മറൈൻ ഡ്രൈവ്

സ്വവർഗാനുരാഗിയാണെന്ന സ്വത്വം വെളിപ്പെടുത്തിയശേഷം കൊച്ചിയിൽ ജീവിച്ചു വന്നിരുന്ന തര്യൻ കുറേ നാളത്തേക്കിന് കോട്ടയത്തു താമസിക്കുന്ന അമ്മയപ്പന്മാരെ സന്ദർശിക്കാൻ പോയിരുന്നില്ല. അയൽവക്കക്കാരായ ബന്ധുക്കളൊക്കെ മോന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന മട്ടിലുള്ള സംസാരങ്ങളും, വളർത്തിവലുതാക്കിയവർക്ക് പുത്രദുഃഖത്തിന് കാരണമായല്ലോ എന്ന തരത്തിലുള്ള വാദങ്ങളുമൊക്കയായി നിൽക്കുമ്പോൾ അങ്ങോട്ടേയ്ക്ക് തിരിഞ്ഞുനോക്കാനേ തര്യൻ മിനക്കെട്ടില്ലെന്നുള്ളതായിരുന്നു വാസ്തവം.

തന്നെപ്പോലെ തന്നെയുള്ള മനുഷ്യർ കാലാകാലങ്ങളിൽ സുഹൃത്തുക്കളായി തര്യനുണ്ടായിരുന്നെങ്കിലും സ്വത്വം വെളിപ്പെടുത്തിയ ശേഷമനുഭവപ്പെട്ട എന്തെന്നില്ലാത്ത ഒരു അഭിമാനവും ആവേശവും ആയാളിൽ കത്തിനിന്നിരുന്നു. സ്വവർഗപ്രേമിയായി ആത്മപ്രകാശനം നടത്തിയ യുവാവിന് അയാളുടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ കൂടി ഇല്ലാതായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഡേറ്റിംഗ് ഇടങ്ങളിൽ കൂടുതലായി പര്യവേക്ഷണം നടത്താൻ അയാൾ മുതിർന്നത്. ജന്മഭാഷയിലെ മഴവില്ലംശങ്ങളുടെ മനോഹാരിത തിരയാതെ വിദേശ- ഗേ- സംസ്കാര- പുകഴ്ചകൾ മാത്രം സംസാരത്തിൽ വിളമ്പുന്ന ക്വിയർ ആളുകളോട് സമഭാവനയിൽ വർത്തമാനം പറയാനിഷ്ടപ്പെടാഞ്ഞ തര്യൻ മലയാളി-സ്വവർഗാനുരാഗികളെ തന്നെ സ്ഥിരമായന്വേഷിച്ചു നടപ്പായിരുന്നു.

ആരോ പറഞ്ഞ അറിവുവെച്ച് മറൈൻ ഡ്രൈവിൽ സ്വവർഗസ്നേഹിതരെ അന്വേഷിച്ച് 2013 പകുതി മുതൽ പോയിത്തുടങ്ങിയിരുന്നു തര്യൻ. ഒരാൾ എങ്കിൽ ഒരാൾ, സ്വവർഗ്ഗസ്നേഹിയായ ഒരാളെയെങ്കിലും പരിചയപ്പെടുന്നതായിരുന്നു അന്നൊക്കെ തര്യന്റെ സന്തുഷ്ടിസൂചികയുടെ അളവുകോൽ. വിഷാദവേലിയേറ്റമുണ്ടാവുന്ന ദിനങ്ങളിൽ സൂര്യാസ്തമയപ്രിയനായ തര്യൻ മറൈൻ ഡ്രൈവിൽ വന്നിരിക്കുമായിരുന്നു. നിലാവിന്റെ കൃപയുള്ള ദിവസങ്ങളിൽ ചിലപ്പോൾ സഹാനുഭൂതി ചൊരിയുന്ന ഒരു ശമര്യാക്കാരനെ പരിചയപ്പെടും, സംസാരിച്ചിരിക്കും. സ്വവർഗാനുരാഗികളായ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിരിനേരങ്ങൾ, ദിവസാവസാനസന്തുഷ്ടി, അങ്ങനെ പല ഓർമ്മകൾ തര്യനുണ്ട്, മറൈൻ ഡ്രൈവെന്ന ആണനുരാഗഇടവുമായി ബന്ധപ്പെട്ട്.

ആ കുറച്ച് ആഴ്ചകൾക്കിടെ ഡേറ്റിങ്- വെബ്സൈറ്റായ പ്ലാനറ്റ് റോമിയോ വഴിയും, ഫേസ്ബുക്കിലെ രഹസ്യ പ്രൊഫൈൽ വഴിയുമൊക്കെ തന്നെ പരിചയപ്പെട്ട ചിലരോടൊക്കെ അടുപ്പമായി വന്നിരുന്ന തര്യൻ അവരിലാരെയെങ്കിലും ഒന്ന് നേരിൽ കണ്ടു സംസാരിക്കണമെന്നൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒരു പൊതുഇടത്തിൽ വന്നിരുന്നു സംസാരിക്കാനാവശ്യമായ വ്യക്തി- സാഹചര്യം ആയിരുന്നില്ല അവർക്കൊന്നും എന്നുള്ളത് മനസ്സിലാക്കി തര്യൻ അവരെ കാണാനുള്ള മോഹം മോഹമായി തന്നെ നിലനിർത്തി.

എങ്കിലും മറൈൻ ഡ്രൈവിൽ അന്ന് തര്യൻ പോവുന്നതിന് ഒരു സവിശേഷ കാരണമുണ്ടായിരുന്നു, ഈയിടെ സംസാരിച്ചു തുടങ്ങിയ ഒരാളെ ആദ്യമായി നേരിൽ കാണാനുള്ള അവസരം.
പ്ലാനറ്റ് റോമിയോ വഴി പരിചയപ്പെട്ട അയാളുടെ പേര് രജനീനാഥ്‌ എന്നായിരുന്നു, അയാൾ പറഞ്ഞിരുന്നത്. സ്വകാര്യസ്ഥാപനത്തിൽ എവിടെയോ ജോലി ചെയ്യുകയാണെന്നു പറഞ്ഞ അയാൾ മറൈൻ ഡ്രൈവിലക്ക് തര്യനെ ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ തന്നെ തര്യൻ അവിടേക്കു പുറപ്പെട്ടു. സംസാരത്തിനിടെ അയാൾ സാഹിത്യാസ്വാദകനാണെന്നു മനസ്സിലാക്കിയ തര്യൻ, അയാൾക്ക് സമ്മാനിക്കാൻ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ എന്ന പുസ്തകം സമ്മാനമായി കരുതിയിരുന്നു. ഡേറ്റിംഗ് പേജിൽ പരസ്പരം മുഖചിത്രങ്ങൾ പങ്കുവെച്ചെങ്കിലും താൻ കണ്ട ചിത്രത്തിലെ ആൾ തന്നെയായിരുക്കുമോ രജനീനാഥ്‌ എന്ന ആശങ്ക തര്യനുണ്ടായിരുന്നു.

തന്റെ മുപ്പതാം ജന്മദിനത്തിന്റെ തലേന്ന്, 2013 ഓഗസ്റ്റ് അഞ്ചാം തിയതി തിങ്കളാഴ്ച, അയാൾ മറൈൻ ഡ്രൈവിൽ വൈകിട്ടോടെ എത്തി. ഡേറ്റിംഗ് വെബ്‌സൈറ്റിലെ തന്റെ പ്രൊഫൈൽ ചിത്രമായി തര്യൻ ഇട്ടിരുന്നത് വിവിധ പരുവങ്ങളിൽ ഒതുങ്ങികിടക്കുന്ന ആൺ- ശരീരങ്ങൾ നിറഞ്ഞ ഒരു ലോകഭൂപടമായിരുന്നു. സസൂക്ഷ്മം നോക്കിയാൽ മാത്രം മനസിലാവുന്ന തരത്തിൽ കേരളത്തിന്റെ സ്ഥാനത്ത് കൈലിമുണ്ടുടുത്ത് നെഞ്ചിലെ പൂടേം തടവി കിടക്കുന്ന ഒരുത്തനും. ഇത് കണ്ടിട്ടാണ് രജനീനാഥിന് തനിക്ക് സന്ദേശം അയക്കാൻ തോന്നിയതെന്ന് അയാൾ പറഞ്ഞത് തര്യൻ ഓർത്തെടുത്തു. മറൈൻ ഡ്രൈവിലേക്ക് കയറുന്ന ഒരു ഇടവഴിയോരം പ്ലാസ്റ്റർ ഓഫ് പാരിസ് ശില്പങ്ങൾ വിൽക്കാനിരിക്കുന്ന അതിഥികലാകാരന്മാരെ തര്യൻ കണ്ടു. സ്വയംപ്രേരിതരായി പുറത്തേക്കുവന്ന് ജീവൻ പ്രാപിച്ച ശില്പങ്ങളാണല്ലോ സ്വവർഗാനുരാഗികൾ എന്ന് തര്യൻ ചിന്തിച്ചു.

സമയകൃത്യത ശീലമായിട്ടുള്ള തര്യൻ രജനീനാഥിനെ കാത്തിരുന്നപ്പോൾ അതുവഴിയേ കടന്നുപോയ ചില ആണുങ്ങളെങ്കിലും തര്യനെ നോക്കി പുഞ്ചിരിവിടർത്തി. അതിൽ ചിലരോടുള്ള തര്യന്റെ പുഞ്ചിരിപ്രതികരണം ഒരു വട്ടം കൂടി തിരിച്ചു ചിരിക്കാൻ അവരെ പ്രേരിപ്പിച്ചു. ആൺ- ആൺ സ്നേഹികൾ എറിയുന്ന പുഞ്ചിരി- ഹൈക്കുകൾ ആയിരുന്നു മറൈൻ ഡ്രൈവിനെ ഋതുഭേദമെന്ന്യേ പ്രിയങ്കര ഇടമാക്കുന്നതെന്ന് തര്യൻ തന്റെ ഡയറിയിൽ ഒരിക്കൽ കുറിച്ചിരുന്നു. മൊബൈലിൽ പ്ലാനറ്റ് റോമിയോയിൽ ലോഗിൻ ചെയ്ത് രജനീനാഥിന് താനിരിക്കുന്ന ഇടത്തിന്റെ കൃത്യസ്ഥാനവും ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറവും പറഞ്ഞുകൊടുത്തിട്ട്, ഫോൺ നമ്പർ തരാഞ്ഞ പുതുചങ്ങാതിയെ കാണാനെത്തിയ തര്യൻ കായലിനഭിമുഖവുമായുള്ള ഒരു ഇരുമ്പുബെഞ്ചിൽ കാലിന്മേൽ കാൽ കയറ്റി ഇരിപ്പുറപ്പിച്ചു. പൈതൽസ്നേഹത്തിന്റെ സുതാര്യസോപ്പ് കുമിളകൾ കവിളുകളിലേക്ക് ഊതിപ്പറത്തുന്നവർ, ശീതളസ്നേഹത്തിന്റെ പാൽമധുരം കോണുകളിലാക്കി കഴിക്കുന്നവർ, എന്നിങ്ങനെയുള്ള കാഴ്ചകൾക്ക് സമാന്തരമായി ആൺസ്നേഹികളായ ആണുങ്ങളെ കാംക്ഷിച്ചെത്തുന്നവർ സായാഹ്നസവാരിക്കിറങ്ങിയിരുന്നു, അപ്പോഴേക്കും.

മറൈൻ ഡ്രൈവിൽ വന്നിരിക്കുമ്പോൾ അവിടെ കാണുന്ന സായാഹ്നകാഴ്ചകൾ സ്കെച്ചുകളായി ഒരു ചിത്രബുക്കിൽ കോറിയിടുന്ന പ്രകൃതം തര്യനുണ്ടായിരുന്നു. രജനീനാഥിനെ കാത്തിരുന്ന നിമിഷങ്ങൾക്കിടയിൽ കായലോളങ്ങൾക്കപ്പുറം കാണുന്ന കൊച്ചിയുടെ ദൃശ്യം സ്കെച്ച് ചെയ്യുന്നതിൽ തര്യൻ മുഴുകി. സമയകൃത്യത പാലിച്ചു കൊണ്ടുതന്നെ പ്രതീക്ഷിച്ചുനിന്ന ആളും എത്തി. നേരത്തെ ലഭിച്ച ചിത്രത്തിലെ അതേ സുന്ദരനെ തൊട്ടുമുന്നിൽ കണ്ടപ്പോൾ തനിക്ക് മുന്നേ പ്രണയം തോന്നിയ ചില തമിഴകൻമാരെ തര്യനോർമ്മ വന്നു.

മിലിട്ടറിപച്ച ഡിസൈനിലുള്ള പാന്റ്സും ലക്ഷദ്വീപ് അലകളുടെ നിറത്തിൽ ഇക്കത്ത് ഡിസൈനുള്ള ഒരു ഹാഫ് കുർത്തയും ധരിച്ചു ഒരു കുഞ്ഞു സൈഡ് ബാഗും തൂക്കി തന്റെ മുന്നിലെത്തിയ താടിക്കാരനായ അയാളുടെ കണ്ണുകളിലെ കൗതുകം തര്യൻ സ്നേഹത്തോടെ സ്വീകരിച്ചു. കുതിർന്ന രാമച്ചക്കതിർ പോലെയുള്ള മുടിയുള്ള അയാളുടെ കുർത്തയുടെ മുകൾ ബട്ടണുകൾ തുറന്ന് കിടന്നതിനാൽ നാഥിന്റെ നെഞ്ചിലെ രോമസഞ്ചയം തര്യന് കുളിർക്കാഴ്ച സമ്മാനിച്ചു; ഒപ്പം അയാളിൽ നിന്ന് നല്ലൊരു കെട്ടിപ്പിടിയും. അവന്റെയാദ്യാലിംഗനം താനും സ്നേഹമർഹിക്കുണ്ടെന്ന് തര്യനെ ഓർമപ്പെടുത്തി.

തര്യൻറെ വിരലുകൾ കണ്ടിട്ട്, ‘കുറേ മോതിരങ്ങൾ ഉണ്ടല്ലോ’ എന്നവൻ രസത്തിൽ പറഞ്ഞു.
‘അതെ, എനിക്ക് വെള്ളിമോതിരങ്ങൾ ഒത്തിരിയൊത്തിരി ഇഷ്ടമാ!’-രസം പറച്ചിൽ പിടിച്ച തര്യൻ പ്രതികരിച്ചു.
‘നല്ല മീശയാണെല്ലോ’ എന്ന് പറഞ്ഞവൻ തര്യന്റെ മീശ പിരിച്ചുവെക്കാൻ നോക്കി.
‘മീശ പിരിക്കാതെ വെയ്ക്കുന്നതാ എനിക്കിഷ്ടം’, എന്ന് തര്യൻ പറഞ്ഞു.

വെറുതെ വന്ന പടുതിക്കുനിൽക്കാതെ അവിടെ നിന്ന് മറൈൻ ഡ്രൈവിലെ മഴവിൽപാലം ലക്ഷ്യം വെച്ച് കൈകൾ കോർത്തുപിടിച്ച് അവർ നടന്നു, നിറയെ മഞ്ഞപ്പൂക്കൾ വീണുകിടന്ന നടപ്പാതയിലൂടെ. തങ്ങളെ കടന്നുപോവുന്ന പല ആണുങ്ങളും ഇതുപോലെ അവരുടെ ആൺ സ്നേഹിതരുടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നതും ചിലർ സ്നേഹിതരുടെ തോളിൽ തലചായ്ച്ച് കായലോരത്തെ പടികളിൽ ഇരുന്ന് സല്ലപിക്കുന്നതും മറ്റും കണ്ടാസ്വദിച്ചുകൊണ്ട് നാഥും തര്യനും നടപ്പ് തുടർന്നു.

മഴവിൽപ്പാലത്തിനടുത്തെത്തിയപ്പോൾ അവിടെ ഏതോ പ്രീ- വെഡിങ് ഷൂട്ട് നടക്കുന്നു.
‘നല്ല ഒരു ചെക്കൻ’, നാഥ് പറഞ്ഞു.
‘ശരിയാ’- തര്യൻ ഏറ്റുപിടിച്ചു.
ഷൂട്ടിനിടയിൽ ചെക്കനും പെണ്ണും ചുണ്ടോടു ചുണ്ടിൽ ഉമ്മ വെയ്ക്കുന്നു. ആരൊക്കെയോ കയ്യടിക്കുന്നു.

പെട്ടന്ന് തര്യൻ എന്തോ ഓർത്തൊന്നാഞ്ഞു ചിരിച്ചു.
എന്താന്ന് നാഥ് കട്ടിപ്പുരികക്കൊടി പൊക്കി ചോദിച്ചപ്പോൾ, "അല്ല, പണ്ടൊരിക്കൽ കൂടെ പഠിച്ച ഭവി എന്ന പെൺസുഹൃത്ത് അവരുടെ പുരുഷപങ്കാളിക്കൊപ്പമുള്ള ഫ്രഞ്ച്ചുംബനചിത്രം അവരുടെ ഫേസ്ബുക് പ്രൊഫൈലിൽ പങ്കുവെച്ചപ്പോൾ അവരോട് സദാചാരം വിളമ്പാൻ ചെന്ന ആളായിരുന്നു ഞാൻ", തര്യൻ പറഞ്ഞു.
‘എന്നിട്ടോ?’
‘ഭവിക്ക് അന്നേ പക്വത ഉണ്ടായിരുന്നതുകൊണ്ട് എന്നെ തെറി വിളിച്ചില്ല. മാത്രവുമല്ല ഞാൻ ഗേ ആണെന്ന് തുറന്നുപറഞ്ഞപ്പോൾ എന്നെ ഏറ്റവും പിന്തുണച്ച ഒരു ആത്മസുഹൃത്ത് കൂടിയാണവർ.’
ഇപ്പോഴും സദാചാരവാദം ഒക്കെ ഉണ്ടോ?, നാഥ് കളിയാക്കി ചോദിച്ചു.
‘പോടോ ഓടുന്ന്, ഞാൻ ഈ കല്യാണങ്ങൾക്കൊന്നും പങ്കെടുക്കാറില്ല’, തര്യൻ സംസാരം തുടർന്നു.
‘അതെന്തേ’ എന്ന് നാഥ്‌ ചോദിച്ചപ്പോൾ, ‘ഏതെങ്കിലും ചൊറിബന്ധുക്കൾ അപ്പനേമമ്മേം എത്രനാൾ ഇങ്ങനെ വിഷമിപ്പിക്കും തുടങ്ങിയ ഉപദേശവാക്യങ്ങൾ കൊണ്ടുവരും, അതൊന്നുമെനിക്ക് കേൾക്കാൻ മേലായേ’, തര്യൻ പ്രതികരിച്ചു.
‘അല്ല അതൊരു ഗൗരവമുള്ള കാര്യം തന്നെയല്ലേ, വീട്ടുകാരെ എങ്ങനെ വിഷമിപ്പിക്കും?’, നാഥ് ചോദിച്ചു.
"തനിക്ക് വേറെ വല്ലോം പറയാനുണ്ടോ? പുല്ല്’’, അവനോടു തെല്ലരിശത്തിൽ തര്യൻ സംസാരിച്ചു.
ഒപ്പം നാട്ടിലാര് കല്യാണം കഴിച്ചാലും സ്വവർഗാനുരാഗികൾക്ക് കിടക്കപ്പൊറുതിയില്ലല്ലോ എന്നും തര്യൻ പിറുപിറുത്തു.

സമ്മാനം നൽകാൻ കൊണ്ടുവന്ന പുസ്തകം അയാൾക്ക് കൊടുക്കണോ വേണ്ടയോ എന്ന് ഒന്നുകൂടെ ആലോചിച്ചുകൊണ്ട് തര്യൻ നടത്തം മഴവിൽ പാലത്തിന്റെ ചുവട്ടിൽ നിന്നും ചീനവലപ്പാലത്തിന്റെ ദിക്കിലേക്കാക്കി.
നാഥ്‌ ഒപ്പം കൂടി.
ഇത്തവണ തോളിൽ കയ്യിട്ടായിരുന്നു അവരുടെ നടത്തം.
അവർ നടക്കുന്നതിന്നിടെ അബ്ദുൽ കലാം മാർഗ് എന്നെഴുതിയ മാർബിൾ ഫലകം കണ്ടിട്ട് 'അവിവാഹിതനായ നമ്മുടെ മുൻ പ്രസിഡന്റ്' എന്ന് തര്യൻ മെല്ലെ പറഞ്ഞു.
‘അതെന്തേ, അവിവാഹിതരോടാണോ പ്രിയം?’, നാഥ്‌ ചോദിച്ചു.
‘അങ്ങനെയല്ല, ഒരു പുരുഷൻ അവിവാഹിതനാണേൽ അയാളെക്കുറിച്ച് കൂടുതലറിയാൻ എനിക്ക് സദാ കൗതുകമുണ്ട്’, തര്യൻ പ്രതികരിച്ചു.
‘അതെന്ത് കൗതുകം?’, നാഥിന്റെ തുടർചോദ്യം.
‘അല്ല, ഇവർ എന്തുകൊണ്ടാവും വിവാഹിതരാവാതെ ജീവിച്ചത് / ജീവിക്കുന്നത് എന്നറിയാനുള്ള കൗതുകം’, തര്യൻ പറഞ്ഞു.
‘അപ്പോൾ അവിവാഹിതരായാ പള്ളീലച്ചന്മാരോട് തനിക്കീ കൗതുകമുണ്ടോ?’ എന്നായി നാഥിന്റെ അടുത്ത ചോദ്യം.
‘തീർച്ചയായും’ എന്ന് പറഞ്ഞിട്ടു തന്റെ മൊബൈൽ എടുത്ത് അതിൽ സേവ് ചെയ്തിരിക്കുന്ന പാതിമാരുടെ ലിസ്റ്റ് തര്യൻ കാണിച്ചു കൊടുത്തു.
‘അല്ല, അപ്പൊ ഇവരൊക്കെ തന്നെപോലെയുള്ളവരാണോ’ എന്ന് അടുത്തുള്ളവൻ ചോദിച്ചു.
‘എന്നെ പോലെയോ, അതെന്നാ വർത്തമാനവാ ഊവ്വേ? താനെന്താ, വേറെ വല്ല ഇനവുമാണോ?’ എന്നവനോട് തര്യൻ.
‘ആ എന്നെപ്പോലെ എന്ന് തീർത്തുപറയാൻ സാധിക്കില്ല. പക്ഷെ ആണുങ്ങളോട് സ്നേഹതാല്പര്യമുള്ളവർ തന്നെ’, തര്യൻ തുടർന്നു.
‘ഇവരൊയൊക്കെ എങ്ങനെ പരിചയപ്പെട്ടു?’
‘താങ്കളെ പരിചയപ്പെട്ട പോലെ തന്നെ, ഡേറ്റിംഗ് ആപ്പുകൾ വഴി’
‘അവരുമായിട്ടൊക്കെ സെക്സ് ചെയ്തിട്ടുണ്ടോ?’
തര്യൻ പ്രതികരിച്ചില്ല.
‘പടം വരക്കുമെന്നല്ലേ പറഞ്ഞത്. അന്ത്യത്താഴത്തിന്റെ ഒരു ഗേ പതിപ്പ് വരക്ക്. അപ്പോഴറിയാം പുരോഹിതന്മാരുടെ സൗഹൃദത്തിന്റെ ആഴം.’
ചിത്രകലയുടെ സാഗരസാധ്യത മനസ്സിലാക്കി വന്നിരുന്ന തര്യനൊന്നും മിണ്ടിയില്ല.
പോവും വഴി ഒരു തണൽമരത്തിനു താഴെയായി അവർ അൽപനേരം സംസാരിക്കാനിരുന്നു. മുളകുപൊടി വിതറിയ കൈതച്ചക്കകഷ്ണങ്ങൾ വിൽക്കാൻ നടന്നുവന്ന ഒരു അണ്ണൻ അതിലൊരു പാക്കറ്റ് നാഥിനെ കൊണ്ട് വാങ്ങിപ്പിച്ചു. അതിലൊരു കഷ്ണം പകുതി കടിച്ചിട്ട് അയാൾ തര്യനും കൊടുത്തു. ആനന്ദത്തിന്റെ രുചിക്കഷ്ണം കിട്ടിയ തര്യൻ ഒരു മറുകടി നാഥിന്റെ മോതിരവിരലിലും പാസ്സാക്കി. ശരീരചേഷ്ടകളിൽ സ്പർശനവും നോട്ടവും ഏറ്റവുമിഷ്ടപ്പെടുന്ന തര്യൻ പണ്ട് കൗമാരകാലത്ത് കസിൻ ജെഫിനച്ചാച്ചൻ ചക്കയടർത്തുമ്പോൾ അരക്കിനെയകറ്റാൻ വിരലുകളിൽ വെളിച്ചെണ്ണ പുരട്ടി തന്നിരുന്നപ്പോൾ തോന്നിയ കൗമാരക്കുളിരും, പിന്നൊരിക്കൽ വെള്ളം ചൂടാക്കാൻ അച്ചാച്ചൻ വിറകടുപ്പിനരികെ കുനിഞ്ഞു നിന്ന് ലോഹക്കുഴലൂതുമ്പോൾ ചാച്ചന്റെ പിൻഭാഗഭംഗി പകർന്ന അനുഭൂതി നിശ്ശബ്ദമായി ആസ്വദിച്ചതും പെട്ടെന്നോർത്തെടുത്തു.

തര്യന് ആദ്യമായി അനുരാഗം തോന്നിയത് ഹൈസ്കൂൾ കൂട്ടുകാരൻ അവരായോടാണെങ്കിലും ആൺശരീരത്തോടുള്ള ആകർഷണം വ്യക്തമായത് ജെഫിനച്ചാച്ചന്റെ കൂടെയുള്ള അവധിക്കാല നിമിഷങ്ങളിൽ നിന്നാണ്. ഒരിക്കൽ കേക്ക് ഉണ്ടാക്കാനുള്ളതിലേക്കായി പുകയത്ത് ഉണക്കാൻ വെച്ചേക്കുന്ന ഓറഞ്ച് തൊലിക്കഷ്ണങ്ങൾ വെച്ചിരിക്കുന്ന മുറം അടുപ്പിനുമുകളിലെ തട്ടിൽ നിന്നുമെടുക്കാൻ നിവർന്നു കയ്യുയർത്തി അച്ചാച്ചൻ നിന്നപ്പോൾ യൗവ്വനം സമ്മാനിച്ച കക്ഷരോമങ്ങളോട് തോന്നിയ ആകർഷണം അതിലൊന്ന് മാത്രം.
ചിലപ്പോളൊക്കെ കൊതുകിനെ തുരത്താൻ ചിരട്ടക്കരിയിട്ടു കുന്തിരിക്കം പുകയ്ക്കുമ്പോളുണ്ടാവാറുള്ള ചൂടൻ പുകയുടെ മായികഗന്ധം പരിചയപ്പെടുത്തിയ അച്ചാച്ചന്റെ നെഞ്ചോരം അവധിക്കാല രാത്രികളിൽ തര്യന് സമ്മാനിച്ചത് വൈകാരിക അഭയം കൂടിയായിരുന്നു. പിന്നൊരിക്കൽ കൈവെള്ളയിൽ പനംപാനി ഒഴിച്ച്
തന്നപ്പോൾ കയ്യിലും നാഭിക്കീഴേയും തോന്നിയ ഇളംതണുപ്പ് മറ്റൊരു ആർദ്രസ്മരണ.

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം നാൾ രാത്രിയിൽ വിശാലമൈതാനത്തു അച്ചാച്ചന്റെ മടിയിൽ കിടന്ന് കരിമരുന്നാഘോഷം ആസ്വദിച്ചതുമൊക്കെ തര്യന് ഒളിമങ്ങാത്ത ഓർമകളാണ്. സ്നേഹമെന്നോ സാഹോദര്യമെന്നോ സുഖേച്ഛയെന്നോ കള്ളിതിരിച്ച് പറയാനാവാത്ത ഒരടുപ്പമായിരിന്നു അത്. 'ലോസ്റ്റ് ഇൻ തോട്ട്സ്' പ്രകൃതമുള്ള തര്യൻ അടുത്തിരിക്കുന്ന ആൾ തന്നെ കാണാനായി മാത്രം വന്നതാണെന്നോർക്കാതെ രുചിയായും നിറമായും മണമായും അവശേഷിച്ച നാളുകളുടെ ഓർമ്മപ്പെയ്ത്തിൽപ്പെട്ടുപോയിരുന്നു.

‘താൻ ഇവിടെങ്ങുമല്ലേ’ എന്നും പറഞ്ഞുള്ള അയാളുടെയൊരു ചെറുപിച്ചലിൽ അപ്പോളുള്ള നിമിഷത്തിലേക്ക്, “ആ, ഇവിടെത്തന്നെയുണ്ട്” എന്നു മൂളി തര്യൻ തിരികെയെത്തി.

സംസാരത്തിനിടയിൽ തര്യന്റെ മടിയിലേക്ക് നാഥ് തലവെച്ചുകിടന്നു. മറൈൻഡ്രൈവിനെ സംബന്ധിച്ച് ഒട്ടും അസാധാരണമല്ലാത്ത കാഴ്ച. സ്നേഹസമ്പന്നനായ യജമാനന്റെ മടിയിൽ അരുമയായ കണ്ടൻപൂച്ച കിടക്കുന്നപോലെ കിടന്ന നാഥ് അയാളുടെ ഷേവ് ചെയ്ത തന്റെ കവിളുകൾ തര്യൻറെ ഇടംകയ്യിലെ ഉൾമടക്കിൽ ഉരസ്സി. തിങ്കൾക്കുളിരേറ്റ തര്യന്റെ മേലാസകലം രോമാഞ്ചക്കമ്പിളി കിളിർത്തു.

നാഥിന്റെ നെഞ്ചിലെ പുലിനഖം കെട്ടിയ ചരട് അരികിലേക്ക് നീക്കി അവന്റെ നെഞ്ചിലെ രോമത്തിൽ ചിലത് തര്യൻ വലിച്ചു. ചെറുവേദനയിൽ കുഴഞ്ഞ അവൻ തര്യന്റെ കവിളിൽ മൃദുവായി തല്ലി; എന്നിട്ട് പിയാത്തോ ശില്പപരുവത്തിൽ തര്യന്റെ നെഞ്ചിലേക്ക് തലചായ്ച്ചു. സമയസൂചികയുടെ സായാഹ്നവേഗം വിരൽവിനോദങ്ങളിൽ നിന്നും ഉടലുന്മാദങ്ങളിലേക്ക് സഞ്ചരിക്കാൻ അവർക്ക് സോത്സാഹം പകർന്ന സുന്ദരനിമിഷം.

അവന്റെ വലത്തെ മുലക്കണ്ണ് മുതൽ ഇടത്തേത് വരയും തര്യൻ വിരലോടിച്ചപ്പോൾ ഓശാനാഗീതികൾ കേട്ട വിശ്വാസിക്കുണ്ടായ ആവേശം പോൽ അവന്റെ മാറിലെമൈരെല്ലാം ഇവനിലേക്ക് തെറിച്ചുനിന്നു. തൊണ്ടക്കുഴി മുതൽ പുക്കിൾക്കുഴിവരെയും കൂടെ കുരിശുവര പോലെ തര്യന്റെ കലാവിരലുകൾ അലസലീലയാടിയപ്പോൾ വിശ്വാസത്തേക്കാൾ തൊട്ടറിവുകൾ മനുഷ്യനെ മയക്കാം എന്ന പരമാർത്ഥം അവനും ഗ്രഹിച്ചു.

ആൾക്കൂട്ടത്തിൽ തനിയെ ജീവിച്ചു ശീലിച്ച താൻ നിത്യം കാണാൻ കൊതിച്ച മുയൽക്കുട്ടനെന്നോ, തന്റെ ഏകാന്തനൗകയിൽ വന്നു കയറിയ സുറുമവില്പനക്കാരനെന്നോ, പൂർണേന്ദു കിരണങ്ങൾ മുഴുവനുമൊന്നിച്ചു ചിരിപ്രാപിച്ച മുഖവുമായി മടിയിൽ കിടക്കുന്ന നാഥിനെ എങ്ങനെയാണ് തന്റെ തലച്ചോറിൽ അടയാളപ്പെടുത്തേണ്ടതെന്ന്, അനുരാഗാത്മീയത അനുഭവിച്ച തര്യൻ അപ്പോൾ ആലോചിച്ചു.

മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീരിയോകളൊന്നിൽ നിന്ന് ‘പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ’ എന്ന സിനിമാഗാനം അപ്പോൾ കേൾക്കുന്നുണ്ടായിരുന്നു.
‘ഈ സിനിമയിൽ മുത്തുവിനെ കാണാൻ എന്ത് രസമാ അല്ലെ?’, നാഥ്‌ ആത്മഗതം മൊഴിഞ്ഞു.
തനിക്കും ഏറ്റവുമിഷ്ടപ്പെട്ട മലയാള അഭിനേതാക്കളിൽ ഒരാളായ മനോജ് കെ. ജയൻ എന്ന സുന്ദരനെ അവനും ഇഷ്ടമാണെന്നറിഞ്ഞ തര്യന് കൂടുതൽ ഇഷ്ടം തോന്നി.
അപ്പോൾ അവനോട്, ‘അതേന്നേ, ആ ഗാനരംഗത്തിൽ മുത്തുവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയാ’, ആണനുരാഗാവേശത്തിൽ തര്യൻ മറുപടി നൽകി.
‘ഇതേ സിനിമയിലെ തങ്കനിലാ പട്ടുടുത്തു എന്ന ഗാനത്തിന്റെ അനുപല്ലവിക്കുശേഷം വരുന്ന രംഗത്തിലെ മുത്തുവിനെ ഓർമ്മയുണ്ടോ?’, തര്യൻ തുടർന്നു.
‘പിന്നില്ലാതെ, നീല ഉടുപ്പും കഴുത്തിലൊരു ചുവന്ന തോർത്തും പിന്നെ മഞ്ഞക്കുറിയും തൊട്ട് സൂര്യകാന്തിപൂക്കൾക്കിടയിലൂടെ നടന്നുവരുന്ന മുത്തു’- നാഥിന്റെ ഓർമയുടെ കൃത്യതയിൽ മുത്തുവിനെക്കുറിച്ചുള്ള വർണ്ണന തുടർന്നു.
സമ്മാനം കൊണ്ടുവന്ന പുസ്തകം എന്തായാലും കൊടുക്കണം എന്ന് തര്യൻ ഉറപ്പിച്ചു.
‘ചമയം സിനിമയിലെ ചുരുൾമുടിസുന്ദരൻ മുരളി അവതരിപ്പിച്ച നാടകാശാൻ എസ്തപ്പാനും തവിട്ടുസുന്ദരൻ മനോജ് അവതരിപ്പിച്ച ശിഷ്യൻ ആന്റോയും പ്രേമിച്ചിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ?’, തര്യൻ വെറുതെ പാരായം പറഞ്ഞു.
‘ഓ, പിന്നെ നടന്നത് തന്നെ’, നാഥ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
മനോജിന്റെ മീശരഹിതസൗന്ദര്യം തുളുമ്പുന്ന ‘താരനൂപുരം ചാർത്തി’ എന്ന ഗാനത്തെക്കുറിച്ചുമവർ വാചാലരാവുന്നതിനിടെ കാലിലെ രോമസമൃദ്ധി വെളിവാക്കി മുണ്ടു മടക്കിയുടുത്ത ഒരുത്തൻ അപ്പോൾ എതിരേ നടന്നു വരുന്നുണ്ടായിരുന്നു.
കാൽനോക്കിയായ തര്യൻ അയാളെ നോക്കുന്നത് കണ്ട് നാഥും ഒളികണ്ണിട്ടു അയാളെ നോക്കി. അവരെ രണ്ടു പേരെയും പുഞ്ചിരിച്ചുകാണിച്ചു ഒറ്റക്കണ്ണിറുക്കി അയാൾ നടന്നകന്നു.
ഇതിനിടെ "താൻ പടം വരയ്ക്കുന്ന ആളല്ലേ? വരച്ച പടങ്ങൾ വല്ലതുമുണ്ടോ ഒന്ന് കാണാൻ" എന്നവൻ ചോദിച്ചപ്പോൾ തന്റെ തുകൽ ബാഗ് തുറന്നു സ്കെച്ച് ബുക്ക് എടുത്ത് അടുത്തിടെ വരച്ച ചിത്രങ്ങളൊക്കെ തര്യൻ ആവേശപൂർവ്വം ഓരോന്നായി കാണിച്ചുകൊടുത്തു.

അതിലൊരെണ്ണം പാതി നിറഞ്ഞ കട്ടൻ ചായ ഗ്ലാസ് അടുത്ത് നിൽക്കുന്നവന്റെ കഴുത്തോരം വെച്ച് ചൂടനുഭവിപ്പിക്കുന്ന മലയാളീരൂപമുള്ള കൈലിമുണ്ടുടുത്ത രണ്ടാണുങ്ങളുടെ ചിത്രമായിരുന്നു; ഒപ്പമൊരു അടിക്കുറിപ്പും: ‘ഉയിരുമുണർവ്വും നീ തന്നെ പ്രിയനേ’.
ചിത്രങ്ങൾ കണ്ട ശേഷം നാഥ് തര്യനോടായി, ‘ചിത്രം വരക്കുന്ന ആളല്ലേ, അപ്പൊ ഇഷ്ടനിറമേതാ?’ എന്ന് ചോദിച്ചു.
‘ഏറ്റവും ഇഷ്ടമുള്ള നിറം പച്ചയാ; പായലിന്റെ പച്ച, ചേമ്പിൻതാളിന്റെ പച്ച, ഞരമ്പിന്റെ പച്ച, മിന്നാമിന്നിപ്പച്ച, പഴകിയ മൈദാപ്പശയുടെ പച്ച അങ്ങനെയങ്ങനെ.’
‘പിന്നെ മിലിട്ടറി ഗ്രീനും ഇഷ്ടമാ’, തര്യന്റെ മറുപടി നാഥിൽ പുഞ്ചിരിവിടർത്തി.

തര്യന്റെ തുകൽബാഗിൽ തൂക്കിയിട്ടിരുന്ന ജ്യോമിതീയാകൃതിയിലുള്ള നൂല് വെച്ചുണ്ടാക്കിയ കീ ചെയിൻ കണ്ടിട്ട്, ‘ഈ കീ ചെയിൻ കൊള്ളാമല്ലോ, നൂലുകൊണ്ടുള്ളതാ അല്ലെ?’ എന്ന് നാഥ്‌ ചോദിച്ചു.
‘അതെ ഞാൻ ഉണ്ടാക്കിയതാ. മാക്രമേ എന്ന് പറയും ഈ കരകൗശലവിദ്യക്ക്’
‘നല്ല രസമുണ്ടല്ലോ കാണാൻ’എന്നവൻ പറഞ്ഞപ്പോയെക്കും തര്യൻ അതൂരി അവനു സമ്മാനിച്ചു; ‘ഇത് സൂക്ഷിച്ചു വെക്കണം’ എന്ന് പറഞ്ഞുകൊണ്ട്.
‘തനിക്ക് ഞാനിപ്പോ എന്താ തരിക’, ഒരുമ്മ തരട്ടെ?
സ്നേഹോഷ്മളതയുടെ ഉമ്മകൾ ഇരു കവിളോരവും ലഭിച്ചു തര്യന്.
‘നൂലുകളും ഇഷ്ടമായിരിക്കും, അല്ലേ?’, സമ്മാനം കിട്ടിയ കുട്ടി ചോദിച്ചു.
‘നിറത്തിനെ അതിന്റെ ഏറ്റവും സൂക്ഷ്മഭാവത്തിൽ അവതരിപ്പിക്കാൻ പറ്റുന്ന ഒരു വസ്തു എന്ന നിലക്ക് എനിക്ക് നൂലിനെ ഇഷ്ടമാണ്’, സമ്മാനം നൽകിയ കൊച്ച് പ്രതികരിച്ചു.
‘സമ്മാനം നൽകുന്നതും ലഭിക്കുന്നതും ഒത്തിരി ഇഷ്ടമാണെന്നതിനേക്കാൾ നമ്മൾ കൊടുക്കുന്ന സമ്മാനങ്ങൾ ആളുകൾ സൂക്ഷിച്ചു വെയ്ക്കുന്നു എന്നറിയുമ്പോൾ ആണ് കൂടുതൽ സന്തോഷം’, തര്യൻ സംസാരം തുടർന്നു.
‘പണ്ടൊക്കെ പുതിയ വീട്ടിലേക്കൊക്കെ പോവുമ്പോൾ സ്റ്റീൽ പാത്രങ്ങൾ സമ്മാനമായി നൽകുന്നവർ സമ്മാനം നൽകുന്ന പാത്രത്തിൽ അവരുടെ പേര് എഴുതിക്കും. ആരാണ് സമ്മാനം തന്നതെന്നു ഓർത്തിരിക്കാൻ. പേര് അങ്ങനെ നിത്യമായി കുറിച്ചിടുന്ന രീതി എനിക്ക് കൗതുകമാണ്’.
‘തീർച്ചയായും, ഞാനിത് സൂക്ഷിച്ചു വെക്കും, ഉപയോഗിച്ചില്ലെങ്കിൽ കൂടി’, നാഥ്‌ പറഞ്ഞു.
‘ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താ?’, അവൻ ഇഷ്ടങ്ങളെക്കുറിച്ച് വാചാലനായി.
‘നമ്മുടെ ജന്മഭാഷ’, ഭാഷാസ്നേഹിയായ തര്യൻ പറഞ്ഞു.
‘ജന്മഭാഷയോ? മാതൃഭാഷ എന്നല്ലേ പറയേണ്ടത്?’- അവൻ ചോദിച്ചു.
‘അതെന്നാ, ഭാഷയ്ക്ക് മാതൃഭാവം നിർബന്ധമാണോ? ഞാൻ ജന്മഭാഷ എന്നെ പറയാറുള്ളൂ’, തര്യൻ അടിവരയിട്ടു പറഞ്ഞു.
‘തന്റെ ജനദിനം എന്നാണ്’, അവൻ ചോദിച്ചു.
ഹിരോഷിമ ദിനത്തിന്റെയന്നാണ് എന്ന് തര്യൻ പറഞ്ഞപ്പോൾ, ‘അയ്യോ, ഓഗസ്റ്റ് ആറ്, അത് നാളെയല്ലേ’ എന്ന് ഉരിയാടി അവൻ മടിയിൽ നിന്നും ചാടിയെഴുന്നേറ്റു.
‘നല്ല പൊതു വിജ്ഞാനം ഉണ്ടല്ലോ’, തര്യൻ ആവേശം പ്രതിഫലിപ്പിച്ചു.
‘ഓ ഇതൊക്കെ പണ്ട് പി.എസ്.സി പരീക്ഷകൾക്ക് വേണ്ടി കുറെ പഠിച്ചതൊക്കെയാ.’
‘അപ്പോൾ നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണോ’
‘അതൊക്കെ പിന്നീടറിഞ്ഞാൽ മതി’
‘ഓ ആയിക്കോട്ടെ’ തര്യൻ ദീർഘനിശ്വാസപ്പെട്ടു.

അവനിൽ നിന്ന് കവിളത്തൊരു വട്ടം കൂടി ചക്കരയുമ്മകൾ പ്രതീക്ഷിച്ചിരുന്ന തര്യന്റെ രസം കെടുത്തി ‘മക്കളേ’- എന്ന് നീട്ടിവിളിച്ച് എവിടുന്നോ വന്ന ഒരു കൈനോട്ടക്കാരൻ ചേട്ടൻ അവരുടെ അടുത്തേക്കെത്തി.
ചേട്ടന് നല്ല താടിയുള്ളതുകൊണ്ട് തര്യൻ മക്കളേ വിളി ഒന്ന് പരിഗണിച്ചു.
‘മോനെ, മോന്റെ കൈനോക്കി ഭാവി പറയാം, മോന് നല്ലത് വരാൻ ലക്ഷണം കാണുന്നു മുഖത്ത്, മാമന് ഒരു നൂറു രുപ തന്നാൽ മോന്റെ കാര്യങ്ങൾ കൈനോക്കി പറയാം’- എന്നുള്ള ചേട്ടന്റെ വാചകമടി കേട്ടിട്ട്, ചുമ്മാ ഒരു രസത്തിന് കൈനോക്കാൻ തര്യൻ നിന്നുകൊടുത്തു.
‘മോന്റെ വിവാഹം കഴിഞ്ഞതാ അല്ലെ?’
‘അല്ല ചേട്ടാ, നിശ്ചയം ഒരിക്കൽ കഴിഞ്ഞതാ, പക്ഷെ ആ കല്യാണം ഞാനായിട്ട് വേണ്ടാന്ന് വെച്ച്’
‘ആ മാമന് മനസ്സിലായി. സാരമില്ല മോന് നിലാവിനെ പോലെ സുന്ദരിയായ ഒരുത്തിയെ ഉടനെ കിട്ടും. സർക്കാർ ജോലിയുള്ള ഒരുവളെ’.
‘ആയോ, വേണ്ടായേ മാമാ! എനിക്ക് ഒരു പുരുഷനെ പ്രേമിച്ച് അയാളോടൊപ്പം ജീവിക്കാനാണ് ഇഷ്ടം’
നാഥിനെ നോക്കി ആ മാമൻ, ‘ഇതാണോ ആ പുരുഷൻ?’ എന്ന് അപ്രതീക്ഷിതമായി ചോദിച്ചു.
അരിശത്തോടെ നാഥ്‌ അവിടുന്നെഴുന്നേറ്റു പോയി. ഒരു നൂറു രൂപ ആ മാമന് കൊടുത്തശേഷം ഒരൽപം സന്തോഷത്തോടെ തര്യൻ മുന്നേ നടന്നുപോയ നാഥിന്റെ ഒപ്പമെത്താൻ വേഗത്തിൽ നടന്നു. മൂന്നു മടക്കുള്ള പേഴ്സിലെ സുതാര്യ പ്ലാസ്റ്റിക് വലിപ്പിൽ കുറെ പാസ്പോർട്ട് ഫോട്ടോകൾ തര്യനെ നോക്കി പുഞ്ചിരിച്ചു. അവരൊക്കെ തനിക്ക് ആരായിരുന്നു എന്ന് തര്യൻ സ്വയം മൗനസംഭാഷണം നടത്തി.

ഇരുൾ വീണുതുടങ്ങിയതോടെ നാഥും തര്യനും ആൺസ്വവർഗമോഹികളുടെ ദിവസാവസാനസന്തുഷ്ടിയ്ക്ക് സാക്ഷിയാവുന്ന മറൈൻഡ്രൈവിന്റെ തെക്കേമൂലയിലേക്ക് നടന്നെത്തി. നിർബന്ധിത കുടുംബമെന്ന വൈകാരിക കാരാഗൃഹത്തിലാക്കപ്പെട്ട കുറേ ആൺ-ആൺ സ്നേഹികൾക്ക് ഹ്രസ്വഭോഗവേദിയാവുന്ന ആ ഇരുളിടത്തിലെ വള്ളിപ്പടർപ്പുകൾ കണ്ടത്ര ദ്രുതസ്വവർഗസ്നേഹോഷ്മളതകൾ കൊച്ചിയിലെ വേറൊരിടവും കണ്ടിട്ടുണ്ടാവില്ല. രതിയുടെ സ്വവർഗജതികൾ നിത്യവും ഉരുവാവുന്നിടത്ത് ഒരേസമയം എത്രയെത്ര പേരാണ് മാറും, കയ്യും, തുടയും, ചുണ്ടും, ചെവിയും ഉരസി സുഖം തേടുന്നതും ഉല്ലാസം പങ്കുവെക്കുന്നതും. ഇരുളിടത്തിന്റെ അപായസാധ്യതയെ ഭേദിച്ച് ക്ഷിപ്രസുഖം തേടിയെത്തുന്നവരും ആരും പറയാതെ പ്രണയപരാഗങ്ങൾ പാറിപ്പറത്താനെത്തുന്ന പുരുഷന്മാരും നിരാശരാവാറില്ല എന്ന് തര്യന് തോന്നിയിരുന്നു. അവിടേക്ക് സൂക്ഷിച്ചുനോക്കിയാൽ ഇരുൾ ഭംഗി ചാർത്തിയ ആൺശരീരങ്ങളുടെ മുൻ പിൻ വളവുകൾ കാണാം; ഒപ്പം വിരുന്നു വിളിക്കുന്ന പിൻഭാഗങ്ങളും കീഴ്- ശരീരങ്ങളും.

സ്വവർഗലൈംഗിക തീർത്ഥാടനത്തിനെത്തി മുതുകമർന്നും തുടയുലച്ചും പോവുന്നവരുടെ ശ്വാസവേഗങ്ങളും ശബ്ദോദ്ദീപനങ്ങളും ആര്‍ദ്രമായി മുഴങ്ങിയ അന്തരീക്ഷത്തിലേക്ക് നാഥും തര്യനും ലയിച്ചു. ദിവസം മുഴുവൻ പൊതിഞ്ഞു വെച്ചിരുന്ന നഗ്നത ലാസ്യത്തിൽ അനാവൃതമാക്കി നാക്കുകൊണ്ടും വിരൽകൊണ്ടും സ്വവർഗകാമസൂത്രം രചിക്കുന്നവരുടെ ഓരംപറ്റി തര്യനും നാഥും പരസ്പരം ആണനുഗ്രഹങ്ങൾ ആസ്വദിച്ചു. രതിയിൽ താനേറ്റവും ആസ്വദിക്കുന്നത് വിരൽതലോടലുകൾ വഴി അന്തരംഗത്തിലേക്ക് പുകഞ്ഞു കയറുന്ന ആണഴകളവുകളാണെന്നോർത്തെടുത്ത തര്യന് സമൂഹരതിസമാനയമായ രംഗം കണ്ടിട്ട് മേലാകെ രോമാഞ്ചക്കമ്പിളി വീണ്ടും കിളിർത്തു. ഇണചേരലിന്റെ ഈണങ്ങൾ കേളീകതിനകളാവുന്ന അവിടെ ഓരോ സന്ധ്യയും സ്വവർഗാനുരാഗികളുടെ രമണവേളയാണെന്ന് തര്യൻ നാഥിന്റെ ചെവിയിൽ രഹസ്യപല്ലവി പാടി. സദാചാരാപായസാധ്യതയെ വെല്ലുവിളിച്ച് ആണുടലുകൾ തേടിയെത്തുന്ന വൈവിധ്യമാർന്ന ആണുങ്ങളെക്കുറിച്ചുള്ള അനുപല്ലവിയും; ഒന്ന് സംസാരിക്കുക പോലും വേണ്ടാതെ, കേവലം കൺ-ഭാഷയിൽ തുടങ്ങി ആലിംഗനത്തിലേക്കും, ചുംബനത്തിലേക്കും, മൃദുല മൈഥുനത്തിലേക്കും കടക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ചരണങ്ങളും തുടർന്ന് പാടി.

‘പ്രകൃതിയും പുരുഷനും എന്ന വർണ്ണനയെ ഇവിടെ പുരുഷ- പുരുഷ പ്രണയം ആസ്വദിക്കുന്ന പ്രകൃതി എന്ന പുനർവർണ്ണിക്കേണ്ടിയിരിക്കുന്നു. ഏദനിൽ പോലും കാണാത്ത ആപ്പിളുകൾ നുകരാൻ കാലങ്ങളായി അവിടേയ്ക്ക് ആണുങ്ങൾ വന്നുകൊണ്ടിരിക്കുന്നു: ആനന്ദം, ആനന്ദം മാത്രംതേടി’
അത്രയും പേരുടെയിടയിൽ നിന്നും തര്യൻ വീണ്ടും ലോസ്റ്റ് ഇൻ തോട്ട്സ് തലത്തിലേക്ക് പോയി.
‘താൻ നേരത്തെ ചോദിച്ചില്ലേ? ഞാൻ എന്ത് ചെയ്യുന്നു എന്ന്, അതിനു മറുപടി ഇപ്പോൾ പറയാമെന്നെനിക്ക് തോന്നുന്നു’- ആനന്ദലബ്ധി നേടിയ ശേഷം അവർ ജെട്ടി ഭാഗത്തേയ്ക്ക് നടന്നു നീങ്ങിയപ്പോൾ നാഥ്‌ പറഞ്ഞു.
‘എയ് അതറിയണമെന്നില്ല’, തര്യൻ പ്രതികരിച്ചു.
‘അങ്ങനെയല്ല, തന്റെ കാര്യങ്ങൾ കുറച്ചെങ്കിലും പങ്കുവെച്ച സ്ഥിതിയ്ക്ക് എന്നെ പറ്റി എന്റെ എന്തെങ്കിലും വ്യക്തിവിവരങ്ങൾ ഞാനും പങ്ക് വെക്കണമല്ലോ’, നാഥിന്റെ ഉത്തരത്തിനു തര്യൻ ചിരി മറുപടി നൽകി.
‘തര്യൻ ഇനിയൊരു ചിത്രം വരയ്ക്കുമ്പോൾ കള്ളനും പോലീസും റോൾ- പ്ലേ വിഷയമാക്കി ഒരു ചിത്രം വരക്കൂ. എന്നിട്ട് അതിൽ എന്നെ കള്ളന്റെ താലോലിക്കൽ ആസ്വദിക്കുന്ന പോലീസാക്കി വരക്കൂ. തന്റെ ചിത്രത്തിലെങ്കിലും ഞാൻ ആയിരിക്കുന്ന തരത്തിൽ തരത്തിൽ എനിക്ക് എന്നെ കാണാമല്ലോ’, നാഥിന്റെ തെളിച്ചം നിറഞ്ഞ കണ്ണുകളും ചുണ്ടിനോടൊപ്പം സംസാരിച്ചു.
‘വീണ്ടും കാണാം’, തര്യൻ സന്തോഷത്തിൽ പറഞ്ഞു.
‘അറിയില്ലെടോ, ഞാൻ ചിലപ്പോ ഉടനെ ഒരു സ്ത്രീയെ വിവാഹം കഴിച്ചേക്കും’
നാഥിനെ പരിചയപ്പെട്ട തര്യനുണ്ടായ ആനന്ദം പെട്ടന്ന് തണുത്തു.
‘തന്നെ സഹായിക്കാൻ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?’- തര്യൻ ചോദിച്ചു.
‘എന്ത് സഹായം?’- ഭാവവ്യത്യാസത്തോടെ നാഥ്‌ തിരിച്ചു ചോദിച്ചു.
‘വിവാഹം വേണ്ട എങ്കിൽ അതൊരു തീരുമാനമായി സ്വയം ഉൾക്കൊള്ളാൻ സഹായകമാവുന്ന ഏതെങ്കിലും മനഃശാസ്ത്രവിദഗ്ധരുടെ നമ്പർ തന്നാൽ സംസാരിച്ചു നോക്കാമല്ലോ’- തര്യൻ താത്പര്യപൂർവം പറഞ്ഞു.
‘അതിനെനിക്ക് മാനസിക പ്രശ്നം ഒന്നുമില്ലെടാ’
എടോയിൽ നിന്ന് എടായിലേക്കുള്ള മാറ്റം തര്യന് ആശങ്കയുളവാക്കി.
‘അതല്ല സുഹൃത്തേ, നിങ്ങൾക്ക് വിവാഹസംബന്ധിയായ സമ്മർദ്ദം വീട്ടിൽ നിന്ന് നേരിടുന്നുണ്ടെങ്കിൽ അതിനെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന കൗൺസിലേഴ്സിനെ പരിചയപ്പെടുത്താം എന്നെ ഉദ്ദേശിച്ചുള്ളൂ’, തര്യൻ സൗമ്യമായി പ്രതികരിച്ചു.

‘ഐഡന്റിറ്റി തുറന്നുപറഞ്ഞ് വീട്ടുകാരെയും വെറുപ്പിച്ച് ജീവിക്കുന്ന നിങ്ങൾ ചില ഗേ ആളുകളെ പോലെയാവാനൊന്നും എനിക്ക് സാധിക്കില്ല’, നാഥ്‌ ശബ്ദം ഉയർത്തി സംസാരിച്ചു.
‘അയ്യോ, അതല്ല’- തര്യൻ മുഴുമിപ്പിക്കാതെ തുടർന്നൊരു ചോദ്യം കൂടെ നാഥിനോട് ചോദിച്ചു, ‘അപ്പോൾ താൻ ഒരു സ്വവർഗാനുരാഗി അല്ലേ?’
നിമിനേരമൗനത്തിനു ശേഷം അയാൾ പറഞ്ഞു: ‘എനിക്കറിയില്ല’

യാത്രാലിംഗനം പ്രതീക്ഷിച്ചുനിന്ന തര്യനോട്‌ യാത്ര പോലും പറയാതെ നാഥ്‌ ജെട്ടി ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി മൊബൈൽ കയ്യിലെടുത്ത് പെട്ടന്ന് നടന്നകന്നു. ‘സാമൂഹികാരക്ഷിതാവസ്ഥയുമായി യുദ്ധം ചെയ്യാതെ ആണ്മയുടെ മൃദുലഭാവങ്ങൾ പ്രകടിപ്പിക്കാനും സ്നേഹത്തിന്റെ ഊഷ്‌മളത അനുഭവിക്കാനും നമുക്ക് അർഹതയുണ്ട് സുഹൃത്തേ’ എന്ന് പരിചയപ്പെട്ട ഡേറ്റിംഗ് സൈറ്റിൽ നാഥിന് സന്ദേശമയക്കാൻ തര്യൻ ശ്രമിച്ചപ്പോയെക്കും തന്നെ അയാൾ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് തര്യൻ മനസ്സിലാക്കി.

അയാൾ തിരിഞ്ഞുനോക്കുമെന്ന പ്രതീക്ഷയിൽ കുറച്ചുനേരം നിന്ന തര്യൻ അത്രയും നേരം സന്തോഷത്തോടെ സമയം ചെലവഴിച്ച ആളിന്റെ ശരിക്കുള്ള പേരുപോലും അറിയാൻ തനിക്ക് അർഹതയില്ലാതായി പോയല്ലോ എന്ന് ആദ്യം ആലോചിച്ചു. എങ്കിലും പരിചയപ്പെട്ടയാളുടെ ജീവിതസംബന്ധിയായ ചിന്തയെ ബഹുമാനിച്ചുകൊണ്ട് അന്നത്തെ മറൈൻ ഡ്രൈവ് പര്യടനം മതിയാക്കി പാലാരിവട്ടത്തുള്ള തന്റെ വാടക താമസസ്ഥലത്തേയ്ക്ക് തിരിച്ചു. താൻ അയാൾക്ക് സമ്മാനിച്ച മാക്രമേ കീചെയിൻ രജനീനാഥ്‌ എന്ന് പേരു പറഞ്ഞവൻ ഒരിക്കലും നഷ്ടപ്പെടുത്താതെ സൂക്ഷിച്ചുവെക്കുമെന്ന് തര്യന് ഉറപ്പുണ്ടായിരുന്നു. ഏകാന്തതയുടെ തുരുമ്പലമാരയിൽ നിന്ന് വർഷങ്ങൾ കൊണ്ട് പുറത്തുവന്ന് അഭിമാനത്തിന്റെ സുതാര്യചില്ലുജാലകം വരെയും അവിടുന്ന് അനുരാഗാന്വേഷണങ്ങളുടെ തുടർസഞ്ചാരങ്ങൾ നടത്തിവന്നിരുന്ന തര്യന് ജന്മദിനതലേന്നുള്ള സായാഹ്നം ഒരു ചോദ്യം അവശേഷിപ്പിച്ചു: ‘ഒരാളോട് തോന്നുന്ന ഇഷ്ടം പ്രണയമോ കേവല കാമചിന്തയോ എന്നെങ്ങനെയുറപ്പിക്കാം? ‘

പിന്നീടെത്രയോ രാത്രികളിൽ ആർദ്രസ്വപ്നങ്ങളിൽ നാഥ്‌ തര്യനെ സന്ദർശിച്ചു, ഒരിക്കൽ കൂടി വീണ്ടും നാഥിനെ കണ്ടില്ലെങ്കിൽ കൂടി.

ചന്ദനമരങ്ങൾ പുസ്തകം പിന്നീടേതോ സ്നേഹിതന് തര്യൻ സമ്മാനിക്കുകയുണ്ടായി.


ജിജോ കുര്യാക്കോസ്

ചിത്രകാരൻ, ഫോട്ടോഗ്രാഫർ. ഒരു ദശകത്തിലേറെയായി സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ- ഇടപെടലുകൾ നടത്തിവരുന്നു. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട്, സിനിമ- സാഹിത്യ- കലാചരിത്ര വിഷയങ്ങളിൽ ലേഖനങ്ങൾ, കഥകൾ, ഡോക്യൂമെന്ററികൾ എന്നിവ ചെയ്തുവരുന്നു.

Comments