യൂബർ ഡ്രൈവറോട് പത്ത് മിനിറ്റ് കാത്തിരിക്കാൻ പറയാം എന്ന് ഞങ്ങൾ ആലോചിച്ചിരുന്നു. അവളോട് ഒന്ന് ഹലോ പറഞ്ഞിട്ട് ഉടൻ തന്നെ പുറപ്പെടണമെന്നായിരുന്നു, കാരണം രണ്ട് ദിവസത്തിനുള്ളിൽ നഗരം പൂർണ്ണമായി ലോക്ക്ഡൗണിലേക്ക് പോകും. അതിർത്തികൾ അടച്ചുപൂട്ടുന്നതിനുമുമ്പ് ഞങ്ങൾക്ക് കൊച്ചിയിലേക്കുള്ള രാത്രിട്രെയിൻ പിടിക്കണമായിരുന്നു.
നന്നായി അയാളോട് നിൽക്കാൻ പറയാതിരുന്നത്.
ചെമ്പൂരിലെ ഡയമണ്ട് പാർക്കിലെ അവളുടെ വിലാസം അവൾ അക്ഷയുടെ വാട്സപ്പിൽ അയച്ചിരുന്നു. നീണ്ട മീശയും കടുക്കനും ഉള്ള ഡ്രൈവർ, ഒരു മുംബൈക്കാരനെ പോലെ തോന്നിയില്ല. അയാൾ ഒരു തെക്കനെ പോലെ തോന്നിയെങ്കിലും, സ്ട്രീറ്റ് 12-ലേക്കുള്ള ചെറിയ തിരിവ് കൃത്യമായി കണ്ടെത്തുന്നതിൽ അയാൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. നഗരത്തിന്റെ പ്രകൃതിയുമായി പൊരുത്തപ്പെടാത്ത, ഉയരമുള്ള മരങ്ങൾ നിരന്നു നിൽക്കുന്ന, ശാന്തവും ഇലകൾ നിറഞ്ഞതുമായ ഒരു ബൂളവാഡ് ആയിരുന്നു അത്. ഇടവഴിയിലെ ഏത് അപ്പാർട്ട്മെന്റാണ് അവളുടേത് എന്ന് ചുറ്റും നോക്കി നിൽക്കുമ്പോൾ, അവൾ താഴെയിറങ്ങി വന്നു. കോണിപ്പടിയുടെ നിഴലുകളിൽനിന്ന് പെട്ടെന്ന് അവൾ പ്രത്യക്ഷപ്പെട്ടു. നന്നേ മെലിഞ്ഞ്, സായാഹ്ന വെളിച്ചത്തിൽ ഒരു ഈയക്കമ്പി പോലെ. അവളുടെ ചുവന്ന മാസ്ക് സുവർണ്ണ വെളിച്ചത്തിൽ കുറേക്കൂടെ ദീപ്തമായി.
അവൾ അക്ഷയയെ കെട്ടിപ്പിടിച്ചു. അവർ രണ്ട് വർഷത്തോളം സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു. ഒരു വർഷത്തിന് മുമ്പ് അവൾ ജോലി ചെയ്തിരുന്ന കൊച്ചിയിലെ ആർട്ട് ഫൗണ്ടേഷനിൽ വെച്ച് അക്ഷയ് എനിക്ക് അവളെ പരിചയപ്പെടുത്തിയിരുന്നു. ഒരു ചിരിയിൽ ഒതുങ്ങിയ പരിചയപ്പെടൽ.
'നമ്മൾ പരസ്പരം തൊടാൻ പാടില്ല. അതാണ് പുതിയ നിയമം’, അവൾ പറഞ്ഞു. ഞങ്ങൾ ചിരിച്ചു.
അക്ഷയ് അവളോട് എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ വായ തുറന്ന് വെള്ളപ്പല്ലുകളുടെ നിര കാണിച്ച് ചിരിച്ചു. കട്ടിയുള്ള കണ്ണടയുടെ ഫ്രെയിമിനകത്ത് അവളുടെ ചെറിയ കണ്ണുകൾ ചുരുങ്ങി. അവൾ നേർത്ത വലതുകൈ നീട്ടി.
'മിതിക’.
'ചില നിയമങ്ങൾ ചിലരുമായി നമുക്ക് തെറ്റിക്കാം,' അവളുടെ ഉറച്ച കൈകൾ കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു. അവളുടെ കറുത്ത കമ്പിച്ചുരുൾ പോലെയുള്ള മുടി നടുവിൽ വിഭജിച്ചിരിക്കുന്നു.

ഞങ്ങൾ ലഗേജുകൾ കോണിപ്പടിയുടെ അടിയിലേക്ക് നീക്കിവച്ചിട്ട് റെയിലിങ്ങുകളില്ലാത്ത കോണിപ്പടി കയറി. ക്ഷീണിച്ച കാലുകൾ വലിച്ചു വെച്ച് ഞങ്ങൾ ഒന്നാം നിലയിലെ ഓഫീസ് സ്പേസിലേക്ക് കയറുമ്പോൾ അവൾ വഴി കാട്ടി മുന്നിൽ നടന്നു. അവളുടെ ദിനങ്ങൾക്ക് ആരംഭമോ അവസാനമോ ഇല്ലെന്ന് അവൾ പറഞ്ഞു. 'ഞാൻ എല്ലാ സമയത്തും ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു...
ഉറക്കം വരുമ്പോൾ ഉറങ്ങുകയും ഉണരുമ്പോൾ ഉണരുകയും ചെയ്യുന്നു. ലോക്ക്ഡൗൺ എനിക്ക് പുതിയതല്ല. ഞാൻ ഇവിടെ വന്നതുമുതൽ എനിക്ക് ഒരുതരം ക്വാറന്റൈൻ ജീവിതമാണ്,' അവൾ പറഞ്ഞു.
തികച്ചും ആകർഷകമല്ലാത്ത അപ്പാർട്ട്മെന്റ്
നിശ്ശബ്ദതയുടെ ഒരു സ്തംഭം പോലെ തോന്നി. മൂന്ന് നിലകളുള്ള കെട്ടിടം പ്രശസ്ത കലാകാരനായ കെ.ആർ. ഭാവേയുടേതായിരുന്നു. അദ്ദേഹത്തിന്റെ കൈനറ്റിക് ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും ലോക പ്രശസ്തവും പണക്കാരുടെ പ്രീയപ്പെട്ടവയുമായിരുന്നു. ഇളം വെള്ളനിറത്തിലുള്ള പെയിന്റും മരവും ഗ്ലാസുമുള്ള വാതിലുകളും ജനാലകളുമുള്ള കെട്ടിടം നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും തീർത്തും മാറി, ഒറ്റപ്പെട്ടത് പോലെ തോന്നി. ഹാളിൽ തടിയുടെ ഒരു വലിയ പുസ്തകഷെൽഫ്. പുസ്തകങ്ങളും ഷെഡ്യൂളുകളുടെ കടലാസുകളും മേശകളിലെ രണ്ട് മാക് കംപ്യൂട്ടറുകളുടെ ചുറ്റും ചിതറിക്കിടന്നു. ഭിത്തിയിലെ ബോർഡിൽ, ഭാവേയുടെ വരാനിരിക്കുന്ന പ്രദർശനങ്ങളുടെയും യാത്രകളുടെയും ഫൂൾസ്കാപ്പ് ഷീറ്റുകൾ പിൻ ചെയ്ത് വെച്ചിരുന്നു.
'ഈ സ്ഥലത്തുനിന്ന് ഞാൻ ഒരിക്കൽ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ,' മരത്തിന്റെ സോഫയിൽ ഞങ്ങൾ ഇരിക്കുമ്പോൾ അവൾ പറഞ്ഞു. അക്ഷയ് അവളുടെ അടുത്തിരുന്നു. 'ഖാറിൽ ഒരു ബാച്ച്മേറ്റൊഴികെ എനിക്കിവിടെ സുഹൃത്തുക്കളില്ല.' അത് കൊണ്ടായിരിക്കും ഞങ്ങൾ നേരത്തെ വന്നാൽ ഞങ്ങളെ ഖാറിലേക്ക് കൊണ്ടുപോകാം എന്ന് അവൾ വാഗ്ദാനം ചെയ്തത്. 'നിങ്ങളെ ഖാർ സൊസൈറ്റിയിലേക്ക് കൊണ്ടുപോകാം, അവിടെ നിങ്ങൾക്ക് ബിയർ കുടിക്കുകയും നമുക്ക് സംസാരിക്കുകയും ചെയ്യാം.' ഉച്ചയ്ക്ക് മുമ്പ് അവൾ ആ സന്ദേശം അയച്ചിരുന്നു, പക്ഷേ ഞങ്ങൾക്ക് വരാൻ കഴിഞ്ഞില്ല, കാരണം ലോക്ക്ഡൗൺ കട അടയ്ക്കാൻ നിർബന്ധിക്കുമെന്നതിനാൽ ഓൺലൈനായി കല വിൽക്കുന്ന ആകാശിന്റെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നാല് ഭാഷകൾ സംസാരിക്കുകയും അഞ്ച് ഭാഷകളിൽ ശപിക്കുകയും ചെയ്യുന്ന ആകാശ് അക്ഷയുടെ സുഹൃത്തായിരുന്നു. ലിങ്ക് റോഡിലെ രാഹേജ ക്ലാസിക്കിന് മുന്നിൽ ഒട്ടും രുചിയില്ലാത്ത ഇളനീർ കുടിച്ചതിനുശേഷം അയാൾ ഞങ്ങളെ നഗരം ചുറ്റിക്കറക്കി. ട്രാഫിക് തെറ്റിച്ചു കാറോടിക്കുന്ന എല്ലാ സ്ത്രീകളെയും അയാൾ ശപിച്ചു. 'പൊട്ടികൾ! റോഡിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇവരാണ്.' അവന്റെ വാക്കുകൾ അൽപം വിവേചനാധിഷ്ഠിതവും അധിക്ഷേപകരവുമല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത് താൻ ഉദ്ദേശിച്ചത് അതുതന്നെയാണെന്നും ലോകത്തിലെ ഒരു സ്ത്രീക്കും ശരിയായി വണ്ടി ഓടിക്കാൻ അറിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്നുമായിരുന്നു. അക്ഷയ് എന്നോട് തർക്കം വേണ്ട എന്നരീതിയിൽ കണ്ണുകടച്ചു കാണിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.

ബിയറിനും ചോറിനും മീനിനുമായി ആകാശ് ഞങ്ങളെ ‘ജസ്റ്റ് കേരള’യിലേക്ക് കൊണ്ടുപോയി. നല്ല മൊരുമൊരെ വറുത്ത മത്തിത്തലകൾ ഞാൻ ചവച്ചു കഴിക്കുമ്പോൾ, അടുത്ത മേശയിലിരുന്ന സ്ത്രീ എന്നെ തുറിച്ചുനോക്കി. ഞാൻ ഒന്നും ചിന്തിക്കാതെ അവരെ നോക്കി കണ്ണിറുക്കി. പെട്ടെന്ന് ഞാൻ ചെയ്തതിന്റെ അപകടത്തെക്കുറിച്ച് ഓർത്തു പക്ഷെ അവർ പുഞ്ചിരിച്ച് കൊണ്ട് സ്വന്തം പ്ലേറ്റിലേക്ക് നോക്കി. അവരുടെ നോട്ടത്തിലെ എന്താണ് എന്നെ കണ്ണിറുക്കാൻ പ്രേരിപ്പിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. 'അപരിചിതരുടെ ഇടയിൽ അദൃശ്യമായ ബന്ധത്തിന്റെ നൂലിഴകളുണ്ടോ? ഇടകലരുകയും ചിരിക്കുകയും ചെയ്യുന്ന ആത്മാക്കൾ? അതോ, നമ്മളെയെല്ലാം ഉദാരമനസ്കരാക്കുന്നത് കൊറോണ വൈറസാണോ?' ബാക്കിയുള്ള ചോറ് ഞാൻ തൈരിൽ കുഴച്ചു കഴിച്ചു തീർത്തു. എന്റെ മാസ്ക് ചെവിയിൽ തൂങ്ങിക്കിടന്നു.
‘ബാച്ച്മേറ്റിനെ കാണാൻ ഖാറിൽ പോയതാണ് ഞാൻ പുറത്തിറങ്ങിയ ഒരേയൊരു തവണ,' മിതിക പറഞ്ഞു. അവൾ ടെറാക്കോട്ട മഗ്ഗുകളിൽ തണുത്ത മോര് തന്നു. ഞാൻ അത് പതുക്കെ കുടിക്കുമ്പോൾ, അക്ഷയും മിതികയും ഉടൻ തിരിച്ചുവരാമെന്ന് പറഞ്ഞ് ഭാവേയുടെ രണ്ടാംനിലയിലെ സ്റ്റുഡിയോയിലേക്ക് പോയി. അവിടെ അദ്ദേഹം ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു ടെറാക്കോട്ട 'പിങ്ക് ഡോഗ് ' ഉണ്ടത്രെ. അതിനെപ്പറ്റി അവൾ പറഞ്ഞത് ഭാവെയുടെ പുതിയ പരീക്ഷണമെന്നാണ്. കൈനറ്റിക് ഇൻസ്റ്റലേഷനുകളിലൂടെയും ക്ലാസിക്കൽ കവിതയുടെ ശകലങ്ങളിലൂടെയും—ചലനത്തിലൂടെയും നിശ്ചലതയിലൂടെയും--സമയത്തെ അളന്ന്, മിത്തും നിഗൂഢതയും ചേർത്ത് വച്ച്, സമയത്തിന്റെ പ്രയാണം നിർവചിക്കുന്ന അദ്ദേഹത്തിന്റെ കൂടുതൽ ജനപ്രിയവും നൈസർഗ്ഗികമായ ശില്പങ്ങളിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണത്രെ.

ഞാൻ പുസ്തകഷെൽഫിന്റെ അരികിലൂടെ നടന്നു, പുസ്തകങ്ങളുടെ പുറം ചട്ടകളിലൂടെ കണ്ണുകൾ ഓടിച്ചു. അവയിൽ മിക്കതും സംസ്കാരം, നാടോടിക്കഥകൾ, തത്ത്വശാസ്ത്രം എന്നിവയുടേതായിരുന്നു. പുസ്തകഷെൽഫിന്റെ മുകളിൽ കളിമൺ മിനിയേച്ചറുകൾ അടുക്കി വെച്ചിരിക്കുന്നു—ചെറിയ വീട്ടുമൃഗങ്ങളും പ്ലേറ്റുകളും കുടങ്ങളും ഒരറ്റം മുതൽ മറ്റേയറ്റം വരെ. സാമൂഹിക അകലം പാലിക്കുന്നതുപോലെ തുല്യ അകലത്തിൽ എല്ലാം ക്രമീകരിച്ചിരുന്നു.
ഞാൻ എ.കെ. രാമാനുജന്റെ തമിഴ് നാടോടിക്കഥകളെക്കുറിച്ചും തമിഴ്, കന്നഡ കവിതകളെക്കുറിച്ചുമുള്ള ഉപന്യാസങ്ങളുടെ ഒരു സമാഹാരം എടുത്തു. അന്തരിച്ച കവിയുടെ സഹപ്രവർത്തകരും സാഹിത്യ സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയതായിരുന്നു ആ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരണം. ഞാൻ കാല്പനികതയുടെ ഒരു തുള്ളിക്കായി ദാഹിച്ചുകൊണ്ടിരിക്കുന്നതുപോലെ കവിതയുടെ ഒരു കഷണത്തിനായി വെറുതെ തിരഞ്ഞു. സംസ്കാരത്തെയും നാടോടിക്കഥകളെയും കുറിച്ചുള്ള ഗദ്യാത്മകവും വിമർശനാത്മകവുമായ ലേഖനങ്ങളും വിശദീകരണങ്ങളും എന്റെ ദാഹം ശമിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
ചിലപ്പോൾ, കവിത വായിക്കാനുള്ള കൊതി നമ്മുടെ തൊണ്ട വറ്റിച്ചുകളയും. കവിതയുടെ ഒരു വരി പോലും മരുഭൂമിയിലെ അരുവി ആകാം. വീണ്ടും ശുദ്ധമായ കവിതയുടെ ഒരു വരിയ്ക്കായി കൊതിച്ചുകൊണ്ട് ക്ഷേത്രങ്ങളിലെ ചിത്രരൂപങ്ങളെയും തമിഴ് നാടോടിക്കഥകളിലേക്കുള്ള പരാമർശങ്ങളെയും വിശകലനം ചെയ്ത വാചകത്തിലൂടെ ഞാൻ കണ്ണുകൾ പായിച്ചു. അക്കാദമിക പോസ്റ്റ്മോർട്ടത്തിനായി ഖണ്ഡിക്കപ്പെട്ട ചെറിയ ശ്ലോക ഭാഗങ്ങൾ ശവങ്ങളെപ്പോലെ വെള്ളക്കടലാസുകളിൽ കിടന്നു. കവിത കവിയോടൊപ്പം ശവകുടീരത്തിലും.
'മുകളിൽ അവർ എന്തായിരിക്കും ചെയ്തുകൊണ്ടിരിക്കുന്നത്?' ആ ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി. അവൾ സ്റ്റുഡിയോയിൽ തനിച്ചാണ് താമസിച്ചിരുന്നത്, മൂന്നാം നിലയിലെ ഒരു വലിയ മുറിയിൽ. ഭാവേ കൂടുതലും യാത്രയിലായതിനാൽ അദ്ദേഹത്തിന്റെ ഷെഡ്യൂളുകൾ തയ്യാറാക്കുകയും അദ്ദേഹത്തിന്റെ യാത്രയും താമസവും ക്രമീകരിക്കപ്പെട്ടുവെന്നും ഉറപ്പുവരുത്തുകയും അവളുടെ ജോലിയാണ്. ഗ്വാങ്‌ജോയിൽ ഭാവേ ക്യൂറേറ്റ് ചെയ്യുന്ന ഒരു വലിയ കലാ പ്രദർശനം വരാനിരിക്കുകയായിരുന്നു. പക്ഷേ കോവിഡ് കാരണം അത് റദ്ദാക്കപ്പെട്ടിരുന്നു.
'അവർ ചുംബിക്കുമോ?' ഞാൻ ചിന്തിച്ചു. ചുംബനം കൊറോണ കാലത്തെ കൊടും പാപം. ഞാൻ എന്റെ ആ വഴിവിട്ട ചിന്തയ്ക്ക് പിശാചിനെ കുറ്റപ്പെടുത്തി, പിന്നീട് ജീവിതത്തിന്റെ ഭൗതികാവസ്ഥകളെക്കുറിച്ചല്ല മറിച്ച് അതിഭൗതികതയെക്കുറിച്ച് മനഃപൂർവം ആലോചിച്ചു.
'എന്റെ അച്ഛൻ എന്റെ പേരിന്റെ സ്പെല്ലിങ് മാറ്റി,' അവൾ പറഞ്ഞു. 'യഥാർത്ഥത്തിൽ എന്റെ പേര് മിഥ്ക ആയിരുന്നു.' ഹീബ്രു പദത്തിന്റെ യഥാർത്ഥ സ്പെല്ലിങ് M-i-t-h-c-a-h ആയിരുന്നു. മിഥ്ക, പലായനകാലത്ത് ഇസ്രായേല്യർ താവളമടിച്ച മരുഭൂമിയിലെ ഒരു സ്ഥലം. അതിന്റെ അർത്ഥത്തിന് മരുഭൂമിയിലെ വെള്ളത്തിന്റെ മാധുര്യവുമായി എന്തോ ബന്ധമുണ്ടായിരുന്നു. ആരുടെയെങ്കിലും ജീവിതത്തിലെ മരുഭൂമിയിൽ മാധുര്യം ആകണം എന്നായിരുന്നു അവളുടെ പിതാവിന്റെ ആഗ്രഹമെന്ന് അവൾ പറഞ്ഞു. 'മണലാര്യത്തിന്റെ നടുവിൽ മധുരമായ അരുവികൾ കണ്ടെത്തുക എന്ന ആശയം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരുതരം ദിവ്യവെളിപ്പാട്, അല്ലെങ്കിൽ സെറൻഡിപ്പിറ്റി’.
