ചിത്രീകരണം: ദേവപ്രകാശ്‌

മാത്രിയോഷ്‌ക

ട്ടോക്കാരന്റെ ഭാര്യ സുന്ദരിയാണെന്ന് പാൽക്കാരൻ സുഗുണനാണ് പറഞ്ഞത്. ആട്ടോക്കാർക്ക് പൊതുവേ സുന്ദരിമാരെയാണ് കിട്ടാറ് എന്നുകൂടി സുഗുണൻ പ്രസ്താവിച്ചു. പ്രാപ്പിടിയൻ എന്ന വട്ടപ്പേരുള്ള പുത്തൻ വീട്ടിൽ പ്രദീപനാണ് ഏറ്റവും ഭംഗിയുള്ള ഭാര്യയുടെ "ഉടയോൻ' എന്നുകൂടി അയാൾ ഉരിയാടി. ഇതൊക്കെ ഇവിടെ പറയാൻ കാരണം പ്രദീപന്റെ മകൾ പാർവതി വയസ്സറിയിച്ചു എന്നതത്രേ. ഉഡുപ്പിയിൽ നിന്നും ഗോവിന്ദ ഹെബ്ബാരയെ കൊണ്ടുവന്ന് തെരണ്ടുകല്യാണം നടത്തിയിട്ട് നാലാന്നാൾ ഇരുപത്തെട്ടാവണതേയുള്ളൂ.

വിളുമ്പ് കീറാത്തതും ഏങ്കോണിപ്പില്ലാത്തതുമായ വാഴയില മുറിയൽ, തുരുമ്പില്ലാത്ത ചാണകമുരുട്ടി ഗണപതിയുണ്ടാക്കൽ, വിളക്കിൽ അഞ്ചു തിരിയിടൽ, കിണ്ടി വടക്കുദർശനമായി വയ്ക്കൽ (കുബേരന്റെ നില അങ്ങോട്ടാണത്രേ) എന്നിങ്ങനെ പടുക്കയിടുന്നതിലെ സൂക്ഷ്മത കണ്ട് പ്രദീപനോട് കൂടെ പോരുന്നോ എന്ന് ഹെബ്ബാര ചോദിച്ചതായാണ് ശ്രുതി. ഐൻസ്റ്റീന്റെ ഐ.ക്യൂ.വും "അശ്വമേധക്കാര'ന്റെ വിവരവും ഒത്തിണങ്ങിയ ഓട്ടോക്കാരനാണ് താനെന്ന കാര്യത്തിൽ അയാൾക്ക് സംശയം ഒന്നും ഇല്ല. അതിന്റേതായ അഹങ്കാരം ഉണ്ടുതാനും. ഇതിവിടെ പറയാൻ കാരണം, ചുമ്മാതല്ല ലോകസുന്ദരിയെ ദൈവം പുള്ളിക്കാരന് പെണ്ടാട്ടിയായി സമ്മാനിച്ചത് എന്ന്, മെനകെട്ട ഭാര്യമാരുള്ള വായനക്കാരനെ അറിയിക്കുക എന്നതത്രേ. അർഹതപ്പെട്ടവന് അംഗീകാരങ്ങൾ വാരിക്കോരി കൊടുക്കുന്ന കാര്യത്തിൽ ദൈവത്തിന് പിശുക്കൊന്നും ഇല്ല. നെഗളിപ്പ് കാണിച്ചാൽ പണി കൊടുക്കാനും മടിക്കില്ല. അങ്ങനെയാണ് ഭാര്യയെക്കാൾ സുന്ദരിയായ മകളെ കൊടുത്തുകളഞ്ഞത്.

