വി. സുധീഷ്​ കുമാർ

മമ്മൂട്ടിക്കു പറ്റിയ കഥ

മ്മൂട്ടിക്ക് പറ്റിയ ഒരു കഥ പറയാനായിരുന്നു ഞങ്ങൾ അന്ന് വൈകുന്നേരം ലോനപ്പേട്ടനെ കാണാൻ ചെന്നത്. ഞങ്ങളുടെ ഗ്രാമത്തിലെ ഊടുവഴികളിലും കവലയിലെ മലഞ്ചരക്ക് കടയിലും മറ്റുമായി എനിക്ക് ലോനപ്പേട്ടനെ കണ്ടുപരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ എൻ്റെ ഒപ്പമുള്ള രാധന് അങ്ങനെയായിരുന്നില്ല. ഏലൂരിൽ നിന്ന് ഞങ്ങളുടെ ഗ്രാമത്തിലേക്ക് പണ്ടങ്ങേര് നാടുവിട്ടു വന്ന കാലംതൊട്ടേ അവന് ലോനപ്പേട്ടനെ അറിയാം. മമ്മൂട്ടിയുമായി യൗവനകാലം മുതൽക്കുണ്ടായിരുന്ന അങ്ങേരുടെ അടുപ്പത്തെ പറ്റിയും അവര് തമ്മില് നല്ല വിളിയും പറച്ചിലുമൊക്കെ ഉള്ളതിനെ പറ്റിയും അറിയാം. മമ്മൂട്ടി ഈ ഭാഗത്തെവിടെയോ ഷൂട്ടിനു വന്നപ്പോൾ ലോനപ്പേട്ടൻ പോയി കണ്ടതും മമ്മൂട്ടി സ്വീകരിച്ചതുമൊക്കെ നാട്ടിൽ പാട്ടാണ്. തനിക്ക് ബോധിക്കുന്ന കഥകൾ മമ്മൂട്ടിയുടെ കാതുകളിലെത്തിക്കുവാൻ ആള് സഹായിക്കുന്നുണ്ട് എന്ന് രാധനെന്നോട് പറയുന്നത് പക്ഷെ ഈയടുത്തായിരുന്നു. പലരും ലോനപ്പേട്ടനെ കണ്ട് മമ്മൂട്ടിക്ക് പറ്റിയ കഥ വന്ന് പറയുന്ന സമയമായിരുന്നു അത്.

രണ്ട് ചായക്കടയും അത്ര തന്നെ പലചരക്കുകടയും നാലഞ്ച് ഓട്ടോറിക്ഷകളുമുളള ഞങ്ങളുടെ കവലയുടെ ഓരത്തെ ഓടു മേഞ്ഞ ലോനപ്പേട്ടൻ്റെ പഴയ മലഞ്ചരക്ക് കടയിലേക്കായിരുന്നു ആളുകൾ അങ്ങേരോട് മമ്മൂട്ടിക്ക് പറ്റിയ കഥ പറയാൻ വന്നിരുന്നത്. ഒരു ചെറുപ്പക്കാരനും അയാൾക്കൊപ്പമുള്ള പെൺകുട്ടിയും കഥ പറഞ്ഞ് അങ്ങേർക്ക് കൈയും കൊടുത്ത് തിരിച്ചിറങ്ങാൻ നേരത്താണ് ഞങ്ങൾ കടയിലെത്തുന്നതും. ഞങ്ങൾ ചെല്ലുമ്പൊഴെയ്ക്കും കേട്ടു കഴിഞ്ഞ കഥയുടെ കനം വിട്ടുമാറാതെ ടേബിളിൽ ഉണ്ടായിരുന്ന കട്ടഞ്ചായ കൈയിലെടുത്ത് ചാരുകസേരയിലേക്ക് ചാഞ്ഞിരിക്കുകയായിരുന്നു ലോനപ്പേട്ടൻ. കടയിലേക്കു കയറിവന്ന ഞങ്ങളെക്കണ്ടതും കാര്യം ഗ്രഹിച്ച ലോനപ്പേട്ടൻ ഒരിറക്ക് ചായ കുടിച്ചതിനു ശേഷം ഞങ്ങളോട് വരാന്തയിലെ മരബെഞ്ചിൽ ഇരിക്കാൻ തലകാട്ടിക്കൊണ്ട് രാധനോട് ചോദിച്ചു; ഇതാന്നൊ നീ പറഞ്ഞ ആള്.
അതെ ലോനപ്പേട്ടാ, രാധൻ മറുപടി പറഞ്ഞു.

എൻ്റെ മനക്കട്ടിയില്ലാത്ത മുഖത്തേക്കും വാടിയ ശരീരത്തിലേക്കും ലോനപ്പേട്ടൻ ചുഴിഞ്ഞ് നോക്കി. ഞാൻ അയാളോട് ഒന്ന് ചിരിക്കാൻ പാടുപെട്ടു.
തിരക്കഥ എഴുതാനൊക്കെ അറിയുമോ?.
ലോനപ്പേട്ടൻ എൻ്റെ ആത്മവിശ്വാസമില്ലായ്മയിലേക്ക് ഒരാണിയടിച്ച് കയറ്റി.
പഞ്ചായത്ത് ലൈബ്രറീലാണ്. കൊറേ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്, രാധൻ പറഞ്ഞു.
മമ്മൂട്ടിക്ക് പറ്റിയ കഥയാന്നൊ കൈയിലുള്ളത്, ലോനപ്പേട്ടൻ രണ്ടു പേരോടുമായി ചോദിച്ചു.
അതെ ലോനപ്പേട്ടാ, രാധൻ പറഞ്ഞു.
നമുക്കൊന്നിരിക്കണ്ടെ അച്ചായാ, രാധൻ കൂട്ടിച്ചേർത്തു.

അതിനുത്തരമൊന്നും പറയാതെ ഗ്ലാസിലെ ചായ ഓരോ ഇറക്കായി കുടിച്ച് തീർത്ത് ഇരിപ്പിൽ നിന്നും സാവധാനം എഴുന്നേറ്റ് ഒരു സിഗരറ്റും കത്തിച്ച് ചുണ്ടിൽ വച്ചുകൊണ്ട് ലോനപ്പേട്ടൻ അടക്കയും റബർ ഷീറ്റും കുന്നുകൂട്ടിയിട്ട കടയുടെ അകത്തുകയറി എന്തൊക്കെയോ ഒതുക്കി വച്ച് മരപ്പലകകൾ ഓരോന്നായി ഇട്ട് കട പൂട്ടുവാൻ തുടങ്ങി. ഞങ്ങൾ രണ്ടു പേരും അയാളെ ഒരു മമ്മൂട്ടിക്കഥാപാത്രത്തെ എന്നവണ്ണം ഒന്നും മിണ്ടാതെ വരാന്തയിൽ നോക്കി ഇരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ഘനഗംഭീരമായ ശബ്ദവും ഉറച്ച ശരീരവുമുള്ളയാളായിരുന്നു ലോനപ്പേട്ടൻ. കാണാൻ തൊണ്ണൂറുകളിലെ തിലകൻ്റെ മട്ടും ഭാവവും അയാൾക്കുണ്ടായിരുന്നു.

ഒരു നാടകക്കാരൻ്റെ കഥയായിരുന്നു അക്കൊച്ചൻ വന്നു പറഞ്ഞത്. ഡാർക്കാ.. അതുകേട്ടപ്പൊ എൻ്റെ ജീവിതം പോലെയൊക്കെ എനിക്ക് തോന്നി. കടയും പൂട്ടി ചാവി അരയിലിറുക്കി ഞങ്ങളുടെ മുന്നിൽ വന്നു നിന്നുകൊണ്ട് ലോനപ്പേട്ടൻ പറഞ്ഞു, അവനത് ബോധിക്കും. പിള്ളേര് രക്ഷപ്പെടണുണ്ടെങ്കി ചെലപ്പൊ അതിങ്ങനെയൊക്കെ ആയിരിക്കും. ആർക്കറിയാം…

ആസകലം ഒരു കോരിത്തരിപ്പു തോന്നി എനിക്കപ്പോൾ. നാട്ടിലെ ഓലപ്പുര തീയറ്ററും നാലു മണി ഞായറാഴ്ചകളും തൊട്ട് എന്നെ പിടികൂടിയ മഹാവ്യാഥിക്ക് ശമനമുണ്ടാക്കുവാൻ പോകുന്നവൻ ലോനപ്പേട്ടൻ ആയിരുന്നോ. ഞാൻ അതിശയത്തോടെ ലോനപ്പേട്ടനെ നോക്കി. വരാന്തയിൽ അഴിച്ചു വച്ച ചെരുപ്പുമിട്ട് കഴുക്കോലിൽ ഇറുക്കി വച്ച ടോർച്ചുമെടുത്ത് മേൽക്കൂരയുടെ കീഴേയ്ക്ക് തല എത്തിച്ച് കാലാവസ്ഥ നോക്കി ലോനപ്പേട്ടൻ ഞങ്ങളോട് പറഞ്ഞു; വിട്ടാലൊ.

ഞാനും രാധനും അനുസരണയോടെ തലയാട്ടി.

കടയിൽ നിന്നും നിരത്തിലേക്കിറങ്ങി അടുത്ത സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് അവിടെ കാണുന്ന വിരലിലെണ്ണാവുന്ന മനുഷ്യരെ അടിമുടി ഒന്ന് നോക്കി ലോനപ്പേട്ടൻ അൽപ്പനേരം റോഡിൻ്റെ ഒത്ത നടുക്ക് നിന്നു. പിന്നെ സിഗരറ്റ് പുക പരത്തിക്കൊണ്ട് ശങ്കരംപാടി ഫോറസ്റ്റിലേക്ക് നീളുന്ന ഊടുവഴിയിലേക്കിറങ്ങി. ഞങ്ങളും അയാൾക്ക് പിന്നാലെ കൂടി. എങ്ങോട്ടാണന്നൊന്നും ഞാനോ രാധനോ അങ്ങേരോട് ചോദിച്ചില്ല. ആ വഴിക്കാണ് കുമാരദാസൻ്റെ കവുങ്ങിൻമെരട് കള്ളുഷാപ്പ്. അങ്ങോട്ടേക്കായിരിക്കണം നടപ്പ്. അന്തിക്കള്ളും കുടിച്ചുകൊണ്ട് ലേനപ്പേട്ടൻ എൻ്റെ മമ്മൂട്ടിക്കു പറ്റിയ കഥ കേൾക്കുമായിരിക്കും. ഞാനപ്പോൾ മനസിൽ കണക്കുകൂട്ടി.

ഊടുവഴിയിറങ്ങി ചേടി മണ്ണിൽ കാലുതെന്നാതെ ഞങ്ങൾ ലോനപ്പേട്ടനു പിന്നാലെ കുമാരദാസൻ്റെ കള്ളുഷാപ്പിലേക്ക് വരിവരിയായി നടന്നു.

നാടകപ്രാന്തൊക്കെ ഞാനന്നു വിട്ടതായിരുന്നു. അങ്ങനെയാണല്ലൊ ഇങ്ങോട്ട് കുടിയേറി മരിയാദിക്ക് റബറും തേങ്ങയും എടുത്ത് ഉള്ള കാര്യം നോക്കി നടന്നത്. സലോമി മരിച്ചതിനുശേഷമാണ് വർഷങ്ങൾക്കു ശേഷം ഞാൻ പിന്നെയൊരു നാടകം ചെയ്യുന്നത്. നിനക്കോർമ്മയുണ്ടോ രാധാ അത്.
ലോനപ്പേട്ടൻ രാധനോട് ചോദിച്ചു.
പിന്നെ. എൻ്റെ മനസില് കത്തനാരെന്ന് പറഞ്ഞാ അത് നിങ്ങടെ രൂപമല്ലെ ലോനപ്പേട്ടാ.
രാധൻ അങ്ങേരെ പ്രോൽസാഹിപ്പിച്ചു.
എൻ്റെ ഉള്ളിൽ ആ പഴയ നാടകക്കാരൻ പൊറുതികിട്ടാതെ നട്ടം തിരിഞ്ഞ് നടപ്പുണ്ടെന്ന് ഞാനന്നാണ് മനസിലാക്കിയത് രാധാ, ഒരു നാടകവേദിയിലെന്നപോലെയായിരുന്നു ലോനപ്പേട്ടൻ അങ്ങനെ പറഞ്ഞത്.

അതേ നാടകത്തിലൂടെ ഇരുട്ടത്ത് നടക്കുന്ന കഥാപാത്രങ്ങളെപ്പോലെയും എനിക്ക് ഞങ്ങൾ മൂവരെയും തോന്നി. ഞങ്ങൾക്കു ചുറ്റിലും അപ്പോൾ ഇരുട്ട് കനം വച്ച് തുടങ്ങിയിരുന്നു. ഇടവഴി കഴിഞ്ഞ് ഒരു തെങ്ങിൻ തോപ്പിലേക്ക് കയറി ഞങ്ങൾ മുന്നോട്ട് നടന്നതും കുമാരദാസൻ്റെ കള്ളുഷാപ്പിൽ നിന്നും കള്ളും കുടിച്ച് ബീഡി പുകച്ചുകൊണ്ട് മടങ്ങുന്ന അപരിചിതരായ രണ്ടു മൂന്നു പേർ എതിരെ വന്ന് ഞങ്ങളെക്കടന്ന് നടന്ന് പോയി. ആലോചനകളിൽ മുഴുകി നിശബ്ദനായിരുന്നു ലോനപ്പേട്ടനപ്പോൾ. ഇരുവശവും കൂട്ടംകൂടി വളർന്ന മുളങ്കാടുകൾക്കിടയിലൂടെ വഴി മുന്നോട്ട് നീങ്ങിയതും ലോനപ്പേട്ടൻ വഴിയിലേക്ക് ടോർച്ച് തെളിക്കാൻ തുടങ്ങി.

ശ്രദ്ധിക്കണം, ലോനപ്പേട്ടൻ പറഞ്ഞു. വഴി നേരെ ചെന്ന് കൊള്ളുന്നത് കുമാരദാസൻ്റെ കവുങ്ങിൻ തോട്ടത്തിലേക്കാണ്. പുല്ലും അഴുകിയ മാച്ചിപ്പട്ടയും കളഞ്ഞ് മുറ്റം പോലെ തോന്നിക്കുന്ന തോട്ടമായിരുന്നു അത്. അതും കഴിഞ്ഞാൽ ഒരു തോടൊഴുകുന്നുണ്ട്. അതിനിടയിലാണ് കള്ളുഷാപ്പ്. നാലാള് പറഞ്ഞാലറിയുന്ന ആ ഷാപ്പിലേക്ക് പകലുകളിൽ കുടുംബവും കുട്ടികളും വരുമായിരുന്നു. കവുങ്ങിൻ മരങ്ങളായിരുന്നു ആ പ്രദേശം മുഴുവനും. തുരിശടിക്കുന്ന കാലങ്ങളിൽ ഉണങ്ങിയ തുരിശുകറയിൽ തിളങ്ങുന്ന ആ പ്രദേശം വിദേശങ്ങളിൽ കാണാറുള്ളതരം മഞ്ഞു പുതഞ്ഞ ദിക്കുകളെ ഓർമിപ്പിച്ചിരുന്നു. കവുങ്ങിൻ തടി ചീന്തിയെടുത്ത് ചുവരും ഇരിപ്പിടവുമുണ്ടാക്കിയ കള്ളുഷാപ്പിനു ചുറ്റിലും നാനാജാതി പൂച്ചെടികൾ വളർന്നു നിന്നിരുന്നു. പനയോലപ്പട്ട മേഞ്ഞ് അതിനു മേലെ നീല പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയതായിരുന്നു മേൽക്കൂര. കൈയ്യോ കാലോ കഴുകാനാണെങ്കിൽ ഒന്ന് തൊട്ടരികിലെ തോട്ടിലേക്കിറങ്ങിയാൽ മതി. നിലാവും കൊണ്ട് കള്ളുകുടിക്കണമെങ്കിൽ കവുങ്ങിൻ മെരടിലെ പുല്ലിൻ കെട്ടിലേക്കിരിക്കാം. എന്നിട്ട് കള്ളും കുടിച്ചുകൊണ്ട് മാനത്തേക്ക് നോക്കാം.

ഞങ്ങളെത്തിയപ്പൊഴെയ്ക്കും കള്ളുഷാപ്പിൽ തിരക്കു കുറഞ്ഞിരുന്നു. ലോനപ്പേട്ടൻ നേരെചെന്ന് തോട്ടിലേക്കിറങ്ങി മുഖമൊന്നു കഴുകി ഒന്ന് കുലുക്കി കുത്തി ഷാപ്പിനോട് ചേർന്നുള്ള കവുങ്ങിൻ മെരടിലേക്കിരുന്നപ്പൊഴെയ്ക്കും രാധൻ രണ്ടു കുപ്പി കള്ളും ഒരു തലക്കറിയും പറഞ്ഞിരുന്നു. ഞങ്ങളും ലോനപ്പേട്ടൻ്റെ എതിരിൽ ഓരോരോ കവുങ്ങിൽ മെരടുകളിലേക്കായി ഇരുന്നു. ഷാപ്പിലെ തൊഴിലാളി ഞങ്ങൾക്കു നടുവിലേക്ക് ഒരു ചിമ്മിനി കൂട് കൊണ്ടുവന്ന് വച്ചു. പരിസരത്തു നിന്നും കുഞ്ഞു പ്രാണികളും പാറ്റകളും അതിലേക്ക് വന്ന് കരിഞ്ഞു വീഴുവാൻ തുടങ്ങി. അതിൻ്റെ മണം ഞങ്ങൾക്കു ചുറ്റിലും പരന്നു. കീശയിലുണ്ടായിരുന്ന കർച്ചീഫെടുത്ത് മുഖവും കഴുത്തും തുടച്ചുകൊണ്ട് വളരെ ലാഘവത്തോടെ ലോനപ്പേട്ടൻ പറഞ്ഞു; അവസാനമായിട്ട് ഞാനൊരു നാടകമെഴുതുന്നത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു രാധാ.

ഞാനൊന്നമ്പരന്ന് ലോനപ്പേട്ടനെ നോക്കി. ഉള്ളതാണൊ ഈ പറയുന്നത് എന്ന് ഞാൻ ചിന്തിച്ചതും പിന്നാലെ നനവ് തുടച്ച കർച്ചീഫ് വൃത്തിയിൽ മടക്കി പോക്കറ്റിലിട്ടുകൊണ്ട് ലോനപ്പേട്ടൻ തുടർന്നു; ഏലൂരിലെ ഒരു സ്കൂൾ മൈതാനത്തു വച്ചാണ് ഞാനാദ്യമായിട്ട് ആ ചെറുപ്പക്കാരനെ കാണുന്നത്. അന്ന് രാത്രി ഞങ്ങളവിടെയൊരു നാടകമവതരിപ്പിച്ചിരുന്നു. സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ നോവലിൽ നിന്ന് ഞാനുണ്ടാക്കിയ നാടകമായിരുന്നു അത്. പായയും പെട്രോമാക്സ് ലാമ്പുകളുമൊക്കെയായി വന്ന ആബാലവൃദ്ധം ജനങ്ങളും ബലൂണ് വിൽപ്പനക്കാരും കടല വിൽപ്പനക്കാരും കുടിയൻമാരും കുട്ടികളും ഒക്കെ കൂടി ഉത്സവം പോലത്തെ ഒരു ചുറ്റുപാട് ഞങ്ങടെ നാടകത്തോടെ അവിടെ ഉരുവപ്പെട്ടിരുന്നു. ശിവ പാർവ്വതിമാരുടെ ഒരമ്പലമുണ്ടവിടെ. അമ്പലത്തിൽ വർഷാവർഷം നടക്കുന്ന ഉത്സവത്തിൻ്റെ അവസാന ദിവസത്തില് പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാര് മിക്കവാറും എല്ലാ കൊല്ലവും ഞങ്ങളുടെ ഒരു നാടകം കളിപ്പിക്കും. ഒട്ടുമിക്ക പ്രഗൽഭൻമാരും ആ വേദിയിൽ വന്ന് കളിച്ചിട്ടുള്ളതാണ്. ആ മൈതാനം നിറച്ചു കൊണ്ട് കുന്ന് കൂടിയ ആളുകൾക്കുമുന്നിൽ അതിഗംഭീരമായി തന്നെ നാടകവതരിപ്പിച്ച് ആളുകളുടെ കുളിര് കോരിയിടുന്ന പ്രശംസകളും ഏറ്റുവാങ്ങി ചാരിതാർത്ഥ്യത്തോടെ നിൽക്കുകയായിരുന്നു ഞാനും എൻ്റെ സഹനടൻമാരും. അപ്പൊഴാണ് സ്റ്റേജിനു മുന്നിലെ മഞ്ഞ വെളിച്ചം തട്ടി നല്ലവണ്ണം പ്രകാശിക്കുന്ന മുഖവുമായി ആ ചെറുപ്പക്കാരൻ എൻ്റെ മുന്നിൽ വന്ന് നിന്നത്.
ലോനപ്പൻ ചേട്ടനല്ലെ, അൽപ്പനേരം കഴിഞ്ഞ് എൻ്റെ അടുത്തേക്കൊന്ന് നീങ്ങി നിന്നുകൊണ്ട് അവനെന്നോട് ചോദിച്ചു.

ഞാനപ്പോൾ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അവനധികം മുഖം കൊടുക്കാനും പോയില്ല. ആളുകളുടെ ബഹളത്തിനിടയിലൂടെ അവനെന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

നിങ്ങളുടെ പ്രകടനം വളരെ മിച്ചതായിരുന്നു, അവനെന്നോട് പറഞ്ഞു.

അതിനിപ്പൊ എന്നാടാ ചെറുക്കാ എന്ന മട്ടിൽ നിൽക്കുന്ന എനിക്ക് അവൻ്റെ ആവേശം കണ്ട് ഉള്ളാലെ ഒരു കോരിത്തരിപ്പ് തോന്നിയെങ്കിലും ഞാനത് പ്രകടിപ്പിക്കാതെയിരിക്കുവാൻ ശ്രമിച്ചു.

ഞാൻ നിങ്ങളുടെ മറ്റു നാടകങ്ങളും കണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം കൈനഗിരിയിൽ ഞാൻ വന്നിരുന്നു. നിങ്ങളുടെ പ്രകടനം കാണാൻ വേണ്ടി മാത്രം, അവൻ പറഞ്ഞു.
എനിക്കതും നന്നായിട്ട് ബോധിച്ചു. ദൂരെ നിന്ന് കേൾക്കുന്ന അമ്പലപ്പറമ്പിലെ ചെണ്ടക്കോലൊച്ചയുടെ പശ്ചാത്തലത്തിൽ അഴിച്ചു മാറ്റാൻ കിടക്കുന്ന നാടകവെളിച്ചത്തിൻ്റെ വെട്ടത്തിൽ അവൻ ആളുകളൊഴിയാൻ എന്നെ കാത്തു നിൽക്കുകയാണ്. അവന് കൂടുതലെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന് എനിക്ക് മനസിലായി. ജാഡയൊക്കെ വിട്ട് അവൻ്റെ തോളിൽ കൈയിട്ട് ഒരു സിഗരറ്റും കത്തിച്ച് വലിച്ചു കൊണ്ട് ആളുകളൊഴിഞ്ഞ സ്കൂളിനു മുന്നിൽ നിലാവും കണ്ടു കൊണ്ട് അവനോട് കൊച്ചുവർത്തമാനം പറയാൻ എനിക്ക് തോന്നിയെങ്കിലും ഞാനവനെ ഗൗനിക്കാതെതന്നെ അങ്ങനങ്ങ് നിന്നു.

സമയമുണ്ടെങ്കിൽ എനിക്ക് കുറച്ച് സംസാരിക്കണമെന്നുണ്ട്, അവൻ പറഞ്ഞു. എനിക്കു സമയം ഉണ്ടായിരുന്നിട്ടും സംസാരിക്കാനായി അവനിനിയും എന്നെ കാണാൻ വരുമെന്ന് തോന്നിയതുകൊണ്ട് മാത്രം പിന്നെയാവാം എന്ന് ഞാനവനോട് പറഞ്ഞു. എൻ്റെ മറുപടി കേട്ട് ആ ചെറുപ്പക്കാരൻ്റെ  മുഖമൊന്നു മങ്ങിയിരുന്നു. എങ്കിലും എന്നെ നോക്കി ചുവന്ന കവിളുകൾ തുടുപ്പിച്ച ഒരു ചിരിയും ചിരിച്ച് കാണാം നമുക്ക് എന്ന അവസാന വാചകവും പറഞ്ഞ് അവൻ സ്കൂൾ മുറ്റത്തു നിന്നും കവാടത്തിനു നേർക്ക് നടന്നുപോയി. നടത്തത്തിനൊപ്പം അവനൊരു സിഗരറ്റിന് തീ കൊളുത്തിയിരുന്നു.

കവാടത്തിനടുത്തെത്തിയതും അവൻ എന്നെയൊന്ന് തിരിഞ്ഞുനോക്കുകയും ചെയ്തു. അമ്പലപ്പറമ്പിലപ്പോൾ കരിമരുന്ന് പ്രയോഗം തുടങ്ങുകയും ചെവിയടപ്പിച്ചു കൊണ്ട് അനേകം അമിട്ടു പൊട്ടുകയും അതിനു പിന്നാലെ കണ്ണു കുളിർപ്പിച്ചു കൊണ്ട് വെടി മരുന്നുകൾ ആകാശത്തേക്ക് പൊട്ടിച്ചിതറുകയും ചെയ്യുന്നത് ഞാനപ്പോൾ അതേ നിൽപ്പിൽ കണ്ടു. പിന്നെ ഞങ്ങളല്ലൊവരും വട്ടം കൂടിയിരുന്ന് ചെറുതൊരണ്ണം അടിച്ചപ്പോഴും അതിൻ്റെ ഓളത്തിൽ നാടകവണ്ടിയിലിരുന്ന് തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടപ്പോഴും എൻ്റെ മനസിൽ ആ ചെറുപ്പക്കാരനുണ്ടായിരുന്നു.

ലോനപ്പേട്ടൻ്റെ സംസാരത്തെ മുറിച്ചു കൊണ്ട് ഞങ്ങൾക്ക് മുന്നിലേക്ക് അപ്പൊഴെയ്ക്കും കള്ളിൻ കുപ്പിയും തലക്കറിയും എത്തിയിരുന്നു. ഞങ്ങൾക്കു നടുവിലിട്ട കവുങ്ങിൻ പാളയിലേക്ക് ഷാപ്പിലെ തൊഴിലാളി അതൊക്കെയും വളരെ ശ്രദ്ധയോടെ എടുത്തുവച്ചു. രാധൻ ഗ്ലാസുകളിലേക്ക് ജാഗ്രതയോടെ കള്ളൊഴിക്കാൻ തുടങ്ങി. കഥ മുറിഞ്ഞു പോയതിൻ്റെ പിരിമുറുക്കം ലോനപ്പേട്ടൻ്റെ മുഖത്തുണ്ടായിരുന്നു. അയാൾ സാവധാനം തലക്കറി വിരൽ മുക്കി ഒന്ന് രുചിച്ചു നോക്കി. അത് കൊള്ളാമെന്ന ഭാവം അയാളുടെ മുഖത്ത് തെളിഞ്ഞു.

ലോനപ്പേട്ടൻ്റെ കഥയിലെ സ്കൂൾ മുറ്റത്തു നിന്നും സിഗരറ്റും പുകച്ച് കൊണ്ട് കവാടം കടന്നുപോയ ആ ചെറുപ്പക്കാരൻ ഇരുട്ടിലേക്ക് മാഞ്ഞു മാഞ്ഞു പോകുന്നത് മനക്കണ്ണിൽ നോക്കി ഇരിക്കുകയായിരുന്നു ഞാനപ്പോൾ. രാധൻ ഒരു ഗ്ലാസെടുത്ത് എനിക്കുനേരെ നീട്ടിയതും മനോലോകത്തു നിന്ന് ചാടിയിറങ്ങി വന്ന് ഞാനത് കൈയിലേക്കു വാങ്ങി. ഒരുഗ്ലാസ് രാധൻ ലോനപ്പേട്ടനു നേരെയും നീട്ടി. ഞങ്ങൾ മൂവരും ഒരോഗ്ലാസ് കള്ള് ഒറ്റവലിക്ക് കുടിച്ചു.

ആ നിമിഷങ്ങളുടെ ആനന്ദത്തിനൊപ്പിച്ച് കവുങ്ങിൻ മരങ്ങൾ ഒരു താളത്തിന് മെല്ല തല ആടിക്കൊണ്ടിരുന്നു. കടവാതിലുകൾ മരങ്ങൾക്കിടയിലൂടെ ചാട്ടുളി പോലെ പറക്കുന്നുണ്ടായിരുന്നു. ടോർച്ച് വെട്ടത്തിൽ കവുങ്ങിൻ തോട്ടത്തിലേക്കിറങ്ങി ഷാപ്പിലെന്തോ ഓർഡർ ചെയ്ത് നാലു പേരേടങ്ങുന്ന മറ്റൊരു സംഘം ഞങ്ങളെ കൂടാതെ മറ്റൊരു മൂലയിലോട്ട് ഇരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.

ഞങ്ങൾ തലക്കറി രുചിച്ചുകൊണ്ട് കള്ളുകുടി കൊഴിപ്പിക്കുകയും ഞങ്ങൾക്കു വേണ്ടി പൂർണചന്ദ്രൻ കവുങ്ങിൻ തലപ്പുകളിലേക്ക് നിലാവ് കനത്തിൽ ചൊരിഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു. എൻ്റെ ഉള്ളിൽ ഞാൻ പറയാൻ തയ്യാറെടുത്തു നിൽക്കുന്ന മമ്മൂട്ടിക്ക് പറ്റിയ കഥയിലെ കഥാനായകൻ ലോനപ്പേട്ടനോട് ആ കഥയങ്ങ് പറയെടാ എന്ന് തിരക്കുകൂട്ടുവാൻ തുടങ്ങിയിരുന്നുവെങ്കിലും ഞാൻ ലോനപ്പേട്ടൻ്റെ ബാക്കി കഥ കേൾക്കുവാൻ കാതുകൂർപ്പിക്കുകയായിരുന്നു.

നാടകവും റിഹേസലും മറ്റുള്ള തിരക്കുകളുമൊക്കെയായി എൻ്റെ ദിവസങ്ങൾ പിന്നെയും മുറപോലെ മുന്നോട്ടു പോയി.
ലോനപ്പേട്ടൻ തുടർന്നു; ഒരു ദിവസം സന്ധ്യയ്ക്ക് ഞങ്ങളുടെ നാലും കൂടിയ കവലയിലേക്ക് ഒരു സർക്കാർ ബസിൽ അതേ ചെറുപ്പക്കാരൻ തീർത്തും അപ്രതീക്ഷിതമായി വന്നിറങ്ങിയപ്പോഴാണ് പിന്നെയും ഞാനവനെ കാണുന്നത്. അധികം ആളും കൂട്ടവുമൊന്നുമില്ലാത്ത കവലയോടു ചേർന്നുള്ള പഴഞ്ചൻ കെട്ടിടത്തിനകത്ത് നാടക റിഹേഴ്സലിലായിരുന്നു ഞാനും എൻ്റെ കൂട്ടാളികളും. ഞങ്ങളുടെ അലർച്ചയും അട്ടഹാവവും മറ്റും കവല മുഴുവൻ നിറഞ്ഞു നിൽക്കുകയായിരുന്നു.
അപരിചതത്വം ഒട്ടുമില്ലാതെ ആ ചെറുപ്പക്കാരൻ നേരെ കെട്ടിടത്തിനകത്തേക്ക് കയറി വന്ന് ഒരു ഇരുമ്പ് കസേരയിലേക്കിരുന്ന് സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഞങ്ങളുടെ റിഹേഴ്സൽ കാണുവാൻ തുടങ്ങി. നാട്ടുകാരിൽ ചിലരും കുറച്ച് കുട്ടികളും കെട്ടിടത്തിൻ്റെ ജനാലയിലുടെയും വാതിലിലുടെയും ഞങ്ങളുടെ പ്രകടനം കണ്ടുകൊണ്ട് അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊന്നുമില്ലാത്ത തരം ഒരു ഏകാഗ്രത ആ ചെറുപ്പക്കാരൻ്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് റിഹേസലിനിടയിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അന്ന് റിഹേഴ്സൽ കഴിഞ്ഞതും എൻ്റെ അടുത്തേക്ക് വന്ന് ഒരു വൈമനസ്യവുമില്ലാതെ അവൻ എന്നോട് ചോദിച്ചു; എനിക്ക് നിങ്ങളുടെ നാടകത്തിൽ അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. അവൻ പ്രതീക്ഷയോടെ എൻ്റെ മുഖത്തേക്ക് നോക്കി നിന്നു.
അടുത്ത നാടകത്തിലെങ്കിലും.

ഞാൻ ദേഹത്തെ വിയർപ്പും പൊടിയുമൊക്കെ തുടച്ചങ്ങനെ നിന്ന് അവനെ അടിമുടിയൊന്ന് നോക്കി അവനു നേരെ കൈനീട്ടിക്കൊണ്ട് ചോദിച്ചു; സിഗരറ്റ് കാണുമോ.

അവൻ ധൃതിപ്പെട്ട് പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റും തീപ്പെട്ടിയുമെടുത്ത് എനിക്കു നേരെ നീട്ടി. ഞാനതിൽ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചു. എന്താണ് അവൻ്റെ പേരെന്നും എവിടെ നിന്ന് വരുന്നു എന്നും എന്തു ചെയ്യുന്നു എന്നും ഇതിനു മുൻപ് ഏതെങ്കിലും നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്നും മറ്റും ഞാനവനോട് ചോദിച്ചു മനസിലാക്കി.

ഞാനൊന്നാലോചിക്കട്ടെ, ഞാനവനോട് പറഞ്ഞു.

നിങ്ങൾക്കെന്താണ് ചെയ്യാൻ പറ്റുകാ എന്ന കാര്യവും എനിക്കറിയണം. ഒരു തീരുമാനമായതിനുശേഷം ഞാൻ പറയാം. ഇടയ്ക്കു വന്നു കണ്ടൽ മതി, അത്രയും പറഞ്ഞ് ഞാനാ കണ്ടുമുട്ടലിന് പരിസമാപ്തി കുറിച്ചു. പിന്നീട് പല തവണ പല സ്റ്റേജുകൾക്കും മുന്നിലായി സന്ധ്യകളിൽ ആൾക്കൂട്ടത്തിനിടയിൽ ഞാനവനെ കണ്ടിട്ടുണ്ട്. അവൻ കാണികൾക്കിടയിൽ നിന്നും ഞങ്ങളുടെ വേദിയിലേക്ക് കണ്ണുന്നട്ട് നിൽക്കുന്നതും ഞങ്ങളുടെ പ്രകടനങ്ങൾക്കൊപ്പം കണ്ണുനിറയ്ക്കുന്നതും ചിരിക്കുന്നതും ചിന്തിക്കുന്നതും കണ്ടിട്ടുണ്ട്. അകലെ നിന്ന് നോക്കികൊണ്ട് ഞാൻ പറഞ്ഞ കാര്യം എന്തായി എന്ന് അവനെന്നോട് നിശ്ശബ്ദം ചോദിക്കുന്നതും കണ്ടിട്ടുണ്ട്.

അമ്പലപ്പുഴയിൽ വച്ച് ഞങ്ങളുടെ നാടകവേദിക്ക് തീപിടിത്തമുണ്ടായതിനു പിന്നാലെ പൊള്ളലേറ്റ എന്നെ ആശുപത്രിയിൽ കാണാൻ വന്നവരുടെ കൂട്ടത്തിലും അവനുണ്ടായിരുന്നു. നാലുനാളുകൾ കഴിഞ്ഞ് അവനെൻ്റെ വീട്ടിലേക്കും തേടിപിടിച്ചെത്തി. കൈതചക്ക ചെടികൾ അതിരിട്ട വീട്ടിലേക്കുള്ള തോട്ടുവക്കിലൂടെ നടന്നുവന്ന് വേലി കടന്ന് അവൻ ഞങ്ങളുടെ മുറ്റത്തേക്ക് കയറിവരുന്നത് ഞാൻ കിടപ്പുമുറിയുടെ ജനാലയിലൂടെ കാണുന്നുണ്ടായിരുന്നു. അവൻ വന്ന് വാതിലിൽ മുട്ടിയതും ഞാൻ അകത്തേക്ക് വരാൻ പറഞ്ഞു. അവൻ അകത്തു കയറി എൻ്റെ കുടുസു മുറിയിലെ ചെയറിൽ എനിക്കഭിമുഖമായി ഇരുന്നു. എൻ്റെ പൊള്ളലേറ്റ പാടുകൾ ഭേതമായൊ എന്നവൻ നോക്കി. ഞങ്ങൾ കുറച്ച് നേരം വർത്തമാനം പറഞ്ഞു. സലോമി അവന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കൊണ്ടു കൊടുത്തു. തിരിച്ചിറങ്ങാൻ നേരത്ത് അവനോട് ഞാൻ പറഞ്ഞു; ഞാനൊരു പ്ലേ എഴുതുന്നുണ്ട്.
അതെയോ, തെല്ലൊരു കൊതിയോടെ അവനെൻ്റെ മുഖത്തേക്ക് നോക്കി.
അതിൽ നിങ്ങൾക്കുള്ള വേഷത്തെ പറ്റിയും ഞാനാലോചിക്കുന്നുണ്ട്.
സത്യമായിട്ടും.
സത്യമായിട്ടും.

അവൻ്റെ മുഖം പ്രത്യാശാഭരിതമായി വിടർന്നു. ഞാനത് കൗതുകത്തോടെ നോക്കിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ പുതിയ നാടകം എഴുതിത്തുടങ്ങിയെങ്കിലും അതുവരെയുള്ള നാടക ജീവിതത്തിൽ നിന്നും സമ്പാദിച്ചു വച്ചിരുന്ന എൻ്റെ ജീവിത പ്രാരാബ്ധങ്ങളും സാമ്പത്തിക ബാധ്യതകളും എന്നെ വരിഞ്ഞിട്ട് മുറുക്കുവാൻ തുടങ്ങിയ സമയങ്ങളായിരുന്നു അത്. ഞങ്ങളുടെ കൊച്ചു വീടും അതിനു ചുറ്റിലുമുണ്ടായിരുന്ന കുറച്ച് സ്ഥലവും തൊഴുത്തിലുണ്ടായിരുന്ന രണ്ട് പശുക്കൾ വരെയും വിൽപ്പനയ്ക്കുള്ളതായിരുന്നു അപ്പൊഴെയ്ക്കും.

എല്ലാം തുലച്ചത് എൻ്റെ സ്വപ്നങ്ങൾ തട്ടേക്കേറ്റാൻ മാത്രമായിരുന്നു. അപ്പോഴും എനിക്ക് ജീവിച്ചിരിക്കുന്നതിലെ ഏറ്റവും വലിയ ലഹരി വേദിയിൽ പരകായം ചെയ്യുന്ന ആ നിമിഷങ്ങൾ തന്നെയായിരുന്നു. ഒരു നാടകസഞ്ചാരം കഴിഞ്ഞാൽ എത്ര നഷ്ട്ടമുണ്ടെങ്കിലും നിശ്ചിത ഇടവേളകളിൽ ഞാൻ മറ്റൊരു നാടകവുമായി ആൾക്കൂട്ടത്തിനു മുന്നിലേക്ക് ഇറങ്ങിയിരുന്നത് അക്കാരണങ്ങൾ കൊണ്ടു മാത്രമാണ്.

സലോമിക്ക് എന്നോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അതവൾ അടക്കി നിർത്തി അവസാനം എല്ലാം കൈവിട്ടു എന്ന് മനസിലാക്കിയ ഒരു സന്ദർഭത്തിൽ അതവളിൽ നിന്ന് ചിറപൊട്ടുന്നതുപോലെ പൊട്ടിചിതറുകയു ചെയ്തു. നാട്ടിലെ വേദിയിൽ നാടകം കളിക്കുകയായിരുന്നു ഞാനും കൂട്ടുകാരും. നാടകം മുന്നേറവെ സലോമി ഉറഞ്ഞുതുള്ളി നേരെ ഞങ്ങളുടെ വേദിയുടെ മുന്നിലേക്ക് വന്ന് നാടും നാട്ടുകാര്യം കണ്ടു നിൽക്കെ; നാടകവും കളിച്ച് നടന്ന് ഉള്ളതൊക്കെ തൊലച്ചിട്ട് മതിയായില്ലെ ചെകുത്താനേ എന്ന് എന്നോടലറി. വേദിയിൽ ഒരപ്പാപ്പനായി വേഷം കെട്ടിനിൽക്കുകയായിരുന്നു ഞാൻ.

എന്തു പറയണം എന്നറിയാതെ ഞാനും സഹനടന്മാരും കണ്ണും മിഴിച്ച് നിന്നതും അവൾ വേദിയിലേക്ക് കയറി വന്ന് എൻ്റെ മുഖത്തെ വെപ്പ് മീശയും താടിയുമൊക്കെ മാന്തിപ്പൊളിച്ച് പറിച്ച് കളഞ്ഞ് തികട്ടി വന്ന കരച്ചിലും അടക്കിപ്പിടിച്ചോണ്ട് അങ്ങിറങ്ങിപ്പോയി. അവളത്രയ്ക്ക് സഹിച്ചു കൂട്ടുന്നതൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല. എന്നുതന്നെയാണെങ്കിലും അന്നുവരെ അവളെന്നോട് മറുത്തൊന്നും പറഞ്ഞുമിരുന്നില്ല. അതായിരുന്നു അവസാനത്തെ വേദി. പിന്നെ താമസിയാതെ ഉള്ള വീടും പറമ്പും വിറ്റ് മിച്ചം കിട്ടിയതും കൊണ്ട് നാടക പ്രേമികളായ എൻ്റെ സഹപ്രവർത്തകരെയും സുഹൃത്ത്ക്കളെയുമൊക്കെ വിട്ട് ഞാൻ നേരെയിങ്ങ് പോന്നു. പണ്ടേക്കു പണ്ടേ വന്ന കുറച്ച് ബന്ധക്കാരുണ്ടായിരുന്നു ഇവിടെ. അവരായിരുന്നു ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. ബാക്കി വന്ന കാശിന് കുറച്ച് സ്ഥലവും അതിൽ കുഞ്ഞൊരു വീടും ആടും കോഴിയുമൊക്കെയായി ഞങ്ങള് പിന്നെ ഇവിടെയങ്ങ് കൂടി.

അന്നേരമൊക്കെയും എൻ്റെ ഓർമ്മകളിൽ ആ ചെറുപ്പക്കാരനുണ്ട്. എന്നെ അന്വേഷിച്ച് അവൻ വീട്ടിലൊ ഞങ്ങളുടെ റിഹേഴ്സൽ ക്യാമ്പു നടക്കുന്ന ഇടത്തൊ വരുമെന്നും പറഞ്ഞു പറ്റിച്ചിട്ട് നിങ്ങളിതെങ്ങോട്ട് പോയി എന്ന് നിരാശയോടെ എന്നെ പഴിക്കുമെന്നും ഞാനോർത്തു. ഇവിടുത്തെ മനുഷ്യരോട് കൂട്ടുകൂടിയും ഇവിടുത്തെ നാട്ടുവഴികളിയുടെ നടന്നും തെളിഞ്ഞ നീരൊഴുക്കിൽ കുളിച്ചും പറങ്കിമാങ്ങ വാറ്റു കുടിച്ചും വെടിയിറച്ചി തിന്നും ഇവിടുത്തെ മനുഷ്യപ്പാർപ്പില്ലാത്ത കുന്നിനുമുകളിലും പടർന്നു പന്തലിച്ച മരച്ചോടുകളിലും ഒറ്റയ്ക്കിരുന്ന് കുറച്ച് കഞ്ചാവ് ചുരുട്ടി വലിച്ചും പലതും സ്വപ്നം കണ്ടും ചിലത് നേടിയും പല മോഹഭംഗങ്ങളും മറക്കാൻ നോക്കിയും വർഷങ്ങളങ്ങോട്ട് കഴിഞ്ഞതും ഞാനെൻ്റെ നാടകങ്ങളും നാട്ടുകാരെയുമൊക്കെ മറന്നു. ആ ചെറുപ്പക്കാരനെയും മറന്നു.

ഒന്ന് നെടുവീർപ്പിട്ട് ഒരു നിമിഷം ചിമ്മിനി വിളക്കിൻ്റെ തിരിയിലേക്കൊന്ന് നോക്കിയിരുന്ന് സംസാരത്തിൻ്റെ ചരടുമുറിയാതെ തന്നെ ലോനപ്പേട്ടൻ തുടർന്നു; ആ ദിവസങ്ങളിലൊന്നിൽ ഞങ്ങളുടെ അയൽവീട്ടിലേക്ക് എന്നെ അന്വേഷിച്ചുകൊണ്ട് ഒരു ഫോൺ കോള് വന്നു. കോളിൻ്റെ അങ്ങേപ്പുറത്ത് ആ ചെറുപ്പക്കാരനായിരുന്നു ഉണ്ടായിരുന്നത്. അവൻ്റെ മുഴക്കമുള്ള ശബ്ദം എനിക്കപ്പൊഴും നല്ല പരിചിതമായിരുന്നു.

കുറച്ച് ദിവസങ്ങളായി നിങ്ങളെ പറ്റി ഞാൻ വെറുതെ ഓർക്കുന്നു. അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു നമ്പറ് കിട്ടി. വിളിക്കണമെന്നു തോന്നി.
ഒരു പിണക്കവും കൂടാതെ അവനെന്നോട് പറഞ്ഞു.

സുഖമാണൊ അവിടെ, അവൻ ചോദിച്ചു.

എൻ്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുമല്ലൊ.
ഞാനറിഞ്ഞിരുന്നു. അന്നു പറഞ്ഞ എഴുത്ത് പിന്നെ നടക്കുകയുണ്ടായൊ.
എനിക്കത് എഴുതിക്കഴിഞ്ഞിരുന്നു.
തൊട്ടടുത്ത ക്ഷണം തന്നെ അവനെന്നോട് ചോദിച്ചു, അതിനകത്ത് ഞാനുണ്ടായിരുന്നോ?.
ഉണ്ടായിരുന്നു.
സത്യമായിട്ടും.
സത്യമായിട്ടും.

അവൻ അൽപ്പനേരം ഒന്നും മിണ്ടിയില്ല.
ഇനി നിങ്ങൾ അത് വേദിയിലെത്തിക്കുമോ.
അവനോട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാനത് ചെയ്യുമെങ്കിൽ ആദ്യം തന്നെയോർക്കും. പറ്റുമെങ്കിൽ വിവരമറിയിക്കും.

പിന്നെ ഞങ്ങൾ പരസ്പരം നിശ്ശബ്ദമായി ഏന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തതിനൊടുവിൽ അവൻ തൻ്റെ കനം വച്ച ശബ്ദത്തിൽ തെല്ലൊരു വിഷാദത്തോടെ കാണാം എന്നു പറഞ്ഞതും ഞങ്ങൾ സംസാരം അവസാനിപ്പിച്ചു. റിസീവറും ചെവിയിൽ വച്ച് ഞനങ്ങനെ അവിടെ തന്നെ കുറച്ച് നേരം നിന്നു. എനിക്കെന്തോ ഒരു സങ്കടം പോലെയൊക്കെ അപ്പോൾ തോന്നി. പിന്നെ ഞങ്ങൾ വർഷങ്ങളോളം വിളിയും പറച്ചിലുമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ഓർമ്മകളിലുണ്ടായിരുന്നു, എനിക്കാ പഴയ ചെറുപ്പക്കാരനെയും അവന് പഴയ നാടകക്കാരൻ ലോനപ്പൻചേട്ടനെയും.

സംസാരത്തിനൊപ്പം തന്നെ ലോനപ്പേട്ടൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചിരുന്നു. അത് കത്തിച്ച് ആസ്വദിച്ച് വലിച്ചുകൊണ്ട് ഒരാലസ്യത്തോടെ ലോനപ്പേട്ടൻ കവുങ്ങിൻ തലപ്പുകളിലേക്ക് നോക്കി.

നമുക്കാ നാടകം തട്ടേക്കേറ്റണ്ടെ ലോനപ്പൻ ചേട്ടാ എന്നും പറഞ്ഞോണ്ട് വർഷങ്ങൾക്കിപ്പുറം അവൻ്റെയൊരു വിളിവരുന്നതോടെയാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത്. ഞങ്ങളുടെ ബന്ധം ബലപെടുന്നതും. അതു പിന്നെയങ്ങോട്ട് മുറുകിയതേയുള്ളു. പക്ഷ അവനെ താങ്ങാൻ പാകത്തിനുള്ള ഒരു വേദി, അതിനി എന്നെക്കൊണ്ടൊക്കെ എങ്ങനെ ഒക്കാനാ രാധാ.

ലോനപ്പേട്ടൻ പരത്തി വിടുന്ന പുകച്ചുരുളുകൾ കവുങ്ങിൻ മരങ്ങൾക്കിടയിലൂടെ ഒഴുകി പരസ്പരം കൈ കൊടുത്ത് ഒരു മനുഷ്യാകൃതി ഉടലെടുക്കുന്നത് ഞാനപ്പോൾ കണ്ടു.

ലോനപ്പേട്ടൻ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് പിന്നിലേക്ക് കൈ ചായ്ച്ച് അതിലേക്ക് ശരീരം താങ്ങി ഒരു ശമനത്തോടെ ആകാശത്തേക്ക് മുഖം കാട്ടി ഇരുന്നു. അയാൾ പറഞ്ഞ കാലവും അന്നത്തെ മമ്മൂട്ടിയും കണ്ണുകൾക്കു മുന്നിൽ ഒരു തിരശീല ഇട്ടതായും പറഞ്ഞതും പറയാത്തതുമായ മമ്മൂട്ടി കഥകൾ അതിലയാൾ കണ്ടുകൊണ്ടിരിക്കുകയാന്നെന്നും എനിക്കാ ഇരിപ്പു കണ്ടപ്പോൾ തോന്നി. തോട്ടത്തിലിരിക്കുന്ന രണ്ടാമത്തെ സംഘം പതിയെ പാട്ടും ബഹളവും തുടങ്ങിയിരുന്നു. ഷാപ്പിൽ നിന്നും ഒരു തൊഴിലാളി പരിസരത്തുണ്ടായിരുന്ന അമ്മപ്പട്ടിക്കും അതിൻ്റെ ഒരു സംഘം കുഞ്ഞുങ്ങൾക്കും എല്ലിൻ കഷണം ഇട്ടുകൊടുക്കുന്നതും അവയൊക്കെ അത് മത്സരിച്ച് തിന്നുന്നതും ഞാൻ കണ്ടു. രാധൻ കുപ്പിയെടുത്ത് ഗ്ലാസുകളിലേക്ക് കള്ളൊഴിക്കാൻ തുടങ്ങി.

ഇരിപ്പിൽ നിന്നും ഇളകി നിറഞ്ഞ് തൂവാറായ ഗ്ലാസ് കൈയിലെടുത്ത് ലോനപ്പേട്ടൻ കരുതലോടെ അത് കുടിച്ചു. ഞങ്ങൾ പിന്നെയും മമ്മൂട്ടിയെപ്പറ്റിയും അല്ലാത്തതുമായ ലോനപ്പേട്ടൻ്റെ ഓരോ കഥകളും കേട്ടുകൊണ്ട് അവിടെ തന്നെ അങ്ങനെ ഇരുന്നു. പിന്നെയും കള്ളുകുടിച്ചു. പിന്നെയും കഥകൾ പറഞ്ഞു. രാത്രി ഏറെ വൈകി. പക്ഷെ അത്രനേരം കഴിഞ്ഞിട്ടും എൻ്റെ മമ്മൂട്ടിക്കു പറ്റിയ കഥയെ പറ്റി ലോനപ്പേട്ടൻ ഒന്നും തന്നെ എന്നോട് ചോദിച്ചതേയില്ല. ഇടയ്ക്കുകയറി എന്തെങ്കിലും പറയുവാൻ എനിക്കൊട്ട് ധൈര്യവുമുണ്ടായിരുന്നില്ല. രാധനാണെങ്കിൽ വന്ന കാര്യം മറന്ന കൂട്ടാണ്. എനിക്ക് നല്ല മനഃപ്രയാസം തോന്നി.

ചിലപ്പോൾ ഇതായിരിക്കില്ല സമയം. മറ്റൊരു സന്ദർഭത്തിൽ ലോനപ്പേട്ടൻ എൻ്റെ മമ്മൂട്ടിക്ക് പറ്റിയ കഥ കേൾക്കുമായിരിക്കും. അതങ്ങേർക്ക് ബോധിക്കുമായിരിക്കും. എൻ്റെ കാര്യം പറയാനായി അങ്ങേരൊടുക്കം മമ്മൂട്ടിയെ വിളിക്കുമായിരിക്കും. ഞാനെന്നെ സമാധാനപ്പെടുത്തി. നേരം പിന്നെയും മുന്നോട്ട് പോയി. ഞങ്ങളെക്കൂടാതെ തോട്ടത്തിലുണ്ടായിരുന്നവർ കുടിയും കഴിഞ്ഞ് പിരിഞ്ഞു.

ഷാപ്പ് പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു തൊഴിലാളികൾ. ഞങ്ങളും മടങ്ങിപ്പോകാൻ തയ്യാറെടുത്തു. ആയാസത്തോടെ ഇരിപ്പിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞ മുണ്ട് മുറുക്കി ഉടുത്ത് ലോനപ്പേട്ടൻ ആടി ആടി ഇരുട്ടിൽ നിന്നു. രാധൻ ഒന്ന് മാറി കവുങ്ങിൻ മെരടിലേക്ക് മൂത്രമൊഴിച്ചു. ഷാപ്പിൽ പൈസയും കൊടുത്ത് ലോനപ്പേട്ടൻ്റെ ടോർച്ച് വെട്ടത്തിൽ കവുങ്ങിൻ തോട്ടത്തിൽ നിന്നും കയറി ഞങ്ങൾ വന്ന വഴിയിലേക്ക് നടന്നു. ഞങ്ങൾക്കു ചുറ്റിലും ചീവീടുകൾ ചെവി കുത്തിത്തുളച്ചു. കാട്ടുപക്ഷികൾ കുറുകുന്നതും ഞങ്ങൾ കേട്ടു. ആ നേരത്താണ് ലോനപ്പേട്ടൻ അപ്രതീക്ഷിതമായി എന്നോട് ചോദിക്കുന്നത്; എന്തായിരുന്നെടാ എന്നിട്ട് നിൻ്റെ മമ്മൂട്ടിക്ക് പറ്റിയ കഥ.

മനസിൽ നിന്നും കഥ പെട്ടന്നങ്ങൂർന്നു പോയതു പോലെ തോന്നി എനിക്കപ്പോൾ. എങ്കിലും ഞാനതിനെ തപ്പിപിടിച്ചെടുത്ത് മനസിലിരുത്തിയതും ലോനപ്പേട്ടനോട് കഥ പറയാനുള്ള സമയമായിരിക്കുന്നു എന്ന അങ്കലാപ്പോടെ ഞാൻ രാധനെ നോക്കി. ഞാനൊന്ന് തൊണ്ട ചിനക്കി. അവിടന്ന് തുടങ്ങി ചെറിയൊരു പിടുത്തവും കൊണ്ട് ടോർച്ചു വെട്ടത്തിൽ മടങ്ങി വരുന്ന ആ വഴിക്കാണ് ഞാൻ ലോനപ്പേട്ടനോട് മമ്മൂട്ടിക്ക് പറ്റിയ എൻ്റെ കഥ പറയുന്നത്. കഥയുടെ വളർച്ചയും തളർച്ചയും വളവുകളും തിരിവുകളും കരയാനുള്ളതും ചിരിക്കാനുള്ളതും പകയും പശ്ചാത്താപവുമൊക്കെ ലോനപ്പേട്ടൻ കഥയ്ക്കൊപ്പിച്ച് മൂളിക്കൊണ്ട് ശ്രദ്ധയോടെ കേട്ടു.

ഞാൻ ആകുംവിധം മെനയോടെ കഥാപാത്രങ്ങളുടെ മാനസിക സാമൂഹിക അവസ്ഥകളടക്കം പിരിമുറുക്കങ്ങളൊന്നും ചോരാതെ നിർത്തേണ്ടടത്ത് നിർത്തിയും തുടരേണ്ടടുത്ത് തുടർന്നും ലോനപ്പേട്ടന് കഥ വിവരിച്ചു കൊടുത്തു. അങ്ങേര് കഥയിൽ ശ്രദ്ധയൂന്നിക്കൊണ്ട്  ചില സംശയങ്ങൾ ഇടയ്ക്കു കയറി ചോദിച്ചു. ഞങ്ങൾ രണ്ടു വഴിക്ക് പിരിയാനുള്ള ഒരു പനമരച്ചോട്ടിലെത്തിയപ്പൊഴെയ്ക്കും ഞാൻ കഥ പറഞ്ഞ് തീർത്തിരുന്നു. ലോനപ്പേട്ടൻ ആലോചനയോടെ അൽപ്പനേരം പനമരച്ചോട്ടിൽ നിന്നു. കഥ കേട്ടിട്ട് എന്ത് തോന്നി എന്ന് ലോനപ്പേട്ടൻ്റെ മുഖത്തു നിന്നും വായിച്ചെടുക്കുവാൻ പാടുപെട്ടു ഞാനും രാധനും. എന്താണ് ലോനപ്പേട്ടന് പറയാനുള്ളതെന്നറിയാൻ ഞങ്ങൾ രണ്ടു പേരും കാത്തു.

കഥ എങ്ങനെയുണ്ട് ലോനപ്പേട്ടാ, രാധൻ ചോദിച്ചു.

ലോനപ്പേട്ടൻ ആലോചനവിട്ട് ഞങ്ങൾ രണ്ടു പേരെയും മാറി മാറി നോക്കി. അയാൾ ചുണ്ടിൻ്റെ ഒരു കോണിൽ മാത്രം വിരിഞ്ഞ ചിരിയോടെ ഞങ്ങളോട് പറഞ്ഞു; നേരം കൊറേയങ്ങിരുട്ടിയില്ലെ രാധാ.. നിങ്ങള് വിട്ടൊ. നമുക്ക് നാളെ കാണാം.

ഒരു പരിഹാസച്ചുവ ആ ചിരിയിലുള്ളത് ഞാൻ ഇരുട്ടത്ത് കണ്ടു. അതോ ഇരട്ടത്തങ്ങനെ തോന്നിയതായിരിക്കുമൊ. ഞാനും രാധനും കഥയറിയാതെ മുഖാമുഖം നോക്കി. അങ്ങേര് അങ്ങേരുടെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പിരിഞ്ഞു. കഥയെ പറ്റി അങ്ങേരൊന്നും പറയാതിരുന്നതിൽ ഉള്ളാലെ എനിക്കൊരു സങ്കടം തോന്നി. പിന്നെന്തിനായിരുന്നു ഈ നട്ടപാതിരായ്ക്ക് ഇങ്ങനെ കിടന്ന് മെനക്കെട്ടത്. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് അങ്ങേർക്ക് പറഞ്ഞൊഴിയാമായിരുന്നു. വലിയൊരാത്മവിശ്വാസക്കുറവ് എൻ്റെ ഉടലാകെ അപ്പോൾ പൊതിഞ്ഞു. എൻ്റെ ശരീരവും മനസും തളരുന്നതുപോലെ എനിക്കനുഭവപ്പെട്ടു. കൈയിലുള്ള മൊബേൽ ടോർച്ചിൻ്റെ വെട്ടത്തിൽ രാധനൊപ്പം ഞാൻ മുഖം താഴ്ത്തി നടന്നതും നിരാശയോടെ ഞാനവനോട് ചോദിച്ചു; അങ്ങേർക്ക് കഥ ബോധിച്ചില്ലാ എന്നാണ് തോന്നുന്നത്. അല്ലെ രാധാ…
എന്നങ്ങേര് പറഞ്ഞൊ.
പറഞ്ഞില്ലാ…
നാളെ കാണാമെന്ന് പുള്ളിക്കാരൻ ഏറ്റതാണല്ലൊ.
എന്നാലും…

ഞങ്ങൾ നടന്ന് തെങ്ങിൻ തോപ്പ് കഴിഞ്ഞ് കവലയിലേക്കുള്ള ഊടുവഴിയിലെത്തിയതും ഞാൻ രാധനോട് പിന്നെയും ചോദിച്ചു; സത്യത്തിൽ അങ്ങേര് പറയുന്ന മമ്മൂട്ടി സിനിമാനടൻ മമ്മൂട്ടി തന്നെയാണൊ രാധാ…

അത് കേട്ടതും എന്തോ ആലോചിച്ചുകൊണ്ട് രാധൻ എന്നെ നോക്കി ഇരുട്ടിൽ നിന്നു.
പിന്നല്ലാതെ…
രാധൻ പറഞ്ഞു; വേറേത് മമ്മൂട്ടിയാ ഈ ഭൂമി മലയാളത്തിലുള്ളത്.
രാധൻ കണ്ണു തുറുപ്പിച്ച് എന്നെ നോക്കി നിൽപ്പു തുടർന്നു.
അത് മൂപ്പരുടെ വല്ല ഹാലൂസിനേഷനും ആയിക്കൂടെ. കഞ്ചാവ് വലിയൊക്കെ ഉണ്ടെന്നാണല്ലൊ അങ്ങേര് പറഞ്ഞത്.
ഒന്ന് പോടാ അവിടന്ന്. കഞ്ചാവ് വലിക്കുന്നോരൊക്കെ വായിത്താളമുള്ളോരാണൊ.
എനിക്കറിയില്ല.

ഏതായാലും നാളെയാവട്ടെ. കഥയങ്ങേർക്ക് ബോധിച്ചിട്ടുണ്ടേൽ നാളെ വൈകുന്നേരത്തിനകത്ത് പുള്ളി നമ്മളോട് വരാൻ പറയും. എന്നിട്ട് മമ്മൂട്ടിയെ വിളിക്കും. സംസാരിക്കും. അപ്പൊ എന്താ ഏതാന്നൊക്കെ അറിയാമല്ലൊ, രാധൻ പറഞ്ഞു.

ഞങ്ങളങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന് മിണ്ടിയും പറഞ്ഞും കൊണ്ട് ഇരുട്ടിലൂടെ മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നടന്നു പോയി.

അന്നു രാത്രി കിടന്നുറങ്ങാൻ നേരത്ത് ഞാൻ അങ്ങേര് പറഞ്ഞ കഥയിലെ ചെറുപ്പക്കാരനെ പറ്റി ഓർത്തു. നാടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മമ്മൂട്ടിയെ പറ്റി ഞാനൊരിക്കലും അതുവരെ കേട്ടിരുന്നില്ല. മഹാരാജാസിൽ പഠിച്ചിരുന്ന കാലത്ത് മിമിക്രി കാണിക്കുമായിരുന്ന മമ്മൂട്ടിയെ പറ്റി കേട്ടിട്ടുണ്ട്. എറണാകുളത്ത് വക്കീലായിരുന്ന മമ്മൂട്ടിയെ പറ്റിയും മുദ്രാസിലും മറ്റും സിനിമയിലഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന മമ്മൂട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷെ നാടകപ്രിയനായ മമ്മൂട്ടി. അതുള്ളതായിരിക്കുമൊ. മാത്രവുമല്ല അങ്ങേര് പറഞ്ഞ കഥയിലൊരിടത്തും മമ്മൂട്ടിയുടെ പേരോ നാളോ മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ പറയുന്നില്ല. ഇനി അത് മമ്മൂട്ടി തന്നെയാണെന്നിരിക്കട്ടെ, എന്നിരുന്നാലും മമ്മൂട്ടിയെപ്പോലൊരാൾക്ക് ലോനപ്പേട്ടനുമായി ഇങ്ങനെയൊരു സൗഹൃദം കൊണ്ടു നടക്കേണ്ട കാര്യമെന്താണ്.

എതായാലും നാളെയാവട്ടെ. എന്താ ഏതാന്നൊക്കെ ചിലപ്പോൾ നാളെ അറിയുമായിരിക്കും. അങ്ങനെ ഓരോന്നാലോചിച്ച് ഞാനങ്ങുറങ്ങി. പിറ്റേന്ന് വൈകുന്നേരമായിട്ടും ലോനപ്പേട്ടനെ കാണാനുള്ള വിളിയൊന്നും എന്നെത്തേടി വന്നില്ല. ഞാനതിനെ പറ്റി ആരോടും അന്വേഷിക്കാനും പോയില്ല. ഇന്നലത്തെ കഥയും കാര്യങ്ങളുമൊക്കെ അങ്ങേര് അതിൻ്റെ പാട്ടിനങ്ങ് വിട്ടുകാണും. ഞാനുറപ്പിച്ചു. എങ്കിലും ഒന്നു രണ്ടു ദിവസം കൂടി ഉള്ളിലെങ്ങാണ്ടുണ്ടായിരുന്ന പ്രതീക്ഷയുമേറ്റിക്കൊണ്ട് ലോനപ്പേട്ടനെ കാണാനുള്ള വിളിക്ക് ഞാൻ കാത്തു നിന്നു. അതുണ്ടായതേയില്ല. വെറുതെ മഞ്ഞും കൊണ്ട് അങ്ങേരുടെ കള്ളക്കഥയും കേട്ട് സമയം കളഞ്ഞത് മിച്ചം. ആ സമയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങിയിരുന്നേൽ അത്രയെങ്കിലും മനസിന് സമാധാനം കിട്ടിയേനെ.

മറ്റെന്തെങ്കിലും കഥയാലോചിച്ച് മറ്റാരെയെങ്കിലും ചെന്ന് കാണാം. അത്രയേ ഉള്ളു. അല്ലാതെ മമ്മൂട്ടിയെ അറിയാം സിൽക്ക് സ്മിതയെ അറിയാം എന്നൊക്കെ പറഞ്ഞോണ്ട് വരുന്നോരുടെ വായും നോക്കിയിരുന്ന് വെറുതെ ജീവിതം കൊല്ലരുത്. എൻ്റെ നിരാശയൊന്നടങ്കം അങ്ങനെ അങ്ങേരോടുള്ള വെറുപ്പായി രൂപാന്തരപ്പെട്ടു.

കുറച്ച് ദിവസം കഴിഞ്ഞതും മിനി സ്റ്റേഡിയത്തിൻ്റെ ഓരത്ത് പിള്ളാരുടെ ഫുട്ബോൾ കളി കണ്ടു നിൽക്കവെ എനിക്ക് രാധൻ്റെ ഒരു കോളു വന്നു. ലോനപ്പേട്ടൻ വിളിച്ചിരുന്നു എന്നും വൈകുന്നേരം വന്ന് കാണാൻ അങ്ങേര് ആവശ്യപ്പെട്ടുവെന്നും അവനെന്നോട് പറഞ്ഞു.

അങ്ങേരുടെ കൊണവതികാരം കേൾക്കാനല്ലെ. ഞാനില്ല രാധാ, ഞാൻ രാധനോട് പറഞ്ഞു.

എടാ അങ്ങനല്ല. ലോനപ്പേട്ടൻ കാര്യമായിട്ടു തന്നെയാണ് വിളിച്ചത്. ഇത്രയൊക്കെ ആയതല്ലെ. ഒന്നൂടി ഒന്ന് ചെന്ന് കണ്ടാലെന്താ.

ഇന്നങ്ങൾക്ക് മോഹല്ലാലിനെ മാജിക്ക് പഠിപ്പിക്കാൻ കൊണ്ടുപോയ കഥായായിരിക്കും പറയാനുള്ളത്. നീ തന്നെ ഒറ്റയ്ക്കതങ്ങ് കേട്ടാ മതി. എനിക്ക് വേറെ പണിയുണ്ട്, ഞാൻ പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ കവലയിലോട്ടിറങ്ങിയാൽ അങ്ങേരെ കാണാതിരിക്കുവാനും ഞാൻ ശ്രദ്ധിച്ചു. നാളുകൾ കഴിഞ്ഞതും ഞങ്ങളിടയ്ക്ക് കാറ്റുകൊള്ളാൻ വന്നിരിക്കാറുള്ള ചെമ്മട്ടംകുന്നുവരെ  രാധൻ്റെ കൂടെ ഞാനൊന്ന് ചെന്നു. തൊട്ടടുത്തൊന്നും ജനവാസമില്ലാത്ത ഒരു മൊട്ടപ്പാറയാണ് ചെമ്മട്ടംകുന്ന്. പറങ്കിമാവുകൾക്കിടയിലൂടെയുള്ള ചെരലുനിറഞ്ഞ ഇടവഴി കയറണം കുന്നിലെത്തുവാൻ. അതും പിന്നിട്ട് ഞങ്ങൾ പാറപ്പുല്ല് പുതഞ്ഞ കുന്നിലേക്കടുത്തതും കുന്നിനു മുകളിൽ എന്തോ പുകച്ചു കൊണ്ട് പുറം തിരിഞ്ഞ് നിൽക്കുന്ന ലോനപ്പേട്ടനെ ഞാൻ കണ്ടു. ഏതോ സിനിമയിലുള്ള രംഗം പോലെ തോന്നി എനിക്കാ കാഴ്ച.

അപ്പൊ ഇങ്ങേർക്കിട്ട് കൊടുക്കാനായിരുന്നല്ലെ എന്നെയും കൊണ്ടു നീ വന്നത്, ഞാൻ നടത്തം നിർത്തിക്കൊണ്ട് രാധനോട് ചോദിച്ചു. കഞ്ചാവായിരിക്കും നിന്ന് പുകയ്ക്കുന്നത്. അടുത്ത തള്ള് ആലോചിച്ച് സെറ്റ് ചെയ്യുന്നതായിരിക്കും.
ഞാൻ പ്രതിഷേധിച്ച് തിരിച്ച് നടന്നാലൊ എന്നാലോചിച്ചു. രാധനെന്നോട് പറഞ്ഞു; എടാ അങ്ങേർക്കെന്താണ് പറയാനുള്ളതെന്ന് നീയൊന്ന് കേക്ക്.

ഒരു രഹസ്യം പറയും പോലെ എന്നോട് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തിക്കൊണ്ട് രാധൻ തുടർന്നു; പിന്നെ മറ്റെക്കാര്യവും നമുക്കറിയേണ്ടതല്ലെ.
ഏത് കാര്യം.
മമ്മൂട്ടീടെ കാര്യം.

അതുകേട്ടതും ചെറിയൊരാവേശം തോന്നി എനിക്ക്. ഞാൻ രാധനു പിന്നാലെ ചെമ്മട്ടം കുന്നിൻ്റെ ഉച്ചിയിലേക്ക് സാവധാനം നടന്നു കയറി. അടുത്തെത്താറായതും ലോനപ്പേട്ടൻ ചുണ്ടുകളിൽ നിന്നും പുക പറത്തിക്കൊണ്ട് ഞങ്ങളെയൊന്ന് തിരിഞ്ഞ് നോക്കി. ഞങ്ങൾ നടന്ന് കിതച്ച് അങ്ങേർക്കരികിൽ വന്നു നിന്നു. തൊട്ടടുത്ത നിമിഷം ഒരു മുഖവുരയുമില്ലാതെ ഞങ്ങൾക്കു നേരെ തിരിഞ്ഞു നിന്നുകൊണ്ട് ലോനപ്പേട്ടൻ പറഞ്ഞു; ഞാൻ കുറച്ച് ദിവസമായിട്ട് നല്ല തിരക്കിലായിപ്പോയി. അതാ ഇത്ര താമസിച്ചത്. കഥ കൊള്ളാമായിരുന്നു കെട്ടോ.

വലിച്ചു തീർത്ത സിഗരറ്റ് കുറ്റി വളരെ നാടകീയമായി പാറപ്പുല്ലിലേക്ക് ഞൊട്ടിത്തെറുപ്പിച്ച് കൊണ്ട് അയാൾ തുടർന്നു; മമ്മൂട്ടിയെ വിളിക്കാനാണ് തീരുമാനം.

അതു കേട്ടതും എൻ്റെ ദൈവമേ എന്ന് മനസിൽ അറിയാതെ ഞാൻ വിളിച്ചു പോയി. ഞാനും രാധനും തെല്ലൊരൽഭുതത്തോടെ മുഖത്തോടു മുഖം നോക്കി. സംഭവിക്കാൻ പോകുന്നത് നേരുള്ളത് തന്നെയായിരിക്കുമൊ. എൻ്റെ മനസ്സിൽ ഒരാശങ്കയും മുളപൊട്ടി. മുൻപെപ്പൊഴെങ്കിലും ആർക്കെങ്കിലും വേണ്ടി ഇങ്ങേര് മമ്മൂട്ടിയെ വിളിച്ചതിനെ പറ്റിയൊക്കെ ഒന്നന്വേഷിച്ചിട്ട് വരണമായിരുന്നു. ഞാനോർത്തു. മമ്മൂട്ടിയുടെ പേരുംപറഞ്ഞ് ഇങ്ങേരാരെ എന്തും പറഞ്ഞാണ് വിളിക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ഞാൻ സംശയിച്ചു നിന്നു.

ഇപ്പൊ വിളിക്കാനൊ, രാധൻ ലോനപ്പേട്ടനോട് ചോദിച്ചു.
ഒന്നു വിളിച്ചു നോക്കാം. ഫ്രീയാണെങ്കി ഫോണെടുക്കും.

ലോനപ്പേട്ടൻ നാടകീയമായിത്തന്നെ പോക്കറ്റിൽ നിന്നും  മൊബേൽ ഫോൺ കൈയിലെടുത്ത് ഏതോ നമ്പറ് തിരയാൻ തുടങ്ങി. ഞങ്ങൾക്കു ചുറ്റിലുപ്പോൾ പാറപ്പുല്ലിനെ കോതി ഒതുക്കികൊണ്ട് കാറ്റ് വീശിക്കൊണ്ടേയിരുന്നു. ഒടുക്കം മമ്മൂട്ടി എന്ന് സേവ് ചെയ്ത ഒരു നമ്പറ് ഞങ്ങളെ കാണിച്ചുകൊണ്ട് ലോനപ്പേട്ടൻ ചോദിച്ചു; എന്നാ വിളിച്ചോട്ടെ.

ഞാനും രാധനും ആ നമ്പറിലേക്ക് നോക്കികൊണ്ട് യാന്ത്രികമായി തലയാട്ടി.
ലൗഡ് സ്പീക്കറിലിട്ടേക്കാം. എന്താ…

നമ്പർ ഡയൽ ചെയ്ത് വളരെ ലാഘവത്തോടെ ദൂരേക്ക് നോക്കി നിൽക്കുന്ന ലോനപ്പേട്ടനെ ഞാൻ കണ്ണു മുഴുക്കനെ കണ്ടു. പെട്ടന്ന് എൻ്റെ അവിശ്വാസത്തിനു മേലെ എവിടെ നിന്നോ വിശ്വാസത്തിൻ്റെ ഒരു കരം വന്നു വീണു. ചിലപ്പോൾ ലോനപ്പേട്ടൻ വിളിക്കുന്നതും ഫോണെടുത്താൽ അങ്ങേരോട് കൊച്ചുവർത്തമാനം പറയുന്നതും മമ്മൂട്ടി തന്നെയാണെങ്കിലൊ.

എൻ്റെ ശ്വാസഗതി അതോടെ ഉയർന്നു. എൻ്റെ നെഞ്ചിൻകൂട് പടപടാന്നടിക്കുകയും എൻ്റെ തൊണ്ടവരളുകയും ചെയ്തു. ലൗഡ്സ്പീക്കറിലുള്ള ലോനപ്പേട്ടൻ്റെ മൊബേലിൽ നിന്ന് അങ്ങേത്തലയ്ക്കൽ ഫോൺ റിങ്ങ് ചെയ്യുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ ചെവി കൂർപ്പിച്ച് ആശ്ചര്യത്തോടെ അത് കേട്ടുകൊണ്ടിരുന്നു. എൻ്റെ മനസിലപ്പോൾ ഭാസ്ക്കര പട്ടേലരും അച്ചൂട്ടിയും ബാലൻ മാഷും ചന്തുവും അങ്ങനെ മറ്റു പലരും ഓടി വന്ന് തല വെട്ടം കാണിക്കുവാൻ തിരക്കുകൂട്ടി. അവസാന റിങ്ങെത്താറയപ്പൊഴെയ്ക്കും എനിക്ക് ശ്വാസം തടഞ്ഞുപോയിരുന്നു. ഞാനാകെ വിയർക്കുന്നുണ്ടായിരുന്നു.

ഞാൻ ചെവി രണ്ടും അതീവ ശ്രദ്ധയോടെ തുറന്നു പിടിച്ചുനിന്നതും അവസാന റിങ്ങിൽ അങ്ങേതലയ്ക്കൽ കോൾ റിസീവിലാവുകയും അണ്ഡകടാഹത്തെയും ഞങ്ങളെയും കോരിത്തരിപ്പിച്ചുകൊണ്ട് ആ കനമുള്ള ശബ്ദം മൊബൈലിൽ നിന്ന് ഞങ്ങൾ കേൾക്കുകയും ചെയ്തു.

ലോനപ്പൻച്ചേട്ടാ…
മമ്മൂട്ടി തന്നെയായിരുന്നു അത്.

Comments