ചില വിജയങ്ങൾ വായനാറ്റം പോലെയാണ്.
വെളിപ്പെടുന്തോറും അതൊരു ദുരന്തമാവും.
- (ഒരിന്ത്യൻ ശിൽപി)
▮
ഒന്ന്
ഡിസംബറിലെ അവസാനത്തെ വെള്ളിയാഴ്ച രാത്രി ഏറെവൈകി, കഴിഞ്ഞ ആറുമാസം കൊണ്ട് പണിത ശിശുദൈവത്തെ, മഞ്ഞിനോട് ചേർന്ന് വീണുകൊണ്ടിരിക്കുന്ന നിലാവിൽ ഒന്നിരുത്തി നോക്കിയതും എന്തെന്നില്ലാത്ത ഒരുൾക്കിടിലം എന്റെ ഹൃദയത്തിൽ നെറ്റികുത്തി വീണു. മായ്ക്കാനാവാത്തവിധം മുന്നിൽ വെളിപ്പെട്ടുനിൽക്കുന്ന ആ സൂക്ഷ്മശരീരത്തെ ഏത് വിധേനയും ഇനി ഒളിപ്പിക്കാനാവില്ല. ഇന്ന് നടന്ന ട്രസ്റ്റ് മീറ്റിങ്ങോടെ തീരുമാനമെടുക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്. കേട്ടറിഞ്ഞ സൂചനകൾ പലതും നെഞ്ചിൽ ഇടിത്തീ പോലെയാണ് വന്നുവീണ് പൊട്ടിത്തെറിക്കുന്നത്. പിടിക്കപ്പെട്ടാൽ കല്ലുകളിൽ നിന്ന് സകലജാതി ദൈവങ്ങളെയും കൊത്തിയെടുത്ത അഞ്ചുതലമുറകളുടെയും വായിൽ സിമൻ്റും മണലും കമ്പിയുമിട്ട് കൂട്ടിക്കൊഴച്ച് ജീവനോടെ കുഴിച്ചുമൂടാൻ അവർക്കൊരു മടിയുമുണ്ടാകില്ല. അത്രമാത്രം അവർ വളർത്തിയെടുത്ത പേടി വിളവെടുത്തുകൊണ്ടിരിക്കുന്നു. പക്ഷേ ഇത്രയെങ്കിലും ചെയ്യാനായില്ലെങ്കിൽ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന തികട്ടൽ ഉറങ്ങിത്തീർക്കാനുള്ള എല്ലാ വരുംകാലരാത്രികളുടെയും കഴുത്തു ഞെരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ വഴി മാത്രമായിരുന്നു ഇത്.
ടെൻ്റിനു ചുറ്റും അന്ന് കൂടുതൽ കാവൽക്കാരുള്ളതായ് എനിക്ക് തോന്നി. സാധരണ ആ നേരങ്ങളിൽ അധികമാരെയും കാണാത്തതാണ്. സരയൂ നദീതടത്തിൽ നിന്ന് കൊണ്ടുവന്ന പൊടിമണ്ണിൽ, അമ്പത്തൊന്നിഞ്ചിൽ കുസൃതിയും സ്നേഹവും നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രൂപത്തിലേക്ക് ഒരു വട്ടം കൂടി സൂക്ഷിച്ച് നോക്കാൻ എനിക്ക് ധൈര്യം തോന്നിയില്ല. അടുത്ത നിമിഷം എന്നും കാണാറുള്ള പണ്ഡിറ്റ് ദീൻദയാൽ കത്തിക്കൊണ്ടിരിക്കുന്ന ഒരാരതിയുമായ് ടെൻ്റിലേക്ക് കയറി.
‘അരേ, ശിൽപി ഭഗവാൻ … നിങ്ങൾ ശരിക്കും ഭാഗ്യവാനാണ്. ഈ ഭഗവാൻ തീർച്ചയായും സഹസ്രാബ്ദങ്ങളോളം ഈ പുണ്യഭൂമിയിൽ മനുഷ്യരെ ആശിർവദിച്ചുകൊണ്ടിരിക്കും… അതുകൊത്തിയെടുത്ത നിങ്ങളുടെ വിരലുകൾ ദൈവത്തിൻ്റേതു തന്നെയാണ്.’
തിരിച്ച്, ഒന്നു ചിരിക്കുകയല്ലാതെ മറ്റൊന്നും പറയാൻ എനിക്കായില്ല. പണ്ഡിറ്റ് വിഗ്രഹത്തിന്റെ ചുറ്റും ആരതിയുമായ് നടക്കുകയും മന്ത്രങ്ങൾ ഉരുവിടുകയും കൈയ്യിൽ കരുതിയ പൂക്കൾ അർപ്പിക്കുകയും ചെയ്തു. രാത്രിവരുന്ന പതിവ് ഇല്ലാത്തതാണ്. പുലർച്ചെ നേരംവെളുക്കുന്നതിനുമുമ്പെ സരയുവിൽ മുങ്ങി പ്രാർത്ഥനകളോടെ ഇവിടെ കഴിഞ്ഞ മുഴുവൻ ദിവസങ്ങളിലും അയാൾ എത്തിയിട്ടുണ്ട്. അടുത്തുള്ള ഏതോ ക്ഷേത്രത്തിലെ പൂജാരിയാണെന്നാണ് പറഞ്ഞത്. പണി തുടങ്ങിയതോടെ തൊഴിൽ മറ്റൊരാളെ ഏൽപ്പിച്ച് നിർമ്മിത ക്ഷേത്രത്തോട് ചേർന്നുള്ള ഒരു കോവിലിൽ തൊഴിലെടുക്കാനായ് വന്നതാണയാൾ. പക്ഷേ സ്വന്തം ക്ഷേത്രത്തിൽ എത്തുന്നതിനുമുമ്പെ മൂന്നുവട്ടം അയാൾ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ക്ഷേത്രത്തെ ചുറ്റുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യും.
പ്രാർത്ഥനകൾ അവസാനിപ്പിച്ച് ഇറങ്ങാൻ നേരം അന്നയാളോട് ചോദിച്ചത് വീണ്ടും ഓർത്തു: ‘പണ്ഡിറ്റ് നിങ്ങളുടെ സ്വന്തം കോവിലിലെ ഭഗവാന് സുഖം തന്നെയോ?’
വിടർന്ന ഒരു ചിരിയോടെ അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ഇരുട്ടിന്റെ ഇനിയും പൂർണമായ് വിരിഞ്ഞിട്ടില്ലാത്ത ഒരറ്റത്ത് ചെറുതല്ലാത്ത ഒരു നനവ് പടരുന്നത് എനിക്ക് കാണാമായിരുന്നു.
പലനാളും ഉറക്കമിളച്ചു തുടർന്നുകൊണ്ടിരുന്ന പന്ത്രണ്ട് മണിക്കൂറോളം നീണ്ട പണിക്കിടയിൽ വായ തുറക്കാനാവാതെ അടഞ്ഞുപോകാതിരിക്കാൻ മാത്രമായ് കണ്ടെത്തിയ മനുഷ്യരിൽ പണ്ഡിറ്റുമുണ്ടായിരുന്നു. പോകുന്നതിനിടയിൽ അയാൾ നീട്ടിയ ഓട്ടുപാത്രത്തിൽ നിന്ന് തൊട്ട ചന്ദനം എന്റെ നെറ്റിയിൽ കിടന്ന് തിളച്ചു.
ശരിക്കും ഇതൊരു മത്സരപരീക്ഷയാണോയെന്ന് ആലോചിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ കാലിന്റെ പെരുവിരൽ മുതൽ ഏതോ ഒരു പരാദജീവി രക്തത്തിലൂടെ അരിച്ചുകേറുന്നത് ഞാനറിഞ്ഞു.
എന്റെ കൂടെ ഇതേയാവശ്യത്തിനായ് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരുമായ് സത്യത്തിൽ പരിചയങ്ങളൊന്നുമുണ്ടായിരുന്നില്ല. രാജസ്ഥാനിൽ നിന്നുള്ള ദേവനാരായണ പാണ്ഡെ ശ്വേതവർണത്തിലുള്ള കല്ലിലാണ് ശിശുദൈവത്തെ കൊത്തിയെടുത്തിരിക്കുന്നത്. കഴിഞ്ഞ പത്തുമുപ്പത് വർഷമായ് അയാൾ ശിലകളുമായ് പ്രേമത്തിലാണ്. രാജ്യം ഉറ്റുനോക്കുന്ന മൂന്നുപേരിൽ ഒരാൾ നാൽപത്തേഴുകാരനായ ഈ പാണ്ഡെയാണ്. ചെറുപ്പം മുതലേ രാമഭക്തനാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതൊരു ജൻമാന്തര സുകൃതമായാണ് കാണുന്നതെന്നാണ് യാദൃച്ഛികമായ കണ്ടുമുട്ടലുകളിൽ അയാൾ ആദ്യം പറഞ്ഞുവെക്കാറുള്ളത്.
നിർമ്മാണത്തിന്റെ തുടക്കത്തിൽ ട്രസ്റ്റ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ രണ്ടെണ്ണം ഇവയായിരുന്നു:
അമ്പത്തിയൊന്നിഞ്ച്.
അഞ്ച് വയസ്സ്.
അതിനുതന്നെ മുട്ടു തയഞ്ഞുതീരുന്ന ഭഗീരതപ്രയത്നം വേണ്ടിവരുമെന്നാണ് മൂന്നുപേരിലെ രണ്ടാമനായ ശിവേശ ഭട്ട് ആദ്യം അഭിപ്രായപ്പെട്ടത്. എന്നെപ്പോലെ തന്നെ ശ്യാമശിലയിൽ തന്നെയായിരുന്നു ഭട്ടും പണിയാൻ ആഗ്രഹിച്ചത്. ബാംഗ്ലൂരുകാരനായിരുന്നു അയാൾ. അമ്പതിലേറെ ക്ഷേത്രങ്ങൾക്ക് വിഗ്രഹങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് ഭട്ട് എണ്ണിയെണ്ണി പറഞ്ഞിട്ടുള്ളത്. പക്ഷേ എവിടെയൊക്കെയോ അയാളുടെ പെരുമാറ്റത്തിൽ ചില പൊരുത്തക്കേടുകൾ എനിക്കനുഭവപ്പെടാതിരുന്നില്ല. അത് നേരിട്ടു ചോദിക്കാനുള്ള അടുപ്പമോ സമയമോ ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
പരസ്പരം ശിൽപങ്ങൾ കാണേണ്ടതില്ലെന്ന് പാണ്‌ഡെയാണ് ആദ്യം പറയുന്നത്. കേട്ടപ്പോൾ അതാണ് നല്ലതെന്ന് എനിക്കും തോന്നി. അതിൽ മറ്റൊന്നും വിചാരിക്കേണ്ടതില്ലെന്നും നമ്മൾ പരസ്പരം സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കുന്നതാണ് ശിൽപത്തിനും സമ്മർദ്ദം കുറക്കാനും നല്ലതെന്ന് ഭട്ടും യോജിപ്പിൽ എത്തിച്ചേർന്നു. ഞങ്ങളുടെ അത്യാവശ്യങ്ങൾക്കും സഹായത്തിനുമായ് നിയമിക്കപ്പെട്ട രണ്ടു മൂന്നുപേരല്ലാതെ മറ്റൊരിടപെടലും പണിസമയങ്ങളിൽ ഉണ്ടായിരുന്നുമില്ല. എന്നിട്ടും പൂർത്തീകരിക്കപ്പെട്ട ശിൽപത്തിനു നേരെ ഇപ്പോഴും പേടിയില്ലാതെ എനിക്ക് നോക്കാനാവാത്തതെന്തുകൊണ്ടാണ്?
കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. നിലംതൊടാതെ ഒഴുകിവരുന്ന തണുത്ത കാറ്റിൽ ഉള്ള് വിയർപ്പിക്കുന്ന തീപ്പൊരികൾ ചിതറുന്നത് ഞാനറിഞ്ഞു. നാളെയോടെ പ്രതിഷ്ഠയ്ക്കായ് തിരഞ്ഞെടുക്കപ്പെട്ട ശിൽപം ഏതെന്ന് പ്രഖ്യാപിക്കപ്പെടുമെന്നാണ് ഇന്ന് രാവിലെ കണ്ടപ്പോഴും ട്രസ്റ്റുമായ് അടുത്തബന്ധമുള്ള ശർമാജി പറഞ്ഞിട്ടുള്ളത്.
‘കൂടുതലൊന്നും ഇപ്പം പറയാൻ അനുവാദമില്ല ഭഗ്‌വാൻ... ഒരു കാര്യം എനിക്കുറപ്പിച്ച് പറയാനാകും. താങ്കളുടെ കൈകൾ അനുഗ്രഹിക്കപ്പെട്ടതാണ്.’
തീർച്ചയായും തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരപൂർവ്വമായ ഭാഗ്യം തന്നെയാണ്. മറിച്ച് കാണാൻ ഒരു കാരണവുമില്ല. പഠിച്ച് കഴിഞ്ഞ എം.ബിയേയും ഒരു സ്വകാര്യ കമ്പിനിയിലെ കാൻവാസിങ്ങ് പണിയും മാറ്റിവെച്ച് കുടുംബവഴിയായ ശിൽപനിർമാണത്തിലേക്ക് വരാൻ പതിനൊന്നു വയസ്സു മുതൽ പഠിച്ചെടുത്ത കല്ലുകളുടെ ശ്വാസോച്ഛ്വാസവഴികൾ കൂട്ടിനുണ്ടായിരുന്നു. മുത്തച്ഛൻ നാഗണ്ണ കൈയ്യിലേക്ക് മരത്തിന്റെ ഉളിവെച്ച് തന്ന് പറയും:
‘കാത് വെച്ച് നോക്ക്.. ശ്വാസിക്കുന്നത് കേൾക്കാമോ?’
ഞാനില്ല എന്ന് തലയാട്ടും.
‘ശ്രദ്ധിക്ക് … നീയവിടെയും ഇവിടെയും നോക്കിയിട്ടാണ്… ഇത് നിന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണെന്ന് വിചാരിക്ക്…ഇനി കേട്ട് നോക്ക്…’
ഒന്നും കേൾക്കാനാവാതെ വൈകുവോളം ഒരു മുട്ടുപോലും മുട്ടാതെ അന്നെനിക്ക് മടങ്ങേണ്ടി വന്നു.
‘ശ്വാസം കേട്ടാൽ മാത്രമേ ഉളി പിടിക്കാവൂ… ഒരു മുറിവുപോലും അധികം അവർക്ക് താങ്ങാനാവില്ല. അനാവിശ്യമായ ഒരു കൊത്തുപോലും അവരുടെ രക്തം തെറിപ്പിക്കും.’
ദിവസങ്ങളോളം കൈയ്യിൽ തന്ന മരത്തിന്റെ ഉളി ഒന്നു വെച്ചുനോക്കാൻപോലും സമ്മതിക്കാതെ ചെവിട് ചേർത്ത് ദിവസങ്ങൾ തള്ളിനീക്കേണ്ടി വന്നു. പലപ്പോഴും ഇത് കണ്ട് ചിരിക്കുക മാത്രമായിരുന്ന അച്ഛൻ ഒരു ദിവസം ഒരു പുസ്തകം കൈയ്യിൽ വെച്ചു തന്നു.
‘മടുക്കുമ്പോൾ ഇതെടുത്ത് വായിച്ചോ?’
ആ തടിയൻ പുസ്തകം കണ്ടപ്പോഴേ എനിക്ക് പേടി തോന്നി. എന്ത് ധൈര്യത്തിലാണ് ഇത്രവലിയ പുസ്തകം എന്റെ കൈയ്യിൽ വെച്ച് തന്നത്? ഉള്ളിലെവിടെയോ ഒരെരിച്ചിൽ വന്നുകേറി. അവധിക്കാലത്തിന്റെ എല്ലാ സന്തോഷവും ഈ പുസ്തകം കളഞ്ഞുകുളിക്കുമെന്ന് എനിക്ക് തോന്നി. പല തവണ ശ്രമിച്ച് വീണ്ടും പരിജയപ്പെട്ട് ആ പുസ്തകത്തിന്റെ ആദ്യ പേജിലേക്ക് എന്റെ വിരലുകൾ നീങ്ങി. പുറംചട്ടയിലുണ്ടായിരുന്ന അതിന്റെ എഴുത്തുകാരന്റെ ചുണ്ടിൽ ചെറുതല്ലാത്ത ഒരു ചിരിയുണ്ടായിരുന്നു. അയാളെന്നെ കളിയാക്കുകയാണെന്ന് തോന്നലുണ്ടായി. അടുത്ത ദിവസം അടുത്തേക്ക് വിളിച്ച് അച്ഛൻ പറഞ്ഞുതന്ന ഒരു രഹസ്യം ഒടുക്കം എന്റെ രക്ഷക്കെത്തി.
‘വിദ്യ ഞാൻ പറഞ്ഞുതരാം. പക്ഷേ ഈ വേനൽക്കാലം തീരും മുമ്പെ ആ പുസ്തകം വായിച്ചു തീർക്കണം.’
ഞാൻ മടിച്ച് മടിച്ച് തലയാട്ടി.
അച്ഛൻ ആ കല്ലിനോട് ചേർന്ന് നിന്നു.
ഞാൻ ആകാംക്ഷയോടെ അടുത്തേക്ക് നിന്നു.
‘നോക്ക്... ആദ്യം, പുറത്തെടുക്കേണ്ടുന്ന രൂപം നീ മനസ്സിൽ കാണണം. പൂർണമായും. അതിലെ ഓരോ തരിയും തൊട്ട് തൊട്ട് കാണാൻ കഴിയണം. പതിയെ അതിന്റെ നിൽപ്, ചെരിവ്, കൺപീലികളുടെ അനക്കങ്ങൾ ....എന്നിട്ട് വേണം ചെവിട് ചേർക്കാൻ..... അപ്പം കേൾക്കാൻ പറ്റും.’
സംഭവം ഫലിച്ചു.
പതിയെ കല്ലിനുള്ളിൽ നിന്ന് ചെറിയൊരനക്കം ഞാൻ കേട്ടു. എന്റെ ശരീരം സന്തോഷം കൊണ്ട് നിറയാൻ തുടങ്ങി. മരത്തിന്റെ കൊത്തുളിയിൽ വിരലുകൾ അമർത്തിപ്പിടിക്കാൻ പറഞ്ഞ് മുത്തച്ഛൻ ആദ്യമുട്ടിന് തയ്യാറാക്കി. ആ ഒരൊറ്റ സൂത്രത്തിന്റെ പേരിൽ രാത്രി നീളെ ഉറക്കമൊഴിച്ച് ആ പുസ്തകത്തിലൂടെ ഞാനരിച്ചരിച്ച് നടന്നു.

രണ്ട്
ഉറക്കം കിട്ടാതെ ഉഴലുന്നതിനിടയിൽ സുരേഖ വിളിച്ചു. അവളെ കണ്ടിട്ട് ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ആഴ്ചയിലൊരിക്കൽ വിളിക്കും. പലപ്പോഴും അതൊരു അസ്വസ്ഥതയാവുമോ എന്ന് കരുതി അവളുതന്നെ നേരത്തെ അവസാനിപ്പിക്കും.
‘എത്ര ദൂരത്താണെങ്കിലും ശബ്ദം കേൾക്കുമ്പോൾ ഒരാശ്വാസമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ എന്നോടെന്തെങ്കിലും ചോദിക്കുമോ?’
ഒന്നും തിരിച്ചുചോദിക്കാൻ എനിക്കു കഴിഞ്ഞില്ല.
ശിൽപനിർമാണം പൂർത്തിയായിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ സമയങ്ങളിലൊന്നും ഒന്നും മിണ്ടാതെ ഒരു ഫോണിന്റെ രണ്ടറ്റങ്ങളിൽ നിന്നതല്ലാതെ വേറൊന്നുമുണ്ടായിട്ടില്ല. പക്ഷേ പണിയവസാനിച്ചിട്ടും നീണ്ടുവരുന്ന നിശ്ശബ്ദത എന്തിനാണെന്ന് എനിക്ക് മനസ്സിലായതേയില്ല. കുട്ടികൾ ഉറങ്ങിയോ എന്ന് ചോദിക്കണമെന്ന് കരുതി. വാക്കുകൾ പുറത്തുവരാതെ ഒളിക്കുകയാണുണ്ടായത്. അവളോട് പറയാതെ മാറ്റിവെച്ച ഒരേയൊരു കാര്യമേയുണ്ടായിരുന്നുള്ളൂ. ബോധപൂർവമുള്ള ആ മറവി എല്ലുകളിലും സമസ്തനാഡികളിലും പിടിമുറുക്കുന്നത് ഞാനറിഞ്ഞു.
‘ശരി.’
വളരെ നേരത്തെ നിശ്ശബ്ദതകൾക്കിടയിൽ അവസാനത്തെ വാക്കുച്ചരിച്ച് അവൾ ഫോൺ വെച്ചു. കുറ്റബോധം കൊണ്ട് എന്റെ രുചിമുകുളങ്ങൾ പൊള്ളിപ്പോകുന്നത് ഞാനറിഞ്ഞു.
പിറ്റേന്ന് പതിവുപോലെ എഴുന്നേറ്റ് കുളിച്ച് ടെൻ്റിലേക്ക് നടന്നു. പതിവായ് കാണുന്ന മുഖങ്ങളിലൊക്കെ എന്തെന്നില്ലാത്ത തിളക്കങ്ങൾ. നൂറുകണക്കിനാളുകളാണ് ക്ഷേത്രനിർമാണവുമായ് ബന്ധപ്പെട്ട് രാപ്പകൽ വ്യത്യാസമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുന്നത്. അവരെ സഹായിക്കാനായ് വന്നെത്തിയ സന്നദ്ധ സേവാംഗങ്ങൾ വേറെയുമുണ്ട്. എന്നും ഒരോടിച്ചു നോട്ടത്തിനപ്പുറം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നില്ല. ടെൻ്റിലെത്തി പതിവുപ്രാർത്ഥനകൾ തീരുന്നതിനു മുമ്പെ പണ്ഡിറ്റ് ആരതിയുമായ് വന്നു.
‘അരെ ശിൽപി ഭഗവാൻ, ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും.’
അയാൾ ശിൽപത്തിനു ചുറ്റും ആരതിയുമായ് നടന്ന് പ്രാർത്ഥനകൾ ഉരുവിട്ടു. ക്ഷേത്രത്തിന്റെ കിഴക്ക് വശത്തോട് ചേർന്നുള്ള ഒരു ടെൻ്റിലായിരുന്നു ശിൽപനിർമാണം. വളരെ ചെറിയ ടെൻ്റ് മതിയെന്ന് ആദ്യമേ പറഞ്ഞിരുന്നു. വലുപ്പം പലപ്പോഴും ശ്രദ്ധയെ തുരത്തുമെന്നും കൂടുതലാളുകളെ ആകർഷിക്കുമെന്നും ഭയന്നിരുന്നു. അതിലുപരി ചെയ്യാനിരിക്കുന്ന ഒളിപ്പോരിനെ ഏതെങ്കിലും വിധത്തിൽ അത് തകർത്ത് കളഞ്ഞേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. അങ്ങനെ വന്നാൽ യുദ്ധം തുടങ്ങുന്നതിനുമുമ്പെ ബലിയാടാവേണ്ടി വന്ന ഹതഭാഗ്യനായ ഒരു ചെറുപ്പക്കാരനായ് തീരുമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ പകുതിയോടെയാണ് ശിൽപനിർമാണവുമായ് ബന്ധപ്പെട്ട വിളിവരുന്നത്. അതിനുമുമ്പെ ക്ഷേത്രഭൂമിയിലേക്ക് ശിശുദൈവത്തിന്റെ ശിൽപത്തിനായ് മികവുറ്റവരെ നോക്കുന്നതിന്റെ വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു. ഇതൊന്നുമൊരിക്കലും അന്വേഷിച്ച് ചെല്ലേണ്ടതല്ലെന്നും തേടി വരേണ്ടതാണെന്നുമായിരുന്നു അച്ഛൻ പറയാറുണ്ടായിരുന്നത്. അത് ശരിയുമാണെന്ന് എനിക്ക് തോന്നാതിരുന്നില്ല. അങ്ങനെ കൈവന്ന കേദാർനാഥിലെ പന്ത്രണ്ടടി നീളമുള്ള അദ്വൈതിയായ ശങ്കരാചാര്യരുടെ പ്രതിമയും ഇന്ത്യ ഗെയിറ്റിനു സമീപമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അക്കാര്യം ഉറപ്പിച്ചിരുന്നു.
ഇപ്പോഴും അതോർമയുണ്ട്.
നേതാജിയുടെ പ്രതിമയുണ്ടാക്കുന്ന സമയമാണ്. മുപ്പത് അടിയിലാണ് നിർമാണം. അമർ ജവാൻ ജ്യോതിക്കു പിറകിലെ മേലാപ്പിലാണ് പണിയേണ്ടത്. മാസങ്ങൾ നീണ്ട അധ്വാനമാണ്. വീടുമായ് ഏതാണ്ട് ബന്ധമറ്റ പോലെയുള്ള ദിവസങ്ങളാണ്. മറക്കാതെ വിളിക്കുമ്പോഴൊക്കെ പരിഭവങ്ങളുമായ് സുരേഖ കാത്തുനിൽക്കും. ഒരു മൂളലായിരിക്കും പലപ്പോഴും മറുപടി. അസഹനീയമായ വെയിൽ ശരീരത്തെ കൃഷ്ണശിലയാക്കിക്കൊണ്ടിരിക്കും.
നേതാജിയുടെ കണ്ണുകളിലാണ് അന്ന് പണിയെടുത്ത് കൊണ്ടിരിക്കുന്നത്. സുരേഖയുടെ നമ്പർ ഫോണിൽ വെളിച്ചപ്പെട്ടു. സാധാരണ ജോലിസമയങ്ങളിൽ ഫോണുപയോഗിക്കരുതെന്ന് കർശനമായ് സഹപ്രവർത്തകരോട് പറഞ്ഞിട്ടുള്ളതാണ്. ഇതറിയാവുന്നതുകൊണ്ട് തന്നെ സുരേഖ ആ സമയങ്ങളിൽ വിളിക്കാറുമില്ല. വീട്ടിലെ പണികളെല്ലാമൊതുക്കി ഉറങ്ങാൻ കിടക്കുമ്പഴോ അതുമല്ലെങ്കിൽ ഉറക്കമില്ലാതെ കിടക്കുമ്പഴൊ ആണ് അവളുടെ വിളി. സഹപ്രവർത്തകൻ ദിപേഷ് സിദ്ധൈയ്യ ഫോൺ ഉയർക്കിക്കാട്ടി. നേതാജിയുടെ കണ്ണുകളിലെ ഗാംഭീര്യത്തിന് മൂന്നുനാല് കൊത്തുകൾകൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ രൂക്ഷമായ് ഒന്ന് നോക്കിയതും ഫോൺ വീണ്ടും ടെൻ്റിലേക്ക് കൊണ്ടുവെച്ച് സിദ്ധയ്യ പണി തുടർന്നു.
അന്നുച്ചഭക്ഷണത്തിനുശേഷം എനിക്കാ ഫോൺകോൾ ഓർമവന്നു. വിളിക്കണ്ടെന്ന് കരുതി. പക്ഷേ എന്തോ സുരേഖയുടെ നമ്പറിൽ വിരലുകളമർന്നു.
ഒരു കരച്ചിലായിരുന്നു മറുപടി.
അച്ഛൻ മരിച്ചിരിക്കുന്നു. കാണണമെന്ന് ഇടയ്ക്കിടെ സുരേഖയോട് പറയുമായിരുന്നു. പണിയുടനെ തീരുമെന്ന് കള്ളം പറഞ്ഞു.
അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു. എന്റെ ശരീരം ഒലിച്ചു പോകുന്നതുപോലെ എനിക്കു തോന്നി. നേതാജിയുടെ നെഞ്ചിലേക്ക് കാതുചേർത്ത് വെച്ച് ഞാൻ ശ്രദ്ധിച്ചു. അച്ഛന്റെ ശ്വാസം ഞാൻ കേൾക്കുകയായിരുന്നു. തന്റെ കൈകൊണ്ട് നിർമിച്ച അസംഖ്യം ദേവൻമാരിലൂടെയും മനുഷ്യരിലുടെയും ആ ശ്വാസം തുടർന്നുകൊണ്ടിരിക്കുന്നതായ് ഞാനറിഞ്ഞു.
ഒരിക്കൽ ചാമുണ്ഡേശ്വരിയുടെ ശിൽപനിർമാണത്തിനിടെ പാളിപ്പോയ ഒരു കൊത്തിൽ തലകുനിച്ചിരിക്കുന്ന എന്റെ അടുത്ത് വന്ന് അച്ഛൻ പറഞ്ഞു: ‘നമ്മൾ ദൈവങ്ങളല്ല. മനുഷ്യരാണ്. നമുക്ക് തെറ്റ് പറ്റാവുന്നതേയുള്ളൂ. അന്തസ്സുള്ള തെറ്റുകൾ വരുത്തുകയാണ് നമ്മുടെ ജോലി.’
എന്റെ കണ്ണുകൾ മറ്റാരും കാണാതെ തുടച്ചുതരുന്ന അച്ഛനെ എനിക്കോർമ വന്നു.
മൂന്ന്
നാസ്തയ്ക്കായ് ഭക്ഷണഹാളിൽ ഇരിക്കുമ്പോളാണ് ശർമാജി വരുന്നത്. ട്രസ്റ്റ് സെക്രട്ടറി കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കമ്മിറ്റിയിലെ മൂന്നാലുപേരെ പരിചയമുണ്ട്. മാസത്തിലൊരിക്കലോ മറ്റോ അവരിൽ ചിലർ ടെൻ്റിലേക്ക് വരികയും പണികൾ നോക്കുകയും ചെയ്യും. അതിലുണ്ടായിരുന്ന ദീപേന്ദ്ര മിശ്ര കൂടുതൽ അടുപ്പം കാണിച്ചിരുന്നു. കാണുമ്പോൾ കൂടുതൽ കർക്കശക്കാരനായ് തോന്നുമെങ്കിലും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. ഒരിക്കൽ ഏറെ നേരം നോക്കി നിന്ന് മിശ്ര പറഞ്ഞു:
‘ഈ ഭൂലോകത്തിന്റെ മുഴുവൻ ഹിന്ദുക്കളും തലകുനിച്ച് പ്രാർത്ഥിക്കേണ്ടുന്ന വിഗ്രഹമാണ്. അതിൽ പ്രധാനമന്ത്രി മുതൽ പിച്ചക്കാരൻ വരെ കാണും. അതെപ്പോഴും ഓർക്കണം. അത്രയും തെളിച്ചം ആ മുഖത്തുണ്ടാവണം. ഒരു മനുഷ്യനെയല്ല, ദൈവത്തെയാണ് നിങ്ങളുണ്ടാക്കുന്നത്.’
തിരിച്ചുനടക്കുന്നതിനിടയിൽ ശർമ്മാജി ഒന്ന് നിൽക്കുകയും തിരിഞ്ഞ് പറയുകയും ചെയ്തു:
‘സാവധാനം വന്നാൽ മതി. ഭക്ഷണം നന്നായി കഴിക്കൂ…തീരുമാനമെന്തായാലും സമാധാനമായ് കേൾക്കൂ…’
‘അവസാനത്തെ വാക്ക് എന്നിൽ കൂടുതൽ നടുക്കമുണ്ടാക്കി. മൂന്നുപേരുടേയും വിഗ്രഹങ്ങളുടെ സൂക്ഷമപരിശോധന നടന്നുകഴിഞ്ഞതാണ്. ചിത്രങ്ങളും എടുക്കപ്പെട്ടതാണ്. വിദഗ്ദസമതികളുടെ പരിശോധനയ്ക്ക് ശേഷമേ തിരഞ്ഞെടുക്കപ്പെട്ട ശിശുദൈവത്തിന്റെ വിഗ്രഹം മൂന്നിലേതെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. മൂന്നും കണ്ടവരിൽ നിന്ന് കിട്ടിയ സൂചനകൾ ഇതൊരു ഭയങ്കര മത്സരമാണെന്ന് തന്നെയാണ്. ഇന്നലെ ചേർന്ന ഉന്നതതലസമിതിയുടെ തീരുമാനമാണ് അവസാന വാക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ധാരണയിലെത്തിയിരുന്നതാണെങ്കിലും അതേക്കുറിച്ച് പുറത്താർക്കും അറിവുണ്ടായിരുന്നില്ല. ഇനിയുമെന്തിനാണ് അതറിയിക്കാൻ വൈകുന്നതെന്ന് ചോദിക്കാനിരുന്നതാണ്. പക്ഷേ എന്തുകൊണ്ടോ അതിനായില്ല.
ഭക്ഷണം വേഗത്തിൽ മതിയാക്കി കമ്മിറ്റി ഓഫീസിലേക്ക് പോകുമ്പോൾ ക്ഷേത്രത്തിന്റെ ചുറ്റിലുമായ് ചാനലുകാർ വന്ന് നിറയുന്നത് ദൂരെ നിന്ന് കാണാമായിരുന്നു. ഉള്ളിലേക്ക് കടന്ന് വരാനാവാത്തവിധം കമ്പികൊണ്ട് കൃത്യമായ് പുതിയ അതിരുകൾ കെട്ടിയുണ്ടാക്കപ്പെട്ടിരിക്കുന്നു. ഇത്രനേരമായിട്ടും എന്റെ കണ്ണിൽ അത് പെടാത്തതിൽ എനിക്കതിശയം തോന്നി. കടന്നുപോകുന്നവരിൽ ചിലർ അത്ഭുതത്തോടെ നോക്കുന്നു.
താഴേക്ക് തൂങ്ങിവീണ ജയ് ശ്രീരാമനെന്നെഴുതിയ ഷാൾ ഒന്നുകൂടി തോളിലേക്ക് കയറ്റിയിട്ടു. രാത്രിയുടെ തണുപ്പ് വിട്ടുമാറാതെ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ട്. പുലർച്ചകളിൽ പണിക്കായ് ഇറങ്ങിവരുമ്പോൾ ഒന്നും തിരിച്ചറിയാകാനാവാത്ത വിധം എല്ലാം മഞ്ഞുമൂടിയിട്ടുണ്ടാകും. കൃഷ്ണശില മഞ്ഞിൽ പൊതിഞ്ഞ് ഒരു കുളി കഴിഞ്ഞിട്ടുമുണ്ടാകും. നന്നായ് തുടച്ചശേഷം തലമുറകളായ് ചെയ്തുവരുന്ന പ്രാർത്ഥനകൾ ഒന്നൊന്നായ് ഉരുവിട്ടശേഷം മാത്രമേ സ്വർണത്തിന്റെ ഉളിയും വെള്ളിയുടെ ചുറ്റികയും കൈയ്യിൽ എടുത്ത് പിടിക്കുകയുള്ളൂ.
ജെ.ഡി കോട്ടയിലെ ഒരു സാധാരണ കർഷകന്റെ പാടത്തിൽ നിന്നാണ് ഈ ശില കണ്ടെടുത്തത്. അതു കൂടിയറിഞ്ഞതോടെ സത്യത്തിൽ ആത്മവിശ്വാസം കൂടുകയാണുണ്ടായത്. ഈ രാജ്യത്തിന്റെ നട്ടെല്ലായ കർഷകന്റെ കല്ലിനു മുമ്പിലാണ് ഇനിയീ രാജ്യം തലകുനിക്കാതിരിക്കുന്നത്. വല്ലാത്തൊരാഹ്ലാദം എന്റെ നട്ടെല്ലുകളെ നനച്ചു. അവരുടെ തീരാത്ത സങ്കടങ്ങൾക്കു മുമ്പിലാണ് ഈ രാജ്യം സാഷ്ടാംഗം വീണുനമസ്കരിക്കാനിരിക്കുന്നത്.
തന്റെ പറമ്പിൽ നിന്ന് ആവശ്യമായ കല്ല് കിട്ടിയതിന്റെ സന്തോഷത്തിലാണ് രാമദാസനെന്ന ആ പാവം. അയാളുടെ ഉണങ്ങിപ്പിടിച്ച കൺപോളകൾക്കടിയിലെ കറുപ്പിൽ എന്തെന്നില്ലാത്ത ദുരിതങ്ങളുടെ കൃഷ്ണശിലകൾ പൊടിഞ്ഞുകിടക്കുന്നത് എനിക്കന്ന് കാണാമായിരുന്നു.
കമ്മിറ്റി ഓഫീസിലേക്ക് കേറുമ്പോൾ ട്രസ്റ്റ് ചെയർമാനും നിർമാണ സമിതി ജനറൽ സെക്രട്ടറിയുമുൾപ്പെട്ട കുറച്ചധികം പേരുണ്ടായിരുന്നു. ചെന്ന ഉടനെ തന്നിലേക്ക് കൂർത്ത് കൂർത്ത് വരുന്ന നോട്ടങ്ങളിൽ നിന്ന് ഉള്ളിലേക്കരിച്ച് കേറിക്കൊണ്ടിരുന്ന പേടി ഒരിക്കൽ കൂടി തൊണ്ടയിലൂടെ തികട്ടി തികട്ടി വന്നു. അറിയാതെ ഞാൻ ചുമച്ചുപോയ്.
‘സാരമില്ല. ഈ വെള്ളം കുടിക്കൂ…’
ശർമ്മാജി ഒരു മൺഗ്ലാസിലേക്ക് വെള്ളം പകർന്നു.
‘ഇത് സരയുവിലെ വെള്ളമാണ്. സർവ ദോഷങ്ങളും മാറിക്കിട്ടും.’
ഞാൻ വെള്ളം വാങ്ങി. ഒരിറക്ക് കുടിക്കാനായ് ഗ്ലാസിലേക്ക് നോക്കിയപ്പോൾ ചത്ത് മലച്ച് കിടക്കുന്ന ഒരു ചെറുപ്രാണിയെ കണ്ടു. എല്ലാവരും എന്ന തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ കണ്ണടച്ച് ഒരിറക്ക് ഞാൻ കുടിച്ചു. ആ ചെറുപ്രാണിയുടെ ശവത്തോടെ വെള്ളം എന്റെ തൊണ്ടയിലൂടെ ഒഴുകി.
കേട്ടറിഞ്ഞ സരയുവല്ല തൊട്ടരികിലൂടെ ഒഴുകുന്നതെന്ന് വന്ന നാളു മുതൽ തിരിച്ചറിഞ്ഞതാണ്. ഒരു നദിയും കഥകളിൽ കേട്ടറിഞ്ഞതല്ല. മനുഷ്യരോടൊപ്പം നദികളും മാറുന്നുണ്ട്.
മിശ്ര എഴുന്നേറ്റു. തൊണ്ട താണുയർന്നു. എന്റെ ശിൽപം തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് പറയാനാവുമോ മിശ്ര ഒരുങ്ങുന്നത്. ഞാൻ കണ്ണുകൾ കൂടുതൽ വിടർത്തി. അങ്ങനെയൊന്ന് കേട്ടാലും സങ്കടപ്പെടരുതെന്ന് മനസ് പറഞ്ഞു. എനിക്ക് ചെയ്യാനാവുന്നത് ഞാൻ ചെയ്തിട്ടുണ്ട്. തീർച്ചയായും അതിന് പരിധിയുണ്ട്.
മുമ്പ് ബി.ആർ. അംബേദ്ക്കറിന്റെ പ്രതിമ ചെയ്യുന്നതിനിടയിൽ പരിചയപ്പെടാനായ് ഒരാൾ വന്നു. ആള് പത്രപ്രവർത്തകനായിരുന്നു. ഡൽഹിയിലാണ് താമസം. ശിൽപത്തിന്റെ ഒരുപാട് ചിത്രങ്ങളെടുത്ത് സംസാരിക്കുന്നതിനിടയിൽ എവിടെയാണ് വീടെന്ന് തിരക്കി.
ഞാൻ പറഞ്ഞു: ‘മെസൂര്…’
അയാളുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ആർ. കെ ലക്ഷമണൻ്റേയും ആർ. കെ നാരായണിന്റെയും കടുത്ത ആരാധകനായിരുന്നു അയാൾ.
‘മൈസുരു എന്ന് കേൾക്കുമ്പോഴൊക്കെ മാൽഗുഡി എന്നാണ് ഞാൻ കേൾക്കുന്നത്. ചെറുപ്പത്തിൽ പൂതിമൂത്ത് ബാംഗ്ലൂരിലേക്ക് ഒരിക്കൽ വണ്ടികേറീട്ടുണ്ട്. അന്ന് മൈസൂരുവിലെത്തി കുറെയലഞ്ഞു. മാൽഗുഡിയായിരുന്നില്ല മൈസൂര്.’
‘ഡോൻ്റ് അണ്ടറെസ്റ്റിമേറ്റ് ദ പവർ ഓഫ് എ കോമൺമാൻ.’ ഞാൻ പറഞ്ഞു.
അയാൾ ചിരിച്ചു. നിർത്താതെ.
നേരം പോവുകയാണ്. ഒരടി മുന്നിലേക്ക് വന്ന് മിശ്ര ചുണ്ടനക്കി.
‘നിങ്ങൾ ശരിക്കും ഒരു ഹീറോയാണ്.’
ഞാൻ കണ്ണ് മിഴിച്ചു.
‘നന്ദി. ഞങ്ങൾക്ക്.... ഈ രാജ്യത്തിന് അതിന്റെ ദൈവത്തെ നേരിൽ കാണിച്ചു തന്നതിന്…’
കൂടെയുള്ള രണ്ടുപേർ ഒരു ബൊക്കയും മാലയും മിശ്രയെ ഏൽപ്പിച്ചു.
അദ്ദേഹം എന്റെ അടുക്കലേക്ക് വന്നു. മാലയിടുകയും ബൊക്ക കൈയ്യിലേക്ക് തരികയും ചെയ്തു. കൂടെയുള്ളവർ കൈയ്യടിച്ചു. എനിക്കപ്പോഴും ഒന്നും വ്യക്തമായില്ല. എന്റെ സംഭ്രമം കണ്ട് ട്രസ്റ്റ് അംഗമായ അനിൽ മിശ്ര കാര്യം വിശദമാക്കി.
‘കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ട്രസ്റ്റ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ഭഗവാൻലല്ലയുടെ വിഗ്രഹം മൂന്നിലേതെന്ന് തീരുമാനമെടുത്തിരുന്നു. പക്ഷേ സർക്കാർ ഔദ്യോഗികമായ് അറിയിക്കുന്നതുവരെ പുറത്ത് വിടേണ്ടെന്നായിരുന്നു തീരുമാനം. ഒടുക്കം ആ തീരുമാനവുമെത്തി. ഏതാനും മിനിറ്റുകൾക്ക് മുമ്പ് കേന്ദ്രമന്ത്രി എക്സിലൂടെ താങ്കൾ ശ്യാമശിലയിൽ തീർത്ത ഭഗവാൻലല്ലയെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗർഭഗൃഹത്തിൽ സ്ഥാപിക്കാനായ് തിരഞ്ഞെടുത്തിരിക്കുന്നതായ് അറിയിച്ചുകഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ… വാർത്ത അറിഞ്ഞതു മുതൽ ലോകം വിഗ്രഹം കാണാനായ് കാത്തിരിക്കുകയാണ്. മാധ്യമങ്ങൾ ഭഗവാൻലല്ലയുടെ ശിൽപിക്കു വേണ്ടി കാത്തിരിക്കുകയാണ്. നന്ദി. മുഴുവൻ ഹിന്ദുക്കൾക്കും വേണ്ടി’, അനിൽ മിശ്ര പറഞ്ഞു നിർത്തി.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. പലരും പുറത്ത് തട്ടി എന്റെ ഭാഗ്യത്തെക്കുറിച്ചും പുണ്യത്തെക്കുറിച്ചും അഭിനന്ദിച്ചുകൊണ്ടിരുന്നു. ശർമാജി എന്നെ കെട്ടിപ്പിടിച്ചു.
‘ഒരു ലോകം കാണാൻ കൊതിച്ച ദൈവത്തെ ആദ്യം കണ്ട മനുഷ്യൻ നിങ്ങളാണ്. ആ കണ്ണുകൾ ശരിക്കും ജീവനുള്ളവയാണ്.’
അതുകേട്ടതും എന്റെ നട്ടെല്ലിന്റെ കശേരുക്കളിലൊന്നിൽ തീ കത്തിപ്പടർന്നു.

നാല്
ആവശ്യമായ കല്ല് കണ്ടെടുത്ത ശേഷവും പരിശോധനകൾ നടന്നു. പ്രധാനമായും ശ്യാമശിലയുടെ ഈടുമായ് ബന്ധപ്പെട്ടതായിരുന്നു അതിൽ പലതും. അഞ്ച് ഘട്ടങ്ങളിലൂടെ കടന്ന് മാത്രമേ അതുറപ്പിക്കാൻ സാധിക്കുമായിരുന്നുള്ളു. പൊതുവെ മണ്ണിന് തൊട്ടുതാഴെയായ് കാണപ്പെടുന്നവയായിരുന്നു കൃഷ്ണ ശിലകൾ. വിഗ്രഹങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ശിലകളിൽ ഒന്ന് ഇത് തന്നെയായിരുന്നു. ഗ്രാനൈറ്റിൽ കൊത്തിയുണ്ടാക്കുകയാണ് ഏറ്റവും കടുപ്പമായ് തോന്നിയിട്ടുള്ളത്. അങ്ങനെയും ഒരു ശിൽപം ഉണ്ടാക്കേണ്ടി വന്നതിന്റെ പാഠം മനസ്സിലുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് അയ്യായിരം വർഷത്തെ ഉറപ്പെങ്കിലും ശിലയിൽ കണ്ടെത്തേണ്ടിയിരുന്നു. കൃഷ്ണശിലകൾ പുറത്തെടുക്കുന്നതോടു കൂടി കൂടുതൽ ദൃഢമാക്കപ്പെടുന്നവയാണ്. വേഗത്തിൽ പണിയെടുക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ ഇത്തവണ അങ്ങനെ എളുപ്പത്തിൽ പണി തീർക്കാൻ ആവുമായിരുന്നില്ല. ലല്ലയെ നേരിൽ കാണിച്ചു തരാൻ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല.
മാധ്യമങ്ങൾ ശിൽപിയെ കാണാനായ് തിരക്കുകൂട്ടികൊണ്ടിരുന്നു. ട്രസ്റ്റ് അംഗങ്ങളിലൊരാൾ എന്നെ അവർക്കരികിലേക്ക് വഴിനടത്തിച്ചു.
ഇടയ്ക്കയാൾ ഒന്ന് തിരിഞ്ഞു: ‘ചിത്രങ്ങൾ പുറത്ത് വിടാനായിട്ടില്ല. അതത്രയും സർക്കാർ കാര്യങ്ങളാണ്. നമുക്കതിൽ ഇടപെടാനാവില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ നിങ്ങൾക്ക് മാധ്യമങ്ങള കാണുന്നതിൽ നിന്ന് ഇപ്പോൾ ഒഴിവാവാം.’
മറ്റൊന്നും ചിന്തിക്കാതെ ഞാൻ ഇപ്പോൾ കാണുന്നില്ലെന്ന് പറഞ്ഞു.
‘ശരി. എങ്കിൽ അങ്ങനെയാവാം. എന്നാലും ഒന്നോർത്തോളൂ, നിങ്ങളെയിപ്പോൾ രാജ്യം മുഴുവൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.’
മുറിയിൽ ചെന്നയുടനെ തലചുറ്റുന്നതുപോലെ എനിക്ക് തോന്നി. ഉടനെ ഫോണടിച്ചു. സുരേഖയാണ്. എടുക്കാൻ തോന്നിയില്ല. കട്ടിലിലേക്ക് കിടന്നു. ഉടനെ വാതിലിൻ മുട്ടുകേട്ടു. പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു.
പണ്‌ഡിറ്റുകളുടെ സംഘമാണ്. ഈ നഗരത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിമാരാണ് പലരും. എന്റെ അനുഗ്രഹം വാങ്ങാനും അഭിനന്ദിക്കാനുമായ് വന്നതാണ്. അവരുടെ മുമ്പിൽ ഒരു ചെറിയ ചിരിയോടെ നിൽക്കുകയല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. പൂക്കൾ വാരിയെറിയുകയും ആരതിയുഴിയുകയും ചെയ്ത് എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ അവർ ആഹ്ലാദിക്കുന്നത് കണ്ടതും പിടിക്കപ്പെടുമോ എന്ന ആധി എന്റെ ഞരമ്പുകളെ വീണ്ടും മുറുക്കി. അവർ കൊണ്ടുവന്ന മധുര പലഹാരങ്ങളുടെ ഒരു വലിയ പെട്ടി അതിനകം എനിക്ക് തന്നേൽപ്പിച്ചിരുന്നു. മെയ് അവസാനം പണി തുടങ്ങിയതുമുതൽ ഭക്ഷണത്തിൽ വരുത്തിയ പ്രധാനമാറ്റങ്ങളിൽ ഒന്ന് മധുരം കുറയ്ക്കുക എന്നതായിരുന്നു. ഇപ്പോൾ അതൊരു ശീലമായിരിക്കുന്നു. അവർ പോയശേഷം തിരികെ കട്ടിലിൽ ചെന്ന് പെട്ടി തുറന്ന് നോക്കി. പല നിറത്തിലുള്ള ലഡുവും പാൽപേടകളും മധുരക്കട്ടികളുമാണ്. പക്ഷേ അതിലൊന്നെടുത്ത് വായിൽ വെച്ചതും ഭയങ്കരമായ കയ്പ് രക്തത്തിലേക്ക് ഒലിച്ചിറങ്ങി. ഞാൻ മക്കളെ ഓർത്തു. അവരുടെ ശബ്ദം കേട്ടിട്ട് മാസങ്ങളായിരിക്കുന്നു.
സുരേഖയുടെ നമ്പർ വീണ്ടും തെളിഞ്ഞു. അവൾ വാർത്ത അറിഞ്ഞു കാണണം. ഞാൻ ഫോണെടുത്തു.
ഒരു കരച്ചിൽ മാത്രമായിരുന്നു ശബ്ദം.
‘സുരേഖേ’, ഞാൻ വിളിച്ചു.
ഒരു മൂളൽ മാത്രം വീണ്ടും ഒഴുകിയെത്തി. അടുത്ത നിമിഷം ഫോൺ അമ്മ വാങ്ങിയെടുത്തു. പൊടുന്നനെ ഫോണിൽ മറ്റൊരു വിളി വന്ന് തങ്ങി നിന്നു. സുരേഖയുടെ വിളി മുറിഞ്ഞു. വീണ്ടും അവൾ വിളിച്ചു. അമ്മയാണ് അപ്പുറത്ത്.
‘നന്നായി. ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. നോമ്പുവരെയെടുത്തു. നമ്മുടെ കുടുംബത്തിന്റെ പുണ്യമാണ്. നാട്ടുകാർ വാർത്ത കേട്ടതുമുതൽ ഒഴുകിവരുന്നുണ്ട്. നിന്റെ മക്കളും വലിയ ഉത്സാഹത്തിലാണ്. ഇത്രയുംനാൾ അപ്പനോട് പിണങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ ഈ വാർത്ത കേട്ടതോടുകൂടി അവരാകെ മതിമറന്നിരിക്കുകയാണ്. കുറേപ്പേർ മധുരങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. നിനക്കുള്ളത് ഇവിടെ എടുത്ത് വെക്കാം. നീ എപ്പഴാണ് വരിക. എനിക്കും അതൊന്ന് കാണണമെന്നുണ്ട്.’
വിളി വീണ്ടും നിന്നു. അധികം താമസിയാതെ കോളുകളുടെ പ്രവാഹമായ്. ഒന്നു രണ്ടെണ്ണം എടുത്ത് നോക്കിയെങ്കിലും പരിചയമില്ലാത്ത ഭാഷ കേട്ടതോടെ തിരികെ വെച്ചു. മറ്റൊരെണ്ണം നാട്ടിൽ നിന്നാണ്. ശിൽപത്തിന്റെ ഫോട്ടോ ഒന്നയച്ചു തരുമോ എന്നാണ് അഭ്യർത്ഥന. പത്രത്തിൽ കൊടുക്കാനാണ് എന്നാണ് പറയുന്നത്. ശിൽപത്തോടൊപ്പം ഞാൻ നിൽക്കുന്ന പടമായാൽ നന്നെന്ന് പറയുന്നു മറ്റൊരു പത്രക്കാരൻ. ഒന്നിന് മറുപടി പറയുന്നതിന് മുമ്പെ വീണ്ടും വീണ്ടും അടുത്ത വിളി വന്നെത്തിക്കൊണ്ടിരുന്നു. ഒടുക്കം സ്വിച്ചോഫ് ആക്കാമെന്ന് കരുതി ഫോണെടുത്തതും വാതിലിൻ വീണ്ടും മുട്ടുകേട്ടു.
തുറന്നപ്പോൾ ക്ഷേത്രജോലിക്ക് വന്നെത്തിയ സംഘമാണ്. ഒരു ഷാൾ നോക്കിനിൽക്കാതെ അവരെന്നെ പുതപ്പിച്ചു. പല നാടുകളിൽ നിന്ന് വന്ന പണിക്കാരായിരുന്നു അവർ. കൂട്ടത്തിലൊരുത്തൻ അതിനിടയിൽ പരിചയപ്പെടുത്തി. അയാൾ ബെൽഗാം സ്വദേശിയാണ്. ചെറുതായ് ശിൽപങ്ങൾ ചെയ്യും. അടുത്ത തവണ വിഗ്രഹം ചെയ്യുമ്പോൾ കൂടെ കൂട്ടാമോ എന്നയാൾ ചോദിച്ചു. ചിരിക്കുകയല്ലാതെ മറ്റൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല. കുറച്ച് നേരത്തെ കലപിലകൾക്ക് ശേഷം ആ ബെൽഗാംകാരൻ തിരികെ ഓടി വന്നു.
‘പെട്ടെന്ന് കണ്ടപ്പോൾ ചോദിച്ചുപോയതാണ്. ഞാൻ വിചാരിച്ചു വെളുത്ത ശിൽപമാണ് തിരഞ്ഞെടുക്കുകയെന്ന്. അതുകൊണ്ടാണ് ഇതുവരെ വന്ന് പരിചയപ്പെടാതിരുന്നത്.’
അയാൾ മടങ്ങി.
ഫോൺ വീണ്ടുമടിഞ്ഞു. വേഗത്തിൽ ചെന്ന് അതോഫാക്കി വച്ചു. കൂടുതൽ വിളികൾ ഇനിയും വന്നേക്കാമെന്നും അവരോട് മുഴുവൻ മറുപടി പറഞ്ഞാൽ കുഴങ്ങുമെന്നും തോന്നി. കുറച്ച് കിടക്കാനായിരുന്നു തീരുമാനം. ജനവാതിലുകൾ തുറന്നിട്ടു. ക്ഷേത്രത്തിന്റെ നിന്ന് വരുന്ന നിർമാണത്തിന്റെ ഒച്ചകൾ കേൾക്കാവുന്നുണ്ട്. തലവേദന ഇടത്തെ ഭാഗത്ത് നിന്ന് വലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഞാൻ കണ്ണടച്ചു.
മുന്നിൽ ആ ശിൽപത്തിന്റെ സൂക്ഷ്മരൂപം.
ഞാൻ ചാടിയെഴുന്നേറ്റു. വീണ്ടും ആരോ മുട്ടുന്നുണ്ട്. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു. മൂന്ന് പേരുണ്ട്.
‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞങ്ങളെത്തിക്കാം. അങ്ങയെ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.’
എന്റെ മുഖത്ത് എന്തിന് എന്ന ചോദ്യം കണ്ടതിനാലാണോ എന്നറിയില്ല, അവരിലൊരാൾ തുടർന്നു;
‘കൂടെയുണ്ടാവണമെന്നാണ്. ശല്യമായ് കരുതരുത്. ഫോൺ ഓഫാക്കിവെക്കുന്നതാവും നല്ലത്. ആവശ്യമുള്ളത് എടുക്കുന്നതിൽ കുഴപ്പമില്ല.’
ഞാൻ തലയാട്ടി. വീണ്ടും കട്ടിലിലേക്ക് വീണു.
എന്തൊക്കെയാണ് നടക്കുന്നത്. തിരിച്ച് പോകാനാവാത്ത വിധം ഞാനും കൂടുതൽ വെളിപ്പെട്ടിരിക്കുന്നതായ് എനിക്ക് തോന്നി. കുറച്ചു കൂടി കിടന്ന് ഉച്ചഭക്ഷണത്തിനായ് പോകുന്നതിനിടയിലും പുറത്ത് കാവൽ നിൽക്കുകയായിരുന്ന രണ്ടുപേർ ഒപ്പമുണ്ടായിരുന്നു. കൂടെയുള്ള ഒരാൾ ഓർമിപ്പിച്ചു.
‘മാധ്യമപ്പട ഇപ്പോഴും താങ്കളെ കാത്തിരിക്കുകയാണ്. താങ്കളെ കണ്ടിട്ടേ പോകൂ എന്നാണ് അവർ വാശിപിടിക്കുന്നത്. വിഗ്രഹത്തിന്റെ ഫോട്ടോയ്ക്കായ് പലവഴികൾ തേടുന്നവരുമുണ്ട്.’
ഞാൻ വേഗത്തിൽ നടന്നു. വെയിൽ പണിതുകൊണ്ടിരിക്കുന്ന കല്ലുകൾ കൂടുതൽ തിളിങ്ങിക്കൊണ്ടിരുന്നു. ആ വെളിച്ചത്തിലും ദൂരെ നിന്നേ എന്നെ തൊഴുതുനിൽക്കുന്ന മനുഷ്യരെ എനിക്ക് കാണാനാകുമായിരുന്നു. ഇവരെന്തിനാണ് എന്നെ തൊഴുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
മുമ്പ് എം.ബി.എ പഠിക്കുന്നതിന്റെ ഭാഗമായ് കുറച്ച് ദിവസങ്ങൾ ഡയറക്ട് മാർക്കറ്റിങ്ങിനായ് പല വീടുകളിലും കയറിയിറങ്ങിയിരുന്നു. അതിലൊരു രസമുണ്ട്. ഒരു വീട്ടിൽ കയറിച്ചെന്നപ്പോൾ വേഗത്തിൽ പുറത്തിറങ്ങാൻ അവരാവശ്യപ്പെട്ടു. അത് കഴിഞ്ഞ് അവിടെയുണ്ടായിരുന്ന ഒരു വൃദ്ധൻ അകത്തേക്ക് പോയി. അധികം താമസിയാതെ മറ്റൊരു സ്ത്രീ ഇറങ്ങി വന്നു. എന്നോട് ഐ.ഡി കാർഡ് ചോദിച്ചു. അതിൽ ജാതി എഴുതിയിട്ടുണ്ടായിരുന്നില്ല. അപ്പോൾ അത് പോരെന്നായി. ഉടനെ അധാർ കാർഡ് ഉണ്ടോ എന്നായി. ഞാനില്ല എന്ന് പറഞ്ഞു. എന്നാൽ ഇവിടെയൊന്നും വേണ്ടെന്ന് പറഞ്ഞു. അവർക്ക് അറിയേണ്ടത് എന്താണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത് പറയാൻ എനിക്ക് മനസ്സില്ലായിരുന്നു.

അഞ്ച്
ദിവസം കഴിയുന്തോറും സുരേഖയേയെങ്കിലും ഫോണിൽ എടുത്തുവെച്ച ഒരേയൊരു ഫോട്ടോ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. രാത്രിയിൽ പതിവായ് വന്ന അവളുടെ വിളിയിൽ ആ ആഗ്രഹം നിഴലിച്ചിരുന്നു.
അവൾ പറഞ്ഞു: ‘കാണുന്നവർക്കൊക്കെ വിഗ്രഹത്തെക്കുറിച്ച് ചോദിക്കാനേ നേരമുള്ളൂ. ഞാനെന്തായാലും കണ്ടുകാണുമെന്നാണ് എല്ലാവരും പറയുന്നത്. സത്യം എനിക്കല്ലേ അറിയൂ… ഇന്നലെ അമ്മയും ചോദിച്ചു, മോളെ നിന്റെ ഫോണിലുണ്ടോന്ന്. ഇല്ലാന്ന് പറഞ്ഞ് ഞാൻ വേഗത്തിൽ മാറി നടന്നു.’
‘ഫോട്ടോ പുറത്ത് വിടരുതെന്നാണ് കർശന നിർദേശം. എന്നെയുൾപ്പടെ നിരീക്ഷിക്കാനും ശ്രദ്ധിക്കാനും ആളുകൾ നിൽക്കുന്നുണ്ട്. അഥവാ എടുത്താലും അയച്ചുതന്നാൽ പിടിക്കപ്പെടും.’
ഞാൻ പറഞ്ഞൊപ്പിച്ചു.
‘വേണ്ട. ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. കാണാനാഗ്രഹമുണ്ടെന്നത് സത്യമാ… പക്ഷേ ഇപ്പോ വന്നുചേർന്ന ഭാഗ്യത്തെ ചെറുതാക്കുന്ന ഒന്നും തന്നെ ചേട്ടന്റെ ഭാഗത്ത് നിന്ന് ചെയ്തുകൂട.’
ഞാൻ തലയാട്ടുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
അവൾ തുടർന്നു; ‘ഇവിടെയെന്നും പത്രക്കാരാണ്. ചേട്ടനെക്കുറിച്ചാണ് അവർക്ക് അറിയാനുള്ളത്. ചേട്ടന്റെ ഭക്ഷണരീതികൾ, സുഹൃത്തുക്കൾ, ചെറുപ്പത്തിലെ കാര്യങ്ങൾ. ഇന്നലെ അമ്മയേതോ യൂട്യൂബുകാരോട് തകർത്തു പറയുന്നുണ്ടായിരുന്നു. എനിക്കെന്തോ ഇതൊക്കെ കാണുമ്പം ചെറിയ പേടി വന്ന് കേറുന്നു.’
എന്റെ കണ്ണിലേക്ക് ഇരുട്ടുകേറി,
‘നീയെന്താ ഇപ്പം പറഞ്ഞത്.’
‘സത്യം. ഇങ്ങനെയൊന്നും ഞാൻ വിചാരിച്ചില്ല. ഇപ്പം എല്ലാവർക്കും എന്റെ മുഖവും പരിചയമാണ്. ഇന്നലെ വല്യച്ഛന്റെ മകൾ കുറേ വീഡിയോകൾ അയച്ചു തന്നു. അതത്രയും നമ്മുടെ കല്യാണ ഫോട്ടോ വരെ കാണിച്ചിട്ടുള്ളതായിരുന്നു. അതുകൂടി കണ്ടപ്പോൾ….’
അവളുടെ തൊണ്ടയിടറി.
‘അതിലൊരു തമാശയുണ്ട്.’
‘എന്ത് തമാശ?’
‘ചേട്ടന്റെ അഞ്ച് വയസ്സിലുള്ള ഒരു ഫോട്ടോ കൂടി ഒന്നിൽ ചേർത്തിട്ടുണ്ട്…’
‘എന്റെയോ?’
‘അതെ. അമ്മ എടുത്തുകൊടുത്തതാണെന്ന് തോന്നുന്നു.’
ഞാൻ ഫോൺ വെച്ചു.
അവൾ വീണ്ടും വിളിച്ചു.
‘എന്തുപറ്റി?’
‘ഒന്നുമില്ല. പ്രതിഷ്ഠാദിനം ഇരുപത്തിരണ്ടിനല്ലേ. ഇനി അഞ്ചാറ് ദിവസം കൂടിയല്ലേയുള്ളൂ. ഞങ്ങൾക്കും കൂടി അതൊക്കെ കാണാനാകുമോ ?’
ഞാനൊന്നും പറഞ്ഞില്ല. അവൾക്ക് ഉത്തരം മനസിലായിക്കാണണം. ഫോൺ പതിയെ നിശ്ചലമായി.
അതിനിടയിൽ വന്നുപെട്ട പുതിയ മാറ്റങ്ങൾ അവളോട് പറയാൻ തന്നെ തോന്നിയില്ല. ടെൻ്റിലേക്ക് പോകുന്നതിന് തന്നെ പുതിയ ചില നിർദ്ദേശങ്ങൾ വന്നുകഴിഞ്ഞിരുന്നു. പതിവുപോലെ പുലർച്ചെകളിലെ യാത്രകൾ അനുവദിക്കപ്പെട്ടിരുന്നില്ല. യാതൊരു കാരണവശാലും ഫോൺ കൊണ്ടുപോകാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി അവിടേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ ട്രസ്റ്റ് ചെയർമാൻ ക്യാബിനിലേക്ക് വിളിപ്പിച്ചു.
‘പുറത്ത് നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ? ഈ നൂറ്റാണ്ടിൽ നടക്കുന്ന ഏറ്റവും വലിയ സംഭവമാണ് വരാനിരിക്കുന്നത്. അതെ, സംശയിക്കണ്ട പ്രതിഷ്ഠ തന്നെ. രാജ്യത്തിലെ ഏറ്റവും പ്രഗത്ഭരായ കുറച്ചുപേരെ മാത്രമാണ് ക്ഷണിക്കുന്നത്.’
മിശ്ര സ്വർണനിറത്തിലുള്ള അക്ഷതം നീട്ടി.
‘താങ്കൾ തീർച്ചയായും ഉണ്ടാവണം. മറ്റാളുകളൈ കൊണ്ട് വരുന്നതിന് വിലക്കുണ്ട്. ഈ പ്രത്യേക അവസ്ഥ മനസ്സിലാക്കുമല്ലോ.’
അടുത്ത ദിവസം പേടിച്ചിരുന്നതുപോലെ തന്നെ സംഭവിച്ചു. ശിശുദൈവത്തിന്റെ ഫോട്ടോ കേന്ദ്രമന്ത്രി പുറത്തുവിട്ടു. രാവിലെ തന്നെ മാധ്യമങ്ങളുടെ വലിയ തിരക്ക് കാണാമായിരുന്നു. ഇന്ന് സുപ്രധാനമായ എന്തോ വാർത്ത വരാനിരിക്കുന്നുണ്ടെന്ന് അതുകൊണ്ട് തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു. നാസ്തയ്ക്ക് ശേഷം ശർമ്മാജി കാണാൻ വന്നു.
‘ഇനി ഒളിച്ചിരിക്കാൻ പറ്റില്ല. വിഗ്രഹത്തിന്റെ രൂപം വരെ പുറത്തായിരിക്കുന്നു. കോടാനുകോടി മനുഷ്യർ സ്വീകരിച്ച മട്ടാണ്. ഇനി നിങ്ങളെങ്ങനെ ലല്ലയെ ആവാഹിച്ചു എന്ന് ആളുകളോട് പറയേണ്ടതുണ്ട്. എവിടെയിരുന്നും നിങ്ങൾക്ക് സംസാരിക്കാം. നിങ്ങളുടെ താത്പര്യം മാത്രം നോക്കിയിൽ മതിയെന്നാണ് ട്രസ്റ്റിന്റെ തീരുമാനം. എന്ത് പറയുന്നു?’
ഒന്നും പറയാനാവാതെ ഞാൻ തലകുനിച്ചു.
‘അരെ, ശിൽപി ഭഗവാൻ, നിങ്ങളെന്തിനാണ് തല കുനിക്കുന്നത്. നിങ്ങൾ ചെയ്തുതീർത്തത് അത്രയും വലിയ കാര്യമാണ്. ഇനിയും എന്തിനാണ് ഇങ്ങനെയൊരു സങ്കോചം. മറച്ചുവെക്കാതെ എല്ലാം പറയാവുന്നതേയുള്ളൂ. തീർച്ചയായും ഭഗവാൻ നിങ്ങളുടെ രക്ഷയ്ക്കെത്തും…’
ഞാൻ സമ്മതം കൊടുത്തതും ഫോൺ അടിഞ്ഞുകൊണ്ടിരുന്നു. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. അപ്പോഴാണ് സുരേഖ മൂന്ന് തവണ വിളിച്ചത് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴാവും. അതാണ് കാണാതിരുന്നത്. വേഗത്തിൽ തിരിച്ചു വിളിച്ചു.
‘ഭഗവാൻലല്ലയെ കണ്ടു. മനോഹരമായിട്ടുണ്ട്. അമ്മയ്ക്ക് വലിയ സന്തോഷമായി. പക്ഷേ കണ്ടതുമുതൽ എനിക്കൊരു സംശയം?’
എന്റെ ചങ്കിടിച്ചു.
‘എന്താണത്?’
‘ശരിക്കും, അത് കൊത്തുമ്പോൾ ആരായിരുന്നു ചേട്ടന്റെ മനസ്സിൽ?’

ആറ്
നിരന്നുനിൽക്കുന്ന മാധ്യമപ്പടയ്ക്കു മുമ്പിൽ ട്രസ്റ്റ് അംഗങ്ങളോടൊപ്പം നിൽക്കുമ്പോൾ സുരേഖയുടെ ചോദ്യം തികട്ടിക്കൊണ്ടിരുന്നു. ഒരുമിച്ച് ഒരു ബൈറ്റെടുത്തശേഷം ഒറ്റയൊറ്റ ഇൻ്റർവ്യൂവിനായ് കാത്തുനിൽക്കുന്നവരായിരുന്നു കൂടുതലും. ജനറൽ സെക്രട്ടറിയുടെ പ്രിയപ്പെട്ടവർ ചിലർ ആദ്യംതന്നെ അത് നേടിയെടുക്കാനുള്ള തുഴച്ചിൽ നടത്തിക്കഴിഞ്ഞിരുന്നു.
‘പറയൂ സാർ, എങ്ങനെയാണ് ഇത്തരത്തിൽ ജീവനുള്ള ഒരു ഭഗവാൻലല്ലയിലേക്ക് എത്തിച്ചേർന്നത്? അറിയാമല്ലോ, ഭഗവാന്റെ രൂപം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്.’
ഞാൻ തലയുയർത്തി.
‘എല്ലാം ഭഗവാൻ ലല്ലയുടെ അനുഗ്രഹം. അത്രമാത്രമേ പറയാനാകൂ‘
‘തീർച്ചയായും ഭഗവാന്റെ അനുഗ്രഹം തന്നെയായിരിക്കും. പക്ഷേ ഒന്നു ചോദിച്ചോട്ടെ, നിലവിൽ ഭഗവാന്റെ കുഞ്ഞുരൂപത്തിലുള്ള ഒരു മാതൃകയും നിലവിലില്ലെന്നിരിക്കെ സഹസ്രാബ്ദങ്ങളോളം നിലനിൽക്കേണ്ടുന്ന ഒരു രൂപത്തിലേക്കെത്തിച്ചേർന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?’
അപ്രതീക്ഷിതമായ് കണ്ണുകളിലേക്ക് കേറിയ ആത്മവിശ്വാസത്തിന്റെ നേർത്ത ഒരു തരിയിൽ ചവിട്ടി നിന്നുകൊണ്ട് ഞാൻ തലയുയർത്തി.
‘അതൊരു വലിയ പരിശ്രമമായിരുന്നു. ലഭ്യമായ ഭഗവാന്റെ പല പ്രായത്തിലുള്ള ആയിരത്തിലധികം ചിത്രങ്ങളിലൂടെ ഈ ദിനങ്ങളിൽ ഞാൻ കടന്നുപോയിരുന്നു. ശ്രദ്ധ അതിനാവിശ്യമായിരുന്നു. വീട്ടുകാരുമായും സുഹൃത്തുക്കളിൽ നിന്നും പരമാവധി മാറി നിന്നു. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ വലിപ്പം എനിക്കറിയാമായിരുന്നു. മെയ് അവസാനത്തോടെ പണി തുടങ്ങിയപ്പോഴും മനസ്സിലൊരു രൂപവുമുണ്ടായിരുന്നില്ല. അഞ്ചുവയസ്സുള്ള ഒരു ദൈവത്തെയാണ് സൃഷ്ടിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ പരമാവധി ശ്രദ്ധിക്കാനും നിരീക്ഷിക്കാനും ആരംഭിച്ചു. ഉത്സവങ്ങളുടെ ഭാഗമായുള്ള ആഘോഷവരവുകൾ കണ്ടുനോക്കി. പല പ്രായത്തിലുള്ള കുട്ടികളെയും വളർച്ചയിലെ മാറ്റങ്ങളെയും പഠിക്കാൻ ശ്രമിച്ചു. പ്രധാനമായും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളും അഞ്ചുവയസ്സിൽ കൂടുതലുള്ള കുട്ടികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയെടുക്കുകയായിരുന്നു വലിയ ജോലി. ഒരുപാട് നാളത്തെ അധ്വാനവും നിരീക്ഷണവും ഒടുക്കം ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് വഴിതെളിച്ചു.’
അതിനിടയിൽ കേറി ഒരു പെൺപത്രക്കാരി മറ്റൊരു ചോദ്യമെറിഞ്ഞു.
‘ഈ രൂപം, ഇതിലെ കണ്ണുകളാണ് കൂടുതലും എടുത്ത് പറയുന്നത്. നമുക്കെല്ലാം സുപരിചിതമായ ഒരു രൂപം പോലെയുണ്ട് ഭഗവാൻ ലല്ല. ഈ കണ്ണുകൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ?’
എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
‘തീർച്ചയായും. കണ്ണുകൾക്ക് മാത്രമല്ല, എല്ലാറ്റിനും പ്രത്യേകതയുണ്ട്. കാരണം ഇത് ഭഗവാൻലല്ലയുടെതാണ് എന്നതു തന്നെയാണ്. ഏതാണ്ട് ഇരുപത് മിനുറ്റുകൾ കൊണ്ടാണ് കണ്ണുകൾ കൊത്തിയെടുക്കുന്നത്. പക്ഷേ അതിനു പിന്നിൽ പതിറ്റാണ്ടുകളുടെ അന്വേഷണവും സമർപ്പണവുമുണ്ട്. ഭഗവാന് നന്ദി..’
ചോദ്യങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. വൈകുന്നേരമായിട്ടും ഇൻ്റർവ്യൂകൾ അവസാനിച്ചിരുന്നില്ല. ശർമാജി ഇടയ്ക്കിടെ വെള്ളവും കഴിക്കാനുള്ള ചെറിയ പഴങ്ങളും കൊണ്ടുവന്നു തന്നു.
അദ്ദേഹം ഓർമിപ്പിച്ചു: ‘ഭഗവാനെക്കുറിച്ചുള്ള വിശേഷങ്ങൾ ലോകം മുഴുവൻ അറിയണം.’
എല്ലാം കഴിഞ്ഞ് രാത്രി തിരിച്ചുപോരുന്നതിനിടയിൽ കാവൽ നിന്നിരുന്ന രണ്ട് ചെറുപ്പക്കാരിൽ ഒരാൾ അടുത്ത് വന്നു.
‘ഇന്ന് നിങ്ങളെക്കുറിച്ചാണ് വാർത്തകളിൽ മുഴുവൻ. ഈ രാജ്യത്തെ മുഴുവൻ ഭാഷകളിലും നിങ്ങളുടെ പേരും ഭഗവാൻലല്ലയുടെ ഫോട്ടോയും നിറഞ്ഞുകൊണ്ടിരിക്കുന്നു.’
ഞാൻ അയാളോട് ചിരിച്ചു.
‘നിങ്ങൾ എവിടുന്നാണ്?’
‘കേരളത്തിൽ.’
എന്റെ കണ്ണുകൾ വിടർന്നു.
‘അതെ. നമ്മൾ അടുത്തടുത്ത സംസ്ഥാനക്കാരാണ്. എന്റെ അപ്പൂപ്പൻ ഇവിടെയുണ്ടായിരുന്ന പഴയ മസ്ജിദ് തകർക്കാൻ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ വകുപ്പിലാണ് ഈ പണി ശരിയായത്.’
എനിക്കെന്തോ അയാളുടെ മുഖത്ത് നോക്കാനായില്ല.
‘ഈ ഭാഗ്യത്തിന്റെ കറ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും നിങ്ങളുടെ കുടുംബത്തിൽ നിന്ന് പോവില്ല.’ അയാൾ പറഞ്ഞു.
ഞാൻ ചിരിച്ചു.
നിലാവ് പതിയെ പൊടിഞ്ഞുകൊണ്ടിരുന്നു. സരയുവിൽ നിന്ന് വീശിക്കൊണ്ടിരുന്ന കാറ്റിന് ബാങ്ക് വിളിയുടെ മണമുള്ളതുപോലെ ഒരു നിമിഷം എനിക്ക് തോന്നി. ഇവിടെ എവിടെയോ ആയിരിക്കണം ആ പള്ളിയുണ്ടായിരുന്നത്, ആളുകൾ അവരുടെ സങ്കടങ്ങൾ പറഞ്ഞ് നിസ്കരിച്ചിരുന്നത്. എന്ത് മാറ്റമാണ് ഈ ക്ഷേത്രം ഇവിടെ കൊണ്ടുവരിക? എന്റെ തൊണ്ടയിൽ പണ്ടെന്നോ കുടുങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ മുള്ളുകൾ ഞരങ്ങി.
മുറിയിലേക്ക് കേറുന്നതിന് മുമ്പ് ആ മലയാളി പറഞ്ഞു: ‘നിങ്ങളുടെ ശിൽപം തിരഞ്ഞെടുത്തത് നന്നായി. അതുകൂടി ഒരുത്തരേന്ത്യക്കാരനായിരുന്നാൽ ഭഗവാന്റെ ഒരിത്തിരി അവകാശം പോലും നമ്മൾ മദ്രാസികൾക്ക് കിട്ടില്ലായിരുന്നു.’
ഞാൻ വാതിലടച്ചു.
കട്ടിലിൽ ചെന്ന് വീണു. നല്ല ക്ഷീണമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഇത്രയധികം സംസാരിച്ചിട്ടില്ല.
എന്തൊക്കെയായിരുന്നു ചോദ്യങ്ങൾ. പരമാവധി ഭഗവാനെ കൂട്ടുപിടിച്ചു. പറ്റാവുമ്പോലെ പറയുകയും ചെയ്തു. പക്ഷേ ചില ചോദ്യങ്ങൾക്ക് പറയാനായ് ഒരുങ്ങുമ്പോൾ തൊണ്ടയ്ക്ക് വന്നിരുന്ന ഒരു പ്രത്യേക വിറയൽ ശർമാജി ശ്രദ്ധിച്ചിരുന്നെന്ന് തോന്നി. അപ്പോഴെല്ലാം അദ്ദേഹം തന്നെ വെള്ളവുമായ് രക്ഷയ്ക്കെത്തി.
ഫോൺ മിന്നിക്കൊണ്ടിരുന്നു.
സുരേഖയാണ്.
അടുത്ത നിമിഷം നിന്നുപോവുകയും ചെയ്തു. നോക്കിയപ്പോഴാണ് കണ്ടത്. ഏതാണ്ട് മുപ്പത്തിനാല് തവണ അവൾ വിളിച്ചിരിക്കുന്നു.
ഉടനെ തിരിച്ചു വിളിച്ചു. തിരികെ ഒരു വിളി വന്ന് തടഞ്ഞുനിന്നതു കൊണ്ടോ എന്തോ റിങ്ങ് ചെയ്തതേയില്ല. വീണ്ടും വിളിച്ചു. അവളെടുത്തു.
‘ചേട്ടൻ എവിടെയായിരുന്നു ? എത്ര നേരമായ് വിളിക്കുന്നു.’
അവൾ വിളിച്ചു കിട്ടിയതിന്റെ ആവേശത്തിൽ കണ്ണുതുടച്ചു.
‘പത്രക്കാരോട് സംസാരിക്കുകയായിരുന്നു. റൂമിലേക്ക് വരാനേ നേരം കിട്ടിയിട്ടിയില്ല.’
അവൾ മൂളി.
‘ഇവിടെയും ആളുകൾ പോയിട്ടില്ല. ഇന്ന് രണ്ട് ക്ഷേത്രത്തിലെ ഭാരവാഹികൾ വന്നിരുന്നു. ചേട്ടന്റെ നമ്പർ ചോദിച്ചു. ശിൽപനിർമാണത്തിനാണെന്നു പറഞ്ഞു.’
അവൾ ശ്വാസം നേരെ വിട്ടു.
‘ആരൊക്കെയോ വിളിച്ചിരുന്നു. ഒന്നുമെടുത്തിട്ടില്ല.’
‘അല്ല, ഞാനൊന്നു ചോദിച്ചോട്ടെ…?’
‘ആ വിഗ്രഹം കാണുന്തോറും പല തവണ കണ്ട ഒരാളെ ഓർമ വരുന്നു.’
‘നീ അങ്ങനെ തന്നെ വിചാരിക്ക്.’
ഫോൺ വെച്ചു ബാക്കി ഞാൻ മനസ്സിൽ പറഞ്ഞു.
‘അതെ, നമുക്കത്രയും പരിചയമുള്ള ഒരാളണത്.’
ഏഴ്
ഉറക്കം വരാൻ പിന്നെയും വൈകി. കിടന്ന ഉടനെ ഫോൺ സ്വിച്ചോഫ് ആക്കിരുന്നു. മുറിയിലെ വെളിച്ചം അണച്ചു. ആരെങ്കിലും വന്നാലും ഉറങ്ങിയെന്ന് വിചാരിച്ചോട്ടെ എന്ന് കരുതി. ജനവാതിൽ പതിയെ തുറന്നു. എന്താണെന്നറിയില്ല, ഒരു നിലവിളിയുടെ ഒഴുക്ക് പിന്നെയും പിന്നെയും എന്നെ തേടിവരുന്നു.
ഭീതിതമായ ഒരു രാത്രിയായിരുന്നു അത്. ഉറക്കത്തിൽ, ഇരുട്ടിൽ പലരും നിന്ന് കയർക്കുന്നത് കണ്ടാണ് ഞാൻ കട്ടിലിന് താഴേക്ക് നോക്കിയത്. എനിക്ക് തൊട്ടു താഴെ വർഷങ്ങൾക്ക് മുമ്പ് മരിച്ച അച്ഛൻ, അതിനുതാഴെ മുത്തച്ഛൻ നാഗണ്ണ. വേറെയും കുറേ ശബ്ദങ്ങൾ ചുറ്റോടു ചുറ്റ് നിന്ന് മുറുമുറുത്തു കൊണ്ടിരുന്നു.
അച്ഛന്റെ മുഖത്ത് നിരാശയായിരുന്നു.
‘എന്തിനാ നീയങ്ങനെ ചെയ്തത്? എത്ര കോടി മനുഷ്യരെയാ നീ പറ്റിച്ചത്? എത്ര തലമുറകളെയാ നീയൊറ്റിയത് ? എന്തിനാ …?’
എന്റെ തൊണ്ട വരണ്ടിരുന്നു. എനിക്ക് പറയണമെന്നുണ്ടായിരുന്നു.
‘നോക്ക്, എന്റെ ഒരുളിയും നീയത് ചെയ്ത്തീർത്തതു മുതൽ പിടിക്കുന്നില്ല. ഞാനെനിയെന്താ ചെയ്യേണ്ടത്?’
അച്ഛൻ പിടിക്കുമ്പഴേക്കും കരിക്കട്ടപോലെ പൊടിഞ്ഞു പോകുന്ന കൊത്തുളി ഉയർത്തിക്കാണിച്ചു.
മുത്തച്ഛൻ പല്ലുകടിച്ചു പിടിച്ചിരുന്നു.
‘എന്ത് തോന്ന്യാസാ നീ ചെയ്തത്? രണ്ട് നാള് കഴിഞ്ഞാ അത് പ്രതിഷ്ഠിക്കാൻ പോവാ…അറിയോ...ഏതെങ്കിലും ഒരുത്തൽ സൂക്ഷിച്ചുനോക്കിയാൽ പറയും, അതാരാണെന്ന്. എന്നിട്ട് ടിവിക്കാരെ മുമ്പിൽ അവൻ്റൊരു പുളു.’
ഞാൻ തൊണ്ട കാറി.
‘കൊല്ലാണെങ്കിൽ കൊല്ലട്ടേ..... ഒരു ദിവസേങ്കിൽ ഒരു ദിവസം കൊന്നുകളഞ്ഞതിന്റെ മുമ്പിൽ അത് ചെയ്തോര് മുട്ടുകുത്തി തൊഴട്ടെ…’
കാറ്റ് വീശി. കട്ടിലിനടിയിലൂടെ ഒഴുക്കുണ്ടായി. അച്ഛന്റെയും മുത്തച്ഛന്റെയും ശവങ്ങൾ എങ്ങോട്ടോ ഒലിച്ചു. അതിനിടയിലും അവർ മുഖം പൊത്തിപ്പിടിക്കുന്നുണ്ടായിരുന്നു.
ഞാൻ വിളിച്ചു ചോദിച്ചു:
‘എന്തിനാ, എന്തിനാ നിങ്ങള് മുഖം പൊത്തിപ്പിടിക്കുന്നത്. അവരല്ലേ അത് ചെയേണ്ടത്?’
ഉണർന്നപ്പോൾ സമയം നാലുമണി കഴിഞ്ഞതേയുള്ളൂ. ഒന്ന് പുറത്തിറങ്ങണമെന്ന് തോന്നി. വാതിൽ തുറന്നപ്പോൾ കാവലിരിക്കുന്നവരെ കണ്ടില്ല. ഉറങ്ങാനായ് പോയതായിരിക്കണം. മുഖം കഴുകി പതിയെ നടന്നു. ദൂരെ ഒരിടത്ത് പണ്ഡിറ്റ് ഇരിക്കുന്നു. ഒന്ന് രണ്ട് ദിവസമായ് അയാളെ കണ്ടിട്ട്. നിലത്തേക്ക് തന്നെ നോക്കി അയാൾ ഇരിക്കുകയാണ്. ഞാനടുത്തേക്ക് ചെന്നു.
‘ഇന്ന് പ്രാർത്ഥനയില്ലേ?’
അയാൾ മുഖമുയർത്തിയില്ല.
ഞാനടുത്തിരുന്നു. തലയിലൂടെ മഫ്ലവർ ഒന്നുകൂടി താഴ്ത്തി.
‘നിങ്ങൾക്കെന്ത് പറ്റി?’
അയാൾ പതിയെ എന്നെ നോക്കി.
‘ഇനിയത് ശിൽപമല്ലല്ലോ, ഭഗവാനല്ലേ. അപ്പോൾ പിന്നെ എന്റെ പ്രാർത്ഥനകൾ മതിയാകില്ല. ഇനി പ്രതിഷ്ഠ നടക്കുന്നതുവരെ ഇവിടെ കണ്ടുപോകരുതെന്നാണ് ആജ്ഞ.’
അയാൾ തുടർന്നു: ‘ശരിക്കും ഭഗവാൻ ഞങ്ങളുടെ കോവിലുള്ളിടത്താണ് ജനിച്ചത്. അതറിയാതെ ഞാൻ പറഞ്ഞുപോയി. അത് ട്രസ്റ്റ് സെക്രട്ടറിയുടെ ചെവിയിലുമെത്തി. എന്നോട് പൂജ ഇനി അവിടെ മതിയെന്ന് പറഞ്ഞിരിക്കയാണ്.’
അയാൾ പതിയെ എഴുന്നേറ്റു.
‘ഈ നദിയിൽ കുളിക്കുകയാണെങ്കിൽ ഒന്നു കൂടി വേറെകുളിച്ചേക്കു. അത്രയും കണ്ണീരുണ്ടതിൽ.’
അയാൾ നടന്നുപോകുന്നത് എനിക്ക് കാണാമായിരുന്നു. പതിയെ ക്ഷേത്രത്തിനു ചുറ്റും നടക്കാൻ തുടങ്ങുമ്പോഴേക്കു കാവൽക്കാർ ഓടിയെത്തി.
‘ഇങ്ങനെ നടക്കുന്നത് ഇപ്പോൾ നല്ലതല്ല.’
മറ്റൊരു വഴിയുമില്ലാതെ ഞാൻ മുറിയിലേക്ക് തിരിച്ചു.
കേറിയിരുന്നതും സുരേഖയുണ്ട് ഫോണിൽ.
‘എനിക്ക് മനസിലായി. ഇന്നലെ ഉറങ്ങാനായില്ല. ഇടയ്ക്ക് ഉറങ്ങിയതും നിങ്ങടെ അച്ഛൻ വന്ന് കാര്യം പറഞ്ഞു. ഞാനിതാരോട് പറയും?’
‘മിണ്ടരുത്.’
എന്റെ നട്ടെല്ല് വിറച്ചു. തൊണ്ടയുടെ പതർച്ച കേട്ട് സുരേഖ നിശ്ചലയായി.

എട്ട്
നേരത്തെ തുടങ്ങിയ പ്രതിഷ്ഠയുടെ ഭാഗമായുള്ള അവസാന ഒരുക്കങ്ങളായിരുന്നു ബാക്കിയുണ്ടായിരുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ഇരുപത്തിരണ്ടിനുള്ള ചടങ്ങിലുണ്ടാവുക. എല്ലാ ഭാഷകളിലേയും മാധ്യമങ്ങൾ ഏതാണ്ട് മുഴുവൻ സമയവും വാർത്തകൾ പുറത്തെത്തിക്കാനുള്ള മത്സരത്തിലാണ്.
പരിപാടിയുമായ് ബന്ധപ്പെട്ട കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായ് അധികം വൈകാതെ മറ്റൊരു മുറിയിലേക്ക് രാവിലെതന്നെ എന്നോട് മാറാൻ പറഞ്ഞു. കുറേക്കൂടി സൗകര്യങ്ങൾ നിറഞ്ഞ ഒരു മുറിയായിരുന്നു അത്. പ്രധാനമന്ത്രി ഒരുപക്ഷേ ചടങ്ങുകൾക്ക് മുമ്പ് എന്നെ കാണാൻ വന്നേക്കുമെന്നുള്ള ഒരഭ്യൂഹം പരന്നിരുന്നു. അതുകൊണ്ട് കൂടിയാണ് കൂടുതൽ സൗകര്യങ്ങളുടെ മുറിയിലേക്ക് മാറ്റിയതെന്ന് മലയാളിയായ കാവൽക്കാരൻ കുശുകുശുത്തു.
ഉച്ചയോടെ ഭക്ഷണം മുറിയിലേക്കെത്തിക്കാനും അത്യാവശ്യമെങ്കിൽ മാത്രം പുറത്തേക്ക് ഇറങ്ങിയാൽ മതിയെന്നുമുള്ള നിർദ്ദേശം ആവർത്തിക്കപ്പെട്ടു. അതിനിടയ്ക്ക് സുരേഖ വിളിക്കുകയും വീട്ടിലെ വിശേഷങ്ങൾ പറയുകയും ചെയ്തു.
‘നാളെ ചടങ്ങ് നടക്കുമ്പോൾ ഇവിടെയും മുഴുവൻ സമയവാർത്ത ചാനലുകാർ ഉണ്ടാവുമെന്നാണ് കേൾക്കുന്നത്. എനിക്കിപ്പോൾ ശരിക്കും പേടി തോന്നുന്നു.’
ഞാൻ ഒന്നും പറഞ്ഞില്ല.
‘നാളെക്കൂടി കഴിഞ്ഞാൽ നിങ്ങൾ വരുമെന്ന സന്തോഷത്തിലാണ് മക്കൾ’, അവൾ കൂട്ടിച്ചേർത്തു.
ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.
വെയിലിന്റെ ശക്തി താഴുന്നതും ഇടയ്ക്കിടെ വിവിധതരം പരിശോധനകൾക്കായ് കാവൽക്കാർ പരതി നടക്കുന്നതും കാണാമായിരുന്നു. പ്രത്യേകവേഷം ധരിച്ചവരും പോലീസുകാരും നാലുവഴിക്കുള്ള ഓട്ടത്തിലാണ്. രാത്രിയോടെ നാളെ ധരിക്കാനായ് കമ്മിറ്റിയുടെ വകയുള്ള ഉപഹാരവസ്ത്രങ്ങൾ തരാൻ അവർ മറന്നില്ല. കൂടെ പരിപാടിക്കായ് ധരിക്കേണ്ടുന്ന പ്രത്യേക ടാഗും അതിലുണ്ടായിരുന്നു.
രാത്രി നീളെ ഉറക്കമിളച്ച് ഞാൻ ഓരോന്നോർത്തുകൊണ്ടിരുന്നു. എന്തിന് വേണ്ടിയാണ് ഈ സമരം? ചെയ്ത് കഴിഞ്ഞ ഈ ഒരൊറ്റ അട്ടിമറികൊണ്ട് ഈ രാജ്യം നേരെയാവുമോ?
വളരെ നേരത്തെ കുളിച്ച് വസ്ത്രങ്ങൾ മാറി ഞാൻ തയ്യാറായി നിന്നു. പുതിയ കാവൽക്കാർ വേഗത്തിൽ വന്ന് അതിഥികൾക്കായുള്ള മറ്റൊരു ഹാളിലേക്ക് എന്നെ നയിച്ചു. പലരും അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. ചിലർ കെട്ടിപ്പിടിച്ചു. കൈ തന്നു.
ചടങ്ങുകൾ പറഞ്ഞ സമയത്ത് തന്നെ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പ്രാർത്ഥനകളോടെയും പൂജകളോടെയും ശിശുദൈവത്തിന്റെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. രാജ്യം ഭരിക്കുന്ന മുഴുവനാളുകളും അതിനു മുന്നിൽ തലകുനിച്ചു. ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചു. അത്ഭുതാദരവുകളോടെ ആ വിഗ്രഹത്തിലേക്ക് കോടിക്കണക്കിന് മനുഷ്യർ ഒരേ സമയം നോക്കി പ്രാർത്ഥിച്ചു.
മടങ്ങുമ്പോൾ തിരക്കിനിടയിൽ ഒരു മനുഷ്യൻ എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ അദ്ദേഹത്തിന് നേരെ നോക്കി. അയാൾ എന്റെ കൈയ്യിൽ ഒരുമ്മ വെച്ചോട്ടെയെന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. കീശയിൽ നിന്ന് രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്ത് കണ്ണിൽ വെച്ച് അയാളെനിക്ക് തന്നു.
എനിക്കപ്പോളത് സ്വീകരിക്കാൻ തോന്നി.
അദ്ദേഹം പറഞ്ഞു: ‘ഞാനൊരു പഴയ ചരിത്രകാരനാണ്. ആ വിഗ്രഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാൽ നിങ്ങളെളുപ്പം പിടിക്കപ്പെടും. ഈ രാജ്യം വിടാനുള്ള നിങ്ങളുടെ തിടുക്കത്തിനുള്ളതാണ് ഈ രണ്ടായിരം.’
എന്റെ ചങ്ക് കത്തിത്തുടങ്ങിയിരുന്നു. കോടാനുകോടി മനുഷ്യർ കൊതിതീരാതെ നോക്കിനിൽക്കുന്ന ആ മുഖം ഒരു വിദൂരഛായാചിത്രം പോലെ എന്റെ കൈയ്യിൽ കിടന്ന അതേ നോട്ടിലും.
മാസങ്ങൾക്കു മുമ്പ് ഒരു കുട്ടിയുടെ മുഖത്തിനായ് ഏറെയലഞ്ഞ് നടന്നിട്ടും ഒന്നുമാകാതെ ഇരിക്കുമ്പോൾ മനസ്സിലേക്കു വന്ന ഒരു ഏഴുവയസ്സുകാരന്റെ മുഖം ഞാനോർത്തു. അതൊരു ഫോട്ടോയായിരുന്നു. അവനെ, അവന്റെ അമ്മ സ്നേഹത്തോടെ മോനിയ എന്നു വിളിച്ചു. വളർന്ന് വളർന്ന് ഒരു രാജ്യത്തിന്റെ പതാകയായ് അവൻ മാറി. നീണ്ട എഴുപത്തെട്ടുവർഷങ്ങൾ പൊരുതി. ഒരു തോക്കിനും തീർക്കാനാവാത്തവിധം ഒരു സാധുകർഷകന്റെ പറമ്പിലെ കല്ലിൽ അഞ്ചുവയസ്സുകാരനായ് അവൻ പുനർജനിച്ചിരിക്കുന്നു.
ഞാനാ വിഗ്രഹത്തിലേക്ക് നോക്കി.
അധികാരം കൊണ്ട് അപരിചിതനാക്കപ്പെടുന്ന ആ കുട്ടിയുടെ കണ്ണുകൾ ലോകത്തിനു നേരെ ഒരിക്കലും ചിമ്മിപ്പോവാത്തവിധം തുറന്നിരിക്കുന്നു.
