മരിച്ചവന്റെ മരണം അത്രമേൽ ബീഭൽസമായിരുന്നു. തലയാകെ ചതഞ്ഞ് തളംകെട്ടിയ രക്തത്തിലുള്ള കിടപ്പ്. മസ്തിഷ്കം ഏതാണ്ട് പൂർണമായിത്തന്നെ മൃതമായ ആ ശരീരം അമല ആൽബർട്ട് ഗോമസ്സിന്റെ ഹൃദയത്തെ ഒരു നിമിഷത്തേക്കു സ്തംഭിപ്പിക്കുകയും ശരീരത്തെ ആകമാനം തളർത്തുകയും ചെയ്തു.
അവൻ കിടന്നിരുന്ന മുറിയിൽ തന്നെ ഏതാനും സെന്റിമീറ്റർ അകലെയായി പഴന്തുണിക്കെട്ടുപോലെ ചുരുണ്ട് കൂടി കിടന്ന നഗ്നമായ രൂപത്തിന്റെ ഞരക്കങ്ങൾ നാലു മിനിറ്റ് മുപ്പത് സെക്കൻഡ് കഴിഞ്ഞാണ് അമലയുടെ ശ്രദ്ധയിൽപ്പെട്ടത്. ശരീരമാകെ ചോരപ്പാടുകളുമായി ഭിത്തിയോടു ചേർന്നു കിടന്ന ആ രൂപത്തെ കാഴ്ചയിൽ നിന്നും മറച്ചത് മൃതപ്രായനായ ക്രിസ്റ്റി ആൽബർട്ട് ഗോമസ് തന്റെ മകനായതു കൊണ്ടാണല്ലോ എന്ന ചിന്തയിൽ ബദ്ധപ്പെട്ട്, അവർ കട്ടിലിന്റെ തലക്കൽ നിന്നു താഴേക്കു തൂങ്ങി കിടന്നിരുന്ന ബെഡ്ഷീറ്റെടുത്ത് അവളുടെയരികിലേക്കു ചെന്നു.
നിഷ്പക്ഷമായിരുന്നാ കാഴ്ചാ സന്ദർഭമെങ്കിൽ, നഗ്നത എത്രത്തോളം ഭീകരമാക്കാമോ അത്രത്തോളം ഭീകരമാക്കിയിരുന്ന അവളുടെ ശരീരത്തിലെ മുറിവുകളും ജീവനെ പിടിച്ചുനിർത്താനുള്ള ഞരക്കങ്ങളും ആയിരുന്നേനെ മിണ്ടാതെ അനങ്ങാതെ കിടന്നിരുന്ന ആ ചെറുപ്പക്കാരനെക്കാൾ മുൻപ് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുക.
മിഡിൽ മെനിഞ്ചൽ ആർട്ടറിയെ പൂർണ്ണമായും തകരാറിലാക്കും വണ്ണം മാരകമായിരുന്നു ക്രീസ്റ്റിയുടെ തലയ്ക്കേറ്റ ക്ഷതം. തീവ്ര പരിചരണ ആംബുലൻസിലെ ഡോക്ടർമാരെ ഏൽപ്പിക്കുമ്പോൾ ചോരത്തളത്തിനുള്ളിൽ നഗ്നമായി കിടന്ന വെളുത്തുമെലിഞ്ഞ തന്റെ കുഞ്ഞാടിനെ മറിയത്തെ കാത്തുകിടന്ന മിശിഹായോട് ചേർത്തുവയ്ക്കാനേ അമലയ്ക്കായുള്ളൂ.
ഇടുപ്പിൽ നിന്ന് പെരുവിരൽ വരെ കമ്പനങ്ങളുണർത്തി, ഉള്ളിലെ നോവാകെ ഗുഹാമുഖത്തേക്ക് തള്ളിയും നിർത്തിയും പിന്നെയും തള്ളിയും നിർത്തിയും ഒടുവിൽ അടിമുടി നിറഞ്ഞൊഴിഞ്ഞ് ഇടതു തുടയിലൂടെ അവനീ ലോകത്തേക്കിറങ്ങിവന്ന ആ നിമിഷത്തെ ഒരിക്കൽ കൂടി ഓർമ്മകളിൽ അനുഭവിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. അവൻ്റെ വിരലുകളിൽ ചേർത്ത് വച്ചിരുന്ന കൃത്രിമ നഖങ്ങൾ നേഴ്സ് അവരെ ഏൽപ്പിക്കും വരേക്കും അവൻ തൻ്റെ മിശിഹാ തന്നെയാണെന്നു കരുതുവാനായിരുന്നു അവർക്കിഷ്ടം. ആ നഖങ്ങൾക്കുള്ളിൽ അവളുടെ തൊലിയും ചോരയുമാണുണ്ടായിരുന്നതെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞപ്പോൾ അതു വിശ്വസിക്കാനാവാതെ അവർ തല കുടഞ്ഞു.
ക്രിസ്റ്റിയെ അമലയ്ക്കറിയാം. അവന്റെ കോൺവെൻ്റ് വടിവിലുള്ള ചിട്ടകൾക്ക് ഒട്ടും യോജിക്കുന്ന രൂപമായിരുന്നില്ല അവളുടേത്. കൈകാലുകളിലെ രോമങ്ങൾ ചെമ്പിച്ചിരുന്നു. മുടിയാകെ പരുപരുത്ത്. എല്ലുന്തിയ അരക്കെട്ടത്രയും മുറിവേറ്റ്, ചുണ്ടുകൾ ചതഞ്ഞു മുറിഞ്ഞ്, ഇരുതുടകളിലെയും ആഴത്തിലെ മുറിവുകളിൽ രക്തം കട്ടപിടിച്ച്. അകന്നുമാറിയ തുടകൾക്കിടയിലെ കാഴ്ചയായിരുന്നു ഞെട്ടിച്ചത്. മാന്തിപ്പൊളിഞ്ഞ് നീരു കൊണ്ട് വീർത്തു ചുവന്ന്. ആ മുറിയാകെ തല ചെടിപ്പിക്കുന്ന ഈഥൈൽ ആൽക്കഹോൾ മണം നിറഞ്ഞു നിന്നിരുന്നതായി അമല ഓർത്തെടുത്തു. ദാരുണമായ കാഴ്ച ഗന്ധത്തെ മറച്ചതിനാലാവും താനിപ്പോൾ മാത്രം അതോർത്തതെന്ന് അമലയ്ക്കു തോന്നി.
ഗോമസ്സിൻറെ താടിരോമങ്ങൾ വളർന്നുനിൽക്കുന്നതും അയാളുടെ ഷർട്ട് മുഷിഞ്ഞിരിക്കു ന്നതും ആദ്യമായാണ് അമല കാണുന്നത്. ഇത്ര തീവ്രമായ വേദനയിലും ഐക്യപ്പെടാനാവാതെ ഒരപരിചിതയെപ്പോലെ അവർ അയാൾക്കരികിലിരുന്നു.
അവൾ സെപ്റ്റിക് വാർഡിലുണ്ട്. ദേഹമാസകലം ഉണങ്ങാത്ത മുറിവുകളുമായി. ദിവസത്തിൽ പലതവണ അപസ്മാര ബാധ ഉണ്ടാവുന്നതായി ഡോക്ടർ അരവിന്ദ് അറിയിച്ചപ്പോൾ ഗോമസിന്റെ നാവ്, കടിച്ചമർത്തിയ പല്ലുകൾക്കിടയിലൂടെ‘ബിച്ചെ’ന്നുതുപ്പി. അതുകേട്ടതും അയാളോട് അടക്കാനാവാത്തൊരു പക അമലയുടെ ഉള്ളാകെ പരന്നു.
അവളുടെ ഓരോ മുറിവുകളുടെയും ഉത്തരവാദിത്വം തന്റേതാണെന്നവർക്ക് തോന്നി. പന്ത്രണ്ടു സംഭോഗങ്ങൾക്ക് പിന്നാലെ വരവറിച്ചവനാണവൻ. ആദ്യത്തേതു മാത്രമേ ബലപ്രയോഗം ആകുന്നുള്ളൂ. പിന്നീടുള്ള പതിനൊന്നും ആദ്യം പരിചയിച്ചതിനു തുടർച്ചയെന്നോണം നടന്ന വെറും ആവർത്തനങ്ങൾ മാത്രം. അതിനോടൊന്ന് പ്രതികരി ക്കാനോ, എന്തിന് വെറുതെ ഒന്നു ലജ്ജിക്കാനോ അമലയെ അനുവദിക്കാത്ത വണ്ണം യാന്ത്രികമായിരുന്നു ഗോമസ്സിൻ്റെ പെരുമാറ്റം.
കട്ടിലിന്റെ സൈഡ്ഡ്രോയറിൽ കണ്ട വയാഗ്ര സ്ട്രിപ്പുകളുടെ ബലത്തിൽ മാത്രം അരങ്ങേറിയ വെറും വംശവർദ്ധന ശ്രമങ്ങളായിരുന്നതെന്ന തിരിച്ചറിവോടെ അവരയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാതെയായി. കഴിഞ്ഞ 22 വർഷങ്ങളിൽ പിന്നീടൊരിക്കലും അത് സംഭവിച്ചില്ലെന്നും, അങ്ങനെയതിനു തുടർച്ചയുണ്ടായിരുന്നെങ്കിൽ അയാളുടെ ശീലങ്ങളെ മെരുക്കപ്പെട്ട ഒരു മൃഗമെന്ന പോലെ താൻ ഇഷ്ടപ്പെടുമായിരുന്നോ എന്നുമവർ വെന്റിലേറ്ററിനു മുന്നിലിരിക്കുമ്പോഴും സന്ദേഹിച്ചു.
വഴിവിട്ട ചിന്തകളെ കുടഞ്ഞു മാറ്റി കൊണ്ട് തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ദിവസത്തെ ആകമാനം തിരിച്ചും മറിച്ചുമിട്ട് അമല കത്രിച്ചു നോക്കി. അന്ന് ഒരു രണ്ടാം ശനിയാഴ്ച ആയിരുന്നു. അലമാരയൊരിക്കൽ കൂടി ക്രമപ്പെടുത്തിയും മുറിയൊന്ന് റീസെറ്റ് ചെയ്തുമൊക്കെ ഞായറാഴ്ചകളെ തരണം ചെയ്യാം. പക്ഷേ അധികമായി വന്നു ചേരുന്ന രണ്ടാം ശനിയാഴ്ചയിലെ അവധി, അതു വല്ലാത്തൊരു ബാധ്യതയാണ്.
അയാളുടെ രുചികൾ പാകം ചെയ്യുന്ന അടുക്കള അവർക്ക് അന്യമായിരുന്നു. അവിടെ അയാളുടെ ചിട്ടപ്പടി ഭക്ഷണം ഒരുക്കാൻ അടുക്കളക്കാരിയുണ്ട്. അവനവിടെയുണ്ടായിരുന്നപ്പോൾ അവനുമായി ചെസ്സ് കളിക്കും. അതുമല്ലെങ്കിൽ പാഠഭാഗങ്ങൾ പഠിക്കാനവനെ സഹായിക്കും. നീണ്ട 10 വർഷങ്ങളായി അമല തന്നോടുതന്നെ സംസാരിച്ചു ക്ഷീണിക്കുകയാണ്. ബോർഡിങിലേക്കുളള മാറ്റം അവനെയൊരു തരത്തിലും അലോസരപ്പെടുത്തിയില്ല. വീടിനെയവൻ അത്രമാത്രം വെറുത്തിരിക്കണം.
ഓരോ തവണ മടങ്ങിയെത്തുമ്പോഴും അവൻ്റെ മുറിയുടെ ഊഷ്മളത ചുരുങ്ങുന്നതായവർക്കു തോന്നി. അവന്റെ വസ്ത്രങ്ങൾ ചുളിയാൻ കൂട്ടാക്കാതെ ഹാംഗറിൽ ഇസ്തിരി വടിവിൽ വിശ്രമിക്കുന്നതും ബെഡ്ഷീറ്റ് ഒട്ടും കുസൃതി കാട്ടാതെ വലിഞ്ഞു നിവർന്നു കിടക്കുന്നതും ബാത്ത്ടൌവൽ കൃത്യമായി ടൌവൽ ഹുക്കിൽ തൂങ്ങി കിടക്കുന്നതും അവരെ അത്ഭുതപ്പെടുത്തി. തനിക്കുമവനുമിടയിൽ സുതാര്യമല്ലാത്ത എന്തോ ഒന്ന് വളർന്നു വരുന്നുണ്ടെന്നവർ ഭയന്നു.
അവൻ്റെ ആഴങ്ങളിലേക്ക് തന്റെ ശബ്ദം എത്തുന്നില്ലെന്നവർ നിരാശപ്പെട്ടു. പക്ഷേ ഒരിക്കൽ പോലുമവൻ അവരുടെ ആശങ്കകൾക്കുമേൽ അസ്വസ്ഥ നായില്ല. ശാന്തമായി സ്നേഹത്തോടെ പെരുമാറി. സ്വാഭാവികമായ എന്തോ ഒന്ന് ഇല്ലാതാകു ന്നുവെന്നും അതെന്താണെന്നു പറഞ്ഞറിയിക്കാനാവുന്നില്ലെന്നതുമായിരുന്നു അവരുടെ സങ്കടം. അന്നും അവർ അവനെക്കുറിച്ചായിരുന്നു ഓർത്തുകൊണ്ടിരുന്നത്. അവൻറെ ചെസ്സ് ബോർഡെടുത്തു തുടച്ചുവച്ചു. അവന്റെ കബോർഡിലെ തുണികളത്രയും ഒന്നുകൂടി നിവർത്തി മടക്കി. മുറിയോടുചേർന്ന ബാൽക്കണിയിൽ ചെന്നിരുന്നു.
താഴത്തെ കാഴ്ചകൾ ആകെ വിരസമായിരുന്നു. ഒരേ മാതൃകയിൽ കത്രിച്ച ഇലച്ചെടികൾ മാത്രമുള്ള ഗാർഡൻ. ദുഷിച്ച രക്തം കെട്ടി ദേഹമാകെ ചീർത്ത രോഗിണിയെ പോലെ ആകാശം ഇരുണ്ടു വീർത്തുനിന്നു. തലയിൽ എന്താണ് ഇരുമ്പുന്നത്? ആകാശത്തിന്റെ അടിവയർ പൊട്ടി കറുത്ത രക്തത്തുള്ളികൾ അവിടമാകെ പരക്കുമെന്നും അതിലാ വീടു മുങ്ങി താഴുമെന്നുമുള്ള ഭ്രാന്തൻ ചിന്ത അവരെ വന്നുമൂടി. എത്രയും പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടാനായവർ തിടുക്കത്തിലിറങ്ങി. മെയിൻ റോഡിലേക്ക് കടക്കാനുള്ള ഇടവഴി തിരിഞ്ഞതും മഴപെയ്തു. പൊരിഞ്ഞ നെറുകയിൽ വീണ മഴത്തുള്ളികൾ ഉള്ളൊന്നയവുളളതാക്കി. പെട്ടെന്നവനെയൊന്ന് വിളിക്കണമെന്നു തോന്നി.
‘അമ്മ കുടയെടുത്തില്ലേ’ ഫോൺ എടുത്തതും അവൻ ചോദിച്ചു. അത്രമേൽ തന്നെയവനറിയുന്നല്ലോ എന്നവർക്ക് അഭിമാനം തോന്നി. അത് അവൻ തന്നെ പറഞ്ഞു കേൾക്കാനുള്ള കൊതിയോടെ, എങ്ങനെ നിനക്കതുമനസ്സിലായി എന്ന ചോദ്യം അവർ മുഴുമിപ്പിക്കും മുൻപേ മറുതലക്കൽ നിന്നും ‘അമ്മേ’യെന്നവൻ ഹൃദയഭേദകമാം വണ്ണം അലറി കരഞ്ഞു. നഗരത്തിൻറെ അപരിചിതമായ ഏതോ കോണിലുള്ള അവൻ്റെ താമസസ്ഥലം ഗൂഗിളിൽ തിരഞ്ഞ് പരിഭ്രാന്തിയോടെ ഡ്രൈവുചെയ്യുമ്പോൾ പലതവണയവൻ നിർബന്ധിച്ചിട്ടും ഇതിനുമുൻപൊരിക്കൽ പോലുമവിടെ പോകാനായില്ലല്ലോയെന്നവർ സ്വയം ശപിച്ചു.
“അമലാ, നാലു ദിവസങ്ങളായില്ലേ നിങ്ങളീയിരുപ്പു തുടങ്ങിയിട്ട്. ദയവായി കുറച്ചുനേരം വിശ്രമിക്കൂ. നിങ്ങൾ വീണാൽ മി.ഗോമസ്സ് ഹെൽപ്പ്ലെസ്സ് ആവും” ഡോക്ടർ അരവിന്ദ് അമലയുടെ തോളിൽത്തട്ടി എഴുന്നേൽപ്പിച്ചു.
“എനിക്കാ കുട്ടിയെ ഒന്നു കാണണം. നിങ്ങളെന്നെ അങ്ങോട്ടൊന്നു കൊണ്ടു പോകൂ”
“ഉറങ്ങാതെ തലയുടെ വെളിവ് പോയെന്നാണു തോന്നുന്നത്. പ്ലീസ് ടേക്ക് ഹേർ ടു യുവർ നഴ്സിംഗ് ഹോം” ഗോമസ്സിൻറെ ശബ്ദമുയർന്നു.
“നിനക്കവളെ കാണണമെങ്കിൽ എന്നോടു സ്വകാര്യമായി പറഞ്ഞാൽ പോരെ എന്തിനാണ് ഗോമസ്സിന്റെ ടെംപർ പരീക്ഷിക്കുന്നത്” പോകുംവഴി അരവിന്ദ് അമലയെ ശാസിച്ചു.
“അയാളെ പിണക്കാൻ നിങ്ങൾക്കാവില്ലല്ലോ. തലമുറകളായി ആൽബർട്ട് ഗോമസ്സിൻറെ കുടുംബാരോഗ്യ സംരക്ഷകരല്ലേ നിങ്ങൾ” അമലയ്ക്കു ദേഷ്യംവന്നു.
“നീ ആകെ ക്ഷീണിച്ചിരിക്കുന്നു” അരവിന്ദ് ഇടംകൈകൊണ്ടമലയുടെ കവിളിൽ തലോടി.
“ഉറങ്ങണം” അവർ ബാഗിനുള്ളിൽനിന്ന് കാംപോസിന്റെ സ്ട്രിപ്പെടുത്തു
“ഇതൊരുശീലമാക്കിയോ?”
“ഏൽക്കാതെയായി. പത്ത് എം ജി കഴിച്ചാലും കണ്ണിങ്ങനെ മിഴിഞ്ഞിരിക്കും”
“ഇന്നത്തെയുറക്കം ഞാൻ സ്പോൺസർ ചെയ്യാം” അരവിന്ദ് ഫ്രിഡ്ജിൽ നിന്നൊരാംപ്യൂളെടുത്ത് സിറിഞ്ചിൽ നിറച്ചു.
“എന്നാലും അവനെങ്ങനെ....ഉപദ്രവിക്കാൻ വേണ്ടിയൊരു ശരീരത്തെ വിലയ്ക്കെടുക്കാൻ മാത്രം..”അമല നെറ്റിയിൽ വിരലമർത്തി.
“മൊഴിരേഖപ്പെടുത്താൻ വന്ന പോലീസുകാരെ നീ കണ്ടിരുന്നോ”
“ഞാനവരെയാ കൃത്രിമ നഖങ്ങൾ കാണിച്ചു. പക്ഷേ അവരതത്ര കാര്യമാക്കിയില്ല. അവരാ കുട്ടിയെ കണ്ടിരുന്നോ?”
“കണ്ടിരുന്നിരിക്കാം. സൃഷ്ടിച്ചവൾ തന്നെ സംഹാരത്തിനും കാരണമായി എന്നു പറയുന്നതാവും ശരി. നിൻ്റെയാ നശിച്ച കോൾ അറ്റൻഡ് ചെയ്ത നേരത്താണവൾ മദ്യക്കുപ്പിയെടുത്തവൻ്റെ തലയ്ക്കടിച്ചത്. ആ വിളി ഒഴിവായിരുന്നെങ്കിൽ...”
അമലയുടെ ഹൃദയം ഊക്കോടെയിടിച്ചു.“അവളങ്ങനെ തീരണമെന്നായിരുന്നോ?” അവരാരോടെന്നില്ലാതെ ചോദിച്ചു.
“അങ്ങനെയൊന്നും അവൾ തീരില്ല. ഷീ ഈസ് എ തേർഡ് റൈറ്റ് പ്രോസ്റ്റിറ്റ്യൂട്ട് ആൻഡ് ഫെമിലിയർ വിത്ത് ദാറ്റ്കൈൻഡ് ഓഫ് ഫൺ”
“ഫണ്ണോ” അമലയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അവൾ വല്ലാതെ കിതച്ചു.
“അവനിനിയുണരില്ല. മരിച്ചവനെ ദുഷിക്കണോ.. ഇപ്പോഴൊന്നും ചിന്തിക്കണ്ട. ഉറങ്ങിക്കോളൂ. നിന്നെ ഞാൻ നല്ല സ്വപ്നങ്ങൾ കാണിച്ചു തരാം” അരവിന്ദ് അമലയുടെ തലയിൽ വിരൽ കൊണ്ടുഴിഞ്ഞു.
“കോഴി കൂവുംമുമ്പ് നിങ്ങളെന്നെ മൂന്നുതവണ തള്ളിപ്പറയും” അമല അയാളുടെ വിരലുകളിൽ മുറുക്കെ പിടിച്ചു. ഒരു നീണ്ട നിദ്ര വന്നവരെ മൂടി.
കഫ്ബട്ടണിട്ട നീല വാൻഹുസൈൻ ഷർട്ടിന്റെ വിളിമ്പിൽ ധവളരാശി. ഓഫ് വൈറ്റ് ലിനൻ പാൻറ്സ്. ഗോമസ് പഴയ വടിവുകളിലേക്കു മടങ്ങിയിരിക്കുന്നു. കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി. ആവുന്നില്ല. കൈകാലുകൾക്ക് വല്ലാത്ത ഭാരം. ട്രാൻക്വിലൈസർ ഞരമ്പുകളിലൂടെ വീണ്ടും അരിച്ചിറങ്ങുകയാണ്. അയാളുടെ രൂപം പ്രകാശരശ്മികളാൽ അടയാളപ്പെടുത്തിയ രേഖാചിത്രമായൊതുങ്ങുന്നതായും അതിനുചുറ്റും കറുപ്പു പടരുന്നതായും അമല കണ്ടു.
“ഹൌ ഈസ്ഷീ” അയാളുടെ സ്വരം കൂടിയ ഫ്രീക്വൻസിയിൽ ചീവീടിൻറേതു പോലെയവരെ അസ്വസ്ഥമാക്കി.
“ഡോൺട് വറി ഐഷാൽ ടേക്ക് കെയർ ഓഫ് ഹെർ”
ടിമ്പർലാൻറ് ബൂട്ട്സിൻ്റെ ഉറച്ചചുവടുകൾ അകന്നുപോയി. ഡ്രിപ്സ്റ്റാൻറ് ദൂരേക്കു നിരങ്ങി മാറി. കതകിൻറെ ലോക്ക് വീണു. മെഡിക്കൽ ഗൌണിൻറെ കെട്ടുകളഴിഞ്ഞുവീണു. ശരീരമാകെ നീറിനീറിപ്പടരുന്ന വേദന. മുറിപ്പെടുത്തുന്നതു പല്ലുകളോ നഖങ്ങളോ?
ഇപ്പേൾ കാഴ്ചകൾ കൺപോളകൾക്കകത്താണ്. വെളുത്ത തിരശ്ശീല മേലവൾ കിടക്കുന്നു. ഞരക്കം വ്യക്തമായി കേൾക്കാം. ശരീരമാകെ കുപ്പിച്ചില്ലുകൾ കൊണ്ടുവരഞ്ഞിരിക്കുന്നു. കാഴ്ചകൾക്കു ഗന്ധമുണ്ടോ. ചോരമണക്കുന്നു. ആർത്തവത്തിന്റെ പുതുഗന്ധമല്ല. വേദന മുറ്റിയ ദുഷിച്ചമണം. ചതച്ചു വികൃതമാക്കിയ മാതളപ്പഴംപോലെ വീർത്തുചുവന്ന യോനിയി ലേക്ക് കഴുത്തു പൊട്ടിയ ബോട്ടിലിൻറെ കൂർത്തവക്കുകൾ വിസ്കി പകർന്നു. കൊഴുത്തുകുറുകിയ ചോരത്തുള്ളികൾ വിസ്കിയിൽ ലഘുത്വം നേടി തിരശ്ശീലയാകെ പടർന്നൊഴുകി. ചുളുങ്ങുന്ന വേദനയിലവൾ അതിദയനീയമായമറി. പ്രാണഭയത്തിൻറെ ദൈന്യതയവനെ ലഹരി പിടിപ്പിച്ചു. പെട്ടെന്നൊരു റിങ്ടോണുയർന്നു.
‘സുറുമൈ അഖിയോംമേം
നന്നാമുന്നാസഏക്സപ്നാദിഖ്ജാരേ’
തിരശ്ചീനമായി കിടന്ന അവളുടെ ശരീരത്തിനു പരാങ്മുഖമായി ഇരുകാലി മൃഗത്തെപ്പോലവൻ മുട്ടുകുത്തിപൊങ്ങിനിന്നു
“അമ്മ കുടയെടുത്തില്ലേ” തിരശ്ശീലയാകെയൊന്നിളകി.