അവളുടെ പേര് അവൾക്ക് ഇഷ്ടമാണെങ്കിലും എപ്പിഫനി ജോസഫ് അല്ലെങ്കിൽ സെറൻഡിപ്പിറ്റി ജേക്കബ് എന്നായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നുവെന്ന് അവൾ പറഞ്ഞു. 'ബൈബിൾ പേരുമാറ്റങ്ങൾ നിറഞ്ഞതാണ്,' ബൈബിളിന്റെ ഒരു വരി പോലും വായിച്ചിട്ടില്ലാത്ത ക്രിസ്ത്യാനിയായ അക്ഷയിനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. 'ഇതെല്ലാം അവനോട് പറഞ്ഞിട്ട് കാര്യമില്ല,' എന്ന് പറഞ്ഞിട്ട് അവൾ തന്റെ എല്ലുന്തിയ കൈമുട്ട് കൊണ്ട് അക്ഷയുടെ വാരിയെല്ലിൽ കുത്തി.
'അത് മിതിക തന്നെ ആയിരിക്കണം,' ഞാൻ പറഞ്ഞു. 'Y യോടുകൂടി'. 'ആഹ്, ഇല്ല,' അവൾ പറഞ്ഞിട്ട്, എന്റെ നിർദ്ദേശത്തിനുള്ള പിന്തുണക്ക് അക്ഷയുടെ തോളിൽ ഇടിച്ചു. 'നീ നിന്നോടുതന്നെ സംസാരിക്കാറുണ്ടോ?' മധ്യകാല പുരാണങ്ങളെയും പൗരസ്ത്യ തത്ത്വചിന്തകളെയും കുറിച്ചുള്ള അർദ്ധസമാപ്തമായ കലാസൃഷ്ടികൾക്കും റഫറൻസ് പുസ്തകങ്ങൾക്കും കൂട്ടായി മൂന്നുനില സ്റ്റുഡിയോയിൽ തനിച്ചു ജീവിക്കുന്നത് എത്ര കഷ്ടപ്പാടുള്ളതായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് ഞാൻ ചോദിച്ചു.
'ചിലപ്പോൾ,' അവൾ പറഞ്ഞു, എന്നിട്ട് ഒഴിഞ്ഞ മഗ്ഗുകൾ അടുക്കളയിലേക്ക് തിരികെ കൊണ്ടുപോയി.
'ചില ദിവസം ഭാവേ തന്റെ ഗായികയായ ഭാര്യയോടൊപ്പം വന്ന് സ്റ്റുഡിയോയുടെ അകത്തു കയറി വാതിൽ അടയ്ക്കും,' മഗ്ഗുകളിൽ ടാപ്പിൽനിന്നുള്ള വെള്ളം ഒഴിച്ചുകൊണ്ട് അവൾ പറഞ്ഞു. പിന്നെ അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു, 'പണിതീരാത്ത കലാസൃഷ്ടികളുടെ മധ്യേ അവർ ചുംബിക്കുകയായിരിക്കും.' അവൾ ഞങ്ങളെ നോക്കി കണ്ണിറുക്കി.
'എന്തുകൊണ്ട് നീ അങ്ങനെ ചിന്തിക്കുന്നു?' അക്ഷയ് ചോദിച്ചു. അവൾ ചിരിച്ചപ്പോൾ വെള്ളപ്പല്ലുകളുടെ നിര മിന്നി. 'അതെന്റെ ഊഹമാണ്. അതിനാണ് സാധ്യത.'
'തന്റെ സ്രഷ്ടാവ് പ്രണയിക്കുന്നത് കാണാതിരിക്കാൻ നിർമ്മാണത്തിലിരിക്കുന്ന പിങ്ക് ഡോഗ് കണ്ണുകൾ അടച്ചിട്ടുണ്ടാകും.’ ഞങ്ങൾ രണ്ടുപേരും ചിരിച്ചു. 'പക്ഷേ അയാൾ അത് പൂർത്തിയാക്കാൻ പോകുന്നില്ല...പിങ്ക് ഡോഗിനെ,' ഒരു പ്രവചനം പോലെ അവൾ പറഞ്ഞു. 'അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടു…കാരണം കലയെന്ന ആത്മീയ പ്രജനക്രീയയിൽ അയാൾ തന്റെ ജഡികത കലർത്തി. ലോത്തിന്റെ പെണ്മക്കൾ അവരുടെ പിതാവിന്റെ നഗ്നത കണ്ടപോലെ.'
‘കല ആത്മീയമാണോ?’ ഞാൻ ചോദിച്ചു.
‘അറിയില്ല. ആയിരിക്കാം,’ അവൾ പറഞ്ഞു.
ഭാവേയുടെ പ്രധാന സ്റ്റുഡിയോ നഗരത്തിൽ മറ്റൊരിടത്തായിരുന്നു, അവിടെ അവൾ ഒരിക്കലും പോയിട്ടില്ലായിരുന്നു. 'അത് വലുതും ധാരാളം തൊഴിലാളികളുള്ളതുമാണെന്ന് കേട്ടു,' ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
'പക്ഷേ, ഈ കലാലോകം എനിക്ക് മടുത്തു.'
'ബട് വൈ?' ഞാൻ ചോദിച്ചു. തന്റെ എല്ലാ ശില്പങ്ങളും വളരെ ജനപ്രിയവും തന്റെ എല്ലാ അഭിമുഖങ്ങളും സമകാലിക കലയുടെ മോണോഗ്രാഫുകളുമാക്കുന്ന ഒരു കലാകാരനോടൊപ്പം അടുത്തുനിന്ന് പ്രവർത്തിക്കുക...അതൊരു അനുഗ്രഹമല്ലെ?
അവൾ എന്നെ നോക്കി, എന്നിട്ട് വാചാലയായി.
'വിജയകരമായ കലാകാരനാകുന്നതിന്റെ കാപട്യം ഒഴിവാക്കാനാവാത്തതാണ്. അത് അവരുടെ തെറ്റല്ല. എല്ലായ്പ്പോഴും അങ്ങനെയാണ് ആയിരുന്നത്.' ഒരു കലാനിരൂപകയെപ്പോലെ അവൾ സംസാരിച്ചു. അവളുടെ കണ്ണുകൾ ചുരുങ്ങി, കണ്ണടയുടെ കട്ടി കൂടി. അവളുടെ ഉരുക്കുപോലുള്ള കറുത്ത മുടി, വിചിത്രമായി, കടും ഓറഞ്ച് നിറത്തിലുള്ള കാട്ടുതീയുടെ ജ്വാലകളോടുകൂടിയ വരണ്ട സീസണിനെ എന്നെ ഓർമ്മിപ്പിച്ചു. അത് ദീർഘമായ പ്രവാസത്തെയും, നിർവചിക്കപ്പെടാത്ത നഷ്ടത്തെയും, വംശീയ ചൂഷണത്തെയും എന്നെ ഓർമ്മിപ്പിച്ചു.
NIT- യിൽ നിന്ന് ആർക്കിടെക്ച്ചറിൽ ബിരുദം നേടിയ അവൾ കരിയർ എന്ന നിലയിൽ ആർക്കിടെക്ചർ ഉപേക്ഷിച്ചിരുന്നു. 'എനിക്ക് ഒരിക്കലും നല്ല ആർക്കിടെക്ട് ആകാൻ കഴിയില്ല. എന്റെ ക്ലാസ്മേറ്റുകളിലോ സീനിയർമാരിലോ ആരും നല്ലവരായിരുന്നില്ല,' അവൾ പറഞ്ഞു. 'ഞാൻ കൺഫ്യൂഷനിലാണ്.'
വ്യക്തതയും അച്ചടക്കവും സർഗ്ഗശക്തിയില്ലാത്തവരുടെ മുദ്ര ആണെന്ന് ഞാൻ അവളോട് പറഞ്ഞു. 'കൺഫ്യൂഷൻ ചിന്തിക്കുന്നതിന്റെ അടയാളമാണ്.' കെയിനിന്റെ നെറ്റിയിലെ മുദ്രപോലെ. അത് നീതിക്കായി വിളിച്ചുപറയുന്ന നിഷ്കളങ്കമായ രക്തത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു. അല്ലെങ്കിൽ, അഗ്നിക്കല്ലുകൾകൊണ്ടുള്ള പരിച്ഛേദനം പോലെ. പ്രവാസത്തിനിടയിൽ ജനിച്ചവരെ പരിച്ഛേദന ചെയ്യാൻ അഗ്നിക്കല്ലുകൾ മൂർച്ചയാക്കാൻ ദൈവം ജോഷ്വയോട് ആവശ്യപ്പെട്ടു. 'അത് സംരക്ഷണത്തിനോ വേർപിരിയലിനോ, അതോ വെറും വിവേചനത്തിനോ?'
'ചുറ്റും മിഡിയോക്രിറ്റിയാണ്,' അവൾ പറഞ്ഞു. കയീനിനെക്കുറിച്ച് അവൾ എന്ത് വിചാരിക്കുന്നുവെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിച്ചു. 'അവന്റെ യാഗം നിരസിക്കപ്പെട്ടപ്പോൾ അവൻ എന്തിന് ദേഷ്യപ്പെട്ടു? അത് നിലവാരമില്ലാത്തതായിരുന്നോ? മിഡിയോക്രിറ്റിക്ക് ആബേലിനെ സഹിക്കാൻ കഴിഞ്ഞില്ല’.
ജിമെയിൽ അക്കൗണ്ടുകളിലേക്കും ഒന്നിലധികം സാധ്യതകളിലേക്കും ജനിച്ച യുവതലമുറയുടെ സവിശേഷതയാണ് മിഡിയോക്രിറ്റിയെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അവരിൽ ചിലർ മിഡിയോക്രിറ്റിയിൽനിന്ന് കരിയറും സമ്പത്തും ഉണ്ടാക്കി.
'ഇവിടെ ഒന്നുമില്ല,' അവൾ സ്വന്തം നെഞ്ചിൽ തൊട്ടിട്ടു പറഞ്ഞു. മഞ്ഞ വെളിച്ചത്തിൽ അവളുടെ വിരലുകൾ എണ്ണമയമായി തിളങ്ങി. സന്ധ്യ കഴിഞ്ഞ്, രാത്രി വീഴാൻ തുടങ്ങിയിരുന്നു. 'ഉഡിപ്പി കഫെയിൽ പോയി ഒരു കപ്പ് കാപ്പി കുടിക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു?' അവൾ ഞങ്ങൾ രണ്ടുപേരെയും നോക്കി. 'ഇന്നും കൂടിയേ കഴിയൂ. നാളെമുതൽ നഗരം അടഞ്ഞുകിടക്കും. നമുക്ക് നടന്നുപോകാം.'
റാമ്പിലെ മോഡലിന്റെ ലാഘവത്തോടും ഭംഗിയോടുമുകൂടി അവൾ നടന്നു. അവളുടെ മെലിഞ്ഞ കൈകൾ 'V' ആകൃതിയിൽ ആഞ്ഞ് അവളുടെ വളഞ്ഞ ഇടുപ്പിൽ മെല്ലെ തട്ടി. അവളുടെ ഓരോ ചുവടും പൂച്ചയുടേതുപോലെ മൃദുവും രമ്യവുമായിരുന്നു. കാൽനടപ്പാതയിലെ ജനക്കൂട്ടത്തിലൂടെ, തോളുകളും കാലുകളും സമർത്ഥമായി ഒഴിവാക്കി അവളും അക്ഷയും നടക്കുമ്പോൾ, ക്ഷേത്രങ്ങളിലെ മണികൾ ഇടയ്ക്കിടയ്ക്ക് മുഴങ്ങുകയും കർപ്പൂരത്തിന്റെ സുഗന്ധം അന്തരീക്ഷത്തിൽ പരക്കുകയും ചെയ്തു.
ഉഡിപ്പി കഫെയിൽ, വയസ്സായ ദമ്പതികൾ വിറയ്ക്കുന്ന കൈകളാൽ ദോശയുടെ കഷണങ്ങൾ കീറി ചമ്മന്തിയിൽ മുക്കി കഴിക്കുകയും സ്റ്റീൽ സോസറുകളിൽനിന്ന് കാപ്പി ഊതി കുടിക്കുകയും ചെയ്തു. ലോക്ക്ഡൗണിന് മുൻപുള്ള അവരുടെ അവസാനത്തെ സായാഹ്ന വിനോദം. 'ഞാൻ ചോറും തൈര് കറിയും ഉണ്ടാക്കാത്തപ്പോൾ ഓല ഷെഫിലൂടെ ഓർഡർ ചെയ്യും,' ആവിയുള്ള കാപ്പിയുടെ കപ്പ് പതിയെ തവിട്ടുനിറത്തിലുള്ള ചുണ്ടുകളിലേക്ക് കൊണ്ടുവന്നുകൊണ്ടു അവൾ പറഞ്ഞു. കപ്പിൽനിന്നുള്ള ആവി അവളുടെ കണ്ണടയെ മൂടി. 'ഈ ആപ്പുകൾ,' അവൾ തല ഉയർത്തി. 'ഇവയില്ലാതെ നമ്മൾ എങ്ങനെ ജീവിക്കും?'
അതേ വേഗത്തിലും അകലത്തിലും, അതേ ബഹളത്തിനുമിടയിലൂടെ ഞങ്ങൾ സ്റ്റുഡിയോയിലേക്ക് തിരികെ നടന്നു. ഞങ്ങൾ മീഠാപാൻ വാങ്ങാനായി നിന്നപ്പോൾ അവൾ പറഞ്ഞു അവൾ രാത്രിയിൽ പിന്നീട് വീട്ടിൽവെച്ച് കഴിക്കാമെന്ന്. 'ഇപ്പോൾ കഴിച്ചാൽ ചിലപ്പോൾ ഞാൻ തല ചുറ്റി വീണാലൊ? നിങ്ങൾ എന്നെ വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവരും.'
അതെ, വിക്രമന്റെ തോളിൽ വേതാളത്തിനെ പോലെ, ഞാൻ പറഞ്ഞു. ഒരു നിമിഷം, എ.കെ. രാമാനുജൻ വേതാളത്തിനെക്കുറിച്ച് എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് ഞാൻ ആലോചിച്ചു.
ബൂളവാഡിന്റെ ഇരുവശത്തുമുള്ള ഉയരമുള്ള മരങ്ങൾ ഇരുണ്ടുപോയിരുന്നു. അവയുടെ ഇലകൾ കടന്നുപോകുന്ന ആളുകളെ നോക്കുന്ന ഭൂതങ്ങളുടെ നൂറു കണ്ണുകളായി മാറി. അവളുടെ അപ്പാർട്ട്മെന്റിലേക്കുള്ള തിരിവിനുമുമ്പുള്ള വീടിന്റെ മുന്നുറ്റത്ത്, കറുത്ത മാസ്ക് ധരിച്ച, ഷർട്ട് ഇടാത്ത ഒരു മനുഷ്യൻ തന്റെ കറുത്ത കാർ കഴുകിക്കൊണ്ടിരുന്നു. അയാൾ തുണി ബക്കറ്റിലെ വെള്ളത്തിൽ മുക്കി ബോണറ്റ് തുടച്ചു. അയാളുടെ സ്വർണ്ണമാല സ്ട്രീറ്റ് ലൈറ്റിൽ അപ്പോക്കലിപ്റ്റിക് സിനിമകളിലെ അന്യഗ്രഹജീവികൾ ധരിക്കുന്ന മാലകൾ പോലെ തിളങ്ങി.
'ട്രെയിൻ ടൈമിംഗുകൾ ഒന്ന് ചെക്ക് ചെയ്യാമോ?' ഞാൻ അവളോട് ചോദിച്ചു. അവൾ സോഫയിൽ കുനിഞ്ഞിരുന്ന് മൊബൈൽ ആപ്പിൽ തിരഞ്ഞു. 'ഇതാ,' എന്നോട് ഫോൺ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. 'ഓ, ഞങ്ങൾ ഇവിടെ അഞ്ച് മണിക്കൂർ ചിലവഴിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,' ഫ്ലോർ മുതൽ സീലിംഗ് വരെയുള്ള ഗ്ലാസ് ഡോറിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
'അഞ്ച് മണിക്കൂർ!' അക്ഷയ് എഴുന്നേറ്റുനിന്നു. 'കുറച്ച് ഫോട്ടോകൾ എടുക്കാം,' അവളെ പുസ്തകഷെൽഫിന്റെ അടുത്തേക്ക് തള്ളി നീക്കിക്കൊണ്ട് അവൻ പറഞ്ഞു. അവൻ തന്റെ കൈ അവളുടെ ചുറ്റും ഇട്ടു, അവൾ അവനോട് ചേർന്നു. ഞാൻ അവരുടെ ഓരോ ഫോണിലും അവരുടെ ഫോട്ടോകൾ ക്ലിക്ക് ചെയ്യുമ്പോൾ, ഞങ്ങൾ അവളെ വിട്ടുപോകുന്ന ഏകാന്തതയെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഒരു കലാകാരന്റെ സ്റ്റുഡിയോയിലെ നിശ്ശബ്ദത. അതെ, ലോക്ക്ഡൗൺ.
ഞാൻ യൂബർ വിളിക്കുമ്പോൾ അവൾ ഞങ്ങൾ വന്നതിന് നന്ദി പറഞ്ഞു. 'മിഥ്കയേക്കാൾ മിതികയാണ് നിനക്ക് അനുയോജ്യം...' ഞാൻ അവളോട് പറഞ്ഞു.
'എനിക്ക് ഒരു ഗ്ലാസ് വെള്ളം തരാമോ?' അവൾ വാട്ടർ പ്യൂരിഫയറുടെ ടാപ്പിനടിയിൽ ഒരു ഗ്ലാസ് വെച്ചു. വെള്ളത്തുള്ളികൾ ഗ്ലാസ് നിറച്ചു.
’എന്ത് രുചി! മാധുര്യമുള്ള വെള്ളം...’ ഞാൻ മുഖസ്തുതി പറഞ്ഞതല്ല. ശരിക്കും അങ്ങനെതന്നെ ആയിരുന്നു.
ഞാൻ മുന്നിൽ, അക്ഷയ് പിന്നാലെ, പിന്നെ അവൾ എന്ന ക്രമത്തിൽ ഞങ്ങൾ താഴേക്ക് നടക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. കോണിപ്പടിയുടെ അടിയിൽ നിന്നും ലഗേജുകൾ എടുത്തുകൊണ്ട് ഞങ്ങൾ പുറത്തെ ഇരുട്ടിലേക്ക് നടന്നു. ഡ്രൈവർ ബൂട്ട് തുറന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഞങ്ങളുടെ ബാഗുകൾ ശ്രദ്ധാപൂർവം എടുത്ത് വെച്ചു.

'ഒരു നിമിഷം,' അവൾ പറഞ്ഞു, എന്നിട്ട് മുകളിലേക്ക് ഓടി. ഉടൻ തന്നെ ഒരു തവിട്ടുനിറത്തിലുള്ള ബാഗുമായി താഴെവന്നു. 'ഇത് നിനക്കാണ്,' എന്നോട് അത് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. 'വീട്ടിൽ എത്തിയിട്ടേ തുറക്കാവൂ.’
അവൾ കൈ വീശി. കാർ മുന്നോട്ട് നീങ്ങി.
എന്നാൽ അകത്ത് എന്താണുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിൽ, കാർ ഇടവഴിയിൽനിന്ന് പുറത്തേക്ക് നീങ്ങുന്നതിനുമുമ്പ് ഞാൻ ബാഗ് തുറന്നു.
ഒരു ടെറാക്കോട്ട ശിൽപം. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി, പക്ഷേ അവൾ അപ്പാർട്ട്മെന്റിലേക്ക് അപ്രത്യക്ഷയായിരുന്നു. 'നീ മിതികയാണ്...Myth-ica...കാല്പനികയുടെ കൂട്ടുകാരി,' ഞാൻ സ്വയം പറഞ്ഞു.
പിങ്ക് ഡോഗ് എന്റെ കൈകളിൽ വിറച്ചുകൊണ്ടിരുന്നു. അപൂർണ്ണമായി.
