ഐശ്വര്യ കമല

മാതേവർ

“മൂപ്പരോട് കവിതയെ കുറിച്ച് സംശയം ചോദിച്ച പെൺകുട്ടിയോട് ഹോട്ടൽ മുറിയിൽ കൊണ്ട് വന്നാൽ തിരുത്തി തരാന്ന് പറഞ്ഞത്രേ”

ളൊരു വെറും ബാങ്ക് മാനേജറല്ല,
ദേശത്തെ പ്രമാണിയാണ്.

അസോസിയേഷൻ, സാഹിത്യസമൂഹം, പാട്ട് കൂട്ടം, നാടകസമിതി എന്നിങ്ങനെ ടിയാനില്ലാത്തയിടമില്ല. ദേശത്തെ പ്രമാണിമാർക്കിടയിൽ തന്നെ മൂപ്പരൊരു ‘അൾട്രാ പ്രോ-മാക്സ് പ്രമാണി’യാകാനുള്ള പരമോന്നത കാരണം ശരാശരി നിലവാരത്തിൽ മൂപ്പരുടെ പക്കൽ സംഗീതം, സാഹിത്യം, അഭിനയം എന്നിങ്ങനെ ചിലതൊക്കെയുണ്ടെന്നുള്ളത് തന്നെ. അതും പോരാഞ്ഞ് ഒന്ന് പൊക്കിവിട്ടാൽ ആത്മഹത്യാപരമായിട്ടുള്ള ഏത് കലാപ്രകടനങ്ങൾക്കും മുതിരാനുള്ള ആത്മവിശ്വാസവും. ആളുടെ രണ്ട് സാഹിത്യനിരൂപണങ്ങളും ഏതാനം കത്തുകളും പ്രധാന വാരികകളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പടമാക്കി വച്ചിട്ടില്ലെന്നേയുള്ളൂ, വീടിന്റെ ഹാളിൽ തന്നെ സർവ്വവും പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിലൊന്ന് കണ്ണോടിക്കയെങ്കിലും ചെയ്യാതെ വിരുന്നുകാർക്ക് അവിടെ നിന്ന് രക്ഷപ്പെടാനാകില്ല.

ദേശത്തെന്ത് പരിപാടിയാണെങ്കിലും പുള്ളിക്ക് നെടുനായകത്വം നിർബന്ധമാണ്. ആരെയെങ്കിലും ആദരിക്കുന്ന ചടങ്ങിലാട്ടെ പൊന്നാട മൂപ്പർക്ക് അണിയിക്കണം. മരണവീട്ടിൽ പോയാലൊ റീത്ത് വയ്ക്കണം. നാടകങ്ങളിലൊ നായകവേഷം. എന്തിന്, ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പോലും അഡ്മിനാക്കിയില്ലെങ്കിൽ അങ്ങോർ എക്സിറ്റടിക്കും. ഉദ്യോഗവും പ്രമാണിത്തവും കണ്ട് മൂപ്പരെ താങ്ങുന്നൊരു സംഘമുണ്ടിവിടെ. മറ്റു ചില പൊങ്ങമാർക്ക് ഇടച്ചിലുമുണ്ട്. (സ്വാഭാവികം)

ഇയാളുടെ ‘കേമത്തം’ റൊക്കം ചെലവാവുക വീട്ടിലെ പെൺപ്രജകളോടാണ്. ഭാര്യ, പെങ്ങൾ, ഭാര്യാമാതാവ്, രണ്ട് പെൺമക്കൾ, പിന്നെയൊരു പെൺപൂച്ച. ഈ പെൺപറ്റത്തിന് ലോക വിവരമില്ലെന്ന് വിധിക്കാൻ മൂപ്പർക്കുള്ള ആവേശം അപാരമാണ്.

കുറച്ചു സാമ്പിളുകൾ ഇതാ:

“കാറിൽ കേറുന്നതൊക്കെ കൊള്ളാം കടയുടെ മുന്നേ എത്തിയിട്ടല്ല ഇബടെയിറങ്ങണംന്ന് മൊഴിയേണ്ടത്. റോഡിനെ പറ്റിയോ കാറോടിക്കുന്നതിന്റെ അത്യധ്വാനമോ ഒന്നുമറിയില്ല. ഹും’’.

“വായിച്ചു കരഞ്ഞുത്രേ…കരയിക്കുന്ന, ഇക്കിളിയിടിക്കണതാ അസ്സൽസാഹിത്യം? ഖസാക്ക് വായിച്ചിണ്ടോ, ആൾക്കൂട്ടം…?”

“എഫ്ടി ഇടാം ഇടാന്ന് പറയണതവിടെ നിൽക്കട്ടേ…എന്താ ഫിക്സഡ് റേറ്റ്? എന്താ വേരിയബിൾ റേറ്റ്? എന്താ മ്യുച്ചുവൽ ഫണ്ട്, വല്ല പിടിണ്ടൊ? അരിക്കലത്തിലോ അലമാരക്കലോ ഒതുക്കിയ കാശിങ്ങട് ഏല്പിക്ക, വിഡ്ഢിത്തം വിളമ്പാണ്ടെ”

ഇയാളോട് ഇടഞ്ഞ് വീട്ടിലെ ക്രമസമാധാനം കളയാൻ വയ്യാഞ്ഞു പെണ്ണുങ്ങൾ എന്തു കേട്ടാലും അവരുടെ പാട്ടിന് പോകും. ചിലപ്പോൾ അയാൾ പുറം തിരിയെ ‘മാതേവർ’ എന്ന് കളിയാക്കിച്ചിരിക്കും. മാതേവരെന്ന വട്ടപേര് ഇയാൾക്ക് വീണ സംഭവം നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്താണ്.

അസോസിയേഷന്റെ ഓണാഘോഷം. ടിയാൻ പ്രസിഡന്റ് (അതിൽ കുറഞ്ഞു പുള്ളി പിടിക്കില്ലല്ലോ). പൂക്കളമിടുന്ന തിരക്കിലാണ് സെക്രട്ടറിയും കൂട്ടരും.(പ്രസിഡന്റിനോട് ഇടച്ചിലുണ്ടെന്ന് പറഞ്ഞ കൂട്ടർ തന്നെ). ദേശത്തെ കാണാൻ അഴകുള്ള പെണ്ണുങ്ങളാ ചിലർ സെക്രട്ടറിയുടെ മേൽപ്പാർവയിൽ വിടരുന്ന പൂക്കളത്തെ പ്രശംസിച്ചു. പോരെ നമ്മുടെ കക്ഷിക്ക് ഹാലിളകാൻ.

പൂനുള്ളിയും വീഡിയോ പിടിച്ചും കൂടി നിന്ന മനുഷ്യരുടെ നടുവിലേയ്ക്ക് ചാടിയ അങ്ങോർ ഒറ്റവിടൽ: “ആചാരപ്രകാരം ഇത് ശുദ്ധഭോഷ് ക്കാണ്. തിരുവോണത്തിനു പൂക്കളമിടുന്ന ചടങ്ങില്ല. പൂരാടം വരെയേ പൂക്കളമുള്ളൂ. പൂരാടം തൊട്ട് മാതേവരെ വയ്ക്കലേയുള്ളു.’’

നെറുകയിൽ ചവിട്ടേറ്റ് പാതാളത്തിലമർന്ന ബലിയുടെ കലിയോടെ സെക്രട്ടറി ചാടിയെഴുന്നേറ്റു: “അത്തം പത്ത്. പത്ത് പൂവട്ടം. അതാണ് കണക്ക്. താൻ എവിടുന്ന് വന്നെടോ..”

പോരെ പുകില്. രണ്ട് കൂട്ടർ തമ്മിൽ വാക്കേറ്റമായി. ശണ്ഠ വൈകാതെ പൂക്കളം വിട്ട് വ്യക്തിപരമായ അക്രമണങ്ങളിലേയ്ക്ക് കുതിച്ചു.

“എടാ, എന്തിനാടാ മാതേവർ… നീയുണ്ടല്ലോ എല്ലാത്തിനും നടുവിൽ…”
“നിന്റെ അച്ഛനാടാ മാതേവർ…”

“**&%#***.....”

“°.¿;×××^^^....”

ആംഗലേയ സ്വാധീനമേതുമില്ലാത്ത ശുദ്ധമലയാളമിപ്പോൾ തെറിവിളിയിലെയുള്ളൂ എന്ന് ദ്യോതിപ്പിക്കുന്ന നിലയിൽ “ഓണവക്കാണം” നാലുകോണുകളിലേയ്ക്കും ‘തെറി’ തെറിപ്പിച്ചു കടുത്തു. ഹാളിന്റെ വശങ്ങളിൽ പതർച്ചയോടെ ഒതുങ്ങിയ സ്ത്രീകളും കുട്ടികളും സദ്യയുടെ ഭാഗത്തേയ്ക്കോടി. അസോസിയേഷൻ സ്പോൺസേർഡ് ഓണത്തല്ലിനൊടുവിൽ സെക്രട്ടറിയും സംഘവും പുറത്തെ കാറിലൊളിപ്പിച്ച മദ്യക്കുപ്പികളിലും പ്രസിഡന്റും സംഘവും ഗസ്റ്റ് റൂമിലൊളിപ്പിച്ച കുപ്പികളിലും അഭയം തേടി. അലങ്കോലമായെങ്കിലും ആ ഓണപരിപാടി ദേശത്തിന് ഭാഷാപരമായൊരു നിർണ്ണായകസംഭാവന നൽകി: മാതേവന്മാർ.

വീട്ടിലെത്തിയിട്ടും അയാൾ അടങ്ങിയില്ല. തന്റെ വാദം വിശദീകരിച്ചുകൊണ്ട് ഹാളിൽ തലങ്ങും വിലങ്ങും നടന്നു. പത്തും എട്ടും വയസ്സുള്ള പെൺമക്കൾ സോഫയിൽ തളർന്നു മയങ്ങുന്നവരെ ഗതികെട്ട് വീട്ടിലെ പെണ്ണുങ്ങൾ അയാളെ കേട്ടിരുന്നു. പിറ്റേന്ന് സർവ്വവും മറന്നെഴുന്നേറ്റ പെണ്ണുങ്ങൾ പതിവ് പോലെ പ്രാതലൊരുക്കി. വീർപ്പൻ പിഞ്ഞാണത്തിലായി തൂവെള്ളഇഡ്ഡലികൾ നിരന്ന തീൻമേശയ്ക്ക് മുന്നിൽ എല്ലാരും കഴിക്കാനിരുന്നു. എടുപിടിയെന്ന് മേശമേലുള്ള ഇഡ്ഡലിപാത്രത്തിൽ നിന്ന് അയാൾ മൂന്നു ഇഡ്ഡലികളെടുത്തു.പ്ലേറ്റിൽ നിരത്തി. ഒറ്റ അലർച്ച: “ഉത്രാടത്തിന് പൂവിടില്ലല്ലല്ല… പകരം മൂന്നു മാതേവരെ പൂക്കളനടുവിൽ വയ്ക്കും. ഇത് പോലെ. തിരുവോണത്തിന് അഞ്ചും. മനസ്സിലായോ’’.

കിടുങ്ങിപ്പോയ ഭാര്യാമാതാവിന്റെ കൈകളിൽ നിന്നും രണ്ട് ഇഡ്ഡലികൾ മേപ്പോട്ടേക്ക് തെറിച്ചു. പെൺപൂച്ച തീൻമേശയ്ക്കടിയിൽ നിന്ന് അടുക്കളയിലേയ്ക്കോടി. ഭീതിയോടെ ഇഡ്ഡലികൾ വിഴുങ്ങിയ പെൺമക്കളിലൊരാളുടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി. കുറച്ചു നാളെയ്ക്ക് ഇഡ്ഡലി വേണ്ടെന്ന് അടുക്കളപ്പുറത്ത് ഗൂഢമായൊരു തീരുമാനവുമുണ്ടായി.

ഇത് കൊണ്ടൊന്നും അയാൾ അടങ്ങിയില്ല. തുടർദിവസങ്ങളിൽ അയാൾ ഭാര്യയെ ഭക്ഷണത്തിന് രുചിയില്ലെന്നു ശകാരിച്ചു. മക്കളെ മണിക്കൂറുകൾ ഉപദേശിച്ചു. മറ്റുള്ളവരുടെ മുഖത്ത് തന്നെപ്രതി ഒരു മൂല്യം വരാത്തപക്ഷം ഭയമെങ്കിലും പോരട്ടെ എന്ന നിലയ്ക്ക് അയാൾ ഓഫീസിൽ സകലരെയും ചീത്ത പറഞ്ഞു. ലോൺ അപേക്ഷകൾ നിഷ്കരുണം നിരസിച്ചു.

ഒടുവിൽ ഒരീസം അയാൾ വീട്ടിലേക്കൊരു ആൺനായയെ വാങ്ങിവന്നു. ഈച്ച പാറിയാൽ വരെ ഓലിയിടുന്ന അതിനെ വീട്ടുമുറ്റത്തെ കൂട്ടിൽ പാർപ്പിച്ചു. വഴിയേ പോകുന്ന സകലരെയും നായ കുരച്ചു വിരട്ടി. വീട്ടിലെ പെൺപൂച്ചയെ നായ കുരച്ചോടിക്കുന്ന കണ്ടയാൾ ഒടുവിൽ ഒന്നര മാസങ്ങൾക്കിപ്പുറം മനസ്സ് തുറന്നൊന്നു ചിരിച്ചു. നായയെ സ്നേഹത്തോടെ തടവി. അനന്തരം പെൺപൂച്ച അടുക്കളയോരത്തായി സ്വജീവിതം ചുരുക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ബാങ്കിൽ അയാളുടെയൊരു ബാല്യകാലസുഹൃത്ത് അപ്രതീക്ഷിതമായി വന്നെത്തി. സുഹൃത്തിനെ കണ്ടതും മാനേജറാണെന്ന് പോലും മറന്നയാൾ കൂവി: “അളിയാ…”

കോളേജ് കാലത്തെ പ്രസരിപ്പ് തലമണ്ടയിൽ അപ്പ് ലോഡായ ആ മധ്യവയസ്കർ നഗരത്തിലെ പോഷ് ബാറിലേയ്ക്ക് വച്ചു പിടിച്ചു. രണ്ടെണ്ണം കീച്ചി ഇരുവരും തങ്ങളുടെ കലാലയകാലവിരുതുകൾ ഓർത്തെടുത്തു.ഇതിനിടയിൽ അയാൾ തന്റെ പ്രമാണിത്തം സുഹൃത്തിനോടും പൊലിപ്പിച്ചു വിളമ്പാൻ മറന്നില്ല. താൻ അതിഭയങ്കരനായ വിവരം കേട്ട് സുഹൃത്ത് കിടുങ്ങിയിരിക്കുമെന്ന് കരുതി അയാൾ ത്രസിച്ചിരിക്കേ ദശാസന്ധിദോഷമെന്നല്ലാതെന്ത് പറയാൻ, വിധി അയാളെയെടുത്തു നിലത്തിട്ടു.

ടിയാനെ കിടിലംകൊള്ളിച്ചുകൊണ്ടൊരു മനുഷ്യൻ ബാറിൽ അവതരിച്ചു. ചുവന്ന ഷർട്ട്‌, അതേ കരയുള്ള മുണ്ട്‌, തീക്ഷ്ണമായ കനൽക്കണ്ണുകൾ, കഴുത്തിൽ രുദ്രാക്ഷം. സകലരുടെയും ദൃഷ്ടിസ്നേഹമേറ്റു വാങ്ങിയുള്ളിൽ കടന്ന അദ്ദേഹത്തെ കണ്ടാരൊക്കെയോ ചടപട എഴുന്നേൽക്കുന്നുണ്ട്.

അമ്പോ!

വിസ്ക്കിയുടെ മന്ദിപ്പിൽ അയാൾ സെലിബ്രിറ്റിയെ തുറന്ന വായോടെ നോക്കി. സ്വപ്‌നസദൃശ്യം അദ്ദേഹം അവരുടെ പക്കലേയ്ക്കൊഴുകിവരുന്നു. അതാ സുഹൃത്തിന്റെ തോളിൽ കൈയിട്ട് കുശലം പറയുന്നു. ബാറിലെ സകലരും ഇമ വെട്ടാതെ അവരുടെ ടേബിളിലേയ്ക്ക് നോക്കിയിരിക്കുന്നു. പ്രൗഢമായ ഏതാനം നിമിഷങ്ങൾക്കൊടുവിൽ അദ്ദേഹം മാഞ്ഞു.
പ്രജ്ഞ വീണ്ടെടുത്ത അയാൾ സുഹൃത്തിനെ ആദരപൂർവ്വം നോക്കി.
“എടയെടാ, ഭയങ്കരാ …അത് നമ്മുടെ കവിയല്ലെ…അവാർഡ് വാങ്ങിയ…ശോ’’.

പിന്നണിയിൽ ബാറിന് വെളിയിലേക്കൊഴുകുന്ന കവി. പിന്നാലെ സെൽഫിയെടുക്കാൻ ഓടുന്നവർ. കവി പോയ ശേഷവും അദ്ദേഹത്തിന്റെ കവിതകൾ ടേബിളുകളിൽ നുരഞ്ഞ് തുളുമ്പി.അവിടം കവിപ്രഭാവത്തിൽ തരിച്ചുനിന്നു. അന്ധാളിച്ചു നിന്ന അയാളെ സുഹൃത്ത് കനിവോടെ നോക്കി.

“അളിയാ, കഴിഞ്ഞാഴ്ച്ചയും ഞങ്ങൾ കൂടിയേ ഉള്ളൂ. ഹോ…കവിതയും തുടികൊട്ടൊക്കെയായി പുലരും വരെ തകർത്തില്ലേ. നമ്മടെ സ്വന്തമാളാണ്. ചെന്നൈ വന്നാൽ എന്റെ വീട്ടിലെ താമസിക്കൂ’’

ശേ, ഇനി ഇവന്റെ ജാഡ കേട്ടിരിക്കണം. നിയന്ത്രണാതീതമായ അസൂയ കൊണ്ട് അയാൾ പ്ലേറ്റിലെ മൂന്നു കടലകളുടെ ഉന്തിയ ചന്തികൾ ഞെക്കി പൊട്ടിച്ചു. കാര്യം രണ്ട് ആസ്വാദനകുറിപ്പുകൾ അച്ചടിച്ചു വന്നെങ്കിലും അയാളുടെ ചിരകാലസ്വപ്‌നം കവിതയെഴുത്തായിരുന്നു. ചെറുപ്പകാലത്ത് കുറെ കവിതകൾ എഴുതി അയച്ചതും അവയൊക്കെ നിഷ്കരുണം നിരസിക്കപ്പെട്ടതും അയാളോർത്തു.

“ഓ, ഞാനെന്നാ പിന്നെ ഇറങ്ങുവാടാ...”
അധികം നിൽക്കാതെ സുഹൃത്തിനോട് യാത്ര പറഞ്ഞ് അയാൾ ഇറങ്ങി. തിരിച്ച് വീട്ടിലേക്ക് തളർച്ചയോടെ കാറോടിച്ചു.
പൊടുന്നനെ ഒരാശയം.
അത് തന്നെ. അസോസിയേഷനിലെ കൂപ മണ്ഡൂകങ്ങൾക്ക് കാട്ടിക്കൊടുക്കണം തന്റെ വലിപ്പം. വീട്ടിലെത്തിയതും അയാൾ കാറിൽ നിന്നിറങ്ങിയോടി, “എടിയേയ്…”
പാതിരാവായതുകൊണ്ട് അയാളുടെ ആവേശത്തിനു സാക്ഷ്യപ്പെടാൻ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു.
“ഞാൻ ഇന്ന് ആരുടെ ഒപ്പമാണ് അത്താഴം കഴിച്ചതെന്നറിയുമോ? ഈ ഇട്ടാവട്ടത്ത് കിടക്കുന്ന നീയെന്തറിയാനാണ്. സാധുവേ, കേൾക്ക്’’.

കഠിനഘോരപദങ്ങളാൽ അയാൾ കവിസമാഗമം വിവരിച്ചു. കവിതകൾ അയാളിൽ നിന്ന് അനർഘനിർഗ്ഗളമൊഴുകി. പാടിപ്പാടി അന്തരഗാന്ധാരത്തിന്റെ മേൽസ്ഥായിയിൽ വാളും വച്ച ശേഷം കിടക്കയിലേയ്ക്ക് വീണു. കൂർക്കം വലിക്കുന്ന അയാളുടെ മുഖത്ത് നിന്ന് ഭാര്യ കണ്ണടയൂരി മാറ്റി വിളക്ക് കെടുത്തി കിടന്നു. പിന്നീടുള്ള മാസങ്ങൾ അയാൾക്ക് കണക്കു കൂട്ടലുകളുടേതായിരുന്നു. കവി പോകുന്ന ചടങ്ങുകളിലൊക്കെ അയാളൊരു സ്ഥിരസാന്നിധ്യമായി.
“അളിയാ, കാര്യമായി പറഞ്ഞേക്കണെ.. ’’
“എടാ, ഞാൻ കവിയോട് പോയി മിണ്ടാൻ പോകയാണ്… ഒരു വീഡിയോ എടുത്തേയ്ക്കണെ.. ’’
“ദേ പുള്ളിടെ അരുകിലൊരു കസേര ഒഴിവുണ്ട്. ഞാൻ അവിടെ പോയിരിക്കാം. ഒരു കാൻഡിഡ്… ഓക്കേ’’.

ആറേഴു മാസങ്ങൾ കൊണ്ട് സംഗതി അയാളൊരു ഫോൾഡറിലാക്കി. ഒടുവിൽ ആ കൊല്ലത്തെ ഓണാഘോഷങ്ങളുടെ നടത്തിപ്പിന് കമ്മിറ്റി കൂടുന്ന ദിവസമായി. തലേന്നുരാത്രി അയാൾ ഉഗ്രനൊരു ഫോർവേഡ് കളിച്ചു. കവിയുടെ തോളത്ത് കയ്യിട്ടു നിൽക്കുന്നൊരു ഫോട്ടോ എടുത്തങ്ങു ‘സ്റ്റാറ്റസ്സി’ലിട്ടു. അയാളുടെ ഈ പുതു ‘സ്റ്റാറ്റസ്’ അസോസിയേഷനിലെ സ്രാവുകൾ മുഴുവൻ ‘സീൻ’ അടിച്ചെന്നുറപ്പിച്ചു ആനന്ദതുന്ദിലപ്പെടുന്ന അയാളെ നോക്കി പെണ്ണുങ്ങൾ അന്തിച്ചുനിന്നു.

പിറ്റേന്ന് മീറ്റിംഗിന് അയാൾ അല്പം വൈകിയെ ചെന്നുള്ളൂ. താല്പര്യമില്ലാത്ത പോലെ ഒരുവശത്തായി ഒതുങ്ങി കാലിന് മീതെ കാലിട്ടിരുന്നു. പതിവുപോലെ ആകെയുള്ള രണ്ട് വനിതാ മെമ്പർമാർ വന്നിട്ടില്ല. സ്ഥിരം താലപൊലിയും തിരുവാതിരയും പൂനുള്ളലും മാത്രം വിധിച്ചിട്ടുള്ള അവരുടെ അഭാവം അറിഞ്ഞ മട്ടില്ലാതെ മീറ്റിംഗ് തുടങ്ങി.
‘ഗസ്റ്റ്’ എന്ന വിഷയം വന്നു. സ്ഥലത്തെ പ്രമുഖഗാന്ധിയൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, ടി.വി ഷോയിലെ കുട്ടി…
വിരസത പിടിച്ച ലിസ്റ്റ്.
എല്ലാരുടെ മനസ്സിലും അത് തന്നെ. ഒരക്ഷരമുരിയാടാതെയിരിക്കുന്ന അയാളുടെ മുഖത്തെ ഭാവങ്ങൾ പക്ഷെ നല്ല മാസ്സ് സബ്ടൈറ്റിലുകൾ എഴുതി കാട്ടുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും ഉളുപ്പുകെട്ട ഒരുവൻ കാണുമല്ലോ മാധ്യസ്ഥത്തിന്. അങ്ങനെ ഒരുവൻ വാ തുറന്നു: “സാറേ, നിങ്ങളും കവിയും ഇത്രയും അടുപ്പമായ നിലയ്ക്ക്….. കവി വന്നു രണ്ട് കവിതയൊക്കെ കീച്ചിയാൽ വേറെ ലെവലാകും.”

അയാൾ തലകുമ്പിട്ടിരിക്കുന്ന സെക്രട്ടറിയെ ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു:
“ഞാൻ പറഞ്ഞാൽ പുള്ളി കേൾക്കാതിരിക്കാനാകില്ല. സാഹിത്യത്തിലും സിനിമയിലുമൊക്കെയായി എനിക്ക് കുറെ സൗഹൃദങ്ങളുണ്ട്. പക്ഷെ ഞാൻ അതൊന്നും എവിടെയും വിളമ്പാറില്ല. തർക്കിക്കാൻ ആളുള്ളിടത്ത് പ്രത്യേകിച്ചും…”

സെക്രട്ടറിക്ക് കാര്യം പിടികിട്ടി. സകലരുടേം നോട്ടം സെക്രട്ടറിയിലാണ്.അയാൾക്കും വേറെ വഴിയില്ല.
“സാറേ, അത് വിട്ടുകളയൂ. ഒക്കേം നിങ്ങൾ പറയുന്ന പോലെ. കാര്യം നടക്കണം.”

സെക്രട്ടറിയിൽ നിന്നിത് കേൾക്കേണ്ട താമസം, കോഴിപ്പോരിൽ എതിർകോഴിയെ കൊക്കിവീഴ്ത്തിയ പൂവനെ കണക്ക് അയാൾ ചുവന്നു വിടർന്നു. സർവ്വ ഉത്തരവാദിത്ത്വവുമേറ്റെടുത്തു. ദിഗ്ഗ് വിജയിയെ പോലെ അയാൾ വീട്ടിലേക്ക് മടങ്ങി.

പെണ്ണുങ്ങൾ പിന്നിലെ പൂന്തോട്ടം മോഡി പിടിപ്പിക്കുകയായിരുന്നു.
“എടിയേ, വരുന്നതാരാന്നാ…. ശോ മണ്ണുകിള്ളി കാലം കഴിക്കും ഇതുങ്ങൾ. കഷ്ടം”

ഭാര്യ റോസാക്കമ്പുകൾ മുറിച്ച് ചെറുചട്ടികളിൽ പകരുകയായിരുന്നു. ബഹളം കേട്ട് അമ്മയുടെ മടിയിൽ നിന്ന് പൂച്ച മുഴച്ച വയറുമായി നിലത്തു ചാടി.
“ഈ നശിപ്പിന് വയറ്റിലുമുണ്ടോ…അശ്രീകരം”, പൂച്ചയെ ആട്ടികൊണ്ട് അയാൾ അവർക്കിടയിലേയ്ക്ക് ചാടി. മക്കളെയും പെങ്ങളെയും വിളിച്ചുകൂട്ടി.
“ദേ, വലിയൊരു മനുഷ്യനാണ് വരുന്നത്. അദ്ദേഹത്തിനൊരു അത്താഴമൊരുക്കണം. നമുക്കതൊരു പൗഷാണ്. മോളെ, അദ്ദേഹത്തിന്റെ ഏതെങ്കിലും കവിത മനഃപാഠാക്കൂ”.

പിന്നെയുള്ള ദിവസങ്ങൾ തകൃതിയായ ഒരുക്കങ്ങളുടെയായിരുന്നു. അയാളുടെയും കവിയുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകൾ, ഫേസ്ബുക്ക് പോസ്റ്റ്‌, ഇൻസ്റ്റ റീലുകൾ, ഇൻവിറ്റേഷൻ എന്നിങ്ങനെ സംഗതി വൈറലായി.

കവിക്ക് സ്വപുസ്തകം സമർപ്പിക്കൽ, കവിയുടെ കാലിൽ വീഴൽ, അവതാരികയ്ക്കായി അപേക്ഷിക്കൽ തുടങ്ങിയവയ്ക്കായി ദേശത്തെ യുവഎഴുത്തുകാർ മുൻകൂർ ബന്തവസ്സ് ചെയ്തു വച്ചു. തരുണീമണികൾ താലപ്പൊലി, സ്വീകരണം എന്നിവയ്ക്ക് കോപ്പ് കൂട്ടി. ആകെ പൊടി പൂരം. കവിയുടെ എന്നല്ല ലോകസാഹിത്യത്തിന്റെ തന്നെ വക്താവെന്ന നിലയിലൊരു മഹിതഭാവം അയാളുടെ മുഖത്തു നിറഞ്ഞു. കാണുന്നവരെയൊക്കെ അയാൾ ഓർമിപ്പിച്ചു: “ദേ ഇത്തവണ വന്നേ പറ്റൂ. കഴിഞ്ഞ തവണത്തെ പോലെയല്ല. അടിമുടി സാംസ്കാരികസമ്പന്നമാണെന്നേ…”

ചടങ്ങിന് മൂന്നു ദിവസം മുൻപേ അയാൾ വീട്ടുകാരോടുള്ള ഉപദേശങ്ങൾ തുടങ്ങിയിരുന്നു: “നോക്ക്, വലിയ മനുഷ്യരോട് അനാവശ്യമായി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കരുത്….”
“അമ്മയോടാണ്, അദ്ദേഹം വല്ലതും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ ഉത്തരം കൊടുത്ത് നിർത്തുക…”
“ഹോ…. എന്തൊക്കെ വലിയ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്…. ഇത്രയും പ്രകൃതിസ്നേഹള്ളൊരു മനുഷ്യൻ…സ്ത്രീയെ കുറിച്ച് മൂപ്പർടെയൊരു കവിതയുണ്ട്, അമ്പോ അന്താളിച്ചു പോകും“

ബഹളങ്ങൾക്കിടയിൽ പൂച്ചയുടെ പേറടുത്തു വന്നു. അടുക്കളയോട് ചേർന്ന സ്റ്റോറിൽ ഒരു കാർഡ് ബോർഡ്‌ പെട്ടിയിൽ തുണി പാകി അമ്മ പൂച്ചയ്ക്ക് പേറ്റുമുറിയൊരുക്കി.

ഒടുവിലാ സുദിവസം വന്നെത്തി. രാവിലെ തന്നെ അയാൾ കവിയെ സ്റ്റേഷനിൽനിന്ന് കൂട്ടാനും ഹോട്ടൽ മുറിയിലെത്തിക്കാനുമുള്ള ഓട്ടങ്ങളിലാണ്ടു. അയാളുടെ വീട്ടിലെ പെണ്ണുങ്ങൾ അത്താഴമൊരുക്കുന്ന തിരക്കിൽ നെട്ടോട്ടമോടി. ബീഫ് ഒലത്തും നെയ് ചോറുമൊരുക്കിയ ശേഷം പൊരിക്കാനുള്ള ചിക്കൻകാലുകളിൽ മസാലയും പുരട്ടി വച്ച ശേഷമാണ് ചടങ്ങിനായി അവർക്കിറങ്ങാനായത്.

പരിപാടിയിൽ ആദ്യന്തം പ്രസിഡണ്ട് നിറഞ്ഞാടി. സ്വാഗതപ്രസംഗം, കവിയ്ക്ക് പൊന്നാട, കവിയുടെ രണ്ട് വരി കവിതചൊല്ലൽ എന്നിങ്ങനെ അടിമുടി മൂപ്പർ തിക്കി നിന്നു. നീലഷർട്ടും നീലക്കരമുണ്ടും ഗൗരവമുള്ള മുഖവുമായാണ് കവി അവതരിച്ചത്. അങ്ങേയ്യറ്റത്തെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും അദ്ദേഹത്തെ അയാൾ പ്രസംഗിക്കാൻ ക്ഷണിച്ചു.

സകലരും ചെവികൂർപ്പിച്ചു. കവി തന്റെ സ്വാഭാവികശൈലിയിൽ ആരംഭിച്ചു. സർക്കാരുകളെ വിമർശിച്ചു. യുദ്ധങ്ങളെ ഓർത്തു വിതുമ്പി. സ്ത്രീകളെ സ്തുതിച്ചു. സംസ്കാരം, ഭാഷ, മാനവികത എന്നു വേണ്ട സർവ്വവും കവിവാക്യങ്ങളിലൂടെ പുനരവതരിച്ചു.

ഘോരഘോരമലയടിക്കുന്ന വാഗ്ധോരണി.

സ്റ്റേജിൽ നിന്ന് കവി ഒരു പെരുംപുഴയായി കാണികളിലേയ്ക്ക് പ്രവഹിച്ചു.
“പ്രകൃതിയെ…. അമ്മേ….അനാദിയായ പ്രപഞ്ചമേ…”
വാക്കുകളുടെ ഉരുൾപൊട്ടൽ. സദസ്സ് കോരിത്തരിച്ചു.

ഇതിനിടയിൽ മുൻനിരയിൽ അറിയാത്ത കുറച്ചു സുന്ദരിമാരെ കണ്ട പ്രസിഡന്റ് സ്റ്റേജിൽ പക്കമിരിക്കുന്ന കമ്മറ്റിക്കാരനോട് തിരക്കി: “അതൊക്കെ ആരടെയ്”
“സാറേ, അതൊക്കെ ഈ ജില്ലയിലും പ്രാന്തപ്രദേശങ്ങളിലുമായുള്ള മൂപ്പരുടെ ആരാധികമാരാണ്. കളറായില്ലേ”

പ്രോഗ്രാം കഴിഞ്ഞതും കവിക്കൊപ്പം ഫോട്ടോകളെടുക്കാൻ ആളുകൾ മത്സരിച്ചു. കുട്ടികളെ ആ കാലുകളിൽ വീഴിച്ചു. ഇതിനൊന്നും നിൽക്കാതെ പ്രോഗ്രാം പാതിയായതും അയാളുടെ പെൺപറ്റം ബാക്കി പണികൾക്കായി വീട്ടിലേക്കോടിയിരുന്നു. ഹാളിൽ ആരവങ്ങളൊടുങ്ങി. അയാൾ കമ്മിറ്റി അംഗങ്ങളെയും കവിയേയും കൂട്ടിയിറങ്ങി. വീട്ടിലെത്തിയതും അവർ അദ്ദേഹത്തെ പിന്നിലെ പൂന്തോട്ടത്തിലേയ്ക്ക് ആനയിച്ചു. സ്റ്റേജിലെ വെള്ളിവെളിച്ചത്തിൽ നിന്നും പൂന്തോട്ടത്തിന്റെ അരണ്ടവെട്ടത്തിലെത്തിയതും കവി കമ്മറ്റിഅംഗങ്ങൾക്ക് വ്യക്തമായി വെളിപ്പെട്ടു. തൊടാത്തവർ അദ്ദേഹത്തെ തൊട്ടു.
അടുക്കളയിൽ പെണ്ണുങ്ങൾ പുരട്ടിവച്ച കോഴിക്കാലുകൾ വറുത്തു തുടങ്ങിയതും ആണുങ്ങൾ വീടിനുള്ളിൽനിന്ന് കസേരകളെടുത്തു പൂന്തോട്ടത്തിൽ നിരത്തി. വറുത്തതും ഒലത്തിയതും പിൻവശത്തേയ്ക്കൊഴുകി. ഇരുട്ടിൽ കുപ്പികൾ പൊട്ടി. ലഹരി നുരഞ്ഞു. കവി മെല്ലെ തളിർത്തു. പുഷ്പിതാഗ്രനായി. അദ്ദേഹം പാടാൻ തുടങ്ങി. കവിയും കവിതയും തമ്മിലുള്ള അതിര് മങ്ങി.

അത്താഴം ഒരുക്കിവച്ച് പെണ്ണുങ്ങൾ അടുക്കളപ്പുറത്ത് കവിശബ്ദം കേൾക്കാനിരുന്നു. ഇതിനിടയിൽ ഗർഭവതിയായ പൂച്ചയെ കണ്ട കവി അമ്മമാർക്കായൊരു അമ്മിഞ്ഞപ്പാൽ കവിത ചൊല്ലി.
“ശോ, അസ്സൽ”.
ആണുങ്ങൾ കൈയടിച്ചു. പെണ്ണുങ്ങൾ വിതുമ്പി.

നാല് റൗണ്ട് സേവ കഴിഞ്ഞതും കവി ദ്രവരൂപത്തിലേയ്ക്ക് അലിഞ്ഞിറങ്ങി. സർവ്വവും ഇളകിയാടാൻ തുടങ്ങി. സ്റ്റേജിൽ ഇടിമുഴക്കിയ കവിയുടെ ഉച്ചാരണസ്ഫുടത തേൻ പോലെ കുഴമ്പി. കവി അരികുകൾ നശിച്ചൊഴുകിയിരമ്പി. മുൻപ് കണ്ടതിന്റെ വിപരീതദിശയിൽ മറ്റൊരു പ്രവാഹം. ആണുങ്ങൾ അതിന് ചുറ്റും ചുവടു വയ്ച്ചു. ഒടുവിൽ കവി അമ്മിഞ്ഞകവിതയിലേയ്ക്ക് തിരിഞ്ഞു. പെണ്ണുങ്ങൾ പതിയെ ഉള്ളിലേയ്ക്കൊഴിഞ്ഞു. ആണുങ്ങൾ അടക്കി ചിരിച്ചു. വീണ്ടുമൊരു റൗണ്ട് കൂടി ലഹരിയൊഴുകി. കവി അതാ ഒരു പ്രശസ്തനടിയുടെ പിന്നാമ്പുറം വർണ്ണിച്ചു പാടുകയാണ്.
“ചെമ്മേ ചരിച്ചോരുവെൺമണിമിനാരമോ
മോഹജലമൊഴുക്കുമീ നിതംബത്തിടമ്പ്..”

പാടി തീരും മുൻപ് നിഴലുകൾക്കൊപ്പം കസേരകളും നിലം പൊത്തി.
“അയ്യോ...ആരെങ്കിലും മൂപ്പരെ ഒന്ന് പിടിക്ക്…”
“എന്താ എന്താ…”
അടുക്കളയിൽനിന്ന് പെണ്ണുങ്ങൾ വെളിയിലേയ്ക്കെത്തി നോക്കി.

“ഒന്നുമില്ല…ഭക്ഷണം വിളമ്പിക്കൊ’’
“കഴിക്കാനിരുത്താം. അതാകുമ്പോ….’’

ആകെ അലംകോലം.
ഒഴുകുന്ന കവിയെയും രണ്ട് കമ്മിറ്റിക്കാരെയും എങ്ങനെയൊ തീൻമേശവരെ മറ്റുള്ളവർ എത്തിച്ചു. അത്താഴത്തിനിടയിൽ ചിക്കന്റെ മണം പിടിച്ചു പൂച്ച ഓടി വന്നു. കവി അതിന്റെ പള്ളയ്ക്കിട്ട് ഒറ്റ ചവിട്ട്. ഒപ്പം ഉഗ്രനൊരു പ്രയോഗവും: ‘പ്ഫ, ഓടെടി ഓതുച്ചി”

പൂച്ച ഒരു മനുഷ്യശിശുവിനെ പോലെ ക്രാവികരഞ്ഞു കൊണ്ടോടി.
ആരും ഒന്നും മിണ്ടിയില്ല.

അത്താഴത്തിനിടെ കമ്മറ്റിക്കാരിൽ ഒരാളുടെ ഫോൺ ചിലച്ചു. മാറി നിന്ന് കാര്യങ്ങൾ ഗ്രഹിച്ചശേഷം അയാൾ പ്രസിഡന്റിനേയും സെക്രട്ടറിയേയും പുറത്തേയ്ക്ക് വിളിച്ചു. വിവരമറിയിച്ചു:

“മൂപ്പരോട് കവിതയെ കുറിച്ച് സംശയം ചോദിച്ച പെൺകുട്ടിയോട് ഹോട്ടൽ മുറിയിൽ കൊണ്ട് വന്നാൽ തിരുത്തി തരാന്ന് പറഞ്ഞത്രേ”

അത്ഭുതമെന്ന് പറയട്ടെ, ആ നിമിഷം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നാവുകൾ ഐക്യത്തോടെ നിശ്ചലരായി.
ആരും ഒന്നും മിണ്ടിയില്ല.
ഫോണുകൾ പിന്നെയും ചിലച്ചു. ആരും ഒന്നും കേൾക്കാൻ നിന്നില്ല. അടുക്കളയിൽ പെണ്ണുങ്ങൾക്ക് മുന്നിൽ എച്ചിൽ പ്ലേറ്റുകൾ കുമിഞ്ഞു. ടേബിളിലെയും പൂന്തോട്ടത്തിലെയും എച്ചിലുകൾ അവർ പെറുക്കി കൂട്ടിയൊരു പ്ലാസ്റ്റിക്ക് കൂടിലാക്കി അടുക്കളപ്പുറത്തു വച്ചു.

അസ്പഷ്ടമായ, ഉച്ചാരണശുദ്ധിയിഴന്ന വാക്കുകളാൽ സർവ്വർക്കും നന്ദി പറഞ്ഞ കവിയെ ഇരുണ്ടറോഡ് വരേയ്ക്കും കമ്മറ്റിക്കാർ നിശബ്ദം അനുഗമിച്ചു. തികഞ്ഞ നിറവിൽ യാത്രയാക്കി.
പിറ്റേന്ന് അയാൾ അൽപ്പം മടിയോടെ അടുക്കളയിലേയ്ക്ക് കടന്നു. പെണ്ണുങ്ങൾ പതിവ് പോലെ ഭക്ഷണമുണ്ടാക്കുന്നു. മെല്ലെ അയാൾ പൂന്തോട്ടത്തിലേക്കിറങ്ങി. തങ്ങൾ ഇന്നലെ അഭിമാനപൂർവ്വം വിരാജിച്ചയിടം. മനോഹരങ്ങളായ പൂച്ചെടികളിൽ കവിയുടെ ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. കവി ചവച്ചു തുപ്പിയ എല്ലിൻകഷ്ണങ്ങൾ നിറച്ച കവർ നോക്കി നിൽക്കെ അയാളുടെ കൈയിൽ അപ്പോൾ ഓണായ മൊബൈലിൽ ആശംസസന്ദേശങ്ങൾ കുമിഞ്ഞുകൂടി. കവിക്കൊപ്പമുള്ള ഫോട്ടോകൾ മറ്റു മാതേവന്മാർ നിരനിരയായി സോഷ്യൽ മീഡിയകളിലിട്ട് തിമിർക്കുന്നതിന്റെ നോട്ടിഫിക്കേഷനുകളെത്തി.

മറ്റൊന്നും ആരും മിണ്ടിയില്ല.

ഫോണിൽ ചിക്കി തിരിഞ്ഞുനടക്കാനൊരുങ്ങിയതും ആ കാഴ്ച്ച അയാൾക്ക് മുന്നിൽ മിന്നി. ഒരു പഴന്തുണിക്കെട്ടിനുള്ളിലായി പൂച്ച വലിയൊരു മുരളലോടെ ഒരു കുരുന്നിനെ പെറ്റിടുന്നു. മഹത്വമുള്ളയെന്തിനെയൊ ഘ്രാണിച്ച അയാളുടെ പ്രാണൻ ഒന്ന് പിടഞ്ഞു. ഒരു നിമിഷം നിശ്ചലനായി നിന്ന് അയാൾ ആ കാഴ്ച്ച കണ്ടു. ഭൂമിയിൽ ഇന്ന് വരെ രൂപം കൊണ്ടൊരു ഭാഷയ്ക്കും പൂർണ്ണമായി രേഖപ്പെടുത്താൻ കഴിയാത്തൊരു അവാച്യചൈതന്യത്തോടെ പിന്നെയും മൂന്നു പ്രാണനുകളെ ആ പെൺശരീരം ഉരുവാക്കി. കണ്ണ് തെളിയാത്ത കുഞ്ഞുങ്ങളുടെ ചുണ്ടുകൾ ഒരു ധ്യാനം കണക്ക് മുലക്കണ്ണുകളിലേയ്ക്ക് നീണ്ടു.

വീട്ടുകാരി അനേകം ചട്ടികളിലേയ്ക്ക് പകർന്ന പനിനീർചെടികളിലെ ഇളം തളിർപ്പുകൾ പ്രതീക്ഷയോടെ അയാളെ നോക്കി. ജീവിതത്തിന്റെ മഹത്വം ഏറ്റവും ലളിതമായ നിലയിൽ അയാൾക്ക് ചുറ്റും പ്രഭ ചൊരിഞ്ഞു നിൽക്കുന്നു. അയാളിൽ എന്തെങ്കിലും ഭാവമാറ്റമുണ്ടായേക്കുമോ എന്ന ജിജ്ഞാസയോടെ ലോകം തരിച്ചുനിന്നു.

അടുത്തനിമിഷം നായ കുരച്ചു. അയാൾ ഉണർന്നു. ശോധനക്കുവേണ്ട പതിവ് കട്ടൻ ചായയ്ക്ക് അലറി കൊണ്ട് അയാൾ ഒരു സിഗരറ്റ് ചെവിയിൽ തിരുകി വീട്ടിനുള്ളിലേക്ക് നടന്നു. അസഹിഷ്ണുത പിടിച്ച നായ റോഡിലൂടെ പോകുന്ന സകലരേയും നോക്കി കുരച്ചു കൊണ്ടേയിരുന്നു. ഭാഷയ്ക്കോ ഇന്നുവരെ മനുഷ്യൻ കണ്ടെത്തിയ ഏതെങ്കിലുമൊരു ഉപാധിക്കൊ പൂർണ്ണമായി രേഖപ്പെടുത്താൻ കഴിയാത്തൊരു മഹത്വത്തോടെ പൂച്ച സ്വന്തം മക്കളെ ലാളിച്ചു, വീട്ടിലെ പെണ്ണുങ്ങൾ പനിനീർചെടികളെ പുതുചട്ടികളിലേക്ക് പകർന്നു.

എന്നാൽ ദേശത്തെ മാതേവന്മാർ അടുത്ത ആൾക്കൂട്ടഘോഷങ്ങൾക്കായുള്ള കോപ്പുക്കൂട്ടലുകളിൽ ഗതിയറ്റു പിരണ്ടു.

Comments