ആർച്ച. എം. ആർ

മായമ്മ ചരിതം

ർഭപാത്രം ഒഴിവാക്കുന്ന സർജറിക്കുശേഷം മായമ്മ വീട്ടിലേക്ക് വരുന്നത് കാണണമായിരുന്നു, സങ്കടം വരും. അവരെ പോലെ പേറാസ്വദിച്ച ഒരു പെണ്ണിനെ എനിക്കൊന്നും വേറെ അറിയില്ല. നിങ്ങൾക്കും അറിയില്ല, കുത്തിയിരുന്ന് ആലോചിക്കണ്ട, നിങ്ങൾക്കറിയില്ല.

മായമ്മേടെ അമ്മ ഇരുപത് പെറ്റതാണ്, ഇരുപതും ഒത്ത പെണ്ണുങ്ങൾ, അതിൽ പതിനെട്ടാമത്തേതാണ് മായമ്മ. കായ്ച്ചു കായ്ച്ചു തഴമ്പിച്ച മരത്തിനാണല്ലോ കാമ്പുള്ള കായയുണ്ടാവുക, മായമ്മ അങ്ങനെ കാമ്പുള്ള ഒന്നായിരുന്നു. മായമ്മേന്റമ്മ പണിക്കു പോവും, പിള്ളേരെ നോക്കും, പിള്ളേരു മൂക്കുമ്പോ അതുങ്ങളെ പണിക്കു വിടും, കേട്ടുന്നോർക്കു കെട്ടാം, തിരിച്ചുവരുന്നോർക്കു വരാം, പെറണ്ടോർക്കു പെറാം.

നല്ല ആണുങ്ങളല്ലേൽ കളഞ്ഞേച്ചു പോരണമെന്നല്ലാതെ ആ വീട്ടിൽ മാറ്റൊന്നിനും നോ റൂൾസ് ആൻ്റ് റെഗുലേഷൻസ്.

പേറ് കഴിഞ്ഞാ മക്കളെ മുണ്ടിട്ടു കെട്ടി മായമ്മേൻ്റെമ്മ പണിക്കു പോവും, പാല് കൊടുക്കും, ഇതൊക്കെ കണ്ടാണല്ലോ മക്കളും വളരുന്നത്. നാട്ടിലൊരു പറച്ചിലുണ്ടല്ലോ തള്ള പെയച്ചാ, മക്കളും പെയക്കുംന്ന്.

മായമ്മേന്റെ വീടിനെ പറ്റി നാട്ടിലു നൂറായിരം കഥകളുണ്ടെന്ന് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ, അവടെ കേറി മായമ്മേൻ്റട്ത്ത് ചവിട്ട് വാങ്ങിയ ചെക്കന്മാരുടെയും ആണുങ്ങളുടെയും സത്യകഥ വേറെ കാറ്റഗറി.

അതിലൊരെണ്ണം ഹൈ റേറ്റിംഗ് ഉള്ളതാണ്, അതിവിടെ പറയാം;
മായമ്മ രാത്രി ഉറങ്ങി കിടക്കുമ്പോ ഒരു മുരിങ്ങടത്ര പോന്ന ചീള് ചെക്കൻ ജനാലേക്കൂടി ചാടി വന്ന് മായാമ്മേൻ്റെ കാലിൻ്റടെ കൂടെ നോക്കീന്ന്, അതല്ല ട്വിസ്റ്റ്, ചെക്കനവ്ടെ പ്രപഞ്ചം കണ്ട് പോലും, ആദിയാണത്രെ കണ്ടത്. മായമ്മ എണീറ്റൊറ്റ ചവിട്ട്.., ചെക്കൻ ചൊമരും പൊളിച്ച് റോട്ടി കെടന്നു.
ചെക്കൻ ആദി കണ്ടത് ഒളിഞ്ഞ് നോക്കിയപ്പഴാണോ, ചവിട്ട് കിട്ടിയപ്പഴാണോ എന്നാണ് നാട്ടാരുടെ സംശയം, പക്ഷെ മായമ്മടേടത്ത് പ്രപഞ്ചമുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല, സത്യാണ്.

മായമ്മ ഒരു മായാവിയാണെന്നും അവിടെ ചാത്തൻ സേവയാണ് എന്നൊക്ക നാട്ടിൽ പറച്ചില്ണ്ട്. വാട്ടെവർ, കഥയമമ, കഥയമമ, കഥകളതി സാഗരംന്നാണല്ലോ, നാട്ടുകാരവര്ടെ ക്രീയേറ്റീവിറ്റിയൊക്കെ വച്ച് കഴിവ് തെളിയിച്ച ഇഷ്‌ടം പോലെ കഥകളിനീണ്ട്, പക്ഷെ ആ കഥയൊക്കെ ഇപ്പൊ പറയാൻ നിന്നാ ഞാനും നിങ്ങളും കൂടെ ചിരിച്ച് ചിരിച്ച് മായമ്മേൻ്റെ കഥ മറക്കും, അതുകൊണ്ട് ലെറ്റ് സ് കം ബാക്ക് ടു മായമ്മ.

മായമ്മേടെ പെങ്ങമ്മാർക്കൊന്നും പേറ്റത്ര ഇൻ്ററസ്റ്റഡ് മേഖലയായിരുന്നില്ല, പക്ഷേ മായമ്മക്കതിത്തിരി സീരിയസ് ഇൻ്ററസ്റ്റ് തന്നേർന്നു- മായമ്മ പ്രസവിക്കാനായി വയസ്സറിയിക്കാൻ കാത്തിരുന്നു. എതീസ്റ്റായ മായമ്മേൻ്റമ്മ അമ്പലത്തിലും പള്ളിലും പോയി ഇരുന്നും നിന്നും മുട്ടിപ്പായും പ്രാർത്ഥിച്ചു. അങ്ങനെ പ്രാർത്ഥിച്ച്, പ്രാർത്ഥിച്ച്, പ്രാർത്ഥിച്ച് മായമ്മ പന്ത്രണ്ട് വയസ്സീ തന്നെ വയസ്സറിയിച്ചു. പിന്നീടങ്ങോട്ട് വയറു നിറയാനും തുടങ്ങി. മായമ്മേൻ്റമ്മ മായമ്മേനോടൊന്നും പറഞ്ഞില്ല, പട്ടീം, പൂച്ചേം പെറുന്നുണ്ടല്ലോ, മനുഷ്യൻ്റെ പകുതീൻ്റെ പകുതീണ്ട് അവറ്റോള്, പിന്നെന്താണിപ്പോ അതിനേക്കാൾ അരക്കുറപ്പും നല്ല നട്ടെല്ലുള്ള പിള്ളേര് പെറ്റാൽ ന്ന്ള്ള മൈൻ്റാർന്ന് മൂപ്പത്തിടെ.

തന്ത ആരെന്നത് ആ വീട്ടിലൊരു മിച്ചർ തിന്നുന്നത്ര പോലും വിഷയമുള്ള കാര്യമായിരുന്നില്ല. തന്തയാരായാലെന്താ, പെറ്റത് നല്ല തള്ളക്കാണ്. കൈയൂക്കും, ബുദ്ധിവളർച്ചയും, രാഷ്ട്രീയബോധവും ഉള്ള തള്ളക്കാണ്. മായമ്മ, മായമ്മേൻ്റമ്മേടൊപ്പം

പണിക്ക് പോയി, പിള്ളേരെ ഏറ്റി കൊണ്ടോവണ്ട സീനൊന്നും മായമ്മക്കുണ്ടാർന്നില്ല. വീട്ടിലേതെങ്കിലും പെണ്ണുങ്ങൾടെ അമ്മിഞ്ഞേൽ പാലുണ്ടാവും, അവര് കൊടുത്തോളും; മായമ്മക്കാകെ രണ്ട് കാര്യമേ ഉണ്ടാർന്നുള്ളൂ. ഒന്നു പ്രസവിക്കലും, മറ്റതു പണിക്ക് പോക്കും. പണിക്ക് പോയി മായമ്മ കൊറേ ഉണ്ടാക്കുന്നുണ്ടെന്ന് മായമ്മേൻ്റെ പെങ്ങമ്മാരാരും പറഞ്ഞില്ല, പണിക്ക് കിട്ടിയ കാശ് മായമ്മേനോടാരും ചോയ്ച്ചുമില്ല. രാത്രിയിലാരേലും വിളിച്ചാൽ തരം നോക്കി മായമ്മ പോവും, എണ്ണി തന്നെ പൈസ വാങ്ങും. ആ കാര്യത്തിലൊക്കെ മായമ്മ ഫുള്ളി പ്രൊഫഷണലാണ്, പക്ഷെ പ്രസവം മൂപ്പത്ത്യാർക്കൊരു ഹോബിയാണ്. മായമ്മ പറ്റുന്നത്ര പ്രസവിച്ചു, ഇരട്ടകളേയും, മുരട്ടകളേയും പറ്റുന്നത്ര... പറ്റുന്നത്ര, മായമ്മ വായിച്ച പുസ്‌തകങ്ങളും, കണ്ട സിനിമകളും മായമ്മക്കിഷ്ടപ്പെട്ട ആൾക്കാരെയുമൊക്കെ സ്‌മരിച്ച് മക്കൾക്കൊക്കെ സുന്ദരൻ, സുന്ദരൻ പേരുമിട്ടു. ഗബ്രിയേൽ, റോസി, ആദം, അക്ക മഹാദേവി, സെർഗേയ് പ്രജനോവ്, ഫ്രിദ, മാർക്‌സ്, മദർ തെരേസ….

എല്ലാ പിള്ളേരും നല്ല അന്തസ്സായി വളർന്നു, മായമ്മ അവരെ തോന്നിയ വഴിക്ക് വിട്ടു. മായമ്മ അവരെ ജീവിക്കാനൊന്നും പഠിപ്പിച്ചില്ല, സ്നേഹിക്കാനും പഠിപ്പിച്ചില്ല, ഒന്നിനും പഠിപ്പിച്ചില്ല, മായമ്മ ആകെ ഇത്ര മാത്രം പറഞ്ഞു, "മനുഷ്യന്മാരൊക്ക വെറും ശൂ.., ശുദ്ധ പാവങ്ങൾ മൈൻ്റാക്കണ്ടാ, വല്ലാതെ വന്നു വെറുപ്പിച്ചാൽ ഒന്ന് തിരിച്ചു ചിരിച്ച് സുഖല്ലേ ന്ന് ചോയ്ച്ചാ മതി.”

ആ ഒരൊറ്റ ലൈഫ് ലെസ്സൺ വെച്ച് മക്കളൊക്കെ സൂപ്പറായി വളർന്നു. എല്ലാ കുട്ടികളെയും പോറ്റാൻ മാത്രമുള്ള വീടായിരുന്നു അത്, അവിടെ ഒന്നിനും ആരും ആരോടും കണക്ക് പറഞ്ഞില്ല, ചോദിച്ചുമില്ല. തന്തായാരെന്നത് അവർക്കും ഒരു ചിന്ന കൺസേൺ പോലുമായിരുന്നില്ല, തലങ്ങും വിലങ്ങും അവരെ നോക്കാൻ ഒരുപാട് തള്ളമാർ,സ്നേഹത്തിന്റെയും വാലിഡേഷന്റെയും കൂമ്പാരം.
ആരും ആരോടും ദേഷ്യപ്പെട്ടില്ല.

ലോകത്തോളം പോന്നൊരു വീടായിരുന്നത്, പ്രകൃതിയോളം പോന്ന അടുക്കള, അവിടെയൊന്നിനും ആർക്കും ക്ഷാമമുണ്ടായിരുന്നില്ല, നാട് മൊത്തം വെള്ളക്ഷാമമുണ്ടാവുമ്പോ, അങ്ങോട്ട് നദികളൊക്ക റൂട്ട് മാറി ഒഴുകിയെത്തി, ആ വീട്ടിലെ ചുമരിലും കുട്ടികൾ കുത്തിവരഞ്ഞു, വലുതായവരും വരഞ്ഞു, അവര് തോന്നിയതിനെയൊക്കെപ്പറ്റി സംസാരിച്ചു, യുദ്ധങ്ങളെ പറ്റിയും, ബഹിരാകാശത്തിനെ പറ്റിയും തലേലെ പേനിനെ പറ്റിയും, ഓന്തിനെ പറ്റിയും ഒക്കെ സംസാരിച്ചു. എല്ലാം നല്ല മീനിങ്ഫുൾ കോൺവെർസേഷനാണെന്ന് അവര് തന്നെ പറഞ്ഞു. മായമ്മ എല്ലാം കണ്ട് ചിരിച്ചു, അവരുടെ നമ്പർ വൺ എൻ്റർടൈൻമെന്റ് മക്കള് തന്നാർന്നു.

ഇതൊക്ക കേട്ടിട്ടും നിങ്ങക്ക് സംശയം കാണും, മായമ്മ പെണ്ണല്ലേ? പ്രേമമൊക്കെ കാണില്ലേ? ഉണ്ട്, ഉണ്ട്, മായമ്മ ആണുങ്ങളേം പെണ്ണുങ്ങളേം പ്രേമിച്ച ഹിസ്റ്ററിയുണ്ട്. പക്ഷേ ഒന്നിനെ പോലും ആ വീടിൻ്റകത്ത് കേറ്റിട്ടില്ല. ഒരിക്കൽ മായമ്മ ഗേറ്റ് വരെ ഒന്നിനെ കേറ്റി. അതൊരപാര പ്രേമമായിരുന്നു. ഒരുപാട് പ്രേമിച്ചൊക്കെ നോക്കിയെങ്കിലും മായമ്മക്ക് പ്രേമമെന്താണെന്നൊരിക്കലും മനസിലായിരുന്നില്ല. അപ്പോഴാണ് ഒരു മറു നാട്ടുകാരൻ നോൺ ജഡ്‌ജ്‌മെറ്റൽ സുന്ദരൻ്റെ എൻട്രി, അയാളും പ്രേമേമെന്താന്നന്വേഷിച്ചു നടക്കായിരിന്നുന്ന്, മായമ്മേ കണ്ടപ്പോ അയാൾക്ക് മനസ്സിലായീ പോലും മായമ്മക്കാണെങ്കി നെഞ്ചിൽ വിറകു കത്തിച്ച പോലൊരു ഫീലും.

ഒരു ദിവസം രണ്ടാളും കൂടി വെറുതേ കനാലു വക്കത്തു കൂടി കൈ പിടിച്ചു നടക്കാൻ പോയപ്പോ, പഴുത്തു നിക്കുന്ന പേരക്കായ കണ്ട് മായമ്മ കുറെ നേരം നോക്കി നിന്നു, അപ്പൊ അയാള് ചൊയ്ച്ചു, 'എന്താ ?'.
മായമ്മ പറഞ്ഞു, 'ഒന്നുല്ല’, എന്നിട്ട് പിന്നേം നടന്നു.

പിറ്റേന്നു രാവിലെ മായമ്മ ഉറക്കെണീറ്റു നോക്കുമ്പോ മുറ്റത്തൊരു കൊട്ട നിറച്ച് നല്ല ഫ്രഷ് പേരക്കായ, മായമ്മ അതുകണ്ട് നിന്ന് കരയാൻ തുടങ്ങി. പിന്നെ അയാളു വന്ന പോലെ പോയി, രണ്ടു ദിവസം മായമ്മ ഉറങ്ങിയില്ല.

പിന്നെ അയാളുടെ ഫോട്ടോ റൂമിൽ ഫ്രെയിം ചെയ്‌തതിലൊരു മാലയുമിട്ട് ചത്ത പോലെ കരുതാമെന്ന മൂഡിൽ മൂപ്പത്തി പണിക്കു പോയി. അങ്ങനെ പ്രേമത്തിൻ്റെ മലവെള്ള പാച്ചിലിൽ പോലും, ചുള്ളികമ്പിൽ പിടിച്ചു നിന്ന് സർവൈവ് ചെയ്ത‌ത മായമ്മയാണിപ്പോൾ ഗർഭപാത്രം പോയൊരു പോക്കിൽ അന്തിയും പകലും തിരിച്ചറിയാതെ ഉമ്മറത്തിരിക്കുന്നത്.

ഒന്നുമില്ലേലും എത്ര പെറ്റ വയറാ!

മായമ്മേന്റമ്മക്ക് മക്കളു പലതുണ്ടേലും, ഏറ്റവും അടിപൊളി മകൾ മായമ്മയാണെന്നാണ് പറച്ചില്, സംഭവം മായമ്മേൻ്റമ്മക്കങ്ങനാരോടും ബയാസൊന്നുമില്ലെങ്കിലും, ഇങ്ങനെ പെറുന്നോണ്ട് മായമ്മേനെ ഒരിത്തിരി ഇഷ്ട്ടകൂടുതലുണ്ടത്രേ.

പെറാനാവുന്ന കാലത്ത് ആവുന്നത്ര പെറ്റിട്ടുണ്ട് മായമ്മ, അസ്വദിച്ചും പെറ്റിട്ടുണ്ട്. അന്നൊക്കെ മായമ്മേടെ മുഖത്തൊരു മില്യൺ ഡോളർ ചിരിയുണ്ടായിരുന്നു. മായമ്മേടെ ചിരി കണ്ടും പേറു കണ്ടും നാട്ടിലെ ആണുങ്ങൾക്ക് മൊത്തം അസ്സൂയയായി. അവരെ കൂടെ പെറാനിഷ്ട്ടല്യാത്ത പെണ്ണുങ്ങളും ചേർന്നു, അവരെ അച്ഛൻമാരില്ലാത്ത മക്കൾ വളരുന്നത് നാടിന്റെ സംസ്കാരത്തിനൊത്തതല്ല എന്നൊരു കമ്മിറ്റിയും പിൻതാങ്ങി. എന്നിട്ടെല്ലാരും കുറെ കണ്ണുവെച്ചും, കൂടോത്രം ചെയ്തും ദൈവത്തോടു പ്രാർത്ഥിച്ചും, ഹേറ്റ് സ്‌പീച്ച് നടത്തിയും, കേസു കൊടുത്തും നോക്കി. ഒന്നും മായമ്മേൻ്റെ രോമം പോയിട്ട്, വീടിൻ്റെ ഉമ്മറത്തെ പുല്ലിൽ പോലും തട്ടീല. അവസാനം അടവൊന്നും നടക്കാതെ അവരൊരു അവസാനത്തെ അടവിറക്കി:

ഒരു ദിവസം മായമ്മ ആരും കാണാതെ തന്നെ ഇട്ടേച്ചു പോയ സുന്ദരനെ ഓർത്ത് 'അഭി നാ ജാവോ ചോഡ് കർ' കേട്ട് ഉമ്മർത്തിരിക്കുമ്പോ ഒരു പാർസൽ വരുന്നു.
ഒരു പൊതി പേരക്കായ്.

ഒരു വെള്ള പേപ്പറിൽ, ഒരു ലവ് ചിഹ്നവും സുന്ദരന്റെ പേരും, കള്ളൊപ്പും.
വൾനറബിൾ മൊമെൻ്റിലായോണ്ട് മായമ്മ അപ്പൊ ഒന്നും ആലോയ്ക്കാണ്ട് കണ്ണൊലിപ്പിച്ച് അതെടുത്തു തിന്നു.
പിന്നീട് വല്യ വയറുവേദന വന്ന് ഡോക്‌ടറെ കണ്ടപ്പോ.., കണ്ടപ്പോ.., കണ്ടപ്പോഴാണ് പറഞ്ഞത്, 'ഒരു രക്ഷ്യല്ല, ഗർഭപാത്രം നീക്കം ചെയ്യെന്നെ വേണം'ന്ന്.
പിന്നീടാ മുഖത്താരും ആ മില്യൺ ഡോളർ ചിരി കണ്ടിട്ടില്ല, ആ വീടാണേൽ ഒരു മരിച്ച വീടു പോലായി. മായമ്മ ആൻഡ് മായമ്മേടെ വീട് -ഹേറ്റേഴ്‌സ് അസോസിയേഷനു നല്ല സന്തോഷോമായി. മായമ്മേടെ വീടിനെയൊന്നും ഈ നാട് ഡിസേർവ് ചെയ്യ്ണില്ല.

പ്രസവം ഇല്ലാതെ എന്ത് മായമ്മയാണ്?
മായമ്മേടെ മക്കളില്ലാതെ എന്ത് വീടാണ്?

മായമ്മക്ക് സോളിഡാരിറ്റി പ്രഖ്യാപിച്ച്, മായമ്മേടെ പെങ്ങമ്മാരൊക്കെ നിർത്താതെ പ്രസവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇനിപ്പോ എന്ത് പറഞ്ഞിട്ടെന്താ കാര്യം, പോയത് പോയില്ലേ?

ഗർഭപാത്രമെടുക്കുമ്പോൾ അതിനവടന്നു പോരാൻ താൽപര്യമില്ലെന്ന് ഡോക്ടർമാരോടു പറഞ്ഞെന്നും, മായമ്മേൻ്റെ ഗർഭപത്രത്തിന്റെ ഉള്ളിന്ന് ഉല്പത്തിയുടെ അംശംങ്ങൾ കിട്ടിയെന്നും, അത് ലാബിൽ ടെസ്റ്റിനു വെച്ചരിക്കുകയാണെന്നും, അതിൽനിന്ന് പുതിയൊരു പ്രപഞ്ചം വരെ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നുമൊക്കെ നാട്ടിൽ പറഞ്ഞു കേൾക്കുന്നു.

മായമ്മ ഇത് വല്ലോം കേൾക്കുന്നുണ്ടോണാവോ?
മൂപ്പത്തിയവിടെ പ്രപഞ്ചം നഷ്‌ടപ്പെട്ട ദൈവത്തിനെ പോലെ ഇരിപ്പുണ്ടെന്നത് സത്യമാണ്.

അങ്ങനൊക്കാണ് അവിടുത്തെ കാര്യങ്ങൾ, സംഭവം ഇതത്ര വല്യ കഥയൊന്നുമല്ല. ഞാൻ നിങ്ങളോട് വെറുതേ നാട്ടുവർത്താനം പറഞ്ഞുന്നേ ഉള്ളൂ.
പിന്നേ സുഖല്ലേ?.

Comments