ചിത്രീകരണം: ദേവപ്രകാശ്

പുണ്യാളൻ വക, കുഞ്ഞിനൊരു സ്തുതിഗീതം

‘വള്ളിക്കുടിലിൻ ഉള്ളിലിരിക്കും
പുള്ളിക്കുയിലേ പാടൂ...
പുള്ളിക്കുയിലേ പാടൂ.'

തെരുവോരത്തെ പോച്ചക്കിടയിൽ വട്ടക്കണ്ണട വച്ച് മാനവും നോക്കി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോൾ കുഞ്ഞിന് രണ്ടാമതൊരു പാട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടി വരാറേയില്ല. ജനനേന്ദ്രിയത്തിന്റെ അഗ്രത്ത് നിന്നും അനായാസം ഒഴുകുന്ന മൂത്രം പോലെ തന്നെയായിരുന്നു ആ പ്രവൃത്തി ചെയ്യുമ്പോൾ ആത്മാവിൽ നിന്നും ഉതിരുന്ന ആ പാട്ടും. അന്നേ വരെ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും എന്ന പോലെ അതിനും കാരണക്കാരി കൊത്ത ചേട്ടത്തി തന്നെയായിരുന്നു. ചെറുപ്പത്തി, മലബന്ധത്തിന്, പഴുത്ത് പൊട്ട് വന്ന ഏത്തപ്പഴം പുഴുങ്ങിയതും, വാടിയ കരിങ്ങാലി വെള്ളവുമൊന്നും ഏശാത്ത അവസരത്തില്, കൊത്ത ചേട്ടത്തിയവനെ കുളിമുറീലോട്ട് കയറ്റി വാതിലടച്ച്, സായിപ്പിനെ കെട്ടിതാഴ്ത്തിയ പൊട്ട കിണറ്റിൽ നിന്നും വെള്ളമെടുത്ത് മന്ത്രം ജപിച്ച് തലേ കൊടഞ്ഞ് നിക്കറൂരിപ്പിച്ചിട്ട് മുക്കാൻ പറയും. ആദ്യത്തെ രണ്ട് ശ്രമത്തിൽ കുഞ്ഞ് കെടന്ന് പെടാപ്പാടു പെടുമ്പോൾ കൊത്ത ചേട്ടത്തി കാറ്റായി വീശി അവന്റെ ചെവീടെ ഓരത്തേക്ക് വരും;

'വള്ളിക്കുടിലിൻ ഉള്ളിലിരിക്കും
പുള്ളിക്കുയിലേ പാടൂ...
പുള്ളിക്കുയിലേ പാടൂ.'

അതോടെ ദേഹമാസകലം ഒരു കിരുകിരുപ്പ് അനുഭവപ്പെടുകയും, അണ്ഡകടാകത്തീന്ന് അനുസരണയോടെ ഭാരം, പ്ലോപ്പ്! പ്ലോപ്പ്! എന്നും പറഞ്ഞോണ്ട് ഗുരുദ്വാരത്തിലേക്ക് വീഴുകയും ചെയ്യും. നാട്ടുകാര് മൊത്തം കൂടോത്രക്കാരീന്ന് പേര് ചൊല്ലി വിളിക്കുന്ന കൊത്ത ചേട്ടത്തിയെ വലിയ പഥ്യമായിരുന്നു കുഞ്ഞിന്റെ അമ്മച്ചിക്ക്. അമ്മച്ചി പണ്ട് കയറുപിരിക്കാൻ ഫാക്ടറിയിൽ പൊക്കോണ്ടിരുന്ന കാലത്ത്, ചേട്ടത്തിയായിരുന്നു അവനെ സ്ഥിരം കുളിപ്പിച്ചൊരുക്കി പള്ളിക്കൂടത്തിലോട്ട് വിട്ടോണ്ടിരുന്നത്. കുളിച്ച് തോർത്തി നെറുകയില് രാസ്നാദിയിട്ട് തിരുമ്മി വെയിലത്ത് നിർത്തീട്ട്, കവിളും നുള്ളി ഏലയ്ക്കാ കറപറ്റിയ അവരുടെ നാവും കൊണ്ട് കുനിഞ്ഞുവന്ന് പയ്യന്റെ കീഴ് ചുണ്ടൊന്ന് നനപ്പിക്കും:

"നിന്റെ കവിളും ചുണ്ടുമൊക്കെ മധുരിക്കുന്ന പൂപോലെ തന്നെ കുഞ്ഞേ. ഒരുനാൾ അത് രുചിക്കാൻ ഒരാൾ വരും, പലരും വരും. അന്നേരമൊന്നും മടിച്ചുനിന്നേക്കല്ല്."

അത് കേട്ട് അവരെ മറച്ചുനിന്ന ചേമ്പില നാണത്താൽ ചുരുളുകയും അവർക്കെതിരെ, കൊട്ടാരക്കര കൺവെൻഷന് ബസ് കയറാൻ തിടുക്കത്തിൽ നടക്കുന്ന പള്ളി സെക്രട്ടറിയും ട്രഷററും ദോഷം വീഴാതിരിക്കാൻ, "തേവിടിച്ചി തള്ള!', എന്ന് കാർക്കിയൊന്നു തുപ്പീട്ട് മുണ്ടും കോളറും കൊടഞ്ഞ് വടിവൊത്തതാക്കി അവരുടെ വഴിയേ പോകും.

ചിതറി തെറിച്ചോണ്ടിരുന്ന മൂത്രവരിയിലൂടെ അടപടലം വിറച്ച്‌ കുതിർന്ന് കയറിക്കൊണ്ടിരുന്ന ചോനനുറുമ്പ്, ലിംഗത്തിന്റെ അറ്റത്തുവന്നു കാലാട്ടി ഇരുപ്പായപ്പോഴാണ് കുഞ്ഞ് ചാടി എണീറ്റത്. അതിനെ മെല്ലെ പിച്ചി എടുത്തവൻ കൈവെള്ളയിൽ വച്ചു; "ഓർമകളെ നശിപ്പിക്കുന്നത് പാപമല്ലേ കുഞ്ഞേ? ഇനിമേൽ പാപം ചെയ്യരുത്, പോയിക്കോ.' എന്നും പറഞ്ഞതിനെ ചാഞ്ഞിരുന്ന തൊട്ടാവാടീടെ മെപ്പോട്ട് കെടത്തീട്ട് കുഞ്ഞ് നടപ്പ് തുടർന്നു.

നിലാവും മുറിച്ച് നടന്നു വന്നവൻ സായിപ്പിനെ കെട്ടിതാഴ്ത്തിയ പൊട്ടക്കിണറ്റിന്റെ ആഴത്തിലേയ്ക്ക് തലയിട്ടു. മാനത്തു നിറഞ്ഞുനിന്ന വെള്ളിവെട്ടം പോലും ഇടകണ്ണിടാൻ ഭയക്കുന്ന കിണറ്റിലേയ്ക്ക് ഇടുപ്പിൽ നിന്നും ബ്രെഡിന്റെ രണ്ട് കഷ്ണമെടുത്തിട്ടു കൊണ്ടവൻ ഉറക്കെ വിളിച്ചു;

"സായിപ്പു ചേട്ടോ, ഇന്നെന്താണേലും രണ്ടിലൊന്ന് അറിയാനും വേണ്ടീട്ട് തന്നെ പോകുവാണേ.'

അന്ധകാരത്തിൽ നിന്നുമുള്ള അടങ്ങാത്ത പരവേശം കേട്ടവനൽപ്പം നിന്നു. വിശപ്പിനു സാമാന്യം ഭേദം വന്നപ്പോൾ സായിപ്പ് രിയിരുന്നൊന്നുന്നു നിശ്വസിച്ചതായി അവനു തോന്നി.

"നിനക്കിതു തന്നെയാണോ കുഞ്ഞേ വേണ്ടത്? ഒന്നും കൂടെയൊന്ന് ആലോയിച്ചിട്ട് പോരായോ? നമ്മളെ തൃപ്തിപ്പെടുത്താത്ത ഓരോന്നിന്റെ പുറകിൽ ന്തിനാ വെറുതെ?...'

"ഇല്ല സായിപ്പേ, എത്ര നാളെന്നും വച്ചോണ്ടാ. ഇന്നിതിനൊരു തീർപ്പൊണ്ടാക്കീട്ടു തന്നെ കാര്യം.' ഇനിയും വട്ടം കറങ്ങി നിന്നാൽ സായിപ്പവനെ മാനസാന്തരപ്പെടുത്തും എന്നുറപ്പുള്ളത് കൊണ്ടവൻ കിണറിന്റെ ചുറ്റിനും കെട്ടി വച്ചിരുന്ന കൈയ്യാലയിൽ കൈ വെള്ളയിൽ പറ്റിയ പായലും തുടച്ച്, "എന്നാ പിന്നെ പോയേച്ചും വാടാ കുഞ്ഞേ. തമ്പുരാനോട് ഞാൻ പറഞ്ഞേക്കാം.' എന്ന സായിപ്പിന്റെ ആഹ്വാനം കേൾക്കാൻ നിക്കാതെ തിടുക്കത്തിൽ തിരിഞ്ഞു.

അശാന്തമായിട്ടുള്ള ആത്മാക്കളെ ഗൗനിക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചും കൊത്ത ചേട്ടത്തിയാണ് പറഞ്ഞ് കൊടുത്തത്. സമാധാനം കിട്ടാത്തതിനാൽ അവരെങ്ങും പോവുകേലാ. വല്ലതും മിണ്ടിയും പറഞ്ഞുമൊക്കെ വേണ്ടുന്ന രീതീല് പരിഗണിച്ചാല് അവര് നമ്മടെ ചുറ്റിനുമൊക്കെ തന്നെയങ്ങ് കാണും. അതൊണ്ടിപ്പൊ എന്നാ? ആരോരുമില്ലാത്ത കുഞ്ഞിനിപ്പോൾ അവരൊക്കെ തന്നെ ശരണം.

ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കാൻ പേടിയായതിനാൽ പള്ളിയിലോട്ട് തിരിയുന്ന മൈതാനി വരെ പാട്ടും കഥകളും കൊച്ച് വർത്തനങ്ങളുമായി കൊത്ത ചേട്ടത്തിയുമുണ്ടായിരുന്നു കൂടെ. പള്ളിയിലോട്ട് തിരിയുന്ന ഒറ്റ പനയുടെ കീഴെയെത്തിയപ്പം കുഞ്ഞിന് ആശങ്ക ഏറി വന്നു. അവന്റെ നെഞ്ചിടിപ്പ് കേട്ട് പള്ളിവക ബാൻഡ് നിർത്തി വയ്ക്കും എന്ന മട്ടിലായി. ആകാശത്ത്, വിവർണ്ണത്തിൽ പൊട്ടിത്തെറിച്ചോണ്ടിരുന്ന വെടിക്കെട്ടു പോലെ കാലു പതറിയപ്പോൾ, കുഞ്ഞ്, പനയുടെ നേർത്ത ഉടലും ചാരിയങ്ങ് നിന്നു.

ഒത്തിരിയൊന്നും വേണ്ട, കുഞ്ഞ് ചിന്തിച്ചു, പെരുന്നാൾ വിരുന്നും കഴിഞ്ഞ്, പുണ്യാളന്റെ അടുത്ത് ചെന്നു നിന്ന്, "എന്നാത്തിനാ അന്ന കൊച്ചേ, ദിവസവും ഗായകസംഘത്തെ കയറി നിന്ന് എന്നെ എന്നും ഒരുമാതിരി നോക്കുന്നേ?' ഒറ്റ ശ്വാസത്തിന് ഇത്രയും ചോദിച്ച് തീർക്കണം. ഇതിനോടകം നാണമായി രൂപാന്തരപ്പെട്ട അവളുടെ വാക്കുകൾ, തല നീരായി കാൽ വിരലുകളിലേക്ക് പടരുകയും അവിടെ നിന്നും മണലിൽ മുഴുക്കെ മറുപടി വരഞ്ഞിടുകയും ചെയ്തെന്നു വരാം. അത് വായിച്ചെടുക്കാൻ അവനും രൂപക്കൂട്ടിൽ നിന്നും കുതികാലിൽ കുന്തുന്ന പുണ്യാളനും ശ്രമിക്കുന്നു. അനുകൂലമായതെന്തോ ആണ് അവൾ ഈ മണലിൽ കുത്തിക്കുറിച്ച് ഇട്ടിരിക്കുന്നത് എന്ന ധാരണയിൽ കുഞ്ഞ് അവളെ; "എന്റെ അന്നാമ്മോ!' എന്നും പറഞ്ഞ് അനുരാഗത്തോടെ കൈ രണ്ടും കവർന്ന് അവളെ അവനിലേക്ക് ചേർത്ത് നിർത്തുകയും വേണ്ടിവന്നാലൊന്ന് കെട്ടിപ്പിടിച്ച് നെറുകയിലൊരു ചുംബനം സമ്മാനിക്കുകയും ചെയ്തെന്നു വരാം.

പക്ഷേ, അതായിരുന്നോ അവനും പുണ്യാളനും വേണ്ടത്? വർഷാവസാനമുള്ള ധ്യാനവും കഴിഞ്ഞ്, അൾത്താരയും വടിച്ച് വൃത്തിയാക്കി വിജാകിരിയും വാതിലും കൊട്ടിയടച്ച് താഴിട്ട് പയ്യന്മാരെല്ലാം കൂടി പള്ളി മിറ്റത്തെ ചരൽ പായെ നിലാവും കണ്ടൊരു കെടപ്പ് കിടന്നാല് എല്ലാവന്മാരുടെ ഉള്ളീന്നും കാല്പനിക രൂപങ്ങൾ ഉടലെടുക്കാൻ തുടങ്ങും.

"കുഞ്ഞിന്റയൊക്കെയൊരു ഭാഗ്യവേ! അടിത്തട്ട് വരെ അലിയിപ്പിക്കുന്ന ഒരേ നോട്ടവല്ലായോ ഇവനെ!' എന്നൊരുവൻ പറയുമ്പോൾ ഇപ്പുറത്തായി കിടന്നവൻ കുഞ്ഞിന്റെ തോള് വഴി കീപ്പോട്ട് ചൂണ്ട് വിരൽ പായിച്ചു കൊണ്ട് പറയും, "ഏതാണ്ട് ഇവടായിട്ട് അവക്കൊരു മറുകുണ്ട്. ഉടുപ്പിന്റെ കീഴെ കൂടി കൈയിട്ട് അതൊക്കെ കാണാനും തൊടാനുമുള്ള യോഗം ആർക്കാന്നാ?' കൂടി കിടന്ന കൂട്ടരുടെ ഒരുമിച്ചുള്ള പൊട്ടിച്ചിരിക്ക് ശേഷവും ഊഴമനുസരിച്ച് പരാമർശങ്ങൾ തുടരും. കുഞ്ഞ് പക്ഷേ മാനവും താങ്ങി തലപ്പൊക്കത്തോടെ നിക്കുന്ന കരിങ്കുരുഷും നോക്കി കിടക്കുകയല്ലാതെ ഒന്നും മിണ്ടാറില്ല.

പ്രണയാഭ്യർഥനകൾ നടത്തുമ്പോൾ കമിതാക്കളുടെ നെഞ്ചം വെട്ടില് കണക്ക് വെട്ടുകയും ആമാശയം വെള്ളിനക്ഷത്രം പായും പോലൊരു നീറ്റല് വന്നണയുകയും ചെയ്യുമെന്നാണ് മുഖ്യധാര വാണിജ്യ സിനിമകളിൽ നിന്നും മുട്ടത്ത് വർക്കി നോവലുകളിൽ നിന്നുമെല്ലാം കുഞ്ഞിന്റെ ഒരു അറിവ്. ഇന്നേവരെ കണ്ടിട്ടില്ലേലും, കുഞ്ഞിന്റെ അപ്പന്റെയും അമ്മച്ചിയുടെയും ആദ്യ കണ്ട് മുട്ടലിൽ ഇത്തരം തീപ്പൊരികൾ അവർ കൈ മാറിയിരിക്കണം. അന്നക്കൊച്ചിനെ കാണുമ്പോൾ തീപ്പൊരി പോയിട്ടൊരു ഉരസൽ പോലുമില്ല എന്നുള്ളതായിരുന്നു വാസ്തവം. എന്നും വച്ചോണ്ടിത് വെറും കയ്യോടെ വിടാനൊക്കുമോ? എത്ര ജീവന്റെ കാര്യമാണ് ഇതെന്നും വച്ചോണ്ടാ? എല്ലാംകൂടി, തലേ കെടന്നു പുകയുന്ന പുക മണമടിച്ചപ്പോൾ, ഇവനിത് എന്നാ കീനി അടിച്ചതാ? എന്ന മട്ടിൽ ഉലഞ്ഞു നിന്ന പൈൻ മരത്തിന്റെ തുഞ്ചത്ത് കയറി പാത്തിരിക്കാനും കിണറ്ററയിൽ സായിപ്പിന്റെ മടിയിൽ ചെന്ന് കിടന്നു വിതുമ്പാനും കുഞ്ഞിന് തോന്നി.

നാനാവർണ്ണത്തിലെ പറുദീസ എന്ന സങ്കൽപ്പത്തിനോട് നേരിയ സാദൃശ്യമുള്ള ദൈവാലയത്തെ നോക്കിയൊന്നു കണ്ണ് ചിമ്മീട്ടവൻ പൈൻ മരം തന്നെ രക്ഷ, എന്നും പറഞ്ഞതിലേയ്ക്ക് വലിഞ്ഞു കയറാൻ തുടങ്ങി. മേപ്പോട്ടും കീപ്പൊട്ടും വഴുതി, അള്ളി പിടിച്ച് കിടന്നപ്പോഴായിരുന്നു അവൻ പുണ്യാളന്റെ ശബ്ദം ആദ്യമായി കേട്ടത്:

"ഉണ്ണിയെ വഹിച്ചീടുന്ന

ധന്യമാം കരങ്ങളാൽ

വിണ്ണിലെ അനുഗ്രഹത്തെ

മണ്ണിൽനിന്നും പൊഴിക്കണേ."

മുക്കാൻ കുന്തിച്ചിരിക്കുമ്പോൾ കൊത്ത ചേട്ടത്തീടെ ഏലക്കാ കൂറയുള്ള പാട്ടു കേൾക്കുമ്പോഴുണ്ടാകുന്ന അതേ കുളിരപ്പോൾ കുഞ്ഞിന് തോന്നി. ഈ പറയുന്ന കൂട്ട്, അവന്റെ നെഞ്ചിടം വെട്ടില് കണക്ക് നെട്ടോട്ടം കുതറുകയും ആമാശയം വെള്ളിനക്ഷത്രം കണക്ക് പായുന്ന അനുഭൂതിയും അവനിലപ്പോൾ ഉളവായി. ഇതെന്ത് ഏർപ്പാട്! എന്ന് ചിന്തിച്ചു നിന്ന അവന്റെ ചെവിയോരത്തേക്ക് കൊത്ത ചേട്ടത്തി മെതുവെ കാറ്റായി വീശി;

"മാനം പൂത്തതറിഞ്ഞില്ലേ,

മലർ മാല കൊരുക്കാൻ പോരൂ...

മലർ മാല കൊരുക്കാൻ പോരൂ..'

പാദുവയിൽ നിന്നും ഉണ്ണി ഈശോയെയും ഒക്കത്തിരുത്തി കപ്പൽ കയറി വന്ന കാപ്പി കുപ്പായക്കാരൻ പുണ്യാളനെയും വണങ്ങി കൊത്ത ചേട്ടത്തിക്ക് പൂക്കൾ കുത്തിയ ഹെയർ ബാൻഡും പഞ്ഞി മിഠായിയും അവനൊരു സെറ്റ് ചുവന്ന കുപ്പിവളകളും മേടിച്ചവർ റാസയ്ക്കു കയറി. രൂപക്കൂടിന്റെ അരികത്തായി തന്നെ നിൽപ്പുണ്ടായിരുന്നു അവൾ. ദേഹമാസകലം വന്നു ബാധിച്ചിരുന്ന കോൾമയിർ കുഞ്ഞിനെ ഇനിയും വിട്ടു പോയിരുന്നില്ല. അതവളെ കണ്ടത് കൊണ്ടല്ല. മറിച്ച്‌, മെഴുകുതിരി പിടിച്ച അൾത്താര ബാലന്മാരുടെ മുൻപിൽ സ്പീക്കറ് തലയിലേന്തി നീങ്ങുന്ന ജീപ്പിൽ നിന്നും ഉതിർത്ത ശബ്ദം നിമിത്തമായിരുന്നു;

"നിന്റെ ആഗ്രഹത്തിനൊത്ത പോൽ

എൻ പ്രവർത്തികൾ സമസ്തവും

നിർവ്വഹിച്ചു നിത്യ ഭാഗ്യവും

കൈവരിക്കാൻ തരൂവരം.'

"വടക്കൂന്നുള്ള ചൊല്ലുകാരനാ. ഭാഷ പോലും അറിയാൻ മേലാത്ത പുണ്യാളന്റെ കണ്ണ് വരെ നനഞ്ഞിരിക്കുന്നത് കണ്ടോ?'

കൊത്ത ചേട്ടത്തി പറഞ്ഞത് വാസ്തവമായിരുന്നു. എന്തിനെന്നു പോലുമറിയാതെ അവനും പുണ്യാളനും ചെറു ചിരിയോടെ കരയുന്നുണ്ടായിരുന്നു. ഇത്രയും പൂതിയാണേൽ, കുഞ്ഞിനെ കയ്യിലെടുത്തെന്നാൽ അവിടം വരെയൊന്ന് കൊണ്ട് പോയേക്കാമെന്നു നക്ഷത്രങ്ങളും തിരി നാളങ്ങളും നിനച്ചപ്പോഴായിരുന്നു; "ഞങ്ങടെ മുൻപി കയറി നടക്കാനുള്ള ധൈര്യം പുത്തൻകൂറ്റ്കാർക്ക് വന്നോടാ മൈരുകളെ!' എന്നും പറഞ്ഞോണ്ട് ആദ്യ അടി പൊട്ടിയത്.

ജീപ്പിൽ നിന്നുമുതിർന്ന ചൊല്ലുകളുടെ ധാര പൊട്ടിയതും മാലാഖമാരവനെ താഴെയിട്ടിട്ട് കൈയിൽ കിട്ടിയ കൊത്ത ചേട്ടത്തിയെയും പിടിച്ചോണ്ട് പരക്കം പാഞ്ഞു. ആകെമൊത്തത്തി പിന്നെ ബഹളമായി. വഴിയും ദേശവും പിടുത്തമില്ലാത്ത പുണ്യാളനെയും തനിച്ചാക്കീട്ട് ജനം നാല് പാടും ചിതറിയോടാൻ തുടങ്ങി. പല്ലിറുമ്മുന്ന മനുഷ്യർക്കിടയിലൂടെ പേടിച്ചരണ്ട് കരയുന്ന പുണ്യാളനെ ഓടിയും ചെരിഞ്ഞുമൊക്കെ പാഞ്ഞെത്തി കുഞ്ഞ് ഇടുപ്പിലെടുത്ത് വെച്ചു. "പേടിക്കണ്ട പുണ്യാളാ, ഞാനുണ്ടേ.' എന്നും വാക്ക് കൊടുത്ത് തിരിയുകേം, വണ്ണിച്ച് രോമം നിറഞ്ഞ ഒരു കൈ തടം ചെപ്പക്ക് വന്നടിച്ചവൻ നിലത്ത് മലന്നു വീണു. ഗർവ്വോടെ മണ്ണ് തിന്നുന്ന മനുഷ്യർക്കിടയിലിരുന്ന് അവരിരുവരും തമ്പുരാനെ വിളിച്ചു.

ചവുട്ട് കിട്ടുമെന്ന തീർച്ചയിൽ കണ്ണുകളടച്ചപ്പോഴായിരുന്നു അവ്യക്തമായ സംസാരത്തിന്റെ അകമ്പടിയോടെ ഒരു കൈ അവർക്കു നേരെ താഴ്ന്നത്. സൈക്കിളിലിരിക്കുന്ന ആ മനുഷ്യന്റെ തലയ്ക്കു ചുറ്റുമപ്പോൾ പ്രകടമായിരുന്ന പ്രകാശ വലയത്തിൽ അയാളുടെ ചുണ്ടിൽ നിന്നും മൂക്കിൻ ദ്വാരം വരെ കടന്നാക്രമണം ചെയ്യപ്പെട്ടിരുന്ന ഒരു ചാല് കുഞ്ഞ് വ്യക്തമായി കണ്ടു. സംഘർഷാവസ്ഥയ്ക്കിടയിൽ ഇയാളിത്ര ഗഹനമായി എന്താണ് ഈ കെടന്നു പുലമ്പുന്നതെന്ന് പിടികിട്ടിയില്ലേലും ജീപ്പിലിരുന്നു പുണ്യാളന് ശബ്ദം കൊടുത്തത് താനാണെന്ന് കുഞ്ഞിന് പിടികിട്ടി.

രണ്ടാമതൊന്നു ചിന്തിക്കാതെ അയാളുടെ കൈ പിടിച്ചെണീറ്റവൻ പുണ്യാളനെയും കൊണ്ട് സൈക്കിളിനു പിന്നിൽ കയറി ഇരുന്നു. ഒന്നിനുമേലെ ഒന്നായിട്ട് പൂഴിയിലേക്ക് വീഴുന്ന ഇരുകാലികൾക്കിടയിലൂടെ അവരെങ്ങനെ മറുകരയെത്തിയെന്നു കുഞ്ഞിന് ഇന്നും അറിവില്ല.

(തമ്പുരാനും മാലാഖമാരും കച്ച മുറുക്കി നേരിട്ട് ഫീൽഡിലോട്ടിറങ്ങി അവരെ രക്ഷിച്ചതാണെന്ന കാര്യം പുണ്യാളന് അറിയാമായിരുന്നെങ്കിലും ഉറക്കച്ചടവിൽ കുഞ്ഞിനോട് പിന്നെ പറയാമെന്ന് കരുതിയിരുന്ന് പുള്ളി അതങ്ങ് മറന്നു പോവുകയും ചെയ്തിരുന്നു.)

"അവമ്മാരുടെ ചൊരുക്ക് ആദ്യം കണ്ടപ്പഴേ ഞാൻ ഓർത്തതാ അടി പൊട്ടുമെന്ന്."

പള്ളിയിലോട്ട് തിരയുന്ന വിജനമായ മുക്കിലെത്തിയപ്പം അയാൾ സൈക്കിളിന്റെ വേഗത കുറച്ചു.

"വഴക്കിന്റെ മണം തട്ടിയാ മതി. ഞാനപ്പൊ ഈ സൈക്കിളുമെടുത്ത് തിരിക്കും. എന്നിട്ടു വെല്ല മരത്തിലോ പൊത്തിലോ പാത്തിരുന്നിട്ട് അടി കഴിയുമ്പം സംഘടകരുടെ കയ്യീന്നു ചെന്ന് കൂലിയും മേടിച്ച് പോകാറാണ് പതിവ്. നമക്കാവതുണ്ടോ, തല്ലുണ്ടാക്കി ജീവിതം പാഴാക്കാൻ?' എന്നും പറഞ്ഞയാൾ മുച്ചുണ്ടും വിറപ്പിച്ചോണ്ട് ചിരിക്കാൻ തുടങ്ങി. അയാളുടെ ചലനത്തിൽ സൈക്കിൾ തെല്ലിട അനങ്ങിയില്ല എന്ന് കണ്ടപ്പോൾ കുഞ്ഞിന് അത്ഭുതം തോന്നി.

"എന്നതാ പേര്?'

"കുഞ്ഞ്.'

"ആർടെ കുഞ്ഞാ?'

"ആർടെയുമല്ല.'

"എന്നാലെന്റേത് ആകുന്നോ?' എന്നും പറഞ്ഞയാൾ മുരടനക്കി വീണ്ടും ഉറക്കെ ചിരിച്ചു. അതിന്റെ മുഴക്കവും വ്യാപ്തിയും ഇരട്ടി ഊക്കത്തോടെ വായുവിൽ കിടന്ന് വട്ടം കറങ്ങീട്ട് അവരിലേക്ക് തന്നെ വന്നണഞ്ഞു.

പറയുന്നതൊന്നും പിടികിട്ടാതെ ഉറക്കം തൂങ്ങുകയായിരുന്നെങ്കിലും, കുഞ്ഞിന്റെയുള്ളിലിപ്പോൾ നുരഞ്ഞുപൊന്തിയ നിർവൃതി പുണ്യാളനെയും പ്രകമ്പനം കൊള്ളിച്ചു. അവനും കൊത്ത ചേട്ടത്തിക്കും മാത്രമറിയാവുന്ന ആ രഹസ്യം പുണ്യാളനു മുന്നിലുമങ്ങനെ വെളിപ്പെടുകയും ചെയ്തു.

തന്റെയുള്ളിൽ ഒരു സ്ത്രീയുള്ളതായി കുഞ്ഞിന് അറിയാമായിരുന്നു. എന്നാൽ, അവളെ കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നവന് അറിവില്ലായിരുന്നു. ഏറെ കാലം, കൊത്ത ചേട്ടത്തിയാകും അവന്റെയുള്ളിരുന്ന് മുടി കോതുമ്പോൾ, "മലർ മണം മാഞ്ഞല്ലോ..' മൂളിയിരിക്കുന്നത്, എന്നാണവർ കരുതിയത്. എന്നാൽ, ഉറക്കത്തിനിടയിൽ, ധൂപക്കുറ്റി പൊകച്ചു വീശുന്ന കപ്യാരു പയ്യന്റെ മുല്ലപ്പൂ പോലുള്ള വിരലുകളും നീണ്ട കഴുത്തും കൃത്യമായ ആകൃതിയിലുള്ള താടിയെല്ലും സ്വപ്നം കണ്ട് വിയർത്തെണീക്കാനും, കുളിക്കാൻ നേരം മേത്തു നനവ് വീഴുമ്പോൾ അവിടങ്ങളിലെല്ലാം വിരലോടിക്കാനും ചുണ്ടമർത്താനുമുള്ള കഠിന മോഹം വയറ്റു നോവ് വരുത്താൻ തുടങ്ങിയപ്പോഴായിരുന്നു, അത് താൻ തന്നെ ആണെന്ന ബോധ്യം കണ്ണാടിയിൽ നോക്കി നിന്ന ഒരുനാൾ കുഞ്ഞിന് മനസ്സിലായത്. സങ്കോചത്തിലവാൻ, ആരോടുമൊന്നും മൊഴിയാതെ മുട്ടിപ്പായിൽ പ്രാർഥിക്കുമ്പോൾ, "കാലം എല്ലാറ്റിനും മറുപടി തന്നേ പോകു കുഞ്ഞേ' എന്ന് നിരന്തരം കൊത്ത ചേട്ടത്തി പറഞ്ഞു കൊണ്ടേയിരുന്നു.

സായിപ്പിന്റെ കിണറ്റിനോട് ചേർന്ന് കിടന്ന പാടത്തേക്ക് അവരപ്പോൾ കയറിയിരുന്നു. വെരുകും കാട്ട് പന്നികളും കിടന്നു കൂത്താടുന്ന മുരളിച്ചയുടെ പിന്നണിയോടെ ഉഗ്രമായ ഉറക്കത്തിൽ പൂണ്ട് ഞാന്നു കിടന്ന കതിരുകൾ കുഞ്ഞിന്റെ കൈകാൽ മുട്ടുകളിൽ ഉരസി അവനെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. അനിയന്ത്രിതമായി അവൻ സമൃദ്ധമായ അയാളുടെ മുൻഭാഗം കവർന്നു ആഞ്ഞിരുന്നു ചിരിക്കാൻ തുടങ്ങി. സൈക്കിളപ്പോഴൊന്നു പതറുകയും അതിന്റെ ഇടർച്ചയിൽ കതിരുകൾ ഒന്നടങ്കം തല പൊക്കി അവരെ നോക്കുകയും ഉറക്കമൊരു വ്യാമോഹമായി കണ്ട പുണ്യാളൻ കുഴിഞ്ഞ കണ്ണുകളോടെ അവരെ പ്രാകാനും തുടങ്ങി.

"ഈ നെല്ലൊക്കെ അല്ലേലും കുറുമ്പന്മാരാ. പിള്ളേരെ കൂട്ട് തൊട്ട് തൊട്ടേ നിക്കത്തൊള്ളൂ.'

തെളിമയാർന്ന ഒച്ച വരുന്നത് ഇതേ മുച്ചുണ്ടിലൂടെ തന്നെയാണോ എന്നറിയാൻ അവനൊരല്പം തല വെട്ടിച്ചു. പുകയില കറ പുരണ്ട തന്റെ ചുണ്ടിന്റെ വിടവിലേക്ക് ലോലമായ അവന്റെ ചുണ്ടൊന്ന് കോർത്താലെന്തെന്ന് കുഞ്ഞിനപ്പോൾ തോന്നി.

"എന്റെ കൂടെ പൊറുക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. ഇതേലുമൊന്ന് സാധിച്ചു തന്നൂടെ.'

"എന്നതാ കുഞ്ഞേ?'

നക്ഷത്രങ്ങളിലായിരുന്ന അവരപ്പോൾ കൊഴിഞ്ഞ് ഭൂമിയിലേക്ക് വീണു. അവനതങ്ങ് നിരാശയുമായി.

"ചേട്ടനോടല്ല.' പിന്നിലിരുന്ന്, വെള്ളത്തിൽ പ്രതിഫലിക്കുന്ന വടി കണക്ക് വളഞ്ഞിരുന്നവൻ പറഞ്ഞു. പിന്നെ ആരോടെന്ന് അയാൾ ചോദിച്ചുമില്ല. അയാളുടെ മനസ്സ് അറിയാവുന്നോണ്ട് കുഞ്ഞൊട്ട് ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതുമില്ല.

സായിപ്പിന്റെ കിണറ്റിൻ കരയിലെത്തിയപ്പഴത്തേനും അർദ്ധരാത്രി കഴിഞ്ഞിരുന്നു. ചന്ദ്രനൊടുവിൽ അതിന്റെ ഭയത്തെയെല്ലാം മറികടന്ന് കിണറ്റിനുള്ളിലേക്ക് ഇറങ്ങുകയും അതിന്റെ നിറവിൽ സായിപ്പ് വെള്ളി വെട്ടം ചുറ്റുപാടും പ്രകാശിപ്പിക്കുകയും ചെയ്തു. സൈക്കിളിന്റെ പിന്നിൽ നിന്നും കീപ്പോട്ട് ചാടിയിറങ്ങിയതും കുഞ്ഞിന്റെ മടിയിൽ നിന്നും പുണ്യാളനും മടിക്കുത്തിൽ നിന്നും പൊതിയും താഴേയ്ക്ക് വീണു.

"ആഹാൻ, ഇത് കൊള്ളാവല്ലോടാ കുഞ്ഞേ!' എന്നും പറഞ്ഞയാൾ കുനിഞ്ഞ് അവനു മുന്നേ അതങ്ങ് എടുത്തു.

"അവക്ക് കൊടുക്കാൻ മേടിച്ചതാവുമില്ലയോ?' മിന്നുന്ന വളകൾ വിരലിലിട്ട് വട്ടം കറക്കിക്കൊണ്ടയാൾ ചോദിച്ചു. എന്നിട്ട്, കുഞ്ഞിന്റെ കൈ തടമെടുത്ത് നോവിപ്പിക്കാതെ ഒന്നൊന്നായി ആ വളകൾ ഇട്ട് കൊടുത്തു. വളകളിലെ രക്തമയമാർന്ന ശോഭയപ്പോൾ കുഞ്ഞിന്റെ ദേഹമാസകലം വ്യാപിച്ചിരുന്നു. വീണതിന്റെ ചതവിൽ മൂടും തിരുമ്മി മൂശേട്ടയോടെ നിന്ന പുണ്യാളൻ അത് കണ്ടൊന്നു പുഞ്ചിരിക്കുകയും കുരിശ് വരക്കുകയും ചെയ്തു. കുഞ്ഞിന്റെ കവിളിൽ വിരൽ ചേർത്തുവെച്ചയാൾ അവനെയും നോക്കി അതേപടി അൽപ നേരം നിന്നു. അയാളുടെ കഴുത്തിനിരുവശവും കൈയിട്ട് തോളിൽ ചായാനും സൈക്കിളിനു പിന്നിൽ ചാടി കയറി ദേഹമൊട്ടിച്ചിരുന്ന് നാളെയെന്നൊന്നില്ല എന്ന മട്ടിൽ വിഭ്രാന്തിയിൽ പൊട്ടിച്ചിരിച്ച് ഈ രാത്രി ജീവിച്ചൊടുക്കാനും അവനപ്പോൾ തോന്നി. കുഞ്ഞ് പക്ഷേ യാതൊന്നും ചെയ്തില്ല. ആ നാഴികയെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ടവൻ അയാളുടെ വിരലുകളിലൂടെ പ്രസരിക്കുന്ന തണുത്ത കാറ്റുമറിഞ്ഞ് നിന്നു.

ഏറെ നേരം കഴിഞ്ഞ്, കൊഴ കൊണ്ട് പെഡല് വട്ടം കറക്കി ആഞ്ഞ് ചവുട്ടിയയാൾ മുന്നോട്ട് നീങ്ങി.

"മാല കൊരുത്തൊരു മൈലാഞ്ചി കൈ മാടി വിളിപ്പൂ നിന്നെ.' എന്ന ശൂളം വിളിയോടെ മേഘങ്ങൾക്കിടയിലേക്ക് അയാൾ സൈക്കിൾ ചവുട്ടി മറയുന്നത് അരമതിലിൽ ചാരി കുഞ്ഞ് നോക്കി നിൽക്കുമ്പോൾ, പാദുവായിലെ വിളവുറ്റ ബാർലി തോട്ടത്തിലേക്ക് കാറ്റ് കായനായി പുണ്യാളൻ ഇറങ്ങുകയും, കൈയ്യിൽ കുപ്പിവളകൾ നിറഞ്ഞ കുഞ്ഞിന്റെ കഥയറിയാൻ സായിപ്പ് നൂറ്റാണ്ടുകൾക്ക് ശേഷം കരിങ്കൽ ഫിത്തികളിലൂടെ ഏന്തി വലിഞ്ഞ് മുകളിലേക്ക് വരുന്നുമുണ്ടായിരുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഓസ്റ്റിൻ

കഥാകൃത്ത്​. മാർ തിയോഫിലസ്​ ട്രെയിനിങ്​ കോ​ളേജിൽ രണ്ടാം വർഷ ബി.എഡ്​ വിദ്യാർഥി

Comments