ഋഷിപ്രോക്തമായ സംസ്‌കാരത്തിൽ നിന്നും കടുകിട വ്യതിചലിക്കാതെ ജീവിക്കുന്ന ഏക ഭാരതീയൻ താനാണെന്ന കാര്യത്തിൽ പാറപോലെ വിശ്വസിക്കുന്ന പ്രദീപൻ ബ്രാഹ്മമുഹൂർത്തത്തിൽ, ച്ചാൽ ഉദയതിന് ഒരു മണിക്കൂറും മുപ്പത്താറു മിനിറ്റും മുമ്പേ, എണീറ്റ് (ഓരോ ദിവസത്തെയും ഉദയം പഞ്ചാംഗം നോക്കി കണ്ടുപിടിക്കും) റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഓട്ടോ കഴുകും. (പക്ഷേ 9.30 വരെയുള്ള പാർവതിയാമം കഴിഞ്ഞേ ഓട്ടം പോകൂ.) തദവസരത്തിൽ സുന്ദരിയായ ഭാര്യ കുളിച്ച് തുളസിക്കതിർ ചൂടി ഈറയായി മുറ്റം തൂക്കുകയും ചിരട്ടയും കൊതുമ്പും വച്ച് ചായയനത്തി (ഗ്യാസടുപ്പില്ലാത്തതുകൊണ്ടല്ല!) ടിയാന് കൊടുക്കുകയും വേണം. പുലർച്ചെ 3.30 മുതൽ സൂര്യോദയം വരെ സരസ്വതീയാമമാണെല്ലോ! അതിനുള്ളിൽ വായിച്ചുതീരാൻ പാകത്തിന് പത്രം ഇടാത്തത്തിന് പത്രക്കാരനുമായി സ്ഥിരം ചുരുളിയാണ്. അനന്തരം സൂര്യനമസ്‌കാരം ചെയ്തശേഷം കുളിക്കും. രാത്രി മുഴുവൻ ടി.വി. കണ്ട് ലോകവിവരം സമ്പാദിച്ചശേഷം 12.30നു തുടങ്ങുന്ന ഭദ്രകാളീയാമത്തിനു മുൻപായി ഉറങ്ങാൻ കിടക്കുന്നതുവരെയുള്ള മുഴുവൻ ചിട്ടകളും പറയാൻ ഉദ്ദേശിക്കുന്നില്ല. വലിയ ചിട്ടക്കാരനാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രം ഇത്രയും എഴുതി എന്നേയുള്ളൂ. അതിനും ഒരു സവിശേഷ കാരണം ഉണ്ട്. പ്രായപൂർത്തിയായി പത്തു മാസത്തിനുളളിൽ മകളുടെ "സ്വയംവരം' നടത്താനാണ് പ്രാപ്പിടിയൻ പ്രദീപന്റെ ചട്ടപ്പടി തീരുമാനം. ദാനങ്ങളിൽ പ്രമുഖം കന്യാദാനമാണെന്ന് അയാൾക്കറിയാം.

അർഹതപ്പെട്ടവന് അംഗീകാരങ്ങൾ വാരിക്കോരി കൊടുക്കുന്ന കാര്യത്തിൽ ദൈവത്തിന് പിശുക്കൊന്നും ഇല്ല. അങ്ങനെയാണ് ഭാര്യയെക്കാൾ സുന്ദരിയായ മകളെ കൊടുത്തുകളഞ്ഞത്.

""ആർഷം, ബ്രാഹ്മം, പ്രാജപത്യം, ആസുരം, ഗാന്ധർവം , പൈശാചം, രാക്ഷസം, സ്വയംവരം ഇങ്ങനെ എട്ടു വിവാഹങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും നല്ലത് സ്വയംവരമാണ്. സ്വയംവരമാണ് നടക്കേണ്ടത്. കാരണം വിവാഹം കഴിഞ്ഞുള്ള ഗർഭാധാനസംസ്‌കാരത്തിൽ നൂറും നൂറ്റിപ്പത്തും ഒക്കെ ദശലക്ഷം ബീജാണുക്കൾ ആണ് ഫൈലോപ്യൻ ട്യൂബിലൂടെ പോകുന്നത്. ഇവയെല്ലാം തുള്ളിക്കളിച്ച് അവിടെ എത്തുകേല. കുറേ വഴിയിൽ പോകും. അവിടെ എത്തുന്നവ മാല്യമണിയാൻ കാത്തുനിൽക്കുമ്പോൾ അണ്ഡം അതിലൊന്നിനെ വരണമാല്യം അണിയിക്കുകയാണ്. അതിന്റെ സങ്കല്പമാണ് സ്വയംവരം.'' മലമില്ലാത്ത സാമിയാരുടെ മേപ്പടി പ്രസംഗം കേട്ടതോടെയാണ് എടുപിടീന്നുള്ള ഈ തീരുമാനം.

സ്വയംവരത്തിൽ പങ്കെടുക്കാൻ പാൽക്കാരൻ സുഗുണന് പൂതി തോന്നാതിരുന്നില്ല എങ്കിലും പ്രായത്തെ മാനിച്ച് തരത്തിന് കളിക്കുന്നതാണ് നല്ലതെന്ന് ഉറപ്പിച്ചു. കുട്ടിയുടെ തള്ളയുമായി ഒരു ലൈൻ വലിച്ചുതുടങ്ങുകയും ചെയ്തല്ലോ. കറവക്കാർക്ക് ഇച്ചിരി പ്രായം ചെന്നവരെയേ കിട്ടുകയുള്ളൂ എന്നുമുണ്ട്. അതിനാലാണ് സ്വയംവര വിവരം ധനേഷ്, മിത്രൻ, ആര്യൻ, രുദ്രൻ, പവൻ, സൂര്യ, ഭാനു, വിവേക്, പൂകേഷ്, സലിത്ത്, തങ്കു, വിഷ്ണു എന്നിങ്ങനെ വലത്തേ സ്റ്റാൻഡിലോടുന്ന പന്ത്രണ്ട് ഓട്ടോക്കാരുടെ കൺസോർഷ്യത്തിൽ അവതരിപ്പിച്ചത്. നമ്മളായിട്ട് ഒരു ഉപകാരം ചെയ്തില്ലാന്നുവേണ്ട. തലേ വരച്ചവന് കിട്ടിക്കോട്ടെ.

തെരണ്ടുകല്യാണ ചടങ്ങുകളുടെ ഭാഗമായി ഗോവിന്ദ ഹെബ്ബാര വീടിന്റെ പുതുതായി വെള്ളയടിച്ച ചുമരിൽ പതിമൂന്നു ചിത്രങ്ങൾ കോറിയിടുകയുണ്ടായി. പന്ത്രണ്ടെണ്ണം മീശവച്ച മുഖങ്ങൾ ആയിരുന്നു. പതിമൂന്നാമത്തേത് വെളിയിൽ പറയാൻ കൊള്ളൂകേല. കന്യാദാനത്തിന് ശേഷിയുള്ള വീട് എന്നാണത്രെ താല്പര്യം. ഓർഗാനിക് കെമിസ്ട്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഇവിടെ ഒരു "മോണോ അൺസാച്ചുറേറ്റഡ് മോളിക്കൂൾ' ഉണ്ട് എന്നർഥം! മകളുടെ വീട്ടിലെ വിളിപ്പേര് മോളി എന്നാണെന്ന് ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടേ. ഹെബ്ബാര ആവാഹിച്ചു വരുത്തിയതുപോലെ പന്ത്രണ്ട് ആട്ടോക്കാരും സ്വയംവരത്തിനെത്തി. മറ്റാരും എത്തിയതുമില്ല!

നീല വസ്ത്രമണിഞ്ഞുവന്ന പെൺകുട്ടിയോട് സഹജമായ ശൈലിയിൽ "തുണി മാറ്റിയാലല്ലേ പെണ്ണിനെ കാണാൻ പറ്റൂ' എന്ന് ധനേഷ് വഷളിച്ചു. അവൾ നീലക്കമ്മലും നീല മാലയും നീല ബ്ലൗസും നീല സാരിയും ഊരി വലതുവശത്തേക്ക് വച്ചു. ആശ്ചര്യം! അവിശ്വസനീയം! ഉള്ളിൽ നിന്നും ചെമപ്പണിഞ്ഞ മറ്റൊരു സുന്ദരി ഉരുവായി. മാറ്റിവച്ച നീല വസ്ത്രത്തിലുമുണ്ട് അതേ സുന്ദരി. ഐഡന്റിക്കൽ ട്വിൻസ്! വല്ലാത്ത മായ തന്നെ! വഷളത്തരം അത്ഭുതവും ഭയവും കൂടിച്ചേർന്ന സംഭ്രമത്തിലേയ്ക്കു വഴിമാറുന്നതിനിടയിൽ മിത്രൻ ചെമന്ന വസ്ത്രക്കാരിയോട് ഇതേ ആവശ്യം ഉന്നയിച്ചു. അവൾ ചെമന്ന കമ്മലും ചെമന്ന മാലയും ചെമന്ന ബ്ലൗസും ചെമന്ന സാരിയും ഊരി മിത്രന് അഭിമുഖമായി വച്ചു. അദൃശ്യ മാന്ത്രികന്റെ വെള്ളിവെളിച്ചത്തിനിടയിൽ ഒരു സുന്ദരി കൂടി സൃഷ്ടിക്കപ്പെട്ടു. ഉള്ളിൽ നിന്നും ഉരുവായത് ചാര നിറമാർന്ന രൂപമായിരുന്നു.

തങ്ങൾ ചോദിക്കുന്നതാണോ അതോ ആരോ തങ്ങളെക്കൊണ്ട് പറയിക്കുന്നതാണോ എന്ന് പുരുഷുക്കൾക്ക് തിരിയുംമുൻപ് ഓരോരുത്തരും ചുണ്ടുകളനക്കി. കുങ്കുമം, ധവളം, മെറൂൺ, കറുപ്പ്, പിങ്ക്, കാവി നിറങ്ങളിൽ നവതരുണിമാർ ധനേഷ് മുതൽ പൂകേഷ് വരെയുള്ളവർക്ക് അഭിമുഖമായി നിന്നു. ജലംപോലെ നിറമില്ലാത്തവളെയാണ് സലിത്തിനു കിട്ടിയത്. തങ്കുവിന് തങ്കനിറമാർന്നവൾ തന്നെ. വിഷ്ണുവിന് തുളസിയുടെ പച്ചയും. എത്ര ആണുണ്ടോ അത്രേം പെണ്ണും ഉള്ള സ്ഥിതിക്ക് വില്ലൊടിക്കൽ, മീനിന്റെ കണ്ണുകലക്കൽ, പി.എസ്.സി. ടെസ്റ്റ്, പുരുഷധനം, സ്ത്രീധനം ഇത്യാദി ഏടാകൂടങ്ങൾ ഒന്നുമില്ലാതെ മാംഗല്യം മംഗളമായി നടന്നു.

ഇരുപത്തൊന്നു ദിവസത്തെ ചട്ടപ്പടി ഹണിമൂണിനുശേഷം കവലയുടെ വലതുവശത്തെ പതാകയ്ക്കു കീഴിൽ ദ്വാദശോഗ്രശ്രവസ്സുകൾ ഒന്നിച്ചു. "All happy families are alike; each unhappy family is unhappy in its own way.' എന്നാണല്ലോ! അസന്തുഷ്ഠിയുടെ തനതു കഥകൾ ഓരോരുത്തർക്കും പറയാനുണ്ടായിരുന്നു.

എത്ര ആണുണ്ടോ അത്രേം പെണ്ണും ഉള്ള സ്ഥിതിക്ക് വില്ലൊടിക്കൽ, മീനിന്റെ കണ്ണുകലക്കൽ, പി.എസ്.സി. ടെസ്റ്റ്, പുരുഷധനം, സ്ത്രീധനം ഇത്യാദി ഏടാകൂടങ്ങൾ ഒന്നുമില്ലാതെ മാംഗല്യം മംഗളമായി നടന്നു.

പെണ്ടാട്ടിക്ക് മുഖങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്തതാണ് ധനേഷിന്റെ പ്രശ്‌നം. തൊട്ടയലുപക്കക്കാരൻ പാലുകാച്ചുവിളിച്ചു വന്നിട്ട് ആരാ എന്താ എന്നൊക്കെ ചോദിച്ചുകളഞ്ഞു. അവരുടെ വീട്ടിൽ വിരുന്നൂണിനു പോയി മൂക്കുമുട്ടെ കേറ്റിയതിന്റെ പിറ്റേ ദിവസമായിരുന്നു അത്. തൊലിവെളുപ്പുള്ളതിന്റെ ജാഡയായിരിക്കുമെന്നേ അവൻ കരുതൂ. ഓരോ ആളേം അവൾ ആദ്യം പരിചയപ്പെട്ട സ്ഥലത്തുവച്ച് അതേ ഡ്രസ്സിൽ കണ്ടാൽ മാത്രമേ മനസ്സിലാകൂ. പോരാത്തതിന് നാഴികയ്ക്ക് നാപ്പതുവട്ടം പൊന്നേ, തേനേ, പാലേ എന്നൊക്കെ വിളിച്ചോണ്ടിരിക്കണം. (മൂന്നുവർഷങ്ങൾ കഴിഞ്ഞായിരുന്നെങ്കിൽ അയൽക്കാരന്റെ ഭാര്യയോടൊപ്പം അവളുടെ കെട്ടിയോന്റെ ഉടുപ്പിട്ട നിലയിൽ തന്നെ കണ്ടാലും ഇവൾക്ക് മനസ്സിലാകില്ലല്ലോ എന്നത് ഒരു ഗുണമായി അയാൾ എടുത്തേനേ!)

വാമഭാഗം അടിക്കടി കാലിടറി വീണുകളയുന്നു എന്നതത്രേ മിത്രന്റെ പ്രശ്‌നം. ഓരോ പ്രാവശ്യം വീഴുമ്പോഴും ഓരോ കഥകൾ ഉണ്ടാക്കും. പൂച്ച വിലങ്ങനെ ചാടി, ചേര കാലിൽ ചുറ്റി, അമ്മായിയപ്പൻ തോർത്തു കുടഞ്ഞു വീഴ്ത്തി എന്നൊക്കെ പറഞ്ഞുകളയും. ഓരോ പ്രാവശ്യം വീണ് എണീക്കുമ്പോഴും എന്നെ ഇഷ്ടമുണ്ടോ? എത്ര ഇഷ്ടമുണ്ട്? പത്തിൽ ഏത്ര? നൂറിൽ എത്ര? എന്നൊക്കെ ചോദിച്ചുകൊണ്ടേയിരിക്കും. (കണ്ടിടത്തൊക്കെ വാലിൽ തൂങ്ങി വരാതിരിക്കാൻ ഇത് തന്നെ നല്ലത് എന്ന് കരുതാൻ മാത്രം കാലയളവ് അവർ ഒരുമിച്ചു കഴിഞ്ഞതുമില്ലല്ലോ!)

ആര്യന്റെ അങ്കലാപ്പ് ഇതൊന്നുമല്ല. ആര്യപുത്രിക്ക് ഒന്നിനേം പേടിയില്ല. നിർഭയമായി എന്തിലും കേറി ഇടപെടും. ആത്മീയ ഉണർവിന്റെ ഭാഗമായോ രാഷ്ട്രീയപ്രബുദ്ധതയുടെ ഭാഗമായോ ഉള്ള വിപ്ലവാധിഷ്ഠിത ധൈര്യമല്ല ഇത്. മൂർഖൻപാമ്പിനെ കൈകൊണ്ട് എടുക്കുക, കുത്താൻ വരുന്ന പോത്തിന്റെ മുമ്പിൽ ചെന്ന് വായും തുറന്ന് നിൽക്കുക, പെട്രോളൊഴിച്ചു പട്ടതെങ്ങിന്റെ വേരിന് തീ കൊളുത്തുന്ന പറമ്പിൽ പോയി ജ്വാലയിൽ കൈയിടുക എന്നിത്യാദി മണ്ടൻ പേടിയില്ലായ്മകൾ! നടുറോഡിലും പാർക്കിലും മാളിലും ബസ്സിലും ഒക്കെ നാലാൾ കാൺകെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്തുകളയും എന്ന നാണക്കേടുമുണ്ട്.

രുദ്രപത്‌നിക്ക് എപ്പഴും കോപമാണ്. "ക്രോധാത് ഭവതി സമ്മോഹഃ സമ്മോഹാൽ സ്മൃതിവിഭ്രമഃ' ഇരുപത്തയ്യായിരം രൂപ കൊടുത്ത് ഇന്നലെ വാങ്ങിച്ചതാണല്ലോന്ന് ഓർക്കാതെ ടി.വി.യും മൊബൈലും മറ്റും അടിച്ചുപൊട്ടിച്ചുകളയും! നാളേം കാണേണ്ടവരാണെല്ലോന്ന് ഓർക്കാതെ അയൽവാസിയെ മുണ്ടുപൊക്കി കാണിക്കും. ഇന്നാളൊരു ദിവസം ചമ്മന്തിയരക്കാൻ വച്ചിരുന്ന തേങ്ങ മിക്‌സിയോട് കൂടി റോഡിൽ എറിഞ്ഞുകളഞ്ഞു. കോപം തണുക്കുമ്പം ""ഞാനെന്താ ചെയ്തത്? എനിക്കെന്തു പറ്റി?'' എന്നൊക്കെ ചോദിച്ചോണ്ടുവരും. അപ്പോഴൊക്കെ ""മോളൊന്നും ചെയ്തില്ല, മോൾക്കൊന്നും പറ്റിയില്ല, മോൾ നല്ലവൾ' എന്നൊക്കെ നമ്മൾ പറഞ്ഞോണ്ടിരിക്കണം.

പവന്റെ പരാതി പെണ്ണുമ്പിള്ളയ്ക്ക് വികാരങ്ങൾ ഇല്ല എന്നതാണ്. ഇവിടേം അങ്ങനെ തന്നെ എന്നുപറഞ്ഞുകൊണ്ട് എല്ലാരുംകൂടി കൈപൊക്കണ്ട. പുള്ളി ഉദ്ദേശിച്ചത് അതല്ല. ദേഷ്യം, വെറുപ്പ്, ഭയം, സന്തോഷം, സന്താപം, അത്ഭുതം എന്നിങ്ങനെ ഒരു വികാരങ്ങളും അവർക്കില്ല. അതൊക്കെ എന്താന്ന് അറിഞ്ഞുകൂടാ. ഒരു നിർവികാര പരബ്രഹ്മം. എന്നാ കൊള്ളാല്ലോന്ന് പത്താനിവേഴ്‌സറി ഉണ്ടവർക്ക് തോന്നുന്നുണ്ടാവും. പവൻ ഉണ്ണാൻ കിടക്കുന്നതല്ലേ ഉള്ളൂ.

സൂര്യയ്ക്ക് പറയാനുണ്ടായിരുന്ന സൂക്കേടിന്റെ പേര് കൺസ്ട്രക്ഷണൽ അപ്രാക്‌സിയ (Constructional Apraxia) എന്ന "ആവതില്ലായ്മ'യാണ്. തലച്ചോറിന്റെ ഇടതു പെറൈറ്റൽ ലോബിലെ തകരാറുകൊണ്ട് വരുന്ന അസുഖമാണ് ഇത്. പേനയുടെയും പേസ്റ്റിന്റെയും മറ്റും ക്യാപ്പ് തുറക്കാൻ ആവതില്ലായ്മ, അടയ്ക്കാൻ ആവതില്ലായ്മ എന്നിങ്ങനെ. പഞ്ചസാര, തേയില, വെളിച്ചെണ്ണ, ചൊറിയിൽ തേക്കുന്ന ഓയിൽമെന്റ് എന്നിവയുടെ അടപ്പു തുറന്നിട്ട് നേരെ ചൊവ്വേ അടയ്ക്കാതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വയ്ക്കുന്ന സൂക്കേട് നമ്മുടെ വാമഭാഗത്തിനും ഉണ്ടല്ലോ എന്നു നിങ്ങൾ ആലോചിക്കുന്നുണ്ടാവും. അത് പെറൈറ്റൽ ലോബിലെ തകരാറൊന്നുമല്ല. പെരമ്പിനു നാലു പെട കിട്ടാത്തതിന്റെയാണ്!

ഭാനു, വിവേക്, പൂകേഷ്, സലിത്ത്, തങ്കു, വിഷ്ണു എന്നിവരുടെ ഭാര്യമാർക്കും ഓരോരോ മസ്തിഷ്‌ക പ്രശ്‌നങ്ങളുണ്ട്. വിസ്താരഭയത്താൽ എല്ലാം ഇവിടെ എഴുതുന്നില്ല. ആവലാതികൾക്കും ചർച്ചയ്ക്കും ഒടുവിൽ പന്ത്രണ്ട് ആട്ടോക്കാരും കൂടി ഏകകണ്ഠമായി ഒരു തീരുമാനത്തിലെത്തി. വാസ്തുവിദഗ്ധനായ ആർക്കിടെക്ട് എന്നുപറയുമ്പോലെ മന്ത്രവാദിയായ ന്യൂറോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക. ന്യൂറോമാന്ത്രികൻ കണ്ണടച്ച് ധ്യാനലീനനായും കണ്ണുതുറന്ന് പാദത്തിലും മറ്റും കമ്പി കൊണ്ട് മാന്തിയും ചുറ്റികയ്ക്കടിച്ചും ഇപ്രകാരം രോഗനിർണയവും പരിഹാരവും കണ്ടെത്തി.

ഉള്ളിയുടെ തൊലി ഉരിയുമ്പോലെ മൂലരൂപത്തിൽ നിന്നും പതിനൊന്നു പുതുരൂപങ്ങൾ ഉരുവായി എങ്കിലും അത്രയും നവമസ്തിഷ്‌കങ്ങൾ ഉണ്ടായില്ല. ഓരോരുത്തരും ഓരോരോ ഭാഗങ്ങൾ കൊണ്ടുപോയി. എല്ലാം തിരികേ സെറ്റ് ചെയ്ത് പഴയപോലെ ഒറ്റ രൂപമാക്കുകയെന്നതാണ് ഏക പോംവഴി. മന്ത്രവാദവും ന്യൂറോസർജറിയും പുള്ളിക്കാരൻ തന്നെ ചെയ്തോളും.

ഏഴുജന്മം നികൃഷ്ടജീവികളായി നരകിക്കുന്നതിനേക്കാൾ മരിച്ചു സ്വർഗത്തുചെന്ന് അപ്‌സരസും മദ്യപ്പുഴയുമായി കഴിയുന്നതല്ലേ എന്തുകൊണ്ടും നല്ലത് എന്നോർത്തപ്പോൾ പുരുഷുക്കൾ സമ്മതം മൂളി.

ക്രിയകൾ വെടിപ്പായി നടക്കുകയും പന്ത്രണ്ടാണിന് ഒരു പെണ്ണ് എന്ന നില കൈവരികയും ചെയ്തപ്പോൾ തന്തപ്പടി പുത്തൻ വീട്ടിൽ പ്രദീപൻ കേറി ഇടപെട്ടു. ശാസ്ത്രമനുസരിച്ച് ഒരേയൊരു കാന്തൻ മാത്രമുള്ളവൾ പതിവ്രത. രണ്ടുപേർ ഉണ്ടെങ്കിൽ അവൾ കുലട. മൂന്നുപേരുണ്ടെങ്കിൽ ധർഷിണി. നാലാണെങ്കിൽ പുംശ്ചലി. ആറുപേരെ പ്രാപിക്കുന്നവൾ വേശ്യ. ഏഴും എട്ടും പേരെ വരിക്കുന്നവൾ പുംഗി. അതിലേറെപ്പേരുമായി സംഗമിക്കുന്നവൾ മഹാവേശ്യയാണ്. തന്റെ മകൾ അതാവുന്നത് അനുവദിക്കാൻ കഴിയില്ല. ആണുങ്ങൾക്കുമുണ്ട് പ്രശ്‌നങ്ങൾ. കുലടയെ പ്രാപിച്ചവൻ തിത്തിരിപ്പക്ഷിയായും, മറ്റുള്ളവർ കുയിൽ, കാക്ക, ചെന്നായ്, പന്നി, എന്നീ ജീവികളായും ഏഴു ജന്മം കഴിയണം. അതിനാൽ താനൊരു സൊലൂഷൻ പറയാമെന്നായി പ്രദീപൻ.

പന്ത്രണ്ടുപേരും മകളോടൊപ്പം ജീവിച്ചോട്ടെ. ഒരാളും ശാരീരികബന്ധം പുലർത്താൻ പാടില്ല. ആവശ്യാനുസരണം ഒന്നുമുതൽ പന്ത്രണ്ടുവരെ കുട്ടികളെ ദത്തെടുക്കാവുന്നതാണ്. ഏഴുജന്മം നികൃഷ്ടജീവികളായി നരകിക്കുന്നതിനേക്കാൾ മരിച്ചു സ്വർഗത്തുചെന്ന് അപ്‌സരസും മദ്യപ്പുഴയുമായി കഴിയുന്നതല്ലേ എന്തുകൊണ്ടും നല്ലത് എന്നോർത്തപ്പോൾ പുരുഷുക്കൾ സമ്മതം മൂളി. പോർട്ട്‌ഫോളിയോ ഡിവിഷനാണ് ഇനി. അവനവൻ ദത്തെടുക്കുന്ന കുട്ടികളെ വളർത്തുന്നത് കൂടാതെ ധനേഷ്, മിത്രൻ, ആര്യൻ മുതൽപേർ യഥാക്രമം മോളിയെ; ""പൊന്നേ, തേനേ, പാലേ ''എന്നൊക്കെ മുടങ്ങാതെ വിളിക്കുക;
""എന്നെ ഇഷ്ടമുണ്ടോ? എത്ര ഇഷ്ടമുണ്ട്?'' എന്നീ ചോദ്യങ്ങൾ കൃത്യമായി അഡ്രസ് ചെയ്യുക;
ഗുഡ് ടച്ച് ബാഡ് ടച്ച് എറ്റിക്വറ്റ്സ് പാലിച്ചുകൊണ്ട് കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുക; തുടങ്ങിയ കർത്തവ്യങ്ങൾ നിർവഹിച്ച് റെസ്‌പോൺസിബിൾ ഹസ്ബൻഡ്സ് ആയി പുലരേണ്ടതാണ്. പാർവതിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ! പന്ത്രണ്ടുപേരുടെ പരിലാളനകൾ പതിവായി പ്രാപ്യമായ പതിവ്രതയുടെ പരമാനന്ദം പറഞ്ഞറിയിക്കാൻ പറ്റുമോ?!

പിൽക്കാലത്ത് പ്രാപ്പിടിയന്റെ വീട്ടിൽ ദുർവാസാവ് വിരുന്നുവരികയും കാമം സഹിക്കാതെ തന്നെ പ്രണയം നേടുന്നതിലുള്ള പ്രസാദവും ആരിലും അനുരക്തയല്ലാത്തതിനാലുള്ള അങ്കലാപ്പില്ലായ്മയും ഒത്തുചേർന്ന പാർവതി സമചിത്തതയോടെ അതിഥിയെ പരിചരിക്കുകയും ഉണ്ടായി. ആയതിൽ സംപ്രീതനായ മുനി പുള്ളിക്കാരത്തിയെ ഇപ്രകാരം അനുഗ്രഹിച്ചു. ഒന്നിനുള്ളിൽ മറ്റൊന്ന് അതിനുള്ളിൽ വേറൊന്ന് എന്നിങ്ങനെ വയ്ക്കാവുന്ന ഐശ്വര്യദായകമായ കളിപ്പാട്ടമായി മാത്രിയോഷ്‌ക എന്ന പേരിൽ നീ ലോകമെമ്പാടും അറിയപ്പെടും. എത്ര അനാവരണം ചെയ്താലും നഗ്‌നയാവാത്ത സ്ത്രീരൂപമായിരിക്കും അത്. ▮

*Matryoshka


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. അജിത്ത്

കവി, കഥാകൃത്ത്. "ദമനം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments