മമ്മിക്കും ചാച്ചനും പിന്നാലെ വല്യമ്മച്ചികൂടി പോയതോടെ വന്നുകൂടിയ അനാഥത്വത്തിൽ അകപെട്ടുപോവാതിരിക്കാൻ, താൻ സ്വയം സൃഷ്ടിച്ചെടുത്ത തിരക്കുകളിൽ മുഴുകിക്കഴിയുമ്പോഴാണ് മനസിന്റെ അനശ്വരതയിലും അമാനുഷികതയിലും എലിസബത്ത് ഗാഢമായി വിശ്വസിച്ചു തുടങ്ങിയത്. പ്രകാശവർഷങ്ങൾക്കും അപ്പുറം നിന്നുള്ള ദൃശ്യതയിലേയ്ക്ക് നടന്നു തുടങ്ങിയതാണ് ആ വിശ്വാസത്തിന്റെ ആദ്യപടി. അവിടുന്നങ്ങോട്ട് ഉൾവിളികളുടെ സാധ്യതകളിൽ അവൾ ദൃഢമായി വിശ്വസിച്ചു തുടങ്ങി. അതെങ്ങനെയാണ് എന്ന കാര്യത്തിൽ അവൾക്ക് തീരെ വ്യക്തതയില്ലായിരുന്നു. ആത്മാക്കൾ അനശ്വരമാണെന്നും പ്രിയ്യപ്പെട്ടവരെ ഒറ്റയ്ക്കാക്കി അകന്നുപോവാൻ അവർക്കാവില്ലെന്നും അക്കാരണത്താൽ അവർ തനിക്കൊപ്പം തന്നെയുണ്ടെന്നും പൊടുന്നനെ ഒരു ദിവസം അവൾക്ക് ബോധ്യപ്പെടുകയായിരുന്നു എന്നു വേണം പറയാൻ.
ആ നിമിഷം വരെ സെമിത്തേരിക്കും തന്റെ വീടിനും ഇടയിൽ അനാഥത്വത്തിന്റെ കുരുക്കിൽപ്പെട്ട് അവൾ ചഞ്ചലചിത്തയായി ഉലഞ്ഞു. ആ നിമിഷം ഒരർത്ഥത്തിൽ എലിസബത്തിന്റെ പുനർജന്മം തന്നെയായിരുന്നു. പിന്നീടങ്ങോട്ട് ദുരൂഹതകളാൽ ചുറ്റപ്പെട്ടതെങ്കിലും ഊർജ്ജസ്വലമായ ഒരു ജീവിതം അവൾക്കുണ്ടായതായി പില്ക്കാലത്ത് എലിസബത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്.
എലിസബത്തിന്റെ ഉയർത്തെഴുന്നേല്പിനു ശേഷം ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ ഓഫീസ് സമയം അവസാനിച്ചയുടൻ അപ്രത്യക്ഷമാകുന്ന എലിസബത്ത് സുഹൃത്തുക്കൾക്കിടയിലൊരു ദുരൂഹതയായിത്തീർന്നിരുന്നു. എങ്ങോട്ട് പോകുന്നുവെന്ന രഹസ്യം ആരോടും വെളിപ്പെടുത്തുവാൻ അവൾ തയ്യാറായില്ല. പലദിവസങ്ങളിലായി ഒന്നിലധികം സുഹൃത്തുക്കൾ ചന്തയിൽ വെച്ച് അവളെ കണ്ടെത്തിയതോടെ അവ്യക്തതയുടെ തോത് വർദ്ധിക്കുകയും. സ്വാഭാവിക കൗതുകം കൊണ്ട് പലരും അവളെ പിന്തുടരുകയും ചെയ്തു. അതിൽ നിന്നും മനസിലായതിങ്ങനെ - ഓഫീസ് വിട്ടാലുടൻ മാർക്കറ്റിലേയ്ക്കു പായുന്ന എലിസബത്ത്,തരം പോലെ പലതും വാങ്ങും. പല കടകളിൽ കയറിയിറങ്ങി തൊട്ടും തലോടിയും ഉചിതമെന്ന് തോന്നുന്ന മത്സ്യമോ മാംസമോ വാങ്ങും. പിന്നീട് പലവ്യഞ്ജനങ്ങളും ചുരുക്കം പച്ചക്കറികളും ഇതുപോലെ തന്നെ പല കടകളിൽ നിന്നായി വാങ്ങും. മസാലപ്പൊടികളൊന്നും അവൾ വാങ്ങുകയില്ല. പകരം ചുറ്റി നടന്ന് ഏറ്റവും മികച്ച കറുവാപ്പട്ട, ഏറ്റവും നല്ല തക്കോലം- ഗ്രാമ്പൂ,ജീരകം , ഏലയ്ക്ക തുടങ്ങിയവയെല്ലാം ഏറ്റവും മികച്ചത്. ഏറ്റവും എരിവുള്ള വറ്റൽ മുളക്, നിറമുള്ളത് വേറെ, പാകമെത്തിയ മഞ്ഞളും മല്ലിയും എന്നിങ്ങനെ തിരഞ്ഞ് വാങ്ങിക്കും. ഇതെല്ലാം ഓരോ ദിവസവും ആവർത്തിക്കും.
ഒന്നും അധികമായി വാങ്ങുകയോ പിറ്റേന്നത്തേയ്ക്ക് കരുതിവയ്ക്കുകയോ അവളുടെ ശീലമായിരുന്നില്ല.
അവൾ കടകളിലേയ്ക്ക് നടക്കുന്നതിലും ചില പ്രത്യേകതകളുണ്ടായിരുന്നു. ഓഫീസിൽ നിന്നിറങ്ങി ഇടത്തേയ്ക്കുതിരിഞ്ഞ് നൂറുമീറ്റർ കഴിയുമ്പോൾ റോഡ് മുറിച്ചുകടന്നാൽ കാണുന്ന ഇടുങ്ങിയ വഴി മാർക്കറ്റിലാണ് അവസാനിക്കുന്നത്. എന്നാൽ എലിസബത്തൊരിക്കലും ആ വഴിയെ പോയില്ല. അവൾ ഓഫീസിനു മുന്നിൽ നിന്നും ബസ്സുകയറി രണ്ട് സ്റ്റോപ്പിനപ്പുറം ഇറങ്ങിയതിനു ശേഷം ചില കുറുക്കുവഴികളിലൂടെ മാർക്കറ്റിലെത്തിപ്പോന്നു. സ്ഥിരമായി ഒരേ വഴിയിലൂടെ തന്നെ പോകുക എന്നതും അവളുടെ ശീലമായിരുന്നില്ല. മാർക്കറ്റിലെത്തിയാലും ആദ്യമിരിയ്ക്കുന്ന കടയിൽ അവളൊരിക്കലും ആദ്യം കയറിയില്ല. ഒരുവട്ടം ചന്തമുഴുവൻ ചുറ്റി നടന്ന് അങ്ങാടിക്കടകളിരിക്കുന്ന ഭാഗത്തെ സുഗന്ധത്തെ ഓടിക്കടന്ന് ഉണക്കമീൻ നാറ്റമുള്ള ഭാഗത്തെത്തുമ്പോൾ പതിയെ നിന്ന് മൂക്കുവിടർത്തി ഗന്ധം വലിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ കടകളിലേയ്ക്കാണ്. പർച്ചേസിംഗ് കഴിയുമ്പോഴുള്ള എലിസബത്തിന്റെ റൂട്ട്മാപ്പ് ഇടിയപ്പം പോലെ പിണഞ്ഞിട്ടുണ്ടാവും.
ഈ സമയമൊക്കെ അവൾ ചുറ്റിലും കാണുന്നവരുമായി പുഞ്ചിരിക്കുകയും കച്ചവടക്കാരോട് സൗഹൃദമുണ്ടാക്കുകയും ചെയ്തു. എന്നാൽ അവൾ ഒന്നിനെയും കൂസാത്തതുപോലെ കാണപ്പെട്ടു. ഈ ലോകവുമായി ബന്ധമില്ലാത്തൊരുവളാണ് താനെന്ന ഭാവം അവൾ സൂക്ഷിച്ചു.ഒരിക്കൽ ചന്തയിലെ തൊഴിലാളികളും ഏതോ മുതലാളിയുടെ ആളുകളും കൂടി നടക്കുന്ന കലശലായ ഒരടിക്കൂട്ടത്തിനിടയിലൂടെ ശാന്തമായി അവൾ നടന്നുപോയതു കണ്ട് ചുറ്റുമുള്ളവർ അമ്പരന്നു നിന്നുപോയി. ചന്തയിൽ നിന്ന് വീട്ടിലേയ്ക്കുള്ള അവളുടെ യാത്രാ വഴികളും അസാധാരണവും വിചിത്രവുമായിരുന്നു.
എന്നാൽ രാവിലെ ഓഫീസിലെത്തുമ്പോൾ അവൾ കിലുകിലുന്നനെ ചിലയ്ക്കുന്ന ഒരുവളായ്ത്തീരുമായിരുന്നു. എച്ച്.ആർ വിഭാഗത്തിലെ തന്റെ ജോലി വൃത്തിയായും ഭംഗിയായും മാനുഷികമായ പരിഗണനയോടെ തന്നെ അവൾ നിർവഹിച്ചു ,തന്നോടടുപ്പമുള്ള ഓരോരുത്തരോടും ഒപ്പമാകുവാൻ അവൾ സമയം കണ്ടെത്തി. ആ സമയങ്ങൾ പുലർച്ചെ മുതൽ ഓഫീസ് സമയം അവസാനിക്കുന്ന അഞ്ചുമണി വരെ നീണ്ടു. പലപ്പോഴും പ്രഭാതസവാരിക്ക് ഇടയിൽ നിമ്മിയുടെയോ നിത്യയുടെയോ വീട്ടിലേയ്ക്ക് കയറിച്ചെല്ലുകയും സമയം ചിലവഴിക്കുകയും ചെയ്തു. നിമ്മി പനിച്ചു കിടക്കുമ്പോൾ അവരുടെ രണ്ടിലും അഞ്ചിലും പഠിക്കുന്ന മക്കളെ വിളിച്ചുണർത്തി പ്രഭാതകൃത്യങ്ങൾ ചെയ്യിച്ചു.
""സുലുക്കുട്ടീ... വേഗം കുളിച്ചിറങ്ങ്.,
മിസ്റ്റർ സുഹൈലിന് പാലെങ്കിലും കുടിച്ചൂടേ..
ഇവിടെ വാ.. ആന്റി മുടി ചീകിത്തരാം..''
എന്നൊക്കെ എലിസബത്തിന്റെ സ്വരം കളിയായും കാര്യമായും ഇടയ്ക്കിടെ മുഴങ്ങി.
ഒരു പാട് പണിപ്പെട്ട്
ബ്രെഡ് ടോസ്റ്റ് ചെയ്തു കഴിപ്പിച്ച് ടൈംടേബിൾ നോക്കി ആ കുഞ്ഞുങ്ങളെ അവൾ സ്‌കൂളിലയയ്ക്കുകയും ചെയ്തു.
നിമ്മിക്കായി കഞ്ഞി തയ്യാറാക്കി നിറപറ അച്ചാറുമായി ചെല്ലുമ്പോൾ
""എന്തു ചെയ്യാനാ ചേച്ചീ..പാചകം പഠിപ്പിക്കും മുന്നെ അമ്മച്ചിയും കൂടി അങ്ങ് പോയി''എന്ന് അവൾ നിരാശയായി.
മരുന്നുകൾ കൃത്യസമയത്ത് കഴിക്കണമെണെന്നും കഞ്ഞി കുക്കറിൽ ഇനിയുമുണ്ടെന്നും മക്കൾക്ക് ഉച്ചയ്ക്ക് താൻ ചോറു വാങ്ങികൊടുത്തുകൊള്ളാമെന്നും നിമ്മിയെ ധരിപ്പിച്ച് അവൾ ഓഫീസിലേയ്ക്കു പാഞ്ഞു. ആ വാക്കുകൾ നിറവേറ്റുകയും ചെയ്തു. രാകേഷും നിത്യയുമെല്ലാം എലിസബത്തിന്റെ കരുതലും സൗഹൃദവും ധാരാളമായി കൈപ്പറ്റി.
തന്നെ കാണുവാനെത്തുന്നവരോട് ഓഫീസ് ടൈമിനുമുമ്പുള്ള പുലർകാലങ്ങളും ഇടവേളകളും അവൾ പങ്കുവച്ചു.
പുറമെ അസന്തുലിതമെങ്കിലും ആത്മാവിൽ സമ്പന്നമായ ഒരു ഏകാന്ത ജീവിതത്തിന്റെ സുഖം ഈ കാലഘട്ടം അവൾക്കു നൽകി. പാചകം തീരെ അറിയാത്ത എലിസബത്തിന് അങ്ങനെയിരിക്കെ പോർക്ക് വരട്ടണമെന്നോ പോത്തിറച്ചിക്കു തന്നെ വിന്താലു വെക്കണമെന്നോ തോന്നിത്തുടങ്ങിയതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ആദ്യമായിട്ടാണെന്ന സംഘർഷമൊന്നുമില്ലാതെ ഇളം പോത്തിറച്ചി തന്നെ, അല്ലെങ്കിൽ നല്ലൊന്നാന്തരമൊരാടിനെയോ കോഴിയേയോ മാർക്കറ്റിൽ നിന്നവൾ തെരഞ്ഞെടുത്തു.
എന്നാൽ അവൾക്കൊരിക്കലും പാചകം ചെയ്യേണ്ടതായി വന്നില്ല. സാധനങ്ങളുമായി വീട്ടിലെത്തി കുളിച്ചു വരുമ്പോൾ തന്നെ മേശമേൽ നിരന്നിരിക്കുന്ന വിഭവങ്ങളിൽ എന്നും മമ്മിയുടെയും ചാച്ചന്റെയും അമ്മച്ചിയുടെയും കൈപ്പുണ്യം അവളറിഞ്ഞു. രാത്രി വൈകി വീട്ടിലെത്തി കുളിച്ചു വരുമ്പോൾ മേശമേൽ പാകപ്പെട്ടിരിക്കുന്നതിനെയൊക്കെ മമ്മി,ചാച്ചൻ ,അമ്മച്ചി, ,എന്നൊക്കെ തിരിച്ചറിയുന്നതിലെ ആനന്ദത്തിനുവേണ്ടി മാത്രം ജീവിക്കുവാൻ അവൾ ശീലിച്ചു. ഇതൊരു അസാധാരണ അനുഭവമാണെന്നോ , അമാനുഷരായ ആത്മാക്കളുടെ ഒരു കണ്ണ് തന്റെ മേലുണ്ടെന്നതോ അവളെ വലച്ചിരുന്നില്ല. മേശപ്പുറത്തെ രുചികളിലൂടെ തന്റെ അനാഥത്വത്തിൽ നിന്നും അവൾ മോചനം നേടി.
പുറമെ നിന്നൊരാൾക്കും പിടികൊടുക്കാത്ത തന്റെ ജീവിത രഹസ്യങ്ങളിൽ അഭിരമിക്കുന്ന കാലത്തൊരിക്കലാണ് അവൾ മിഥുനെ പരിചയപ്പെടുന്നത്. തന്റെ അതീന്ദ്രിയാനുഭവങ്ങൾ പങ്കുവയ്ക്കുവാൻ പറ്റിയ ഒരാളെ തേടിയുള്ള അന്വേഷണം അന്നേരത്തേയ്ക്ക് എലിസബത്ത് തുടങ്ങി വച്ചിരുന്നു. അങ്ങനെയിരിക്കെ തികച്ചും ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്നൊരാൾ പതിയെ പതിയെ അവളുടെ ശ്രദ്ധയിലേയ്ക്ക് കടക്കുകയായിരുന്നു ഉണ്ടായത്. ആദ്യ കാലങ്ങളിൽ അവ്യക്തമായിരുന്ന മിഥുൻ പതിയെപ്പതിയെ അവളുടെ കാഴ്ചകളിലേയ്ക്ക് തെളിഞ്ഞു തെളിഞ്ഞു വന്നു. തീർത്തും ഉൾവലിഞ്ഞപ്രകൃതക്കാരനായിരുന്നു അയാൾ. ചുരുങ്ങിയ ചില സൗഹൃദങ്ങൾക്കുള്ളിൽ അടയിരുന്ന ആയാളിലേയ്ക്ക് താൻ എത്തിച്ചേർന്നതെങ്ങനെ എന്ന് മാത്രം എത്ര ശ്രമിച്ചിട്ടും എലിസബത്തിന് ഓർത്തെടുക്കാനായില്ല. അവർക്കിടയിൽ പൊതു സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നുമില്ല.
എലിസബത്തിന്റെ പ്രഭാതസവാരികൾ പിന്നീട് മിഥുന്റെ കടുംകാപ്പി നിറമുള്ള കണ്ണുകളിലേയ്ക്ക് അലിഞ്ഞു ചേരുകയാണുണ്ടായത്. ആ നടത്തങ്ങളിൽ നിന്നും അയാളൊരു ചിത്രകാരനാണെന്നും ഫൈൻ ആർട്‌സ് കോളജിൽ നിന്നും പുറത്തുപോന്ന് സ്വന്തം വഴികൾക്കായി ധ്യാനിക്കുകയാണെന്നും അവൾ മനസിലാക്കി. അവളുടെ പ്രഭാതസവാരികളെല്ലാം, പൊടിഞ്ഞിളകുന്ന ചുവരുകളുള്ള പഴയൻ കെട്ടിടത്തിലെ അയാളുടെ മുറികളിൽ അവസാനിക്കുവാൻ ആരംഭിച്ചു. അവിടെ നിൽക്കുമ്പോൾ തന്റെ സുഹൃത്തുക്കളിലൊരാൾക്കും ഇതുവരെ താൻ ഇവിടേയ്ക്ക് പ്രവേശനം നൽകിയിട്ടില്ലെന്ന് എലിസബത്തിനെ ഓർമ്മിപ്പിക്കുവാനും അയാൾ മറന്നില്ല. പഴകിയതെങ്കിലും അടുക്കോടെയും വൃത്തിയോടെയും സൂക്ഷിച്ചു പോന്ന ആ മുറി അയാളെപ്പോലെ തന്നെ ഇടുങ്ങിയതും സൗമ്യവും ആയിരുന്നു.
എന്നിട്ടും , തന്റേതുമാത്രമായ രഹസ്യങ്ങളുള്ള ആ വീട്ടിലേയ്ക്ക് ഏറെ നാളത്തേയ്ക്ക് അവൾ അയാളെ ക്ഷണിച്ചില്ല. ആരെയും അങ്ങോട്ട് അവൾ ക്ഷണിച്ചിരുന്നില്ല. കാരണം അവൾക്കും അവർക്കുമിടയിലെ ശൂന്യസംഭാഷണത്തിനിടയിലേയ്ക്ക് ആരെങ്കിലുമൊരാൾ കടന്നു വരുന്ന ദിവസം പാചകപദ്ധതികൾ പാതിവഴിയിലുപേക്ഷിച്ച് ചിക്കനോ മത്സ്യമോ പോത്തോ എന്തു തന്നെയായാലും അവ വേസ്റ്റ് ബിന്നിൽ തട്ടിയിട്ട് അരൂപികളായ മമ്മിചാച്ചനമ്മച്ചിമാർ കടന്നു കളഞ്ഞിരുന്നു.
പകരം, പല പുലർച്ചകളിലും മിഥുന്റെ മുറിയിലേയ്ക്ക് കടന്നു ചെന്ന് അയാൾക്കായി കാപ്പിയോ പലഹാരമോ എലിസബത്ത് തയ്യാറാക്കി. അപ്പോഴൊക്കെ പാലപ്പത്തിനു മൃദുത്വം നഷ്ടപ്പെടുകയോ പുട്ട് ഉടഞ്ഞുപോവുകയോ ഉപ്പുമാവിൽ വെള്ളം കൂടുകയോ ചെയ്തു.
'ഒന്നും പഠിക്കാനാവും മുന്നെ മമ്മിയും ചാച്ചനും പിന്നാലെ അമ്മച്ചിയും പോയി'
-എന്ന വ്യസനത്തോടൊപ്പം അവ അരുചിയോടെ അയാൾക്കു വിളമ്പി.
തനിക്കായി പാചകം ചെയ്യുന്ന എലിസബത്തിന്റെ പ്രണയം അയാളുടെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുവാൻ പോന്നതായിരുന്നു. അരുമയോടെ മാത്രം എരിവ് കുറഞ്ഞ/കൂടിയ/ഉപ്പ് ചേർക്കാൻ മറന്ന ആ രുചികളെ അയാൾ പരിചരിച്ചു.
പകരമെന്നോണം അയാൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ പിന്നിൽ നിന്ന് ഇരുതോളുകളിലും മസാജ് ചെയ്യുകയോ തലമുടി തഴുകുകയോ ചെയ്തുപോന്നു. അങ്ങനെയൊരു നാളിൽ തന്റെ വൈകുന്നേരങ്ങളുടെയും രാത്രികളുടെയും രഹസ്യം അവൾ അയാളോട് വെളിപ്പെടുത്തി.രാത്രിയിലെ മമ്മിചാച്ചനമ്മച്ചി വിഭവങ്ങൾ പിറ്റേന്ന് മിഥുനുകൂടി പങ്കുവയ്ക്കാനുള്ള അനുവാദം ഇതിനിടയിൽ അവൾ എങ്ങനെയോ അവരിൽ നിന്നും നേടിയെടുത്തിരുന്നു. കുരുമുളകിട്ട് വരട്ടിയ പോർക്ക് റോസ്റ്റിലൂടെ മമ്മിയേയും തേങ്ങാപ്പാലൊഴിച്ച താറാവുകറിയിൽ അമ്മച്ചിയേയും ഇളം മട്ടനിലെ വിവിധ മസാലരുചികളിൽ ചാച്ചനേയും അവൾ അയാൾക്ക് പകുത്തു നൽകി.
മിഥുൻ അപാരമായ കാരുണ്യമുള്ളവനായിരുന്നു. സൗമ്യനും. അയാളെപ്പോഴും തന്റേതുമാത്രമായ ലോകത്തു ജീവിച്ചു. എലിസബത്തിന്റെ വൈകാരികമായ രഹസ്യങ്ങളോ അവളെ ചൂഴ്ന്നു നിൽക്കുന്ന അസാധാരണത്വമോ തന്നെ ആകുലപ്പെടുത്തിയതായി അയാൾ ഭാവിച്ചില്ല. പകരം അയാളുടെ സ്‌കെച് ബുക്കുകളിൽ ഭക്ഷണമേശകളും തെരുവുകളും സംഘർഷങ്ങളുണർത്തി. ഒരു ചിത്രകാരനായ അയാളുടെ വിശ്വാസത്തിൽ മനുഷ്യരടക്കം ചുറ്റുമുള്ളതെല്ലാം വസ്തുക്കൾ മാത്രമായിരുന്നു. യഥാർത്ഥമല്ലാത്ത ഒന്നിനേയും അയാളുടെ ഭാവന ഉൾക്കൊണ്ടില്ല, അതിനാൽ തന്നെ എലിസബത്തിന്റെ അനുഭവം അയാളെ അസ്വസ്ഥനാക്കിക്കഴിഞ്ഞിരുന്നു. തനിക്കു വഴങ്ങാത്ത അതിഭൗതികതകളെ അയാൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അപ്പോഴും പുറമേ അയാൾ തന്റെ അപാരമായ സൗമ്യത കാത്തു സൂക്ഷിച്ചു . ഒരേസമയത്ത് വസ്തുവിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും വ്യക്തമാക്കുന്നൊരു ചിത്രഭാഷയ്ക്കായി ഉഴലുകയായിരുന്നു പിന്നീട് അയാൾ. അത്തരമൊരു ഭാഷ സാധ്യമാകുമെങ്കിൽ അവളുടെ അജ്ഞാത ജീവിതത്തെക്കുറിച്ചൊരു ചിത്രം തെളിഞ്ഞു കിട്ടുമെന്ന് അയാൾ വിശ്വസിച്ചു. എലിസബത്തിന്റെ സ്‌നേഹം നിരന്തരം അന്നമായി പരിണമിച്ചതോടെ ലഭിച്ച അധിക സമയം മുഴുവൻ ചിലവഴിച്ചിട്ടും അങ്ങനെയൊന്ന് അയാൾക്ക് രൂപപ്പെടുത്താനായില്ല. ഒരു വേള അവളൊരു മന്ത്രവാദിനിയോ എന്നു പോലും അയാൾ ഭയന്നു. എലിസബത്തിനുള്ളിൽ തനിക്കു പിടിതരാത്ത ഒരു അയഥാർത്ഥ ലോകം നിലനിൽക്കുന്നതിൽ അസ്വസ്ഥനാകിയ അയാൾ പിന്നീട് അവൾക്കു പകരം സ്‌കെച് ബുക്കുകളും ക്യാൻവാസുകളും വലിച്ചു കീറുകയും മുറി അലങ്കോലമാക്കുകയും ചെയ്തു. ഈ പ്രവൃത്തി അയാളുടെ ദേഷ്യം ശമിപ്പിക്കുകയും അതുവഴി തന്റെ അപാരമായ സൗമ്യത പരസ്യമായി ഉടയുന്നതിൽ നിന്നും അയാളെ രക്ഷിക്കുകയും ചെയ്തുപോന്നു.
എന്നാൽ എലിസബത്തിന്റെ സാന്നിദ്ധ്യമോ സ്‌നേഹമോ അന്നമോ നിഷേധിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. ഏകാന്തമായ തന്റെ ജീവിതത്തിലേയ്ക്ക് മജ്ജയും മാംസവും ഉള്ളടങ്ങിയ വൈകാരികമായൊരു ആശ്രയം അയാളപ്പോൾ ആഗ്രഹിച്ചിരുന്നുവെന്ന് കരുതാം.
എലിസബത്തിന്റെ കോട്ടയത്തെ വീട്ടിൽ ആദ്യമായെത്തിയതിന്റെ രണ്ടാം ദിവസം തന്നെ അവളുടെ അമ്മച്ചിയേയും മമ്മിയേയും ചാച്ചനേയും പാപ്പനേയുമൊക്കെ മിഥുൻ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.അതുവരെയും അവളോടയാൾക്കുള്ള ഭയം അതോടെ അകലുകയും ചുണ്ടിൽ ആശ്വാസത്തിന്റേതായ ഒരു ചിരി വിടരുകയും ചെയ്തു. എലിസബത്ത് കുളിച്ചു വരുമ്പോഴേയ്ക്കും മേശയിൽ തയ്യാറായിരിക്കുന്ന വിഭവങ്ങൾ അവളുടെ സങ്കല്പം മാത്രമായിരുന്നുവെന്ന് അയാൾക്ക് വെളിപ്പെട്ടു.
യഥാർത്ഥത്തിൽ, മാർക്കറ്റിൽ നിന്നെത്തുന്ന എലിസബത്ത് മൗനിയായി നേരെ അടുക്കളയിലേയ്ക്കാണ് പോവുക. കൊണ്ടുവന്ന വിഭവങ്ങളെ അവൾ അരുമയോടെ പെരുമാറും. അടുക്കളയിൽ വെച്ച് അതിന്മേൽ കൂട്ടുകളോരോന്നും ചേർക്കുമ്പോൾ മമ്മിയുമായും അമ്മച്ചിയുമായും ആടിനെ കനലിൽ ചുടുമ്പോൾ ചാച്ചനുമായും അവളുടെ ഉള്ളം നിരന്തരമായ വിനിമയത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നതായി അയാൾ മനസിലാക്കി.
തയ്യാറായ വിഭവങ്ങളോരോന്നും ഭക്ഷണമേശമേൽ നിരത്തിയതിനുശേഷം അവൾ കുളിക്കുവാനായി പോകും.
കുളിച്ചു വന്ന എലിസബത്ത് മേശമേൽ നിരന്ന ഭക്ഷണസാധനങ്ങളിലേയ്ക്കു ചൂണ്ടിക്കൊണ്ട് ,
"നോക്ക് മിഥുൻ,ഞാൻ പറഞ്ഞപ്പൊ നീ വിശ്വസിച്ചില്ലല്ലോ'
- എന്ന് കൊഞ്ചുകയും അയാളെ ഭക്ഷണത്തിലേയ്ക്കു നയിക്കുകയും ചെയ്തപ്പോൾ ആശ്വാസച്ചിരിയോടെ അവനതിൽ പങ്കുചേർന്നു.
ഈ സംഭവത്തോടെ എലിസബത്ത് ഒരു മന്ത്രവാദിനിയല്ലെന്ന് ബോധ്യപ്പെട്ടതിനാൽ അവളോടുള്ള ഭയം അകന്ന മിഥുൻ തുടർന്ന് തന്റെ താമസം എലിസബത്തിനൊപ്പമാക്കുകയാണുണ്ടായത്. മാത്രമല്ല ഒരേസമയത്ത് വസ്തുവിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും വ്യക്തമാക്കുന്നൊരു ചിത്രഭാഷയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് കാഴ്ചകളുടെ വ്യാഖ്യാനങ്ങളിലേയ്ക്ക് തന്റെ ചിത്രാന്വേഷണത്തെ വഴിതിരിച്ചു വിടുകയും ചെയ്തു. അപാരമായ സൗമ്യതയോടെ,കാരുണ്യത്തോടെ എലിസബത്തിനു ചുറ്റുമുള്ള അസാധാരണത്വത്തെ അയാൾ തള്ളിക്കളയുകയും അവളുടെ സ്‌നേഹവും അധ്വാനവും ശരീരവും ഭുജിച്ച് തന്റെ കലയ്ക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു.
ഭക്ഷണത്തിനൊപ്പം സ്‌നേഹവും ഉടലുകളും പങ്കുവയ്ക്കപ്പെട്ട രാത്രികളിലൊന്നിൽ സ്‌നേഹാലിംഗനത്തിൽ മുഴുകിക്കിടക്കുമ്പോൾ താൻ മമ്മിചാച്ചനമ്മച്ചിമാരെ സ്വപ്നം കണ്ടതായി മിഥുൻ എലിസബത്തിനോടു വെളിപ്പെടുത്തി. അതവളെ സന്തുഷ്ടയാക്കി. മാർക്കറ്റിലേയ്ക്കുള്ള യാത്രകളിൽ പലവഴികളിലൂടെയുള്ള പോക്ക് ഒഴിവാക്കുവാൻ എലിസബത്തിനെ ഉപദേശിക്കണമെന്ന് സ്വപ്നത്തിൽ അവരയാളോട് ആവശ്യപ്പെട്ടിരുന്നുവത്രേ. നിമ്മിയുടെ ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും എലിസബത്തിന്റെ ശരീരത്തിലേയ്ക്ക് അതിക്രമിച്ചു കടക്കുന്ന രാകേഷിന്റെയും കച്ചവടക്കാരുടെയും വഴിപോക്കരുടെയും കണ്ണുകളെക്കുറിച്ചും പലദിവസങ്ങളിലെ സ്വപ്നങ്ങളിൽ മമ്മിചാച്ചനമ്മച്ചിമാർ മിഥുനോടും മിഥുൻ എലിസബത്തിനോടും വെളിപ്പെടുത്തി. അവിടുന്നങ്ങോട്ട് എലിസബത്തിന്റെ ജീവിതവഴികൾ മിഥുൻ വരച്ചു തുടങ്ങുകയായിരുന്നു.
നിമ്മിയുടെ വീട്ടിലേയ്ക്കുള്ള പോക്കും രാകേഷും നിത്യയുമായുള്ള സൗഹൃദവും "മമ്മിചാച്ചനമ്മച്ചിമാരുടെ നിർദ്ദേശത്താലുള്ള' മിഥുന്റെ പ്രേരണകൊണ്ട് എലിസബത്ത് അവസാനിപ്പിക്കുകയുണ്ടായി. അപ്പോഴൊക്കെ അയാളുടെ സ്‌നേഹവും സൗമ്യതയും അധികമായി പ്രകടിപ്പിക്കപ്പെടുകയും ഭക്ഷണത്തിനപ്പുറം മറ്റൊരു ബന്ധവും അവളോട് പുലർത്താത്ത മമ്മിചാച്ചനമ്മച്ചിമാർ തന്റെ പങ്കാളിയോട് കാട്ടുന്ന സൗഹൃദത്തിലും അയാൾ വഴിനൽകുന്ന നിർദ്ദേശങ്ങളിലും കൂടുതൽ സന്തുഷ്ടയായിരിക്കേണ്ടതിന്റെ പ്രാധാന്യം അവൾക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു.
പോകെപ്പോകെ പതിവുപോലെ അവർ മിഥുൻവഴി നൽകിയ നിർദ്ദേശമനുസരിച്ച് അവരൊരു ബൈക്ക് വാങ്ങുകയും എലിസബത്തിന്റെ ഓഫീസിലേയ്ക്കുള്ള പോക്കിന്ററെയും വരവിന്റെയും സാരഥ്യം അവളുടെ സുരക്ഷയെക്കരുതി മിഥുൻ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ വൈകിട്ട് മിഥുനൊപ്പം മാർക്കറ്റിലെത്തി അതിവേഗം കണ്ണിൽക്കണ്ടതൊക്കെ വാങ്ങി ബൈക്കിൽ മടങ്ങിയെത്തിയ എലിസബത്ത് സാധനങ്ങൾ അടുക്കളയിൽ വെച്ച് കുളിച്ച് വന്നപ്പോൾ ഭക്ഷണമേശ ശൂന്യമായിരുന്നു. ഇത് കണ്ട് അവൾ അലറിക്കരയുകയും കരച്ചിൽ കേട്ടോടി വന്ന മിഥുൻ ഒഴിഞ്ഞ ഭക്ഷണമേശ കണ്ടു ഞെട്ടുകയും ചെയ്തു. മമ്മിചാച്ചനമ്മച്ചിമാർ തന്നെ വിട്ടുപോയെന്ന യാഥാർത്ഥ്യം അവൾക്കും കിറുക്ക് പിടിച്ച പെണ്ണ് ഭക്ഷണം തയ്യാറാക്കിയില്ലെന്ന യാഥാർത്ഥ്യം അവനും ഉൾക്കൊള്ളാനായില്ല.
അയാളുടെ സൗമ്യതയിലേയ്ക്ക് തെന്നി വീണ് കരയാനാരംഭിച്ച എലിസബത്ത് പൂച്ചക്കുട്ടികണക്കെ എടുത്തെറിയപ്പെടുകയും നിഷ്‌കരുണം മർദ്ദിക്കപ്പെടുകയും ചെയ്തു. അന്നവർ പട്ടിണികിടന്നു.
തലേന്നത്തെ സംഭവങ്ങളിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായി അതിരാവിലെ തന്നെ അയാൾ അവളെ അറിയിച്ചു. നെറുകയിലൊരു ചൂടുമ്മയും അണിയിക്കുവാൻ അവൻ മറന്നില്ല.
ഒരു നിമിഷം കൈ വിട്ടു പോയെങ്കിലും തന്റെ അപാരമായ സൗമ്യത അയാൾ തിരികെപ്പിടിച്ചു എന്നാണ് അതേക്കുറിച്ച് എലിസബത്ത് പറയുക. എലിസബത്തിനെയും അവളുടെ വിഭ്രാന്തികളെയും ഏറ്റവും സത്യസന്ധമായി അയാൾ മനസിലാക്കുന്നുവെങ്കിലും, അവളുടെ സുരക്ഷ അയാൾക്ക് പ്രധാനമാണെന്ന കാര്യം മനസ്സിലാക്കേണ്ടതാണെന്ന് അവളെ ഓർമ്മിപ്പിക്കുവാനും അയാൾ മറന്നില്ല.
അവിടുന്നങ്ങോട്ട്, അസാധാരണമായതൊന്നും അയാൾ അവരുടെ ജീവിതത്തിൽ വരഞ്ഞില്ല..എലിസബത്തിന്റെ വഴികളെ, സുഗന്ധങ്ങളെ, കറിക്കൂട്ടുകളെ അരുമയോടെ അയാൾ എന്നും തിരഞ്ഞിട്ടു. മമ്മിചാച്ചനമ്മച്ചിമാരുടെ സ്വപ്നദർശനം എപ്പോഴും അയാൾക്കനുകൂലമായിരുന്നതിനാൽ പിന്നീടും അയാളുടെ കാര്യങ്ങൾ മുട്ടില്ലാതെ നടന്നു പോയി.
അതിനു ശേഷം എലിസബത്ത് വിസ്‌ഫോടനങ്ങൾ സ്വപ്നം കാണുവാൻ തുടങ്ങി. അവളുടെ സ്വപ്നങ്ങൾക്ക് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലായിരുന്നു. പലദിവസങ്ങളിൽ ചന്തയിലെ തിരക്കേറിയ കോണുകളിൽ വെച്ച് അവൾ ഊക്കോടെ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ തുടർച്ചയെന്നോണം അവളുടെ കണ്ണുകളിൽ ശൂന്യത ഉരുണ്ടു കൂടി തുടങ്ങുമ്പോഴേയ്ക്കും മിഥുൻ അരുമയോടെ അവളെ വിളിച്ചുണർത്തിപ്പോന്നു. അവളുടെ ലോകങ്ങളിൽ യഥാതഥത്വത്തിന്റെ ചുടുകാറ്റ് മൂക്കുചുളിപ്പിക്കുന്ന നാറ്റങ്ങളെ കുടഞ്ഞിട്ടു.
അന്നുമുതൽ എലിസബത്ത് ആഹാരത്തിൽ ചവർപ്പ് രുചിച്ചു. വിളമ്പിവെച്ച ഭക്ഷണത്തിൽ മുളകെരിഞ്ഞു. ഇറച്ചിയിൽ പച്ച ചുവച്ചു. ഇതെല്ലാം തോന്നൽ മാത്രമാണെന്ന് അവൻ അവളെ ചേർത്തുപിടിച്ചു. വൈകുന്നേരങ്ങൾ അവൾ തന്നെ അടുക്കളയിൽ കുടഞ്ഞിട്ടു. മമ്മിയെ ചാച്ചനെ -അമ്മച്ചിയെയെങ്കിലും കാണാഞ്ഞ് അലറിക്കരഞ്ഞു. എടുത്തെറിയപ്പെട്ടൊരു പൂച്ചക്കുഞ്ഞിനെ ഓർമ്മ വന്നപ്പോൾ അവൾ കണ്ണുതുടച്ച് യൂടൂബിൽ റെസിപ്പികൾ തിരഞ്ഞു.
വരട്ടിയ കോഴിയെ പാലപ്പത്തിൽ പൊതിഞ്ഞെടുത്തു നുണഞ്ഞുകൊണ്ട് കഴിക്കേണ്ടതെങ്ങനെയെന്ന്, വഴിയിൽ കണ്ടതോരോന്നും മറക്കേണ്ടതെങ്ങനെയെന്ന്, സന്തോഷവതിയായി ഇരിക്കേണ്ടതെങ്ങനെയെന്ന് മമ്മിചാച്ചനമ്മച്ചിമാരുടേതെന്ന മുഖവുരയോടെയയാൾ നിർദ്ദേശങ്ങൾ നൽകി. അപ്പോൾ മാത്രം നഷ്ടപ്പെട്ടതെന്നോ തിരഞ്ഞു കണ്ടെത്തിയെന്നത് പോലെ അവളുടെ കണ്ണുകൾ തിളങ്ങി. അതവളെ കൂടുതൽക്കൂടുതൽ അനുസരണയുള്ളവളാക്കി മാറ്റി. അതിനർത്ഥം ഗ്രഹിച്ചിട്ടെന്നോണം മിഥുൻ തന്റെ കാപ്പിക്കണ്ണുകളിൽ ആവുന്നതും സൗമ്യതയാവാഹിച്ചു.
എങ്കിലും അയാൾ വരച്ചിട്ട വഴികളിൽ അവൾക്ക് കാലിടറിയ ദിവസങ്ങൾ ഉണ്ടാകാതെയിരുന്നില്ല..
അന്നൊക്കെയും ചായക്കോപ്പകൾ താഴെവീണുടഞ്ഞു. വിളമ്പി വെച്ച ഭക്ഷണം ചുവരുകളുണ്ട് ഉറഞ്ഞു.
അടുത്ത പുലരികളിൽ യാതൊന്നും ഭേദമില്ലാതെ അയാൾ ഉണർന്നു. രുചികരമായ വിഭവങ്ങളും എലിസബത്തിന്റെ സ്‌നേഹവും ഭുജിച്ച് വീണ്ടും, വീണ്ടും വീണ്ടും തന്റെ ക്യാൻവാസിൽ പടർന്നു. ത്യാഗഭരിതമെങ്കിലും അക്കാരണത്താൽ സ്വയം സമ്പന്നമായൊരു ജീവിതം ഇക്കാലത്താണയാൾ നയിച്ചുതുടങ്ങിയതെന്നു വേണം കരുതാൻ.
ഒരു ഭ്രാന്തി പെണ്ണിനു വേണ്ടി താൻ ചെയ്യുന്ന സൗജന്യങ്ങളിൽ അയാൾ രഹസ്യമായി അഭിമാനം കൊണ്ടു. ആ ത്യാഗസന്നദ്ധതയിലൂന്നിയ ജീവിതം അയാളുടെ ക്യാൻവാസുകളെ കൂടുതൽ കൂടുതൽ മനോഹരമാക്കിത്തീർത്തു. അതയാളെ വീണ്ടും വീണ്ടും സൗമ്യനുമാക്കിത്തീർത്തു.
ഇത്രയും സൗമ്യനായൊരു പങ്കാളിയെ ആർക്കാണുപേക്ഷിക്കാനാവുക.? എലിസബത്താകട്ടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കുവാൻ പോലും ഒരുമ്പെട്ടതുമില്ല.മമ്മിയെയും ചാച്ചനെയും അമ്മച്ചിയേയും മാത്രമല്ല നസ്സീമമായ ആ സ്‌നേഹത്തെയും അവൾക്ക് നിഷേധിക്കുവാൻ വയ്യല്ലോ!
മിഥുന്റെ വരകളാൽ ഉടഞ്ഞുപോയ തന്റെ അമാനുഷ ജീവിതത്തെക്കുറിച്ച് വളരെ നേരം നീണ്ടു നിന്ന ഒരു സംഭാഷണത്തിനൊടുക്കം അവൾ എന്നോട് ചോദിച്ചു...
അല്ലെങ്കിലതിന്റെ ആവശ്യമെന്താണ്..? ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.