ചിത്രീകരണം: ഷാഹിന

മായാണ്ടി

ഒന്ന്

ചൂളപ്പറമ്പ് ലോക്കൽകമ്മിറ്റി സെക്രട്ടറി സഖാവ് കിട്ടയാണ് മായാണ്ടിയെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. ഞാൻ കാണുമ്പോൾ അയാൾ കാൽവണ്ണയ്ക്കു താഴെ വലിയൊരു കെട്ടുമായി വേച്ചുവേച്ചു വരികയാണ്. സഖാവ് കാലിലെ കെട്ടുചൂണ്ടി പറഞ്ഞു,

""പന്ത്രണ്ടാമത്തെയാണ്.''
""എന്ത്?''
""മൂപ്പർക്ക് പാമ്പുകടിയേൽക്കുന്നത്.''
""ദൈവമേ...''
""കടിച്ച പാമ്പുകളുടെയൊക്കെ തരം നോക്കിയാൽ ഈ മനുഷ്യൻ ഇപ്പൊഴും ജീവിച്ചിരിക്കുന്നതുതന്നെ മഹാത്ഭുതമാണ്''.

പറഞ്ഞുതീരുമ്പോഴേക്കും അടുത്തെത്തിയ അയാളോട് എന്നെ പരിചയപ്പെടുത്തി ക്കൊണ്ട് സഖാവ് തുടർന്നു.

""ആണ്ടിയപ്പോ, ദാ.. ഈ മൂപ്പര് പത്രത്തീന്നാ. നിങ്ങളെക്കുറിച്ച് എന്തൊക്കെയോ ചോദിച്ചറിയണംന്ന് പറഞ്ഞുവന്നതാ. എന്താന്നു വെച്ചാ പറഞ്ഞുകൊടുക്കിൻ ട്ടോളീ.''

മായാണ്ടി താണുതൊഴുതപ്പോൾ ഞാനാകെ വല്ലാതായി.

""വോ... എന്താ വേണ്ട് ച്ചാ കേട്ടോളീ... ഞാനിപ്പൊ എന്താ പറയ്യാ

ഞാനും ഒന്നു തൊഴുതെന്നു വരുത്തി മായാണ്ടിയോട് ഇരിക്കാൻ പറഞ്ഞു.
സഖാവ് യാത്രപറഞ്ഞുപോയപ്പോൾ ആ പോക്കുനോക്കി, ചെറുചിരിയോടെ മായാണ്ടി പറഞ്ഞു,

""മൂപ്പര് എന്നെ വിളിച്ചതുകേട്ടാ... ആണ്ടിയപ്പോന്ന്. സാക്കമ്മാര്ക്ക് ന്റെ പേരിലെ "മായ' അത്ര പത്ത്യോല്ല, യേത്? അത് തമ്മസിച്ചാ തീർന്നില്ലേ പാർട്ടിക്കാരിന്റെ ഗുമ്മ്? ങ്ഹാ. ഞാനീ നാട്ടിമ്പൊറത്ത് നട്ടപ്പാതിരയ്ക്കും പെലച്ചയ്ക്കും പണിക്കുപോവുമ്പോ കാണണ കാര്യങ്ങള് പറഞ്ഞാ സാക്കമ്മാര് മുണ്ടില് തൂറ്റും. ആന്ന്...''
""രാവിലെത്തന്നെ നല്ല ഉഷാറിലാണല്ലോ...! എങ്ങനെയാ, രാവിലെത്തന്നെ കഴിയ്‌ക്ക്യോ?''
""യെന്ത്... കള്ളാ... ഞാൻ ഇതുവരെ കള്ളുഞ്ചാരായോം തൊട്ടിട്ടില്ല മേനേ... ന്റെ പൊന്നിൻകിരാതമൂർത്തിയാണെ സത്യം. ചെത്തുകാരൊക്കെ കള്ളുകുടിക്കാൻ തൊടങ്ങിയാ പിന്നെ കൊടം താഴെയെറക്കാൻ ണ്ടാവില്ല മൂത്താരേ.. അതുമാത്രോല്ല, പനകേറ്റത്തിനും അയിന്റെ സത്യോം വ്രതോം ക്കെ ണ്ട്. തെറ്റിച്ചാ പോയി, തൊലഞ്ഞു. പതിനേഴാമത്തെ വയസ്സിൽ തൊടങ്ങ്യേതാ. നാപ്പത്തഞ്ചു കൊല്ലം പനീം തെങ്ങും കേരി. ആരും കേറാത്ത വലിയ വലിയ പനകള്. മൂന്നരമണിക്കാ ഞാൻ ചെത്താനിറങ്ങാ, കൊലവലിച്ച് താഴേയ്ക്ക്യാക്കീട്ട് മൂന്നാംപക്കം തൊട്ട് കള്ള് കെടയ്ക്കും. പെലച്ചയ്ക്ക് കേരി തോർത്തുംകൊണ്ട് മുട്ടിക്കു ചുറ്റും അസ്സലായി തൊടയ്ക്കും. തൊടച്ചാ പച്ചവെള്ളം മാതിരിയിരിക്കും. എല്ലാം തൊടച്ചു വൃത്തിയാക്കി കൊടം വെച്ചിട്ട് എറങ്ങും. പിന്നെ ഉച്ചപ്പനകേരി, എല്ലാം നൂർത്തി മുട്ടീലാക്ക്യാ ഒരു ലിറ്ററൊക്കെ ഒറ്റപ്പനേന്നന്നെ കിട്ടും. പിന്നെ നാലുമണിക്ക് കേര്യാ അസ്സല് മധുരക്കള്ള് നൊരഞ്ഞങ്ങനെ കെടക്ക്ണ് ണ്ടാവും. ഒരു ദെവസം ഏകദേശം പത്തുപനയൊക്കെ കേരും. മൂന്നു നേരം. എന്നുവച്ചാ മുപ്പതു പ്രാവശ്യം.
ഇപ്പൊ യ്ക്ക് വയസ്സ് അറുപത്തിരണ്ടായി കുട്ട്യേ. പൊന്നിൻകിരാതമൂർത്തി സഹായിച്ച്റ്റ് ഇത് വരെ പനന്റെ മോളീന്ന് വല്യ കൊഴപ്പോന്നും ണ്ടായിട്ടില്ല. ''

""പക്ഷേങ്കില് മനസ്സിൽക്ക് വെല്ലാത്തൊരു പേ്ടി മാതിരി. മോളിക്കേരി ഇരിക്കുമ്പോ പനയൊന്നാകെ കാറ്റത്ത് ഒരാട്ടൂണ്ട്. ശെന്റമ്മോ! പറഞ്ഞാ വിശ്ശൊസിക്കില്ല. അലറിച്ചിറിക്കണ കാറ്റ്. പനമ്പട്ടയ്ക്ക് പ്രാന്തെളകും. ഒലകം കെടന്ന് കറങ്ങണമാതിരി തോന്നും. പനയ്ക്ക് വെകിളിപിടിച്ചിറ്റ് നമ്മളെ കൊടഞ്ഞിടാൻനോക്കും. തെന്നേന്ന്. ദിക്കൊക്കെ കറുത്തുങ്ങണ്ട് ഇരുട്ടുകേരി കേരി വരും. ഞെഞ്ഞടച്ച് ശാസം കിട്ടാണ്ടാവും. ഞാനങ്ങനെ അള്ളിപ്പിടിച്ചിരിക്കും കാറ്റുതീരുംവരെ. ട്ർറേന്ന് എവ്‌ട്യൊയ്‌ക്കോ പൊട്ടണ കേക്കാ. പനഞ്ചോറ് ചീന്തണപോലെ തോന്നും. ഹൂശ്ശ്.. വെറയ്ക്കും കെടന്ന്റ്റ്. ''

ആ പറഞ്ഞതിന്റെ കൊടുംവിറയലിൽ മായാണ്ടി കണ്ണടച്ച് ചുണ്ടുവിറപ്പിച്ച് ഒന്നു മുഖം കുടഞ്ഞു. ഉടലിലെ ഓരോ ഞരമ്പും തിണർത്തെണീക്കും മട്ടിൽ അയാൾ ആ വിറയായി മാറി.

""പിന്നെ എനിക്കറിയണ ചെല മന്ത്രങ്ങളൊക്കെ ണ്ട്. കണ്ണടച്ച്ംകണ്ട് അത് ഞാൻ ഒറക്കെ ചൊല്ലും. മൂന്നോ നാലോ മറി ചൊല്ല്യാ പിടിച്ചുകെട്ട്യ മാതിരി കാറ്റ് അടങ്ങും. ഹദാണ്. പിന്നെ മെല്ലെ ചോട്ടിലിക്കെറങ്ങും. നെറഞ്ഞ കള്ളുംകൊടൂം ണ്ടേ.
ഇപ്പൊ അതൊന്നും വയ്യാണ്ടായി. പനേം ഇല്ല. തെങ്ങും ഇല്ല. ഡാക്കിട്ടറിന്റെ സർട്ടീക്കറ്റൊക്കെ ഞാൻ ണ്ടാക്കി. ഞാൻ പറഞ്ഞു, മനസ്സിൽയ്ക്ക് ഒരു ടെൻഷൻ. മൂപ്പര് വെടിപ്പായി എഴുതിത്തന്നു. കൊല്ലങ്കോട് ഏരിയാ സെക്രട്ടറീനെ കണ്ട് ഞാൻ കാര്യം പറഞ്ഞു. കാറ്റ് വന്നാ മോളി നിക്കാൻ പറ്റ്ൺല്ല്യ. പന പൊട്ടിവീഴോന്ന് ഒരു പേടി. ഇബടേണെങ്കി കാറ്റൊഴിഞ്ഞ നേരോം ല്ല്യ. പനന്റെ തല അങ്ങനേ കെടന്ന് ആട്വാ. നാപ്പത്തഞ്ച് കൊല്ലം കേരി. ഇനി യ്ക്ക് വയ്യാന്ന് പറഞ്ഞു. സെക്രട്ടറി കടലാസ് ഒപ്പിട്ടു തന്നു. മാസം പത്ത് രണ്ടായിരത്തിന് മേലെ പെൻഷൻ കിട്ട്ൺണ്ട് ഇപ്പൊ. മത്യല്ലോ. പിന്നെ ചില്ലറ പണിയൊക്കെ ചെയ്താ അത്യാവശ്യം പൈശ കിട്ടും. പിള്ളര് രണ്ടെണ്ണം ണ്ട് മേനേ. അത്കള് ഇങ്ങ്ണ്ട് വ്‌ളിച്ചാ അങ്ങ്ണ്ട് പോവും. അതേള്ളൂ ഒരു ഖേനം. ''

ഞാൻ വിഷയത്തിലേക്ക് മായാണ്ടിയെ തിരിച്ചുവിളിക്കാൻ ശ്രമിച്ചു.

""അതേയ്.. ഞാൻ വന്നത്, ഇത്രയൊക്കെ പാമ്പുകടിയേറ്റ ഒരാളെ കാണാന്ന് വിചാരിച്ചിട്ടാ മായാണ്ടിയേട്ടാ. പന്ത്രണ്ടു പ്രാവശ്യം കടിയേറ്റൂന്നല്ലേ കേക്കണത്? അതൊക്കെ എങ്ങനെയാ സംഭവിച്ചത്? എന്താ അപ്പഴൊക്കെ തോന്നിയത് എന്നൊക്കെ പറയണം. എന്താ മായാണ്ടിയേട്ടനെ മാത്രം ഇങ്ങനെ പാമ്പ് വിടാതെ പിടിച്ചിരിക്കണത്?''

ഞാൻ മൂപ്പർക്കായി കയ്യിൽ കരുതിയ മുറുക്കാൻപൊതി തുറന്ന് മുന്നിലേക്കു നീട്ടിവച്ചു. അതിൽനിന്ന് നനവുള്ള വെറ്റിലകൾ വിടർത്തിയെടുത്ത് ഓരോന്നിന്റെയും ലക്ഷണം നോക്കി, കലാപരമായിത്തന്നെ അയാൾ മുറുക്കാൻ തുടങ്ങി. പിന്നെ കവിളത്ത് മുറുക്കാൻതിങ്ങി സംസാരിച്ചുതുടങ്ങി.

""പാമ്പിനങ്ങനെ പകയൊന്നൂല്ല്യാ കുട്ട്യേ. ണ്ടായിര്‌ന്നെങ്കീ ഒരൊറ്റ കടി പോരേ ഞാൻ തീരാൻ? പയ്യാനി കടിച്ചാ ഞെരമ്പുകൂടം മൊത്തം നെലയ്ക്കും അറിയ്വോ? അവൻ കെടന്ന കെടപ്പിലാ കടി. മൂർക്കന് പിന്നെ മിന്നലിന്റെ വെക്കംന്നാ പറയ്യാ. പിന്നെ വെള്ളിക്കെട്ടൻ. പുല്ലാനി. എബടെ കൊണ്ടുപോയാലും കാര്യോല്ല്യാ. അപ്പൊ പിന്നെ ഞാനെങ്ങനെയാ ജീവിച്ചിരിക്കണ്? ഈ നാട്ടീത്തന്നെ എന്റത്ര കടി കിട്ടിയ ഒരാളൂല്ല്യ.''

""അതാ ചോദിച്ചത്. ഇത്രയധികം പാമ്പുകടി കൊള്ളാനുള്ള സാഹചര്യം എന്താന്നാ. മായാണ്ടിയേട്ടന് പേടിയാവില്ലേ പിന്നേം പിന്നേം പാമ്പുകളിങ്ങനെ? എന്തെങ്കിലും സർപ്പശാപമോ മറ്റോ? അങ്ങനെയൊക്കെ വല്ല വിശ്വാസവും ഉണ്ടോ?''
മായാണ്ടിയുടെ ചുണ്ടുചുരുട്ടിയുള്ള മനോഹരമായ ഒരു ചിരിയുണ്ട്. അതിന് പല അർത്ഥങ്ങൾ തോന്നും. പരിഹാസമല്ല. തീർച്ച. ആ നിഷ്‌ക്കളങ്കമുഖത്തിൽനിന്ന് എളിമയല്ലാതെ പുച്ഛത്തിന്റെ ലാഞ്ഛനപോലും തോന്നിയിട്ടില്ല. സന്തോഷമില്ലാത്ത മറ്റെന്തോ ഒരു ഭാവമാണത്. നിസ്സഹായതയോ ഒറ്റപ്പെടലോ എന്നാൽ പരാതിയില്ലായ്മയോ ഒക്കെ അതിൽ വായിക്കാം.

""സർപ്പശാപം സന്തതിപരമ്പരകൾക്കാ ഏൽക്ക്വാ. കുട്ട്യോളും മക്കളും ണ്ടാവില്ല. അ ത്രേന്നെ. ചെലർക്ക് വ്ട്ടുമാറാത്ത ചൊറീം കുഷ്ടോം വരും. അല്ലാണ്ടെ പാമ്പ്, കടിച്ച് വെഷംകേറ്റീട്ട് ശാപം തീർക്കില്ല മേനേ. അങ്ങനെ നെനയ്ക്കാനേ പാങ്ങില്ല. സത്യോള്ള ദൈവോണ് പാമ്പ്. കണ്ടിട്ട്ൺണ്ടാ വെള്ളിനെറത്തില് പത്തിവിര്ത്തി നിന്നിട്ട് ആടണ്ത്? ഹെന്താ ചന്തോന്നറിയോ! നോക്കിയിരിക്കാൻ തോന്നും. ഞാനിര്ന്നിറ്റ്ണ്ട്. എത്രയോ മറി. ന്തൊക്കെയോ ഞമ്മളിനോട് തംസാരിക്കണപോലെ തോന്നും. ചിരിക്കണപോലെ തോന്നും. ദൈവങ്ങള്‌ടെയൊക്കെ ഒരു ചിരി ല്ലേ? മന്ദഗാസം? അദാണ്. നമ്മളെ അനുഗ്രഹിക്കണ പോലെ. അവര്‌ന്റെ അനുഗ്രഹം വേണം മേനേ. എല്ലെങ്ങി ഞമ്മ കെട്ട് പോവും. ങ്ഹാ. ''

ഇത്രയൊക്കെ കാര്യങ്ങളറിയണ മായാണ്ടിയേട്ടനെ പിന്നെങ്ങനെയാ പാമ്പ് കടിക്കണത്? അതാ എനിക്കത്ഭുതം. പാമ്പിന്റെ തരോം സ്വഭാവവും ഒക്കെ അറിയാം. അതിനെ നല്ല ഭക്തിയും ബഹുമാനവുമുണ്ട്. മൂർത്തിയെപ്പോലെ ആരാധിക്കണൂം ഉണ്ട്. പിന്നെ?''

""അത് മക്കള്ക്ക് മൻസ്സിലാവില്ല. കർമ്മദോഷം തൂത്തുതൊടച്ചാ പോവില്ല മേനേ. പതിനേഴാം വയസ്സില് കൊള്ള് പാടത്തീന്നാ എനിക്ക് ഒന്നാമത്തെ കടി കിട്ടണത്. അന്ന് അപ്പനെ സഹായിക്കാൻ പോയതാ. കണ്ടത്തില് വളമിടാൻ പോയപ്പോ ദ്ദാ ത്ര വണ്ണത്തിലൊരു മൂർക്കൻ. രണ്ടുമീറ്ററ് നീളം കാണും. ചെട്ക്കനെ കാലിന്റെ വണ്ണേല് ഒരൊറ്റ കപ്പല് കപ്പി. കൊടഞ്ഞിട്ടും തട്ടീട്ടും വിട്ടില്ല. കമ്പി പൊള്ളിച്ച് കുത്തിക്കേറ്റണപോലെ ഒരു വേദന. കടച്ചിലാണോ പൊരിച്ചിലാണോ യ്‌ക്കൊന്നും തിരിഞ്ഞില്ല. "അപ്പോ'ന്നും വിളിച്ച് ഞാനാ കണ്ടത്തില് കുത്തിയിരുന്നു. അപ്പനൊന്നും കേട്ടില്ല. പേടിച്ചിറ്റ് എനിക്ക് ഒച്ച പൊങ്ങ്ണില്ല. കടിച്ച മൂപ്പര് രാജകീയമായിട്ട് പല്ലൂരിയെട്ത്ത് മിന്നിത്തെളങ്ങി അങ്ങ്ട് സിൽമേലൊക്കെ കാണണപോലെ സ്ലോമോഷനില് പോവ്വാ...
കടിച്ചവടെ മുറിക്കാൻ കത്തിയോ വാളോ വല്ലോം കിട്ട്വോ അവടെ? ഞാൻ നോക്ക്‌മ്പോ കനാൽവരമ്പീക്കൂടി കള്ളുംകാനും കൊണ്ട് ആരോ പോണു. കൈകാട്ടിവിളിച്ചു. കള്ളിന്റെ കാനിൽകെട്ട്യ കയറുംകൊണ്ട് കടീന്റെ മീതെ വലിച്ചുമുറുക്കി ഒരു കെട്ടുംകെട്ടി മേപ്പട്ട് കേരി. പിന്നെ കന്നിമാരീന്ന് പറയണ സ്തലത്തിയ്ക്ക് എങ്ങനെയൊക്ക്യോ ഓട്ടോ പിടിച്ച് പോയി. എഴുപത്താറില്. എന്റെ പതിനേഴാമത്തെ വയസ്സില്. അവടെ പോയപ്പോ വയസ്സായൊരു വെഷവൈദ്യൻ. പല്ലൊന്നൂല്യ. പത്തുനൂറു വയസ്സായിക്കാണും. എന്തൊക്കെയോ ശോകം ചെല്ലീങ്കണ്ട് അവടത്തെ ചെക്കനെക്കൊണ്ട് മരുന്നുകൂട്ടാൻ പറയണകേട്ടു. കട്ടക്കശപ്പിലൊരു മര്ന്ന്. എന്റെ ബഗവാനേ... നെറുകംതല പൊളിയണ കശപ്പ്. നേരത്തോട് നേരം നോക്കീട്ട് പൊയ്‌ക്കോളാൻ പറഞ്ഞു. അതാണ് ആദ്യത്തെ കടി.
പിന്നൊരിക്കെ ദാ ഇത്ര വണ്ണത്തില് ഈ നീളോള്ള ഒരു കെട്ടുവരിയൻ കടിച്ചു. കുടുംബത്തില് വെളക്കുവെക്കാൻ പോയതാണ്. സന്ത്യ മോന്ത്യായി. അന്നാണെങ്കി ഒരാള് തൂങ്ങിച്ചത്തതിന്റെ പതിനൊന്നാണ്. ചോറും ചിക്കനും കഴിക്കാനൊക്കെ എന്നെ വിളിച്ചിട്ട്ണ്ട്. അവടെ പോയപ്പോ എനിക്ക് പേടിയാവാൻ തൊടങ്ങി. വെഷം കേര്യോന്നൊരു ഇദ്. ബാര്യ അയൽക്കൂട്ടത്തിന് പോയിരിക്ക്യാ. ഞാൻ മിണ്ടാതെകണ്ട് പാലക്കാട്ട് പോയി. കെട്ടുവരിയനാണ് ന്ന് പറഞ്ഞപ്പൊ വേഗം തൂശിവെയ്ക്കണം പറഞ്ഞു. കൂടെ ആരെങ്കിലും വേണം ന്നായി. ഞാൻ നോക്കുമ്പോ അവടെ ഒരാള് കുട്ടിക്ക് ഗുളുക്കോസ് കേറ്റണതിന്റട്ത്ത് നിക്ക്ണു. ഞാൻ പറഞ്ഞു, ദാ അയ്യാളാണ്ന്ന്. എന്റെ ചെറിയച്ചനാണ്ന്ന് പറഞ്ഞു. ഒപ്പിടണം പറഞ്ഞപ്പൊ മൂപ്പരിന് കയ്യെഴുത്തൊന്നും വയവില്ലാന്ന് തട്ടിവിട്ടു. എന്തോ സിസ്റ്ററിന് ദയതോന്നി എനിക്ക് ഇഞ്ചഷൻ വെച്ചു. ''

മായാണ്ടി മുണ്ടുപൊക്കി തുടയോളം കാണിച്ചു. മുഴുവൻ ചേനചെത്തിയപോലുള്ള കുറേ വെട്ടുകളും പാടുകളും. രണ്ടുകാലും വികൃതമായിട്ടുണ്ട്. ഷർട്ടുതുറന്ന് പുറത്തും തോളത്തും പാടുകാണിച്ചുതന്നു. ശരീരംകൊണ്ട് ശരിക്കും ഒരു "ചെത്തു'തൊഴിലാളി!

""പിന്നെപ്പിന്നെ എന്റെകയ്യിൽ കള്ളുകത്തിയുണ്ടെങ്കിൽ ഞാൻതന്നെ കടിച്ചവടെ ഒരു ചെത്തുചെത്തും. പല്ലുകടിച്ച് ശാസം പിടിച്ച് ഒരൊറ്റ ചെത്താണ്, ""ന്റെ പൊന്നിൻകിരാതമൂർത്തിയേ''ന്നും വിളിച്ച്. എല്ലോളം തട്ടും. എറച്ചീം ചോരേം എല്ലാംകൂടി അങ്ങ്ട് തെറിയ്ക്കും. അവടം മുഴുവൻ രണ്ടുകൈയോണ്ടും ഞെക്കിപ്പിഴിഞ്ഞ് ചോരയൂറ്റിക്കളയും. കണ്ട് നിക്കണവര്‌ടെ കണ്ണ്തള്ളും. കഴിഞ്ഞു. പിന്നെ തോർത്തോണ്ടൊരു കെട്ടുകെട്ട്യാ ആസ്പത്രിക്കാര് അന്തംവിടും. എവ്‌ടെയാ കടിച്ചത്? ഒരുതുള്ളി വെഷോല്ല്യല്ലോ ന്ന് പറയും. അതാ കാര്യം. പിന്നെ അവര്‌ടെ ദൈര്യത്തിന് ഞാൻ കെടന്നൂന്നു വര്ത്തി, വീട്ടിൽക്ക് വരും. എല്ല മറ്റെ!
പിന്നൊരിക്കെ, ഇതുപോലെ ചെത്താനിറങ്ങ്യേതാണ്. അമ്പലത്തില് കതന നിറയ്ക്കാൻ ആളില്ലാന്നു പറഞ്ഞിറ്റ് അതിന് നിന്ന് ഇത്തിരി വൈകി. ഞാനെപ്പഴും ടോർച്ചുംകൊണ്ടേ പോവൂ. പട്ടര്കണ്ടത്തിൽക്ക് പോണവഴിക്ക് ഒരു മോട്ടറിന്റെ പെരയ്ണ്ട്. അതിന്റെ മുമ്പിലതാ ഒരാള് വെട്ടിയിട്ടപോലെ കെടക്കുണു. അയാള്‌ടെ അട്ത്തന്നെ ദാ ഈ പൈപ്പിന്റെ വണ്ണോള്ള ഒരു സാദനം! മൂപ്പര് കടിച്ചിട്ട് അവടെത്തന്നെ നെടുനീളത്തില് കെടക്ക്വാ. അയ്യാള് അപ്പൊത്തന്നെ തീർന്നിരിക്കുണൂ തോന്നി. നന്നായി കഴിച്ചിട്ടുംണ്ട്. വെള്ളം കിള്ളോക്കെ കഴിച്ചിരിക്കുമ്പൊ പാമ്പുകടിച്ചാ വെഷം വെക്കം കേറും, നെറുകംതല വരെ ഒരൊറ്റപ്പിടുത്ത്വോണ്. അതാ മൂപ്പര്ക്ക് പറ്റിയത്. ഞാനെന്താ ചെയ്യാന്നായി. ഒരു വടിയെടുത്ത് മെല്ലെ നെലത്ത് തട്ടി. പാമ്പതാ അനുസരണയുള്ളപോലെ എഴഞ്ഞെഴഞ്ഞ് മറഞ്ഞു. ഞാൻ നോക്കുമ്പൊ അയാള്ക്ക് ശാസോണ്ട്. പക്ഷേ രക്ഷയില്ല. ആളെവിളിച്ചുകൂട്ടി തൃശൂരോ എവ്‌ടെയൊക്കെയോ കൊണ്ടുപോയി. കാര്യോല്ല്യ. അങ്ങനെ കൺമുമ്പാകെ പാമ്പിന്റെ ശൗര്യം കണ്ടിട്ട്ണ്ട്. എന്താചെയ്യാ ലേ... ''

മായാണ്ടി രണ്ടുകവിളിലും കൈതട്ടി പ്രാർത്ഥിക്കുംപോലെ എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. ചുണ്ടിൽ രണ്ടുവിരൽ ചേർത്തുവച്ച് അതിനിടയിലെ ചെറിയ വിടവിലൂടെ മുറുക്കാൻ കൊഴുപ്പ് ദൂരേയ്ക്ക് നാരുപോലെ തുപ്പിത്തെറിപ്പിച്ചു. പിന്നെ അതേ പഴയ ചിരി. ഓർമ്മകളിൽ വലിയ താല്പര്യമൊന്നുമില്ലാത്ത ആ ഇരിപ്പ് ഒരു കോമാളിബുദ്ധന്റെ സ്ഥായിയായി തുടർന്നു. കേൾക്കുമ്പോൾ തരിപ്പുപടരുന്ന പല ഓർമ്മകളും മായാണ്ടിയ്ക്ക് നിസ്സാരം. മറ്റെന്തോ ഒരു നിസ്സഹായത അയാളെ വരിഞ്ഞുമുറുക്കുന്നുണ്ടെന്നു തോന്നി. ഞാൻ വീണ്ടും വിഷയമെടുത്തിട്ടു.

""മായാണ്ടിയേട്ടാ, പനയുടെ മോളിൽനിന്ന് പാമ്പിനെ കണ്ടിട്ടുണ്ടോ?''
""അയ്യോ...ണ്ട് മേനേ... ഒരിയ്‌ക്കെ. പനന്റെ മോളില് സാദാരണ ചേരയൊക്കെയേ കേറൂ. പക്ഷേ ഇതെന്താ പറ്റ്യേന്നറിഞ്ഞില്ല. കള്ളുംകൊടം നേരെയാക്കി ഞാൻ കൂമ്പുചെത്തുമ്പോ പന്ത്യല്ലാത്ത ഒരു ചെത്തം കേട്ടു. ഊതണപോലെയോ ചീറ്റണപോലെയോ എന്തോ. ഞാൻ കാറ്റാന്ന് വിചാരിച്ച് കാര്യാക്കീല്ല്യ. തണ്ടിൽപ്പിടിച്ച് ഇരിപ്പ് നേരെയാക്ക്യതും അവൻ പത്തിയെടുത്ത് ഒരു ചീറ്റല്. ഹെന്റമ്മോ... പിടിവിട്ടാ എന്റെ പൊടികിട്ടില്ല. അത്ര ഒയരോള്ള പനേണ്. കാറ്റത്ത് തലപ്പ് കെടന്ന് പെടയ്ക്കണൂംണ്ട്. ദാ ഈ കയ്യിന്റെ വണ്ണത്തില് തലയ്ക്ക് നേരെ നിക്കുണൂ മൂപ്പര്. എന്താ ചെയ്യാ... അവ്ട്ന്ന് നോക്ക്യാ കിരാതമൂർത്തീന്റെ വെളക്ക് കാണാ. ഞാൻ കണ്ണുംപൂട്ടി ഉച്ചത്തില് വിളിച്ച് കേണു. സൊർഗ്ഗോ നരകോ പാതാളോ എന്തൊക്കെയോ എന്റെ തലേക്കൂടി പാഞ്ഞുപാഞ്ഞുപോയി. കാല് പെണച്ചുകൂട്ടി ഇരുന്നയിരിപ്പില് നമശ്ശിവായം ജപിച്ച് ഞാനങ്ങനെ ചത്തപോലെയിരുന്നു, കിട്ടീ കിട്ടീ ഇപ്പൊത്തീർന്നൂന്നും നെനച്ച് അങ്ങനെ. എത്രനേരം കഴിഞ്ഞൂന്നറിയില്ല. പിന്നെ കണ്ണുതൊറന്നപ്പോ മൂപ്പരിന്റെ പൊടിയില്ല. എങ്ങനെപോയീ ഏദ്യേ പോയീന്നറിയില്ല. ഇപ്പൊഴും എനിക്കതാലോചിക്കുമ്പോ ദാ മൈരുപൊന്തിയെണീക്കണകണ്ടില്ലേ... കണക്കുനോക്കിയാൽ അപ്പൊ പന്ത്രണ്ടൊന്നും പോരാ''

""അല്ലേ ഏട്ടാ? സർപ്പശാപത്തിന് പിന്നെ പൂജയോ വഴിപാടോ ഒക്കെ കഴിച്ചോ? ഏട്ടന് ദൈവവിശ്വാസമൊക്കെയില്ലേ? പ്രാർത്ഥനയോ ഉപാസനയോ അങ്ങനെ വല്ലതും?''
""എന്തിന് മേനേ? എനിക്കങ്ങനെ ശാപോന്നും ഇല്ലാന്ന് പറഞ്ഞില്ലേ? നിങ്ങള്‌ന്റെ വീട്ടീ വന്നിട്ട് ഞിങ്ങള്‌നെ ഒരാള് തല്ല്യാ ഞിങ്ങ വെറ്‌തെ വിട്വോ?അത്‌പോലെത്തന്നെ. പാമ്പിന് അയിന്റെ ലോകോം വീടും ക്കെണ്ട്. അവടക്ക് പോവുമ്പൊ അവര്‌ടെ തമ്മതം വേണം. അത്‌പ്പൊ എത്രവലിയ രാജാവായാലും പാമ്പിന് നോട്ടംല്ല്യ. പരീക്ഷിത്തിന്റെ കത കേട്ട്ട്ടില്ലേ? എന്തൊക്കെ സന്നാഹം കൂട്ട്യാലും പാമ്പ് നെനച്ചാ ബ്രമ്മനും തട്ക്കാൻ പറ്റ്ല്ല്യ. അതാണ്. പിന്നെ വിശ്ശ്വാസം... ഇപ്പൊ അത് കൊറച്ച് കമ്മിയായിട്ട്ണ്ട്. മുമ്പിട്ടൊക്കെ, ഞാൻ കൊല്ലാകൊല്ലം നാപ്പത്തൊന്ന് വ്രതോടുത്ത് കരിമല ചവിട്ടും. ഗുരുസ്സാമി, കെട്ടുനെറ, അയ്യപ്പൻപാട്ട്, ഒക്കെ ണ്ടായിരുന്നു. പിന്നെ മീനത്തില് കൊടുങ്ങല്ലൂര്ക്ക് പോവും. അതൊക്കെ ഇപ്പൊ ലേസം കമ്മിയായി കമ്മിയായി, നെലച്ചൂന്നു പറയാ. കിരാതമൂർത്തീനെ വിളിച്ചുകേക്കും. നല്ലെണ്ണയും ഊതുബത്തീം മൊടക്കാതെ കൊടുക്കും. അതുമാത്രം ണ്ട്.

എയ്ക്കിപ്പൊ അതൊന്ന്വല്ല കുട്ട്യേ. പാമ്പിനേക്കാൾ വെഷോള്ള ജാതികള് നമുക്കുചുറ്റും ണ്ട്. തെരിയോ...? നേരും സത്യോം ള്ള കൊടുംവെഷപ്പാമ്പിനെ ഞാൻ നൂറുമറി കണ്ടിട്ട്ണ്ട്. ഇത് അതല്ല. കൂടെനിന്ന് പൊന്നേ മുത്തേ ന്ന് വിളിക്കണ ജാതികള്. പിന്നെ ന്താ ചെയ്യാന്നറിയോ... കട്പ്പ് വെച്ച് നമ്മളെ അനങ്ങാണ്ടാക്കും. കല്ലടിക്കോട് ഒരു സ്തലോണ്ട്. അവടെപ്പോയി ചെയ്തിട്ട് വന്നിരിയ്ക്ക്യാ. ചാത്തനും മാട്ടും മാരണോന്ന്വല്ല. ഇത് മറ്റതാ... "കട്പ്പ്''! മറ്റതിനെക്കാളൊക്കെ ശക്തീണ്ട്.
അവര്ക്ക് എന്റെ കാര്യങ്ങളൊക്കെ മൊടക്കണം. എന്തുചെയ്താലും ശരിയാവാണ്ടാവണം. അതിനാ ഈ പണി. കട്പ്പ് വെയ്ക്കാന്ന് കേട്ട്ട്ടിണ്ടാ? ദാ ഇത്രയിണ്ടാവും. ഈള്ംകോലിന്റെ വണ്ണത്തില് ഇത്ര നീളത്തിലൊരു സാനം. നമ്മടെ മുട്ടിന്റെ ഉള്ളില് എങ്ങനെ വര്ത്തുണൂന്നറിയില്ല. അതവ്‌ടെ കെടന്ന് പഴുക്കാൻ തൊടങ്ങും. പഴുത്ത് ചൊവന്ന് നീറി അങ്ങനെ അവടം മുഴുവൻ നീരുകെട്ടും. കാല് വെക്കാനും നീട്ടാനും കിട്ടില്ല. വല്ലാത്ത വേദനയായിരിക്കും. ഞാൻ പറഞ്ഞില്ലേ, പയ്യാനി കടിച്ചാ കടച്ചിലായിരിക്കും. പിടിച്ചുപിടിച്ചു കേറണ കടച്ചില്. എന്നാലും ഇതിന്റെയത്ര വരില്ല വേദന. നമ്മള് തലതല്ലിക്കരയും മേനേ. കട്പ്പിന്റെ പിട്ത്തം അത്ര ബീകരോണ്.
കാല് ദാ ഇത്രവണ്ണം വീങ്ങി. ചുളുചുളാ കുത്തണത് സഹിക്കാൻ പറ്റിയില്ല. രണ്ടുമൂന്നാള് പിടിച്ച് ഓട്ടോവിൽ കേറ്റി പാലക്കാട് ആസ്പത്രീല് കൊണ്ടുപോയി. രണ്ട് ഓപ്പറേഷൻ കഴിഞ്ഞു. അവടെ കെടക്കുമ്പൊ ഒരു തലമുടിക്കാരൻ പൂശാരി അടുത്തുവന്നു. അയാളടെ മരുമകളെയോ ആരെയോ ചികിസിക്കാൻ കൊണ്ടുവന്നതാ. കാല് നോക്കീട്ട് പറഞ്ഞു, ഇതിവിടെ കെടക്കണ്ടതല്ല. ഇനീം കെടന്നാ കാല് മുറിക്കണ്ടിവരും. വേഗം കാല് നോക്കിക്കോളിൻ പറഞ്ഞു. ബസ്‌മോം മഞ്ഞളും നുള്ളി കയ്യിൽ തന്നിട്ട് എന്നോട് പൊയ്‌ക്കോളാൻ പറഞ്ഞു. പൂശാരീനെ പിന്നെ അവടെയൊന്നും കണ്ടൂല്ല്യ. നിമിത്തം ന്നൊക്കെ പറയില്ലേ... കാലില് കെട്ടുംവച്ച് ഞാൻ സിസ്റ്ററിനെ കാണാണ്ടെ വല്യാസ്പത്രീന്റെ പരിയമ്പറത്തൂടെ ഇറങ്ങിവന്നു. ഇതെട്ക്കാൻ ഒരു സ്തലോണ്ട്. അത് എവടേണ്ന്ന് പറയാൻ പാങ്ങില്ല മേനേ. അവിടെ പോയാ മതി. ഞാൻ പോവുമ്പോ ടോക്കനൊക്കെ ണ്ട്. എത്ര്യാന്നറിയോ ഇരുനൂറ്റമ്പത്താറ്. നിന്ന് നിന്ന് മത്യായി. കൂടെ ബാര്യേം ണ്ട്. ഞങ്ങ തംസാരിച്ച് തംസാരിച്ച് തെറ്റി. ഒടുക്കം അകത്തെക്ക് വിളിച്ചു. നോക്ക്യതും പറഞ്ഞു. കടിച്ചെടുക്കണ്ടിവരും. ഇത്തിരി ചെലവ്ണ്ട് ന്ന്. ഞാൻ പറഞ്ഞു, യ്ക്ക് നിക്കാനും ഇരിക്കാനും വയ്യ. എന്തു ചെലവായാലും വേണ്ട് ല്ലാ. ദൊന്ന് ശര്യാക്കിയാ മതീന്ന്. പോയിട്ട് ഇനിയൊരു ദിവസം രാത്രി വരണം. രാത്രിയേ കട്പ്പ് എട്ക്കുള്ളൂ. കുപ്പിവേണം. അഞ്ഞൂറ്റൊന്ന് ദക്ഷിണേം പൂജയ്ക്ക് സാദനങ്ങളും വേണം. മൂന്നുമാസംകൊണ്ട് പഴയ ആളാക്കിത്തരാന്ന് പറഞ്ഞു.

പിന്നൊരു ദിവസം രാത്രി പോയി. അന്നും തെരക്ക്. പാതിരയായപ്പൊ വിളിവന്നു. കടിച്ചെടുക്കുമ്പൊ ജീവൻ പോയി. ഒരിഞ്ച്, ഒന്നരയിഞ്ച് നീളേ ള്ളൂ. കടിച്ച് തുപ്പീട്ട് മൂപ്പര് കയ്യോണ്ട് പിടിച്ച് ഒരു പിഴിച്ചില്. ഒരുകൊടം ചോരേം ചലോം പൊറത്തുവന്നു. രണ്ട് ഓപ്പറേഷൻ കഴിഞ്ഞ കാലാ. സുച്ചിട്ടപോലെ ഞാൻ ചാടിയെണീച്ചു. ആ നട്ടപ്പാതിരയ്ക്ക് ഞാൻ തുള്ളിച്ചാടീങ്കണ്ട് പാടി, ""പോലിലല്ലില ലല്ലിലലല്ലീലേ... ലല്ലിലല്ലീലേ പോലിലല്ലില...''
മൂപ്പരെ തൊഴുത് ദക്ഷിണേം വച്ച് മടങ്ങി. രണ്ടരമാസംകൊണ്ട് കാല് പഴയപോലെയായി. പക്ഷേ, മുറിപൊറുത്ത് കൂട്ൺല്ലാ. വെറ്‌തേ വെള്ളം ഒലിച്ചോണ്ടിരിക്ക്യാ. മുറീന്ന് വെള്ളം വരണകണ്ടിട്ട് ആരും പണിക്ക് വിളിക്ക്ണില്ല. യെന്താ ചെയ്യാ... ഞാൻ കട്‌പ്പെട്ക്കാൻ പോയീന്നറിഞ്ഞിട്ട് അവള് വേറെ പൊടികലക്കിത്തന്നതാ മേനേ...
കണ്ട്വോ...
ഞിങ്ങ ചോയ്ച്ചില്ലേ പന്ത്രണ്ടുമറി കടിച്ചിറ്റ് എന്താ പിന്നേം പാമ്പ് സത്യോള്ള ദൈവാണ്ന്ന് പറയണ് ന്ന്? നമ്മടട്ത്ത് സത്യംണ്ടെങ്കി കടിച്ചപാമ്പ് തിരിച്ചുവന്ന് വെഷം എറക്കും. ചെലപ്പൊ ഗോരഗോരസർപ്പം നമ്മടെ കാലിന്റവിടെ വന്ന് സൊന്തം തല കല്ലിലടിച്ച്, അടിച്ചടിച്ച് ചാവും. അതിന് മനസ്താപം വരും. ഇവനെ ഒപദ്രവിക്കാൻ പാങ്ങില്ലാന്നറിഞ്ഞിറ്റ്. അതാണ് സർപ്പത്തിന്റെ സത്യം. ശിവന്റെ ആജ്ഞവരും ആജ്ഞ. അതല്ല, നമ്മള് കൊടുംപാപം ചെയ്തിട്ടുണ്ടങ്കിലോ... കൊത്തുകൊണ്ട് രണ്ടടി വെയ്ക്കുമ്പളക്ക് നൊരേം പതേം വന്ന് മലന്നടിച്ച് വീഴും. അതിന്റെ നേര് അങ്ങന്യാ. പഷെ മേനേ... ഒരുമ്പെട്ട പെണ്ണുങ്ങള്ണ്ടല്ലാ... പെലയാടിമക്കള്... നമ്മള്‌നെ നരകത്തിൽക്കും പറഞ്ഞയക്കില്ല്യ.
ഞാൻ കണ്ടിട്ട്ണ്ട്. നമ്മടെ ഇബടെത്തന്നെ ഒരു പെൺകുട്ടീണ്ട്. അമ്പലത്തിലൊക്കെ ദെവസൂം തൊഴാൻ വരണതാ. അപ്പൻ അവൾക്ക് അറുപത് പവന്റെ സൊർണ്ണം ണ്ടാക്കി. അവള്ക്ക് ഒരു ഡ്രൈവറിനെ വേണം. പെണ്ണ് പിടിച്ചപിടിയില് നിൽക്ക്വാ. ഇല്ലെങ്കി ഇപ്പൊ കെട്ടിത്തൂങ്ങും ന്നും പറഞ്ഞിറ്റ്. എങ്ങന്യാന്നറിയോ, അവള് പടിക്കണ മറിയൻകോളേജിന്റടുത്ത് ചെക്കന്റെ അമ്മയും പെങ്ങളും കൂടി ഒരിയ്‌ക്കെ വന്ന് അവളെ ചായക്കടീൽക്ക് വിളിച്ചു. പൊറോട്ടയും കുറുമേം പറഞ്ഞു. "മോളേ കൈകഴുകീട്ട് വാ'ന്നും പറഞ്ഞ് അവള് പോയ തക്കം നോക്കി അമ്മ പൊതിയഴിച്ച് കുറുമയിൽ കൊട്ടി കൈകൊണ്ട് കലക്കിവച്ച്, രണ്ടാളും വടിപോലെ ഇരുന്നു. പെണ്ണ് വന്ന് പൊറോട്ടയും കറീം കഴിച്ചില്ലേ, ഒരേ പിടി. "എനിക്കവനെത്തന്നെ മതീ മതീ'ന്നും പറഞ്ഞ്. വീട്ടുകാര് "തല്ലിക്കൊല്ലും'ന്നും പറഞ്ഞ് ബഹളം വെച്ചു. ചെക്കന്റെ അമ്മ എന്തോരു പലഹാരം കൊടുത്തയച്ചു. അതിലും പൊടീട്ടിട്ട്ണ്ട്. അത് കഴിച്ചതും അപ്പനും അമ്മയ്ക്കും ഒരേ തമ്മതം. "ചെക്കൻ നല്ലോനാ, നെന്നെ നന്നായി നോക്കും' ന്നൊക്കെ പറഞ്ഞ് കല്യാണത്തിന് റെഡ്യായി.
പെണ്ണിന്റെ മാമന് ഇതൊക്കെ കണ്ട് എന്തോ പന്ത്യല്ലാന്ന് തോന്നി. "കള്ളും കഞ്ചാവും അടിച്ച് നടക്കണ ഏതോ തെണ്ടിച്ചെക്കന് അറുപത് പവനും കല്യാണോം കൊടുക്ക്വേ'ന്നും ചോയ്ച്ച് അയാള് ബഹളം വെച്ചു. എന്താ ഇതിന്റെ ഗുട്ടൻസ് ന്നറിയാൻ പണിക്കര്‌നെ കാണാൻ പോയി. പണിക്കര് പളിച്ച്ന്ന് പറഞ്ഞു. "ഈ കുട്ടിക്ക് കുറുമയിൽ കലക്കിക്കൊടുത്തിട്ട്ണ്ട്. അവര്ക്ക് വേറെന്തോരു പലഹാരത്തിൽ പൊടിയിട്ടിട്ട്ണ്ട്. അതിന്റെ വെളയാട്ടോണ്. വേറെ രക്ഷീല്ല്യ. തൃക്കങ്ങോട്ടുപോയി മര്ന്ന് ശർദ്ദിച്ചോളാൻ' പറഞ്ഞു. ശരി, എല്ലാരും പോയി അവിട്ന്ന് കഷായംപോലൊരു തുള്ളി നക്കാൻ കൊടുത്തു. അറ്‌മൊറേന്ന് എല്ലാരും ശർദ്ദിക്കാൻ തൊടങ്ങി. മര്ന്ന് കളഞ്ഞ്ട്ട് വന്നില്ലേ... ആ സെക്കന്റില് പെണ്ണിനും വേണ്ട, വീട്ടുകാര്ക്കും വേണ്ട ചെക്കനെ... ചെക്കന്റെ വീട്ടീപോയി അവര് പറയ്യാണ്... ""നിങ്ങളോട് ഞാൻ പെണ്ണിനെ തരില്ലാന്ന് പറഞ്ഞാ പറഞ്ഞതാണ്''.
എന്താ നോക്കീ.... അതാണ് കളി. അപ്പഴയ്ക്കപ്പഴെ. എന്നിട്ടാ പെണ്ണ് വേറെ കല്യാണം കഴിച്ച്ങ്കണ്ട് മൂന്നു കുട്ട്യോളായി കഴിയ്ണു.

ഈ കട്പ്പ് വെയ്ക്കണത് മുഴ്വോനെ പെണ്ണ്ങ്ങളാണ്. ദാ ഇവ്‌ടെ അട്ത്തന്നെ ഒരാളിനെ അയാള്‌ന്റെ പെങ്ങള് കട്പ്പ് വെച്ചിട്ട് കാല് പഴുത്തുവന്നു. പഴുപ്പുകേരി കേരി മുറിയില് കെടപ്പ് തന്നെയായി. വെരല് മുറിച്ചു, മുട്ടിന് കീഴ്പ്പട്ട് മുറിച്ചു. കാലോടെ മുറിച്ചു. പഴ്പ്പ് നിക്ക്ണില്ല. ഒരൂസം റൂമീകേരി നോക്കിയപ്പൊ ആള്ണ്ടതാ ചത്ത് തൊലഞ്ഞുകെടക്ക്ണു. അത് വെച്ചവള്ക്ക് എന്തായീന്നറിയോ... മൂപ്പര് ചത്തൂന്നറിഞ്ഞതും അവള് മുങ്ങി. മകന്റെ വീട് പൊള്ളാച്ചീല്. ടെറസ് വീടാണ്. തറയിലൊക്കെ മിന്നണ ടൈൽസ്. റൂമീകേരി വാതിലടച്ചു. മൂത്രം തനിയേ പോയത് അവള് അറിഞ്ഞില. കാല് വെച്ചതും വഴുക്കി. മുറുക്കു പൊട്ടുംപോലെ ഒരു ചെത്തം കേട്ടു. നട്ടെല്ല് അപ്പൊ പൊട്ടി. ഹ്ം മേനേ... അവള്ണ്ടല്ലാ പുഴുത്തിട്ടാ ചത്തത്.
എത്ര കേസ് പറയണം... ഇതന്നെ ഇപ്പൊ പരിപാടി. മുരുക്കുളിയിൽ ഒരാള്ണ്ടായിരുന്നു. കാലിലന്നെ കട്പ്പ്. "പാലന'യിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്തു. ഒരുലക്ഷം ചെലവാക്കി. ഡോക്ടറ് പറയണത് അയാള് എങ്ങനെയോ കേട്ടു. "ഇവടെ സൗകര്യം കൊറവാണ്. തൃശൂര് കൊണ്ടുപോയി കാല് മുറിക്കണം' ന്ന്. അയാള് ആര്‌ക്കോ പൈസകൊടുത്ത് വീട്ടിലിക്ക് പറഞ്ഞയച്ച് കണ്ടത്തി അടിക്കണ മരുന്ന് കൊണ്ടുവന്ന് കുടിച്ച്, തീർന്നു. കാല് മുറിച്ചാ പിന്നെന്തിനാ ഇരിക്കണ് ന്നും പറഞ്ഞ്.
ഞ്ഞി പറയീ... പന്ത്രണ്ട് മറി പാമ്പ് കടികൊണ്ട മായാണ്ടി വല്യ കാര്യാണോ?''

മായാണ്ടിയുടെ ചോദ്യം എനിക്ക് മുഖമടച്ച് കൊണ്ട അടിയായി. ഇതിനി എങ്ങനെ ഒരു സ്റ്റോറിയാക്കും എന്നാലോചിച്ച് തൽക്കാലം യാത്രപറഞ്ഞിറങ്ങി. പോരുമ്പോൾ കയ്യിൽ രണ്ടു നോട്ടും പിടിപ്പിച്ചു. എണ്ണമിനുപ്പുള്ള തലയിൽ തഴമ്പുള്ള കൈകൾ തുടച്ച് മായാണ്ടി അതേ വല്ലാത്ത ചിരി ചിരിച്ചു.

""നാളെ വരീ... വിഷുവേല്യാണ്... ആനപഞ്ചവാദ്യോം ശിങ്കാരിമേളോം വണ്ടിവേഷോം ഒക്കെ ണ്ട്... ''
സമ്മതിച്ചുകൊണ്ട് ഇറങ്ങുമ്പോൾ നല്ല മഴക്കോളുണ്ടായിരുന്നു.

രണ്ട്

പിറ്റേന്ന് ഉച്ചയോടെ ഞാൻ നീറാക്കോട് വന്ന് ബസ്സിറങ്ങുമ്പോൾ വിഷുവേലയ്ക്കുള്ള തയ്യാറെടുപ്പുകൾ പലേടത്തും കണ്ടു. നീറാക്കോട് ഒരു വലിയ പൊട്ടക്കുളത്തിനു ചുറ്റുമുള്ള കവലയാണ്. കുളത്തിലേക്ക് ഇറക്കി തൂണുകൾ നാട്ടിയുണ്ടാക്കിയ കടകളും സ്ഥാപനങ്ങളും. കുളം മുഴുവൻ ആഫ്രിക്കൻ പായൽ നിറഞ്ഞ് ഉപയോഗശൂന്യമാണ്. കടകളുടെയും ഹോട്ടലുകളുടെയും മാലിന്യങ്ങൾ മുഴുവൻ കുളത്തിലാണ് വന്ന് അടിയുന്നത്. തൃശൂർ സ്വരാജ് റൗണ്ട്‌പോലെ നീറാക്കോട് റൗണ്ട് എന്ന് നാട്ടുകാർ കളിപറയും. അവിടെയില്ലാത്ത കടകളില്ല. ഓഫീസുകളും സ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലെക്‌സും പിന്നെ പടികളിറങ്ങി കുളത്തിന്റെ നിരപ്പിലായി ആ നാടിന്റെ ഉപബോധമനസ്സായ കള്ളുഷാപ്പും! മായാണ്ടി പറഞ്ഞതനുസരിച്ച് ഇപ്പോൾ പനകയറാൻ ആളെകിട്ടാത്തതിനാൽ മരുന്നുകലക്കി വീര്യം കൂടിയ കള്ളാണ് അവിടെ കിട്ടാനുള്ളത്. അപ്പോൾ കുളത്തിന്റെ നിരപ്പിനും താഴേക്കു പടവുകളുള്ള അബോധത്തിലേക്കാണ് കള്ളുഷാപ്പിന്റെ നില. ഞാനോർത്തു, നാൽപ്പത്തഞ്ചുവർഷമായി ദിവസവും മുപ്പതുപന കയറി പത്തിരുപതു ലിറ്റർ കള്ളുചെത്തിയിട്ടും മായാണ്ടി ഒരിക്കൽപ്പോലും ഇറങ്ങിച്ചെന്നിട്ടില്ലാത്ത പാതാളലോകം!
ആൽത്തറ ഗണപതിയുടെ സന്നിധിയിൽനിന്നാണ് വിഷുവേല പുറപ്പെടുക. അവിടെ മൂന്നാനകളെ തോട്ടിചാരി നിർത്തിയിരിക്കുന്നു. ഞാൻ "കൃഷ്ണാ കഫേ' എന്നു വലുതായി ബോർഡുവെച്ച ചായക്കടയിലേക്കു കയറി. മേളക്കാരൊക്കെ അകത്ത് ചായകുടിച്ചുകൊണ്ടിരിക്കുന്നു. ചായ കൊണ്ടുവന്നയാളോട് ഞാൻ മായാണ്ടിയേട്ടന്റെ വീടെവിടെയാണെന്ന് അന്വേഷിച്ചു. കമ്മാന്തറ ചെന്ന് അവിടന്ന് ചൂളപ്പറമ്പിലേക്കുള്ള വഴി ചോദിച്ചാൽ മതിയെന്നയാൾ പറഞ്ഞു.

""മൂപ്പര്ക്ക് എന്തോ ഇന്ന് രാവിലെ കിട്ടീട്ട്ണ്ട്'' എന്ന് അർത്ഥം വെച്ച് അയാൾ സൂചിപ്പിച്ചു. അതെന്താണെന്ന് അയാൾ മുഴുമിച്ചില്ല. ""ഇന്നലെ വൈകീട്ട് കണ്ടതാണല്ലോ... ഇന്നിതെന്തുപറ്റി?'' എന്ന ചോദ്യത്തിന് അയാളും വല്ലാത്തൊരു ചിരി ചിരിച്ചു.

ആകാശം മുട്ടിനിൽക്കുന്ന പൂവ്വത്തുമരത്തിന്റെ ചോട്ടിൽ പട്ടുടുത്ത ഭൈരവന്റെ കൽപ്രതിമയാണ് നേരെ കാണുക. അവിടെ ആരോ കൊളുത്തിവച്ച ചന്ദനത്തിരിയുടെ രൂക്ഷഗന്ധം. വടക്കോട്ടുതിരിഞ്ഞിരിക്കുന്ന ഭഗവതിയമ്പലം. അതിനുപിന്നിലായി കിഴക്കുമുഖമായി മായാണ്ടി എന്നും വിളിക്കാറുള്ള "പൊന്നിൻകിരാതമൂർത്തി'. അവയ്ക്കിടയിലെ ഇത്തിരി പറമ്പിൽ വേലക്കടകൾ നിറഞ്ഞുകഴിഞ്ഞു. കിരാതമൂർത്തി ക്ഷേത്രത്തിനു പിന്നിൽ കുളക്കടവിനരികിലായി കതിന നിറയ്ക്കുന്നയാളെ കണ്ടപ്പോൾ ഞാൻ വീണ്ടും മായാണ്ടിയെ അന്വേഷിച്ചു.

""മൂപ്പര്ക്ക് ഇപ്പൊ പാമ്പ്കടിയൊന്നും ഏൽക്കാതായിട്ട്ണ്ട്. ഇന്നും ആസ്പത്രീല് കൊണ്ടുപോയിട്ട് വന്നേ ള്ളൂ. മറ്റതും ണ്ടേ... രണ്ടും കൂടിയായപ്പൊ പിച്ചും പേയും പറയാൻ തൊടങ്ങീട്ട്ണ്ട്. ദാ നേരെ പോയിങ്കണ്ട് കൃഷ്ണങ്കോവില് കടന്ന് ഒരു പാറ കേര്യാ മതി. അവടെത്തന്നെ.''

ആളുകൾ എന്നെ എന്തിനോ തയ്യാറെടുപ്പിക്കുകയാണല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. മുളങ്കാടുകൾ നിറഞ്ഞ ഇടവഴികളിൽ നായ്ക്കളുടെ സംഘം അപരിചിതനെക്കണ്ട് ബഹളം വെച്ചു. കുനിഞ്ഞ് കല്ലോങ്ങി ഞാനവയെ ഓടിച്ചുവെങ്കിലും വളവിലും വേലിക്കരികിലും കൂട്ടം ചേർന്ന് അവർ നാട്ടുകാരെ മുഴുവൻ വിളിച്ചറിയിച്ചു, എന്റെ വരവ്. എത്തിനോക്കുന്നവരോട് ഞാൻ മായാണ്ടിയിലേക്കുള്ള വഴിയന്വേഷിച്ചു. പറഞ്ഞപോലെ ചെറിയൊരു പാറയുടെ മുകളിലേക്കു വലിഞ്ഞുകയറി, മായാണ്ടിയുടെ വീടു ഞാൻ കണ്ടെത്തി. ചുവന്നൊരു കള്ളിത്തോർത്തുമാത്രമുടുത്ത് മായാണ്ടി വീടിന്റെ തിണ്ണയിലിരിപ്പുണ്ട്. എന്നെ കണ്ടതും അല്പം പരിഭ്രമിച്ചെങ്കിലും അകത്തേക്ക് ""തങ്കേ...'' എന്ന് നീട്ടിവിളിച്ച്

ഇറയത്തുനിന്നൊരു തടുക്കപ്പായ കുടഞ്ഞുവിരിച്ചുതന്നു. കാലിലെ കെട്ടുകാണിച്ച് മായാണ്ടി പറഞ്ഞു,

""ഞിങ്ങ പോയി ഒരു രണ്ടു നാഴിക കഴിഞ്ഞതും കിട്ടീ പതിമൂന്നാമത്തെ കടി. എല്ലാ പല്ലും പൂന്തീട്ട്ണ്ട്. ഞാൻ ചെത്തി മൂത്താരേ... കടിച്ചവടം അങ്ങന്നെ വടിച്ചെട്ത്തു. പക്ഷേ പറഞ്ഞിട്ട് കാര്യോല്യ. കട്പ്പ് വെച്ച് നീര് വന്ന എടോണ്. പഴുപ്പും ചലോം കൊണ്ട് കടികൊണ്ടവടെ ശരിക്കും കാണാൻ പാങ്ങില്ലാണ്ടായി. വെഷം പിടിച്ചിട്ടുണ്ടോ ന്ന് ഡാക്കിട്ടർക്ക് സംശയം. ഇഞ്ചഷനൊക്കെ എട്ത്തു. പഷേ, പറയാൻപഴുതില്ല. എടയ്‌ക്കെടയ്ക്ക് മയക്കോം തലചുറ്റലും വര്ൺണ്ട്. എന്നോട് തൃശൂര് പോകാൻ പറഞ്ഞു. ഞാൻ പറഞ്ഞു, ഇന്നെക്ക് വിഷുവേലയാണ്. വേല കാവ് കേരീട്ട് ഞാൻ വണ്ടിവിളിച്ച് വന്നോളാന്ന്. ''

മായാണ്ടിയുടെ സ്ഥിതി അല്പം വഷളാണെന്ന് ഞാൻ ഏതാണ്ട് മനസ്സിലാക്കി. എന്തെങ്കിലും പറഞ്ഞ് ഉടനെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ സംഗതി വഷളാവും എന്ന് ഉറപ്പാണ്.

""മായാണ്ടിയേട്ടാ, ഇതിങ്ങനെ വെച്ചിരിക്കണ്ട. ഞാൻ വണ്ടീലാണ് വന്നത്. നമുക്ക് ഉടനെ പോവാം. പഴുപ്പും വെഷോം കൂടി ശരിയാവില്ല. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വരിൻ ഞാൻ പിടിക്കാം. നമുക്ക് ഉടനെ പോവാം. ''
മായാണ്ടിയുടെ വല്ലാത്ത ചിരി വീണ്ടും വിരിഞ്ഞു.
""പേടിക്കണ്ട മേനേ.... ഒന്നും ആവില്ല. അന്തി മോന്തിയാവട്ടെ. വേല കാവ് കേരീട്ട് ഞാൻ വരാ. ഒരു പശ്‌നോല്ല്യ. പശ്‌നോല്ല്യ. ''
മായാണ്ടി ആത്മഗതം പോലെ അത് ആവർത്തിച്ചു കൊണ്ടിരുന്നു. ഭാര്യ തങ്ക എനിക്ക് കട്ടൻ ചായ കൊണ്ടുതന്നു. അവരോടും ഞാൻ പറഞ്ഞു, ""മൂപ്പര്ക്ക് ഇത്തിരി സീരിയസാണ്. വേഗം കൊണ്ടുപോകാം എന്ന്. '' പറഞ്ഞിട്ട് കാര്യമില്ല' എന്നൊരു കയ്യാംഗ്യം കാണിച്ച് അവർ അകത്തേക്കു പോയി.

കാലിലെ മുറിവിലേക്ക് ദയനീയമായി നോക്കിക്കൊണ്ട് മായാണ്ടി പറഞ്ഞു, ""പൊന്നിൻ കിരാതമൂർത്തി സത്യോള്ള ദൈവാണെങ്കി, അവളിന്ന് വെളിച്ചപ്പാടിന്റെ മുമ്പില് ചോരകക്കി വീഴും. അത്ര ഞാൻ ഉള്ളുചുട്ട് വിളിച്ചിട്ട്ണ്ട്. ''
""ആര് ഏട്ടാ...''
""ഇത് വെച്ചവള് അല്ലാണ്ടാര്... മതിയായിട്ടില്ല പുണ്ടച്ചിമോള്ക്ക്. പട്ടിപ്പൊലിയാടി... അവള്‌ന്റെ കൂതി... എത്ര കാലായി എന്നെ ഇങ്ങനെ തീ തീറ്റിക്ക്ണൂ... ''
ഇരുന്നയിരിപ്പിൽ മുറ്റത്തേക്ക് കാർക്കിച്ചുതുപ്പിക്കൊണ്ട് മായാണ്ടി വെളിച്ചപ്പെട്ടു. ഞാൻ കയ്യിൽക്കിട്ടിയ ചായ ഇറക്കാനും കളയാനുമാവാതെ വിഷമിച്ചു.

മഴമൂടിനിൽക്കുന്ന ആ അന്തരീക്ഷത്തിൽ അധികനേരമിരിക്കാൻ എനിക്കും വല്ലായ്മ തോന്നി. മായാണ്ടിയുടെ അവസ്ഥയും എന്റെ നിസ്സഹായതയും. വീണ്ടും കുറേനേരം കൂടി എന്തൊക്കെയോ പുലമ്പിയിരുന്ന് മായാണ്ടി അകത്തുപോയി മുണ്ടുടുത്ത് തിളങ്ങുന്ന ഒരു മഞ്ഞഷർട്ടും ഇട്ട് പുറത്തിറങ്ങി. വേച്ചുവേച്ചാണെങ്കിലും മുട്ടുമടക്കാതെ പാറപ്പുറത്തുനിന്നുള്ള വെട്ടുപടികളിറങ്ങി. ഞാൻ പിടിക്കാൻ ചെന്നപ്പോൾ കൈതട്ടിമാറ്റി. അകത്ത് ലാവ തിളയ്ക്കുന്ന ഒച്ച കേൾക്കാം.
ചരൽ ഞെരിക്കുന്ന കുണ്ടനിടവഴിയിലൂടെ കാലുവലിച്ചുവെച്ചു നടക്കുമ്പോൾ മായാണ്ടി വീണ്ടും വാചാലനായി.

""മേനേ... സൊർഗ്ഗത്തിലേയ്... ഞമ്മ പോയാ തുണിമണികളൊന്നും ഉട്ക്ക്ണിണ്ടാവില്ല ലേ... അയ്യേ... സങ്ങതി സൊർഗ്ഗോണ്.. വല്യ വല്യ പുണ്യോക്കെ ചെയ്തിട്ട്ള്ള ആള്വോള് പഷ്‌ഷേ ആമണത്തൊണ്ട്യായിറ്റ് നിക്കണത് കാണണ്ടേ. ഞമ്മണ്ടെ ദൈവങ്ങളിന്റെ മിമ്പില് നിക്ക്‌മ്പൊ വെക്കം വരൂലേ?''
""ബൈബിളിൽ ആ കാര്യം പറയുന്നുണ്ട് മായാണ്ടിയേട്ടാ. ''
""ബൈബിളിലാ... അവടെ എവടെയാ മഗാവിഷ്ണൂം സുബ്രമണ്യനും അയ്യപ്പനുമൊക്കെ?''
""അതല്ല, ദൈവത്തിന്റെ മുമ്പില് ആദമിനും ഹവ്വയ്ക്കും ഉടുതുണിയില്ലാതെ നിൽക്കുമ്പൊ നാണം തോന്നിയ കാര്യം. അതാണത്രേ പാപം. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും നഗ്‌നരല്ലേ... നമ്മള് തുണികൊണ്ട് മറച്ചിട്ടൊക്കെ എന്താ കാര്യം?''
""ങ്ഹാ.. അത് ശര്യാ.. പഷ്‌ഷേ അവര്ക്ക് ഞമ്മള്‌ന്റെ ബാഷ മൻസിലാവ്വോ? എയ്ക്ക് ഇങ്ങനെ ഓരോന്ന് കണ്ണിക്കാണ്വാ... മഗാവിഷ്ണു, സുബ്രമണ്യൻ, അയ്യപ്പൻ, സരസ്സൊതി, എല്ലവര്‌നെയും ങ്ങനെ കണ്ടോണ്ടിരിക്ക്യാല്ലേ... മായാണ്ടീനെ അവര്ക്ക് കണ്ടാ അറിയോ...?''
ഞാൻ പെട്ടുപോയി. എന്താണ് മറുപടി പറയുക... ഞാൻ തടിതപ്പാൻ നോക്കി.
""പിന്നെന്താ... മായാണ്ടിയേട്ടൻ എന്നും വിളിച്ചു പ്രാർത്ഥിക്കണതല്ലേ...
ശ്രദ്ധമാറ്റാനായി ഞാൻ ദൂരെനിന്നു കേൾക്കുന്ന ചെണ്ടകൊട്ടു സൂചിപ്പിച്ചു.
""തൊടങ്ങീ... ല്ലേ... ''
""ങ്ഹാ. പഴയകാവീന്ന് പൊറപ്പെട്ട് ശിവങ്കോവിൽല് പോയിങ്കണ്ട് നീറാക്കോട് നെരക്കും. മഴയില്ലാണ്ടിര്ന്നാ മതിയായിരുന്നു. അല്ലേ മേനേ... ''
""അതെ. ഇല്ല. പെയ്യുന്നുണ്ടാവില്ല. ''
""കാറ്റടിച്ച് പോയാ രഷ്ഷപെട്ടു. ''

വേലത്തിരക്കിലെത്തുംവരെ ഞാൻ മായാണ്ടിയേട്ടനെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു. ഉള്ളിൽ പേടിയുണ്ടെങ്കിലും കാഴ്ചകളുടെ വർണ്ണപ്പകിട്ടിലേക്ക് ഞാനയാളെ ചൂണ്ടി വിഷമം മറക്കാൻ സഹായിച്ചു.
പണ്ടത്തെ വേലവിശേഷങ്ങൾ പറയുമ്പോൾ മായാണ്ടിയേട്ടന് നൂറുനാവ്.
പിന്നൊരു രഹസ്യം പറഞ്ഞു,

""ഇവിടത്തെ വിഷുവേലയ്ക്ക് ഒരു മരണം ഉറപ്പാണ്. കഴിഞ്ഞകൊല്ലം അത് ആന ഇടഞ്ഞിട്ടായിരുന്നു, കണ്ണുകാണാത്ത എഴുത്തശ്ശനാന തുമ്പിക്കൈ കൊണ്ട് തട്ടി, നെഞ്ചിൻകൂട് ഞെരിച്ചുകളഞ്ഞു. അതിനുമുമ്പത്തെ കൊല്ലം അമിട്ട് ചെരിഞ്ഞ് പൊട്ടിയിട്ട്. അതിനും മുമ്പ് ഭഗവതിയുടെ നടക്കൽ വെളിച്ചപ്പാട് കമിഴ്ന്നടിച്ചു വീണു. കെടന്ന കെടപ്പിൽ പോയി. ''
പെരുവിരലിൽനിന്നു പടരുന്ന വിറയുമായി ഞാനാ വിവരണം കേട്ടുനിന്നു.

""ഉറുമ്പിൻ കൂട് തട്ടിയിട്ട് എളക്കി തെരഞ്ഞ് നോക്കിയിട്ട് ഒരെണ്ണത്തിനെ പിടിച്ച് പിശ്ക്കും പോലെ മൂപ്പര് ഒരാളെ അങ്ങ്ട് പിശ്ക്കും. അത്രേന്നെ. ''
മായാണ്ടിയുടെ കണ്ണുകൾ അസാമാന്യമായി തിളങ്ങി.
നീറാക്കോട് കവലയിൽ ""അമ്മ സ്റ്റുഡിയോ''യുടെ വരാന്തയിലെ ഉയരമുള്ള പടികളിൽ ഞങ്ങളിരുന്നു. ശിവൻ കോവിലിൽനിന്ന് വരുന്ന വേലയുടെ തുടക്കം പാണരുടെ ഓലക്കുടയും പിടിച്ചുള്ള പാങ്കളിയാണ്. അതവരുടെ അവകാശമാണ്. പല തട്ടുകളായി ഉയരത്തിലുള്ള കമ്പിൽ നിറയെ കുരുത്തോല തൊങ്ങലിട്ട് താളത്തിൽ തിരിച്ച് അവരുടെ സംഘം എത്തിത്തുടങ്ങി. ചെറിയ കുറുങ്കുഴലിന്റെ നേരിയ ശബ്ദവും അസംസ്‌കൃതമായ ചെണ്ടയുടെ വലന്തലയും. കണ്യാർ കെട്ടിയ കൊച്ചുപയ്യൻ താളത്തിൽ ചുവടുവെയ്ക്കുന്നുണ്ട്.
വേലയുടെ ചടങ്ങുകൾ ഓരോന്നായി മായാണ്ടി എനിക്കു വിശദീകരിച്ചുതന്നു.
പിന്നാലെ തപ്പട്ടകൊട്ടിക്കൊണ്ടുള്ള സംഘമെത്തി.
""ഠണക്കുറുകുറു ഠണക്കുറുകുറു'' എന്ന വായ്ത്താരിയിൽ തുടങ്ങി മുറുകി മുറുകി ചുറ്റുമുള്ളവരെ മുഴുവൻ ഉന്മാദനൃത്തത്തിലെത്തിച്ച് വലിയ ഒച്ചയിൽ തപ്പട്ടസംഘം നീങ്ങി.

മായാണ്ടി വയ്യാത്ത കാലും വേച്ചുവേച്ച് എഴുന്നേറ്റ് ആ താളത്തിനൊത്ത് പതുക്കെ ചുവടുവെയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു. എന്നെ തള്ളിമാറ്റി അയാൾ ആ കൂട്ടത്തിലേക്കിറങ്ങി. മൂക്കറ്റം കുടിച്ച് ശരീരം മുഴുവൻ വിയർപ്പിലാറാടിയ ചെറുപ്പക്കാരുടെ മധ്യത്തിലേക്ക് മായാണ്ടി ചെന്നതും ആർപ്പുവിളിയുയർന്നു. എല്ലാവരുംകൂടി അയാളെ കളിക്കാൻ പ്രോത്സാഹിപ്പിച്ചു. തിരക്കിനിടയിൽ ചെന്ന് അയാളെ തിരിച്ചുവിളിക്കാൻ നോക്കി ഞാൻ പരാജയപ്പെട്ടു. അടുത്തു പിന്നാലെ വരുന്ന ശിങ്കാരിമേളത്തിന്റെ ചടുലതാളത്തിലേക്ക് അയാൾ ഊർന്നുവന്നു. മേളത്തോടൊപ്പം ഇത്തവണ മയിൽനൃത്തംകൂടിയുണ്ട്. എട്ടുപത്തുപേർ പീലിവിടർത്തിയ മയിലിന്റെ പുറത്തുകയറി ശൂലവുംപിടിച്ച് കിരീടവും പട്ടുടയാടകളുമണിഞ്ഞ് അതിവേഗം നൃത്തംവെയ്ക്കുന്നു. മുരുകനാണോ മറ്റെന്തെങ്കിലും ദേവതകളാണോ എന്നറിയുന്നില്ല. എന്തായാലും വലിയ പീലിക്കെട്ടുമായി ചുറ്റിത്തിരിഞ്ഞ് താളച്ചുവടുവെക്കുന്ന അവരുടെ ചലനങ്ങൾക്ക് വല്ലാത്തൊരു ഉന്മാദമുണ്ടായിരുന്നു. മുപ്പതോളം ചെണ്ടക്കാർ യൂനിഫോമിട്ട് മുന്നോട്ടും പിന്നോട്ടും ചാടിത്തുള്ളി ശിങ്കാരിമേളം കൊട്ടുന്നതും ഉള്ളുതുടിക്കുന്ന വിസ്മയമായി. മായാണ്ടി അവർക്കിടയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ആരൊക്കെയോ പിടിച്ച് മാറ്റിനിർത്തി. ഞാൻ അയാൾക്കരികിലേക്ക് ചെന്ന് തോളിൽപിടിച്ച് താങ്ങി. വിയർപ്പിൽകുതിർന്ന് അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

""ഏട്ടാ.. വാ.. വയ്യാതെയിരിക്ക്യല്ലേ.. കാല് ഇനിയും ഇളക്കണ്ട. ദാ ആ കടയുടെ പടിയിൽ ചെന്നാൽ എല്ലാം കാണാം. വാ ഏട്ടാ.. ''
ഞാൻ കെഞ്ചിവിളിച്ചു. അയാൾ എന്റെ കൈ തട്ടി മാറ്റി, വേലയിലെ അടുത്ത ഇനത്തിലേക്ക് ഏന്തിവലിഞ്ഞുനോക്കി. ഇനി വണ്ടിവേഷങ്ങളുടെ വരവാണ്.
""വാ... വാ... '' എന്നയാൾ ആക്രോശിച്ചു.
""പണ്ടൊക്കെ കാളവണ്ടിയിലാ വേഷങ്ങളൊക്കെ വര്വാ. ഇപ്പൊ ദാ ട്രാക്ടറും ലോറീം ഒക്കെ ആയിരിക്കണു. ''
ആൾക്കൂട്ടം വണ്ടിവേഷങ്ങളുടെ അരികിൽ തിങ്ങിനിറഞ്ഞുവരുന്നതു കണ്ട് ഞാൻ മായാണ്ടിയെ അടുത്തുള്ള കടത്തിണ്ണയിലേക്കു കയറ്റി. പെട്ടെന്ന് എന്റെ കൈത്തണ്ടയിൽ മുഴുവൻ ഭാരവും അമർത്തി അയാൾ രണ്ടുകാലിൽ നിൽക്കാൻ പ്രയാസപ്പെട്ടു.

""തല ചുറ്റ്ണു മേനേ.... ഒന്നു പിടിയ്ക്കീ.... ''
""ഇവിടെ ഇരിക്കിൻ. ഒന്നും പേടിയ്ക്കണ്ട. ''
ഞാൻ അടുത്തുള്ള കടയിൽ ഒരു ഉപ്പിട്ട നാരങ്ങസോഡ പറഞ്ഞു.
അത് കിട്ടിയതും വലിച്ചുകുടിച്ച് ബാക്കിയായ സോഡ മുഖമുയർത്തി ഒഴിച്ചു. അപ്പോഴേക്കും വണ്ടിവേഷങ്ങൾ അടുത്തെത്തിക്കഴിഞ്ഞു. വെള്ളപ്പൊക്കം പോലെ ഇരുകരയും നിറഞ്ഞുകവിഞ്ഞ് പുരുഷാരം ഒഴുകിയെത്തുകയാണ്. പെട്ടെന്ന് വലിയൊരു ആരവം ആൾക്കൂട്ടത്തിൽനിന്നും കേട്ടതും ആകെ പരിഭ്രമമായി. ആനയിടഞ്ഞു എന്നൊക്കെ ആളുകൾ ഉച്ചത്തിൽ പറയുന്നതുകേൾക്കാം. പക്ഷേ അതല്ല, പെട്ടെന്ന് അത്രയുംനേരം തൂങ്ങിപ്പിടിച്ചുനിന്ന മഴ ആകാശംപൊട്ടി ഒന്നടങ്കം വീണുതുടങ്ങിയതാണ്. മഴയിൽനിന്ന് രക്ഷനേടാനായി ആളുകൾ കടത്തിണ്ണകളിലേക്ക് ഓടിക്കയറി. ഞങ്ങൾനിന്നിടം മുഴുവൻ തിക്കും തിരക്കുമായി. ചെണ്ടക്കാർ അതു നനയാതിരിക്കാനായി മുണ്ടുകൊണ്ടുമറച്ച് ഓടിക്കയറുന്നു. വേഷക്കാർ വണ്ടിയിൽനിന്ന് ചാടിയിറങ്ങുന്നു. കടയോരത്തെ ഇത്തിരി ഇടങ്ങളിലേക്ക് ആ ജനസമുദ്രം മുഴുവൻ ഞരങ്ങിക്കയറിക്കൂടി. അത്രയ്ക്ക് ശക്തമായ മഴ. ചരൽവാരിയെറിയുംപോലെ ഒച്ചയും അലർച്ചയും. തിരക്കിനിടയിൽ അത്രയും നേരം എന്റെ കൈപിടിച്ചു നിന്നിരുന്ന മായാണ്ടിയെ കാണാതായി. അയാൾക്കായി ഞാൻ പെരുവിരലിൽ ഉയർന്നുനിന്ന് അവിടം മുഴുവൻ തിരഞ്ഞു. വണ്ടിവേഷങ്ങളുടെ വാഹനങ്ങളിൽ ഉച്ചത്തിൽ വച്ചിരുന്ന പാട്ടും ലൈറ്റുമൊക്കെ നിലച്ചു. നീറാക്കോട് മൊത്തം വൈദ്യുതിബന്ധം നഷ്ടമായി. ജനറേറ്ററിൽ വെള്ളം കയറാതിരിക്കാനായി അത് ഓഫ്‌ചെയ്ത് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് അവ മൂടിക്കെട്ടി. വലിയ സ്പീക്കറുകളും ലേസർ ലൈറ്റുകളും മഴയുടെ പ്രഹരത്തിൽനിന്നു രക്ഷിക്കാൻ അവർ പാടുപെട്ടു. പഞ്ചവാദ്യക്കാർ മഴമറവിലേക്കു മാറിയെങ്കിലും ആനപ്പുറത്തിരിക്കുന്നവർ നിന്നു നനയുന്നുണ്ടായിരുന്നു. കള്ളുഷാപ്പിലേക്കുള്ള പടവുകളിറങ്ങി വെളിച്ചപ്പാട് ആർത്തുവിളിച്ചുകൊണ്ട് ഓടുന്നതുകണ്ട് കുത്തുവിളക്കും ഭസ്മപ്പെട്ടിയും പിടിക്കുന്നവർ പിന്നാലെ പാഞ്ഞു!
എന്തൊരു മഴ!

കൈലാസത്തിന്റെ വലിയ കട്ടൗട്ട് വച്ച ട്രാക്ടറിൽ പെയിന്റ് ഉരുകിയൊലിച്ച് അതിനുതാഴെയുള്ള "സി.പി.എം. സംസ്ഥാന സമ്മേളന'ത്തിന്റെ എഴുത്ത് തെളിഞ്ഞുവന്നു. ഗീതോപദേശത്തിന്റെ വണ്ടിയിൽ കുതിരകളുടെ തല ഇളകി അടർന്ന് വികൃതജീവി കളായി മാറി. ഇത്തവണത്തെ വലിയ ആകർഷണം "പുഷ്പകവിമാന'മായിരുന്നു. വലിയ ഹൈഡ്ര ക്രെയിനിന്റെ അറ്റത്തെ കൊളുത്തിൽ വടംകെട്ടി ചിറകുവിരുത്തിയ അരയന്നത്തിന്റെ രൂപത്തിൽ ഒരു വിതാനമുണ്ടാക്കി അതിൽ സീതയെ അപഹരിച്ചുകൊണ്ടുപോകുന്ന രാവണന്റെ പ്ലോട്ട്. അമ്പതുമീറ്റർ ഉയരത്തിൽ ആകാശത്തുകൂടി അതിങ്ങനെ പറന്നുവരുന്നത് വല്ലാത്തൊരു കാഴ്ചയായിരുന്നു. മഴ പൊട്ടിവീണപ്പോൾ രാവണന്റെ വെപ്പുതലകൾക്കൊക്കെ വൈകല്യം സംഭവിച്ചു. ക്രെയിൻ പതുക്കെ താഴെയിറക്കുമ്പോഴേക്കും കാറ്റത്ത് ഒരുവശത്തെ വലിയ ചിറക് അടർന്നു തൂങ്ങി. അതിന്റെ ആഘാതത്തിൽ ചരിഞ്ഞാടിയ പുഷ്പകവിമാനത്തിൽ നനഞ്ഞൊലിച്ച് രാവണനും സീതയും പരസ്പരം കെട്ടിപ്പിടിച്ച് പരമദയനീയമായി മോങ്ങുന്നുണ്ടായിരുന്നു.
മായാണ്ടി ഇതൊന്നും കാണുന്നില്ലേ?
പ്ലോട്ടുകൾ പലതും പിന്നാലെ നിരന്നു കിടന്നു. അതിൽനിന്നും വേഷങ്ങൾ ഇറങ്ങിയോടുന്നുണ്ട്.
ഞാൻ മായാണ്ടിയെ തിരഞ്ഞ് മഴയിലേക്കിറങ്ങി. ഏതുനിമിഷവും വിഷം കയറി ബോധം കെട്ടുപോകാൻ നിൽക്കുന്ന, കാലിൽ നേരാംവണ്ണം ഊന്നിനിൽക്കാൻ കെല്പില്ലാത്ത, അയാൾ ഈ പെരുമഴയത്ത് എവിടേക്കാണ് ഇറങ്ങിമറഞ്ഞത്?

കത്തുന്ന മഴയിൽ ഞാൻ ആൽത്തറ ഗണപതിയുടെ സന്നിധിയിലെ ആ കാഴ്ച കണ്ടു. മേലാകെ ഉരുകിയൊലിക്കുന്ന കലിമഴയിൽ മായാണ്ടി സ്വന്തം ഷർട്ടും ഉടുമുണ്ടും ഉരിഞ്ഞ് നഗ്‌നനാവുന്നു. ഉച്ചത്തിൽ, ഉച്ചത്തിൽ നാമങ്ങൾ ജപിച്ച്, ഇരുവശത്തും നിരന്നുനിൽക്കുന്ന ദൈവങ്ങളുടെ അടുത്തേക്ക് വേച്ചുവേച്ച് നടന്നടുക്കുന്നു. ഒരുവശത്ത് ശിവനും പാർവ്വതിയും ഉണ്ണിഗണപതിയും കുമാരനും നിരന്നുനിൽക്കുന്നതുകണ്ട് അവരുടെ കാൽക്കൽ ചെന്ന് സാഷ്ടാംഗം നമസ്‌ക്കരിക്കുന്നു. മഴയിൽ അയാൾ പൊട്ടിക്കരയുന്നുണ്ട്. ഉടനെയെണീറ്റ് എതിർവശത്തെ ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനും മുന്നിലേക്ക് ഇഴഞ്ഞിഴഞ്ഞുചെന്നു. ""രാമരാമാ രാമരാമാ'' എന്ന് അലറിവിളിച്ച് അവരുടെ കാലുതൊട്ടുവന്ദിച്ചതും രൗദ്രരൂപിണിയായ മഹിഷാസുരമർദ്ദിനിയെ കണ്ട് അങ്ങോട്ട്. അപ്പുറം മേലാകെ കറുപ്പും വെള്ളിയും വരകളുള്ള ഉടയാടകളണിഞ്ഞ് നാഗകന്യകമാരെ കണ്ട് നെഞ്ചത്തടിച്ചയാൾ നിലവിളിച്ചു. കാലിലെ വ്രണങ്ങളും വെട്ടുകളും ചൂണ്ടി അവരോട് അയാൾ കെഞ്ചിക്കേണു. ""മതിയായില്ലേ... മതിയായില്ലേ...'' എന്ന് ഉച്ചത്തിൽ ആക്രോശിച്ചു.

ആളുകൾ ഓടിയിറങ്ങിച്ചെന്ന് അയാളെ മുണ്ടുടുപ്പിക്കാൻ ശ്രമിച്ചതും അയാൾ പൊട്ടിത്തെറിച്ചു.
""ഫ... പുണ്ടറാമക്കളേ... എന്നെ തൊടാൻ വന്നാ ഞാ അരിഞ്ഞുകളയും...''
അയാൾ സ്വർഗ്ഗത്തിലായിരുന്നു. സ്വർഗ്ഗത്തിലെ മഴയിൽ. ദൈവങ്ങളുടെ തിരുസന്നിധിയിൽ. അവിടെ ഭൂമിയിലെ നിയമങ്ങൾ ബാധകമല്ലായിരുന്നു. ആളുകൾ പേടിച്ചരണ്ട് നിൽക്കുന്ന ആ നിമിഷങ്ങൾ പിന്നെയും നീണ്ടു.
പിന്നെ മഴ ശമിച്ചപ്പോൾമാത്രമാണ് അയാൾ നഗ്‌നനായത്. അപ്പോഴേക്കും മഴകഴുകിയൊരുക്കിയ ടാറിട്ട പാതയുടെ ഒത്തനടുക്ക് അയാൾ വീണുകഴിഞ്ഞിരുന്നു. ആർക്കും അടുക്കാൻ ധൈര്യം കാണിക്കാത്ത ആ കാത്തിരിപ്പിന്റെ ഇടവേളയിൽ ഞാൻ പതുക്കെ മായാണ്ടിയുടെ അടുത്തേക്കു ചെന്നു. ചേറിൽ കുതിർന്ന അയാളുടെ മുണ്ട് കുടഞ്ഞുപിഴിഞ്ഞ് അയാൾക്കു നീട്ടിയപ്പോൾ അനുസരണയോടെ അയാളതു വാങ്ങി, പതുക്കെ വേച്ചെണീറ്റ് അരയിൽ ചുറ്റി. ആളുകൾ തിരിച്ചിറങ്ങി, വേല തുടരുന്ന ബദ്ധപ്പാടു തുടങ്ങിയപ്പോൾ എന്റെ തോളിൽ താങ്ങി നിന്നുകൊണ്ട് അയാൾ പതുക്കെ പറഞ്ഞു,
""ഇദൊക്കെ മായാണ്ടീന്റെ ഒരു ഇദല്ലേ... പിന്നെന്തു മൈരിനാണ് ഞാനെന്റെ പേരിൽ "മായ'യും കൊണ്ടു നടക്കണത്... '' ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ടി. ശ്രീവത്സൻ

കഥാകൃത്ത്​. പാലക്കാട്​ ചിറ്റൂർ ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ആംബുലൻസ്​, നിസ്സാരോപദേശകഥകൾ, നവ​മനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments