സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് വിമാനത്തിലേക്കു കയറാനായി ഗേറ്റ് നമ്പർ 22-ലേക്കു നടക്കുമ്പോഴാണ് വലിയ ഗ്ലാസ് ഭിത്തിക്കുള്ളിലൂടെ അയാൾ ഉള്ളിലിരിക്കുന്നതു കണ്ടത്.
മധ്യവയസ്സ്, ഒരൽപം ഉന്തിനിൽക്കുന്ന കുടവയർ, കഷണ്ടി മറച്ച് വലത്തേക്കു ചീകിവച്ചിരിക്കുന്ന മുടി, കറുപ്പിച്ച താടി.
മലയാളിയാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒറ്റയ്ക്കു യാത്ര ചെയ്യണമല്ലോ എന്നു പേടിച്ചിരുന്ന മനസ്സിൽ ഒരു കുഞ്ഞു കാറ്റുവീശി.
മൂന്നു വർഷങ്ങൾക്കു മുൻപാണ് ഞാൻ ആദ്യമായി യു.കെയിലെത്തുന്നത്. ഡിഗ്രി കഴിഞ്ഞ് ബി.എഡിനു പോണോ, അതോ മാസ്റ്റേഴ്സ് എടുക്കണോ എന്നാലോചിച്ചിരുന്ന എന്നെ പറഞ്ഞു കൊതിപ്പിച്ച് കൂടെ പഠിച്ച ഒരുത്തൻ വിളിച്ചു വരുത്തിയതാണ്.
‘ഒരു സ്റ്റുഡന്റ് ലോൺ എടുത്ത് നീയിങ്ങു കേറിപ്പോരടീ.... ഒക്കെ ഓൺലൈനാണ്. വല്ലപ്പോഴുമൊന്നു ക്ലാസിൽ പോയാൽ മതി. പരീക്ഷയൊന്നും ഇല്ല, രണ്ടു മൂന്ന് എസ്സേ എഴുതിക്കൊടുത്താൽ കാര്യം കഴിഞ്ഞു. പിന്നെ ഇഷ്ടം പോലെ ജോലി ചെയ്യാം. മണിക്കൂറിന് പത്തുപൗണ്ടാണ് കൂലി. അത് ബാങ്കിൽ വേണമെങ്കിൽ ബാങ്കിൽ, കയ്യിൽ വേണമെങ്കിൽ കയ്യിൽ...’
അവനിതു വിളിച്ചുപറഞ്ഞപ്പോൾ ഞാൻ ശരിക്കും സ്വർഗ്ഗത്തിലും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായിപ്പോയി. അവനോട്, പറയാത്ത ഒരിഷ്ടം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് കേട്ടപ്പഴേ അപ്പനോട് വഴക്കുണ്ടാക്കി കുറെ സ്ഥലവും പണയം വച്ച് ലോണെടുത്ത് ഞാനിങ്ങു കേറിപ്പോന്നു. സ്റ്റുഡന്റ് ലോണൊന്നും കിട്ടിയില്ല. അതിനൊക്കെ നൂറു നൂലാമാലകളാണ്.
അവൻ തന്നെയായിരുന്നു എയർപോർട്ടിൽ കൂട്ടാൻ വന്നത്. അവൻ താമസിക്കുന്ന വീട്ടിലേക്കു തന്നെയാണ് കൊണ്ടുപോയതും. ആ സ്നേഹം കണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി.
വെറുതെ രണ്ടു മുറിയുടെ വാടക കൊടുക്കണ്ടല്ലോ എന്നോർത്ത് താമസിയാതെ ഞാനവന്റെ മുറിയിലേക്കു താമസം മാറി. പഠനം കഴിഞ്ഞപ്പോൾ അവൻ ജോലി ചെയ്യുന്ന കെയർഹോമിൽ തന്നെ പന്ത്രണ്ടു ലക്ഷം രൂപ കൊടുത്ത് പ്രായമുള്ളവരെ നോക്കുന്ന ജോലിക്ക് വർക്ക് പെർമിറ്റും വാങ്ങിച്ചു. അങ്ങനെ വർഷങ്ങളോളം ജോലിയും വെപ്പും കുടിയും കിടപ്പുമെല്ലാം ഒന്നിച്ചായിരുന്നു.
പക്ഷെ, ഒരു മൂന്നാലു മാസം മുൻപ് നാഷണൽ ഹെൽത്ത് സർവീസിൽ ജോലിയുള്ള നഴ്സിന്റെ ആലോചന വന്നപ്പോൾ അവൻ കാലുമാറി. കൂടെ ഒരുപദേശവും, ‘എടീ... നീ പ്രാക്ടിക്കലായൊന്നു ചിന്തിച്ചുനോക്ക്. ഈ മിനിമം വേതനക്കാരായ നമ്മൾ കല്യാണം കഴിച്ചാൽ നമ്മൾക്ക് എന്നാണൊന്നു സെറ്റിലാകാൻ പറ്റുക? ഈ നഴ്സിനെ കല്യാണം കഴിച്ചാൽ എന്റെ ഫ്യൂച്ചർ സെറ്റ് ആകും. നീയും നാട്ടിൽപോയി നല്ല കാശുള്ള വീട്ടിലെ നല്ല ക്വാളിഫിക്കേഷനുള്ള ആരെയെങ്കിലും കല്യാണം കഴിക്കണം. ഒന്നുമില്ലേലും നമ്മൾ എം.ബി.എക്കാരല്ലേ?
‘എം ബി എക്കാർ’, ഞാൻ പുച്ഛത്തോടെ ചിരിച്ചു. ഇന്ററ്റർനാഷണൽ സ്റ്റുഡന്റ്സിന്റെ കാശു കിട്ടാൻ വേണ്ടി മാത്രം നിലനിലനിൽക്കുന്ന ഏതോ ഒരു പൊട്ട യൂണിവേഴ്സിറ്റിയാണ്. ജോയിൻ ചെയ്യാനല്ലാതെ ഒരൊറ്റ ദിവസം പോലും ക്ലാസിൽ പോയിട്ടില്ല. എന്താണ് പഠിപ്പിച്ചതെന്നറിയില്ല. ഓൺലൈനിൽ ക്ലാസ് വച്ചിട്ട് കിടന്നുറങ്ങുകയോ അല്ലെങ്കിൽ ക്യാഷ് ഇൻ ഹാൻഡ് തരുന്ന കടയിൽ ജോലി ചെയ്യുകയോ ആണ് സാധാരണ ചെയ്തു കൊണ്ടിരുന്നത്. ആ കാശു കൊടുത്ത് അസൈന്മെന്റുകൾ എഴുതിച്ചു ജയിച്ചു. എന്നിട്ടെന്താ പ്രയോജനം? പഠിച്ച ജോലി സ്വപ്നങ്ങളിൽ മാത്രം.
‘എടീ നീ വെറും കെയറർ ആണെന്നൊന്നും പറയാൻ നിൽക്കരുത്’, അവൻ തുടർന്നു, ‘ഇപ്പോൾ ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ ആണ്, താമസിയാതെ അവിടുത്തെ മാനേജർ ആകും എന്നങ്ങു കാച്ചുക. ആ പേരൊക്കെ കേൾക്കുമ്പോൾ നമ്മൾ എന്തോ വലിയ സംഭവമാണെന്ന് അവർ തെറ്റിദ്ധരിക്കും. അവരിവിടെ എത്തിക്കിട്ടിയാൽ പിന്നെ ലൈഫിന്റെ സ്റ്റാൻഡേർഡ് അങ്ങു മാറില്ലേ’.
അപ്പോൾ കണ്ടവനെ അപ്പാ എന്നു വിളിക്കുന്ന ഇയാളെയാണല്ലോ ജീവനുതുല്യം സ്നേഹിച്ചത് എന്നോർത്തപ്പോൾ നാണക്കേട് തോന്നിപ്പോയി. പിന്നീടാണറിഞ്ഞത് കൂടെത്താമസിച്ചതിന്റെ ലാഭം മാത്രമല്ല അവൻ വന്ന ഏജൻസി വഴി കയറിവന്നതിനും ആ വീട്ടിൽ താമസിച്ചതിനും വർക്ക് പെർമിറ്റ് എടുത്തു തന്നതിനുമൊക്കെ അവന് കമീഷൻ കിട്ടിയിരുന്നു എന്ന്.
പിന്നെ അവനാ പറഞ്ഞ ജോലിയുടെയും കൂലിയുടെയുമൊന്നും കാര്യം പറയാതിരിക്കുന്നതാണു ഭേദം. മണിക്കൂറിന് പത്തു പൗണ്ട് വച്ചു കിട്ടും എന്നതു ശരിയാണ്. പക്ഷെ എന്നിട്ട് അതിന്റെ ഇരുപത് ശതമാനം ഗവൺമെൻറ് കൊണ്ടുപോകും. വാടകയോ? നിന്നു തിരിയാൻ ഇടയില്ലാത്ത ഒരു കുഞ്ഞുമുറിക്ക് അഞ്ഞൂറും അറുനൂറും.
അവനെക്കാളും മുന്നേ കല്യാണം കഴിക്കണമെന്നത് വാശിയായിരുന്നു. യു.കെയിൽ വർക്ക്‌പെർമിറ്റുണ്ട് എന്നു കേൾക്കേണ്ട താമസം, നല്ല നല്ല ആലോചനകൾ വന്നുകൊണ്ടിരുന്നു. കൂടുതലും ഡോക്ടർമാരും അതുപോലെ കൂടിയ ക്വാളിഫിക്കേഷൻസ് ഉള്ളവരും. ഇവിടെത്തിയാൽ സ്വർഗ്ഗമാണെന്നാണ് വിചാരം. എന്തായാലും ഒരു കാശുകാരനെ തന്നെ തെരഞ്ഞെടുത്ത് കണ്ടിഷ്ടപ്പെട്ടാൽ കല്യാണം നടത്താനുള്ള യാത്രയിലാണ് ഞാൻ.
ഇങ്ങോട്ടു വന്നപ്പോൾ പലരുംകൂടി വന്നതു കൊണ്ട് യാത്രയെക്കുറിച്ച് ടെൻഷനുണ്ടായിരുന്നില്ല. ഇന്നു പക്ഷേ തനിച്ച്.... അതും ദുബായിൽ ആറു മണിക്കൂർ താമസമുണ്ട്.
ആ വലിയ എയർപോർട്ടിലൂടെ തനിയെ നടന്ന് നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് പോകുന്ന ഗേറ്റ് കണ്ടുപിടിക്കുന്നതൊക്കെ ഓർക്കുമ്പോൾ മുട്ടിടിക്കുന്നുണ്ടായിരുന്നു. കയ്യിലാണെങ്കിൽ കൂട്ടുകാർ അവരുടെ വീട്ടിൽ കൊടുക്കാൻ തന്നുവിട്ട മുട്ടായി പെട്ടികളുമുണ്ട്. അതിലൊന്നും മയക്കുമരുന്ന് ചേർത്തിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കും?
‘‘നീ ടെൻഷനൊന്നും അടിക്കണ്ടടീ, ആരെങ്കിലുമൊക്കെ മലയാളികൾ കാണും. അവരെ പരിചയപ്പെട്ട് കൂടെയങ്ങു നടന്നാൽ മതി’’, എന്നു പറഞ്ഞു തന്നത് എന്റെ എക്സ് കാമുകനാണ്. ഇന്നലെ ഒരു വലിയ ബോക്സ് ഫെറോററോഷറുമായി കാണാൻ വന്നിരുന്നു. ഞാനും ഒട്ടും വിഷമം പുറത്തു കാണിച്ചില്ല. സ്കൂളിൽ പഠിക്കുമ്പോൾ അഭിനയത്തിന് മൂന്നുതവണ സമ്മാനം കിട്ടിയിട്ടുള്ളതാണ്.
‘ചേട്ടൻ കൊച്ചിയിലേക്കാണോ?’, അയാളുടെ എതിർസീറ്റിൽ പോയിരുന്ന് ഞാൻ ചോദിച്ചു. അത്യാവശ്യം കണ്ടാൽ കുഴപ്പമില്ലാത്ത ഒരു ചെറുപ്പക്കാരി അടുത്തുവന്നിരിക്കുന്നത് കണ്ടാവാം തിളങ്ങുന്ന കണ്ണുകളോടെ അയാൾ മൊഴിഞ്ഞു, ‘അതെ’.
‘ഞാനും കൊച്ചിയിലേക്കാണ്’, ഞാൻ പരിചയത്തോടെ ചിരിച്ചു. മറുപടിയായി ആ കണ്ണുകളിൽ ‘കൊള്ളാമല്ലോ’ എന്ന ഭാവം തെളിഞ്ഞു.
‘ഞാൻ ആദ്യമായിട്ടാണ് തനിച്ച്...’ ഞാൻ ഭവ്യതയോടെ പറഞ്ഞുതുടങ്ങി. അയാൾ ഒന്നു ചിരിച്ച് വീണ്ടും മൊബൈലിലേക്ക് കുനിഞ്ഞിരുന്നു. മിണ്ടിയില്ലെങ്കിലും പേരിനൊരാൾ കൂട്ടുണ്ടല്ലോ. ഞാൻ ആശ്വസിച്ചു.
വിമാനത്തിൽ കയറുന്നതുവരെ അയാളെന്നെ വല്യ മൈൻഡ് ഒന്നും ചെയ്തില്ലെങ്കിലും കയറിയിരുന്നു കഴിഞ്ഞപ്പോൾ അടുത്തുവന്ന് ഓക്കെയാണോ എന്നന്വേഷിച്ചു. രണ്ടു തടിയന്മാരുടെ നടുവിൽ തിങ്ങിഞെരുങ്ങി ഇരിക്കുകയായിരുന്നു ഞാനപ്പോൾ.
ഫ്ലൈറ്റ് ഉയർന്ന്, സീറ്റ് ബെൽറ്റ് സൈൻ മാറിയപ്പോൾ വീണ്ടും ചെന്നു. തടിയന്മാരെ ഒന്നു ചുഴിഞ്ഞു നോക്കിയിട്ട്, ശ്വാസം പിടിച്ചിരിക്കുന്ന എന്നോടു പറഞ്ഞു, ‘ഞാനിരിക്കുന്നിടത്ത് സൈഡ് സീറ്റ് ഒഴിവുണ്ട്. വേണമെങ്കിൽ അവിടെ വന്നിരുന്നോളൂ. ഞാൻ ഫ്ലൈറ്റ് അറ്റെൻഡണ്ടറോട് പറഞ്ഞോളാം’.
പുള്ളി പറഞ്ഞു മുഴുമിപ്പിക്കുന്നതിനപ്പുറം തന്നെ ഞാൻ ചാടിയെഴുന്നേറ്റു, കൂടെ നടന്നു.
ആ സീറ്റ് വളരെ മുന്നിലായിരുന്നു. ബിസിനസ് ക്ലാസിന്റെ തൊട്ടുപുറകിൽ. മുൻപിൽ തന്നെ പാൻട്രി. ഏതാനും സീറ്റുകൾക്കു പുറകിൽ ടോയ്‌ലറ്റ്. ആദ്യത്തെ സെറ്റ് സീറ്റുകളായിരുന്നതു കൊണ്ട് കാൽ നീട്ടിവയ്ക്കാൻ ഇഷ്ടംപോലെ സ്ഥലവും. അയാളോട് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ലായിരുന്നു.
മുൻപത്തെ മൗനമൊക്കെ വെടിഞ്ഞ് അയാൾ എന്നോട് നന്നായി സംസാരിക്കുകയും സീറ്റിനടിയിൽ മടക്കിവച്ചിരുന്ന ടി.വിയും ടേബിളുമൊക്കെ ഉയർത്തിവയ്ക്കാൻ സഹായിക്കുകയുമൊക്കെ ചെയ്തു. നല്ല മനുഷ്യൻ. ഞാൻ മനസ്സിൽ പറഞ്ഞു. ടേബിൾ ഉയർത്തുന്നതിനിടയിൽ അയാളുടെ കൈ എന്റെ നെഞ്ചിലമർന്നത് അറിയാതെയാവാം എന്നു സമാധാനിച്ചു.
അയാളുടെ ടി.വി സ്‌ക്രീനിൽ ഏതോ ഇംഗ്ലീഷ് സിനിമ ഓടുന്നു. കുറെ നേരം അതു നോക്കിയിരുന്നു ബോറടിച്ചപ്പോൾ ഞാനൊരു ഹിന്ദി സിനിമ വച്ചു. ഒരു തീവ്ര പ്രണയ കഥ. പഴയതാണ് എങ്കിലും ക്ലാസിക്.
അതു കണ്ടുകൊണ്ടിരുന്നപ്പോൾ ഭക്ഷണം വന്നു. ആദ്യത്തെ സീറ്റുകളായിരുന്നതു കൊണ്ട് മട്ടനും ചിക്കനുമൊക്കെ അവൈലബിൾ ആണ്. ഞാനും അയാളും മട്ടനാണ് ചൂസ് ചെയ്തത്.
വാട്ട് ഡ്രിങ്ക് ഡു യു വാണ്ട്? എന്ന ചോദ്യത്തിന് ഞാൻ ഹോട്ട് വാട്ടർ എന്നു പറഞ്ഞുകൊണ്ട്, സെക്യൂരിറ്റി ചെക്കിങ്ങിലേക്കു കയറാൻ നേരം വെള്ളം ഊറ്റിക്കളഞ്ഞ ഫ്ലാസ്ക് ബോട്ടിൽ നീട്ടി. അയാൾ വിസ്കി എന്നും മറുപടി പറഞ്ഞു. ഇതെന്തൊരു ജന്മം എന്ന മട്ടിൽ എന്നെ ഒന്നു നോക്കി, ചൂടുവെള്ളം പിന്നീട് കൊണ്ടുവന്നു തരാമെന്നു പറഞ്ഞ് എയർ ഹോസ്റ്റസ് അയാൾക്ക് വിസ്കി പകർന്നു നൽകി.
കുറെ നേരം കഴിഞ്ഞപ്പോൾ അവർ വന്ന് ബോട്ടിൽ വാങ്ങിക്കൊണ്ടുപോയി, ഒരൽപ്പം കഴിഞ്ഞപ്പോൾ തിരികെ കൊണ്ടുവന്നു തന്നു. അടപ്പു തുറക്കാൻ നോക്കിയപ്പോഴേ കൈവലിക്കേണ്ടിവന്നു. ചൂടുവെള്ളമെന്നു പറഞ്ഞാൽ നല്ല പൊള്ളുന്ന ചൂടു വെള്ളം. ആരെ കുറ്റം പറയും? ചോദിച്ചത് ഹോട്ട് വാട്ടർ അല്ലേ? ഞാനത് ഒരൽപം മിക്സ് ചെയ്തു കുടിച്ചിട്ട് ബോട്ടിൽ ബാഗിലെടുത്തു വച്ചു.
ഭക്ഷണമൊക്കെ കഴിഞ്ഞ് മെയിൻ ലൈറ്റ് ഓഫ് ചെയ്തപ്പോൾ മിക്കവരും ഉറങ്ങിത്തുടങ്ങി. അപ്പോഴും അയാൾ ഫോണിലേക്കു തന്നെ നോക്കി ഇരിക്കുകയായിരുന്നു. അയാളിൽ നിന്ന് പരമാവധി അകന്നിരുന്ന്, തല മറുവശത്തേക്കു ചെരിച്ചുവച്ച് ഞാനും മയങ്ങാൻ ശ്രമിച്ചു. പക്ഷെ എത്ര അകന്നിരിക്കാൻ ശ്രമിച്ചിട്ടും എന്റെ ഉരം അയാളുടെ മുകൾക്കയ്യിൽ മുട്ടുന്നുണ്ടായിരുന്നു. അതെന്നെ അസ്വസ്ഥപ്പെടുത്തി.
എപ്പോഴോ ഉരത്തിൽ ചെറിയൊരനക്കമറിഞ്ഞാണ് ഞാൻ കണ്ണുകൾ തുറന്നത്. അയാൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വലംകൈ കമ്പിളിക്കുള്ളിലാണ്. മൊബൈൽ എനിക്കു കാണാത്തതു പോലെ തിരിച്ചുവച്ചിരിക്കുന്നു. അത് ഓൺ ആണെന്നും എന്തോ ചിത്രം അതിലുണ്ടെന്നും സീറ്റിന്റെ പടിയിലെ പ്രതിഫലനത്തിൽ നിന്നു മനസിലാക്കാം.
അയാളുടെ കൈകൾ അനങ്ങുന്നില്ലേ? ഞാൻ ഏകാഗ്രതയോടെ ശ്രദ്ധിച്ചു. അതെ, കഴുത്തൊപ്പം പുതച്ച കരിനീല കമ്പിളിക്കടിയിൽ സാവധാനം ആ കൈകളനങ്ങുന്നുണ്ട്. ആ ചലനത്തിൽ നിന്നുമുരുത്തിരിഞ്ഞ ഊർജ്ജതരംഗങ്ങൾ മുകളിലേക്കുയർന്ന് ഉരത്തിൽ ഒരു പൊള്ളലായി അനുഭവപ്പെടുന്നുമുണ്ട്.
തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്ന ആൾ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. നോട്ടം കണ്ടാലറിയാം ഇന്ത്യക്കാരനാണെന്ന്. തൊലിയുരിഞ്ഞു പോകുന്ന നോട്ടം. ഇയാളെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? ഞാൻ വെറുപ്പോടെ മുഖം തിരിച്ചു.
‘ഒക്കെയ്ക്കും നിന്നെ പറഞ്ഞാൽ മതി. കുറച്ചു നേരം തനിച്ചിരുന്നാൽ നിനക്കെന്തായിരുന്നു കുഴപ്പം? ഹൃദയം പൊട്ടിത്തകർന്നു പോകുമായിരുന്നോ? അതോ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ?’ ഞാൻ സ്വയം ശകാരിച്ചു.
അതു കഴിഞ്ഞപ്പോഴാണ് അതിലെ സാംഗത്യം അത്ര ശരിയല്ലല്ലോ എന്ന ബോധ്യമുണ്ടായത്. കാരണം കുഞ്ഞുനാൾ മുതൽ ഇടിഞ്ഞുവീഴുമെന്നു ഭയന്ന ആ ആകാശത്തിന്റെ നീലനിറം അനന്തമായ ശൂന്യതയായി മുകളിലും വെള്ളനിറം വെറും പഞ്ഞിക്കഷണങ്ങൾ പോലെ താഴെയുമായിരുന്നു. മറ്റേതൊരവസരത്തിലുമായിരുന്നെങ്കിൽ അതെന്നിൽ ചിരിയുണർത്തിയേനെ. പക്ഷെ, ഇപ്പോൾ ചിരിക്കാൻ പോയിട്ട് ഒന്നനങ്ങാൻ പോലുമാകുന്നില്ല.
ശരിയാണ്. എല്ലാം എന്റെ കുഴപ്പമാണ്. ഞാൻ കുറ്റസമ്മതം നടത്തി.
ഇയാളിത്ര വൃത്തികെട്ടവനായിരുന്നോ? ഇതിനു വേണ്ടിയാണോ എന്നെ വിളിച്ച് അടുത്തിരുത്തിയത്. കണ്ടിട്ട് അയാളുടെ മകളാകാനുള്ള പ്രായമേയുള്ളൂ എനിക്ക്. അല്ലെങ്കിലും എന്നെത്തന്നെ പറഞ്ഞാൽ മതി. ആദ്യമായാണ് തനിച്ച് യാത്ര ചെയ്യുന്നതെന്നും ധൈര്യമില്ലാതെ ഭീരുവാണെന്നും ഞാൻ തന്നെയല്ലേ വിളമ്പിക്കൊടുത്തത്? എന്നിൽ അയാളൊരു നല്ല ഇരയെ കണ്ടിട്ടുണ്ടാകും.
ബോൾഡായ ഒരു പെൺകുട്ടി, ബസിൽ അടുത്തിരുന്ന മാന്യനെന്നു കരുതിയ ഒരുത്തന്റെ തനിനിറം പൊളിച്ചടുക്കിയ വീഡിയോ കണ്ടിട്ട് അധികമായിട്ടില്ല. അവന്റെ മുഖവും ഭാവവും ചേഷ്ടകളുമടക്കം വീഡിയോ പിടിച്ച് അവൾ സോഷ്യൽ മീഡിയയിലിട്ടു. മിടുക്കിക്കുട്ടി. അവനെപ്പോലുള്ള ചെറ്റകൾക്ക് അതുതന്നെ ഉത്തരം.
മറ്റൊരുത്തൻ ഫ്ലൈറ്റിൽ അനാവശ്യം കാണിച്ചതിന് പിടിക്കപ്പെട്ട വാർത്ത വായിച്ചത് ഇന്നലെയോ മിനിഞ്ഞാന്നോ ആണ്. ഡോക്ടറായ ഒരു അമേരിക്കൻ മലയാളി. ഇയാൾ ഈ വാർത്തകളൊന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്ര ധൈര്യം വരില്ലായിരുന്നല്ലോ.
എനിക്കിത് ആദ്യ അനുഭവമൊന്നുമല്ല. ഒരു ദിവസം സ്കൂളിൽ നിന്ന് നടന്നു വരുന്ന വഴിക്ക്, വഴിയരികിൽ ഒരാളിരുന്ന് ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ വേഗം കണ്ണുപൊത്തിപ്പോയി. ഓടിക്കിതച്ച് വീട്ടിൽ ചെന്നു പറഞ്ഞപ്പോൾ നോക്കാൻ പോയതെന്തിനാണെന്നു ചോദിച്ച് അമ്മയുടെ വക അടിയും വഴക്കും കിട്ടി. ഇനി തനിച്ചു വരേണ്ടെന്ന താക്കീതും.
പിന്നീടൊരിക്കൽ യു.കെയിൽ ആദ്യമായി ട്യൂബിൽ കയറിയപ്പോഴും അതുപോലൊരു സംഭവമുണ്ടായി. തിരക്കില്ലാത്ത ബോഗി നോക്കി കയറിയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിലൊരാൾ വന്നിരുന്നു. പാന്റ് പകുതി ഇറക്കി ഇട്ടിരുന്നു. എന്നെ നോക്കി അശ്ലീലച്ചുവയോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാൾ തന്നെത്തന്നെ തൊടുകയും തലോടുകയുമൊക്കെ ചെയ്തു. ഞാൻ ഛർദ്ദിച്ചില്ലെന്നേ ഉള്ളൂ. അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങിയോടി അടുത്ത ബോഗിയിൽ കയറി. അല്ലാതെ എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ആ സംഭവം മാസങ്ങളോളം ഹോണ്ട് ചെയ്തു.
എന്തായാലും ഇയാളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല. വീഡിയോ എടുക്കണം. എന്നിട്ട് സോഷ്യൽ മീഡിയയിലിട്ടു നാറ്റിക്കണം... ഞാൻ തീരുമാനിച്ചുറച്ചു.
പക്ഷെ, ഒരു പ്രശ്നമുണ്ട്. വീഡിയോ എടുക്കാൻ താഴെയിരിക്കുന്ന ബാഗിൽ നിന്ന് മൊബൈൽ ഫോൺ എടുക്കുമ്പോഴേക്കും അയാൾക്കു മനസ്സിലാകും.
ക്യാബിൻ ക്രൂവിനെ വിളിച്ച് ഇയാൾ അപമര്യാദയായി പെരുമാറി എന്നു പറഞ്ഞാലോ? പക്ഷെ, അവർ വരുമ്പോഴേക്കും അയാൾ നല്ലപിള്ള ചമഞ്ഞിരിക്കും. ഞാൻ നാണം കെട്ടു പോകുകയും ചെയ്യും. അതുമാത്രമല്ല, അതുകഴിഞ്ഞാൽ പിന്നെ എന്തായാലും ഇവിടെ ഇരിക്കാൻ പറ്റില്ല. പഴയ സീറ്റിൽ പോയി ശ്വാസം വിടാതെ ഇരിക്കേണ്ടിവരും. അവന്മാർ എങ്ങനെയുള്ളവരാണെന്ന് ആരറിഞ്ഞു?
ഒന്നുമറിഞ്ഞില്ലെന്നു നടിച്ചാലോ? അയാളെന്തെങ്കിലും ചെയ്യട്ടെന്നു വയ്ക്കുക. ഒന്നുമറിയാത്തതുപോലിരുന്ന് ഉറങ്ങുക. അതായിരിക്കും ഏറ്റവും നല്ലത്. കാരണം, ഒരു ബഹളമുണ്ടാക്കിയാൽ എന്തായാലും ഇവിടുള്ള എല്ലാവരും അറിയും. ആരെങ്കിലുമൊക്കെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിടും. പലരും അതു ഷെയർ ചെയ്യും. ലോകം മുഴുവനെത്താൻ ഏതാനും മിനിറ്റുകൾ മതി. നാട്ടിൽ സ്വീകരിക്കാനെത്തുന്നതൊരു പക്ഷെ പോലീസാകും. അവർ വാദിയെ പിടിച്ചു പ്രതിയാക്കാനും സാധ്യതയുണ്ട്.
അതു മാത്രമോ, ഇതൊക്കെ അയാളുടെ ഭാര്യയറിയും, മക്കളറിയും, വീട്ടുകാരറിയും. അയാളുടെ കാര്യം പോട്ടെ, അതർഹിക്കുന്നുണ്ടന്നു കരുതാം. പക്ഷെ ആ പാവം ചേച്ചിയും മക്കളും എന്ത് പിഴച്ചു? ഞാൻ കുലസ്ത്രീയായി.
എന്നിട്ട് ഈ ദൂരമൊക്കെ അയാളുടെ ഒപ്പം ഒന്നുമറിയാത്തപോലെ ചെലവഴിക്കാനോ? എന്റെ ആത്മാഭിമാനമുണർന്നു. അതുമാത്രമോ, പിരിയുമ്പോൾ അയാൾ ആ കൈകൊണ്ട് ഷേക്ഹാൻഡ് തന്നെന്നു പോലും വരും. അതോർത്തപ്പോൾ എനിക്ക് ഓക്കാനം വന്നു.
അല്ലെങ്കിൽ പിന്നെ രണ്ടും കൽപ്പിച്ച് അയാളോടു മര്യാദയ്ക്കിരിക്കാൻ പറയണം. പക്ഷെ അപ്പോഴയാൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവമെടുക്കും. രൂപക്കൂട്ടിൽ വയ്ക്കാൻ ഭാവത്തിൽ വിശുദ്ധൻ കളിക്കും. പിന്നെ ഒരേയൊരു വഴിയേയുള്ളൂ. രണ്ടും കൽപ്പിച്ച് ആ പുതപ്പങ്ങു മാറ്റുക. പക്ഷെ അവിടെ കാണാൻ പോകുന്ന കാഴ്ചയോർത്തപ്പോൾ കൈകൾ മരവിച്ചുപോയി.
ഞാൻ ഒന്നുകൂടി അകന്നുമാറിയിരുന്നു. മനസ്സ്, അയാളുമായി സ്പർശിക്കുന്ന ആ പോയിന്റിലേക്കു കേന്ദ്രീകരിച്ചു. ഇല്ല, ഇപ്പോൾ ആ അനക്കം അറിയാനില്ല. ഞാനുണർന്നതറിഞ്ഞ് അയാൾ മര്യാദക്കാരനായിരിക്കുന്നു.
പെട്ടെന്നാണ് മനസ്സ് മറ്റൊരു രീതിയിൽ ചിന്തിച്ചത്. ഒരുപക്ഷെ അയാളുടെ ഫോണിലുള്ളത് സ്വന്തം അച്ഛന്റെയോ അമ്മയുടേയോ ചിത്രമാണെങ്കിലോ? അയാൾ അവരിലാരുടെയെങ്കിലും മരണമറിഞ്ഞുള്ള ഒരു യാത്രയിലാണെങ്കിലോ? ആ മുഷ്ടിക്കുള്ളിൽ ഒരു കൊന്ത തെരുപ്പിടിച്ചിട്ടുണ്ടെങ്കിലോ?
ഞാൻ കമ്പിളിക്കുള്ളിൽ കൈ ചുരുട്ടിവച്ച് കൊന്ത എണ്ണുന്നതു പോലെ കൈകൾ മെല്ലെ അനക്കിനോക്കി. ശരിയാണ് അനക്കം പുറത്തറിയുന്നുണ്ട്. എനിക്ക് ആശ്വാസം തോന്നി. ഒപ്പം ഒരു പാവം മനുഷ്യനെ സംശയിച്ചതിൽ കുറ്റബോധവും. പരിഹാരമെന്നപോലെ ഞാനയാളോട് ഒരൽപം ചേർന്നിരുന്നു.
ആശ്വാസത്തോടെയുള്ള ആ ഇരിപ്പിൽ എപ്പോഴോ വീണ്ടുമുറങ്ങിപ്പോയി. അപ്പോൾ ഞാനൊരു സ്വപ്നം കണ്ടു.
ഒരു മരണവീട്. വെള്ളയും പിങ്കും പൂക്കളാലങ്കരിച്ച ശവമഞ്ചത്തിൽ പ്രായമായൊരാളെ കിടത്തിയിരിക്കുന്നു. മുഖം വ്യക്തമല്ല. അരികിലിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരയിൽ തലകുമ്പിട്ടിരിക്കുന്ന എന്റെ സഹയാത്രികൻ. അയാളുടെ കൈകൾ മടിയിലാണ്. അത് ഒരു വെളുത്ത തുണികൊണ്ടു മൂടിയിട്ടിരിക്കുന്നു. അതിനു താഴേക്കു തൂങ്ങിക്കിടക്കുന്ന കൊന്തയും കുരിശും.
ഞാനാ കൈകളിലേക്കു സൂക്ഷിച്ചു നോക്കി. അവ സാവധാനം ചലിക്കുന്നുണ്ട്. നോക്കി നിൽക്കെ ചലനം ദ്രുതഗതിയിലായി. പോകെപ്പോകെ അയാളും കസേരയും പന്തലും ആ ശവമഞ്ചം പോലും കുലുങ്ങിത്തുടങ്ങി. പെട്ടെന്ന് കൊന്തയൊരു പാമ്പായി മാറി അയാളുടെ കഴുത്തിൽ ചുറ്റി. അയാൾ ശ്വാസം കിട്ടാതെ കുറുകാനും കൈകാലിട്ടടിക്കാനും തുടങ്ങി.
അപ്പോഴാണയാൾ എന്നെ കണ്ടത്. കഴുത്തിൽ ചുറ്റിയ പാമ്പുമായി അയാൾ എന്റെയടുത്തേക്കു നിരങ്ങി വന്നു. ഞാൻ ഓടി മാറാൻ ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ല. ശരീരത്തിന്റെ ചലനമറ്റതു പോലെ ...
ഞാനയാളെ ആട്ടിപ്പായിക്കാൻ ശ്രമം തുടങ്ങി. പക്ഷെ കൈകൾ അനങ്ങുന്നില്ല. അയാളതാ കൂടുതൽ കൂടുതൽ അടുത്തടുത്തു വരുന്നു. ആ ശരീരത്തിന്റെ ചൂട് എന്നെ പൊള്ളിക്കുന്നു.
ഞാൻ അലറിക്കരയാൻ ശ്രമിച്ചു. ശബ്ദം വെളിയിലേക്കു വരുന്നില്ല. വിറങ്ങലിച്ചങ്ങനെ നിൽക്കുമ്പോൾ പാമ്പ് ഒരു ചീറ്റലോടെ എന്റെ നേർക്കുയർന്നു.
ഒരാന്തലോടെ ഞെട്ടിയുണർന്നപ്പോൾ ആ ചീറ്റൽ തൊട്ടടുത്തറിഞ്ഞു. പുളച്ചിലുകളും...
ഒരു നിമിഷം സ്തംഭിച്ചു പോയെങ്കിലും സംയമനം വീണ്ടെടുത്ത ഞാൻ ബാഗിലെ ചൂടുവെള്ളക്കുപ്പിയിലേക്ക് കൈകൾ നീട്ടി. സ്വപ്നത്തിന്റെ തുടർച്ചയിലെന്നപോലെ...