊമ്മിച്ചനും ഒരുമിനുട്ടോളം മരണമൗനമാചരിച്ചു. ഒടുവിൽ തൊമ്മിച്ചൻ മൗനം ഭേദിച്ചു.
‘‘മുറിക്കണമെന്ന് നിർബന്ധമാണെങ്കിൽ ചെയ്യാം. കഴിഞ്ഞയാഴ്ച ആ കുരിശുനാട്ടിക്കടവത്തെ യേശുദാസൻ പറഞ്ഞത് ഒന്നുരണ്ടു വർഷം കൂടെ ഈ നഖങ്ങളൊക്കെ വളർത്തിയാൽ ഗിന്നസ് ബുക്കിൽ കയറാമെന്നാ. അങ്ങനെയാണെങ്കിൽ രണ്ടു കൊല്ലം കൂടെ കഴിഞ്ഞു മുറിച്ചേച്ചാൽ പോരെ?''

വിരലുകളിലെണ്ണാൻ പാകത്തിന് മാത്രം ദിവസങ്ങൾ ബാക്കിയുള്ള ഒരു രോഗി ഡോക്ടറോട് ജീവിതം നീട്ടിക്കിട്ടാൻ അപേക്ഷിക്കുന്ന വൃഥാവിലാപത്തോടെ തൊമ്മിച്ചൻ ടീച്ചറോടപേക്ഷിച്ചു; ‘‘എന്റെ മനുഷ്യാ, ഇതൊക്കെ ഞാൻ മുൻപേ ചോദിച്ചു മനസ്സിലാക്കിയതാ, ഗിന്നസ്ബുക്കിൽ കയറിപ്പറ്റാനുള്ളത്രയും വലുപ്പമുള്ള നഖമൊന്നുമല്ല നിങ്ങടേത്. ഭൂട്ടാനിലെയോ ചൈനയിലോ എങ്ങാനുമുള്ള ഒരാളുടെ പേരിലാണ് ഇപ്പോളത്തെ ഏറ്റവും നീളമുള്ള നഖത്തിന്റെ റെക്കോർഡ്. ആ നഖത്തിന്റെ നീളത്തിനടുത്തൊന്നും ഇല്ല ഇത്.''

ടീച്ചർ മുറിയിലെ ലൈറ്റിട്ടു.
കിടക്കയിൽ നിന്നെഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് തന്റെ മുലയിലൂടെയും മുലയില്ലായ്മയിലൂടെയും വിരലുകളോടിച്ചു. കണ്ണാടിയിൽ നോക്കിക്കൊണ്ടുതന്നെ അപ്പുറം കിടക്കുന്ന തൊമ്മിച്ചനോടായി പറഞ്ഞു; ‘‘ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്.''

കാട്ടുപന്നിയെപ്പോലെ തല താഴേക്ക് പിടിച്ച്, കണ്ണുകൾ കണ്ണാടിയിലേക്ക് കഷ്ടപ്പെട്ടു തിരിച്ചുവച്ച്, ഡൈ ചെയ്തു കറുപ്പിച്ച മുടിക്കിടയിൽ ഒളിച്ചിരിക്കുന്ന വെള്ള രോമങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിൽ ടീച്ചർ പറഞ്ഞു; ‘‘കുറച്ചു ദിവസം മുൻപ് എന്റെയൊരു പഴയ സ്റ്റുഡന്റിനെ കണ്ടിരുന്നു. രാമചന്ദ്രൻ പഠിക്കുന്ന കാലത്ത് ഒരു വക പറഞ്ഞാൽ കേൾക്കാത്ത തല്ലുകൊള്ളിയായിരുന്നു. ഒൻപതാം ക്ലാസ് മൂന്നുവട്ടം എഴുതിത്തോറ്റതിൽപ്പിന്നെ ചെറുക്കൻ ആരോടും പറയാതെ നാടുവിട്ടു. ഇപ്പോൾ ആളൊരു കോടീശ്വരനാന്നാ കേൾക്കുന്നേ. പഠിച്ച സ്‌കൂളിലെ അധ്യാപകരെ ആദരിക്കണമെന്നും പറഞ്ഞു കുറച്ചുനാൾ മുൻപ് എന്നെ വിളിച്ചിരുന്നു. പിന്നീട് നോക്കാമെന്നു പറഞ്ഞു ഞാനന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ ആഴ്ച നമ്മുടെ പത്രോസച്ചന്റെ പെങ്ങളെ മോള് സൂസിടെ കല്യാണത്തിന്റന്നു ഞാൻ കള്ളപ്പവും ഇറച്ചിയും തിന്നുന്നതിനിടയിൽ ഒരുത്തൻ ‘എന്റെ പൊന്നു ടീച്ചറെ' എന്നും പറഞ്ഞു കള്ളപ്പം വച്ച മേശയ്ക്കടിയിലൂടെ കയ്യിട്ട് എന്റെ കാലിലൊരു പിടി. പെട്ടെന്ന് വല്ല പാമ്പും ചുറ്റിയതാണെന്ന് വിചാരിച്ചു ഞാനൊരു ചവിട്ടു കൊടുത്തു. തൊട്ടപ്പുറത്തിരുന്നു കള്ളപ്പത്തിന്റെ ഇടയിൽ രണ്ടു പോത്തിന്റെ കഷ്ണം ഇറുക്കിവച്ചു കല്യാണപ്പെണ്ണിന്റെ വായിൽ വച്ചുകൊടുക്കുന്ന ചെറുക്കന്റെ മടിയിലേക്കതാ കൂളിങ്ഗ്ലാസ്സ് വച്ചൊരുത്തൻ തെറിച്ചു വീഴുന്നു. നോക്കുമ്പോ രാമചന്ദ്രൻ. കല്യാണപ്പെണ്ണിന്റെ മടിയിൽ നിന്നും ചാടിയെഴുനേറ്റ രാമചന്ദ്രൻ മൂക്കിൽ പറ്റിയ രണ്ടു ബീഫിന്റെ പീസും നെറ്റിയിൽ പൊട്ടുകുത്തിയപോലെ ഒട്ടിപ്പിടിച്ച കള്ളപ്പത്തിന്റെ കഷണവും തൂത്തുകളയാതെ വീണ്ടും എന്റടുക്കൽ വന്നു പഴയതുതന്നെ പറഞ്ഞു. അവന്റെ ചന്തിക്കിട്ട് നുള്ളിയ എല്ലാ ടീച്ചർമാരെയും, ചോക്കുവച്ചു കണ്ണിനെറിഞ്ഞ മാഷുമാരെയും ആദരിക്കണമെന്ന്. അന്ന് ഞാൻ അവനോടൊരു മറുപടി പറഞ്ഞില്ലെങ്കിലും ചെറുക്കൻ വിചാരിച്ചാൽ നിങ്ങളുടെ കാര്യത്തിൽ ഒരു നടപടിയുണ്ടാക്കാം.’’

‘‘നീയിതെന്താണ്ടൊക്കെയാ പറയുന്നേ? അയാള് വിചാരിച്ചാൽ ഗിന്നസ് ബുക്കിൽ കയറിക്കൊണ്ടാൻ പറ്റുമോ?’’, തൊമ്മിച്ചൻ വളരെ ശ്രദ്ധാപൂർവം ടീച്ചറെ നോക്കാൻ വേണ്ടി വലതുഭാഗത്തോട്ടു തിരിഞ്ഞു.

‘‘മനുഷ്യാ! ഈ ഗിന്നസ്ബുക്കിൽ കയറുന്നത് നിർത്തിയില്ലേ ഇതുവരെ? അതൊന്നും എന്തായാലും നടക്കില്ല. നിങ്ങൾക്കെന്താ വേണ്ടത്? ഈ നീളൻ നഖങ്ങൾ ഉള്ള കാര്യം നാലാളറിയണം, പത്രത്തിൽ വരണം, ചാനലുകളിൽ വാർത്ത വരണം, അത് കാത്തുസൂക്ഷിക്കുവാൻ വേണ്ടി നിങ്ങൾ വർഷങ്ങളോളം കഷ്ടപ്പെട്ടത് വരും തലമുറയറിയണം അതിനു വഴിയുണ്ടാക്കാം.''

ടീച്ചർ തന്റെ മൊബൈലെടുത്തു കുത്തി പഴയ സ്റ്റുഡൻറ്​ രാമചന്ദ്രനെ വിളിച്ചു. ഭയഭക്തി ബഹുമാനത്തോടെ രാമചന്ദ്രൻ ടീച്ചർ പറയുന്നത് മുഴുവൻ കേട്ടു. കൂടുതൽ സംസാരിക്കാനായി നാളെത്തന്നെ മലകയറി വീട്ടിലേക്കെത്താമെന്നും പറഞ്ഞു.

രണ്ട്

ണുപ്പിനെ കെട്ടിപ്പിടിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം രാവിലെ എട്ടുമണി നേരം:-
രാമചന്ദ്രൻ തന്റെ 4X4 മഹിന്ദ്ര താർ ജീപ്പിൽ മലകയറി ടീച്ചറുടെ പറമ്പിലേക്കെത്തി. പണ്ടെങ്ങാനും ചെയ്ത ടാറിങ്ങിന്റെ സ്മരണപ്പാടുകളിലൂടെ റോഡ് ഊഹിച്ചെടുത്തുവേണം അങ്ങോട്ടേക്കെത്താൻ. രണ്ട് വലിയ ഞാലിപ്പൂവൻ വാഴകൾക്കിടയിൽ വിശ്രമിക്കുകയായിരുന്ന ഒരു കുഞ്ഞൻ വാഴയെ ചതച്ചുമെതിച്ചുകൊണ്ട് രാമചന്ദ്രന്റെ ഡ്രൈവർ കം ശിങ്കിടി മൊട്ടസുര വണ്ടി ടീച്ചറുടെ പറമ്പിൽ തളച്ചിട്ടു. മുണ്ടിന്റെ കോന്തല പൊക്കിപ്പിടിച്ചു പറമ്പിനു നടുവിലൂടെയുള്ള ഇടവഴിയിലൂടെ രാമചന്ദ്രൻ നടന്നു. ഇറയത്ത് തൊമ്മിച്ചൻ ചാരുകസേരയിൽ ഉരുകിച്ചേർന്നിരിക്കുന്നുണ്ടായിരുന്നു. ഒരു ആന മേലെ ചാരിനിർത്തിയ തോട്ടി പോലെ തൊമ്മിച്ചന്റെ നഖങ്ങൾ അയാളുടെ ദേഹത്തെ തൊട്ടുരുമ്മി നിലത്തുമുട്ടി നിന്നു.
‘ടീച്ചറില്ലയോ സാറെ?'
‘‘ഇവിടെയുണ്ട് ചെക്കാ, നീ അകത്തോട്ടു കയറിയിരിക്ക്!''
തൊട്ടടുത്ത് നിന്നും തെരേസ്സ ടീച്ചറുടെ ശബ്ദം കേട്ടെങ്കിലും ആളെ കൺവെട്ടത്തൊന്നും കണ്ടതേയില്ല. മുന്നൂറ്ററുപത് ഡിഗ്രിയിൽ അശരീരിയുടെ ഉറവിടം തേടി രാമചന്ദ്രൻ വട്ടംകറങ്ങി.
‘ഇവിടെ..മുകളിലോട്ട്..'

ഒരു ദൈവവിളിപോലത്തെ ശബ്ദം കേട്ട് രാമചന്ദ്രൻ മുകളിലേക്ക് നോക്കി. മരത്തിന്റെ മുകളിൽ ഒരു വെള്ളത്തുണി ഉണക്കാൻ ആറിയിട്ടിരിക്കുന്നു കണ്ണുകൾ തിരുമ്മി ഒന്നുകൂടെ നോക്കി. വെള്ള മുണ്ടും ചട്ടയും ഉടുത്ത ടീച്ചറതാ വലിയൊരു നീളൻ മാവിൽ ചാരിവച്ച മുളയേണിയിൽ കയറി മാവിൽ പടർത്തിയ കുരുമുളകുവള്ളിയിൽ നിന്നും കുരുമുളകിറുക്കുന്നു.
രാമചന്ദ്രൻ കൂളിംഗ് ഗ്ലാസ് ചെറുതായി താഴ്ത്തി അതിന്റെ ഗ്യാപ്പിലൂടെ മുകളിലോട്ടുനോക്കി നിന്നു.

‘‘ഇതെന്തുകാണാനാണ് ചെറുക്കാ വായുംപൊളിച്ചു നിൽക്കുന്നെ? അകത്തോട്ടു കയറിയിരിക്ക്. ഈ ഒരു കൊമ്പിലെ മുളക് മാത്രമേ ബാക്കിയുള്ളു. അതുകൂടി തീർത്തിട്ട് ഞാൻ താഴേക്ക് എത്തിയേക്കാം.''

ഉണങ്ങിയ രണ്ടു കുരുമുളകിന്റെ ഇലകൾ മുകളിൽനിന്നും കൂളിംഗ് ഗ്ലാസിന്റെ ഗ്യാപ്പിലൂടെ കണ്ണിൽ വന്നു വീണതു കാരണം രാമചന്ദ്രൻ കണ്ണുതിരുമ്മികൊണ്ടു അകത്തോട്ടു കയറിയിരുന്നു.
‘തൊമ്മിച്ചേട്ടാ.. ഒന്നുകൊണ്ടും വേവലാതി വേണ്ട. നമ്മുക്കെല്ലാത്തിനും ഒരു നിലപാടുണ്ടാകാമെന്നേ’, ഒരു കസേര വലിച്ചു തൊമ്മിച്ചന്റെ മുന്നിലിട്ട് രാമചന്ദ്രൻ ഇരിപ്പുറപ്പിച്ചു.

തൊമ്മിച്ചനും രാമചന്ദ്രനും സംസാരിക്കുമ്പോൾ മൊട്ടസുരയുടെ കണ്ണുകൾ ആ നഖങ്ങളുടെ സഞ്ചാരപഥങ്ങളിലൂടെ മുന്നോട്ടും പുറകോട്ടും ചലിച്ചുകൊണ്ടിരുന്നു.
രാമചന്ദ്രൻ തുടർന്നു; ‘‘മലയടിവാരത്തിലെ റോഡ് ഹൈവേയിലേക്ക് ചേരുന്ന സ്ഥലത്ത് എനിക്കൊരു 15 സെൻറ്​ സ്ഥലമുണ്ട്. നാട്ടുകാർക്ക് വേണ്ടി എന്റെ സ്വന്തം ചിലവിൽ ഒരു ലൈബ്രറികെട്ടിടം അവിടെ പണിതിട്ടിട്ടുണ്ട്. എല്ലാത്തിനും വിവരം കൂടട്ടെന്നേ. അതിന്റെ മുകളിലത്തെ നിലയിൽ തൊമ്മിച്ചേട്ടന്റെ നഖത്തിന് വേണ്ടിമാത്രം നമുക്കൊരു മ്യൂസിയം പണിയാം. അതിനുവേണ്ടി പ്രത്യേകം ചില്ലുകൂടുതന്നെ പണിയാൻ ഏർപ്പാടാക്കുന്നുണ്ട്. റഷ്യയിൽ നിന്നും അറേബ്യയിൽ നിന്നും വിലകൂടിയ അത്തറുകൾ ഞാൻ ഇവിടെ എത്തിക്കും. അതൊക്കെ തൊമ്മിച്ചേട്ടന്റെ നഖത്തിൽ പൂശി, കുറച്ചു പോളിഷും തേച്ച് സുന്ദരനാക്കി നമുക്കതിനെ ചില്ലുകൂട്ടിൽ കിടത്താം.’’

ഒന്നുകൂടെ അടുത്തേക്ക് നീങ്ങിയിരുന്നതിന് ശേഷം രാമചന്ദ്രൻ തുടർന്നു; ‘‘തൊമ്മിച്ചേട്ടൻ എന്തുപറയുന്നു? ഇനിവരുന്ന തലമുറയ്ക്ക് ഒരു ചരിത്രസ്മാരകമായി ചേട്ടന്റെ നഖങ്ങൾ മാറണം. വായനശാലയിൽ പുസ്തകമെടുക്കാൻ വരുന്ന പൈലികളെല്ലാം ഒന്നാം നിലയിൽ പോയി ചില്ലുകൂട്ടിൽ ഒന്ന് വലം വച്ചില്ലെങ്കിൽ ഒറ്റ പുസ്തകം കൊടുക്കരുതെന്ന നിമയം ഞാൻ ഉണ്ടാക്കും.’’

രാമചന്ദ്രൻ ഇത്രയും പറഞ്ഞിട്ടും തൊമ്മിച്ചന്റെ നിർവികാരത മുഖത്തുനിന്നും ഇറങ്ങി ഒഴിഞ്ഞുപോകാൻ മടിച്ചു നിന്നു. ഇതിനിടയിൽ ടീച്ചർ മരത്തിൽനിന്നും ഭൂമിയിലേക്കിറങ്ങി. മരച്ചുവട്ടിൽ വച്ചിരുന്ന മുറുക്കാൻപെട്ടി തുറന്ന് രണ്ടു വെറ്റിലയെടുത്തു ചുണ്ണാമ്പു തേച്ചുപിടിപ്പിച്ചു, കുറച്ചു അടക്കയും പുകയിലയും വിതറി, നേരത്തെ പറിച്ചു താഴ്ത്തിയ കുരുമുളിൽനിന്നും നല്ല നാലഞ്ചു പച്ചക്കുരുമുളകെടുത്തു വെറ്റിലയ്ക്കകത്തിട്ടു മടക്കി വായിലിട്ടു ചവച്ചു. കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകിയതിനുശേഷം അകത്തോട്ടു കയറി.
ടീച്ചർ അകത്തെത്തിയതും രാമചന്ദ്രൻ പോത്തോ എന്നും പറഞ്ഞു താഴെ വീണതും ഒരുമിച്ചായിരുന്നു. മൊട്ടസുര നോക്കിയപ്പോൾ മൊതലാളിയതാ ടീച്ചറുടെ കാലുകൾ തൊട്ടുകൊണ്ട് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കിടക്കുന്നു.

‘‘ഇതെന്നാ കോണകമാ കാണിക്കുന്നേ ചെറുക്കാ, എണീറ്റിരിക്കെടാ'' കാലപ്പഴക്കത്താൽ കൊഴിഞ്ഞുപോയ ടീച്ചറുടെ മുൻവരിയിലെ രണ്ടു പല്ലുകൾ ബാക്കിവെച്ച പീരങ്കിത്തുളകൾ പോലെയുള്ള വിടവിലൂടെ ചുവപ്പും പച്ചയും കലർന്ന മിശ്രിതം രാമചന്ദ്രന്റെ മുഖത്തു ചിതറിത്തെറിച്ചു. അതൊരനുഗ്രഹമായി കണ്ട് രാമചന്ദ്രൻ മെല്ലെ എഴുന്നേറ്റു.

‘‘ഇക്കൊല്ലത്തെ കുരുമുളകിന് നല്ല എരു!’’, ടീച്ചർ ചുണ്ടുകൾ കോട്ടിപിടിച്ചു.
തൊമ്മിച്ചനെയും ടീച്ചറെയും മാറിമാറി നോക്കിയതിനു ശേഷം രാമചന്ദ്രൻ പറഞ്ഞു,
‘‘ടീച്ചറെ, ടീച്ചറൊന്നുകൊണ്ടും വിഷമിക്കേണ്ട. കാര്യങ്ങളൊക്കെ ഞാൻ ഏർപ്പാടാക്കിക്കോളാം. നമ്മുടെ റസൂൽ പൂക്കുട്ടിക്ക് ഓസ്‌കാർ കിട്ടിയതിനു ശേഷം കേരളം കൊടുത്ത സ്വീകരണത്തെക്കാളും വലിയ ഒരു സ്വീകരണപ്പരിപാടി നമ്മൾ സംഘടിപ്പിക്കും. നഖം മുറിക്കൽ ചടങ്ങു വേണമെങ്കിൽ മമ്മൂട്ടിയെയോ മോഹൻലാലിനെയോ വിളിപ്പിച്ചു ചെയ്യിപ്പിക്കാം. അല്ലേൽ മന്ത്രിമാരെ എത്തിക്കാം.''

രാമചന്ദ്രൻ തൊമ്മിച്ചന്റെ ചാരുകസേരക്ക് സമീപം മുട്ടുകുത്തിയിരുന്നു.
നിങ്ങൾക്കിത്രയൊക്കെ പോരെ എന്ന അർത്ഥത്തിൽ ടീച്ചർ ചെറുതായി ചിരിച്ചുകൊണ്ട് തൊമ്മിച്ചനെ നോക്കി തലയാട്ടി.
തൊമ്മിച്ചന്റെ വായിൽ നിന്ന്​ എന്തെങ്കിലും പുറത്തോട്ടുവരാനായി എല്ലാവരും കണ്ണും കാതും വായും തുറന്നു കാത്തിരുന്നു.
കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം തൊമ്മിച്ചൻ വാ തുറന്നു.
‘മമ്മൂട്ടി വരുമോ?'
‘പിന്നെന്താ ഞാൻ വിളിച്ചാ അമിതാബച്ചൻ വരെ ഇവിടെയെത്തും.'
രാമചന്ദ്രൻ പറഞ്ഞത് കേട്ട് മൊട്ട സുര വായപൊളിച്ചു.
‘‘അങ്ങനെയെങ്കിൽ, ഈ പറഞ്ഞ കാര്യങ്ങളൊക്കെ നടക്കുമെങ്കിൽ, നഖം മുറിക്കാൻ ഞാൻ സമ്മതിക്കാം.’’

ടീച്ചർ സന്തോഷത്താൽ നിലവിളിച്ചു. വരാന്തയിൽ ഇരിക്കുകയായിരുന്ന കാക്ക പടക്കം പൊട്ടിയതുകേട്ടു പേടിച്ചതുപോലെ ഒരു ചാട്ടം ചാടി പറന്നുപോയി. തന്റെ പേരിൽ വീണ്ടും ഒരു വലിയ ആഘോഷം നാട്ടിൽ നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ രാമചന്ദ്രൻ കോൾമയിർ കൊണ്ടു.

ടീച്ചർ അകത്തുകയറി കാപ്പിയും ഇലയിൽ പൊതിഞ്ഞ ചക്കയും ബീഫും കൊണ്ടുവന്നുവച്ചു. ടീച്ചറുടെ ചക്കബീഫും കാപ്പിയും അകത്താക്കി, തൊമ്മിച്ചന് ഒരു ഷേക്ക്ഹാൻഡും കൊടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചതിനുശേഷം രാമചന്ദ്രൻ അവിടന്നിറങ്ങി. ജീപ്പിൽ കയറിയിരുന്നു തന്റെ റെയ്ബാൻ കൂളിംഗ് ഗ്ലാസ് എടുത്തിട്ട രാമചന്ദ്രൻ പെട്ടെന്നു എന്തോ ആലോചിച്ചപോലെ തിരിച്ചിറങ്ങി.

‘എന്നതാടാ ഇറങ്ങിയേ?', ഒരു ഓല പൊട്ടിച്ചു ഈർക്കിൽ ചീന്തി പല്ലിൽ കുത്തി രാവിലെ കഴിച്ച ബീഫിന്റെ ഇറച്ചിനാരു പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ടീച്ചർ ചോദിച്ചു.
‘ടീച്ചറെ. എനിക്കൊരു സംശയം. ഞാൻ അതങ്ങു ചോദിച്ചോട്ടെ?'
‘ചോദിരെടാ, ചോദീര്..'
ശബ്ദം താഴ്ത്തി രാമചന്ദ്രൻ ടീച്ചറോട് ചോദിച്ചു, ‘‘അല്ല ടീച്ചറെ, തൊമ്മിച്ചൻ ഇത്രകാലം മുറിക്കാതെ കൊണ്ടുനടന്ന നഖം ഇപ്പോഴെന്തിനാ ടീച്ചർ മുറിപ്പിക്കുന്നത്. അതവിടെ തന്നെ കിടന്നോട്ടെന്നെ.''

ടീച്ചർ രാമചന്ദ്രനോട് കുനിയാൻ പറഞ്ഞു. ടീച്ചർക്ക് പറയാൻ പാകത്തിൽ തന്റെ ചെവിയെ രാമചന്ദ്രൻ കൊണ്ടുകൊടുത്തു.
‘‘അതെയ്..എനിക്ക് മുലയ്ക്കാ ദീനം. വലത്തേത് കഴിഞ്ഞ കൊല്ലം മുറിച്ചു കളഞ്ഞു. ഇടത്തേതും മുറിക്കണമെന്ന് ഇപ്പോൾ പറയുന്നു. ഇനി മുറിച്ചുകളഞ്ഞാലും അധികകാലമൊന്നും ഈ മലമുകളിൽ നടന്നു തിരിയാൻ പറ്റുമെന്ന് തോന്നുന്നില്ല. കർത്താവു തമ്പുരാൻ ഉടനെത്തന്നെ മേൽപ്പോട്ടു വിളിക്കും. ഞാനെങ്ങാനും ചത്തുപോയാൽ ഈ പടവലം പോലത്തെ നഖവും കൊണ്ട് അതിയാൻ പട്ടിണി കിടന്നു ചാവത്തെയുള്ളു. മക്കൾക്കൊക്കെ എല്ലാ കാലവും ഇതിയാനെയും നോക്കിയിരിക്കാൻ പറ്റുമോ. നഖം വളർത്തലെന്നും പറഞ്ഞു പത്തു മുപ്പതു വർഷം ഒരു പണിയെടുക്കാതെ ഇരുന്നപ്പോ നഖത്തോടൊപ്പം അങ്ങേരുടെ മടിയും വളർന്നു. ഇതൊക്കെ വെട്ടിക്കളഞ്ഞു പരസഹായമില്ലാതെ അങ്ങേരു ജീവിക്കുന്നത് കണ്ടാൽ മതി.''

ടീച്ചറുടെ വാക്കുകൾ രാമചന്ദ്രനെ അതീവ ദുഃഖത്തിലാഴ്ത്തി.
രാമചന്ദ്രന്റെ കണ്ണുകളിൽ നിന്നും കൂളിംഗ്ലാസ്സുകൾ തീർത്ത തടയണ തള്ളിമാറ്റി കണ്ണുനീർപ്പുഴ കുത്തിയൊഴുകാൻ തുടങ്ങി.
‘‘അതിന് നീ എന്നാത്തിനാടാ കരയുന്നെ. ഇതൊക്കെ എല്ലാവര്ക്കും വരുന്നതല്ലേ. ഈയടുത്തു ഞാൻ പത്രത്തിൽ വായിച്ചലോ ഒരു വലിയ നടി, ഏതോ ഒരു ജൂലിക്കൊച്ച് കാൻസർ വരുമെന്നുകണ്ട് രണ്ടു മുലയും മുറിച്ചുകളഞ്ഞെന്ന്''

‘‘ആഞ്ജലീന ജൂലി, ഞാൻ അറിയുന്ന കൊച്ചാ..'' രാമചന്ദ്രൻ തന്റെ കൂളിംഗ് ഗ്ലാസ് ചെറുതായി പൊന്തിച്ചു കണ്ണുനീർ തുടച്ചു.

ടീച്ചറുടെ പറമ്പും കടന്ന് റോഡിലേക്ക് കയറിയ രാമചന്ദ്രന്റെ ജീപ്പ് മെല്ലെ മലയിറങ്ങാൻ തുടങ്ങി.

മൂന്ന്​

മാസങ്ങൾ കടന്നുപോയി. കാര്യങ്ങൾ ഏറ്റതിനുശേഷം വിദേശത്തേക്ക് പോയ രാമചന്ദ്രന്റെ യാതൊരു വിവരവും ഇല്ലാതായി. പറഞ്ഞതെന്തെങ്കിലും നടപ്പിലാക്കുവാനുള്ള ഒരു അവസാന ശ്രമം എന്ന നിലയിൽ ടീച്ചർ രാമചന്ദ്രനെ ഫോൺ വിളിച്ചു.

ഏതോ ആഫ്രിക്കൻ രാജ്യത്തുനിന്നാണ് രാമചന്ദ്രൻ ഫോൺ അറ്റൻഡ് ചെയ്തത്. ടീച്ചർ തന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. നഖം മുറിക്കൽ ചടങ്ങു നടത്താൻ ഉടനെ വരുമോയെന്നു ചോദിച്ചു. ഗൾഫിലെ സാമ്പത്തികത്തകർച്ചമൂലം തന്റെ സ്ഥാപനങ്ങൾ കടം കയറി പൂട്ടിയെന്നും ഇപ്പോൾ ടാൻസാനിയയിൽ അഭയം തേടിയിരിക്കുകയാണെന്നും, ഉടനെയൊന്നും നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണെന്നും രാമചന്ദ്രൻ വിതുമ്പിക്കൊണ്ട് അറിയിച്ചു. മാത്രമല്ല, താൻ നാട്ടിലെത്തുന്നതും നോക്കി തന്നെ പൊക്കാൻ ഗൾഫിലെ കടക്കാർ നാട്ടിൽ ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. മമ്മൂട്ടിയെ കൊണ്ടുവന്നു നഖം മുറിക്കൽ ചടങ്ങു നടത്താൻ പറ്റാത്തതിലുള്ള അഗാധ ദുഃഖം രാമചന്ദ്രൻ ഫോണിലൂടെ രേഖപ്പെടുത്തി.

ഒരു മഴയുള്ള രാത്രിയിൽ ടീച്ചറുടെ മുലയില്ലായ്മയിൽ തലോടികൊണ്ടിരുന്ന തൊമ്മിച്ചനോട് ടീച്ചർ കാര്യം അവതരിപ്പിച്ചു.
‘ആരും വരേണ്ട. നമുക്കിത് മുറിച്ചുകളയാം’, ഒരു മനുഷ്യായുസിന്റെ പഴക്കത്തോടെ കഷ്ടപ്പെട്ട് കറങ്ങുന്ന ഫാനിൽ നിന്നും കണ്ണെടുക്കാതെ തൊമ്മിച്ചൻ പറഞ്ഞു.
അതിനുത്തരം പറയാതെ തൊമ്മിച്ചന്റെ വലിയ നീളൻ നഖങ്ങളിലൂടെ ടീച്ചർ വിരലുകളോടിച്ചു.
‘ഇത് മുറിക്കണ്ട. ഇച്ചായൻ ജീവനെപ്പോലെ കൊണ്ടുനടന്നതല്ലേ. ഇതിവിടെ കിടന്നോട്ടെ..'
​കടുത്ത നിശബ്ദത താരാട്ടുപാടിയപ്പോൾ രണ്ടുപേരും എപ്പോഴോ ഉറങ്ങിപ്പോയി.

നാല്

മാസ്റ്റെക്ടമിക്ക് മുൻപേയുള്ള അവസാനത്തെ വൈദ്യപരിശോധന നടത്തേണ്ട ദിവസം. വസ്ത്രം മാറി കർത്താവിനും കന്യാമറിയത്തിനും കുരിശു വരച്ച് ആശുപത്രിയിലേക്ക് പോകാൻവേണ്ടി വിളിപ്പിച്ച ജീപ്പിനായി ടീച്ചർ ഉമ്മറത്ത് കാത്തിരുന്നു.
വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുവായിരുന്ന തൊമ്മിച്ചൻ ടീച്ചറെ വിളിച്ചു.
‘എടിയേ. ഒന്നിവിടെവരെ വന്നേ..'
‘‘എന്നാത്തിനാ നിങ്ങള് കൂവുന്നേ?'' നടുവിന് താങ്ങും കൊടുത്തുകൊണ്ട് ടീച്ചർ തൊമ്മിച്ചന്റടുത്തേക്ക് പോയി''
‘എനിക്കൊരു കാര്യം പറയാനുണ്ട്... ഞാനും വരുന്നു നിന്റെ കൂടെ.'
‘‘ഈ പയറുവള്ളി പോലുള്ള നഖവുമായി ആശുപത്രിയിലേക്ക് കെട്ടിയെടുത്തിട്ട് എന്തുണ്ടാക്കാനാ? എന്നെത്തന്നെ എനിക്ക് ചുമക്കാൻ വയ്യ, അതിനുമുകളിൽ നിങ്ങളും നിങ്ങളെക്കാളും വലിയ നഖങ്ങളും.''
‘ഞാൻ...ഞാൻ മുറിച്ചോളാം....മതി! എനിക്കിനിയും ഇത് തൂക്കിപ്പിടിച്ചിരിക്കാൻ വയ്യ'
തൊമ്മിച്ചൻ ടീച്ചറുടെ മുഖത്തുനിന്ന്​ കണ്ണെടുക്കാതെ പറഞ്ഞു.
മഴവെള്ളം കുടിച്ചുവീർത്ത മലപോലെ ടീച്ചറുടെ മനസ്സിടിഞ്ഞു, കണ്ണുകൾ ആർദ്രമായി.
‘‘എന്നാത്തിനാ മുറിക്കുന്നെ. ഞാൻ പറഞ്ഞതല്ലേ അതവിടെ കിടന്നോട്ടെന്ന്.''
‘അപ്പോ നിന്റെ ആഗ്രഹം. അന്ന് പറഞ്ഞതൊക്കെ?'
‘‘ഓ. അതൊക്കെ ഞാൻ എന്നേ വിട്ടു.''

തൊമ്മിച്ചൻ ചാരുകസേരയിൽ ഒന്ന് അനങ്ങിയിരുന്നു.
‘‘എന്റെ ഇടത്തെ കൈ പൂർണമായും തളർന്നു പോകുമോ എന്ന് എനിക്കിപ്പോൾ സംശയം ഉണ്ട്. നീ കാണിക്കുന്ന ആശുപത്രിയിൽ നിന്നുതന്നെ നഖം മുറിച്ചതിനു ശേഷം അവിടെത്തന്നെ എന്റെ കൈ ഒന്ന് കാണിക്കണം. മുറിക്കുമ്പോൾ അഞ്ചു നഖങ്ങളും പൊട്ടാതെ സൂക്ഷിക്കണം. അതെടുത്തു വീട്ടിൽ കൊണ്ടുവരണം. ഞാൻ മരിക്കുന്നതു വരെ അതിനെ കണ്ടുകൊണ്ടു ഞാൻ ഇവിടെ കഴിഞ്ഞോളാം. ലോകം മുഴുവനും അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.'’

തൊമ്മിച്ചന്റെ ആഗ്രഹം അങ്ങനെയാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി ടീച്ചർ കൂടുതലൊന്നും പറയാൻ പോയില്ല. അപ്പോഴേക്കും ടീച്ചറെ ആശുപത്രിയിലെത്തിക്കാൻ മലയടിവാരത്തിൽ നിന്നും ജാഫർ ജീപ്പുമായെത്തി. ജാഫറിനോട് അകത്തു കയറിയിരിക്കാൻ പറഞ്ഞതിനുശേഷം ടീച്ചർ തൊമ്മിച്ചനെ ചാരുകസേരയിൽ നിന്നും എഴുനേൽക്കാൻ സഹായിച്ചു. അകത്തുകൊണ്ടുപോയി തൊമ്മിച്ചനെ പുതിയൊരു കസവു മുണ്ടുടുപ്പിച്ചു. അഞ്ചു നഖങ്ങൾക്കിടയിലൂടെ ശ്രദ്ധാപൂർവം തൊമ്മിച്ചന്റെ ഹാഫ് കൈ ഡബിൾ എക്‌സൽഷർട്ടിന്റെ ഒരു കൈ കടത്തി മറ്റേ കയ്യും ഇട്ടു. ബട്ടൻസ് മുഴുവനും ഇടുവിപ്പിച്ചു. ബാത്റൂമിൽ കൊണ്ടുപോയി തൊമ്മിച്ചൻ മൂത്രമൊഴിക്കുമ്പോൾ മുണ്ടിന്റെ കര നിലത്തിഴയാതെ ടീച്ചർ ചുറ്റിപിടിച്ചു.
പുതുകുപ്പായവും മുണ്ടും ഇട്ട് വരാന്തയിലേക്ക് വരുന്ന തൊമ്മിച്ചനെ കണ്ട് ജാഫർ ഒന്നമ്പരന്നു.
‘‘അല്ല ടീച്ചർക്ക് പോകണമെന്നും പറഞ്ഞല്ലേ വണ്ടി വിളിച്ചത്. തൊമ്മിച്ചൻ ചേട്ടനും വരുന്നുണ്ടോ?'' ജാഫർ ചെറുതായി നീരസം പ്രകടിപ്പിച്ചു.

വർഷങ്ങൾക്ക് മുൻപ് തൊമ്മിച്ചന് അഞ്ചാംപനി വന്നു മൂർച്ഛിച്ചപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ജാഫർ വന്നിരുന്നു. അന്ന് പകുതി ബോധത്തിൽ തൊമ്മിച്ചൻ പറഞ്ഞത് ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ എവിടെയെങ്കിലും തട്ടി തന്റെ നഖമെങ്ങാനും മുറിഞ്ഞാൽ എല്ലാത്തിനെയും വെടിവച്ചു കൊല്ലും എന്നായിരുന്നു. നഖങ്ങളൊന്നും പൊട്ടാതെ അന്ന് തൊമ്മിച്ചനെ ആശുപത്രിയിലെത്തിക്കാൻ ജാഫർ പെട്ട പാട് ചെറുതല്ലായിരുന്നു. ഇപ്പോൾ ആകെയുള്ള ആശ്വാസം ഇവിടം വരെയുള്ള റോഡ് അടുത്തിടെ ടാർ ചെയ്തു വൃത്തിയാക്കിയതു കാരണം അധികം കുഴിയിൽ ചാടേണ്ടി വരില്ല എന്നതായിരുന്നു.
ജാഫറിന്റെ ചോദ്യത്തിന് തൊമ്മിച്ചനും ടീച്ചറും ഉത്തരം പറഞ്ഞില്ല. തൊമ്മിച്ചനെ പിടിച്ചു കൊണ്ടുപോയി മുന്നിൽ ഇരുത്താൻ പോയ ടീച്ചറോട് തൊമ്മിച്ചന്റെ പുറകിൽ കൊണ്ടിരുത്താൻ ജാഫർ പറഞ്ഞു.

‘‘ബ്രേക്ക് ചവിട്ടുമ്പോൾ ഈ നഖമെങ്ങാനും കുത്തിപ്പൊട്ടിയാൽ പിന്നെ അതായി പുകിൽ. ഇങ്ങേരെ പുറകിൽ കയറ്റിയാൽ മതി. അവിടാവുമ്പോൾ നിങ്ങള് കയറി ബാക്കിയുള്ള സീറ്റിൽ ആ നഖം നീട്ടിയങ്ങു വെക്കാം.'’

തൊമ്മിച്ചനെ ടീച്ചറുടെ സഹായത്തോടെ ജാഫർ പുറകിൽ കയറ്റി. നഖങ്ങൾ പൊട്ടാതെ നീളത്തിൽ വച്ചു. തൊമ്മിച്ചന്റെ എതിർവശത്തായി ടീച്ചർ ഇരുന്നു. നഖങ്ങൾക്ക് തന്റെ കൈകൊണ്ട് ഒരു താങ്ങു കൊടുത്തു.
‘‘അല്ല തൊമ്മിചേട്ടാ. ചേട്ടൻ പുറത്തിറങ്ങാത്തതാണല്ലോ? എങ്ങോട്ടേക്കാ ഇന്ന്? വല്ല സ്‌പെഷ്യലും ഉണ്ടോ?'', വണ്ടി സ്റ്റാർട്ട് ചെയ്തു റിവേഴ്സ് എടുക്കുന്നതിനിടയിൽ ജാഫർ ചോദിച്ചു.
‘ആ. ഇന്നൊന്നിറങ്ങാമെന്നുവച്ചു.'
തൊമ്മിച്ചൻ വലത്തേ കൈ കൊണ്ട് കീശയിൽ കയ്യിട്ട് ഒരു സിഗരെറ്റെടുത്തു വായിൽ വച്ചു. ടീച്ചർ തൊമ്മിച്ചന്റെ കീശയിൽ കയ്യിട്ടു ലൈറ്റർ എടുത്ത് സിഗരറ്റ് കത്തിച്ചു കൊടുത്തു.

വലിയ വായിൽ രണ്ടു പുകയെടുത്തതിന് ശേഷം തൊമ്മിച്ചൻ ജീപ്പിന്റെ മുൻഭാഗത്തേക്ക് മെല്ലെ ഊതിവിട്ടു. ജാഫർ ശ്രദ്ധിച്ചു വളരെ മെല്ലെ വണ്ടി ടീച്ചറുടെ പറമ്പു കഴിഞ്ഞുള്ള ചെറു റോഡിലേക്കെടുത്തു. അവിടുന്ന് വണ്ടി ടാർ റോഡിലേക്ക് കയറി.

വണ്ടി ചുരമിറങ്ങി വളവുകളോടും തിരിവുകളോടും വിടപറഞ്ഞു മുന്നോട്ടു പോയി. ഹൈവേയിൽ കയറിയ ജീപ്പ് ഇതുവരെ കിതച്ചു കുരച്ചതിന്റെ ക്ഷീണം തീർക്കാൻ വേഗത കൂട്ടി. രണ്ടുമുലയും പോയാൽ ഉണ്ടായേക്കാവുന്ന അപകർഷതാബോധവും മാനസിക സംഘർഷങ്ങളുമൊന്നും ടീച്ചറെ ഒരു തരത്തിലും അലട്ടിയിരുന്നില്ല. അനിവാര്യമായ ഒരു കാര്യം ചെയ്യുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. ഇത്രനാളും കൂടെ കൊണ്ടുനടന്ന രണ്ടുപേരിൽ ഒരാൾ പണ്ടേ വിട്ടു പോയി. ബാക്കിയുള്ള ആളും ഉടനെ വിട്ടുപോകും. പക്ഷെ രണ്ടും പോയിക്കഴിഞ്ഞാൽ വല്ലാത്ത ഒരു ഇല്ലായ്മ തന്നെ പിടികൂടുമോ എന്നായിരുന്നു ടീച്ചറുടെ ശങ്ക മുഴുവനും. പുറത്തുനിന്നും വരുന്ന കാറ്റിന്റെ ശക്തിയിൽ തൊമ്മിച്ചൻ ഇടക്കിടയ്ക്ക് മയങ്ങി മുന്നോട്ട് വീണുകൊണ്ടിരുന്നു. അപ്പോളൊക്കെ ടീച്ചർ തൊമ്മിച്ചനെ പിടിച്ചു. നഖങ്ങൾ പൊട്ടിപ്പോവാതിരിക്കാൻ ശ്രദ്ധിച്ചു.
‘എത്താറായോടാ?' ആശുപത്രിയിലേക്ക് അടുക്കുംതോറും മനസ്സിന്റെ ഭാരം കൂടിക്കൂടി വരുന്നത് ടീച്ചർ അറിഞ്ഞു.
‘ദാ കുറച്ചുംകൂടെ ടീച്ചറെ.'
വണ്ടി കുറച്ചുനേരം കൂടെ മുന്നോട്ടു പോയി. ആശുപത്രി എത്താറായി. ഒരു വളവു കഴിഞ്ഞപ്പോൾ റോഡിന്റെ ഒരു വശത്ത് വേസ്റ്റ് കൂട്ടിയിട്ട സ്ഥലത്തുനിന്നും പ്ലാസ്റ്റിക് ചവയ്ക്കുകയായിരുന്ന ഒരു പശുവിനെ വേറൊരു പശു കുത്താൻ ഓടിച്ചു. രണ്ടും കൂടെ ജീപ്പിനു മുന്നിലേക്ക് ചാടി. ഒരു നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ജാഫർ പരുങ്ങി. വണ്ടി വെട്ടിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ജാഫർ പെട്ടെന്ന് ബ്രേക്ക് ചവുട്ടി വണ്ടി വെട്ടിച്ചു. റോഡരുകിൽ ഉണ്ടായിരുന്ന ഒരു പ്രായം ചെന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച ജീപ്പ് ഒരു വട്ടം മറിഞ്ഞുരുണ്ട് നേരെ നിന്നു.
ഇടിയുടെ ആഘാതത്തിൽ ജാഫറിന്റെ മുഖം സ്റ്റിയറിങ്ങിൽ അമർന്നു. നെറ്റിയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. ടീച്ചർ ഉയർന്നുപൊങ്ങി ജീപ്പിന്റെ മുകൾഭാഗത്തുള്ള കമ്പിയിൽ തലയിടിച്ചു തിരിച്ചു തൊമ്മിച്ചന്റെ മേലെ വന്നു വീണു.
ആളുകൾ ഓടിക്കൂടി!

തിരുവോണദിവസം ഏതോ കുസൃതികുഞ്ഞ് വലിച്ചുവാരിയിട്ട ഓണപ്പൂക്കളം പോലെ തൊമ്മിച്ചന്റെ നഖങ്ങൾ ജീപ്പിനുള്ളിൽ ചിതറിക്കിടന്നു.

തന്റെ കണ്ണീരടക്കാൻ പാടുപെടുന്ന ടീച്ചറുടെ ഇടത്തെ കൈകളിൽ തന്റെ വലത്തേ കൈ പിടിച്ചുകൊണ്ട് തൊമ്മിച്ചൻ ആശുപത്രിയിലേക്ക് പതുക്കെ നടന്നു.
‘‘വർഷങ്ങളോളം ഒരു പണിയുമെടുക്കാതെ വെറുതെ ഇരിക്കാൻ സഹായിച്ച നഖങ്ങളായിരുന്നു. ഇനി വയസ്സാം കാലത്ത് വല്ല ജോലിയും എടുക്കേണ്ടി വരുമോ ദൈവമേ?'' തൊമ്മിച്ചന്റെ മനസ്സിൽ ഒരു കടലിരമ്പി.''
‘‘ആ...എന്തായാലും മുറിക്കാൻ തീരുമാനിച്ചതല്ലേ...പോട്ട്...വെറുതെ ഇരിക്കാൻ വേറെന്തെങ്കിലും വഴി കാണാം’’, തൊമ്മിച്ചൻ ചെറിയ ശബ്ദത്തിൽ പിറുപിറുത്തു.
‘‘നിങ്ങൾ ആരോടാ പറയുന്നേ’’, തൊമ്മിച്ചൻ കുശുകുശുക്കുന്നത് കേട്ട് ടീച്ചർ ചോദിച്ചു.

‘‘ഹേയ്. ഒന്നുമില്ല.''
കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം തൊമ്മിച്ചൻ ടീച്ചറുടെ മുഖത്തുനോക്കാതെ പറഞ്ഞു.
‘‘എന്റെ താടി ഒന്ന് നീട്ടിവളർത്തിയാലോ എന്നൊരു ആലോചന...'' ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ശ്രീജേഷ്​ ടി.പി.

കഥാകൃത്ത്​, നോവലിസ്​റ്റ്​. "നാൽവർ സംഘത്തിലെ മരണക്കണക്ക്’ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments