ഇളവൂർ ശശി

മണം

എതിരാളിയുടെ കാലിലെ ബലൂണെന്ന കണക്കേ മാമൻ, തന്റെ ഇടം കാൽകൊണ്ട് ഏറ്റവും ചെറിയ ബലൂൺ ചവിട്ടി ദൂരേയ്ക്ക് തെറിപ്പിക്കും. അത് നിലം തൊടുമ്പോൾ ഉള്ളിലെ മുലപ്പാലും ചോരയും ഒന്നായി പുറത്തേയ്ക്ക് ചീറും. ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞ അവശേഷിച്ച രണ്ട് ബലൂണുകൾ റബ്ബർപന്ത് കണക്കേ 'അമ്മേ…'ന്നൊരൊച്ചയോടെ തിരികെ നിലത്തേയ്ക്ക് വീണ് നനവോടെ നിശ്ചലമാകും.

നിറഞ്ഞ കാടിപ്പാത്രം പശുവിന്നരികിലേയ്ക്ക് നീക്കിവെച്ചയുടൻ അതിൻ്റെ മൂക്കുകയറിലേക്ക് മെല്ലെ പിടിച്ചുകൊണ്ട് അമ്മയിങ്ങനെ പറഞ്ഞു: ''നീയാദ്യം വെള്ളം കുടിക്ക്, പിന്നെ അടിയിലേയ്ക്ക് മുക്കളയിടാം’’.

രാവിലത്തെ പഴങ്ങഞ്ഞി മുന്നിലേയ്ക്ക് വച്ചുതന്നശേഷം സാധാരണ അമ്മ പശുവിനോടെന്നപോലെ ഞങ്ങളോടിങ്ങനെ പറയാറില്ലെങ്കിലും.
അമ്മയെപ്പോലെ ഞങ്ങൾക്കും നന്നായിട്ടറിയാം, മുന്നിലിരിക്കുന്ന പിഞ്ഞാണ പാത്രത്തിലെ നിറഞ്ഞ പഴങ്ങഞ്ഞിവെള്ളത്തിനടിയിൽ ഒരുപിടി ചീനിയോ അല്പം റേഷനരി ചോറോ മാത്രമേ കാണുകയുള്ളെന്ന്.

എങ്കിലുമാദ്യം, തോട്ടിലെ കലക്കവെള്ളത്തിനടിയിൽ പിടിതരാതെ വഴുതിമാറുന്ന പൊത്തലെന്ന മീനെ തപ്പിപ്പിടിക്കാനെന്ന പോലെ വലംകൈ അറിയാതെ പാത്രത്തിന്റെ അടിത്തട്ടിലേയ്ക്കെങ്ങാനും മുങ്ങാംകുഴിയിട്ടാൽ, അടുക്കളപ്പടിയിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള അമ്മ ഞങ്ങളിലേയ്ക്ക് തുറിച്ചൊര് നോട്ടം നോക്കും. അപ്പോഴാമുഖത്ത് പശുവിനോട് പറഞ്ഞ ആ വാക്കുകൾ തെളിഞ്ഞു വരും. പിന്നെ ഒന്നുംതന്നെ ഞങ്ങളോട് പറയേണ്ടിവരില്ല അമ്മയ്ക്ക്. അതിനുമുമ്പേ ആ പങ്ങഞ്ഞിവെള്ളം ഒറ്റവലിക്ക് ഗുരുത്വാകർഷണത്തിന് വിരുദ്ധമായി ഞങ്ങളുടെ ഒഴിഞ്ഞപള്ളയിലേയ്ക്ക് വളഞ്ഞ്കയറിപ്പോകും.

വാർഷികപ്പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടമടച്ചാ പിന്നെ അന്നോളം ഉച്ചതോറും വയറുനിറച്ചിരുന്ന വേവിച്ച ഗോതമ്പും ചോളവും കിട്ടാതെ വരുകയും, വീട്ടിലും അയൽപക്കങ്ങളിലും അടുത്തുള്ള അകന്ന ബന്ധുവീടുകളിൽ പോലുമുള്ള മരച്ചീനിയും ചക്കയും തീർന്നു പോവുകയും ചെയ്യുന്ന കാലമായതിനാൽ, അടുത്ത ദിവസം രാവിലെ തന്നെ കഴിഞ്ഞ വർഷം ഇതേ സമയം പറഞ്ഞയാ വാക്കുകൾ അമ്മ ആവർത്തിക്കും. അതിൽ, വലിയച്ഛന് പകരം മാമനെന്നോ കുഞ്ഞമ്മയെന്നോ ഉള്ള സ്ഥാനപ്പേരിൻ്റെ മാത്രം വ്യത്യാസമേ ഉണ്ടാകാറുള്ളൂ.
ദേ… അമ്മ എന്നോട് പറയുന്നത് കേട്ടില്ലേ: "മോനേ… നീ പള്ളിക്കുടം തുറക്കുന്നതുവരെ സുന്ദരൻ മാമൻ്റെ വീട്ടിലോട്ട് പോയ് നില്ല്. അവിടാകുമ്പോൾ കളിക്കാൻ പിള്ളേരുമുണ്ട്. വല്ലപ്പോഴും അല്ലറ ചില്ലറ സാധനങ്ങളൊക്കെ വേടിക്കാൻ റേഷൻ കടയിലോ പലചരക്ക് കടയിലോ ഒക്കെയൊന്ന് പോയി മാമിയെ സഹായിച്ചാ മാത്രം മതി. അല്ലാതെ എല്ല് പൊട്ടുന്ന പണിയൊന്നുമില്ല അവിടെ. പിന്നെ… അവിടെനിന്നാ സുന്ദരൻ മാമനെന്നും ഷാപ്പീന്ന് വരുമ്പോ വല്ല്യ നെമ്മീനും ചൂരയും ഞണ്ടുമൊക്കെ കറിവെച്ചതും ഇഷ്ടം പോലെ കൊണ്ടുവരും’’.

മീൻ കറിയുടെ കാര്യം പറഞ്ഞു തുടങ്ങുമ്പോഴേ അമ്മയുടെ മുഖം വിടർന്ന് വികസിക്കാൻ തുടങ്ങും. ഞാനന്നോളം കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ വലിയ മീനുകളുടെ പേര് കേട്ടപ്പോൾ തന്നെ എന്റെ നാവിൽ നുര അധികമായി. അത് തുപ്പിക്കളയാതെ കുടിച്ചിറക്കി അമ്മയോടിങ്ങനെ പറഞ്ഞു: ''കഴിഞ്ഞവധിക്ക് വല്ല്യച്ഛന്റെ വല്ല്യ വീട്ടിപ്പോയപ്പോ മൈതാനം പോലെ പരന്നുകിടന്ന മുറ്റം തൂക്കാനും, വെറക് കീറാനും, പറങ്കിമാവേകേറി അണ്ടി പറിക്കാനും, അത്തപ്പൂക്കളം പോലെ കിണറിന് ചുറ്റാകെ നിരത്തിയ ചെറുതും വലുതുമായ പാത്രങ്ങളിൽ വെള്ളം കോരി നിറക്കാനുമൊക്കെ വല്ല്യമ്മച്ചി എളുപ്പമെന്നെ പഠിപ്പിച്ചു’’.

എൻ്റെ ചുളിഞ്ഞ മുഖം കണ്ടിട്ട് അമ്മ ഉടനിങ്ങനെ പറഞ്ഞു: ‘‘സാരമില്ല മോനെ, അവനവനെക്കൊണ്ട് ആവുന്നതെന്തെങ്കിലും ചെയ്തു കൊടുത്താലേ ബന്ധുക്കളായാൽ പോലും ഇന്നത്തെ കാലത്ത് അല്പമാഹാരം തരൂ’’.

ആകെയുള്ള എട്ടുമക്കളിൽ ആറ് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുള്ളൊര് വീടാകുമ്പോൾ, പഴങ്ങഞ്ഞിയിൽ തുടങ്ങി അത്താഴം വരെയും കലത്തിലുള്ളത് വിളമ്പി തെകയ്ക്കുന്ന അമ്മയ്ക്കല്ലേ അതിൻ്റെ വേദന മനസ്സിലാകൂ.

പൗഡർപൂശി വെളുപ്പിച്ച മുഖത്ത് കുഴിഞ്ഞുതാണ കറുത്ത കണ്ണുകൾ പോലെ, വെളുത്ത നിറം അങ്ങിങ്ങായി അടർന്നുതുടങ്ങിയ പിഞ്ഞാണ പാത്രത്തിൽ മഞ്ഞളും ഉപ്പും ചേർത്തിളക്കി വേവിച്ച മരച്ചീനി നിരത്തിയിരിക്കുന്നത് കണ്ടാൽ, വിശേഷ ദിവസങ്ങളിൽ അമ്മയുണ്ടാക്കുന്ന മടക്കപ്പത്തിനായി ഗോതമ്പുമാവ് കുഴച്ച് വട്ടയിലയിൽ പരത്തിയിരിക്കുന്നതുപോലെ തോന്നും. മാത്രമല്ല അതിന് മുകളിലേയ്ക്ക് ശർക്കരയും തേങ്ങയും ചേർത്തിളക്കിയതീന്ന് ഒരല്പമെടുത്ത് വിതറുന്നത് പോലെയാണ്, റേഷനരിച്ചോറ് ഒരു ചെറിയ ചിരട്ട തവിയാൽ കോരി ചീനി വിളമ്പി നിരത്തിയ പാത്രത്തിന് മുകളിലായി വിതറുന്നത്.

വാർഷികപരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്ന രണ്ടു മാസക്കാലം ഞങ്ങടെ വീട്ടിലെ ആൺമക്കൾക്ക് ചെറുതും വലുതുമായ ബന്ധുവീടുകളാണ് തുണ.

ഇപ്രാവശ്യം എനിക്ക് വീണ ഞറുക്ക് സുന്ദരൻ മാമൻ്റെ വീട്ടിലേയ്ക്കുള്ളതായിരുന്നല്ലോ. അമ്മയുടെ ഇളയ സഹോദരനായ സുന്ദരൻമാമൻ, പരമേശ്വരൻ മുതലാളിയുടെ ഷാപ്പിലെ കറിവെപ്പുകാരനായതിനാൽ അമ്മ പറഞ്ഞത് പോലെ നല്ല വലിയ മീനും ഞണ്ടും കക്കയുമൊക്കെ കറിവെച്ചത് മിക്കദിവസ്സങ്ങളിലും രാത്രിയിൽ സ്വന്തംവീട്ടിലേയ്ക്ക് കൊണ്ടുവരുമായിരുന്നു. പട്ടക്കടവ് ഷാപ്പിലെ പേരുകേട്ട പാചകക്കാരനായിരുന്ന മാമൻ്റെ ശ്വാസത്തിലും വിയർപ്പിലുമെപ്പോഴും പട്ടച്ചാരായത്തിൻ്റെ മനംപുരട്ടുന്ന വെറുപ്പ് മണമായിരുന്നു.

നിത്യവും രാത്രിയിൽ വീട്ടിലേയ്ക്ക് നിലതെറ്റി കയറിവരുന്ന മാമൻ, ചെരുപ്പിടാതെ തഴമ്പിച്ച തന്റെ കാലിൽ പറ്റിപ്പിടിച്ച തൊളിവെള്ളത്തെ, ഒറ്റ മുറിക്കുള്ളിലെ പുകക്കറയാൽ ഇരുണ്ട ചുമരിലും തറയിലുമായി വരച്ച് വെച്ചിരുന്ന മാമിയെന്ന ത്രിമാന ചിത്രത്തിന്റെ മാറിലും മടിപ്പാടിലുമൊക്കെ സ്വന്തം കാൽപ്പാദങ്ങളുടെ ചിത്രം കൂടി പതിച്ചുവയ്ക്കുമായിരുന്നു. നേരം വെളുക്കുവോളം ചുമർ ചാരിയിയിരിക്കുന്ന ആ ചിത്രത്തിന്റെ തുറന്ന കണ്ണുകളിലൂടെ അപ്പോഴും നനഞ്ഞ മണ്ണിൻ്റെ നിറങ്ങളത്രയും കീഴേയ്ക്കൊലിച്ചിറങ്ങുന്നുമുണ്ടാകും.

നട്ടപ്പാതിരായ്ക്ക് ആടിയുലഞ്ഞ് വീട്ടിലേയ്ക്കെത്തുന്ന മാമൻ്റെ മടിക്കൂത്തിലപ്പോഴും പട്ടച്ചാരായത്തിൻ്റെ നിറഞ്ഞ കുപ്പികൾ രണ്ടെണ്ണമെങ്കിലും മുഴച്ച് നിൽക്കും. ഇടംകയ്യിലെ അലൂമിനിയം ചോറ്റുപാത്രത്തിനുള്ളിൽ തലതല്ലി മരിച്ച മീനിന്റെ കണ്ണുകളിൽ നിന്നുമുതിർന്ന ചോര അപ്പോഴും പുറത്തേയ്ക്ക് ഒഴുകുന്നുണ്ടാകും.

മഴവെള്ളത്തിൻ്റെയും കണ്ണുനീരിൻ്റെയും നനവ് ചാൽകീറിയ നാലുവരി പച്ചമൺകട്ടയും, അതിന് മുകളിലായി ഓലമെടഞ്ഞ് മറച്ചൊര് ഒറ്റമുറിപ്പുരയായിരുന്നു മാമൻ്റെ കൊട്ടാരം. രാത്രി ഏറെ വൈകിയെത്തുന്ന മാമൻ്റെ പുളിക്കുന്ന തെറി മണം കേട്ടുണരാത്ത ഒരു രാത്രി പോലും ഉണ്ടായിരുന്നില്ല, മാമൻ്റെ മണമുള്ള മൂന്നു പെൺകുഞ്ഞുങ്ങൾക്കും.

എങ്കിലും, മാമനെപ്പോഴും അവരിലെയാമണം പലചരക്ക് കടക്കാരൻ കുട്ടൻ കൊച്ചാട്ടന്റെയും, മുട്ടക്കച്ചവടക്കാരൻ അവറാച്ചായന്റെയും, മീങ്കാരൻ ഉസ്മാൻ കാക്കാൻ്റേതുമെന്ന് പറഞ്ഞുപറഞ്ഞ് മാമിയുടെ മുതുകിലും മാറിലും മടിപ്പാടിലുമായി പഴി പച്ചകുത്തി വെയ്ക്കും. എങ്കിലും, മാമിയപ്പോഴും മാമൻ്റെ വിഴുപ്പലക്കാനുള്ളൊര് അലക്ക് കല്ലായി കുനിഞ്ഞങ്ങനെ നിൽക്കും. മറ്റ് ചിലപ്പോൾ, കടിച്ച്തിന്നശേഷം വലിച്ചെറിഞ്ഞോര് ഉടൽത്തോല് പോലെ അശയിൽ നനവുണങ്ങാതെ ചുളിഞ്ഞങ്ങനെ കിടക്കും.

ഉള്ളിലേയ്ക്കൊഴിക്കുന്ന പട്ടച്ചാരായത്തിന്റെ അളവനുസരിച്ച് പുറത്തേക്ക് ഉയരുന്ന മാമന്റെ തെറിപ്പാട്ട്, ആ പാട്ടിന്റെ താളത്തിനൊത്ത് മാമിയുടെ നൊഞ്ചത്തേയ്ക്കുയരുന്ന മാമന്റെ വലംകാലിൽ അലമുറയിട്ട് നിലവിളിച്ചുകൊണ്ട് മൂന്നു കുഞ്ഞുങ്ങളും കെട്ടിവെച്ച ബലൂണുകളായി തൂങ്ങിക്കിടക്കും. അപ്പോൾ എതിരാളിയുടെ കാലിലെ ബലൂണെന്ന കണക്കേ മാമൻ, തന്റെ ഇടം കാൽകൊണ്ട് ഏറ്റവും ചെറിയ ബലൂൺ ചവിട്ടി ദൂരേയ്ക്ക് തെറിപ്പിക്കും. അത് നിലം തൊടുമ്പോൾ ഉള്ളിലെ മുലപ്പാലും ചോരയും ഒന്നായി പുറത്തേയ്ക്ക് ചീറും. ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞ അവശേഷിച്ച രണ്ട് ബലൂണുകൾ റബ്ബർപന്ത് കണക്കേ 'അമ്മേ…'ന്നൊരൊച്ചയോടെ തിരികെ നിലത്തേയ്ക്ക് വീണ് നനവോടെ നിശ്ചലമാകും.

എല്ലാം കഴിഞ്ഞും ഇഴഞ്ഞിഴഞ്ഞെങ്കിലും മാമി അത്താഴക്കലത്തിലെ വറ്റിൽ നല്ലൊര് പങ്ക് പിഞ്ഞാണത്തിൽ മാമനായി വിളമ്പിവയ്ക്കും. ബാക്കിയുള്ളത് എനിക്കും കുഞ്ഞുങ്ങൾക്കുമായി പകുത്ത് തുടങ്ങും. മാമൻകഴിച്ച് ബാക്കി വരുന്നെങ്കിൽ മാത്രം ആ ഒരുപിടിവറ്റ് മാമികഴിക്കും.

ഷാപ്പിലെ നെമ്മീൻ കറിയുടെ നടുത്തുണ്ടവും ചോറും കൂട്ടിക്കുഴച്ചുരുട്ടിയ കളിപ്പന്ത് മാമൻ വലംകൈയ്യാൽ വായ് വരമ്പിൽ തട്ടാതെ വലയ്ക്കുള്ളിലാക്കും. വയർ നിറഞ്ഞശേഷം ഉള്ളിലേയ്ക്കെറിയുന്ന ഉരുളച്ചോറിൽ ഒരു തരി മണ്ണോ ഒരു നെല്ലിൻതലപ്പോ നാവിൽ തടഞ്ഞാൽ പിന്നെ ചവച്ചരച്ച ചോറും മീനും വായിൽ നിന്നും പുറത്തേയ്ക്ക് ചീറ്റും. വസൂരിക്കല പടർന്നപോലെ അത് മാമിയുടെ മുഖത്തും മാറത്തും പറ്റിച്ചേർന്നിരിക്കും.

നിറഞ്ഞ കണ്ണോടെ മാമി പുരയ്ക്ക് മൂലയിലേയ്ക്കിരുന്ന് വിറച്ച് വിറച്ച് അത് ഒന്നൊഴിയാതെ നിലത്തേയ്ക്കുരിഞ്ഞിടും. മാമനപ്പോൾ ഞങ്ങൾക്കായി നിരത്തിയ പാത്രങ്ങളിൽ വിളമ്പിവച്ചിരിക്കുന്ന അത്താഴമെല്ലാമെടുത്ത് ഗോളിയില്ലാത്ത വാതിലിലൂടെ പുറത്തേയ്ക്ക് പറത്തിവിടും. അപ്പോഴേയ്ക്കും ഒച്ചവറ്റിയ മൂന്ന് പെൺകുഞ്ഞുങ്ങളും പുരയ്ക്ക് മൂലയിൽ പരസ്പരം പുതപ്പായ് വിശപ്പ് കരിഞ്ഞ മണം പകുത്ത് ഉറങ്ങിത്തുടങ്ങും.

അതിരാവിലെ തെളിഞ്ഞുണരുന്ന മാമൻ കുഞ്ഞുങ്ങൾക്കുമെനിക്കും പുതപ്പുവിരിച്ച് തരികയും മുറ്റത്തേയ്ക്കെറിഞ്ഞതിൽ പാതി ഉടഞ്ഞതും ഉടയാത്തതുമായ കലവും പാത്രവും പെറുക്കി അടുക്കിയും വെയ്ക്കും. മാമിയപ്പോഴും നനവ് മാറത്ത കണ്ണുമായി മാമൻ്റെ ശുക്ലത്തിൽ ഒട്ടിപ്പിടിച്ച് മണവും മറയുമില്ലാതെ മലർന്ന് കിടക്കുന്നുണ്ടാകും!.

പിച്ചിച്ചീന്തിയ വസ്ത്രങ്ങൾ പെറുക്കി മാമിയുടെ നെഞ്ചിലേക്ക് വിരിച്ചുകൊണ്ട് മാമൻ, ''എൻ്റെ പൊന്നുമോളേ… എന്നോട് ക്ഷെമിക്കെടീ" എന്ന് ഒരായിരം വട്ടം നെഞ്ചുപൊട്ടി തലതല്ലിക്കേഴും. ശേഷം എന്നെയും കൂട്ടി കുട്ടൻ കൊച്ചാട്ടന്റെ ചായക്കടയിലേയ്ക്ക് ഓടും.

കരിഞ്ഞവയറോടെ കൈനീട്ടി നിൽക്കുന്ന കുഞ്ഞുങ്ങൾക്കും ഒപ്പമെനിക്കും മാമനും പുട്ടും പയറും പകുത്ത് നൽകിയ ശേഷം മാമി കട്ടൻ ചായ തിളപ്പിക്കാൻ തുടങ്ങും. എല്ലാവരോടുമായി ചിരിച്ചും കളിപറഞ്ഞും കുഞ്ഞുങ്ങളെ വാരിപ്പുണർന്ന് ഉമ്മനൽകിയും മാമൻ വീണ്ടും പരമേശ്വരൻ മുതലാളിയുടെ സൽക്കർമ്മങ്ങളെ വാനോളമുയർത്തിപ്പാടി ഷാപ്പിലെ കറിവെപ്പുകാരന്റെ വേഷം കെട്ടാൻ തുടങ്ങും.

ആർത്തിയോടെ ആഹാരം വാരിക്കഴിക്കുന്ന ഇളയവൾ ആര്യ കുഞ്ഞിക്കൈകളാൽ ഒരുരുളയൂരിട്ടി അപ്പോൾ മാമന് നീട്ടും. ഒട്ടിയ കവിളത്തൊരുമ്മ നൽകി ആ കുഞ്ഞിളംവായിലേയ്ക്ക് തന്നെ അത് തിരികെവച്ച്കൊടുത്ത് നിറഞ്ഞ മിഴിയോടെ മാമൻ മുറ്റത്തേയ്ക്കിറങ്ങുമ്പോൾ ഇടയിലത്തവൾ ആതിര അന്നും മാമനോടായി ഇങ്ങനെ പറഞ്ഞു: "അച്ഛാ… അച്ഛനിന്നെങ്കിലും കള്ളുകുടിക്കാതെ വരണേച്ഛാ."

പതിവുപോലെ മൂന്നു പെൺമക്കളുടെയും തലയിൽ കൈവെച്ച് മാമനപ്പോൾ ഇങ്ങനെ പറയും; "എൻ്റെ പൊന്നുമക്കളാണെ ഇനിയച്ഛൻ കുടിക്കത്തില്ല.’’

അവിടെ ആ പകലിലപ്പോൾ നാലഞ്ച് മുല്ലപ്പൂക്കൾ വിടർന്ന് നിൽക്കും.

എന്നും വൈകീട്ട് അണ്ടിയാപ്പീസീന്ന് ഓടിക്കിതച്ച് വീട്ടിലേയ്ക്ക് വന്നാലാദ്യം മാമി, അണ്ടിക്കറയാൽ മൈലാഞ്ചി പോലെ നിറം പിടിച്ച വിരലുകൾ നീട്ടി ആര്യയെ മാറോടണയ്ക്കും. മൂത്തവൾ അശ്വതിയപ്പോൾ മുറ്റമടിച്ചും എച്ചിൽ പാത്രങ്ങൾ കഴുകി വെച്ചും അമ്മയ്ക്ക് കൂട്ടായി കൂടെ നിൽക്കും. ആഹാരം വെന്ത്ക്കഴിയുമ്പോൾ മാമി പറയും: ''മക്കളെ… അച്ഛൻ കൊണ്ടുവരുന്നത് നോക്കിയിരിക്കെണ്ട. ഒള്ള കറിയും കൂട്ടി നിങ്ങളത്താഴം നേരത്തേ… കഴിച്ച് കെടന്നോ. അച്ഛനിന്നും, നാലാം കാലിലാണ് വരുന്നതെങ്കിൽ എന്നത്തേതും പോലെ നിങ്ങളിന്നും പട്ടിണി കിടക്കേണ്ടി വരും’’.

നടുവത്തവൾ ഉടനെ അമ്മയോട് പറയും: "വേണ്ട, വേണ്ട, ഇന്നെൻ്റെയച്ഛൻ കുടിക്കത്തില്ലെന്നാ പറഞ്ഞേക്കുന്നത്! ഞങ്ങള് അച്ഛൻ വന്നിട്ടേ കഴിക്കുന്നോള്ള്’’.

മണ്ണെണ്ണ വിളക്ക് തെളിഞ്ഞുതുടങ്ങുമ്പോൾ കുഞ്ഞുങ്ങൾ പുരയ്ക്കുള്ളിലേയ്ക്ക് കയറി പുറത്തെ ഇരുളിലേയ്ക്ക് കണ്ണുംനട്ടിരിക്കും. അപ്പോഴും, ''നിങ്ങളത്താഴം കഴിച്ച് കിടന്നോ അച്ഛനിപ്പഴെങ്ങും വരത്തില്ല" എന്ന് മാമി ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും.

കുഞ്ഞുങ്ങൾ അച്ഛനെ കാത്ത് കാത്ത് വാതിൽക്കൽ കുഴഞ്ഞുറങ്ങി തുടങ്ങുമ്പോൾ. ഇരുൾ വഴിയിൽ നിന്ന് "കേശവോ… എൻ്റെ കൊച്ചുങ്ങളെന്തിയേടാ…?" ന്നുള്ള മാമൻ്റെ ചോദ്യം, ടേപ്പ് റിക്കാഡറിലെ വലിഞ്ഞ കാസെറ്റീന്നുയരുന്ന ശബ്ദം പോലെ വികൃതമായി കേൾക്കും. എന്നാൽ മുറ്റത്തേയ്ക്കെത്തിയാലുടനെ മാമിയോടായി, "എടീ… മറ്റേ മോളെ നിയെൻ്റെ കൊച്ചുങ്ങളെ ഒറക്കിയേച്ച് ഏതവനുമായ് കെടക്കുവാരുന്നെടീ…?" ന്ന് ഉച്ചത്തിൽ കലിതുള്ളും.

"കൊച്ചുങ്ങടെ തലേ കൈവച്ച് സത്യം ചെയ്തുപോയ ആളാ, ഈ നട്ടപ്പാതിരായ്ക്ക് കേറിവന്ന് ലവലില്ലാതെ ഓരോ തോന്നിവാസങ്ങള് വിളിച്ച് പറ’’.

ഇടറിയ ശബ്ദത്തോടെ മാമി പറഞ്ഞു മുഴുപ്പിക്കും മുമ്പേ മാമന്റെ കാൽപാദങ്ങൾ മാമിയുടെ ദേഹത്തേയ്ക്ക് പതിച്ചുതുടങ്ങും. അപ്പോൾ കുട്ടികൾ ഞെട്ടിയുണർന്ന് നിലവിളിച്ച് മാമൻ്റ കാൽക്കൽ വീഴും. മാമനെ പിടിച്ചുനിർത്താൻ പല പ്രാവശ്യം ഞാനും ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. വെറുമൊര് 12 വയസ്സുകാരന്റെ കയ്യിൽ ഒതുങ്ങുന്നതായിരുന്നില്ല മാമൻ്റെ ബലിഷ്ടമായ ആ ശരീരം.

ഇടിയും തൊഴിയും കൂടിച്ചേർന്നുള്ള മഴ ഇടയ്ക്കൊന്ന് ശാന്തമായെങ്കിലും അണഞ്ഞുപോയ മണ്ണെണ്ണ വിളക്കും ഇരുൾമൂടിയ പുരയ്ക്ക് മൂലയിലെ മാമിയുടെ കുതർച്ചയും ഞരക്കവും ചെകിടത്ത് പതിയുന്ന കൈപ്പത്തിയുടെ ശബ്ദവും ആ വീടിൻ്റെ ഇരുട്ടിനെ കൂടുതൽ വികൃതമാക്കി.

മാമൻ്റെ അലർച്ചയും പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധവും മൂക്കിലേയ്ക്ക് തുളച്ച് കയറിയപ്പോഴാണ് തീപ്പെട്ടിക്കായി പരതിയത്. വിളക്ക് തെളിച്ചപ്പോൾ പുരയ്ക്ക് നടുക്കായി കമിഴ്ന്നുകിടന്നിരുന്ന മാമനുമുന്നിൽ ദഹിക്കാത്ത ചീനിയും ചോറും മീൻകറിയുമെല്ലാം കൂടിക്കുഴഞ്ഞ ഛർദ്ദിൽ പട്ടച്ചാരായത്തിൻ്റെ വെറുപ്പ് മണത്തോടെ അവിടമാകെ പരന്ന് തുടങ്ങിയിരുന്നു. അപ്പോഴും മാമി പുരയ്ക്ക് മൂലയിൽ ആർത്തവച്ചോര പുതച്ച് മലർന്ന് കിടക്കുകയുമായിരുന്നു. അവരുടെ വസ്ത്രങ്ങളോരോന്നും അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു. ഒരു ചെറ് ഞരക്കമായി മാമി എന്നോടിങ്ങനെ പറഞ്ഞു:

"മോനേ… നിൻ്റെ മാമൻ്റെയീ ഛർദ്ദിൽ കോരി പുറത്തേയ്ക്കെറിഞ്ഞ് കളഞ്ഞാ… മാമൻ ഷാപ്പിന്നു കൊണ്ടുവന്ന ചൂരേടെ തലകൂടി ഈ വാൽ കഷ്ണത്തിനൊപ്പം നെനക്ക് തരാം’’.

മലപോലെ മുന്നിൽ കിടന്ന ഛർദ്ദിലിന്റെ രൂക്ഷഗന്ധം മൂക്കിലേയ്ക്ക് തുളച്ച് കയറി. ഒപ്പം കത്തിയെരിയുന്ന എൻ്റെ കുടലിൽ നിന്നും വിശപ്പിൻ്റെ നിലവിളിയും പുറത്തേയ്ക്കൊഴുകി. മുറ്റത്ത് ചിതറിക്കിടന്ന ഉടഞ്ഞ അരിക്കലത്തിൻ്റെ പാതിയെടുത്ത് അടുത്തേയ്ക്ക് വച്ച് ഇരുകൈകളാൽ ചിതറിക്കിടന്ന ഛർദ്ദിൽ കോരി അതിലേയ്ക്കൊഴിച്ച് പുരയ്ക്ക് പുറത്തേയ്ക്കിറങ്ങി.

പൊട്ടിയ പാത്രത്തിൽ ബലമായി പിടിച്ച് അതിലെ ഛർദ്ദിൽ ഇരുളിലേയ്ക്ക് വിതറി. ശേഷം അടുപ്പിലെ അണയാത്ത കനൽ അതേ പാത്രത്തിൽ കോരി നിലത്തെ ഛർദ്ദിൽ നനവിലേയ്ക്ക് വിരിച്ച് പാത്രം കഴുകി തിണ്ണയിലേയ്ക്ക് കമഴ്ത്തി. അപ്പോഴേക്കും മാമി ഇടങ്കയ്യാൽ കണ്ണുനീർ തുടച്ച് വലംകൈയാല്‍ ചോറും ചൂര മീനിന്റെ വാലും തലയും എനിക്കായി പിഞ്ഞാണത്തിൽ നിറച്ചു. ആ ചൂരമീൻ തലയിലെ മരിച്ച കണ്ണുകളപ്പോഴും എന്നിലേയ്ക്ക് തുറിച്ച് നോക്കുന്നുണ്ടായിരുന്നു.

"മാമീ…മാമി കൂടി അല്പമെന്തെങ്കിലും കഴിക്ക്?" എന്ന് ഞാനും "നിൻ്റെ മാമൻ വയറുനിറച്ചെനിക്ക് തന്നില്ലേ, ഇന്നിനി വേറൊന്നും വേണ്ട" എന്ന് മാമിയും.

എത്ര കഴുകിയിട്ടും മായാതെ എൻ്റെ കൈകളിലും മനസ്സിലും അപ്പോഴും ആ ചർദ്ദിൽ മണം മുഴച്ചുനിന്നു. എങ്കിലും കാളുന്ന വിശപ്പും ചൂരമീൻ കറിയുടെ മണവും മനസ്സിനെ കൊതിപ്പിച്ചു. രണ്ടുരുള ഉള്ളിലെത്തിക്കഴിഞ്ഞപ്പോഴാണ് പുരയ്ക്ക് നടുക്ക് കമഴ്ന്ന് കിടന്നിരുന്ന മാമൻ ഉണർന്നെഴുന്നേറ്റിരുന്നതും അടുത്ത നിമിഷമാ വായിൽ നിന്നും പൂത്തിരി പോലെ ഛർദ്ദിൽ വീണ്ടും പുറത്തേക്ക് ചീറിയതും. പിഞ്ഞാണത്തിലെ ചൂരമീനിൻ്റെ തുറിച്ച കണ്ണിലേയ്ക്കും എൻ്റെ ദേഹത്തേയ്ക്കും അത് തെറിച്ച് വീണു. ഒപ്പം മങ്ങി കത്തിയിരുന്ന മണ്ണെണ്ണ വിളക്കിനേയും അത് അണച്ചു.

ആളിക്കത്തിയ വിശപ്പോടെ അന്ന് കൂനിക്കൂടി കിടന്നതേ ഓർമയുള്ളൂ. ഉറക്കമുണർന്നപ്പോൾ കണ്ടത് ചിറകും തലയും വേർപെട്ട വലിയൊര് ചൂരമീനിന്റെ നടുത്തുണ്ടം പുരയ്ക്ക് നടുക്ക് വിരിച്ച കനലിൽ മൊരിയുന്നതാണ്. അരികത്തായി പാതികരിഞ്ഞ് പുറത്തേയ്ക്ക് തെറിച്ച് കിടന്നിരുന്നു അതിലെ കുടലും പണ്ടവും.

അപ്പോഴും, ചാണകത്തറയുടെ മൂലക്കലായി വിണ്ടു കീറിയ പുതപ്പ് പോലെ തന്റെ ശരീരത്തെ പുണർന്നിരുന്ന പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും ചിറകിലൊതുക്കിയ മാമി, തന്റെ കൈയ്യിലിരുന്ന ചോരയിറ്റുന്ന കത്തിയിലോയ്ക്കങ്ങനെ ഇമവെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു!!.

അപ്പോഴും, ആരുടേതെന്നറിയാത്തൊര് ചുവന്ന ഒറ്റച്ചെരുപ്പ് ആ മുറ്റത്ത് കമിഴ്ന്ന് കിടപ്പുണ്ടായിരുന്നു.

കാലം ഏറെ കഴുകിക്കളഞ്ഞെങ്കിലും ഇന്നും വെളുക്കാതെ ആ ചെരുപ്പും എൻ്റെ കൈകളിലെ മണവും…


Summary: "മോനേ… നിൻ്റെ മാമൻ്റെയീ ഛർദ്ദിൽ കോരി പുറത്തേയ്ക്കെറിഞ്ഞ് കളഞ്ഞാ… മാമൻ ഷാപ്പിന്നു കൊണ്ടുവന്ന ചൂരേടെ തലകൂടി ഈ വാൽ കഷ്ണത്തിനൊപ്പം നെനക്ക് തരാം’’.


ഇളവൂർ ശശി

കഥാകൃത്ത്. നിർമ്മാണ മേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും, കോന്ദ്ര, പിച്ചണ്ടി എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments