മറുത- ജി. ആർ. ഇന്ദുഗോപൻ എഴുതിയ കഥ , വായിക്കാം, കേൾക്കാം

അമ്മ എന്തു പ്രസംഗിക്കും? ഞങ്ങൾ മൂന്നു പേരും, അമ്മ കാണാതെ ഹാളിനു വെളിയിൽ നിന്ന് കൗതുകത്തോടെ എത്തിനോക്കി. അമ്മ ഒരു ചുവന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. ഇപ്പോ ആരോ അമ്മയുടെ കൈയിലൊരു മൈക്ക് പിടിപ്പിക്കുന്നു. അമ്മ, ആ മൈക്കിനെ പേടിയോടെ നോക്കുന്നു. ആ കൈ വിറയ്ക്കുന്നു. അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് സംസാരിക്കുമ്പോ മൈക്ക് വേണ്ട. അമ്മ ജീവിക്കാൻ പാടുപെടുന്നത് ഉച്ചത്തിലുള്ള ഈ തൊണ്ട വച്ചാണ്. ഇവിടെ പക്ഷേ അമ്മ പകച്ചു. എന്തോ പറയാൻ തുടങ്ങിയപ്പോ ശബ്ദം പുറത്തേയ്ക്കു വന്നില്ല. തൊണ്ട നേരെയാക്കി മെല്ലെ അമ്മ സംസാരിച്ചു തുടങ്ങി.

വൾ അയാളോട് പറഞ്ഞു: ""സർ, ഒരു കഥ പറയട്ടെ''.
അയാൾ ഒന്നും മിണ്ടിയില്ല.
അവൾ പറഞ്ഞു: ""ചുമ്മാ കേട്ടാ മതി. തിരിച്ച് ഒന്ന് മൂളുക പോലും വേണ്ട''.
മറുപടിക്കു കാത്തു നിൽക്കാതെ, കൈയിലെ നനവു തുടച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി:

""പത്തു കൊല്ലം മുൻപാണ്. കൃത്യം ഡേറ്റും സ്ഥലവും പറയാം. 1999 ഫെബ്രുവരി 21. തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള ഹസൻമരയ്ക്കാർ ഹാൾ. അവിടെ അന്ന് എന്തോ സമ്മേളനം നടക്കുകയാണ്. എന്റെ അമ്മ അവിടെ പ്രസംഗിക്കാൻ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കിട്ടും. അതിനാൽ മൂന്നു മക്കളെയും അമ്മ കൊണ്ടു വന്നിട്ടുണ്ട്. "ഹാളിനടുത്തേയ്ക്ക് വരണ്ട, പരിസരത്തു നിന്നാൽ മതി'യെന്നു ഉത്തരവുണ്ട്. അതിൻപ്രകാരം, സമ്മേളനത്തിനു വന്ന കാറുകളുടെ പിറകിലായി ഒളിച്ച് മതിലിലെ തിട്ടയിൽ ചാരിയിരിക്കുകയായിരുന്നു ഞങ്ങൾ, മൂന്നു മക്കൾ.
എനിക്ക് അന്ന് 11 വയസ്സ്. സഹോദരി രോഹിണിക്കും അതേ പ്രായം. സഹോദരൻ രതീഷിന് 12.
സത്യത്തിൽ ഇതിൽ രോഹിണിയെ മാത്രമാണ് അമ്മ പെറ്റത്. എന്നെ ഏതോ കുപ്പയിൽ നിന്ന് കിട്ടിയതാണ്. സത്യം.
പാതിരാത്രി. അമ്മ ജോലി കഴിഞ്ഞ് വരുമ്പോ, ആരോ കുപ്പയിൽ എന്തോ കൊണ്ടു വയ്ക്കുന്നു.
അമ്മ വേഗം അങ്ങോട്ടു ചെന്നു. വന്നവർ കാറിൽ കയറി സ്ഥലംവിട്ടു.
അമ്മ നോക്കിയപ്പോ, ഒരു കുഞ്ഞാണ്. കരയാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. അത് തിളക്കിയെടുത്ത്, അമ്മ അവിടെ വച്ചു തന്നെ എനിക്കു മുല തന്നു. അമ്മയ്ക്കങ്ങനെ ലോകത്തെ കുറിച്ച് ഒരു ഭയവുമില്ല. എന്നെ വീട്ടിൽ കൊണ്ടു പോയി സ്വന്തം മകളുടെ കൂടെ വളർത്തി. അങ്ങനെ അമ്മ എനിക്ക് പുതിയ ജീവൻ തന്നു.

ഈ നേരം ഹസൻ മരയ്ക്കാർ ഹാളിൽ നിന്ന് ഒരു അനൗൺസ്‌മെന്റ് കേട്ടു: ഇനി അനുഭവങ്ങൾ പങ്കുവയ്ക്കാൻ കുന്നുകുഴി സ്വദേശി ഓമനയെ ക്ഷണിക്കുന്നു. ആദ്യമായാണ് അമ്മയെ ആരെങ്കിലും അങ്ങനെ മാന്യമായി "ക്ഷണിക്കുന്നത്'. മറുതാ ഓമനയെന്നാണ് അമ്മയുടെ വിളിപ്പേര്. മറുത എന്നു വച്ചാൽ മോക്ഷം കിട്ടാതെ അലഞ്ഞു തിരിയുന്ന സ്ത്രീയുടെ ആത്മാവ്. ഇരട്ടപ്പേരാണെങ്കിലും സംഗതി നേരാണ്. ആത്മാവ് മാത്രമല്ല ശരീരവുമുണ്ടെന്നു മാത്രം.

അമ്മ എന്തു പ്രസംഗിക്കും? ഞങ്ങൾ മൂന്നു പേരും, അമ്മ കാണാതെ ഹാളിനു വെളിയിൽ നിന്ന് കൗതുകത്തോടെ എത്തിനോക്കി.
അമ്മ ഒരു ചുവന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. ഇപ്പോ ആരോ അമ്മയുടെ കൈയിലൊരു മൈക്ക് പിടിപ്പിക്കുന്നു. അമ്മ, ആ മൈക്കിനെ പേടിയോടെ നോക്കുന്നു. ആ കൈ വിറയ്ക്കുന്നു. അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് സംസാരിക്കുമ്പോ മൈക്ക് വേണ്ട. അമ്മ ജീവിക്കാൻ പാടുപെടുന്നത് ഉച്ചത്തിലുള്ള ഈ തൊണ്ട വച്ചാണ്. ഇവിടെ പക്ഷേ അമ്മ പകച്ചു. എന്തോ പറയാൻ തുടങ്ങിയപ്പോ ശബ്ദം പുറത്തേയ്ക്കു വന്നില്ല. തൊണ്ട നേരെയാക്കി മെല്ലെ അമ്മ സംസാരിച്ചുതുടങ്ങി''

"എനിക്കെന്റെ മൂന്നു പിള്ളേരെ വളർത്തണം. രണ്ടും പെണ്ണുങ്ങളാ. നമ്മളെപ്പോലാകരുത് അവര്. പക്ഷേ ജീവിക്കാൻ സമ്മതിക്കത്തില്ല. പൊലീസുകാര് പണ്ടേ ശല്യമാ. എന്നാലും നമ്മള് അഡ്ജസ്റ്റ് ചെയ്യും. പക്ഷേ ഇതൊരു രാക്ഷസനാ. ഉച്ചിയിൽ മറുകുള്ള ആ പൊലീസുകാരൻ. അവനെപ്പറ്റി ഓർക്കുമ്പോ തന്നെ തല കറങ്ങും. ഒരു വേദന അടിവയറ്റീന്ന് കേറും. അവനെ കാലപ്പാമ്പ് കൊത്തും. അത്തരം പണിയാ അവൻ എന്നെക്കൊണ്ട് എടുപ്പിച്ചത്.
കഴിഞ്ഞ മാസം ഒരു രാത്രിയില്, ഒരു മുടുക്കിലിട്ട് അവനെന്നെ പിടിച്ചു. കൂടെയുണ്ടായിരുന്ന രുക്കുവിന്റെ മുതുകിൽ ലാത്തി കൊണ്ടൊരു കുത്തു കുത്തി. അവൾ നിലവിളിച്ചോണ്ട് ഓടി. പിന്നെ അവനും ഞാനും മാത്രം.
അവൻ ലാത്തി കുത്തി നിർത്തി അതിൽ പിടിച്ചുകൊണ്ട് എന്റടുത്തു പറഞ്ഞു: കേറി ഇരിക്കെടീ ഇതില്.
ഞാൻ പേടിച്ചു നിന്നപ്പോ, അവൻ ചോദിച്ചു: മനസ്സിലായില്ലേ?
പിന്നവൻ അലറി: എവിടം വച്ചാ ഇരിക്കേണ്ടതെന്ന് നിന്റടുത്തൊക്കെ ഞാൻ പറഞ്ഞു തരണോടീ.
അവൻ ലാത്തി പൊക്കിയപ്പോ ഞാൻ പേടിച്ച് തുണി പൊക്കി.
അവൻ ആജ്ഞാപിച്ചു: നിന്റെ ആഴം ഞാനൊന്ന് അളക്കട്ടെ. അമർന്നിരിക്കണം; പരമാവധി'.

""ബദ്ധപ്പെട്ട്, ശബ്ദത്തിലൊരു വിറയലോടെ അമ്മ മെല്ലെ തുടർന്നു''.

"ഞാൻ അനുസരിച്ചു. അതവിടെക്കൊണ്ടു തീർന്നേൽ കുഴപ്പമില്ലായിരുന്നു'.
""അമ്മ ഒന്നു നിർത്തി. കാഴ്ചക്കാരിൽ വല്ലാത്ത നിശബ്ദത''.
"എന്റെ മർമം കടത്തി ബുദ്ധിമുട്ടി കുന്തിച്ചിരിക്കുമ്പോ.... ലാത്തിയിലെ പിടിവിട്ട്, ആ പൊലീസുകാരൻ.... രണ്ടു കൈയും എന്റെ തോളിൽ വച്ച് താഴേയ്ക്ക് ആഞ്ഞൊരു അമർത്ത്...
ആ...'
""ആ...എന്ന ആ വിളി വിളിച്ചത് അമ്മയായിരുന്നില്ല. സമ്മേളനത്തിന് സാക്ഷിയാകാൻ വന്നതും, എന്റമ്മയെപ്പോലെ രാത്രിവേലയെടുക്കുന്ന പെണ്ണുങ്ങളുമൊക്കെയാണ്. നല്ല വീട്ടിൽ പിറന്ന ഒരു സ്ത്രീ ഭയന്ന് എഴുന്നേറ്റു പോയി. പെണ്ണ് ഒന്നേയുള്ളൂവെന്ന് മനസ്സിലായി''
അമ്മ തുടർന്നു: "വേദന. ഗർഭപാത്രം കുത്തിത്തുളച്ച് ഒരു കത്രിക കയറിപ്പോകുന്നതു പോലെ. ഞാനാ ലാത്തിയുമായി ചരിഞ്ഞു വീണു. ലാത്തി വലിച്ചൂരിയെടുത്ത് അവൻ ഒന്നും സംഭവിക്കാത്ത മട്ടിൽ, ടാറിട്ട തറയിൽ ടക്, ടക് എന്ന് ലാത്തി തട്ടിത്തട്ടി കടന്നു പോയി. അഞ്ചു മിനിട്ടെടുത്തു കാണും, എന്റെ ബോധം തിരിച്ചു കിട്ടാൻ... ഞാനാദ്യം വേദനയോടെ ആലോചിച്ചത്, ഇവനേം അവിടം കൊണ്ട്, ഒരു സ്ത്രീ പ്രസവിച്ച താണല്ലോയെന്നാണ്. അതാലോചിച്ചപ്പോ അവിടെക്കിടന്ന് ഞാനങ്ങു കരഞ്ഞു പോയി'.
""ബാക്കി പറയാൻ വാക്കുകിട്ടാതെ അമ്മ മൈക്കും പിടിച്ചു നിന്നു.

ഞാൻ മെല്ലെ തല തിരിച്ച്, അമ്മ പെറ്റ, എന്റെ അനിയത്തി രോഹിണിയുടെ മുഖത്തേയ്ക്ക് നോക്കി. അവൾ അമ്മയുടെ വേദന ഓർത്ത്, ചോര വറ്റി, അന്ധാളിച്ചു നിൽക്കുകയായിരുന്നു. രതീഷ്, പാവം. അവനൊന്നും മനസ്സിലായില്ല''.
അമ്മ മെല്ലെത്തുടർന്നു: "അന്നു തുടങ്ങിയ വേദനയാ. ഇപ്പോ ചോരപോക്കും തുടങ്ങിയിരിക്കുന്നു. ഞാൻ ചത്തു പോകും'.
""ആരോ, സ്ഥലകാലബോധം നഷ്ടപ്പെട്ടു നില്ക്കുന്ന അമ്മയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങി. അമ്മയെ സ്റ്റേജിൽ നിന്നിറക്കി. അമ്മ ഈയിടെ ചുവന്ന സാരി ഉടുക്കുന്നത് എന്തിനാന്ന് അപ്പോഴാ മനസ്സിലായത്. ചോരവാർന്നു സാരിയിൽ പടരുന്നത് അറിയാതിരിക്കാൻ.

അന്നു സമ്മേളനത്തിൽ നിന്ന് കിട്ടിയ ചോറിനും കറിക്കും ഒരു സ്വാദുമുണ്ടായിരുന്നില്ല. ഞങ്ങളുടെ വയറ്, കല്ലുപോലെ ആയിപ്പോയിരുന്നു''.

അവൾ പറഞ്ഞു: ""കഥ കുറച്ചൂടൊണ്ട് സാറേ. പെട്ടെന്ന് തീർക്കാമെന്നാ വച്ചത്. പറ്റുന്നില്ല. ങാ. പിന്നെ നടന്നത്...''

""അമ്മ പറഞ്ഞതു തന്നെ സംഭവിച്ചു. അമ്മ ചത്തു. ഗർഭപാത്രത്തിൽ ഇൻഫെക്ഷൻ തന്നായിരുന്നു. കൊണ്ടു ചികിൽസിക്കാനൊന്നും അമ്മ മെനക്കെട്ടില്ല. മെഡിക്കൽ സ്റ്റോറീ ചെന്ന് വേദനയ്ക്കുള്ള ഗുളികയുണ്ടോന്ന് ചോദിക്കും. പിന്നീട്, അമ്മയ്ക്കീ പണിക്കു പോകാൻ പറ്റാത്ത തരത്തിൽ കൂടി; ചോരപോക്ക്.

"ചോരയും വച്ചോണ്ടാന്നോടീ ഈ പണിക്കിറങ്ങുന്നതെന്ന്' ചോദിച്ച് അവിടുന്ന് ചുവന്ന ലിംഗം വലിച്ചെടുത്ത്, ആ ചോര പറ്റിയ കൈ കൊണ്ട് അമ്മയെ അടിച്ചവന്മാരുണ്ട്. പലവട്ടമായപ്പോ അമ്മ പണി നിർത്തി. ഉപജീവനം തരുന്ന ഇടത്തു തന്നെ അവൻ ഈ ദ്രോഹം ചെയ്തല്ലോ. എന്ന് അമ്മ കൂട്ടുകാരികളോട് പറഞ്ഞു കരയാറുണ്ടായിരുന്നു. അങ്ങനെയങ്ങനെ ഒരു ദിവസം രോഹിണിയും ഈ ജോലിക്കു പോയിത്തുടങ്ങി. ഞാൻ പിടിച്ചു നിന്നു; ഇന്നത്തെ ദിവസം വരെ. ചില ചെറിയ തുണിക്കടയിൽ നിന്നും വീട്ടുജോലിക്കു പോയുമൊക്കെ പിടിച്ചുനിൽക്കുകയായിരുന്നു ഇതു വരെ.
ഇനി നടക്കാനുള്ളത് നടക്കട്ടെയെന്ന് ഞാനുമങ്ങ് കരുതി. ഇനി ചിന്തിക്കാനൊന്നുമില്ല''.

അവൾ ചിരിച്ചോണ്ടു ചുരിദാറ് പൊക്കി. പാന്റ്‌സിന്റെ വള്ളിയഴിച്ചു. കസേരയിലിരുന്ന് ചന്തി പൊക്കി, പാന്റ്‌സ് ഊരിയെടുത്തു. ഭംഗിയായി മടക്കി കസേരയിൽ വച്ചു. ചുരിദാർ മുട്ടു വരെ കിടക്കുന്നത് തടസ്സമാകാതിരിക്കാൻ കൂട്ടിപ്പിടിച്ച് അരയിൽ കെട്ടിവച്ചു. ജട്ടി കാലിലൂടെ അഴിച്ചെടുത്തു. എന്നിട്ടു പറഞ്ഞു: ""സാറ് വിശ്വസിക്കുമോന്നറിയില്ല. ആദ്യമായിട്ടാ ഒരു പുരുഷന്റെ മുന്നിൽ ഇങ്ങനെ...''
ജട്ടി വിടർത്തിക്കാണിച്ചിട്ട് അവൾ തുടർന്നു: ""മുഴുവൻ ഓട്ടയാ. ഉള്ളിലിടുന്ന സാധനമായതു കൊണ്ട് നമ്മുടെ നിവൃത്തികേട് ആരും അറിയില്ല. അയയിൽ കഴുകിയിടുമ്പോ ഒന്ന് ശ്രദ്ധിച്ചാ മതി. കമിഴ്ത്തി വിരിക്കണം. ചോരയും കൊഴുത്തനീരും വീണത്, കഴുകിയിടാൻ വൈകിയാൽ അപ്പോ ഉറുമ്പരിക്കും. അമർത്തി ബ്രഷ് ചെയ്യുമ്പോഴും നൂലിളകും. ചുരിദാർ വിലക്കുറവിൽ കിട്ടും. ജട്ടിക്കു വില കേറിക്കേറി പോവുകയാണ്. സിറ്റിയില് കമ്പനിഐറ്റം മാത്രമേ കിട്ടാനുള്ളൂ. അഞ്ചു ജട്ടി വാങ്ങിക്കുന്ന കാശിന് ഒരു ചുരിദാർ വാങ്ങിക്കാം. നമ്മടെ അപമാനം മുതലാക്കുകയാണ് ഈ ജട്ടിക്കമ്പനികൾ. എല്ലാ നിലയ്ക്കും നിവൃത്തിയില്ലാത്ത പെണ്ണുങ്ങളെ കുടുക്കുകയാണ്; നശിപ്പിക്കുകയാണ്''.
ജട്ടി, കസേരയിലെ ചുരിദാർ പാന്റ്‌സിന്റെ മുകളിലിട്ട് അവൾ പറഞ്ഞു: ""എന്നാ പിന്നെ തുടങ്ങാം സർ. ങാ. അതിനു മുൻപ്... ഒന്നു രണ്ടു കാര്യം കൂടി.
അമ്മ പ്രസംഗിച്ച, അന്നത്തെ പരിപാടി എന്തായിരുന്നുവെന്ന് അറിയുമോ? കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ആദ്യത്തെ സമ്മേളനമായിരുന്നു. സമ്മേളനം അവിടെക്കഴിഞ്ഞു. ഞങ്ങളുടെ ദുരിതം പിന്നെയും കൂടി.

അമ്മയുടെ കൂട്ടുകാരി പുഷ്പച്ചേച്ചിയാണ് പിന്നീട് നടന്ന സംഭവങ്ങൾ പറഞ്ഞത്. അമ്മ മരിച്ചതിന്റെ പിറ്റേന്ന് ഞങ്ങളെ സമാധാനിപ്പിക്കാൻ വന്നതായിരുന്നു പുഷ്പച്ചേച്ചി. എന്നെ മാറ്റിനിർത്തിയിട്ട് ചേച്ചി പറഞ്ഞു''.
"പൊന്നുമോളെ. അന്ന് ആ സമ്മേളനം കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണും. ഞാനും നിന്റമ്മ ഓമനയും കൂടി രാത്രി, കിഴക്കേക്കോട്ട വഴി നടന്ന്, ഹൗസിങ് ബോർഡ് വഴി സെക്രട്ടേറിയറ്റിലേയ്ക്കുള്ള റോഡിൽ കൂടി, ഞങ്ങളുടെ സ്ഥിരം സങ്കേതമായ മുടുക്കിലേയ്ക്ക് നടക്കുകയായിരുന്നു. പെട്ടെന്നായിരുന്നു കാലനെപ്പോലെ അവൻ വെട്ടത്തേയ്ക്ക് വന്നു നിന്നത്. ഉച്ചിയിൽ മറുകുള്ള പൊലീസുകാരൻ. അലറിക്കൊണ്ട് നിന്റമ്മ ഒറ്റയോട്ടം. ഇങ്ങനെ ഒരു പെണ്ണ്, ആ പ്രായത്തിൽ ഇത്രേം വേഗത്തിലോടുമെന്നത് ഞാൻ കരുതിയതല്ല. അത് പ്രാണൻ കൈയിൽ പിടിച്ചുള്ള ഒരോട്ടമായിരുന്നു.

മുന്നോട്ടൊന്നു കുതിച്ച്, അവളെ കിട്ടത്തില്ലെന്നറിഞ്ഞപ്പോ കാലമാടൻ, പെട്ടെന്നു തന്നെ എന്റെ നേരെ തിരിഞ്ഞു. ഞാനെന്റെ സാരിയെല്ലാം കൂടി കാലുകൾക്കിടയിലേയ്ക്ക് ഒതുക്കിക്കൂട്ടി, "തുലഞ്ഞു ജീവിത'മെന്ന് വിചാരിച്ച് പേടിച്ചു നിന്നപ്പോ അവൻ ചോദിച്ചു'.
"എനിക്കെതിരെ അവള് കൂത്തിച്ചികളുടെ മീറ്റിങ്ങിൽ വിളിച്ചു പറഞ്ഞു ഇല്ലേടീ. പേപ്പറിൽ അച്ചടിച്ചു വന്നു. ഉച്ചിക്ക് മറുകുള്ളവന്റെ വൃത്തികേട്. നാണക്കേടായതും പോട്ടെ. ഇന്നു ഡിപ്പാട്‌മെന്റീലെ നായ്ക്കൾ അടിച്ചു തന്നു. പാറശാലയിലേയ്ക്ക് മാറ്റത്തിനുള്ള ഉത്തരവ്. ഇനി സിറ്റി കാണിക്കില്ലെന്ന്. കുഴപ്പമില്ല. സ്ഥലമേ മാറുന്നുള്ളൂ. തൊപ്പി അവിടെത്തന്നെയുണ്ടെന്ന് പറഞ്ഞേരെ. തിരിച്ചു വരും. അന്ന് എന്റെ കൈയിൽ കിട്ടും പട്ടിച്ചിയെ. പെൺമക്കളുണ്ടോടീ അവൾക്ക്?'

"ഞാൻ പേടിച്ചു പറഞ്ഞു: ങാ. രണ്ടു പേര്'
"ഫീൽഡിലുണ്ടോ?'
"ഇല്ല. കൊച്ചുങ്ങളാ.'
ലാത്തി ഉയർത്തി റോഡിൽ നിർത്തി അവൻ പറഞ്ഞു: "ങാ. പരുവമാവട്ടെ. അവ ളുന്മാരോട് ഞാൻ ചോദിച്ചോളാം. തള്ളയോടു ചോദിച്ച അതു പോലെ തന്നെ.'
പിന്നെ എന്നെ നോക്കിയൊന്ന് ചിരിച്ചിട്ടു ചോദിച്ചു: നിനക്ക് കേറണോ?
ഞാൻ നിന്ന നിൽപിൽ തൊഴുതു കൊണ്ടു നിലവിളിച്ചു.
"ആയിക്കോട്ടെ' എന്നു പറഞ്ഞ് അവൻ തിരിച്ചു നടന്നു.

""ആ സംഭവത്തിനു ശേഷം ഒന്നര കൊല്ലം കഴിഞ്ഞ്, വേദന തിന്നുതിന്ന് എന്റെ അമ്മ മരിച്ചു. പിന്നൊരു എട്ടരക്കൊല്ലം. ഇപ്പോ ഇതാ...

കഴിഞ്ഞാഴ്ച പുഷ്പച്ചേച്ചി വീണ്ടും എന്നെ കാണാൻ വന്നു പറഞ്ഞു''.

"എടീ.. ഒരു സംഭവമുണ്ട്. നിന്റമ്മയ്ക്കിട്ടു ലാത്തി കേറ്റിയില്ലേ...? ഉച്ചിക്കു മറുകുള്ള ആ പൊലയാടിമോൻ. അവൻ തിരിച്ചു വരുന്നെന്ന്. പ്രമോഷനിൽ എസ്‌ഐയായിട്ട്. എന്റെയൊരു ക്ലയന്റുണ്ട്. പൊലീസിലെ, ആപ്പീസിൽ എഴുത്തുകുത്തു പണിയിലുള്ള.... അയാള് വിവരം തന്നതാ. അവൻ വന്നാ, നമ്മുടെ രോഹിണി ഇപ്പോ ഫീൽഡിലില്ലേ. മൃഗമാണ്. പഴേ പക അവന് കാണും. നിന്റെ അമ്മ ഒരുപാടു സഹിച്ചവളാ. അതു പോലാന്നോടീ ഇവള്. കൊച്ചു പെണ്ണല്ലേ?'
""ഞാൻ തകർന്നു പോയി. പിന്നെ ആലോചിച്ചു. ഉറപ്പിച്ചു. അമ്മയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പോ ചെയ്യണം; അവർ പെറ്റ മകളെ രക്ഷിക്കാൻ. അത്രയെങ്കിലും നന്ദി ഞാൻ കാണിക്കണം.

ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. സാറേ.
ലൈംഗികത്തൊഴിലാളികളുടെ അന്നത്തെ സമ്മേളനം നടക്കുന്നതിന് പിന്നിലൊരു സംഭവമുണ്ട്.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ 35 വയസ്സുള്ള ഒരു പെണ്ണ് മരിച്ചു കിടന്നു. പൊലീസ് വന്നു കണ്ടപ്പോഴേ പുച്ഛത്തോടെ പറഞ്ഞു. "അയ്യേ. കള. ഇതവളാ'.
അപ്പറഞ്ഞവന്മാരിൽ ചിലരൊക്കെ ഇവളെ കൊണ്ടുപോയിട്ടുള്ളതാ. മുറുകി നിൽക്കുമ്പോ കൊള്ളാം. അയയുമ്പോ പുച്ഛം.
ആത്മഹത്യയോ കൊലപാതകമോ എന്ന് സംശയമുണ്ടായിരുന്നു. പിന്നാലെ പോകാൻ ആരുമില്ലായിരുന്നു. എന്നിട്ടും അന്നത്തെ ആ സംഭവത്തിൽ രണ്ടു ദിവസം, ഈ പണിയെടുക്കുന്ന പെണ്ണുങ്ങൾ, പണിമുടക്കി. എവിടെയും രേഖപ്പെടുത്തിയില്ല. ലോകത്ത് ഒന്നും സംഭവിച്ചില്ല.
പോട്ടെ. ഞാൻ സാറിനെ മെനക്കെടുത്തി. ഒരു കാര്യവും കൂടി പറഞ്ഞിട്ട് പണി തുടങ്ങാം''.
അവൾ കുറച്ചു കൂടുതൽ വെള്ളമെടുത്ത് കുടിച്ചിട്ടു പറഞ്ഞു: ""വെള്ളം കുടിച്ചാലേ, ഒരു സുഖം കിട്ടൂ. ഒരു ചെറിയ സംഭവവും കൂടി പറഞ്ഞു നിർത്താം.

അമ്മ എന്നെയും രതീഷിനെയും കൂട്ടി കോളനിയിലെ ഒരു വീട്ടിൽ, ഒരു ചേച്ചിയോട് പണം കടം വാങ്ങാൻ പോയ ഒരു ഓർമ കിടപ്പുണ്ട്.
അമ്മയുടെ പഴയ പരിചയക്കാരിയായിരുന്നു ആ ചേച്ചി. അവർ ദേഷ്യത്തോടെ പറഞ്ഞു: ഒരെണ്ണം അറിയാതെ ഉണ്ടായിപ്പോയി. മനസ്സിലാക്കാം. അതും പോരാഞ്ഞിട്ടാണോടീ നീ.. ഈ രണ്ടെണ്ണത്തിനെയും.. കെട്ടിക്കൊണ്ടു നടക്കുന്നത്. ങേ?
ഞാനന്നേരം ആ ചേച്ചിയുടെ കണ്ണിലേയ്ക്ക് നോക്കി; ഒരു ജീവൻ വേറൊരു ജീവനോട് തൊഴുകൈകളോടെ യാചിക്കുന്നതു പോലെ. വെള്ളയിൽ, വെള്ളത്തിൽ കിടക്കുന്ന എന്റെ കൃഷ്ണമണികൾ അവരുടെ കൃഷ്ണമണികളുമായി കൂട്ടിമുട്ടുകയാണ്. അവരുടെ കണ്ണിന്റെ ഉള്ളിലേയ്ക്ക്, അവരുടെ ആത്മാവിലേയ്ക്ക് എന്റെ നോട്ടം കേറി ചെന്നു. നമ്മളൊക്കെ ജീവനും മീതെയാണല്ലോ. അതു കൊണ്ടാണല്ലോ, ജീവനില്ലാത്ത സാറിനോട് ഞാനിത്രയും പറയുന്നത്. അതു മനസ്സിലാക്കിയാകണം, ചേച്ചി അവിടെ സംസാരം നിർത്തി പണമെടുത്തു കൊണ്ടു അമ്മയ്ക്കു കൊടുത്തത്.
അന്ന് അമ്മ എന്നെ ആ കുപ്പയിൽ നിന്ന് എടുത്തു കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ഞാനിപ്പോ, എവിടെയായിരിക്കും?
പട്ടികൾ കടിച്ചു കൊന്ന്, ശേഷം പൂവായോ പുലിയായോ പുഴുവായോ ജനിക്കുമായിരിക്കും. എന്തായാലും പൂ ആകില്ല. പുലിയും ആകില്ല. പുഴു ആകും. ഉറപ്പാ. ചില ജന്മങ്ങൾ അങ്ങനെയാ. ദൈവത്തിനും കൃത്യമായി ചില ഉച്ചനീചത്വം ഉണ്ട്. സാറിനി എന്തായിട്ടായിരിക്കുമോ എന്തോ ജനിക്കുന്നത്? നിങ്ങളൊക്കെ എപ്പോഴും അധികാരത്തിൽ തന്നെയായിരിക്കും. നിങ്ങളൊക്കെ ഇനിയും ഒരു പാട് ജീവികളുടെ ഗർഭപാത്രം കുത്തിപ്പൊട്ടിക്കും.

അന്ന് കിഴക്കേക്കോട്ട സ്റ്റാൻഡിൽ ചത്തു കിടന്ന സ്ത്രീക്ക് ഒരു 9 വയസ്സുള്ള മകനുണ്ടായിരുന്നു. എന്നെപ്പോലെ തന്നെ, ആരുമില്ലാത്ത അവനേം പൊക്കിയെടുത്ത് എന്റമ്മ വീട്ടിൽ കൊണ്ടു വന്നു. അതായിരുന്നു ഞങ്ങടെ രതീഷ്. ആരും ചെയ്യില്ല. ദൈവമാരുന്നു എന്റമ്മ. ദൈവം. അങ്ങനെ ഞങ്ങൾ ദൈവത്തെ പോലെ കരുതുന്ന, അമ്മയുടെ മറ്റിടത്താടാ സാറേ, നീ ലാത്തി കേറ്റിയത്. അവിടുന്ന്, ചോര ഛർദിപ്പിച്ചത്; കൊന്നത്.
ആ നീ പുഴുവിലും നാറിയ തീട്ടത്തിൽ വളരുന്ന കൃമി കീടമായിട്ടേ ജനിക്കാവൂ. അതിനായി സകല പെണ്ണുങ്ങൾക്കും വേണ്ടി, പ്രാകിക്കൊണ്ട്, കുറച്ചു വളം കൂടിയിട്ടിട്ടേ ഞാൻ പോകുന്നുള്ളൂ''.
അവൾ മലർന്നു കിടക്കുന്ന "സാറിന്റെ' തലയ്ക്കു മുകളിൽ കവച്ചു വച്ചിരുന്ന്, അവന്റെ ഉച്ചിയിലെ മറുകിലേയ്ക്ക് തന്നെ കൃത്യമായി വീഴുന്ന മട്ടിൽ തൂറിവച്ചു. പിന്നെ ടോയ് ലറ്റിൽ പോയി വൃത്തിയായി. കയ്യിലെ ചോരയുടെ നനവു തുടച്ചുമാറ്റി മടങ്ങിവന്നു.
അവന്റെ നെഞ്ചിൽ തറഞ്ഞിരുന്ന കത്തി ഊരിയെടുത്തു. അവന്റെ മുണ്ടിൽത്തന്നെ തുടച്ചു ചോര മാറ്റി ബാഗിലിട്ടു.
വസ്ത്രങ്ങൾ ധരിച്ചു. മുടിയൊന്നു ചീകിവച്ചു. പൗഡറിട്ടു. താൻ ആദ്യമായി സുന്ദരിയാണെന്ന് അവൾക്കു തോന്നി. പുറത്തിറങ്ങി. വാതിൽ മെല്ലെ ചാരി.

വെളുപ്പായി തുടങ്ങിയിരുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് രണ്ടിൽ പ്രസിദ്ധീകരിച്ചത്


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments