ക്രോസ് റോഡ്

പുറത്ത് കത്തുന്ന വെയിൽ.
പച്ച പടർന്നുനിൽക്കുന്ന കൂടാരം പോലെയുള്ള ആ വീടിന്റെ പുറത്തുനിൽക്കുമ്പോൾ എങ്ങനെയെങ്കിലും അതിനുള്ളിൽ കയറിയാൽ മതിയെന്ന തോന്നലുണ്ടായി. ഗേറ്റ് തുറന്നതും ഞങ്ങളെല്ലാവരും ഒന്നിച്ച് നെടുവീർപ്പിട്ടു. ചുട്ടുപഴുത്തുനിൽക്കുന്ന കരിങ്കൽചീളുകൾക്കുമീതെ കിരുകിരുത്തു നിൽക്കുന്ന പുൽക്കൊടികളിലെ ജലസ്പർശത്തിലേക്ക് ആദി തന്റെ കാലുകൾ ചേർത്തുവെച്ചു. കാൽപ്പാദത്തിൽനിന്ന് തണുപ്പ് ശിരസ്സുവരെ അരിച്ചുകയറി. ഞങ്ങളെല്ലാവരും തണുപ്പിൽ ചേർന്നുനിന്ന് പുഞ്ചിരിച്ചു.

സത്യത്തിൽ കൃത്യമായ ലക്ഷ്യമൊന്നുമില്ലാത്ത ഒരു നടത്തമായിരുന്നു അത്. ഇവിടെയെവിടെയോ ഒരു ജോസേട്ടനുണ്ടെന്നും നിറയെ ചെടിയൊക്കെയുള്ള ഒരു തണുപ്പുള്ള വീടാണെന്നും പറഞ്ഞപ്പോൾ ഒരു മടുപ്പുമില്ലാതെ എല്ലാവരും നടന്നു. ജോസേട്ടൻ ആരാണെന്നോ അയാൾ അവിടെയുണ്ടാകുമോ തുടങ്ങിയ ആശങ്കകളൊന്നും ആരെയും അലട്ടിയില്ല. റൂമിൽനിന്നിറങ്ങുമ്പോഴോ പാതിവഴിയോളമോ ഒന്നും ഇല്ലാത്ത ഈ ജോസേട്ടനെ നിഷയ്ക്ക് ഇപ്പോൾ എവിടുന്നാണ് കിട്ടിയതെന്നും ആരും ചോദിച്ചില്ല.

വെറുതെ, വെറും വെറുതെ, പൊരിവെയിലിനെ നിലാവാക്കിക്കൊണ്ട് മിണ്ടിമിണ്ടിയും മിണ്ടാതെമിണ്ടിയുമൊക്കെ ഞങ്ങൾ നടന്നു. ഈ വഴിത്താവളത്തിൽ കഴിഞ്ഞ രാത്രി ഒത്തുകൂടിയവരാണ് ഞങ്ങൾ. പലവഴികളിൽനിന്നും വന്നവർ. നാളെ പലപല വഴികളിലേക്ക് പറന്നകലുന്നവർ. എങ്കിലും ഞങ്ങൾക്ക് പലപല പൊരുത്തങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ പറച്ചിലുകൾക്ക് തുടർച്ചയുമുണ്ടായിരുന്നു.

നടന്നുനടന്ന് ഇതാണ് വീടെന്ന് പറഞ്ഞ് നിഷ ആ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറുകയായിരുന്നു. നിഷയുടെ പിന്നാലെ ഞങ്ങളും.

‘അതാണ് ജോസേട്ടൻ’, നിഷ പറഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. ജോസേട്ടൻ ഞങ്ങളേയും കാത്തെന്നപോലെ വരാന്തയിൽ ഗേറ്റിലേക്കും നോക്കിനിൽക്കുന്നു. ഞങ്ങളെ കണ്ടയുടൻ കൈകൊണ്ട് കടന്നുവരാൻ ആംഗ്യം കാട്ടി, തിടുക്കപ്പെട്ട് ജോസേട്ടൻ അകത്തേയ്ക്കു പോയി. പക്ഷേ, ഞങ്ങൾ മുമ്പോട്ടുനീങ്ങിയില്ല. ചെരിപ്പ് അഴിച്ചുമാറ്റി കാൽക്കീഴിലെ തണുപ്പിന്റെ സുഖത്തിൽ ഞങ്ങൾ അനങ്ങാതെ നിന്നു. കുറച്ചുനേരം കഴിഞ്ഞ് ചുണ്ടിൽ വശ്യമായ ഒരു ചിരിയുമായി ജോസേട്ടൻ പുറത്തേയ്ക്ക് ഓടിവന്നു. ഒരു നിമിഷംകൊണ്ട് മുമ്പ് കേട്ടുപരിചയം പോലുമില്ലാത്ത ജോസേട്ടൻ ഞങ്ങളുടെയെല്ലാം ജോസേട്ടനായി. പച്ചപുതച്ചുനിൽക്കുന്ന ആ വീട് ഞങ്ങളുടെയെല്ലാം വീടായതുപോലെ.

വളരെ അപൂർവമായി സംഭവിക്കുന്ന ഒരു ജാലവിദ്യയാണത്. ഉള്ളിലേയ്ക്ക് ഒഴുകിപ്പരക്കുന്ന ഒരു സുഗന്ധത്തിനാൽ പരസ്പരം തിരിച്ചറിയപ്പെടും. പിന്നെ, ചിരകാലപരിചിതരെപ്പോലെ നമ്മൾ തൊട്ടുതൊട്ടുനടക്കും. ഞങ്ങളെല്ലാവരും ഒരേ താളത്തിൽ ജോസേട്ടന്റെ പിന്നാലെ നടന്നു.

നിഷയെ തിരിച്ചറിഞ്ഞതും നീനചേച്ചി വീടിനകത്തുനിന്ന് പുറത്തേയ്ക്കോടിവന്നു. ചെടി നോക്കാൻ വന്ന ആരോ ആണെന്ന് കരുതീട്ടാണ് വരാതിരുന്നതെന്നും ക്ഷമാപണം പോലെ പറഞ്ഞു. അകത്തേയ്ക്കിരിക്കാമെന്ന് നീനചേച്ചി പറഞ്ഞെങ്കിലും ആരുംതന്നെ വീടിനുള്ളിലേയ്ക്ക് കയറിയില്ല. വീടിനു പുറത്തുള്ള കാഴ്ചകൾ അത്രയ്ക്കും മനോഹരമായിരുന്നു.

ഓരോരുത്തരും ഓരോ വഴിയിലേയ്ക്ക് തിരിഞ്ഞു. ആദിയ്ക്ക് പൂക്കളെയും ചെടികളെയും വലിയ ഇഷ്ടമാണ്. വല്ലാത്ത അതിശയത്തോടെ അവൾ ഒരു കുഞ്ഞുകുട്ടിയെപ്പോലെ ഓടിനടക്കുകയായിരുന്നു. ഓരോ ചെടിയെയും മരത്തേയും തൊട്ടുതൊട്ട് പേര് വിളിച്ചു. അതിൽ പലപേരുകളും ആദ്യമായി കേൾക്കുകയായിരുന്ന ഞാൻ ജാള്യതയോടെ അവരോടൊപ്പംകൂടി മൂളിമൂളി നടന്നു. ആദിയെ തിരുത്തിയും അറിയാവുന്നതെല്ലാം ചേർത്തുപറഞ്ഞും നിഷ്‌കളങ്കമായി നിഷ ഞങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു.

കൂട്ടംകൂടി നടക്കുമ്പോൾ അത്രയും ചേർത്തുപിടിക്കുന്ന കൂട്ടത്തിനിടയിലും ഒറ്റയ്ക്കായിപ്പോവുന്ന എന്റെ പ്രകൃതത്തെ ഞാൻ തന്നെ വെറുത്തു. ഒരാഴ്ച നീണ്ടുനിന്ന മടുപ്പിക്കുന്ന യാത്രയുടെ അലച്ചിലിനൊടുവിൽ ഒരുപാട് ഇഷ്ടത്തോടെയും ആവേശത്തോടെയുമാണ് ഇവരുടെ അടുത്തെത്തിയത്. എല്ലാ ക്ഷീണവും പെട്ടെന്നുതന്നെ പമ്പകടന്നു. പക്ഷേ ചെടികളിൽ ഗവേഷണം നടത്താനുള്ള അടിസ്ഥാന ജ്ഞാനമില്ലാത്തതുകൊണ്ട് ഞാൻ മരങ്ങൾക്കിടയിലുള്ള ഊഞ്ഞാലിലിരുന്നു. വേലിപോലെ തൂക്കിയിട്ടു പടർത്തിയ ചെടികൾക്കിടയിലൂടെ ഒരു തണുത്ത കാറ്റ്. ഒരുതരത്തിലുള്ള വാശിയും മുൻവിധികളുമില്ലാത്ത മനുഷ്യരുടെ നിരുപാധിക സ്‌നേഹം. വല്ലാത്തൊരു സ്വാസ്ഥ്യം. ശാന്തത.

ജോസേട്ടൻ അടുത്തുവന്ന്, എന്താ, എന്തുപറ്റി, ക്ഷീണമുണ്ടോ എന്നൊക്കെ ചോദിച്ചു. കുറച്ചുകഴിഞ്ഞ്, ‘ഇതാ, ഇത് ഒന്നുരണ്ടെണ്ണം കഴിയ്ക്ക്...ക്ഷീണമെല്ലാം മാറും’, ജോസേട്ടൻ കൈക്കുള്ളിലൊതുക്കിപ്പിടിച്ച മാജിക് ഫ്രൂട്ട് എനിയ്ക്ക് തന്നു. തരുമ്പോൾ കരുതിക്കൂട്ടിത്തന്നെ അയാൾ എന്റെ ഉള്ളംകൈയിലൊന്നു തൊട്ടതായി എനിക്കു തോന്നി. അതങ്ങനെയാണ്, നിമിഷനേരംകൊണ്ട് എല്ലാ കാര്യങ്ങളും ചിലപ്പോൾ തകിടം മറയും. അത്രയും നേരം തണുപ്പ് പകർന്നുതന്ന മൺതരികൾ കാൽച്ചുവട്ടിൽ ശ്വാസംമുട്ടി ഞെരിഞ്ഞമരുന്നതുപോലെ.

‘ഇതുകഴിച്ചാൽ, പിന്നീട് കഴിക്കുന്നതെല്ലാം അതിമധുരമായി തോന്നും. അതുകൊണ്ടാ ഇതിനെ മാജിക് ഫ്രൂട്ട് എന്നു വിളിക്കുന്നത്. വേണമെങ്കിൽ ഒന്നു പരീക്ഷിക്കാം’, അയാളത് പറഞ്ഞുതീരുമ്പോഴേയ്ക്കും ഞാൻ ധൃതിയിൽ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ഏതുവഴിയ്ക്ക് തിരിയണമെന്നറിയാതെ ഏതോ വഴിക്ക് നടന്നപ്പോൾ കെട്ടഴിച്ചുവിട്ട പട്ടി എന്നെ ചുറ്റിപിടിയ്ക്കാനെന്നപോലെ അടുത്തേയ്ക്ക് വന്നു.

‘ജാക്ക്, നിർത്ത്... നമ്മുടെ സ്വന്തം ആളല്ലേ...’ എന്നു പറഞ്ഞ് നീനചേച്ചി വാത്സല്യത്തോടെ അതിന്റെ തലയിൽ തലോടി. ജാക്ക് പെട്ടെന്നുതന്നെ അടങ്ങി എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഹൃദയം പടപടാന്ന് മിടിച്ചുകൊണ്ടിരുന്നത് നിയന്ത്രിക്കാനാവാതെ ഞാൻ വല്ലാതെ പാടുപെട്ടു.

ജാക്കിനെ കൂട്ടിലാക്കി നീനചേച്ചി ഞങ്ങളുടെ കൂടെക്കൂടി. അവർ പതുക്കെ പതുക്കെ സംസാരിക്കാൻ തുടങ്ങി. അവരുടെയും ജോസേട്ടന്റെയും പ്രണയത്തെക്കുറിച്ച് സംസാരിച്ചു.

‘ഇങ്ങേര് ഫോട്ടോഗ്രാഫറായിരുന്നു. അന്ന് സത്യത്തിൽ നല്ല സാരിയൊക്കെയുടുത്ത് ഫോട്ടോ എടുക്കണംന്ന് പറഞ്ഞുപോയതാ. പക്ഷേ നേരം വേഗമങ്ങിരുട്ടി. ഞങ്ങളറിഞ്ഞില്ല. നല്ല മഴയും’, അവരുടെ മുഖത്ത് ഒരുചിരി പടർന്നു.

‘പിന്നെ, തിരിച്ചുപോവണ്ടാന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. കൈയിൽ ഒരു ഡ്രസു പോലുമില്ല, പൈസയുമില്ല. പിന്നെ, ഇങ്ങേരുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ അവരോടൊപ്പം ഞങ്ങളങ്ങ് താമസിക്കാൻ തൊടങ്ങി’.

‘നാട്ടിലെന്തൊക്കെയോ പുകിലുകളുണ്ടായി. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. കുറേക്കാലം കഴിഞ്ഞാ ഞങ്ങളെ കുടുംബത്തൊക്കെ അടുപ്പിച്ചത്’.

നീനചേച്ചി പിന്നെയും കഥകൾ പറഞ്ഞുകൊണ്ടിരുന്നു. പൊരുതി നിന്നതിനെക്കുറിച്ചും ജീവിതം കരുപ്പിടിപ്പിച്ചതിനെക്കുറിച്ചുമെല്ലാം. ഇപ്പോഴും അവർ രണ്ടുപേരും ഒന്നിച്ച് ദിവസങ്ങളോളം കാട്ടിലൂടെ നടത്തുന്ന യാത്രകളെക്കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് കൗതുകം തോന്നി.

രണ്ടുപേരുടേയും ഇഷ്ടങ്ങൾ ഒരേപോലെയായതുകൊണ്ടാണ് ഇങ്ങനെയൊക്കെ സന്തോഷമായി ജീവിക്കാൻ കഴിയുന്നതെന്ന് നീനചേച്ചി കൂട്ടിച്ചേർത്തു. മറ്റൊരു ലോകവുമില്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരല്ലലും അലട്ടലുമില്ലാതെ ജീവിക്കുന്ന രണ്ടുപേർ. എല്ലാം വിട്ടെറിഞ്ഞ് പുറംലോകം തീർത്തും വിച്ഛേദിച്ചുകൊണ്ടുള്ള ഒരു ജീവിതം... അത് നമ്മളെല്ലാം പലപ്പോഴും കൊതിക്കാറുള്ളതാണല്ലോ.

ടന്നുനടന്ന് വീടിനകത്തെത്തിയതും എല്ലാവരും നിശ്ശബ്ദരായി. ആകാശത്തിന്റെ നേരിയ ഒരു കാഴ്ചപോലും അസാധ്യമാക്കിക്കൊണ്ട് തോരണം പോലെ തൂക്കിയിട്ടിരിക്കുന്ന കഴുതവാലൻ ചെടികൾ. വീടിനകത്തേക്ക് കടക്കുമ്പോഴേക്കും നീനചേച്ചിയുടെ ശബ്ദത്തിന്റെ പ്രസരിപ്പ് കുറഞ്ഞുതുടങ്ങി. പതുക്കെപ്പതുക്കെ മന്ദ്രസ്ഥായിയിലേക്കെത്തുന്നതുപോലെ... അത് മനസ്സിലാക്കിയെന്നതുപോലെ നിഷ ഉറക്കെ രസകരമായി സംസാരിക്കാനും ചിരിക്കാനും തുടങ്ങി.

വീടിനകത്ത് ശ്വാസംമുട്ടിക്കുന്ന ഒരുതരം മൂകത. പലതരം ചെടികളുടെ ഉണങ്ങിയ പൂക്കളും കായ്കളും തണ്ടുകളും ചേർത്തുവെച്ച പൂപാത്രങ്ങൾ ഷോക്കെയ്‌സിൽ നിറയെ അടുക്കിവെച്ചിരിക്കുന്നു. ജീവനകന്നുപോയ ഈ സ്റ്റഫുകൾ കണ്ടപ്പോൾ സയൻസ് ലാബിൽ പല്ലിളിച്ചുനിൽക്കുന്ന അസ്ഥികൂടത്തെയാണെനിക്കോർമ്മവന്നത്. ഇന്നോ നാളെയോ ആരോ ഇൻസ്‌പെക്ഷനു വരുമെന്ന് പ്രതീക്ഷിച്ചുനിൽക്കുന്നതുപോലെ സകലമാന വസ്തുക്കളും കൃത്യമായും വൃത്തിയായും ഒതുക്കിവെച്ചിരിക്കുന്നു. എനിക്ക് മനം പുരട്ടുന്നതുപോലെ തോന്നി. അതുവരെ ഒന്നിച്ചുചേർന്ന് നടന്നുവന്ന ഞങ്ങളുടെ ഒറ്റക്കൂട്ടത്തെ, വീട് യാതൊരു ഔചിത്യവുമില്ലാതെ ഞങ്ങളും നിങ്ങളുമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ഒരുകൂട്ടം വരാന്തയോടുചേർന്ന സ്വീകരണമുറിയിലേക്കും മറ്റൊരു കൂട്ടം അടുക്കളയോടു ചേർന്നുള്ള അകത്തളത്തിലേക്കും മാറിപ്പോവുകയായിരുന്നു.

അകത്തേ മുറിയ്ക്കപ്പുറത്ത് വെയിലും മഴയുമേൽക്കാതിരിക്കാൻ ചില്ലിട്ടടച്ചുവെച്ച ഒരു നടുമുറ്റം പ്രതാപത്തോടെ ഞങ്ങളെ കാത്തുകിടന്നിരുന്നു. അതിന്റെ പടിയിലിരുന്ന് ഞങ്ങൾ പലപല പോസിലുള്ള ഫോട്ടോകളെടുത്തു. വെളുത്തുരുണ്ട കല്ലുകൾ നിരത്തിയ നടുമുറ്റത്തിന്റെ നടുവിലായി അലങ്കരിച്ചുവെച്ചിരിക്കുന്ന വട്ടമേശയിൽ ഒരിക്കൽപ്പോലും തുറക്കാതെ അടുക്കിവെച്ചിരിക്കുന്ന പത്രങ്ങളും പുതുമ മാറാത്ത ചില പുസ്തകങ്ങളും.

‘ഓ വായിക്കാനൊന്നും നേരം കിട്ടാറില്ല’, ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ അവർ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

ഞങ്ങൾ മാസ്റ്റർ ബെഡ്‌റൂമിലെത്തുമ്പോഴേക്കും പലവിധ വികാരങ്ങൾ നീനചേച്ചിയെ അലട്ടുന്നതായിത്തോന്നി. ഷെൽഫ് തുറന്ന് പലനിറത്തിലുള്ള കുറേ സാരികൾ പുറത്തെടുത്ത് അവർ കിടക്കയിൽ നിരത്തി.

‘ഇതിലെല്ലാം നല്ലനല്ല വർക്കുണ്ട്. എല്ലാം ഞാൻ കൈകൊണ്ട് തുന്നിയതാ’, ഓരോന്നോരോന്നായി അവർ ഞങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ തുടങ്ങി.

‘ഞാൻ ചെയ്ത സാരികൾ മാത്രമേ ഞാനുടുക്കാറുള്ളൂ’.

‘പക്ഷേ...പക്ഷേ...എനിക്കെവിടേം പോവാനില്ല. പണ്ടൊക്കെ പള്ളിയിൽ കുർബാന കൂടാൻ പോകുമ്പോ എന്റെ സാരി കാണാൻ ഒരുപാടാളുകള് കൂട്ടത്തോടെ വരുമായിരുന്നു. ഇപ്പോഴിപ്പോ ഞാൻ പള്ളിയിലും പോവാതായി’, ഇത് പറയുമ്പോഴേക്കും അവരുടെ ശബ്ദം വിഷാദമൂകമായപോലെ. ഒരു ചെറിയ കൈത്തട്ടലിൽ സൂക്ഷിച്ചടുക്കിവെച്ച ചില്ലുപാത്രങ്ങളൊക്കെയും വീണുടയുന്നതുപോലെ വാക്കുകൾ ചിതറിവീഴാൻ തുടങ്ങി.
‘വിൽക്കാറുണ്ടോ?’
‘എപ്പോഴാണിങ്ങനെ ഡിസൈൻ ചെയ്യാൻ തുടങ്ങിയത്?’
ആദിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാര്യമായൊന്നും ചെയ്യാനില്ലാതിരുന്ന തന്റെ യൗവ്വനകാലത്തെക്കുറിച്ച് അവർ പറഞ്ഞു. പല നിറങ്ങളിലുള്ള നൂലുകൾ ചേർത്തുവെച്ച് അവരെഴുതിത്തീർത്ത കവിതകളിലത്രയും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും നിസ്സഹായതയുടെയുമൊക്കെ കണ്ണീർ പതിഞ്ഞുകിടക്കുന്നത് ഞങ്ങൾ കണ്ടു.
‘സമയം പോകാനായി അകത്തിരുന്ന് പലതും തുന്നിയത് പേടിച്ചുപേടിച്ചാ...’

ആ പേടി ഇപ്പോഴും അവരെ വിട്ടുപോയിട്ടില്ലെന്ന് അവരുടെ ഭാവം കണ്ടപ്പോൾ മനസ്സിലായി.

‘ഇവിടെ ആരും തുന്നണ്ട. തുന്നി വരുമാനമൊണ്ടാക്കേണ്ട കാര്യൊന്നും ഈ കുടുംബത്തിനില്ല. പണികളാണേ വേറെ ഇഷ്ടംപോലെയുണ്ട് താനും’.

ഇപ്പോഴും തന്നെ ആരൊക്കെയോചേർന്ന് ശകാരിക്കുന്നുവെന്ന തോന്നലുണ്ടെന്നും എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ നൂലും സൂചിയുമെല്ലാമൊളിപ്പിച്ചുവെച്ച് ഭയപ്പാടോടെ ഞെട്ടിയെഴുന്നേൽക്കാറുണ്ടെന്നും നീനചേച്ചി പറഞ്ഞു.

നിഷ പെട്ടെന്ന് മക്കളെക്കുറിച്ച് സംസാരിച്ചു. എഫ് ബിയിൽ കാണാറുണ്ടെന്നും വിശേഷങ്ങളറിയാറുണ്ടെന്നും പറഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ കൂടെ വന്നവരും ജോസേട്ടനുംകൂടി സ്വീകരണമുറിയിൽനിന്ന് കിടപ്പുമുറിയുടെ വാതിൽക്കലെത്തിയിരുന്നു.

‘കാനഡയും ന്യൂസിലന്റുമൊക്കെ കണ്ടൂടേ...കൊച്ച്ങ്ങടെ കൂടെ പോണം’, നിഷ പറഞ്ഞു.

‘ഓ...മൂത്ത കൊച്ച് പ്രസവിച്ചപ്പോ കാനഡയിലേക്ക് പോയി. ഇച്ചായനിവിടെ ഒറ്റയ്ക്കല്ലേന്ന് ഓർക്കുമ്പോ അവ്‌ടെ സമാധാനംല്ലാന്നേ. ഭക്ഷണമൊന്നും ശര്യാവില്ല. ഞാനില്ലെങ്കിൽപിന്നെ കള്ളുകുടി...’

അത് മുഴുവനാക്കാൻ ജോസേട്ടൻ സമ്മതിച്ചില്ല.

‘പിന്നേ... ഇവളന്ന് പോയപ്പഴാ ഞാനൊന്ന് ശ്വാസം വിട്ട് ജീവിച്ചേ...’

എല്ലാവരും ചിരിച്ചെങ്കിലും പലപല പച്ചക്കള്ളങ്ങളും പൊളിഞ്ഞുവീഴുന്ന ഒരു വേദന നീനചേച്ചിയുടെ ചിരിയിൽ തെളിഞ്ഞുവന്നു.

‘പിന്നെ കള്ളുകുടി... അത് നിർത്തീട്ട് കൊറേയായി...’ ഇങ്ങനെ പറയുമ്പോൾ ജോസേട്ടൻ ഒരടി പിന്നോട്ടുനിന്ന് വായ പൊത്തിയിരുന്നെങ്കിലും മാജിക് മൊമന്റിന്റെ രൂക്ഷഗന്ധം അവിടെ പരന്നത് നീനചേച്ചിക്ക് മാത്രം മനസ്സിലായില്ലെന്നുതോന്നുന്നു.

ജീവിതം പൊരുത്തക്കേടുകളുടെ ഒരു സങ്കലനമാണെന്ന തോന്നലിന് ആഴം കൂടിയതുപോലെ.

‘പിന്നെ എനിക്കെങ്ങനെ പോകാൻ കഴിയും. ഇവിടെ എത്ര മിണ്ടാപ്രാണികളുണ്ട്. ഞാൻ പോയാൽ ഒരാഴ്ചകൊണ്ട് ചെടികളെല്ലാം ചാകും. ജാക്കിനെ എന്തുചെയ്യും ? അതിനാര് ഭക്ഷണം കൊടുക്കും...വിശ്വസിച്ചേൽപ്പിക്കാനൊന്നും ആരുമില്ലെന്നേ. എല്ലാംകൂടി ആലോചിക്കുമ്പോ ഉള്ളീന്നൊരു നീറ്റലാ...’

‘ഓ...നമ്മടെ ജീവിതം ഇങ്ങനെയൊക്കയങ്ങ് തീരും’.

നിഷ പെട്ടെന്നെഴുന്നേറ്റു.
‘നേരം ഒരുപാടായില്ലേ...നമുക്കെന്നാ ഇറങ്ങാം’.
‘പിന്നെ വരാം ചേച്ചീ...’

നിഷ നീനചേച്ചിയെ ചേർത്തുപിടിച്ചു. രണ്ടുപേരുടേയും കണ്ണുനിറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ അവിടെനിന്ന് എങ്ങനെയെങ്കിലും പുറത്തുകടന്നാൽ മതിയെന്ന തോന്നലിലായിരുന്നു. ഞാൻ തന്നെ നോക്കേണ്ടുന്ന ഒന്നും, ഒരു വീടുപോലും സ്വന്തമായി ഇല്ലെന്നതിൽ എനിക്കന്നാദ്യമായി അഭിമാനം തോന്നി.

പുറത്ത് ചെറിയ ചട്ടികളിൽ അടക്കിയൊതുക്കിവളർത്തിയ ബോൺസായി മരങ്ങളുടെ അടുത്തെത്തുമ്പോഴേക്കും എന്റെ ഫോണിൽ ഒൻപതാമത്തെ മിസ് കോൾ വന്നുകഴിഞ്ഞിരുന്നു.

‘നീയെവിടെയാ? ഒരൊഴിവ് കിട്ടുമ്പോൾ ആ ബാങ്കിലൊന്ന് കയറണംന്ന് ഞാൻ നൂറുതവണ പറഞ്ഞതാ. ഹോംലോണിന്റെ പേപ്പറെല്ലാം ഞാനവിടെ റെഡിയാക്കിയിട്ടുണ്ട്. ഇനി നീ ഒപ്പിട്ടാൽ മാത്രം മതി. അതിന് തെണ്ടല് കഴിഞ്ഞ് സമയം വേണ്ടേ…’

അതിനിടയിലൂടെ ജാനു എന്തോ പറയുന്നുണ്ടായിരുന്നു. എത്ര കാതോർത്തിട്ടും അത് കേൾക്കാൻ കഴിഞ്ഞില്ല.

‘വീടിനെക്കുറിച്ച് ഒന്നുകൂടെ ആലോചിക്കണം. നമുക്കൊന്നിരിക്കാം. എന്നിട്ടുമതി’, മറുപടിയായ് ഞാൻ ടെക്സ്റ്റുചെയ്തു.


Summary: Malayalam short story Cross road written by by Deepa P.M.


ദീപ പി.എം.

അധ്യാപിക, എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments