ഒന്ന്
ജനിച്ചുപോയതെന്തോ അബദ്ധം പോലായിരുന്നു പീറ്ററ് പാപ്പന്റെ ഉറക്കം. രാത്രിയും പകലും ഒരുപോലെ. ഇടക്കെഴുന്നേറ്റ് ജെറിമോൻ എടുത്ത് വെച്ചിട്ട് പോയ ഫ്രൈഡ് റൈസോ പൊറോട്ടയോ കഴിക്കും. പഴക്കമോ അരുചിയോ കാര്യമാക്കാതെയുള്ള തീറ്റി. പിന്നെ വീടിന് കരോട്ട് ഭാഗത്തുള്ള പാറയിറമ്പിൽ പോയിരുന്ന് മുക്കിതൂറും. ഈ നേരമെല്ലാം നല്ല രസികനൊരു പാട്ട് മൂളുന്നുണ്ടാവും. അന്നോളമാരും ഈണമിടുകയോ പാടുകയോ ചെയ്യാത്ത പാട്ട്. തിരികെ വന്ന് കുറച്ചു നേരം ഇളംതിണ്ണയുടെ മൺഭിത്തി ചാരി ഇരിക്കും. പാട്ട് നേർത്ത് വരികയും ചുറ്റുപാടുമുള്ള ഇലകളും പൂക്കളും സൂക്ഷ്മമായി രൂപാന്തരപ്പെടുകയും ചെയ്യുമ്പോൾ പാപ്പൻ പിന്നേം ഉറക്കമായെന്നാണ്.
ഏതാണ്ട് മൂന്നുമണി നേരത്തുണരും. അതുവരെയും വിരിഞ്ഞുനിന്ന വയലറ്റ് കൊങ്ങിണികൾ, പിങ്കിലേക്കോ, മഞ്ഞയിലേക്കോ നിറം മാറും. ചിലത് കൊഴിയുകയും, വിരിഞ്ഞവ ചിലത് കൂമ്പുകയും ചെയ്യും.
പാത്രത്തിൽ ബാക്കിയുള്ളത് എടുത്ത് തിന്നിട്ട് നീണ്ടു നിവർന്ന് കിടന്ന് പാറമലകളിലൊക്കെ ഒന്ന് മാനസിക സഞ്ചാരം നടത്തും. മുക്കുറ്റിയും, തുമ്പയും ചവിട്ടിമെതിക്കാതെയും, കാട്ടുമുയലുകളെ ഓടിക്കാതെയും അതങ്ങനെ പകലും സന്ധ്യയും കടന്ന്, രാത്രിയിലേക്ക് നീളും. മനുഷ്യരാരുടെയും അലോസരങ്ങളില്ലാതെ.
പുറംലോകവുമായി ആരും കുന്നുകയറിവരുന്നത് പാപ്പനിഷ്ടമാരുന്നില്ല. 'ഒരെന്തരവമ്മാരേം ഇങ്ങോട്ട് കൊണ്ടുവന്നേക്കല്ല്’- അതാണ് ചട്ടം.
‘വേണങ്കി വല്ല പെമ്പിള്ളാരേം കൊണ്ടുവന്നോ പ്രായം പത്തിരുപതായില്ലേ, കാര്യം കഴിയുന്നവരെ ഞാൻ മാറിത്തന്നേക്കാം’, ജെറിമോനോട് പാപ്പൻ കളി മട്ടിൽ പറയും.
‘ഒറ വേണം കേട്ടോ, കറിക്കരിയുന്നതാണേലും വേണ്ട്കേല. ഒറയില്ലാത്തേന്റെ ഭാരമാണ് മാനേ ഈ ഭൂമി അനുഭവിക്കുന്നെ’.
‘പാപ്പനെന്നാ ഒറ വേണ്ടേ... ?’, ജെറിമോൻ ചെറിയ നാണത്തോടെ ചോദിക്കും. അത് കേട്ടയാൾ മലമ്പള്ളകളിൽ എതിരൊലി കൊള്ളും പോലെ കൊലച്ചിരി ചിരിക്കും.
‘വെറും കൈക്ക് എന്തിനാ മാനേ ഒറ?’

രണ്ട്
ജെറിമോന് നാല് വയസുള്ളപ്പോഴായിരുന്നു പാർവതിക്കുന്ന് ഉരുള് പൊട്ടൽ. കുന്നിൽ വേറെ വീടുകളും, കൃഷികളും ഒന്നുമില്ലായിരുന്നതുകൊണ്ട് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വീടിന്റെ പാതി മലവെള്ളത്തിൽ കുത്തിയൊലിച്ച് പോയി. ഒരു മുറിയും ചായ്പും, അതിൽ ഉറങ്ങിക്കിടന്ന അവന്റെ അപ്പനും, അമ്മയും, വല്ലിമ്മച്ചി ചിന്നക്കുട്ടിയുമുണ്ടായിരുന്നു. പിറ്റേന്ന്, മഴതോരാത്ത വെളുപ്പാങ്കാലത്ത് അവനെ മാത്രമാണ് ഉണർന്ന് കണ്ടത്. കടപുഴകിയൊലിച്ച ആഞ്ഞിലി വേരിന്റെ തുഞ്ചത്ത്, ചീവിടിനെ പോലെ കരഞ്ഞുകൊണ്ട്.
മഴ മുറിയാത്ത ഉച്ച നേരത്ത് ചിന്നമ്മയുടെ ചെളിപിടിച്ച തലമുടിയും വിറക് കൊള്ളിപോലെ, കൈപ്പത്തിയും മാത്രം മരവേരുകൾക്കും കാട്ടുകല്ലുകൾക്കുമിടയിൽ കണ്ട്കിട്ടി. അവന്റെ അപ്പനും അമ്മയും അടിവാരത്തെവിടെയോ നാളിതുവരെയും, ഉറക്കമുണരാതെ മറഞ്ഞു കിടക്കുന്നു.
പിറ്റേന്ന് കാലത്ത് പത്ത് മണിയോടെ പീറ്ററ് പാപ്പൻ വീട്ടിലെത്തി. മഴ ശമിച്ചിരുന്നില്ല. ജെറിമോന്റെ അപ്പാപ്പന്റെ അനിയനായിരുന്നു അയാൾ. പണ്ടെങ്ങോ നാട് വിട്ടതാണ്. തൃശൂർ എവിടെയോ ഒരു ഹോട്ടലിൽ ബുദ്ധമാന്ദ്യമുള്ള ഒരാളെപ്പോലെ കൂടിക്കഴിയുകയായിരുന്നു. അയാളുടെ ദേഹവും ചലനങ്ങളും അതേ മന്ദഗതിയായിരുന്നു.
മരണദുഃഖം പെയ്തിറങ്ങുന്ന ചുറ്റുപാടിൽ സങ്കടമോ, കണ്ണിരോ ഇല്ലാതെ അയാൾ തല ഉയർത്തിനിന്നു. ആറടി പൊക്കവും നൂറ് കിലോയുമുള്ള ഭീമൻ മനുഷ്യൻ.
കരഞ്ഞവരും, ദുഃഖിച്ചവരും, പ്രാർത്ഥനക്കാരും പിരിഞ്ഞുപോയതും അയാൾ പാതി ഒലിച്ചുപോയ വീടിന്റെ വരാന്തയിൽ കയറിയിരുന്നു. വീടിന്റെ ബാക്കിയായ ഒറ്റമുറിക്കട്ടിലിൽ ജെറിമോൻ തളർന്നുറങ്ങി. അവന്റെ വെളുത്ത മുഖവും ദേഹവുമാകെ കാച്ചിക്കാ ചെത്തിയതുപോലെ കല്ലുരഞ്ഞ് കരുവാളിച്ച പാടുകളായിരുന്നു. പള്ളിക്കാരും പരിചയക്കാരും അരിയും പലവ്യജ്ഞനങ്ങളും ബിസ്കറ്റുമൊക്കെയായി കുന്ന് കയറിവന്നു. പീറ്ററ് പാപ്പനോ ജെറിമോനോ അതൊന്നും തൊട്ട്നോക്കിയില്ല. അതൊക്കെ അടുക്കളയിലിരുന്ന് പൂത്ത്കെട്ടുപോയി.
വല്ലാതെ വിശന്നപ്പോഴയാൾ ജെറിമോനുമായി കുന്നിറങ്ങി. ഉരുളൻ കല്ലുകളിൽ നിന്നും ഉരുളൻ കല്ലുകളിലേക്ക് നടന്നിറങ്ങാൻ അവന് കാലെത്തുമായിരുന്നില്ല. ഇരുന്ന് നിരങ്ങുന്ന അവനെ നോക്കാതെ അയാൾ, വിശന്ന വയറ് തിരുമ്മിക്കൊണ്ട് മന്ദൻകാല് വലിച്ച് വെച്ച് നടന്നു. പള്ളിപാരിഷ്ഹാളിൽ നടക്കുന്ന കല്യാണ വിരുന്നായിരുന്നു അവരുടെ ലക്ഷ്യസ്ഥാനം. കലവറ വാതിക്കൽ വിശന്ന് വാടിയ ജെറിമോനെ വിട്ടിട്ട്, പീറ്ററ് പാപ്പൻ അകന്ന് നിന്നു. പഴയൊരു പ്ലാസ്റ്റിക് കവറുമായവൻ അവിടെ കുത്തിയിരുന്നു. കേറ്ററിങ്ങ്കാർ പലരും എന്താണ് കാര്യമെന്ന് ചോദിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല. ഒടുവിൽ മാനേജർ ഫിലിപ്പ് ചേട്ടൻ തന്നെ വന്ന് കാര്യമന്വേഷിച്ചു. ജെറിമോൻ വിശപ്പിന്റെ സ്വരത്തിൽ ‘ചോറ്’ എന്ന് മാത്രം പറഞ്ഞു. ഫിലിപ്പ് ചേട്ടന് പാവം തോന്നി. അയാളവനെ കൂട്ടിക്കൊണ്ട് പോയി കൈയ്യിലിരുന്ന പ്ലാസ്റ്റിക് കവർ നിറയെ ബിരിയാണിയും കറികളും കൊടുത്തു. ജെറിമോന് എടുക്കാൻ മേലാത്ത ചുമടായിരുന്നു അത്. അവനത് വലിച്ചിഴച്ചാണ് പോയത്. പിന്നാലെ ചെല്ലാൻ ഭാവിച്ചവരെ ഫിലിപ്പ് ചേട്ടൻ വിലക്കി.
"ആരാണ്ട് പറഞ്ഞ് വിട്ടതാ, വിശന്നിട്ടല്ലേ പാവങ്ങള്’’.
കാലുകൾ നീട്ടിച്ചവുട്ടി കയറേണ്ട കാട്ട് കല്ലുകൾ വരുമ്പോൾ പാപ്പനവന്റെ തലച്ചുമട് ഒന്ന് താങ്ങിക്കൊടുക്കും. ആദ്യ ദിവസം കുന്ന് കയറി വീടെത്തുമ്പോഴവൻ ആകെ വശംകെട്ട്പോയിരുന്നു. പിന്നെ പിന്നെ ബീഫ് ഫ്രൈയുടെയും, ചിക്കൻകറിയുടെയും രുചി പിടിച്ച് അവനാകെ ഉത്സാഹപ്പെട്ടു. കല്ല്യാണവിരുന്നുകൾ പിരിയുന്ന നേരം നോക്കിയാണ് പാപ്പനവനെ കലവറ വാതിൽക്കലേക്ക് പറഞ്ഞ് വിടുക. 'മിച്ചമൊള്ളത് മതി’ എന്ന് അയാളവനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. വിരുന്ന് പിരിയുന്ന കൃത്യസമയം ആരാണവനെ പറഞ്ഞ് വിടുന്നതെന്ന സംശയം കേറ്ററിങ് കാർക്കുണ്ടായി.
‘മോൻറെ കൂടെ ആരാ വന്നെ?’, ഫിലിപ്പ് ചേട്ടൻ അവനോട് സ്നേഹത്തിൽ ചോദിച്ചു.
‘പാപ്പൻ...’, അവൻ വാകമരത്തിനപ്പുറമുള്ള റോഡിലേക്ക് കൈചൂണ്ടി പറഞ്ഞു.
‘പാപ്പനെന്നാ വരാത്തെ?’, പാപ്പൻ പറഞ്ഞ് വിട്ടിട്ടുള്ള വാക്കുകളവൻ തപ്പിത്തിരഞ്ഞു.
‘പാപ്പന് വയ്യ’.
എന്താണ് വയ്യാഴിക എന്നാരും ചോതിച്ചില്ല. റോഡ് വക്കിലുള്ള പഴയ വെയിറ്റിംഗ് ഷെഡിൽ, തടിച്ച് വീർത്ത കൈകാലുകളുമായി ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു മന്ദൻ മനുഷ്യനെ കേറ്ററിങ് പയ്യൻമാർ കണ്ടിരുന്നു. വിരുന്നുകളില്ലാത്ത ദിവസങ്ങളിൽ ടൗണിലെ വലിയ ഹോട്ടലുകളുടെ അടുക്കളപ്പുറങ്ങളിലാണവർ അഭയം തേടിയത്. തങ്ങളുടെ ജീവിതമാർഗ്ഗമെന്തെന്ന് ജെറിമോൻ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. കുശിനിക്കാരുടെ ചോദ്യങ്ങൾക്ക് അവൻ പാപ്പനെ തിരിഞ്ഞു നോക്കാതെ മറുപടി കണ്ടെത്തി.
"മിച്ചം വരുന്ന മതിചേട്ടാ പന്നിക്ക് കൊടുക്കുന്ന കൂട്ട് കൊറച്ച്’’, അവന്റെയാ പറച്ചിൽ കേട്ട് കുശിനിക്കാർക്ക് അതിശയമായി.
"അത് കൊള്ളാവല്ലോടാ, അപ്പോപ്പിന്നെ പന്നിക്കെന്നാ കൊടുക്കും?’’, കരിഞ്ഞതും മിച്ചം വന്നതുമായ അപ്പവും പൊറോട്ടയും പെറുക്കിക്കെട്ടിക്കൊണ്ട് കുശിനിക്കാരൻ ചോദിച്ചു. അത് തന്നോടല്ലെന്ന മട്ടിൽ അവനൊന്നും മിണ്ടാതെ നിന്നു.
‘‘കൂടെയാരടാ ഒരു തടിമാടൻ?’’, അകന്ന് നിൽക്കുന്ന പാപ്പനെ നോക്കി കുശിനിക്കാരൻ ചോദിച്ചു.
"വയ്യാത്തതാ’’ എന്ന് മാത്രമായിരുന്നു അവന്റെ മറുപടി. എന്താണ് വയ്യാഴിക എന്നയാളും ചോദിച്ചില്ല.

മൂന്ന്
വയസ്സ് പന്ത്രണ്ടായപ്പഴേക്കും ജെറിമോനങ്ങ് കൊഴുത്തുരുണ്ട് തക്കിടിമുണ്ടനായി. പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ കൊഴുപ്പും മുഴുപ്പും അഴകുമായിരുന്നു അവന്. അവന്റെ തടിച്ച ചന്തിയും, തുടയും, നനവാർന്ന ഇളം ചുണ്ടുകളും കണ്ട് പല അച്ചായൻമാരും, കുഞ്ഞച്ചൻമാരും, അവനോട് മിണ്ടിപ്പറഞ്ഞ് ഒട്ടിക്കൂടാൻ ചെന്നു. ദേഹമോഹം ഇല്ലാത്തവർക്കും അവനോട് മിണ്ടിപ്പറയാൻ ഇഷ്ടമായിരുന്നു. രൂപം പോലെ തന്നെ വശ്യമായിരുന്നു അവന്റെ ചിരിയും വർത്തമാനങ്ങളും. പാപ്പനവനെ കാര്യമായൊന്നും പഠിപ്പിച്ചിരുന്നില്ല. എന്നിട്ടുമവൻ ആരെയും മുഷിപ്പിക്കാതെ കളിചിരിവർത്തമാനങ്ങൾ പറഞ്ഞു.
കാലത്തുണർന്നാൽ പാപ്പന് മുമ്പേ അവന്റെ ഉത്സാഹം കുന്നിറങ്ങിത്തുടങ്ങും. അയാളപ്പോൾ മന്ദവേഗത്തിൽ മുറ്റം കടന്നിട്ടേ ഉണ്ടാവൂ. ഒരു ദിവസം കുന്ന് കേറിവന്ന് പട്ടിയെപ്പോലെ കിതക്കുന്ന പാപ്പനോടവൻ പറഞ്ഞു: "പാപ്പൻ വേണങ്കിലിനി വീട്ടിലിരുന്നോ, വയ്യാത്തതല്ലേ…"
അയാൾക്കപ്പോൾ അവനൊരു മാലാഖയായിട്ടാണ് തോന്നിയത്. അന്നയാൾ വീട്ട് വരാന്തയിലേക്ക് കരിമ്പടം മൂടി ചുരുണ്ടതാണ് പിന്നീട് കുന്നിറങ്ങിയിട്ടേയില്ല. ജെറിമോൻ ഒറ്റക്ക് പാറയും, പള്ളവും, പൊന്തകളും, താണ്ടിപ്പോയി. ഉൽസാഹത്തോടെ, തുള്ളിച്ചാടി.
പോത്തും, കോഴിയും, പന്നിയും വിളമ്പുന്ന പുതിയ കല്യാണഹാളുകൾ തനിച്ച് കണ്ട് പിടിച്ചു. മിക്ക ഇടങ്ങളിലും മാതാ ടീംസ് തന്നെയായിരുന്നു വിരുന്ന് ഒരുക്കിയിരുന്നത്. കേറ്ററിംഗ് മുതലാളി മാതാ ബോണി ഒരു ദിവസം ജെറിമോനെയൊന്ന് നോക്കി ഉഴിഞ്ഞിട്ട് ചോദിച്ചു, "ഇതേതാ ഫിലിപ്പ് ചേട്ടാ പയ്യൻ?’’
ഫിലിപ്പ് ചേട്ടൻ തന്റെ പരുക്കൻ സ്വരം മയപ്പെടുത്തിപ്പറഞ്ഞു: "ആരോരുമില്ലാത്തതാ,തന്തേം തള്ളേമൊക്കെ പാർവ്വതിക്കുന്നേലെ ഉരുള് പൊട്ടലി ചത്തു. ഇവിടെ വന്ന് എന്നതേലും സഹായമൊക്കെ ചെയ്യും. മിച്ചം വരുന്നതെന്തേലും കഴിക്കാൻ കൊടുത്താമതി, പാവമാ.."
ഫിലിപ്പ് ചേട്ടന്റെ സ്വരം പതിവില്ലാതെ അനുകമ്പപ്പെടുന്നത് കണ്ട് ബോണി നെറ്റി ചുളിച്ചു, "ഒടുവി നമ്മക്ക് പണിയാകല്ല് കേട്ടോ, ബാലവേലക്ക് പിടിച്ചാ അകത്ത് പോകും പറഞ്ഞേക്കാം... "
നാല്
ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ജെറിമോൻ മാതാ കാറ്ററിംഗിന്റെ സ്ഥിരം സഹായിയായിക്കൂടി. 'ആരോരുമില്ലാത്ത അഗതിക്കൊച്ച്' എന്ന അനുകമ്പയോടെ കല്യാണപാർട്ടീസും, പള്ളിക്കാരും, മാതാ ബോണിയും അവനെ അറിഞ്ഞ് സഹായിച്ചു. കാശിനൊപ്പം പുതിയ ഡ്രസ്സുകളും ഫോറിൻ പെർഫ്യൂമുകളും ചോക്ലേറ്റുകളുമൊക്കെയായി. മാതാ കേറ്ററിങ്ങ് വക നല്ലൊന്നാന്തരം അപ്പോം, ബിരിയാണിയുമൊക്കെ വേറെയും.
കാശും ഭക്ഷണപ്പൊതിയുമവൻ അതേപടി പീറ്ററ് പാപ്പനെ കൊണ്ടുചെന്ന് ഏൽപിച്ചു. പെർഫ്യൂമും, ഡ്രസുകളുമൊക്കെ ചുളുവിലക്ക് വിറ്റ്കിട്ടുന്ന കാശ് കൊണ്ട് വട്ടച്ചെലവ് നടത്തി. ആദ്യമായി പണം കിട്ടിയ ദിവസം പീറ്ററ് പാപ്പനത്, ജീവിതത്തിലടങ്ങാത്ത വസ്തു പോലെ കൈയ്യിൽ പിടിച്ച് പറഞ്ഞു, "ഭൂമി മുടിക്കുന്ന സംഗതിയാ മാനേ ഇത്’’.
എന്തൊക്കയോ അസ്വസ്ഥ വിചാരങ്ങളോടെ, ശൂന്യതയിലേക്ക് തുറിച്ചുനോക്കിയാണയാൾ പറഞ്ഞത്. ജെറിമോനതിന്റെ പൊരുള് പിടികിട്ടിയില്ല. എങ്കിലും ഭൂമി മുടിക്കുന്ന ആ സാധനം നിത്യവും കൊണ്ടുവന്നവൻ പാപ്പനെതന്നെ ഏൽപ്പിച്ചു. അയാളത് ഒന്ന് നോക്കുക പോലും ചെയ്യാതെ കിടക്കക്കടിയിലേക്കിടും.
കേറ്ററിംഗ് മുതലാളി ഇടക്കെല്ലാം അവനെ ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു. അന്ന് കല്യാണശാപ്പാടിന് പകരം ടൗണിലെ സ്റ്റാർ ഹോട്ടലിൽനിന്നുമുള്ള ഭക്ഷണപ്പൊതികളാണ് പാപ്പന് മുന്നിലെത്തിയത്. അഞ്ഞൂറിന്റെ നാലോ അഞ്ചോ നോട്ടുകളും. നല്ല ഫോറിൻ സെൻറുകളുടെ മണമായിരുന്നു അന്നേ ദിവസങ്ങളിലവന്.

അഞ്ച്
ഒരു ദിവസം ജെറിമോനെ കാണാതായി. പതിവു പോലെ ഏഴുമണിക്കെണീറ്റ് കുളിച്ചൊരുങ്ങി കുന്നിറങ്ങിയതാണവൻ, രാത്രിയായിട്ടും തിരികെ വീടെത്തിയില്ല. ഉച്ചകഴിഞ്ഞ് ഏതാണ്ട് മൂന്ന് മണിയോടെ കാറ്ററിംഗ് പരിപാടികൾ അവസാനിക്കുന്നതാണ്. പിന്നെയവൻ കൂട്ടുകാർക്കൊപ്പം അലഞ്ഞുനടക്കും.
മൂന്നു ദിവസം മുമ്പ് ഒരു സംഭവമുണ്ടായി. ഉച്ച നേരത്ത് അവനെ കൂടാതെ ഏതാനും കിതപ്പുകൾ കൂടി കുന്ന് കയറിവന്നു. പാപ്പൻ മയക്കം വിട്ട് കണ്ണ് ചിമ്മി നോക്കുമ്പോഴുണ്ട്, ചുവപ്പിൽ മുക്കി എടുത്തപോലൊരു മോട്ടോർ ബൈക്ക്. ജെറിമോനും കൂട്ടുകാരും കൂടി കല്ലും മേടും നിറഞ്ഞ മലമ്പാത തള്ളിക്കേറ്റിക്കോണ്ട് വന്നതാണ്. പാപ്പൻ എഴുന്നേറ്റ് നിവർന്നതും അവൻ ആകാംക്ഷയോടെ അയാളുടെ മുഖത്തേക്കുനോക്കി. ബൈക്കാണെന്ന് കണ്ടതും, പാപ്പന്റെ മുഖം പിശാശ് കുരിശു കണ്ടപോലായി.
"ഈ സാമാനം എന്നേത്തിനാഡാ ഇങ്ങോട്ട് തള്ളിക്കൊണ്ട് വന്നേ?"
ജെറിമോന്റെ മുഖം മങ്ങി. പാപ്പനങ്ങനെ ചോദിക്കുമെന്ന് അവനൊരിക്കലും പ്രതീക്ഷിച്ചതല്ല.
"നമ്മക്കിങ്ങോട്ടൊരു റോഡ് വെട്ടിയാൽ മതിയല്ലോ പാപ്പാ...ഹിറ്റാച്ചിക്ക് ", അവൻ പുതിയൊരു കണ്ടുപിടുത്തത്തിൻറെ ഉത്സാഹത്തോടെ പറഞ്ഞു.
എന്തോ അരുതായ്മ കേട്ട് ഭ്രാന്ത് പിടിച്ചപോലെ പാപ്പൻ പല്ലിറുമിക്കൊണ്ട് ചാടി എഴുന്നേറ്റു. അയാളുടെ വലിപ്പവും പ്രകൃതവും കണ്ട്, പിള്ളേർ പേടിച്ച് പിന്നോട്ട് മാറി. നിലത്തുവീണ ബൈക്കയാൾ വലിച്ചു പൊക്കാൻ നോക്കി. ജീവനുള്ള ഒരു വന്യമൃഗത്തോടെന്നപോലെ അതിന്റെ ഭാരവുമായി മൽപ്പിടുത്തം നടത്തി, ഒടുവിലൊരു ആൾക്കുരങ്ങിനെയെന്ന പോലെ പീറ്ററ് പാപ്പൻ ബൈക്ക് ഹാൻഡിലിൽ തൂക്കി പുറത്ത് കയറ്റി. കുട്ടികളതു കണ്ട് കാട്ടുവഴിയേ പരക്കംപാഞ്ഞു. ജെറിമോൻ ഒന്നും മിണ്ടാൻ പറ്റാതെ വാപൊളിച്ച് നിന്നുപോയി.
അയാളത് കൊണ്ടുപോയി വീടിന് മുകൾ ഭാഗത്തുള്ള പാറക്കൊക്കയിലേക്ക് തള്ളി. അതുവരെ മിണ്ടാതെ നിന്ന ജെറിമോന്റെ വരാന്തയിൽ പോയിരുന്ന് ആരോടെന്നില്ലാതെ നിലവിളിച്ച് കരഞ്ഞു. പാപ്പൻ വന്ന് ചത്ത പോലെ വരാന്തയിലേക്ക് വീണു. അയാളുടെ കണ്ണുകളിൽ ഇരുട്ടിന്റെ കടന്നലുകൾ പറക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പാപ്പന് വിളമ്പി ക്കൊടുക്കുമ്പോൾ അവന്റെ കണ്ണീരും സങ്കടവും പിടിവിട്ട് പുറത്തുചാടി. ചള്ളാസും ചിക്കനും ചേർത്ത് പാപ്പൻ ആർത്തിയോടെ ഒരു ഉരുള ഉരുട്ടിയത് തിന്നാതെ കൈയ്യിൽ പിടിച്ച് ചോദിച്ചു: "നീ എന്നേത്തിനാ മാനേ ഇങ്ങനിരുന്ന് മോങ്ങുന്നെ?’’
ആ ചോദ്യം കേട്ടവന്റെ കരച്ചിലും സങ്കടവും ഇരട്ടിച്ചു. "പാപ്പനല്ലെ വട്ടെളകി ആ ബൈക്ക് നശിപ്പിച്ചെ? വർക്ക് ഷോപ്പിലെ ചേട്ടനെനിക്ക് ചുമ്മാ തന്നതാരുന്നു’’, കരച്ചിലോടെ അവൻ പറഞ്ഞു.
"ചുമ്മാ കിട്ടുന്നതെല്ലാം നീയെന്നേത്തിനാ ഇങ്ങോട്ട് തള്ളികൊണ്ടുവരുന്നെ?’’
"ചുമ്മാ കിട്ടുന്നതല്ലേ, പാപ്പനീ ഉരുട്ടി വിഴുങ്ങുന്നെ?", അവൻ കലിപ്പോടെ അലറി.
ഒരു നിമിഷം അയാളുടെ ആർത്തിയും വിശപ്പുമെല്ലാം കെട്ടു. ഉരുട്ടിയ ഉരുള കൈയ്യിൽ തന്നെ പിടിച്ചുകൊണ്ട് പാപ്പൻ ആലോചിച്ചിരുന്നു. കുറച്ച് നേരം രണ്ട് പേരും തമ്മിലൊന്നും മിണ്ടിയില്ല. പിന്നയാൾ ഉരുട്ടിയ ഉരുള വാപൊളിച്ച് വിഴുങ്ങി. തമ്മിലൊന്നും മിണ്ടാതെ മൂന്ന് നാൾ കടന്ന് പോയി. നാലാം ദിവസമാണ് അവനെ കാണാതായത്.
ആറ്
രാത്രിയായിട്ടും ഉറക്കം വരാതെ പാപ്പൻ കണ്ണ് മിഴിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു. വെട്ടം വീണതേ അയാളെഴുന്നേറ്റ് വയറ് തടവിക്കൊണ്ട് മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. വെയിലുറച്ചിട്ടും അയാളുടെ കണ്ണുകളെ മയക്കം ബാധിച്ചില്ല. വെയില് കത്തുന്ന താഴ് വാരത്തേക്ക് വെറുതെ കണ്ണ് നട്ടിരുന്നു. അയാളുടെ കാഴ്ച്ചക്ക് മീതെ ഇരതേടിയൊരു പരുന്ത് വട്ടമിട്ടു പറന്നു.
പാപ്പനെഴുന്നേറ്റ് വീടിന്റെ അടുക്കളയിലേക്ക് ചെന്നു. ഒരു പ്ലാസ്റ്റിക് കുടത്തിൽ കണ്ട വെള്ളമെടുത്ത് വായിലേക്ക് കമഴ്ത്തി, പഴകി ജീർണ്ണിച്ച അലങ്കോലങ്ങൾക്കിടയിൽ നിന്ന് തുരുമ്പിച്ച വെട്ട് കത്തി തപ്പിയെടുത്തു. അതുമായി നടന്ന് അടുത്ത പാറച്ചെരുവിലേക്ക് പോയി. അവിടൊരു തോളം നിറയെ പൂക്കളും കായ്കളുമായി ഒരു മത്തൻ പടർന്ന് കിടന്നിരുന്നു. അയാളുടെ ഓർമയിലുണ്ടായിരുന്ന പച്ചതഴച്ച വള്ളികളോ മഞ്ഞ ചിരിച്ച പൂക്കളോ അവിടപ്പോൾ ഉണ്ടായിരുന്നില്ല. ആർക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞ് പോയിരുന്ന മത്തങ്ങകളും. പാപ്പൻ നിരാശയോടെ കത്തികൊണ്ട് കഴുത്ത് ചൊറിഞ്ഞു. ശരിക്കും കരിമ്പട്ടിണി ഇതാണെന്ന് അയാൾക്ക് തോന്നി. വാടിക്കരിഞ്ഞ വള്ളികൾക്കിടയിൽ പുഴുക്കുത്തേറ്റ് മുരടിച്ച ഒരു മത്തങ്ങ കണ്ടു. മൂപ്പെത്തിയിരുന്നെങ്കിലും അതിനുള്ളിൽ പുഴുക്കളുണ്ടാകും. അയാളതെടുത്ത് കൊണ്ടുപോയി തൊലിപോലും കളയാതെ വെട്ടിപ്പുഴുങ്ങി. കുറച്ച് ഉപ്പും തേങ്ങയും ചേർത്താൻ നല്ല രുചിയുണ്ടായേനെ. വിശപ്പ് തേങ്ങ പീരയാക്കി മത്തങ്ങ തുണ്ടുകളയാൾ ചൂടോടെ വിഴുങ്ങി. വെയിൽ മങ്ങിയതും കഴിഞ്ഞ രാത്രിയും പകലുകളുമായി മാറിനിന്ന മയക്കം വെള്ളീച്ചകൾ പോലെ പറന്ന് വന്നയാളുടെ കണ്ണുകൾമൂടി.

ഏഴ്
ഇരുട്ട് വീണുതുടങ്ങിയപ്പോൾ ജെറിമോൻ മുറ്റത്തേക്ക് പമ്മി പതുങ്ങി കയറിവന്നു. പാപ്പന്റെ മുന്നിലെങ്ങനെ പോയി നിക്കുമെന്നോർത്തായിരുന്നു അവന് വിഷമം. ഒച്ചയുണ്ടാക്കാതെ അവൻ അയാൾക്ക് അടുത്ത് ചെന്നിരുന്നു. കൂർക്കം വലി ഇല്ലാതെ ശാന്തമായുറങ്ങുന്ന പാപ്പൻ. പകലിന്റെ മങ്ങലിൽ അയാളുടെ നെഞ്ചിന്റെ ഉയർച്ചതാഴ്ച്ചകൾ മാഞ്ഞുപോയതായവന് തോന്നി.
‘പാപ്പാ’, ഒച്ച താഴ്ത്തിയവൻ വിളിച്ചു. അയാൾ മിണ്ടിയില്ല. ജെറിമോൻ പതുക്കെ കാലിൽ തൊട്ട്നോക്കി അനക്കമില്ല.
‘പാപ്പോയ്’, അവൻ സർവ്വശക്തിയുമെടുത്ത് മരണക്കിടപ്പിൽ നിന്നുമയാളെ കുലുക്കിയുണർത്താൻ നോക്കി. അവന്റെ നൊന്ത വിളിയുടെ കേൾവികൊണ്ടോ, കുരിശ് വരയുടെ ശക്തികൊണ്ടോ പാപ്പൻ എഴുന്നേറ്റിരുന്നു. പുതിയൊരു ജന്മത്തിലേക്കെന്നപോലെ, ചുറ്റുപാടുമൊക്കെ ഒന്ന് കണ്ണോടിച്ചു.
‘‘കെടന്ന് പട്ടിമോങ്ങുന്നപോലെ കാറാതടാ’’.
"പാപ്പാ... എന്നെ ഒറ്റക്കാക്കീട്ട് പോയേക്കല്ലേ പാപ്പാ...", വലിയവായിൽ കരഞ്ഞുകൊണ്ടവൻ പറഞ്ഞു. പാപ്പന് ചിരിവന്നു. വേദന കൊണ്ട് നെഞ്ച് തടവിയൊരു ചിരി.
"ചാകാത്ത മനുഷ്യരൊണ്ടോ മാനേ..?’’,
അവൻ മിണ്ടാതെ കരഞ്ഞുകൊണ്ടിരുന്നു.
"ഒരു കാര്യം പറയാം മാനേ..", പാപ്പൻ ഗൗരവത്തിൽ പറഞ്ഞുതുടങ്ങി: "ഇനി അധികനാളില്ല, നീ പേടിക്കല്ല്... പ്രേതോം പിശാശ്മൊക്കെ ഈ തടി മാത്രമാ. അത് കുഴീവെച്ചാ എല്ലാം തീരും. നീ ചുമ്മാ കാറി അലമ്പാക്കാതിരുന്നാ മതി..."
പാപ്പന്റെ കാലിൽ കെട്ടിപ്പിച്ചവൻ വിതുമ്മി.
വെറും വാക്ക് പറയുന്ന ആളല്ല പാപ്പൻ, ബോണി ചേട്ടന്റെ അപ്പൻ കഴിഞ്ഞാഴ്ച്ച മരിച്ചതേയുള്ളൂ. ഹാർട്ടറ്റാക്കാരുന്നു, പപ്പനെപ്പോലെ തന്നെ തീറ്റക്കൊതിയൻ.
"നമ്മക്ക് ആശൂത്രി പോകാം പാപ്പാ, നമ്മടേലൊള്ള കാശ് മുഴുവനെടുക്കാം. അമേരിക്കേ വേണേലും പോകാം."
പാപ്പനത് കേട്ട് പിന്നേം ചിരിച്ചു.
‘‘അതെന്നാ മാനേ അവിടാരും ചാകുവേലേ..?"
"പാപ്പൻ ചത്താ ഞാനും ചാകും...", ഒരു വെല്ലുവിളി പോലെ അവൻ പറഞ്ഞു.
ജെറിമോനന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. ഇടക്കെല്ലാമവൻ ‘പാപ്പോയ്’ എന്ന് ഒച്ച ഉയർത്തി അയാളുടെ ജീവൻ പരിശോധിച്ചു.
‘ഒണ്ട്ര മാനേ’ന്ന് പാപ്പൻ വിളി കേട്ടു. വെളുപ്പാൻ കാലമായപ്പോളാണ് അവനൊന്ന് മയങ്ങിയത്. "പാപ്പോയ്..." എന്ന് നിലവിളിച്ചുകൊണ്ട് ഉണരുകയും ചെയ്തു. നേരം പുലർന്നിരിക്കുന്നു. പാപ്പനപ്പോൾ ഉറക്കം മുറിഞ്ഞ മുഷിച്ചിലോടെ എഴുന്നേറ്റിരുന്ന് തല ചൊറിയുന്നതവൻ കണ്ടു. കൈലി മുണ്ടും വാരി ചുറ്റിയിട്ട് മുഖം പോലുമൊന്ന് കഴുകാൻ നിൽക്കാതെ തിടുക്കപ്പെട്ടവൻ കുന്നിറങ്ങിപ്പോയി.
ജെറിമോൻ നേരെ കേറ്ററിങ്ങ് മുതലാളിയുടെ അടുത്തേക്കാണ് പോയത്. അതുവരെ കാട്ടിയിരുന്ന മടിയോ ലജ്ജയോ കൂടാതവൻ പറഞ്ഞു, ‘ബോണിചേട്ടാ എനിക്ക് കൊറച്ച് കാശ് വേണം…’.
"കാശോ, ഇപ്പം എന്നാടാ അത്യാവശ്യം..?"
"പാപ്പന് വയ്യ ആശുപത്രി കൊണ്ട്പോണം.."
എന്താണ് അസുഖമെന്ന് പോലും ചോദിക്കാതെ ബോണി പേഴ്സിനുള്ളിൽ നിന്നും പണമെടുത്തു.
"അത് പോരാ, ഒരു പത്ത് ലക്ഷം വേണം. അങ്ങമേരിക്കേലാ പോണേ’’.
അവൻ ഗൗരവത്തിലാണ് പറഞ്ഞതെങ്കിലും അങ്കമാലീലെ പ്രധാനമന്ത്രീന്ന് കേട്ടതുപോലെ മാതാ ബോണി എടുത്ത പണം പേഴ്സിലേക്ക് തന്നെ തിരികെവെച്ചു. അയാളവനെ ആകെയൊന്ന് നോക്കി, ‘‘എന്നാടാ കാര്യം, നിനക്കെന്നാ പറ്റി..?’’
"ഒണ്ടോ ഇല്ലിയോ..?", ബോണീടെ പുന്നാരത്തിന് നിന്നുകൊടുക്കാതവൻ ചോദിച്ചു.
"എടാ, പത്ത് ലക്ഷമൊക്കെ ഓടിവന്ന് ചോദിച്ചാ എവിടുന്ന് തരാനാ..."
പിന്നൊരു നിമിഷം പോലും അവനവിടെ നിന്നില്ല. വെടിച്ചില്ല് പോലെ തിരിച്ചിറങ്ങിനടന്നു.
അവന്റെ ആവശ്യം കേട്ടതും ഫിലിപ്പ് ചേട്ടനും ഞെട്ടി. പാപ്പന്റെ രോഗവിവരമല്ല ചികിത്സക്ക് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം കേട്ടായിരുന്നത്.
"എന്റെ പൊന്ന് ജെറിമോനെ അത്രേം കാശൊക്കെ ആരേലും ചുമ്മാതെടുത്തു തരുവോഡാ...?’’
നിന്റെ പാപ്പൻ നിനക്ക് വലുതാരിക്കും. സത്യം പറഞ്ഞാ പുള്ളിയൊന്ന് പെട്ടെന്ന് പോയിക്കിട്ടിയാ അതാരിക്കും നിനക്ക് നല്ലതെന്ന് ഞങ്ങളെടക്ക് പറയാറുമൊണ്ട്".
അത് കേട്ടതും ജീവിതത്തിലാദ്യമായവന് ഫിലിപ്പ് ചേട്ടനോട് വെറുപ്പ് തോന്നി. പാപ്പനെ വേണ്ടാത്തോരെ തനിക്കും വേണ്ടന്ന് വെച്ചവൻ മാതാ ഗോഡൗണിൽ നിന്നും ഇറങ്ങിപ്പോന്നു. അവന്റെ അവസാന പ്രതീക്ഷ പള്ളി വികാരി സിറിയക് അച്ചനായിരുന്നു. അച്ഛന് അവനോട് വലിയ സ്നേഹവാത്സല്യങ്ങളുണ്ട്. ചെറിയ വിറയലോടെയാണവൻ പള്ളിമേടയിലേക്ക് ചെന്നത്, മടിച്ചുമടിച്ച് കാര്യം പറഞ്ഞു.
‘‘ചുമ്മാ വേണ്ടച്ചോ, ഞങ്ങടെ കൊറച്ച് സ്ഥലം എടുത്തിട്ട് തന്നാൽ മതി’’.
അച്ചനെന്തെങ്കിലും പറയും മുൻപേ അവനാ കാൽക്കലേക്ക് വീണു.
"പറ്റത്തില്ലെന്ന് പറയല്ലേ അച്ചോ, പാപ്പനില്ലേ പിന്നെ ഞാനും ഒണ്ടാകത്തില്ല. ഞങ്ങളെ രക്ഷിക്കണം’’. അവനെ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ ആ വൃദ്ധമനുഷ്യൻ തറയിലേക്ക് വേച്ച് പോയി.
"ജെറിമോന്റെ പാപ്പന് ഫ്രീയായിട്ട് ചികിത്സ ഏർപ്പാടാക്കിയാൽ പോരെ, അമേരിക്കയെങ്കിൽ അമേരിക്ക, ആദ്യം അങ്ങേരെ ഒന്ന് കുന്നിറക്കികൊണ്ട് വാ നമുക്ക് നോക്കാം’’.
അച്ഛൻ പറഞ്ഞത് കേട്ട നിമിഷം തന്നെ അവന്റെ പ്രതീക്ഷകൾ കുന്ന്കയറി തുടങ്ങിയിരുന്നു, ഒന്നും വരുത്തല്ലേ കർത്താവേന്ന് പ്രാർത്ഥിച്ച് കൊണ്ടവൻ പള്ളി വിട്ടോടി.
എട്ട്
കുന്നിറങ്ങുന്ന കാര്യം കേട്ടതും പാപ്പൻ പാറക്കല്ല് പോലെ ഒന്നൂടൊന്ന് ഉറച്ചിരുന്നു.
"ഈ നാറി പുഴുത്ത ദേഹം ചികിത്സിക്കാനോ നടക്കുവേല മാനേ.... ഒരടി നടക്കുവേല..."
ജെറിമോന് നല്ല പുളിച്ച തെറിയാണ് വായിൽ വന്നത്. ‘‘പിന്നെ എന്നാ മൈരാ പാപ്പന്റെ ഉദ്ദേശം?", സഹികെട്ട് അവൻ ചോദിച്ചു.
‘‘നേരാം വണ്ണം വല്ലോം കഴിച്ചിട്ട് രണ്ടൂന്ന് ദിവസമായി വയറ് കാള്ന്നടാ...", വയറ് തടവിക്കൊണ്ട് പാപ്പൻ പറഞ്ഞു.
അവൻ പ്രാകിക്കൊണ്ട് വീടിന്റെ എറമ്പടിക്ക് പോയി കുത്തിയിരുന്നു, പാപ്പനിടക്ക് ഞരങ്ങിയിട്ടും, വളിയും വായ്‌ക്കോട്ടായും വിട്ടിട്ടും അവൻ നോക്കാൻ പോയില്ല. സന്ധ്യകഴിഞ്ഞതും പാപ്പനെഴുന്നേറ്റ് കുന്നിറങ്ങാൻ ഭാവിച്ചപ്പോൾ അവൻ ചോദിച്ചു: എങ്ങോട്ടാരിക്കും..?"
"വെശന്നിട്ട് ദേഹം വിറക്കുന്നു. മണ്ണ് വാരി തിന്നാൻ ഒക്കുവേലല്ലോ..?, പാപ്പൻ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.
അവനൊന്നും മിണ്ടിയില്ല പതുക്കെ എഴുന്നേറ്റ് കുന്നിറങ്ങി. പാപ്പനൊരു ദുഷ്ടനാണെന്നപ്പോൾ അവന് തോന്നി, സ്വന്തം കാര്യമേ അയാക്കൊള്ളൂ, സ്വന്തം തീറ്റക്കാര്യം മാത്രം.
മൂന്നു ദിവസം പട്ടിണി കിടന്നതിന്റെ മുതലും പലിശയും തീർത്ത് കഴിഞ്ഞപ്പോൾ കൈ നക്കി വലിയൊരു ഏമ്പക്കത്തോടെ പാപ്പൻ പറഞ്ഞു: ‘‘വേറൊരു വഴിയൊണ്ട് മാനേ’’.
"ചാകാനൊള്ളതാണേൽ പറയണ്ട’’, ജെറിമോൻ ദേഷ്യം വിടാതെ പറഞ്ഞു.
"അല്ലടാ ഇത് ജീവിക്കാനൊള്ളതാ... ",
പാപ്പന്റെ സ്വരം മയപ്പെട്ടിരുന്നു.
എന്നാലുമവൻ പിണക്കം ഭാവിച്ച് തന്നെ ഇരുന്നു. പാപ്പനെ നമ്പാൻ കൊള്ളത്തില്ല.
"നമ്മടെ മാവേലിക്കുന്നില്ലേ മാനേ..?
"ഏതാ..?"
"നമ്മടെ പാർവതിക്കുന്നിന്റെ നേരെ അക്കരെ…’’, ദൂരെ മലയിൽ കാണുന്ന ലൈറ്റ് വെട്ടങ്ങൾക്ക് നേരെ വിരൽ ചൂണ്ടി പാപ്പൻ പറഞ്ഞു.
"അവിടെന്നാ..?’’
"അവിടേം ഇതുപോലെ ഏതേലും റിസോർട്ട് കാണും അറീത്തില്ല... പണ്ട് പോയതല്ലേ. അതിന്റെ പുറക് ഭാഗത്തായിട്ട് ചെറിയൊരു പിള്ളക്കുന്നൊണ്ട് മാനേ’’.
‘‘ചെകുത്താൻമേട്. പണ്ടൊക്കെ അനാഥപ്രേതങ്ങളെ കൊണ്ടെ തള്ളുന്ന സ്ഥലമാരുന്നു. കെട്ടിത്തൂങ്ങീം, വെഷമടിച്ചു മൊക്കെ ഒരുപാടെണ്ണം ചത്തിട്ടുമൊണ്ടവിടെ. അന്നൊക്കെ ആരുമങ്ങോട്ട് പോകത്തില്ലാരുന്നു പേടിച്ചിട്ട്’’, പാപ്പന്റെ പറച്ചിലിൽ പേടിതട്ടിയതുപോലെ അവൻ അയാൾക്കടുത്തേക്ക് നീങ്ങിയിരുന്നു.
"പക്ഷേങ്കി ഇത്രേം വെട്ടോം വെളിച്ചോം പക്ഷിമൃഗാദികളുമൊള്ള ഒരെടം ഭൂമിമലയാളത്തിലെങ്ങുമില്ല. എന്നാ ഒരു രസവാന്നറിയാവോഡാ’’.

ഇരുട്ടിലും ചെകുത്താൻ മേടിന്റെ വെളിച്ചം പാപ്പന്റെ മുഖത്തുണ്ടെന്ന് തോന്നി. അയാൾ ആവേശത്തോടെ തുടർന്നു: ‘‘കൂരാനും, മുള്ളനും, പാമ്പും, പന്നീം, നരീം, മലയണ്ണാനുമൊണ്ടാരുന്നു. പല ജാതി മരങ്ങളും, ചൂരലും, കാട്ട് വള്ളീം അതിൻറൊക്കെ നടുക്ക് ഒരിക്കലും പറ്റാത്തൊരു നീർച്ചാലും’’.
ആവേശം അണപൊട്ടി പാപ്പന്റെ സ്ഥാനത്ത് മറ്റാരോ ഇരുന്ന് പറയുന്ന പോലാണ് ജെറിമോന് തോന്നിയത്.
പാപ്പൻ ജീവിതത്തിൽ നിന്നുമകന്ന് ആ ശവപ്പറമ്പിൽ പോയി നിൽക്കുന്നതെന്തിനാണെന്ന് മാത്രം മനസിലായില്ല.
പാപ്പൻ കുറച്ച് നേരം മൗനമായിരുന്നു . പിന്നെ പതുക്കെ പറഞ്ഞു: ‘‘നമ്മക്കാ കുന്നൂടെ മേടിക്കണം മാനേ..."
"അത് നമ്മക്കെന്നേത്തിനാ പാപ്പാ...?’’, അവൻ കാര്യമറിയാതെ ചോദിച്ചു.
‘‘ഞാൻ കുറച്ച് കാലം കൂടെ ജീവിക്കണമെന്നല്ലേ നീ പറയുന്നേ..?
"കൊറച്ചല്ല ഞാനൊള്ളടത്തോളം കാലം ഓക്കേയാണോ..?
"പാർവതിക്കുന്നെറങ്ങി ചെകുത്താൻ മേട് കേറിയാ ഞാനൊടനെയെങ്ങും ചാകത്തില്ല മാനേ..അതൊറപ്പാ "
"അപ്പം പാപ്പനങ്ങോട്ട് താമസം മാറ്റുവാണോ..?
"അല്ലടാ പൊട്ടാ, ഒരു വ്യായാമം"
പാപ്പൻ ജീവിക്കാൻ തീരുമാനിച്ചതറിഞ്ഞ് അവന് വല്ലാത്ത സന്തോഷം തോന്നി. സ്വന്തം ജീവൻ തിരിച്ച് കിട്ടിയപോലെ. പാപ്പനെയവൻ ഇറുകെയൊന്ന് കെട്ടിപ്പിടിച്ചു.
"അതിന് മുന്നേ നീ അവിടൊന്ന് പോണം. അതവിടെ പഴേ കോലത്തിലൊണ്ടോന്നറിയണവല്ലോ. പണ്ട് പിണ്ണാക്കൻ മത്തായീടെ സ്ഥലമാരുന്നത്. എല്ലാം വിറ്റ് പെറുക്കി നാട്ടിന് പോയപ്പം ഇത് മാത്രം ആരും മേടിച്ചില്ല, അങ്ങനത് വിട്ടിട്ട് പോയതാ".
അത് കേട്ടതും മാവേലിക്കുന്ന് കേറാൻ ജെറിമോന്റെ കാല് തരിച്ചു. "ഒന്ന് നേരം വെളുത്തോട്ടെ, വഴിയറിയണ്ടേ’’ എന്ന് പാപ്പനവനെ പറഞ്ഞ് സമാധാനിപ്പിച്ചു. രാത്രി അവർ കിടക്കക്കടിയിലെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി.
‘‘ഇത് മതിയെടാ, ആരോടും എരക്കാനും കൈ നീട്ടാനും പോകണ്ട’’.
"മതി ഇത് മതി’’, അതാരുന്നു അവന്റേം തീരുമാനം.
ഒമ്പത്
മാവേലികുന്നടുക്കും തോറും ജെറിമോന്റെ ശ്വാസഗതിയും നെഞ്ചിടിപ്പും ഉച്ചത്തിലായി. കുന്നിന്റെ പാതിയോളം വീടുകളും റോഡുകളും, കുടിയേറിക്കഴിഞ്ഞിരുന്നു. അവിടെനിന്ന് നോക്കിയാൽ അക്കരെ, പാർവ്വതിക്കുന്ന് കാണാം. അതിന്റെ നെറുകയിലായി മകുടം പോലൊരു റിസോർട്ടും.
കുന്നിന്റെ പാതിക്കുനിന്ന് അരഞ്ഞാണം പോലെ മെലിഞ്ഞ മലമ്പാതയിലൂടെ വേണം ചെകുത്താൻ മേടിലേക്കിറങ്ങാൻ. അടുത്തുകണ്ട ആളോട് ചോദിച്ചവൻ വഴി ഉറപ്പുവരുത്തി.
കുന്നിറങ്ങി മേച്ചിൽ പുല്ലുകളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു താഴ്‌വാരത്തെത്തി. കുപ്പികളും വേസ്റ്റുകളും മാത്രമേ മനുഷ്യന്റെ അടയാളമായി കാണാനുള്ളൂ. താഴ്‌വര പിന്നിട്ടാൽ അൽപമകലെ ഒരു മൊട്ടക്കുന്നാണ്. അതിന് നടുവിൽ പച്ച തഴച്ച ഒരു തുരുത്ത് കണ്ടു. ജെറിമോന്റെ കണ്ണുകൾ മിഴിവോടെ തിളങ്ങി, കാലുകൾ അവടേക്ക് വേഗപ്പെട്ടു. ഇതിലും വലിയ കയറ്റങ്ങളിലും കേൾക്കാത്ത ഉച്ചത്തിൽ നെഞ്ചിടിപ്പ് കാതിൽ മുഴങ്ങി.

പാപ്പൻ പകലുറക്കം വെടിഞ്ഞ് മുറ്റത്ത് തേരാപാരാ നടന്നു. അയാളുടെ ആകാംക്ഷയുണർന്ന് ജെറിമോനോടൊപ്പം ചെകുത്താൻ മേടിന് നേരേ പറന്നടുത്തു.
ആ ചോലക്കാട്ടിൽ, പുറംലോകത്തിന്റെ പകൽ മറ്റൊരു വിധമായിരുന്നു. വെയിലിന്റെ പുള്ളിക്കുത്തുകൾക്കൊപ്പം നനുത്തൊരു കുളിരും, അവനെ വന്ന് തൊട്ടു. പലപല കാട്ടു കിളികളുടെ ചിലപ്പും കുറുകലും കേട്ടുവെങ്കിലും അവയൊന്നും ഇലമറനീക്കി പുറത്ത് വന്നില്ല. ജഡ പിടിച്ച് മുറ്റിയ, കുറുമരങ്ങളായിരുന്നു നിറയെ. ഉള്ളിലേയ്ക്കുള്ള വഴിമറച്ചെന്നപോലെ കാട്ടുവള്ളികൾ കൈകോർത്ത് നിൽക്കുന്നു.
പടർപ്പുകൾ വകഞ്ഞ് മാറ്റി മുന്നേറിയ ജെറിമോന്റെ കഴുത്തിന് പിന്നിൽ വളഞ്ഞൊരു കാട്ടുമുള്ള് വന്ന് കൊളുത്തി വലിച്ചു. പാപ്പന്റെ വർത്തമാനങ്ങളിൽ നിന്ന് കിട്ടിയ പ്രേതപ്പേടിയിൽ അവൻ നിലവിളിച്ചുപോയി. ചെകുത്താന്റെ വിരൽനഖം പോലായിരുന്നു അതിന്റെ കൊളുത്തലും മൂർച്ചയും. ഒരു നിമിഷം ഭയവും വേദനയും കുടഞ്ഞെറിഞ്ഞ്. ഏതോ പ്രേതമാവേശിച്ചതുപോലവൻ കാട്ട് പടർപ്പുകൾക്കും മുൾതലപ്പുകൾക്കുമിടയിലൂടെ നൂണ് പാഞ്ഞു. ഒടുവിൽ പച്ച തഴച്ചൊരു കുളക്കരയിൽ എത്തി നിന്നു.
നൂറ് നൂറ് പൂക്കൾ…,
പക്ഷികൾ...,
ഇഴജന്തുക്കൾ..,
പായൽ ചെടികൾ...
അതിനൊക്കെ നടുവിൽ, പാപ്പന്റെ ജീവിതമോഹം ഒരു കരിനീല തുമ്പിയായി ചിറകുവിരിച്ച് കുളത്തിൽ മുത്തുന്നു.
‘‘ഹൂ....യ്.. പാപ്പൻ ജീവിക്കുവെടാ മൈരുകളേ…, ഉച്ചത്തിലുള്ള കൂവലോടെയാണവൻ ഉറക്കം വിട്ടുണർന്നത്, നേരം പുലർന്നിട്ടില്ല
ജെറിമോൻ തിടുക്കത്തിലെണീറ്റ് പോയി പാറഓലീലെ തണുത്ത വെള്ളത്തിൽ കുളിച്ചു. മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിച്ചു. പാപ്പന്റെ ആയുസ് നീട്ടിക്കിട്ടാൻ. പിന്നൊരു കട്ടൻ പോലുമടിക്കാൻ നിൽക്കാതെ പാർവതിക്കുന്നിറങ്ങിപ്പോയി, രാത്രിജീവികളുടെ നേർത്ത മർമരങ്ങളായി പാപ്പന്റെ ജീവിതമോഹവും കൂടെച്ചെന്നു.
