വി. ജയദേവ്

മാനസ സഞ്ചര രേ

മോർച്ചറി അടഞ്ഞുകിടന്നു, ഗബ്രിയേൽ അവിടെയെത്തുമ്പോൾ. അതെന്നും അടഞ്ഞുകിടന്നാൽ മതിയെന്നാണ് ആദ്യം വിചാരിച്ചത്. മനസിന്റെ ഓരോ സഞ്ചാരങ്ങൾ. അത് അടഞ്ഞുകിടന്നതുകൊണ്ട് ആർക്കെന്തു പ്രയോജനം എന്നു വിചാരിക്കാൻ പോയില്ല. അത് അടഞ്ഞതുകൊണ്ട് ആരും മരിക്കാതിരിക്കുന്നൊന്നുമില്ല. മരിച്ച എല്ലാവരും മോർച്ചറിയിൽ എത്തുന്നില്ല. മരണശേഷം നീട്ടിവയ്ക്കപ്പെട്ടവർ മാത്രമാണ് അവിടെ.

‘‘നീ നേരത്തേ എത്തിയല്ല്…”, തൃക്കണ്ണാപുരം സ്റ്റേഷനിലെ സിപിഒ കലാകാരൻ ചോദിച്ചു. അയാളും ഒരു ധൃതിയുമില്ലാതെ വന്നുകൊണ്ടിരിക്കുകയായിരുന്നു.

‘‘വിളിക്കുമ്പോൾ വിളിപ്പുറത്തല്ലേ…” ഗബ്രിയേൽ പറഞ്ഞതു പൂർത്തിയാക്കിയില്ല..

‘‘നിനക്കൊന്ന്ം വേറെ പണിയില്ലടാവ്വേ…?”

‘‘എനക്കങ്ങന ആരേം കൊല്ലാന്ം മറ്റുമില്ലല്ലോ…”

‘‘എന്നാപ്പിന്ന നെനക്കങ്ങ് ജീവിക്കാമ്മേലേ…?” മോർച്ചറി തുറക്കുന്ന സമയം വരെ അതിന്റെ മുന്നിൽ നിൽക്കേണ്ടിവരുന്ന ദൈന്യത മാറ്റാനാണ് കലാകാരൻ ചോദിക്കുന്നത്.

‘‘അങ്ങന ജീവിച്ചിര്ക്ക്മ്പോഴല്ലേ സാറമ്മാര്….”

‘‘അതിന് ശവത്തെ കണ്ടിക്കാനൊന്ന്ല്ലല്ലോ…?”

‘‘അത്രേം ഭാഗ്യം..” കലാകാരൻ മാറിനിന്ന് ഒരു സിഗരറ്റു കൊളുത്തി. അയാൾക്ക് അപ്പോൾ തന്നെ മടുപ്പു വന്നുകഴിഞ്ഞിരുന്നു.

‘‘സാറിന് കലാകാരൻ എന്ന പേര് നന്നായി എണങ്ങന്ന്ണ്ട്…ആരോ അറിഞ്ഞ്ട്ട പേരാരിക്കും…”

‘‘അതെല്ലം ഓരോ തന്തവൈബിന്റെ കാര്യം…പത്തുമുപ്പതു കൊല്ലം നാടകം ചവിട്ടിയിട്ടും ഒരു കലാകാരനായി അറിയപ്പെടാത്തേന്റെ ഏനക്കേടാര്ന്ന് അപ്പന്…”

‘‘മോൻ പേരോണ്ടന്നെ ഒര് കലാകാരനെന്ന് വിളിക്കപ്പെട്ംന്ന് കര്തീട്ട്ണ്ടാവ്ം…”

‘‘അങ്ങന എന്തോ ദെണ്ണെളക്കാര്ന്ന്…എന്നാല്ം..”

‘‘സാറ് ശെരിക്ക്ം ഒര് കലാകാരൻ തന്നേണ്..പോലീസിന്ന് എത്ര പേര് കലാകാരമ്മായി പോയിട്ട്ണ്ട്…സാറ് ഇപ്പത്തന്ന കലാകാരനായ്…”

‘‘എടാ, നെനക്ക് കൊർച്ച് അട്പ്പോം സാതന്ത്ര്യോം തന്ന്ന്ന് വെച്ച് വെള്പ്പാങ്കാല്ത്തേ വന്ന് ഊതര്ത്…മക്കളെ പറേപ്പിക്കാനായിട്ട് ഓരോ തന്താര്…”

അയാൾ മൂന്നോ നാലോ പുക വിട്ടതിനുശേഷം ബാക്കി കുത്തിക്കെടുത്തി അക്ഷമനായി.

‘‘എന്താടോ അവനൊന്ന്ം ഇങ്ങട്ട് കെട്ടിയെട്ക്കാത്തെ…?”

മോർച്ചറി ജീവനക്കാരനും ആശുപത്രിയിലെ അറ്റൻഡറും വരാൻ മറുലോകത്തേക്കു വരാൻ വൈകുന്നതെന്താണെന്നു ഗബ്രിയേലിനും മനസിലായില്ല. സാധാരണ ഐഡന്റിഫിക്കേഷൻ ഉള്ള ദിവസം രാവിലെ ഹാജർ വിളിക്കുന്നതാണ്..

‘‘താനിവിടെ നില്ല്. ഞാനൊന്ന് നോക്കിയേച്ച്ംവച്ച് വെരാ..ചെന്നിട്ട് ഒര്ത്തന്റ ജേയില് ട്രാൻസ്ഫറ്ണ്ട്…”

രണ്ടു പേരും വൈകാതെ എത്തുമെന്നു സി.പി.ഒ കലാകാരന് അറിയാത്തതല്ല. എന്നാലും മോർച്ചറിക്കു മുന്നിൽ നിൽക്കുന്നതിന്റെ ഒരു വിമ്മിട്ടപ്പാട് മാറ്റാനാണ്. അതൊന്നും എത്ര പുക വിട്ടാലും മാറ്റാൻ പറ്റുന്നതല്ല. അല്ലെങ്കിൽ ഒന്നു മിനുങ്ങിയാൽ പിന്നെ ഒന്നു മനസു മടുക്കും. ഗബ്രിയേലിന് അവിടെ നിൽക്കാൻ വലിയ കൊതിയുണ്ടായിട്ടൊന്നുമല്ല. സ്റ്റേഷനിൽ നിന്നു വിളിച്ചു, വന്നു എന്നു മാത്രം.

ഗബ്രിയേൽ ചുറ്റും നോക്കി. ഒരു മോർച്ചറി പരിസരത്തിന്റെ എല്ലാ വൃത്തികേടുകളും അവിടെയുണ്ട്. ആരുടെയും മനസ് മുഷിപ്പിക്കാതെ നോക്കേണ്ട ബാധ്യതയൊന്നും മോർച്ചറിക്കില്ല. കഴിയുന്നതും ആരും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരിടം. കഷ്ടകാലം കൊണ്ടു മാത്രം അവിടെ വന്നു പോവേണ്ടിവരുന്നു. മോർച്ചറി ജീവനക്കാരനും കാവൽക്കാ രനുമായ ആൾക്കും തൃപ്തിയുണ്ടായിട്ടല്ല. കൃത്യമായ ശമ്പളം ഒരു പ്രലോഭനം തന്നെ.

സി.പി.ഒ കലാകാരൻ തിരിച്ചുവന്നപ്പോൾ അയാളുടെ പിന്നാലെ ഒരു സ്ത്രീയുമുണ്ട്. അടുത്തു വന്നപ്പോൾ ഗബ്രിയേൽ ചോദിച്ചു.

‘‘ഒര് ധൈയിര്യത്തിന് കൂട്ട്യേതാവ്ം…?”

‘‘അല്ല. ഇന്ന് തന്നപ്പോല ഒരാളൂടീണ്ട്…”

‘‘എന്നപ്പോല മറ്റൊരാളോ…?”

‘‘ടാ… ഐഡന്റിഫിക്കേഷൻന്ന് വന്നേക്കാണ്…അവക്കടെ ആരടോ മിസിങ്ങാണെന്ന്...”

‘‘വന്ന് കണ്ടേച്ച് തൊട്ട് വണങ്ങീട്ട് പോട്ട സാറെ..നമ്മക്കെന്താ ചേതം…?”

‘‘രണ്ട്ം കൂടി ഒര് തീർപ്പ്ണ്ടാക്കിത്തന്നാ മതി… ഇത് അവസാനത്തെ ദെവസാന്ന്…”

‘‘ഒര് മേൽവിലാസം ഭൂമീല് അത്ര വെലിയ വിഷയാണോ, കലാകാരാ…?”

‘‘നീ കൂമ്പിനിടി മേടിക്ക്ം… എന്ന പേര് വിളിച്ചാ മതി…”

‘‘അതന്നല്ലേ വിളിച്ചേ….”

‘‘ഈ തന്തക്കഴിവേറ്മ്മാര്ട ഓരോ കഴപ്പ്… വേറെ എത്ര പേര്ണ്ട് ഈ ഭൂമീല്…”

‘‘ഓരോര്ത്തരിക്ക്ം അർഹിക്ക്ന്ന പേരാണ് അവരിക്ക് കിട്ട്കാ എന്നൊര് ചൊല്ല്ണ്ട്…”

‘‘നീ മിണ്ടാണ്ടിരി… കാലിന്റെടേക്കൂടി ഒര് കഴപ്പ് കേറുന്ന്ണ്ട്…”

മോർച്ചറി ജീവനക്കാരൻ വൈകുന്നതിന്റെ കലിപ്പാണ് കലാകാരൻ സാറിന്. പിന്നെ ഗബ്രിയേലിന്റെ ഓരോ പൂളുവയ്പും. അയാളുടെ കൂടെ വന്ന സ്ത്രീ മോർച്ചറി വരാന്തയുടെ അങ്ങേ അറ്റത്തു നിൽപ്പുണ്ട്. ഒരു പരിചയവും തോന്നുന്നില്ല. എന്തെങ്കിലും അത്യാഹിതം പറ്റിയാൽ വന്നു കണ്ടു തിരിച്ചറിയേണ്ട ഗബ്രിയേലാണ് മുന്നിൽ നിൽക്കുന്നത് എന്നൊരു വിചാരമെങ്കിലും വേണ്ടേ? ഇടയ്ക്കു ശ്രദ്ധിക്കുന്നുണ്ടായിരിക്കും. കലാകാരന്റെ മൂക്കത്തെ ദേഷ്യത്തിലായിരുന്നു തന്റെ ശ്രദ്ധയത്രയും എന്നു ഗബ്രിയേൽ വിചാരിച്ചു.

ഏതായാലും അയാൾ അടുത്ത സിഗരറ്റിനു കൂടി തീ കൊളുത്തുന്നതിനു മുൻപേ മോർച്ചറി ജീവനക്കാരൻ വന്നു. വൈകിയതിന്റെ ഒരു ലക്ഷണവും അയാൾക്കില്ല.

‘‘എങ്ങട്ട് കെട്ട്യെട്ത്തിര്ക്കാര്ന്ന് ഇത്രേം നേരം…?” കലാകാരന്റെ ദേഷ്യം അണപൊട്ടി.

‘‘കലാകാരൻ സാറേ… സാറിന്റേത്ം കാക്കി എന്റേത്ം കാക്കി. രണ്ടാൾക്ക്ം യൂണിയന്ംണ്ട്. പിന്നെന്തിനാണ് ചാടിക്കടീം മറ്റ്ം…?”

‘‘പോയിട്ട് കാര്യണ്ടൊടേ…”, കലാകാരൻ ഒന്നു മയപ്പെട്ടു.

‘‘എല്ലാര്ക്ക്ം ഇല്യോ കാര്യങ്ങള്ം മറ്റ്ം… ഇന്ന്ംകൂടി കഴിഞ്ഞാ കയിഞ്ഞേ… ഡെഡ് ബോഡീസ് ക്യൂവിലാ…?”

‘‘എടാ, ഗബ്രേലേ... കേട്ടില്ലേടാ…?” കലാകാരൻ ഗബ്രിയേലിന്റെ ദേഹത്തേക്കു ചാഞ്ഞു.

‘‘അതിപ്പം ഞാനെന്നാ ചെയ്യാനാ…? ഒട്ക്കത്തെ പണിയാണ്…”

‘‘നീ രണ്ടിലൊന്ന് പറഞ്ഞാ മതി..അകത്തോ പൊറത്തോന്ന്…”

മേൽവിലാസമില്ലാത്ത ജഡമാണെന്നു പോലീസിനു തീരുമാനിക്കുന്നതേയുള്ളൂ. ഇതെല്ലാം ഓരോ മരണാനന്തരച്ചടങ്ങുകളാണെന്നു ഗബ്രിയേൽ വിചാരിച്ചു. മേൽവിലാസം ഇല്ലാത്തവർക്കു ചടങ്ങുകൾ കൂടും. ആചാരമല്ല, നടപടിക്രമങ്ങൾ. അതിന്റെ ഒരു ഭാഗമായി ഗബ്രിയേൽ നിന്നു. ജീവനക്കാരൻ മോർച്ചറി തുറന്നു. ആരെയും അകത്തേക്കു ക്ഷണിക്കാത്ത ഒരു നിർവികാരത പരന്നു. ഇടയ്ക്ക് സ്റ്റേഷനിൽ നിന്നു വിളി വരുന്നതിനാൽ ഗബ്രിയേലിന് അതേതാണ്ടു പരിചിതമായിട്ടുണ്ട്. എന്നാലും പിന്നെ കുറെ ദിവസത്തേക്കു മാറില്ല അതിന്റെ വിമ്മിഷ്ടം. മോർച്ചറി വരാന്തയുടെ അങ്ങേയറ്റത്ത് ഒരു നിഴലനങ്ങി. സിപിഒ കലാകാരൻ ഗബ്രിയേലിനെ നോക്കി.

ആദ്യത്തെ ഊഴം അവർക്കായിക്കോട്ടെ എന്നു ഗബ്രിയേൽ തലയാട്ടി. ആ സ്ത്രീക്ക് അകത്തെ തണുത്ത ജഡം തിരിച്ചറിയാൻ കഴിഞ്ഞാൽ അതു കാണാതെ ഒഴിവാക്കാം. എന്തിനാണ് ഇങ്ങനെ ജഡങ്ങളെ കാണുന്നത്. അതും ഊരും പേരുമില്ലാത്തത്. പോലീസ് രേഖകളിൽ അങ്ങനെ ഒരു സ്ഥിരം തിരിച്ചറിയലുകാരനും സാക്ഷിയുമായി മാറണമെന്നു ഗബ്രിയേൽ ആഗ്രഹിച്ചതല്ല. സ്റ്റേഷനിൽ നിന്നോരോ വിളി വൈകുന്നതും സന്തോഷിപ്പിച്ചു. എന്നാലും, ഇടയ്ക്കു കലാകാരൻ സാറിനു തോന്നും, ഒന്നു തമ്മിൽ കാണണമെന്ന്.

‘‘ഞാനിന്നത്തോടെ ഈ പണി വിടാണ് കലാകാരൻ സാറേ…”, ഗബ്രിയേൽ പറഞ്ഞു. ആ സ്ത്രീ മോർച്ചറിക്ക് അകത്തേക്കു നടന്നുകയറി.

‘‘എന്നാത്തിനാ…?”

‘‘ഓ, എന്നാത്തിനാന്നേ…? ഒന്ന് മറക്ക്മ്പഴക്ക് അട്ത്തത്… എന്നാല് ഓർക്കാസ്സുകോള്ള വല്ലോമാണോ… അതൂ അല്ല.”

‘‘മോനേ, ഗബ്രിയേലാ, സൊന്തം മരണാണ് ഓരോ മൊകത്ത്ം നീ കാണ്ന്നത്…” അവന്റെ മനസു മടുപ്പു മാറ്റാനെന്ന പോലെ കലാകാരൻ പറഞ്ഞു.

‘‘ഓ..എന്നാത്തിനാന്നേ സൊന്തം മരണം കാണ്ന്നത്…?”

‘‘സൊന്തം മരണാണ് ആരിക്ക്ം കാണാമ്പറ്റാത്തതുവ്വേ… വേറെന്ത്ം കാണാം. അത് കാണാമ്പറ്റ്ല്ല…”

‘‘ഒന്ന് പോ സാറേ…കലാകാരനായോണ്ടാണ് ഇമ്മായിരി വേദാന്തം…”

അപ്പോൾ മോർച്ചറി ജീവനക്കാരൻ അവരെ ഉച്ചത്തിൽ വിളിച്ചു. തിരിച്ചറിയാൻ അകത്തേക്കു കയറിയ സ്ത്രീക്കു നേരെ ജീവനക്കാരൻ വല്ല പ്രശ്നവും ഉണ്ടാക്കിയോ എന്നു കലാകാരന്റെ പോലീസ് ബുദ്ധി വിചാരിപ്പിച്ചു. എന്നാൽ, തണുത്തുറഞ്ഞു കിടന്ന ഏതെങ്കിലും ജഡം കണ്ണുതുറന്നെഴുന്നേറ്റു കാണുമോ എന്നാണു ഗബ്രിയേൽ ശങ്കിച്ചത്.

കലാകാരനും ഗബ്രിയേലും അകത്തേക്കു കുതിച്ചു. തിരിച്ചറിയപ്പെടേണ്ട ജഡത്തിന് അരികിൽ ആ സ്ത്രി കുഴഞ്ഞുവീണുകിടക്കുന്നതു കണ്ടു. ജഡം കണ്ടു ബോധം മറഞ്ഞതാവാനാണു സാധ്യത. അവരെ പുറത്തേക്കു കൊണ്ടുവന്നു വരാന്തയിൽ കിടത്തി. അപ്പോഴേക്കും ജീവനക്കാരൻ എവിടെ നിന്നോ കുപ്പിവെള്ളവുമായി എത്തി.

ഒന്നു രണ്ടു കൈക്കുടന്ന വെള്ളത്താൽ സ്നാനപ്പെട്ട സ്ത്രീ പതുക്കെ കണ്ണു തുറന്നു. അല്ല എന്ന അർത്ഥത്തിൽ, കലാകാരനെ നോക്കി തലയാട്ടി. എന്ത് അല്ല എന്നു പോലീസുകാരനു ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. അയാൾ ഗബ്രിയേലിന്റെ നേരെ നോക്കി. തിരിച്ചറിയാൻ പറ്റുന്നുണ്ടോ എന്നു നോക്ക് എന്നാണ് അതിന്റെ അർത്ഥം..അതു ഗബ്രിയേലിന് അറിയാം. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ളതേയുള്ളൂ എന്ന് വിചാരിച്ചു.

ഗബ്രിയേൽ മോർച്ചറിക്ക് അകത്ത് ഒറ്റയ്ക്കായിരുന്നു. പുറത്ത് അപ്പോഴേക്കും സ്ത്രീ ബോധം വീണ്ടെടുത്തുകഴിഞ്ഞിരുന്നു. ഗബ്രിയേൽ തിരിച്ചറിയാനുള്ള എല്ലാ സാധ്യതകളും നോക്കി. ആദ്യം അയാൾ ചികഞ്ഞുനോക്കിയതു പുതിയ ഓർമകളെയാണ്. ആ കിടക്കുന്ന ഒരാൾ അതിലെങ്ങും ഇല്ല. പിന്നെ പഴയ ഓർമയിൽ ആകപ്പാടെ പരതി..ഓർമയിലെ ഒരാൾക്കും അയാളുമായി സാമ്യം ഇല്ല. ജഡം പൂർണമായ സ്ഥിതിയിലല്ലായിരുന്നു. മരണത്തിലെ കാലപ്പഴക്കം അതിനെ ഒട്ടു വികൃതമാക്കിയിരുന്നു.

ബാക്കിയുള്ള ജഡത്തിൽ അയാളെ തിരിച്ചറിയാനുള്ള ഒരു അടയാളവും ഇല്ല. ഓർമയിലെ ജഡങ്ങളും ഗബ്രിയേൽ പരിശോധിച്ചു. ഇങ്ങനെയൊരാളെ ജീവനോടെ ഓർക്കുന്നില്ല. മരിച്ച നിലയിൽ അയാളെ അങ്ങനെ കണ്ടിട്ടുമില്ല. ഒരു പരിചയം വരാൻ തക്കവണ്ണമുള്ള അടുപ്പം ഇല്ല. കുറച്ചുകൂടി വൈകി ഗബ്രിയേൽ മോർച്ചറിക്കു പുറത്തിറങ്ങി.

അയാളെടുക്കുന്ന ഓരോ മിനിട്ടിന്റെ കാലതാമസവും തിരിച്ചറിയപ്പെടലിലേക്ക് അടുക്കുന്ന ദൂരമായാണു പുറത്തു കലാകാരൻ കാത്തിരുന്നത്. അതു വൃഥാവിലായി. പുറത്തേക്കിറങ്ങിയ ഗബ്രിയേലും, നേരത്തേ സ്ത്രീ ചെയ്തതിൽ നിന്നു വ്യത്യസ്തമായി ആരുമല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ആരും തിരിച്ചറിയാത്ത അജ്ഞാത മൃതദേഹം എന്ന് അടയാളപ്പെടുത്തപ്പെടാൻ ഇനിയും വൈകിക്കണോ എന്നു കലാകാരൻ വിചാരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നതു മാത്രമേ നിയമസംവിധാനത്തിനു മരണാനന്തരക്രിയയായി ചെയ്യാനുള്ളൂ എന്ന സത്യം കലാകാരൻ ഉൾക്കൊണ്ടു.

ഒരു ഫയൽ കൂടി ക്ലോസ് എന്നു കൈയാംഗ്യം കാണിച്ചു സി.പി.ഒ കലാകാരൻ മോർച്ചറി വിട്ടു. താനും വരുന്നോടോ എന്നു ഗബ്രിയേലിനോടു കണ്ണുകൾ കൊണ്ടു ചോദിച്ചു. പതുക്കെ വന്നോളാം എന്നു ഗബ്രിയേലും. അവർക്ക് ഒരു നിമിഷം അധികം അവിടെ തങ്ങാൻ ഒരു മനസ്സാന്നിധ്യവുമുണ്ടായിരുന്നില്ല. സിപിഒ കലാകാരൻ പിരിഞ്ഞു.

ഗബ്രിയേൽ നോക്കിയപ്പോൾ ആ സ്ത്രീ അപ്പോഴും മോർച്ചറി വരാന്തയിൽ തന്നെ ഇരിപ്പുണ്ട്. ഇനിയാരെ കാത്താണ് അവർ എന്ന ദൈന്യമാർന്ന ഒരു സംശയം ഗബ്രിയേലിന് ഉണ്ടായി. ഇനിയും ആരെ പ്രതീക്ഷിച്ചാണ് അവർ ഇരിക്കുന്നുണ്ടാവുക. കാണാതെ പോയി എന്നു പറയപ്പെടുന്ന അവരുടെ ആരോ ജഡമായി അവിടേക്കു തന്നെ വരുമെന്നു ഏതായാലും പ്രതീക്ഷിക്കില്ല. അത്രയും ക്രൂരമായി വിചാരിക്കാൻ എല്ലാവർക്കുമാവില്ല.

തനിക്കു പോലും, ഒരു ജഡം കാണുന്നത് അത്രയും അസുഖകരമായ കാര്യമാണെങ്കിൽ തന്നെയും, പെട്ടെന്നു മോർച്ചറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയാറില്ല. പിന്നീടുള്ള ദിവസങ്ങളോളം ഓരോ കാഴ്ചയും അസ്വസ്ഥമാക്കുമെങ്കിൽ കൂടിയും. ഇനി തുടർന്നുള്ള ദിവസങ്ങളും അങ്ങനെത്തന്നെയാകുമെന്നു ഗബ്രിയേൽ ഉറപ്പിച്ചു. ഒരു പക്ഷെ, സി.പി.ഒ കലാകാരൻ സാറിന് ഒരു ജഡക്കാഴ്ചയിൽ നിന്ന് എളുപ്പത്തിൽ ഇറങ്ങിപ്പോകാൻ കഴിയുന്നുണ്ടായിരിക്കും. എത്രയെത്ര ദുരന്തങ്ങൾക്കു കാവലിരിക്കുന്നവരാണ്. എത്രയെത്ര നരകങ്ങളെ ഉള്ളിൽക്കൊണ്ടു നടക്കുന്നവരായിരിക്കും. സാധാരണ ആളുകൾക്ക് അതിനെത്രയോ ഇരട്ടിയായിക്കും അസ്വാസ്ഥ്യം.

അന്നത്തെ ജഡത്തെ ഓർമയിലേക്കു കൊണ്ടുവരാതിരിക്കാൻ ഗബ്രിയേൽ ആവുന്നത്ര ശ്രമിച്ചു. എന്നാലും പരാജയപ്പെട്ടു. അതിന്റെ വ്രണിതഛായ മനസിൽ നിന്നു മാഞ്ഞുപോയിട്ടില്ല. അടുത്ത ഒരു ജഡം കാണുമ്പോൾ, ആ ജഡത്തെ മാത്രമല്ല കാണുന്നതും. ജഡത്തെ തിരിച്ചറിയുന്നതു മുൻകാല ജഡങ്ങളുടെ ഓർമകളിൽ നിന്നു കൂടിയാണെന്നു പറയാറുണ്ട്. നേരത്തേ, കലാകാരൻ സാർ വിളിച്ചപ്പോൾ കൂടെ പോകാമായിരുന്നു എന്നു തോന്നി. ചിലപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞു തന്റെ അസ്വസ്ഥത അൽപ്പമെങ്കിലും കുറയ്ക്കുമായിരുന്നു എന്നു തോന്നി.

എന്നാലും കുറയില്ല അസ്വസ്ഥത. അതെത്ര ഭീകരവും അതേ സമയം ദയനീയവുമാണെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല. ഗബ്രിയേൽ കുറച്ചു നേരം വരാന്തയിൽ ഇരുന്നു. മോർച്ചറിക്കകത്തു നിന്നു വല്ലാത്തൊരു ദൈന്യത മണമെറിഞ്ഞുവരുന്നുണ്ടെന്നു തോന്നി. ഇടയ്ക്ക് ആ സ്ത്രീയെ നോക്കി. അവർ ഇപ്പോൾ വീണ്ടും കുഴഞ്ഞുവീഴും എന്നു തോന്നി. തന്റെ സാന്നിധ്യത്തിലെങ്കിലും അങ്ങനെയില്ലാതിരിക്കട്ടെ എന്നു വിചാരിച്ചു.

‘‘അപ്പോൾ അല്ല…?”

‘‘അല്ല…”

‘‘അങ്ങനെയെങ്കിൽ കൊറച്ച് ആശ്വാസമായീലേ…?”

‘‘തൽക്കാലത്തേക്ക്…”, അവർ പതുക്കെ പറഞ്ഞു.

‘‘എങ്ങോട്ടേക്കാണു തിരിച്ചുപോവണ്ടത്…?” ഇനിയെന്തിന് അവിടെ ഇരിക്കണം എന്നു ക്രൂരമായി ചോദിക്കാൻ ഗബ്രിയേലിനായില്ല. അതുകൊണ്ട് അൽപ്പം വളച്ചുകെട്ടി. അതിന് അവർ പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. അതിന്റെ നൂലാമാലകളിലേക്കു ഗബ്രിയേൽ മനഃപൂർവം കടന്നില്ല. കൂടുതൽ വിചാരങ്ങളിലേക്കു കടക്കുന്നതിനു മുമ്പേ യാത്ര പറയണം എന്നു തോന്നി. അല്ലെങ്കിൽ യാത്ര പറയേണ്ട ആവശ്യമെന്താണ്. തനിക്കെന്താണ് അവർ. ഏതോ ജഡത്തെ തിരിച്ചറിയാൻ വന്ന രണ്ടു പേർ..മരണത്തെ കാണാൻ പോയ രണ്ടു പേർ.

‘‘എനിക്കതല്ല സംശയം….?” ഒരു പ്രതീക്ഷയുമില്ലാത്ത ഒരു നേരത്തു പെട്ടെന്ന് അവർ പറഞ്ഞു. എന്തിനെക്കുറിച്ചാണ് എന്നു പോലും സംശയിക്കേണ്ടിവന്നു അതുകൊണ്ട്.

‘‘എന്ത് എന്തല്ല എന്ന്….?” ഗബ്രിയേൽ അവരോടു അനുതാപം പ്രകടിപ്പിച്ചു.

‘‘ഞാൻ തേടിവന്ന ആരുടേതുമല്ല’’, ഭാരതിയെന്നു പരിചയപ്പെടുത്തി അവർ പറഞ്ഞു.

‘‘എന്തിനെക്കുറിച്ചാണു നിങ്ങൾ പറഞ്ഞുവരുന്നത്?”

രണ്ടു പേർ മോർച്ചറി വരാന്തയിലിരുന്നു പറയുന്നത് എന്തിനെക്കുറിച്ചാവും?”

‘‘മോർച്ചറി വരാന്തയിൽ ഇന്നതേ പാടുള്ളൂ എന്നൊന്നുമില്ല”.

‘‘എന്നാൽ, മോർച്ചറി വരാന്തയിലിരുന്നു രണ്ടു പേർ ഉമ്മ വയ്ക്കണമെന്നില്ല’’, പെട്ടെന്ന് അവർ പറഞ്ഞു. ഒരു വലിയ സങ്കടത്തിന്റെ ഉള്ളിലിരുന്ന് അങ്ങനെ പറയാൻ കഴിയുമോ എന്നാണു ഗബ്രിയേൽ വിചാരിച്ചത്. ചിലപ്പോൾ സാഹചര്യം ഒന്നു മയപ്പെടുത്താനാവും.

‘‘ഉമ്മ വയ്ക്കരുത് എന്നുമില്ല…”, ഗബ്രിയേൽ അൽപ്പം അസ്വസ്ഥത വിട്ടു പറഞ്ഞു.

‘‘അകത്ത് ആ കിടക്കുന്നതേ ഞാനന്നേഴിച്ച് വന്ന ആരുമല്ല”, റിലാക്സ്ഡ് ആയത് അപ്പോഴാണെന്ന ഭാവത്തിൽ ഭാരതി പറഞ്ഞു.

അതേതായാലും നല്ലത് എന്നു ഗബ്രിയേലിനു തോന്നി. അവർ ഇനി അടുത്ത ഒരു മോഹാലസ്യത്തിൽ നിന്ന് സ്വയം ഏറെ വൈകിപ്പിച്ചെടുക്കുമല്ലോ.

‘‘പിന്നെന്താണു ബോധം കെട്ടത്?”

‘‘അതു ഞാൻ അന്വേഷിച്ചുവന്നയാളല്ല. എന്നാൽ, എന്നെ അന്വേഷിച്ചു കിടക്കുന്ന ആരെപ്പോലെയോ തോന്നി’’.

‘‘അങ്ങനെ ഒരാളാരാണെന്ന് ഓർമിച്ചെടുക്കാൻ കഴീന്ന്ണ്ടോ?”

‘‘എങ്കിൽ, അതിനു വെളിമ്പറമ്പിൽ കിടക്കേണ്ട ആവശ്യം വരില്ലാരുന്നു.”

‘‘ആരാണ്, നിങ്ങളെ അങ്ങനെ അന്വേഷിച്ചു കെടക്കാന്ള്ളത് എന്ന് വിചാരിച്ചോക്കിയാ പോരേ?”

‘‘അങ്ങനേം വിചാര്ച്ചുനോക്കീന്നേ, അതാണ് പെട്ടെന്ന് ബോധക്കേട് പോലെ തോന്നീത്.”

‘‘തോന്നീതല്ല. ശെരിക്ക്ം ബോധം കെടന്നെ ചെയ്ത്”, അതൊന്നും ഓർമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ കൂടി ഗബ്രിയേൽ പറഞ്ഞു.

‘‘എങ്ങന കെടാണ്ടിര്ക്ക്ം?” ഭാരതി വലിയൊരു ഓർമയിലേക്കെന്ന പോലെ ഇറങ്ങിനടന്നു തുടങ്ങിയിരുന്നു. അവർ പറയാതെ തന്നെ, ഗബ്രിയേൽ അവരെ അനുഗമിച്ചു. അല്ലാതെ എത്ര നേരമാണ്, ഒരു ആവശ്യവുമില്ലാതെ അതും ഒരു മോർച്ചറി വരാന്തയിൽ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത്. അതു സംസാരിക്കാൻ അടുത്ത് ആരുമില്ല എന്ന അവസ്ഥയേക്കാൾ ഭീകരമാണെന്ന് അയാൾക്കു തോന്നി. അതോ, തിരിച്ചോ?

‘‘അങ്ങന എന്ന കാണാൻ കാത്ത് കെടന്നിര്ന്ന മൂന്നു പേരുണ്ടാര്ന്ന്”, ഓർമയിലേക്ക് ഒതുക്കുകല്ലുകൾ ഇറങ്ങിയ ഭാരതി പറഞ്ഞു.

‘‘മൂന്നു പേരെ ഉള്ളൂവെങ്കിൽ, മൂന്നു പേരെ ഓർക്കാൻ ശ്രമിച്ചാൽ മാത്രം മതിയായിര്ന്നല്ലോ, പിന്നെന്താണ്?”, ഭാരതി പറയാൻ ശ്രമിക്കുന്നത് എന്തെന്നതിന്റെ പൊരുൾ അറിയാതെ ഗബ്രിയേൽ ആത്മഗതം കൊണ്ടു.

‘‘ആയിരുന്നെങ്കിൽ ശരിയായിര്ന്ന്”, അവർ പിന്നെയും മുന്നോട്ടു നീങ്ങി.
‘‘ഒരാള്ണ്ടാര്ന്ന്, വലത്തേത്തൊടേല് രൂപാവട്ടത്തിലൊര് കാക്കപ്പുള്ളീണ്ടാര്ന്ന്, അത് തന്റെ നാട്ട് രാജ്യാണ് ഭാരതീന്ന് കൂടക്കൂട പറയും. എന്നാ അതിലൊര് കൂര വെച്ച് ഞാങ്കൂടും എന്നു ഞാങ്കളി പറഞ്ഞ്… എന്ത്നാ ഭാരതീ കൂരാക്ക്ന്ന് നീ ഒര് കോവിലകം തന്ന വെച്ച് ഒര് കെട്ടിലമ്മായി താമസിച്ചോന്ന്… അങ്ങന ഓരോന്ന് പറഞ്ഞും തിരിഞ്ഞും പോയ കാലാണ്…”

‘‘കാക്കപ്പുള്ളീന്യൊന്ന്ം അത്രണ്ട് വിശ്വസിക്കാമ്പറ്റ്ല്ല…മീൻകൂട്ടങ്ങള് ആർത്തി പിടിച്ചിരിക്കും…” എന്തോ ഓർത്തു ഗബ്രിയേൽ പറഞ്ഞു. ഭാരതി അതു കേൾക്കുന്നുണ്ടായിരുന്നില്ല.

‘‘രണ്ടാമതൊരാള്ണ്ട് കാത്ത് കെടക്ക്ന്നായിട്ട്. ഇടങ്കണ്ണിനു മീതെ ഒര് പാടൽമുറിവ്ണ്ടേര്ന്ന്. ഒര് പൂമ്പൊടി കൊണ്ട് മുറിഞ്ഞതാണ് പാരതീന്ന് പരാതി പറയും. ചെങ്ങിണിപ്പൂ ചതച്ചിട്ടാൽ മതീന്ന് ഞാന്ം. നീയാണെന്റ ചെങ്ങിണിപ്പൂന്ന് മൂപ്പര്, എന്നാ കേറിയങ്ങ് പറിച്ചോന്ന് പറേം, നാളെയാട്ടെ നാളേന്ന് ആവർത്തിക്ക്ം”.

‘‘പൂമ്പൊടി മുറിവുണ്ടാര്ന്ന്ല്ലേ നെറ്റീല്…?” എന്തോ ഓർമിപ്പിക്കാനെന്ന പോലെ ഗബ്രിയേൽ ചോദിച്ചു. അതും ഭാരതി കേൾക്കുന്നുണ്ടായിരുന്നില്ല.

‘‘മൂന്നാമത്തെയാള് വലംകൈത്തണ്ടേല് പല ഭാഷ പച്ച കുത്തീര്ന്ന്, നെഞ്ചത്ത് പല വേദനയുടെ ഒരു ഭൂപടോണ്ട്, ഇതിലേതാണ് ന്റ ഭാഷാന്ന് ചോദിക്കും. ഏത് ഭാഷേം നിന്റതാണ് ഭരതേ എന്നോറയ്ം.”

‘‘മരിച്ചയാൾ ഏതു ഭാഷയാണു പറഞ്ഞുകൊണ്ടിരുന്നത്?” എന്ത് അസംബന്ധമാണു താൻ ചോദിക്കുന്നത് എന്നോർക്കാതെ ഗബ്രിയേൽ വേറേ ഏതോ ഭാഷയിൽ വാക്കുകൾ നിരത്തി, അങ്ങനെയൊരു ഭാഷ അതുവരെ ഗബ്രിയേൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല. വായിച്ചിട്ടില്ല. കേട്ടിട്ടുമുണ്ടായിരുന്നില്ല.

ഭാരതി ഓർമകളിലേക്കു നടത്തം തുടർന്നു.

‘‘നമ്മളെങ്ങോട്ടാണു പോയ്ക്കൊണ്ടിരിക്കുന്നത്?”, ഗബ്രിയേലിന് അപ്പോഴാണ് ആ സംശയമുണ്ടായത്. ‘‘അല്ലെങ്കിലും നമ്മളെന്തിനാണു പോയിക്കൊണ്ടിരിക്കുന്നത്?”

‘‘മോർച്ചറിയിൽ നിന്നുള്ള മടക്കവഴിയല്ലേ?”, ഭാരതി അപ്പോഴേക്കും മൂന്നു പേരിൽ നിന്നും മടങ്ങിവന്നിരുന്നു.

‘‘എന്നാലും ഞാനെന്തിന് ഒപ്പം?”, ഗബ്രിയേലിന്റെ ഏതെങ്കിലും ഒരു സംശയം അപ്പോഴാണ് ആദ്യമായി ശരിയായത്.

‘‘അപ്പോൾ ആരാണ് എന്നെ കാണാനായി മോർച്ചറിയിലെ അകംതിണ്ണയിൽ കാത്തേടന്നത്?”- അതു ഗബ്രിയേലിനോടുള്ള ചോദ്യമായിരുന്നില്ല. തന്നോടുള്ളതു മാത്രമായിരുന്നു.

‘‘അപ്പോൾ ആ മൂന്നു പേര്ം അല്ലാന്ന് നിശ്ചാണോ?”

‘‘അതേ, അതോണ്ടാണ് ഞാൻ ബോധം കെട്ടത്”, വലിയൊരു പ്രശ്നത്തിന് ഉത്തരമെന്ന പോലെയാണ് ഭാരതി അതു പറഞ്ഞത്.
“ഞാനറ്യാത്ത, എന്ന അറ്യാത്ത ആരാണ് പിന്നവിടെ കെടന്നിര്ന്നത്?”

‘‘ഒരു നാലാമൻ ഉണ്ടായിര്ക്ക്ല്ലേ ഇനി?”, ഗബ്രിയേൽ തന്നോടു തന്നെ ചോദിച്ചു.

അങ്ങനെയൊരു നാലാമനെ തിരിച്ചറിയാനുള്ള അടയാളങ്ങളേതൊക്കെയെന്ന വിചാരം അയാളെ പൊള്ളിച്ചു.


Summary: Manasa Sanchara re Malayalam short story by V. Jayadev Published in Truecopy Webzine packet 306.


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments