മഞ്ചക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ബി ക്ലാസ് റൂമിൻ്റെ വാതിലിനപ്പുറത്തു നിന്നും സിംഹം അലറുന്നതു പോലെ ഘ്രാ… എന്ന ഒച്ച കേട്ടതും അമ്പത്തേഴുകാരനായ ജോസഫ് വടാന ഹൃദയ സ്തംഭനം വന്ന് സിമൻ്റ് തറയിലേക്ക് വീണ് തൽക്ഷണം മരിക്കുകയായിരുന്നു.
ഉത്തമൻ ബാലചന്ദ്രൻ സതീശൻ ബെന്നി എന്നിവർ അപ്പോൾ ജോസഫ് കയറി വരാൻ തുനിഞ്ഞ ക്ലാസ് മുറിക്കകത്ത് വാതിലിനു മറവിലും മറ്റുമായി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരേ സ്കൂളിൽ മുപ്പത് വർഷം മുൻപ് ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസുവരെ ഒന്നിച്ചിരുന്ന് പഠിച്ച അവരഞ്ചു പേരും അത്രയും കാലങ്ങൾ പിന്നിട്ട് ആദ്യമായി കണ്ടുമുട്ടി സ്കൂൾ വരാന്തയിലിരുന്ന് ഒരു കുപ്പി വോഡ്ക പൊട്ടിച്ചടിക്കാനായിരുന്നു അന്നവിടെ എത്തിചേർന്നത്. കോട്ടയത്തുനിന്നും കിലോമീറ്ററുകൾ താണ്ടി കാസർകോട്ടെത്തിയ ജോസഫ് സ്കൂൾ പരിസരത്തൊന്നും കൂട്ടുകാരാരെയും കാണാഞ്ഞ് പത്തു കഴിഞ്ഞ ക്ലാസ് മുറിയിലേക്ക് നേരെ ഓടിക്കയറിയതും പണ്ടത്തെപ്പോലെ ജോസഫ് വടാന എന്ന തൊട്ടാവാടിയെ വാതിലിൻ്റെ മറവിൽ നിന്ന് പേടിപ്പിച്ച് മുള്ളിക്കാനായിരുന്നു നേരത്തെ എത്തിയ ബാക്കി നാലുപേരും ഒളിച്ചിരുന്നതും അലറി വിളിച്ചതും ജോസഫ് വടാന നെഞ്ചു പൊട്ടി തറയിേലക്ക് വീണ് പരകായം ചെയ്തതും.
ഒന്നു ഞെട്ടുക പോലും ചെയ്യാതെ പിന്നീട് ബാക്കിയുള്ളവർ നിലത്ത് മരണപ്പെട്ടു കിടക്കുന്ന ജോസഫിനെ നിശ്ചല ദൃശ്യത്തിലെന്ന പോലെ അൽപ്പനേരം അനങ്ങാതെ നോക്കി നിന്നതേ ഉള്ളൂ.
ജോസേ…
ഉത്തമൻ അങ്ങനെ വിളിച്ചപ്പോൾ മാത്രം അവർ ഒന്ന് വിറച്ച് പോവുകയും വിയർപ്പു പൊട്ടുന്ന മുഖം തടവിക്കൊണ്ട് പരസ്പരം നോക്കുകയും ചെയ്തു.
ജോസേ കളി മതിയാക്ക്
ജോസഫിനടുത്തേക്കൊന്ന് നീങ്ങി നിൽക്കുവാനോ അവനെയൊന്ന് തൊട്ടു നോക്കുവാനോ ധൈര്യപ്പെട്ടാതെ അവർ അതേ നിൽപ്പിലേക്ക് കിഴിഞ്ഞ് പോയിരുന്നു. ഉത്തമനായിരുന്നു ആദ്യം ജോസഫിനടുത്തേക്ക് ചെന്നത്. ഉത്തമൻ ജോസഫിനു നേരെ മുഖം കുനിച്ചുകൊണ്ട് അവൻ്റെ അടഞ്ഞു പോയ കണ്ണുകളിലേക്കും അടയാതെ കിടക്കുന്ന ചുണ്ടുകളിലേക്കും നോക്കി. വിറയ്ക്കുന്ന തൻ്റെ ചൂണ്ടുവിരൽ ഉത്തമൻ ജോസഫിൻ്റെ മൂക്കിലേക്കടുപ്പിച്ചു. ശ്വാസം നിലച്ചുപോയത് തൻ്റെയാണോ എന്ന് ഉത്തമൻ ഒരുവേള സംശയിച്ചു. ജോസഫിൻ്റെ നെഞ്ചിൻ കൂടിലേക്ക് ചെവി അടുപ്പിക്കാൻ പോയത് തല വെട്ടിച്ച് ഉത്തമൻ കൂടെയുള്ളവർക്കു നേരെ മുഖം തിരിച്ചു. എല്ലാവരും മരണമുറപ്പിച്ച മാതിരി തണുത്തുറഞ്ഞ് അതേ നിൽപ്പാണ്. എന്നിരുന്നാലും പിൻവലിച്ച കാത് ഉത്തമൻ ജോസഫിൻ്റെ മാറിലേക്ക് തന്നെ വലിച്ചടുപ്പിച്ചതും നെഞ്ചകത്തെ അന്ധകാരത്തിൽ മരണപ്പെട്ട ജോസഫിൻ്റെ ആത്മാവ് ദിശ കെട്ട് നടക്കുന്ന വളരെ പതിഞ്ഞ കാലൊച്ചകൾ ഉത്തമൻ കേട്ടു. പിന്നാലെ ജോസഫിൻ്റെ മൃതശരീരത്തിനടുത്ത് അറിയാതെ ഉത്തമൻ അങ്ങിരുന്നു പോയി.
എടുത്ത് പൊക്കടൊ, ആശുപുത്രീലെത്തിക്കണ്ടെ.
ബാലചന്ദ്രൻ കൂടെയുള്ളവരോടും തന്നോടു തന്നെയും അങ്ങനെ പറഞ്ഞുവെങ്കിലും അതിനു തുനിയാനുള്ള ഊർജം ശരീരത്തിലില്ലാതെ മൃതശരീരത്തിനു മുൻപിൽ അവരെല്ലാവരും വാടി കൂമ്പി നിന്നു. ബാലചന്ദ്രൻ മുന്നോട്ട് വന്ന് നിലത്തു കിടക്കുന്ന ജോസഫിൻ്റെ ചുമലെടുത്ത് പൊക്കാൻ പോയതും ഉത്തമൻ അവനെ തടഞ്ഞു, ബാലാ നിക്ക്
ബാലചന്ദ്രൻ എത്തും പിടിയും കിട്ടാതെ ഉത്തമനെ നോക്കി. ഇനി എന്താണ് ഉത്തമന് പറയാനുള്ളതെന്നറിയാൻ മരിച്ച ജോസഫും മരിക്കാത്ത മറ്റ് മനുഷ്യരും പിന്നീടുള്ള നിമിഷങ്ങളിൽ പത്ത് ബി ക്ലാസ് റൂമിലേക്ക് താന്താങ്ങളുടെ കാതുകൾ രണ്ടും കൂർപ്പിച്ച് പിടിച്ചു. ഉത്തമൻ ക്ലാസ് മുറിയുടെ ചുവരിലെ ഗാന്ധിയുടെയും നെഹ്റുവിൻ്റെയും സുഭാഷ് ചന്ദ്രബോസിൻ്റെയും മുഖങ്ങളിലേക്ക് കണ്ണുന്നട്ട് അതേ ഇരിപ്പ് തുടർന്നു. അവസാന ക്ലാസു കഴിഞ്ഞ് ഏതോ ചരിത്രാധ്യാപകൻ ബോഡിൽ ചോക്കുകൊണ്ട് കുറിച്ചിട്ട വാക്കുകൾ ഉത്തമൻ മനസ്സിൽ വായിക്കുകയും ചെയ്തു. ഡു ഓർ ഡൈ.
ഇത് നമ്മള് കാരണമാണ്, ഉത്തമൻ പറഞ്ഞു. വരുംവരായ്കകളുടെ കണക്കുകൂട്ടലിൽ നട്ടം തിരിഞ്ഞു കൊണ്ട് അൽപ്പനേരത്തേക്ക് പിന്നെ ആരും ഒന്നും മിണ്ടിയില്ല. സ്കൂളിൻ്റെ കഴുക്കോൽ വിടവുകളിൽ കൂടു കുട്ടിയിരുന്ന പ്രാവുകൾ അപ്പൊഴെയ്ക്കും കറങ്ങിത്തിരിഞ്ഞ് തിരിച്ചുവന്ന് ക്ലാസ് മുറിക്കകത്തു കണ്ട ജോസഫിനെയും കൂട്ടരെയും നോക്കികൊണ്ട് സംഭവിച്ച കാര്യങ്ങളെ പറ്റി പരസ്പരം ചോദിക്കാനും പറയാനും തുടങ്ങിയിരുന്നു.
നമ്മള് കേറി വന്നപ്പൊ ജോസിതിനകത്ത് ഇങ്ങനെ കിടക്കുന്നുണ്ടായിരുന്നു. മനസിലായില്ലെ?
ഉത്തമൻ പറഞ്ഞവസാനിപ്പിച്ച കാര്യം ചെവിയടച്ചു പോയ ഒരു മുഴക്കമായി തോന്നി ബാക്കി എല്ലാവർക്കും. മുഴക്കത്തിനു ശേഷമുള്ള നിശബ്ദതയിൽ മരവിച്ചു നിൽക്കവെ അനേകം കാലങ്ങൾ അവരെ കൂടാതെ ക്ലാസ് മുറി കയറിയിറങ്ങി കടന്നു പോയതായും അവർക്ക് തോന്നി.

അതേസമയം കഴുക്കോലിൽ കൂടു കൂടിയ പ്രാവുകളെല്ലാം തന്നെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ നാടുനീളെ കൊത്തിപറത്തിയിടാൻ ഒരുമ്പെടുംവണ്ണം കുറുകിയും കരഞ്ഞും കൊണ്ട് മേൽക്കൂരയിൽ നിന്നും മേലെ ആകാശത്തേക്ക് ചിറക് തല്ലി പറന്നു പോവുകയും ബാക്കി മനുഷ്യരെല്ലാവരും കൂറ്റബോധത്തിൻ്റെ നീർച്ചുഴിയിലേക്ക് നൂർന്നിറങ്ങി ഭൂമിയിലേക്ക് മുഖം കുനിക്കുകയും ചെയ്തു.
ഇതെല്ലാം കണ്ടു കൊണ്ട് അവരെക്കൂടാതെ അഞ്ചാമതൊരാൾ സ്കൂളിൻ്റെ വരാന്തയിൽ നിന്നും ആ ക്ലാസ് മുറിയിലേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. മരിച്ച ജോസഫിൻ്റെ ആത്മാവായിരുന്നു അത്.
ജോസഫ് എന്ന പത്താം ക്ലാസുകാരനായിരുന്നു അപ്പോൾ ആത്മാവ്. അതുകൊണ്ടുതന്നെ നിലത്ത് മരിച്ചു കിടക്കുന്ന ജോസഫ് എന്ന അമ്പത്തേഴുകാരനെ ആദ്യമായി കണ്ടതുപോലെയായിരുന്നു അവന് തോന്നിയിരുന്നത്. ചിന്താകുലരായി ചുറ്റിലും നിൽക്കുന്ന ബാക്കിയുള്ളവരെയും ആദ്യം കണ്ടവണ്ണം അവൻ തുരുമ്പരിച്ച ജനാല കമ്പികൾ പിടിച്ചുകൊണ്ട് നോക്കി നിന്നു.
അവരുടെ പരവേശത്തിലൊന്നും കൗതുകമില്ലാതെ ഓടുപാകിയ പഴയ കെട്ടിടത്തിൻ്റെ മിന്നൽപ്പിണർ കണക്കനെ വിള്ളലുകൾ വീണ വരാന്തയിലൂടെ അലസനായി ജോസഫ് മുന്നോട്ട് നടന്നു. ആളൊഴിഞ്ഞ ക്ലാസ് മുറികളിൽ നിന്നും അവനപ്പോൾ കുട്ടികൾ കലമ്പുകൂടുന്നതും കണക്കുകൂട്ടുന്നതും കവിത പാടുന്നതും കേട്ടു. അവർക്ക് പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നവരിൽ പരിചിത ശബ്ദങ്ങളുണ്ടോ എന്ന് അവൻ കാതോർത്തു. പുതിയ കുറേ കോൺക്രീറ്റ് കെട്ടിടങ്ങൾ അവിടവിടെ ഉടലു കൊണ്ടിട്ടുണ്ടെങ്കിലും ഈ പഴഞ്ചൻ കെട്ടിടം ഉണരാൻ കൂട്ടാക്കാത്ത നീണ്ട ഉറക്കത്തെ ഓർമ്മിച്ചു ജോസഫിനെ. ക്ലാസ് മുറികൾ ഓരോന്നിലേക്കും ചാരി വച്ച വാതിലുകൾ തുറന്ന് തലനീട്ടി അവൻ അകത്തെ ഓർമ്മയിലേക്കും മണങ്ങളിലേക്കും നോക്കി. പാളികളില്ലാത്ത ജനാലകളിലൂടെ വെളിച്ചം വീണു കിടക്കുന്ന ക്ലാസ് മുറികളിലെ ആളൊഴിഞ്ഞ മരബെഞ്ചുകൾ ഏകാന്തതയ്ക്ക് കൂട്ടുകിടക്കുന്നത് അവൻ കണ്ടു.
ക്ലാസ് മുറികളിലൊന്നിൽ ബെഞ്ചുകൾക്ക് പിറകിലായി ജനാലയ്ക്കരികിൽ തനിക്കൊപ്പം പ്രായത്തിലുള്ള ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നതും ജോസഫ് കണ്ടു. ഇരുനിറമുള്ള അവൾ വെള്ള ബ്ലൗസും പാവാടയുമായിരുന്നു ധരിച്ചിരുന്നത്. ജേസഫിനെ നോക്കിയിരിക്കുകയായിരുന്നു അവൾ. ഇതാരാണ് എന്ന ആശങ്ക തോന്നി ജോസഫിന്. ജോസഫ് അവളെ കണ്ട കണക്കിനു മാത്രം അപരിചിതനെപ്പോലെ ക്ലാസ് മുറിയുടെ അകത്തേക്ക് കയറി. ജനാലയിലൂടെ പടരുന്ന പുലർവെട്ടം തട്ടി മുടിനാരുകൾ തിളങ്ങുന്ന അവളുടെ വട്ട മുഖം നോക്കിക്കൊണ്ട് ജോസഫ് അകത്തെ നിഴലു പറ്റി നിന്നു. അവളുടെ ചുണ്ടുകളിലെ നനവിലും വെളിച്ചം തട്ടുന്നുണ്ടായിരുന്നു.

ജോസേ, അവൾ ജോസഫിനെ വിളിച്ചു.
ജോസഫിൻ്റെ കണ്ണുകൾ വിടർന്നുപോയി. കല്ലിച്ചുപോയ ഏതോ ഓർമ്മകളിൽ നിന്ന് ഒരാൾ കൈയെത്തി പിടിച്ചതുപോലെ അപ്പോൾ ജോസഫിന് തോന്നി. അവൻ അവളുടെ മുന്നിലേക്ക് വന്നു.
എന്താടാ മിഴിച്ചു നിൽക്കുന്നെ.
ശോശന്നയായിരുന്നോ…
ഞാനല്ലാതെ പിന്നാരാടാ…
നീ എന്താ ഇവിടെ.
ഞാനെന്താ ഉവിടെ. നിന്നെപ്പോലെ തന്നെ..
ജോസഫ് സാവധാനം എതിരെയുള്ള ബെഞ്ചിൽ അവൾക്ക് മുഖാമുഖം ഇരുന്നു. അവന് കൗതുകം കുറഞ്ഞതേയില്ല.
കാണാനൊക്കെ പഴയതു കൂട്ട് തന്നെ ഉണ്ട് ശോശന്നെ.
നീയും.
ഞാനൊരിക്കലും നിന്നെ ഇവിടെ കരുതിയതല്ല.
എങ്ങനെ കരുതാനാ..
എന്തേ…
എന്നെ ഓർക്കാറൊന്നും ഇല്ലല്ലൊ നീ…
ഓർക്കാറുണ്ട് ശോശന്നെ.
പിന്നെ…
ഉണ്ട്.
എപ്പഴും.
എപ്പഴും എന്തിനാ ഓർക്കുന്നെ.
ശോശന്ന ഒന്നും മിണ്ടാതെ അതുവരെ ഉണ്ടായിരുന്ന പ്രസന്ന ഭാവം മങ്ങി ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.
എനിക്കെപ്പഴും ഓരോന്നോർമ്മ വരും ജോസേ…
ശോശന്ന പറഞ്ഞു.
അവൾ എഴുന്നേറ്റ് ജോസഫിൻ്റെ കൈ പിടിച്ച് ക്ലാസ് മുറിയുടെ പുറത്തേക്ക് നടന്നു. അവർ വരാന്തയിലേക്കിറങ്ങി കെട്ടിടത്തിൻ്റെ ഓരത്തുകൂടെ സ്കൂളിൻ്റെ പിന്നാമ്പുറത്തുള്ള ആൽമരവും കടന്ന് അതിനപ്പുറം കടലുപോലെ പരന്നു കിടക്കുന്ന റബർ മരങ്ങളുടെ കടും കട്ടി പച്ചയിൽ കുഴഞ്ഞ തണലുകൊണ്ട് പണ്ടുണ്ടായിരുന്ന ഒറ്റ നടപ്പാതയിലൂടെ മുന്നോട്ട് നടന്നു. പാത മങ്ങിക്കിടന്നിരുന്നു. ഇപ്പൊഴാരും അതിവഴി നടക്കാറുണ്ടാവില്ല. റബർ മരങ്ങൾക്കിടയിൽ നിന്നും അരണകൾ അവരെ തലയെത്തിച്ച് നോക്കുന്നതും തല വെട്ടിച്ച് പായുന്നതും കാട്ടുകോഴികൾ ഉണക്കില കൂമ്പാരത്തിനിടയിൽ പതുങ്ങി കൂടുന്നതും ജോസഫ് കണ്ടു. ശോശന്നയുടെ പിന്നാലെ അനുസരണയോടെ നടന്നതും ജോസഫ് ശോശന്നയെ പറ്റി ഓർത്തു.
ജോസഫിനോട് ശോശന്നയെക്കുറിച്ച് ആദ്യം പറയുന്നത് മറിയമ്മ ടീച്ചറായിരുന്നു. ചാറ്റൽ മഴയത്ത് കപ്പണക്കുഴികളിലേക്ക് കല്ലു പറക്കി എറിഞ്ഞ് തെങ്ങിൻ മെരടിലെ വെളിച്ചിങ്ങ പറക്കി തിന്ന് കിതച്ചു കുത്തി കഞ്ഞി പാത്രവും സഞ്ചിയും തോളിലേറ്റി അതിരാവിലെ പതിവുപോലെ സ്കൂളിലേക്കെത്തിയപ്പോൾ രാവിലത്തെ സമയങ്ങളിൽ താൻ ഒറ്റയ്ക്കിരുന്ന് പഠിക്കാറുള്ള ക്ലാസ് മുറിയുടെ വാതിലിനരികെ മറിയമ്മ ടീച്ചർ ജോസഫിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ടീച്ചറെ കണ്ടതും ജോസഫ് കുട ചൂടി മഴയത്ത് തന്നെ നിന്നു.
കേറി വാടാ…മറിയമ്മ ടീച്ചർ ജോസഫിനെ വിളിച്ചു.
ജോസഫ് ക്ലാസ് റൂമിനകത്തേക്ക് കയറി കുട മടക്കി ചുവരിൽ ചാരി പുസ്തക സഞ്ചിയും കഞ്ഞിപാത്രവും ബെഞ്ചിൽ വച്ച് ടീച്ചറിൻ്റെ മുന്നിലേക്ക് വന്നു.
നീ എന്തിനാ ഒറ്റയ്ക്ക് നടക്കുന്നെ ജോസെ. നിനക്ക് കൂട്ടുകാരാരും ഇല്ലേ, മറിയാമ്മ ടീച്ചർ ചോദിച്ചു.
ജോസഫ് ഒന്നും മിണ്ടിയില്ല. മറിയാമ്മ ടീച്ചർ അൽപ്പനേരം അവൻ്റെ മെലിഞ്ഞ ഉടലിലേക്ക് നോക്കിനിന്നു.
ജോസേ... നീ എനിക്കു വേണ്ടി ഒരു കാര്യം ചെയ്തു തരണം.
എന്താണ് എന്ന ഭാവേന ജോസഫ് ടീച്ചറിനെ നോക്കി.
ശോശന്നയെ നിനക്കറിയില്ലെ.
അറിയുമെന്നോ ഇല്ലെന്നോ ജോസഫ് പറഞ്ഞില്ല.
പത്ത് സിയിലെ ശോശന്നയില്ലെ. അവൾക്ക് നീയൊന്ന് സാമൂഹ്യപാഠം പറഞ്ഞുകൊടുക്കണം.
അവളുടെ കൈ വെള്ള നിറയെ ചൂരൽവടിയുടെ പാടുകളാണ്. രാവിലെ ഈ നേരത്ത് ഞാനവളെ നിൻ്റെ അടുത്തേക്ക് പറഞ്ഞു വിടട്ടെ. നീ അവളെ സഹായിക്കുമോ.
ജോസഫ് തലയാട്ടുക മാത്രം ചെയ്തു.
അത്രയും പറഞ്ഞ് മറിയമ്മ ടീച്ചർ വരാന്തയിലൂടെ ഓഫീസ് മുറിയിലേക്ക് നടന്നു പോയി. ജോസഫ് ബെഞ്ചിലിരുന്ന് സഞ്ചിയിൽ നിന്നും സാമൂഹ്യപാഠ പുസ്തകമെടുത്ത് തുറന്ന് വച്ച് താനിതുവരെ കാണാതിരുന്ന ശോശന്നയെ ഓർമ്മയിലുള്ള മുഖങ്ങളിൽ മുഴുവൻ തിരഞ്ഞുകൊണ്ടിരുന്നു.
അന്ന് പകൽ മുഴുവനും ജോസഫ് സ്കൂൾ വരാന്തകളിലെ പെൺകുട്ടികളിൽ ശോശന്നയെ ഒളികണ്ണാലെ പരതി നോക്കി. അവളുടെ ക്ലാസ് മുറിക്കു മുന്നിൽ ചെന്നു നിന്ന് ആരാണ് ശോശന്ന എന്ന് ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു ജോസഫിന്. അന്നു രാത്രിയും അവനവളുടെ അറിയാത്ത മുഖത്തെ പറ്റി ഓർത്തു. പിറ്റേന്ന് രാവിലെ തോട്ടിലേക്കിറങ്ങിക്കുളിച്ച് കപ്പക്കറിയും കാന്താരിച്ചമ്മന്തിയും കഴിച്ച് കഞ്ഞിപ്പാത്രവുമെടുത്ത് ബ്ലാത്തിച്ചക്ക മരങ്ങൾക്കിടയിലൂടെ സ്കൂളിലേക്ക് നടക്കുമ്പോൾ അവന് എന്തുകൊണ്ടോ ഒരാവേശം തോന്നുകയും അത് അടക്കാനൊക്കാതെ വരികയും ചെയ്തു. റബർ മരത്തിട്ടകളിലൂടെ അവൻ മുകളിലേക്ക് പാഞ്ഞുകയറി. ആ പുലർക്കാലത്ത് തന്നെത്തേടിവന്ന ആരെയും തന്നെ ജോസഫ് പക്ഷെ സ്കൂൾ പരിസരത്തോ വരാന്തയിലൊ കണ്ടില്ല. അവൻ ക്ലാസ് മുറിയുടെ അകത്തേക്ക് കയറി. ജനാലയിലൂടെ അകത്തേക്ക് ചൊരിയുന്ന പുലർവെട്ടത്തിൽ ശോശന്ന ജോസഫിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

തുറന്നു വച്ച നോട്ട് ബുക്കുകളിലേക്ക് നോക്കി അന്നവർ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ.
കുഞ്ഞച്ചൻ സാർ എൻ്റെ കണം കൈയിൽ നുള്ളും. സഹിക്കാൻ പറ്റാത്ത വേദനയാണപ്പോൾ. അതു മാത്രമാണ് എനിക്ക് പ്രശ്നം. അല്ലാതെ എനിക്ക് പഠിക്കാൻ അത്ര മിടുക്കൊന്നും ഇല്ല, ശോശന്ന ജോസഫിനോട് പറഞ്ഞു.
അതിൽ പിന്നെ മാത്രം അവർ മിണ്ടാനും പറയാനും തുടങ്ങി. രാവിലെ സ്കൂളിലെത്തിയാൽ അവർ മഞ്ചക്കല്ലിലെ മലം ചെരുവുകളിൽ നാടൻ പണിയെടുക്കുന്ന മനുഷ്യരെ പറ്റി ഓരോരോ കഥകൾ പറഞ്ഞിരിക്കും. വാറ്റുചാരായം വിൽക്കുന്ന അപ്പനെ പറ്റിയും കപ്പയും കിഴങ്ങും നട്ടു വളർത്തുന്ന അമ്മച്ചിയെ പറ്റിയും ഓലമേഞ്ഞ വീടിനു ചുറ്റിലും വരുന്ന കുരങ്ങുകളെ പറ്റിയും കുറുക്കൻമാരെ പറ്റിയും പെരുച്ചാഴികളെപ്പറ്റിയും ശോശന്ന ജോസഫിനോട് പറയും. മഞ്ചക്കല്ലിലെ കാട്ടുചെടികളിൽ മിന്നാമിനുങ്ങുകൾ പൂത്തുലഞ്ഞതു പോലെ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച കാണാനിറങ്ങുന്ന രാത്രികളെ പറ്റിയും അവൾ പറയും. അവൾ കൊഞ്ഞങ്കല്ലു കളിക്കുന്നത് ജോസഫ് നോക്കി ഇരിക്കും. അതുമല്ലെങ്കിൽ കാരപ്പഴക്കാടുകൾ വകഞ്ഞു നിൽക്കുന്ന ഒറ്റ നടപ്പാതയിലൂടെ അവർ കാട്ടിലേക്ക് വെള്ളച്ചാട്ടം കാണാനിറങ്ങും.
പറങ്കിമാവുകളും മുരിക്കിൻ മരങ്ങളും അതിരിട്ട വഴി നീളുന്നത് ചെങ്കുത്തായ കയറ്റത്തിലേക്കാണ്. വഴി നിറയെ ചുവന്നു തുടുത്ത മുരിക്കിൻ പൂവുകൾ അടർന്നുവീണ് കിടപ്പുണ്ടാവും. അത് പറക്കി എടുത്ത് കൈ വിരലുകളിൽ ഒട്ടിച്ചു വച്ചാൽ ചോരയിൽ മുക്കിയ നഖങ്ങൾ ഉള്ളതായി തോന്നും. ആകാശം മുട്ടുന്ന നെല്ലിമരങ്ങളും മാവുകളും വഴിയരികിലുണ്ട്. നെല്ലിമരത്തിൻ്റെ ഉച്ചി വരെ ജോസഫ് കയറും. അവൻ അടർത്തിയിടുന്ന നെല്ലിക്കകൾ ഓരോന്നും ശോശന്ന പറക്കി കൂട്ടി അതൊക്കെയും പാവാട തുമ്പിൽ പൊതിഞ്ഞെടുക്കും. കുന്ന് കയറിയിറങ്ങി ചെന്നു നിൽക്കുന്നത് മഞ്ഞ മുളങ്കാടുകളും മാതളനാരങ്ങ വള്ളികളും പൊതിഞ്ഞു നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ നീരൊഴിക്കിനരികിലേക്കാണ്. അവിടെ ഭീമാകാരൻമാരായ പാലമരങ്ങൾ മറയിട്ട ഒരു കുഞ്ഞു വെള്ളചാട്ടം ഉണ്ട്. അനേകം ബങ്കണനീലി പൂമ്പാറ്റകൾ അവിടെ പറന്നു കളിക്കുന്നുണ്ടാവും. മറ്റാരും കാണാത്ത ആ തണുപ്പിലിരുന്ന് ജോസഫും ശോശന്നയും പാവാട കുമ്പിളിൽ കൂട്ടിയ നെല്ലിക്ക തിന്നുകൊണ്ടിരിക്കും. നീരൊഴുക്കിൽ നിന്നും നെല്ലിക്ക മധുരമുള്ള വെള്ളം കോരിക്കുടിക്കും.
ഒരു ദിവസം വെള്ളച്ചാട്ടത്തിനരികിൽ ഇരിക്കവെ ശോശന്ന പറഞ്ഞു, കുഞ്ഞച്ചൻ സാർ നുള്ളുമ്പോൾ എനിക്ക് വേദനിക്കാറുണ്ടെങ്കിലും സത്യത്തിൽ…
സത്യത്തിൽ… ജോസഫ് ചോദിച്ചു.
സത്യത്തിൽ ഞാനതാസ്വദിക്കാറുണ്ടായിരുന്നു. വീട്ടിലേക്ക് ചെന്ന് കിടക്കാൻ നേരം ആ പാടുകളിൽ തൊടുമ്പോൾ എനിക്ക് കുളിര് പോലെ തോന്നുമായിരുന്നു.
ജോസഫ് തോട്ടിൻ വക്കത്തെ ചെമ്പരത്തിപ്പൂവുകളെ വട്ടമിട്ട് പറക്കുന്ന ബങ്കണനീലി പൂമ്പാറ്റകളെ നോക്കി നിശ്ചലനായി ഇരുന്നു. ശോശന്ന ജോസഫിന് മുന്നിലേക്ക് അവളുടെ വെളുത്തു മെലിഞ്ഞ വലം കൈ നീട്ടിപ്പിടിച്ചു. ജോസഫ് അവളുടെ പൂവള്ളി പോലുള്ള കൈയിലേക്ക് ഒരു ഞെട്ടലോടെ നോക്കി. അവളുടെ കണംകൈയിലെ ചുവന്ന പാടുകൾ അവൻ കണ്ടു. അവൻ്റെ കണ്ണുകൾ എന്തിനെന്നറിയാതെ ആ സമയം സാവധാനം നിറഞ്ഞു. അവൻ അവളുടെ കൈ വിരലുകളിൽ മെല്ലെ തൊട്ടു. അവൻ അവളുടെ കൈവിരലുകളിൽ ചുംബിച്ചു. ചുണ്ടെത്തിച്ച് അവളുടെ കണം കൈയിലെ ചുവന്ന പാടുകളിലും അവൻ ചുംബിച്ചു. അവളുടെ കൈത്തണ്ടയിലേക്ക് അവൻ്റെ കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റുവീണു.

അവർക്കു ചുറ്റിലും മുളങ്കാടുകൾ കാറ്റിൽ ആടി ഉലയാതെ മറയിട്ടു നിന്നു. മാതളനാരങ്ങാ വള്ളികൾ അവരിലേക്ക് പടരാൻ കൈ നീട്ടിപ്പിടിച്ചു. ബങ്കണനീലി പൂമ്പാറ്റകൾ ദേഹത്ത് മുട്ടിയിരുമ്മിക്കൊണ്ട് അവരിലെ കുളിരിന് ആക്കം കൂട്ടി. പാലമരങ്ങൾ ഇല പടർപ്പിനിടയിലൂടെ അവരിലേക്ക് മാത്രം വെളിച്ചം ചൊരിഞ്ഞു. ആ വെളിച്ചത്തിലിരുന്ന് അവർ ഉടലു നിറയെ പരസ്പരം നെല്ലിക്ക മധുരം നുണഞ്ഞു.
രണ്ട്
കുന്നിലേക്കുള്ള വഴി പല ഇടങ്ങളിലും കാടുപിടിച്ച് മറഞ്ഞു കിടന്നിരുന്നു. കാട്ടിലകൾ വകഞ്ഞു മാറ്റിക്കൊണ്ട് നിഴലിലും വെളിച്ചത്തിലും മാഞ്ഞും തെളിഞ്ഞും കിതപ്പേതുമില്ലാതെ ജോസഫ് ശോശന്നയ്ക്ക് പിന്നാലെ നടന്നു. മുള്ളുകളിലും കല്ലുകളിലും കാലു പതിയുമ്പോൾ പഴയതു പോലെ കുത്തിനോവാത്തതെന്താണെന്ന് ജോസഫ് ഓർത്തു.
നിനക്ക് മടുക്കുന്നുണ്ടൊ ജോസെ, ശോശന്ന ചോദിച്ചു.
ഇല്ല ശോശന്നെ, ജോസഫ് പറഞ്ഞു.
എന്നെ ഈ വഴിയിലൂടെ ആദ്യമായി കൊണ്ടുപോയത് നീയായിരുന്നു, ശോശന്ന പറഞ്ഞു.
നീ എന്നാണ് ഈ വഴി കണ്ടുപിടിച്ചത്.
ഓർമ്മയില്ല ശോശന്നെ. പണ്ടെന്നോ കാട്ടിലൂടെ നടന്ന് നടന്ന് ഒറ്റയ്ക്കായ ഒരോർമ്മയുണ്ട്. അന്ന് പേടിച്ചു പോയ ഞാൻ കുന്നിറങ്ങി വന്ന് വെള്ളച്ചാട്ടത്തിനരികിലിരുന്ന് അപ്പനെയും അമ്മച്ചിയെയും വിളിച്ച് കുറേ നേരം നിലവിളിച്ചതും ഓർമ്മയുണ്ട്, ജോസഫ് പറഞ്ഞു.
കാട്ടിലകളിൽ തൊട്ടുരുമ്മിക്കൊണ്ട് അവർക്കു ചുറ്റിലും കാറ്റ് വീശിക്കൊണ്ടേയിരുന്നു.
മുരിക്കിൻ പൂവിൻ്റെ കൂർത്ത നഖങ്ങൾ വഴിയിലൊക്കെയും ജോസഫ് തിരയുന്നുണ്ടായിരുന്നു. വഴിയരികിലെ നെല്ലിമരങ്ങളും മാവുകളും റബർ മരങ്ങളാൽ പാടേ കടപുഴകിയിരിക്കുന്നു. നെല്ലിക്ക മരങ്ങൾ മനസിൽ കായ്ച്ചതും ജോസഫിൻ്റെ നാവിൻതുമ്പിലേക്ക് മധുരവും കയ്പ്പുമുള്ള നെല്ലിക്ക ചവർപ്പ് ഊറി വന്നു. ചീരിമുള്ളുകളും കമ്യൂണിസ്റ്റ് കാടുകളും കടന്ന് നിലത്ത് പൊട്ടിച്ചിതറി കിടക്കുന്ന റബറിൻ കുരുക്കൾ തട്ടിത്തെറുപ്പിച്ച് കൊണ്ട് കുന്നിനു കീഴെയുള്ള പാറക്കൂട്ടങ്ങൾക്കും പാലമരങ്ങൾക്കും മുന്നിലേക്ക് ക്ഷീണമൊട്ടുമില്ലാതെയാണ് അവരൊടുക്കം എത്തിച്ചേർന്നത്. ജോസഫ് ചുറ്റിലേക്കും നോക്കി. മാതളനാരങ്ങ വള്ളികളും ചെമ്പരത്തി ചെടികളും ഉണങ്ങി എരിഞ്ഞിരുന്നു. മുളങ്കാടുകൾ വെട്ടി മായ്ക്കപ്പെട്ടിരുന്നു. പണ്ടുണ്ടായിരുന്ന വെള്ളച്ചാട്ടം ഒരോർമ്മയും വിട്ടുനൽകിയിരുന്നില്ല.

ബങ്കണനീലി പൂമ്പാറ്റകളൊന്നിനെയും കാണാനുമില്ല. കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്കു ചുറ്റിലും പണ്ടേക്കു പണ്ടേ പടർന്നു പന്തലിച്ച പാലമരങ്ങൾ മാത്രം അനന്തകാലത്തേക്കുള്ള നീക്കിയിരിപ്പു പോലെ അനാഥരെപ്പോലെ നിന്നു.
ജോസഫ് കാട്ടുകല്ലുകളിലൂടെ ചാടി ചാടി ഇറങ്ങി കരിമ്പാറക്കെട്ടുകളുടെ കീഴേയ്ക്കു വന്നു നിന്നു. അതിൻ്റെ മുതുകിലേക്ക് അവൻ അള്ളിപ്പിടിച്ച് കയറാൻ നോക്കി. അവനെ കണ്ട് ഒരു മുള്ളൻപന്നി കാട്ടുപൊന്തയിലേക്ക് നൂണു.
ഉടുമ്പേ… ശോശന്ന ജോസഫിനെ വിളിച്ചു. പാറക്കെട്ടിനു മുകളിലേക്ക് പാടുപെട്ട് കയറിയതും മലയിടുക്കിലേക്ക് നോക്കികൊണ്ട് ജോസഫ് ഒരു കുറുക്കനെപ്പോലെ ഓരിയിട്ടു.
കുറുക്കാ… ശോശന്ന ജോസഫിനെ വിളിച്ചു.
ജോസഫിനടുത്തേക്ക് വന്ന് ശോശന്ന അവനു നേരെ കൈ നീട്ടി പിടിച്ചു. ജോസഫ് കമഴ്ന്ന് കിടന്ന് കൈകളിൽ പിടിച്ച് ശോശന്നയെ മുകളിലേക്ക് വലിച്ചു കയറ്റി. മറ്റൊരു ശബ്ദത്തിൽ ജോസഫിനെപ്പോലെ ശോശന്നയും മലയിടുക്കിലേക്ക് ഉച്ചത്തിൽ ഓരിയിട്ടു. അവർ മറുവശത്തേക്കിറങ്ങി ചുറ്റിലും പൊതിഞ്ഞ പൊടുത്താളിൻ ഇലകളെ മുട്ടാതെ ഉരുമ്മാതെ പാലമരങ്ങൾക്കുനേരെ നുഴഞ്ഞ് കയറി. ഒരാൾക്ക് നൂണിറങ്ങാൻ പാകത്തിലുള്ള മരത്തിൻ്റെ പൊത്തിലേക്ക് ജോസഫ് തലയെത്തിച്ചു നോക്കി. അകത്തേക്ക് കയറാൻ പോയതും അവളവനെ തടഞ്ഞു. പൊത്തിൽ നിന്നും രണ്ട് കെട്ടളേപ്പൻമാർ പുറത്തേക്ക് ഇഴഞ്ഞിറങ്ങിപ്പോകുന്നത് അവർ കണ്ടു.
പാമ്പ്, ശോശന്ന പറഞ്ഞു.
ജോസഫ് പാലമരത്തിൻ്റെ കൊമ്പിലേക്ക് കയറി. അവനതിൻ്റെ മുകളിലേക്ക് നോക്കി. അതിൻ്റെ ഉച്ചിയിലേക്ക് കയറാൻ അവന് കൊതിയുള്ളതായി ശോശന്നയ്ക്ക് തോന്നി.
ജോസെ ഇങ്ങ് വാ..
അവൾ താഴേയ്ക്ക് ഇറങ്ങിവന്ന് ഒരു കരിങ്കൽ കഷണത്തിനു മുകളിൽ ഇരുന്നു. അവൾ അവനെ അടുത്തിരിക്കാൻ കൈ കാട്ടി വിളിച്ചു. ജോസഫ് മരത്തിൽ നിന്നും ചാടി ഇറങ്ങി ശോശന്നയുടെ അരികിലേക്ക് വന്നു. നീരൊഴുക്കൊടുങ്ങിയ കുന്നിൻ ചെരുവിലേക്ക് നോക്കികൊണ്ട് അവർ ഒന്നും മിണ്ടാതെ കരിങ്കൽ കഷണത്തിൽ മുട്ടി മുട്ടി ഇരുന്നു.
ജോസേ നിനക്കോർമ്മയുണ്ടൊ ഇങ്ങനിരുന്നപ്പോൾ നീയെൻ്റെ വിരലുകളിൽ തൊട്ടത്, ശോശന്ന ചോദിച്ചു.
ഓർമ്മയുണ്ട്, ജോസഫ് പറഞ്ഞു.
ഉമ്മ വച്ചത്.
ഉണ്ട്.
പിന്നെയൊ.
ശോശന്ന ചോദിച്ചു. ജോസഫ് ഒന്നും മിണ്ടിയില്ല.
അവർ ഓർമ്മകളിൽ മുഖാമുഖം നോക്കികൊണ്ട് ഒന്നും മിണ്ടാതെ അങ്ങനേയങ്ങിരുന്നു.
ഇവിടെ വച്ചാണ് നമ്മൾ കെട്ടിപ്പുണർന്നത്, ശോശന്ന പറഞ്ഞു.
വിവസ്ത്രരായത്, അവൾ തുടർന്നു.
വിവസ്ത്രരായി നമ്മൾ ചേടി മണ്ണിൽ പുണർന്ന് കിടന്നത്. പരസ്പരം തലോടിയത്. താലോലിച്ചത്. ആർത്തുല്ലസിച്ചത്. നമുക്കു ചുറ്റിലും അപ്പോൾ മണ്ണിൻ്റെയും പുൽനാമ്പുകളുടെയും മണമായിരുന്നു, ശോശന്ന കൂട്ടിച്ചേർത്തു.
എല്ലാം അവസാനിച്ച് നമ്മൾ രണ്ടു വഴിക്ക് പിരിയാൻ നേരം നീ എൻ്റെ മുന്നിൽ തല കുമ്പിട്ടുനിന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. കരഞ്ഞു കൊണ്ടേയിരുന്നു. നിൻ്റെ വീട്ടുപറമ്പിൻ്റെ അതിരുവരെ ഞാൻ നിനക്ക് കൂട്ടുവന്നു. ബ്ലാത്തിച്ചക്ക മരങ്ങൾക്കിടയിലൂടെ ഞാൻ തിരിച്ചു നടന്നതും കണ്ണിൽ നിന്നു മറയുവോളം നീ എന്നെ നോക്കി നിന്നു. നിൻ്റെ ഹൃദയത്തിൽ അപ്പോൾ ചീമുള്ള് കൊണ്ട് പേരലേറ്റതു പോലെ ചോര പൊടിഞ്ഞുവെന്ന് ഞാനറിയുന്നുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നീയും കുടുംബവും മഞ്ചക്കലിൽ നിന്നും കോട്ടയത്തേക്ക് പോയതിൻ്റെ പത്തൊൻപതാം നാൾ അപ്പൻ എന്നെ അരിവാളിന് വെട്ടി പൊതിഞ്ഞു കൂട്ടി ഈ ചരുവിലെ ചതുപ്പിൽ കുഴിച്ചുമൂടി. ജോസേ എൻ്റെ വയറ്റിലപ്പോൾ പൊട്ടിമുളച്ചു വളരുന്ന ഒരു കുഞ്ഞുണ്ടായിരുന്നു.
ജോസഫ് അവൾക്കു മുന്നിൽ അന്നത്തേതുപോലെതന്നെ തല കുമ്പിട്ടു നിന്നു. ജോസഫ് അവൾക്കു മുന്നിൽ അന്നത്തേതുപോലെതന്നെ നിരാശ്രയനായി കരയുവാൻ തുടങ്ങി.
ശോശന്ന കരുണയോടെ ജോസഫിനെ നോക്കി. അവൻ്റെ അരികിലേക്ക് ചേർന്നു നിന്നു. അവൻ്റെ മുഖം അവൾ പതിയെ മാറിലേക്ക് ചായ്ച്ചു.

കരയാതെ… അവൻ്റെ തലമുടിയിൽ അവൾ മൃദുവായി തലോടി. അവൻ്റെ മുഖം മാറിലേക്കമർത്തി. അവർക്കു മേലെ പാലമരങ്ങൾ കനത്ത ദുഃഖം പോലുള്ള കറുത്ത നിഴലുകൾ കുടഞ്ഞിട്ടുകൊണ്ടേയിരുന്നു. അവർക്കു ചുറ്റിലും ജീവജാലങ്ങൾ ആർദ്രതയോടെ കണ്ണുകൾ കൂമ്പി നിന്നു. ജോസഫ് ഗതിയേതുമില്ലാതെ കരഞ്ഞു. കരഞ്ഞു കരഞ്ഞ് ജോസഫ് ശോശന്നയുടെ മാറിലേക്ക് ആറി ഊർന്നതു പോലെ തളർന്നു കിടന്നു. അവൾ അവൻ്റെ കാതിലേക്ക് ചുണ്ടുകളടുപ്പിച്ചു.
ക്ലാസ് മുറിയിൽ നിന്നും നിൻ്റെ ശവശരീരം ആളുകൾ അധികം വൈകാതെ തന്നെ എടുത്തുകൊണ്ടുപോകും, ശോശന്ന പറഞ്ഞു.
അപ്പോൾ നീ അവർക്കൊപ്പം ഉണ്ടാവണം. ഹൃദയം പൊട്ടി മരിച്ച ജോസഫിനെ കുഴിച്ചുമൂടുന്നതും അവൻ്റെ നേർപാതിയും കൊച്ചുങ്ങളും കൂടപിറപ്പുകളും ബന്ധുക്കളും മിത്രങ്ങളും ജോസഫിനെ ഓർക്കുന്നതും കരയുന്നതും നെടുവീർപ്പിടുന്നതും ജോസേ നിനക്ക് കാണണ്ടെ. മടങ്ങി പോവണ്ടെ നിനക്ക്.
ജോസഫ് അവളുടെ മാറിൽ മുറിഞ്ഞു വീണ തളിരില കണക്കനെ ഭാരമില്ലതെ കിടന്നു.
ജോസേ…
ശോശന്ന വിളിച്ചു. ഉറക്കത്തിൻ്റെയും ഉണർവിൻ്റെയും അതിർവരമ്പിലൂടെ കാലിടറാതെ പതിയെ നടക്കുകയായിരുന്നു അവൻ. ശോശന്ന അവനെ മാറിൽ നിന്നും മെല്ലെ അടർത്തി എടുത്തു. തല കുമ്പിട്ടു നിൽക്കുന്ന ജോസഫിൻ്റെ വലം കൈ വിരലുകൾ പിടിച്ച് അവൾ നടന്നിറങ്ങിയ ഊടുവഴിയിലേക്ക് കണ്ണ് പായ്ച്ചു. അവൾ അവനെയും കൊണ്ട് പാറയിടുക്കിനെയും പാലമരങ്ങളെയുമുപേക്ഷിച്ച് കടുംപച്ചയിൽ കുഴഞ്ഞ നിഴലുകൊണ്ട് വന്ന വഴിയിലൂടെ കുന്നിനു നേർക്ക് സാവധാനം നടന്നു തുടങ്ങി.
ശോശന്നയും ജോസഫും സ്കൂൾ മുറ്റത്തേക്ക് മടങ്ങി എത്തിയപ്പൊഴെയ്ക്കും സ്കൂൾ പരിസരമാകെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ജോസഫിൻ്റെ മൃതശരീരം ആമ്പുലൻസിലേക്ക് കയറ്റുകയായിരുന്നു ആളുകൾ അപ്പോൾ. കൂട്ടുകാരായ നാലുപേരും ജോസഫിൻ്റെ ചുറ്റിലുമുണ്ടായിരുന്നു.
ജോസേ അവരതിൻ്റെ വാതിലടയ്ക്കുന്നതിനും മുൻപെ അകത്തു കയറി നീയൊരു മൂല പിടിച്ച് ഒന്നുമോർക്കാതെ കരയാതെ കണ്ണുപൂട്ടി അങ്ങുവരേയ്ക്കും ആങ്ങനങ്ങിരുന്നോണം.
ശോശന്ന പറഞ്ഞു. ജോസഫ് തലയാട്ടി. അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടേയിരുന്നു. അവൻ ആശ്രയമേതുമില്ലാതെ ശോശന്നയെ നോക്കി. കലങ്ങിയ കണ്ണിലൂടെ കലങ്ങി മറിഞ്ഞ ശോശന്നയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു. അവൾ അവൻ്റെ കവിളിലെ നനവ് തുടച്ചു.
ശോശന്ന നോക്കിനിൽക്കെ ആളുകളെ മറികടന്ന് ജോസഫ് ആമ്പുലൻസിനരികിലേക്ക് നടന്നു. അകത്തേക്ക് കയറി മരിച്ച ജോസഫിൻ്റെ തല ഭാഗത്തോട് ചേർന്ന് അവൻ ഒതുങ്ങി ഇരുന്നു. പെട്ടന്ന് പരിസരമാകെ മേഘങ്ങൾ കനംവച്ച് ഇരുണ്ടു പോവുകയും ആമ്പുലൻസിൻ്റെ പിൻവാതിൽ അടയുകയും ജോസഫിനെയുംകൊണ്ട് വാഹനം സ്കൂൾ മുറ്റത്തു നിന്ന് മനുഷ്യരെ കടന്ന് അകന്നകന്ന് പോവുകയും ചെയ്തു. ആളുകളൂർന്നുപോയ സ്കൂൾ മുറ്റത്ത് ശോശന്ന ഒറ്റയ്ക്കു നിന്നു. അവൾ ഇരുണ്ട ആകാശത്തേക്ക് നോക്കി. മേഘപടലങ്ങൾക്കിടയിൽ തെളിഞ്ഞു കാണുന്ന സൂചിമുന പോലുള്ള പ്രകാശത്തിൽ അവളുടെ കണ്ണുടക്കി. അവളുടെ കവിളിലേക്ക് ഒരു മഴത്തുള്ളി വീണ് ചിതറി. അവൾ കാൺകെ ഒരുകൂട്ടം പറവകൾ കൂടുകളിലേക്ക് സായാഹ്നമടുക്കുന്നതിനും മുന്നെ മടങ്ങി. അവൾ കുഴമറിയുന്ന ആകാശത്തേക്ക് നോക്കികൊണ്ട് അതിനിടയിൽ കാണുന്ന പ്രകാശ ബിന്ദുവിനെ നോക്കികൊണ്ട് അന്നുവരേയ്ക്കും ഭൂമിയിൽ ജനിച്ചു മരിച്ച മനുഷ്യർക്കെല്ലാം തന്നെ ഹൃദയത്തിൽ നിന്നും നിതാന്തമായ നിത്യശാന്തി നേർന്നു.