വി. പ്രവീണ

മെലഡി മിറാൻഡയുടെ പൂച്ച

ഞാൻ മെലഡി മിറാൻഡയുടെ പൂച്ച.

പൂച്ചകൾക്ക് നിറങ്ങൾ അറിയാൻ കഴിയുമോ, മധുരം രുചിക്കാൻ കഴിയുമോ എന്നൊക്കെയുള്ള കാര്യങ്ങളിൽ മനുഷ്യരുടെ ചർച്ചകൾ ഒരുപാട് കേട്ടിട്ടുള്ള ഒരു സാധാരണ പൂച്ച. എന്റെ യജമാനത്തി നല്ല ഒന്നാന്തരം പാചകക്കാരി കൂടിയായിരുന്നു. ശർക്കരയിട്ടു കുറുക്കിയ ഇഞ്ചിപ്പുളി, കുടംപുളിയിട്ടു വറ്റിച്ച കുഞ്ഞുമത്തി, വറുത്തരച്ച കോഴിക്കറി, റവയിൽ മുക്കിപ്പൊരിച്ച അയല, കുമ്പളങ്ങാത്തീയൽ... ഈ മണങ്ങൾകൂടിയായിരുന്നു അവരെനിക്ക്. അതുകൊണ്ടാണ് അവർക്കൊരു പേരിടുന്ന കാര്യത്തിൽ എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടി വന്നത്.

വരുമാനമുള്ളൊരു ജോലിയും കാണാൻ നല്ല മെനയും ഉണ്ടായിട്ടും ഭർത്താവും മക്കളും ഉൾപ്പെടെയുള്ള കുടുംബക്കാർ അവരെ വാഴ്ത്തിയതുമുഴുവനും കൈപ്പുണ്യത്തിന്റെ പേരിലായിരുന്നു. അവരുണ്ടാക്കുന്ന പുളിശ്ശേരി മകനും തേങ്ങാപ്പാലൊഴിച്ച മീൻകറി ഭർത്താവിനും മുകളിൽ വറ്റൽമുളക് തൂകിയ എരിശ്ശേരി മകൾക്കും പ്ലാവ് പ്രസവിക്കുന്ന മാസങ്ങളിൽ ചില്ലുജാറുകൾ നിറയ്ക്കുന്ന ചക്കപ്പഴജാം അയൽപക്കക്കാർക്കും അത്ര കണ്ട് പ്രിയമായിരുന്നു. അവരുടെ കഴിവുകളിൽ അടുത്ത കൂട്ടുകാർ പോലും അസൂയയില്ലാതെ അംഗീകരിച്ച മികവ് പാചകത്തിന്റേതു മാത്രമായിരുന്നു എന്ന കാര്യം അവരുടെയൊക്കെ കണ്ണുകളിൽ നിന്ന് പലയാവർത്തി ഞാൻ വായിച്ചെടുത്തിട്ടുണ്ട്.

ഇപ്പോൾ നിങ്ങളുടെയൊക്കെ മനസ്സിലുള്ള സംശയം മറ്റൊന്നാണെന്ന് എനിക്കറിയാം. പൂച്ചയായ ഞാൻ മനുഷ്യസ്ത്രീയായ അവർക്കെന്തിനാണ് പേരിടുന്നതെന്നതല്ലേ. ആ സംശയത്തിൽ കാര്യമുണ്ട്. മെലഡി മിറാൻഡയുടെ ശരിയായ പേര്, അതായത് നിങ്ങൾ മനുഷ്യർ അവരെ വിളിച്ചിരുന്ന പേര്, മറ്റെന്തോ ആയിരുന്നു. അവരെ ആ പേര് വിളിക്കാൻ പൂച്ചയായ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല എന്നുവേണം പറയാൻ. അതിന്റെ കാരണം നിങ്ങൾ മനുഷ്യർക്ക് മനസ്സിലാകുമോ എന്ന് എനിക്കറിയില്ല.

ഏത് പൊരുൾ അറിഞ്ഞിട്ടാണ് നിങ്ങൾ ഞങ്ങൾ ജന്തുക്കൾക്ക് പൂച്ച, പട്ടി, കാള, പോത്ത്, വെരുക്, ഉടുമ്പ്, മുള്ളൻപന്നി എന്നിങ്ങനെയൊക്കെയുള്ള പേരുകൾ ചാർത്തിയിരിക്കുന്നത്. താന്താങ്ങളെ മനുഷ്യകുലജാതർ ഇന്നയിന്ന പേരിട്ടാണ് വിളിക്കുന്നതെന്ന തോന്നൽ ജന്തുലോകത്ത് ഏതെങ്കിലുമൊരു വിഭാഗത്തിന് അറിയുമോ. കുറച്ചുകൂടി ലളിതമാക്കി പറയാം. ഈ ലോകത്ത് ഏതു പൂച്ചയ്ക്കറിയാം തന്റെ വംശം പൂച്ച എന്ന രണ്ടക്ഷരപ്പേരിൽ സൂചിപ്പിക്കപ്പെടുന്നതാണെന്ന്. താൻ സ്വയമൊരു പട്ടിയാണെന്ന തിരിച്ചറിവുള്ള ഏതെങ്കിലും നായ ഈ ലോകത്തുണ്ടോ. കുയിൽ, കാക്ക, മൈന, ഇരട്ടവാലൻ എന്നിങ്ങനെയുള്ള പക്ഷികളുടെ കാര്യം കൂടിയാണ് ഞാനീ പറയുന്നത്. സ്വന്തം പേര് തിരിച്ചറിയാതെ ഈ ലോകത്ത് ജീവിക്കേണ്ടി വരുന്ന ഗതികേട്. അനീതിയാണ്. നീതിക്കായി വാദിക്കുന്ന നിങ്ങൾ മനുഷ്യർ പേരു ചാർത്തിത്തന്ന് ഞങ്ങളെ തള്ളിയിട്ടത് അനീതിയുടെ പടുകുഴിയിലേക്കാണ്. ആത്യന്തികമായി ഓരോ മനുഷ്യനും വിരലിലെണ്ണാവുന്ന അക്ഷരങ്ങളിലും ഓന്നോ രണ്ടോ വാക്കുകളിലും ഒതുങ്ങുന്ന വെറുമൊരു പേര് മാത്രമായി ഭൂലോകത്ത് അവശേഷിക്കാൻ വിധിക്കപ്പെട്ടവരാണെന്ന സത്യം നിങ്ങളാരെങ്കിലും എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ.

ഇപ്പോൾ ഇങ്ങനെയുള്ള ധാർമികരോഷത്തിന് പറ്റിയ സമയമല്ല എന്ന് എനിക്കറിയാം. പ്രത്യേകിച്ചും യജമാനത്തി മരണപ്പെട്ട ഒരു പൂച്ച എന്ന നിലയിൽ അവരുടെ ഓർമയിൽ കണ്ണീർ തൂകേണ്ട ഈ വേളയിൽ. ആ മരണത്തെപ്പറ്റി ഇപ്പോൾ നിങ്ങളോട് പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. രോഷത്തിന്റെ പുറത്ത് സമയംതെറ്റിപ്പറഞ്ഞു പോയതാണ്.

കാര്യങ്ങൾ പറയാനുദ്ദേശിച്ച ക്രമത്തിൽ തന്നെ പറഞ്ഞുപോകാനാണ് എന്റെ പദ്ധതി. തത്കാലം മെലഡി മിറാൻഡയുടെ മരണകാര്യം നിങ്ങൾ മറക്കണം. അവരുടെ പേരിലേക്ക് മടങ്ങിവരാം. അവരുടെ ശരിയായ പേര് ജന്തുവംശത്തോടുള്ള അലംഘനീയമായ കടപ്പാട് മുൻനിർത്തി ഞാനിവിടെ രഹസ്യമാക്കി വെക്കുകയാണ്. മനുഷ്യകുലത്തോടുള്ള ദോഷകരമല്ലാത്ത പകപോക്കലിന്റെ ഭാഗമായി ഞാനവരെ വിളിച്ചിരുന്ന പേരാണ് മെലഡി മിറാൻഡ എന്നത്. പൂച്ചയാണെങ്കിലും ഒരു മനുഷ്യസ്ത്രീക്ക് പേരിടുമ്പോൾ അതവരുടെ വ്യക്തിത്വത്തിന് നിരക്കുന്നതാവണമെന്ന, ഒരു മനുഷ്യനും ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത അടിസ്ഥാനപരമായ സാമാന്യബോധവും അനുകമ്പയും എനിക്കുണ്ടായിരുന്നു. ഞാനിപ്പോഴും അതോർത്ത് അഭിമാനിക്കുന്നു.

പരക്കെ മാനിക്കപ്പെട്ട അവരുടെ പാചകനൈപുണ്യം കണക്കിലെടുത്ത് നിങ്ങൾ മനുഷ്യരുടെ ഇഷ്ടരുചിയായ മധുരവും ദൗർബല്യമായ ലഹരിയും ഇഴചേരുന്ന തീർത്തും മതരഹിതമായ ഒരു പേര് ഉറപ്പിക്കാൻ ഞാൻ എത്ര ദിവസമെടുത്തെന്നോ. ആ ചിന്താപ്രക്രിയയുടെ ഫലമായി എന്റെ വാൽ രോമം പൊഴിച്ചു. എങ്കിലും ഒടുവിൽ ആ നാമകരണം നൽകിയ സംതൃപ്തിയിൽ നഷ്ടപ്പെട്ടതിനേക്കാൾ പത്തിരട്ടി രോമം തിരികെ തന്ന് എന്റെ ശരീരം ആനന്ദത്തിൽ പങ്കാളിയായി.

കാടുകാണാത്ത ഞാൻ പറഞ്ഞുപറഞ്ഞ് കാടുകയറുന്നത് ശരിയല്ല. യജമാനത്തിയിലേക്കും കുടുംബത്തിലേക്കും മടങ്ങിവരേണ്ടതുണ്ട്. പൂച്ചയായ ഞാൻ ഈ കുടുംബത്തിലേക്ക് അതായത് ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന മെലഡി മിറാൻഡയുടെ കുടുംബത്തിലേക്ക് വളർത്തു മൃഗമായി എത്തിയിട്ട് നിങ്ങൾ മനുഷ്യരുടെ കണക്കിൽ കൊല്ലം ഒന്നാകുന്നതേയുള്ളൂ. കൃത്യമായി പറഞ്ഞാൽ മെലഡി മിറാൻഡയുടെ ഇളയ സന്തതിയായ പെങ്കൊച്ചിന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ഞാൻ ഈ കുടുംബത്തിലേക്ക് കാലെടുത്തുവച്ചു. ഓമനിക്കാൻ ഒരു പൂച്ച വേണമെന്ന കൊച്ചിന്റെ നിർബന്ധമായിരുന്നു അതിനു കാരണം. അതുവരെയുള്ള ഹ്രസ്വജീവിത സന്ധിയിൽ കാട്ടം നിറഞ്ഞ കീടങ്ങളാർത്ത ഒരു കടമുറിക്കുള്ളിൽ ചെറുതും വലുതുമായ പലതരം ജന്തുക്കൾക്കൊപ്പമായിരുന്നു എന്റെ താമസം. സമാനദുഃഖം പേറുന്ന അനവധി ജന്തുക്കൾക്കിടയിൽ കമ്പികൊണ്ടുണ്ടാക്കിയ ഒരു കുടുസ് കൂടിനുള്ളിൽ ഏകാന്തജീവിതം. ആ നരകത്തിൽ നിന്നാണ് ആകാശത്തെ നട്ടുപിടിപ്പിച്ച വലിയ ജനലുകളുള്ള വൃത്തിയുള്ള ഈ വീട്ടിലേക്ക് ഞാനെത്തുന്നത്. പെങ്കൊച്ചും രണ്ടുവയസ്സിന് മൂത്തവനായ ആൺചെറുക്കനും ആദ്യ ദിവസങ്ങളിൽ നിലത്തുവെക്കാതെ എന്നെ സ്നേഹിച്ചു.

പക്ഷേ, പുതിയ സന്തോഷങ്ങൾ ഓരോന്നായി വന്നതോടെ അവർക്ക് ഞാൻ വെറും പൂച്ചയായി മാറി. എങ്കിലും മനസ്സിലാക്കാനാവാത്ത ദയാവായ്പോടെ യജമാനത്തി അരുമക്കുഞ്ഞിനെ എന്നപോലെ എന്നെ പോറ്റി. രണ്ടു ദിവസത്തിന്റെ ഇടവേളകളിൽ അവരെന്നെ കുളിപ്പിച്ചു തുവർത്തി, എന്റെ പാത്രങ്ങൾ അഴുക്കുപറ്റാതെ കഴുകി വൃത്തിയാക്കി, പൊഴിയുന്ന രോമങ്ങളെ മുറുമുറുപ്പില്ലാതെ അടിച്ചുവാരി പറമ്പിലേക്ക് പറത്തി. എന്റെ മുരൾച്ചകളിലും സീൽക്കാരങ്ങളിലും ഇണയില്ലാ ദുഃഖത്തിന്റെ നിഴൽ കണ്ടപ്പോഴൊക്കെയും അവർ ഞാനുമായി മൃഗചികിത്സകനടുത്തെത്തി. ശരീരസുഖം നിഷേധിക്കപ്പെടുകയാണെന്ന തോന്നൽ ചുരുക്കിപ്പറഞ്ഞാൽ എനിക്കുണ്ടായിട്ടില്ല. അവരുടെ ലാളനകളിൽ മാഞ്ഞുപോകുന്ന പ്രയാസങ്ങളേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. എല്ലാംകൊണ്ടും നന്ദി തോന്നിയ നിമിഷത്തിലാണ് എനിക്കു മാത്രം വിളിക്കാൻ അവർക്കൊരു പേര് വേണമെന്ന ചിന്ത എനിക്കുണ്ടാവുന്നത്. വിജകരമായി ഞാനാ കർമം പൂർത്തിയാക്കിയ ദിവസം പൊതുവേ സ്നേഹം പ്രകടിപ്പിക്കാൻ പിശുക്കുള്ള ഞാൻ അവരുടെ ഇടതുകാലിൽ പതിവിലധികം നേരം ഉരുമ്മി. വിരലുകളിൽ ഞാൻ പൂച്ചകളുടേതായ ഉമ്മ പതിപ്പിച്ചു.

മെലഡി മിറാൻഡയുടെ സത്രീജീവിതം പൂച്ചയായ എന്റെ ഉള്ളിലും സ്ത്രീത്വം ഉണർത്തി. അവരെന്തൊരു കുടുംബിനിയായിരുന്നു. ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടാനിഷ്ടങ്ങൾ ചോദിക്കാതെ മനസ്സിലാക്കാനുള്ള അവരുടെ പാടവം. അത് പഠിച്ചെടുക്കേണ്ടതെങ്ങനെയെന്ന ചിന്തയിൽ ഞാൻ ദിവസങ്ങളോളം ഉഴറി. അവരുടെ കുടുംബ ജീവിതം അസൂയാവഹമായിരുന്നു. തികഞ്ഞ സസ്യാഹാരിയായ അവർ ഇറച്ചിപ്രിയനായ ഭർത്താവിനു വേണ്ടി ഒരുദിവത്തെ ഒഴിവില്ലാതെ മാംസം പാകംചെയ്തു. അയാളുടെ രുചിപ്പാകങ്ങളെല്ലാം അവർക്ക് മനഃപ്പാഠമായിരുന്നു. അവരുണ്ടാക്കിവെക്കുന്ന കറിത്തരങ്ങളുടെ മസാല ഗന്ധമേറ്റ് അയാളുടെ തൊണ്ടക്കുഴിയിലൂടെ കൊതിച്ചാലിറങ്ങിപ്പോകുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്.

പൂച്ച എന്ന നിലയിൽ എനിക്ക് കടുത്ത ആത്മനിന്ദ തോന്നി. പക്ഷി മൃഗ കീട കുലത്തോട് അവജ്ഞ തോന്നി. വൈവിദ്ധ്യങ്ങളുടെ ഇണചേരലായ മനുഷ്യകുടുംബ സംവിധാനത്തോട് അടക്കാനാവാത്ത ആസക്തി തോന്നി. സസ്യാഹാരിയായ മെലഡി മിറാൻഡ. മാംസാഹാരിയായ അവരുടെ ഭർത്താവ്. എന്തൊരു പാരസ്പര്യമാണത്. ഏത് ജന്തുവിനാകും ഇങ്ങനെയൊരു ജീവിതം. മാംസാഹാരിക്ക് മാംസാഹാരിയും സസ്യാഹാരിക്ക് സസ്യാഹാരിയുമെന്ന ജന്തുനിയമത്തോട് എനിക്ക് അറപ്പ് തോന്നി. പ്രകൃതിയുടെ ഈ ഇരട്ടത്താപ്പ് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

മെലഡി മിറാൻഡയുടെ കുടുംബജീവിതം എന്റെ പൂച്ചമനസ്സിൽ ഒരുപാട് ആഗ്രഹങ്ങളുടെ വിത്തുപാകി. അവരുടെ ലൈംഗികതയും ഭർത്താവിനോടും മക്കളോടുമുള്ള പാളിച്ചയില്ലാത്ത വിധേയത്വവും ആ വിത്തുകൾ പൊട്ടിമുളയ്ക്കാൻ വേണ്ടുന്ന മഴയായി. ഇതെല്ലാം കണ്ട് പൂച്ചസ്ത്രീകളുടെ കണ്ടപടിയുള്ള ജീവിതത്തോട് പുച്ഛമല്ലാതെ മറ്റെന്ത് തോന്നാൻ. കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പറിയാത്ത നിസ്സാര ജന്മങ്ങൾ. കുടുംബം എന്ന മനോഹര വ്യവസ്ഥ നിലനിർത്താൻ സ്ത്രീക്ക് മേന്മയുണ്ടാകണമെന്ന പാഠം മെലഡി മിറാൻഡയിൽ നിന്ന് ഞാൻ മനസ്സിലാക്കി. പൂച്ചലോകത്ത് സാംസ്കാരികമായ ഔന്നത്യം സാധ്യമാകാൻ പൂച്ചയായ ഞാൻ തുനിഞ്ഞിറങ്ങേണ്ടതുണ്ടെന്ന് മനസ്സിലുറപ്പിച്ചു.

മെലഡി മിറാൻഡ വീട്ടിലില്ലാത്ത അപൂർവം ചില ദിവസങ്ങളിൽ ആ വീട് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും അഴുക്കാലയായി. വിഴുപ്പ് കുന്നുകൂടി. എച്ചിൽപാത്രങ്ങൾ നാറ്റം പരത്തി, ഞാൻ അജീർണമറിഞ്ഞു. വീടിനെ വീടാക്കുന്ന എന്തോ മായാജാലം അവരുടെ പക്കലുണ്ട്. ലക്ഷണമൊത്തൊരു പൂച്ചസ്ത്രീയാകാൻ ഞാനും ആ മായാജാലം പഠിക്കേണ്ടതുണ്ട്. അങ്ങനെ വീട് വീടല്ലാതായ അപൂർവം വേളകളുടെ അവസാനങ്ങളൊക്കെയും കൊതിപ്പിക്കുന്നതായിരുന്നു.

മെലഡി മിറാൻഡയുടെ മടങ്ങിവരവ്.

മനുഷ്യക്കുഞ്ഞുങ്ങളുടെ കഥകളിലെ മാന്ത്രികന്മാരുടെ വരവുപോലെ. മന്ത്രവടിയൊന്നും കൈയിലില്ലാതെയും മെലഡി മിറാൻഡ നിമിഷ നേരം കൊണ്ട് അഴുക്കും വീഴുപ്പും അകറ്റി വീട്ടിൽ പ്രകാശം നിറച്ചു. മടങ്ങി വരവുകളുടെ രാത്രികളിൽ മെലഡി മിറാൻഡയെ ഉറങ്ങാൻവിടാതെ ഭർത്താവ് സ്നേഹിച്ചു. ഇനി നിന്നെ ഞാനെവിടേക്കും വിടില്ല എന്നയാൾ പലതവണ അവരോട് ഞൊടിഞ്ഞു. കട്ടിലിനടിൽ ഉറക്കം നടിച്ചു കിടന്ന എന്നെ ആ കൊതിപ്പിക്കുന്ന ആസക്തി ഇക്കിളിപ്പെടുത്തി. എനിക്ക് വരാൻ പോകുന്ന കണ്ടനിൽ ഞാനതാഗ്രഹിച്ചു. സ്വപ്നം കണ്ടു.

മെലഡി മിറാൻഡ രുചിയുടെ, വൃത്തിയുടെ, അടുക്കുംചിട്ടയുടെ മാന്ത്രികയായിരുന്നു. വെറുമൊരു പൂച്ച സ്ത്രീയായ എന്റെ ജീവിതത്തിൽ പുരോഗമന ആശയങ്ങൾക്ക് ഇടമൊരുക്കാൻ അവർക്കായി. ജന്തുക്കളുടെ പ്രാകൃത ജീവിതത്തിലേക്ക് കുടുംബം എന്ന പരിഷ്കൃത സംസ്കാരം കടന്നുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് പൂച്ചയായ എനിക്ക് കൈവന്നിരിക്കുന്നു.

പറ്റിയൊരു കണ്ടനെ കണ്ടെത്തി അയാളുടെ ഭാര്യയായി മെലഡി മിറാൻഡയുടേതുപോലൊരു കുടുംബജീവിതം ജീവിക്കുക എന്റെ സ്വപ്നമായി. കണ്ടൻ അനുവദിക്കുകയാണെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം രണ്ടായി ചുരുക്കണം. കുടുംബത്തിൽ രണ്ട് കുഞ്ഞുങ്ങൾ മതിയെന്ന തീരുമാനം ഭർത്താവിന്റേതായിരുന്നെന്ന് മെലഡി മിറാൻഡ ബന്ധുവായ ഒരു സ്ത്രീയോട് പറയുന്നത് ഒരിക്കൽ ഞാൻ കേട്ടിരുന്നു. രണ്ടുകുഞ്ഞുങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന ചെറിയ പൂച്ച കുടുംബത്തിന് താമസിക്കാനുള്ള ഇടവും ഞാൻ കണ്ടെത്തി. അത് കിണറിനോടു ചേർന്ന ആ വിറകുപുരയായിരുന്നു. മെലഡി മിറാൻഡ വൃത്തിയായി സൂക്ഷിച്ച വിറകുപുരയ്ക്കുള്ളിൽ ഉപയോഗ ശൂന്യമായ മെത്തയും തലയണകളും സൂക്ഷിക്കുന്ന തട്ട്. ഭാവിയിലെ എന്റെ വീട്. കണ്ടനും കുഞ്ഞുങ്ങൾക്കുമൊപ്പം മനോഹര ജീവിതം.

ഇവ്വിധം സ്വപ്നങ്ങൾ കണ്ട് ജീവിക്കുന്നതിനിടയിലാണ് എല്ലാം തച്ചുടച്ച ആ രാത്രി കടന്നുവന്നത്. ഭർത്താവിനും മക്കൾക്കും അത്താഴം വിളമ്പിക്കൊടുക്കുകയായിരുന്നു മെലഡി മിറാൻഡ. ചിക്കൻചാറിന്റെ എരിവ് തലയിൽ കയറി പെട്ടെന്നാണ് അവരുടെ ഭർത്താവ് ചുമയ്ക്കാൻ തുടങ്ങിയത്. ഏതോ തിരക്കിൽ തീന്മേശയിലെ ഗ്ലാസ് ജാർ നിറച്ചു വെക്കാൻ മറന്ന മെലഡി മിറാൻഡ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് ഓടി. അടുക്കള വാതിലിൽ കിടന്ന ചവിട്ടിയിൽ കാൽ തെന്നി അവർ തലയടിച്ചു വീണു. ആ കാഴ്ചയിൽ അവരുടെ ഭർത്താവിന്റെ ചുമ നിന്നു. ടി. വിയിൽ നിന്ന് കണ്ണെടുക്കാതെ ചിക്കനും ചപ്പാത്തിയും തിന്നുകൊണ്ടിരുന്നു പിള്ളേര് രണ്ടും അമ്മേ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് എച്ചിൽ കൈകൾ നീട്ടി അവരുടെ അടുത്തേക്ക് ഓടി.

മെലഡി മിറാൻഡ പിന്നെ എഴുന്നേറ്റിട്ടില്ല. അവരുടെ അസാന്നിധ്യം വെളുത്ത ചുവരുകളുള്ള ആ വീടിനെ എന്ന പോലെ എന്റെ സ്വപ്നങ്ങളെയും ബാധിച്ചു. അവർ തിരികെ വരുന്നതും ആ വരവിൽ അവരുടെ ഇടതുകാലിലെ അരുമവിരലിൽ മൂക്കുരുമ്മുന്നതും ഞാൻ പകൽക്കിനാവ് കണ്ടു. അരപ്പുകളുടെയും തിളപ്പുകളുടെയും മണമൊഴിഞ്ഞ അടുക്കള എന്റെ ദുഖത്തെ എരിവുള്ളതാക്കി. അയയിൽ ആറാനിട്ട അവരുടെ വസ്ത്രങ്ങളിൽ ഞാൻ വാൽ വട്ടംചുറ്റി. അവരുടെ വീഴ്ചയിൽ ഒടിഞ്ഞതും ഒഴിഞ്ഞതും എന്റെ മനസ്സാണ്. ഞാൻ വിശപ്പറിഞ്ഞില്ല. അവർ തലതല്ലി വീണ അതേ ചവിട്ടിയിൽ ആ വീട്ടിൽ അവർ അവശേഷിപ്പിച്ച അവസാനത്തെ സ്പർശത്തിന്റെ ചൂടേറ്റ് ഞാൻ ചുരുണ്ടുകിടന്നു. സ്നേഹം അതിന്റെ അഭാവത്തിൽ എവിടെനിന്നാണീ ശൂന്യത കുടഞ്ഞിടുന്നത്. അവർ മടങ്ങി വരുന്നതും ആ വീട് വീണ്ടും വീടാകുന്നതും മാത്രമായിരുന്നു അന്നാളുകളിൽ ഞാൻ ആവർത്തിച്ചുകണ്ട സ്വപ്നം.

സ്വപ്നങ്ങളെ വിശ്വസിക്കരുതെന്നും അവ പറ്റിച്ചുകളയുമെന്നും പറഞ്ഞുതരാനായി മാത്രമെന്നോണം മൂന്നാംനാൾ മെലഡി മിറാൻഡ മടങ്ങിവന്നു. തീന്മേശ എടുത്തു നീക്കിയ ഊണുമുറിയുടെ തളത്തിൽ പൊതിഞ്ഞുകെട്ടിയ അവരുടെ ശരീരം പായ വിരിച്ച് കിടത്തി. വലിയൊരു പാത്രത്തിൽ വിളമ്പിയ ഏതോ വിഭവമാണ് അവരെന്ന് എനിക്കപ്പോൾ തോന്നി. ഇനി കിട്ടാനിടയില്ലാത്ത എന്തിനോടോ ഉള്ള കൊതി അവരുടെ ഭർത്താവിന്റെയും മക്കളുടെയും കണ്ണിൽ നിന്ന് ഊറിയിറങ്ങുന്നുണ്ടായിരുന്നു. അതുകണ്ട് എനിക്ക് മനസ് കല്ലിച്ചു. ഹൃദയം പുകഞ്ഞു. അവരുടെ ഒഴിഞ്ഞ കിടപ്പുമുറിയുടെ മൂലയിൽ പതുങ്ങി ഞാനെന്റെ നഷ്ടങ്ങൾ എണ്ണി.

എനിക്ക് ആശ്വാസിക്കാനുള്ള വകയുണ്ടായിരുന്നു. ഒരു കുടുംബം കുട്ടികൾ വിറകുപുരയിലെ സുഖജീവിതം... ഇതൊക്കെയും ബാക്കിയുണ്ട്. പക്ഷേ, നിരാലംബനായ ഈ പുരുഷനും അയാളുടെ രണ്ടു മക്കളും. അവർക്കിനി ആരുണ്ട്. ഈ ചിന്തയുടെ ആന്തലിൽ ഞാൻ മരണമുറിയിലേക്കുതന്നെ മടങ്ങിവന്നു. മരണപ്പെട്ടവളുടെ അരുമ എന്ന നിലയിൽ സഹതാപവും സഹാനുഭൂതിയും സുലഭമായറിഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്. എന്റെ ദുഃഖം നേർത്തുതുടങ്ങി. പൂച്ചയായ ഞാൻ ആദ്യമായാണ് ഒരു മനുഷ്യന്റെ മരണം കാണുന്നത്. അതിന്റെ അങ്കലാപ്പിൽ എന്റെ വികാരങ്ങൾ മരവിച്ചതാകാം. പക്ഷേ, ആ തരിപ്പിനിടയിലും അലമുറയിടുന്ന ആ മനുഷ്യനോടും മക്കളോടും എനിക്ക് അലിവ് തോന്നി. മരണംകൊണ്ടുപോലും മെലഡി മിറാൻഡ എന്നെ കൊതിപ്പിക്കുകയാണെന്ന തിരിച്ചറിവ് പിന്നാലേവന്നു. ഞാൻ മരിച്ചാൽ എന്റെ കണ്ടനും പിള്ളേരും ഇങ്ങനെ കരയുമല്ലോ എന്നോർത്ത് വാലിലെ രോമങ്ങൾ നിവർന്നു.

സ്ത്രീ എന്ന നിലയിൽ അവർ ചെയ്ത കടമകളാണ് മരണശേഷം ആ മനുഷ്യനെയും മക്കളെയും അവർക്കായി കണ്ണീർവാർക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ഒരു പെൺപൂച്ചയുടെയും മരണത്തിൽ അവളോടിണ ചേർന്ന ഒരാൺപൂച്ചയും കരയുന്നത് ഞാനിതേവരെ കണ്ടിട്ടില്ല. പൂച്ചകൾക്ക് മരണം വെറും മരണം മാത്രം. മനുഷ്യർക്കോ കരൾ പിളരുന്നൊരു അനുഭവം. മരണത്തിൽ കരയാൻ കുറച്ച് സ്വന്തക്കാരെക്കൂടി സമ്മാനിക്കുന്ന മോഹനവ്യവസ്ഥിതിയാണ് കുടുംബം. മരണം പാഠങ്ങൾ ഓരോന്നായി സമ്മാനിക്കുകയാണ്.

മെലഡി മിറാൻഡയുടെ ശരീരത്തിന് ഇനി ഈ ഭൂമിയിൽ അധിക നിമിഷങ്ങൾ ബാക്കിയില്ല. ഊണുമുറിയിൽ നിന്ന് മൃതദേഹം പിന്നാമ്പുറത്ത് മറകെട്ടിയ ഇടത്തേക്ക് മാറ്റി. കുളിപ്പിച്ച് സാരിയുടുപ്പിച്ച് അവരെ മുറ്റത്തെ പന്തലിൽ മാറ്റിക്കിടത്തി. എല്ലാവരും അവസാനമായി അവരെ ഒന്നുകൂടി കാണാനുള്ള വരിയിലാണ്. ഭർത്താവ് മക്കളെ കെട്ടിപ്പിടിച്ച് കരയുന്നുണ്ട്. തടസമില്ലാതെ എല്ലാം കാണാൻ പാകത്തിന് ഞാനാ മുരിങ്ങ മരത്തിന്റെ സാമാന്യം കനമുള്ള ചില്ലയിൽ കയറി ഇരിപ്പായി. അടുത്തെന്നോ മെലഡി മിറാൻഡ അതിൽ ചാരിവച്ച തോട്ടിയുടെ തുമ്പ് എന്റെ വാലിൽ തൊട്ടു. എനിക്കപ്പോൾ അവരെന്നെ തൊടും പോലെ... നോക്കൂ എന്ന് പറയും പോലെ തോന്നി.

യജമാനത്തിയുടെ അവസാനത്തെ ആജ്ഞ എന്റെ കണ്ണുകൾ ഏറ്റെടുത്തു. തറയോടു പാകിയ മുറ്റത്തിന്റെ കോണിലെ കരിങ്കൽപ്പടവുകൾ കയറിവരുന്ന മെല്ലിച്ച നല്ല പൊക്കുള്ള ആ മനുഷ്യനിലേക്ക് അവ ചെന്നുതറച്ചു. പൂച്ചയായതുകൊണ്ടുതന്നെ നിങ്ങൾ മനുഷ്യർക്ക് മനസ്സിലാക്കാൻ പതിവുമട്ടിലൊരു അടയാളം പറയാൻ അയാൾ ഇട്ട ഷർട്ടിന്റെ നിറം പോലും എനിക്കറിയില്ല. എന്തായാലും അയാൾ വന്നു. വരിനിന്ന മനുഷ്യരുടെ ഇടയിലൂടെ അമ്പുപോലെ. തോട്ടിത്തുമ്പ് വീണ്ടുമെന്നെ മുട്ടി. മെലഡി മിറാൻഡയുടെ വിരൽത്തുമ്പുപോലെ... ശ്രദ്ധിക്കൂ എന്ന അവരുടെ ശാസന പോലെ. കണ്ണുകൾ അനുസരണാശീലരായി. എന്റെ കണ്ണിലെ കൃഷ്ണമണികളിൽ പൊക്കമൊത്ത ആ മനുഷ്യന്റെ നിവർന്ന ശരീരം ചുരുങ്ങിനിന്നു. ഇപ്പോൾ അയാൾ ശവത്തിനരികിലാണ്... അയാളതാ കരയുന്നു. വിങ്ങിപ്പൊട്ടുന്നു. കുനിഞ്ഞ് അയാളവരുടെ മുഖത്ത് തുരുതുരെ ഉമ്മ വെക്കുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്റെ നോട്ടം മെലഡി മിറാൻഡയുടെ ഭർത്താവിലേക്ക് ചേക്കേറി. അയാളുടെ കണ്ണിലെ കടലുകൾ വരണ്ട മരുഭൂമിയായിരിക്കുന്നു. അന്യനായൊരുവൻ അമ്മയ്ക്ക് സമ്മാനിച്ച ഉമ്മകളുടെ ഞെട്ടലിൽ പരസ്പരം തുറിച്ചുനോക്കുന്നു മക്കൾ... അവരവരുടെ കണ്ണുകളിലെ പ്രതിബിംബത്തിൽ അജ്ഞാതന്റെ അടയാളങ്ങൾ കണ്ടപോലെ അവർ നടുങ്ങുന്നു. തോട്ടിത്തുമ്പ് വീണ്ടും മരവിച്ച വിരലിന്റെ തണുപ്പായി എന്റെ വാലിൽ തൊട്ടു. ഞാൻ ആജ്ഞ കേട്ടു. മരിച്ചവളുടെ നോട്ടം എന്റെ പൂച്ചക്കണ്ണിലൂടെ അവസാനമായി അയാളിൽ പതിഞ്ഞു. അയാൾ മറഞ്ഞു. മെലഡി മിറാൻഡ ഭൂമിയിൽ നിന്നും മാഞ്ഞു.

മരിച്ചശേഷം കിട്ടുന്ന ഉമ്മകളെപ്പറ്റിയാണ് പിന്നെ ഏറെ നേരം ഞാനാലോചിച്ചത്. മരിച്ച ശരീരത്തിലെ സ്പർശത്തിന്റെ തണുപ്പ് എന്റെ മനസ്സിലും പടർന്നു. അവരുടെ ഇടതുകാലിലെ ആ അരുമവിരലിൽ അയാൾ എന്നെങ്കിലും ഉമ്മ വെച്ചിട്ടുണ്ടാകുമോ എന്നുഞാൻ വെറുതേ ഓർത്തു. ആ ചിന്തയ്ക്കു പിന്നാലേ മനസ്സെന്നപോലെ കുറേ നേരമായി ഞാനീ മുരിങ്ങച്ചുവട്ടിൽ ചുറ്റിത്തിരിയുന്നു. മരണവീട്ടിലെ ബഹളങ്ങളൊതുങ്ങിക്കഴിഞ്ഞു. തുറന്നുകിടന്ന പിൻവാതിലിലൂടെ അകത്തുകടന്നു. മെലഡി മിറാൻഡയുടെ സ്പർശം അവസാനമായറിഞ്ഞ ചവിട്ടി പരിചയമില്ലാത്ത ചവിട്ടടികളിൽ ഞെരിഞ്ഞ് ചവിണ്ടുകിടക്കുന്നു. ഞാൻ മെലഡി മിറാൻഡയുടെ മക്കളെയും ഭർത്താവിനെയും തിരഞ്ഞു. അവരുടെ കണ്ണീര് തിരഞ്ഞു. ഞാൻ സ്വപ്നം കണ്ട ജീവിതത്തിന്റെ ഞരമ്പുകളോടാനുള്ള നീരാണ് എനിക്കവരുടെ നോവ്. പക്ഷേ, കണ്ണീരെവിടെ, വിലാപങ്ങെളവിടെ... ഞാൻ കണ്ട സ്നേഹത്തിന്റെ ശേഷിപ്പുകളെവിടെ.

മെലഡി മിറാൻഡ എന്ന മാന്ത്രികയ്ക്കായി ആരും കണ്ണീരൊഴുക്കിയില്ല. അവരുടെ ചിരകാല അഭാവത്താൽ ഇരുട്ടുകുത്തിയ ആ വീട്ടിനുള്ളിൽ മൂന്ന് മനുഷ്യർ പരസ്പരബന്ധമില്ലാത്ത മൂന്ന് വംശത്തിൽപെട്ട ജന്തുക്കളെപ്പോലെ. ആ വീടിനെ മൂകമാക്കിയത് മരണമല്ല, നാലുമ്മകളാണ് എന്ന തിരിച്ചറിവിൽ അന്നേവരെ കിനാവ് കണ്ട കുടുംബം എന്ന കൂട്ടിടപാടിൽ നിന്ന് പൂച്ചയായ ഞാൻ എന്നേക്കുമായി ഇറങ്ങിനടന്നു.


വി. പ്രവീണ

കഥാകാരി. പുല്ലിംഗം (കഥാസമാഹാരം), നിശാനർത്തകി (നോവൽ– വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments