ജോസഫ് ഇടമറുകിന്റെ പുസ്‌തകമന്വേഷിച്ച് അദ്ദേഹം മൂന്നാമത്തെ തവണയാണ് ബുക് സ്റ്റോറിലെത്തുന്നത്. കഴിഞ്ഞ തവണ വന്നപ്പോൾ ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്നുപറഞ്ഞ് എന്റെ ഫോൺ നമ്പർ കൊടുത്തതാണ്.
നടപ്പിലൊരു വെപ്രാളക്കാരനാണെന്ന് തോന്നും. വിളിക്കാതെ വീണ്ടും വന്നിരിക്കുന്നു. ജനൽഗ്ലാസിനു വെളിയിലൂടെ ഞാനുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അകത്തേക്ക് കയറിയത്.
‘‘പഴയ സ്‌റ്റോറിലും നോക്കി, ഇല്ല’’;
അദ്ദേഹത്തിന്റെ മുഖത്ത് വലിയ നിരാശയുണ്ടായി. ധൃതിയിൽ ഫോണെടുത്ത് ആരെയോ വിളിച്ചു. പുസ്‌തകത്തിന്റെ പേര് ഒന്നുകൂടെ ഉറപ്പുവരുത്തി. സംസാരത്തിൽ അത് ഭാര്യയാണെന്ന് ഞാൻ കരുതി.
‘‘പേര് ഇതുതന്നെയാണെന്നാണ് അവൾ പറയുന്നത്’’.
സമാധാനിപ്പിക്കാൻ ഒരുവട്ടം കൂടി കമ്പ്യൂട്ടറിൽ പരിശോധിച്ചു. ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല മുതൽ ഖുറാൻ, ഭഗവത്‌ഗീത, ഉപനിഷത്ത് വിമർശനങ്ങളെല്ലാം ഉണ്ട്. ഇങ്ങനെയൊരു പുസ്‌തകമില്ല.
‘‘ഇടമറുകിന്റെ തന്നെയാണെന്ന് ഉറപ്പാണോ?’’.
അദ്ദേഹം സന്ദർശകർക്കുള്ള കസേരയിലിരുന്ന് കീശയിൽനിന്ന് ഒരു കെട്ട് കടലാസുകൾ പുറത്തെടുത്ത് ഓരോന്നായി നോക്കി. നാലായി മടക്കിയ ഒരെണ്ണമെടുത്ത് തുറന്നു. അതൊരു നീണ്ട ലിസ്‌റ്റായിരുന്നു. എനിക്ക് കൗതുകം തോന്നി. ലൈബ്രറിക്കാരൊക്കെയാണ് ഇത്തരം തയ്യാറെടുപ്പുകളോടെ പുസ്‌തകവേട്ടയ്‌ക്ക് വരുന്നത്. ഇദ്ദേഹം സാധാരണ വായനക്കാരെപ്പോലെയുമല്ല. സ്‌റ്റാളിലെ മറ്റു പുസ്‌കങ്ങളിലൊന്നും ഒരു താൽപര്യവുമില്ല. കയറിവരുമ്പോൾത്തന്നെ മനോഹരമായ സ്‌റ്റാൻഡിൽ ഓരോ പുസ്‌തകത്തിനുംമീതെ അതതിന്റെ ഓഫറുകൾ എഴുതിയ ഡിസ്‌പ്ലേ കാർഡുകൾ വച്ചിരുന്നു. അതിലൊന്നും വെറുതെ പോലും തൊട്ടില്ല.

‘‘ഇടമറുകിന്റെയാണെന്നത് ഒരൂഹമാണ്. ഉറപ്പില്ല. കേരളത്തിലെ ദിവ്യാത്ഭുതങ്ങളുമായി ബന്ധപ്പെട്ട വേറെന്തെങ്കിലും പുസ്‌തകങ്ങൾ കിട്ടിയാലും മതി.''
ദിവ്യാത്ഭുത അനാവരണങ്ങളുമായും അന്ധവിശ്വാസങ്ങളുമായും ബന്ധപ്പെട്ട പുസ്‌തകങ്ങൾ ഒന്നിലധികമുണ്ടായിരുന്നു. അദ്ദേഹം അതെല്ലാം സമയമെടുത്ത് മറിച്ചുനോക്കി. ഇതുമതിയെന്ന് പറഞ്ഞ് ഒരെണ്ണം വാങ്ങി. അമാനുഷികമായ സംഭവങ്ങളുടെ ചുരുളഴിക്കലും ശാസ്‌ത്രീയമായ വിശദീകരണങ്ങൾ തേടലുമെല്ലാം രസമുള്ള സംഗതിയാണ്. ഗവേഷകരാരെങ്കിലും വീട്ടിൽ കാണും.
‘‘ഏയ്, പിഎച്ച്‌ഡിക്കാരൊന്നുമില്ല, ഇതൊരു രസം''
അപ്പോൾ പഠനാവശ്യത്തിനുമല്ല. എന്തിനാണെങ്കിലും കിട്ടിയ പുസ്തകം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. അത് വാങ്ങിയ വിവരം ഭാര്യയെ വിളിച്ച് പറഞ്ഞുകൊണ്ടാണ് തിരിച്ചുപോയത്.
ദിവസങ്ങൾ കഴിഞ്ഞ് നഗരത്തിൽ ഒരിടത്ത് വീണ്ടും കണ്ടു. ആൾക്കൂട്ടത്തിനിടയിലാണെങ്കിലും എനിക്ക് ആളെ മനസ്സിലായി. അന്ന് ബുക് സ്റ്റോറിൽ വരുമ്പോൾ ധരിച്ച അതേ ഷർട്ട് തന്നെയായതുകൊണ്ടുമാത്രമല്ല, താഴോട്ട് പിരിച്ചുവച്ച പ്രത്യേകതരം മീശയായിരുന്നു അദ്ദേഹത്തിന്. രണ്ടറ്റത്തും മാത്രം ചെറിയ നര.
ഞാൻ സംസാരിക്കാൻ ചെന്നില്ലെങ്കിലും തിരക്കിനെ വകഞ്ഞ് എന്റെയടുത്തേക്ക് വന്ന്, മുരളി എന്ന് പരിചയപ്പെടുത്തി.
‘‘ഓർമയുണ്ട്. അന്ന് ബില്ലടിക്കുമ്പോൾ പേരും ശ്രദ്ധിച്ചിരുന്നു''
ഞാൻ സൗഹൃദം കാണിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയായിരുന്നു. അതുവഴി വന്ന പ്രചരണവാഹനത്തിൽനിന്ന് ഹിറ്റായ ഒരു സിനിമാപ്പാട്ടിന്റെ പാരഡി വലിയ ശബ്ദത്തിലുയർന്നു. മുരളി വീണ്ടും എന്തോ ചോദിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. കേൾക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ജങ്ഷന് പിന്നിലുള്ള മിൽമ ബൂത്തിലേക്ക് കയറിനിന്നു. ഞാനും പിറകെ ചെന്നു. വേണ്ടെന്ന് പറഞ്ഞിട്ടും കാപ്പി പറഞ്ഞു. ബഹളങ്ങൾ ഒന്ന് ഒതുങ്ങിയപ്പോഴാണ് ഞാനദ്ദേഹത്തിന്റെ മുഖം ശ്രദ്ധിക്കുന്നത്. നെറ്റിയിൽ നീളത്തിലൊരു ചന്ദനക്കുറി. അതുണങ്ങിത്തുടങ്ങുന്നതേയുള്ളൂ. തൊട്ടിട്ട് അധികനേരം ആയിട്ടില്ല. തൊട്ടടുത്ത് സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഒന്നുരണ്ട് ദിവസത്തെ പരിചയംവച്ച് വ്യക്തിപരമായ കാര്യങ്ങൾ തിരക്കുന്നതിലെ അഭംഗിയെക്കുറിച്ച് ആലോചിച്ചെങ്കിലും ചോദ്യം അതിനുമുൻപ് പുറത്തേക്ക് വന്നു.
‘‘നിങ്ങൾ ഈശ്വരവിശ്വാസിയാണോ?’’.
അതേയെന്ന് പറഞ്ഞ് അദ്ദേഹം ഒറ്റവലിക്ക് കാപ്പി കുടിച്ചുതീർത്തു. മനുഷ്യനെപ്പോലെ വൈരുദ്ധ്യമുള്ള മറ്റൊരു ജീവിയുണ്ടോ. എന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യൻ ആവി പറക്കുന്ന കാപ്പി പച്ചവെള്ളം പോലെ കുടിക്കുന്നു. അതും ഇടമറുക് ഫാനായ ഈശ്വരവിശ്വാസി.
‘‘നിങ്ങൾ കരുതുന്നതുപോലെയല്ല'',
എന്റെ മനസ്സറിഞ്ഞെന്നതുപോലെ അദ്ദേഹം സംസാരിച്ചു.
‘‘ഞങ്ങൾ സർക്കാർ സർവീസിലായിരുന്നു. ഞാൻ ട്രഷറിയിലും ഭാര്യ ജലസേചനവകുപ്പിലും. വിരമിച്ചശേഷം പ്രധാന പരിപാടി യാത്രകളായിരുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ല. അതുകൊണ്ട് മുടക്കമില്ലാതെ കുറേ സ്ഥലങ്ങൾ കണ്ടു. ഒന്ന് കഴിഞ്ഞാൽ അടുത്തത് എന്ന കണക്കിൽ. രണ്ടുമൂന്നു വർഷം വീട്ടിൽ ഒരഞ്ചുദിവസം തികച്ചിരുന്നിട്ടില്ല.''
കാപ്പിയുടെ കാശ് കൊടുക്കാനൊരുങ്ങിയ എന്നെ തടഞ്ഞ് അദ്ദേഹം കൊടുത്തു. കൂടെ രണ്ട് പേഡയും വാങ്ങി കീശയിലിട്ടു.
‘‘അവസാനം അത് മടുത്തു. എന്തോ ഒരു താൽപര്യക്കുറവ്. കാടും കടലും കുറേ കെട്ടിടങ്ങളും തന്നെ എല്ലായിടത്തും. ഒടുക്കം ഭാര്യയാണ് ഇങ്ങനെ ഒരാശയം പറഞ്ഞത്.''
ഞാൻ എങ്ങോട്ടേക്കാണെന്ന് അദ്ദേഹം ചോദിച്ചില്ല. നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. എനിക്ക് വാഹനമുണ്ടായിരുന്നു. എങ്കിലും കൂടെ നടന്നു.
‘‘അവൾ പറഞ്ഞു, അദ്ഭുതങ്ങൾ കാണാൻ പോകാമെന്ന്. ദിവ്യാദ്ഭുതങ്ങൾ.''
‘‘ഓ.. ദിവ്യാദ്ഭുതങ്ങളുടെ പിന്നാമ്പുറ അന്വേഷണം. കുരുക്കഴിക്കുന്ന പരിപാടി''
‘‘ഏയ് നോ നോ.. പത്ത് മുപ്പതുകൊല്ലം ഫയലുകളുടെ കുരുക്കഴിച്ച് ജീവിച്ച് വീണ്ടും ആ പണിയോ. പറ്റില്ല സുഹൃത്തേ.''
‘‘സുനിൽ’’, അദ്ദേഹം ചോദിച്ചില്ലെങ്കിലും ഞാൻ പേര് പറഞ്ഞു. സുഹൃത്തേ എന്ന വിളി അരോചകമായിരുന്നു.
‘‘അദ്ഭുതങ്ങളെ അതിന്റെ പാട്ടിന് വിടണം സുനിലേ. എല്ലാ രഹസ്യങ്ങളും അറിയണമെന്ന് എന്തിനാണിത്ര നിർബന്ധം. നമ്മളൊരു മാജിക് കാണുന്നു. അതിന്റെ ഉള്ളറവിദ്യ മനസ്സിലായാൽ പിന്നെയത് കാണാൻ തോന്നുമോ. അതുപോലെ അദ്ഭുതങ്ങൾ കാണുന്നു. രസിക്കുന്നു. തിരിച്ചുവരുന്നു. അത്രതന്നെ’’.
എനിക്ക് കാര്യങ്ങളത്ര വ്യക്തമായില്ല. എത്ര സമയം വേണമെങ്കിലും ഇരുന്ന് സംസാരിക്കാൻ തയ്യാറുള്ളതുപോലെ അദ്ദേഹം ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ വിശാലമായിരുന്നു. വലിയൊരു വാകമരം സങ്കൽപ്പിക്കാൻ എന്നോട് പറഞ്ഞു.
‘‘അതിനെ കുടപോലെ മൂടിയ ചുവന്ന പൂക്കൾ മുഴുവൻ ഒറ്റ രാത്രിയിൽ അപ്രത്യക്ഷമാകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. നൂറുകണക്കിന് ഞെട്ടുമാത്രം ബാക്കി. ഒരെണ്ണം പോലും നിലത്തില്ല. പിന്നെയെങ്ങോട്ട് പോയി''
‘‘എങ്ങോട്ട് പോയി?'' ഞാനും ചോദിച്ചു.
‘‘അതിനടുത്തുള്ളൊരു വീട്ടിൽ രഹസ്യമായൊരു വെച്ചാരാധനയുണ്ട്. ആ ദേവി രജസ്വലയാകുന്ന രാത്രിയാണ് വാകപ്പൂക്കൾ മാഞ്ഞുപോകുന്നതെന്ന് അവർ പറയുന്നു. അതെന്തായാലും വിഷയമല്ല. ഞങ്ങളെ സംബന്ധിച്ച് ആ കാഴ്ച, ഇന്ദ്രജാലം അതാണ് പ്രധാനം''.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഒരാരാധകന് സമ്മാനിച്ച ഗ്രാമഫോൺ ഭാഗവതരുടെ ഓർമദിവസങ്ങളിൽ "കരുണ ചെയ്‌വാനെന്തു താമസം’’ സ്വയം ആലപിക്കുന്നത് നേരിട്ട് കേട്ടതിന്റെ അനുഭവം അദ്ദേഹം വിവരിച്ചു. ഉച്ചസ്ഥായിയിൽ ഗ്രാമഫോൺ താനേ വിറയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ മുരളി ഒന്നിളകിയിരിക്കുക കൂടി ചെയ്തു.
‘‘അർധരാത്രിക്ക് ശേഷം ബീച്ചിൽ ഏറ്റവും അറ്റത്തുള്ള കടൽപ്പാലത്തിന് മുകളിൽ കയറി നോക്കിയാൽ ഒരൊറ്റക്കപ്പൽ കടലിൽ നിശ്ചലമായി നിൽക്കുന്നത് കാണാം. പൊട്ടുപോലുള്ള ദൃശ്യം. അത് കുഞ്ഞാലിമരക്കാരുടെ കപ്പലാണെന്ന് ചിലർ പറയുന്നു. അതിൽ കാര്യമില്ല. പക്ഷെ മരക്കാരേ എന്ന് കറുത്ത കടലിനെ നോക്കി നീട്ടിവിളിച്ചാൽ ആ നിമിഷം ഒരു ഭീമൻ തിര വാ പിളർന്ന് പൊങ്ങിവരും. കപ്പലിനെ വിഴുങ്ങും. ഞങ്ങൾ അത് കാണാൻ മാത്രം എത്രയോ രാത്രികൾ ഉറക്കമിളച്ചിരുന്നിട്ടുണ്ട്.''
കണ്ണിമ ചിമ്മാത്ത രാത്രികളെക്കുറിച്ചുള്ള ഓർമകളിൽ അദ്ദേഹം നിശ്ശബ്ദനായി. എന്റെ സാന്നിദ്ധ്യം തന്നെ മറന്നു.
എനിക്കൊരു പന്തികേടാണ് തോന്നിയത്. ഇദ്ദേഹം പറഞ്ഞ സ്ഥലങ്ങളും സംഭവങ്ങളുമൊന്നും ഞാൻ കേട്ടിട്ടില്ല. പ്രതിബിംബം പരസ്പരം മാറ്റുന്ന കണ്ണാടി, സ്പർശിച്ചയാൾ ശ്വാസം പുറത്തുവിടാതെ പിടിച്ചു നിൽക്കുന്ന നേരമത്രയും നിശ്ചലമായിരിക്കുന്ന ഘടികാരം, ദുരനുഭവങ്ങൾ എഴുതിയാൽ സ്വയം കത്തുന്ന ഡയറി, കല്ലിട്ടാൽ ഓളങ്ങളുണ്ടാവാത്ത ആമ്പൽകുളം.. ഇതൊക്കെ എവിടെയാണ്!
‘‘പലതും കണ്ടു. പുതിയവ കണ്ടെത്താനുള്ള ഞങ്ങളുടെ അന്വേഷണത്തിനിടയിലാണ് നിങ്ങളുടെ ബുക്‌സ്‌റ്റോറിലുമെത്തിയത്.''
ആദ്യ കാഴ്ചയിൽ മനുഷ്യരെക്കുറിച്ചുള്ള വിലയിരുത്തലുകളിലെ അസംബന്ധത്തെക്കുറിച്ച് അദ്ദേഹം ബസ് കയറിപ്പോകുമ്പോൾ ഞാൻ ആലോചിച്ചു. ആദ്യം കരുതി വലിയ വായനക്കാരനാണെന്ന്. പിന്നെ നിരീശ്വരവാദിയാണെന്ന്. അവസാനമിതാ ഒരു അദ്ഭുതാന്വേഷി!
അന്ന് പിരിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുശേഷം ജോലിക്കിടെ ഫോൺ വന്നു.
‘‘സുനിലേ, മുരളിയാണ്''.
എനിക്ക് ആളെ മനസ്സിലായി. അന്ന് നമ്പർ വാങ്ങിയപ്പോൾ അദ്ഭുതമുരളി എന്ന് സേവ് ചെയ്തിരുന്നു.
‘‘എന്തുപറ്റി, ഇനി കലാനാഥനെയോ കോവൂരിനെയോ വേണോ?''
ഞാൻ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അദ്ദേഹം ഗൗരവത്തിൽ അവരുടെ പുസ്തകങ്ങളുണ്ടെങ്കിൽ എടുത്ത് വച്ചേക്കൂ എന്നുപറഞ്ഞു.
‘‘വേറൊരു കാര്യത്തിനാണ് വിളിച്ചത്. വരുന്ന ഞായറാഴ്ച ഫ്രീയാണോ?''
എല്ലാ ഞായറാഴ്ചകളിലും ഞാൻ വീട്ടിൽത്തന്നെയായിരുന്നു. അതുകൊണ്ട് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല.
‘‘ഞങ്ങൾ ഒരിടം വരെ പോകുന്നു. സുനിലിന് താൽപര്യമുണ്ടെങ്കിൽ കൂടെ വരാം.''
അടുത്ത ജില്ലയിലാണെന്നാലും അധികം യാത്രയില്ലാത്ത ഇടമാണ്. കൺകെട്ടുകളിലൊന്നും വലിയ താൽപര്യമില്ലെങ്കിലും അപൂർവയാത്രികരായ ഈ ദമ്പതികളുടെ കൂടെ കുറച്ച് സമയം ചെലവഴിക്കുന്നതിൽ നഷ്ടമില്ലെന്ന് തോന്നി.
പുലർച്ചെ നാലിന് കാറുമായി വീട്ടിലെത്താം എന്നായിരുന്നു പറഞ്ഞിരുന്നത്. ഞാൻ അങ്ങോട്ടെത്തിക്കോളാം എന്ന് പറഞ്ഞെങ്കിലും അവർ നിർബന്ധിച്ച് വീടിന്റെ ലൊക്കേഷൻ വാങ്ങുകയായിരുന്നു. ഗേറ്റിനു പുറത്ത് കാർ വന്നുനിൽക്കുന്നതായി ഭാര്യയാണ് പറഞ്ഞത്. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ ഇരുട്ടിൽ അക്ഷമനായൊരു കാർ ഹെഡ്‌ലൈറ്റ് കത്തിച്ചു. സമയം നാലര. എനിക്ക് കഠിനമായ കുറ്റബോധം തോന്നി.

‘‘ക്ഷമിക്കണം. ഇന്നലെ സ്‌റ്റോറിൽ പുതിയ സ്റ്റോക്ക് വരുന്ന ദിവസമായിരുന്നു. കിടക്കുമ്പോൾ വൈകി.''
പെട്ടെന്ന് ഒരുങ്ങി കാറിൽ കയറിയപ്പോഴാണ് മുരളിയുടെ ഭാര്യയെ കണ്ടത്. അവരെന്നോട് നീരസമില്ലാതെ ചിരിച്ചു.
‘‘മിനി. ഭാര്യയും സാരഥിയും.''
അദ്ദേഹം പരിചയപ്പെടുത്തി. മിനി പതുക്കെ കാർ സ്റ്റാർട്ട് ചെയ്തു. ജനലുകളെല്ലാം താഴ്‌ന്നിരിക്കുന്ന കാറിനകത്തേക്ക് ശീതക്കാറ്റ് യഥേഷ്‌ടം കയറി.
‘‘കുറച്ച് മലകയറ്റമുണ്ട്. കുറച്ചെന്നുവച്ചാൽ രണ്ടുമൂന്ന് കിലോമീറ്റർ. വണ്ടി പോവില്ല. നടക്കാൻ സുനിലിന് ബുദ്ധിമുട്ടാവില്ലല്ലോ..''
അതൊരു അപമാനം പിടിച്ച ചോദ്യമായിത്തോന്നി. എന്നെക്കാൾ അഞ്ചാറ് വയസ്സെങ്കിലും മുരളിക്ക് മൂപ്പുണ്ടെന്നാണ് കരുതുന്നത്. ഒരുപക്ഷേ എന്റെ മന്തിപ്പുള്ള ശരീരം കണ്ടിട്ടായിരിക്കും അങ്ങനെയൊരു സംശയം. ഞാനൊന്ന് നിവർന്നിരുന്നു. വളരെ സൂക്ഷ്‌മതയോടെയാണ് മിനി കാറോടിക്കുന്നത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഇനിയുമുണ്ട് ഒന്നരമണിക്കൂർ. അധികം താമസിയാതെ മുരളി സീറ്റിൽ ഉറക്കം പിടിച്ചു. അദ്ദേഹത്തിന്റെ തല കൃത്യമായ ഇടവേളകളിൽ കാർ വിൻഡോയിൽ ഇടിച്ചുകൊണ്ടിരുന്നു.
‘‘വണ്ടി അടിവാരത്തിൽ പാർക്ക് ചെയ്യേണ്ടി വരുമായിരിക്കും അല്ലേ?''
നീണ്ട നിശ്ശബ്ദത അലോസരപ്പെടുത്തിയപ്പോൾ ഞാൻ മിനിയോട് ചോദിച്ചു.
‘‘അതെ. കയറ്റം തുടങ്ങുന്നിടത്തുതന്നെ പാർക്കിങ്ങ് സ്‌പോട്ട് ഉണ്ടെന്നാണ് അറിഞ്ഞത്. അധികം തിരക്കൊന്നും കാണില്ല. ഏറ്റവും ഉച്ചിയിലാണ് കുരങ്ങന്മാർ.''
‘‘കുരങ്ങന്മാരോ!''
മിനി ചിരിച്ചു. ‘‘അതുശരി! അപ്പോൾ മുരളി ഒന്നും പറഞ്ഞില്ലേ?''
‘‘മലകയറ്റത്തെക്കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ.''
പൂവാറൻമേട് എന്ന സ്ഥലപ്പേരല്ലാതെ പോകുന്ന ഇടത്തെക്കുറിച്ച് മറ്റൊരു വിവരവും എനിക്കറിയുമായിരുന്നില്ല. ഈ നൊസ്സുകാരുടെ കൂടെയിറങ്ങുമ്പോൾ എല്ലാം കൃത്യമായി ചോദിച്ച് വെക്കേണ്ടതായിരുന്നു. തെറ്റുപറ്റി.
‘‘ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന മലനിരകളാണ് പൂവാറൻമേട്. അവിടെ ചതുരത്തങ്ക എന്ന പേരിൽ ഒരു മലയുണ്ട്. അങ്ങോട്ടാണ് നമുക്ക് പോകേണ്ടത്.''
സമൃദ്ധമായി കൺമഷി തേച്ച മിനിയുടെ കണ്ണുകൾ റിയർവ്യൂ കണ്ണാടി നിറയാൻ മാത്രം പോന്നതായിരുന്നു. അതിൽ നോക്കിയാണ് അവർ എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്.
‘‘ചതുരത്തങ്ക ചെങ്കുത്തായ കയറ്റമാണ്. കുറച്ച് ആയാസമുണ്ടാവും. പക്ഷെ അധികം ദൂരമില്ല. മൂന്ന് കിലോമീറ്റർ എന്നൊക്കെ മുരളി വെറുതെ പറയുന്നതാണ്. കഷ്ടി ഒരു കിലോമീറ്റർ. മേടയിലേക്കുള്ള ദൂരം അതിൽ താഴെയേ വരൂ.''
മലയുടെ മുകളിൽ മേട! സാധാരണ മനുഷ്യർക്ക് പരിചയമില്ലാത്ത ഏതോ സമാന്തര ലോകത്തെക്കുറിച്ചാണ് ഇവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. ആ ലോകത്ത് കുന്നിന്റെ തുമ്പത്ത് സൗധങ്ങളുണ്ടാവും. അതിൽ ചിലപ്പോൾ കഞ്ഞിവെക്കുന്ന കഴുകനുണ്ടാവും. റബ്ബർ വെട്ടുന്ന മൂർഖനുണ്ടാവും. പത്രം വായിക്കുന്ന അന്യഗ്രഹജീവികൾ വരെയുണ്ടാവും. ഞാനെന്തിനും ഒരുങ്ങിയിരുന്നു.
‘‘മേടയെന്നാൽ വലിയ കൊട്ടാരമൊന്നുമല്ല കേട്ടോ''
മുരളി പെട്ടെന്ന് തല പുറകോട്ട് തിരിച്ച് പറഞ്ഞു. ഇതിനിടയിൽ അദ്ദേഹം ഉറക്കമെഴുന്നേറ്റത് ഞാനറിഞ്ഞിരുന്നില്ല. പഴയൊരു മേടയുടെ പൂമുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴുള്ളതെന്ന് മുരളി പറഞ്ഞു. നൂറ്റാണ്ടുകൾക്കു പിന്നിലെ എടുപ്പാണ്. മറ്റു ഭാഗങ്ങളെല്ലാം മണ്ണടിഞ്ഞു.
‘‘അപ്പോൾ കുരങ്ങന്മാർ?''
‘‘അത് ആ പൂമുഖത്തു തന്നെയാണ്. കരിങ്കല്ലിൽ കൊത്തിയ മൂന്ന് കുരങ്ങ് ശിൽപങ്ങൾ''.
അദ്ദേഹം ഫോണിൽ കാണിച്ച ഫോട്ടോ എന്നെ നിരാശനാക്കുകയാണ് ചെയ്തത്. ഞാൻ കൂടുതൽ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഇത് വൈസ് മങ്കീസ് എന്ന പേരിൽ പ്രശസ്തമായ കുരങ്ങുകളാണ്. കണ്ണും വായയും ചെവിയും പൊത്തിയിരിക്കുന്ന ഈ മൂന്ന് കുരങ്ങ് പ്രതിമകളെ കാണാൻ ഉറക്കം കളഞ്ഞ് ഇവിടംവരെ വരേണ്ടിയിരുന്നില്ല.
‘‘പൗർണമിയുടെ പിറ്റേന്നാണ് അദ്ഭുതം''
മുരളി കാര്യത്തിലേക്ക് കടക്കുന്നതേയുണ്ടായിരുന്നുള്ളൂ.
‘‘പൗർണമി കഴിഞ്ഞുള്ള ആദ്യ സൂര്യപ്രകാശം സ്പർശിച്ച് അഞ്ച് നാഴിക പൂർത്തിയാവുമ്പോൾ കണ്ണുപൂട്ടിയ കുരങ്ങ് അത് തുറന്ന് പുറംലോകം കാണും. വായടച്ച കുരങ്ങ് സംസാരിക്കും. ചെവിയടച്ച കുരങ്ങ് കൈകൾ വിടർത്തി ശബ്ദങ്ങൾ കേൾക്കും. എല്ലാം പത്തിരുപത് നിമിഷത്തിൽ താഴെ മാത്രം. പിന്നെ പൂർവ്വസ്ഥിതിയിലാവും''.
"ഇന്നാണ് ആ ദിവസം’’, അതു പറഞ്ഞപ്പോൾ പുറത്തെ കനം കുറഞ്ഞ ഇരുട്ടിനെ തുളച്ച് മുരളിയുടെ കണ്ണുകൾ മിന്നി.
അന്നത്തെ സൂര്യൻ ആകാശത്തെത്തി. മിനി കാറിന്റെ വേഗം കൂട്ടി.
‘‘അതിന്റെ വീഡിയോ വല്ലതും ഉണ്ടോ?''
എനിക്ക് വല്ലാത്ത ആകാംക്ഷ തോന്നി.
‘‘വീഡിയോ എന്തിനാ. നമ്മൾ നേരിട്ട് കാണാൻ പോകുവല്ലേ.''
മുരളി സീറ്റിൽ ചാരിക്കിടന്നു.
മിനി പറഞ്ഞതുപോലെ കയറ്റം തുടങ്ങുന്നിടത്തുതന്നെ കാർ നിർത്തിയിടാൻ സൗകര്യമുണ്ടായിരുന്നു. മാത്രമല്ല, അവിടെ മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമയത്തിന്റെ വേവലാതി കൊണ്ട് പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. കുറച്ച് പഴങ്ങളും വെള്ളവും മുരളിയുടെ ബാഗിലുണ്ടെന്ന് അവരുടെ സംസാരത്തിൽനിന്ന് മനസ്സിലായി. പൂവാറൻമേട് കൂറ്റൻ മലകളുടെ ഒരു കൂട്ടമാണ്. കൂനിയിരുന്ന് പൂർവകാലമോർക്കുന്ന വയസ്സൻ മലകളുടെ പുറംപൊള്ളിച്ച് ആദ്യവെയിൽ പതിച്ചു. അതിലൊരെണ്ണം ചൂണ്ടി മുരളി മിനിയോട് ചോദിച്ചു:
‘‘ആ മല കാണുമ്പോൾ നിനക്കെന്താ ഓർമ വരുന്നത്?’’.
മിനി കഴുത്തിൽ തൂക്കിയ കണ്ണടയെടുത്തിട്ടു.
‘‘ഇടമൊഴിക്കുളത്തിലെ നോട്ടക്കാരന്റെ മൊട്ടത്തല''
അവർ ഒന്നു കുണുങ്ങിച്ചിരിച്ചു. മുരളിയും അത് ശരിവച്ചു.
‘‘തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമമാണ് ഇടമൊഴിക്കുളം. അവിടുത്തെ പൂവൻകോഴികൾ തലയറുത്താലും കൂവിക്കൊണ്ടിരിക്കും. ഞങ്ങൾ പോയിട്ടുണ്ട്. അവിടുത്തെ നോട്ടക്കാരന്റെ തല ആ മല പോലെയായിരുന്നു. ഓരോ ചാൺ വിട്ട് കുറച്ച് മുടികൾ.''
ഇടവിട്ട് കുറ്റിച്ചെടുകൾ നിറഞ്ഞ എതിർവശത്തുനിൽക്കുന്ന മൊട്ടക്കുന്ന് കണ്ടപ്പോൾ അവർക്കയാളെ ഓർമവന്നതാണ്.
കുന്ന് കയറാൻ തുടങ്ങുന്നതിനുമുമ്പ് മുരളി കണ്ണടച്ച് കുറച്ച് നിന്നു. ഞാൻ നോക്കിയപ്പോൾ കാര്യമാക്കേണ്ടെന്ന് കാണിച്ച് മിനി ചിരിച്ചു. പ്രതീക്ഷിച്ചപോലെ ദുർഘടം പിടിച്ച കയറ്റമായിരുന്നില്ല. മുൻകാലങ്ങളിൽ വന്നവർ കൃത്യമായ വഴിയൊരുക്കിയിട്ടുണ്ട്. അതുവഴി എളുപ്പം നടക്കാം. ഈർപ്പമുള്ള മണ്ണ്. മുരളിക്കും മിനിക്കും അസാമാന്യ വേഗമാണ്. കൂടെയെത്താൻ ഞാൻ കഷ്ടപ്പെട്ടു. മുകളിലേക്ക് പോകുംതോറും മരങ്ങളുടെ സാന്നിദ്ധ്യം കൂടി. ഇരുളും ആഞ്ഞിലിയും മറ്റനേകം കാട്ടുമരങ്ങളും. അതൊരാശ്വാസമായിരുന്നു.
പെട്ടെന്നൊരു കുരങ്ങ് കാടിനകത്തുനിന്ന് പ്രത്യക്ഷപ്പെട്ട് ഞങ്ങൾക്കഭിമുഖമായി ഒരു വള്ളിയിൽ തൂങ്ങിനിന്നു. അതിന്റെ കണ്ണുകൾ അടിവാരത്തിലേതോ കാഴ്ചയിൽ ഉറച്ചുനിന്നു. നെഞ്ചിൽ പറ്റിക്കിടന്ന കുട്ടിക്കുരങ്ങ് ഞങ്ങൾ മൂന്നുപേരെയും മാറിമാറി നോക്കി.
‘‘ഇത് ഒറിജിനലാണ്. ശിൽപമല്ല.''
മുരളി ബാഗിൽനിന്ന് ഒരു പഴമെടുത്ത് കൊടുത്തു. ഇടതൂർന്ന കാടാണെങ്കിലും നടത്തത്തിനിടയിൽ ഇതുവരെ ഒരു പക്ഷിയെപ്പോലും കണ്ടില്ലെന്ന് ഞാനപ്പോൾ ഓർത്തു.
‘‘കേട്ടോ സുനിൽ..''
മുരളി കുരങ്ങിന്റെ സഞ്ചാരപാതയിൽനിന്ന് കണ്ണെടുക്കാതെ പറഞ്ഞു. മിനി ട്രപ്പീസ് കളിക്കാരിയെപ്പോലെ വള്ളികളിലൂന്നി ഏറെ മുന്നിലായി.
‘‘അവളുടെ വിചാരം ഞങ്ങൾ ആദ്യമായാണ് ഇത്തരത്തിൽ മലകയറുന്നതെന്നാണ്. എന്നാൽ അത് തെറ്റാണ്. ഞാനിത് രണ്ടാംതവണയാണ്. ഒരു തവണ അവളില്ലാതെ മറ്റൊരു മലയിൽ പോയിട്ടുണ്ട്.''
വിരമിച്ച് ആദ്യവർഷം ഒറ്റയ്‌ക്കൊരിടത്ത് പോയൊരു അനുഭവം അദ്ദേഹം പറഞ്ഞു. എത്ര ചോദിച്ചിട്ടും മലയേതാണെന്നും നാടേതാണെന്നും വെളിപ്പെടുത്തിയില്ലെങ്കിലും പറഞ്ഞ കഥ ഏതാണ്ട് ഇതായിരുന്നു:

വലിയൊരു മരം. പിന്നിലൊരു കിണർ. കിണർ എന്ന് പറഞ്ഞാൽ കുത്തനെയൊരു കുഴി, വെള്ളമൊന്നുമില്ല. മരത്തിന്റെ വേരുകൾ മുക്കാലും പുറത്താണ്. സർപ്പം പോലെ പിണഞ്ഞ് കിലോമീറ്റർ നീളത്തിൽ. ഒരു സ്ത്രീയുടെ അകത്തിവെച്ച കാലുകൾ പോലെ വേരുകൾ രണ്ടെണ്ണം കിണറിന്റെ മറയോട് ചേർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒരാൾ വന്ന് ആ വേരുകൾക്കിടയിലേക്കിറങ്ങി നിന്നു. ഇങ്ങനെ വരുന്നയാൾ കാമക്രോധലോഭങ്ങൾ കടന്നുവന്നതും ഐഹിക ജീവിതത്തിൽ പണികളൊന്നും ബാക്കിയില്ലാത്തതുമായ ആളായിരിക്കണം. അയാൾ അതിനുമേലെ നിന്ന് ഒരു നിമിഷം ചുറ്റും നോക്കി. പിന്നെ ചിന്നം വിളിച്ചുനിൽക്കുന്ന ഇരുവേരുകൾക്കിടയിലൂടെ അങ്ങൂർന്നുപോയി.
‘‘എന്നിട്ടോ''
‘‘എന്നിട്ടെന്താ ബാക്കിയുള്ളവരാ കിണറങ്ങു മൂടി''
‘‘അപ്പൊ അയാളോ''
‘‘അയാളാ ആഴത്തിൽ എങ്ങോട്ടോ പോയി''.
എനിക്ക് ഭയം തോന്നി. മുരളി ബാഗ് തുറന്ന് വെള്ളം കുടിച്ചു. എനിക്കും തന്നു. അദ്ദേഹം മിനി കേൾക്കാതെ എന്തോ ഒന്നുകൂടെ പറയാൻ തുനിഞ്ഞു. ഞാൻ കാത് കൂർപ്പിച്ചു.
‘‘പിന്നൊരു കാര്യം കൂടെയുണ്ട്. ഈ പോകുന്നവൻ ഒരവയവത്തിൽ എലിത്തല പച്ചകുത്തണം.''
‘‘എവിടെ?''
‘‘അവിടെത്തന്നെ''
‘‘എവിടെ?''
അദ്ദേഹം മറുപടി പറയാതെ മിനിക്കടുത്തെത്താൻ ധൃതികൂട്ടി. അപസർപ്പക കഥകൾക്കൊരു കുഴപ്പമുണ്ട്. കൃത്യമായ വിവരങ്ങൾ തരാതെ അപൂർണമായി അവസാനിപ്പിച്ചാൽ പിന്നെ കഥ പൂരിപ്പിക്കുന്നത് കേൾവിക്കാരന്റെ വികൃതമായ ഭാവനകളായിരിക്കും. ഞാനും അങ്ങനെയെന്തൊക്കെയോ പൂരിപ്പിച്ചു.
‘‘നമ്മളെത്തി'', കാട് അവസാനിക്കുന്നിടത്തെ തുറസ്സിൽ ആദ്യമെത്തിയ മിനി വിളിച്ചുപറഞ്ഞു.
ഒരു കൂറ്റൻ വാച്ച് ടവറിന്റെ ചുവട്ടിൽ പ്രാചീനമായ ഒരു തറ. മൂന്ന് ഭാഗത്ത് തൂണും താഴേക്കിറങ്ങിച്ചെല്ലാൻ നാലഞ്ച് പടവുകളും. നിർമിതിയെന്നു പറയാൻ അത്രയേയുള്ളൂ.
‘‘ഇതാണോ?'' ഞാൻ മുരളിയോട് ചോദിച്ചു.
അദ്ദേഹം മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ഇതുവരെയില്ലാത്തൊരു ആവരണം മിനിയുടെ തലയിൽ പ്രത്യക്ഷപ്പെട്ടു.
‘‘ഇവിടെ തല മറയ്ക്കണമെന്നാണ്'', ഒരു കർച്ചീഫ് എനിക്കും നീട്ടി.

തറയ്‌ക്കു മുകളിലായിരിക്കണം കുരങ്ങുശിൽപങ്ങൾ. വെള്ളയുടുത്ത ഒരു മനുഷ്യൻ അവയെ മറഞ്ഞുനിന്നു. അയാളെന്താണ് ചെയ്യുന്നതെന്ന് വ്യക്തമായില്ല. ഞാൻ ചുറ്റുംനോക്കി. പരിസരത്ത് മറ്റൊരു ജീവിയുമില്ല. മുരളി മുന്നോട്ട് കയറിനിന്നു. ബാഗ് ഒരരികിൽ വച്ച് ഞങ്ങളോടും അങ്ങോട്ട് ചെല്ലാനാവശ്യപ്പെട്ടു. ചെന്നപ്പോൾ മരത്തിന്റെ ഒരു തട്ടിൽ ഇരുത്തിയ മൂന്ന് കൽപ്രതിമകളെ അസ്സലായി കണ്ടു. ഫോണിൽ കാണിച്ച അതേ കുരങ്ങുകൾ. മൂന്നിനും ഒരു കാക്കയുടെ വലുപ്പം. അയാളവയെ പട്ടുടുപ്പിക്കുകയായിരുന്നു.
വെള്ളയുടുത്തയാൾ മൂന്നു കുരങ്ങുകളെയും ഉടുപ്പിച്ച് പടവുകളിറങ്ങി വന്നു.
‘‘സമയമായോ'', മുരളി ചോദിച്ചു.
അയാൾ കേട്ട ഭാവമില്ലായിരുന്നു.
‘‘കുറച്ചുകൂടെ കാക്കാമല്ലേ'', മുരളി എല്ലാവരോടും കൂടെ ചോദിച്ചു.
ആരും മറുപടി പറയാഞ്ഞപ്പോൾ അദ്ദേഹം അവിടെയിരുന്നു. ഞങ്ങളും കൂടെയിരുന്നു. ഇങ്ങനെ കുറച്ചുപേർ അവിടെയുണ്ടെന്ന മട്ട് പോലും കാണിക്കാതെ വെള്ളയുടുത്തയാൾ മറുവശത്തുകൂടെ മലയിറങ്ങാൻ തുടങ്ങി. അധികനേരം നോക്കേണ്ടിവന്നില്ല. അയാൾ അപ്രത്യക്ഷനായി. മിനി എന്തൊക്കെയോ ശ്ലോകങ്ങൾ ഉരുവിടാൻ തുടങ്ങി. അർഥം മനസ്സിലായില്ലെങ്കിലും അതൊന്നും ഈ അവസരത്തിൽ യോജിക്കുന്നതല്ലെന്നു കേട്ടാൽ അറിയാമായിരുന്നു. മുരളിയും ഞാനും എഴുന്നേറ്റ് കുരങ്ങുകൾക്കരികിലേക്ക് ചെന്നു. നൂറ്റാണ്ടുകളായി ഉറച്ചുപോയ ശിലകളിൽ ചലനത്തിന്റെ അടയാളങ്ങൾ ഒന്നുമില്ല. ഞാൻ മുരളിയെ നോക്കി. അദ്ദേഹം എന്തോ ആലോചനയിലായിരുന്നു.
‘‘എഴുന്നേൽക്കാം'', ഏറ്റവും സൗമ്യമായൊരു ശബ്ദം. പറഞ്ഞത് വായ മൂടിയ ആദ്യത്തെ കുരങ്ങായിരുന്നു. കരിങ്കല്ലിന്റെ ഭാരം കാരണം അതിന് നിവർന്നു നിൽക്കാനായില്ല. തൂണിൽ ഒരു കൈ താങ്ങി ആയാസപ്പെട്ട് എഴുന്നേറ്റു. കൂടെ മറ്റ് രണ്ട് കുരങ്ങുകളും എഴുന്നേറ്റു. പടുവൃദ്ധരായ ആ മൂന്ന് വാനരന്മാരിലേക്ക് അന്തരീക്ഷം മുഴുവൻ ചുരുങ്ങി.
ഞാൻ കോട ചുറ്റിയ മരങ്ങളെ നോക്കി. അടിവാരത്തേക്കുള്ള അനേകം ചുറ്റിനെ നോക്കി. പഴുത്ത സൂര്യനെയും നിവർത്തിവച്ച നിഴലിനെയും നോക്കി. അതൊക്കെ യാഥാർത്ഥ്യമാണെങ്കിൽ ഇതുമാണെന്ന് എന്റെ മനസ്സ് പറഞ്ഞു.
ഞാൻ മുരളിയെ ഒന്ന് തൊട്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
‘‘നീയെന്ത് കാണുന്നു?'' -ഒന്നാമത്തെ കുരങ്ങൻ രണ്ടാമനോട് ചോദിച്ചു.
രണ്ടാമൻ പീളകെട്ടിയ കണ്ണുകൾ പരമാവധി തുറന്ന് അകലേക്ക് നോക്കി.
‘‘തീ.. തീ.. തീ കാണുന്നു''.
‘‘നീയെന്ത് കേൾക്കുന്നു'' -ഒന്നാമൻ മൂന്നാമനോട് ചോദിച്ചു.
മൂന്നാമൻ ചെവി വട്ടംപിടിച്ചു.
‘‘ഒരു കുഞ്ഞിന്റെ കരച്ചിൽ''.
‘‘ഇപ്പോൾ നീ എന്ത് കാണുന്നു?'' -വീണ്ടും ഒന്നാമനോടായിരുന്നു.
‘‘തീ തന്നെ''.
‘‘ഇപ്പോഴെന്താ കേൾവിയിൽ?''- രണ്ടാമനോട്.
‘‘ഒന്നുമില്ല. ആ കുഞ്ഞിപ്പോൾ കരയുന്നില്ല''.
കുരങ്ങുകൾ പഴയപടി ഇരുന്നു.
ആയിരിപ്പിൽ തന്നെ അവർ ഉറഞ്ഞു.
വെയിൽ കനത്തു തുടങ്ങി. തിരിച്ചിറങ്ങുമ്പോൾ മിനി തന്ന കർച്ചീഫ് ഞാനവിടെ മറന്നുവച്ചിരുന്നു.
‘‘അതെന്താ തീയുടെ കാര്യം പറഞ്ഞത്?’’, നടത്തത്തിനിടയിൽ മിനി ചോദിച്ചു.
‘‘ആവോ'', മുരളി പറഞ്ഞു. ഞങ്ങൾ ഒരു നേർരേഖ പാലിച്ചുകൊണ്ടായിരുന്നു നടന്നത്. മുന്നിൽ മുരളി, പിന്നെ മിനി, പിറകിൽ ഞാൻ. എനിക്ക് ഇറക്കമാണ് പ്രയാസമായി തോന്നിയത്. ഒന്നുരണ്ടു തവണ തെന്നിവീഴാൻ തുടങ്ങിയപ്പോൾ ഓരോ ചുവടും സാവകാശമാക്കി.
പെട്ടെന്നായിരുന്നു വെള്ളയുടുത്ത മറ്റൊരാൾ കൊടുങ്കാറ്റുപോലെ അടിവാരത്തുനിന്ന് ഓടിക്കയറിയത്.
‘‘അനർത്ഥം അനർത്ഥം'', അയാൾ വിലപിക്കുന്നതുപോലെ തലയിലിടിച്ചു.
‘‘എന്തുപറ്റി?'', ഞാനയാളെ പിടിച്ചുനിർത്തി.
അയാൾ എന്റെ കൈയിൽ കുറച്ച് നേരം പിടിച്ച് കിതപ്പു മാറ്റി. പിന്നെ വീണ്ടും മേട ലക്ഷ്യമാക്കി ഓടാൻ തുടങ്ങുമ്പോൾ വിളിച്ച് പറഞ്ഞു:
‘‘കാണുന്നില്ല. കുരങ്ങുകളെ കാണുന്നില്ല.''
ഞങ്ങൾ നടത്തം നിർത്തി സ്തംഭിച്ചുനിന്നു. ഇപ്പോൾ കേട്ടതാണോ യഥാർത്ഥ അദ്ഭുതം. അര മണിക്കൂർ മുൻപ് കണ്ട കുരങ്ങന്മാരെ കാണാനില്ലെന്ന്.
‘‘പെട്ടെന്നിറങ്ങാം. നമ്മൾ മാത്രമാണ് ഇന്ന് പുറത്തുനിന്നുള്ളവർ. അവർ സംശയിക്കും.''
മുരളി മുണ്ട് മാടിക്കുത്തി കാലുകൾ നീട്ടിവച്ച് നടന്നു.

പാവം മിനി. അവർ ക്ഷീണിതയായിരുന്നു. മുരളിയുടെ ധൃതി കണ്ടാൽ ശിൽപങ്ങൾ അദ്ദേഹത്തിന്റെ ബാഗിലാണെന്ന് തോന്നും. എനിക്ക് മുകളിലേക്കൊന്നു പോയി അന്വേഷിക്കണമെന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ഓടിക്കേറിയ ആൾ കൺവെട്ടത്തില്ല. അയാൾ മേടയിലെത്തിക്കാണും. തിരിച്ച് അവിടേക്ക് പോകണമെന്നുതന്നെ തോന്നി. മിനിയോടിക്കാര്യം പറയാൻ അവരെ നോക്കി.
നിറയെ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു കുഴി ലക്ഷ്യമാക്കി നടക്കുകയായിരുന്നു മിനി. മുന്നിലങ്ങനെയൊരു കുഴിയുള്ളത് അവർ കണ്ടില്ലെന്ന് തോന്നി. ഇവരെന്താണ് ചെയ്യുന്നത്. എനിക്ക് അപകടം മണത്തു. നിൽക്കൂ എന്ന് വിളിച്ച് പറയാൻ തുനിഞ്ഞപ്പോൾ ഞാൻ അടിമുടി വിയർത്തു. പുരാതനമായ ഒരു ഗുഹയ്‌ക്കകത്ത് തട്ടിച്ചിതറിയതുപോലെ എന്റെ ശബ്ദം പല കഷണങ്ങളായി. ഞാൻ കഴുത്തിൽ അമർത്തിപ്പിടിച്ചു. ദീർഘമായൊരു ശ്വാസമെടുത്ത് മിനിയെ വീണ്ടും വിളിച്ചു. ശബ്ദത്തിന്റെ യോനീകവാടം തുറന്ന് ചാപിള്ളയായൊരു വാക്ക് പുറത്തേക്ക് തെറിച്ചുവീണു. ഞാൻ ചുമച്ച് ചുമച്ച് അവിടെയിരുന്നു.
ഒരു പാറയിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു മിനി. ഞാൻ ഓടിച്ചെന്ന് കൈനീട്ടി.
‘‘കാട്ടിൽ എന്തൊരിരുട്ട്! ഒരു വക കാണുന്നില്ല.''
അവരെ പിടിച്ച് കയറ്റുമ്പോൾ കത്തുന്ന സൂര്യന്റെ ഒരു കഷ്ണം നിലത്തുവീണു. എനിക്ക് കാലുറച്ച് വെക്കാനായില്ല.
‘‘മുരളീ എന്റെ കൈയൊന്ന് പിടിക്കൂ. ഒരുമിച്ച് നടക്കാം''
അവർ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു.
‘‘ഇത് സുനിലാണോ. മുരളിയെവിടെ?''
മിനി ഉറക്കെ അദ്ദേഹത്തെ വിളിച്ചു. വരുമ്പോൾ കണ്ട കുട്ടിക്കുരങ്ങിന് കൊടുക്കാൻ കൈയിൽ പഴവുമായി ഞങ്ങൾക്ക് തൊട്ടുമുന്നിൽ തിരിഞ്ഞുനോക്കാതെ അദ്ദേഹം നടന്നു.
‘‘മുരളിയെവിടെ..'', മിനി വീണ്ടും ചോദിച്ചു. ഞാൻ അവരുടെ കൈയിൽ അമർത്തിപ്പിടിക്കുക മാത്രം ചെയ്തു.
മുന്നിലെ ഓരോ മരത്തിന്റെയും ഇലപ്പടർപ്പുകളിൽ നോക്കി മുരളി നടന്നു. അദ്ദേഹത്തിനു പിന്നിൽ മുളച്ചുവന്ന വാൽ താഴ്‌വരയിലേക്ക് നീണ്ടു. ഭീമാകാരനായ ഒരു ഓക്ക് മരത്തിൽ തട്ടി അത് നിന്നു. പിന്നെ അതിന്റെ നീണ്ട ശിഖരത്തിൽ അയഞ്ഞു കിടന്നു.
